ചിത്രീകരണം: ദേവപ്രകാശ്​

ണ്ട് നിലയുള്ള ബിൽഡിങ്ങിന്റെ ഏറ്റവും മുകളിൽ നിന്ന് ഗത്യന്തരമില്ലാതെ ചാടിയ ഒരു നായ കമിഴ്​ന്നടിച്ചുവീണ് നിലവിളിച്ച് ഓടി രക്ഷപ്പെടുന്ന വീഡിയോ മൊബെലിൽ കാണുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് ആ വിളി എത്തിയത്. ഗിരീഷിന് ആദ്യമത് വിശ്വസിക്കാനായില്ല. പ്രശസ്ത എഴുത്തുകാരി കെ.സുജാത തന്നെ നേരിൽ കാണാൻ വീട്ടിലേക്ക് വരുന്നു. വിളി വന്നതും പെട്ടെന്നുണ്ടായ വെപ്രാളത്തിൽ ഒന്നും തിരിച്ചു പറയാനാവാതെ ഗിരീഷ് കുറച്ചു വൈകിയാണ് മറുപടി പറഞ്ഞു തുടങ്ങിയത്. ‘അതെ, ടീച്ചർ ഗിരീഷാണ്. ’ ‘ആ ഗിരീഷ്, ഇത് കെ. സുജാതയാണ് വിളിക്കുന്നത്.’

ഗിരീഷിനപ്പോഴും അതുറപ്പിക്കാൻ കഴിഞ്ഞില്ല. മലയാളം മുഴുവൻ ആഘോഷിക്കുന്ന എഴുത്തുകാരി. ഒരു ഫോട്ടോയ്ക്കും നേരിൽ ഒന്ന് കാണാനും മിണ്ടാനുമായ് നടക്കുന്ന ആയിരക്കണക്കിന് വായനക്കാർ; അല്ല, ഫാൻസുകാർ എന്നു തന്നെ പറയണം. കാരണം അവരുടെ ഒരു വാക്ക് വീഴുമ്പഴേക്കും സെക്കന്റുകൾക്കകം ഷെയറു ചെയ്യുകയും കമന്റുകൾ കൊണ്ട് പൂമൂടലുകൾ നടത്തുകയും ലൈക്കുകൾ കൊണ്ട് പൊതിയുകയും ചെയ്യുന്ന ആയിരങ്ങളെ ഗിരീഷ് കണ്ടിട്ടുണ്ട്. അതിലൊരു ലൈക്കും ഏതാണ്ട് അരപ്പേജ് വരുന്ന കമന്റും കഴിഞ്ഞ അഞ്ചാറു വർഷമായ് ഗിരീഷിന്റെ വകയാണ്.അത്രയ്ക്കുണ്ട് ആരാധന.

കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയെ കോളേജ് ക്യാമ്പസിൽ വെച്ച് കഴുത്തറുത്ത് കൊന്നതുമായ് ബന്ധപ്പെട്ടും എഴുത്തുകാരി പ്രതികരിച്ചു; ‘പെൺകുട്ടികൾ സുരക്ഷിതരല്ലാത്ത കാമ്പസുകളും ഒടുക്കം ഉണ്ടായിത്തീർന്നിരിക്കുന്നു. നമ്മൾ കൊട്ടിഘോഷിക്കുന്ന നവോത്ഥാനം ഇനി പെൺകുട്ടികളെ കൊല്ലാൻ ഏത് പറമ്പിലേക്കാണ് കയറിപ്പോകുന്നത്? ആൺകുട്ടികളെ ചികിത്സിച്ച് വളർത്താൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു'.

മോഹനൻ മാഷുടെ മകളുടെ പുതിയ വീടിന്റെ പെയിന്റടി നടക്കുന്നതിനിടയിലാണ് ഗിരീഷ് കെ.സുജാതയുടെ പുതിയ പോസ്റ്റ് കാണുന്നത്. ഇനി ചായ കുടിച്ചിട്ട് അടിക്കാമെന്ന് പറഞ്ഞ് ഗിരീഷ് അപ്പത്തന്നെ മറുപടി എഴുതാൻ ഇരുന്നു.

‘പ്രിയപ്പെട്ട എഴുത്തുകാരീ, താങ്കളുടെ വാക്കുകൾ ചാട്ടുളി പോലെ സമൂഹ മനസാക്ഷിയെ പൊള്ളിക്കുന്നു. ആണായ് പിറന്നതിൽ ഞാൻ ലജ്ജിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവസ്സുറ്റ വാക്കുകൾ തീർച്ചയായും എല്ലാവരേയും ആഴത്തിൽ ചിന്തിപ്പിക്കുകയും കൂടുതൽ കരുതലോടെയുള്ള പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരുകയും ചെയ്യും. ലിംഗനീതി എന്ന വലിയ ആശയത്തിലേക്കും പ്രയോഗത്തിലേക്കും നമ്മൾ എത്തിച്ചേരുമെന്ന് പ്രത്യാശിക്കാം. ശരിയാണ് നമ്മുടെ സമൂഹത്തിൽ സത്രീകൾ സുരക്ഷിതരല്ല എന്നത് ഒരു യാഥാർഥ്യമാണ്. ആ യാഥാർഥ്യത്തെ മറച്ചു പിടിച്ചു കൊണ്ട് വെളിച്ചത്തിലെത്തിച്ചേരാൻ നമുക്കാവില്ല തന്നെ. മലയാളത്തിന്റെ പുണ്യം കെ.സുജാത ടീച്ചറുടെ എഴുത്തുകൾ വായിച്ചവർക്കൊന്നും ഇത്തരത്തിലൊരു ലോകത്തെ അംഗീകരിക്കാൻ ആവില്ല. മനസാക്ഷിയുള്ള ഒരു മനുഷ്യജീവിക്കും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല കഴിഞ്ഞ ദിവസം തെക്കൻ കേരളത്തിലെ ക്യാമ്പസിൽ നടന്നത്. ശബ്ദിക്കുന്ന, പ്രതിരോധം തീർക്കുന്ന, നേർക്കുനേർനിന്ന് തന്റെ ലോകം സൃഷ്ടിക്കുന്ന മിഴിവുള്ള സത്രീ കഥാപാത്രങ്ങളെ സമ്മാനിച്ച കാലത്തിന്റെ എഴുത്തുകാരിക്കൊപ്പം ഞാനും പ്രതിഷേധം അറിയിക്കുന്നു. ആ കഥകളും കഥാപാത്രങ്ങളും ജീവിക്കുന്ന ഒരു ഭാഷയിൽ എങ്ങനെയാണ് ഒരാണിന് മറ്റൊരു പെൺകുട്ടിയെ പട്ടാപ്പകൽ കൊല്ലാനാവുക. ആ ചെറുപ്പക്കാരനു വേണ്ടി ഈ വായനക്കാൻ മാപ്പ് ചോദിക്കുന്നു.'

അതെഴുതിക്കഴിഞ്ഞതും ചായ കുടിച്ചെന്ന് വരുത്തി ഗിരീഷ് വീണ്ടും പണിക്ക് കേറി. പക്ഷെ ഇടയ്ക്കിടെ മൊബൈലെടുത്ത് തന്റെ കമന്റിന് താനത്രയേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയുടെ ലൈക്ക് വന്ന് വീണിട്ടുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടേയിരുന്നു. വൈകുന്നേരമായപ്പോഴേക്കും എഴുത്തുകാരിയുടെ പ്രതികരണം സോഷ്യൽ മീഡിയ ആഘോഷമാക്കുകയും പ്രതിപക്ഷ രാഷ്ട്രീയക്കാർ ഭരണകക്ഷിക്കെതിരെയുള്ള മൂർച്ചയുള്ള ആയുധമായ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. 947 പേർ ഷെയർ ചെയ്യുകയും 24,332 പേർ ലൈക്കുകയും 4000നടുത്ത് കമന്റുകൾ വരികയും ചെയ്തിരുന്നു. അപ്പോഴും ഒട്ടും പരിചയമില്ലാത്ത പത്ത് 15 പേർ ഗിരീഷിന്റെ കമൻറിന് ലൈക്ക് ചെയ്തതൊഴിച്ചാൽ എഴുത്തുകാരിയുടെ ലൈക്ക് അതിനെ പുളകം കൊള്ളിച്ചിരുന്നില്ല. ഗിരീഷ് കണ്ണ് നട്ടിരുന്നു.

ഏതാണ്ട് ആറേഴ് വർഷമായ് ഗിരീഷ് തലങ്ങും വിലങ്ങും കെ.സുജാത എന്ന വലിയ വായനാസമൂഹമുള്ള എഴുത്തുകാരിയെ പിന്തുടരുന്നു.
പിന്തുടരുന്നു എന്നു പറഞ്ഞാൽ അതൊരു വല്ലാത്ത പിന്തുടരലായിരുന്നു.
​അഞ്ച് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിലെ മുഖ്യധാരാ പ്രസാധകൻ പത്ത് വ്യത്യസ്തമായ കവറുകളിൽ പുറത്തിറക്കിയ നോവലിന്റെ രണ്ടാം പതിപ്പിന്റെ കവർ ഫെയ്‌സ്ബുക്കിൽ പോസ്റ്റു ചെയ്തതും അതിന്റെ തൊട്ടു താഴെ ഗിരീഷിന്റെ കമന്റ് പിന്നീടു ചെന്നു വീണതുമായിരുന്നു ആ ബന്ധത്തിന്റെ തുടക്കം.

ഗിരീഷ് എഴുതി: ‘‘ഇത് നോവലല്ല. ചരിത്രമാണ്. ഒരു പൂർണയായ സ്ത്രീക്കു മാത്രം സാധ്യമായ ഒന്ന്. ഗൗതമി മലയാളക്കരയെയാകെ ഉലച്ചിരിക്കുന്നു. പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയുടെ നട്ടെല്ല് അവൾ ചവിട്ടിയരച്ചിരിക്കുന്നു. ആണെന്നാൽ അധികാരമല്ലെന്നും ഒരു മനുഷ്യജീവി മാത്രമാണെന്നും അവൾ വെളിച്ചപ്പെടുത്തിയിരിക്കുന്നു. പതിവ് ലൈബ്രറി സന്ദർശനത്തിനിടയിൽ വളരെ യാദൃശ്ചികമായാണ് താങ്കളുടെ ‘പെണ്ണുങ്ങളുടെ താക്കോൽ ' എന്ന നോവൽ വായിക്കുന്നത്. പെയിന്റ് പണി കഴിഞ്ഞ് വളരെ ക്ഷീണിതനായി തിരിച്ചെത്തിയ ഒരു വൈകുന്നേരമായിരുന്നു അത്. നോവലിന്റെ വലിപ്പം കണ്ട് ഇത്തിരി ആശങ്ക തോന്നിയിരുന്നെങ്കിലും പല തവണയായ് കേട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരിയെ വായിച്ചു തന്നെ അറിയണമെന്ന വാശിയിലായിരുന്നു ഞാൻ. താമസിച്ചില്ല.ഞാൻ വായന തുടങ്ങി. ഒരു പേജ് കഴിഞ്ഞതോടെ ഞാൻ ശരിക്കും ഞെട്ടി. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഇരുളടഞ്ഞ ഒരു ലോകത്തിന്റെ ഇടനാഴിയിൽ ഒറ്റയ്‌ക്കൊരു യാത്ര തുടങ്ങുന്നതു പോലെ. ഒരോ നിമിഷവും എന്റെ ഭാവനയെ തകിടം മറിച്ചു കൊണ്ട് പുതിയൊരു പെൺ ലോകം എന്റെ മുമ്പിൽ തുറന്നുവെയ്ക്കപ്പെട്ടു. പലയിടങ്ങളിലും തൊണ്ടയിടറി. തൊണ്ടയിൽ നിന്ന് ഇതുവരെ കേട്ടിട്ടില്ലാത്ത ഞരക്കങ്ങൾ എന്നെ അസ്വസ്ഥനാക്കി. സമയം കടന്നു പോയത് ഞാനറിഞ്ഞില്ല. ഉണ്ണാൻ ഭാര്യ പലതവണ വന്ന് വിളിച്ചു. ഞാനനങ്ങിയില്ല. കളിക്കാനും കഥ കേൾക്കാനുമായ് മകളും വന്ന് സങ്കടപ്പെട്ട് മടങ്ങി. എന്റെ ഉറക്കം നഷ്ട്ടപ്പെട്ടിരുന്നു.ഗൗതമി ഒരോ നിമിഷവും എന്നെ സങ്കടങ്ങളുടെയും സമരങ്ങളുടെയും തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയിക്കൊണ്ടിരുന്നു. ഞാനൊരഭയാർഥിയെപ്പോലെ അവളുടെ ദുരിതങ്ങളുടെയും കുടിയിറക്കങ്ങളുടെയും കതകുകളിൽ ഒരു തിരമാലയിലെന്ന പോലെ വന്നടിച്ചു കൊണ്ടിരുന്നു. ഞാനും മുങ്ങുകയായിരുന്നു. ഒരു സ്ത്രീയുടെ ആഴവും പരപ്പും തിരിച്ചറിയുകയായിരുന്നു. സ്വയം പുതുക്കപ്പെടുകയായിരുന്നു.നേരം വെളുത്തത് ഞാനറിഞ്ഞില്ല. മുഖമൊന്ന് കഴുകി ഞാൻ വീണ്ടും വായനയിലേക്ക് കയറിയിരുന്നു. ഇത് വായിച്ചു തീർക്കാതെ അടുത്ത ശ്വാസം എടുക്കാനാവില്ലെന്നു വരെ തോന്നി. ചായയും കൂട്ടലും വരെ വളരെ യാന്ത്രികമായ് കഴിച്ചെന്ന് വരുത്തി.കൂടെ പണിയെടുക്കുന്നവർ പലതവണ വിളിച്ചു. സഹികെട്ട് ഞാനത് ഒഫാക്കി. വായനയിൽ മാത്രം തളം കെട്ടി നിന്നു. രാത്രി വീണ്ടും വന്നു. ഭാര്യയും മകളും എന്നെ സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്റെ വായനയുടെ സൂക്കേട് അവർക്കറിയാമായിരുന്നെങ്കിലും ഇങ്ങനെയൊരെന്നെ അവരാദ്യമായ് കാണുകയായിരുന്നു. ആ രാത്രിയും അവസാനിക്കുകയായിരുന്നു. ഒടുക്കം പുതിയ ദിവസത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഉലച്ചു കളയുന്ന ഒരു നോട്ടത്തോടെ ഗൗതമി അവളുടെ യാത്ര അവസാനിപ്പിച്ചു. അല്ല. അതവസാനമല്ല. ഒരു തുടക്കം മാത്രം.അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം. അപ്പൊഴേക്കും ഞാനൊരു പുതിയ മനുഷ്യനായ് തീർന്നിരുന്നു. നന്ദി. എഴുത്തുകാരി, ഈ ജീവിത പുസ്തകം സമ്മാനിച്ചതിന്. ഇതങ്ങാൻ ഞാൻ വായന മാറ്റിവെച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ ജീവിതബോധം. അറുന്നൂറ്റി അറുപത്തി ആറു പേജിൽ എഴുതി വെച്ചിരിക്കുന്നത് നോവലല്ല.പുതിയ കാലത്തിന്റെ ഇതിഹാസം.’’

കമൻറ്​ പോസ്റ്റു ചെയ്തതും അതിനും ലൈക്കുകൾ വന്നു വീഴാൻ തുടങ്ങി.
ആദ്യം അത്ര ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് തന്റെ കമന്റും ആളുകൾ വായിക്കുന്നുണ്ടെന്ന് ഗിരീഷിന് മനസ്സിലായി.ഏതാണ്ട് 216 ആളുകൾ തന്റെ കമൻറ്​ലൈക്ക് ചെയ്തിരിക്കുന്നു. 43 പേർ കമന്റും ചെയ്തിരിക്കുന്നു. ഒരാൾ ഇത് കോപ്പി ചെയ്‌തോട്ടെ എന്ന് ചോദിക്കുന്നു. അയാൾക്ക് അനുവാദം കൊടുത്തതും സ്‌ക്രോൾ ചെയ്തതും വേറെയും ചിലർ തന്റെ പോസ്റ്റ് കോപ്പി ചെയ്ത് പേര് വെച്ച് പോസ്റ്റ് ചെയ്തത് കണ്ടപ്പോൾ ഗിരീഷിന് കുളിരു കോരി. പക്ഷെ ശരിയായ അദ്ഭുതം അതായിരുന്നില്ല. അന്ന് ഉച്ച കഴിഞ്ഞ് ക്ലബിലേക്ക് നടക്കുന്ന വഴി ഹൈസ്‌ക്കൂള് മലയാളം പഠിപ്പിച്ച രാമചന്ദ്രൻ ചുഴലി മാഷ് മുന്നിൽ വന്നുനിന്നു; ‘അന്റെ കമന്റിന് എഴുത്തുകാരി സുജാത ലൈക്കും കമന്റും ചെയ്തിക്കെല്ലടോ...' ‘ആണോ മാഷെ... ' ‘ആ... ' ‘എന്തൊരെഴുത്താത്....'

അതും പറഞ്ഞ് മാഷ് നടന്നു പോയി.

ഫോൺ തുറന്ന് നോക്കിയ ഗിരീഷ് ആദ്യം കണ്ടത് രാമചന്ദ്രൻ ചുഴലി മാഷ് കോപ്പി ചെയ്ത് പോസ്റ്റിയ തന്റെ കമന്റാണ്. കൂടെ ഒരു വരിയും: ‘എന്റെ പ്രിയ മുൻവിദ്യാർഥി ഗിരിഷിന്റെ പൊള്ളുന്ന വായന.'

അടുത്ത നിമിഷം എഴുത്തുകാരിയുടെ പേജിലെത്തി.
തന്റെ കമൻറ്​ തിരഞ്ഞു. ഒടുക്കം കണ്ടെത്തി; ‘നന്ദി, ഗിരീഷ് എന്റെ പുസ്തകത്തെ ഇത്രയും ആഴത്തിൽ പിടിച്ചെടുത്തതിന്.'

അതൊരവാർഡായിരുന്നു ഗിരീഷിന്. പിന്നീടുള്ള ഒരോ ദിവസത്തെയും പുളകം കൊള്ളിക്കാനുള്ള ഭാഷ ആ വാക്കുകൾക്കുണ്ടായിരുന്നു. ഭാര്യയോടും മകളോടും ഗിരീഷ് കാര്യം പറഞ്ഞു. ഭാര്യ മൂക്കത്ത് വിരൽ വെച്ചു. മകൾ കേട്ടതും അച്ഛനു സമ്മാനം കിട്ടിയതുപോലെ തുള്ളിച്ചാടി. ‘മോളെ നിനക്ക് അവരുടെ കഥ കുറേ കഴിയുമ്പം പഠിക്കണ്ടി വരും.'
മകൾ അത് കേട്ടും തുള്ളിച്ചാടി.

ഒടുക്കം ആ എഴുത്തുകാരി തന്നെ വിളിച്ചിരിക്കുന്നു.നേരിൽ കാണാൻ വരുന്നെന്ന് പറയുന്നു. ഗിരീഷ് പണിമതിയാക്കി വീട്ടിലേക്ക് വന്നു. പക്ഷെ അടുത്ത നിമിഷം എന്തെന്നില്ലാത്ത കുറ്റബോധം അയാളെ വേട്ടയാടി. ഭാര്യ മുന്നിൽ വന്നു നിന്നു.‘‘എന്താ ഇന്ന് പണിയില്ലേനോ...'' ‘‘അതല്ല...'' ‘‘ഉം... പിന്നെന്താ...’’ ‘‘ഓര് ഫോൺ ചെയ്തിരുന്നു... എഴുത്തുകാരി കെ.സുജാത എന്നെ കാണാൻ വരുന്നൂന്ന്... '’

ഭാര്യ ശരിക്കും ഞെട്ടി.‘ഇനി കാണുമ്പം നിങ്ങളെന്ത് പറയും.'
ഗിരീഷിന്റെ തല പുകഞ്ഞു തുടങ്ങി.

ഇന്നേവരെ കെ.സുജാതയുടെ ഒരു കഥ പോലും വായിച്ചിട്ടില്ല എന്ന നഗ്‌ന സത്യം ഗിരീഷിന്റെ തലച്ചോറുകളെ ഇടിച്ചു നിരപ്പാക്കിക്കൊണ്ടിരുന്നു. ഗിരീഷിനെ കൂടാതെ ആ സത്യമറിയാമായിരുന്ന ഒരേയൊരാൾ ഭാര്യ അപർണയായിരുന്നു. വരാന്ത പത്രങ്ങളിലും ചില മാസികകളിലും വരുന്ന പുസ്തക നിരൂപണങ്ങളും എഴുത്തുകാരെക്കുറിച്ചുള്ള ഫീച്ചറുകളും അല്ലാതെ വെറും പത്രം വായനക്കാരൻ മാത്രമായ ഗിരീഷ് മറ്റൊന്നും സത്യം പറഞ്ഞാൽ വായിച്ചിരുന്നില്ല. മറ്റുള്ളവരുടെ വായനകളിൽ നിന്നും നിരൂപണങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകളിൽ നിന്നും കിട്ടുന്ന കഥാപാത്രങ്ങളുടെ പേരുകളും ചില സന്ദർഭങ്ങളും മാത്രമായിരുന്നു ഗിരീഷിന്റെ നോവൽ വായനയിലെ ആകെ സമ്പത്ത്. ആ സമ്പത്ത് വെച്ചു കൊണ്ടാണ് ‘പെണ്ണുങ്ങളുടെ താക്കോൽ' മുതൽ കെ.സുജാതയുടെ മുഴുവൻ പുസ്തകങ്ങളുടെയും വായനക്കാരനായി കമന്റുകളും ചെറുകുറിപ്പുകളുമെഴുതി എഴുത്തുകാരിയുടെ പിന്നാലെ നടന്നത്. പക്ഷെ അപ്പോഴൊന്നും ഒരിക്കലും തന്നെ തേടി ഇങ്ങനെയൊരു വിളി വന്നെത്തുമെന്ന് അയാൾ കരുതിയില്ല.

ആ ബന്ധം വളർന്നതിനു പിന്നിൽ ഗിരീഷിന്റെ മറ്റൊരു കുറിപ്പുകൂടി കാരണമായി. രണ്ടു വർഷം മുമ്പ് പുറത്തിറങ്ങിയ ‘മേലേവായിലെ പെണ്ണുങ്ങൾ' എന്ന നോവലിന് ഗിരീഷ് എഴുതിയ കുറിപ്പ് കെ സുജാത ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ട് ഇങ്ങനെയെഴുതി: ‘‘ഒരുപാടു പേർ എന്റെ എഴുത്തുകളെ പിന്തുടരുന്നു. ഒരുപാടു പേർ എന്റെ വാക്കുകളെ ആഘോഷമാക്കി മാറ്റുന്നു. ഒരുപാടു പേർ എന്റെ നിശ്ശബ്ദതകളിൽ പ്രതിരോധം കണ്ടെത്തുന്നു. പക്ഷെ കുറച്ചു പേർ എന്റെ നോവലുകളിൽ സ്വന്തം ആഴം കണ്ടെത്തുന്നു. ഗിരീഷ് അത്തരമൊരു വായനക്കാരനാണ്. ‘മേലേവായിലെ പെണ്ണുങ്ങൾ'ക്ക് ഗിരീഷ് കണ്ടെത്തുന്ന ആഴമിതാ...'’

എഴുത്തുകാരിയുടെ വാക്കുകൾ ഗിരീഷിനെ ശരിക്കും സ്വർഗത്തിൽ കൊണ്ടു ചെന്നിറക്കി. ഗിരീഷ് വാക്കുകളിൽ കൂടുതൽ വിനയവും ആഴവും കൊണ്ടുവന്നു.

കെ. സുജാതയുടെ ഫോൺ വന്നതോടുകൂടി കാര്യങ്ങൾ തകിടം മറിഞ്ഞു.

ഇത്രനാളും എഴുതിക്കൂട്ടിയ കുറിപ്പുകൾക്കും കമന്റുകൾക്കും തീ പിടിച്ചതുപോലെ ഗിരീഷിനു തോന്നി. എന്തൊക്കെയാണ് അവരോടു പറഞ്ഞത്. ഒന്നും പെട്ടെന്ന് വേർതിരിച്ച് ഓർക്കാൻ പോലും ഗിരീഷിന് ആയില്ല. കഴിഞ്ഞ വർഷം സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതറിഞ്ഞ് ഒരാവേശത്തിനാണ് മെസഞ്ചറുവഴി ഒരു പുകഴ്ത്തലിന്റെ ഒപ്പം ഫോൺ നമ്പർ കൂടി ചോദിച്ചു പോയത്. പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് അടുത്ത നിമിഷത്തിൽ സന്തോഷത്തിന്റെ ഇമോജിയോടൊപ്പം ഫോൺ നമ്പർ കൂടി വെളിപ്പെട്ടു. തീർന്നില്ല. കൂടെ ഒരു വാചകവും, ‘ഗിരീഷിനെപ്പോലുള്ള വായനക്കാരാണ് എന്റെ ഊർജം.'

പിന്നെ വാട്‌സാപ്പിൽ വിശേഷങ്ങൾ പലതവണ കൈമാറി.
അഭിസംബോധന ‘താങ്കളിൽ' നിന്ന് ‘ടീച്ചറെ' എന്നായി: ‘ടീച്ചറുടെ എല്ലാ പുസ്തകങ്ങളും ഒരു നിധിപോലെ ഞാൻ കൊണ്ടു നടക്കുന്നു. പണിക്കു പോകുമ്പോൾ പോലും ഒന്നെടുത്ത് സഞ്ചിയിൽ വെയ്ക്കും. അതൊരാശ്വാസമാണ്. ഇടയ്ക്ക് ഏതെങ്കിലും ഒരധ്യായം എടുത്ത് വായിക്കും. അപ്പോൾ വീണ്ടും സ്വസ്ഥമാവും.ഉൻമേഷം കൂടും.'

‘ഗിരീഷ്, നിങ്ങൾ വാക്കിന്റെ ആഴം കണ്ടെത്തുന്ന നാവികനാണ്. പിന്നെ ഞാൻ ടീച്ചറൊന്നുമല്ല. മുമ്പ് കുറച്ച് കാലം ജേർണലിസ്റ്റായിരുന്നു. ഇപ്പോൾ എഴുത്തു മാത്രം.'

പുതിയ പുസ്തകങ്ങളുടെ റിലീസ് എഴുത്തുകാരി ഗിരീഷിനെ അറിയിക്കാൻ തുടങ്ങി; ‘സാധിക്കുമെങ്കിൽ വരണം. അറിയാം ഒരുപാട് ദൂരമുണ്ടെന്ന്.'

കളി കാര്യമായെന്ന് ഗിരീഷിന് തോന്നാതിരുന്നില്ല. പക്ഷെ ഗിരീഷ് തന്റെ ഒഴിവാക്കാനാവാത്ത പ്രാരാബ്ദങ്ങൾ നിരത്തി അടുത്ത തവണ തീർച്ച പറഞ്ഞു; ‘ടീച്ചറെ ചെറുതായൊന്ന് വീണു. അടുത്ത തവണ തീർച്ചയായും വരാം.ഭാര്യയെയും മകളെയും കൂട്ടാം. മകളിപ്പം ടീച്ചറെ രണ്ട് പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞു. '

കെ.സുജാത ഗിരീഷിന്റെ കുടുംബത്തിന്റെ മുക്കും മൂലയും പതിയെ പതിയെ അറിഞ്ഞു തുടങ്ങി.ഗിരീഷ് കെ.സുജാതയെന്ന എഴുത്തുകാരിയുടെ വാക്കുകളെ സ്വന്തം ജീവിതവുമായ് കൂട്ടിക്കെട്ടി വായനകൾ തീർത്തു കൊണ്ടിരുന്നു. എഴുത്തുകാരിയെക്കുറിച്ച് കേൾക്കുന്ന ഏത് വാർത്തയും വായിക്കുന്ന മറ്റുള്ളവർ എഴുതിയ നിരീക്ഷണങ്ങളും സ്വന്തം ജീവിതവും ചേർത്ത് ഗിരീഷ് എഴുതി അറിയിച്ചു കൊണ്ടിരുന്നു.

അതു മാത്രമല്ല, രണ്ടു വർഷങ്ങൾക്കു മുമ്പ് കെ. സുജാത ഗിരീഷിന്റെ വായന പോസ്റ്റ് ചെയ്തതോടു കൂടി അയാളെ ചുറ്റുമുള്ള ലോകവും പതിയെ അംഗീകരിച്ചു തുടങ്ങുകയായിരുന്നു. ഒരിക്കൽ ലൈബ്രറിയിൽ കെ.സുജാതയുടെ പുതിയ പുസ്തകത്തെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട ചർച്ചയിലേക്ക് ഗിരീഷിനെ ക്ഷണിച്ചു. പേര് വെച്ച് നോട്ടീസടിച്ചു. പക്ഷെ പരിപാടിയിൽ നിന്ന് അതിവിദഗ്ദമായ് രക്ഷപ്പെടാനുള്ള അവസരം ഗിരീഷിന് വന്നു ചേർന്നു. വകയിൽ ഒരു കുടുംബക്കാരിയുടെ മരണമായിരുന്നു അത്. പക്ഷെ അവിടം കൊണ്ടൊന്നും അവസരങ്ങൾ തീർന്നില്ല. കെ.സുജാതയ്ക്ക് അക്കാദമി അവാർഡ് കിട്ടിയതിനെ തുടർന്ന് മകളുടെ സ്‌കൂളിലേക്കും വിളി വന്നു; ‘ഗിരീഷല്ലേ.... ഇത്തവണത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി ഗിരീഷ് ഉദ്ഘാടനം ചെയ്യുണമെന്നാണ് ഞങ്ങളുടെ ആഗ്രഹം '

ഗിരീഷ് തിരിച്ചു പറഞ്ഞു; ‘നാട്ടിലെ ഏതെങ്കിലും എഴുത്തുകാരോ കവികളോ ഒക്കെയല്ലേ ടീച്ചറെ അതു ചെയ്യേണ്ടത്. '

‘നാട്ടിലെ എല്ലാ എഴുത്തുകാരും പല തവണ ഇവടെ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ നല്ലൊരു വായനക്കാരൻ ചെയ്യണമെന്നാണ് തീരുമാനം. അതിന് ഗിരീഷിനെ വെല്ലാൻ തത്കാലം ആരുമില്ല.'

ഗിരീഷ് ‘അതു വേണോ...' എന്ന് ഒരിക്കൽ കൂടി ചോദിച്ചു.
‘വേണം' എന്ന് രമണി ടീച്ചർ തീർത്തു പറഞ്ഞെങ്കിലും തീരുമാനിച്ച ദിവസം ഗിരീഷിന് വേണ്ടി രണ്ടു തവണ മാറ്റുകയും ഒടുക്കം മൂന്നാം തവണയും മാറ്റേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോൾ തൊട്ടടുത്തുള്ള ഹയർ സെക്കന്ററിയിലെ മലയാളം മാഷെ വിളിച്ച് നടത്തിക്കുകയുമായിരുന്നു.

എഴുത്തുകാരി കെ.സുജാത ഷെയർ ചെയ്ത ഗിരീഷിന്റെ പോസ്റ്റിൽ ഭാര്യയ്ക്കും സന്തോഷിക്കാൻ വകയുണ്ടായിരുന്നു. അതൊരു കുടുംബശ്രീ ദിവസമായിരുന്നു. പൈസയൊക്കെ അടച്ച് ഇറങ്ങാൻ നേരം സുമതിയേടത്തി വന്ന് അപർണയുടെ കൈ പിടിച്ചു. അർഥം മനസ്സിലാവാതെ അപർണ നിന്നു പോയി; ‘ഞാനിപ്പഴാ കണ്ടത്. ഗിരീഷ് നന്നായ് വായിക്കുമല്ലേ. ഹൊ... വല്ലാത്തൊരെഴുത്തായ്‌പ്പോയത്.'

അപർണ ചെറുതായ് ചിരിച്ചു കൊണ്ട് തലയാട്ടി.
മലയാളത്തിൽ എം.എ യും ബിഎഡും കഴിഞ്ഞ ആളാണ് സുമതിയേടത്തി. വായനയെ വളരെ രഹസ്യമായ് ആഘോഷിക്കുന്ന ആള്. അധികം വർത്താനത്തിനോ പരദൂഷണത്തിനോ സുമതിയേടത്തിയെ കിട്ടില്ല. വീട്ടിലേക്ക് എപ്പം കേറിച്ചെല്ലുമ്പഴും ഒരു പുസ്തകം അടുത്തുണ്ടാവും.അവരാണ് ഗിരീഷേട്ടനെ അഭിനന്ദിച്ചിരിക്കുന്നത്. അതു മാത്രമല്ല. പണ്ട് കൂടെ പഠിച്ച ചില പഠിപ്പിസ്റ്റുകളിൽ ഒന്ന് രണ്ട് പേർ അപർണയ്ക്ക് മെസ്സേജയക്കുകയും ചെയ്തു. 'നല്ല വായന...'' ഒരുത്തി സക്രീൻ ഷോട്ട് അയച്ചു പറഞ്ഞു, ‘എന്തൊരെഴുത്താണെടീ നിന്റെ കെട്ടിയോൻ...' മറ്റൊരുത്തി അയച്ചു. അതുകൂടി കേട്ടപ്പോൾ അപർണയ്ക്കു സന്തോഷം ഇരട്ടിച്ചു. ആളുകൾക്ക് തന്റെ കുടുംബത്തോട് ഇത്തിരി ബഹുമാനം കൂടിയിട്ടുണ്ടെന്ന് ഉറപ്പിക്കാൻ നല്ല വാക്കുകൾ പല തവണ ആവർത്തിക്കപ്പെട്ടു.

എഴുത്തുകാരി കെ.സുജാതയുടെ വിളി വന്നതോടെ ഒരു വശം തളർന്ന രോഗിയെപ്പോലെ വീടിന്റെ കോനായിലിരിക്കുന്ന ഗിരീഷിനെ കണ്ടപ്പോൾ അപർണയ്ക്ക് ശരിക്കും സങ്കടം വന്നു; ‘എട്ടാ, അവരെപ്പഴാ വരുന്നൂന്ന് പറഞ്ഞത്... '

ഗിരീഷ് തല പൊന്തിച്ചു.‘വൈകുന്നേരം... ഇതു വഴി ഒരു മീറ്റിങ്ങിന് പോവുമ്പം വരാന്നാ പറഞ്ഞത്. '
‘മ്മക്ക് കൊറച്ച് ബെയിക്കിറി വാങ്ങിയാപ്പോരെ ....'
അപർണ ഗിരീഷിനെ തണുപ്പിക്കാൻ ശ്രമിച്ചു.‘അതല്ലെടി, ഇത്രയൊക്കെ എഴുതിപ്പിടിപ്പിച്ച് അവരുടെ പുറത്തിറങ്ങിയ പതിനെട്ടുപുസ്തകങ്ങളിൽ ഒന്നെങ്കിലും ഇവിടെ കണ്ടില്ലെങ്കിൽ ... ഞാനാണെങ്കിൽ ഒരു രസത്തിന്, വീട്ടിൽ വരുമ്പം വാങ്ങി വെച്ച മുഴുവൻ പുസ്തകത്തിലും ഓട്ടോഗ്രാഫ് തരണമെന്ന് പറഞ്ഞതാണ് '
ഗിരീഷ് ഉള്ളുതുറന്നു.‘അതൊന്നും സാരല്ല. ആർക്കെങ്കിലും വായിക്കാൻ കൊടുത്തൂന്ന് പറഞ്ഞാൽ പോരെ...'; അവൾ ഉപായം കണ്ടെത്തി.

ഗിരീഷിന് ആ വഴി ബോധിച്ചില്ല; ‘അതൊന്നും പറഞ്ഞ് നിക്കാനാവില്ല.... '

എഴുന്നേറ്റ് പോകുമ്പോൾ കുടുംബശ്രീയുടെ മെറ്റല് വിറ്റ് കിട്ടിയ കൈയ്യിലാകെയുള്ള ആയിരത്തി ഒരുനൂറ് രൂപ അപർണ ഒരു ചൊറിയലും കൂടാതെ ഗിരീഷിന്റെ കൈയ്യിൽ വെച്ച് കൊടുത്തിരുന്നു.
ഇത്രയും പുസ്തകങ്ങൾ എവിടുന്ന് കിട്ടാനാ. ലൈബ്രറിയിൽ ചെന്നാപ്പോലും ഒന്നേ കൊണ്ടുവരാൻ പറ്റൂ. അവിടുത്തെ മെമ്പർഷിപ്പ് പുതുക്കിയിട്ട് തന്നെ കുറച്ചായി. വൈകുന്നേരങ്ങളിൽ പോയാൽ തന്നെ പത്രങ്ങളിലൂടെ അരിച്ചരിച്ച് നടക്കുകയല്ലാതെ മറ്റൊന്നിനും സമയം കിട്ടാറില്ല.

ഗിരീഷ് നടന്ന് ടൗണിലേക്കുള്ള ബസ്സ് കയറി. ബസ്സിലിരിക്കുമ്പോൾ അയാളുടെ മനസ്സിലൂടെ താനിന്നേവരെ എഴുതിയയച്ച മുഴുവൻ കമന്റുകളും കുറിപ്പുകളും സന്ദേശങ്ങളും ഒന്നിനു പിറകെ ഒന്നായി തെളിയാൻ തുടങ്ങി. ആദ്യം ഒരു വലിയ എഴുത്തുകാരിയെ പരിചയപ്പെടാനുള്ള കൊതിയായിരുന്നു. എഴുത്തുകാരിയുടെ വാക്കുകളെയും ഭാവനകളെയും പിന്തുടരുന്ന ഒരു വിനീതവിധേയൻ കേരളക്കരയുടെ ഈ നാട്ടിൻ പുറത്തുമുണ്ടെന്ന് പറയാനുള്ള ശ്രമമായിരുന്നു. പിന്നീടത് ഇതാ, നിങ്ങളെ കമ്പോടു കമ്പ് വായിക്കുന്ന വായനക്കാരനാണ്, എന്റെ വാക്കുകളെ കേൾക്കൂ എന്ന വിളിച്ചു പറയലായ്.അതിൽ ലൈക്കുകളും കമന്റുകളും പറന്നെത്തി. ഷെയറുകൾ വിരുന്നു വന്നു. ഒടുക്കം എഴുത്തുകാരി തന്നെ സവിനയം അതിനെ അംഗീകരിച്ചു. ആ അടുപ്പം നിലനിർത്താറുള്ള കഠിന പരിശ്രമമായിരുന്നു പിന്നീട് നടന്നത്. ഒപ്പം പിടിക്കപ്പെടാതിരിക്കാനുള്ള അധിക ശ്രദ്ധയും കൂടെയുണ്ടായിരുന്നു. ഒടുക്കം ആ വായനക്കാരനെ നേരിൽ കാണാൻ എഴുത്തുകാരി തീരുമാനിച്ചിരിക്കുന്നു. ഒരർഥത്തിൽ സന്തോഷിക്കേണ്ടതാണ്. പക്ഷെ അവരുടെ മുന്നിൽ വായടച്ചുപിടിക്കേണ്ടി വരുമോ എന്ന പേടി ഗിരീഷിനെ ചിന്തകളിൽ നിന്ന് തിരിച്ചു നടത്തിച്ചു.

‘വായനക്കാരുടെ കത്തുകൾ ' എഴുതി പത്രങ്ങൾക്കയക്കുന്ന ഒരു യുവാവിനെ ഗിരീഷ് മറന്നിരുന്നില്ല. പത്രം അരിച്ചുപെറുക്കി വായിക്കുന്ന ആ യുവാവിന് ഒരിക്കലെങ്കിലും തന്റെ പേര് പത്രത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. അതൊരു പഴയ ലോകമായിരുന്നു. ഫോണും ഇന്റർനെറ്റുമൊന്നും കൈയ്യിലേക്ക് വന്നിട്ടില്ലാത്ത കാലം. ആ കാത്തിരിപ്പ് ഒരിക്കലും ഫലിച്ചില്ല. ഒടുക്കം പെയിന്റു പണിയും പ്രണയവും കല്യാണവുമായി എഴുത്തുകൾ നിർത്തേണ്ടി വന്നു.അതു കൊണ്ട് ഒരു ഭാര്യയും ഒരു കുട്ടിയും പകുതി പണി തീർത്ത ഒരു വീടും ജീവനോടെ ഇരിക്കുന്നു.

സ്റ്റാന്റിലേക്ക് ബസ്​ കേറുന്നതിന് തൊട്ടുമുമ്പിലുള്ള സ്റ്റോപ്പിൽ ഗിരീഷ് ഇറങ്ങി. എപ്പോഴും ആളുകൾ നിറഞ്ഞു നിൽക്കുന്ന നഗരത്തിലെ ബുക്ക്സ്റ്റാൾ അവിടെയാണ്. വല്ലപ്പോഴും നഗരത്തിലേക്ക് വരുമ്പോൾ സമയം പോക്കാനായ് ഗിരീഷ് അങ്ങോട്ടു നടന്നു ചെല്ലും. ദേശത്തും വിദേശത്തുമുള്ള അക്ഷരജാലക്കാരുടെ ലോകമാണത്. അവിടെ ഒരു ഷെൽഫ് നിറയെ കെ.സുജാത എന്ന എക്കാലത്തേയും മികച്ച എഴുത്തുകാരിയുടെ പുസ്തകങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു. ഗിരീഷ് അത് പല തവണ മറിച്ചു നോക്കിയിട്ടുണ്ട്. എഴുത്തുകാരിയുടെ ബയോഡാറ്റ വായിച്ച് അദ്ഭുതമവസാനിപ്പിച്ച് വായന നിർത്തും. അത് കഴിഞ്ഞ് തിരിച്ച് വെച്ച് അതിന്റെ വില നോക്കും- 640 Rs. 450 Rs . 560 Rs. 400 Rs.
പിന്നെ കണക്കുകൂട്ടലാണ്. ഒരു പുസ്തകത്തിന് അമ്പത് രൂപ എഴുത്തുകാരിക്ക് കിട്ടിയാൽ ആയിരം പുസ്തകത്തിന് അമ്പതിനായിരം. പത്ത് പതിപ്പ് കഴിയുമ്പോൾ അഞ്ച് ലക്ഷം.ഗിരീഷിന്റെ കണ്ണുകൾ ഉരുണ്ടുവന്നു.

ഇത്തവണ കേറുമ്പോൾ ആളുകൾ കുറവായിരുന്നു. കൂടുതലൊന്നും അരിച്ചരിച്ച് നടക്കാതെ ഗിരീഷ് നേരെ കെ.സുജാതയുടെ നോവലുകൾ നിരത്തി വെച്ച ഷെൽഫിന് അടുത്തേക്ക് നടന്നു. വരുന്നവരെ നോക്കി ചെറിയ ചിരിയോടെ നിൽക്കുന്നു അവരുടെ മുഖങ്ങൾ. ചില നോവലുകളിൽ അവർ തന്നെയാണ് മുഖചിത്രം. ഗിരീഷ് ഒരു നിമിഷം നിന്നു; ഏത് പുസ്തകം വാങ്ങണം...?

ഒന്നും ഇതേ വരെ ഒരു പേജ് പോലും വായിച്ചു നോക്കിയിട്ടില്ല. വലിയ പുസ്തകങ്ങളോട് പണ്ടുമുതലേ ഗിരീഷിന് ഒരിഷ്ടക്കേടുണ്ടായിരുന്നു. ഇത്രയും മനുഷ്യർക്ക് വായിച്ചു തീർക്കാൻ സാധിക്കുമോ എന്ന പേടി അതു കാണുമ്പോഴൊക്കെ അയാൾക്കുള്ളിൽ ഉണ്ടായിരുന്നു. ഇതത്രയും വായിക്കുന്ന സമയം കൊണ്ടു എത്ര മുറികൾ പെയിന്റടിച്ചു തീർക്കാമെന്ന് വരെ അയാൾ ചിന്തിച്ചിട്ടുണ്ട്. എന്നിരുന്നാലും കെ.സുജാതയുടെ ഉള്ളറിഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ സമയം പോയാലും സാരമില്ല ഒന്നെങ്കിലും വായിക്കണമെന്നയാൾ ഉറപ്പിച്ചിരുന്നു.പക്ഷെ മൂന്നൂറ് പേജിൽ കുറയാത്ത ഒരു പുസ്തകം പോലും കെ.സുജാത എഴുതിയിട്ടില്ല. ഒരു പേജ് വായിക്കാൻ ഒരു മിനിറ്റ് എടുത്താൽ മുന്നൂറ് പേജിന് അഞ്ചു മണിക്കൂർ പോയിക്കിട്ടും. സമയത്തിന്റെ വില പെയിന്റു പണിക്കാരനായ ഗിരീഷിന് നല്ലപോലെ അറിയാം.

ഗിരീഷ് ഷെൽഫിൽ നിന്ന് ‘പെണ്ണുങ്ങളുടെ താക്കോൽ' എന്ന പുസ്തകമെടുത്തു. തിരിച്ച് വെച്ച് അതിന്റെ പൈസ ഉറപ്പിച്ചു. 650 Rs.
രണ്ടു മാസത്തെ കറൻറ്​ ബില്ല്.
ഒരു ഫുൾ കുഴിമന്തി.
പക്ഷെ വൈകുന്നേരത്തെ നാണക്കേടോർത്തപ്പോൾ ഗിരീഷിന് അതിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു വഴിയും കണ്ടെത്താനായില്ല. ഒരെഴുത്തുകാരിയുടെ മുഴുവൻ കൃതികളും വായിച്ച് ആരാധകനായ ഒരാളുടെ കൈയ്യിൽ ഒരു പുസ്തകം മാത്രമിരിക്കുന്നത് കുറച്ചിലല്ലേ... അതെ.ഗിരീഷ് ഉറപ്പിച്ചു.

വീണ്ടും ഷെൽഫിലേക്ക് കൈ നീളുമ്പോൾ തന്റെ വിരലുകളിൽ വിറ വരുന്നുണ്ടെന്ന് ഗിരീഷിന് തോന്നി. കെ. സുജാതയെന്ന എഴുത്തുകാരിക്ക് കമന്റെഴുതിയ നിമിഷത്തെ ഗിരീഷ് ശപിച്ചു. കെ. സുജാത സന്ദർശിച്ച വീട് എന്നത് ചില്ലറക്കാര്യമല്ല. എഴുത്തുകാരിയോടൊപ്പമുള്ള ഒരു സെൽഫി തന്റെ സ്വപ്നമാണ്. അതിന് ഇത്ര ചിലവാക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നില്ല. അവർ വന്ന് പോയ ശേഷം ഈ പൈസ എങ്ങനെയുണ്ടാക്കി ഭാര്യയ്ക്കു തിരിച്ചു കൊടുക്കുമെന്നോർത്തപ്പോൾ ഗിരീഷിന് വീണ്ടും തല പുകഞ്ഞു. തന്റെ കൈയ്യിൽ സമയം കുറവാണെന്ന തോന്നൽ ഗിരീഷിനെ മറ്റു ചിന്തകളിൽ നിന്ന് തത്കാലം തടഞ്ഞു.

‘മേലേവായിലെ പെണ്ണുങ്ങൾ' എന്ന പുസ്തകം കൂടി ചേർത്ത് വാങ്ങി നഗരത്തിൽ നിന്ന് ബസ് കേറുമ്പോൾ ആ പുസ്തകങ്ങളുടെ മണം ഗിരീഷിനെ കൂടുതൽ അസ്വസ്ഥതപ്പെടുത്തി.

ഇന്ന് വായിച്ച് തുടങ്ങിയാൽ ഇനി എവിടെയുമെത്തില്ലെന്ന ചിന്ത ഗിരീഷിനെ പുറം കാഴ്ച്ചകളിൽ നിന്ന് മടക്കി. സമയം ഉച്ചകഴിയുകയാണ്. നല്ല വിശപ്പുണ്ട്. ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് കേറുമ്പോൾ ഭാര്യ ചോറുകഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം മകൾ കയറി വന്നു.‘നിനക്ക് സ്‌കൂൾ വിട്ടോ?' ‘അമ്മ വിളിച്ചിട്ട് വന്നതാണ്...' ‘അതെ, അവര് വരുമ്പം മകള് കൂടി അടുത്ത് നിന്ന് കണ്ടോട്ടെ എന്ന് വെച്ചാ.'
ഗിരീഷിന് കലികയറി.
വായിൽ പുളിച്ചത് തികട്ടി. പക്ഷെ അയാൾ കടിച്ചമർത്തി.

കെ. സുജാതയുടെ രണ്ടു നോവലുകൾ വായിച്ചു തീർത്ത കുട്ടി പത്രം പോലും തപ്പിത്തടഞ്ഞേ വായിക്കൂ എന്ന ചരിത്രം കൂടി എഴുത്തുകാരി അറിഞ്ഞാൽ പിന്നെ എന്തു പറയാനാണ്. ചോറ് കൊടുത്ത് മകളെ കളിക്കാൻ അടുത്ത വീട്ടിലേക്ക് ഒട്ടും വൈകാതെ അപർണ പറഞ്ഞയച്ചു.

ഗിരീഷ് ചോറുകഴിച്ചെന്ന് വരുത്തി. വിശപ്പിപ്പോൾ പോയിരിക്കുന്നു. എന്തോ ഉരുണ്ടു കേറുന്നുണ്ട് .

ഗിരീഷ് പതിയെ വായിക്കാനിരുന്നു.
എത്ര ശ്രമിച്ചിട്ടും വായന മുന്നോട്ട് പോയില്ല.
സമയം പരസ്യമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഗിരീഷ് ഫോൺ തുറന്നു നോക്കി. എന്തെങ്കിലും മെസേജ് വന്നു കിടപ്പുണ്ടോ? ഇൻകമിങ്ങിൽ നോക്കിയപ്പോൾ കെ.സുജാതയുടെ നമ്പർ വെട്ടിത്തിളങ്ങുന്നതു പോലെ ഗിരീഷിനു തോന്നി. ഒന്ന് തിരിച്ചുവിളിച്ചു നോക്കിയാലോ? വേണ്ട. അവർക്കെന്തെന്നിലും തോന്നിയാൽ വരവ് തന്നെ ഉണ്ടാവില്ല. ഏതായാലും രണ്ട് പുസ്തകങ്ങൾ വരെ വാങ്ങി. ഇനി കാത്തിരിക്കാം.

വൈകുന്നേരമായിട്ടും വിളി വന്നില്ല. വഴി അറിയണമെങ്കിൽ തന്നെ വിളിച്ചേ പറ്റൂ. എത്താറാവുമ്പം വിളിക്കാമെന്നാണ് പറഞ്ഞത്. ഇനി എപ്പഴാണ് വിളിക്കുക. സമയം വൈകിയിട്ടും ഒരറിയിപ്പും വന്നില്ല. അപർണ ഗിരീഷിനുള്ള കട്ടൻ കൊണ്ടക്കൊടുത്തു.‘പാൽച്ചായ അവര് വന്നിട്ട് കുടിക്കാം.'

ഗിരിഷ് ഒന്ന് തിരിഞ്ഞു നോക്കി.
സമയം ആറ് മണിയോടടുക്കുന്നു. കൈയ്യിൽ വെച്ചിരുന്ന അവരുടെ നോവലിന് ഈ വീടിന്റെ മണം പിടിക്കാത്തതുപോലെ ഗിരീഷിനു തോന്നി. എന്നിട്ടും എന്തുകൊണ്ടോ ഗിരീഷിനു തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ല.

ഏഴരയോടെ ഗിരീഷ് കോനായിൽ നിന്നെഴുന്നേറ്റു. രണ്ടും കൽപ്പിച്ച് വിളിക്കാൻ തീരുമാനിച്ചു. അപർണയും ഗിരീഷിന്റെ ഒപ്പം കൂടി.

ഇനി കാത്തിരിക്കുന്നതിൽ കാര്യമില്ല. എല്ലാം തണുത്തു പോയി. മകൾ പുതിയ ഉടുപ്പിട്ട് കാത്തിരിക്കുകയാണ്. ഭാര്യയും ചെറുതായ് ഒരുങ്ങിയിട്ടുണ്ട്.

അടുത്ത നിമിഷം ഗിരീഷ് വിരലമർത്തി.‘ആ... ഗിരീഷ്, ഞാൻ പറയാൻ മറന്നു. ഇന്ന് യാത്ര കുറച്ച് വൈകി. അടുത്ത തവണ വരാം. ഞാൻ മീറ്റിങ്ങിലാണ്...'; കെ.സുജാത ഫോൺ വെച്ചു.

ഫോൺ വലിച്ചെറിഞ്ഞു പൊട്ടിക്കാൻ അന്നേരം ഗിരീഷിനു തോന്നി. ഭാര്യയുടെ കണ്ണുകൾ കലങ്ങിയിരുന്നു. വാങ്ങി വെച്ച രണ്ടു നോവലുകളും കീറാനാവാത്ത മരക്കുറ്റി പോലെ അപർണയ്ക്കു അനുഭവപ്പെട്ടു.
ഗിരീഷ് പുറത്തേക്കിറങ്ങി. കുറച്ച് നടന്ന് ലൈബ്രറിയിലേക്ക് കേറിച്ചെല്ലുമ്പോൾ ലൈബ്രേറിയൻ മണ്ണിൽ നാരാണേട്ടൻ അതടക്കാനുള്ള ഒരുക്കത്തിലായിരുന്നു.

‘ഇനി നാളെ... ' നാരാണേട്ടൻ പറഞ്ഞു.‘വായിക്കാനല്ല നാരാണേട്ടാ, ഒരു കാര്യം ചോദിക്കാനാ...’, ഗിരീഷ് സ്വകാര്യം പോലെ പറഞ്ഞു.‘എന്റെ കൈയ്യില് പ്രശസ്ത എഴുത്തുകാരി കെ .സുജാതയുടെ രണ്ട് പുതിയ പുസ്തകണ്ട്. ഞാൻ മുമ്പേ അത് വായിച്ചു കഴിഞ്ഞതാ. അത് ലൈബ്രറിയിലെടുത്ത് പൈസ തരാൻ പറ്റ്വോ.... 'അങ്ങനെയൊന്നും വകുപ്പില്ലാടോ: ഇവിടത്തേക്ക് ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിനിന്നാ വാങ്ങാ....'

മടങ്ങുമ്പോൾ ഗിരീഷിന് ഉള്ളിൽ കരച്ചിൽ വന്നു. ഇരുട്ടിൽ ഏതോ നിമിഷം അയാൾ ഒന്നിടറി. വീട്ടിലെത്തി ആ പുസ്തകങ്ങളിൽ ഒന്നെടുത്ത് അടുപ്പിൽ കൊണ്ടിടണമെന്ന് ഗിരീഷ് തീർച്ചപ്പെടുത്തി. അതിലെ മുഴുവൻ അക്ഷരങ്ങളും കത്തിക്കഴിയുമ്പോൾ അതിന്റെയെങ്കിലും ആശ്വാസത്തിൽ ഇന്നുറങ്ങാൻ കഴിഞ്ഞേക്കുമെന്ന് അയാൾ ഉറപ്പിച്ചു. ഇരുട്ട് ഗിരീഷിന്റെ നടത്തം കൂടുതൽ പതുക്കെയാക്കി. ഒരു ദിവസത്തെ പണി കൂടി കളഞ്ഞതിൽ കുറ്റബോധം അയാളുടെ തലയിൽ കേറിത്തുള്ളി. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്തൊരു ഭ്രാന്ത് തന്നോടൊപ്പം നടന്നു വരുന്നുണ്ടെന്ന് ഗിരീഷ് അറിഞ്ഞു. ഒട്ടൊരു തളർച്ചയോടെ വീട്ടിലേക്ക് കയറുമ്പോൾ സി.എഫ് എല്ലിന്റെ മാന്ത്രിക വെളിച്ചത്തിലിരുന്ന് മകൾ ‘പെണ്ണുങ്ങളുടെ താക്കോൽ' തപ്പിത്തടഞ്ഞ് വായിക്കുന്നത് കേട്ട് അയാളുടെ കണ്ണുകൾ ഇടറി. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments