ചിത്രീകരണം: ദേവപ്രകാശ്

2040
ഒരു ആധുനിക ഇന്റലിജൻറ്​ നഗരം

രാത്രി ഏറെ വൈകിയിരിക്കുന്നു.
തെരുവിലൂടെ നടന്നു പോകുന്ന യുവതി -എൽഡ. മെലിഞ്ഞ നീണ്ട കാലുകൾ, ചുവപ്പ് കലർന്ന മുടി അഴിച്ചിട്ടിരിക്കുന്നു. തെരുവ് വിജനമാണ്. എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ രാത്രിയെ ഓർമ്മിപ്പിക്കാൻ നിറം മങ്ങി പ്രകാശിച്ചു നിൽക്കുന്നു. തെരുവിൽ വലത്തോട്ടു തിരിയുവാൻ ഓർമ്മിപ്പിച്ചു കൊണ്ട് അവളുടെ കയ്യിലെ സ്മാർട് വാച്ച് ഒന്ന് പിടഞ്ഞു.

വാച്ചിലെ ടച്ച് സ്‌ക്രീനിൽ നിന്നും സ്ട്രീറ്റിലെ പ്രകാശ നിയന്ത്രണം തീരുമാനിക്കുന്ന ആപ്ലിക്കേഷൻ അവൾ തുറന്നു. അവൾക്ക് കടന്നുപോകേണ്ട വഴികളിലെ മങ്ങിയ വെളിച്ചം മാറി എൽ ഇ ഡി തെരുവ് വിളക്കുകൾ വെളുത്ത പ്രകാശം പൊഴിച്ചു.
വഴിയിലെ വിളക്കുമരത്തിൽ തെളിഞ്ഞു കണ്ട ഡിജിറ്റൽ ക്ലോക്കിൽ സമയം 1:30 എ.എം, താപനില എഴുപത് ഡിഗ്രി ഫാരൻഹീറ്റ്‌.
കാറ്റടിക്കുന്ന ലക്ഷണമേ കാണുന്നില്ല. ഒരു തണുത്ത കാറ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ മനോഹരമായേനെ…അവൾ മനസിൽ വിചാരിച്ചു കാണണം.

സാധാരണ അപ്പാർട്മെന്റിന് മുന്നിൽ വരെ അവൾ ടാക്സിയിൽ വരാറുള്ളതാണ്. ഈ രാത്രി, കുറച്ചു ദൂരം നടക്കണം എന്ന് തോന്നിയതുകൊണ്ട്, ഓട്ടോമേറ്റഡ് ടാക്സി ബുക് ചെയ്തപ്പോൾ ഡെസ്റ്റിനേഷൻ ആയി ഈ തെരുവ് ആണ് അവൾ സെലക്ട് ചെയ്തിരുന്നത്. പതിവ് ദൂരമല്ല, കുറച്ചു മുന്നെയാണ് ഇറങ്ങുന്നത് എന്ന് ബുക് ചെയ്യുന്പോൾ ടാക്സി ബുക്കിങ് ആപ്ലിക്കേഷനും, ഇറങ്ങുന്നതിനു മുന്നേ ടാക്സിക്കുള്ളിലെ സ്ക്രീനും ഓർമ്മിപ്പിച്ചിരുന്നു. എന്തുതന്നെയായാലും കുറച്ചു ദൂരം നടക്കണം എന്നവൾ  നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചതായിരുന്നു.

പച്ച പുൽത്തകിടികൾക്കരികിലെ സിമന്റ് ബഞ്ചുകളിൽ സ്ട്രീറ്റ് ലൈറ്റിൽ നിന്നുള്ള വെള്ളി വെളിച്ചം വീണു കിടന്നിരുന്നു. പബ്ലിക് പാർക് ക്രോസ് ചെയ്ത് അവൾ തന്റെ അപാർട്മെന്റ് ലക്ഷ്യമാക്കി നടന്നു. പാർക്കിനു സമീപത്തെ സ്ട്രീറ്റ് ലൈറ്റിലെ സെൻസറുകളിൽ ഒന്ന് ഊഷ്‌മ മാപിനിയിലെ അധിക താപം തിരിച്ചറിഞ്ഞാവണം, ഒരു സിഗ്നൽ അയച്ചു അടുത്ത തിരിവിലെ എ സി വെന്റിൽ നിന്നും തണുത്ത കാറ്റ് പുറപ്പെടുവിക്കാനുള്ള നിർദ്ദേശം ഓട്ടോമാറ്റിക്കായി നൽകി അന്തരീക്ഷം തണുപ്പിച്ചു. ആ തണുത്ത കാറ്റിൽ ചെറുതായി പാറി പറക്കുന്ന മുടിയുമായി, തന്റെ അപാർട്മെന്റിന്റെ മുന്നിലവൾ എത്തി. ഗേറ്റിലെ വിരലടയാള സെക്യൂരിറ്റി സിസ്റ്റത്തിൽ വിരൽ അമർത്തി, തുറന്നു അകത്തേയ്ക്ക് കയറി.

അടുത്ത പ്രഭാതം
ആധുനിക മതത്തിന്റെ ആരാധനാലയം.

ങ്ങിയ പ്രകാശം പൊഴിച്ചുകൊണ്ട് ദീപങ്ങൾ. വിരലിലെണ്ണാവുന്ന വിശ്വാസികൾ ധ്യാനത്തിൽ ഇരിക്കുന്നുണ്ട്. ഏറ്റവും പിന്നിലെ നിരയിൽ നിന്നും ഒരു സ്ത്രീ എഴുന്നേൽക്കുന്നു. അവർ പതിയെ ധ്യാന മുറിയിൽ നിന്നും വെളിയിലേക്ക് വന്നു, ആരാധനാലയത്തിന്റെ കൽപ്പടവുകൾ ഇറങ്ങി റോഡിൽ ടാക്സി കാത്തിരിപ്പു കേന്ദ്രത്തിനു അരികിൽ എത്തുന്നു.

ക്രീം നിറത്തിലുള്ള ഒരാൾക്ക് മാത്രം യാത്ര ചെയ്യാവുന്ന ഒരു ചെറു കാർ അവർക്കരികിലേക്ക് പതുക്കെ ഒഴുകിയെത്തുന്നു.

കാത്തിരുപ്പുകേന്ദ്രത്തിലെ ഡോക്കിംഗ് സ്റ്റേഷനിലേക്ക് ആ കാർ സ്വയം ചേർന്നു. സ്ത്രീ പതുക്കെ കാറിൽ കയറി സീറ്റ് ബെൽറ്റ് ധരിക്കുന്നു. ഏതാനും സെക്കന്റുകൾക്ക് ശേഷം കാർ അവരുമായി മുന്നോട്ട് കുതിക്കുന്നു.

നിരത്തിൽ നിറയെ ചെറുതും വലുതുമായ നിരവധി സ്വയം നിയന്ത്രിത വാഹനങ്ങൾ. ട്രക് ഹൈവേയെയും, ആകാശ റെയിൽ സ്റ്റേഷനേയും മുറിച്ചു കടന്നു ആ കാർ ഒരു വലിയ കെട്ടിടത്തിന് മുന്നിലേക്കെത്തുന്നു. സ്ത്രീ വെളിയിലിറങ്ങി, കറുത്ത ഷാൾ കൊണ്ട് മുഖം മറച്ചു കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു.

പുറത്ത് വെയിൽ കണ്ണാടി കൊട്ടാരങ്ങളിൽ തട്ടി ചിതറി വീഴുന്നുണ്ട്. അധികം ആളുകൾ പുറത്തില്ല. 

അവർ ലിഫ്റ്റിനുള്ളിലേക്ക് കയറുന്നു, ലിഫ്റ്റിൽ ചെറിയ ഒരു ഡിജിറ്റൽ സ്‌ക്രീനിൽ നിലകളെ സൂചിപ്പിക്കുന്ന അക്കങ്ങൾ തെളിയുന്നുണ്ട്..നൂറ്റി അമ്പതാമത്തെ നിലയിൽ ലിഫ്റ്റ് നിൽക്കുന്നു. ലിഫ്റ്റിൽ നിന്നും പുറത്തേക്കിറങ്ങിയവർ ചെറിയ ഒരു ചില്ലു വാതിലിനു സമീപത്തെത്തി, ഫേസ് റെക്കഗ്നിഷൻ സ്ക്രീനിനു മുന്നിൽ മുഖം ചേർത്തു വാതിൽ തുറക്കാനുള്ള സമയം കാത്തു നിൽക്കുന്നു. 

കുറച്ചു സെക്കന്റുകൾക്ക് ശേഷം വാതിൽ തുറക്കുന്നു. അവർ പതുക്കെ ഉള്ളിലേക്ക് പ്രവേശിച്ചു, ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയിൽ ഇരുപ്പുറപ്പിക്കുന്നു.

അല്പസമയത്തെ കാത്തിരുപ്പാണെങ്കിൽ കൂടിയും, പ്രകാശവർഷങ്ങളുടെ നീണ്ട യാമങ്ങൾ പോലെ അവർക്കനുഭവപ്പെട്ടു കാണണം.

കുറച്ചു നിമിഷങ്ങൾക്കുശേഷം, ഒരു ഉദ്യോഗസ്ഥൻ അവരുടെ സമീപത്തേക്കെത്തി, കഴുത്തു വെട്ടിച്ചു തന്റെ കൂടെ വരാൻ ആംഗ്യം കാണിച്ചു.

അവർ അയാളുടെ പുറകെ ഒരു ചെറിയ ഹാളിലേക്ക് കയറി. അയാളുടെ ഇരിപ്പിടത്തിനു മുകളിൽ ചീഫ് ഇൻസ്‌പെക്ടർ എന്ന ഡിജിറ്റൽ നെയിം ബോർഡ്. അയാൾ മുരടനക്കി, എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ തനിക്ക് കിട്ടിയ പരാതി, കയ്യിലെ ചെറു ടാബ്‌ലെറ്റിൽ വായിക്കാൻ തുടങ്ങുന്നു. 

“നിങ്ങളുടെ മകൾ എൽഡയെ കഴിഞ്ഞ രാത്രി മുതൽ കാണ്മാനില്ല. പതിവ് പോലെ ഓഫീസ് വിട്ടു അപ്പാർട്മെന്റിലേക്ക് തിരികെ വരുന്നതിനിടയിൽ കാണാതായി എന്നാണു നിങ്ങളുടെ സംശയം. മകൾ ഒറ്റക്കാണ് താമസിച്ചിരുന്നത്. നിങ്ങൾ അവളുടെ കൂടെ അല്ല താമസിക്കുന്നത്, പക്ഷെ,  മകളുടെ പതിവ് മെസ്സേജുകൾ ഒന്നും കാണാത്തത് കൊണ്ടാണ് പോലീസിൽ പരാതിയുമായി എത്തിയിരിക്കുന്നത്. നിങ്ങളുടെ പരാതി ഞങ്ങളുടെ കംപ്ലൈന്റ്‌ സെല്ലിൽ കിട്ടിയ ഉടൻ തന്നെ, ഞങ്ങളുടെ ഡാറ്റാബേസ് മുഴുവനും ഞങ്ങൾ തിരഞ്ഞു. എൽഡയുടെ കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള വിവരങ്ങൾ എല്ലാം ഞങ്ങൾ ശേഖരിച്ചു വെച്ചിട്ടുണ്ട്.’’

അയാൾ ടാബ്ലെറ്റിലെ ആപ്ലിക്കേഷൻ സ്‌ക്രീനിൽ വിരലോടിച്ചു കൊണ്ട് കൂടുതൽ വിവരങ്ങൾ നൽകുവാൻ തുടങ്ങി.

“എൽഡ ഇന്ന് പുലർച്ചെ, ഒരു മണിക്ക് ശേഷമാണ് ഓഫീസിൽ നിന്നിറങ്ങുന്നത്. പതിവ് ടാക്സി കമ്പനിയുടെ കാറിൽ തന്നെയാണ് അവൾ വീട്ടിലേക്ക് യാത്ര തിരിച്ചത്. പതിവ് റൂട്ടിൽ നിന്നും വ്യത്യാസമായി അപ്പാർട്മെന്റിൽ നിന്നും കുറച്ചകലെയാണ് അവൾ ഇറങ്ങിയത്. വീടെത്തുന്നതിനു മുന്നേ ഇറങ്ങുന്നു എന്ന നോട്ടിഫിക്കേഷൻ കാർ എൽഡക്ക് നൽകിയിട്ടുണ്ട്. നിങ്ങൾ അഥവാ ടാക്സി കമ്പനിക്ക് എതിരെ കേസ് ഫയൽ ചെയ്യുകയാണെങ്കിൽ, ഒരു പക്ഷെ കോടതിവിധി അവർക്ക് അനുകൂലമാകും എന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു.
നടക്കുന്നതിനിടയിൽ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. തെരുവിലെ സെൻസർ ഡാറ്റ വിശകലനം ചെയ്തത് അനുസരിച്ചു ഒരു മണി  കഴിഞ്ഞു ഇരുപത്തി ഒൻപത് സെക്കന്റിൽ അവൾ തെരുവ് വിളക്കുകൾ കൂടുതൽ പ്രകാശിപ്പിക്കുവാനുള്ള നിർദേശം കൊടുത്തിരുന്നു. പാർക്കിലെത്തിയപ്പോൾ ഓട്ടോമാറ്റിക് സെസൻസറിൽ നിന്നും 50 മീറ്റർ പെർ സെക്കന്റിൽ കാറ്റു വീശിയിരുന്നു… അതിലും അസ്വാഭാവികമായി ഒന്നും ഇല്ല. അവൾ വളരെ സുരക്ഷിതയായി തന്നെയാണ് അപ്പാർട്മെന്റിൽ എത്തിയത് എന്നും സെൻട്രൽ സെർവറിൽ നിന്നും ശേഖരിച്ച ഡാറ്റകൾ സൂചിപ്പിക്കുന്നു…” 

അയാൾ ഒഴുക്കൻ മട്ടിൽ റിപ്പോർട്ട്​ വായിച്ചുവെച്ചു. ഇത് വായിക്കുന്ന സമയമത്രയും അയാളുടെ കണ്ണടയിലെ സെൻസറുകൾ മുന്നിലിരിക്കുന്ന സ്ത്രീയുടെ പേശി വലിവുകളെയും, മുഖ ഭാവത്തെയും വിശകലനം ചെയ്യാൻ വേണ്ടുന്ന വിവര ശേഖരണത്തിന്റെ തിരക്കിലായിരുന്നു.

വായിച്ചെടുക്കാൻ കഴിയാവുന്നത്ര പാറ്റേണുകൾ നിമിഷനേരത്തിന്റെ വേഗതയിൽ സ്മാർട് കണ്ണടയിലെ സ്കാനറുകൾ ശേഖരിച്ച്, എവിടെയോ ഇരിക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന് അവയെ വിശകലനം  ചെയ്യുന്നതിനായി  ഇതിനോടകം അയച്ചു കൊടുക്കുന്നുണ്ടായിരുന്നു. .

സ്ത്രീ തന്റെ നിശ്ശബ്ദതക്ക് ഇടവേള കൊടുത്തു ചോദ്യമെറിഞ്ഞു; “വീട്ടിലെത്തിയ അവൾക്കെന്തെങ്കിലും..”

അയാൾ ചിരിച്ചു. എന്നിട്ട് ടാബ് അവർക്ക് നേരെ നീട്ടി.

“ഇത് സ്വകാര്യതയുമായി  ബന്ധപ്പെട്ട ചോദ്യമാണ്. എങ്കിലും, താങ്കൾ അവളുടെ അമ്മയാണല്ലോ. ഞങ്ങൾക്ക് വെളിപ്പെടുത്താതിരിക്കാനാവില്ല. നാളെ നിങ്ങൾ ഒരു ലോ സ്യൂട്ട് ഫയൽ ചെയ്‌താൽ വിധി നിങ്ങൾക്ക് അനുകൂലമായേ വരൂ. എന്തായാലും, ഈ ക്ലോസുകൾ വായിച്ചു നോക്കി ആക്സെപ്​റ്റ്​ ചെയ്യൂ. ഞാൻ താങ്കളുടെ ആവശ്യപ്രകാരമാണ് എൽഡയുടെ സ്വകാര്യതയെ ബാധിക്കുന്ന ഈ വിവരങ്ങൾ കൈമാറുന്നത് എന്നും, താങ്കൾ അവരുടെ അമ്മയാണെന്നും ഉറപ്പു ചെയ്യുന്ന സത്യവാങ്‌മൂലം ആണിത്..”

അവർ തന്റെ പെരുവിരൽ ടച് സ്‌ക്രീനിലമർത്തുന്നു.

“മാഡം, നമ്മുടെ നഗരത്തിലെ കഴിഞ്ഞ മൂന്നു വര്ഷത്തിനിടക്ക് സംഭവിച്ച ഏക തിരോധാനം ആണിത്. അത് കൊണ്ട് തന്നെ എൽഡ മിസിംഗ് കേസ് ഞങ്ങൾ വളരെ സീരിയസ് ആയി തന്നെയാണ് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.’’

അയാൾ തുടർന്നു: ‘‘എൽഡ തന്റെ ഫ്ലാറ്റിൽ എത്തിയ ഉടനെ ഫ്രിഡ്ജ് തുറന്നു..അമേറീല് ബ്രാൻഡ് മിൽക്ക് ഒരു സിപ് എടുത്ത് കുടിച്ചു. ഫ്രിഡ്ജിൽ നിന്നുള്ള ഡാറ്റ ഞങ്ങളുടെ സെർവറിൽ നിന്നും ശേഖരിച്ച റിപ്പോർട്ട് ആണിത്. സ്റ്റോക്കിൽ നിന്നും ഒരു സിപ് പാൽ കുറഞ്ഞിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന അമേറീല് മിൽക്ക് കമ്പനിയുടെ സ്റ്റോക് അനാലിസിസ് റിപ്പോർട്ടും കൂടെ ഉണ്ട്..ഒരു ലോ സ്യൂട്ട്…”

അവർ പതുക്കെ ശബ്ദമുയർത്തി പറഞ്ഞു: “താങ്കൾ ഇപ്പോഴും അത് ഓർമ്മിപ്പിക്കേണ്ട ആവശ്യമില്ല”

‘‘നിയമപ്രകാരം അത് എന്റെ ബാധ്യത ആണ്. താങ്കൾക്ക് ആ വിവരങ്ങൾ വേണ്ട എങ്കിൽ ഇവിടെ പ്രെസ് ചെയ്യൂ. ശരി, എൽഡ പാൽ കുടിച്ച ശേഷം, ഒന്നര മണിക്കൂർ ബെഡിൽ കിടന്നതായി ബെഡിൽ നിന്നും ശേഖരിച്ച ഡാറ്റ സൂചിപ്പിക്കുന്നു. താങ്കൾക്ക് താത്പര്യമില്ലാത്ത സ്ഥിതിക്ക് ആ റിപ്പോർട്ട്​ ഞാൻ കാണിക്കുന്നില്ല. പക്ഷെ ഈ കേസിലെ ഒരു നിർണ്ണായക ഡാറ്റ ഇതാവും, കാരണം മറ്റൊന്നുമല്ല. ഒന്നര മണിക്കൂറിനു ശേഷം ബെഡിൽ നിന്നും ഒരു ഡാറ്റ പോലും സ്റ്റോർ ചെയ്യപ്പെട്ടിട്ടില്ല. അത് ഒരു ലോ സ്യൂട്ടിനുള്ള കാരണം തന്നെയാണ് എന്നാണു എന്റെ അഭിപ്രായം. എന്തായാലും, അതിനു ശേഷം എൽഡയെ കുറിച്ചുള്ള ഡാറ്റകൾ ഒന്നും ലഭ്യമല്ല. എൽഡ ഉപയോഗിച്ചിരുന്ന സ്മാർട്ട്​ ഡിവൈസുകളും, സെൻസറുകളും ഇപ്പോൾ പ്രവർത്തന ക്ഷമം അല്ല. അവർക്കെതിരെ നിങ്ങൾക്ക് കേസ് നടത്താവുന്നതാണ്.
കഴിഞ്ഞ കുറെ ആഴ്ചകളായുള്ള ഡാറ്റ വെച്ച് എൽഡയുടെ പ്ലേ ലിസ്റ്റ് അനാലിസിസ് ചെയ്‌തതിൽ നിന്നും മനസ്സിലാവുന്നത്, ആ കുട്ടി കുറച്ചു ദിവസങ്ങളായി കേട്ടു കൊണ്ടിരുന്ന ഗാനങ്ങൾ പ്രത്യാശ, പ്രണയം, സ്വപ്നം, സന്തോഷം തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടതാണ്. ആ ഡാറ്റ ഞങ്ങൾ മാനസികാരോഗ്യ ഡാറ്റാ അനലിസ്റ്റിന്റെ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആരോഗ്യ ഡാറ്റ അനലിസ്റ്റിന്റെ കയ്യിൽ നിന്നും കൂടി വിവരങ്ങൾ ശേഖരിക്കണം. അതിനു ഞങ്ങൾക് താങ്കളുടെ പ്രത്യേക പെർമിഷൻ വേണം.
ഈ തിരോധനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് പറയേണ്ടി ഇരിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി മിസിംഗ് കേസുകൾ ഇല്ലാത്തത് കൊണ്ട്, ഒരു ഹിസ്റ്റോറിക്കൽ ബിഹേവിയറൽ പാറ്റേൺ കണ്ടു പിടിക്കാനും ബുദ്ധിമുട്ടുണ്ട്. ഇന്ന് തിരക്കുള്ള ദിവസമാണ്. എന്നിരുന്നാലും എൽഡ മിസിംഗ് കേസ് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം മറ്റൊന്നുമല്ല, ഇത്രയും കുറ്റമറ്റ ഒരു ശൃഖലയാൽ ബന്ധിക്കപ്പെട്ട നഗരത്തിൽ അങ്ങിനെ പെട്ടന്നൊന്നും ആർക്കും അപ്രത്യക്ഷമാവാൻ കഴിയില്ല.. നഗരത്തിലെ സെൻസറുകളിൽ നിന്നുള്ള ഡാറ്റകൾ എല്ലാം ഞങ്ങൾ ക്രോഡീകരിച്ചു കൊണ്ടിരിക്കുകയാണ്.
താങ്കൾ വീണ്ടും ഒരു ഇരുപത് മണിക്കൂറിനു ശേഷം ഞങ്ങളെ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു..”

അയാൾ പുഞ്ചിരിച്ചു കൊണ്ട് കൈ ഷേക്ക് ചെയ്ത്​ അയാളുടെ മറ്റു ജോലികൾക്കായി അടുത്ത മുറിയിലേക്ക് നടന്നുനീങ്ങി. എൽഡയുടെ അമ്മ,  പുറത്തിറങ്ങി ലിഫ്റ്റിനടുത്തേക്ക് നടന്നു.

അതേസമയം,

ദൂരെ, നഗരതിർത്തിക്ക് നൂറുകണക്കിന് കിലോമീറ്ററുകൾ അപ്പുറം, ഒരു കുന്നിൻ ചെരിവ്. സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുന്നെയുള്ള ഇളം മഞ്ഞ രശ്മികൾ ഭൂമിയിലേക്ക് തൊടുന്ന ഇടം.

എൽഡ സൂര്യാസ്തമയം കണ്ടുകൊണ്ട് ഇരിക്കുകയാണ്​. അവളുടെ കയ്യിൽ സ്മാർട് വാച്ചില്ല. സെൽ ഫോൺ ഇല്ല. നഗരത്തിലെ സുരക്ഷിത വലയുമായി അവളെ ബന്ധിപ്പിക്കുന്ന യാതൊരു സെൻസറുകളും ഇല്ല.
അവൾ സൂര്യാസ്തമയത്തിലേക്ക് കണ്ണു നട്ട് ആ നിമിഷത്തിൽ അലിഞ്ഞു ചേർന്നതുപോലെ  ഇരിക്കുകയാണ്.

നഗരം ഒരു വെളിച്ച കാഴ്‌ചയുടെ ദൂരത്തിൽ പോലും അവൾക്ക് മുന്നിൽ ഇല്ല. അംബരചുംബികൾ കാണാനില്ല. താണു പറക്കുന്ന ചെറു ആകാശ യാനങ്ങൾ കാണാനില്ല.

അവൾക്കുമുന്നിൽ ചുവപ്പും, ഓറഞ്ചും മേഘങ്ങൾ – അവയിൽ സൂര്യ പ്രകാശം കലർന്നതാവാം.

അവസാന കിരണങ്ങൾ കൊണ്ട് ഭൂമിയെ ചുവപ്പിച്ചു മലയുടെ പിന്നിലേക്ക് നൂണ്ടിറങ്ങുന്ന അസ്തമയ സൂര്യൻ മാത്രം.

അവളുടെ മനസ്സിൽ വന്നത്പ ഴയ കുറെ നിശ്ചല ദൃശ്യങ്ങളായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ അച്ഛനോടൊപ്പം ഈ കുന്നിൻചെരുവിൽ അസ്തമയ സൂര്യന്റെ ചുവപ്പ് പ്രകാശവലയത്തിനിടയിലൂടെ തന്റെ കുഞ്ഞു സൈക്കിളിൽ മുടിയിഴകൾ പറത്തി ചുറ്റി നടന്നിരുന്ന സായാഹ്നങ്ങൾ. കണ്ണുകൾ അടച്ചാൽ അവൾക്കത് കാണാം. ഏതൊരാധുനിക വിർച്വൽ റിയാലിറ്റി എന്റർടൈൻമെന്റ് സിനിമക്കും നൽകാനാവാത്ത അനുഭൂതിയിൽ അവൾക്ക് ആ നിമിഷങ്ങളൊക്കെ ഓർമ്മയിലേക്ക് കൊണ്ടുവരാം.

അദൃശ്യമായ കൈവിരലുകളാൽ അവയെ തൊട്ടു തഴുകാം. എവിടെയും എപ്പോഴും പിന്തുടരുന്ന സെൻസറുകളുടെയും, ഡാറ്റ അനാലിസിസ് വലകളുടെയും കണ്ണികളിൽ പെടാതെ ഓർമ്മകളിലേക്ക്, പഴയ ഓർമ്മകളിലേക്ക് ഇറങ്ങി ചെല്ലാം…വളരെ പ്രയാസപ്പെട്ടാണ് ആ വലക്കണ്ണികളിൽ നിന്നും, നിഴലുകൾ പോലും ബാക്കി വെക്കാതെ  മുറിച്ച്​ പുറത്തേക്ക് കടന്നത്

വലകളാൽ ചുറ്റപ്പെട്ട നഗരം ഏറെ ദൂരെയാണ്. അസ്തമയ സൂര്യൻ മനസ്സിൽ കൊണ്ട് വന്ന ഓർമ്മകളിലേക്ക് നൂഴ്ന്നിറങ്ങി അവൾ പതിയെ കണ്ണുകൾ അടച്ചു.

യൂൾ

ൽഡയെ കുറിച്ചെഴുതുമ്പോൾ യൂളിനെ കുറിച്ചെഴുതാതിരിക്കാൻ കഴിയില്ല.

യൂൾ – എൽഡ വേർപെട്ടു പോന്ന ആധുനിക നഗരം.

2024-ൽ തുടങ്ങി ഭൂമിയിൽ മുപ്പതിലധികം മാസങ്ങൾ നീണ്ടു നിന്ന കടുത്ത പ്രകൃതി ദുരിതങ്ങളെ അതിജീവിച്ച അപൂർവ ചില ജനസമൂഹങ്ങളിൽ ഒന്നായിരുന്നു യൂളിലേത്. ഭൂമിയിൽ ഏഴു മാസം കടുത്ത ശൈത്യം ആയിരുന്നു. അതി കഠിനമായ ശൈത്യം. മലകൾ മഞ്ഞു മൂടി. തടാകങ്ങളും, നദികളും, സമുദ്രങ്ങളും മഞ്ഞിൽ തണുത്തുറഞ്ഞു.

നഗരങ്ങൾ വെളുത്ത പരവതാനി വിരിച്ചപോലെ മഞ്ഞിന്റെ പാളികൾ കൊണ്ട് മൂടപ്പെട്ടു. അത് വരേയ്ക്കും മഞ്ഞിന്റെ തുള്ളിയിലൊരംശം പോലും കണ്ടിട്ടിലാത്ത വൻകരകൾ വരെ മഞ്ഞിൽ പുതഞ്ഞാണ്ടു പോയി.

ആകാശക്കാഴ്ചയിൽ ഭൂമി തണുത്തുറഞ്ഞ വെളുത്ത നിറമുള്ള പട്ടു കൊണ്ട് മൂടിയത് പോലെ കാണപ്പെട്ടു എന്നാണു ബഹിരാകാശ സഞ്ചാരികൾ പിന്നീട് രേഖപ്പെടുത്തിയതത്രെ. 

പൊട്ടിയൊലിച്ചിരുന്ന അഗ്നിപർവതങ്ങൾ വരെ തണുത്തുറഞ്ഞു മഞ്ഞിൽ മൂടി എന്ന് പറഞ്ഞാൽ ഊഹിക്കാമല്ലോ ശൈത്യത്തിന്റെ കാഠിന്യം.

തണുപ്പിനെ മുൻപ് കണ്ടിട്ടില്ലാത്ത, നേരിട്ട് പരിചയമില്ലാത്ത, തണുപ്പിനോട് പ്രതികരിച്ചു ശീലമില്ലാതിരുന്ന ഇടങ്ങളിലെ ജന സമൂഹങ്ങളെല്ലാം ഒന്നൊഴിയാതെ തണുപ്പിൽ ഉറഞ്ഞു വേരറ്റു പോയി. പിന്നെയും കുറെ ജനസമൂഹങ്ങൾ ബാക്കിയായി.

അവർ എങ്ങനെയോ, ദിവസങ്ങളും മാസങ്ങളും ആഴ്ചകളും എണ്ണി കഴിച്ചുകൂട്ടി. ഏഴുമാസം നീണ്ട വെളുപ്പു പാളികളെ നീക്കി സൂര്യൻ കത്തി തുടങ്ങി. മഞ്ഞുമലകൾ ഉരുകിയൊലിച്ചു. തണുത്തുറഞ്ഞ ജലം പ്രളയം സൃഷ്ടിച്ച്. പന്ത്രണ്ടു മാസം നീണ്ട കടുത്ത വേനൽ. കൊടും ചൂട് ആയിരുന്നു പിന്നീട് അങ്ങോട്ട്.

ഏഴുമാസം നീണ്ട അതിശൈത്യത്തിൽ മൃതിയടഞ്ഞ ജീവജാലങ്ങളുടെ മറവുചെയ്യാനാളില്ലാതെ ഉപേക്ഷിക്കപ്പെട്ട ശവശരീരങ്ങൾ, കൊടുംചൂടിൽ മരവിപ്പിൽ നിന്നും അവസ്ഥാന്തരം പ്രാപിച്ചു അഴുകിയൊലിച്ചു. അവയിൽ നിന്നും പുഴുക്കളും, രോഗാണുക്കളും അന്തരീക്ഷത്തെ ബാധിച്ചു.

തണുപ്പിനെ അതിജീവിച്ചവരിൽ മിക്കവരും, വരൾച്ചയിലും, അഴുകിയ ശവശരീരങ്ങൾ പുറത്ത് വിട്ട രോഗപീഢകളാലും കൊല്ലപ്പെട്ടു.

കോടിക്കണക്കിനു വരുന്ന ലോക ജനസംഖ്യയിൽ പതിനായിരങ്ങളെ മാത്രം അവശേഷിപ്പിച്ച വൻ പ്രളയമായിരുന്നു ആ പന്ത്രണ്ടു മാസങ്ങൾക്കു ശേഷം ജീവിച്ചിരുന്നവരെ കാത്തിരുന്നത്.

ഭൂമിയെ അവസാനിപ്പിക്കാൻ പോന്ന പ്രളയം. പന്ത്രണ്ട് മാസം നീണ്ടു നിന്ന പ്രളയം. ചത്തൊടുങ്ങിയ ജീവജാലങ്ങളെ പാടെ തുടച്ചു നീക്കി, ശുദ്ധികലശം ചെയ്ത്, ഭൂമിയെ ഒരു വൻകരയും വൻ കടലുമായി മാത്രം ഭാഗിച്ചുകൊണ്ട് ആ പ്രളയം അവസാനിച്ചു. ലോക ജനസംഖ്യ ചുരുങ്ങി പതിനായിരങ്ങളിൽ മാത്രം എത്തി. പലയിടങ്ങളിൽ ആയി പ്രാകൃത മനുഷ്യർക്ക് സമം അവർ അവശേഷിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി.

ഇവിടെയാണ് യൂൾ നഗരം തുടങ്ങുന്നത്. വൻകരയും, വൻ കടലും മാത്രമായി അവശേഷിച്ച ഭൂമിയിൽ, മുപ്പതിലധികം മാസങ്ങൾ നീണ്ടു നിന്ന മഹാദുരിതങ്ങൾക്ക് മുന്നേ ഭൂമി എങ്ങിനെ ആയിരുന്നു എന്നതിന് വ്യക്തമായ ഒരോർമ്മ പോലും ബാക്കി നിൽക്കാത്ത ഒരു പുതിയ ദ്വീപ് മാത്രമായി ഭൂമി ചുരുങ്ങി.

മഹാദുരിതത്തിനു മുന്നേയും പിന്നെയും എന്ന് കാലം വിഭജിക്കപ്പെട്ടു.

മിഖ ഒരു നല്ല എഞ്ചിനീയറായിരുന്നു. ഒപ്പം ധാരാളം ആശയങ്ങൾ ബുദ്ധിയിലുള്ള ഒരു സംരംഭകനും. മഹാദുരിതത്തിനു മുന്നേ, സിലിക്കൺ വാലിയിലെ ഒരു സ്റ്റാർട്ടപ്പ്​ കമ്പനിയുടെ ഉടമ കൂടിയായിരുന്നു അയാൾ. സ്വയം നിയന്ത്രിത വാഹനങ്ങളും, ഒരു ചിലന്തിവലയിൽ എന്നപോലെ പരസ്പരം ബന്ധിക്കപ്പെട്ട, പരസ്പരം ആശയ വിനിമയം നടത്തുന്ന, സ്വയം തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ഉപകരണങ്ങളും എല്ലാം ഉൾപ്പെടുന്ന ഒരു നഗരം അയാളുടെ ആശയം ആയിരുന്നു. കിട്ടിയ സമയങ്ങളിൽ അയാൾ തന്റെ ടാബ്‌ലെറ്റിൽ ആ നഗരത്തെ കുറിച്ചുള്ള ബ്ലൂ പ്രിൻറ്​ തയാറാക്കിയിരുന്നു.

വരാൻ പോകുന്ന ഒരു ഡൂംസ് ഡേ- ലോകാവസാന ദിനത്തെക്കുറിച്ച് അയാൾ പേടിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച സ്വയം നിയന്ത്രിത റോബോട്ടുകളുടെ നിയന്ത്രണത്തിലേക്ക് ഭൂമിയെ എത്തിക്കുമെന്ന് അയാൾ ഭയപ്പെട്ടിരുന്നു. മനുഷ്യനെ നിയന്ത്രിക്കുന്ന, മനുഷ്യകുലത്തെ മൊത്തത്തിൽ അടിമയാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻറ്​സ്​ ഭൂമിയെ തകർക്കും എന്നയാൾ ഭയപ്പെട്ടിരുന്നു. അതിനെ അതിജീവിക്കാൻ അയാൾ ഒരു പ്രത്യേക നൗക നിർമ്മിച്ചു. തനിക്കും, തിരഞ്ഞെടുക്കപ്പെട്ട കുറെ പേർക്കും സുരക്ഷിതമായി ദീർഘകാലയളവ് നീണ്ടു നിന്നേക്കാവുന്ന ഒരു ദുരിത കാലത്തെ അതിജീവിക്കാൻ വേണ്ടുന്ന കാര്യങ്ങൾ എല്ലാം ഉള്ള ഒരു നൗക.

ആ കാലത്ത് കോടിക്കണക്കിനു പണം ചെലവഴിച്ചു അയാൾ നിർമ്മിച്ച നൗകയെ സിലിക്കൺ വാലിയിലും, പുറമെയും ഉള്ളവരെല്ലാം തന്നെ പരിഹസിച്ചു. ഓ മിഖ ഒരു ഭ്രാന്തൻ നായ ആണെന്ന് ചുറ്റുമുള്ളവർ അയാളെ പള്ളു പറഞ്ഞു.

മഹാദുരിതത്തിനു മുന്നേ, പതിവിലും അധികം മഞ്ഞുപെയ്ത ഒരു വൈകുന്നേരം അയാളെ തിരഞ്ഞു കുറേയാളുകൾ വന്നു. അവരിൽ ആരോ ആണ് വരാൻ പോകുന്ന തണുപ്പുകാലം ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കഠിനമാവും, ചിലപ്പോൾ സുരക്ഷിതമായ വാസസ്ഥാനം മിഖയുടെ നൗക ആയിരിക്കും എന്ന് സൂചിപ്പിച്ചത്.

മഞ്ഞു കാലം തീരേണ്ട സമയവും കടന്ന്​ മഞ്ഞു പെയ്യുന്നത് തുടർന്നപ്പോൾ മിഖയും, മിഖയെ വിശ്വസിച്ചു കൂടെ നിന്ന ജോലിക്കാരും, സുഹൃത്തുക്കളും ആ നൗകക്കുള്ളിൽ അഭയം പ്രാപിച്ചു. നോഹയുടെ പേടകം വേർഷൻ രണ്ടു എന്ന് അവർ പേരിട്ടു വിളിച്ച ആ നൗകയിൽ അവർ മുപ്പതിലധികം മാസങ്ങൾ സുരക്ഷിതരായി കഴിഞ്ഞു.

റോബട്ടുകളും, കൃത്രിമബുദ്ധിയിലധിഷ്ഠിതമായ യന്ത്രങ്ങളും ചേർന്ന് ഭൂമിയെ കീഴടക്കും എന്ന് വിചാരിച്ചിരുന്ന മിഖയുടെ അസാമാന്യമായ ദീർഘ ദൃഷ്ടിയെ പോലും മറികടന്നു, പ്രകൃതി ഒരുക്കിയ മഹാദുരിതമായിരുന്നു മാനവരാശിയെ നാശത്തിലേക്ക് തള്ളി വിട്ടത് എന്ന് ഓർക്കുന്നത് ഈ നിമിഷത്തിൽ നല്ലതാണെന്ന് തോന്നുന്നു.

മഹാദുരിതത്തിനുശേഷം പുതിയ ഒരു പ്രഭാതത്തിലേക്ക് മിഴി തുറന്നപ്പോൾ, ബാക്കി വന്ന ഇടങ്ങളെല്ലാം പുതിയ ഭൂമിയായിരുന്നു. പഴയകാലത്തിന്റെ അവശേഷിപ്പുകൾ ഒന്നും പ്രകൃതി ബാക്കിവെച്ചില്ല. ഭൂമിയുടെ അടിയിലേക്ക്, പല അടരുകൾക്ക് ഉള്ളിലേക്ക് മൂടി ഒതുക്കിയിരുന്നു മഹാദുരിതത്തിനു മുന്നേ ഉള്ള നഗരങ്ങളെയും, അവശിഷ്ടങ്ങളെയും.

പഴയ കാലത്തുനിന്ന്​ സാങ്കേതികതയും, അറിവും സൂക്ഷിച്ചുകൊണ്ടുവന്നത് മിഖയും കൂട്ടുകാരും മാത്രമായിരുന്നു. വൻകരയിൽ ബാക്കിയായ പതിനായിരങ്ങളിൽ അറിവും, സാങ്കേതികതയും കൈവശം ഉണ്ടായിരുന്നത് മിഖയ്ക്കും കൂട്ടർക്കും ആയിരുന്നു.

പതിനായിരങ്ങളിൽ നിന്ന്​ തങ്ങളുടെ കൂടെ ചേർക്കുവാൻ കഴിയുന്നവരിൽ നിന്നും കുറേപ്പേരെ കൂട്ടി മിഖ പുതിയ ഒരു നഗരം കെട്ടിയൊരുക്കി. അതായിരുന്നു യൂൾ.

തങ്ങളുടെ കൂടെ ഒത്തുപോകാൻ കഴിയാത്തവരെ യൂളിൽ നിന്നും ആട്ടി പായിച്ചു. അവരെ പ്രാകൃതർ എന്ന് വിളിച്ചു.

യൂൾ നഗരത്തിന് പുറത്ത്​, ആയിരക്കണക്കിന് മൈലുകളോളം ബഫർ സോൺ ആണ്. ആ ഇടത്തിൽ ആരെയും പാർക്കാൻ അനുവദിച്ചില്ല. അതിനും അപ്പുറത്തേക്ക് പ്രാകൃതരെ ഓടിച്ചു വിട്ടു യൂൾ നഗരവാസികൾ.

മിഖയുടെ നൗകയിലെ മുപ്പതിലധികം മാസങ്ങളോളം നീണ്ട സുരക്ഷിത വാസത്തിനിടയിൽ രൂപം കൊണ്ടതായിരുന്നു യൂൾ നഗരത്തിന്റെ ബ്ലൂ പ്രിന്റ്.

തികച്ചും ആധുനികമായ ഒരു നഗരം.

നഗരതിർത്തിക്കുള്ളിൽ തന്നെ വലിയ ഒരു വനവും, അനേകം തടാകങ്ങളും. സാങ്കേതിക വിദ്യയുടെ അങ്ങേയറ്റം മാസ്മരികമായ ഒരു നഗരം തന്നെ മിഖയും കൂട്ടുകാരും ചേർന്ന് സൃഷ്ടിച്ചെടുത്തു, പിന്നീടുള്ള ദശാബ്ദങ്ങളിൽ.

കുഞ്ഞു എൽഡയും അമ്മയും മഹാദുരിതത്തെ അതിജീവിച്ചവരിൽ പെടും.

പുതിയ നിയമങ്ങൾ

യൂൾ നഗരം പുതിയതായി നിർമ്മിച്ചെടുത്തപ്പോൾ പുതിയ നിയമങ്ങൾ പിറന്നു. ആധുനികമായ ഒരു മതം പിറന്നു.

എല്ലാം ആധുനികം ആയിരുന്നു. ശാസ്ത്രത്തിനായിരുന്നു മുൻഗണന. യുക്തികൊണ്ട് നിർവചിക്കാവുന്ന എന്തും സ്വീകരിക്കപ്പെട്ടു.

കലകളും, സംഗീതവും യാന്ത്രികമായി..യുക്തി പരിപോക്ഷിക്കുവാൻ വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു മറ്റെല്ലാം.

യൂൾ നിവാസികൾക്ക് രണ്ടോ മൂന്നോ അക്ഷരങ്ങളിൽ ഒതുക്കേണ്ട പേരുകൾ മാത്രമേ പാടുണ്ടായിരുന്നുള്ളൂ. മിഖ, എൽഡ, യൂദി, വിലെ പേരുകൾ അങ്ങിനെ പോകുന്നു.

മിഖയുടെ ബ്ലൂ പ്രിന്റിൽ പ്ലാൻ ചെയ്ത യുണിക് ഐഡന്റിഫൈർ നമ്പർ വരുന്നതോടെ യൂളിൽ ജീവിക്കുന്നവരെല്ലാം ഒരു നമ്പർ മാത്രമാവും. കുട്ടികൾ ഉണ്ടാവുന്പോൾ പേര് കണ്ടുപിടിക്കേണ്ട ജോലി പോലും മാതാപിതാക്കൾക്കുണ്ടാവില്ല. ഒരു യുണിക് നമ്പർ ഓട്ടോമാറ്റിക് ആയി ശിശുവിന് വീണിട്ടുണ്ടാവും. എല്ലാ കുഞ്ഞുങ്ങളുടെയും ത്വക്കിനുള്ളിൽ അവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അടങ്ങിയ ഒരു ചിപ്പ്, ജനിച്ച്​ ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ തന്നെ കുത്തിവെച്ചിട്ടുണ്ടാവും. 

യൂളിലെ മനുഷ്യരും, ജീവജാലങ്ങളും, യന്ത്രങ്ങളും, കെട്ടിടങ്ങളും, വീടുകളും, വാഹനങ്ങളും, വീട്ടുപകരണങ്ങളും എല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന ശൃംഖലയുടെ ഭാഗമായിരുന്നു എന്ന് പറയുന്നതായിരുന്നു ശരി. ഈ കണ്ണികളിൽ നിന്നെല്ലാം വേര്പിരിഞ്ഞാണ് എൽഡ യൂൾ നഗരത്തെ ഉപേക്ഷിച്ചു കുന്നിൻ ചെരുവിലേക്ക് എത്തിയത്. 

ആസ്‌പൻ
രണ്ടായിരത്തി പത്തൊൻപത്, മഞ്ഞു കാലത്തിന്റെ അവസാന ദിനങ്ങൾ.

കൊളറാഡോയിലെ ആസ്പനിൽ ഒരു സ്കീയിങ് റിസോർട്ടിൽ, സ്കീ വെക്കേഷൻ ആഘോഷിക്കുകയാണ് എട്ടു  വയസുകാരി എൽഡയും അച്ഛനും.

വെളുത്ത പൊടിയൻ മഞ്ഞു മൂടികിടക്കുന്ന കുന്നിൻ ചെരുവിൽ, പൈൻ മരങ്ങൾക്കിടയിലൂടെയുള്ള സ്കീ ഏരിയയിലൂടെ മഞ്ഞിൽ തെന്നി താഴേക്ക് വളരെ വേഗത്തിൽ പാഞ്ഞു വരികയാണ് അച്ഛനും മകളും. അച്ഛന്റെ കുറുകെയും, നീളത്തിലും ഉള്ള സ്കീ സഞ്ചാരത്തെ പകർത്തുവാനായി അവരോടൊപ്പം അതെ വേഗത്തിൽ ഒരു ഡ്രോൺ പറവയെ പോലെ പറന്നു ദൃശ്യങ്ങൾ എടുക്കുന്നുണ്ട്.

തെളിഞ്ഞ നീലാകാശത്തിൽ അവിടവിടെയായി വെള്ള മേഘങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്.

താഴെ അടിവാരത്തിലെത്തി, അടുത്ത റൗണ്ട് സ്കീയിങ്ങിനായി വീണ്ടും കുന്നിൻ മുകളിലേക്കു ആളെ കയറ്റി കൊണ്ട് പോകുന്ന റോപ്വേ കാറുകളിൽ ഒന്നിൽ സ്ഥാനമുറപ്പിച്ച്, അച്ഛന്റെ ചുമലിൽ തല ചായ്ച്ചുകൊണ്ട് എൽഡ സംസാരിച്ചു തുടങ്ങി: ‘‘അച്ഛൻ എന്തിനാണ് ഞങ്ങളെ വിട്ടു സാൻഫ്രാൻസിസ്കോയിൽ പോയി താമസിക്കുന്നത്. ഇവിടെ നിന്നൂടെ, കൊളറാഡോ എന്ത് മനോഹരമാണ്..”

“അച്ഛന് ജോലി ഇല്ലേ മോളെ. പോരാത്തതിന് ഞാൻ ഇവിടെ നിൽക്കുന്നത് നിന്റെ അമ്മക്ക് ഇഷ്ടമാവുകയും ഇല്ല..”

“അമ്മയെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം. അച്ഛൻ പ്ലീസ് ഇവിടെ നിൽക്കൂ..”

അയാൾ വിഷയം മാറ്റുവാനായി, താഴോട്ടു പോകുന്ന ചുവപ്പും മഞ്ഞയും കലർന്ന റോപ് വേ കാറുകളിൽ ഒന്നിൽ നിന്നും അവരെ നോക്കി കൈ വീശി കാണിച്ച കുട്ടികളിലേക്ക് അവളുടെ ശ്രദ്ധ തിരിച്ചു.

“അച്ഛാ..ഞാൻ പറഞ്ഞത് കേൾക്കുന്നില്ലേ..”
“അമ്മയുടെ യോഗാ ക്ലാസ് എങ്ങിനെ ഉണ്ട്..”
“അതൊക്കെ നന്നായി പോകുന്നുണ്ട്… അച്ഛൻ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല…”
“ജോലി അവിടെ അല്ലെ മോളെ. പോരാത്തതിന് അച്ഛൻ ഒരു പ്രധാനപ്പെട്ട പ്രൊജക്ടിലാണ്, ഇപ്പൊ മാറി നിൽക്കാൻ കഴിയില്ല.”
“അല്ലാതെ, അച്ഛന്റെ പുതിയ ഗേൾഫ്രണ്ടില്ലേ, ആ ജപ്പാൻകാരി, അവളെ പിരിയുന്നതിലുള്ള വിഷമം ഒന്നും അല്ലല്ലോ’’
അയാൾ ഒന്നും മിണ്ടാതെ, പുഞ്ചിരിച്ചു.
“നിന്റെ അമ്മയുടെ കൂടെയാണ് ആദ്യമായി ഞാൻ സ്കീയിങ്ങിന് വരുന്നത്. ഇവിടെ അടുത്തു, സ്നോ മാസ് വില്ലേജിൽ..ഞങ്ങളുടെ ഫസ്റ്റ് ഡേറ്റ് എന്ന് വേണമെങ്കിൽ പറയാം.’’
“ഓഹോ, അതമ്മ ഇതുവരെ പറഞ്ഞിട്ടില്ല.”
“ഓ, അതൊന്നും ഓർക്കാൻ അവൾക്കിപ്പോ ഇഷ്ടമുണ്ടാവില്ല അത് കൊണ്ടാവും. ഇവിടുന്ന് കുറച്ചു ദൂരെ പോയാൽ മെറൂൺ ബെൽസ്. അവിടത്തെ പ്രത്യേകത എന്താണെന്ന് അറിയാമോ..”
“ഇല്ല.”
“രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുന്നേ ചെല്ലണം. ആസ്പെൻ മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാത കയറി ചെന്നാൽ ഒരു തടാക കരയിൽ എത്തും..മുകളിൽ, കിഴക്കു ഭാഗത്തു മഞ്ഞു മൂടിയ വലിയ രണ്ടു മലയിടുക്കുകൾ. അവയിൽ ബെല്ലിന്റെ ആകൃതിയിൽ സൂര്യരശ്മികൾ പതിക്കുന്നുണ്ടാവും സൂര്യോദയത്തോടൊപ്പം. ആ ബെല്ലിനു മെറൂൺ നിറമാവും. അത് തടാകത്തിലേക്ക് പ്രതിഫലിച്ചു വരുന്നത് നോക്കി നിൽക്കാൻ എന്ത് രസമാണെന്നോ..”
“അച്ഛൻ എന്നെ അവിടെ കൊണ്ടുപോകാമോ”
“നാളെ രാവിലത്തെ ട്രിപ്പ് അങ്ങോട്ടാണ്.”

ൻഡിപെൻഡൻസ് ചുരം ഇറങ്ങി ഫ്രിസ്കോയിലേക്കുള്ള യാത്രയിൽ അവർ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല.

റിയർവ്യൂ മിററിലൂടെ പിന്നിൽ മഞ്ഞു മൂടിയ ഹിമവാനെ നോക്കി എൽഡ അച്ഛനോട് ചോദിച്ചു, അച്ഛൻ കഴിഞ്ഞദിവസം കണ്ട ഏതോ ഒരു സ്വപ്നത്തെ പറ്റി പറഞ്ഞിരുന്നില്ലേ, അത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു… ഒന്നുകൂടി പറയാമോ?.

വിചിത്രങ്ങളായ സ്വപ്‌നങ്ങൾ കാണുക അയാളുടെ പതിവായിരുന്നു. സ്വപ്നങ്ങളെ കണ്ടു നിർത്തിയിടത്ത് നിന്നും മറ്റൊരു രാത്രിയിലെ ഉറക്കവേളകളിൽ തുടർന്നു കാണുവാനും അയാൾക്കാവുമായിരുന്നു. കണ്ട സ്വപ്നങ്ങളെ ഇടക്ക് ഓർത്തെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ സ്വന്തം ഭാവന തിരുകി കയറ്റി അയാൾ ഇടക്കിടെ എൽഡക്ക് പറഞ്ഞുകേൾപ്പിക്കും. അഛന്റെ പരുക്കൻ ശബ്ദത്തിൽ ആ സ്വപ്ന വിവരണങ്ങൾ കേൾക്കാൻ അവൾക്കും ഇഷ്ടമായിരുന്നു. അമ്മക്കില്ലാത്തതും അച്ഛന് ഉള്ളതുമായി അവൾക്ക് തോന്നാറുള്ള ഏക കഴിവും സ്വപ്നങ്ങളെ ഓർത്തെടുത്ത് വിവരിക്കാൻ കഴിയുന്ന അച്ഛന്റെ കഴിവായിരുന്നു.

മകളെ പിരിഞ്ഞു പോവേണ്ട സമയമായി എന്ന ഓർമ്മയിൽ വിഷമിച്ചിരുന്ന അയാൾക്ക് എൽഡയുടെ കൊഞ്ചിയുള്ള നിരന്തരമായ അഭ്യർത്ഥനകൾ വേണ്ടി വന്നു സ്വപ്നം വിവരിക്കാൻ. 

അയാൾ കാർ ഓട്ടോ ക്ര്യൂയിസിൽ ഇട്ട്, സ്വപ്നത്തിലേക്ക് പതിയെപ്പതിയെ  ഇറങ്ങി വിവരിക്കാൻ തുടങ്ങി: ‘‘മഞ്ഞു മൂടി വെളുപ്പ് നിറഞ്ഞ മലയുടെ കീഴെയാണ് ഞാൻ നിൽക്കുന്നത്… മലയുടെ മുകളിലൂടെ വരിവരിയായി എന്തോ നടക്കുന്നത് കണ്ടാണ് ഞാൻ നോക്കിയത്. കുറെ മൃഗങ്ങൾ വരി വരിയായി പോവുകയാണ്…ഹിമക്കരടികൾ, കുഞ്ഞൻ വെളളക്കടുവകൾ, വെളുത്ത നിറത്തിലുള്ള പന്നികൾ, മലയാടുകൾ, എലികൾ, പൂച്ചകൾ, കുറുനരികൾ, ചെന്നായ്ക്കൾ..എല്ലാം വെളുത്ത നിറം… മഞ്ഞിന്റെ വെളുപ്പിനോട് ഒട്ടി ചേർന്ന് അവരങ്ങനെ നിര നിരയായി. ഉറുമ്പിൻ പറ്റങ്ങൾ നടന്നുപോകുന്നത് പോലെ നടക്കുകയാണ്. ഇടക്ക് മുഖം തിരിച്ച് താഴെ നിൽക്കുന്ന എന്നെ നോക്കും. അവരുടെ കണ്ണുകളിൽ വരാൻ പോകുന്ന ഏതോ ദുരന്തത്തെ പറ്റിയുള്ള വേവലാതി നിറഞ്ഞിരിക്കുന്നു എന്ന് തോന്നും, പെട്ടെന്ന് കാറ്റടിക്കും, മഞ്ഞിളകി പഞ്ചസാര തരികളെ പോലെ വെളുത്ത പൊടി വന്നു കണ്ണിൽ മൂടും. പിന്നെ കാണുന്നത്, പർവതം ആകെ പിളർന്ന്, വെളുത്ത ഉറുമ്പിൻ കൂട്ടങ്ങൾ നേരെ വരിയായി എനിക്ക് നേരെ നടന്നു വരുന്നതാണ്…അപ്പോഴേക്കും മിക്കവാറും ഉറക്കമെഴുന്നേൽക്കും.” 

ഫ്രിസ്കോയിലെ നീളൻ തുരങ്കത്തിലൂടെ അവർ ഹൈവേ എഴുപത്തിലൂടെ പാഞ്ഞു പോകുന്ന കാറിൽ ഇരിക്കുകയാണ്. തുരങ്കത്തിൽ വൈദ്യുതി വിളക്കുകൾ കാറിന്റെ വേഗതക്കൊപ്പം ചിമ്മികത്തുന്നത് പോലെ തോന്നിപ്പിച്ചു.

തുരങ്കം കടന്ന്​, മലയടിവാരത്തിലെ റെസ്റ്റിങ് ഏരിയയിലാണ് അവളുടെ അമ്മ കാത്തു നിൽക്കുന്നത്. ഇനി അടുത്ത വേനലവധി വരെ അമ്മയോടൊപ്പം ആണവൾ താമസിക്കാൻ പോകുന്നത്. സമ്മർ വെക്കേഷനിൽ വീണു കിട്ടുന്ന ഏതാനും ദിവസങ്ങൾ അത് മാത്രമാണ് കൊച്ചു എൽഡക്ക് അച്ഛനോടൊപ്പം ചിലവഴിക്കാനാവുക…സാൻഫ്രാൻസിസ്‌കോയിൽ.

കാർ അമ്മ കാത്തിരിക്കുന്നതിനടുത്തുള്ള പാർക്കിംഗ് സ്‌പേസിൽ നിർത്തി. എൽഡ പിന് സീറ്റിൽ നിന്നും അച്ഛന്റെ തോളിലൂടെ കയ്യിട്ട് അച്ഛനെ കെട്ടിപ്പിടിച്ചു. അയാൾ തിരിഞ്ഞിരുന്നു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.

ഡോർ തുറന്ന്​ എൽഡ പുറത്തിറങ്ങി. അമ്മയുടെ കാറിൽ കയറി ഇരുന്നു. അച്ഛനും, അമ്മയും തമ്മിൽ ചിരിക്കുന്നുണ്ടോ അവൾ ഇടംകണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കൊളറാഡോ 93-ാം നമ്പർ ഹൈവേയിലൂടെ അമ്മയും എൽഡയും ഇരിക്കുന്ന കാർ ഓടിക്കൊണ്ടിരിക്കുകയാണ്. ഇടതുവശത്ത് റോക്കി പർവത നിരകളുടെ മുൻ നിരയിലെ കൊടുമുടികൾ ആഗ്രഭാഗത്ത് ഐസിംഗ് പോലെ മഞ്ഞു മൂടി കിടക്കുന്നു. ഫ്രണ്ട് റേഞ്ചിലെ മഞ്ഞെല്ലാം പോയിട്ടുണ്ട്, അവൾ ഓർത്തു.
പർവതത്തിന്റെ ചില ഭാഗങ്ങൾ ചാണക പച്ചയിൽ വെട്ടി തിളങ്ങി. റോഡിനു വലതു വശത്തെ സമതലത്തിൽ മന്ദഗതിയിൽ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങൾ..ഇടക്കിടെ കുന്നിറങ്ങുമ്പോൾ സൂര്യ രശ്മികൾ വീണു വെട്ടിത്തിളങ്ങുന്ന ചെറു തടാകങ്ങൾ.

റോഡിനിരുവശത്തും നീളൻ തണ്ടു നീട്ടി വിരിഞ്ഞു നിൽക്കുന്ന വലിയ സൂര്യകാന്തി പൂവുകൾ. അവൾ പതിയെ മയക്കത്തിലേക്ക് വഴുതിവീണു.

കാറിലെ ഫോൺ അടിക്കുന്നത് കെട്ടാണ് അവൾ ഉണർന്നത്. അച്ഛനാണ്. അമ്മ സ്റ്റീയറിംഗിലെ ഹാൻഡ്സ്ഫ്രീ ബട്ടൺ പ്രസ് ചെയ്ത് കോൾ അറ്റൻഡ് ചെയ്തു. ഡാഷ് ബോർഡിലെ ഏഴിഞ്ചു സ്‌ക്രീനിൽ അച്ഛന്റെ പേര് തെളിഞ്ഞു കാണുന്നു.

അവൾ സംസാരിച്ചു.
അച്ഛൻ പറയുന്നത്, അയാൾ മറന്നു പോയ ഒരു സ്വപ്നത്തെ കുറിച്ചാണ്. അച്ഛന്റെ ഓഡിയോ പോഡ്കാസ്റ്റിൽ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്. അവൾ എത്തിവലിഞ്ഞ്​ കാറിലെ എൽ സി ഡി സ്‌ക്രീനിൽ നെറ്റ് കണക്ട് ചെയ്തു. പോഡ്കാസ്റ്റ്  പോസ്റ്റ് കാറിലെ ഓഡിയോ പ്ലെയറിലേക്ക് സ്ട്രീം ചെയ്തു.

അച്ഛന്റെ പരുക്കൻ ശബ്ദത്തിൽ അവൾക്കത് കേൾക്കാം: “രണ്ടാഴ്ച മുന്നെയാണ്, ഉച്ച കഴിഞ്ഞതേയുള്ളൂ. ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി…കറുത്തതും ചാര നിറത്തിലുമുള്ള മേഘങ്ങൾ നിരന്നു കിടക്കുന്നതിനിടയിലൂടെ സൂര്യൻ പ്രയാസപ്പെട്ട് കറുത്ത പ്രകാശരശ്മികൾ അയച്ചു. ഏതോ ഒരു വിജനമായ നഗരത്തിൽ കൂറ്റൻ കെട്ടിടങ്ങൾക്കിടയിലെ തെരുവിലൂടെ നടക്കുകയായിരുന്നു ഞാൻ, എന്റെ കൈ പിടിച്ചു എൽഡയും. തെരുവുവിളക്കുകൾ ഇളം മഞ്ഞ നിറത്തിൽ കത്തുന്നുണ്ടായിരുന്നു. വിളക്കുകളുടെ നിറം മഞ്ഞയെന്ന് സൂചിപ്പിക്കുമ്പോഴൊക്കെയും, അച്ഛാ മഞ്ഞയല്ല ആമ്പർ ആണ് നിറമെന്ന് എൽഡ തിരുത്തുന്നുണ്ടായിരുന്നു എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്.

എന്തായാലും… ഞാന്നു കിടക്കുന്ന മേഘങ്ങൾക്കിടയിലൂടെ ആകാശത്തേക്ക് കുറെ പക്ഷി കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു. നീളൻ കഴുത്തും ചാര തൂവലുകളും ഉള്ള കാട്ടു വാത്തകൾ. അവ പല പല കൂട്ടങ്ങളായി ഭീതിയോടെ ദൂരേക്ക് പറന്നു. ഏക രൂപത്തിൽ ഒരു ഭീമൻ പക്ഷിയെ പോലെ ആ കൂട്ടങ്ങൾ തോന്നിപ്പിച്ചു.

അവയുടെ ചാരനിറമുള്ള തൂവലുകൾ പൊഴിഞ്ഞു തെരുവ് നിറഞ്ഞു. കറുത്ത കോട്ടിട്ട ചില കുട്ടികൾ എവിടെ നിന്നോ ഓടി വന്ന്​ തൂവലുകൾ പെറുക്കാൻ തുടങ്ങി. എൽഡക്കും അവരുടെ കൂടെ ചേരണം എന്ന് പറഞ്ഞെങ്കിലും ഞാൻ വിലക്കി.

ഇതിനിടയിൽ ആകാശത്തു ഒരു മുഴക്കം. കുറെ യുദ്ധ വിമാനങ്ങൾ ഇരമ്പിവരുന്ന ശബ്ദം. തെരുവിന്റെ അതിരുകളെ ആകാശത്തുനിന്ന് വേർതിരിച്ചു നിർത്തുന്ന കറുത്ത കണ്ണാടി ചില്ലു കെട്ടിടങ്ങളിൽ തട്ടി ആ പോർ വിമാനങ്ങൾ പ്രതിഫലിച്ചു.

തൂവലുകൾ പൊഴിയുന്ന മന്ദഗതിയിൽ തെരുവിലേക്ക് ഒന്നൊന്നായി ബോംബുകൾ പൊഴിഞ്ഞു വീണു.

കാൽ കുഴഞ്ഞ്​, ഉടൽ തളർന്ന്​, ഒരുറക്കത്തിന്റെ അലസവേഗം എന്നെ വരിഞ്ഞുമുറുക്കുന്നതായി ഞാനറിഞ്ഞു. താഴ്ചയിലേക്ക് ഉലഞ്ഞുലഞ്ഞു വീഴുന്ന പോലെ.”

കേട്ടുകഴിഞ്ഞപ്പോൾ എൽഡ അച്ഛനെ തിരികെ വിളിച്ചു. സാൻഫ്രാൻസിസ്കോയിലേക്കുള്ള ഫ്ലൈറ്റിൽ ബോർഡിംഗ് ടൈം ആയതുകൊണ്ട് അച്ഛന് അധികം സംസാരിക്കാൻ കഴിഞ്ഞില്ല. അച്ഛന്റെ സ്വപ്നം, എന്തോ ചീത്തക്കാര്യം വരാൻ ഇരിക്കുന്നു. അതിന്റെ ഇൻഡിക്കേഷൻ ആണോ, അവൾ ചോദിച്ചു.

“അറിയില്ല മോളെ, എന്റെ ബോസ് മിഖയും ഇത് തന്നെയാണ് പറയുന്നത്. അയാൾ പറയുന്നത് അധികം വൈകാതെ റോബോട്ടുകൾ ലോകം കീഴടക്കും എന്നാണ്, അങ്ങിനെ ഒരു കാലം വന്നാൽ രക്ഷപ്പെടാൻ വേണ്ടി ഒരു പേടകം ഉണ്ടാക്കുകയാണ് അയാളിപ്പോ...”

“അങ്ങനെയൊരു കാലം വന്നാൽ എന്നെ കൂട്ടുമോ അച്ഛൻ ആ പേടകത്തിലേക്ക്’’, അവൾ ചോദിച്ചു.

“പിന്നല്ലാതെ.’’
“അമ്മയെയോ?’
“അമ്മയെയും’’

രുപത്തിനാല് മണിക്കൂറുകൾക്കുശേഷം, സാൻഫ്രാൻസിസ്‌കോയിലെ, ഇന്നോവ് ടെക് പി എൽ സി യിലെ ബോർഡ് റൂമിൽ, മിഖയും ബോർഡ് ഓഫ് ഡയറക്ടേഴ്സുമായുള്ള മീറ്റിങ് നടക്കുകയായിരുന്നു.

ബോർഡ് റൂമിൽ നിന്ന് അകലെയല്ലാത്ത, തന്റെ ഓഫീസ് മുറിയിൽ സാമിയെ  കടുത്ത ദേഷ്യത്തിലും, നിരാശയിലും കാണപ്പെട്ടു.
അയാളുടെ മുറിക്കുപുറത്ത്, സാമി ചീഫ് ടെക്‌നോളജി ഓഫീസർ എന്ന ബോർഡ് പതിച്ചിട്ടുണ്ട്.
ബോർഡ് റൂമിൽ സാമിയെ പുറത്തക്കുന്നതിനു വേണ്ട തീരുമാനങ്ങൾക്ക് അവസാന ഒപ്പു വെച്ചു മിഖ പുറത്തേക്കിറങ്ങി.

സാമിലാൻഡ് 

2023 വസന്തകാലം.
അമേരിക്കൻ ഭൂഖണ്ഡത്തിലെ തൊഴിലാളി ചരിത്രത്തിന്റെ വസന്തകാലം കൂടിയായിരുന്നു. 
പകർച്ചവ്യാധികൾ പിടിമുറുക്കിയ മൂന്നു വർഷങ്ങൾക്ക് വിട പറഞ്ഞുകൊണ്ട് മുഖപടം മാറ്റിയ ലോകത്തെ വരവേറ്റത് കടുത്ത അസമത്വവും, സാമ്പത്തിക പ്രതിസന്ധികളുമായിരുന്നു. 
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചു. 
ന്യൂയോർക്ക് നഗരത്തിലും സാൻഫ്രാൻസിസ്‌കോയിലും ലോസ് ആഞ്ചലസിലുമുള്ള സാധാരണ മനുഷ്യർക്ക് ജീവിതം തള്ളിനീക്കാൻ ഒന്നിലധികം ജോലികൾ ഇല്ലാതെ കഴിയില്ല എന്നൊരു സ്ഥിതി വന്നുചേർന്നു. 
ഒന്നിലധികം ജോലികൾ ചെയ്തും, കഠിനമായ അദ്ധ്വാനവും കൊണ്ട്, സാധാരണ മനുഷ്യർ ക്ഷീണിച്ചു. നിരാശയും ആശങ്കയും ദേഷ്യവും അവരെ കൂടുതൽ കൂടുതൽ അസ്വസ്ഥരാക്കി മാറ്റി. 
രാഷ്ട്രീയ നേതൃത്വങ്ങൾ പക്ഷെ പണക്കാരായ ഉപരിവർഗത്തിനൊപ്പമായിരുന്നു. 
ഫലമോ?
വൻകരയിൽ ചെറുതും വലുതുമായ നിരവധി തൊഴിലാളി കൂട്ടായ്മകൾ രൂപമെടുത്തു. 
“റോബോട്ടുകളും, കൃത്രിമ ബുദ്ധിയും ചേർന്ന് തൊഴിലുകൾ ഇല്ലാതാക്കുന്ന കാലമാണ് വരാൻ പോകുന്നത്’’, എക്കണോമിക്സ് വാരികയുടെ പുതിയ ലക്കം മിഖയുടെ കവർ സ്റ്റോറിയായിരുന്നു. കവർ സ്റ്റോറിയുടെ ഭാഗമായ ഇന്റർവ്യൂവിൽ, തൊഴിലാളികൾ കൂടുതൽ സ്വാർത്ഥരാകേണ്ടതിനെപ്പറ്റിയും, പുതിയ അറിവുകൾ പഠിച്ചെടുത്തു തൊഴിൽ ചെയ്യാൻ പ്രാപ്തരാകേണ്ടതിനെപ്പറ്റിയും അയാൾ പേജുകൾ നിറയും വരെ സംസാരിച്ചു കൊണ്ടേയിരുന്നു. അഭിമുഖത്തിന്റെ അവസാന ഭാഗത്ത്​, മനുഷ്യ രാശിയെ മുന്നോട്ട് നയിക്കാൻ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ച അന്യഗ്രഹ ജീവിയാണ് മിഖ എന്നൊരു വിചിത്ര വാദം അഭിമുഖക്കാരൻ പ്രകടിപ്പിച്ചത് സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ലോകം മുഴുവൻ പരന്നു. 

ഇതേസമയം, ടെക്‌സാസിലെ പടുകൂറ്റൻ വൈദ്യുത വാഹന ഫാക്ടറിക്കുമുന്നിലെ  സമരപ്പന്തലിൽ പുതുതായി രൂപീകരിച്ച തൊഴിലാളി യൂണിയൻ പ്രവർത്തകരെ അഭിസമ്പോധന ചെയ്തു സംസാരിക്കുകയായിരുന്നു സാമി: “റോബോട്ടുകളും കൃത്രിമബുദ്ധിയും ചേർന്ന് തൊഴിലാളികളെ തെരുവിലേക്കിററക്കി വിടുന്ന കാലമാണ് വരാൻ പോകുന്നത് എന്നാണ് അവർ പറയുന്നത്. മനുഷ്യർ ഉണ്ടാക്കുന്ന യന്ത്രങ്ങളോ, കൃത്രിമ ബുദ്ധിയോ ഒന്നുമല്ല നമ്മുടെ തൊഴിലുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. മുതലാളിമാരുടെ ലാഭക്കൊതിയാണ്. ലാഭം വർദ്ധിപ്പിക്കാൻ, പണമുണ്ടാക്കുനുള്ള പുതിയ വഴികൾ വെട്ടിത്തെളിക്കാൻ അവർക്ക് നമ്മളെ വേണം. വ്യക്തമായി പറഞ്ഞാൽ നമ്മുടെ വിയർപ്പ് ചുരുങ്ങിയ പണം കൊടുത്തു വാങ്ങാൻ കഴിയാതെ വരുന്നു എന്ന് വരുമ്പോഴാണ് യന്ത്രങ്ങളെ ചൂണ്ടിക്കാണിച്ചവർ തൊഴിൽ നഷ്ടങ്ങളെക്കുറിച്ചു സംസാരിക്കുന്നത്. അതൊരു വലിയ കളവാണ്. റോബോട്ടുകളും കൃത്രിമ ബുദ്ധിയും ചേർന്നുണ്ടാക്കുന്ന ലാഭത്തിലൊരു വിഹിതം നമുക്ക് കൂടി അർഹതപ്പെട്ടതാണ്. കാരണം, നമ്മുടെയും പൂർവികരുടെയ്യും, സമൂഹത്തിന്റെയും വിയർപ്പിന്റെയും, വിശപ്പിന്റെയും ഫലം കൂടിയാണ് ആ ലാഭം.”
നിറഞ്ഞ കരഘോഷങ്ങൾക്കിടയിലൂടെ സാമി പ്രസംഗം തുടർന്നു കൊണ്ടേയിരുന്നു. 

മിഖയുടെ കമ്പനിയിൽ നിന്ന്​ പുറത്താവുന്നതിനുമുൻപേ സാമി തന്റെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി തോളോട് തോൾ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. മിഖയുടെ കമ്പനിയിൽ ഒരു ആഭ്യന്തര പരാതി പരിഹാര സെൽ തുടങ്ങണം എന്ന ആവശ്യം ആദ്യമുണർന്നത് സാമിയിൽ നിന്നായിരുന്നു. ആ നീക്കങ്ങളും തുടർചലനങ്ങളുമാണ് കമ്പനിയിൽ നിന്ന് പുറത്തേക്കും തുടർന്ന് തൊഴിലാളി നേതൃത്വത്തിലേക്കും സാമിയെ എത്തിച്ചത്. 

2023 തൊഴിൽ കൂട്ടായ്മാ മുന്നേറ്റങ്ങളുടെ വസന്തകാലമായിരുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. വലുതും ചെറുതുമായ തൊഴിൽശാലകളിൽ നിന്നും നാമ്പെടുത്ത കൂട്ടായ്മകൾ മൂലധന ലോബികളെ അമ്പരപ്പിക്കുന്നതായിരുന്നു. 

2024 തുടങ്ങിയപ്പോഴേക്കും ആ കൂട്ടായ്മകൾക്കെല്ലാമൊരു രാഷ്ട്രീയനിറം കൂടി വന്നു തുടങ്ങിയിരുന്നു. സ്‌കൂൾ ബോർഡുകളിലും,  കൗണ്ടികളിലും, മുനിസിപ്പാലിറ്റികളിലും, നഗരങ്ങളിലും തുടങ്ങി ഡിസിയിലെ സെനറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ വരെ തൊഴിൽ കൂട്ടായ്മ രാഷ്ട്രീയ വിജയം നേടുന്നത് കണ്ടപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് കോര്പറേറ്റുകളുടെതുകൂടിയായിരുന്നു. 

രാജ്യത്തെ രാഷ്ട്രീയം യാഥാസ്ഥികരിലെ മിതവാദികളും തീവ്രവാദികളും എന്ന നിലയിലേക്ക് ഇതിനോടകം വിഭജിക്കപ്പെട്ടിരുന്നു. പഴകിയ രാഷ്ട്രീയ ചിന്തകളിൽ നിന്നും മോചനം വേണമെന്നാഗ്രഹിച്ചിരുന്ന ചെറുപ്പക്കാരെക്കൂടി ആകർഷിക്കാൻ കഴിവുള്ള രാഷ്ട്രീയ സങ്കല്പമായി തൊഴിലാളി കൂട്ടായ്മ ഇതിനോടകം വളർന്നിരുന്നു. നടപ്പു രീതികളെ തകിടം മറിച്ചു കൊണ്ട്, 2024- ലെ പ്രസിഡൻഷ്യൽ പ്രചാരണങ്ങളിൽ സാമി എന്ന നാല്പത്തിയഞ്ചുകാരൻ ജനപ്രീതിയുള്ള നേതാവായി അപ്പോഴേക്കും അവരോധിക്കപ്പെട്ടിരുന്നു. 
എന്നാൽ, ഇത്തരം തൊഴിലാളി മുന്നേറ്റങ്ങൾക്ക് തടയിടേണ്ടത് മൂലധന ലോബികളുടെയും വലത് പക്ഷ രാഷ്ട്രീയ യാഥാസ്ഥിതികരുടെയും ആവശ്യമായിരുന്നു. തങ്ങളുടെ പൂർവികർ കെട്ടിപ്പൊക്കിയ രാജ്യം ഏത് ആശയത്തിനെതിരെയാണോ പൂർവികർ പ്രവർത്തിച്ചത് ആ ആശയത്തിലേക്ക് കൂടുതൽ നടന്നടുക്കുക എന്നത് തീവ്ര യാഥാസ്ഥിതകർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. 

സാമിയുടെയും, തൊഴിലാളി മുന്നേറ്റങ്ങളുടെയും തേരോട്ടത്തിനു തടയിടാൻ സ്വതന്ത്ര ചിന്താഗതിക്കാരുടെ കൂടി പിന്തുണ ഉറപ്പിക്കുന്നതിനായി മിഖ എന്ന ശതകോടീശ്വരൻ സാമിയുടെ എതിർ സ്ഥാനാർത്ഥിയായി അവതരിക്കപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയിൽ ചെറിയൊരു മാറ്റം അതിനു വേണ്ടി അവർക്ക് കൊണ്ട് വരേണ്ടി വന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഒന്നാം തലമുറ കുടിയേറ്റ വംശജൻ അങ്ങനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അവതരിക്കപ്പെട്ടു. ഭരണഘടനാ മാറ്റം അതിനു വഴിയൊരുക്കി. 
സാമിയുടെ പ്രചരണം മുഴുവൻ സമത്വത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ളതായിരുന്നു. 

പുരോഗതി എന്ന വിഷയത്തിലൂന്നിയായിരുന്നു മിഖയുടെ പ്രചാരണം. 
തിരഞ്ഞെടുപ്പ് തീയതിക്ക് തൊട്ടു മുന്നേയായിരുന്നു ലോകത്തെ രണ്ടായി പകുക്കും വിധം രൂപപ്പെട്ട പ്രകൃതി ദുരന്തങ്ങളുടെ ആരംഭം. 

മുപ്പതു മാസങ്ങൾ നീണ്ടുനിന്ന പ്രകൃതി ദുരന്തങ്ങൾക്കുശേഷം ഭൂമി രണ്ടായി വിഭജിക്കപ്പെട്ടു- ഒരു കരയും ഒരു വലിയ കടലും. 
മിഖയുടെ സാങ്കേതിക വിദ്യയിൽ രൂപപ്പെട്ട പേടകത്തിൽ കയറിപ്പറ്റിയവരെല്ലാം യൂളിൽ എത്തിച്ചേർന്നു. ആധുനിക സാങ്കേതിക വിദ്യയും, മനുഷ്യരും മൃഗങ്ങളും യന്ത്രങ്ങളുമെല്ലാം ഒരേ കണ്ണിയിൽ കോർത്തിണക്കപ്പെട്ട വലിയ നഗരമായ യൂളിന്റെ ഭാഗമായി ആ വിഭാഗം മനുഷ്യർ മാറ്റപ്പെട്ടു. 

എൽഡയും അമ്മയുമെല്ലാം അങ്ങനെയാണ് യൂളിലെ പൗരന്മാരാവുന്നത്. 

എന്നാൽ ഇതേസമയം, യാതൊരു സാങ്കേതിക വിദ്യകളുടെയോ, സങ്കല്പങ്ങളുടെയോ സഹായമില്ലാതെ ഒരു കൂട്ടം മനുഷ്യർ പ്രകൃതി ദുരന്തങ്ങളോട് പടവെട്ടുന്നുണ്ടായിരുന്നു. അവർ എങ്ങനെയൊക്കെയോ ഭൂമിയിൽ ബാക്കിയായ തുരുത്തുകളിൽ നിന്നും നീന്തിയും നടന്നും തിരയിലൊഴുകിയും യൂളിൽ നിന്നും വളരെ അകലെയുള്ള ഒരു പ്രദേശത്ത് എത്തിപ്പെട്ടു. 
ഫലഭൂയിഷ്ഠമായ മണ്ണ് ഒന്നു മാത്രമായിരുന്നു മാസങ്ങൾ നീണ്ടു നിന്ന ദുരന്തങ്ങൾ അവർക്ക് ബാക്കി വെച്ചത്. അക്കൂട്ടത്തിലൊരാൾ സാമി ആയിരുന്നു. 
ആ മനുഷ്യർക്ക്​ പ്രത്യാശയും മാർഗ്ഗദീപവുമായി സാമി ജ്വലിച്ചു നിന്നു. അവരാ നാടിനെ സാമിലാൻഡ് എന്ന് വിളിച്ചു. 

ർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് എൽഡ സാമിലാൻഡിലെത്തിപ്പെടുന്നത്. യൂൾ നഗരവുമായി ബന്ധിച്ചു നിർത്തുന്ന സകല കണ്ണികളും വലിച്ചെറിഞ്ഞവൾ, യൂൾ നഗരവാസികൾ അപരിഷ്കൃത  ലോകമെന്ന് പരിഹസിക്കുന്ന സാമിലാൻഡിലേക്കുള്ള യാത്രയ്ക്കിടെ കൊതിച്ചത് പ്രത്യാശയോടെയുള്ള ജീവിതമായിരുന്നു. 
സാമിലാൻഡിന്റെ അതിർത്തികളിൽ ഒന്നിൽ അവളെക്കാത്ത് ഒരു ജീപ്പ് നിർത്തിയിട്ടുണ്ടായിരുന്നു. 
അവൾ ജീപ്പിലേക്ക് കയറി മുൻസീറ്റിലിരുന്നു. 
ജീപ്പ് ഡ്രൈവർ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ജീപ്പ് സ്റ്റാർട്ട് ചെയ്തു.
പൂക്കൾ പരവതാനി വിരിച്ച പൂപ്പാടങ്ങളെ പകുത്തു കൊണ്ട്  ജീപ്പ് അവളെയും കൊണ്ട് യാത്ര തുടങ്ങി. 
ജീപ്പിലെ സ്റ്റീരിയോയിൽ അവൾക്ക് അച്ഛന്റെ ശബ്ദ സന്ദേശം ഉച്ചത്തിൽ കേൾക്കാം: ‘‘സമത്വത്തിന്റെ പറുദീസയിലേക്ക് മകളെ നിനക്ക് സ്വാഗതം.’’
നഗരപിതാവായ സാമിയുടെ ശബ്ദമാണത് എന്ന് ജീപ്പ് ഡ്രൈവർ അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു. 

മഴവില്ലുകൾ പലത് വിരിഞ്ഞുനിൽക്കുന്ന ആകാശച്ചെരിവിലൂടെ പ്രത്യാശയുടെ സ്വപ്‌നങ്ങൾ മനസ്സിലിട്ട് എൽഡ യാത്ര തുടർന്നു…


സിജിത്​ വി.

കഥാകൃത്ത്​. അമേരിക്കയിൽ മയാമിക്കടുത്ത്​ വെസ്​​റ്റേൺ സിറ്റിയിൽ താമസിക്കുന്നു. K എന്ന മിനി ഫിലിം എഴുതി സംവിധാനം ചെയ്​തു.

Comments