പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള പയ്യനായ ചിക്കോ താമസിക്കുന്നത് ജിങ്കായ് നദിക്കരയിലെ ജങ്കോ എന്ന ഗ്രാമത്തിലാണ്. ജിങ്കായ് എന്ന നദിയുടെ പേരിൽ നിന്നാണ് ആ ഗ്രാമത്തിന് ജങ്കോ എന്ന പേര് വന്നതെന്ന് ആളുകൾ പറയുന്നു.
ചിക്കോവിൻ്റെ അച്ഛൻ ബാങ്കോയും അമ്മ സമോണും ആ ഗ്രാമത്തിൽ അറിയപ്പെടുന്ന കൃഷിക്കാരായിരുന്നു.
ആ കാലത്ത് ജങ്കോ ഗ്രാമത്തിൽ നിറയെ കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. പൊന്നു വിളയുന്ന നെൽപ്പാടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ, തെങ്ങിൻ തോപ്പുകൾ- എല്ലാം ആ ഗ്രാമത്തിൻ്റെ മാത്രം പ്രത്യേകതയായിരുന്നു. പക്ഷേ അവിടെ ഇന്ന് അതൊന്നുമില്ല. ഗ്രാമം ഒരു മരുഭൂമിയായി മാറിയിരിക്കുന്നു, എല്ലാം ഓർമ്മകൾ മാത്രയിരിക്കുന്നു. അതിനൊരു കാരണമുണ്ട്.
ആ ഗ്രാമീണർ തനതു രീതിയിലാണ് കൃഷി ചെയ്തിരുന്നത്. തികച്ചും ജൈവികമായി. അതിനിടയിൽ, അന്യദേശങ്ങളിൽനിന്നു വന്ന ലാഭക്കൊതി പൂണ്ട ചില കച്ചവടക്കാർ ഗ്രാമത്തിലെ ചില കൃഷിക്കാരെ പ്രലോഭനങ്ങളിൽ വീഴ്ത്തി അവരുടെ കൃഷി ഏറ്റെടുത്തു നടത്താൻ തുടങ്ങി. അതിമാരകമായ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുതുടങ്ങി.
ആദ്യ വർഷങ്ങളിൽ എല്ലാവർക്കും നല്ല ലാഭം കിട്ടി. ഇത് മനസ്സിലാക്കി ആദ്യം ചെറുത്തുനിന്ന ഗ്രാമീണരും കച്ചവടക്കാരുടെ കെണിയിൽ വീണു. ചിക്കോവിൻ്റെ അച്ചനമ്മമാർ ഒഴിച്ച്.
ജങ്കോ ഗ്രാമവും ജിങ്കായ് നദിക്കരയിലെ ഫലഭൂയിഷ്ടമായ മണ്ണും നദിയും വിഷലിപ്തമായി മാറി. അതോടെ കൃഷിയെല്ലാം നശിച്ചുപോയി. ജിങ്കായ് നദി വറ്റിവരണ്ടുപോയി. പച്ചപ്പിൻ്റെ ഒരു പുൽനാമ്പുപോലും അവിടെ അവശേഷിച്ചില്ല. സമ്പൽ സമൃദ്ധിയിൽ കഴിഞ്ഞു പോന്ന ഗ്രാമീണ വാസികൾ അങ്ങനെ കൃഷി ഉപേക്ഷിച്ച് ഗ്രാമം വിട്ടുപോകാൻ തുടങ്ങി.
പക്ഷേ ചിക്കോവിൻ്റെ അച്ഛനമ്മമാർ ഏതായാലും ജങ്കോ ഗ്രാമം ഉപേക്ഷിക്കാതെ അവിടെ തന്നെ കഴിയാൻ തീരുമാനിച്ചു. കഷ്ടപ്പാടുകളെല്ലാം മാറി ഒരു നല്ല കാലം വീണ്ടും വരുമെന്ന് അവർ ഉറച്ച് വിശ്വസിച്ചു. തുച്ഛമായ കൂലിയേ ഉള്ളൂവെങ്കിലും അവർ ദൂരെയുള്ള ഗ്രാമത്തിലെ ഒരു ഈർച്ചമില്ലിൽ ജോലിക്ക് പോകാൻ തുടങ്ങി, മറ്റ് മാർഗ്ഗമൊന്നും അവർക്ക് മുമ്പിലില്ലായിരുന്നു. എന്തു ചെയ്യും? വിശപ്പടക്കണ്ടെ?
ജോലി കഴിഞ്ഞ് അവർ രാത്രിയായാലേ വീട്ടിൽ തിരിച്ചെത്തുകയുള്ളൂ.
അതുവരെ കൊച്ചു കുട്ടിയായ ചിക്കോ തനിച്ചാണ്. അവന് സ്കൂളിലും പോകേണ്ട, കാരണം കുട്ടികൾ ഇല്ലാത്തതുകൊണ്ട് ഗ്രാമത്തിലുണ്ടായിരുന്ന ഏക വിദ്യാലയവും പൂട്ടിപ്പോയി. കൂട്ടിനും ആരുമില്ല എന്ന അവസ്ഥ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഏകനായ ചിക്കോയ്ക്ക് ബോറടിച്ചപ്പോൾ അവന് ഒരു ഐഡിയ തോന്നി. വറ്റിവരണ്ടു കിടക്കുന്ന ജങ്കായ് നദി കടന്ന് ഏറെ ദൂരം നടന്നാൽ മലമുകളിലെത്താം. അവിടെ മനോഹരമായ വനമേഖലയാണ്. സുന്ദരമായ കാട്ടുചോലകൾ അരുവികൾ എല്ലാമുണ്ടവിടെ. അവിടേക്ക് പോകാൻ അവൻ തീരുമാനിച്ചു.
മുമ്പൊരിക്കൽ വിറകെടുക്കാൻ അച്ഛൻ്റെ കൂടെ അവിടെപ്പോയ നേരിയ ഓർമ്മ അവനുണ്ട്.
അവിടെ പോകുക തന്നെ, അവൻ തീരുമാനിച്ചു. മാത്രവുമല്ല അവിടെ നിന്ന് വിറക്, തേൻ എന്നിവ ശേഖരിക്കാനും കഴിയും. അത് അമ്മയ്ക്ക് ഒരു സഹായവുമാകും, ചിക്കോ ചിന്തിച്ചു.

ഒരു ദിവസം അവനും അതിരാവിലെ ഉണർന്നു. അച്ഛനും അമ്മയും ജോലിക്കുപോയ ശേഷം ചിക്കോയും കാട് ലക്ഷ്യമാക്കി വീട്ടിൽ നിന്നിറങ്ങി നദിയിലൂടെ നടക്കാൻ തുടങ്ങി.
കാഴ്ചയിൽ നദി മുറിച്ച് കടക്കൽ എളുപ്പമാണെന്നാണ് അവൻ കരുതിയിരുന്നത്. പക്ഷേ സംഗതി അത്ര എളുപ്പമല്ല എന്ന് നടക്കാൻ തുടങ്ങിയപ്പോൾ അവന് ബോദ്ധ്യമായി. ഉരുളൻ കല്ലുകളും മണൽതിട്ടകളും കള്ളിമുൾച്ചെടികളും നിറഞ്ഞ പാത തണ്ടാൻ അവൻ ഏറെ പ്രയാസപ്പെട്ടു. ഒരു വിധം അവൻ നദി കടന്ന് അക്കരെ എത്തി.
അവിടെയുള്ള കാഴ്ചകൾ കണ്ട് അവൻ അത്ഭുതപ്പെട്ടുപോയി. അവൻ്റെ ക്ഷീണമെല്ലാം തത്ക്ഷണം മാറി.
മനോഹരമായ കാട് .
മനം കവരുന്ന കാട്ട് പൂഞ്ചോലകൾ.
ഇളം കാറ്റിൻ ന്യത്തമാടുന്ന മരച്ചില്ലകൾ. കാട്ടരുവിയുടെ സംഗീതത്തിനൊപ്പം പക്ഷികളുടെ കളകളാരവം.
കാട് അവനെ വിളിക്കുന്നതുപോലെ അവന് തോന്നി. കാടിൻ്റെ മാസ്മരിക ലോകത്ത് അവൻ പെട്ടു. കാട്ടു പഴങ്ങൾ കഴിച്ച്, കാട്ടാറിൽ നിന്ന് വെള്ളം കുടിച്ച് ക്ഷീണമകറ്റി അവൻ മുന്നോട്ട് പോയി. കാടിൻ്റെ മധ്യഭാഗത്തെ ഒരു വിശാലമായ പുൽ മൈതാനത്തിൽ അവൻ എത്തി. ആ മൈതാനത്തിൻ്റെ മധ്യത്തിൽ പടർന്നു പന്തലിച്ച് കിടക്കുന്ന ഒരു വൃക്ഷം അവൻ്റെ ശ്രദ്ധയിൽ പെട്ടു. ആ വൃക്ഷരാജന് തെട്ടടുത്തൊന്നും മറ്റ് മരങ്ങൾ ഒന്നുമില്ല. വർഷങ്ങളുടെ പ്രായമുണ്ടെന്ന് കണ്ടാലറിയാം.
തടിയുടെ താഴത്തെ ഭാഗം ഭൂമിയ്ക്ക് സമാന്തരമായും പിന്നീട് അങ്ങോട്ടുള്ള ഭാഗം ആകാശത്തിലേക്ക് പടർന്ന് പന്തലിച്ചും കിടക്കുന്നു. ചില്ലകളിൽനിന്ന് താഴോട് തൂങ്ങിയാടുന്ന വള്ളികൾ.
അതിമനോഹരം തന്നെ.
ചിക്കോ പിന്നീടൊന്നും ആലോചിച്ചില്ല, ആ മരച്ചുവട്ടിലേക്ക് കുതിച്ചു. എന്നിട്ട് ചാഞ്ഞു കിടക്കുന്ന തടിയിൽ ചവുട്ടി അനായാസം മരം കയറി. രണ്ടു ചില്ലകൾക്കിടയിലെ ഒരു സ്ഥലം കണ്ടെത്തി. അവിടെ ഇരുന്നു. ആ ഇരിപ്പിടം അവനു വേണ്ടി ആരോ ഉണ്ടാക്കിവെച്ചതു പോലെ അവന് തോന്നി.
മരച്ചില്ലകളിലെ പച്ചപ്പിൽ അവൻ നീണ്ടു നിവർന്നു കിടന്നു. ക്ഷീണം കാരണം അവൻ ഒന്നു മയങ്ങിപ്പോയി. പിന്നെ ഓരോ സ്വപനങ്ങൾ കാണാൻ തുടങ്ങി.
നേരം സന്ധ്യയായി.
പെട്ടന്ന് ശക്തമായ ഒരു കാറ്റു വന്നു.
അവൻ ഞെട്ടിയുണർന്നു.
എങ്കിലും അവൻ അവിടെ കിടന്നു.
അപ്പോൾ ആരോ ഒരാൾ അവനോട് സംസാരിക്കുന്നത് പോലെ അവനു തോന്നി.
“മകനേ തിരിച്ച് പോകാൻ സമയമായി. രാത്രിയിൽ വനത്തിലൂടെയുള്ള യാത്ര അപകടകരമാണ്. ഉടൻ തിരിച്ചുപോകൂ, നിൻ്റെ മാതാപിതാക്കൾ വിഷമിക്കും’’.
ചിക്കോ വീണ്ടും ഞെട്ടി പടപടാന്ന് എഴുന്നേറ്റ് ഒറ്റച്ചാട്ടത്തിന് മരത്തിൽനിന്ന് താഴെയിറങ്ങി. കാട്ടിലൂടെ തിരിച്ച് വീട് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. അല്ല ഓടാൻ തുടങ്ങി എന്നുവേണം പറയാൻ. അവൻ്റെ മനസ്സിലൂടെ പലപല ചിന്തകൾ കടന്നുപോയി.
“എന്താണ് സംഭവിച്ചത്? അവിടെ ഞാനല്ലാതെ മറ്റാരും ഉണ്ടായിരന്നില്ലല്ലോ? പിന്നെ ആരാ എന്നോട് സംസാരിച്ചത്? മരം സംസാരിക്കുമോ? ഏയ് അങ്ങിനെ വരാൻ വഴിയില്ല’’- പലതും ചിന്തിച്ച് ഒടുവിൽ അവൻ വീടെത്തി. അപ്പോഴേക്കും സന്ധ്യ കഴിഞ്ഞ് നേരം ഇരുട്ടിയിരുന്നു. വീട്ടിൽ വിളക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും എത്തിയിട്ടില്ല. അവന് ആശ്വാസമായി. തൽക്കാലം വഴക്ക് കേൾക്കാതെ അവൻ രക്ഷപ്പെട്ടു.

കുറച്ച് കഴിഞ്ഞ് അവൻ്റെ അച്ഛനും അമ്മയും തിരിച്ചു വന്നു.
അച്ഛനോട് നടന്ന കാര്യങ്ങൾ പറഞ്ഞാലോ?
വേണ്ട.
ഒന്നുകൂടി പോയി അവിടം കണ്ടതിനുശേഷം പറയാം, അവൻ തീരുമാനിച്ചു.
അടുത്ത ദിവസം അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ചിക്കോ കാട് ലക്ഷ്യമാക്കി നടന്നു.
അന്ന് നല്ല തണുപ്പുള്ള ദിവസമായിരുന്നു.അതുകൊണ്ട് ക്ഷീണമൊന്നും അനുഭവപ്പെട്ടില്ല. അവൻ വളരെ നേരത്തെ തന്നെ അവിടെ എത്തി. വിറകുകളും തേനും ശേഖരിച്ചു. പിന്നീട് കഴിഞ്ഞ ദിവസം അവൻ വിശ്രമിച്ച വൃക്ഷ രാജൻ്റെ അടുത്തേക്ക് ചെന്നു.
“കഴിഞ്ഞ ദിവസം തന്നെ വിളിച്ചു ഉണർത്തിയ ശബ്ദം ആരുടേതാണ്? മരത്തിൻ്റെതോ? എങ്കിൽ ഇതൊരു അത്ഭുത മരം തന്നെ’’- അവൻ്റെ മനസ്സിലൂടെ ഓരോ ചിന്തകൾ പാഞ്ഞുപോയി. മനസ്സിൽ അത്ഭുതവും കൗതുകവും നിറഞ്ഞു തുളുമ്പി.
എന്തായാലും അത് കണ്ടെത്തുക തന്നെ, അവൻ ഉറപ്പിച്ചു. അവൻ മരത്തിലും പരിസരങ്ങളിലും തിരഞ്ഞു. പക്ഷേ ഫലമേതുമുണ്ടായില്ല. പിന്നീട് കഴിഞ്ഞ തവണ അവൻ വിശ്രമിച്ച മരപൊത്തിൽ ഓരോന്ന് ചിന്തിച്ച് കിടന്നു.
“നീ എന്താണ് ഇത്ര ചെറുപ്പത്തിലേ ഇത്രയധികം ചിന്തിക്കുന്നത്? നീ വരുന്നത് ജങ്കോവിൽ നിന്നാണെന്ന് അറിയാം, പറയൂ എന്താണ് നിൻ്റെ പേര്?’’.
അന്ന് കേട്ട അതേ ശബ്ദം അവൻ വീണ്ടും കേട്ടു. ഇത്തവണ അതുണ്ടായിരിക്കുന്നത് വൃക്ഷരാജൻ്റെ അടുത്തുള്ള ഒരു പാറയിടുക്കിൽ നിന്നാണ്. ചിക്കോ ഉടൻ മരത്തിൽ നിന്ന് ചാടിയിറങ്ങി അങ്ങോട്ടേക്ക് കുതിച്ചു. പാറയുടെ ഗുഹാമുഖത്ത് എത്തി. പക്ഷേ അവിടെയും ആരെയും കണ്ടില്ല. ചിക്കോക്ക് സങ്കടവും ദൈഷ്യവും വന്നു.
എന്നിട്ട് അവൻ ചോദിച്ചു,
‘‘ആരാണ് നിങ്ങൾ? എന്തിന് മറഞ്ഞുനിന്ന് എന്നെ പറ്റിയ്ക്കുന്നത്?’’
‘‘ഇപ്പോൾ നീ എന്നെ കാണണ്ട, തൽക്കാലം നീ എൻ്റെ ചോദ്യത്തിന് ഉത്തരം താ?”- ശബ്ദം വീണ്ടും ചിക്കോയോട് പറഞ്ഞു. ഇതു കേട്ട് ചിക്കോ ദേഷ്യത്തോടെ പറഞ്ഞു; ‘‘നിങ്ങളോട് ഒന്നും എനിക്ക് പറയാനില്ല, ഞാൻ പോകുന്നു’’.

അപ്പോൾ ശബ്ദം വീണ്ടും; “നീ പറഞ്ഞില്ലെങ്കിലും നിന്നെയും നിൻ്റെ മാതാപിതാക്കളേയും എന്തിനേറെ, നിൻ്റെ ഗ്രാമത്തിലെ ഒട്ടുമിക്ക പേരേയും എനിക്കറിയാം കുഞ്ഞേ?’’.
അപ്പോൾ ചിക്കോ തിരിച്ച് ചോദിച്ചു.
“എങ്കിൽ പിന്നെ എന്തിന് ചോദിക്കണം? ഞാൻ പോകുന്നു, എനിക്ക് ധൃതിയുണ്ട്. അമ്മ കാത്തിരിക്കും, നിങ്ങളുടെ വട്ട് കേൾക്കാൻ എനിക്ക് നേരമില്ല’’.
ഇതു പറഞ്ഞ് അവൻ ധൃതിയിൽ വിറകുകെട്ട് തലയിൽ വെച്ച് നടക്കാൻ തുടങ്ങി.
അപ്പോൾ ശബ്ദം വീണ്ടും കേട്ടു.
ഈ പ്രാവശ്യം അത് ഒരു ഉപദേശത്തിൻ്റെ സ്വരമായിരുന്നു:
“കുഞ്ഞേ നീ തത്ക്കാലം പോയ്ക്കോ, പക്ഷേ നിനക്ക് എന്നെങ്കിലും ഈ വൃക്ഷരാജനെയും ഈ സ്ഥലവും ഓർമ്മ വന്നാൽ നിനക്ക് ഇവിടെ വരാം. അന്ന് നിനക്ക് മനസ്സിലാകും, നീ കിടന്ന മരപ്പൊത്തിൽ നിൻ്റെ ഭാവിയുടെ വിത്തുകൾ ഉണ്ടെന്ന്. ഏത് വിഷത്തേയും അതിജീവിക്കുന്ന അത്ഭുത വിത്തുകൾ’’.
ഇത് കേട്ടപ്പോൾ ചിക്കോക്ക് ചിരിവന്നു. “പിന്നെ, ഭാവിയുടെ വിത്ത്? മണ്ണാങ്കട്ട. മരപ്പൊത്തിൽ ഞാൻ കിടന്നതല്ലേ, അവിടെ ഒരു വിത്തും കണ്ടില്ലല്ലോ?’’- അവൻ മനസ്സിൽ പറഞ്ഞു.
തിരിച്ചുള്ള യാത്ര പുറപ്പെടാൻ തുടങ്ങുമ്പോൾ ഒരു പക്ഷിയുടെ സംഗീതം കേട്ട് അവൻ തിരിഞ്ഞു നോക്കി. അപ്പോഴതാ മനോഹരിയായ ഒരു പക്ഷി അവനിരുന്നിരുന്ന മരത്തിൻ്റെ ശിഖരത്തിൽ നിന്നും ചിറകടിച്ച് ഉയർന്ന് പറന്നുപോകുന്നു. പക്ഷിയുടെ സൗന്ദര്യം അവൻ്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു. വർണ്ണാഭമായ ചിറകുകൾ വിടർത്തി അത് വാനത്തിലേക്ക് പറന്നകന്ന കാഴ്ച ഓർത്ത് അവൻ വീടണഞ്ഞു.
ജോലി കഴിഞ്ഞെത്തിയ അമ്മ അവൻ കൊണ്ടുവന്ന വിറകുകെട്ടുകളും തേനും കണ്ടപ്പോൾ സന്തോഷവതിയായി. അവർ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
ചിക്കോ പക്ഷേ അവൻ കാട്ടിൽ വെച്ച് കേട്ട ആ അ ശിരീരിയുടെ പിറകെ തന്നെയാണ്. പക്ഷി വീണ്ടും ഓർമപ്പെടുത്തിയത് മരം പറഞ്ഞ വിത്തുകളെ ക്കുറിച്ച് ആകുമോ?
ഏതായാലും ഒന്നുകൂടി അവിടെ പോകാം എന്ന് ചിക്കോ തീരുമാനിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം ചിക്കോ ആരുമറിയാതെ വീണ്ടും അതിസാഹസികമായി കാട്ടിലെത്തി. മരത്തണലിൽ ഇരിക്കുകയായിരുന്ന അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് കണ്ട പക്ഷി വീണ്ടും പ്രത്യക്ഷപ്പെട്ടു.
ആദ്യം അവൻ വിശ്രമിച്ചിരുന്ന മരച്ചില്ലയിലാണ് പക്ഷിയിരിക്കുന്നത്.
‘‘അന്ന് കേട്ട ശബ്ദവും പക്ഷിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ?”, ചിക്കോ ആലോചിച്ചു.
ഏതായാലും അവൻ ഒരു കാര്യം തീരുമാനിച്ചു. അന്ന് അശരീരിയിൽ കേട്ട വിത്തിൻ്റെ രഹസ്യം കണ്ടെത്തുക തന്നെ’’.
അവൻ കഴിഞ്ഞ തവണ വിശ്രമിച്ച ഇടം ലക്ഷ്യമാക്കി മരത്തിലേക്ക് വലിഞ്ഞുകയറി. ഇതുകണ്ട് അവിടെ ഇരുന്നിരുന്ന വർണ്ണപക്ഷി പറന്ന് മറ്റൊരു ചില്ലയിലേക്ക് ഇരുന്നു.

ചിക്കോ പക്ഷിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ പക്ഷി പറന്നുപോയി. പക്ഷി ഇരുന്നിടത്ത് മറ്റൊരു പൊത്ത് ചിക്കോയുടെ ശ്രദ്ധയിൽ പെട്ടു.
അവൻ പൊത്തിനടുത്തെത്തി. അവിടെ കണ്ട കാഴ്ച അവനെ അത്ഭുതപ്പെടുത്തി.
അജ്ഞാത ശബ്ദത്തിൽ അവൻ കേട്ടതുതന്നെ സംഭവിച്ചിരിക്കുന്നു. പൊത്തിലതാ ഒരു കിഴി വളരെ ഭദ്രമായി ഇരിക്കുന്നു. ചിക്കോ ധൃതിയിൽ കിഴിയുടെ കെട്ടഴിച്ചു. കിഴിക്കകത്ത് വിത്തുകൾ കണ്ട് അവൻ അമ്പരന്നു. അവന് സന്തോഷമായി. അവൻ അത് എടുത്ത് തൻ്റെ വീട്ടിലേക്ക് ധൃതിയിൽ നടക്കാൻ തുടങ്ങി.
സമയം സന്ധ്യയായി കഴിഞ്ഞിരുന്നു. വഴിയിൽ നല്ല കോടമഞ്ഞ് വീണ് കിടക്കുന്നുണ്ടായിരുന്നു. ചുറ്റിലും ഒന്നും കാണുന്നില്ല. കഷ്ടിച്ച് പാത മാത്രം കാണാം. അവൻ തപ്പിത്തടഞ്ഞ് വീട്ടിലേക്കുള്ള വഴി കണ്ടെത്തി. നടക്കാൻ തുടങ്ങി. കുറച്ചുനേരം നടന്നു കാണും. അപ്പോഴതാ, അവൻ്റെ മുമ്പിൽ കോട മഞ്ഞിൽ ഒരു മനുഷ്യൻ.
നീണ്ട് മെലിഞ്ഞ് താടിയും മുടിയും വളർത്തിയ ഒരാൾ.
പെട്ടന്ന് ഒരമ്പരപ്പ് ചിക്കോക്ക് തോന്നി.
എങ്കിലും അയാളുടെ മുഖത്തെ ശാന്തഭാവം കണ്ടപ്പോൾ അയാൾകുഴപ്പക്കാരനല്ല എന്ന് അവന് ബോധ്യമായി.
അയാൾ അവനെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് ഇങ്ങനെ പറഞ്ഞു:
‘‘എൻ്റെ കുട്ടീ, നിനക്ക് സന്തോഷമായില്ലേ? ഇനി നീ ഈ വിത്തുകൾ നിൻ്റെ കൃഷിസ്ഥലത്ത് വിതക്കൂ, നിനക്ക് നല്ലത് വരും’’.
അന്ന് മരപ്പൊത്തിൽ കിടന്നപ്പോൾ കേട്ട അതേ ശബ്ദം. ചിക്കോക്ക് കൗതുകമായി. അവൻ ആ മനുഷ്യനെ പിന്തുടരാൻ ശ്രമിച്ചു. പക്ഷേ ചിക്കോക്ക് അതിന് കഴിഞ്ഞില്ല. അയാൾ ബഹുദൂരം മുന്നോട്ട് പോയിരുന്നു. കോടമഞ്ഞിൽ അയാൾ മറഞ്ഞുപോകുന്നത് അവൻ കാണുന്നുണ്ടായിരുന്നു. ചിക്കോ അയാളുടെ പിറകെ ഓടി. അവന് അയാളുടെ അടുത്ത് എത്താൻ കഴിഞ്ഞില്ല. അയാൾ കോടമഞ്ഞിൽ മറയുന്നത് അവൻ കണ്ടു.

ചിക്കോ ആകെ പരിഭ്രാന്തനായി.
"എന്താണ് സംഭവിക്കുന്നത്. എന്തായാലും വീട്ടിൽ എത്തിച്ചേർന്നേ പറ്റൂ’’, അവൻ ആകുലപ്പെട്ടു.
പിന്നെ വീട്ടിലേക്ക് ധൃതിയിൽ നടന്നു.
അവൻ വീട്ടിൽ തിരിച്ചെത്തി.
അപ്പോഴേക്കും അവൻ്റെ അമ്മയും അച്ഛനും പണി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. വൈകിയെത്തിയ ചിക്കോയെ അവർ വഴക്ക് പറഞ്ഞു. പക്ഷേ ചിക്കോ വിത്തിൻ്റെ കാര്യം അവരെ അറിയിച്ചു. ചിക്കോ പറഞ്ഞ കഥയൊന്നും അവർ വിശ്വസിച്ചില്ല. അതു മാത്രമല്ല തങ്ങളുടെ കുട്ടിക്ക് എന്തോ മതിഭ്രമം സംഭവിച്ചിരിക്കുന്നു എന്നു വരെ അവർ കരുതി.
അച്ഛനും അമ്മയും താൻ പറയുന്ന സത്യങ്ങൾ വിശ്വസിക്കാത്തതിൽ നിരാശയുണ്ടെങ്കിലും അവൻ അവദൂതൻ്റെ വാക്കുകളെ വിശ്വസിച്ചു. അവൻ മരപ്പൊത്തിൽനിന്ന് തനിക്ക് കിട്ടിയ വിത്തുകൾ വളരെ ശ്രദ്ധാപൂർവ്വം ജിങ്കായ് നദിക്കരയിൽ വിതറി.
ദിവസങ്ങൾ കഴിഞ്ഞു. വിത്തുകൾ മുളക്കാൻ തുടങ്ങി. ചിക്കോക്ക് സന്തോഷമായി.
ഒരിക്കലും ഒരു വിത്തും മുളക്കില്ല എന്ന് കരുതിയ ഇടത്ത്, വിത്ത് മുളച്ച് കണ്ടപ്പോൾ അവൻ്റെ മാതാപിതാക്കളും അത്ഭുതപ്പെട്ടു.
ചെടികൾ വളർന്നുവന്നു. അത്ഭുതമെന്ന് പറയെട്ടെ, ചെടികളിൽ വിവിധവർണ്ണത്തത്തിലുള്ള പൂക്കൾ വിരിഞ്ഞു. പൂക്കളുടെ സുഗന്ധവും സൗന്ദ്യരവും തേടി പൂമ്പാറ്റകൾ വന്നു തുടങ്ങി. ഉണങ്ങി വരണ്ടുപോയ ജിങ്കായ് നദിയിൽ ഉറവകൾ കിനിഞ്ഞുതുടങ്ങി. ജിങ്കായ് നദീതടം വീണ്ടും മനോഹരമായ ഒരു പൂങ്കവനമായി മാറി.
ചിക്കോ സന്തോഷവാനായി. പഷേ ഒരു കാര്യം അവൻ ആലോചിച്ചു.
വിത്ത് മുളച്ചതു കൊണ്ടും പൂക്കളുടെ മനോഹാരിത കൊണ്ടും എങ്ങനെ വിശപ്പടക്കും? കഴിഞ്ഞുകൂടാൻ എന്താണ് വരുമാനം?

വീണ്ടും നാളുകൾ നീണ്ടു. അങ്ങനെയിരിക്കെ ഒരു ദിവസം ജങ്കോ ഗ്രാമത്തിൽ ഒരു സഞ്ചാരി എത്തി. അയാൾ ഒരു വ്യാപാരിയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും സുഗന്ധമുള്ള പൂക്കൾ ശേഖരിച്ച് അത് ദൂരെ ദേശങ്ങളിലേക്ക് കയറ്റി അയക്കുക എന്നതായിരന്നു അയാളുടെ പരിപാടി.
ജങ്കോ ഗ്രാമത്തിലെ പൂങ്കാവനം കണ്ട് അയാൾക്ക് ഏറെ ഇഷ്ടമായി. അയാൾ പൂങ്കാവനത്തിൻ്റെ ഉടമയെ തേടി ചിക്കോയുടെ വീട്ടിലെത്തി. ചിക്കോയുടെ മാതാപിതാക്കളോട് സംസാരിച്ചു.
"പൂക്കൾ മുഴുവനും തനിക്ക് തരാമോ? നല്ല വില തരാം’’, അയാൾ അവരോട് ചോദിച്ചു.
അങ്ങനെ വ്യാപാരിയിൽ നിന്ന് ചിക്കോയ്ക്കും കുടുംബത്തിനും നല്ല വിലകിട്ടി. ചിക്കോയ്ക്കും മാതാപിതാക്കൾക്കും സന്തോഷമായി. വ്യാപാരി വന്ന കഥ നാട്ടിലാകെ പടർന്നു. ജങ്കോ ഗ്രാമം വിട്ടുപോയ മറ്റ് കർഷകരും തിരിച്ചുവരാൻ തുടങ്ങി. അവരും ചിക്കോവിൽ നിന്നും അപൂർവ്വ വിത്തുകൾ ശേഖരിച്ച് കൃഷി ചെയ്യാൻ തുടങ്ങി. അങ്ങനെ ജങ്കോ ഗ്രാമം വീണ്ടും സമ്പദ്സമൃദ്ധവും സന്തോഷപൂർണ്ണവുമായി മാറി.
