ആദ്യമായാണ് അങ്ങിനെയൊരു പേര് ഞാൻ കേൾക്കുന്നത്.
‘അമേരിക്കൻ കൈ' യുദ്ധക്കളം.
ആദ്യം എനിക്കത് മനസ്സിലായില്ല. അത് ഉച്ചരിച്ചത് വിയറ്റ്‌നാമീസിലാണ്, ഇംഗ്ലീഷിലല്ല.
എനിക്കു മനസ്സിലായില്ല, ഒന്നു വിശദീകരിക്കൂ. എന്നു പറഞ്ഞാൽ ‘അമേരിക്കൻ കൈ' അറ്റുവീണ യുദ്ധക്കളം എന്നർഥം.
ശരി, ശരി അതു മനസ്സിലായി. പക്ഷെ അതൊരു അമേരിക്കൻ സ്ഥലമല്ല, വിയറ്റ്‌നാം ഗ്രാമമല്ലേ?
അമേരിക്കൻ പ്രൊഫസറായ എന്റെ സുഹൃത്ത് വിയറ്റ്‌നാം ആദ്യമായി സന്ദർശിക്കുകയാണ്. ഒരു വാരാന്ത്യത്തിൽ ഞങ്ങൾ ഹാനോയിയിൽ നിന്ന് അധികം ദൂരത്തല്ലാത്ത ഒരു ഗ്രാമത്തിലൂടെ വെറുതെ അലയുകയായിരുന്നു. നഗരങ്ങൾ അയാൾ കണ്ടിരുന്നു, ഇപ്പോൾ ഗ്രാമങ്ങൾ കാണാനുള്ള അവസരങ്ങളും ഒത്തു വന്നു. വിയറ്റ്‌നാം യുദ്ധത്തലമുറയിൽ പെട്ടയാളാണ് ഈ പ്രൊഫസർ. പക്ഷെ അന്ന് അമേരിക്കൻ സൈന്യത്തിൽ ചേരാത്ത ഒരാൾ. പകരം തെരുവിൽ യുദ്ധവിരുദ്ധ പ്രകടനങ്ങളിൽ മുങ്ങിക്കുളിച്ചയാൾ. എതിരൻ ആകാൻ മുടി നീട്ടിവളർത്തി ഹിപ്പിയായ ആൾ. യുദ്ധ വിരുദ്ധ പ്രകടനത്തിനിടെ പൊലീസ് മർദനമേറ്റു. രണ്ടു ദിവസം ജയിലിലും കിടന്നു. കുറ്റപത്രം തയ്യാറാകുന്നതിനിടെ കാനഡയിലേക്ക് കടന്നു. വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് പ്രൊഫസറുടെ ഓർമകൾ ഇതൊക്കെയാണ്. ഇപ്പോൾ മാത്രമാണ്, എത്രയോ കാലത്തിനുശേഷം അദ്ദേഹം വിയറ്റ്‌നാം ആദ്യമായി സന്ദർശിക്കുന്നത്. ഇവിടെ നടന്ന യുദ്ധവുമായി പ്രൊഫസർക്ക് വ്യകതിപരമായ ബന്ധങ്ങളൊന്നുമില്ല. ഇവിടേക്കു വരണമോയെന്ന ശങ്ക യാത്ര പുറപ്പെടുന്ന അവസാന നിമിഷം വരെ അദ്ദേഹത്തിനുണ്ടായിരുന്നു. താനൊരു യുദ്ധവിദഗ്ധനോ സൈന്യത്തിൽ നിന്ന് പിരിഞ്ഞ വൃദ്ധനോ അല്ലെങ്കിലും അമേരിക്കക്കാരൻ എന്നു കേൾക്കുമ്പോൾ വിയറ്റ്‌നാംകാർ ക്ഷുഭിതരാകില്ലേ എന്നതായിരുന്നു പ്രൊഫസറെ ആശങ്കയിലാഴ്ത്തിയത്.
ഗ്രാമസന്ദർശനം സത്യത്തിൽ ഞങ്ങളുടെ പരിപാടിയില്ലായിരുന്നു.
അതങ്ങ് സംഭവിച്ചു പോയതാണ്. ഈ സന്ദർശനം താൽപര്യമുണർത്തുന്ന ഒന്നാകുമെന്ന തോന്നൽ എനിക്കുമുണ്ടായി. നടന്നുപോകുമ്പോൾ ഗ്രാമീണർ കുളം വറ്റിച്ച് മീൻ പിടിക്കുന്നത് കണ്ടു. മുൻകാലങ്ങളിൽ വെള്ളക്കൊട്ട കൊണ്ട് തേവിയാണ് കുളങ്ങൾ വറ്റിച്ചിരുന്നത്. ഇപ്പോൾ മോട്ടോറുപയോഗിച്ചാണ്. കുളത്തിന്റെ അടിത്തട്ടിലെ ചെളി കാണും വരെ മോട്ടോറുപയോഗിക്കും. അതിനുശേഷം കുളത്തിലിറങ്ങി മീൻ പിടിക്കും. ഇതിനെക്കുറിച്ച് അമേരിക്കൻ പ്രൊഫസർക്ക് പറഞ്ഞു കൊടുത്തു. ഞാനപ്പോൾ കുട്ടിക്കാലത്ത് നഗരങ്ങളിലെ അമേരിക്കൻ ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷതേടി ഞങ്ങൾ കുട്ടികളെ മുതിർന്നവർ ഗ്രാമങ്ങളിലേക്കയക്കുന്നതും അവിടെ കുളം വറ്റിച്ച് മീൻ പിടിച്ചിരുന്നതും ഓർത്തു. അത്തരത്തിലുള്ള ചില ഓർമകൾ എനിക്കുണ്ട്. ഗ്രാമീണർ മീൻപിടിക്കുന്ന ഗ്രാമത്തിൽ നിന്ന് അൽപ്പം കൂടി മുന്നോട്ടു നടന്നാൽ താമരത്തടാകമുള്ള ഒരിടമുണ്ട്. അവിടെയെത്തുമ്പോൾ കാറ്റിന് പ്രത്യേക സുഗന്ധമാണ്. തടാകത്തിന്റെ പടവിലിരുന്ന് സംസാരിക്കുന്നത് വളരെ രസകരം. മൗനത്തിലാണെങ്കിലും ആസ്വാദ്യകരം. മിണ്ടാതെയിരുന്ന് സ്വന്തം ചിന്തകളെ സ്വതന്ത്രമായി മേയാൻ വിടാൻ പറ്റിയ ഒരിടം.
തടാകത്തിനു തൊട്ടടുത്ത വീട്ടുകാരൻ ഞങ്ങളെ അഭിവാദ്യം ചെയ്ത് അടുത്തുവന്നു. ഇതൈന്റ അമേരിക്കൻ സുഹൃത്താണെന്ന് പ്രൊഫസറെ അയാൾക്ക് പരിചയപ്പെടുത്തി. ഓ, ശരിക്കും അമേരിക്കക്കാരൻ?
എന്റെ വീട്ടിലേക്കു വരൂ, കുറച്ചു നേരമിരുന്ന് പോകാം; അയാൾ ക്ഷണിച്ചു.
അൻപത് വയസ്സിലേറെ തോന്നിക്കുന്നയാളാണ്. അപ്പോൾ യുദ്ധം നടക്കുമ്പോൾ അയാൾക്ക് 18 വയസ്സ്. അതിനർഥം അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് മായാത്ത ഓർമകൾ ഉള്ളയാൾ എന്നുകൂടിയാണ്. ഉച്ചഭക്ഷണത്തിനും ഒപ്പം നാടൻ വാറ്റ് കഴിക്കാനും കൂടിയാണ് അയാൾ ക്ഷണിച്ചത്.
കുടിക്കിടെ വീട്ടുകാരൻ പറഞ്ഞു: ഈ ഗ്രാമത്തിൽ ' അമേരിക്കൻ കൈ' എന്നു വിളിക്കുന്ന ഒരു സ്ഥലമുണ്ട്.
അമേരിക്കൻ കൈ!
ആ പ്രയോഗം തന്നെ ഭയപ്പെടുത്തുന്നതായിരുന്നു.
താമരത്തടാകത്തിൽ നിന്ന് 800 മീറ്റർ നടന്നാൽ ആ പ്രദേശത്തെത്താം.
ഇപ്പോഴത് നെൽപ്പാടമാണ്, ഞങ്ങളുടെ ആതിഥേയൻ പറഞ്ഞു.
യുദ്ധകാലത്തും അത് നെൽപ്പാടം തന്നെയായിരുന്നു. യുദ്ധവേളയിൽ പാടത്തിനു മുകളിലൂടെ പറന്ന അമേരിക്കൻ യുദ്ധവിമാനത്തെ വിയറ്റ്‌നാം പോരാളികൾ വെടിവെച്ചു. പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെട്ട് പാടത്ത് വന്നിറങ്ങി. അയാളുടെ ഇടത്തേ കൈ അറ്റു തൂങ്ങിയിരുന്നു. ചീന്തിപ്പോന്ന തൊലിയുടെ ഒരു കഷണത്തിലാണ് കൈ തൂങ്ങിക്കിടന്നത്. ഗ്രാമത്തിലെ പോരാളികളും നാട്ടുകാരും ശത്രു പൈലറ്റിനെ പിടികൂടാൻ ഓടിയണഞ്ഞു. അയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഗ്രാമത്തിൽ ആശുപത്രിയോ ചികിൽസാ ഉപകരണങ്ങളോ മരുന്നോ ഒന്നുമുണ്ടായിരുന്നില്ല. അതിനാൽ ഒരു സൈനിക ജീപ്പിൽ പൈലറ്റിനെ പ്രവിശ്യാ സൈനിക ആശുപത്രിയിലേക്ക് കൊണ്ടു പോയി. ജീപ്പ് പോയി കുറച്ചു കഴിഞ്ഞാണ് ഗ്രാമീണർ ഞെട്ടിപ്പിച്ച ആ കാഴ്ച്ച കണ്ടത്, പൈലറ്റിന്റെ കൈ അവിടെ അറ്റു വീണു കിടക്കുന്നു. അയാളെ ധൃതിയിൽ എടുത്തു മാറ്റി ധൃതിപ്പെട്ട് ഗ്രാമവാസികൾ പാടം വൃത്തിയാക്കുന്നതിനിടെയാകാം അറ്റു വീണ കൈ കണ്ടത്. പാടം വൃത്തിയാക്കിയില്ലെങ്കിൽ സ്ഥലം മനസ്സിലാക്കി വീണ്ടും അവിടെ അമേരിക്കൻ ആക്രമണമുണ്ടായേക്കാം എന്നവർ ഭയപ്പെട്ടിരുന്നു.
മൃതദേഹം സംസ്‌ക്കരിക്കുന്നതു പോലെ കൈ സംസ്‌ക്കരിക്കാനാണ് ആദ്യം ഗ്രാമീണർ തീരുമാനിച്ചത്. പക്ഷെ, അവരുടെ കൂട്ടത്തിലൊരാൾ അറ്റു പോയ കൈ ആശുപത്രിയിലെത്തിച്ചാൽ തുന്നിച്ചേർക്കാൻ കഴിയുമെന്ന് പറഞ്ഞു. സംഭവ കഥ പറയുന്ന ഞങ്ങളുടെ ആതിഥേയൻ അന്ന് സ്കൂൾ വിദ്യാർഥിയായിരുന്നുവെന്നും കൈ കണ്ടെടുത്തപ്പോൾ സ്‌കൂളിൽ നിന്ന് സൈക്കിളിൽ വീട്ടിലേക്ക്മടങ്ങുകയായിരുന്നുവെന്നും പറഞ്ഞു. രണ്ടു വിയറ്റ്‌നാം പോരാളികൾ ആ കുട്ടിയെ തടഞ്ഞു, സൈക്കിൾ വേണമെന്നാവശ്യപ്പെട്ടു. പൈലറ്റിന്റെ കൈ ആദ്യം തുണിയിൽ പൊതിഞ്ഞു, പിന്നീട് ഒരു നൈലോൺ ഷീറ്റിലും പൊതിഞ്ഞു. അവർ രണ്ടു പേരും കയ്യുമായി സൈക്കിളിൽ പത്തു കിലോമീറ്റർ ദൂരെയുള്ള സൈനിക ആശുപത്രിയിലേക്ക് പോയി.
ഉച്ചഭക്ഷണം രുചികരവും ഗംഭീരവുമായിരുന്നു.
പൈലറ്റിന്റെ അറ്റു വീണ കയ്യിനെക്കുറിച്ചുള്ള ആഖ്യാനം ഒട്ടും സംഘർഷമില്ലാതെ, രസകരമായ ഒരോർമ എന്ന നിലയിലാണ് ആതിഥേയൻ പറഞ്ഞത്. സൈനികാശുപത്രിയിൽ ആ കൈ തുന്നിച്ചേർത്തുവോ എന്ന കാര്യത്തെക്കുറിച്ച് അയാൾക്കറിയില്ലായിരുന്നു. എന്തായാലും അന്നു മുതൽ പൈലറ്റ് പാരച്ച്യൂട്ടിൽ വന്നിറങ്ങിയ സ്ഥലം ‘അമേരിക്കൻ കൈ' നെൽപ്പാടം എന്നാണ് ഗ്രാമീണർക്കിടയിൽ അറിയപ്പെടുന്നത്.
അന്നുച്ച കഴിഞ്ഞ് അയാൾ ഞങ്ങളെ ആ പാടത്തേക്ക് നയിച്ചു. നെല്ലിന് മഞ്ഞ നിറമായിത്തുടങ്ങിയിരുന്നു, വിളവെടുപ്പ് വൈകാതെയുണ്ടാകും. പൈലറ്റ് വന്നിറങ്ങിയപ്പോൾ നെൽച്ചടികൾ ചവിട്ടി മെതിച്ച സ്ഥലത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല, ആതിഥേയന് ചൂണ്ടിക്കാണിക്കാനുമായില്ല.
ഞങ്ങളുടെ ആതിഥേയൻ പാരമ്പര്യ ചികിൽസകനാണ്. ഗ്രാമത്തെ, അല്ല ആ ജില്ലയെയാകെ ചികിൽസിക്കുന്നയാളാണ്. റെഡ് റിവർ ഡെൽറ്റ*യിലെ പ്രവിശ്യകളിലെല്ലാം അദ്ദേഹത്തിന്റെ ഖ്യാതി എത്തിയിട്ടുണ്ട്. തന്റെ വൈദ്യജ്ഞാനമുപയോഗിച്ച് വിയറ്റ്‌നാമീസ് വിശേഷ ലക്ഷണങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കാനും അദ്ദേഹത്തിനറിയാം. അത്തരമൊരു കാര്യത്തെക്കുറിച്ച് കഥയിൽ കുറച്ചു കഴിഞ്ഞ് പറയാം.
അമേരിക്കൻ പ്രൊഫസർക്ക് ഇതെല്ലാം വളരെ വിചിത്രമായാണ് തോന്നിയത്.
വടക്കുനിന്ന് തെക്കോട്ടുള്ള യാത്രയിൽ നിരവധി ബുദ്ധിജീവികളെ (നഗരങ്ങളിലും ഗ്രാമങ്ങളിലും കഴിയുന്നവർ) അദ്ദേഹം കണ്ടിരുന്നു.
അമേരിക്കക്കാരൻ എന്നു കേൾക്കുമ്പോൾ മുതൽ എല്ലാവരും അത്യധികം ആഹ്ളാദത്തോടെയാണ് പ്രൊഫസറോട് സംസാരിക്കുകയും ഇടപെടുകയും ചെയ്തിരുന്നത്. യാത്ര പുറപ്പെടുമ്പോൾ തനിക്കുണ്ടായിരുന്ന ധാരണ ആകെ അട്ടിമറിയുന്നത് അയാളിൽ അൽഭുതങ്ങളുണ്ടാക്കിയിരുന്നു. വിയറ്റ്നാമുകാരുടെ മനസ്സുകളിൽ അമേരിക്കയോട് അൽപ്പമെങ്കിലും വെറുപ്പ് ഇന്നും അവശേഷിക്കുന്നുണ്ടാകുമെന്നാണ് പ്രൊഫസർ കരുതിയത്.
എനിക്കുമിത് വിചിത്രമായിത്തന്നെയാണ് തോന്നാറ്. എന്റെ ഫ്രഞ്ച് സുഹൃത്തുക്കൾ വരികയും ഇതേപോലെ യാത്ര ചെയ്യുകയും എല്ലായിടത്തു നിന്നും സ്‌നേഹവും സൗഹൃദവും നേടുകയും ചെയ്യും. അമേരിക്കക്കാരുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഫ്രഞ്ച് കൊളോണിയൽ ശക്തി വിയറ്റ്നാമിൽ ഒരു നൂറ്റാണ്ടോളമുണ്ടായിരുന്നു. 1858 മുതൽ 1954 വരെ.
വടക്കു പടിഞ്ഞാറൻ വിയറ്റ്നാമിലെ വനപ്രദേശത്തോടു ചേർന്നുള്ള ദിയെൻ ബിയെൻ ഫു താഴ്വരയിൽ യുദ്ധത്തിൽ അവർ തോറ്റു.
ഇതിനെക്കുറിച്ചുള്ള ആലോചനക്കിടെ ഞാനും പ്രൊഫസറും ചില താരതമ്യങ്ങൾ നടത്തി. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയിൽ വന്നു, നന്നായി ചൂഷണം ചെയ്തു. ശേഷം പിൻവാങ്ങി. പക്ഷെ സ്ഥിരതയുള്ള ഒരു റിപ്പബ്ലിക്ക് അവർ അവശേഷിപ്പിച്ചു. വികസിച്ച റെയിൽവേ സംവിധാനവും ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര സമൂഹങ്ങളുമായി ബന്ധപ്പെടാനും അടുക്കാനുമായി ഇംഗ്ലീഷ് ഭാഷയും ലഭിച്ചു.
പക്ഷെ, ഫ്രഞ്ചുകാർ അങ്ങിനെയായിരുന്നില്ല.
അവർ മനുഷ്യാധ്വാനത്തെ ചൂഷണം ചെയ്തു, പ്രകൃതി വിഭവങ്ങൾ കൽക്കരി, റബർ, ഇരുമ്പ് തുടങ്ങിയവ ഈറ്റി. തുടർന്ന് രാജ്യം വിട്ടു. അമേരിക്കൻ സാമ്രാജ്യത്വം മടുപ്പിക്കുന്നതും വെറുപ്പിക്കുന്നതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ നഗരങ്ങളിൽ അവശേഷിപ്പിച്ചു. ഇന്നും പൂർണമായി നിർവീര്യമാക്കാത്ത മൈനുകളും ബോംബുകളും ഗ്രാമങ്ങളിലും ബാക്കിയാക്കി. പ്രത്യേകിച്ചും മധ്യ വിയറ്റ്നാമിൽ. ഇങ്ങിനെ ചെയ്തിട്ട് അവർ മടങ്ങിപ്പോയി.
നമുക്കറിയാവുന്ന പോലെ അമേരിക്കയുടെ വിയറ്റ്നാമിലെ അധിനിവേശം 21 വർഷം നീണ്ടുനിന്നു. 1954 മുതൽ 1975 വരെ.
സംഗതികൾ ഇങ്ങിനെയാണെങ്കിലും ഇന്ന് ഫ്രഞ്ച്, അമേരിക്കൻ സഞ്ചാരികളെ കാണുമ്പോൾ വിയറ്റ്‌നാംകാർ സന്തോഷത്തോടെ സ്വീകരിക്കുന്നു, വരവേൽക്കുന്നു. ഫ്രഞ്ച് സ്വാധീനം ഇന്നും അവിടെയവിടെയായി കാണാൻ കഴിയും. ഫ്രഞ്ച് ശൈലിയിലുള്ള വില്ലകളും ഫ്രഞ്ച് ക്വാർട്ടറുകൾ എന്നു വിളിക്കപ്പെടുന്ന സ്ഥലങ്ങളും ഇപ്പോഴുമുണ്ട്. അതുപോലെ പ്രാതലിനൊപ്പം കാപ്പി കുടിക്കുന്ന ശീലം ഫ്രഞ്ച് സ്വാധീനത്തിൽ നിന്ന് വന്നിട്ടുള്ളതാണ്. അതിപ്പോൾ വിയറ്റ്‌നാമിൽ വ്യാപകവുമാണ്. അമേരിക്കൻ സ്വാധീനങ്ങളുമുണ്ട്. തുറന്ന മനസ്സും നേരെ വാ നേരെ പോ മട്ടും വന്നത് പുതിയൊരു പ്രദേശത്തു നിന്നാണ്, അമേരിക്കയിൽ നിന്ന്.
എല്ലാം ശരി തന്നെ. പക്ഷെ ഭൂതകാലത്തെ വിയറ്റ്‌നാംകാർ അങ്ങനെ എളുപ്പത്തിൽ വിസ്മരിക്കാൻ പാടുണ്ടോ? തങ്ങളുടെ ശത്രുക്കൾ ആരായിരുന്നുവെന്ന് അവർ മറന്നോ? കൊളോണിയൽ ശക്തികളുണ്ടാക്കിയ വെറുപ്പും സങ്കടങ്ങളും ഈ ജനത ഇത്ര എളുപ്പത്തിൽ തിരശ്ശീലക്ക് പിറകിലേക്കാക്കുകയാണോ?
താമരത്തടാകത്തിനരികെയിരുന്ന് കുടിക്കുമ്പോൾ ഞങ്ങൾ മൂവരും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. വിയറ്റ്നാമിൽ ബുദ്ധിസത്തിനുള്ള സ്വാധീനം മൂലമുള്ള സഹിഷ്ണുതയാകാം ഇതിനുള്ള കാരണങ്ങളിലൊന്ന് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തി. പൈശാചികതയെ അതു കൊണ്ടു തന്നെ നേരിട്ടാൽ അന്തിമ വിജയം പൈശാചികതക്കായിരിക്കും. മറിച്ച് നൻമ കൊണ്ട് നേരിട്ടാൽ പൈശാചികത പൂർണമായും ഉൻമൂലനം ചെയ്യപ്പെടും. ബുദ്ധിസത്തിന്റെ വേരുകൾ 2000 വർഷം മുമ്പു മുതൽ വിയറ്റ്നാമിലുണ്ട്.
ചികിത്സകനായ ഞങ്ങളുടെ ആതിഥേയൻ പറഞ്ഞു: സ്വീകരിക്കുകയും ദത്തെടുക്കുകയും ചെയ്യുന്ന ഈ ജനതയുടെ സ്വഭാവമാണ് ഇതിൽ പ്രധാനം. സ്വീകരിക്കുക എന്നത് ജീവിതത്തെ ലളിതവും സംഘർഷരഹിതവുമാക്കുന്നു. പ്രകൃതിയുടെ സ്വയം തെരഞ്ഞെടുക്കൽ നിയമം പോലെ. മനഃപൂർവ്വമോ ബോധപൂർവ്വമോ അല്ലാതെ ഈ ജനത പാരമ്പര്യ വൈദ്യത്തിന്റെ തത്വശാസ്ത്രം തങ്ങളിലേക്ക് ആവാഹിച്ചിട്ടുണ്ട്. ഒന്നിനോടുള്ള സ്ഥിരമായ വെറുപ്പ് രോഗത്തിലേക്ക് നയിക്കും. 18-ാം നൂറ്റാണ്ടിലെ വിഖ്യാത ചികിൽസകൻ ഹായ് തൗങ് ലാൻ ഓങ് പറഞ്ഞു: അത്യധികമായ സന്തോഷം ഹൃദയത്തെ ബാധിക്കും, വൻതോതിലുള്ള ഭയം വൃക്കയെ നശിപ്പിക്കും, നിയന്ത്രിക്കാൻ വയ്യാത്ത കോപം കരളിനെ തളർത്തും, എപ്പോഴുമുള്ള ആലോചന പ്ലീഹയേയും വയറിനേയും തകരാറിലാക്കും. വെറുപ്പിന്റെ കാര്യവും ഇങ്ങിനെത്തന്നെ. വൻ വെറുപ്പ് രോഗത്തെ പെറ്റു കൂട്ടും. അത് ഒരാളെ ഗുരുതര രോഗങ്ങളിലേക്ക്, മരണത്തിലേക്ക് പോലും നയിക്കും. നോക്കൂ, എപ്പോഴും വാദിച്ചു കൊണ്ടിരിക്കുന്ന, എല്ലാത്തിനേയും എല്ലാവരേയും വിമർശിക്കുന്ന ക്രൂരനായ ഒരു മനുഷ്യന്റെ കാര്യമെടുക്കൂ. അയാളുടെ ആന്തരികാവയങ്ങൾക്ക് തീർച്ചയായും ഗുരുതരമായ കേടുപാടുകളുണ്ടാവും. തന്റെ ഉള്ള് നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അയാൾ അറിയുന്നില്ല. കൂടുതൽ വൈകുന്നതിനു മുമ്പ് അയാളെ ചികിൽസിക്കുകയാണ് വേണ്ടത്.
വിയറ്റ്‌നാമുകാർ നിഷ്‌കളങ്കരാണ്, ഒപ്പം നല്ല പ്രായോഗിക ബുദ്ധിയുള്ളവരും. എന്തും സ്വീകരിക്കാൻ അവർക്കു കഴിയും. വെറുപ്പിനെ നിരാകരിക്കുമ്പോൾ ആരോഗ്യവും സന്തോഷവും അവർ നിലനിർത്തുന്നു, തിരിച്ചുപിടിക്കുന്നു. വെറുപ്പ് ഇല്ലാതാകുമ്പോൾ ഏതു നിക്ഷേപകനേയും സ്വീകരിക്കാനും ബിസിനസ് പങ്കാളികളെ ക്ഷണിക്കാനും അതുവഴി ജീവിത നിലവാരം ഉയർത്താനും സാധിക്കുന്നു. നിങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ തിരിച്ചു കിട്ടുന്നതും ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ മൈത്രിയിൽ കഴിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാകുന്നത് നിങ്ങൾ അനുഭവിക്കുകയും ചെയ്യും.
എന്റെ മറ്റൊരമേരിക്കൻ സുഹൃത്ത് നോവലിസ്റ്റാണ്.
യുദ്ധകാലത്ത് 18 മാസം അയാൾ വിയറ്റ്നാമിൽ അമേരിക്കൻ സൈനികനായിരുന്നു.
പിന്നീട് നാട്ടിൽ മടങ്ങിയെത്തിയശേഷം അയാൾ യുദ്ധത്തിനെതിരെ എഴുതി.
കുറേക്കാലം മുമ്പ് ഒരു അമേരിക്കൻ മുൻ (ഇപ്പോൾ നല്ല പ്രായമുണ്ട്) സൈനികൻ നോവലിസ്റ്റിനെ അയാളുടെ അനുഭവങ്ങൾ അറിയാനായി സമീപിച്ചു. ഏതാണ്ട് നാൽപ്പത് വർഷം മുമ്പ് വിയറ്റ്നാം പീപ്പിൾസ് ആർമിയിലെ ഒരു സൈനികനെ വെടിവെച്ചുകൊന്ന കാര്യം നോവലിസ്റ്റ് പറഞ്ഞു. അപ്രതീക്ഷിതമായി വിയറ്റ്‌നാം സൈനികൻ മുന്നിലെത്തിയപ്പോഴാണ് തനിക്ക് കൊലയാളിയാകേണ്ടി വന്നതെന്നും നോവലിസ്റ്റ് പറഞ്ഞു. മരിച്ച വിയറ്റ്നാം സൈനികന്റെ നോട്ട് പുസ്തകം പല വർഷങ്ങൾ സൂക്ഷിച്ചുവെച്ച കാര്യവും അയാൾ ഓർത്തെടുത്തു. അപ്പോൾ മുൻ സൈനികൻ ആ നോട്ട്ബുക്ക് പട്ടാളക്കാരെന്റ വിയറ്റ്നാമിലെ കുടുംബത്തെ തിരിച്ചേൽപ്പിക്കാനാവശ്യപ്പെട്ടു. വിയറ്റ്‌നാമിലെ സൈനികെന്റ കുടുംബത്തിനു വേണ്ടിയുള്ള തിരിച്ചിൽ, പഴയ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട സൈനികന്റെ അസ്ഥിക്കുവേണ്ടിയുള്ള തിരിച്ചിൽ, ഇതെല്ലാം അമേരിക്കൻ നോവലിസ്റ്റ് തന്റെ പുതിയ നോവലിൽ വിശദീകരിക്കുന്നുണ്ട്. ആദ്യം ഞങ്ങൾ, അതായത് നോവലിസ്റ്റിന്റെ ഇവിടെയുള്ള സുഹൃത്തുക്കൾ, മരിച്ച സൈനികന്റെ കുടുംബത്തെ കാണരുതെന്നാണ് ഉപദേശിച്ചത്. പകരം വിയറ്റ്‌നാമിലെ മുതിർന്ന സൈനികരുടെ സംഘടന വഴി നോട്ടുബുക്ക് കുടുംബത്തെ ഏൽപ്പിക്കാമെന്നാണ് നിർദേശിച്ചത്.
മകനെ കൊന്ന ശത്രു രാജ്യത്തിന്റെ സൈനികനോട് ആ കുടുംബം എങ്ങിനെയായിരിക്കും പെരുമാറുകയെന്ന് ആർക്കു പറയാനാവും? ഇതുവരേക്കും കൊലയാളി അജ്ഞാതനായിരുന്നുവല്ലോ. എന്തായാലും നോവലിസ്റ്റ് ആ കുടുംബത്തെ സന്ദർശിച്ചു. നോട്ടുബുക്ക് തിരിച്ചു കൊടുക്കാനെത്തിയയാളെന്ന നിലയിൽ പെരുമാറിയാൽ പോലും അയാളുടെ സാന്നിധ്യം ആ കുടുംബത്തെ വേദനിപ്പിക്കുമെന്നതിൽ ഒരു സംശയവുമില്ല.
പക്ഷെ, ചിലപ്പോൾ യഥാർഥ ജീവിത കഥകൾ നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യും. നോവലിസ്റ്റ് താൻ വധിച്ച സൈനികെന്റ നോട്ട്പുസ്തകം ആ വീട്ടിൽ കൊണ്ടുപോയി കൊടുത്തു. മൂന്നു വർഷത്തിനുശേഷം നോട്ടുബുക്ക് തിരിച്ചേൽപ്പിക്കാൻ നിർദേശിച്ച മുൻ സൈനികനുമായി ആ വീട് സന്ദർശിച്ചു. കൊലയാളിയെ ആ വീട്ടുകാർ സ്വാഗതം ചെയ്തു. അതിനുശേഷം കുടുംബാംഗങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടുമായി 3000 കിലോമീറ്റർ വരുന്ന, തേ നുഗ്യെൻ മലനാട്ടിലേക്ക് ഒരു യാത്ര നടത്തി. മരിച്ച സൈനികെന്റ മൃതദേഹം അടക്കിയ സ്ഥലത്തു നിന്ന് ജന്മഗ്രാമത്തിലേക്ക് അസ്ഥികൾ കൊണ്ടുവരാനായിരുന്നു ആ യാത്ര. അസ്ഥികളുമായി മടങ്ങി വന്നപ്പോൾ ഗ്രാമത്തിലുള്ളവർ തലയിൽ വെളുത്ത റിബ്ബണുകൾ കെട്ടി വിലപിക്കാൻ തുടങ്ങി, ഇന്നലെ മരിച്ചയാളെ അടക്കാൻ കൊണ്ടുപോകുന്നതിന് സമാനമായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. കൊല്ലപ്പെട്ട സൈനികന്റെ ഭാര്യയും (അവർ പിന്നീട് വേറെ വിവാഹം കഴിച്ചിരുന്നു, സൈനികൻ യുദ്ധത്തിന് പോകുന്നതിന് നാലുദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം, പിന്നെ തിരിച്ചു വന്നതുമില്ല) ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. സൈനികെന്റ കുടുംബം അയാളുടെ ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഈ ചടങ്ങ് നടക്കുന്നതുവരെ അവളുമായി കുടുംബാംഗങ്ങൾ ഒരിക്കൽ പോലും സംസാരിക്കുക പോലുമുണ്ടായിട്ടില്ല. സൈനികൻ വളരെ ദൂരെയുള്ള റെജിമെന്റിലേക്ക് പോയപ്പോൾ അയാളെ അവിടെ ചെന്നു കാണാൻ കുടുംബാംഗങ്ങൾ ഭാര്യയെ നിർബന്ധിച്ചിരുന്നു. അവൾ ഗർഭിണിയാകട്ടെ എന്ന ഉദ്ദേശത്തോടെയായിരുന്നു അത്. ഭർത്താവിനെ പോയിക്കാണാൻ അവളെ അവരെല്ലാവരും ആവർത്തിച്ച് പ്രേരിപ്പിച്ചിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സൈനികെന്റ ചോരയിലുള്ള ഒരു കുഞ്ഞ് അവന്റെ ഓർമക്കായി തങ്ങളുടെ കുടുംബത്തിൽ വളരുമായിരുന്നുവല്ലോ എന്നായിരുന്നു കുടുംബാംഗങ്ങൾ വിചാരിച്ചിരുന്നത്. അയാളുടെ മരണത്തോടെ ഈ തോന്നൽ കുടുംബത്തിൽ വളരെ ശകതമാവുകയും ചെയ്തു.
ഇപ്പോൾ 60 വയസ്സിനു മേൽ പ്രായമുള്ള ആ സ്ത്രീയുമായി അമേരിക്കൻ നോവലിസ്റ്റ് സംസാരിച്ചിരുന്നു. അവൾക്കും കാമുകനും 18 വയസ്സുള്ളപ്പോഴാണ് അവർ വിവാഹിതരായത്. രണ്ടോ മൂന്നോ തവണ മാത്രമേ വിവാഹത്തിനു മുൻപ് അവർ തനിച്ച് നേരിൽ കണ്ടിരുന്നുള്ളൂ. ഒരിക്കൽ ഗ്രാമത്തിലെ ക്ഷേത്രത്തിനു പിന്നിൽ വെച്ച് രണ്ടുപേരും ചുംബിച്ചു. അതാരോ കണ്ടു. അപവാദപ്രചാരണം എല്ലായിടത്തുമെത്തി. കഥ പത്തും നൂറും മടങ്ങായി വർധിച്ചു കൊണ്ടിരുന്നു. ബെല്ലടിക്കുന്നതിനു മുൻപ് ഭക്ഷണം കഴിച്ചവരാണ് ഇരുവരും, അതായത് വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിലേർപ്പെട്ടവരാണെന്നും അതിനാൽ വിവാഹിതരാവുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നും ഗ്രാമം വിധിയെഴുതി. അങ്ങിനെയാണ് താനന്ന് വിവാഹിതയായതെന്ന് അവർ പറഞ്ഞു. കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ സൈനികനുള്ള റെജിമെൻറ് വടക്കൻ സമതലത്തിലേക്ക് നീങ്ങിയതായി കുടുംബാംഗങ്ങൾ മനസ്സിലാക്കി.
സൈനികെന്റ ഭാര്യയുടെ ഒരു സുഹൃത്ത് അവളുടെ ഭർത്താവിനെ കാണാൻ ആ പ്രദേശത്ത് പോയി മടങ്ങിവന്ന് അവളോട് പറഞ്ഞു, അത് സന്തോഷകമരായ ആഭാസമാണെന്ന്. ഈ യുവതി തന്റെ ഭർത്താവിനെ കാണാൻ 80 കിലോമീറ്റർ സൈക്കിളോടിച്ചാണ് പോയത്. റെജിമെന്റിൽ സ്ഥിരമല്ലാത്ത തുണിത്തമ്പ് ഗസ്റ്റ് ഹൗസാണുണ്ടായിരുന്നത്. അതിൽ സൈനികരെ കാണാൻ വരുന്ന ഭാര്യമാരാണ് താമസിച്ചിരുന്നത്, മറ്റ് ആരും അതിഥികളായുണ്ടാവില്ല. അങ്ങനെ വരുന്നവർ 30 വയസ്സിനു മേൽ പ്രായമുള്ള, ശാരീരികമായി ബന്ധപ്പെടുന്നതിൽ പരിചയമുള്ളവരായിരുന്നു. ദമ്പതികൾക്ക് ഒരു മുറി കൊടുക്കും. രാത്രി ഭർത്താക്കൻമാർ ഒരവസരം കിട്ടാനായി വരും, അതെ ഒരവസരം കിട്ടാൻ! അതായിരുന്നു യുദ്ധകാലത്തെ സൈനികരുടെ ഭാഷ.
കന്യകനായ ഒരു പതിനെട്ടുകാരൻ അർധരാത്രി സംശയത്തോടെ ഭാര്യയുള്ള മുറിയിൽ മുട്ടി, എങ്ങനെയാണ് ഇതു ചെയ്യുക എന്ന് ഭാര്യയോട് ചോദിക്കുന്നു. മറ്റൊരു മുറിയിൽ രണ്ടു പെൺകുട്ടികളുള്ള നമ്മുടെ കുടുംബത്തിന് ഒരാൺകുട്ടി വേണ്ടേ എന്ന് പുരുഷൻ ചോദിക്കുന്നു. മുറികൾ എന്നു പറയുന്നത് എപ്പോൾ വേണമെങ്കിലും മാറ്റാവുന്ന തമ്പുകളാണ്.
ഇത്തരം കഥകൾ കേട്ടപ്പോൾ സൈനികന്റെ ഭാര്യ ആകെ പരിഭ്രാന്തയായി.
നിരനിരയായുള്ള ഗസ്റ്റ് ഹൗസ് മുറികളിൽ രാത്രി മുഴുവൻ കട്ടിലുകൾ കരയുകയും ഞരങ്ങുകയും ചെയ്യുന്ന ശബ്ദമാണെന്ന് കൂട്ടുകാരി പറഞ്ഞതോടെ നാണവും ഭയവും ലജ്ജയും അവളെ പൊതിഞ്ഞു. 18 വയസ്സുകാരിയായ താൻ റെജിമെന്റിൽ ചെല്ലുന്നത് ഗർഭിണിയാകാൻ വേണ്ടി മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കും. പക്ഷെ, അതിൽ ലജ്ജിക്കാനൊന്നുമുണ്ടായിരുന്നില്ല, ഭർത്താവിൽ നിന്ന് ഗർഭമുണ്ടാകുന്നതിൽ എന്താണു കുഴപ്പം? എങ്കിലും പുതുസോഷ്യലിസ കാലത്ത് ആ യുവതിക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പരിഭ്രാന്തി മൂലം സാധിച്ചില്ല. അവൾ മനസ്സിൽ പറഞ്ഞു, അവനുടനെ വീട്ടിൽ വരും, അപ്പോൾ ഒരവസരം കിട്ടുമല്ലോ. പിന്നെ കുഞ്ഞുണ്ടാകാൻ ധാരാളം അവസരങ്ങളും കിട്ടുമല്ലോ.
പക്ഷെ, ഒരവസരം കിട്ടാനുള്ള സമയം അവനുണ്ടായിരുന്നില്ല. ദൂരേക്കു ദൂരേക്കു പോയി. അവളുടെ തീരുമാനത്തെ 40 വർഷം സൈനികെന്റ കുടുംബം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. നിന്ദിച്ചു, ശകാരിച്ചു, അധിക്ഷേപിച്ചു.
അമേരിക്കൻ നോവലിസ്റ്റ് ഈ കാര്യങ്ങൾ മരിച്ച സൈനികന്റെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും പറഞ്ഞു. അങ്ങനെ അസ്ഥികൾ സംസ്‌ക്കരിക്കുന്ന ദിവസത്തെ ഭക്ഷണം അനുരനത്തിന്റെ ഭക്ഷണമായി മാറി. സൈനികെന്റ സഹോദരൻമാരിൽ ഒരാൾ ഒരു കവിതാവരി ഉദ്ധരിച്ച് പറഞ്ഞു: **മരുമകളേ നിങ്ങളെക്കുറിച്ച് കൂടുതൽ ആലോചിക്കുമ്പോൾ ദുഃഖവും ഖേദവും കൂടിക്കൂടി വരുന്നു. സഹോദരങ്ങൾ അവളെ വിളിച്ചു: നിങ്ങൾ കുടിക്കില്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും സഹോദരന്റെ ആത്മാവിനും ഞങ്ങൾക്കും വേണ്ടി പാനോപചാരത്തിന്റെ ഭാഗമായി ഗ്ലാസ് ഉയർത്തിപ്പിടിക്കുക. ചവർപ്പുള്ള വീഞ്ഞിനെ മധുരമുള്ളതാക്കുക, പ്രിയപ്പെട്ട മരുമകളേ...
അങ്ങനെ കഥ ശുഭമായി അവസാനിച്ചു.
പക്ഷെ കുറച്ചു നാൾ കഴിഞ്ഞും അമേരിക്കൻ നോവലിസ്റ്റ് ഈ സന്ദർഭത്തെക്കുറിച്ചാലോചിച്ചു നോക്കി. എന്തുകൊണ്ട് തങ്ങളുടെ മകനെ, സഹോദരനെ കൊന്നവന് ആ കുടുംബം മാപ്പു നൽകി? അതേ കുടുംബത്തിന് സൈനികന്റെ ഭാര്യയോടുള്ള കോപം ദശകങ്ങളായി നിയന്ത്രിക്കാനും കഴിഞ്ഞില്ല, എന്തുകൊണ്ട്?
നാട്ടുകാരനോട്/കാരിയോട് പൊറുക്കാൻ കഴിയാതിരിക്കുക, വിദേശിക്ക് പൊറുത്തു കൊടുക്കുക. അമേരിക്കയിൽ പോയി സ്ഥിരതാമസമാക്കിയ രണ്ട് വിയറ്റ്‌നാംകാരുണ്ട്. അവരിന്നും പരസ്പരം കാണാൻ തയ്യാറല്ല. വിരോധാഭാസമെന്താണെന്നുവെച്ചാൽ രണ്ടുപേരും അമേരിക്കൻ നോവലിസ്റ്റിന്റെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ കാര്യത്തിൽ മധ്യസ്ഥം വഹിക്കാൻ ശ്രമിക്കുന്നത് അമേരിക്കൻ നോവലിസ്റ്റാണ്.
ഇത്തരത്തിൽ ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത മനുഷ്യ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് കോളനികളിലും പഴയ യുദ്ധഭൂമികളിലും കൊളോണിയൽ ശക്തികൾ യഥാർഥത്തിൽ അവശേഷിപ്പിക്കുന്നത്. ▮
കുറിപ്പുകൾ *വടക്കൻ വിയറ്റ്‌നാമിലെ തായ്ബിൻ നദിയുമായി ലയിക്കുന്ന ചുവന്ന നദിയും അതിന്റെ കൈവഴികളും ചേർന്ന് രൂപം കൊണ്ട സമതലമാണ് ഹോങ് റിവർ ഡെൽറ്റ എന്ന റെഡ് റിവർ ഡെൽറ്റ. ** .യുദ്ധകാലത്ത് വുയോങ് ടോങ് എഴുതിയ കവിത: മരുമകളേ, കൂടുതലാലോചിക്കുമ്പോൾ എനിക്ക് കൂടുതൽ ദുഃഖം വരുന്നു. ആ സായാത്തിൽ വീട്ടിലെ അരി മുഴുവനും തീർന്നിരുന്നു അമ്മ രോഗക്കിടക്കയിലുമായിരുന്നു.