ശ്രമകരമായിരുന്നു അത്.
ഒരു ആഭിചാരത്തിനെന്നപോലെ കിടക്കവിരി ചുളുവുകളില്ലാതെ കിടന്നു. എ.സിയുടെ തണുത്ത തലോടലിൽ ശരീരം രോമങ്ങളെണീറ്റ് ജാഗരൂകമായി. അവളയാളെ സാവധാനം കഷണങ്ങളാക്കി.
അലമാരയിൽനിന്നാണ് സർജിക്കൽ ബ്ലെയ്ഡുകൾ കിട്ടിയത്. എന്തൊരു കൃത്യതയുള്ള ഉപകരണം! അറപ്പേതുമില്ലാതെ അവൾ ഒരു ഇറച്ചിത്തുണ്ട് കയ്യിലെടുത്തു. എപ്പോഴും രൂപം മാറാവുന്ന ഒരു പട്ടുന്നൂൽപുഴു പോലെ അവൾക്കതിൽ കൗതുകം തോന്നി. ക്ലാസിൽ സെറികൾച്ചർ പഠിപ്പിച്ച രാമൻകുട്ടിമാഷിനെ ഓർത്തു. മേശയ്ക്കുമറവിലിരുന്ന് മാഷെപ്പോഴും തുടകൾക്കിടയിൽ കൈവച്ച് കണ്ണുകളടച്ച് ധ്യാനിക്കും. മാഷ് സെറിമണിക്കൾച്ചർ സ്വയം പഠിക്കുകയാണെന്ന് അന്നേതോ പയ്യൻ അടക്കം പറഞ്ഞിരുന്നു. അന്ന് അടക്കിവച്ച ചിരി അവൾ തുറന്നുവിട്ടു. തനിക്ക് ഇപ്പോഴും ചിരിക്കാനറിയാം എന്നത് അവളെ അത്ഭുതപ്പെടുത്തി. മുറിച്ചെടുത്തവയോരോന്നും വെറും മാംസത്തുണ്ടുകൾ മാത്രമാണെന്ന് വീണ്ടും വീണ്ടും ഉറപ്പുവരുത്തി, രൂപപരമായി അയാൾക്കുണ്ടായിരുന്ന മനുഷ്യക്കോലം പൂർണ്ണമായും നഷ്ടമായി എന്നുറപ്പായപ്പോൾ അവൾ എഴുന്നേറ്റു. കൈകൾ കഴുകി. കിടക്കയിൽ ചുവപ്പിന്റെ ചിത്രപ്പണി. ഫോണെവിടെ? ഒരു പാട്ട് കേട്ടാലോ?
▮
ആൾക്കൂട്ടത്തിൽ പൊടുന്നനെ വേണ്ടപ്പെട്ടയാളുടെ കൈവിട്ട് ഒറ്റയ്ക്കായ കുഞ്ഞിനെപ്പോലെയാണ് ഇപ്പോൾ മനസ്സ്. ഏതേതോ കാൽമുട്ടുകളിൽ, ഏതേതോ കൈകളിൽ കുഞ്ഞ്, വിട്ടുപോയ കൈ തിരയുന്നു. വന്യമായൊരു ഒറ്റപ്പെടലാണത്. കൈയ്യിൽ മുറുകെപ്പിടിച്ച് ആളുണ്ടായിരുന്നപ്പോഴൊക്കെ കൊതിച്ചതാണ് ഈ ഒറ്റയാവൽ. കുതറിയോടൽ. എന്നിട്ടും ഇപ്പോഴത് ഭയാനകമാകുന്നു.
കല്യാണത്തിനും വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. ആൾക്കൂട്ടം വാസ്തവത്തിൽ കൂട്ടമേയല്ല. അതൊരു തെറ്റായ പ്രയോഗമാണ്. അവിടെ കൂട്ടോ കൂട്ടമോ ഇല്ല. കൂട്ടില്ലാത്തവരുടെ ചിതറലാണത്. ഒറ്റയാവലുകളുടെ പറുദീസ. ചിതറിയ ചിലരെ ആൾക്കൂട്ടമെന്ന് തെറ്റായി വിളിക്കുന്നതാണ്. ഇതുവരെയും ചിതറാതെ പിടിച്ച ആ കൈകളെവിടെ?
മുട്ടിയും മുറിപ്പെട്ടും ഗോളിലേക്കെത്താത്ത പന്താകുന്നു കുഞ്ഞ്. പലതരം കാലുകളുടെ ലോകമാണിത്. കാലുകൾ മാത്രം. മുകളിലേക്ക് നോക്കിയാൽ മുഖമില്ലാത്ത മനുഷ്യരെ കാണാം. തള്ളി നിൽക്കുന്ന താടിയെല്ലുമാത്രമുള്ള ഇരുകാലികൾ. അക്ഷീണം അവരങ്ങനെ നടക്കുകയാണ്.
ശരിയ്ക്കും ജീവിതമെന്നത് ഈ നടത്തമാണോ? ഓർമകളുടെ കയറ്റിറക്കങ്ങൾ. ലക്ഷ്യമില്ലാത്ത ചിതറലുകൾ. കാറ്റുപിടിച്ച പറവ. ചിറകുകൾ തളർന്ന്, ഉറ്റവരോ ഉടയവരോ കൂട്ടില്ലാത്ത വഴിതെറ്റൽ. മേഘങ്ങളുടെ കുറുകൽ മാത്രം. അല്ല അമറൽ. ആകാശത്തോളം വളർന്ന താടിയെല്ലുകൾ ഒച്ചയുണ്ടാക്കുന്നു. ചിതറിയവർ ഒച്ചയിടുന്നതിൽ കൂട്ടമാകുന്നു. ജോഡി കൊള്ളാം. സദ്യ കൊള്ളാം. ആഭരണങ്ങൾ, ചെറുക്കൻ... കൊള്ളാം. ആൾക്കൂട്ടത്തിന്റെ തീർപ്പുകൾ. അതോ ആഹ്വാനങ്ങളോ?
കൊള്ളാം... കൊള്ളാം... കൊള്ളാം…
കൊല്ലാം... കൊല്ലാം... കൊല്ലാം…
പെണ്ണിനെ ഇറക്കൂ. സമയമായി. ഇനി അന്യന്റെ മുതലാണ്. വേഗം ഇറക്കൂ.
മരണത്തിന്റെ മനോഹരമായ ക്ഷണം പോലെ ചെങ്കുത്തായ ഇറക്കമാണ് മുന്നിൽ. ഇറക്കം. എല്ലാ കയറ്റങ്ങളും അനിവാര്യമായ ഇറക്കങ്ങളിലേക്കാണ്. ഭാരമില്ലാത്ത അനുഭവമാണത്. അപ്പൂപ്പൻതാടിപോലെ പറന്നിറങ്ങാവുന്ന ഇറക്കങ്ങൾ. ചിലത് ഭ്രമിപ്പിക്കുന്നതാണ്. താഴെ മഞ്ഞും മരങ്ങളും അവ്യക്തമായ ഒരു ചിത്രം വരയ്ക്കുന്നു. അല്ല. പട്ടുമെത്തയാണത്. ശരിയ്ക്കും മെത്ത. വീണുറങ്ങാൻ ആരും കൊതിക്കുന്ന മടിത്തട്ട്. ചെവിയോർത്താൽ അമ്മ വിളിക്കുന്നതുപോലെ ഒരു മൂളക്കം കേൾക്കാം. ചെവികളുണ്ടായാൽ പോര, ചെവികൊണ്ട് ഓർക്കുകയും വേണം. എല്ലാ ഇന്ദ്രിയങ്ങളും ഓർക്കാനുള്ളതാണ്. ഓർമ മാത്രമാണ് ജീവിതം.
ദാ ഇറങ്ങി അച്ഛാ.
▮
കണ്ണാടിയിലെ തന്റെ രൂപം അവൾക്ക് കുട്ടികൾ കുത്തിവരച്ച ഒരു ചിത്രംപോലെ തോന്നി. ഏറ്റവും ഒടുവിലെ ആറുമാസക്കാലം ജീവിതത്തിൽനിന്ന് മായ്ച്ചുകളയാൻ പറ്റിയെങ്കിലെന്ന് അവൾ കണ്ണാടിയിൽ സാരിത്തലപ്പുകൊണ്ട് വെറുതെ തുടച്ചു. രൂപത്തെ ആകെയൊന്നിളക്കിയശേഷം കണ്ണാടി നിർവികാരതയുടെ തപസ്സു തുടർന്നു. അവൾ അയാളുടെ ശീതീകരിച്ച മുറിയിലേക്ക് കടന്നു. ഒരു ബലിപീഠത്തിന്റെ നിസ്സംഗതയോടെ വീതിയേറിയ കട്ടിൽ അവൾക്കുമുമ്പിൽ വെറുങ്ങലിച്ച് കിടന്നു.
പൊടുന്നനെ ഏതോ ഓർമയിൽനിന്ന് രണ്ടു കരുത്തുള്ള കൈകൾ അവളെ കട്ടിലിലേക്ക് ചുഴറ്റിയെറിഞ്ഞു. ബലമുള്ള കയ്യുകൾ. എവിടേയും ക്ഷമിക്കാനോ കാത്തിരിക്കാനോ തയ്യാറല്ലാത്ത അതിവേഗ ചലനങ്ങൾ. മൂർച്ചയുള്ള, ചൂടുള്ള വിരലുകൾ. അരക്കെട്ടിൽനിന്ന് എത്ര അനായാസമാണ് ലെഗ്ഗിനും ജെട്ടിയും ഒരേസമയം ആ കൈകളിലേക്കും ശേഷം മുറിയുടെ മൂലയിലേക്കും ചുരുണ്ടുകൂടുന്നത്! നാണം മറയ്ക്കാൻ ഏതോ അബോധത്തിൽ ഓടിക്കൂടിയ തന്റെ കൈകൾ അയാളുടെ വിരലുകളിൽ ഞെരിഞ്ഞമരുന്നു. ഹൊ! എന്തൊരു വേദനയാണ്. അയാളുടെ കൈകൾ പ്രത്യേകമായ ഒരു താളത്തിൽ വെളിച്ചങ്ങളെ മുറിക്കുപുറത്താക്കുന്നു. മൊബൈലിലെ ഫ്ലാഷ് വെളിച്ചം അയാൾക്ക് എളുപ്പം വഴങ്ങുന്ന സെർച്ച് ലൈറ്റാകുന്നു. എന്താണവിടെ അയാൾ പരതുന്നത്? കാലുകൾ അനക്കാനാവുന്നില്ലല്ലോ. സകലശക്തിയുമെടുത്ത് ഒന്നു കുതറാൻ ശ്രമിച്ചു. ഇല്ല. അനങ്ങാൻ കഴിയുന്നില്ല. കണ്ണുകളിൽനിന്ന് ഏതോ അണകൾപൊട്ടി വിശുദ്ധമായ ജലമൊഴുകുന്നു. തൊണ്ടയിൽനിന്ന് ഒച്ചകളൊക്കെയും പറന്നകന്നിരിക്കുന്നു. ഏതോ ഇഴജന്തു തുടകൾക്കിടയിൽ അതിന്റെ ഇര തേടിത്തുടങ്ങുന്നു.
പെട്ടന്ന് തൊണ്ടക്കുഴിയിൽനിന്ന് ചിറകൊടിഞ്ഞ പുരാതനമായ ഏതോ ഒരൊച്ച പറന്നുയർന്നു. യോനിയിലേക്ക് മൂർച്ചയുള്ള എന്തോ തറഞ്ഞുകയറുകയാണ്. ഉള്ളിലെവിടെയൊക്കെയോ മുറിയുന്നുണ്ട്. അവന്റെ വിരലാണോ അത്! വെട്ടാത്ത നഖമുള്ള വിരൽ. അത് അകത്തൊരു വൃത്തം വരയ്ക്കുന്നു. അല്ല, എന്തോ തിരയുന്നു. അല്ലല്ല, അത് കുഴിച്ചെടുക്കുകയാണ്. ഉയർന്നും താണും ആയുധം ഏതുനിമിഷവും അതിന്റെ നിധി കണ്ടെത്തുമായിരിക്കും. നടു ഉയർന്നുപൊങ്ങാൻമാത്രം കനച്ച വേദനയാണ്. പക്ഷെ അവന്റെ കാൽമുട്ടുകൾ വയറിനുമുകളിൽ അമർന്നിരിക്കുന്നുണ്ട്. വേദനയാണ് ആകെ. വേദനമാത്രമാണ്. ശരീരത്തിനു മാത്രമാണോ..?
അമ്മയുടെ ചിലമ്പിച്ച ഒച്ച ചെവിയിൽ.
അന്തസ്സ് കളയരുത്, ഒരിക്കലും. നമുക്ക് പണമില്ല. ശരിയാണ്. നമ്മുടെ ജാതി താണതാണ്. ശരിയാണ്. നമ്മളെ ആരും പരിഗണിക്കുകയില്ല. ശരിയാണ്. പക്ഷെ നമ്മളും മനുഷ്യരാണ്. നമുക്കും അന്തസ്സുണ്ട്. അത് കളയരുത്. ആരുടെ മുമ്പിലും.
അത് പറയുമ്പോൾ അമ്മ മോർച്ചറിയിലേക്കുള്ള വഴിയിലാണ്. മരിക്കുംമുമ്പ് മോർച്ചറി കാണണമെന്ന് അമ്മ പറഞ്ഞു. താങ്ങിപ്പിടിച്ചാൽ നടക്കാം എന്ന നിലയായിരുന്നു അന്ന്. കാൻസർവാർഡും മോർച്ചറിയും അടുത്തടുത്താണ്. എന്തൊരു ദീർഘവീക്ഷണമുള്ള എൻജിനീയറിങ്ങാണ്. ഇടയ്ക്കൊരു ചെറിയ റോഡുമാത്രം. അമ്മയുടെ തൊട്ടടുത്ത കിടക്ക ഇന്നലെ രാത്രിയാണ് ഒഴിഞ്ഞത്. പുലർന്നപ്പോൾ കട്ടിലിൽ വേറെ രോഗിയെത്തി. അമ്മ ചോദിച്ചു. അവിടെ കിടന്ന ആളെവിടെ? ആരോ മറുപടി പറഞ്ഞു. അടുത്ത ബിൽഡിങ്ങിലേക്ക് മാറി. അമ്മ ഒന്നും മിണ്ടിയില്ല. കുറേ കഴിഞ്ഞാണ് പറഞ്ഞത്. എനിക്ക് ജീവനോടെ ആ ബിൽഡിങ്ങൊന്നു കാണണം.
ഇടയ്ക്കുള്ള ആ ചെറിയ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അന്തസ്സിനെക്കുറിച്ച് അമ്മ പറഞ്ഞത്. പൊടുന്നനെ ഓർമ്മ വന്നതുപോലെ. അച്ഛനെപ്പോലെ തലയിൽ കരിങ്കല്ലുചുമന്ന് ഒരാൾ അതുവഴി നടന്നുപോയി. മോർച്ചറി വീണ്ടും വലുപ്പം കൂട്ടുകയാണ്. ജീവിക്കാനായി കുറേ മനുഷ്യർ തിരക്കിട്ട് പണികൾ ചെയ്യുന്നു. അച്ഛനെ ഓർത്തതുകൊണ്ടാവുമോ അമ്മ അങ്ങനെ പറഞ്ഞത്? അമ്മയ്ക്കുവേണ്ടി അച്ഛൻ സഹിച്ചതൊക്കെ കരിങ്കല്ലിന്റെ രൂപകത്തിൽ അമ്മയിലപ്പോൾ ഒരു കെട്ടിടമായി ഉയർന്നുകാണുമോ? അമ്മയ്ക്ക് തെറ്റിയതാണ്. നമ്മൾ മനുഷ്യരല്ല അമ്മാ. മനുഷ്യക്കോലമേ ഉള്ളൂ. പിന്നെന്ത് അന്തസ്സാണ്!
അവൻ തിരച്ചിൽ മതിയാക്കി എണീറ്റിരുന്നു. ഭാര്യ പരിശുദ്ധയാണെന്ന് ബോധ്യപ്പെട്ടൊ? എന്തോ സന്തോഷമുണ്ട് ചലനങ്ങളിൽ. ചില ഒച്ചകൾ. അതോ അമറലോ? ഏതോ പഴക്കമുള്ള വന്യജന്തുവിന്റെ ഒച്ച.
ഒന്നരമാസം ഇൻഫെക്ഷന് മരുന്നുകഴിക്കേണ്ടി വന്നു. മൂത്രം ചുവന്നൊഴുകിയ കാലം. അവൻ ഫോണിലൂടെ ആരോടോ പറയുന്നത് കേട്ടു. ഇൻഫെക്ഷനുണ്ട്. അയ്യോ... എന്നെ സംശയിക്കല്ലേ. ഇത് മുമ്പേ ഉണ്ടായിരുന്നതാ. വെള്ളം കുടിക്കാഞ്ഞിട്ടാ. ചൂടുള്ള കാലമല്ലേ. എനിക്കിതിൽ യാതൊരു പങ്കുമില്ല കേട്ടോ... പിന്നെയും എന്തൊക്കൊയൊ പറഞ്ഞുള്ള ചിരികൾ. ബാത്‌റൂമിൽനിന്ന് എണിറ്റ് നില്ക്കുകയാണ് അപ്പോൾ. തല കറങ്ങുന്നതുപോലെ. ക്ലോസറ്റിൽ ചുവപ്പു കലർന്ന വെള്ളം. ഫ്ലെഷിൽ കൈയ്യമർത്തി അത് കലങ്ങിത്താഴുന്നത് നോക്കിനിന്നു.
എന്നായിരുന്നു എല്ലാ വസ്ത്രങ്ങളും ക്രൂരമായി പറിച്ചെറിഞ്ഞ് അവിടുത്തെ രുചി നോക്കാൻ ആ ജന്തു നായയെപ്പോലെ അണച്ചുവന്നത്? കാലുകൾ കൂട്ടാനോ എണീക്കാനോ എത്രവട്ടം നോക്കിയതാണ്. അടങ്ങിക്കിടക്കെടി കഴുവേർടെ മോളെ. അമറൽ. അച്ഛന്റെ മുഖം മനസ്സിലേക്ക് വന്നു. ചിരിക്കുകയാണ്. എല്ലാവരേയും ചിരിച്ചു സ്വീകരിക്കുകയാണ്. വരൂ... ഇരിക്കണേ. കഴിച്ചിട്ടേ പോകാവൂ. തെരക്കാണ് അച്ഛന്. ആളുകൾ വന്നുംപോയുമിരിക്കുന്നു. മരുമകനെന്താ ജോലി? ഏതോ വൃദ്ധൻ അച്ഛന്റെ കൈപിടിച്ച് ചോദിക്കുന്നു. വലിയ ജോലിയാ. മെഡിക്കൽ ഫീൽഡാ. ജോലിടെ പേരൊന്നും വായിലൊതുങ്ങില്ല. പറഞ്ഞല്ലോ വലിയ ജോലിയാ. മാസം ഒന്നരലക്ഷം ഉറുപ്പിക ശമ്പളം. ഞങ്ങൾ അതൊന്നും നോക്കിയില്ല കേട്ടോ. നല്ല സ്വഭാവമാണോ എന്നേ നോക്കിയുള്ളൂ. അതല്ലേ പ്രധാനം. അച്ഛൻ ചിരിക്കുകയാണ്. അല്ല. അണപ്പാണ്. നാവുകൊണ്ട്, ചുണ്ടുകൊണ്ട്... ഇപ്പോൾ മരിച്ചുപോയെങ്കിൽ. അമ്മാ. എന്നെക്കൂടി... പെണ്ണുങ്ങൾക്ക് ഏതുനിമിഷവും മരിക്കാനെങ്കിലും കഴിയണം. അതിനുകൂടി പറ്റാതായാൽ... അടുത്ത വീട്ടിലെ സീനത്താന്റെ ഉമ്മ പറയാറുള്ളതാണ്. കിടപ്പിലായശേഷം അവർ എന്നും മരണം കൊതിക്കുന്നു. നല്ല കാലത്തും അവരത് കൊതിച്ചിട്ടുണ്ടത്രേ. പതിനാലാം വയസ്സിലെ കല്യാണരാത്രി മുതൽ. എല്ലാ പെണ്ണുങ്ങളും ഒരിക്കലെങ്കിലും ഈയൊരു വരം കൊതിക്കും.
എത്ര രാത്രികളിലായാണ് അവന്റെ പര്യവേക്ഷണങ്ങൾ നടന്നത്. അതോ എല്ലാം ഒന്നിച്ചായിരുന്നോ. ഒന്നും വ്യക്തമായി ഓർക്കാനാവുന്നില്ല. കല്യാണം കഴിഞ്ഞിട്ട് ആറുമാസമായെന്ന് മിനിഞ്ഞാന്ന് അമ്മായിയമ്മ പറഞ്ഞു. അത്രയും ദിവസങ്ങളായി എന്നകാര്യം അപ്പോൾമാത്രം ഓർത്തു. ഒന്ന് അടങ്ങിയിട്ടുണ്ട് ഇപ്പോൾ. ഇടവേളകളുണ്ട്. ചില ദിവസങ്ങൾ ഉറങ്ങാൻ അനുവദിക്കുന്നു. ഭാഗ്യം. ഉറങ്ങാൻ പക്ഷെ കഴിയുന്നില്ല. വേദനയാണ്. നിറയെ വേദനകളാണ് ഇപ്പോൾ ജീവിതം. സ്വാസ്ഥ്യകാലം ഇനിയുണ്ടാവില്ല. ഒന്നും പഴയതുപോലെ ആകില്ല.
ഒരിക്കൽ ആരോടൊ വീഡിയോ കോളിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് വന്നത് ഓർക്കുന്നു. പുറത്ത് എത്ര മാന്യനായാണ് അഭിനയം! ഇത്തിരി ദേഷ്യക്കാരനാണ് എന്നുമാത്രം അമ്മായിയമ്മയ്ക്ക് വാത്സല്യം. പണമുണ്ടാക്കുന്ന മകനോട് ആരാധനയാണ് അവർക്ക്. കുടുംബക്കാർക്കെല്ലാം അതേ ഭാവം. അവന് അതിന്റെ അഹംഭാവം. ഫോണിൽ ഏതോ ഡോക്ടറാണ്. ഇംഗ്ലീഷോ മറ്റേതോ യൂറോപ്യൻ ഭാഷയോ ആണ് സംസാരിക്കുന്നത്. ഫോണിൽനോക്കി ചിരിച്ചു സംസാരിക്കുന്ന ആൾ അതേ ഭാവത്തിൽ കിടക്കയിലിരിക്കുന്ന എന്നെ തള്ളിക്കിടത്തുന്നു. ഒരു കൈകൊണ്ട് അനായാസം വസ്ത്രങ്ങൾ ഊരി എറിയുന്നു. മുഖത്ത് ചിരിയാണ്. ഡോക്ടറോടുള്ള കളിചിരികളാണ്. തുടകൾക്കിടയിലേക്ക് ഫോണിന്റെ ക്യാമറ അടുപ്പിക്കുന്നു. വിരലുകൊണ്ട് അകത്തിയും ചുഴറ്റിയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. എന്താണ് പറയുന്നതെന്ന് വ്യക്തമാവുന്നില്ല. ബെഡ്സിങ്ങ് സെറിമണി എന്ന വാക്ക് കേട്ടു. നിർത്താതെയുള്ള അശ്ലീലച്ചിരിയും. അന്ന് ക്യാമറകൊണ്ട് മുകളിലേക്കും വന്നു. മുലകളിൽ താളത്തിൽ എന്തോ തിരയുന്നു. ഞെട്ടിലൊരു കനപ്പെട്ട അമർത്തൽ. ഹൊ! പ്രാണൻ അങ്ങേയറ്റംവരെ മുഖംകാണിച്ച് തിരിച്ചുവന്നു. തെരഞ്ഞത് ക്യാൻസറിന്റെ സാധ്യതകളാത്രെ. അമ്മയുടെ രോഗം പാരമ്പര്യമായി വരാനിടയുണ്ട്. എന്നും പരിശോധിക്കണം. മുൻകൂട്ടി അറിഞ്ഞാൽ വേഗം സുഖപ്പെടുത്താം. പരിശോധിക്കാൻ സ്വന്തമായി ആളുണ്ടല്ലോ. ഭാഗ്യവതി. ചിരിയാണ്. ഭാഗ്യവതി! അതോ ഭഗമാത്രവതിയോ?
പുലർച്ചെ മൂന്നുമണിയ്ക്കാണ് മൃഗം ഉണരുക. അലാം വെച്ചതുപോലെ. വേദനകളിൽനിന്ന്, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അമ്മയുടെ കൈയിൽകിടന്ന് പതിയെ ഉറക്കത്തിലേക്ക് നീങ്ങിയിട്ടേ ഉണ്ടാകൂ. അപ്പോഴാണ് അരക്കെട്ടിൽ ആ കൈകൾ ഇഴഞ്ഞുതുടങ്ങുക. അമ്മയുടെ കൈകൾ പൊടുന്നനെ അപ്രത്യക്ഷമാകും. അരക്കെട്ടിൽനിന്ന് വസ്ത്രങ്ങൾ താഴേക്ക് അനുസരണയോടെ ഉരിഞ്ഞിറങ്ങും. പതിഞ്ഞ ശബ്ദത്തിൽ കെഞ്ചിനോക്കും. ഉറങ്ങണം... പ്ലീസ്... ഉടനെയെത്തും കരുതലിന്റെ മറുപടി. ഉറങ്ങിക്കോ. ഞാൻ ചെയ്തോളാം. നിന്റെ ഉറക്കം കളയണ്ട! പറഞ്ഞുതീരില്ല, ചെയ്ത്ത് തുടങ്ങിയിട്ടുണ്ടാവും. താഴെ ഖനനം. മുകളിൽ പരിശോധന. ക്യാൻസർ വരാൻ സാധ്യത കൂടുതലാണ്. പാരമ്പര്യം. പക്ഷെ റൊട്ടീൻ ചെക്കപ്പുണ്ടല്ലോ. പേടിക്കാനില്ല. എന്നും മൂന്നുമണിയ്ക്ക് ചെക്കപ്പുണ്ട്. പേടിക്കാനില്ല. ഏസിയുടെ മൂളൽ. അമ്മയുടെ അവസാന ദിവസങ്ങളിലെ ഉറക്കമാണ്. ഞെരങ്ങിക്കൊണ്ട്, വേദനിച്ചുകൊണ്ട് അമ്മ ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിൽ മുങ്ങാംകുഴിയിടുന്നു. മൂളലാണ്.
അമ്മാ...
ഉം…
വേദനയുണ്ടോ...
ഉം...
കുറഞ്ഞോ ഇപ്പോ...
ഉം...
അമ്മാ...
ഒന്നുറങ്ങട്ടെ അമ്മാ... ആ ജന്തു പോയി. വേദനിക്കുന്നു അമ്മാ... എന്നെ കൊണ്ടുപോവുമോ അമ്മടെകൂടെ... അമ്മാ...
മൂളുന്നുണ്ട്. എ.സിയുടെ മൂളലാണോ? അല്ല. ഭീകരമായ കൂർക്കംവലി. ജന്തു നിമിഷംവെച്ച് ഉറങ്ങിക്കഴിഞ്ഞു. ഏതോ ഹിംസ്രജീവി തൊട്ടടുത്ത് മുരണ്ടുറങ്ങുന്നു...
▮
എന്തുകൊണ്ട് ശബ്ദമുയരുന്നില്ല?
ഉച്ചത്തിൽ ഒച്ചയുണ്ടാക്കരുത് പെങ്കുട്ടികൾ.
കേൾവി ഉറച്ചതുമുതൽ പലമട്ടിൽ, പല കാലത്ത് മുഴങ്ങിക്കൊണ്ടിരുന്ന ശാസനയാണ്. അതായിരിക്കുമോ ഗഗനപാതകളിൽനിന്ന് വാക്കുകളുടെ പറവകളെ ആട്ടിയോടിക്കുന്നത്? ഇരുട്ടുമ്പോഴേക്ക് കൊടുംവേദനയുടെ കൂട്ടിലടക്കുന്നത്? ഒരാളെപ്പോലും പ്രതിരോധിക്കാനാവാത്തവിധം കൈകൾ ശോഷിച്ചതെന്തേ? ആരോടും പരാതി പറയാതെ, സഹനത്തിന്റെ ഈ മലകയറ്റം തെരഞ്ഞെടുക്കുന്നതെന്തേ? സോഷ്യൽ മീഡിയകളിലും മറ്റും നീതീഷേധങ്ങൾക്കെതിരെ പോസ്റ്റിട്ടിരുന്ന ആ യുവത്വം എവിടെയൊളിച്ചു? താലിച്ചെയിനിന്റെ അതിഗൂഡമായ ബന്ധനങ്ങളോ ഇതെല്ലാം? അതോ അച്ഛന്റെ അഭിമാനത്തോടെയുള്ള ചിരിയോ?
ആദ്യത്തെ അനുഭവം ചേച്ചിയോട് സൂചിപ്പിച്ചതാണ്. അവൾ ചിരിച്ചു. രണ്ടുവിവാഹത്തിന്റെ തഴമ്പുകളുള്ള വളിച്ച ചിരി. ഇതൊക്കെയാണ് എല്ലാടത്തും. കുറേ കഴിയുമ്പോൾ എല്ലാത്തിനോടും നമുക്ക് പൊരുത്തപ്പെടാൻ പറ്റും. അവളുടെ മുഖത്തപ്പോൾ നിർവികാരതയുടെ തിരയടിച്ചുകയറും. ആദ്യമൊക്കെ ഞാനും പതറിയതാണ്. വീട്ടിലൊക്കെ വിളിച്ച് പറഞ്ഞു. നിനക്ക് ഓർമിയില്ലേ വീട്ടിൽവന്നു നിന്നു കുറച്ചുദിവസം. ശരിയ്ക്കൊന്ന് ഉറങ്ങാൻ. വേദനകളുടെ കെട്ടികിടപ്പുകളെ ഒഴുക്കിവിടാൻ. നാലുദിവസം കഴിഞ്ഞില്ല, അച്ഛൻ പറഞ്ഞു. ഇങ്ങനെ നിൽക്കാൻ പറ്റില്ല. നിന്റെ വീട് ഇതല്ല. നീയിങ്ങനെ വന്നു നിന്നാൽ നാട്ടുകാർ എന്തു പറയും? താഴെയുള്ളതിന്റെ ഭാവി..? അന്നിറങ്ങി, വേദനകളിലേക്ക് വീണ്ടും. പിന്നെയും കുറെക്കാലം കഴിഞ്ഞ് അവന് മടുത്തപ്പോഴാണ് എനിക്ക് വീണ്ടും വീട്ടുകാരുണ്ടായത്. അവൻ പിൻവാങ്ങിയപ്പോൾ എല്ലാം എളുപ്പമായി. വീട്ടിൽ എനിക്ക് പഴയ ജോലികൾ തിരിച്ചുകിട്ടി. പിന്നെയിതാ അടുത്തത്... ചെറിയ ചില മാറ്റങ്ങളേ ഉള്ളൂ. ഇവിടെ ശരീരത്തെ വേദനിപ്പിക്കുന്നത് കുറവാണ്. അത്രയും ആശ്വാസം. ചേച്ചി ചിരിച്ചു. പൊള്ളയായ ചിരി.
മുമ്പെപ്പോഴും സാന്ത്വനിപ്പിച്ചിരുന്നവൻ ഈ ദിവസങ്ങളിൽ എവിടെയായിരുന്നു? അവനെ കണ്ടല്ലൊ ഒരിക്കൽ... മെലിഞ്ഞൊട്ടി വല്ലാതെ വിളറിയരൂപത്തിൽ. അവനന്ന് കരഞ്ഞു. ഒരുപാട്. ചെറിയ കുട്ടികളെപ്പോലെ. കല്യാണം കഴിഞ്ഞപ്പോൾ അവന് ബോധം വന്നത്രേ. കൈവിട്ടുപോയ കളിപ്പാട്ടം മറ്റൊരുത്തന്റെ കയ്യിൽ കണ്ടെന്നപോലെ അവൻ നിലത്തുരുണ്ടു നിലവിളിച്ചു. അവനോട് എന്തു പറയാനാണ്? ഇപ്പോഴാണ് കളിപ്പാട്ടം ശരിക്കും കളിപ്പാട്ടമായത് എന്നോ? നീയതിനെ വെറുതെ പുറത്തുനിന്ന് നോക്കിയതല്ലേ ഉള്ളൂ എന്നോ. ഇനിയീ കളിപ്പാട്ടം കളിചിരികൾ നഷ്ടപ്പെട്ട വെറും പാട്ടയാണെന്നോ. അവനെ ചേർത്തുപിടിച്ച്, ഭക്ഷണം വാങ്ങിക്കഴിപ്പിച്ച് തിരിഞ്ഞുനടക്കുമ്പോൾ അകത്താദ്യമായി പ്രണയത്തിന്റെ കാറ്റടിച്ചു. കാറ്റോ കൊടുങ്കാറ്റോ? ജന്തുവിന്റെ ഫോൺ അന്നേരമാണ് വന്നത്. വേഗം വീടെത്താൻ. പ്രണയത്തിന്റെ കാറ്റിനുമേൽ വിഷാദത്തിന്റെ അമ്ലമഴ തിമർത്തു.
▮
ആൽബത്തിലെ കോട്ടിട്ടുനിൽക്കുന്ന ഫുൾസൈസ് ചിത്രമാണ് കഷ്ണങ്ങളായി മുമ്പിൽ കിടക്കുന്നത്. ഓരോന്നും വേർപെട്ട് കഴിഞ്ഞിരിക്കുന്നു. പുറത്ത് കാർ വന്ന് നില്ക്കുന്ന ശബ്ദം ഏതു നിമിഷവും കേൾക്കും. ഭക്ഷണം തയ്യാറാണ്. ഒടുക്കത്തെ ആ കൂർക്കംവലിയിൽ നേരിയ ഞെരക്കങ്ങൾ ചാലിക്കാൻ ഇന്നത്തെ ഭക്ഷണത്തിന് കഴിയും. മുറി ശീതീകരിച്ചത് നന്നായി. വെയർക്കാതെ പണികളെല്ലാം തീർക്കാമല്ലോ. ചുളിവുകളില്ലാതെ വലിയ കിടക്ക തയ്യാറായി കിടക്കുന്നു. സെറിമണിയാണ് ഇന്ന്. ബെഡ്ഡിങ്ങ് സെറിമണി. ഉപകരണങ്ങൾ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്. അമ്മാ. അന്തസ് കളഞ്ഞ് ഇനി ജീവിക്കില്ല. കൂടെയുണ്ടാവണേ. പുറത്ത് കാറിന്റെ ഒച്ച. അവൾക്കായൊരുക്കിയ സർപ്രൈസ് ട്രീറ്റിനുള്ള ചൂടൻ വീഡിയോ ഒരിക്കൽകൂടി കൃത്യസമയത്തിൽ പോസ് ചെയ്തുനിർത്തി പൊടുന്നനെ അയാൾ വാതിൽകടന്ന് അകത്തേക്ക് കയറി. ഒരു മൂളിപ്പാട്ട് ഏസിയിലേക്ക് അതിവേഗം കടന്നുവന്നു.