അതാനുഘോഷ്:
കഥയില്‍ ചുവടുറപ്പിച്ച
ചലച്ചിത്രജീവിതം
അതാനുഘോഷ്: കഥയില്‍ ചുവടുറപ്പിച്ച ചലച്ചിത്രജീവിതം
ഉജ്ജ്വലമായ സിനിമകളുമായി മിക്കപ്പോഴും ഐ.എഫ്.എഫ്.കെയില്‍ എത്തുന്ന അതാനുഘോഷ് ഇക്കുറി എത്തിയിരിക്കുന്നത് 'ശേഷ് പട' (THE LAST PAGE) എന്ന സിനിമയുമായാണ്. സമകാലിക ബംഗാളി സിനിമയിലെ പ്രതിഭാധനനായ ഈ സംവിധായകന്റെ പുതിയ സിനിമയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങള്‍ നല്‍കിയ ആഹ്ലാദം മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നതിനാലാണ്.
3 Dec 2022, 11:03 AM
അതാനുഘോഷ് എന്ന സംവിധായകന്റെ സിനിമകളുടെ കഥാപരിസരങ്ങള്‍ മിക്കപ്പോഴും സാഹിത്യവും ചരിത്രവുമാണ്. സാഹിത്യത്തോടൊപ്പം ജീവിതത്തെയും പുനര്‍വായിക്കാന്‍ ആ സിനിമകള്‍ നമ്മെ പ്രേരിപ്പിക്കും. ഉജ്ജ്വലമായ സിനിമകളുമായി മിക്കപ്പോഴും ഐ.എഫ്.എഫ്.കെയില്‍ എത്തുന്ന അതാനുഘോഷ് ഇക്കുറി എത്തിയിരിക്കുന്നത് "ശേഷ് പട' (THE LAST PAGE) എന്ന സിനിമയുമായാണ്. സമകാലിക ബംഗാളി സിനിമയിലെ പ്രതിഭാധനനായ ഈ സംവിധായകന്റെ പുതിയ സിനിമയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങള്‍ നല്‍കിയ ആഹ്ലാദം മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നതിനാലാണ്.
2009 ല്‍ ഗോവ അന്താരാഷ്ട്ര ചാലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത അതാനുഘോഷിന്റെ ആദ്യസിനിമയായ "അംഘുഷ്മാനേര്‍ ചോബി' അരവിന്ദന്‍ പുരസ്‌കാരവും നേടിയിരുന്നു. ഷാങ്ഹായി മേളയടക്കം നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകളായ "രൂപ്കഥാ നോയി' (2013) "ഏക് ഫാലിരോധ് ' (2014) തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ചലച്ചിത്രകലയോടുള്ള ധ്യാനാത്മകമായ സൗന്ദര്യോപാസനകളാണ്. പ്രമേയപരിചരണത്തിലും നിര്‍മ്മിതിയിലും അസാധാരണമായ കയ്യടക്കമുള്ള ഈ സംവിധായകന്റെ ഓരോ ചിത്രവും അവിസ്മരണീയമായ ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുക.
2018 ലെ മികച്ച ബംഗാളി സിനിമക്കുള്ള ദേശീയപുരസ്‌കാരം നേടിയ "മയൂരാക്ഷി' ചരിത്ര പ്രൊഫസറായ ഒരച്ഛന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മകന്റെയും ബന്ധത്തെ സൂക്ഷ്മമായി പിന്തുടരുന്ന സിനിമയായിരുന്നു.

വാര്‍ദ്ധക്യത്തിലെത്തിയ, ഇപ്പോള്‍ ഓര്‍മ്മക്കുറവിന്റെ പ്രയാസങ്ങളനുഭവിക്കുന്ന അച്ഛന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന പേരാണ് മയൂരാക്ഷി. ആരാണ് മയൂരാക്ഷിയെന്ന ചോദ്യത്തിനുത്തരം ലഭിക്കുന്നില്ല. ആ മയൂരാക്ഷിയെ കണ്ടെത്താനുള്ള മകന്റെ യാത്രയാണ് സിനിമ. മയൂരാക്ഷി ഒരു പേരിനപ്പുറം ഒരു കാലത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളമാകുന്നുണ്ട് ഈ സിനിമയില്‍. സൗമിത്രാചാറ്റര്‍ജിയുടെ അതിഗംഭീരമായ അഭിനയമികവ് ഈ ചിത്രത്തെ മായാതെ ഓര്‍മ്മയില്‍ നിര്‍ത്തും.
മാനസികമായും ആശയപരമായും വേര്‍പിരിഞ്ഞ രണ്ടുപേരെ പഴയ പ്രണയം വീണ്ടും പലവഴികളില്‍ ബന്ധിപ്പിക്കുന്ന പ്രമേയമാണ് 2019 ല്‍ പുറത്തിങ്ങിയ അദ്ദേഹത്തിന്റെ "രൊബിബാര്‍'. ഒരു കോര്‍പ്പറേറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥയായ സയോണി, ഞായറാഴ്ച രാവിലെ അലസമായി നടക്കാന്‍ പോകുമ്പോള്‍ ഒരു ലോക്കല്‍ കഫ്റ്റീരിയയില്‍ വെച്ച് പതിനഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, അവളുടെ മുന്‍കാമുകന്‍ അസിമാഭയെ കണ്ടുമുട്ടുന്നതിലൂടെയാണ് പ്രമേയം വികസിക്കുന്നത്. ഞായറാഴ്ചയിലെ തെളിഞ്ഞ സൂര്യപ്രകാശവും ഇടയിലെ മേഘാവൃതമായ ആകാശവും പോലെ വൈകാരികമായ വ്യത്യസ്ത അന്തരീക്ഷത്തിലൂടെയാണ് ഇതിന്റെ ആഖ്യാനം ഒഴുകുന്നത്.

ജീവിതം അവസാനിപ്പിക്കാന്‍ തന്നെത്തന്നെ വകവരുത്തുന്നതിനു വേണ്ടി പണംകൊടുത്ത് ആളെ ഏര്‍പ്പാടാക്കി അയാള്‍ക്കായി കാത്തിരിക്കുമ്പോഴാണ് അസിമാഭ സയോണിയെ കാണുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിലൂടെയാണ് പിന്നീട് രണ്ടുപേരും തങ്ങള്‍ക്ക് നഷ്ടമായ പ്രണയം തിരയുന്നത്. സംഭവബഹുലമായ ഒരു ഞായറാഴ്ചയിലെ സംഘര്‍ഷങ്ങളിലൂടെ സംവിധായകന്‍ അതാനു ഘോഷ് ഗൃഹാതുരമായ പ്രണയത്തിന്റെയും മരണത്തിന്റെയും സൂക്ഷ്മമായ വിശകലനമാണ് ഈ ചിത്രത്തില്‍ നടത്തുന്നത്.
2020 ലെ ഐ.എഫ്.എഫ്.കെയിലെ ഏറ്റവും മനോഹരചിത്രങ്ങളില്‍ ഒന്നായിരുന്നു അതാനു ഘോഷിന്റെ "ബിനി സുതോയ് ' (Without strings). ജീവിച്ചു തീര്‍ക്കുന്ന ഒരു ജീവിതവും ജീവിക്കാന്‍ ആഗ്രഹിക്കുന്ന അനേകം ജീവിതങ്ങളും തമ്മിലുള്ള കണ്ണുപൊത്തിക്കളിയാണ് ഈ സിനിമ.
ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന ദൈനംദിന ജീവിതത്തില്‍ തൃപ്തരാണോ നമുക്കു ചുറ്റുമുള്ള ഓരോ മനുഷ്യരും? അല്ലെങ്കില്‍ നാം കാണുന്ന ഓരോ മനുഷ്യരും വെളിപ്പെടുത്തുന്നത് അവരുടെ യഥാര്‍ത്ഥ ജീവിതത്തെ തന്നെയാണോ? ഒരു ജീവിതത്തില്‍ തന്നെ ചിലപ്പോള്‍ പരസ്പരവിരുദ്ധം പോലുമായ അനേകം ജീവിതങ്ങള്‍ ജീവിക്കുക എന്നത് അസാധ്യമായ ഒന്നാണോ? ജീവിതത്തെ സംബന്ധിക്കുന്ന ഇത്തരത്തിലുള്ള അടിസ്ഥാന ദാര്‍ശനിക സമസ്യകളാണ് "ബിനിസുതോയ് ' മുന്നോട്ട് വെക്കുന്നത്.
ഒരു ചാനല്‍ നടത്തുന്ന റിയാലിറ്റി ഷോയുടെ ഓഡിഷന്‍ സന്ദര്‍ഭത്തില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന ശ്രാബണി ബറുവയും കാജല്‍ സര്‍ക്കാരുമാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. അവരുടെ പേരും അവര്‍ പറയുന്ന ജീവിതകഥയും എന്നാല്‍ വ്യാജമാണ്.

അവര്‍ പലപ്പോഴായി പല വേഷങ്ങള്‍ മാറിമാറിയണിഞ്ഞു ജീവിക്കുന്നവരാണ്. സമ്പന്നരും. മനുഷ്യന്‍ ജീവിക്കുന്നത് അവരവരുടെ ഭൗതിക പരിസരത്തില്‍ മാത്രമല്ല. ദൈനംദിന ജീവിതത്തിന്റെ എല്ലാ കയറ്റിറക്കങ്ങളിലും അതിസാധാരണമായി വ്യവഹരിക്കുമ്പോഴും ഉള്ളില്‍ മറ്റൊരു ലോകം ഇതിലൊന്നും തൃപ്തിപ്പെടാതെ കിടക്കുന്നുണ്ട്. വ്യത്യസ്തമായ ജീവിത പരിസരങ്ങളെ, അനുഭവങ്ങളെ കാംക്ഷിച്ചു കൊണ്ട്. ഒന്നാലോചിച്ചാല്‍ നിരര്‍ത്ഥകമായ ജീവിതവൃത്തികളിലാണ് ഓരോ മനുഷ്യരും സ്വയം തടവില്‍ അകപ്പെട്ടിരിക്കുന്നത്. സമ്പത്തും സ്ഥാനമാനങ്ങളും പദവികളും ഒന്നും ഈ അര്‍ത്ഥരാഹിത്യത്തെ ഇല്ലാതാക്കുന്നില്ല.

ശ്രാബണി ബറുവയും കാജല്‍ സര്‍ക്കാരും കെട്ടുന്ന വേഷങ്ങള്‍ മറ്റൊന്നിനും വേണ്ടിയല്ല. അപരജീവിതം നയിക്കുമ്പോള്‍ അവര്‍ കൂടുതല്‍ നന്മയുള്ളവരും കൂടുതല്‍ നല്ല മനുഷ്യരും കൂടി ആയിത്തീരുകയാണ്. ജീവിതത്തെക്കുറിച്ച് നാം ഉണ്ടാക്കുന്ന കഥകള്‍/ ഭാവനകള്‍ ആണ് ചിലപ്പോള്‍ ജീവിതത്തെ തന്നെ സഹ്യമാക്കുന്നത് എന്ന ലളിതമായ കാര്യമാണ് അത്രയും മനോഹരമായി ഈ സിനിമയില്‍ അതനു ഘോഷ് എന്ന സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
"ശേഷ് പട'യും സാഹിത്യത്തെയും കഥയേയും കൂട്ടുപിടിച്ചാണ് വിരിയുന്നത്. എഴുപതുകളിലും എണ്‍പതുകളിലും പുതുക്കമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് ബംഗ്ലാ ഫിലിം വൃത്തങ്ങളില്‍ പ്രശസ്തനായ, അഹംഭാവിയും പരമ്പരാഗത സമീപനങ്ങള്‍ക്ക് വഴങ്ങാത്തവനുമായ ബാല്‍മീകി എന്ന എഴുത്തുകാരന്‍, എന്നാല്‍ ഇപ്പോള്‍ കഷ്ടതയിലാണ്. ഒറ്റപ്പെട്ട, അവഗണിക്കപ്പെട്ട ജീവിതമാണ് അയാള്‍ക്കിന്നുള്ളത്. കൊല്ലപ്പെട്ട ഭാര്യയെക്കുറിച്ച് എഴുതാന്‍ ഒരു പ്രസിദ്ധീകരണസ്ഥാപനം അദ്ദേഹത്തിന് നാല്‍പതിനായിരം രൂപ നല്‍കിയിട്ടുണ്ടായിരുന്നു. കൈയെഴുത്തുപ്രതിയുടെ ഒരു പേജ് പോലും അവര്‍ക്ക് നല്‍കാന്‍ എന്നാല്‍ ബാല്‍മീകിക്ക് സാധിക്കുന്നില്ല.

അദ്ദേഹത്തില്‍ നിന്നും അതെഴുതി വാങ്ങാന്‍ പ്രസിദ്ധീകരണസ്ഥാപനം കടംവീണ്ടെടുക്കുന്ന ഏജന്റായ സൗനക്കിനെ ചുമതലപ്പെടുത്തുന്നു. അനാരോഗ്യം കാരണം തനിക്ക് എഴുതാന്‍ കഴിയില്ലെന്നാണ് ബാല്‍മീകി സൗനക്കിനോട് പറയുന്നത്. ബാല്‍മീകി പറഞ്ഞത് കേട്ടെഴുതാന്‍ സൗനക് മേധയെ ഏല്‍പ്പിക്കുന്നു. പെട്ടെന്ന് ജീവിതത്തിന്റെ താളം തെറ്റിയ, ജീവിതത്തില്‍ ലക്ഷ്യബോധവും ശാന്തിയും എത്രയും വേഗം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മദ്ധ്യവയസ്‌കയായ മേധ, ഒരു കുടുംബം പോറ്റേണ്ട ബാദ്ധ്യതയുള്ള സൗനക് എന്ന ചെറുപ്പക്കാരന്‍, അയാളുടെ അനിയനായ വിദ്യാര്‍ത്ഥി. ബാല്‍മീകിക്ക് ചുറ്റിലും കറങ്ങുന്ന ഈ കഥാപാത്രങ്ങളുടെ പരസ്പരവിരുദ്ധവും സംഘര്‍ഷഭരിതവുമായ വൈകാരികമുഹൂര്‍ത്തങ്ങളാണ് സിനിമ ഒപ്പിയെടുക്കുന്നത്. മൂല്യങ്ങളും ധാര്‍മ്മികദര്‍ശനവും മനസ്സാക്ഷി ഏല്പിക്കുന്ന വ്യഥകളും ഇരുണ്ട ഇടനാഴിയുടെ അറ്റത്തുള്ള വെളിച്ചം തേടിയുള്ള അന്വേഷണവുമാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രം.
തീര്‍ച്ചയായും അതാനു ഘോഷ് എന്ന സംവിധായകന്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വിസ്മയം "ശേഷ് പട'യിലും പ്രതീക്ഷിക്കാവുന്നതാണ്. നിര്‍ബന്ധമായും കാണേണ്ടുന്ന സിനിമ എന്നാണ് ഞാന്‍ പറയുക.
വി.കെ. ബാബു
Jan 07, 2023
8 minutes read
രാംദാസ് കടവല്ലൂര്‍
Jan 06, 2023
6 Minutes Read
എം.ആർ. മഹേഷ്
Dec 27, 2022
13 Minutes Read
വി.കെ. ബാബു
Dec 17, 2022
10 Minutes Read
കരോൾ ത്രേസ്യാമ്മ അബ്രഹാം
Dec 14, 2022
3 minutes read
മനോജ് കെ. പുതിയവിള
Dec 12, 2022
6 Minutes Read
പി. പ്രേമചന്ദ്രന്‍
Dec 08, 2022
9 Minutes Read
പി. പ്രേമചന്ദ്രന്‍
Dec 07, 2022
7 Minutes Read