(കഥ കഴിഞ്ഞ പാക്കറ്റിൽനിന്ന് തുടർച്ച)
നാല്
ചന്തുണ്ണിയേട്ടനിൽ അയാൾ പോലുമറിയാതെ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.
അയാളുടെ സംസാരം കുറഞ്ഞു.
കണ്ണിലെ വെളിച്ചം പാടെ അണഞ്ഞു.
എന്നും രാവിലെയും വൈകീട്ടും ഞങ്ങളുടെ കിണറ്റിൽനിന്ന് വെള്ളം കോരി കുളിച്ചിരുന്ന ചന്തുണ്ണിയേട്ടൻ കുളി മറന്നു.
അയാൾ സംഗീതയുടെ വീട്ടുമുറ്റത്തുവെച്ച് നേരിട്ട അപമാനത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയാതെ കുരിങ്ങിക്കിടന്നു. അച്ഛൻ നിർബന്ധിച്ചാൽ മാത്രം അയാൾ എന്തെങ്കിലും കഴിക്കും. ഭക്ഷണം വിളമ്പിയ പാത്രത്തിനുമുമ്പിൽ ഭൂമിയിലെ ഏറ്റവും ദുഃഖിതനായ മനുഷ്യനായി അയാൾ ഇരുന്നു.
"എന്താ ചന്തുണ്ണിയേ, അനക്ക് വെശപ്പില്ലേ?’’, അമ്മ ചോദിക്കും. അയാൾ ആ ചോദ്യം കേൾക്കില്ല. നോട്ടം വിദൂരതയിലാവും. അപ്പോൾ അച്ഛൻ അയാളുടെ അടുത്തിരുന്ന് തോളിൽ തൊട്ട് വിളിക്കും, "ചന്തുണ്ണിയേ നിയ്യ് ഇങ്ങനെ പട്ടിണി കെടന്നാ ആരോഗ്യം പോവും, വല്ലതും കഴിക്കെടാ..."
എവിടെയോ ഒരു ചന്തുണ്ണിയേട്ടൻ...
ആദ്യഭാഗം വായിക്കാം, കേൾക്കാം.
അയാളുടെ ആ ഇരിപ്പ് കാണുമ്പോൾ എൻ്റെ ഉള്ളിലും സങ്കടം നിറയും. ഞാനും പറയും, "ചന്തുണ്ണിയേട്ടാ ഒര് ഇഡ്ഡലിയെങ്കിലും കഴിക്കീ ..."
അയാൾ എന്റെ നേരെ തുറിച്ചുനോക്കും. അപ്പോൾ ചന്തുണ്ണിയേട്ടൻ തികച്ചും അപരിചിതനായ ഒരാളായി മാറും. ആ കണ്ണുകൾ എവിടെയും ഉറക്കാതെ നോട്ടം പല ദിക്കിലേക്കും പായും. പുറത്തെ പറങ്കിമാവുകളിൽ ഇടയ്ക്ക് നോട്ടം തടഞ്ഞു നിൽക്കും. ഉണ്ണാതെ, കുളിക്കാതെ ആകെ കോലം കെട്ട ചെന്തുണ്ണിയേട്ടൻ ഞങ്ങളുടെ വരാന്തയിൽ കൈരണ്ടും തലയണയാക്കിവെച്ച് മലർന്ന് കിടക്കും. മേൽക്കൂരയിൽ എന്തോ മറന്നു വെച്ചത് തിരയുന്ന പോലെ അങ്ങോട്ട് നോക്കുന്നുണ്ടാവും. ആ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാക്കിയ അച്ഛൻ ചന്തുണ്ണിയേട്ടനെ പട്ടണത്തിലെ റഹീം ഡോക്ടറെ കാണിച്ച് വിവരങ്ങളെല്ലാം പറഞ്ഞു. മരുന്നുകൾ എഴുതി കൊടുത്തിട്ട് റഹീം ഡോക്ടർ അച്ഛനോട് പറഞ്ഞു; "പേടിക്കാനൊന്നുമില്ല കുറച്ചുദിവസം കഴിയുമ്പോൾ ശരിയാവും. രക്തക്കുറവുണ്ട്, ഞാൻ കുറച്ചു മരുന്നുകൾ എഴുതിയിട്ടുണ്ട്, ഉറക്കം കിട്ടാൻ ഒരു ഗുളികയും. അത് നാലഞ്ചു ദിവസം മുടങ്ങാതെ കൊടുക്കണം’’.
അച്ഛൻ മരുന്നും വാങ്ങി ചന്തുണ്ണിയേട്ടനെയും കൊണ്ട് അറുമുഖന്റെ ചായപ്പീടികയിലേക്ക് കയറി. അവിടെ വളരെപ്പണ്ട് താൻ വന്നുകയറിയത് ഓർത്തിട്ടോ എന്തോ ചന്തുണ്ണിയേട്ടൻ ചായ കുടിച്ചു. പഴംപൊരി വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ അത് വാങ്ങിക്കൊടുത്തു. റഹീം ഡോക്ടർ എഴുതിയ മരുന്നുകൾ കുടിക്കാൻ ആദ്യം ഏട്ടൻ വിസമ്മതിച്ചെങ്കിലും അമ്മയുടെ സ്നേഹ പൂർവ്വമുള്ള നിർബന്ധത്തിനു വഴങ്ങി മരുന്ന് കുടിച്ചു.
പിറ്റേന്ന് ജോലികഴിഞ്ഞ് വന്ന ചന്തുണ്ണിയേട്ടനെ അമ്മയും അച്ഛനും കൂടി കിണറ്റിൻകരയിൽ നിർബന്ധിച്ച് പിടിച്ചിരുത്തി കുളിപ്പിച്ചു. ആ ദേഹത്ത് നിന്ന് ദുർഗന്ധം വരുന്നുണ്ടായിരുന്നു. വാസന സോപ്പ് തേച്ച് പതപ്പിച്ച് മുതുകും കൈകാലുകളും ഉരച്ച് അച്ഛൻ ചാന്തുണ്ണിയേട്ടനെ പുതുപുത്തനാക്കി എടുത്തു. എന്നിട്ട് അച്ഛൻ്റെ പുതിയ കുപ്പായം മൂപ്പരെ ധരിപ്പിച്ച് കവലയിലെ ബാർബർ ഷോപ്പിലേക്ക് കൊണ്ടുപോയി. ദിവസങ്ങളായി വെള്ളം കാണാത്ത ചന്തുണ്ണിയേട്ടൻ്റെ വസ്ത്രങ്ങൾ അമ്മ അലക്കി. അലക്കുമ്പോൾ എന്നോടായി പറഞ്ഞു, "ഇത്രയേ ഉള്ളൂ, മൻഷ്യൻ്റെ കാര്യം. ഓർത്ത് വെച്ചോ ..."

പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ പീഡിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. പലവട്ടം അലക്ക് കല്ലിൽ തല്ലിയിട്ടാണ് ചന്തുണ്ണിയേട്ടന്റെ വസ്ത്രങ്ങൾ വെളുത്തത്. തോർത്തുമുണ്ട് വെള്ളത്തിലിട്ട് തിളപ്പിച്ചിട്ടാണ് അമ്മ അലക്കിയത്. ആ അഴുക്കിനൊപ്പം അയാൾ സംഗീതക്കായി ഉറക്കമിളച്ച അനേകം രാത്രികളുടെ ക്ഷീണവും നെടുവീർപ്പുകളും കണ്ണീരും ഉണ്ടായിരുന്നു. ബാർബർഷോപ്പിൽ നിന്ന് മുടിവെട്ടി താടിയും വടിച്ച് മടങ്ങിവന്ന ചന്തുണ്ണിയേട്ടൻ്റെ മുഖത്ത് പ്രസരിപ്പുണ്ടായിരുന്നു.
റഹീം ഡോക്ടർ എഴുതിക്കൊടുത്ത ഉറക്ക ഗുളികയും കഴിച്ച് ചന്തുണ്ണിയേട്ടൻ അന്നുറങ്ങിയത് എന്റെ മുറിയിലാണ്. രാവിലെ പത്തു മണിക്ക് ഉറങ്ങാൻ കിടന്ന മൂപ്പർ വൈകിട്ട് ആറ് മണിക്കാണ് ഉണർന്നത്. ഉണർന്ന് താഴേക്ക് വന്ന ചന്തുണ്ണിയേട്ടൻ അമ്മയോട് ഊണ് ചോദിച്ചു. അച്ഛൻ ഇല വെട്ടി കൊണ്ടു വന്നു ദിവസങ്ങൾക്കുശേഷം ചന്തുണ്ണിയേട്ടൻ വയറു നിറയുവോളം ഉണ്ടു. എന്നിട്ട് തന്നെത്താൻ പോയി കുളിച്ചു.
"ഉണ്ടിട്ട് കുളിക്കുന്നോനെ കണ്ടാ കുളിക്കണം ന്നാണ് പ്രമാണം ചന്തുണ്ണിയേ’’, അച്ഛൻ തമാശ പറഞ്ഞു.
"അയ്ന് ഞാൻ ഉണ്ണുന്നീന് മുമ്പും കുളിച്ചല്ലോ’’, ചിരിയോടെ ചന്തുണ്ണിയേട്ടൻ മറുപടി പറഞ്ഞു.
നാലഞ്ച് ദിവസത്തെ മരുന്നു കുടിയും ശരിയായ ഉറക്കവും കൊണ്ട് ചന്തുണ്ണിയേട്ടൻ പഴയതിലും ഉഷാറായി. അങ്ങനെ ഉഷാറായപ്പോൾ പഴയ വെറ്റില മുറക്കും മൂക്കുപൊടി വലിയും മടങ്ങിവന്നു. വെറ്റില വാങ്ങാൻ കവലയിലേക്കുപോയ ചന്തുണ്ണിയേട്ടനെ കണ്ട് തുന്നൽ കടയിലെ ചെറുപ്പക്കാർ അയാളുടെ ഒപ്പം കൂടി.
"നായര് ഉഷാറായല്ലോ? ഇനി സംഗീതയെക്കാൾ നല്ല പെണ്ണ് കിട്ടും നിങ്ങക്ക്".
പഴയ അടിപിടിയൊക്കെ മറന്ന പാവം ചന്തുണ്ണിയേട്ടൻ അവരെ നോക്കി ചിരിച്ചു. അവർ വിളിച്ചപ്പോൾ ആ തുന്നൽക്കടയിലേക്ക് പോയി. അവിടത്തെ ഏറ്റവും നല്ല കസേര നീക്കിയിട്ട് ചെറുപ്പക്കാർ ചന്തുണ്ണിയേട്ടനെ അതിൽ ഇരുത്തി. കൂട്ടത്തിൽ ഒരാൾ ചന്തുണ്ണിയേട്ടന് മുറുക്കി തുപ്പാൻ പഴയൊരു തകര പാട്ടയും പിടിച്ച് മുമ്പിൽ നിന്നു. കടയിലേക്ക് കയറിവന്ന ഉമ്മർ പറഞ്ഞു, "സംഗീതയ്ക്ക് ഇങ്ങളെ ഇപ്പളും ഇഷ്ടാണ് ചന്തുണ്ണിയേട്ടാ..."

പിന്നിട്ട ദുരിതവഴികളെല്ലാം മറന്ന് ചന്തുണ്ണിയേട്ടൻ അവനെ അത്ഭുതത്തോടെ മിഴിച്ചുനോക്കി. മൂപ്പരുടെ വെട്ടി ഒതുക്കിയ തലമുടിയിൽ തലോടിക്കൊണ്ട് അവൻ തുടർന്നു, "അങ്ങനെ മറക്കാൻ പറ്റോ ഓൾക്ക് ഇങ്ങളെ? ഇങ്ങളെപ്പോലത്തെ ഒരാളെ ഭർത്താവായിട്ട് കിട്ടാൻ ഓൾക്കും മോഹണ്ട് ചന്തുണ്ണിയേട്ടാ, പക്ഷേ അതിന് ഓളെ അച്ഛനാ തടസ്സം നിക്ക്ണ്ടത്".
ഉമ്മറിന്റെ ആ എരികേറ്റൽ കേട്ട് കടയിലെ ചെറുപ്പക്കാർ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
"നേരാണോ നിയ്യീ പറയണത്’’, ചന്തുണ്ണിയേട്ടൻ ഉമ്മറിനോട് ചോദിച്ചു.
"പടച്ച റബ്ബാണെ നേരാണ്. ഓളിന്നലെ ഇന്നോട് പറഞ്ഞതല്ലേ?", കണ്ണിലെ വെളിച്ചം പൂർണമായും തിരിച്ചുകിട്ടിയ ചന്തുണ്ണിയേട്ടൻ വെറ്റിലനീര് തുപ്പിക്കൊണ്ട് ആനന്ദത്തോടെ ചോദിച്ചു, "എന്താ ആ കുട്ടി നിന്നോട് പറഞ്ഞത്?"
"ഞങ്ങള് ഒരേ ബസ്സിലാ ഇന്നലെ വന്നത്".
"എന്താ പറഞ്ഞത്?", ചന്തുണ്ണിയേട്ടൻ അക്ഷമനായി.
"ചന്തുണ്ണിനായരെ എനിക്ക് ഇഷ്ടാണ്, കല്യാണം കഴിക്കാനും സമ്മതാണ്. പക്ഷേ എനിക്കെൻ്റെ അച്ഛനെ പേടിയാണ്’’ എന്നാ പറഞ്ഞത്.
അവൻ പറഞ്ഞതുകേട്ട് ചന്തുണ്ണിയേട്ടൻ വിടർന്ന് ചിരിച്ചു. ആ ചിരി കണ്ട് ഉമ്മറും മറ്റു ചെറുപ്പക്കാരും കൂടുതൽ ഉത്സാഹികളായി. നാരായണൻ തൻ്റെ കട്ടിങ്ങ് മേശമേൽ അടിച്ചുകൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു, "ആ തന്തന്റെ സമ്മതം ആർക്ക് വേണം ? ഓൾക്ക് ചന്തുണ്ണിയേട്ടനെ ഇഷ്ടാണെങ്കി ഞങ്ങൾ വിളിച്ചിറക്കിക്കൊണ്ടുവരും സംഗീതനെ, എന്നിട്ട് നിങ്ങളെ കല്യാണും ഞങ്ങള് നടത്തിത്തരും, ചന്തുണ്ണിയേട്ടാ..."
"അല്ല പിന്നെ, പെണ്ണിന് ചെക്കനെ ഇഷ്ടാണെങ്കി ഏത് തന്ത എതിർത്താലും ഞമ്മള് ആ കല്യാണം നടത്തും", ചെറുപ്പക്കാർ കൂട്ടത്തോടെ ഉറപ്പു കൊടുത്തപ്പോൾ ചന്തുണ്ണിയേട്ടന്റെ മുഖത്ത് ലജ്ജ വിരിഞ്ഞു. കവിളുകൾ ചുവന്നു. ആ കണ്ണുകൾ പ്രകാശിച്ചു. നാരായണന്റെ ചെവിട്ടിൽ എന്തോ സ്വകാര്യം പറയുന്ന ഉമ്മറിനോട് മറ്റുള്ളവർ കാര്യം തിരക്കി. അവരോട് കണ്ണിറുക്കി കാണിച്ചിട്ട് ഉമ്മർ പറഞ്ഞു, "അദിപ്പോ ഞാനെങ്ങനെയാ പറയാ? "
"നീ പറയ് ഉമ്മറേ ചന്തുണ്ണിയേട്ടൻ അറിയട്ടെ", നാരായണൻ ഉറക്കെ ഉമ്മറിനോട് പറഞ്ഞു.
എന്താണ് താൻ അറിയേണ്ട രഹസ്യമെന്ന ഭാവത്തിൽ ചന്തുണ്ണിയേട്ടൻ അവരെയെല്ലാം മാറിമാറി നോക്കി. ഒരു കള്ളച്ചിരിയോടെ ഉമ്മർ പറഞ്ഞു, "സംഗീത പറയണത് ചന്തുണ്ണിഏട്ടൻ ഒട്ടും മോഡേണല്ല എന്നാണ്. അതുകൊണ്ടാത്രേ ഓളെ അച്ഛന് ഇങ്ങളെ ഇഷ്ടാവാത്തത്".
മോഡേൺ ആവുന്നത് എങ്ങനെയെന്ന് അറിയാത്ത ചന്തുണ്ണിയേട്ടന് അവർ കാര്യങ്ങൾ പറഞ്ഞു കൊടുത്തു: "ചന്തുണ്ണിയേട്ടൻ പാൻ്റും ടീ ഷർട്ടും ഇടണം. ഹെയർ സ്റ്റൈല് മാറ്റണം. കാലിലെ ഈ വള്ളിച്ചെരുപ്പ് മാറ്റി പകരം ഷൂ ഇടണം’’.
പാൻ്റ് ധരിക്കുന്നത് തനിക്ക് പേടിയാണെന്ന് ചന്തുണ്ണിയേട്ടൻ പറഞ്ഞുനോക്കിയെങ്കിലും ചെറുപ്പക്കാർ സമ്മതിച്ചില്ല. സംഗീതയെ കല്യാണം കഴിക്കാൻ ഏത് നരകത്തീയിലേക്ക് ചാടാനും ചന്തുണ്ണിയേട്ടൻ ഒരുക്കമാണെന്ന് അവർക്കറിയാമായിരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നാലഞ്ചുദിവസം കൊണ്ട് അവർ ചന്തുണ്ണിയേട്ടന് പാൻ്റ് തയ്പ്പിച്ചു. ടീഷർട്ടും ഷൂവും ബെൽറ്റും വാങ്ങി. പട്ടണത്തിൽ കൊണ്ടുപോയി ചന്തുണ്ണിയേട്ടൻ്റെ ഹെയർ സ്റ്റൈൽ മാറ്റിയെടുത്തു. എന്നിട്ട് അതെല്ലാം കടയിൽ വെച്ചുതന്നെ മൂപ്പരെ അണിയിപ്പിച്ചു. കുറച്ചുകൂടി വെളുത്തോട്ടെ എന്നും പറഞ്ഞ് നാരായണൻ ചന്തുണ്ണിയേട്ടന് പൗഡറും ഇട്ടു കൊടുത്തു. ഒപ്പം ഒരു വിലകുറഞ്ഞ കൂളിംഗ് ഗ്ലാസും വെച്ചു കൊടുത്തു.
ഒരു കോമാളിയെപ്പോലെ അതെല്ലാം ധരിച്ച് ചന്തുണ്ണിയേട്ടൻ ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നത് ഉച്ചയ്ക്കാണ്. ആ കോലം കണ്ട് അമ്മ അമ്പരന്നു.
"എന്താ ചന്തുണിയേ ഇദൊക്കെ?"
"സംഗീതക്കുട്ടി പറഞ്ഞിട്ടാ ഏച്ചിയേ. ഞാൻ ഇങ്ങനെ നടക്ക്ണതാ അയിന് ഇഷ്ടത്രേ".
"എന്ന് ആര് പറഞ്ഞു, ആ കുട്ടി നിന്നോട് പറഞ്ഞോ?"
ചന്തുണ്ണിയേട്ടൻ ശങ്കയൊന്നും കൂടാതെ അമ്മയോട് പറഞ്ഞു, "എൻ്റെ മൊകത്ത് നോക്കി ആ കുട്ടിക്ക് ഇതൊക്കെ പറയാൻ നാണം ണ്ടാവില്ലേ ഏച്ചിയേ? അതുകൊണ്ട് ആ ഉമ്മറിനോട് പറഞ്ഞയച്ചതാ ..."
ഉമ്മറിനെയും നാരായണനെയും നാട്ടിലെ സകല ചെറുപ്പക്കാരെയും പ്രാകിക്കൊണ്ട് അമ്മ ചന്തുണ്ണിയേട്ടന് ചോറ് വിളമ്പി. അന്ന് ചന്തുണ്ണിയേട്ടൻ തറയിലിരിക്കാൻ കൂട്ടാക്കിയില്ല. ഡൈനിങ് ഹാളിലെ മേശയിൽ വിളമ്പിത്തരണമെന്ന് അമ്മയോടാവശ്യപ്പെട്ടു. അമ്മ തന്റെ മകന് വിളമ്പുന്നത്ര സ്നേഹത്തോടെ ചന്തുണ്ണിയേട്ടന് ചോറ് വിളമ്പി. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചന്തുണ്ണിയേട്ടനെ ചൊല്ലി തന്റെ കണ്ണുകൾ ഇനിയും നിറയാനുണ്ടെന്ന് അപ്പോൾ അമ്മയ്ക്ക് അറിയില്ലായിരുന്നു.

അഞ്ച്
ചന്തുണ്ണിയേട്ടൻ രാത്രിയിലും പാൻ്റും ടീ ഷർട്ടും ധരിക്കാൻ തുടങ്ങി. തലയിൽ തൊപ്പി കൂടി വേണമെന്ന് സംഗീത പറഞ്ഞതായി ചെറുപ്പക്കാർ അറിയിച്ചപ്പോൾ, ചന്തുണ്ണിയേട്ടൻ ഒറ്റയ്ക്ക് പട്ടണത്തോളംചെന്ന് നാലഞ്ച് തൊപ്പികൾ വാങ്ങി. ചുവന്ന പാന്റും കടും മഞ്ഞ ടീഷർട്ടും വെള്ള ഷൂവും തലയിൽ ഇളം നീല തൊപ്പിയുമായി നാട്ടുകാരുടെ ചുണ്ടിൽ ചിരി വിരിയിപ്പിച്ചുകൊണ്ട് ചന്തുണ്ണിയേട്ടൻ നടന്നു. എത്ര ദൂരെ നിന്നുവന്നാലും ചന്തുണ്ണിയേട്ടനെ എനിക്ക് കാണാമായിരുന്നു. അത്രയ്ക്ക് കണ്ണിൽ കുത്തുന്നതായിരുന്നു ആ നിറങ്ങളൊക്കെ.
അച്ഛനും അമ്മയും തങ്ങളെക്കൊണ്ട് കഴിയുംവിധം ചന്തുണ്ണിയേട്ടന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തെങ്കിലും, സംഗീത എന്ന സുന്ദരവെളിച്ചം തലയിൽ കത്തിനിൽക്കുന്ന ചന്തുണ്ണിയേട്ടൻ അതൊന്നും കേട്ടില്ല. താൻ സംഗീതയെ കല്യാണം കഴിക്കുന്നത് നിങ്ങൾക്ക് അസൂയയാണെന്ന് പറഞ്ഞ് മൂപ്പർ ഞങ്ങളുടെ വീട്ടിലേക്ക് വരാതെയായി. കവലയിൽവെച്ച് ചന്തുണ്ണിയേട്ടനെ കയ്യോടെ പിടികൂടി അച്ഛൻ വീട്ടിലേക്ക് കൊണ്ടുവരാൻ നോക്കിയെങ്കിലും അത് സാധിച്ചില്ല. ചന്തുണ്ണിയേട്ടന് നാരായണന്റെ തുന്നൽ കടയിലെ തൊഴിലില്ലാപടയെ അത്രയ്ക്ക് വിശ്വാസമായിരുന്നു. അച്ഛൻ്റെ കൈ തട്ടി മാറ്റിക്കൊണ്ട് ചന്തുണ്ണിയേട്ടൻ പറഞ്ഞു, "എന്തിനാ ഞാനങ്ങട്ട് വരണത്, എൻ്റെയും സംഗീത കുട്ടീൻ്റീം കല്യാണം മൊടക്കാൻ നടക്കുന്ന കൂട്ടരല്ലേ നിങ്ങള്?"
അതും അയാൾക്ക് തുന്നൽക്കടയിൽനിന്ന് കിട്ടിയ ഉപദേശമായിരുന്നു.
ചന്തുണ്ണിയേട്ടൻ്റെ പറച്ചിൽകേട്ട് കരയണോ ചിരിക്കണോ എന്നറിയാതെ അച്ഛൻ കവലയിൽ പകച്ചുനിന്നു. വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മ സങ്കടപ്പെട്ടു, "അയ്നെ എല്ലാരും കൂടി നട്ടപ്രാന്തനാക്കൂലോ ഈശ്വരാ..."
"സാരല്യടീ ഞാൻ വിളിച്ചിട്ടും ഓൻ വരാഞ്ഞിട്ടല്ലേ?", അച്ഛൻ അമ്മയെ സമാധാനിപ്പിച്ചു.
"നീയിനി എവ്ടെ വെച്ചെങ്കിലും ഓനെ കണ്ടാ സ്നേഹത്തോടെ വിളിച്ച് നോക്ക്, ഓൻ വരാതിരിക്കൂല’’.
പക്ഷേ ഞാനും അമ്മയും വിളിച്ചിട്ടൊന്നും ചന്തുണ്ണിയേട്ടൻ ഞങ്ങളുടെ വീട്ടിലേക്ക് വന്നില്ല. വീട്ടിലെ ഒരംഗം നഷ്ടമായ പോലെയാണ് അമ്മയ്ക്ക് തോന്നിയത്.
"അദൊരു അന്തല്ലാത്തോനാ അയ്നെ എല്ലാരും കൂടി പ്രാന്തനാക്കും’’, അമ്മ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ചന്തുണ്ണിയേട്ടൻ വരില്ലെന്നറിഞ്ഞിട്ടും അമ്മ അയാൾക്കു വേണ്ടി എന്നും തൊടിയിൽ നിന്ന് വാഴയില മുറിച്ച് കഴുകിവെച്ചു. എപ്പോഴെങ്കിലും ചന്തുണ്ണിയേട്ടൻ ഞങ്ങളുടെ വീട്ടിലേക്ക് ഉണ്ണാൻ വരുമെന്നുതന്നെ അമ്മ വിശ്വസിച്ചു. അമ്മയുടെ വിശ്വാസത്തിനും അച്ഛൻ്റെ സങ്കടങ്ങൾക്കും അപ്പുറം ചന്തുണ്ണിയേട്ടൻ തന്റേതല്ലാത്ത പാതകളിലൂടെ നടന്നു. അത് മറ്റുള്ളവർ കാണിച്ചു കൊടുത്ത പാതയായിരുന്നു. ആ പാതയുടെ അങ്ങേയറ്റത്ത് സംഗീതയെന്ന വിളക്ക് കത്തിജ്വലിച്ചുനിന്നു.
ഇതിനിടയിൽ കാര്യങ്ങൾ കൈവിട്ടുപോവുന്നത് കണ്ട ബാലചന്ദ്രൻ ഡോക്ടർ സംഗീതയെ കോളേജിലേക്ക് കാറിൽ പറഞ്ഞയക്കാൻ തുടങ്ങി. അവളുടെ വീട്ടിലേക്കുതന്നെ നോക്കിക്കൊണ്ട് ചന്തുണ്ണിയേട്ടൻ സ്കൂളിൻ്റെ ഗെയിറ്റിൽ എന്നും ഒരുങ്ങിച്ചമഞ്ഞ് നിന്നു. അവളുടെ അച്ഛനാണ് തന്നിൽനിന്ന് അവളെ അകറ്റിനിർത്തുന്നതെന്ന ചെറുപ്പക്കാരുടെ ഉപദേശം കേട്ട രാത്രിയിൽ, വരാന്തയിലേക്കിറങ്ങിയ ഡോക്ടറെ ചന്തുണ്ണിയേട്ടൻ കല്ലെടുത്ത് എറിഞ്ഞു. കല്ല് മുറ്റത്ത് കിടന്ന കാറിലാണ് കൊണ്ടതെന്ന് കണ്ടപ്പോൾ വീണ്ടും എറിഞ്ഞു. ഇത്തവണ ആ ഏറ് ബാലചന്ദ്രൻ ഡോക്ടറുടെ നെറ്റിയിൽ തന്നെ കൊണ്ടു. നെറ്റി പൊട്ടി ചോര ഒലിക്കുന്ന ഡോക്ടറെ നോക്കി ചന്തുണ്ണിയേട്ടൻ റോഡിൻ്റെ അപ്പുറത്തു നിന്നു കൊണ്ട് അലറി, "നിന്നെ ഞാൻ കൊല്ലും, എങ്ങനെയെങ്കിലും കൊല്ലും".
ആ പറച്ചിൽ കേട്ടപ്പോൾ ഡോക്ടർ ഭയന്നു അതൊരു വെറും പറച്ചിലായിരുന്നില്ല. മനസ്സിന്റെ താളം തെറ്റിയ ഒരാളുടെ പറച്ചിലായിരുന്നു. ഡോക്ടർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിറ്റേന്ന് പട്ടണത്തിൽ നിന്ന് പോലീസ് വന്നു. അവർ രണ്ടു പേരുണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ സ്കൂൾ അടഞ്ഞു കിടന്നു. അതിൻ്റെ വരാന്തയിലൂടെ കടും ചുവപ്പ് പാൻ്റും മഞ്ഞ ടീഷർട്ടും വെള്ള ഷൂവും അണിഞ്ഞ് തലയിലൊരു പച്ച തൊപ്പിയും വെച്ച് ചന്തുണ്ണിയേട്ടൻ നടക്കുന്നുണ്ടായിരുന്നു. പോലീസുകാരെ കണ്ട് ചന്തുണ്ണിയേട്ടൻ ഭയന്നെങ്കിലും ഗെയിറ്റ് തുറന്നുകൊടുത്തില്ല. അവർ മതിൽ ചാടി അകത്തുകടന്ന് ചന്തുണ്ണിയേട്ടനെ പിടികൂടി. ആ വേഷം കണ്ടപ്പോൾ തന്നെ പോലീസുകാർക്ക് ആളുടെ സ്വഭാവം മനസ്സിലായതാണ്. എന്നാലും അവർ ജീപ്പിൽ കയറ്റി ചന്തുണ്ണിയേട്ടനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സംഗീതയ്ക്കുവേണ്ടി ജയിലിൽ കിടക്കാനും തൂക്കുമരത്തിൽ കയറാനും ഒരുക്കമായിരുന്ന ചന്തുണ്ണിയേട്ടൻ എസ്.ഐ.യുടെ യൂണിഫോമും കട്ടി മീശയും ചുവന്ന കണ്ണുകളും കണ്ട് ഭയന്നില്ല. എസ് .ഐ ഇരിക്കാൻ പറഞ്ഞപ്പോൾ യാതൊരു മടിയുമില്ലാതെ കസേരയിലിരുന്ന് ചന്തുണ്ണിയേട്ടൻ പാന്റിന്റെ പോക്കറ്റിൽനിന്ന് കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു. അത് പത്തു രൂപയ്ക്ക് കിട്ടുന്ന കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന കണ്ണടയായിരുന്നു.
ചന്തുണ്ണിയേട്ടന്റെ ഇരിപ്പ് കണ്ട് ചിരി വന്നെങ്കിലും ചിരിക്കാതെ ഗൗരവത്തിൽ എസ്.ഐ. ചോദിച്ചു, "എന്താടോ തൻ്റെ പേര്?"
"തെക്കേടത്ത് ചന്തുണ്ണിനായർ".
പേര് പറയുമ്പോൾ ചന്തുണ്ണിയേട്ടൻ തന്റെ കൂളിംഗ് ഗ്ലാസിൽ അഭിമാനത്തോടെ തൊടുന്നുണ്ടായിരുന്നു. അതുകണ്ട് പോലീസുകാർക്കും ചിരി വന്നു. അവരിൽ ഒരാൾ ചിരിക്കുകയും ചെയ്തു.
"എന്തിനാ നീ ഡോക്ടറെ എറിഞ്ഞത്?", എസ്. ഐചോദിച്ചു.
‘‘ഇനിയും എറിയും...", ചന്തുണ്ണിയേട്ടൻ ഉള്ളിൽ തെളിഞ്ഞ സംഗീതയുടെ വെളിച്ചത്തിൽ നിന്നു കൊണ്ട് പറഞ്ഞു.
"അയാളാ ഇൻ്റെ സംഗീതക്കുട്ടീനെ ഇനിക്ക് തരാത്തത്’’.
കാര്യങ്ങളുടെ നിജസ്ഥിതി അറിയാവുന്ന എസ് ഐ ചന്തുണ്ണിയേട്ടനെ സഹതാപത്തോടെ നോക്കി. പക്ഷേ ഒരാളെ എറിഞ്ഞ് ചോര വരുത്തിയ കുറ്റത്തിന് രാത്രി മുഴുവൻ അയാൾ ചന്തുണ്ണിയേട്ടനെ ലോക്കപ്പിലിട്ടു. ചന്തുണ്ണിയേട്ടൻ അതിനുള്ളിൽ ഇരുന്ന് മൂക്കുപൊടി വലിച്ച്, തന്റെയും സംഗീതയുടെയും മധുവിധുനാളുകളെ സ്വപ്നം കണ്ടു. അതും തുന്നൽക്കടയിലെ ചെറുപ്പക്കാർ പറഞ്ഞുകൊടുത്ത കാര്യമായിരുന്നു. അത് മാത്രമല്ല, സംഗീതയെ കല്യാണം കഴിച്ചിട്ട് ആദ്യ രാത്രിയിൽ എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ പെരുമാറണം എന്നതും അവർ ചന്തുണ്ണിയേട്ടന് പറഞ്ഞുകൊടുത്തിരുന്നു.
രാത്രിയിൽ പോലീസുകാർ ചന്തുണ്ണിയേട്ടന് ചോറ് വാങ്ങി കൊടുത്തു. ആ രാത്രിയോടെ സ്കൂളിലെ കാവൽപ്പണി ചന്തുണ്ണിയേട്ടന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. എസ് ഐ വിളിപ്പിച്ചതനുസരിച്ച് പിറ്റേന്ന് രാവിലെ ബാലചന്ദ്രൻ ഡോക്ടറും അച്ഛനും സ്റ്റേഷനിലേക്ക് ചെന്നു.
"ഇനി ഇത്തരം തോന്ന്യാസൊന്നും കാട്ടരുത്. കാട്ടിയാ ഞാൻ പിടിച്ച് നിന്നെ ഈ ലോക്കപ്പിലിടും മനസ്സിലായോ?" എന്ന് ഭീഷണിപ്പെടുത്തി എസ്.ഐ ചന്തുണ്ണിയേട്ടനെ അച്ഛന് വിട്ടുകൊടുത്തു. ബാലചന്ദ്രൻ ഡോക്ടറുടെ കാറിലാണ് അവർ മടങ്ങിയത്.
"ബുദ്ധിയില്ലാത്ത ഇവനെന്തെങ്കിലും ചെയ്താ ബുദ്ധിള്ള നമ്മളല്ലേ ക്ഷമിക്കേണ്ടത് ഡോക്ടറേ?", അച്ഛൻ ഡോക്ടറോട് പറഞ്ഞു. അതുകേട്ട് കുറച്ചു നേരം മൗനം പാലിച്ച്, കാറിൻ്റെ പിറകിലിരിക്കുന്ന ചന്തുണ്ണിയേട്ടനെ തിരിഞ്ഞു നോക്കിയിട്ട് ഡോക്ടർ പറഞ്ഞു, "പെൺകുട്ടിയില്ലാത്ത നിങ്ങക്കത് പറയാ, എൻ്റെ ക്ലിനിക്കിൽ വരെ എത്തീട്ട് ണ്ട് ഈ പൊട്ടന്റെ കഥയും കാര്യവും..."
സംഗീതയുടെ അച്ഛൻ തന്നെ പൊട്ടൻ എന്ന് വിളിച്ചതിൽ ചന്തുണ്ണിയേട്ടന് അപ്പോഴും വിഷമം തോന്നിയില്ല. തന്നെ അയാളുടെ കാറിൽ കയറ്റിയത് ഒരു അംഗീകാരമായിട്ടാണ് ചന്തുണ്ണിയേട്ടൻ കരുതിയത്. താൻ ഇപ്പോൾ ഇരിക്കുന്ന സീറ്റിൽ ഇരുന്നാണ് സംഗീത കോളേജിലേക്ക് പോവുന്നതെന്ന് ഓർത്തപ്പോൾ ആ സീറ്റിൽ മുത്തം വെയ്ക്കാൻ ചന്തുണ്ണിയേട്ടന് തോന്നി. തോന്നിയപ്പോൾ മുത്തം വെക്കുകയും ചെയ്തു. അതുകണ്ട് എന്തുപറയണമെന്നറിയാതെ രണ്ടു മനുഷ്യർ ആ കാറിൽ ഒന്നും മിണ്ടാതെ ഇരുന്നു.

പിറ്റേന്ന് സ്കൂളിന് പുതിയ കാവൽക്കാരൻ വന്നു. അതും ചന്തുണ്ണിയേട്ടന് പ്രശ്നമായില്ല. ആരൊക്കെ എവിടെയൊക്കെ വന്നാലും പോയാലും സംഗീതയെന്ന വെളിച്ചം ഒഴികെ മറ്റൊന്നും ബാധിക്കാത്ത ഒരു ലോകത്തിലാണ് അയാൾ ജീവിച്ചത്. അവിടെ അയാളും സംഗീതയും അവരുടെ കളിചിരികളും തമാശകളും വർണ്ണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങൾക്ക് ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ പേര് വരെ ചന്തുണ്ണിയേട്ടൻ കണ്ടുവെച്ചിരുന്നു.
സ്കൂളിലെ പണി പോയി കുറച്ചു നാൾ കൂടി ചന്തുണ്ണിയേട്ടൻ കവലയിൽ പലയിടത്തായി അന്തിയുറങ്ങി. പിന്നെ ഒരു കറുത്ത ബാഗിൽ തൻ്റെ തുണിത്തരങ്ങളൊക്കെ കുത്തിനിറച്ച് ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങിവന്നു. ഇതിനിടയിൽ സംഗീതയ്ക്ക് താൻ വെറ്റില മുറുക്കുന്നത് ഇഷ്ടമല്ലെന്ന് തുന്നൽ കടയിലെ ചെറുപ്പക്കാർ പറഞ്ഞതനുസരിച്ച് മൂപ്പർ വെറ്റില മുറുക്ക് നിർത്തിയിട്ട്, അവൾക്ക് ഇഷ്ടമാണെന്ന് ചെറുപ്പക്കാർ പറഞ്ഞ സിഗരറ്റ് വലി തുടങ്ങിയിരുന്നു. മൂക്കുപൊടി വലിക്കുന്നതും ചന്തുണ്ണിയേട്ടൻ നിർത്തിയിരുന്നു. അതും സംഗീതയ്ക്ക് വേണ്ടിയാണ്.
എല്ലാം സംഗീതയ്ക്കു വേണ്ടിയായിരുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതും കുളിക്കുന്നതും വസ്ത്രം ധരിക്കുന്നതും അവളുടെ വീടിനു മുന്നിലൂടെ കൂളിംഗ് ഗ്ലാസ് ധരിച്ച് മുടി കോതിക്കൊണ്ട് നടക്കുന്നതും, അയാളുടെ മുഴുവൻ ലോകവും സംഗീതയ്ക്ക് വേണ്ടിയായിരുന്നു.
ചന്തുണ്ണിയേട്ടൻ്റെ ആകാശത്ത് സൂര്യൻ ഉദിച്ചതും അസ്തമിച്ചതും നിലാവ് പരന്നതും സംഗീതയ്ക്കു വേണ്ടിയായിരുന്നു. മഴയും മഞ്ഞും വെയിലും അവൾക്കു വേണ്ടിയായിരുന്നു. ഓരോ ശ്വാസത്തിലും അയാൾ അവളെ മാത്രം ഓർത്തു. അവളുടെ മടിയിൽ തല വെച്ചുറങ്ങുന്നത് സ്വപ്നം കണ്ട് അയാൾ ഉറക്കത്തിൽ ചിരിച്ചു. നട്ടുച്ചക്ക് പെരുവഴിയിൽ നിന്നുകൊണ്ടും ചിരിച്ചു. ഒരു ജന്മം പച്ചമരം കത്തും പോലെ ഞങ്ങളുടെ കൺമുമ്പിൽ നിന്ന് കത്തുകയായിരുന്നു.
സംഗീത ഡിഗ്രി നല്ല നിലയിൽ പാസായപ്പോൾ ഇനി വിവാഹം കഴിഞ്ഞിട്ട് പഠിക്കാമെന്ന് പറഞ്ഞ്, ബാലചന്ദ്രൻ ഡോക്ടർ മകൾക്ക് കല്യാണാലോചനകൾ തുടങ്ങി. ഫോണിലൂടെ അച്ഛൻ കാണിച്ചുകൊടുത്ത യുവാക്കളെയൊന്നും അവൾക്ക് ഇഷ്ടമായില്ല. ഒടുക്കം പട്ടണത്തിനപ്പുറം നഗരത്തിൽ പ്രാക്ടീസ് ചെയ്യുന്ന കാർഡിയോളജിസ്റ്റ് വിഷ്ണുവിനെ സംഗീതയ്ക്ക് ബോധിച്ചു. വിഷ്ണുവിന് സംഗീതയെയും ബോധിച്ചു. അവർ തമ്മിൽ ഫോണിലൂടെയും അല്ലാതെയും സംസാരിച്ച് വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തി.
എല്ലാ തീരുമാനങ്ങൾക്കും അപ്പുറത്ത് ചന്തുണ്ണിയേട്ടൻ ഭ്രാന്തെടുത്ത് നടന്നു. സംഗീതയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ തുന്നൽക്കടയിലെ ചെറുപ്പക്കാർ ചന്തുണ്ണിയേട്ടനെ ഒറ്റയടിക്ക് കൈ വെടിഞ്ഞു. ഇനിയും തമാശ കളിച്ചാൽ അത് വലിയൊരു അപകടത്തിലാവും ചെന്നെത്തുക എന്ന് അവർക്കറിയാമായിരുന്നു. ആരും കൂട്ടില്ലാതെ തീ പിടിച്ച പോലെ ചന്തുണ്ണിയേട്ടൻ രാപ്പകലില്ലാതെ സംഗീതയുടെ വീടിനുമുന്നിലൂടെ നടന്നു. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു. നിർത്താതെ സിഗരറ്റ് വലിച്ചു. പുക വലിച്ചു വലിച്ച് നെഞ്ച് നീറിയപ്പോൾ കുരച്ചു. ചന്തുണ്ണിയേട്ടൻ വീണ്ടും കുളിക്കാൻ മറന്നു. ഭക്ഷണം കഴിക്കാൻ മറന്നു. ഒരിടത്തും ഇരുപ്പുറക്കാതെ തന്റെ മോഡേൺ വസ്ത്രങ്ങളും ഇട്ട് പകൽനേരത്ത് സംഗീതയുടെ വീടിനുമുമ്പിൽ ചെന്നു നിന്നു. പിന്നെ അവിടെ ഇരുന്നു. അതു കണ്ട് നാട്ടുകാർ ഉറക്കെ ചിരിച്ചു. അച്ഛനും ബാലചന്ദ്രൻ ഡോക്ടറുമടക്കം ചുരുക്കം ചില മനുഷ്യർ മാത്രം ആ ഇരിപ്പിൽ വേദനിച്ചു. നട്ടുച്ചയ്ക്ക് കളർഫുൾ വസ്ത്രങ്ങളുമിട്ട് തന്റെ വീടിനു മുമ്പിലെ ടാർ റോഡിൽ പടിഞ്ഞിരിക്കുന്ന ചന്തുണ്ണിയെന്ന മനുഷ്യനെ സംഗീത സഹതാപത്തോടെ നോക്കി.

ഭ്രാന്തിന്റെ അതിർവരമ്പിൽ ഇടറിനിന്ന ചന്തുണ്ണിയേട്ടൻ കരഞ്ഞില്ല. ആരെയും തെറി വിളിച്ചില്ല. കല്ലെടുത്ത് എറിഞ്ഞില്ല. അയാളുടെ ഉള്ളിൽ സംഗീതയെന്ന ഭാര്യ തനിക്കായി വിളമ്പിയ ഭക്ഷണം ആവി പാറിച്ച് കൊണ്ട് രുചിയോടെ നിന്നു. തമാശ കളിപ്പിച്ച ചെറുപ്പക്കാർ പോലും ചന്തുണ്ണിയേട്ടൻ്റെ കോലം കണ്ട് സങ്കടപ്പെട്ടു. ചിലർക്കൊക്കെ തങ്ങൾ അതുവരെ ചെയ്തു കൂട്ടിയത് എന്താണെന്ന തിരിച്ചറിവുണ്ടായി. പക്ഷേ ആ അറിവ് കൊണ്ടൊന്നും യാതൊരു കാര്യവുമുണ്ടായില്ല.
(അവസാനിക്കുന്നില്ല)
