എഴുപതുകളുടെ സംഗീത നായകനാണ് ജോണ്‍ ഡെന്‍വര്‍. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഉറക്കെ സംസാരിച്ച ആദ്യത്തെ ലോക സംഗീതജ്ഞന്‍. ലോകത്തിന്റെ കണ്മുന്നില്‍ ജോണ്‍ ഡെന്‍വര്‍ ഉത്സാഹത്തിന്റെയും കരുത്തിന്റെയും ആവേശത്തിന്റെയും പ്രതീകമായിരുന്നു. പക്ഷെ എല്ലാ വിജയങ്ങള്‍ക്കിടയിലും താന്‍ തീര്‍ത്തും ഒറ്റയ്ക്കായിരുന്നു എന്നാണ് ഡെന്‍വര്‍ എഴുതിയത്. 'എന്ന് തിരിച്ചുവരുമെന്ന് എനിക്കറിഞ്ഞുകൂടാ...' എന്നെഴുതി മാഞ്ഞുപോയ ഒരു അപൂര്‍വ ജീവിതകഥ
29 Aug 2020, 05:38 PM
നമ്മള്‍ പ്രകൃതിയിലുള്ള എല്ലാത്തിനോടും ഇണങ്ങി ജീവിക്കണം
അതോടൊപ്പം മനുഷ്യന്റെ പട്ടിണി മാറ്റാന്‍ പാടുപെടണം
അപ്പോഴാണ് ലോകത്ത് സമാധാനമുണ്ടാവുക
എന്റെ സംഗീതവും ജീവിതവും അതിനുവേണ്ടിയാണ്
- ജോണ്‍ ഡെന്‍വര്‍
1980കളിലെ ഒരു ദിവസം. ഉച്ചതിരിഞ്ഞ നേരം. എന്റെയൊരു കൂട്ടുകാരന്റെ അച്ഛന്‍ നടത്തുന്ന ചെറിയ പലചരക്ക് കടയില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആ കെട്ടിടം മുഴുവന്‍ കിടുകിടാ നടുങ്ങി. പലകത്തട്ടുകളില്‍ വെച്ചിരുന്ന സാധനങ്ങള്‍ നിലത്തുവീണു ചിതറി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പേടിച്ചുവിറച്ച് റോഡിലേക്ക് ചാടിയിറങ്ങിയപ്പോള്‍ ചുറ്റുമുള്ള കെട്ടിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ പരിഭ്രാന്തരായി റോഡിലേക്ക് ഓടിവരുന്നു. വലിയൊരു ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്! ആളപായം ഒന്നുമുണ്ടായില്ലെങ്കിലും വീടുകളും കെട്ടിടങ്ങളും വിണ്ടുകീറി. വിലപിടിപ്പുള്ള വസ്തുക്കള്‍ അടക്കം പലതും തകര്‍ന്നു. നാട്ടുകാരാകെ ഭീതിയിലായി. നേരിയ ഭൂകമ്പങ്ങള്‍ ഞങ്ങളുടെ ജില്ലയില്‍ പതിവ് സംഭവമായിരുന്നെങ്കിലും അത്ര ശക്തമായ ഒരു ഭൂമികുലുക്കം അനുഭവപ്പെടുന്നത് അതാദ്യമായിരുന്നു.
അതിനടുത്ത ആഴ്ചയാണ് ജോണിനെ ഞാന്‍ ആദ്യമായി കാണുന്നത്. പെരുവന്താനം ജോണ്‍. കേള്‍വിക്കാരായി ആരുമില്ലാത്ത ഒരു തെരുവുയോഗത്തെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം. നാട്ടുറോഡിന്റെ ഒരുവശത്ത് രണ്ടുപേര്‍ കസേരയില്‍ ഇരിക്കുന്നു. പൊക്കവും വലുപ്പവുമില്ലാത്ത ഒരു കൊച്ചുമനുഷ്യന്‍ മൈക്കിനോട് സംസാരിക്കുന്നു. കേള്‍ക്കാന്‍ ആര്‍ക്കും വലിയ താല്‍പ്പര്യം തോന്നിക്കാത്ത പ്രസംഗമാണ്. ഞങ്ങളുടെ പ്രദേശങ്ങളില്‍ അടിക്കടി നടക്കുന്ന ഭൂകമ്പത്തെക്കുറിച്ചാണ് അദ്ദേഹം പ്രസംഗിക്കുന്നതെന്ന് മനസ്സിലാക്കിയ ഞാന്‍ അടുത്തുചെന്നുനിന്ന് കേള്‍ക്കാന്‍ തുടങ്ങി. ജോണ്‍ ഒരു "പരിതസ്ഥിതി പ്രവര്‍ത്തകന്‍' ആണത്രേ! പ്രസംഗം കുറേനേരം കേട്ടുകഴിഞ്ഞപ്പോഴാണ് സംഭവം പരിതസ്ഥിതി അല്ല, പരിസ്ഥിതി ആണെന്ന് മനസ്സിലായത്.
ജോണിലൂടെ ജോണിലേക്ക്
ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കിയും ഓരോ മഴക്കാലത്തും വിവാദമാകുന്ന മുല്ലപ്പെരിയാറും അടക്കം ചെറുതും വലുതുമായ പത്തിലധികം അണക്കെട്ടുകളും അവയുടെ വമ്പന്‍ ജലാശയങ്ങളും ഞങ്ങളുടെ ജില്ലയിലുണ്ട്. ദുര്‍ബലമായ മണ്ണടുക്കുകള്‍ക്കുമേല്‍ പരന്നുകിടക്കുന്ന ആ ജലപ്പരപ്പ് താഴേയ്ക്ക് അമര്‍ത്തുന്ന മര്‍ദ്ദം കൊണ്ടാണ് ഈ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതെന്ന് ജോണ്‍! ഡാമുകളില്‍ വെള്ളം നിറയുമ്പോള്‍ ലക്ഷക്കണക്കിന് മരങ്ങളും പതിനായിരക്കണക്കിന് ഏക്കര്‍ വനവും അതില്‍ മുങ്ങി മരിക്കുന്നു. മിച്ചമുള്ള നദികളിലും അണകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്. നദികളെയും വനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ച് അദ്ദേഹം പ്രസംഗം തുടരുമ്പോള്‍ എനിക്ക് വലിയ ഞെട്ടലും ഒട്ടേറെ പുതിയ അറിവുകളും. ഇനിയൊരു ഭൂകമ്പം വരാതിരിക്കാന്‍ ഉടനെ എന്തെങ്കിലും ചെയ്‌തേ പറ്റൂ. സോളിഡാരിറ്റി എന്നുപേരുള്ള ജോണിന്റെ സംഘത്തില്‍ ചേര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളില്‍ അവര്‍ നടത്തിയ
യോഗങ്ങളില്‍ ഞാനും പങ്കെടുത്തു. പക്ഷെ അതുകൊണ്ടുവല്ലതും അണകെട്ടുന്നതും കാടുവെട്ടുന്നതും മനുഷ്യര്‍ നിര്‍ത്തുമോ? ഏതായാലും ജോണിന്റെ സഹവാസംകൊണ്ട് എനിക്ക് മറ്റൊരു ഗുണം കിട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും മാസികകളും ജോണിന്റെ കൈയിലുണ്ടായിരുന്നു. അവ വായിക്കാന്‍ അവസരം കിട്ടി. അതിലൊന്നിലാണ് ജോണ്‍ ഡെന്‍വര്‍ എന്ന പാട്ടുകാരനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.
എഴുപതുകളുടെ തലമുറ
പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഉറക്കെ സംസാരിച്ച ആദ്യത്തെ ലോക സംഗീതജ്ഞനായിരുന്ന ജോണ്‍ ഡെന്‍വര്‍. പക്ഷെ പാട്ടിന്റെ അസ്‌ക്യത പണ്ടേയുള്ള എന്നെ ആകര്‍ഷിച്ചത് ജോണ്‍ ഡെന്‍വര്‍ ലോക സംഗീതത്തിലെ ഒരു സൂപ്പര്‍ താരമാണ് എന്നതായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്ക് താല്‍പര്യമായി. അന്താരാഷ്ട്ര പട്ടിണി നിര്‍മാര്‍ജന പരിപാടി പോലുള്ള പല മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട് എന്നും ലേഖനത്തില്‍ കണ്ടു. പക്ഷെ പ്രസിദ്ധനായ ഒരു അമേരിക്കന്‍ സംഗീത താരം എന്ന പരാമര്‍ശമല്ലാതെ സംഗീതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ആ പുസ്തകങ്ങള്‍ ഒന്നും പറഞ്ഞില്ല. ഉടനടി ജോണ്‍ ഡെന്‍വറിന്റെ പാട്ടുകള്‍ കേള്‍ക്കണമെന്നും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നും ആഗ്രഹിച്ചെങ്കിലും അക്കാലത്ത് അതിന് യാതൊരു വഴിയുമുണ്ടായിരുന്നില്ല.
പല വര്‍ഷങ്ങള്‍ക്കുശേഷം ഹൈദരാബാദില്‍ താമസിക്കുന്ന കാലത്താണ് ജോണ്‍ ഡെന്‍വറിന്റെ സംഗീതം കേട്ടു മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞത്. വളരെക്കാലമായി ആ പാട്ടുകള്‍ എനിക്ക് അറിയാമെന്ന് തോന്നിപ്പോയി. എത്രമാത്രം പ്രധാനപ്പെട്ട ഒരു പാട്ടുകാരനും സംഗീതജ്ഞനുമാണ് അദ്ദേഹമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഗിറ്റാര്‍ നാദം, ഞാന്‍ കേട്ട ഏറ്റവും മികച്ച ഗിറ്റാര്‍ നാദങ്ങളിലൊന്നാണ്. കേട്ടാലുടന്‍ തുള്ളിക്കുതിക്കാവുന്ന പാട്ടുകളിലും ഡിസ്‌കോ സംഗീതത്തിലും മുങ്ങിക്കിടന്ന എഴുപതുകളുടെ തലമുറയിലാണ് ജോണ്‍ ഡെന്‍വര്‍ ജീവിച്ചത്. എന്നാല്‍ നൃത്തത്തിനുവേണ്ടി മാത്രമുള്ള അടിപൊളി സംഗീതം ഉണ്ടാക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. ഇതുകാരണം പതുക്കെപ്പാടുന്ന ഒരു കരച്ചില്‍ പാട്ടുകാരനാണ് ഡെന്‍വറെന്ന് അക്കാലത്തെ പല ന്യൂജെന്‍കാരും അദ്ദേഹത്തെ പരിഹസിച്ചു. പക്ഷേ ആ നൃത്ത സംഗീതങ്ങളെല്ലാം മണ്‍മറഞ്ഞശേഷവും ഇന്നും ജോണ്‍ ഡെന്‍വറിന്റെ സംഗീതം ജീവിക്കുന്നു.
റോക്ക് സംഗീതത്തിന്റെ ചില തെറിപ്പുകള്‍
നാല്‍പതുകളിലെ ഫ്രാങ്ക് സിനാട്ര, അമ്പതുകളിലെ എല്‍വിസ് പ്രിസ്ലി, അറുപതുകളിലെ ജോണ്‍ ലെന്നന്‍ (ബീറ്റില്‍സ്) എന്നിവരെപ്പോലെ എഴുപതുകളുടെ സംഗീത നായകന്‍ തന്നെയാണ് ജോണ്‍ ഡെന്‍വര്‍. എല്‍വിസ് പ്രിസ്ലി, മൈക്കിള്‍ ജാക്‌സണ്‍, ഫ്രാങ്ക് സിനാട്ര എന്നിവര്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ജനകീയ സംഗീതം ജോണ്‍ ഡെന്‍വറിന്റേതാണ്. 2010ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങളുടെ അമ്പതു കോടിയിലധികം പകര്‍പ്പുകളാണ് വിറ്റുപോയിട്ടുള്ളത്. സമകാലിക സംഗീതത്തിലെ പ്രവണതകള്‍ പിന്‍തുടരാതെ തന്റെ സ്വന്തം ശൈലിയില്‍ മുന്നൂറിലധികം മെലഡി ഗാനങ്ങള്‍ എഴുതി, സംഗീതം നല്‍കി, പാടിക്കൊണ്ടാണ് ഈ വിജയങ്ങളെല്ലാം ജോണ്‍ ഡെന്‍വര്‍ നേടിയെടുത്തത്.
ഒരു അമേരിക്കന്‍ ഗ്രാമീണ ഗായകനാണ് (കണ്‍ട്രി സിങ്ങര്‍) അദ്ദേഹമെന്ന് പൊതുവെ പറയാറുണ്ട്. പക്ഷെ ജോണ്‍ ഡെന്‍വറിന്റെ സംഗീതത്തെ അങ്ങനെ ഒരു പ്രത്യേക വിഭാഗത്തില്‍ ഒതുക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. റോക്ക് സംഗീതത്തിന്റെ ചില തെറിപ്പുകള്‍, പടിഞ്ഞാറന്‍ അമേരിക്കയുടെ നാടോടി
സംഗീതം, നാട്ടിന്‍പുറപ്പാട്ടുകള്‍ എന്നിവ ഇലക്ട്രോണിക് സംഗീത ഉപകരണങ്ങള്‍ ഒട്ടും തൊടാതെ തനതായ ശബ്ദത്തില്‍ കലര്‍ത്തി ഉണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ സംഗീതം. മെലഡിയാണ് അടിനാദം. വരികള്‍ മിക്കതും മനോഹരമായ പ്രേമഗാനങ്ങളും പ്രകൃതി വര്‍ണ്ണനകളുമാണ്. പ്രേമവും വിരഹവും പാട്ടുകളുടെ അടിത്തറ ആയിരിക്കുമ്പോള്‍ത്തന്നെ അവയില്‍ ഇഴയോടുന്ന സമൂഹബോധവും നമുക്ക് തിരിച്ചറിയാന്‍ കഴിയും.
സംഗീത സംവിധായകന്‍, ഗാനരചയിതാവ്, ഗായകന്‍, പരിസ്ഥിതിപ്പോരാളി, ജീവകാരുണ്യ പ്രവര്‍ത്തകന്‍, പത്തോളം സിനിമകളില്‍ അഭിനയിച്ച നടന്‍ എന്നിങ്ങനെ പല മുഖങ്ങള്‍ ജോണ്‍ ഡെന്‍വറിനുണ്ടായിരുന്നു. പക്ഷെ കലുഷമായ മനസ്സുകളെ ശാന്തമാക്കാന്‍ കെല്‍പ്പുള്ള, ഏറെ സ്‌നേഹത്തോടെ നെയ്യപ്പെട്ട പാട്ടുകളുടെ സ്രഷ്ടാവ് എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പെരുമ. ജോണ്‍ ഡെന്‍വറിന്റെ മിക്ക പാട്ടുകളും പ്രകൃതിയോടുള്ള
അദ്ദേഹത്തിന്റെ ആഴമായ സ്‌നേഹത്തെക്കുറിച്ചും പ്രകൃതിയുമായി ഇണങ്ങിയ ജീവിതം മനുഷ്യന് തരുന്ന നന്മകളെക്കുറിച്ചും പറയുന്നു. പ്രകൃതിസൗന്ദര്യവും സമൃദ്ധിയും തന്റെ പാട്ടുകളില്‍ പരമാവധി നിറയ്ക്കുകയായിരുന്നു ഡെന്‍വര്‍. "ഞാന്‍ കാലി മേയ്ക്കുന്നവനായി ജീവിച്ചുകൊള്ളാം' എന്ന ഗാനം നോക്കൂ. തന്നോടൊപ്പം നഗരത്തില്‍ വന്നു താമസിക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കുന്ന കാമുകിയോട് ‘എന്റെ മലയോര ഗ്രാമത്തില്‍ത്തന്നെ ഞാന്‍ ജീവിക്കും' എന്ന് പറഞ്ഞുകൊണ്ട് അവളോട് വിടപറയുന്ന ഒരാളെക്കുറിച്ചുള്ള പാട്ടാണത്.
ഞാന്‍ കാലി മേയ്ക്കുന്നവനായി ജീവിച്ചുകൊള്ളാം
മലയോരങ്ങളില്‍ പാര്‍ത്തുകൊള്ളാം
ഇരുമ്പിന്റെയും കോണ്‍ക്രീറ്റിന്റെയും താഴ്വരകളില്‍ കാണാതെപോകുന്നതിനേക്കാള്‍
മഴയോടും സൂര്യനോടും പുഞ്ചിരിച്ചുകൊള്ളാം
എന്റെ സന്ധ്യകളെ നക്ഷത്ര വയലുകളില്‍ ഉറക്കിക്കൊള്ളാം
ഡെന്‍വറിന്റെ ഏറ്റവും വലിയ ഹിറ്റുകളായ റോക്കി പര്‍വത ശിഖരങ്ങള്‍, എന്റെ ചുമലില്‍ സൂര്യപ്രകാശം, ഗ്രാമപാതകളേ എന്നെ വീട്ടിലെത്തിക്കൂ, നന്ദി ദൈവമേ ഞാന്‍ ഒരു കുഗ്രാമപ്പയ്യന്‍, മൊണ്ടാനായിലെ വനാന്തര ആകാശങ്ങള്‍, വീണ്ടുമെന്റെ വീട്ടില്‍, പ്രകൃതിയമ്മയുടെ മകന്‍ എന്നിവയിലെല്ലാം ഉപാധികളില്ലാത്ത തന്റെ പ്രകൃതി സ്‌നേഹത്തെയാണ് അദ്ദേഹം പാടുന്നത്. ആനിയുടെ പാട്ട് എന്ന ഏറ്റവും പ്രശസ്തമായ പ്രേമഗാനത്തില്‍ പോലും നാം കേള്‍ക്കുന്നത്:
വനത്തില്‍ നിറയുന്ന രാത്രി പോലെ
മലകളില്‍ പടരുന്ന വസന്തം പോലെ
പര്‍വതപ്പാതയിലെ മഴ നടത്തം പോലെ
മരുഭൂമിയിലെ കൊടുങ്കാറ്റ് പോലെ
ശാന്തമായ് ഉറങ്ങുന്ന നീലക്കടല്‍ പോലെ
നീ വന്നെന്നെ വീണ്ടും നിറയ്ക്കുക... എന്നാണ്.
വിജയം ഒരു വിദൂര സ്വപ്നം
1943ല്‍ അമേരിക്കയില്‍ ന്യൂ മെക്‌സിക്കോയിലെ റോസ്വെലില്‍ ജനിച്ച ജോണ്‍ ഡെന്‍വറിന്റെ യഥാര്‍ത്ഥ പേര് ജോണ്‍ ഡച്ചിന്‍ഡ്രോഫ് എന്നാണ്. ‘ഒരു ജര്‍മ്മന്‍ ഗ്രാമം' എന്നാണ് അതിന്റെ അര്‍ത്ഥം. അദ്ദേഹത്തിന്റെ അച്ഛന്‍ ജര്‍മ്മന്‍ വംശജനായതുകൊണ്ട് വന്ന പേരാണ്. വ്യോമസേനയിലെ പൈലറ്റായിരുന്നു അച്ഛന്‍. അടിക്കടിയുള്ള സ്ഥലം മാറ്റം കാരണം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കുറച്ചു കാലം ജപ്പാനിലും അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. ഒരു സ്ഥലത്തും അധികകാലം താമസിക്കാത്തതിനാല്‍ സുഹൃത്തുക്കളൊന്നും ഇല്ലാതെയാണ് ഡെന്‍വര്‍ വളര്‍ന്നത്.
തന്നെ സ്‌നേഹിക്കുന്നില്ല എന്ന കാരണം പറഞ്ഞ് അച്ഛനോട് അടിക്കടി വഴക്കുണ്ടാക്കുന്ന സ്വഭാവം ചെറുപ്പത്തില്‍ ഡെന്‍വറിനുണ്ടായിരുന്നു. അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ മാത്രം സന്തോഷവാനായിരുന്നു. അവിടെയാണ് അദ്ദേഹം കണ്‍ട്രി സംഗീതം കേട്ട് വളര്‍ന്നത്. അമ്മമ്മ ചെറുമകന്റെ വാസന തിരിച്ചറിഞ്ഞ് നാല്‍പ്പത് വര്‍ഷം പഴക്കമുള്ള തന്റെ ഗിബ്‌സണ്‍ ഗിറ്റാര്‍ സമ്മാനിച്ചു. അന്ന് ഡെന്‍വറിന് പതിനൊന്ന് വയസായിരുന്നു. സംഗീതം പോലുള്ള ചെറുകിട നേരമ്പോക്കുകളില്‍ സമയം പാഴാക്കാതെ ജോലിചെയ്ത് നാല് കാശുണ്ടാക്കാന്‍ ഡെന്‍വറിന്റെ അച്ഛന്‍ നിര്‍ബ്ബന്ധിച്ചു. വഴക്കു മൂത്തപ്പോള്‍ ടെക്‌സസിലെ തന്റെ വീട്ടില്‍ നിന്ന് അച്ഛന്റെ കാറുമെടുത്ത് കാലിഫോര്‍ണിയയിലേക്ക് ഡെന്‍വര്‍ ഒളിച്ചുപോയി.

പതിനാറാമത്തെ വയസ്സില്‍. അവിടെയുള്ള ചില കുടുംബസുഹൃത്തുക്കള്‍ സംഗീതത്തില്‍ വളരാന്‍ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഡെന്‍വര്‍ കാറോടിച്ച് അവിടെയെത്തുന്നതിനുമുമ്പേ വിമാനത്തില്‍ കാലിഫോര്‍ണിയയിലെത്തിയ അച്ഛന്‍ പയ്യനെ കഴുത്തിനു പിടിച്ച് വീണ്ടും സ്‌കൂളില്‍ കൊണ്ടുപോയിവിട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് പഠനം വലിച്ചെറിഞ്ഞ് കാലിഫോര്‍ണിയയില്‍ തന്നെ ഡെന്‍വര്‍ വീണ്ടുമെത്തി. അവിടെ കണ്‍ട്രി, റോക്ക് സംഗീതങ്ങള്‍ ആര്‍ത്തുവളരുന്ന കാലമായിരുന്നു. ഉച്ചരിക്കാന്‍ പ്രയാസമുള്ള ഡച്ചിന്‍ഡ്രോഫ് എന്ന പേര് ഉപേക്ഷിച്ച് മലകളാല്‍ ചുറ്റപ്പെട്ട അമേരിക്കന്‍ സംസ്ഥാനം കൊളറാഡോയുടെ തലസ്ഥാന നഗരത്തിന്റെ പേരായ ‘ഡെന്‍വര്‍' അദ്ദേഹം സ്വീകരിച്ചു. കാടുമലകള്‍ നിറഞ്ഞ പടിഞ്ഞാറന്‍ അമേരിക്കയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവായ്പ്പിനെ സൂചിപ്പിക്കുന്ന പേര്. കാലിഫോര്‍ണിയയിലെ ചെറുകിട നൈറ്റ്ക്ലബ്ബുകളിലും കൊച്ചുകൊച്ചു സംഗീത പരിപാടികളിലും ഗിറ്റാര്‍ വായിച്ചു പാടി അവസരങ്ങള്‍ തേടി.
രണ്ടുവര്‍ഷത്തെ കഷ്ടപ്പാടിനുശേഷം പ്രശസ്ത മൂവര്‍ ഗാന സംഘം ചാഡ് മിച്ചല്‍ ട്രയോയില്‍ പാടുന്നതിനുള്ള ശബ്ദ പരിശോധനയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ആ സംഘം കോളേജ് കാമ്പസുകളിലും ക്ലബ്ബുകളിലും ജനപ്രിയമായിരുന്നു. ഇരുന്നൂറ് പേരില്‍നിന്ന് നിന്ന് ജോണ്‍ ഡെന്‍വറിനെ അവര്‍ തിരഞ്ഞെടുത്തു. സംഘത്തിന്റെ സ്ഥാപകനായ ചാഡ് മിച്ചലിനൊപ്പം പാടുന്ന ഗായകനായും ഗിറ്റാര്‍, ബാഞ്ചോ വാദകനായും ഡെന്‍വര്‍ ചേര്‍ന്നു. രണ്ടുവര്‍ഷത്തോളം അവരോടൊപ്പം നിന്ന് തന്റെ കഴിവുകള്‍ വികസിപ്പിക്കുകയും വേദികളില്‍ എന്തൊക്കെ എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും ചെയ്തു.
ഈ സമയത്താണ് അദ്ദേഹം തന്റെ ആദ്യ ഗാനമായ ‘ഒരു ജെറ്റ് വിമാനത്തില്‍ യാത്രപോകുന്നു' എഴുതിയത്. വൈകാതെ കൈയിലുണ്ടായിരുന്ന തുച്ഛമായ പണംകൊണ്ട് തന്റെ ആദ്യ ആല്‍ബം റെക്കോര്‍ഡു ചെയ്തു. ഇരുന്നൂറ്റമ്പത് കോപ്പി എടുത്ത് തനിക്കറിയാവുന്ന എല്ലാ വിലാസങ്ങളിലേക്കും അയച്ചുകൊടുത്തു. നേരിട്ടറിയാവുന്ന സംഗീതപ്രേമികള്‍ക്ക് ഓരോ കോപ്പി കൊണ്ടുചെന്ന് കൊടുത്തു. അക്കാലത്തെ മറ്റൊരു മൂവര്‍ ഗാനസംഘം പീറ്റര്‍ പോള്‍ & മേരി ആ റിക്കാര്‍ഡ് കേള്‍ക്കുകയും ‘ഒരു ജെറ്റ് വിമാനത്തില്‍ യാത്രപോകുന്നു' പാട്ട് അവര്‍ക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ആ പാട്ട് അവര്‍ വീണ്ടും പാടി റെക്കോര്‍ഡു ചെയ്ത് പുറത്തിറക്കി. അത് ഒരു വന്‍ വിജയമായി, ബില്‍ബോര്‍ഡ് സംഗീത വില്‍പ്പനപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. വിയറ്റ്‌നാം യുദ്ധത്തിന്റെ കാലമായിരുന്നു. വിയറ്റ്‌നാമിലേക്കു പോകുന്ന പട്ടാളക്കാരുടെ വിടവാങ്ങല്‍ ഗാനമായി ആളുകള്‍ ആപ്പാട്ട് ഏറ്റെടുത്തു. പക്ഷെ പാട്ട് ഉണ്ടാക്കിയ ജോണ്‍ ഡെന്‍വറിന് വിജയം അപ്പോഴും ഒരു വിദൂര സ്വപ്നമായിരുന്നു.
‘ഗ്രാമപാതകളേ എന്നെ വീട്ടിലെത്തിക്കൂ'
ഒരു കോളേജ് സംഗീത പരിപാടിക്കിടയില്‍ പരിചയപ്പെട്ട ആന്‍ മാര്‍ട്ടല്‍ എന്ന സുന്ദരിയായ വിദ്യാര്‍ത്ഥിനിയുമായി ഡെന്‍വര്‍ പ്രണയത്തിലായി. അടുത്ത വര്‍ഷം ഇരുവരും വിവാഹിതരായി. ആന്‍ എന്ന ഈ ആനിയെപ്പറ്റിയുള്ളതാണ് ഡെന്‍വറിന്റെ ‘ആനിയുടെ പാട്ട്'. ചാഡ് മിച്ചല്‍ സംഘം വിട്ട് ഡെന്‍വര്‍ തനിയെ
പാടാന്‍ ആരംഭിച്ചു. എല്‍വിസ് പ്രിസ്ലിയുടെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ആര്‍ സി എ റെക്കോര്‍ഡ്സില്‍ നിന്ന് ഏറെ പ്രയാസപ്പെട്ട് റെക്കോര്‍ഡിംഗ് കരാര്‍ സംഘടിപ്പിച്ചു. അതിലൂടെ തന്റെ ആദ്യത്തെ ഗാനശേഖരമായ റൈംസ് ആന്‍ഡ് റീസണ്‍സ് പുറത്തിറക്കി. ഒരു ജെറ്റ് വിമാനത്തില്‍ യാത്രപോകുന്നു എന്ന പാട്ട് ഉള്‍പ്പെടെ ഡെന്‍വര്‍ അതുവരെ എഴുതിയ എല്ലാ ഗാനങ്ങളുടെയും സമാഹാരമായിരുന്നു അത്. പക്ഷെ ആ റെക്കോര്‍ഡ് വില്‍ക്കാന്‍ സംഗീതക്കമ്പനി യാതൊന്നും ചെയ്തില്ല.
ആദ്യ ഗാനശേഖരം വില്‍പ്പനയില്‍ പരാജയപ്പെട്ടാല്‍ അത് തന്റെ സംഗീത ജീവിതം തകര്‍ക്കുമെന്ന് ഡെന്‍വറിന് അറിയാമായിരുന്നു. വേദികളില്‍ പാടി തന്റെ പാട്ടുകളെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഒരു സംഗീത പര്യടനം ആരംഭിച്ചു. ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുള്ള സംഗീത ക്ലബ്ബുകളിലും ഹോട്ടലുകളിലും ചെന്ന് സൗജന്യമായി പാടി. ചാഡ് മിച്ചല്‍ ട്രിയോയിലെ മുന്‍ ഗായകനും ഒരു ജെറ്റ് വിമാനത്തില്‍ യാത്രപോകുന്നു എന്ന പാട്ടിന്റെ രചയിതാവും എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും ഗിറ്റാര്‍ വായിച്ചു പാടി. പകല്‍ സമയത്ത് തന്റെ പരിപാടിയുടെ പരസ്യങ്ങള്‍ തന്നെത്താന്‍ നഗരച്ചുവരുകളില്‍ ഒട്ടിച്ചുവെച്ചു. പരിപാടിക്കിടയില്‍
റെക്കോര്‍ഡുകള്‍ വില്‍ക്കാന്‍ ശ്രമിച്ചു.
കയ്യില്‍ ഗിറ്റാറുമായി പ്രാദേശിക റേഡിയോ നിലയങ്ങളില്‍ പോയി പാടിയും പറഞ്ഞും പ്രക്ഷേപണം ചെയ്തു. മാസങ്ങളോളം നടത്തിയ ഇത്തരം ശ്രമങ്ങള്‍ മൂലം ആ റെക്കോര്‍ഡിന് മതിയായ വില്‍പ്പന കിട്ടി. ആര്‍.സി.എയുമായുള്ള കരാറും നീട്ടിക്കിട്ടി. ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു. വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. വൈകാതെ കൊളറാഡോ മലനിരകളിലെ തന്റെ സ്വപ്നനഗരമായ ആസ്പനില്‍ ഒരു വീട് വാങ്ങി അങ്ങോട്ട് താമസം മാറ്റി. അതിനുശേഷം വന്ന ‘ഗ്രാമപാതകളേ എന്നെ വീട്ടിലെത്തിക്കൂ' എന്ന ഗാനം എല്ലാ

അസ്പനിലെ Rio Grande പാര്‍ക്കിലെ ജോണ്‍ ഡന്‍വര്‍ സ്മാരകം
വില്‍പ്പനപ്പട്ടികകളിലും ഒന്നാമതെത്തി. പിന്നെ ഒരിക്കലും പ്രശസ്തിയിലും ധനസ്ഥിതിയിലും അദ്ദേഹം താഴേയ്ക്ക്പോയില്ല. പാട്ടുകള്‍ ഓരോന്നായി വന്‍ പ്രചാരം നേടി. അന്താരാഷ്ട്ര പ്രശസ്തിയും നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകളും പിന്നാലെയെത്തി. കൊളറാഡോ സംസ്ഥാനത്തിന്റെ ആസ്ഥാന സംഗീതജ്ഞനായി സര്‍ക്കാര്‍ അദ്ദേഹത്തെ പ്രഖ്യാപിച്ചു. പോപ്പ്, കണ്‍ട്രി സംഗീത ആരാധകര്‍ ഒരുപോലെ ജോണ്‍ ഡെന്‍വറിനെ സ്വീകരിച്ചു.
പോപ്പ്, കണ്‍ട്രി സങ്കര സംഗീതം
പക്ഷെ കണ്‍ട്രി സംഗീത വിമര്‍ശകര്‍ അദ്ദേഹത്തിന്റെ സംഗീതം ശുദ്ധമായ കണ്‍ട്രി അല്ല എന്ന് വിമര്‍ശിച്ചു. പോപ്പ് വിമര്‍ശകരും ഡെന്‍വറിനെ അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധിക മധുരവും അമിത വൈകാരികവും ആണെന്ന് അവര്‍ കുറ്റം പറഞ്ഞു. മുത്തശ്ശിമാരുടേതുപോലുള്ള വട്ടക്കണ്ണട വെച്ച ഡെന്‍വറിന്റെ രൂപം അറുപഴഞ്ചനും അദ്ദേഹം സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്ന രീതി അനാകര്‍ഷകവും ആണെന്ന് അവര്‍ വിമര്‍ശിച്ചു. ‘ഞാനും എന്റെ പാട്ടുകളും പഴയതായിത്തന്നെ തുടരും. വളരെച്ചെറിയ കാര്യങ്ങളെക്കുറിച്ചായിരിക്കാം എന്റെ പാട്ടുകള്‍. പക്ഷേ ആ ചെറിയ കാര്യങ്ങളാണ് എനിക്ക് പ്രധാനം. ഈ ലോകത്തിലെ എത്രയോ മനുഷ്യര്‍ക്ക് ഏതെങ്കിലും തരത്തില്‍ എന്റെ പാട്ടുകള്‍ ആശ്വാസമാണ്' എന്നാണ് ഡെന്‍വര്‍ അതിന് മറുപടി പറഞ്ഞത്. ‘ഡെന്‍വറിന്റെ സംഗീതം വല്ലാതെ ലളിതമാണ്' എന്ന് പലരും എഴുതി. പക്ഷേ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പാട്ടുകളായിരുന്നു അവ. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒട്ടുമില്ലാത്ത ആ സംഗീതം എഴുപതുകളിലെ ഇലക്ട്രോണിക് ബഹളത്തിനിടയില്‍ വലിയൊരു ആശ്വാസമായിരുന്നു. ജോണ്‍ ഡെന്‍വര്‍ പോപ്പ്, കണ്‍ട്രി എന്നിവയെ ഒരു പുതിയ രീതിയില്‍ സമീപിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ആ സങ്കര സംഗീതമാണ് അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ പല ഗാനങ്ങള്‍ക്കും പ്രചോദനമായി. വിന്‍ഡ്സ്റ്റാര്‍ ഫൗണ്ടേഷനും ആഗോള വിശപ്പ് നിര്‍മാര്‍ജന പദ്ധതിയും ഡെന്‍വര്‍ ആരംഭിച്ചു. ഗവണ്മെന്റിന്റെ പട്ടിണി നിര്‍മാര്‍ജന കമ്മീഷനില്‍ പ്രത്യേക അംഗമായി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അദ്ദേഹത്തെ നിയമിച്ചു. വന്യജീവി സംരക്ഷണം, കുട്ടികളുടെ യു എന്‍ ഫണ്ടിലെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും സജീവമായി പങ്കെടുത്തു. അണുവായുധ വ്യാപനത്തിനെതിരായ സമാധാന പ്രസ്ഥാനങ്ങളെ ശക്തമായി പിന്തുണച്ചു.
ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിരുന്ന ഡെന്‍വര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സണ്‍, റൊണാള്‍ഡ് റീഗന്‍ എന്നിവര്‍ക്കൊപ്പവും താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചു. റീഗനില്‍ നിന്ന് വേള്‍ഡ് വിത്തൗട്ട് ഹംഗര്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ മ്യൂസിക് അവാര്‍ഡും ഡെന്‍വറിന് കിട്ടി. (ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ പ്രശസ്ത മനുഷ്യസ്നേഹിയും ശാസ്ത്രീയ സംഗീതജ്ഞനുമാണ്). അതുവരെ ശാസ്ത്രീയ സംഗീതജ്ഞര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് നല്‍കി വന്നത്. കമ്മ്യൂണിസ്റ്റ് ചൈനയിലും സോവിയറ്റ് യൂണിയനിലും പര്യടനം നടത്തിയ ആദ്യത്തെ അമേരിക്കന്‍ പോപ്പ് ഗായകന്‍ ജോണ്‍ ഡെന്‍വര്‍ ആയിരുന്നു. സോവിയറ്റ്
യൂണിയനില്‍ ചെര്‍ണോബില്‍ അണ്വായുധ നിര്‍മ്മാണ ശാലയില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാനായി ഒരു പ്രത്യേക പരിപാടി അദ്ദേഹമവിടെ നടത്തി. ‘എന്തിനാണ് നമ്മളിങ്ങനെ ആയുധങ്ങള്‍ ഉണ്ടാക്കുന്നത്?' എന്നാരംഭിക്കുന്ന ഗാനം ആ യാത്രക്കുവേണ്ടി അദ്ദേഹം എഴുതിയതാണ്:
എന്തിനാണ് നമ്മളിങ്ങനെ ആയുധങ്ങള്‍ ഉണ്ടാക്കുന്നത്?
യുദ്ധ യന്ത്രങ്ങളുടെ ആര്‍ത്തി അടക്കാന്‍ ഭക്ഷണം നല്‍കുന്നത്?
നമ്മുടെ കുഞ്ഞുങ്ങളുടെ വായില്‍ നിന്നാണ് ആ ഭക്ഷണം നമ്മളെടുക്കുന്നത്
ദരിദ്രരുടെ കയ്യില്‍നിന്നാണ് അത് നമ്മള്‍ പിടിച്ചുപറിക്കുന്നത്
ആര്‍ക്കുവേണ്ടിയാണ് നമ്മള്‍ ആയുധങ്ങള്‍ ഉണ്ടാക്കുന്നത്?
ആനിയുടെ പാട്ട്
സംഗീതത്തിലും പൊതുജീവിതത്തിലും എല്ലാം തികഞ്ഞപ്പോഴും വ്യക്തി ജീവിതത്തില്‍ ജോണ്‍ ഡെന്‍വര്‍ സന്തോഷവാനായിരുന്നില്ല. അദ്ദേഹത്തിന് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ഒരു കുട്ടിയെ ജനിപ്പിക്കാന്‍ വൈദ്യശാസ്ത്രപരമായി അദ്ദേഹത്തിന് കഴിവില്ലായിരുന്നു. അതിനാല്‍ ആദ്യം ഒരു ആണ്‍കുട്ടിയെയും പിന്നെ ഒരു പെണ്‍കുട്ടിയെയും ആഫ്രിക്കന്‍, ചൈനീസ് വംശങ്ങളില്‍ നിന്ന് ദത്തെടുത്തു. കുട്ടികളുടെ വരവിനുശേഷം കുറച്ചുകാലം തിളക്കത്തോടെ മുന്നോട്ടുപോയ കുടുംബജീവിതം വളരെവേഗം തകരാന്‍ തുടങ്ങി. വളരെച്ചെറുപ്പത്തിലേ ആരംഭിച്ച ഒറ്റയ്ക്കുള്ള സംഗീത യാത്രകളും ഏകാന്തതയും അദ്ദേഹത്തെ മദ്യപാനം, മയക്കുമരുന്ന്, ലൈംഗിക സാഹസങ്ങള്‍ എന്നിവയില്‍ കൊണ്ടെത്തിച്ചിരുന്നു.
യാത്രകളില്‍ ഭാര്യ തന്നോടൊപ്പം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ആനി യാത്രകളെ വെറുത്തു. പണക്കാരികളായ തന്റെ കൂട്ടുകാരികളുടെ കൂടെ സമയം ചെലവഴിക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വല്ലാതെ കൂടിയപ്പോള്‍ വീട് ആനിക്ക് വിട്ടുകൊടുത്ത് ഒരു ചെറിയ വീട്ടിലേക്ക് ഡെന്‍വര്‍ താമസം മാറി. ആ ദിവസങ്ങളില്‍ ഒരിക്കല്‍ തന്റെ വീട്ടുമുറ്റത്തെ വളരെപ്പഴയ ചില പഴയ മരങ്ങള്‍ ആനി വെട്ടിമാറ്റിയതായി ഡെന്‍വര്‍ അറിഞ്ഞു. ആ മരങ്ങളില്‍ ഒരു പോറല്‍പോലും വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് ഡെന്‍വര്‍ വീട് പണിതത്. ആനിയെ ഫോണില്‍ വിളിച്ച് മരങ്ങള്‍ വെട്ടിയത് എന്തിനാണ് എന്ന് ചോദിച്ചു. ആ പഴഞ്ചന്‍ മരങ്ങള്‍ വീടിന്റെ മനോഹരമായ കാഴ്ചയെ മറയ്ക്കുന്നതുകൊണ്ട് അവ വെട്ടി ഫര്‍ണിച്ചര്‍ പണിതു എന്ന് ആനി നിസ്സാരമായി പറഞ്ഞുകളഞ്ഞു. ദേഷ്യം കയറിയ ഡെന്‍വര്‍ വീട്ടിലേക്ക് പാഞ്ഞെത്തി ആനിയോട് ‘ഇത് ചെയ്യുന്നതിന് മുമ്പ് നീ എന്നോട് ചോദിക്കണമായിരുന്നു. ഈ വീട് എന്റേതാണ്' എന്നു പറഞ്ഞു. ആനിയുടെ പുച്ഛത്തിലുള്ള ചിരിയും കൂസലില്ലാത്ത പ്രതികരണവും ഡെന്‍വറിനെ കോപാക്രാന്തനാക്കി. അവരുടെ കഴുത്തില്‍ പിടിച്ചു ഞെരിച്ച് മുറിയുടെ മൂലയിലേക്ക് തള്ളിയെറിഞ്ഞു. അവിടെക്കിടന്ന ഇലക്ട്രിക് വാള്‍ എടുത്ത് ആ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വീട്ടുപകരണങ്ങളെല്ലാം അറുത്ത് മുറിച്ച് താറുമാറാക്കി. ആ സംഭവത്തെക്കുറിച്ച് ഡെന്‍വര്‍ പിന്നീട് എഴുതി ‘അത്ര വലിയൊരു അക്രമം ചെയ്യാന്‍ എനിക്കും കഴിയുമെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്'.
അങ്ങേയറ്റം സത്യസന്ധനായിരുന്നു ജോണ്‍ ഡെന്‍വര്‍. അദ്ദേഹം ഒരിക്കലും ഒന്നും മറച്ചുവെച്ചില്ല. ഒരു പത്രപ്രവര്‍ത്തകന്‍ മദ്യാസക്തിയെപ്പറ്റി ചോദിച്ചപ്പോള്‍ ‘അതില്‍ മുങ്ങിക്കിടപ്പാണ് ഞാന്‍ ' എന്നാണ് ഡെന്‍വര്‍ പറഞ്ഞത്. തനിക്ക് ഒരു കുട്ടിയെ ജനിപ്പിക്കാനാവില്ലെന്ന കാര്യം അദ്ദേഹം പരസ്യമായിപ്പറഞ്ഞു. ‘ഒരു കുഞ്ഞിനെ ജനിപ്പിക്കാന്‍ എനിക്ക് കഴിയിവില്ലെന്ന് ഞാന്‍ തന്നെ പറയുമ്പോള്‍ എല്ലാവരും ഞെട്ടുന്നു. ഉള്ളത് പറയുമ്പോള്‍ ഞെട്ടാനെന്തിരിക്കുന്നു?' ജോണ്‍ ഡെന്‍വറിന്റെ ആത്മകഥയായ ‘ടേക്ക് മി ഹോം’ ഞാന്‍ ഇതുവരെ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സത്യസന്ധമായ പുസ്തകങ്ങളിലൊന്നാണ്. തന്റെ മദ്യം-മയക്കുമരുന്ന് ഉപയോഗം, നിയന്ത്രണങ്ങളില്ലാത്ത കാമം, ആരാധകരും ലൈംഗികത്തൊഴിലാളികളും അടക്കം എണ്ണമറ്റ സ്ത്രീകളുമായി ഉണ്ടായ ശാരീരിക ബന്ധങ്ങള്‍ എന്നിവയൊക്കെ മറയില്ലാതെ അദ്ദേഹം വിവരിക്കുന്നു.
ആനി വിവാഹമോചനം ആവശ്യപ്പെട്ടു. വെറും മിസ്സിസ് ജോണ്‍ ഡെന്‍വര്‍ ആയി ഇനി ജീവിക്കാനാവില്ല എന്ന് അവര്‍ തീരുമാനിച്ചു. മുമ്പ് പലതവണ ഇരുവരും താല്‍ക്കാലികമായി വേര്‍പിരിഞ്ഞിട്ടുണ്ട്. അത്തരമൊരു വേര്‍പിരിയലിനിടെ എഴുതിയ ‘ആനിയുടെ പാട്ടി'ല്‍
നിന്നെ സ്‌നേഹിക്കുന്നു
നിന്റെ ചിരിയില്‍ മുങ്ങുന്നു
നിന്റെ ആലിംഗനത്തില്‍ മരിക്കുന്നു
വരിക
വന്നെന്നെ വീണ്ടും സ്‌നേഹിക്കുക... എന്ന വരികള്‍ കേള്‍ക്കാം.
എന്റെ രാത്രികള്‍ നിഴലുകള്‍പോലെ മാഞ്ഞുപോയി
ആയിരം പെണ്ണുങ്ങള്‍ വന്നുപോയാലും താന്‍ സ്‌നേഹിക്കുന്ന ഒരേയൊരു സ്ത്രീ തന്റെ ഭാര്യയാണെന്ന് ഡെന്‍വര്‍ പറഞ്ഞു. വിവാഹമോചനത്തിന് അദ്ദേഹം സമ്മതിച്ചില്ല. പക്ഷെ ആനി എല്ലാം അവസാനിപ്പിച്ചു. പിന്നീട് ഒരു ചെറുകിട പാട്ടുകാരിയും നടിയുമായിരുന്ന കസാന്ദ്ര ഡിലാനെ ഡെന്‍വര്‍ വിവാഹം കഴിച്ചു. നിയമപരമായി അവരെ വിവാഹം കഴിക്കാന്‍ ഡെന്‍വര്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കസാന്ദ്ര നിര്‍ബന്ധിച്ചു. ഡെന്‍വറിലൂടെ തന്റെ പാട്ടും അഭിനയവും ലോകത്തിനു മുമ്പില്‍ എത്തിക്കാനായിരുന്നു അവരുടെ പദ്ധതി. വൈകാതെ അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു! ആ കുട്ടി തന്റേതാണെന്ന് ഡെന്‍വര്‍ വിശ്വസിച്ചു. റെയ്കി ചികിത്സ തന്നെ സുഖപ്പെടുത്തിയെന്ന് അദ്ദേഹം കരുതി. ആത്മകഥയില്‍ ഡെന്‍വര്‍ എഴുതുന്നു, ‘കസാന്ദ്ര എല്ലാവിധത്തിലും എന്നെ വഞ്ചിച്ചു. പക്ഷെ എന്റെ സുന്ദരിക്കുഞ്ഞ് ജെസെബെലിനെ അവളെനിക്ക് സമ്മാനിച്ചു'.
രണ്ടുവര്‍ഷം തികയും മുന്‍പ് ആ വിവാഹം വിവാഹമോചനത്തില്‍ അവസാനിച്ചു. കുട്ടികളെ തന്നോടൊപ്പം നിര്‍ത്താന്‍ ഡെന്‍വര്‍ നിയമപരമായി പോരാടി. ഒരു കേസില്‍ നാല്പത് ലക്ഷം ഡോളര്‍ വരെ ചെലവഴിച്ചു. പക്ഷെ എല്ലാക്കേസിലും ഡെന്‍വര്‍ തോറ്റു. കുട്ടികളെ അവരുടെ അമ്മമാരുടെ കൂടെ വിട്ടുകൊണ്ട് കോടതി വിധിച്ചു. തന്റെ മൂന്ന് മക്കളെയും ഡെന്‍വര്‍ വളരെയധികം സ്‌നേഹിച്ചു. തനിക്കാവുന്നതെല്ലാം അവര്‍ക്ക് നല്‍കി. സാധിച്ചപ്പോഴെല്ലാം അവരോടൊപ്പം നേരം ചെലവഴിച്ചു.
ലോകത്തിന്റെ കണ്മുന്നില്‍ ജോണ്‍ ഡെന്‍വര്‍ ഉത്സാഹത്തിന്റെയും കരുത്തിന്റെയും ആവേശത്തിന്റെയും പ്രതീകമായിരുന്നു. പക്ഷെ എല്ലാ വിജയങ്ങള്‍ക്കിടയിലും താന്‍ തീര്‍ത്തും ഒറ്റയ്ക്കായിരുന്നു എന്നാണ് ഡെന്‍വര്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള മനുഷ്യനെ ആര്‍ക്കും മനസ്സിലായില്ല. ജീവിതത്തില്‍ താന്‍ ഒരേ സമയം പര്‍വതങ്ങള്‍ക്കുമേല്‍ പറക്കുകയും സമുദ്രത്തിന്റെ ആഴത്തിലേക്ക് തലകുത്തി വീഴുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ‘ഈ ജീവിതത്തിന് യാതൊരു അര്‍ത്ഥവുമില്ലെന്നും മരിക്കുന്നതാണ് നല്ലത് എന്നും പലപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു'.
പറക്കാന്‍ ആഗ്രഹിച്ച ആളായിരുന്നു ജോണ്‍ ഡെന്‍വര്‍. തന്റെ അച്ഛനെപ്പോലെ ഒരു പൈലറ്റാകാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. വിശാലമായ പച്ചപ്പരപ്പിനുമേല്‍ അതിരുകളില്ലാത്ത ആകാശത്ത് അങ്ങനെ പറന്നുനടക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സമാധാനവുമെന്ന് ജോണ്‍ ഡെന്‍വര്‍ പറയാറുണ്ടായിരുന്നു. ‘പറന്നു പറന്നു പോ' എന്ന തന്റെ ഗാനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി...
എന്റെ ദിവസങ്ങള്‍ മേഘം മൂടിക്കടന്നുപോയി
എന്റെ സ്വപ്നങ്ങള്‍ വരണ്ടുണങ്ങിപ്പോയി
എന്റെ രാത്രികള്‍ നിഴലുകള്‍പോലെ മാഞ്ഞുപോയി
ഇനി ഞാന്‍ പറക്കട്ടെ
പറന്നു പറന്നു പോ....
രണ്ടുപേര്‍ക്ക് പറക്കാവുന്ന ഒരു വിമാനം ജോണ്‍ ഡെന്‍വര്‍ വാങ്ങി. വിമാനം പ്രവര്‍ത്തിപ്പിക്കാനും അതില്‍ പറക്കാനും ഡെന്‍വറുമായി വര്‍ഷങ്ങള്‍ അകന്നു

വിമാന അപകടം നടന്ന സ്ഥലത്തെ
അടയാളപ്പെടുത്തുന്ന ഫലകം
കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ വന്ന് പരിശീലിപ്പിച്ചു. അച്ഛനുമായി വീണ്ടും ഒരുമിച്ചത് ഡെന്‍വറിനെ സന്തോഷിപ്പിച്ചു. താമസിയാതെ നല്ല പരിശീലനമുള്ള ഒരു പൈലറ്റായി അദ്ദേഹം മാറി. ദീര്‍ഘദൂര യാത്രകളില്‍ ഒറ്റയ്ക്ക് പറന്നു തുടങ്ങി.
അമ്പത്തിനാലാം പിറന്നാളിന് രണ്ടു മാസം മുമ്പ്, 1997 ഒക്ടോബര്‍ 12ന് രാവിലെ സുഹൃത്തുക്കളോടൊപ്പം ഏറെ നേരം ഗോള്‍ഫ് കളിച്ച ശേഷം
കാലിഫോര്‍ണിയയിലെ മോണ്ടെറേ ബേയില്‍ സമുദ്രത്തിന് മുകളിലൂടെ അദ്ദേഹം തന്റെ വിമാനത്തില്‍ പറന്നു. അന്ന് ഉച്ചയോടെ ഒരു ചെറു വിമാനം സമുദ്രത്തില്‍ തകര്‍ന്നു വീഴുന്നത് കണ്ടതായി പലരും പറഞ്ഞു. മാനം മുട്ടുന്ന മലകളുടെ പ്രിയപ്പെട്ട പാട്ടുകാരന്‍ ഉറങ്ങുന്ന നീല സമുദ്രത്തിന്റെ ആഴത്തിലേക്ക് ഊളിയിട്ടുപോയി. ഒരു ജെറ്റ് വിമാനത്തില്‍ എന്നേക്കുമായി യാത്രപോയി താന്‍ എഴുതിയ പാട്ടുപോലെ ജോണ്‍ ഡെന്‍വര്‍ അവസാനിച്ചു.
ഞാന്‍ പുറപ്പെടാന്‍ തയ്യാറായിക്കഴിഞ്ഞു
യാത്ര പറയാനായി ഉറക്കത്തില്‍ നിന്ന് നിന്നെ ഉണര്‍ത്തുന്നില്ല
പുലര്‍വെളിച്ചം മെല്ലെ തെളിഞ്ഞുവരുന്ന ഈ നേരത്ത്
ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ യാത്ര പോകുന്നു
ഒരു പുഞ്ചിരിയും ചുംബനവും എനിക്ക് തരുമോ?
എനിക്കുവേണ്ടി കാത്തിരിക്കാമെന്ന് പറയുമോ?
ഇതാ ഒരു ജെറ്റ് വിമാനത്തില്‍ ഞാന്‍ പുറപ്പെടുന്നു
എന്ന് തിരിച്ചുവരുമെന്ന് എനിക്കറിഞ്ഞുകൂടാ...
C.സി. കെ ഹസ്സൻ കോയ
30 Aug 2020, 06:56 AM
മനസ്സിൽ തൊടുന്ന രചന. ഷാജിക്കും പത്രാധിപർക്കും അഭിനന്ദനങ്ങൾ. നമ്മുടെ കാലത്ത് തീർത്തും പ്രസക്തമാണ് ഷാജിയുടെ എഴുത്ത്.
Abhay Kumar PK
29 Aug 2020, 07:30 PM
ടേക് മീ ഹോം എന്ന ഗാനം ഞാൻ എന്നും കേൾക്കുന്ന ഒന്നാണ്. ജോൺ ഡെൻവറിനെ എങ്ങനെ മറക്കാനാകും. ഈ ഓർമ്മക്കും എഴുത്തിനും ഷാജിക്ക് നന്ദി .
ജമാൽ കൊച്ചങ്ങാടി
Oct 07, 2020
9 Minutes Read
P. E. Thomas
5 Sep 2020, 03:27 PM
ജോൺ ടെൻവർ. വിശദമായ അറിവ് ഇന്നാണ് കിട്ടിയത്. Fantastic