പട്ടിക വിഭാഗ വിദ്യാർഥികളുടെ ഗ്രാൻറ്​: പുതിയ ചെയർമാന്റെ ഇടപെടൽ ആവശ്യമായ ഒരു അടിയന്തര വിഷയം

ഗ്രാൻറു തുക ബാങ്ക് അക്കൗണ്ടുകളിലെത്താതെ, പട്ടിക വിഭാഗ വിദ്യാർഥികളുടെ പക്കൽനിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്ന്​ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ സ്‌കോളർഷിപ്പ്​ വിജ്ഞാപനത്തിലുണ്ട്. കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്ന പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി ഗ്രാൻറ്​ ലഭിച്ചിട്ടില്ലെന്നും അവരോട് പ്രവേശന സമയത്ത്​ ഫീസ് ഈടാക്കിയെന്നും അവർ പരാതിപ്പെട്ടിരുന്നു. ഈ പരാതി ശരിയാണെന്ന് അന്വേഷണ കമീഷൻ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട്​, പുതുതായി സ്​ഥാനമേൽക്കുന്ന ചെയർമാന്റെ അടിയന്തര ഇടപെടൽ ആവശ്യമായ ഒരു വിഷയമാണിത്​.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാനായി സഈദ് അഖ്തർ മിർസ നിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ സത്വര ശ്രദ്ധ പതിയേണ്ട ഒരു വിഷയം ചൂണ്ടിക്കാട്ടുകയാണ്​. പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഗ്രാൻറ്​ ആണ്​ ഈ പ്രശ്​നം. മറ്റ്​ ആവശ്യങ്ങൾക്കൊപ്പം ഈ വിഷയവും അദ്ദേഹം പരിഗണിക്കുമെന്ന് കരുതുന്നു.

കേന്ദ്ര സാമൂഹ്യ നീതി - ശാക്തീകരണ മന്ത്രാലയം 2021 മാർച്ച് 21 ന്​വിജ്ഞാപനം ചെയ്ത പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മട്രിക് സ്‌കോളർഷിപ്പിന്റെ പുതിയ നിബന്ധനയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. (ഇ​തേക്കുറിച്ച്​ ‘പട്ടിക വിഭാഗം വിദ്യാർഥികളെ പഠനത്തിൽനിന്ന്​ പുറത്താക്കുന്ന ഒരു കേന്ദ്ര പരിഷ്​കാരം’ എന്ന പേരിൽ ലേഖനം ഫെബ്രുവരി രണ്ടിന്​ തിങ്ക്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​)

ഇതുവരെ നിലനിന്നുപോന്ന സമ്പ്രദായത്തിൽ നിന്ന് മാറി പട്ടിക ജാതി വിദ്യാർഥികൾക്ക് സർക്കാർ ചെലവാക്കുന്ന മുഴുവൻ ധനസഹായ തുകയും 2021 മുതൽ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടെത്തുന്നു. വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിന് നൽകേണ്ട (ലഭിക്കേണ്ട) ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പരീക്ഷാ ഫീസ് എന്നിവ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ നിന്ന്​ പിൻവലിച്ചു അവരവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ അടയ്ക്കണം. അവർക്ക്​ അർഹതപ്പെട്ട ലംപ്​സം ഗ്രാൻറ്​, പ്രതിമാസ സ്‌റ്റൈപ്പൻഡ്, പ്രതിമാസ പോക്കറ്റ് മണി എന്നിവ വിദ്യാർത്ഥികൾക്ക് എടുത്തുപയോഗിക്കാം.

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഗ്രാൻറു തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്താതെ പ്രവേശന സമയത്തോ ഒരു കോഴ്‌സിന്റെ കാലയളവിൽ ഒരിക്കൽ പോലുമോ അവരുടെ പക്കൽനിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്ന വ്യക്തമായ നിബന്ധന കേന്ദ്ര സർക്കാരിന്റെ പുതുക്കിയ സ്‌കോളർഷിപ്പ്​ വിജ്ഞാപനത്തിലുണ്ട്. കേരളാ സംസ്ഥാന പട്ടിക ജാതി വികസന വകുപ്പും ഇത്തരം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമാന നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിനും നല്കിയിട്ടുണ്ട്​. ഈ നിർദ്ദേശങ്ങൾ സ്വകാര്യ സ്വയം ഭരണ - സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങൾക്കും ബാധകമാണെന്നത് ശ്രദ്ധേയമാണ്. ഈ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച്​ കേരളത്തിലെ സ്വകാര്യ എയ്ഡഡ്, സ്വയം ഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പട്ടിക വിഭാഗ വിദ്യാർഥികളുടെ പക്കൽ നിന്ന് അധ്യയന വർഷാരംഭത്തിൽ തന്നെ മുഴുവൻ ഫീസും ഒറ്റ ഗഡുവായി വാങ്ങുന്നു, എന്നു മാത്രമല്ല, ഫീസ് അടയ്ക്കാത്ത വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുകയും സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. ഇത് കുറ്റകരവും ശിക്ഷാർഹവുമാണ്. ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ, പ്രശ്‌നം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാൽ ശിക്ഷാനടപടി എടുക്കാമെന്നുമാണ് പട്ടിക ജാതി വികസന വകുപ്പ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി അംബേദ്കർ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫോറത്തെ (എ.പി.ഡി.എഫ്) അറിയിച്ചിട്ടുള്ളത്.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ നിന്ന്

ധനസഹായം വിദ്യർഥികളിൽ എത്തുന്നതിനുള്ള കാലതാമസം ഈ പുതുക്കിയ വിദ്യാഭ്യാസ ധനസഹായ വിതരണ ക്രമീകരണത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഈ ധനസഹായ തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. ഒട്ടേറെ സങ്കീർണമായ ഓൺലൈൻ രജിസ്ട്രേഷനും വിവരപരിശോധനയ്ക്കും ശേഷം ഗ്രാൻറ്​ അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. അതിനുശേഷം സംസ്ഥാന സർക്കാരിന്റെ വിഹിതമായ 40 ശതമാനം ഗ്രാൻറ്​ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച്​ 15 ദിവസത്തിനുള്ളിലാണ് കേന്ദ്ര സർക്കാർ അവരുടെ വിഹിതം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത്. രജിസ്ട്രേഷൻ പ്രക്രിയയിലുള്ള കാലവിളംബവും സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ വിഹിതം ലഭിക്കുന്നതിനുള്ള കാലതാമസവും ചേർന്ന്​വിദ്യാർഥികളുടെ വിദ്യാഭ്യാസ ധനസഹായം യഥാസമയം വിതരണം ചെയ്യാൻ കഴിയുന്നില്ല. ഇത് ഒരു യാഥാർഥ്യമാണ്. ഇത് പരിഹരിച്ചുകിട്ടുവാനുള്ള ശ്രമത്തിലാണ് എ.പി.ഡി.എഫ്.

കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർഥികൾ ഈ വിഷയവും അവരുടെ പരാതിയിൽ ഉന്നയിച്ചിരുന്നു. അവിടെ പഠിക്കുന്ന പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി ഗ്രാൻറ്​ ലഭിച്ചിട്ടില്ലെന്നും അവരോട് പ്രവേശന സമയത്ത്​ ഫീസ് ഈടാക്കിയെന്നും അവർ പരാതിപ്പെട്ടിരുന്നു. മറ്റു പരാതികളോടൊപ്പം ആ പരാതിയും ശരിയാണെന്ന് അന്വേഷണ കമീഷൻ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

മറ്റു സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്. കേരളാ സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമാണിത്​. അതുകൊണ്ട് പട്ടിക വിഭാഗ വിദ്യാർഥികളുടെ ഫീസുമായി ബന്ധപ്പെട്ട് മുൻ ഖണ്ഡികയിൽ ചർച്ച ചെയ്ത സർക്കാർ ഉത്തരവുകൾ മറ്റേതു സ്ഥാപനത്തെക്കാളും ഇൻസ്​റ്റിറ്റ്യൂട്ടിന്​ ബാധകമാണ്. അവിടെ പട്ടിക വിഭാഗ വിദ്യാർഥികളോട് ഫീസ് വാങ്ങിയ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി എടുക്കുന്ന കാര്യം ചെയർമാന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു സംഗതി കൂടി ചൂണ്ടിക്കാണിക്കട്ടെ. കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിന്റെ പൂർണനിയന്ത്രണത്തിലുള്ള സ്വയം ഭരണ സ്ഥാപനമായതുകൊണ്ടുതന്നെ, ആഭ്യന്തര ഭരണപരമായ എല്ലാ കാര്യങ്ങളിലും അതിന്റെ സ്​റ്റാറ്റ്യൂട്ട്​ അനുസരിച്ച്​ നിലവിലുള്ള നിയമ സംവിധാനത്തിന് വിധേയമായി സ്വയം തീരുമാനമെടുക്കാനും നടപ്പിലാക്കാനുമുള്ള സ്വതന്ത്ര അധികാരം ഇൻസ്​റ്റിറ്റ്യൂട്ടിനുണ്ട്​. ഫീസ് പിരിവിന്റെ കാര്യത്തിലും ഈ സ്വതന്ത്ര ഭരണാധികാരം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. പട്ടിക വിഭാഗ വിദ്യാർഥികളുടെ പക്കൽനിന്ന്, നിലവിലുള്ള സർക്കാർ ഉത്തരവനുസരിച്ച്​, പ്രവേശന സമയത്തോ കോഴ്‌സിന്റെ മുഴുവൻ കാലയളവിൽ എപ്പോഴെങ്കിലുമോ ഫീസ് ഈടാക്കരുതെന്ന് ഇൻസ്റ്റിറ്റ്യൂട്ട്​ ഭരണ സമിതി തീരുമാനമെടുത്താൽ തീരുന്ന ലളിതമായ പ്രശ്‌നമാണിത്​.

പട്ടിക വിഭാഗ വിദ്യാർഥികളുടെ ഇത്തരം പ്രശ്‌നങ്ങൾ അറിയാവുന്ന വിദഗ്ധരെ ചേർത്ത് ഭരണസമിതി പുനഃസംഘടിപ്പിക്കണമെന്നും ചെയർമാനോട്​ ആവശ്യപ്പെടുകയാണ്​.


ഷാജു വി. ജോസഫ്​

ദലിത്​ സാമൂഹിക- രാഷ്​ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്നു. അംബേദ്‌കർ പ്രോഗ്രസീവ്​ ഡെമോക്രാറ്റിക്‌ ഫോറം ജനറൽ സെക്രട്ടറി. കേരളത്തിലെ ദലിത് ക്രൈസ്തവർ: ചരിത്രം, സ്വതം, പ്രത്യക്ഷ രക്ഷാദൈവസഭ- സാമൂഹിക ചരിത്രപ്രസക്തി എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments