അടിത്തട്ടിലെ മനുഷ്യർ
നായകരായ സെർബിയൻ സിനിമ
അടിത്തട്ടിലെ മനുഷ്യർ നായകരായ സെർബിയൻ സിനിമ
ഇക്കുറി ഐ.എഫ്.എഫ്.കെ യില്‍ ‘കണ്‍ട്രി ഫോക്കസ്’ വിഭാഗത്തില്‍ ആറു സെര്‍ബിയന്‍ സിനിമകളുണ്ട്. പാക്കേജിലെ മിക്ക സിനിമകളും ശ്രദ്ധേയചിത്രങ്ങളാവും എന്നുതന്നെയാണ് അവയ്ക്ക് ലഭിച്ച ഉന്നത പുരസ്‌കാരങ്ങളും റേറ്റിംഗുകളും സൂചിപ്പിക്കുന്നത്.
6 Dec 2022, 10:57 AM
സെര്‍ബിയന്‍ സിനിമകള്‍ക്ക് ലോകത്താകമാനം ഇന്ന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. സമീപകാലത്ത് കാനില്‍ എട്ടു സെര്‍ബിയന്‍ സിനിമകളുടെ പ്രത്യേക പ്രദര്‍ശനം നടന്നത് ഇതിന്റെ പ്രത്യക്ഷ തെളിവാണ്. വെനീസ്, ബെര്‍ലിന്‍ അടക്കമുള്ള പ്രധാന മേളകളിലെല്ലാം സെര്‍ബിയന്‍ ചലച്ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടുകയും വലിയ ആസ്വാദകപ്രീതി പിടിച്ചുപറ്റുകയും ചെയ്തുവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാവണം ഇക്കുറി ഐ.എഫ്.എഫ്.കെ യില്‍ ‘കണ്‍ട്രി ഫോക്കസ്’ വിഭാഗത്തില്‍ ആറു സെര്‍ബിയന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയത്.
ബാള്‍ക്കന്‍ സിനിമകളുടെ വിശാല പരിപ്രേക്ഷ്യത്തില്‍ മാത്രമേ സെര്‍ബിയന്‍ സിനിമകളെയും നോക്കിക്കാണാന്‍ കഴിയൂ. എമിര്‍ കുസ്തുറിക്ക തന്റെ അതിശയകരമായ സിനിമകളിലൂടെ അവതരിപ്പിച്ച ബാള്‍ക്കന്‍ ജനതയുടെ സവിശേഷതകള്‍ ഏറിയും കുറഞ്ഞും ആ പ്രദേശത്തെ പുതുതലമുറ സംവിധായകരുടെ രചനകളിലുമുണ്ട്.
സോഷ്യല്‍ റിയലിസത്തില്‍ നിന്ന് ഫാന്റസിയിലേക്കും സാമൂഹിക വിമര്‍ശനത്തില്‍ നിന്നും യുക്തിരഹിതമായ അതിശയോക്തിയിലേക്കും സെര്‍ബിയന്‍ സിനിമകള്‍ നിമിഷാര്‍ദ്ധം കൊണ്ട് തെന്നിമാറും. കറുത്തഹാസ്യം ഉപയോഗിക്കും. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരെ അവര്‍ കഥാപാത്രമാക്കും. സെര്‍ബിയന്‍ സിനിമയുടെ വര്‍ത്തമാനം അവതരിപ്പിക്കുന്ന പാക്കേജ് സവിശേഷം ശ്രദ്ധിക്കപ്പെടും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
മിലോസ് പുസിക് സംവിധാനം ചെയ്ത Working Class Heroes (2022/ 85 മി.) ഈ വിഭാഗത്തിലെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ്. പ്രാഥമികമായും അത് ബാള്‍ക്കന്‍ സിനിമയുടെ പൊതുസ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ അടിസ്ഥാന ജനതയുടെ കിടപ്പാടംവരെയില്ലാതാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഈ സിനിമയുടെ പശ്ചാത്തലം. സാധാരണക്കാരായ മനുഷ്യര്‍ ചെറിയ വാടകയില്‍ താമസിക്കുന്ന ഒരു കെട്ടിടം വികസനം നടപ്പാക്കാനെന്ന പേരില്‍, അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയാല്‍ ഒഴിപ്പിച്ചെടുത്ത്, മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുത്തന്‍ മുതലാളിമാരുടെയും അവര്‍ വിലക്കെടുക്കുന്ന ‘വര്‍ക്കിംഗ് ക്ലാസ് ഹീറോ'കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്.

കെട്ടിടത്തില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാനും ഒഴിപ്പിച്ചെടുത്ത കെട്ടിടം പാവപ്പെട്ട തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കാനും മേല്‍നോട്ടം വഹിക്കുന്ന നീലക്കോളര്‍ ഉദ്യോഗസ്ഥയാണ് ലിഡിജ. സ്വന്തം ഉപജീവനത്തിനുവേണ്ടിയാണ് അവര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഈ പണി ഏറ്റെടുത്തത്. അവരെ ഇക്കാര്യത്തില്‍ സഹായിക്കാൻ ഒരു പ്രൊഫസറും ഉണ്ട്. (മുന്‍വര്‍ഷം ഐ.എഫ്എഫ്.കെയിൽ പ്രദര്‍ശിപ്പിച്ച ക്വോ വാഡിസ് ഐഡ എന്ന ചിത്രത്തിലെ അഭിനേതാക്കളായ Jansa Djuricic, Boris Isakovic എന്നിവര്‍ തന്നെയാണ് ഈ സിനിമയിലെയും മുഖ്യതാരങ്ങള്‍). ആ കെട്ടിടത്തിലെ അനധികൃത തൊഴിലാളികളെയും അവരെ നിരന്തരം ചൂഷണം ചെയ്യുന്ന ഉടമകളെയും കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്.
താന്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ നിന്ന് വേതനം ലഭിക്കാതെ വഞ്ചിക്കപ്പെട്ട തൊഴിലാളിയായ നിക്കോളയുടെ പോരാട്ടങ്ങളാണ് ഈ പാക്കേജിലെ മറ്റൊരു ചിത്രമായ Father / Otac (2020/ 120 മി) കാട്ടിത്തരുന്നത്. നിരന്തര പട്ടിണിയാല്‍ രോഗബാധിതയായി ഭാര്യ ആശുപത്രിയിലായപ്പോള്‍ നഗരസഭ ബലമായി രണ്ടുമക്കളെയും അയാളില്‍ നിന്ന് ഏറ്റെടുക്കുന്നു. കുട്ടികളെ പോറ്റിവളര്‍ത്തുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തികനേട്ടത്തിനായുള്ള ഒരു വഴിയാണ്. തന്റെ കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കാന്‍ നിക്കോള ചെയ്യുന്ന അപാരമായ ത്യാഗങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അയാള്‍ സെര്‍ബിയയുടെ ഉള്‍ഗ്രാമങ്ങളിലൂടെ തന്റെ പ്രതിഷേധം വ്യക്തമാക്കാന്‍ ദീര്‍ഘമായ ഒരു യാത്ര നടത്തുന്നു.

ബാള്‍ക്കന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ചും ഗ്രാമീണമേഖലകളില്‍ ഇന്നും നിലനില്‍ക്കുന്ന കടുത്ത ദാരിദ്ര്യവും, പൗരന്മാര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നല്‍കാത്ത പ്രാദേശിക/ ദേശീയ സര്‍ക്കാറുകളുടെ പരാജയവും ഈ സിനിമ കാട്ടിത്തരുന്നു. യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഈ സിനിമ, നിക്കോളയുടെ നൂറുകണക്കിന് മൈല്‍ നീണ്ട നടത്തത്തിന്റെ ഓരോ ചുവടും സ്‌ക്രീനില്‍ അനുഭവപ്പെടുന്ന രീതിയില്‍, വൈകാരികതീവ്രമായാണ് അവതരിപ്പിച്ചിട്ടുള്ളത്.
2020 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച യൂറോപ്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരമടക്കം പതിനാറോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സമ്മാനിതമായ Oasis / Oaza (സംവിധാനം: ഇവാന്‍ ഇക്കിച്ച് /2020/ 122 മി) സെര്‍ബിയന്‍ പാക്കേജിലെ ശ്രദ്ധേയ സിനിമയാകും. 2022 ലെ സെര്‍ബിയയുടെ ഔദ്യോഗിക ഓസ്‌കാര്‍ നിര്‍ദ്ദേശവും ഈ സിനിമയായിരുന്നു. ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍നിന്ന് ഒളിച്ചോടാന്‍ വിധിക്കപ്പെട്ട മൂന്ന് കൗമാരക്കാരുടെ സ്വാതന്ത്ര്യത്തിനും പരസ്പരബന്ധത്തിനും വേണ്ടിയുള്ള അഗാധമായ അഭിവാഞ്ഛയാണ് ചിത്രത്തിന്റെ കേന്ദ്രം.

പ്രധാന കഥാപാത്രങ്ങളില്‍ ഓരോരുത്തരുടെയും പേരുകള്‍ നല്‍കിയുള്ള മൂന്ന് അധ്യായങ്ങളാണ് ഈ സിനിമയ്ക്കുള്ളത്. ബെല്‍ഗ്രേഡിലെ മാനസിക വൈകല്യമുള്ളവര്‍ക്കായുള്ള സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന കൗമാരക്കാരിയായ മരിജ മറ്റൊരു അന്തേവാസിയായ ഡ്രാഗനയുമായി വേഗത്തില്‍ അടുക്കുന്നു. അവിടെ അടുക്കളയില്‍ സഹായിക്കുന്ന ശാന്തനായ റോബര്‍ട്ടുമായി ഇരുവര്‍ക്കും തോന്നുന്ന ഇഷ്ടവും അവനെ സ്വന്തമാക്കുന്നതിനുള്ള മത്സരവും ആണ് സിനിമ വിഷയമാക്കുന്നത്. ഈ ത്രികോണപ്രണയം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ പ്രണയത്തിന്റെയും മരണത്തിന്റെയും ദാര്‍ശനികമായ സമസ്യകളെ സ്പര്‍ശിക്കുന്നു. മെലോഡ്രാമയുടെയും ഡോക്യുമെന്ററിയുടെയും ഘടകങ്ങള്‍ സംയോജിപ്പിച്ചുള്ള വ്യത്യസ്തമായ ശൈലിയാണ് സിനിമയുടേത്. രേഖീയമായ ഇതിന്റെ ആഖ്യാനം ഒടുവില്‍ നിര്‍ബന്ധിത ഒറ്റപ്പെടലെന്ന മനുഷ്യാസ്തിത്വത്തിന്റെ സാര്‍വലൗകികരൂപകത്തിലേക്ക് എത്തിച്ചേരും.
കാര്‍ലോവി വേരി ഫിലിം ഫെസ്റ്റിവലില്‍ ക്രിസ്റ്റല്‍ ഗ്ലോബ് അവാര്‍ഡ് നേടിയ As Far as I Can Walk (സംവിധാനം: Stefan Arsenijevic / 2021/ 92 മി) മധ്യകാല സെര്‍ബിയന്‍ ഇതിഹാസകാവ്യമായ ബാനോവിച്ച് സ്ട്രാഹിനിയയുടെ (Banovich Strahinya) പുനര്‍വായനയാണ്. സെര്‍ബിയന്‍ ദേശീയ നായകരുടെ സ്ഥാനത്ത് ഈ സിനിമയില്‍ ഘാനയില്‍ നിന്നുള്ള കുടിയേറ്റക്കാരായ യുവദമ്പതികളായ സ്ട്രാഹിനിയയും അബാബുവോയും എത്തുന്നു. കുടിയേറ്റ പ്രതിസന്ധിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ജര്‍മനിയിലെത്തിയ അവരെ സെര്‍ബിയയിലേക്ക് നാടുകടത്തിയതാണ്. എന്നാല്‍ അതില്‍ നിരാശപ്പെടാതെ, സെര്‍ബിയന്‍ സമൂഹത്തിന്റെ ഭാഗമാകുകയും റെഡ്‌ക്രോസില്‍ സന്നദ്ധസേവനം നടത്തുകയും ഒരു സെമി- പ്രൊഫഷണല്‍ ടീമിനുവേണ്ടി സോക്കര്‍ കളിക്കുകയും ചെയ്ത് സ്ട്രാഹിഞ്ച ഈ അവസ്ഥയെ തനിക്ക് അനുകൂലമാക്കിയെടുക്കാന്‍ പരിശ്രമിക്കുന്നു.

മറുവശത്ത്, അബാബുവോയ്ക്ക് അത്ര ഭാഗ്യമുണ്ടായില്ല, കാരണം സെര്‍ബിയയില്‍ ഒരു വിദേശ നടിയെന്ന നിലയില്‍ അവള്‍ക്ക് ഒട്ടും അവസരങ്ങള്‍ ലഭിക്കുന്നില്ല. ഒരുഘട്ടത്തില്‍ അബാബുവോ ഇവിടം വിട്ടുപോകാന്‍ തീരുമാനിക്കുമ്പോള്‍, സ്ട്രാഹിഞ്ച ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ബന്ധിതനാകുന്നു. ഒന്നുകില്‍ അവന്റെ സ്വപ്നം പോലെ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായി സെര്‍ബിയയില്‍ തുടരുക, അല്ലെങ്കില്‍ തന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പം നില്‍ക്കുക. സ്വത്വം, പാരമ്പര്യം, സ്‌നേഹം എന്നിവയെ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നരീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്.
സിനിസ ക്വെറ്റിക്കിന്റെ The Beheading of St John the Baptist (2022/ 127 മി) അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ടും സംവിധായകന്റെ അസാധാരണമായ ഭാവനകൊണ്ടും ഹൃദ്യമായ സിനിമയാണ്. ഒരു അപ്പാര്‍ട്ട്‌മെന്റിന്റില്‍ ഒത്തുചേരുന്ന ഒരു ബെല്‍ഗ്രേഡ് കുടുംബത്തിന്റെ പരസ്പരബന്ധത്തിന്റെ ഇഴയടുപ്പം പലവഴിയില്‍ പരിശോധിക്കുകയാണ് സിനിമ. സാമൂഹികമായ പ്രശ്നങ്ങളും നിരാശയും വ്യക്തിപരമായ ചിലരുടെ പ്രശ്‌നങ്ങളായി അവതരിപ്പിക്കുകയാണ് സംവിധായകന്‍.

ബൈസന്റൈന്‍ എപിവാറ്റില്‍ (ഇന്നത്തെ തുര്‍ക്കി) ജനിച്ച ഒരു സെര്‍ബിയന്‍ സന്യാസിനിയുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് A Cross in the Desert (സംവിധാനം: Hadzi-Aleksandar Djurovic/ 2021/ 127 മി). അവരുടെ സന്യാസജീവിതം, മരുഭൂമിയിലെ വാസം, ആന്തരികമായ പോരാട്ടം, പ്രാദേശിക ജനതയുമായുള്ള ഏറ്റുമുട്ടലുകള്‍, സൗഹൃദം എന്നിവയിലൂടെ കടന്നുപോകുന്നു ഈ സിനിമ.
സെര്‍ബിയന്‍ പാക്കേജിലെ മിക്ക സിനിമകളും ഈ ഐ.എഫ്.എഫ്.കെയിലെ ശ്രദ്ധേയചിത്രങ്ങളാവും എന്നുതന്നെയാണ് അവയ്ക്ക് ലഭിച്ച ഉന്നത പുരസ്‌കാരങ്ങളും റേറ്റിംഗുകളും സൂചിപ്പിക്കുന്നത്.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read