ചിത്രീകരണം : ദേവപ്രകാശ്

കാമറൂണി

ഴിയോരത്തെ മരങ്ങളിൽ മഞ്ഞുരുക്കം നടക്കുന്ന ഒരു ഉച്ചസമയത്താണ് ഞാൻ മിനിയാപൊളിസിലെത്തിയത്. സാമിനെ കണ്ടെത്തണം. അതിനുവേണ്ടിയാണ് അതിരാവിലെത്തന്നെ ഇറങ്ങിപ്പുറപ്പെട്ടത്.

“അവനു പകരം പുതിയൊരാളെ ഈസിയായി കണ്ടുപിടിക്കാമല്ലോ. പിന്നെ, എഴുന്നൂറു ഡോളറിന്റെ കാര്യമാണെങ്കിൽ വിട്ടുകളയെന്നെ, അതും നമുക്ക് ചാരിറ്റിയിനത്തിൽ എഴുതിത്തളളാം.” നവോമി സൂചിപ്പിച്ചു: “അത്രേം ദൂരം വളഞ്ഞുകൂടി ഒരേയിരിപ്പ് വയ്യ. ഇല്ലെങ്കിൽ ഞാൻ കൂടി...”

“സാരമില്ല്യ.” ഞാൻ അവളെ സമാധാനിപ്പിച്ചു. കുറേയായി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തിട്ട്. അതും ഇത്രയും ദൂരം. പക്ഷേ, അവനെ വെറുതെ വിട്ടുകൂടാ. എഴുന്നൂറു ഡോളറിന്റെ വിഷയമല്ല, വിശ്വാസവഞ്ചന വച്ചുപൊറുപ്പിക്കാൻ പറ്റില്ല. എന്നെ പറ്റിച്ച്, അതിവിദഗ്ധമായി കടന്നുകളഞ്ഞതിന്റെ ആ‍നന്ദത്തിൽ ജീവിക്കുന്നുണ്ടാകും അവനിപ്പോൾ. ഞാനോ, സകലരെയും കണ്ണടച്ചു വിശ്വസിച്ച്, അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേയ്ക്ക് ചാടിക്കൊണ്ടിരിക്കുന്നു...

ഇതൊന്നും അത്ര പുതുമയുള്ള കാര്യങ്ങളല്ല. പക്ഷേ, ഈയിടെയായിട്ട് ക്ഷമ തീരെയില്ല. പ്രത്യേകിച്ചും റസിഡന്റ്‌സ്‌ അസോസിയേഷന്റെ കാര്യങ്ങൾ ഏറ്റെടുത്തതിനു ശേഷം. ഒരേ സ്ഥലത്ത്, പലപല തുരുത്തുകളിലായി ചിതറിക്കിടന്നിരുന്ന മലയാളി കുടുംബങ്ങളെ കണ്ടെത്തി ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ ഓടിനടക്കുമ്പോൾ സത്യമായിട്ടും ചിന്തിച്ചിരുന്നില്ല, മനുഷ്യന്റെ ഉള്ള സമാധാനം കൂടി പോയിക്കിട്ടുമെന്ന്. കേവലം ഒരു റസിഡന്റ്‌സ്‌
അസോസിയേഷന്റെ അധികാര കസേരയ്ക്കുവേണ്ടി എന്തൊക്കെ കളികളാണ് ഓരോരുത്തരും കളിക്കുന്നത്. ദോഷം പറയരുതല്ലോ, ഞാനും നവോമിയും വിട്ടുകൊടുക്കാൻ പോയില്ല. ഉശിരോടെ മുന്നോട്ടേക്കുപോയി. ഫലമോ, ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി നല്ലകാര്യങ്ങൾക്ക് ചുക്കാൻപിടിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യം ഒരുവശത്ത്. മറുവശത്ത്, അധികാരത്തിനുവേണ്ടി എന്തുംചെയ്യാൻ മടിയില്ലാത്തവരുടെ ഒളിയാക്രമണങ്ങൾ.

അസോസിയേഷന്റെ കീഴിലുളള കുട്ടികൾക്കുവേണ്ടി ഒരു ഫുട്ബോൾ ട്രെയിനറെ നിയമിച്ചിടത്താണ് എനിക്ക് വീഴ്ചപറ്റിയത്. സാം വെർഞ്ഞോയി! പന്തിനെ സ്വന്തം ഭൂമിയായി കാണുന്ന, ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ.

ബ്ലാക്ക് പീപ്പിൾസിനെ വിശ്വസിക്കാൻ കൊള്ളത്തില്ലെന്നും പറഞ്ഞ് മേനോൻ സാറാണ് ആദ്യം ഇടങ്കോലിട്ടത്. അയാളുടെ മൂടുതാങ്ങികളായ ഏതാനും പേരും ഒപ്പത്തിനൊപ്പം മുറുമുറുത്തു. “അല്ലെങ്കിലും ആരെയാണ് കണ്ണടച്ചുവിശ്വസിക്കാൻ കഴിയുന്നത്?” എന്റെ മറുചോദ്യം കേട്ട് മേനോൻ സാറിന്റെ വെളുത്തമുഖം ചുവന്നുതുടുത്തു. കാണാം, കാണിച്ചുതരാം എന്നൊക്കെയുള്ള വെല്ലുവിളികളെ ഞാൻ ചിരിച്ചുതള്ളി. പക്ഷേ, സാം വെർഞ്ഞോയി ഇങ്ങനെയൊരു പണിയൊപ്പിക്കുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല.

ഒരുമാസത്തെ ശമ്പളം അഡ്വാൻസായി കൈപ്പറ്റിയതിനുപുറമെ എന്റെ കൈയിൽ നിന്നും എഴുന്നൂറു ഡോളറും കടംവാങ്ങി ഒറ്റപ്പോക്കായിരുന്നു അവൻ; പിറ്റേന്നുമുതൽ മൊബൈൽ ഫോൺ സ്വിച്ച്‌ ഓഫ്.

ഞാനും നവോമിയും കൂടി അവന്റെ താമസസ്ഥലത്തു പോയിനോക്കി. ചക്രങ്ങൾ ഊരിപ്പോയ ഒരു ട്രോളിബാഗും, തലേദിവസത്തെ കളിയുടെ ഓർമകൾ അവശേഷിപ്പിക്കുന്ന ഒരു ജോഡി ബൂട്സും, തുകൽ പൊളിഞ്ഞ ഒരു പന്തും മാത്രമെ അവിടെയുണ്ടായിരുന്നുളളൂ.

വാരാന്ത്യത്തിലെ മീറ്റിങ്ങിൽ മേനോൻ സാറും വാലുകളും തലപൊക്കി. അസോസിയേഷന്റെ ഫണ്ടെടുത്ത് തോന്നുന്നപോലെ ചിലവഴിക്കാൻ ഇതാരുടേം തറവാട്ട് സ്വത്തല്ലെന്ന്, സ്വാഗതപ്രസംഗത്തിനിടയിൽ മേനോൻ സാർ വികാരംകൊണ്ടു: “അവനിനി ആരെ കൊന്നിട്ട് ഒളിച്ചോടിയതാന്ന് ആർക്കറിയാം? അതെങ്ങനാ ആണുങ്ങളെ വകവയ്ക്കാത്ത പെണ്ണുങ്ങൾടെ ഭരണല്ലേ, ഇങ്ങനൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതൊള്ളൂ.''

പരിഹാസം സഹിക്കവയ്യതായപ്പോൾ എനിക്കും വാശിയായി. ആ മൂച്ചിന് അസോസിയേഷന്റെ പേരിൽ ഒരു ചെക്കെഴുതി കൊടുത്തു. അവരത് സ്വീകരിച്ചില്ലെന്നു മാത്രമല്ല ആ തുക മുഴുവനും ചാരിറ്റിയിനത്തിലേക്ക് വകമാറ്റിയെഴുതി; നവോമിയുൾപ്പെടെ മുഴുവൻ അംഗങ്ങളും അത് കൈയ്യടിച്ചു പാസ്സാക്കി. കരണക്കുറ്റിക്കിട്ട് ഒരെണ്ണം കിട്ടിയതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷം മനസ്സിൽ കുറിച്ചിട്ടു, ഭൂമിയുടെ ഏതുകോണിൽ പോയൊളിച്ചാലും മോനെ സാമേ നിന്നെ ഞാൻ കണ്ടുപിടിക്കും...

വിചാരിച്ചതിലും എളുപ്പത്തിൽ ഞാൻ അവിടെയെത്തി, സാമിന്റെ വീട്ടിൽ! മരപ്പലകൾകൊണ്ടു നിർമിച്ച, മഞ്ഞുവീഴ്ചയുടെ ഭാരം ചുമക്കുന്ന, അങ്ങേയറ്റം ദുർബലമായ ഒരു വീട്. മുറ്റത്ത്, ചോളത്തിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചതിന്റെ തീയും പുകയും. അതിന്റെയരികിൽ തീ കായാനെന്നപോലെ കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധ! കറുത്തവടുക്കൾ തെളിഞ്ഞുകിടക്കുന്ന മുഖം, മഞ്ഞുകൊണ്ടുളള തൊപ്പി പോലത്തെ ചുരുണ്ടമുടി, മലർന്ന കീഴ്ചുണ്ട്, തെറിച്ചുനിൽക്കുന്ന പല്ലുകൾ... എവിടെയോ കണ്ടുമറന്ന ഒരു രൂപം. ഓർമകളെ ഉഴുതുമറിച്ചിട്ടും പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായില്ല.

“സാമിന്റെ വീടല്ലേ?” തൊണ്ട കാറിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അവരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഇങ്ങനെയൊരാൾ മുറ്റത്തു വന്നുനിൽക്കുന്ന കാര്യം പോലും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

“സാം ഇവിടെയുണ്ടോ?” ഇത്തവണ എന്റെ ശബ്ദം അല്പംകൂടി ഉയർന്നു; അവരെന്നെ കേട്ടു. നീളമുളള ഒരു വടികൊണ്ട് തീക്കൂനയിൽ ചികഞ്ഞതിനുശേഷം അവർ പതുക്കെയെഴുന്നേറ്റ് വീടിന്റെയുള്ളിലേക്ക് കയറിപ്പോയി. പിന്നാലെ, തകരപ്പാട്ടയിൽ കൊട്ടുന്ന ഒരു ശബ്ദം പുറത്തേക്കിറങ്ങിവന്നു. കുഞ്ഞേ... കുഞ്ഞേ പുറത്തേക്കിറങ്ങിവായോ എന്ന് അവർ ആരെയോ വാതിലിൽ കൊട്ടിവിളിക്കുകയാണ്. ആ വീടുമൊത്തം കുലുങ്ങുന്നതുപോലെ എനിക്കു തോന്നി; ഒരു ചീട്ടുകൊട്ടാരം കണക്കെ അതു തകർന്നുതരിപ്പണമാകുമോയെന്ന് ഞാൻ ഭയന്നു. തകരപ്പാട്ടയുടെ കിലുക്കവും കുഞ്ഞേ കുഞ്ഞേ വിളിയും എന്റെ കാതുകളിൽ കിടന്നുമുഴങ്ങി. ആരെങ്കിലുമൊരാൾ പുറത്തേക്കിറങ്ങിവരുമെന്ന പ്രതീക്ഷയിൽ ഞാനാ മുറ്റത്തുതന്നെ തുടർന്നു. വഴിയാത്രക്കാരിൽ ചിലരൊക്കെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"സാം... സാം..." ഏറെ നേരത്തെ നിശബ്ദതയെ തകർത്തുകൊണ്ട് എന്റെ ശബ്ദമുയർന്നു. രണ്ടും കൽപ്പിച്ച് അകത്തേക്കു കയറി നോക്കിയാലോ എന്നുവരെ ചിന്തിച്ചു. വേണ്ട, ഒന്നും വേണ്ട. തിരിച്ചുപോയേക്കാമെന്നു തീരുമാനിച്ച് തിരിഞ്ഞുനടന്നു...

"ഒന്നും പറഞ്ഞില്ലലോ!" എന്നെ മടക്കിവിളിച്ചുകൊണ്ട് വൃദ്ധയുടെ ശബ്ദം പുറത്തേക്കിറങ്ങിവന്നു. അവരുടെ കൈകളിൽ രണ്ടു കുഴിപ്പാത്രങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് എനിക്കുനേരെ നീട്ടിക്കൊണ്ട് അവർ പുഞ്ചിരിച്ചു. സൂപ്പിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചുകേറി. "കഴിക്ക്." പഴകി കറുത്ത ഒരു മരസ്റ്റൂളിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ട് അവർ പറഞ്ഞു: "ഇരിക്ക് മോളെ."

കഴിക്കാനും ഇരിക്കാനും തോന്നിയില്ല. പക്ഷേ, അവരെ ധിക്കരിക്കാനും മനസ്സനുവദിച്ചില്ല.

"മാത്യുവിന്റെയും സാമിന്റെയും മുത്തശ്ശിയാണ് ഞാൻ. "ചൂടുള്ള സൂപ്പ് കോരിക്കുടിക്കുന്നതിനിടയിൽ അവരൊന്ന് വിതുമ്പി: "എന്റെ കുഞ്ഞുങ്ങൾ; അവർക്ക് ഞാനും എനിക്ക് അവരും മാത്രമേയുള്ളൂ."

ഭാഗ്യം! വീട് തെറ്റിയിട്ടില്ല. ആശ്വാസത്തോടെ ഇരിപ്പുറപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു: "സാമിനെ വിളിക്ക്, അവനോടാണ് എനിക്ക് സംസാരിക്കാനുള്ളത്."

ഒട്ടും സൗമ്യതയില്ലാത്ത എന്റെ പറച്ചിൽ കേട്ടിട്ടാകണം അവരുടെ നെഞ്ചൊന്ന് ഉയർന്നു താഴ്ന്നു. "ആദ്യമായിട്ടാണ് സാമിനെ അന്വേഷിച്ച് ഒരാൾ ഇവിടെ വരുന്നത്..." അവർ പറഞ്ഞു. ഞാൻ ചിരിച്ചെന്നു വരുത്തി.

"മാത്യുവിനെ അന്വേഷിച്ച് വന്നവരെക്കുറിച്ച് ഞാനൊന്നും പറഞ്ഞില്ലലോ?" അവർ ചോദിച്ചു.

"ഒത്തിരി ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാന്നുളളതാണ്." ഞാൻ തടസ്സം പറഞ്ഞു. പക്ഷേ, അവർ അതൊന്നും ശ്രദ്ധിക്കാതെ വർത്തമാനത്തിന്റെ കെട്ടഴിച്ചിട്ടു...

മിനിയാപൊളിസിലെ തെരുവുകളിലേക്ക് ഇരുട്ടും മഞ്ഞും പെയ്തുതുടങ്ങിയ നേരം. ഭവനരഹിതരുടെ കൂടാരങ്ങൾ കഴിഞ്ഞിട്ടുളള തെരുവിന്റെ മധ്യഭാഗത്തായിട്ട്, ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചുകൊണ്ട് ഒരു വെളുത്ത കാർ പ്രത്യക്ഷപ്പെട്ടു. കച്ചവടത്തിനു ഭംഗം വന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് തെരുവിന്റെ ഇരുവശങ്ങളിലുമുള്ള കച്ചവടക്കാർ ബഹളമുണ്ടാക്കിയെങ്കിലും ഒരു പോലീസ് വാൻ അതുവഴി മിന്നിമാഞ്ഞതോടെ രംഗം അല്പം ശാന്തമായി.

കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഒരു സംഘം കോട്ടുധാരികൾ മാത്യുവിനെ ലക്ഷ്യമാക്കി തെരുവ് മുറിച്ചുകടന്നു. സ്വർണനിറമുളള ചോളങ്ങൾ ഉന്തുവണ്ടിയിലെ സ്റ്റീൽ പാത്രങ്ങളിലേക്ക് ഭംഗിയിൽ അടുക്കിവച്ചുകൊണ്ടിരിക്കുകയായിരുന്നു അവനപ്പോൾ.

ലീമൈക്കിൾ എന്നൊരാളായിരുന്നു ആ സംഘത്തിന്റെ നേതാവ്. പൊലീസ് അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺ‌മെന്റ് ഉദ്യോഗസ്ഥൻ, തീർച്ച. കാരണം, കറുത്തവർഗക്കാർ മാത്രം തിങ്ങിപ്പാർക്കുന്ന ഈ തെരുവുകളിലേക്ക് മറ്റുളളവരുടെ സന്ദർശനം വളരെ കുറവായിരുന്നു. ദി മോസ്റ്റ് ഡെയ്ഞ്ചറസ് പീപ്പിൾസ് എന്നാണ് മിനിയാപൊളിസിലെ കറുത്തവർഗക്കാരെക്കുറിച്ചുളള ഫീച്ചറുകൾക്ക് പാപ്പരാസികൾ നൽകിയിരുന്ന തലക്കെട്ടുകൾ. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തെറ്റിദ്ധരിക്കപ്പെടാനും അവഗണിക്കപ്പെടാനും വിധിക്കപ്പെട്ടവർ.

പുഴുങ്ങിയ ചോളങ്ങൾ നിരത്തിയിട്ടുളള തളികയുടെ മുകളിലേക്ക് ക്രഷ്ചെയ്ത ചില്ലിയും വെറ്റ്സോസും തൂവിക്കൊണ്ട് മാത്യു അവരെ സ്വാഗതംചെയ്തു. ഗ്യാസ് സ്റ്റൗവിലെ ചെമ്പുപാത്രത്തിൽനിന്നും പൊന്തുന്ന നീരാവിയുടെ ചൂടിനെ വകവയ്ക്കാതെ ഉന്തുവണ്ടിയുടെ അരികിലേക്ക് കടന്നുനിന്ന ലീമൈക്കിൾ, ഒരു കപ്പ് പുഴുങ്ങിയ ചോളം ആവശ്യപ്പെട്ടു. തടികൊണ്ടുളള നീളൻ സ്പൂണുപയോഗിച്ച് നല്ലപോലെ ഇളക്കിയെടുത്ത ചോളം ഒരു പേപ്പർകപ്പിൽ നിറച്ച് മാത്യു അയാൾക്ക് കൈമാറി.

"വീഡിയോ ഞങ്ങൾ കണ്ടിരുന്നു. മാത്യു വെർഞ്ഞോയിയോട് ഞങ്ങൾക്ക് അല്പം സംസാരിക്കാനുണ്ട്. വിരോധമില്ലെങ്കിൽ ഞങ്ങൾക്കൊപ്പം വരണം." ആവി പറക്കുന്ന ചോളക്കപ്പ് കൈകൾക്കുളിലിട്ട് തെറുത്തുകൊണ്ട് ലീമൈക്കിൾ പറഞ്ഞു.

"ഏത് വീഡിയോ?" മാത്യു ചോദിച്ചു.

"ഈ വീഡിയോ..." ലീമൈക്കിളിന്റെ കൈയിൽ ഒരു ടാബ് പ്രത്യക്ഷപ്പെട്ടു.

ഏതാനും മാസങ്ങൾക്ക് മുൻപ്, മിനിയാപൊളിസിലെ തെരുവുകളോട് ചേർന്നുകിടക്കുന്ന ജനവാസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. ആകാശത്തിലേക്ക് കൈനീട്ടുന്ന തീയും പുകയും. ഭയചകിതരായി ചിതറിയോടുന്ന മനുഷ്യർ. ആംബുലൻസിന്റെയും ഫയർ എഞ്ചിനുകളുടെയും സൈറണുകൾ. നിലയ്ക്കാത്ത നിലവിളികൾ...

ആംബുലൻസിൽ ഇടംകിട്ടാത്തതിനെ തുടർന്ന് മുത്തശ്ശിയെ ചുമലിലിരുത്തി ആശുപത്രി ലക്ഷ്യമാക്കി ഓടിക്കൊണ്ടിരിക്കുന്ന തന്റെ ദൃശ്യങ്ങളിലൂടെ ഒരിക്കൽക്കൂടി മാത്യു സഞ്ചരിച്ചു. ‘ബ്ലാക്ക് ലൈവ്സ്' എന്നൊരു ഓൺലൈൻ ചാനലിലാണ് അന്നീ വീഡീയോ സംപ്രേഷണം ചെയ്തിരുന്നത്. ജീവനും വാരിപ്പിടിച്ചുകൊണ്ടുളള ഓട്ടം നിത്യജീവിതത്തിന്റെ ഭാഗമായതുകൊണ്ടാകണം അവനാ സംഭവങ്ങൾ മറന്നുപോയിരുന്നു.

"ഇതൊന്നും അധികം ആളുകൾ ശ്രദ്ധിച്ചിട്ടുണ്ടാകാൻ വഴിയില്ല. പക്ഷേ, ഞങ്ങൾ ശ്രദ്ധിച്ചിരിക്കുന്നു. നോക്കണേ, ഞങ്ങൾ എത്രത്തോളം താഴേക്കിറങ്ങി ചെല്ലുന്നൂയെന്ന്. നമ്മൾ തമ്മിലുളള അന്തരം മനസ്സിലാക്കിയാൽത്തന്നെ മാത്യു വെർഞ്ഞോയിക്ക് ഞങ്ങളോട് സഹകരിക്കാതിരിക്കാനാകില്ല. എന്താ ശരിയല്ലേ?" കൈയിലിരുന്ന ചോളക്കപ്പ് വേസ്റ്റ്ബിന്നിലേക്ക് എറിഞ്ഞുകൊണ്ട് ലീമൈക്കിൾ പറഞ്ഞു: "സോറി, ഞാനങ്ങനെ ചോളം തിന്നുന്ന ഒരാളൊന്നുമല്ല."

ലീമൈക്കിളിന്റെ പെരുമാറ്റത്തിൽ അതൃപ്തി തോന്നിയ മാത്യു, അയാളുടെ ക്ഷണത്തെ നിരസിച്ചുകൊണ്ട് പറഞ്ഞു: “ഒരു കപ്പ് ചോളത്തിന്റെ വില, മൂന്ന് ഡോളർ."

"അത് നല്ല തമാശ." ലീമൈക്കിൾ തന്റെ സൈഡ്ബാഗിൽ നിന്നും ഡോളറെടുത്ത് ഉന്തുവണ്ടിയുടെ തട്ടിലേക്കിട്ടു. "ഞങ്ങൾ വിചാരിച്ചാൽ ഈ തെരുവിലെ സകലകച്ചോടങ്ങളും ഇന്നത്തോടെ അവസാനിപ്പിക്കാനാകും. അതറിയാമോ നിനക്ക്?"

"തെരുവുകൾ സൃഷ്ടിക്കുന്നത് നിങ്ങളെപ്പോലുളളവരാണെന്ന് ആർക്കാണറിയാത്തത്. ഈ തെരുവല്ലെങ്കിൽ മറ്റൊന്ന്. തെരുവുകളിൽ ജനിക്കുകയും തെരുവുകളിൽത്തന്നെ മരിച്ചുവീഴുകയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവർ ഉളളതുകൊണ്ടാണ് സാർ ഈ ഭൂമിയിപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നത്.'

"അധികപ്രസംഗി, അമിതസ്വാതന്ത്ര്യം തന്നത് എന്റെ തെറ്റ്." ലീമൈക്കിളിന്റെ മുഖം ചുവന്നുതുടുത്തു.

"അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ അധികപ്രസംഗികളാക്കുന്നതും സ്വാതന്ത്ര്യത്തെക്കുറിച്ച് വാദിക്കുന്നവരെ ദേശദ്രോഹികളാക്കുന്നതുമാണല്ലോ നിങ്ങളെപ്പോലുള്ളവരുടെ തന്ത്രം." മാത്യുവിന്റെ വാക്കുകളിലെ വീറും വാശിയും ലീമൈക്കിളിനെ ചൊടിപ്പിച്ചു. നിർത്താതെ ഹോൺ മുഴക്കിക്കൊണ്ടാണ് അവർ അവിടെ നിന്നും മടങ്ങിപ്പോയത്.

രാത്രി, ഏറെ വൈകിയാണ് മാത്യു വീട്ടിൽ തിരിച്ചെത്തിയത്. വന്നപാടെ, അന്നു നടന്ന കാര്യങ്ങളെപ്പറ്റി അവൻ മുത്തശ്ശിയോട് പറഞ്ഞു. അവരുടെ വരവിന്റെ ഉദ്ദേശ്യം തിരക്കാതെ പ്രകോപനപരമായി പെരുമാറിയതിന് മാത്യുവിനെ മുത്തശ്ശി ശകാരിച്ചു.

“അവരുടെ രണ്ടാം വരവ് ഇനിയെങ്ങനെ ആയിരിക്കുമെന്ന് ആർക്കറിയാം കുഞ്ഞേ. മറ്റുളളവരോട് സൂക്ഷിച്ചുമാത്രം ഇടപെടണം. വികാരത്തിന് അടിമപ്പെടുന്നതിനേക്കാൾ നല്ലത് വിവേകത്തിന് നമ്മളെ ഭരിക്കാൻ അവസരം നൽകുകയെന്നതാണ്.'' മുത്തശ്ശി അവനെ ഉപദേശിച്ചു.

പിറ്റേന്നു കാലത്ത് പതിവുപോലെ ജോലിക്കു പോകാൻ ഇറങ്ങിയതായിരുന്നു, മാത്യു. അപ്പോൾ, പൊലീസുകാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടുപേർ അവനെ വഴിയിൽ തടഞ്ഞുനിർത്തി. അധികാരത്തിന്റെ ഗർവ് കാണിക്കാതെ സൗഹൃദപരമായിട്ടാണ് അവർ മാത്യുവിനോട് പെരുമാറിയത്. മുത്തശ്ശിയുടെ ഉപദേശം മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ട് അനുസരണയുളള ഒരു കുട്ടിയെപ്പോലെ അവൻ അവർക്കൊപ്പം പോയി.

‘പൊളിറ്റിക്സ് ബ്രിഡ്ജ്’ എന്ന് സുവർണലിപികളിൽ എഴുതിവച്ചിട്ടുളള ഒരു പടുകൂറ്റൻ ബിൾഡിങ്ങിന്റെ മുൻപിലാണ് വാഹനം നിന്നത്. സന്ദർശകർക്കുളള കാത്തിരുപ്പുകേന്ദ്രത്തിന്റെ ഇടനാഴിവരെ മാത്യുവിന്റെ ഇടത്തും വലത്തുമായി പൊലീസുകാർ അകമ്പടിസേവിച്ചു. അകത്തേക്കു കടക്കുന്ന പ്രധാനവാതിലല്ലാതെ മറ്റുജാലകങ്ങളൊന്നും തന്നെയില്ലാത്ത വിശാലമായ ഒരു മുറിയിലേക്കാണ് അവൻ പ്രവേശിച്ചത്. ചതുരംഗകളങ്ങൾക്ക് സമാനമായ മാർബിൾ തറയിൽ കരുക്കളുടെ മാതൃകയിലുള്ള കസേരകൾ; ചുമരുകളിൽ ലോകരാഷ്ട്രത്തലവന്മാരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ഇതുപോലെയുളള കോർപ്പറേറ്റ് മുറികളിൽ ഇരിക്കുന്നവരുടെ കൈകളിലാണല്ലോ ലോകത്തിന്റെ നിയന്ത്രണമെന്നു ഓർത്തുകൊണ്ട്, കുതിരയുടെ ആകൃതിയിലുളള ഒരു കസേരയിലേക്ക് മാത്യു ഇരിപ്പുറപ്പിച്ചു.

അല്പസമയം കഴിഞ്ഞപ്പോൾ, സൂക്ഷമകാഴ്ചയിൽ പോലും വാതിലാണെന്ന് തോന്നിപ്പിക്കാത്ത ഒരു പഴുതിലൂടെ ലീ മൈക്കിളും മറ്റൊരാളും കടന്നുവന്നു.

“ഹൗ ആർ യു മാത്യൂ?" ചിരപരിചിതനോടെന്നപോലെ ലീമൈക്കിൾ ചോദിച്ചു.

"ഞാൻ, മിൽട്ടൻ." അപരിചിതൻ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മാത്യുവിന് അഭിമുഖമായിട്ടുളള ആനപ്പുറത്തേറി. "നീ ഞങ്ങളോട് സഹകരിക്കണം. നിങ്ങൾക്കു തന്നെ ഗുണമുളള ഒരു കാര്യത്തിനുവേണ്ടിയാണ് ഞങ്ങളീ സംസാരിക്കുന്നത്." അയാൾ പറഞ്ഞു.

ഞാൻ, നീ, ഞങ്ങൾ, നിങ്ങൾ... വാക്കുകൾക്കിടയിലെ നേർത്ത വിടവുകൾ പോലും ‘നമ്മളിലേക്കുളള’ ദൂരത്തേക്കുറിച്ച് ധ്വനിപ്പിക്കുന്നുണ്ടല്ലോയെന്നോർത്തപ്പോൾ മാത്യുവിന്റെയുള്ളിലെ വിവേകം വികാരത്തിനു കീഴടങ്ങിക്കൊടുത്തു. അവൻ പറഞ്ഞു: "നിങ്ങൾ എന്നെയാണ് പിന്തുടരുന്നത്. ഞാൻ നിങ്ങളെയല്ല. ദൂരൂഹതയവസാനിപ്പിച്ച് കാര്യത്തിലേക്ക് വന്നാലും."

പൊളിറ്റിക്സ് ബ്രിഡ്ജ് എന്ന കമ്പനിയെക്കുറിച്ചും ഭാവി പ്രസിഡന്റ് കാൻഡിഡേറ്റായ അക്കോ കൗച്ചമ്പിയേക്കുറിച്ചുമായിരുന്നു അവർക്ക് സംസാരിക്കാനുണ്ടായിരുന്നത്. ഇതെല്ലാം എന്നോടെന്തിനാണ് പറയുന്നത് എന്ന ഭാവമായിരുന്നു മാത്യുവിന്. നൂറ്റിപ്പന്ത്രണ്ട് വയസ്സുളള മുത്തശ്ശിയെ തന്നാലാവുംവിധം സന്തോഷിപ്പിക്കുക എന്നതുമാത്രമാണ് അവന്റെ ജീവിതലക്ഷ്യം. പകൽ, ഒരു സ്ക്രാപ്പ് കമ്പനിയിലെ വേസ്റ്റ് തരംതിരിക്കുന്ന ജോലിയിൽ വ്യാപൃതനാകുന്ന മാത്യു രാത്രികളിൽ, മിനിയാപൊളിസിലെ തെരുവിൽ ചോളം വിൽക്കാനിറങ്ങും. ജീവിതം വെറുതെ ജീവിച്ചുതീർക്കുന്ന ഒരുപറ്റം മനുഷ്യർക്കിടയിൽ അവനും മുത്തശ്ശിയും അങ്ങനെ ജീവിച്ചുപോകുന്നു. വീഴ്ചകൾ ഉള്ളതുകൊണ്ടു മാത്രം ഉയർച്ചകളുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു സാധാരണ ജീവിതം.

"നിങ്ങളിപ്പോഴും കാര്യത്തിലേക്ക് വരാതെ ആളെ കളിപ്പിക്കുകയാണ്. ഈ കളിക്ക് എനിക്ക് താല്പര്യമില്ല. ഇനിയും വൈകിയാൽ വൈകുന്നേരത്തേക്കുളള ചോളം വാങ്ങാൻ കഴിയില്ല. "ലീ മൈക്കിളിന്റെയും മിൽട്ടന്റെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കിക്കൊണ്ട് മാത്യു പുറത്തേക്കു പോകാൻ അനുവാദം കാത്തു. അത്രയും നേരം പരിഹാസത്തോടെയാണെങ്കിലും ചിരിച്ചുകൊണ്ടിരുന്ന ലീ മൈക്കിളിന്റെ മുഖം മങ്ങി. കൺതടം വിറകൊണ്ടു. കുതിരപ്പുറത്തു നിന്നും ചാടിയിറങ്ങുന്ന പടയാളിയെപ്പോലെ അയാൾ കസേര നിരക്കിക്കൊണ്ട് എഴുന്നേറ്റുനിന്നു. "ഇവനൊരു അധികപ്രസംഗിയാണെന്ന് ഞാൻ പറഞ്ഞതല്ലേ. ഇപ്പോൾ നേരിൽ കണ്ട് ബോധ്യപ്പെട്ടില്ലേ. അല്ലെങ്കിലും ഇവനോടൊക്കെ താഴ്മയോടെ സംസാരിക്കേണ്ട ഗതികേട് നമുക്കുണ്ടെന്ന് മിസ്റ്റർ മിൽട്ടൻ താങ്കൾക്ക് തോന്നുന്നുണ്ടോ?"

മിൽട്ടനപ്പോഴും ശാന്തത കൈവിടാതെ പുഞ്ചിരിച്ചു. തുടർന്നുളള ചർച്ചകൾക്ക് ലീ മൈക്കിളിന്റെ സാന്നിധ്യം തടസ്സം സൃഷ്ടിക്കുമെന്ന് തോന്നിയ മിൽട്ടൻ അയാളെയുംകൊണ്ട് പുതിയൊരു പഴുതിലൂടെ അപ്രത്യക്ഷനാവുകയും മറ്റൊരു പഴുതിലൂടെ ഏകനായി പ്രത്യക്ഷപ്പെടുകയും ചെയ്തു. തനിക്ക് മുൻപിൽ മാത്രം തുറക്കപ്പെടാത്ത അനേകായിരം വാതിലുകളുളള ഒരു ലോകത്ത് അകപ്പെട്ടുപോയ അവസ്ഥയെക്കുറിച്ചോർത്തപ്പോൾ മാത്യുവിന് ശ്വാസം മുട്ടി; തൊണ്ട വരണ്ടു.

"കുടിക്കാനെന്തെങ്കിലും വേണോ?" കോഫി മെഷീന്റെ അരികിലേക്ക് നടക്കുമ്പോൾ മിൽട്ടൻ ചോദിച്ചു. മാത്യുവിന്റെ ഭാഗത്തുനിന്നും മറുപടിയില്ലാഞ്ഞിട്ടും അയാൾ രണ്ട് മഗ്ഗുകളിൽ കോഫി നിറച്ചു. "നോക്കൂ, ഞങ്ങൾക്ക് നിന്റെ മുത്തശ്ശിയുടെ ഒരു ഇന്റർവ്യൂ വേണം. ബ്ലാക്ക് ലൈവ്സിൽ വന്ന വീഡിയോയിൽ അവർ കാമറൂണിയെ പരാമർശിച്ചുകൊണ്ട് സംസാരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നു. നിങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്കെന്താണ് താല്പര്യമെന്നല്ലേ നീയിപ്പോൾ ചിന്തിക്കുന്നത്? അതിലേക്കാണ് ഞാൻ വരുന്നത്." കോഫി ആസ്വദിച്ചുകൊണ്ട് മിൽട്ടൻ തുടർന്നു: "അടുത്തമാസം മുതൽ അക്കോ കൗച്ചമ്പിയുടെ ഇലക്ഷൻ ക്യാമ്പയിൻ ആരംഭിക്കുകയാണ്. ഏകദേശം ഒരുവർഷം മുൻപ് ഞങ്ങളതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവച്ചിരുന്നു. അതിന്റെ ഫലമായി ആവിഷ്കരിച്ചിട്ടുളള പല പദ്ധതികളും ഇനിവരുന്ന ദിവസങ്ങളിൽ നടപ്പിലാക്കാൻ പോവുകയാണ്. നിന്റെ സഹകരണം ഞങ്ങൾക്ക് ഉപകാരംചെയ്യും. കാരണം, അക്കോ കൗച്ചമ്പിയുടെ വേരുകൾ ആരംഭിക്കുന്നത് കാമറൂണിൽ നിന്നുമാണ്. ""എനിക്ക് പോണം. ഇതൊന്നും എന്റെ വിഷയമല്ല.” മാത്യുവിന്റെ ശബ്ദം കനത്തു.

“നാട്സികാപ് കമ്പനി നിനക്കെതിരെ മിനിയാപൊളിസിലെ പൊലീസ്‌ സ്റ്റേഷനിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. നമുക്ക് അതിനെക്കുറിച്ച് സംസാരിച്ചാലോ?" മിൽട്ടന്റെ ചോദ്യം കേട്ട് മാത്യു ഒന്ന് നടുങ്ങി. നാട്സികാപ് ഫാക്ടറിയിലെ ഭീമൻ ഘടികാരത്തിന്റെ ചൂളംവിളി അവന്റെ കാതുകളിലേക്ക് തുളച്ചുകയറി...

ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്സികാപിലെ ക്ലറിക്കൽ ഉദ്യോഗം മാത്യുവിന് നഷ്ടമായത്. മുത്തശ്ശിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറച്ചധികം പണം അത്യാവശ്യമായി വന്നതിനെത്തുടർന്ന് ഒരു ലോൺ ഒപ്പിച്ചെടുക്കാനുളള ഓട്ടത്തിലായിരുന്നു അവൻ. ജോലിചെയ്യുന്ന കമ്പനിയിലാണ് ആദ്യം അപേക്ഷ സമർപ്പിച്ചത്. അത് നിരസിക്കപ്പെട്ടു. ബാങ്കുകളും കൈയൊഴിഞ്ഞു. ഒടുക്കം ഒരു NBFC സ്ഥാപനം ലോൺ കൊടുക്കാമെന്ന ധാരണയിലെത്തി. കമ്പനിയിൽ നിന്നും സാലറി സർട്ടിഫിക്കറ്റ് മാത്രമാണ് കിട്ടിയത്. NOC ഒരുകാരണവശാലും നൽകാൻ കഴിയില്ലെന്ന് എച്ച്.ആർ. മാനേജർ തറപ്പിച്ചുപറഞ്ഞു. അറ്റകൈയ്ക്ക് അവനെന്തു ചെയ്തു, സ്റ്റോർറൂമിൽ നിന്നും ലെറ്റർഹെഡും സീലും മോഷ്ടിച്ചു.

ചില കള്ളങ്ങൾ പിടിക്കപ്പെടാനുള്ളതെന്നപോലെ ആയിടയ്ക്ക് നാട്സികാപിൽ ചില പ്രശ്നങ്ങൾ പൊട്ടിമുളച്ചു. ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു ചെക്ക്ബുക്ക് കാണാതായതിന്റെ മുഴുവൻ തുറിച്ചുനോട്ടങ്ങളും മാത്യുവിന്റെ നേർക്കാണ് പതിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിൽ, സംശയാസ്പദമായ സാഹചര്യത്തിൽ സ്റ്റോർ റൂമിൽ ചുറ്റിത്തിരിയുന്ന മാത്യുവിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചു. നിക്കകള്ളിയില്ലാതായപ്പോൾ ചെക്ക് കേസ് തലയിലാവാതിരിക്കാൻ വേണ്ടി ലെറ്റർ ഹെഡിന്റെ കാര്യം ഏറ്റുപറയേണ്ടിവന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമാണം, മോഷണം തുടങ്ങി നിരവധി കുറ്റങ്ങൾ ചാർത്തിക്കൊടുത്ത് കമ്പനി അവനെ ടെർമിനേറ്റ് ചെയ്തു.

"എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. കുറ്റത്തേക്കാൾ വലിയശിക്ഷ അനുഭവിച്ചുകഴിഞ്ഞതുമാണ്. ഇനിയെന്താണ് അവർക്ക് വേണ്ടത്?" മാത്യുവിന്റെ ശബ്ദം ഇടറി.

"നീ പേടിക്കേണ്ട കാര്യമൊന്നുമില്ല. അവരെ ഞങ്ങൾ കൈകാര്യം ചെയ്തോളാം." മിൽട്ടൻ പറഞ്ഞു: "നോക്കൂ, സത്യത്തിൽ നീ ഞങ്ങളെയല്ല സഹായിക്കുന്നത്. ഞങ്ങൾ നിങ്ങളെയാണ്. അക്കോ കൗച്ചമ്പി പ്രസിഡന്റായാൽ ഈ രാജ്യത്തിന്റെ മാത്രം പ്രസിഡന്റ് അല്ലല്ലോ. ലോകരാഷ്ട്രങ്ങൾ മുഴുവൻ നിങ്ങളിൽ ഒരുവന്റെ കാൽക്കീഴിൽ ഓച്ഛാനിച്ച് നിൽക്കും. നീയതൊന്ന് ഭാവനയിൽ കണ്ടുനോക്കൂ. എത്ര മനോഹരമായ ദൃശ്യം, അല്ലേ?"

പൊളിറ്റ്ക്സ് ബ്രിഡ്ജ് കമ്പനി തന്റെമേൽ സമ്പൂർണ അധികാരം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് മാത്യുവിന് മനസ്സിലായി. കടന്നുവന്ന വഴികളിൽ കളങ്കമില്ലെന്ന് ഉറപ്പുളളവനുമാത്രമെ അനീതികൾക്കുനേരെ ശബ്ദമുയർത്താനാകൂ. അല്ലാത്തവരെല്ലാം ഏതെങ്കിലുമൊരു ഘട്ടത്തിൽ അധികാരത്തോട് സന്ധിചെയ്ത് അവനവന്റെ തടി രക്ഷിച്ചെടുക്കാൻ ശ്രമിക്കും. സത്യസന്ധനായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് അവനവനോടുതന്നെ യുദ്ധംചെയ്ത് നേടേണ്ട വിജയമാണ്. ഇത്തരം ചിന്തകളാൽ ഏറെ അസ്വസ്ഥനായാണ് മാത്യു വീട്ടിൽ തിരിച്ചെത്തിയത്. മുത്തശ്ശിയുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയും മുഖം കൊടുക്കാതെയും അവൻ ആ രാത്രി കഴിച്ചുകൂട്ടി.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. പതിവിലും നേരത്തെ ഉറക്കമുണർന്ന മാത്യു പതിവുപോലെ വീട്ടുജോലികൾ ആരംഭിച്ചു.

"അവരിനിയും വരുമല്ലേ?" കൊന്ത ചൊല്ലിക്കൊണ്ടിരിക്കുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു.

"അതെ, അവർ നമ്മുടെ ചരിത്രത്തിൽ നിന്നും ഭാവിയിലേക്കുളള പാലം പണിയുമെന്നാണ് പറയുന്നത്.' മാത്യു പറഞ്ഞു. "സൂക്ഷിക്കണം, ചരിത്രം തിരുത്തിയെഴുതുന്നവരുടെ കാലമാണ്.' മുത്തശ്ശി ഓർമപ്പെടുത്തി.

ഉച്ചത്തിരിഞ്ഞാണ് മിൽട്ടനും സംഘവും എത്തിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങളുമായി ഒരു പെൺകുട്ടി അഭിമുഖസംഭാഷണം ആരംഭിച്ചു. ഒരേസമയം രണ്ടു ക്യാമറകളിൽ അവരത് ഷൂട്ട്ചെയ്തു. ലളിതമായ ചോദ്യങ്ങൾ. എന്നാൽ ഉത്തരങ്ങൾ അത്ര ലളിതമായിരുന്നില്ല.

വിവേചനത്തിന്റെയും അവഗണനയുടെയും നൂറുവർഷത്തെ ചരിത്രം തന്നെ മാത്യുവിന്റെ മുത്തശ്ശിക്ക് പറയാനുണ്ടായിരുന്നു. ഓർമകളിൽ മാത്രം അടയാളപ്പെടുത്തിവച്ചിട്ടുളള നിരവധി തിക്താനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലെന്നോണം അവർ മനസ്സുതുറന്നുവച്ചു:

"പൻഗാലിയാൻ വെർഞ്ഞോയി എന്നായിരുന്നു എന്റെ പിതാവിന്റെ പേര്. കാമറൂണിന്റെ ചരിത്രത്തിലെവിടെയും ഇടംകിട്ടാതെപ്പോയ ഒട്ടനവധി വിപ്ലവകാരികളിൽ ഒരാൾ. കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും അടിമക്കച്ചവടത്തിനെതിരെ പോരാടിയ മനുഷ്യൻ. അടിമപ്പണിക്ക് കറുത്തവരെ തേടി കപ്പലിറങ്ങുന്നവരുടെ കൈയിൽനിന്നും പൊന്നും പണവും സ്വീകരിച്ച് സ്വജനങ്ങളെ വിൽപ്പന ചരക്കുകളാക്കുന്നവരുടെ കടയ്ക്കലാണ് ആദ്യത്തെ വെട്ട് വെട്ടേണ്ടതെന്ന് പൻഗാലിയാൻ വെർഞ്ഞോയി തെരുവുകൾ തോറും പ്രസംഗിച്ചുനടന്നു. വിദ്യാഭ്യാസത്തിന്റെ ശക്തി സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുവേണ്ടി കാമറൂണിയെന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപംകൊടുത്ത് ആളുകളെ സംഘടിപ്പിച്ചു. തങ്ങൾക്കൊരു നേതാവുണ്ടെന്ന് ചുരുക്കം ചിലരെങ്കിലും വിശ്വസിച്ചു. കുട്ടികളും മുതിർന്നവരും അവരുടെ നേതാവിനെ കാമറൂണിയെന്ന് സ്നേഹപൂർവം വിളിച്ചുപോന്നു. ശത്രുക്കളെ സമ്പാദിക്കാൻ അതിൽ കൂടുതലെന്ത് വേണം. കൊടുംകുറ്റവാളിയെന്ന് മുദ്രകുത്തി പരസ്യവിചാരണയ്ക്ക് വിധേയനാക്കിയ കാമറൂണിയെ ജനമധ്യത്തിൽ വച്ച് തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടു. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരുടെ വായമൂടിക്കെട്ടുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം.

കൊലക്കയറിന്റെ മുൻപിൽ നിന്നുകൊണ്ട് കാമറൂണി ഉറക്കെ വിളിച്ചുപറഞ്ഞു: മൂന്നുതരം അടിമകളെ എല്ലാകാലവും നിർമിച്ചുകൊണ്ടിരിക്കും. തങ്ങൾ അടിമകളാകേണ്ടവരാണെന്ന ബോധം കാലാകാലങ്ങളായി കൈമാറിക്കിട്ടിയവരാണ് ഒന്നാമത്തെ കൂട്ടർ. സ്ഥാനമാനങ്ങളാൽ പ്രലോഭിക്കപ്പെട്ട് ഭരണകൂടത്തിനുവേണ്ടി അടിമപ്പണിചെയ്യുന്നവരാണ് രണ്ടാമത്തെ കൂട്ടർ. മൂന്നാമത്തെ കൂട്ടരാണ് അപകടകാരികൾ, പ്രതികരണശേഷി നഷ്ടപ്പെട്ട ആൾക്കൂട്ടമായി അവർ രൂപാന്തരപ്പെടും.

ചാരത്തിൽ നിന്നും തീപ്പൊരികളെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ഊർജം തന്റെ ജനതയ്ക്കു പകർന്നുകൊടുത്തുകൊണ്ടാണ് കാമറൂണിയെന്ന എന്റെ പിതാവ് ഈ ഭൂമുഖത്തുനിന്നും വിടവാങ്ങിയത്...”

തന്നിലേക്ക് ചൂഴ്ന്നുനിൽക്കുന്ന ക്യാമറകണ്ണുകളെ മറന്നുകൊണ്ട് മാത്യുവിന്റെ മുത്തശ്ശി ഏറെ നേരം കരഞ്ഞു. വേദന കടിച്ചമർത്തുന്ന ആ സാധുസ്ത്രീയെ അവർ കൂടുതൽ കൂടുതൽ ചോദ്യങ്ങൾകൊണ്ട് പിന്നെയും കുത്തി നോവിച്ചു.

കൃത്യമായ ചോദ്യങ്ങളിലൂടെ അവർ പുതിയൊരു ചരിത്രം നിർമിക്കുന്നതുപോലെ മാത്യുവിനു തോന്നി. അതൊരിക്കലും കറുത്തവന്റെ ജീവിതത്തിലേക്കുളള വഴിതെളിക്കലാ‍യിരുന്നില്ല; അക്കോ കൗച്ചമ്പിയെന്ന രാഷ്ട്രീയ നേതാവിലേക്കുള്ള ശ്രദ്ധക്ഷണിക്കൽ മാത്രമായിരുന്നു. തുടർന്നുളള ദിവസങ്ങളിൽ അതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങി. മാത്യു വെർഞ്ഞോയി എന്ന ചെറുപ്പക്കാരന്റെയും അവന്റെ മുത്തശ്ശിയുടെയും ജീവിതം പറയുന്ന ഒരു വീഡിയോ താനീയിടെ കാണാനിടവന്നെന്നും, ആഫ്രിക്കൻ വേരുകളുളള തനിക്കും ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങളുണ്ടെന്നും ഒരു പ്രസംഗത്തിനിടയ്ക്ക് അക്കോ കൗച്ചമ്പി വിതുമ്പിക്കൊണ്ടു പറഞ്ഞു. മുത്തശ്ശിയെ ചുമലിൽ ഇരുത്തി മിനിയാപൊളിസിലെ തെരുവിലൂടെ ഓടിമറയുന്ന മാത്യുവിന്റെ വീഡിയോയും മുത്തശ്ശിയുടെ അഭിമുഖവും ചുരുങ്ങിയ സമയംകൊണ്ട് വൈറലായി. വർണവെറിയുടെ ഇനിയും നിലയ്ക്കാത്ത ഇരകൾ എന്ന പേരിൽ ടി.വി. ചാനലുകളിൽ ചർച്ചകൾ നടന്നു. കാമറൂണിയെന്ന ഹാഷ്ടാഗുകളിൽ നവവിപ്ലവങ്ങൾക്ക് കൊടിയേറി. ഇതേത്തുടർന്ന്‌, മാത്യുവിന്റെ ഉന്തുവണ്ടിയ്ക്കരികിൽ ചോളം തിന്നുകൊണ്ട് നിൽക്കുന്ന അക്കോ കൗച്ചമ്പിയുടെ ചിത്രങ്ങൾക്ക് വൻ പ്രചാരവും കിട്ടി. സത്യത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു, ഒടുക്കത്തിലേക്കുള്ള തുടക്കം...

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ഒരു രാത്രി, മാത്യുവിനെ അന്വേഷിച്ച് രണ്ടു അപരിചിതർ തെരുവിലെത്തി. കച്ചവടം കഴിഞ്ഞ്, എല്ലാം പൂട്ടിക്കെട്ടി വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു അവനപ്പോൾ. ചോളം കിട്ടാതെ തങ്ങൾ മടങ്ങിപ്പോകില്ലെന്ന് അവർ വാശിപിടിച്ചു. പൂട്ടിക്കെട്ടിയതെല്ലാം അഴിച്ചെടുത്ത് ചോളം തയ്യാറാക്കി കൊടുത്തപ്പോൾ അവരുടെ ആവശ്യം മറ്റൊന്നായി. അത്തരത്തിൽ ഒരു ഇടപാടും ഇവിടെയില്ലെന്ന് പറഞ്ഞ് മാത്യു അവരെ ഒഴിവാക്കി. ഞങ്ങളൊന്നു നോക്കട്ടേയെന്നും പറഞ്ഞ് അവർ ഉന്തുവണ്ടിയിലെ സാധങ്ങൾ തട്ടിത്തെറിപ്പിച്ച് തിരച്ചിലാരംഭിച്ചു. തടയാൻ ശ്രമിച്ച മാത്യുവിനെ അവർ അടിച്ചുവീഴ്ത്തി. കമിഴ്ന്നടിച്ചുവീണ അവന്റെ കൈകളിൽ അവർ വിലങ്ങണിയിച്ചു. തലയൊന്നുയർത്താൻ ശ്രമിച്ച അവന്റെ കഴുത്തിലേക്ക് ഒരാൾ മുട്ടുകുത്തിനിന്നു. കരയിലേക്ക് പിടിച്ചിട്ട മീനിനെപ്പോലെ അവനൊന്ന് പിടഞ്ഞു. നിശബ്ദരാക്കപ്പെട്ട ആൾക്കൂട്ടത്തിനു നടുവിലൂടെ അവർ അവനെ വലിച്ചിഴച്ചു. അവന്റെ ടീഷർട്ടിൽ നിന്നും അടർന്നുവീണ ‘I have a dream’ എന്ന സ്റ്റിക്കർ നടുറോട്ടിൽ അനാഥമായി കിടന്നു...

മൂന്നുദിവസം കഴിഞ്ഞ്, ഒരു ചതുപ്പിൽ നിന്നും മാത്യുവിന്റെ ശവം പൊന്തിവന്നു. അവനെ ചവിട്ടിത്താഴ്‌ത്തിയവർ തന്നെയായിരുന്നു ആ ഉയിർത്തെഴുന്നേൽപ്പ് നാടകത്തിന്റെ പുറകിലും. കാരണം, ആ ശവംകൊണ്ട് അവർക്ക് പലനേട്ടങ്ങളുമുണ്ടായിരുന്നു.

"പ്രതികാരം ചെയ്യാൻ പോയ ആൾ ഇരിക്കണ ഇരിപ്പുകണ്ടില്ലേ!' നവോമി എന്നെ കളിയാക്കി ചിരിച്ചു. നെഞ്ചിലെ ഭാരം ഇറക്കിവയ്ക്കുന്നതിനുവേണ്ടിയാണ്, സാമിനെ കാണാൻ പോയതിന്റെ വിശേഷങ്ങൾ അവളോടു പങ്കുവച്ചത്. പക്ഷേ, പ്രതികാരമെന്ന വാക്കിന്റെ കനം കൂടി അവളെന്റെ നെഞ്ചിലേക്കെടുത്തുവച്ചു.

"എന്നാലും മാത്യുവിന്റെ മരണത്തിനു മുൻപും പിൻപുമുണ്ടായ കോലഹാലങ്ങളൊന്നും നമ്മുടെ കണ്ണിൽപ്പെടാതെ പോയത് എന്തുകൊണ്ടാകും?' ഞാൻ ചോദിച്ചു.

"നമുക്ക് താല്പര്യമുള്ള കാര്യങ്ങൾ മാത്രമല്ലേ നമ്മുടെ ശ്രദ്ധയിൽപ്പെടൂ.' അവൾ പറഞ്ഞു.

"ശരിയാണ്, നമ്മുടെ കുട്ടികളുടെ കളിയെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചുമല്ലാതെ മറ്റൊരു വിശേഷവും നമ്മൾ സാമിനോടു തിരക്കിയിട്ടില്ല.' കുറ്റബോധത്തോടെ ഞാൻ ഓർത്തെടുത്തു.

"അതെന്തെങ്കിലുമാകട്ടെ, സാമിനെ നീ കണ്ടോ? അതോ അവർ പറഞ്ഞ കഥയും കേട്ട് മൂട്ടിലെ പൊടിയും തട്ടി തിരിച്ചുപോന്നോ?' നവോമി ചോദിച്ചു.

“സാമിനെ ഞാൻ കണ്ടു. പക്ഷേ, അവന് എന്നെ മനസ്സിലായില്ല. ഇരുട്ടുപിടിച്ച മുറിയിൽ കൂനിക്കൂടിയിരിക്കുന്ന അവന് സ്വന്തം മുത്തശ്ശിയെപ്പോലും തിരിച്ചറിയാൻ കഴിയുന്നില്ല.”

“വാട്ട്?” ഒരു നടുക്കത്തോടെ നവോമി നെറ്റി ചുളിച്ചു.

“ഇതേ ചോദ്യം ഞാൻ അവന്റെ മുത്തശ്ശിയോടും ചോദിച്ചു. കരഞ്ഞുകൊണ്ടാണ് അവർ മറുപടിപറഞ്ഞത്. മാത്യുവിനെ കാണാതായ ആ രാത്രിയിലാണ് സാം മിനിയാപൊളിസിലെത്തിയത്. മാത്യുവിനെ അവർ പിടിച്ചുകൊണ്ടുപോകുമ്പോൾ സാമും ആ തെരുവിലുണ്ടായിരുന്നു. പക്ഷേ, ഭയം കാരണം അവനൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഓടിക്കിതച്ച് വീട്ടിലെത്തിയ അവൻ മുത്തശ്ശിയോടു കാര്യങ്ങൾ പറഞ്ഞു. പിന്നെ മുറിയിൽ കയറി വാതിലടച്ചു. എത്രവിളിച്ചിട്ടും പുറത്തേക്കിറങ്ങാൻ കൂട്ടാക്കിയില്ല.”

“ശ്ശോ...” നവോമി താടിയ്ക്ക് കൈകൊടുത്ത് കഷ്ടംവച്ചു.

“എത്ര ചുറുചുറുക്കോടെ ഓടിനടന്ന പയ്യനാണ്. അവന്റെ ആ ഇരിപ്പും ഭയംനിറഞ്ഞ നോട്ടവും മനസ്സിൽനിന്നും മായുന്നില്ല.” ഞാൻ പറഞ്ഞു.

“മേനോൻ സാറ് എന്തൊക്കയോ പ്ലാൻ ചെയ്യുന്നുണ്ട്. സാമിനെ വെറുതെവിടില്ലെന്നൊക്കെ പറയുന്നതുകേട്ടു.” പിരിയാൻ നേരം നവോമി പറഞ്ഞു: “എന്തുവന്നാലും പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കരുത്.”

അല്പസമയംകൂടി ഞാനാ കോഫീഷോപ്പിൽ തുടർന്നു. ബില്ലുകൊണ്ടുവന്ന പയ്യനെ കണ്ടപ്പോൾ സാമിന്റെയും മാത്യുവിന്റെയും മുഖങ്ങൾ ഓർമവന്നു. ദുഃഖിതർക്കും പീഡിതർക്കും എല്ലാക്കാലത്തും എല്ലാ രാജ്യത്തും ഒരേ മുഖഭാവമാണല്ലോ!

“സുഖാണോ?” ഞാനാ പയ്യനോടു കുശലം ചോദിച്ചു. മനോഹരമായ ഒരു ചിരി സമ്മാനിച്ചുകൊണ്ട് അവൻ അടുത്ത ടേബിളിലേക്ക് ഓടി. മേനോൻ സാറിന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ട് ഞാൻ കോഫീഷോപ്പിന്റെ പാർക്കിങ്ങിലേക്കു നടന്നു. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്ന കാര്യം പറഞ്ഞുകഴിഞ്ഞപ്പോൾ മനസ്സിനൊരല്പം ആശ്വാസം തോന്നി. പക്ഷേ, സാമിനെ വെറുതെ വിട്ടേക്കണേ സാറേ എന്ന് അപേക്ഷിച്ചപ്പോഴുള്ള അയാളുടെ മറുപടിയും കൊലച്ചിരിയും കേട്ട് എന്റെ മനസ്സ് നുറുങ്ങിപ്പോയി.

“അല്ലെങ്കിലും പാതി ചത്ത ആ കറുമ്പനോട് എനിക്കെന്ത് വിരോധം” എന്നു ചോദിച്ചുകൊണ്ടാണ് ആ മനുഷ്യൻ ഫോൺ വച്ചത്. എന്നുവച്ചാൽ വിരോധം മുഴുവൻ എന്നോടായിരുന്നെന്ന്. ഹൊ! എന്തൊരു മനുഷ്യർ! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അനിൽ ദേവസ്സി

കഥാകൃത്ത്​, നോവലിസ്​റ്റ്​. ​​​​​​​യാ ഇലാഹി ടൈംസ്​ ആദ്യ നോവൽ.

Comments