രാധാകൃഷ്ണൻ പേരാമ്പ്ര

ഒലീവ് ഇലകൾക്കിടയിൽ നിന്ന്
ഒരു പൂമ്പാറ്റക്കുഞ്ഞ്

ചുറ്റിലും കടുത്ത ചൂടായിരുന്നു. ശരീരത്തെ ഉരുക്കാൻ പാകത്തിലുള്ള കൊടുംചൂട്. എന്നിരുന്നാലും ഒരു ഇളം കാറ്റ് അവനെ തലോടി കടന്നുപോയി. അവനത് വലിയ ആശ്വാസമായി. കാറ്റു നൽകിയ കരുത്തിൽ മാത്രം അവനൊന്ന് പിടഞ്ഞു പതിയെ അവൻ്റെ കുഞ്ഞ് തല പ്യൂപ്പയ്ക്കുള്ളിൽ നിന്നുo പുറത്തുവന്നു. പിന്നീട് വർണ്ണാഭമായ അവൻ്റെ കുഞ്ഞുചിറകുകൾ ലോകം കണ്ടു. അങ്ങനെ ഒരു സുന്ദരൻ പൂമ്പാറ്റ കുഞ്ഞ് പിറവി കൊണ്ടു.

ശ്വാസം മുട്ടുന്ന ഒരവവസ്ഥയിൽ നിന്ന് മോചിതനായി സ്വാതന്ത്ര്യത്തിൻ്റെ ആകാശം കണ്ടതിൽ അവൻ ആശ്വസിച്ചു. സന്തോഷിച്ചു. പക്ഷെ ആ സന്തോഷം അധികനേരം നീണ്ടില്ല.

പെട്ടന്ന് ആകാശത്തുണ്ടായ ഉഗ്ര സ്ഫോടനങ്ങളും ചുറ്റിലും കുന്നുകൂടിയ പൊടിപടലങ്ങളും പുകയും എല്ലാം അവനെ അസ്വസ്ഥനാക്കി. ഭൂമിയിൽ തീഗോളങ്ങൾ വന്ന് പതിച്ചു.
ഭൂമി കുലുങ്ങി…

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

എവിടെ നിന്നോ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും കൂട്ടക്കരച്ചിൽ അവൻ്റെ കാതിൽ പതിച്ചു. യുദ്ധഭൂമിയിൽ മരണമടഞ്ഞ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളുടെ ദീനരോദനം അവൻ തിരിച്ചറിഞ്ഞു.
അവന് സങ്കടം വന്നു.
അവൻ അവൻ്റെ മനോഹരമായ ചിറകുകൾ ഒന്നനക്കാൻ ശ്രമിച്ച് നോക്കി.

‘‘കഷ്ടം! ചിറകുകൾ മനോഹരം തന്നെ …. പക്ഷെ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ” എന്നോർത്ത് ആ യുദ്ധഭൂമിയിലെ ആയരക്കണക്കിന് പൊട്ടിപ്പൊളിഞ്ഞ കൂരകളിലൊന്നിലെ ഒരു മൂലയിൽ അവൻ അങ്ങനെ അള്ളിപിടിച്ച് കിടന്നു. സ്ഫോടനങ്ങൾക്ക് ഒരു കുറവുമുണ്ടായില്ല. അത് മുമ്പത്തേക്കാൾ കൂടുതലായെതെന്നല്ലാതെ.

അവൻ ഓരോന്ന് ആലോചിച്ച് ഒന്നു മയങ്ങിപ്പോയി.

രാത്രി ഏറെ വൈകി.
അന്തരീക്ഷം ശാന്തമായി …
അപ്പോഴാണത് സംഭവിച്ചത്. അവനെ ഈ ലോകത്തേക്ക് വിളിച്ചുണർത്തിയ ആ ഇളം കാറ്റ് വീണ്ടും അവനെ തേടിയെത്തി അവനെ വിളിച്ചുണർത്തി. എന്നിട്ട് ആ ദുരന്തഭൂമിയിൽ നിന്ന് അൽപം ദൂരെയുള്ള ഒരു ഒലീവ് ചെടിയുടെ പച്ചിലത്തണലിൽ അവനെ എത്തിച്ചു. അവന് വളരെ സന്തോഷമായി. അവിടെയുള്ള കുഞ്ഞ് പൂവുകൾ അവന് തേൻ പകർന്നുനൽകി. കാറ്റും അവനും വളരെ അടുത്ത ചങ്ങാതിമാരായി മാറി. അവൻ്റെ ചിറകുകൾ തലോടി കാറ്റ് തിരിച്ചുപോയി. ഒലീവ് ഇലകളും കാറ്റിനെ കൈവീശി യാത്രയാക്കി. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം തിരിച്ച് വന്ന കാറ്റ് അവൻ്റെ വളർച്ച കണ്ട് അത്ഭുതപ്പെട്ടു. തൻ്റെ കൂട്ടുകാരൻ്റെ മനോഹരങ്ങളായ കുഞ്ഞ് ചിറകുകൾ വളർന്ന് വലുതായിരിക്കുന്നു.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

കാറ്റ് അത്ഭുതത്തോടെ അവനെ നോക്കി. എന്നിട്ട് ഇങ്ങനെ ചോദിച്ചു, “ ഹേയ് വർണ്ണച്ചിറകുകളുള്ള കൂട്ടുകാരാ, പറയൂ, പ്യൂപ്പാ അവസ്ഥയിൽ തന്നെ നിൻ്റെ ചിറകുകളിൽ ഈ വർണ്ണങ്ങൾ വിതറിയ ആ അദൃശ്യകരങ്ങൾ ആരുടേതാണ്?

ഏറെ നേരത്തെ മൗനത്തിനൊടുവിൽ പൂമ്പാറ്റക്കുഞ്ഞ് മറുപടി പറഞ്ഞു, “നോക്കൂ, അവനതാ ഇവിടെ… ഗാസയിലെ തെരുവുകളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചിൻ കൂടുനകത്തു നിന്ന് പിടഞ്ഞുകൊണ്ടേയിരിയ്ക്കുന്നു’’ എന്നു പറഞ്ഞ് അവൻ പറന്നുയർന്ന് തൻ്റെ വർണ്ണച്ചിറകുകൾ പൊഴിച്ച് അത് കാറ്റിന് സമ്മാനിച്ചു. ഭൂമിയിൽ നിന്ന് യുദ്ധത്തിൽ മരിച്ചു പോയ കുഞ്ഞുങ്ങൾ അവനെ വിളിക്കുന്നതുപോലെ അവന് തോന്നി…

അവൻ മണ്ണിലേക്ക് മടങ്ങി…


Summary: Children short story written by Radhakrishnan Perambra published in Truecopy Webzine packet 252.


രാധാകൃഷ്ണൻ പേരാമ്പ്ര

നാടകകൃത്ത്, സംവിധായകൻ. 02 അഥവാ അവസാനശ്വാസം, പൊക്കൻ, ഡോസ്​ പ്ലസ്​എന്നിവ പ്രധാന നാടകങ്ങൾ. റെഡ് അലേർട്ട്, ഞാൻ മാർജി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യെല്ലോഗ്ലാസ്, കൊറോണ, നിഴൽസഞ്ചാരം, ലാൻഡിയ തുടങ്ങി നിരവധി ഷോട്ട്ഫിലിമുകളുടെ രചയിതാവ്.

Comments