ചിത്രീകരണം: ദേവപ്രകാശ്

മോചിതയായി ഞാൻ, മോചിതയായി ഞാൻ, ശ്രേഷ്ഠമായിത്തന്നെ മോചിതയായി ഞാൻ

പ്പോൾ സമയം പുലർച്ചെ നാലുമണിയായിരിക്കണം.

താൻ പാട്ടത്തിനെടുത്തിരിക്കുന്ന ചൂരൽക്കസേരയിലാണ് കിടന്നിരിക്കുന്നതെന്നവിധം തന്റെ വയർ നക്കിക്കൊണ്ടിരുന്ന ഡിക്കിര, ജയതിലകയുടെ വരവിനെ മണംപിടിച്ചതുപോലെ തലയുയർത്തി നോക്കി ശബ്ദമുണ്ടാക്കാതെ മുഖം പിന്നിലേക്ക് വലിച്ചു. പൊടുന്നനെ നിലത്തേക്ക് ചാടി സൂര്യനമസ്‌കാരത്തിലെ ഏതോ ഒരു മുദ്ര നടിച്ചു കാണിക്കുന്നതുപോലെ ശരീരത്തെ മുന്നോട്ടും പിന്നോട്ടും വളച്ച് അലസത കുടഞ്ഞുകളഞ്ഞ് അയാളുടെ പിന്നാലെ ഓടിച്ചെന്നു. ജയതിലക നടന്നുചെല്ലവേ, എന്തോ ഒന്നു കത്തിക്കരിഞ്ഞതിന്റെ രൂക്ഷഗന്ധം വമിക്കുന്നതായി തോന്നിയതിനാൽ പല തവണ തന്റെ മൂക്കിനെ സങ്കോചിപ്പിച്ചുകൊണ്ട് മണം പിടിച്ചുനോക്കി.

അയാൾ അടുക്കളയിൽ കയറിയപ്പോൾ തന്നെ അയാളുടെ അമ്മ ജോലിയിൽ മുഴുകിയിരുന്നു. തന്റെ നേരെ മുതുക് തിരിച്ച് ഇരിക്കുന്ന അമ്മയുടെ തലയ്ക്ക് മീതെ അയാൾ എത്തിനോക്കി. വേവിച്ച കടലകൾ നിറച്ച വലിയൊരു പാത്രം തന്റെയരികിൽ വെച്ചുകൊണ്ട് അമ്മ കടലയുടെ തൊലി കളയുന്നത് അയാൾ കണ്ടു. തൊട്ടടുത്ത് തൊലി കളഞ്ഞ കടലകൾ നിറച്ച വലിയൊരു ചട്ടിയും, പൊളിച്ച തൊലികളിട്ട ഒരു മൺകലവുമുണ്ടായിരുന്നു.

‘‘എന്താണിത്?'', ജയതിലകയുടെ ശബ്ദം കേട്ടിട്ടും തിരിഞ്ഞുനോക്കാത്ത അമ്മ, മറ്റൊരു കടല ഞെരടി അതിനെ ചട്ടിയിലും തൊലി കലത്തിലുമിട്ടു.
‘‘ഇതിന്റെ തൊലിയെല്ലാം കളഞ്ഞോണ്ടിരിക്കുകയാണ്''
‘‘അതു തന്നെയാണ് ചോദിക്കുന്നത്. സത്തെല്ലാം കിടക്കുന്നത് തൊലിയിലല്ലേ?''
‘‘എന്നാലും ഹാമുദുരുവുകൾക്ക് ഈ പരുക്കൻ തൊലികൾ നൽകുന്നത് ശരിയല്ലല്ലോ? തൊലി കളഞ്ഞാൽ കാണാൻ ഭംഗിയും മഞ്ഞയായും കിടക്കും''
‘‘പകൽദാനത്തിന് വേവിച്ച കടലയാണോ?''
‘‘അല്ല, അല്ല, ഇത് കറിക്കുള്ളതാണ്'' എന്നു പറഞ്ഞുകൊണ്ടുതന്നെ തന്റെ കൈയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടലത്തൊലി അവർ തട്ടിക്കളഞ്ഞു.

കവിളത്ത് ചിരിയുമായി ഫീൽറ്ററിനടുത്തേക്ക് ചെന്ന ജയതിലക, അതിൽനിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് ഒറ്റയിറക്കിൽ പകുതി കുടിച്ചുതീർത്തു. താഴെ കിടന്നിരുന്ന കടലത്തൊലി നിറച്ച കലത്തെ മണം പിടിച്ചുനോക്കിയ ഡിക്കിര, തന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് മനസിലാക്കി ശബ്ദമുയർത്തി കുരച്ചു.

‘‘ഇനിയും എത്ര കടലകൾ ബാക്കികിടപ്പുണ്ട്? എല്ലാത്തിന്റെയും തൊലി കളയാൻ പറ്റുമോ?
‘‘അതെല്ലാം സാധിയ്ക്കും. ഇപ്പോത്തന്നെ പകുതി തൊലിച്ചുകളഞ്ഞല്ലോ''

ചവറ്റുകുട്ടയിലെ മാലിന്യങ്ങൾ തലേന്ന് രാത്രിയിൽ കളയാതിരുന്നത് കണ്ട ജയതിലക, അത് കൈയ്യിലെടുത്തുകൊണ്ട് വാതിലിനടുത്തേക്ക് ചെന്ന് പുറത്തുവെക്കാൻ നോക്കി. അമ്മ ഉടനെ തന്റെ ജോലി നിർത്തിവെച്ച് അങ്ങോട്ട് നോക്കി.

‘‘അതൊന്നും പുറത്തുവെക്കണ്ടാ. ആ പെറാൻ കിടക്കുന്ന പട്ടി ഇടയ്ക്കിടെ വീടിന് ചുറ്റും അലയുന്നുണ്ട്. ഇവിടുന്ന് തിന്നു ശീലിച്ചാൽ പിന്നീട് ഇവിടെത്തന്നെ പെറാൻ നോക്കും. നേരം പുലരുമ്പോ മറ്റു മാലിന്യങ്ങൾക്കൊപ്പം ഇതിനെയും കുഴിച്ചു മൂടണം''

വീണ്ടും കിടപ്പുമുറിയിലേക്ക് ചെന്ന ജയതിലക കൊതുകുവലയ്ക്കുള്ളിൽ കയറി ചാഞ്ഞുകിടന്നു. ആ കത്തിക്കരിഞ്ഞ ഗന്ധം ഇപ്പോൾ അധികരിക്കുന്നതായി തോന്നി. അതുകൂടാതെ ഒരു നായ്ക്കൂട്ടം ഉച്ചത്തിൽ കുരയ്ക്കാനും തുടങ്ങിയിരുന്നു. അയാൾ തന്റെ ഭാര്യയുടെ തോളിൽ തട്ടി.

‘‘ദേയ്, എണീട്ടില്ലേ? നേരമിപ്പോൾ നാലുമണിയായി''

സുവർണ തന്റെ മുട്ടുകാലുകൾ മടക്കിവെച്ച് ‘ട' ആകൃതിയിൽ ചുരുണ്ടുകിടന്നു.

‘‘എണീറ്റാൽ നല്ലത്. അന്നദാനം തയ്യാറാക്കാനുണ്ടല്ലോ. നോക്ക്, അമ്മ അവിടെ കടല വേവിച്ചെടുത്ത് ഉറക്കവും വെടിഞ്ഞ് തൊലി കളഞ്ഞുകൊണ്ടിരിക്കുകയാണ്''
‘‘എന്തിനാണ് കടലത്തൊലി കളയുന്നത്?'' സുവർണ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു.

‘‘വേലുവനയിലെ ഹാമുദുരുവുകളുടെ തിരുവായകൾക്ക് തൊലിയുള്ള കടലകൾ വിഴുങ്ങാൻ കഷ്ടമാണത്രെ. കിലോ കണക്കിന് തൊലി കളയാനിരുന്നാൽ ഇന്ന് അന്നദാനത്തിന് പോയതു തന്നെ''

സുവർണ അലസമായി എഴുന്നേറ്റ് ഗൗണെടുത്ത് നൈറ്റിയുടെ മേലെയിട്ടു.

‘‘ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴേ മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു. കട്‌ലറ്റിനുള്ള ഉണ്ടയെല്ലാം പിടിച്ചുവെച്ചിട്ടുണ്ടല്ലോ!... അയ്യോ, എന്താണിതൊരു നാറ്റം?''

‘‘എനിക്കറിയില്ല. വെളിയിൽ നിന്നാണ് വരുന്നത്.''

സുവർണ മുറിയിൽനിന്ന് പുറത്തേക്ക് പോയി. അപ്പോൾതന്നെ ഡിക്കിരയുടെ മോങ്ങൽ കേട്ടു. നിശ്ചയമായും അതിന്റെ കാലോ വാലോ സുവർണയുടെ കാലിനടിയിൽ പെട്ടിരിക്കാമെന്ന് ജയതിലക കരുതി.

‘‘ച്ഛീ! ശനിയൻ. പോകുന്നേം വരുന്നേം വഴിയല്ലാതെ കിടക്കാൻ ഇതിന് മറ്റൊരു സ്ഥലം തന്നെയില്ല''

ജയതിലക വിചാരിച്ചത് ശരിയാണെന്ന് സുവർണയുടെ ആക്രോശം തീർച്ചപ്പെടുത്തി.

എന്തോ കത്തിക്കരിഞ്ഞ നാറ്റം തുടർന്നും വന്നുകൊണ്ടേയിരുന്നു. നായ്ക്കളുടെ കുരയും അതേയളവിൽ ഉച്ചത്തിൽ തന്നെയായിരുന്നു. അത് തൊട്ടപ്പുറത്തെ തോട്ടത്തിലെ ആശ്രമ ഭാഗത്തുനിന്നാണ് വരുന്നത്. ജയതിലക എഴുന്നേറ്റ് വരാന്തയിലേക്ക് ചെന്ന് അവിടെ പ്രകാശിച്ചുകൊണ്ടിരുന്ന വൈദ്യുതവിളക്ക് അണച്ചു. ആശ്രമഭാഗത്തെ കിളിവാതിലിന്റെ തിരശ്ശീല നീക്കി എത്തിനോക്കി.

ആശ്രമമുറ്റത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന തീജ്വാല അയാൾ കണ്ടു. ചില നായ്ക്കൾ അതിനെ നോക്കി ഓടിയോടി കുരയ്ക്കുന്നത് തീവെളിച്ചത്തിൽ വ്യക്തമായി കാണാമായിരുന്നു. ജനാലയുടെ അടുത്തുനിന്ന് മാറി കതകു തുറന്നുകൊണ്ട് വെളിയിലേക്ക് വന്ന ജയതിലകയുടെ മൂക്ക്, കത്തിക്കരിഞ്ഞതിന്റെ രൂക്ഷഗന്ധം സഹിക്കാൻ കഴിയാതെ നന്നായി സങ്കോചിച്ചു. കരിഞ്ഞ നാറ്റം വന്നുകൊണ്ടിരിക്കുന്നത് കത്തിക്കൊണ്ടിരിക്കുന്ന തീയിൽനിന്നാണെന്ന് വേലിയരികിലേക്ക് ചെന്ന് എത്തിനോക്കിയപ്പോൾ അറിയാൻ കഴിഞ്ഞു. ഈ അതിരാവിലെ സമയത്ത് തീയെരിഞ്ഞുകൊണ്ടിരിക്കുന്നതും, അതു നോക്കിക്കൊണ്ട് നായ്ക്കൾ ഉച്ചത്തിൽ കുരയ്ക്കുന്നതും, അവിടെനിന്ന് വരുന്ന രൂക്ഷമായ മുടനാറ്റവും ഒരുമിച്ച് ജയതിലകയുടെ മനസിൽ അസാധാരണമായൊരു അനുഭവവും ആശ്ചര്യവും സൃഷ്ടിച്ചു. വേലിക്കമ്പികൾ താഴ്ത്തി അയാൾ ധൃതിയിൽ തന്റെ വലതു കാലെടുത്തുവെച്ചു. എന്നാൽ മറ്റെ കാലെടുത്തുവെക്കുന്നതിന് മുമ്പ് അയാൾ ചിന്തിച്ചു. അമ്മയുടെ പറച്ചിൽ ഓർത്തപ്പോൾ ആദ്യം വെച്ച കാലെടുത്ത് പിന്നിലേക്ക് വലിച്ചു. താൻ പോകുന്നത് സദുദ്ദേശ്യത്തോടെയാണെങ്കിലും ആശ്രമത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നത് ഇപ്പോഴും യുവത്വം വിട്ടുമാറാത്ത ഒരു ഭിക്ഷുണിയമ്മയാണ്. അതിനാൽ അവിടെ പോകുന്നതിന് മുമ്പ് വീട്ടുകാരെ അറിയിച്ച് ചെല്ലുന്നതാണ് തനിക്ക് നല്ലത്. അതിനാൽതന്നെ തന്റെ വീട്ടടുക്കളയുടെ ഭാഗത്തേക്ക് ചെന്ന അയാൾ, അടുക്കളയുടെ ജനാലയിൽ മുട്ടി. അവിടെ തന്റെ അമ്മയും ഭാര്യയും ഉണ്ടാകുമെന്ന് അയാൾക്കറിയാമായിരുന്നു.

‘‘ദേയ്...''
‘‘ആരാണ്''
‘‘ഞാൻ... ഞാനാണ്. ആശ്രമഭാഗത്ത് വലിയൊരു തീഗോളം എരിയുന്നുണ്ട്, നായ്ക്കൂട്ടം ചുറ്റും ഓടുന്നുമുണ്ട്. അവിടെനിന്നാണ് നാറ്റം വരുന്നത്. ഞാനൊന്നു നോക്കിയിട്ട് വരാം''

അയാൾ അവസാന വാക്യത്തെ പോകുന്നപോക്കിൽ പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെന്നു. അടുക്കള വാതിൽ തുറക്കുന്ന ശബ്ദം വേലി കടക്കുമ്പോൾ ജയതിലകയുടെ കാതിൽ വീണു.

ആശ്രമം ഇരുട്ടിൽ മുങ്ങിക്കിടന്നിരുന്നു. തീക്കൂനയെ നോക്കി ഉറക്കെ കുരച്ചുകൊണ്ട് ഓടുന്ന നായ്ക്കൾ ജയതിലകയെ കണ്ട് ഭയന്നോടാതെ തങ്ങളുടെ പാട്ടിന് തങ്ങളുടെ ജോലി തുടർന്നുകൊണ്ടിരുന്നു. കടകടാ എന്ന് ശബ്ദമുണ്ടാക്കി കത്തിജ്ജ്വലിക്കുന്ന ആ തീനാളങ്ങൾക്കുള്ളിൽ ചമ്രം പടിഞ്ഞിരിക്കുന്ന നിലയിൽ ഒരു മനുഷ്യരൂപം കത്തിയമർന്നുകൊണ്ടിരിക്കുന്നതിനെ, അതിന്റെ പുറംകാഴ്ചയിൽ ജയതിലക തിരിച്ചറിഞ്ഞു. ആശ്രമത്തിൽ തനിച്ച് താമസിച്ചിരുന്ന ഭിക്ഷുണിയമ്മ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോലീസിന്റെ അന്വേഷണത്തിൽ ജയതിലക പ്രധാന സാക്ഷിയായി മാറിയത് അങ്ങനെയാണ്.

ഭിക്ഷുണിയമ്മയുടെ പകുതി കത്തിയമർന്ന ശരീരത്തെ പലകകളുടെ മീതെവെച്ച് ഒരു കാവിവസ്ത്രത്താൽ പുതപ്പിച്ച് ആശ്രമമുറ്റത്ത് വെച്ചിരുന്നു. രാവിലെ ഏകദേശം ആറര മണിയോടെ അവിടെ വന്ന മരണാന്വേഷണ ഉദ്യോഗസ്ഥനും സബ് ഇൻസ്‌പെക്ടറും മറ്റു രണ്ട് കോൺസ്റ്റബിൾമാരും അന്വേഷണം ആരംഭിച്ചു.

ഭിക്ഷുണിയമ്മ തീ കൊളുത്തിയ ഇടത്ത് ഒരു മണ്ണെണ്ണക്കുപ്പിയോ തീപ്പെട്ടിയോ തീകൊളുത്താനുള്ള യാതൊരു വസ്തുവോ ഉണ്ടായിരുന്നില്ല. അതായിരുന്നു മരണത്തെക്കുറിച്ച് തുടക്കത്തിൽതന്നെ സംശയമുണ്ടാകാൻ കാരണം. അന്വേഷണസംഘം ആശ്രമത്തിലെ മുക്കിലും മൂലയിലുമെല്ലാം പരിശോധിച്ച് ലഭിച്ച എല്ലാത്തിനെയും പട്ടികപ്പെടുത്തി. ഒരു കട്ടിൽ, ഒരു മേശ, നിറംമങ്ങിയ ഒന്നുരണ്ട് കാവിവസ്ത്രം തൂങ്ങിക്കിടന്ന തൂക്കുകൊളുത്ത്, കസേര എന്നിവയൊഴിച്ച് മറ്റു വീട്ടുപകരണങ്ങളൊന്നും അവിടെയില്ലായിരുന്നു. രണ്ടു മൂന്നു ചട്ടികൾ, കലങ്ങൾ, മുളകുപൊടിയും പഞ്ചസാരയും ചായപ്പൊടിയും ഇട്ടുവെച്ചിരുന്ന രണ്ടു മൂന്നു ഡബ്ബികൾ, ഒരു ചെറിയ കത്തി, രണ്ടു കുടങ്ങൾ എന്നിവ അടുക്കളയിലുണ്ടായിരുന്നു. പുതിയൊരു ഗ്യാസടുപ്പ് പെട്ടി പൊളിക്കാതെ അവിടെ സീമന്റുതിണ്ണയിൽ കിടപ്പുണ്ടായിരുന്നു.

കിടപ്പറയിലുണ്ടായിരുന്ന മേശയുടെ ഒരു ഭാഗത്ത് ഭിക്ഷുണിയമ്മയുടെ പുസ്തകങ്ങൾ അടുക്കിവെച്ചിരുന്നു. മഹാപിരിത് പുസ്തകം, ജാതകകഥകൾ, ധമ്മപദം, ജ്ഞാനാനന്ദ തേരയുടെ ബേണ3 പുസ്തകങ്ങൾ, മഹ രഹത്തുൻ വെഡി മഗ ഒസ്സേ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഉൾപ്പെടെയുള്ളവ ആ പുസ്തകങ്ങൾക്കിടയിൽ കാണപ്പെട്ടു. തേരീ ഗാത എന്നറിയപ്പെടുന്ന ‘ഭിക്ഷുണിമാരുടെ പാട്ടുകൾ' എന്ന പുസ്തകം മേശയുടെ മദ്ധ്യഭാഗത്ത് ഒറ്റയ്ക്ക് കിടന്നിരുന്നു. അത്​ മറിച്ചുനോക്കിയ സബ് ഇൻസ്‌പെക്ടർക്ക് അന്വേഷണത്തിലെ നിർണായകമായതും പ്രധാനപ്പെട്ടതുമായൊരു സൂചന ലഭിച്ചു. അതായത് തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയിട്ടുള്ള ഒരു കടലാസായിരുന്നു അത്. ഭിക്ഷുണിയമ്മയുടെ അവസാനക്കുറിപ്പിന്റെ സ്പർശത്തെ അതുവരെ വഹിച്ചിരുന്ന രണ്ടു കസേരകളിലൊന്നിന് മീതെ കിടന്നിരുന്ന പാട്ടുകളിൽ സബ് ഇൻസ്‌പെക്ടറുടെ ടെ കണ്ണുകൾ പതിഞ്ഞു.

‘‘മോചിതയായിരിക്കുന്നു... മോചിതയായി ഞാൻ തിരിച്ചെത്തിയിരിക്കുന്നു ത്രിമലത്തിൽനിന്ന് മോചിതയായിരിക്കുന്നു നാണംകെട്ട ഭർത്താവിൽനിന്നും ഉരലിൽനിന്നും മുളകൊണ്ട് മെടയുന്നതിൽനിന്നും മോചിതയായിരിക്കുന്നു! നീർക്കോലിയുടെ ദുർഗന്ധം വീശുന്ന പാത്രങ്ങളിൽനിന്നും മോചിതയായിരിക്കുന്നു! മോചിതയായിരിക്കുന്നു ഞാൻ! ശ്രേഷ്ഠമായിത്തന്നെ മോചിതയായിരിക്കുന്നു’’

‘‘സാർ, ഇതാ ഭിക്ഷുണിയമ്മയുടെ തിരിച്ചറിയൽ കാർഡ്''
പാട്ടിൽനിന്ന് ശ്രദ്ധ തിരിച്ച് അത് കൈയ്യിലെടുത്ത സബ് ഇൻസ്‌പെക്ടർ അതിലെ ഫോട്ടോ തന്നെ ആദ്യം നോക്കി. അതിനുശേഷം ‘ഭിക്ഷുണിയമ്മ സുന്ദരിയാണ്' എന്ന ആലോചനയുമായി അമ്മയുടെ പേരും നാടും നോക്കി. അതിൽ ‘നിലവക്കേ സുമംഗള' എന്ന് എഴുതിയിരുന്നു.

‘‘ഭിക്ഷുണിയമ്മ എഴുതിവെച്ചിരിക്കുന്ന മറ്റെന്തെങ്കിലുമുണ്ടോയെന്ന് ശരിക്കും തിരഞ്ഞുനോക്കൂ. ഈ കുറിപ്പിലുള്ളത് അവരുടെ കൈയ്യെഴുത്ത് തന്നെയാണോയെന്ന് ശരിക്കും പരിശോധിക്കണം''

പുസ്തകത്താളുകൾക്ക് നടുവിലുണ്ടായിരുന്ന കുറിപ്പ് വളരെ ശ്രദ്ധയോടെ കോൺസ്റ്റബിൾമാരെ എല്പിച്ച സബ് ഇൻസ്​പെക്​ടറുടെ കണ്ണുകൾ വീണ്ടും പാട്ടിലേക്ക് തന്നെ തിരിഞ്ഞു. അതിലെ ‘മോചിതയായി ഞാൻ, മോചിതയായി ഞാൻ, ശ്രേഷ്ഠമായിത്തന്നെ മോചിതയായി ഞാൻ' എന്ന ഹൃദയസ്പർശിയായ പാട്ടുവരി സബ് ഇൻസ്‌പെക്ടറുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

കുറച്ചുകഴിഞ്ഞപ്പോൾ ഗ്രാമവിഹാരത്തിലെ ഉച്ചഭാഷിണി കരകരത്തു. അതുകഴിഞ്ഞ് സ്ഥിരമായി അതിൽനിന്ന് ഒലിക്കുന്ന ‘പിരിത്' വചനത്തിന് പകരമായി ‘ശക്തി പട്ടാന' എന്ന ബൗദ്ധശ്ലോകത്തിന്റെ ദുഃഖസാന്ദ്രമായ വചനം കാറ്റിൽ കലർന്നു.

ഭിക്ഷുണിയമ്മയുടെ അകാല മരണം കണ്ട ആദ്യ വ്യക്തിയെന്ന നിലയിൽ ഒട്ടും പ്രതീക്ഷിക്കാത്ത യാദൃച്​ഛിക സംഭവം കാരണം ഭയപ്പാടോടെ കഴിഞ്ഞിരുന്ന ജയതിലകയ്ക്ക് വളരെ ആശ്വാസം പകരുന്നതായിരുന്നു അവരുടെ അവസാനത്തെ കത്ത് ലഭിച്ചെന്ന വിവരം. എന്നാലും ഭിക്ഷുണിയമ്മ എങ്ങനെയാണ് സ്വന്തം ശരീരത്തിൽ തീകൊളുത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിരുന്നില്ല. നടന്ന സംഭവവുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരം ആശ്രമ മുറ്റത്തുവെച്ചു തന്നെ അരങ്ങേറി. ജയതിലകയുടെ വീട്ടിൽനിന്ന് ഒരു ടീപോയിയും കുറച്ചു കസേരകളും ആശ്രമ മുറ്റത്ത് കൊണ്ടുവന്നുവെച്ചു. അവിടെനിന്ന് മൊഴിയെടുക്കാൻ തുടങ്ങി.
ആദ്യത്തെ സാക്ഷിയുടെ മൊഴി:

‘‘നിങ്ങളുടെ മുഴുവൻ പേരെന്താണ്''
‘‘വത്കുംപുറേ നിലമെലാ കെതര ജയതിലക വത്കുംപുറ''
‘‘ജോലി?''
‘‘അദ്ധ്യാപകനാണ്. ഈയ്യിടെ അടുത്തൂൺ പറ്റി''
‘‘എത്ര മണിക്കാണ് നിങ്ങൾ സംഭവം കണ്ടത്?''
‘‘പുലർച്ചെ നാലു മണിയായിക്കാണും''
‘‘അത്ര രാവിലെ എഴുന്നേറ്റതെങ്ങനെയാണ്? എപ്പോഴും അന്നേരം തന്നെയാണോ ഉണരാറുള്ളത്?''
‘‘അല്ല. ഇന്ന് വീട്ടിൽ എല്ലാവരും പുലർച്ചെ തന്നെ എഴുന്നേറ്റു. ഇന്ന് വിഹാരത്തിലേക്കുള്ള അന്നദാനം തയ്യാറക്കാൻ നേരത്തെ തന്നെ എഴുന്നേൽക്കേണ്ടതായി വന്നു. ഞങ്ങൾ ഗ്രാമവാസികളെല്ലാവരും ചേർന്ന് വേലുവനേ വിഹാരത്തിലേക്ക് പകൽ അന്നദാനം എടുത്തുകൊണ്ട് പോകുന്ന ദിവസമാണിന്ന്. മിക്കവാറും എല്ലാ വീട്ടുകാരും തങ്ങളെക്കൊണ്ടാവുംവിധത്തിലുള്ള ഏതെങ്കിലും ഭക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും. അതിനാൽ അതിരാവിലെത്തന്നെ എഴുന്നേറ്റു''

‘‘ഒരുപക്ഷേ വേലുവനേ വിഹാരത്തിൽ അന്നദാനകർമം നിർവ്വഹിക്കാനുള്ള അവസരം ലഭിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ?'' മരണാന്വേഷണ ഉദ്യോഗസ്ഥൻ കോൺസ്റ്റബിൾമാരെ നോക്കി പറഞ്ഞു.
‘‘ഒരു വർഷത്തേക്ക് ഇപ്പോൾ തന്നെ ബുക്കിംഗായത്രെ!''
‘‘എഴുന്നേറ്റ് കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തോ കത്തികരിഞ്ഞതിന്റെ നാറ്റമടിക്കുന്നതായി തോന്നി. തുടർച്ചയായി നായ്ക്കളും കുരച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. പിന്നീട് കിളിവാതിലിലൂടെ നോക്കിയപ്പോൾ ആശ്രമ മുറ്റത്ത് വലിയൊരു തീഗോളം കത്തുന്നത് ഞാൻ കണ്ടു. എനിക്കെന്തോ അത് അല്പം വ്യത്യസ്ഥമായി തോന്നി.അതിനാൽ ഞാൻ എന്റെ വീട്ടുകാരെയും അറിയിച്ച ശേഷം അങ്ങോട്ട് ചെന്നു.''
‘‘എന്റെ വീട്ടുകാരെയും അറിയിച്ച ശേഷം'' എന്നത് ജയതിലക അല്പം ഊന്നിത്തന്നെ പറഞ്ഞു.
‘‘അപ്പോൾ, ദേ ഈ സ്ഥലത്ത് ഒരു വലിയൊരു തീഗോളം കത്തുന്നു. നായ്ക്കൾ ദൂരെ മാറി ഒരുമിച്ച് കുരച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. നോക്കുമ്പോഴുണ്ട് കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത് ഭിക്ഷുണിയമ്മയാണെന്ന് മനസിലായത്. അതുകഴിഞ്ഞ്...''
‘‘തീയിലമർന്ന് കത്തിക്കൊണ്ടിരിക്കുന്നത് ഭിക്ഷുണിയമ്മയാണെന്ന് എങ്ങനെ മനസിലായി?''
‘‘കൃത്യമായി അതു പറയാൻ എനിക്കറിയില്ല. തീജ്വാലയ്ക്കുള്ളിലെ മനുഷ്യരൂപത്തെ വ്യക്തമായി അറിയാൻ കഴിഞ്ഞു. ചമ്രം പടിഞ്ഞിരുന്ന നിലയിലായിരുന്നു ആ രൂപം. ഭിക്ഷുണിയമ്മയായിരിക്കുമെന്നു തന്നെ എനിക്ക് തോന്നി. അങ്ങനെ വിചാരിക്കാൻ കാരണമെന്തെന്ന് വിശദീകരിച്ചു പറയാൻ എനിക്കറിയില്ല. സംഭവം നടന്നത് ആശ്രമ മുറ്റത്തായതിനാലും ആശ്രമത്തിൽ കഴിയുന്നത് ഭിക്ഷുണിയമ്മ മാത്രമാണെന്നതിനാലും അങ്ങനെ തോന്നിയതായിരിക്കാം.''
‘‘ആ സമയത്ത് ഭിക്ഷുണിയമ്മ അലറിവിളിക്കുകയോ പിടയ്ക്കുകയോ ചെയ്തില്ലേ?''
‘‘അതാണ് വിചിത്രമായി തോന്നിയത്! ഞാൻ വന്നെത്തുന്നതിനിടയിൽ ജീവൻ പോയോ എന്നറിയില്ല. ചമ്രംപടിഞ്ഞിരുന്ന നിലയിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. അവ്വിധം കത്തിയായാളുമ്പോൾ പോലും ‘ഹും' എന്നൊരു ചെറിയ ഞരക്കം പോലുമുണ്ടായില്ല! അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് ആശ്ചര്യമാണ് അനുഭവപ്പെടുന്നത്!''

അന്വേഷണ ഉദ്യോഗസ്ഥർ തമ്മിൽ മുഖത്തോട് മുഖം നോക്കി.
‘‘നായ കുരച്ചതെന്തിനാണെന്ന് നോക്കാൻ മറ്റാരും വന്നില്ലേ?''
‘‘ആ നേരമായത് കൊണ്ട് ഞാൻ മാത്രമാണ് വന്നത്. എന്റെ ഭാര്യയും അമ്മയും വേലിക്കരികിൽ നിന്ന് നോക്കിക്കൊണ്ടിരുന്നു. ഞാൻ വേഗമോടിച്ചെന്ന് നന്ദസേനയ്ക്ക് ഫോൺ ചെയ്തു.''
‘‘അതു കഴിഞ്ഞ്...?''
‘‘അതുകഴിഞ്ഞ് ചുറ്റുവട്ടത്തുള്ള മറ്റുള്ളവരോടും പറഞ്ഞു. അങ്ങനെ വന്നെത്തിയ ആളുകളെല്ലാം ചേർന്നാണ് തീയണച്ചത്. ആശ്രമത്തിൽ വെള്ളത്തിന്റെ ടാപ്പൊന്നുമില്ല. തോട്ടത്തിന് പിറകിലുള്ള കിണറ്റിൽനിന്നാണ് ഭിക്ഷുണിയമ്മ പതിവായി വെള്ളമെടുക്കാറുള്ളത്. ഞങ്ങളുടെ വീട്ടിലെ ടാപ്പിൽനിന്ന് വെള്ളമെടുത്ത് കൊണ്ടുവരാൻ കുറച്ചുസമയമെടുത്തു. അതിനിടയിൽ ജീവൻ പോയിരുന്നിരിക്കാം.''
‘‘തീകൊളുത്താനുള്ള എന്തെങ്കിലും വസ്തു പരിസരത്ത് കണ്ടിരുന്നില്ലേ?''

‘‘കണ്ണിൽപ്പെടുന്ന ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല. ഞങ്ങളും അതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. തീകൊളുത്തിയതെങ്ങനെയെന്ന്...''
‘‘ഈ ഭിക്ഷുണിയമ്മ ഇങ്ങോട്ടു വന്ന് കാലമെത്രയായി?''
‘‘ഏകദേശം ഒരു വർഷമായിക്കാണും. മുമ്പ് ഈ സ്ഥലം ഞങ്ങളുടെ നാട്ടുകാരനായ രണവീര സാറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. അദ്ദേഹത്തിന്റെ മക്കളെല്ലാവരും കൊളംബോയിലാണ് ജോലി ചെയ്യുന്നത്. അടുത്തതായി, വീട്ടിലെ മൂത്തവരായ രണ്ടുപേരും നാട്ടിലെ പരമ്പര്യഭൂമി വിറ്റ് കൊളംബോയിലേക്ക് പോയി. എന്നാൽ ഈ സ്ഥലം വിറ്റില്ല. പരമ്പരാഗതമായി കുടുംബത്തിലെ എത്രയോ പേരെ മറവുചെയ്ത ശവക്കോട്ട അടങ്ങിയ സ്ഥലമായതിനാലാണ് വില്ക്കാത്തത്. പിന്നീട് ഈ ചെറിയ വീട് പണിത് ഭിക്ഷുണിയമ്മയ്ക്ക് സമർപ്പിച്ചു. ഏറെക്കാലമായി അവർക്ക് ബന്ധമുള്ള ഭിക്ഷുണിയമ്മയാണത്രേ ഇവർ.''

ജയതിലക പറയുന്ന കാര്യങ്ങൾ മുഴുവനും ഒരു വാക്കുപോലും വിട്ടുകളയാതെ എഴുതാനായി മരണന്വേഷണ ഉദ്യോഗസ്ഥനും കോൺസ്റ്റബിൾമാരും നന്നായി പരിശ്രമിച്ചു. ഇതിനിടയിൽ പരിസരത്ത് കൂടിയിരിക്കുന്ന ആളുകൾ പറയുന്ന കഥകൾ ജയതിലകയുടെ കാതുകളിൽ വീണു.

‘‘തീ കൊളുത്തി മരിച്ചതാണോ അതോ കൊന്നതിനു ശേഷം തീ കൊളുത്തിയതാണോ എന്നറിയില്ല. ഇങ്ങന്നെത്തന്നെയാണല്ലോ ചിലരെ കൊന്ന് തൂക്കിലേറ്റുന്നതെന്നൊക്കെ പറയുന്നത്! തൂങ്ങിമരിച്ചതെന്നതുപോലെ കാണിക്കാനായി''

‘‘ബലാത്സംഗം ചെയ്യാനായി വന്ന് കൊന്നു തള്ളിയോ എന്നറിയില്ല. മോഷ്ടിക്കാനാണെങ്കിൽ അവർക്ക് സ്വത്തുവകകളൊന്നുമില്ലല്ലോ!''
‘‘മോചിതയായി ഞാൻ, മോചിതയായി ഞാൻ, ശ്രേഷ്ഠമായിത്തന്നെ മോചിതയായി ഞാൻ’’ എന്ന വരികൾ താളത്തോടെ മനസിൽ മീട്ടിക്കൊണ്ടിരുന്ന സബ് ഇൻസ്‌പെക്ടറുടെ ക്ഷമ കെട്ടു.

‘‘നോക്കൂ, വായിൽ തോന്നിയ അപവാദകഥകൾ പറഞ്ഞു പരത്താതിരിക്കാമോ? ഇനി അല്പനേരത്തിനുള്ളിൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മരണകാരണം എന്താണെന്നറിയാമല്ലോ'', സബ് ഇൻസ്‌പെക്ടർ ശബ്ദമുയർത്തി.

ജയതിലക തിരിഞ്ഞുനോക്കി.

സംഭവസ്ഥലത്തിന്റെ അതിർത്തി നിർണ്ണയിക്കുന്ന മഞ്ഞ പോളിത്തീൻ നാടയ്ക്ക് അപ്പുറത്തായി പരിചിത മുഖങ്ങൾ കൂടാതെ അപരിചിത മുഖങ്ങളും മത്സരിച്ച് തമാശ കണ്ടുക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. നാട്ടുകാർക്ക് വേലുവനേ വിഹാരത്തിലെ അന്നദാനം പോലും മറന്നപോലെയുണ്ടായിരുന്നു.

‘തീകൊളുത്തി മരിച്ചോ? കൊന്ന് തീകൊളുത്തിയോ? ബലാത്സംഗം ചെയ്‌തോ?പദ്ധതി പാളിപ്പോയോ?' എന്ന തരത്തിലുള്ള പലവിധം ചോദ്യങ്ങൾ അവരുടെ മുഖങ്ങളിൽ ഒട്ടിച്ചുവെച്ചിരിക്കുന്നതുപോലെ ജയതിലകയ്ക്ക് തോന്നി.

ഭിക്ഷുണിയമ്മ സ്വയം എത്രതന്നെ ബദ്ധശ്രദ്ധയോടെ ശാന്തമായി നടന്നൽ പോലും, അവരെയും കവച്ചുവെച്ച് അവരുടെ നടത്തത്തിൽ ഒരു ഇളംപെണ്ണിന്റേതായ ആകർഷകത്വം ദൃശ്യമായിരുന്നതിനെ നാട്ടിലെ ചെറുപ്പക്കാർ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. കവലയിൽനിന്ന് ആശ്രമം ലക്ഷ്യമാക്കി അവർ എഴുന്നള്ളിയ ദിവസങ്ങളിൽ ആ പെണ്ണുടലിന്റെ തുടുപ്പും വശ്യതയും, കട്ടിയുള്ള കാവി വസ്ത്രത്തെയും താണ്ടി വെളിപ്പെട്ട സൗന്ദര്യത്തെ മാനസികമായി ആസ്വദിച്ചുകൊണ്ട് അവരിൽനിന്ന് അല്പം ദൂരത്തിലായി ഉല്ലാസഭരിതനായി മെല്ലെമെല്ലെ സൈക്കിളും ചവിട്ടി ജയതിലകയും പോയിരുന്നു. ഫോറൻസിക് പരിശോധനയെക്കുറിച്ച് പറഞ്ഞപ്പോൾ ആ പരിശോധനയിൽ താൻ ചെയ്തതും അതിൽ താൻ കണ്ടെത്തിയ ആനന്ദവും വെളിവാകുമോയെന്ന് ഭയപ്പെടുന്നതായി അയാൾ കാണപ്പെട്ടു.

ഇനിയും ചില പയ്യന്മാർ ദിവസംതോറും വൈകുന്നേരങ്ങളിൽ ആശ്രമത്തിന് മുന്നിലൂടെ സൈക്കിളിൽ കറങ്ങും. ആശ്രമം കണ്ണിൽപെടുന്ന ദൂരത്തെത്തുമ്പോൾ സൈക്കിളിന്റെ വേഗത ആശ്ചര്യപ്പെടുന്നയളവിൽ കുറയും. ‘ഭിക്ഷുണിയമ്മയുടെ ചർമനിറം രണ്ടായി പിളർന്ന താമരക്കിഴങ്ങിന്റെ നിറത്തോട് സാമ്യമുള്ളതാണ്' എന്നു പറഞ്ഞത് അവരിലൊരുവനായ സമൻ ആണ്. അവനിലും ആ ‘ആനന്ദഭയം' പ്രത്യക്ഷപ്പെട്ടതിനാൽ പെട്ടെന്നു തന്നെ അവൻ അവിടെനിന്നും തെന്നിനീങ്ങി.
‘‘കോൺസ്റ്റബിൾ, ആ ആളുകളെ പറഞ്ഞയക്കൂ... ആവശ്യമുള്ളവരെ മാത്രം ഇവിടെ നിർത്തിയാൽ മതി''

യോഗക്ഷേമ സംഘത്തിന്റെ തലവനായ കരുണദാസ കോൺസ്റ്റബിളിനെ മറികടന്നു.
‘‘ഈ പെണ്ണുങ്ങൾ വീട്ടിലേക്ക് പോകുന്നത് നല്ലതല്ലേ? അന്നദാനത്തിനുള്ള ഭക്ഷണം പാചകം ചെയ്യാനുള്ളതാണല്ലോ! ഒൻപതു മണിയോട് കൂടി പുറപ്പെടണം. അല്ലെങ്കിൽ അവിടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതെ വരും''
‘‘ഭിക്ഷുണിയമ്മ ഇങ്ങോട്ടു വരുന്നതിന് മുമ്പ് എവിടെയാണുണ്ടായിരുന്നത്?''
‘‘കേഗാല ഭാഗത്താണെന്നാണ് പറഞ്ഞു കേട്ടത് '
‘‘അപ്പോൾ, അവർക്കുള്ള ദാനമെല്ലാം നാട്ടുകാർ തന്നെ നൽകിയോ?''
‘‘വിഹാരത്തിലേക്ക് നൽകുന്നതുപോലെ ഗ്രാമത്തിൽ അങ്ങനെ മുറപ്രകാരം ഈ അമ്മയ്ക്ക് ദാനമെല്ലാം കൊടുക്കാറില്ല. ചിലപ്പോഴൊക്കെ നല്കും. കുറച്ചു കാലം പാത്രവുമായി ഭിക്ഷ യാചിച്ചു വരും. തനിക്കാവശ്യമായ ഭക്ഷണം അമ്മ തന്നെ പാകം ചെയ്തിരുന്നതാണെന്ന് തോന്നുന്നു. വിറകു പെറുക്കുന്നതും ചീര ഇറുക്കുന്നതും അടുക്കള ഭാഗത്ത് പുകയുയരുന്നതും ഇടയ്ക്കിടെ ഞാൻ കണ്ടിട്ടുണ്ട്.''
‘‘വിറകടുപ്പിൽ പാചകം ചെയ്യേണ്ട ആവശ്യമെന്താണ്? അകത്തൊരു ഗ്യാസടുപ്പ് ഇരിക്കുന്നത് കണ്ടല്ലോ.'' പോലീസുദ്യോഗസ്ഥൻ കോൺസ്റ്റബിൾമാരെ നോക്കി ചോദിച്ചു.
‘‘അതിന് പാക്കിംഗ് തന്നെ അഴിച്ചിട്ടില്ലല്ലോ. കൂടാതെ അടുപ്പുണ്ടായിട്ടെന്ത് കാര്യം, സിലിണ്ടറില്ലല്ലോ സാർ''
‘‘ആ ഗ്യാസടുപ്പ് ദാനമായി ലഭിച്ചതാണ്. ഒരു മാസം മുമ്പ് തൊട്ടടുത്ത ഗ്രാമത്തിൽ രണ്ടു വേദിയിലായി ‘ബേണ' പരിപാടിയുണ്ടായിരുന്നു. ഈ ഭിക്ഷുണിയമ്മയും മറ്റൊരു ഭിക്ഷുണിയമ്മയും ചേർന്നാണ് അതു നടത്തിയത്. രണ്ടു പേർക്കും സംഭാവനയായി ഗ്യാസടുപ്പാണ് നല്കിയത്.''
‘‘മിസ്റ്റർ, നിങ്ങളും ഈ അമ്മയ്ക്ക് എന്തെങ്കിലും നല്കിയിരുന്നോ?''
‘‘അതേ, ഞങ്ങൾ എല്ലാ വർഷവും അച്ഛന്റെ ഓർമനാളിൽ വിഹാരത്തിലേക്ക് സംഭാവന നല്കും. ഇപ്രാവശ്യം ഞങ്ങൾ വിഹാരത്തിലേക്ക് സംഭാവന നൽകുന്നതിന് മുമ്പ് ഈ അമ്മയ്ക്കും കൊടുത്തിരുന്നു''
‘‘പ്രത്യേക ചടങ്ങ് നടക്കുമ്പോഴല്ലാതെ സംഭാവനയൊന്നും നൽകിയിരുന്നില്ലേ? തൊട്ടടുത്ത പറമ്പിലാണല്ലോ! നല്ലതും കെട്ടതും അന്വേഷിക്കാൻ ചെന്നിട്ടില്ലേ?''
‘‘സാധാരണയായി അങ്ങനെയൊന്നും ചെയ്യാറില്ലായിരുന്നു. ഭിക്ഷപ്പാത്രവുമായി വരുന്ന സമയത്ത് എന്തെങ്കിലും നല്കുമായിരുന്നു.''
‘‘ജീവൻ വെടിയാൻ മാത്രം എന്തെങ്കിലും കാരണമുണ്ടെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ?''
‘‘ഇല്ല, അങ്ങനെയൊന്നും ഊഹിക്കാൻ സാധിക്കുന്നില്ല. ഞാൻ പോട്ടെ, എന്റെ ഭാര്യയ്‌ക്കോ അമ്മയ്‌ക്കോ പോലും അവരുടെ പേരും നാടും അറിയുമെന്നല്ലാതെ മറ്റ് വ്യക്തിരപരമായ വിവരങ്ങളൊന്നുമറിയില്ല.''
‘‘ഇതല്ലാതെ മറ്റെന്തെങ്കിലും വിവരം പറയാനുണ്ടോ?''

ജയതിലക ചിന്തയിലാണ്ടു. ഇവിടെ പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയാത്ത ഒരു രഹസ്യവിവരം ജയതിലകയ്ക്ക് അറിയാം. ഒരു പ്രാവശ്യം പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ തിരുത്തിക്കൊണ്ടിരിക്കുമ്പോൾ, നിലവഗേ പ്രദേശത്തുനിന്ന് വന്ന ഒരു അധ്യാപകൻ അയാളുടെ സംഘത്തിലുണ്ടായിരുന്നു. ഭിക്ഷുണിയമ്മ ഈ നാട്ടിൽ താമസമാക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. ആ അധ്യാപകനുമായി സുഖവിവരം പങ്കിടുമ്പോൾ നിലവഗേയിൽനിന്ന് ഒരു ഭിക്ഷുണിയമ്മ ഞങ്ങളുടെ നാട്ടിലേക്ക് വന്ന് ആശ്രമത്തിൽ തങ്ങുന്നുണ്ടെന്ന കാര്യം യാദൃശ്ചികമായി പറഞ്ഞിരുന്നു. അത് കേട്ടുകൊണ്ടിരുന്ന ആ അധ്യാപകൻ, ജീവിതത്തിൽ വളരെ മോശമായ പല അനുഭവങ്ങളെയും നേരിടേണ്ടി വന്ന ഒരാളാണ് ഭിക്ഷുണിയമ്മയെന്ന് പറഞ്ഞു. നാട്ടിലെ നല്ലയൊരു കുടുംബത്തിലെ ഇളയ മകളായ അവളെ കാമുകൻ ഗർഭിണിയാക്കി. അതറിഞ്ഞ കാമുകൻ അവരെവിട്ട് ഓടിപ്പോയി. വീട്ടുകാരുടെ നിർബന്ധത്താൽ കുട്ടികളില്ലാത്ത ആർക്കോ നവജാത ശിശുവിനെ വളർത്താൻ കൊടുത്ത് അവർ സന്യാസം സ്വീകരിച്ചു. മാതാപിതാക്കളുടെ മരണശേഷം കുറച്ചുനാളുകൾക്കകം തന്നെ തന്റെ സഹോദരീ സഹോദരന്മാരുമായുള്ള ബന്ധവും വിച്ഛേദിച്ചു.

ഈ വിവരങ്ങളെല്ലാം ജയതിലക തന്റെ ഭാര്യയോട് മാത്രമാണ് പങ്കുവെച്ചിട്ടുള്ളത്. തന്റെ അമ്മയോടു പോലും അയാൾ ആ കാര്യം പറഞ്ഞിട്ടില്ല. അതിനുള്ള കാരണം, ബോയാ6 നാളിൽ നടക്കുന്ന ധർമോപദേശങ്ങളോടൊപ്പം ഈ കഥയും ചർച്ച ചെയ്യപ്പെടുമെന്ന് അവനറിയാമായിരുന്നതുകൊണ്ടാണ്. അതെല്ലാം താൻ പറഞ്ഞില്ലെങ്കിൽ കൂടി, ഭിക്ഷുണിയമ്മയുടെ മരണകാരണം അടിമുതൽ മുടിവരെ അന്വേഷിക്കാൻ പോകുന്ന സംഘം ഇന്നോ നാളെയോ കേഗാലയിലെ ആശ്രമത്തിൽ ചെന്ന്, പിന്നീട് അവിടെനിന്ന് നിലവാഗേയിലേക്ക് പോയി എല്ലാം ആരാഞ്ഞ് മനസിലാക്കിക്കൊള്ളുമെന്ന് ജയതിലക കരുതി.
‘‘ഒന്നും ഓർമ്മയിൽ വരുന്നില്ലേ?''
‘‘ഇല്ല. അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല''

രണ്ടാമത്തെ വ്യക്തിയുടെ സാക്ഷിവിസ്താരം:
‘‘പേരെന്താണ്?''
‘‘സോലിംഗ ആരായ്ചിഗേ കരുണദാസ''
‘‘വിഹാരത്തിലെ യോഗക്ഷേമ സംഘത്തിന്റെ തലവനല്ലേ?''
‘‘അതേ സാർ''
‘‘ഭിക്ഷുണിയമ്മ തീ കൊളുത്തിയെന്ന കാര്യം എപ്പോഴാണറിഞ്ഞത്?''
‘‘ഞാൻ അതിരാവിലെത്തന്നെ എഴുന്നേറ്റ് വിഹാരത്തിലേക്കുള്ള അന്നദാനം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ നന്ദസേനയുടെ ഫോൺ വന്നു. അയാളാണ് ഈ കാര്യം എന്നോട് പറഞ്ഞത്.''
‘‘അപ്പോൾ നായ കുരയ്ക്കുന്ന ശബ്ദമൊന്നും കേട്ടില്ലേ? കത്തിയെരിഞ്ഞതിന്റെ മണമടിച്ചില്ലേ?''
‘‘നായ കുരയ്ക്കുന്നത് കേട്ടിരുന്നു. എന്നാലും, ഞങ്ങളത് കാര്യമാക്കിയില്ല. ചില നായ്ക്കൾ തെങ്ങിൽനിന്ന് ഒരു തേങ്ങ വീണാൽ പോലും കുരയ്ക്കുന്നുണ്ടല്ലോ? പക്ഷേ, കത്തിക്കരിഞ്ഞ മണമടിച്ചിരുന്നില്ല. ഞങ്ങളാണെങ്കിൽ കുറച്ച് ദൂരത്തുമാണല്ലോ!''
‘‘ഈ ഭിക്ഷുണിയമ്മയ്ക്ക് നാട്ടുകാരുമായി എത്തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നത്? ഏകദേശം ഒരു വർഷക്കാലമായല്ലോ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്?''
‘‘വിഹാരവുമായുള്ളതുപോലെ വളരെ അടുത്ത ബന്ധം നാട്ടുകാർക്ക് ആശ്രമവുമായി ഉണ്ടായിരുന്നില്ല സാർ. ചില സ്ത്രീകൾ വെറുതെ സഹായിക്കാനായി പോയി വന്നിരുന്നു. സ്ത്രീകളുടെയടുത്തുനിന്നുള്ള എന്തെങ്കിലും സഹായം അമ്മയ്ക്ക് വേണ്ടിവന്നിരിക്കുമല്ലോ! എന്നാൽ ഗ്രാമത്തിന് പുറത്തുനിന്ന് ധർമ്മോപദേശം നടത്തുന്നതിനായി ഭിക്ഷുക്കളെ ആനയിക്കുകയും വിഹാരത്തിലെ എല്ലാ പരിപാടികളിൽ മുടങ്ങാതെ പങ്കെടുക്കുകയും ചെയ്യുമായിരുന്നു.''
‘‘അങ്ങനെയാണെങ്കിൽ ഭിക്ഷുണിയമ്മയ്ക്ക് ഈ നാടുമായി നല്ലൊരു ബന്ധമുണ്ടാക്കാൻ നിങ്ങളെല്ലാവരും ശ്രമമൊന്നും നടത്തിയിരുന്നില്ലേ?''
‘‘ചെയ്തിരുന്നു സാർ. എന്നാലൊന്നും നേരാംവണ്ണം നടന്നില്ല.''
‘‘എന്തുകൊണ്ട്?''
‘‘സാർ, ഇവിടെ ഞങ്ങൾ താമസിക്കുന്ന പ്രദേശത്തിന്റെ പേര് കൊടല്ലവത്ത എന്നാണ്. ആ സ്ഥലത്ത് ഏകദേശം പന്ത്രണ്ട് കുടുംബങ്ങൾ കഴിയുന്നു. ഞങ്ങൾക്കായി തന്നെ ഒരു പ്രത്യേക യോഗക്ഷേമ സംഘമുണ്ട്. ഞാനാണ് അതിന്റെ തലവൻ. വർഷത്തിൽ ഒന്നോ രണ്ടോ തവണ ആ സംഘം എന്തെങ്കിലും പുണ്യകാര്യം ചെയ്യും. ഈ അമ്മ ഇവിടെ പുതുതായി വന്ന സമയത്ത് പത്തു ഭിക്ഷുണിമാരെ ക്ഷണിച്ച് ദാനം നാൽകാമെന്നൊരു അഭിപ്രായം ഞാൻ മുന്നിൽവച്ചു. എല്ലാവരും അംഗീകരിക്കുകയും ചെയ്തു. പിന്നീട് ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഭിക്ഷുണിയമ്മയുമായി സംസാരിച്ചപ്പോൾ, മറ്റു ഒൻപത് ഭിക്ഷുണിമാരെ താൻ തന്നെ ക്ഷണിക്കാമെന്ന് അമ്മ പറഞ്ഞു. ദാനമായി വസ്തുക്കളൊന്നും നല്കാതെ അതിനു ചെലവാകുന്ന പണം പൂജയ്ക്കുള്ള വഴിപാടായി തന്നാൽ മതിയെന്നും പറഞ്ഞിരുന്നു''
‘‘എന്തുകൊണ്ട്?''
‘‘മിക്കവാറും പൂജയ്ക്കുള്ള വഴിപാടായി ലഭിക്കുന്നത് യാതൊരു പ്രയോജനവുമില്ലാത്ത വസ്തുക്കളായിരിക്കും. അത് വിറ്റു കാശാക്കാൻ നോക്കിയാൽ വെറും രണ്ടു തുട്ട് പണമായിരിക്കും ലഭിക്കുക. എന്നാൽ കാശായി ലഭിച്ചാൽ തങ്ങൾക്കുവേണ്ട അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയുമെന്ന് പറഞ്ഞിരുന്നു.''

പോലീസ് അധികാരികൾ ആ വിവരങ്ങളെല്ലാം വളരെ ശ്രദ്ധിച്ചുകേട്ട് തലയനക്കിയ രീതി കണ്ട കരുണദാസ, അത്യന്തം പ്രധാന്യമുള്ള വിവരങ്ങളാണ് താൻ നൽകുന്നതെന്ന് കരുതി സംതൃപ്തിയടഞ്ഞു.
എന്നാൽ ഭിക്ഷുണിയമ്മ അന്ന് തന്നോട് അക്കാര്യങ്ങൾ പറയുമ്പോൾ അമ്മയുടെ ആത്മാഭിമാനം ആളിക്കത്തുന്നുണ്ടായിരുന്നുവെന്ന കാര്യം കരുണദാസയ്ക്ക് മനസിലായിരുന്നില്ല.

‘‘അടുത്തത്, ഞാൻ കണക്കിട്ട് നോക്കിയപ്പോൾ ഒരാൾ വഴിപാടായി ആയിരം രൂപയെങ്കിലും നല്കിയാലും മറ്റു ചെലവുകൾക്കെല്ലാം ചേർത്ത് ഇരുപത്തയ്യായിരം രൂപ വേണ്ടിവരും. അതായത്, ഒരു കുടുംബം രണ്ടായിരം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. അതേക്കുറിച്ച് ഞാൻ സംഘത്തിൽ പറഞ്ഞപ്പോൾ വഴിപാടിനുള്ള പണം അധികമാണെന്ന് പറഞ്ഞ് ചിലർ എതിർത്തു. എല്ലാവരുടെയും സമ്മതമില്ലെങ്കിൽ ഇങ്ങനെയൊരു പുണ്യകർമ്മം ചെയ്യുക സാധ്യമല്ലല്ലോ?അതോടെ ആ വിഷയം അങ്ങനെത്തന്നെ നിലച്ചു.''
‘‘അങ്ങനെയെങ്കിൽ, അമ്മ ഈ നാടുമായി അടുത്ത ബന്ധം വെച്ചുപുലർത്തിയിരുന്നില്ല''
‘‘അങ്ങനെ പറയാനും പറ്റുകയില്ല. ആ ഗൊനപോല സാറിന്റെ കുടുംബ സംഭവമാണ് ഇടയിൽ കയറിവന്നത്''
‘‘അതെന്താണ്?''
‘‘ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഗൊനപോല സാറിന് നാട്ടിലെ വിഹാരവുമായി അല്പം തർക്കമുണ്ട്. ഏകദേശം പത്തുമാസം മുമ്പ് ആ സാർ മരിച്ചുപോയി. വിഹാരത്തിലെ മഹാഭിക്ഷു യാതൊരു വെറുപ്പും കാട്ടാതെ അന്ത്യചടങ്ങുകൾക്കായി വന്നുചേർന്നിരുന്നു. എന്നാലും വീട്ടുകാർ പഴയ ദേഷ്യം മനസ്സിൽവെച്ചുകൊണ്ട് ഏഴാം നാളിലെ ദാനം നല്കാതിരുന്നു. ഈ പ്രദേശത്തെ ആളുകൾ ഏഴാം നാളിലെ ദാനം വീട്ടിൽവെച്ച് നൽകില്ല. വിഹാരത്തിലേക്ക് കൊണ്ടുപോയാണ് കൊടുക്കാറ്. കൂടാതെ, ആ വീട്ടുകാർ ഈ ഭിക്ഷുണിയമ്മയുമായി സംസാരിച്ച് ആ ദാനം ഈ ആശ്രമത്തിലേക്ക് കൊണ്ടുവന്ന് കൊടുക്കുകയും ചെയ്തു. ആശ്രമത്തിന് പുറത്തുള്ള മറ്റ് ഒൻപത് ഭിക്ഷുണിയമ്മമാരെയും ഈ അമ്മ ക്ഷണിച്ചുവരുത്തി. നാട്ടുകാരിൽ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. ദാനം കൊടുക്കുന്ന പരിപാടിയിലും അവർ പങ്കെടുത്തില്ല. പിന്നീട്, മഹാഭിക്ഷു ഈ അമ്മയെ വിഹാരത്തിലേക്ക് ക്ഷണിച്ചുവരുത്തി മുന്നറിയിപ്പും നല്കി.''

മഹാഭിക്ഷു അവർകൾ പറഞ്ഞ വാക്കുകൾ കരുണാദാസയുടെ ഹൃദയത്തിൽ മുഴങ്ങി. അന്ന് ആ സമയത്ത് കരുണാദാസയും യോഗക്ഷേമ സംഘത്തിന്റെ അംഗങ്ങളും വനിതാ സംഘത്തിന്റെ അംഗങ്ങളും അവിടെയുണ്ടായിരുന്നു.

‘‘ബേണാ പ്രഭാഷണം നടത്തിയും ധ്യാനിച്ചും കൊണ്ട് നാട്ടിൽ കഴിയുകയാണെങ്കിൽ പ്രശ്‌നമില്ല. എന്നാൽ, ഈ നാട്ടിലെ മതചടങ്ങുകൾ നടത്താൻ നിനക്ക് അവകാശമില്ല. സ്തൂപമുണ്ടാക്കി അരയാൽ നട്ടുകൊണ്ട് മതചടങ്ങുകളിൽ മൂക്കു കയറ്റാനുള്ള ഇടം നല്കാൻ പറ്റില്ലായെന്ന് രണവീര സാറിനോട് ഞാൻ തുടക്കത്തിൽതന്നെ പറഞ്ഞുവെച്ചിരുന്നു''

ആ സന്ദർഭത്തിലാണ് ഭിക്ഷുണിയമ്മയുടെ ഹൃദയം കത്തിയെരിഞ്ഞതെന്ന കാര്യം അവിടെയുണ്ടായിരുന്ന ആരും മനസിലാക്കിയിരുന്നില്ല.

‘‘നമ്മൾ വിഹാരത്തിലെ മഹാഭിക്ഷുവിനോട് കാര്യങ്ങൾ ചോദിച്ചറിയുന്നത് നല്ലതെന്നാണ് കരുതുന്നത്'' സബ് ഇൻസ്‌പെക്ടർ പറഞ്ഞു.
‘‘പോകുന്ന വഴിയിൽ വിഹാരത്തിൽ കയറാം''
‘‘എന്തുകാരണത്താലാണ് തീകൊളുത്തി കൊന്നതെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ?''
‘‘അയ്യോ സാർ, ഞങ്ങൾക്കത് ഓർത്തുനോക്കാൻ പോലും പറ്റുന്നില്ല. കാവിയുടുപ്പണിഞ്ഞ നിലയിലുള്ള ഒരാളെ ആരെങ്കിലും തീകൊളുത്തി കൊല്ലുമോ...''

‘‘ഈ അന്വേഷണത്തിൽ പ്രയോജനപ്പെട്ടേക്കാവുന്ന ഈ അമ്മയെക്കുറിച്ചുള്ള പ്രാധനപ്പെട്ട എന്തെങ്കിലും വിവരമറിയാമോ?''
‘‘അയ്യോ, അങ്ങനെ പറയാൻ തക്കവണ്ണം എനിക്കൊന്നുമറിയില്ല... ആം... ഈ...''
‘‘എന്താണ്?''
‘‘ഈ ഭിക്ഷുണിയമ്മ മറ്റുള്ള അമ്മമാരിൽനിന്ന് വ്യത്യസ്​തമായി രാത്രിയും ഭക്ഷണം കഴിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അവർക്ക് സുഖമില്ലായിരുന്നുവെന്നാണ് കേട്ടത്. രാത്രിഭക്ഷണം കഴിക്കാതിരിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവത്രെ. അതുകൊണ്ടായിരുന്നു രാത്രിയും കഴിച്ചിരുന്നത്''
‘‘ആരാണ് പറഞ്ഞത്?''
‘‘എന്നോട് എന്റെ ഭാര്യയാണ് പറഞ്ഞത്. മാലാ എന്നൊരു സ്ത്രീയുണ്ട്. അവർ ആശ്രമത്തിൽ പോയി വരാറുണ്ട്. എന്റെ ഭാര്യയോട് അവരാണ് പറഞ്ഞത്.''
‘‘ആ സ്ത്രീ ഇപ്പോളിവിടെയുണ്ടോ?''
‘‘ഇല്ല സാർ. അന്നദാനം തയ്യാറാക്കാനായി എന്റെ വീട്ടിൽ സഹായിച്ചുകൊണ്ടിരിക്കുകയാണ്.''
‘‘ആരെയെങ്കിലും പറഞ്ഞയച്ച് അവരെ ഇങ്ങോട്ട് വിളിച്ചുവരുത്തൂ. അവർക്കെന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാമായിരിക്കും''

മാലാ എന്നു പേരുള്ള ആ സ്ത്രീ അവിടെയെത്താൻ പത്തു പതിനഞ്ച് മിനിറ്റുകൾ പിടിച്ചു. മെഡിക്കൽ ഓഫീസർ സ്ഥലത്തെത്താൻ കുറച്ചു സമയമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻമാർ പറയുന്നതു കേട്ടു. ഈ ആശയക്കുഴപ്പങ്ങൾ മൂലം അന്നദാന പ്രവർത്തനങ്ങൾ മുടങ്ങിപ്പോകുമോയെന്ന ആശങ്കയിലായിരുന്നു യോഗക്ഷേമ സംഘത്തലവൻ കരുണാദാസ. ഒടുവിൽ കരുണദാസ, നന്ദസേന, ജയതിലക എന്നീ മൂന്നുപേർ അവിടെ തന്നെ നില്ക്കാൻ തീരുമാനിച്ചു. വിശദാംശങ്ങളറിയാവുന്ന നാലഞ്ചുപേർ അന്നദാനം എടുത്തുകൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്കായി എട്ടു മണിക്ക് പോകണമെന്നും അന്നദാനം കൊണ്ടുപോകുന്ന നാട്ടുകാർ ഒൻപത് മണിക്ക് പുറപ്പെടണമെന്നും സന്ദേശമയച്ചു. അതേക്കുറിച്ച് അന്വേഷണസംഘത്തിനും വിവരം നല്കി.

‘‘ഫോറൻസിക് പരിശോധനയ്ക്ക് ശേഷം സമയമുണ്ടെങ്കിൽ നമ്മൾ മൂന്നുപേരും എന്റെ വാഹനത്തിൽ അങ്ങോട്ട് പോകാം. അന്നദാനം കഴിച്ചു തീരുന്നതിന് മുമ്പ് അവിടെയെത്തിയാൽ മതിയല്ലോ?'' ജയതിലക പറഞ്ഞു.

മൂന്നാമത്തെ വ്യക്തിയുടെ സാക്ഷിവിസ്താരം:
‘‘മുഴുവൻ പേര് പറയൂ''
‘‘രൻപട്ടി തേവഗേ ഹേമമാലാ''
‘‘ഹേമമാലാ, നീ ഇടയ്ക്കിടെ ആശ്രമത്തിലേക്ക് വന്നുപോകുമായിരുന്നോ?''
‘‘ഇടയ്ക്കിടെ ആശ്രമത്തിലേക്ക് വന്നുപോകുമായിരുന്നു സാർ''
‘‘അത്തരമൊരു നല്ല ബന്ധമുണ്ടായതെങ്ങനെയാണ്? എന്നാണ് ആദ്യമായി പോയത്?''
‘‘രണവീര സാറിന്റെ വീട്ടുകാർ ഈ ആശ്രമം പണിത് ഭിക്ഷുണിയമ്മയ്ക്ക് പൂജാ വഴിപാടായി നൽകിയതാണല്ലോ? അമ്മ ആദ്യമായി ഇങ്ങോട്ട് വന്നപ്പോൾ ഞാൻ വെറുതെ പോയിരുന്നു. വേറെയൊന്നിനുമായിരുന്നില്ല ചെന്നത്. മറ്റൊരു നാട്ടിൽനിന്നും ഒരാൾ വന്നിരിക്കുന്നു. അതും ഒരു ഭിക്ഷുണിയമ്മയാണല്ലോ വന്നിരിക്കുന്നത്...''
‘‘അമ്മ ഇങ്ങോട്ട് വരുന്നതിന് മുമ്പ് എവിടെയായിരുന്നു കഴിഞ്ഞിരുന്നത്?''
‘‘കേഗാല എന്നാണ് പറഞ്ഞത്''
''എന്തിനാണ് അവിടെനിന്ന് ഇങ്ങോട്ട് പോന്നത്?''
‘‘അവിടുത്തെ ആശ്രമത്തിൽ ആളുകൾ കൂടുതലാണത്രെ. ബേണാ പ്രഭാഷണം നടത്താനും ധ്യാനിക്കാനും ശരിയായ ബുദ്ധിമുട്ടാണെന്നും പറഞ്ഞിരുന്നു. രണവീര കുടുംബം ദാനം നല്കാൻ ആശ്രമത്തിൽ പോകുമായിരുന്നു. രണവീര സാറിന്റെ ഭാര്യയും കേഗാലയിൽ നിന്നാണല്ലോ! അവിടെയുള്ള പരിചയവും സൗഹൃദവുമാണ് ഇവിടെയൊരു ആശ്രമം പണിത് പൂജാ വഴിപാടായി നല്കാൻ ഇടയാക്കിയതെന്ന് പറഞ്ഞിരുന്നു''
‘‘എന്തിനാണ് അവർ ഭിക്ഷുണിയായതെന്നറിയാമോ? എത്രാമത്തെ വയസ്സിലെന്നും?''
‘‘ചെറുപ്രായത്തിൽതന്നെ ഭിക്ഷുണിയായിരുന്നില്ലത്രെ. സന്യാസം സ്വീകരിച്ചത് സ്വന്തമിഷ്ടപ്രകാരം കൗമാരത്തിലാണെന്നാണ് പറഞ്ഞത്.''
‘‘ആ നാട്ടിൽനിന്ന് അവരെ കാണാൻ ആരെങ്കിലും വന്നു പോയിരുന്നോ?''
‘‘അങ്ങനെ വന്നു പോകാൻ അവർക്ക് ആരുമുണ്ടായിരുന്നില്ലല്ലോ! അമ്മയോ അച്ഛനോ അങ്ങനെ ആരും. സഹോദര സഹോദരീമാർ ഉണ്ടെങ്കിലും അവരുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്''
‘‘അതെന്തുകൊണ്ടാണെന്ന് പറഞ്ഞിരുന്നുവോ?''
‘‘ഇല്ല''
‘‘ചോദിച്ചിരുന്നില്ലേ?''
‘‘ചോദിക്കാതിരുന്നിട്ടില്ല. ചോദിച്ചിരുന്നുതാനും. എന്നാൽ അത് പറയാൻ അവർ അത്ര താൽപര്യം കാണിച്ചില്ല. പിന്നീട് ഞാൻ ആവർത്തിച്ച് ചോദിച്ചതുമില്ല''
‘‘അമ്മ സ്വന്തമായാണോ ഭക്ഷണം പാകം ചെയ്തിരുന്നത്?''
‘‘മിക്കവാറും അങ്ങനെത്തന്നെയായിരുന്നു''
‘‘ഭിക്ഷപ്പാത്രവുമായി നടന്നിരുന്നുവെന്ന് കേട്ടു, ശരിയാണോ?''
‘‘രാവിലെ അങ്ങനെ പോകുമായിരുന്നു. പിന്നീട് അതും നിർത്തിക്കളഞ്ഞു. എല്ലാവരും ആഹാരം കൊടുക്കില്ലല്ലോ! ചന്ദനത്തിരിപ്പാക്കറ്റ്, മെഴുകുതിരിപ്പാക്കറ്റ്, സോപ്പ് എന്നിങ്ങനെയുള്ള വസ്തുക്കളായിരിക്കുമല്ലോ പലരും കൊടുത്തിട്ടുണ്ടാവുക!''
‘‘അനാവശ്യമായ എന്തെങ്കിലും പ്രശ്‌നങ്ങൾ അമ്മയ്ക്കുണ്ടായിരുന്നുവോ, അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നോ?''
‘തേരിഗാതാ' എന്ന ‘ഭിക്ഷുണികളുടെ പാട്ട്' വായിച്ച സമയംതൊട്ട്, ‘മോചിതയായി ഞാൻ, മോചിതയായി ഞാൻ, ശ്രേഷ്ഠമായിത്തന്നെ മോചിതയായി ഞാൻ' എന്ന വരികൾ തന്റെ മനസിലിട്ട് തന്നെ പ്രതിധ്വനിപ്പിച്ചുകൊണ്ടിരുന്ന സബ് ഇൻസ്‌പെക്ടറാണ് ആ ചോദ്യം ചോദിച്ചത്.

ഹേമമാലായിൽനിന്ന് ആ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചില്ല. എന്നാലും അവരുടെ മൗനം തന്റെ ചോദ്യത്തിനുള്ള ശരിയായ ഉത്തരമെന്ന് കരുതാൻ സാധ്യമല്ലെന്ന് അയാൾക്ക് മനസിലായി. തന്റെ ചോദ്യം അവർക്ക് മനസിലായില്ലായെന്ന് അവരുടെ മുഖത്തിൽനിന്നു തന്നെ ഗ്രഹിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ് അതിനുള്ള കാരണം.

‘‘ഞാൻ ഉദ്ദേശിച്ചത്, ഈ ഭാഗത്തുള്ള ആൺപിള്ളേരുടെ ശല്യമുണ്ടായിരുന്നോ എന്നാണ്... സന്യാസം സ്വീകരിച്ചിരുന്നാലും കാണാൻ അവർ അല്പം സുന്ദരിയായിരുന്നല്ലോ! കൂടാതെ തനിച്ചുമായിരുന്നല്ലോ!''

‘‘ബുദ്ധരേ! അയ്യോ അതിനെക്കുറിച്ച് എനിക്കൊന്നുമറിയില്ല സാർ. അങ്ങനെയുള്ള യാതൊരു കഥയും ഒരിയ്ക്കലും എവിടെയും ഞാൻ കേട്ടിട്ടില്ല. ബുദ്ധനാണെ സത്യം''

ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കാനായി കോൺസ്റ്റബിൾമാർക്ക് സൂചന നല്കിയ സബ് ഇൻസ്‌പെക്ടറിന്റെ മനസിനുള്ളിൽ ‘മോചിതയായി ഞാൻ, മോചിതയായി ഞാൻ, ശ്രേഷ്ഠമായിത്തന്നെ മോചിതയായി ഞാൻ’എന്ന വരികൾ മുഴങ്ങിക്കൊണ്ടിരുന്നു.

മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് ഹിതകരമല്ലെങ്കിൽ ഭിക്ഷുണിയമ്മയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നീണ്ടുപോകുമെന്ന്, അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്ക് ചെവികൊടുത്തുകൊണ്ടിരുന്ന ജയതിലകയ്ക്ക് മനസിലായി. സത്യത്തിൽ നാട്ടിലെ ആണുങ്ങളിൽനിന്ന് അമ്മയ്‌ക്കെന്തെങ്കിലും ബുദ്ധിമുണ്ടായിരിക്കുമോ എന്നോർത്ത് അയാൾ ചിന്താകുലനായി. ഇതുവരെ അമ്മയുടെ സ്വഭാവത്തെക്കുറിച്ചോ രീതികളെക്കുറിച്ചോ അറിയാത്ത തന്റെയുള്ളിൽ പോലും അവരോട് ഒരാകർഷണം വളരാൻ കാരണം കാവിവസ്ത്രംകൊണ്ട് മറച്ചുവെക്കാൻ സാധിക്കാത്ത അവരുടെ അംഗലാവണ്യമാണെന്ന് ജയതിലക കരുതി.

മിക്കപ്പോഴും വീടിന്റെ മുൻവശത്തെ വരാന്തയിലെ കസേരയിൽ ചാരിയിരുന്നുകൊണ്ട് പുസ്തകം വായിക്കുന്നത് ജയതിലകയുടെ ശീലമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ഭിക്ഷുണിയമ്മ കണ്ണെത്തുംദൂരത്ത് വെളിയിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ, ജയതിലകയുടെ ഭാര്യ സുവർണ അയാളുടെ മുന്നിലൂടെ നടക്കുന്നതും പതിവായിരുന്നു. അമ്മയെ ആദ്യമായി കണ്ട നിമിഷത്തിൽ തങ്കം പോലെ വിളങ്ങുന്ന അവരുടെ നിറം വർണിക്കാൻ, ‘സുലു കലിംഗ താവത്ത' എന്ന ഇതിഹാസ ഗ്രന്ഥത്തിലുള്ള ‘പൊന്നൊളി ചർമ്മം' എന്ന പ്രയോഗമാണ് അയാളുടെ ഓർമയിൽ വന്നത്. അന്നയാൾ തന്റെ പുസ്തക അലമാരിയിൽനിന്ന് ‘ധർമപ്രദീപ' ഗ്രന്ഥത്തെ തേടിയെടുത്ത് പൊടി തൂത്തുകളഞ്ഞ് തുറന്ന് അതിൽ കടന്നുവരുന്ന കുമാരന്റെയും കുമാരിയുടെയും പ്രണയാതുരമായ ആലിംഗന രംഗത്തിന്റെ വർണ്ണന ആവർത്തിച്ച് വായിച്ചിരുന്നു.

‘‘അമ്മയെക്കുറിച്ച് നാട്ടുക്കാർക്കിടയിലുള്ള അഭിപ്രായമെന്തായിരുന്നു?''
മാലാ ആലോചിച്ചുനോക്കി. ഉടനെ അവളുടെ മനസിൽ ഒരു തരം ദേഷ്യമുടലെടുത്തു. ഇങ്ങോട്ട് വന്ന് പോലീസുകാരോട് മൊഴി നൽകണമെന്ന അറിയിപ്പ് ലഭിച്ചപ്പോൾ കരുണദാസയുടെ ഭാര്യ, ‘മനസിൽ കടന്നുവരുന്ന എല്ലാത്തിനെയും ചൊരിയാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞാൽ മതി' എന്നും ‘നാടിന്റെ മാനത്തെ രക്ഷിക്കണമെന്നും' പറഞ്ഞിരുന്നു. അതിനാൽതന്നെ പറയേണ്ടതായ അത്യാവശ്യ കാര്യങ്ങൾ മാത്രം ഏകാഗ്രമാക്കാനായി അവർക്ക് അല്പം സമയം വേണ്ടിവന്നു. എന്നാൽ, പറയേണ്ടതായ കാര്യങ്ങൾക്ക് പകരം പറയാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു അവരുടെ മനസിൽ കറങ്ങിത്തിരിഞ്ഞത്.
ആശ്രമത്തിൽ പൈപ്പ് വെള്ളമില്ലാത്തതിനാൽ തോട്ടത്തിന്റെ പിറകുവശത്തെ കിണറ്റിൽ നിന്നാണ് അമ്മ വെള്ളമെടുത്തിരുന്നത്. ആ സ്ഥലത്തിന്റെ പിറകുവശം അല്പം ഇറക്കമായിരുന്നതിനാൽ ദിവസവും വെള്ളമെടുത്തുകൊണ്ട് വരാനായി ചെരിവിറങ്ങേണ്ടതും, വെള്ളം നിറച്ച കൂടവുമായി കയറ്റം കയറേണ്ടതുമായ അവസ്ഥയുണ്ടായിരുന്നു.

ഒരു വരൾച്ചകാലത്ത് നാട്ടിലെ ശവസംസ്‌കാര സഹായ സംഘത്തിന്റെ കാര്യദർശിയുടെ കിണറ്റിലെ ജലനിരപ്പ് വളരെ താഴ്ന്നു പോയതിനാൽ അവിടെ സ്ഥാപിച്ചിരുന്ന സാധാരണ മോട്ടോർ പമ്പുപയോഗിച്ച് വെള്ളമെടുത്തിരുന്നത് നിർത്തിയിരുന്നു. അപ്പോൾ അദ്ദേഹം ശക്തിയായി ജലം വലിച്ചെടുക്കുന്ന പുതുപുത്തനൊരു പമ്പ് വാങ്ങിക്കുകയുണ്ടായി. അവിടെനിന്ന് മാറ്റിയ പഴയ മോട്ടോർ പമ്പ് ചെറിയ വിലയ്ക്ക് വില്ക്കാമെന്ന് കരുതി ഒരു മൂലയിൽ വെച്ചിരുന്നു. പിന്നീട് അതിനെ ആശ്രമത്തിലേക്ക് ഉപഹാരമായി നല്കാമെന്നും ഒരു വെള്ളത്തൊട്ടി നിർമ്മിച്ചുകൊടുക്കാമെന്നും കാര്യദർശിയും മറ്റ് ചിലരും തീരുമാനിച്ചു. എന്നാൽ കാര്യദർശിയുടെ അമ്മായിയച്ഛൻ എതിർത്തതിനാൽ ആ വിഷയം ഉപേക്ഷിക്കേണ്ടിവന്നു. ഒരു പ്രാവശ്യം ബോയാ ദിനത്തിൽ പഞ്ചശീലം അനുഷ്ഠിക്കാനായി ആ അമ്മായിയച്ഛൻ വിഹാരയിലേക്ക് ചെന്നപ്പോൾ, 'കണ്ണിന് കുളിരായും ചന്തമായും തോന്നിപ്പിക്കുന്ന പെണ്ണുങ്ങൾ കാവിവസ്ത്രം ധരിച്ചയുടനെ പുരുഷൻമാർക്ക് പുണ്യകർമ്മം ചെയ്യണമെന്നൊക്കെയുള്ള ആഗ്രഹങ്ങളും വന്നുചേരും' എന്ന് കുത്തുവാക്ക് പറഞ്ഞിരുന്നു.

മാലാ തന്നെയാണ് ആ കുത്തുവാക്കിനെക്കുറിച്ച് അമ്മയോട് വന്നു പറഞ്ഞത്. അതുകേട്ടതും അമ്മ ഒന്നുമുരിയാടാതെ പുഞ്ചിരിച്ചു. തന്റെ അപമാനബോധത്തെ തന്നെ കത്തിച്ചു ചാമ്പലാക്കാൻ തക്കവണ്ണമൊരു വലിയ തീക്കനലിനെ, ശബ്ദമില്ലാത്ത ആ ചിരിയിലൂടെ അവർ അണയ്ക്കുകയായിരുന്നുവെന്ന കാര്യം മാല അറിഞ്ഞിരുന്നില്ല. എന്നാൽ തന്റെ ഭർത്താവിനോട് അവർ അതിനെപ്പറ്റി സൂചിപ്പിക്കുമ്പോൾ, 'അയ്യോ പാവം! അതുകേട്ട് അമ്മയുടെ ഹൃദയം പിടഞ്ഞിരിക്കും' എന്നു പറയുന്നതിലൂടെ അവർക്കും അമ്മയ്ക്കും പൊതുവായുള്ള സ്ത്രീത്വത്തിന്റെ വികാരമായിരിക്കാം അവർ പ്രകടിപ്പിച്ചത്.

‘‘എനിക്കറിയില്ല സാർ, എന്നോട് ആരും മോശമായി പറഞ്ഞിട്ടൊന്നുമില്ല''
‘‘ഇങ്ങോട്ട് വരാറുള്ളപ്പോഴൊക്കെ സഹായമെന്തെങ്കിലും ചെയ്തുകൊടുക്കുമായിരുന്നോ?''
‘‘ഞാനിവിടെ വരുമ്പോഴൊക്കെ അടിച്ചുവാരി കൊടുക്കുമായിരുന്നു. കിണറ്റിൽനിന്ന് വെള്ളം കോരിയും കൊടുത്തിരുന്നു. ദാനം നല്കാനും പുണ്യകർമ്മം ചെയ്യാനും ഞങ്ങളുടെ കൈയ്യിൽ കാശും പണവുമൊന്നുമില്ലല്ലോ! അതിനാൽ ഇങ്ങനെയെന്തെങ്കിലും ചെയ്തുകൊടുത്ത് പുണ്യം നേടണം, ശരിയല്ലേ? അതുകൂടാതെ പോകേപ്പോകേ അമ്മയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നല്ലോ!''
‘‘എന്തുകൊണ്ടാണ്?''
‘‘അസുഖമെന്താണെന്നൊക്കെ എനിക്കറിയില്ല. ഡോക്ടമാർ കൂടുതൽ കഷ്ടപ്പെടരുതെന്നും ഉറക്കമിളിക്കാൻ പാടില്ലെന്നും വിശ്രമിക്കണമെന്നും അമ്മയോട് പറഞ്ഞിരുന്നത്രെ!''
‘‘രാത്രി ഭക്ഷണം കഴിക്കാനും പറഞ്ഞിരുന്നോ?''
‘‘അതേ, രാത്രിയിൽ കുറച്ചെങ്കിലും ആഹാരം കഴിക്കാൻ പറഞ്ഞിരുന്നത്രെ''
‘‘പാചകം ചെയ്തു കഴിക്കാൻ എങ്ങനെയായിരുന്നു സാധനങ്ങൾ വാങ്ങിയിരുന്നത്?''
‘‘ചന്തയ്ക്ക് പോകുന്നേരം എന്നോട് പറഞ്ഞാൽ അരിയും മറ്റു സാധനങ്ങളും ഞാൻ വാങ്ങിക്കൊണ്ടു വന്ന് കൊടുക്കുമായിരുന്നു. അതുപോലെ, അടുത്ത ഗ്രാമത്തിൽ പച്ചക്കറികൾ കൊട്ടയിൽ കൊണ്ടുപോയി വില്ക്കുന്ന ഒരു സ്ത്രീയുണ്ട്. അവളുടെയടുത്തുനിന്നും വാങ്ങുമായിരുന്നു''
‘‘അവർ മറ്റെന്തെങ്കിലും സഹായം ചെയ്തുകൊടുക്കാൻ ആവശ്യപ്പെട്ടിരുന്നോ?''
‘‘അമ്മയ്ക്ക് ലഭിക്കുന്ന പൂജാവസ്തുക്കൾ വിറ്റു കാശാക്കി നല്കാൻ പറയുമായിരുന്നു. അതെടുത്തു കടയിൽ കൊടുത്ത് പണമാക്കാനുള്ള വഴിയെന്തെങ്കിലുമുണ്ടോയെന്ന് എന്നോടു ചോദിച്ചിരുന്നു. ഞാൻ എന്റെ മകന്റെ കൈവശം പരിചയമുള്ള ഒരു കടക്കാരനു കൊടുക്കാൻ ഏൽപിച്ച് വിറ്റു കാശാക്കിയിരുന്നു.''
‘‘എന്തായിരുന്നു അമ്മയുടെ പ്രശ്‌നമെന്ന് നിങ്ങൾക്കറിയാമോ?''
‘‘അയ്യോ സാർ, അതേക്കുറിച്ചൊന്നും അവർ എന്നോടു പറഞ്ഞിട്ടില്ല. ഞാൻ അവരെ കാണാൻ വരുമായിരുന്നുവെന്നത് നേരാണ്. എന്നാൽ ഒരിയ്ക്കലും അവർ തന്നെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞിരുന്നില്ല. ധ്യാനിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് കൂടുതലും കണ്ടിട്ടുള്ളത്.''
‘‘ജീവിക്കാനുള്ള പണമെങ്ങനെയാണ് ലഭിച്ചിരുന്നത്?''
‘‘രണവീര സാറിന്റെ വീട്ടുകാരാണ് വൈദ്യുതി ബില്ലടച്ചിരുന്നത്. മറ്റു കാര്യങ്ങളും അവർ തന്നെയാണ് നോക്കിയിരുന്നതെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അല്ലെങ്കിൽ പിന്നെ... ഏതെങ്കിലും ‘ബേണാ' പരിപാടിക്ക് പോയാൽ പൂജാവഴിപാടായി നല്കുന്ന പണവും പൂജയ്ക്കുള്ള സംഭാവനയായി നൽകുന്ന വസ്തുക്കൾ വിറ്റുകിട്ടുന്ന തുച്ഛമായ കാശുമാണ് അവരുടെ കൈയ്യിലുണ്ടായിരുന്നത്. അവർക്ക് ചെലവിന് നല്കാൻ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നറിയില്ല.''
‘‘നിങ്ങളോട് അവർ പണമെന്തെങ്കിലും ചോദിച്ചിരുന്നോ?''
‘‘എന്നോടോ? അയ്യോ, ഇല്ല. ഒരിയ്ക്കലും ചോദിച്ചിട്ടില്ല''

ന്നദാനം നൽകാനായി പോകുന്നവർ ഒരുവിധത്തിൽ എട്ടുമണിയോടെ നാട്ടിൽനിന്ന് പുറപ്പെട്ടുചെന്നു. കരുണാദാസ തന്റെ മൊബൈൽ ഫോണിലുള്ള നമ്പരുകളിലേക്ക് ഇടയ്ക്കിടെ വിളിച്ച് രണ്ടാം സംഘത്തെ എങ്ങനെയെങ്കിലും ഒൻപത് മണിക്കുള്ളിൽ തന്നെ അയക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു.
‘‘മകനും വന്നിട്ടുണ്ട്''
നന്ദസേന പറഞ്ഞതും തിരിഞ്ഞുനോക്കിയ ജയതിലക വേലി കടന്നോടി വരുന്ന തന്റെ മൂത്തമകനെ കണ്ടു.
അവന്റെ കൈയ്യിലൊരു ചൂരൽകൊട്ടയും പ്ലാസ്റ്റിക്ക് കണ്ടൈനറുമുണ്ടായിരുന്നു.
‘‘ഞങ്ങൾക്കും അല്പം ചായ കിട്ടുമെന്ന് തോന്നുന്നു...''
‘മോചിതയായി ഞാൻ, മോചിതയായി ഞാൻ, ശ്രേഷ്ഠമായിത്തന്നെ മോചിതയായി ഞാൻ' എന്ന ശബ്ദത്തിൽനിന്ന് മുക്തനായ സബ് ഇൻസ്‌പെക്ടർ പറഞ്ഞു.
ചൂടുവെള്ളകുപ്പിയും കപ്പും സോസറുമുണ്ടായിരുന്ന കൊട്ടയെ ജയതിലകയുടെ കൈയ്യിലേൽപ്പിച്ച ചെറുപ്പക്കാരൻ, പ്ലാസ്റ്റിക്ക് കണ്ടൈനർ ടീപ്പോയിയുടെ മീതെ വെച്ചു.
‘‘ആഹാരമെന്തെങ്കിലുമാണോ...?''
‘‘കട്‌ലറ്റ്‌സ്''
‘‘അന്നദാനത്തിനായി ചെയ്തതായിരിക്കുമല്ലേ! ഞങ്ങൾ അതു കഴിച്ച് എച്ചിലാക്കാൻ പാടുണ്ടോ?'' അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചു.
‘‘ദാനത്തിനായി കൊണ്ടുപോകുന്നത് പ്രത്യേകമായി മാറ്റിവെച്ചിട്ടുണ്ട്.''
‘‘പുലർച്ചെ ട്രെയിനിലാണോ മോനേ വന്നത്?''
‘‘അതേ അച്ഛാ?''
‘‘എന്താ... മകൻ വീട്ടിലല്ലേ ഉള്ളത്?''
‘‘ഇല്ല. അവൻ പേരഡനിയ ക്യാമ്പസിലാണ്. മെഡിസിന് പഠിക്കുന്നു...''
‘‘എത്രാമത്തെ വർഷമാണ്?''
‘‘ഇപ്പോൾ അവസാനവർഷമാണ്''
''അങ്ങനെയെങ്കിൽ ഇത് നോക്കി ഭിക്ഷുണിയമ്മയുടെ അസുഖമെന്താണെന്ന് പറയാമോ?''

അമ്മയുടെ ക്ലിനിക്ക് പുസ്തകത്തെ ചെറുപ്പക്കാരന്റെ കൈയ്യിൽ കൊടുത്തു. അവൻ അതു മറിച്ചുനോക്കി.
‘‘അവർ കൃത്യമായി ക്ലിനിക്കിലേക്ക് പോയിരുന്നില്ലെന്നാണ് മനസിലാകുന്നത്. ഈ അവസാന മൂന്നു നാലു മാസവും പോയിട്ടില്ല...''
‘‘അസുഖമെന്താണ്?''
‘‘അനീമിയ. വിളർച്ചാരോഗം. ആരംഭഘട്ടമല്ല. കുറെ കാലമായി. ശരിയായി ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു...''
‘‘അതു മാത്രമാണോ?''
‘‘കൂടാതെ... രക്തസമ്മർദ്ദവുമുണ്ട്... സപ്ലിമെന്റും എഴുത്തിക്കൊടുത്തിട്ടുണ്ട്. തുടർന്നും കഴിക്കണമെന്ന് എഴുതിയിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്തിരുന്നോയെന്നറിയില്ല.'' ഭാവിയിലെ ഡോക്ടർ ക്ലിനിക്ക് പുസ്തകത്തെ തിരിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.
‘‘സാധു... സാധു...'' എന്ന വലിയ ഭക്താരവം ഉയർന്നുപൊങ്ങി സംഭവം നടന്ന സ്ഥലത്ത് പരിശോധനയിൽ മുഴുകിയിരുന്ന സംഘത്തിന്റെ ചെവികളിൽ മുഴങ്ങി. അവർ ചെയ്തുകൊണ്ടിരുന്ന ജോലി താത്കാലികമായി നിർത്തിവെച്ചു.
‘‘എല്ലാവരും പുറപ്പെട്ടെന്ന് തോന്നുന്നു...''

വേലുവനേ വിഹാരത്തിലേക്ക് ഭക്തരെ കയറ്റിചെല്ലുന്ന ബസ്, ഏതാനും നൊടികൾക്കുശേഷം ആശ്രമത്തിൽ വന്നുനിന്നു. നന്ദസേനയുടെയും ജയതിലകയുടെയും മറ്റു ചിലരുടെയും കുടുംബങ്ങൾ അവിടെനിന്നാണ് ബസിൽ കയറിയത്. ബസിനകത്തെ എല്ലാ കണ്ണുകളും ആശ്രമത്തിന്റെ നേരെ തന്നെ കുമിഞ്ഞുകൊണ്ടിരിക്കുന്നത് മുറ്റത്ത് നിൽക്കുന്ന എല്ലാവർക്കും നന്നായി മനസിലായി. പുറപ്പെടുന്ന ബസിലെ സംഘത്തിന് നേരെ കരുണാദാസയും നന്ദസേനയും വീണ്ടും കൈവീശി കാണിച്ചു. ബസ് കൺമറഞ്ഞതും ജയതിലകയുടെ മനസിൽ വലിയൊരു ശൂന്യത അനുഭവപ്പെട്ടു. നാട് മുഴുവനും ശൂന്യമായതുപോലെ ഒരു തോന്നൽ. തന്റെ മൂത്തമകൻ വന്ന് അമ്മയുടെ ക്ലിനിക്ക് പുസ്തകം വായിച്ചു കഴിഞ്ഞത് മുതൽ ജയതിലകയുടെ മനസിൽ പതിഞ്ഞ വ്യാകുലബോധം ആ ശൂന്യത കാരണം കൂടുതൽ രൂക്ഷമായി.
ഇത്രയും കാലം ആശ്രമത്തിൽ പൂജാവഴിപാടുകൾ നല്കിയിരുന്ന രണവീര സാറിന്റെ കുടുംബം, അമ്മയുടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തുകൊടുക്കുന്നുണ്ടെന്നായിരുന്നു ജയതിലക കരുതിയിരുന്നത്. അങ്ങനെ നടന്നിരുന്നില്ലയെന്ന കാര്യം മാലായുടെ മൊഴിയിൽനിന്നും ക്ലിനിക്കിലെ പുസ്തകത്തിൽനിന്ന് ലഭിച്ച വിവരങ്ങളിൽനിന്നും അയാൾക്ക് വ്യക്തമായി. വിശപ്പിന്റെ തീയിൽ അമ്മ എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നോർത്തപ്പോൾ തന്നെ അയാൾക്ക് രോമാഞ്ചമുണ്ടായി. ആശ്രമമുറ്റത്തെ മാവിന്റെ ചില്ലയിൽ ഇരുന്ന ജയതിലകയുടെ മനക്കണ്ണിൽ അമ്മയുടെ രൂപം പ്രത്യക്ഷപ്പെട്ടു. മിക്കവാറും ദിവസങ്ങളിലും അയാൾ അമ്മയെ കണ്ടിരുന്നു. ചിലപ്പോൾ ബുദ്ധാരാധനയ്ക്കായി അമ്മ പൂക്കൾ പറിക്കുന്നുണ്ടായിരിക്കും. മറ്റു ചിലപ്പോൾ വിറകു പെറുക്കുന്നുണ്ടാവും. മറ്റേതെങ്കിലും സമയത്ത് ചീര ഇറുക്കുന്നുണ്ടാവും. ചിലനേരം കുടം ഇടുപ്പിൽവെച്ച് വെള്ളം കൊണ്ടുവരുന്നുണ്ടാവും.

‘‘ഇവിടെനിന്ന് പത്തരയ്‌ക്കെങ്കിലും പോകാനായില്ലെങ്കിൽ പിന്നെ അവിടെയൊരു ജോലിയുമില്ല''
കരുണാദാസയുടെ ശബ്ദമുയർന്നു വന്ന് ജയതിലകയുടെ ചിന്തയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി.

ഭിക്ഷുണിയമ്മ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചെങ്കിലും അവർ എങ്ങനെയാണ് തന്റെ ദേഹത്ത് തീകൊളുത്തിയത് എന്ന കാര്യം ഇനിയും ചുരുളഴിയാത്ത നിഗൂഢതയാണ്.
അമ്മയുടെ ആന്തരികാവയവങ്ങളിൽ ഭൂരിഭാഗവും നേരത്തെതന്നെ പൊള്ളലേറ്റിരുന്നുവെന്നും മറ്റുചില അവയവങ്ങൾ നീണ്ട നാളുകളായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പുറത്തെ മാംസം മാത്രമാണ് അന്ന് പൊള്ളലേറ്റതെന്നും മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ പുറത്തുവരാത്ത പോലീസ് അന്വേഷണ റിപ്പോർട്ടിൽ അതു പുറത്തുവരുമോയെന്നും സംശയമുണ്ട്. ▮

1. ഹാമുദുരുവു: ശ്രീലങ്കൻ ബുദ്ധസന്യാസി 2. മഹാപിരിത്: ബുദ്ധവിഹാരങ്ങളിൽ ചൊല്ലുന്ന പാലി ഭാഷയിലുള്ള കാവൽ സൂക്തങ്ങൾ 3. ബേണ: കാവ്യഭാഷണങ്ങൾ 4. മഹ രഹത്തുൻ വെഡി മഗ ഒസ്സേ: പരിനിർവാണം പ്രാപിച്ച മഹാന്മാരുടെ പാതയിലൂടെ 5. തേരീ ഗാത: ശ്രീബുദ്ധന്റെ കാലത്ത് ജീവിച്ച ബുദ്ധഭിക്ഷുണികളുടെ ലൗകികജീവിതത്തെക്കുറിച്ചും സന്യാസജീവിതത്തെക്കുറിച്ചുമുള്ളകാവ്യാവിഷ്‌കാരങ്ങൾ 6. ബോയ: പൗർണമി ദിവസം

(ലറീന അബ്ദുൾ ഹഖിന്റെ തമിഴ് വിവർത്തനത്തെ ആധാരമാക്കിയുള്ള സ്വതന്ത്ര മൊഴിമാറ്റം)


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുമുദു നീരാഗി സെനെവിരത്‌നെ

ശ്രീലങ്കയിലെ കുലിയപിടിയ എന്ന സ്ഥലത്ത്​ ജനനം. പെരെഡേനിയ സർവകാലാശാലയിൽ അധ്യാപിക. ഗവേഷണ ഗ്രന്ഥങ്ങൾ ഉൾപ്പെടെ അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സിതുവമെൻ നെരപു കിന്ദുരെക്, ഗിഹിൻ എൻന കാർണിവൽ (കഥ), ദുൽവാല അലങ്കാരെ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments