എവിടെയോ
ഒരു ചന്തുണ്ണിയേട്ടൻ...

(കഥ കഴിഞ്ഞ പാക്കറ്റിൽനിന്ന് തുടർച്ച)

ആറ്

ങ്ങളുടെ ദേശം കണ്ട ഏറ്റവും വലിയ കല്യാണമായിരുന്നു സംഗീതയുടേത്. കവലയിൽ നിന്ന് അവളുടെ വീട് വരെ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. കല്യാണത്തലേന്നും വീട്ടിൽ പാർട്ടി ഉള്ളതിനാൽ അക്കണ്ട ദൂരമത്രയും വെളിച്ചങ്ങൾ കത്തി നിന്നു. താൽക്കാലികമായി കുഴിച്ചിട്ട മുളകളിൽ ട്യൂബ് ലൈറ്റുകൾ എരിഞ്ഞു. അതിൻ്റെ വെളിച്ചത്തിലേക്ക് പാറിവന്ന് ചെറു ജീവികൾ ചത്തടിഞ്ഞു. ദേശമാകെ ക്ഷണിക്കപ്പെട്ട കല്യാണമായിരുന്നു അത്. അറുപത്തിനാല് വിഭവങ്ങളുള്ള പിറ്റേന്നത്തെ സദ്യ ഡോക്ടറുടെ വീടിൻ്റെ പിറകുവശത്ത് കെട്ടിയുണ്ടാക്കിയ കോമ്പുരയിൽ ഒരുങ്ങി.

രാത്രി കല്യാണത്തിന് ഇരുപത്തിനാല് വിഭവങ്ങൾ ഉണ്ടായിരുന്നു. ബാലചന്ദ്രൻ ഡോക്ടറുടെ സകല പ്രതാപങ്ങളും വിളിച്ചോതുന്നതായിരുന്നു കല്യാണപ്പന്തൽ. കവല മുതൽ സ്കൂൾ വരെ രാത്രിയിൽ പല നിറത്തിലുള്ള സീറോ ബൾബുകൾ കത്തി നിന്നു. പാതയിലാകെ പലതരം വർണ്ണ വെളിച്ചങ്ങൾ വീണു കിടന്നു. ജാതിമതഭേദമന്യേ ദേശം ഒന്നാകെ കല്യാണത്തലേന്ന് ആ വീട്ടിലേക്ക് ഒഴുകി. ഒരു ഉത്സവത്തിന്റെ ആൾക്കൂട്ടവും ആരവുമായിരുന്നു അവിടെ.

എവിടെയോ ഒരു ചന്തുണ്ണിയേട്ടൻ...
മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം.

കല്യാണത്തിന്റെ അന്നോ തലേന്നോ ചന്തുണ്ണിയേട്ടൻ വല്ല പ്രശ്നവും ഉണ്ടാക്കിയാലോ എന്നു കരുതി ബാലചന്ദ്രൻ ഡോക്ടർ അച്ഛനോട് ഉപദേശം ചോദിച്ചു; ‘‘എസ്.ഐയോട് പറഞ്ഞ് ചന്തുണ്ണിയെ രണ്ട് ദിവസം സ്റ്റേഷനിൽ കൊണ്ടിട്ടാലോ?"
അത് കേട്ടപ്പോൾ അച്ഛന് ദേഷ്യം വന്നു; "കൊണ്ടിടാൻ അത് പട്ടിയോ പൂച്ചയോ അല്ല ഡോക്ടറേ മൻഷ്യനാണ്. നമ്മളെപ്പോലത്തെ മൻഷ്യൻ’’.
എന്നിട്ടും ഡോക്ടറുടെ പേടി മാറിയില്ല. മടിച്ചു മടിച്ച് അയാൾ അച്ഛനോട് ചോദിച്ചു,
"ചന്തുണ്ണി അവിടെ വന്ന് എന്തെങ്കിലുമൊക്കെ പുകില് ഉണ്ടാക്കിയാലോ?"

"ഒന്നും ണ്ടാവില്ല ഡോക്ടറ് ധൈര്യായിട്ട് കല്യാണം നടത്തിക്കോ. ഓൻ എൻ്റെ കുട്ടിയാണ് ഓനെ അടക്കി നിർത്താൻ എനക്കറിയാ".

ആരും അടക്കിനിർത്തേണ്ട കാര്യമുണ്ടായിരുന്നില്ല, അല്ലാതെ തന്നെ ചന്തുണ്ണിയേട്ടൻ അടങ്ങിയിരുന്നു. ആളിക്കത്തിയ തീ അടങ്ങും പോലെ ആ മനുഷ്യൻ്റെ ഉള്ളിൽ എല്ലാം കത്തി അമർന്നിരുന്നു. ഒന്നിനും കൊള്ളാത്ത ചാരം മാത്രമാണ് അവിടെ ബാക്കിയായത്. കല്യാണവീട്ടിലേക്കോ കവലയിലേക്കോ എങ്ങോട്ടും ചന്തുണ്ണിയേട്ടൻ പോയില്ല. അവിടെ നടക്കുന്ന ഒരുക്കങ്ങളെല്ലാം അയാൾ അറിയുന്നുണ്ടായിരുന്നു.

പക്ഷേ അങ്ങോട്ടോ അതിന്റെ പരിസരത്തേക്കോ ചന്തുണ്ണിയേട്ടൻ പോയില്ല. വീട് വിട്ടിറങ്ങാതെ, ഭക്ഷണം കഴിക്കാതെ, വെള്ളം പോലും കുടിക്കാതെ ഏട്ടൻ എൻ്റെ മുറിയിൽ ഇരുന്നു. അമ്മ വയ്യാത്ത കാലും വലിച്ചു വെച്ച് മരഗോവണി കയറി ഭക്ഷണവുമായി മൂന്ന് നേരവും വന്നു. മരണവീട്ടിലെ മൂകത പോലെ എന്തോ ഒന്ന് ചന്തുണ്ണിയേട്ടൻ്റെ ചുറ്റും ഉണ്ടായിരുന്നു. അവിടെ അദൃശ്യമായ ചന്ദനത്തിരികൾ എരിഞ്ഞു.

ജാലകത്തിലൂടെ പുറത്തെ തൊടിയിലേക്ക് നോക്കിയിരിക്കുന്ന ചന്തുണ്ണിയേട്ടൻ ആകെ കോലം കെട്ട് മെലിഞ്ഞുപോയിരുന്നു. ആ കണ്ണുകൾക്ക് താഴെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് കറുപ്പ് പടർന്നത്. തലമുടിയിൽ അവിടവിടെയായി നരയും തെളിയാൻ തുടങ്ങി. ഇടയ്ക്കിടെ ചന്തുണ്ണിയേട്ടന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ തൻ്റെ നഷ്ടങ്ങളെ ഓർക്കുകയായിരിക്കണം. നിറഞ്ഞ കണ്ണുകൾ തുടയ്ക്കാതെ അതേ ഇരിപ്പ് ഇരിക്കുന്ന ഏട്ടനെ അച്ഛൻ കുലുക്കി വിളിച്ചു,
"എന്ത് ഇരിപ്പാടാ ഇദ് ചന്തുണ്ണിയേ, എൻ്റെ നെഞ്ച് പൊട്ട്ണെടാ..."
അതും പറഞ്ഞ് അച്ഛൻ ചന്തുണ്ണിയേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ആദ്യം അത് മെല്ലെയായിരുന്നു. പിന്നെ അച്ഛൻ ഉറക്കെ ഉറക്കെ കരഞ്ഞു. ആ കരച്ചിൽ കേട്ട് അമ്മ വന്നു. ഏതോ ദേശത്തുനിന്ന് ദൂരങ്ങൾ താണ്ടി അലഞ്ഞെത്തിയ ഒരു അന്യനായിരുന്നില്ല അമ്മയ്ക്ക് ചന്തുണ്ണിയേട്ടൻ. താൻ ആദ്യം ഈ ഭൂമിയിലേക്ക് പെറ്റിട്ട മകൻ തന്നെയായിരുന്നു. ആ മകൻ്റെ ദുഃഖം അമ്മയുടെയും ദുഃഖമായിരുന്നു. മുതിർന്ന പുരുഷനാണെന്ന ബോധം പോലുമില്ലാതെ ഉറക്കെ കരയുന്ന അച്ഛനെ അമ്മ പിടിച്ചു മാറ്റി എന്നിട്ട് കട്ടിലിൽ ഇരുത്തി. അച്ഛൻ്റെ കവിളിലൂടെ കണ്ണീര് ഒലിച്ചു.

ചുറ്റും നടക്കുന്നതൊന്നും അറിയാതെ തന്നെയോർത്ത് കരയുന്നവരെ കാണാതെ ചന്തുണ്ണിയേട്ടൻ കസേരയിൽ അതേ ഇരിപ്പ് ഇരുന്നു. വിദൂരതയിൽനിന്ന് കല്യാണവീട്ടിലെ ബഹളങ്ങൾ കേൾക്കാമായിരുന്നു. സമയം സന്ധ്യ കഴിഞ്ഞിരുന്നു. കല്യാണവീട്ടിൽ ഇരുപത്തിനാല് വിഭവങ്ങളുള്ള സദ്യയുടെ ഒന്നാം പന്തിക്ക് ആളുകൾ നിരന്നു കഴിഞ്ഞിരുന്നു. അക്കൂട്ടത്തിൽ ചന്തുണ്ണിയേട്ടനെ ഏരി കയറ്റി പലതും ചെയ്യിച്ച തുന്നൽക്കടയിലെ ചെറുപ്പക്കാരും ഉണ്ടായിരുന്നു. അവരെല്ലാം ആഘോഷത്തോടെ സദ്യ ഉണ്ണുമ്പോൾ മരണത്തിനും ഭ്രാന്തിനും ഇടയിലെ വഴുക്കുന്ന നടവരമ്പിൽ ചന്തുണ്ണിയേട്ടൻ അന്തിച്ചിരുന്നു. അയാൾ അപ്പോൾ സ്വന്തം അമ്മയെ ഓർത്തില്ല. സങ്കടങ്ങൾ വരുമ്പോൾ തനിക്ക് അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുന്ന കുട്ടി അയാളുടെ ഉള്ളിൽ മരണപ്പെട്ട് കഴിഞ്ഞിരുന്നു.

നര കയറിയ താടി മീശയിൽ ഈച്ചകൾ വന്നിരിക്കുന്നത് ചന്തുണ്ണിയേട്ടൻ അറിഞ്ഞില്ല. അയാളുടെ ഉള്ളിൽ ഒരു പട്ടട ഒരുങ്ങുകയായിരുന്നു. അതിൽ വെന്ത് വെണ്ണീറാവുന്നത് താനാണോ അതോ താൻ ജീവനോളം സ്നേഹിച്ച പെണ്ണാണോ എന്ന് അയാൾക്ക് വേർതിരിക്കാൻ കഴിഞ്ഞില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ അച്ഛൻ്റെ കരച്ചിൽ തേങ്ങലായി മാറി ഒടുങ്ങി അമർന്നു. അച്ഛൻ ചന്തുണ്ണിയേട്ടനെ വീണ്ടും വിളിച്ചു, ‘ടാ, ചന്തുണ്ണിയേ, മോനേ..."

ചന്തുണ്ണിയേട്ടൻ വിളി കേട്ടില്ല.
അച്ഛനെ അങ്ങനെ വിട്ടാൽ അത് മറ്റൊരു അപകടമായി മാറുമെന്ന് തോന്നിയ അമ്മ അച്ഛനോട് എഴുന്നേൽക്കാൻ പറഞ്ഞു. അച്ഛൻ അനുസരിച്ചു. അന്ന് പൂമുഖത്ത് വിളക്ക് വെയ്ക്കാൻ അമ്മ മറന്നു പോയിരുന്നു. വീടിനുള്ളിലാകെ മരണം പോലെ ഇരുട്ട് പടർന്നുകിടന്നു. അച്ഛനെയും കൊണ്ട് അമ്മ ഗോവണിയിറങ്ങുമ്പോൾ ചന്തുണ്ണിയേട്ടൻ ഇടത്തെ കൈ നീട്ടി തന്റെ നെറ്റിയിലെ മറുകിൽ തൊട്ടു. ആ മറുക് അയാളുടെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഒന്നായിരിക്കും. സംഗീതക്കും ആ മറുക് ഇഷ്ടമായിരുന്നു. അതിൽ തൊട്ടുകൊണ്ട് അയാൾ എന്നെ തിരിഞ്ഞുനോക്കി. ആ കണ്ണുകളിൽ ദുഃഖമേഘങ്ങൾ കനത്തുനിന്നു.

ചന്തുണ്ണിയേട്ടൻ്റെ ആ ഇരിപ്പും ഭാവവും കണ്ട് അധികനേരം അവിടെ ഇരിക്കാൻ പറ്റാതെ ഞാനും മുറി വിട്ടിറങ്ങി. ഇരുളടഞ്ഞു കിടന്ന വീടിൻ്റെ വരാന്തയിലെ ചാരുപടിയിൽ അച്ഛനും അമ്മയും ഇരുന്നു. രാത്രിയുടെ ഇരുട്ടുപോലെ മൗനം അവർക്ക് കാവൽ നിന്നു. അവരുടെ ആ ഇരിപ്പ് കണ്ടപ്പോൾ ഞാൻ വർഷങ്ങൾക്കുമുമ്പ് ഈ വീട്ടുമുറ്റത്ത് കറുമ്പിയോടൊപ്പം വന്നുനിന്ന മനുഷ്യനെ ഓർത്തു. അയാളുടെ കയ്യിൽ തുണിക്കടയുടെ പ്ലാസ്റ്റിക് കവറുണ്ടായിരുന്നു ഇപ്പോൾ കറുമ്പി ഈ ഭൂമിയിലില്ല. അവളുടെ രണ്ടു മക്കൾ ഞങ്ങളുടെ തൊഴുത്തിലുണ്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന അച്ഛനും അമ്മയും ഓർക്കുന്നതും അതൊക്കെ തന്നെയാവും.

അന്നേരം ദൂരെ നിന്ന് ഒരു കാറിൻ്റെ ഹെഡ് ലൈറ്റ് തെളിഞ്ഞു വന്നു. അത് ഞങ്ങളുടെ പറമ്പിലേക്ക് കയറി വളവ് തിരിഞ്ഞ് മുറ്റത്തേക്കാണ് വന്നത്. അത് ബാലചന്ദ്രൻ ഡോക്ടറുടെ കാറായിരുന്നു. കാർ നിന്നപ്പോൾ അതിൽ നിന്ന് ഇറങ്ങിയത് ഡോക്ടറുടെ ഡ്രൈവറായിരുന്നു. അയാളുടെ കയ്യിൽ ഭാരമുള്ള ഒരു കവറുണ്ടായിരുന്നു അപ്പോഴും കല്യാണവീട്ടിൽ നിന്നുള്ള ബഹളങ്ങൾ ഇങ്ങോട്ട് കേൾക്കാമായിരുന്നു.

"നിങ്ങളാരും അങ്ങോട്ട് വന്ന് കാണാത്തത് കൊണ്ട് ഡോക്ടറ് തന്നയച്ചതാ", അച്ഛനും അമ്മയും അയാളെ മിഴിച്ചുനോക്കി. കല്യാണവീട്ടിലേക്ക് പോവാൻ അമ്മ അച്ഛനോടും അച്ഛൻ അമ്മയോടും പരസ്പരം പറയുന്നത് ഞാൻ കേട്ടതാണ്. അവർ പോവാത്തതുകൊണ്ട് ഞാനും പോയില്ല. അച്ഛൻ അയാളെ ചീത്ത പറഞ്ഞ് ഓടിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അച്ഛൻ എഴുന്നേറ്റു ചെന്ന് ആ കവർ വാങ്ങി. അമ്മ എതിരൊന്നും പറഞ്ഞില്ല. പലതരം വിഭവങ്ങളുടെ സുഗന്ധം ആ കവറിൽനിന്ന് വരുന്നുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞു പഠിപ്പിച്ച ചോദ്യം ഡ്രൈവർ അച്ഛനോട് ചോദിച്ചു, "ചന്തുണ്ണി ഏട്ടൻ ഇവിടെത്തന്നെ ഇല്ലേ?"

ശബ്ദം കഴിയുന്നത്ര ഉച്ചത്തിലാക്കി അച്ഛൻ അതിന് മറുപടി പറഞ്ഞു, "ഇന്റെ കുട്ടി ഇവിടെത്തന്നെ ണ്ട്. അവനെ ഓർത്ത് ഡോക്ടർക്ക് ബേജാറൊന്നും വേണ്ടാന്ന് നീ ചെന്ന് പറഞ്ഞേക്ക്’’.

ഡ്രൈവർ കാറിലേക്ക് തിരികെപോയി അതിൻ്റെ പിൻവാതിൽ തുറന്ന് രണ്ട് തൂക്കു പാത്രങ്ങളുമായി മടങ്ങിവന്ന്, അത് അച്ഛന് നീട്ടിക്കൊണ്ട് പറഞ്ഞു, "പായസാണ്. അടപ്രഥമനും പരിപ്പ് പായസവും ണ്ട്".

അത് പറയുമ്പോൾ അയാളുടെ നാവിൽ വെള്ളമൂറുന്നുണ്ടായിരുന്നു. അച്ഛൻ അതും വാങ്ങി തിണ്ണയിൽ വെച്ചു. ഡ്രൈവർ കാർ തിരിച്ച് മടങ്ങിപ്പോയി കാറിന്റെ വെളിച്ചം പറമ്പും പാതയും കടന്ന് ഇരുട്ടിൽ മറഞ്ഞപ്പോൾ അച്ഛൻ എഴുന്നേറ്റു. എന്നിട്ട് അമ്മയോടായി പറഞ്ഞു, "നീ ചെന്ന് ചന്തുണ്ണിയെ വിളിക്ക് .ഞാൻ നാല് ഇല മുറിക്കട്ടെ .ഈ ഊണ് അവനും ഉണ്ണണം".

അമ്മ ശങ്കിച്ചുനിന്നപ്പോൾ അച്ഛൻ വരാന്തയിലെ ലൈറ്റിട്ട് കാവിന് നേർക്ക് തിരിഞ്ഞുനിന്ന് തൊഴുതു. പിന്നെ അടുക്കളയിൽ ചെന്ന് കത്തിയെടുത്തുകൊണ്ടുവന്ന് പറമ്പിലേക്ക് ഇറങ്ങിപ്പോയി. അമ്മ മടിച്ചുമടിച്ച് മുകളിലേക്കുള്ള ഗോവണി കയറി. പിന്നാലെ കയറാൻ നോക്കിയ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, "നീയാ കവറ് തൊറന്ന് ഒക്കെ എടുത്ത് പൊറത്തേക്ക് വെക്ക് ഞാൻ ഓനിം കൂട്ടി വരാ ...."

കാളനും ഓലനും അവിയലും എരിശ്ശേരിയും തോരനുമൊക്കെ ഓരോന്നായി പുറത്തെടുത്തു വെയ്ക്കുമ്പോൾ ഞാൻ കരുതിയത് ചന്തുണ്ണിയേട്ടൻ ഉണ്ണാൻ വരില്ലെന്നാണ്. അച്ഛൻ ഇല മുറിച്ച് വന്ന് അത് മുറ്റത്തെ പൈപ്പിൽ നിന്ന് കഴുകിയെടുത്ത് അകത്തേക്ക് കയറി. വരാന്തയിലെ നിലത്ത് നാല് ഇലകൾ വിരിച്ച് അച്ഛൻ വിഭവങ്ങൾ ഓരോന്നായി അതിലേക്ക് വിളമ്പാൻ തുടങ്ങി.

ഗോവണി ഇറങ്ങുന്ന ശബ്ദം കേട്ട് ഞാനും അച്ഛനും തിരിഞ്ഞുനോക്കി. അമ്മയുടെ കയ്യും പിടിച്ച് അനുസരണയുള്ള കുട്ടിയെ പോലെ ചന്തുണ്ണിയേട്ടൻ വന്നു. വാഴയിലയിൽ നിരത്തിവെച്ച വിഭവങ്ങൾ അയാളോട് എന്തൊക്കെയോ പറഞ്ഞിരിക്കണം. അതിന് മറുപടിയായി തലയാട്ടിക്കൊണ്ട് ചന്തുണ്ണിയേട്ടൻ കൈ കഴുകിവന്ന് നിലത്ത് ചമ്രം പടിഞ്ഞിരുന്നു. എന്നിട്ട് തികഞ്ഞ ബോധത്തോടെ അച്ഛനോട് പറഞ്ഞു, "സംഗീതക്കുട്ടീൻ്റെ നാളത്തെ കല്യാണസദ്യയും ഇനിക്ക് ഉണ്ണണം’’.

അത് പറഞ്ഞ് കഴിഞ്ഞിട്ട് ചിരിക്കാൻ നോക്കിയെങ്കിലും ചന്തുണ്ണിയേട്ടന്റെ കണ്ണുകളിൽ കണ്ണീര് പൊടിഞ്ഞു. അന്ന് രാത്രി, വളരെ കാലത്തിനു ശേഷം ഞങ്ങൾ നാലുപേരും ഒന്നിച്ചിരുന്ന് ഉണ്ടു. ഉണ്ണുന്നതിനിടെ ചന്തുണ്ണിയേട്ടനെ ഇടയ്ക്കിടെ സംശയത്തോടെ നോക്കുന്ന അച്ഛൻ്റെ ഉള്ളിൽ ഭയമുണ്ടായിരുന്നു. ആ ഭയം വെറുതെയാണെന്ന് എനിക്ക് തോന്നിയെങ്കിലും, എൻ്റെ തോന്നലാണ് പിന്നീട് തെറ്റിയത്.

ഏഴ്

ദേശം അതു വരെ കാണാത്ത ആഘോഷത്തോടെ സംഗീതയുടെ കല്യാണം കഴിഞ്ഞു. 64 വിഭവങ്ങൾ കൂട്ടി സദ്യ ഉണ്ടവരൊക്കെ സദ്യയുടെ മഹത്വം പറഞ്ഞു, ഒപ്പം ഡോക്ടറുടെ മഹത്വവും പറഞ്ഞു. അയൽദേശങ്ങളിൽ പോലും അത്തരമൊരു കല്യാണം നടന്നിട്ടില്ല. സ്ഥലം എം.എൽ.എയും ഡോക്ടറുടെ സുഹൃത്തായ എസ്.പി.യും വന്ന് വധൂവരന്മാരെ അനുഗ്രഹിച്ചു. നാട്ടിലെ ചെറുപ്പക്കാരെല്ലാം വിവാഹം ഗംഭീരമാക്കാൻ ഓടി നടന്നു. ഉമ്മറും നാരായണനും ആശാരി രാഘവനും തുന്നൽ കടയിലെ തൊഴിലില്ലാപ്പടയും ഒത്തൊരുമിച്ച് കാര്യങ്ങൾ നടത്തി. കല്യാണവീടിനുചുറ്റും കാക്കകൾ വട്ടമിട്ട് പറന്നു. സദ്യ വിളമ്പുന്ന നീണ്ട പന്തലിൽ മുപ്പത് ഫാനുകൾ അവയുടെ സ്റ്റാൻഡിൽ നിന്ന് കറങ്ങിക്കൊണ്ട് കാറ്റുതിർത്തു. നാല് കൂട്ടം പായസം കഴിച്ച് മത്തു പിടിച്ച കുട്ടികൾ കവലയിലൂടെ ഓടി നടന്നു.

കല്യാണത്തിന് പോവുന്നില്ലെന്ന് പറഞ്ഞ അച്ഛനെ അമ്മയാണ് നിർബന്ധിച്ച് പറഞ്ഞയച്ചത്. അച്ഛൻ പോയി വധൂവരന്മാരെ അനുഗ്രഹിച്ച് സദ്യയുണ്ണാതെ മടങ്ങിവന്നു. പിന്നെ അമ്മ പോയി. അമ്മയും കല്യാണ സദ്യ ഉണ്ടില്ല. എനിക്ക് ഉണ്ണാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഞാൻ ചന്തുണ്ണിയേട്ടന് കാവൽ നിന്നു. തലേന്ന് ഡോക്ടർ കൊടുത്തയച്ച വിഭവങ്ങൾ തന്നെ ബാക്കിയായിരുന്നു. അച്ഛൻ ഇടയ്ക്കിടെ മുകളിലേക്കുവന്ന് ചന്തുണ്ണിയേട്ടനെ വീക്ഷിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി മടങ്ങിപ്പോയി. ഇതിനിടയിൽ അച്ഛൻ ചന്തുണ്ണിയേട്ടന് സിഗരറ്റ് കൊണ്ട് കൊടുത്തിരുന്നു. തലേ രാത്രി ഉണ്ട ശേഷം അതിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കൊളുത്തി വലിച്ചെങ്കിലും പൂർത്തിയാക്കാതെ ചന്തുണ്ണിയേട്ടൻ അത് വലിച്ചെറിഞ്ഞു. ആകാശമില്ലാത്ത ഭൂമിയെ പോലെ ശൂന്യനായി ചന്തുണിയേട്ടൻ എൻ്റെ മുറിയിൽ ഇരുന്നു.

ഏട്ടൻ്റെ ചിന്ത മാറാതിരിക്കാൻ വേണ്ടി ഞാൻ പല പല കഥകളും പറഞ്ഞു കൊണ്ടിരുന്നു. ദൂരെ, കല്യാണവീട്ടിൽ നിന്നുവരുന്ന ശബ്ദങ്ങൾ ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ചന്തുണ്ണിയേട്ടൻ ആ ശബ്ദങ്ങൾക്ക് ചെവി കൊടുക്കാതിരിക്കാൻ വേണ്ടി ഞാൻ ഉറക്കെയാണ് സംസാരിച്ചത്. ആരും പറയാതെ തന്നെ ചന്തുണ്ണിയേട്ടൻ അന്ന് രാവിലെ എഴുന്നേറ്റ് കുളിച്ചിരുന്നു. എന്നിട്ട് പാൻ്റും ടീ ഷർട്ടും ധരിക്കാതെ അമ്മ അലക്കി ഉണക്കിവെച്ച തന്റെ പഴയ കള്ളിമുണ്ടും കയ്യില്ലാത്ത ബനിയനും ധരിച്ചു. അയാളുടെ ഉള്ളിൽനിന്ന് സംഗീതയെന്ന വെളിച്ചം കെട്ടുപോയെന്നാണ് ഞങ്ങൾ കരുതിയത്. കുളി കഴിഞ്ഞ് വന്ന ചന്തുണ്ണിയേട്ടൻ എന്നോട് ചോദിച്ചു, "നിനക്ക് കല്യാണത്തിന് പോണ്ടേ...?"

മേശപ്പുറത്തിരുന്ന പാഠപുസ്തകങ്ങൾ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു, "ഒരുപാട് പഠിക്കാന്ണ്ട് ചന്തുണ്ണിയേട്ടാ, പരീക്ഷയ്ക്ക് ഇനി രണ്ട് മാസല്ലേ ഉള്ളൂ..."

ചന്തുണ്ണിയേട്ടൻ അതിന് മറുത്തൊന്നും പറഞ്ഞില്ല. ദേശം വെയിൽ കൊണ്ടു കിടന്നു. പാതകളിലേക്ക് മാന്തളിരുകളെ തല്ലിക്കൊഴിച്ചിട്ട് കാറ്റുകൾ കടന്നു പോയി. തൊടിയിൽ നിറയെ പേരറിയാപൂവുകൾ വിരിഞ്ഞുനിന്നു. വഴിയോരപ്പച്ചകളിലെ കുഞ്ഞു പൂക്കൾ തലനീട്ടി കല്യാണവീട്ടിലേക്ക് പോവുന്നവരെ നോക്കി. അമ്മ ഇടയ്ക്കിടെ കൊണ്ടുവരുന്ന പാലൊഴിച്ച ചായ ചന്തുണ്ണിയേട്ടൻ കുടിച്ചു. പിന്നീട് ഉച്ചയായപ്പോൾ കിണറ്റിൻകരയിലേക്ക് ചെന്ന് വീണ്ടും കുളിച്ചു. ആ ദേഹവും തലയും ചിന്തകളും ചുട്ടുനീറി. നീറ്റൽ മാറാൻ കിണറ്റിലെ തണുത്ത വെള്ളം ചന്തുണ്ണിയേട്ടൻ കണക്കില്ലാതെ തലയിലേക്ക് കോരിയൊഴിച്ചു.

ഉച്ചകഴിഞ്ഞപ്പോൾ ബാലചന്ദ്രൻ ഡോക്ടറുടെ ഡ്രൈവർ സദ്യയുമായി ഞങ്ങളുടെ വീട്ടിലേക്കുവന്നു. അത് കാത്തിരുന്നപോലെ ചന്തുണ്ണിയേട്ടൻ കത്തിയും കൊണ്ട് തൊടിയിലേക്ക് ഇല മുറിക്കാൻ പോയി. അത് കണ്ടുനിന്ന അച്ഛൻ അമ്മയോട് പറഞ്ഞു, "ഓന് കൊഴപ്പൊന്നും ഇല്ല ല്ലേ?"
"സങ്കടം ണ്ടാവും…’’, അമ്മ മറുപടി പറഞ്ഞു, "പുറത്ത് കാട്ടാതെ ഒക്കെയും ഇൻ്റെ കുട്ടി ഉള്ളില് ഒളിപ്പിക്ക്യാവും''.

ഊണ് കഴിക്കുമ്പോൾ ഞങ്ങളെക്കാൾ ബോധവും ബുദ്ധിയുമുള്ള മനുഷ്യനായി മാറി ചന്തുണ്ണിയേട്ടൻ അച്ഛനോട് ചോദിച്ചു, "ഞാനൊരു പൊട്ടനാണ് അല്ലേ ഏട്ടാ?"

അതുകേട്ട് ഞങ്ങൾ അമ്പരന്നു. മുഖത്തെ അമ്പരപ്പ് മറയ്ക്കാൻ പാടുപെട്ടുകൊണ്ട് അച്ഛൻ ചന്തുണ്ണിയേട്ടനോട് ചോദിച്ചു, "എന്നാരാ പറഞ്ഞത് ചന്തുണ്ണിയേ....?"

ചന്തുണ്ണിയേട്ടൻ വായിലെ ചോറ് ചവച്ചിറക്കി അച്ചാറ് തൊട്ടുകൂട്ടി നാവ് നൊട്ടി നുണഞ്ഞു കൊണ്ട് പറഞ്ഞു, "ആരും പറയാതെ തന്നെ നിക്കറിയാ, പൊട്ടനല്ലെങ്കി പിന്നെ ഞാൻ സംഗീതക്കുട്ടീനെ മോഹിക്ക്യോ? കല്യാണം കഴിക്കാൻ ആഗ്രഹിക്ക്യോ?"

അച്ഛൻ മറുപടിയൊന്നും പറഞ്ഞില്ല. പറമ്പിലെ തെങ്ങോലകൾക്കിടയിലൂടെ ചൂടുള്ള കാറ്റുകൾ കടന്നുപോയി. എവിടെനിന്നോ പാറിവന്ന ഒരു കാക്ക വരാന്തയിലെ ചാരുപടിയിലിരുന്ന് കരഞ്ഞു.

"അമ്മ പറഞ്ഞ് തന്നിട്ട് ണ്ട്. അമ്പിളി മാമനെ മോഹിക്കരുത് ന്ന്’’, ചന്തുണ്ണിയേട്ടൻ ഇടറിയ സ്വരത്തിൽ പറഞ്ഞു.

"അങ്ങനെ മോഹിച്ചോരൊക്കെ ഒട്ക്കം കരഞ്ഞിട്ടുണ്ടെന്നും അമ്മ പറഞ്ഞിട്ട് ണ്ട് അമ്മ സത്യാണ് പറഞ്ഞത് അല്ലേ ഏട്ടാ...?"

എന്ത് മറുപടി പറയണമെന്നറിയാതെ അച്ഛനും അമ്മയും അന്തം വിട്ടിരുന്നു. ഞങ്ങൾ അതു വരെ കണ്ട ചന്തുണ്ണിയേട്ടനായിരുന്നില്ല അത്. ജീവിതം പഠിപ്പിച്ച പാഠങ്ങൾ അയാൾക്ക് പക്വത നൽകിയിരുന്നു. ആ പക്വതയിൽ കണ്ണു നിറയാതെ അയാൾ പറഞ്ഞു, "ഇനിക്ക് സംഗീതക്കുട്ടിൻ്റെ ചെക്കനെ ഒന്ന് കാണണം. ദൂരേന്ന് കണ്ടാലും മതി''.

അതുകേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണീര് കല്യാണസദ്യയിലേക്ക് ഇറ്റി വീണു. അച്ഛൻ കരച്ചിലിന്റെ വക്കിൽ ഇടറിനിന്നു. അവരെ നോക്കിക്കൊണ്ട് ചന്തുണ്ണിയേട്ടൻ പിറുപിറുത്തു, "പറ്റില്ലേരിക്കും ല്ലേ? പറ്റില്ലെങ്കി കാണണ്ട, ചെക്കൻ എങ്ങനെ ണ്ടാവൂന്ന് അറിയാൻ ഒര് പൊട്ട മോഹം".

എല്ലാ മോഹങ്ങളും സാധിക്കാനുള്ളതല്ലെന്ന് അച്ഛൻ ചന്തുണ്ണിയേട്ടനോട് പറഞ്ഞില്ല, പകരം അയാളുടെ തോളിൽ തൊട്ടു കൊണ്ട് പറഞ്ഞു, "കാണാം ചന്തുണ്ണിയേ, ഇപ്പഴല്ല. ചെക്കന്റെ കല്യാണ തെരക്കൊക്കെ കഴിയട്ടെ. എന്നിട്ട് ഞാൻ കാണിച്ചു തരാ നിനക്ക്".

അതിന് ഒന്ന് മൂളുക പോലും ചെയ്യാതെ ചന്തുണ്ണിയേട്ടൻ ഇലയെടുത്ത് എഴുന്നേറ്റു. ആ ഇലയുടെ പിന്നാലെ ചാരുപടിയിൽ ഇരുന്ന കാക്ക പറന്നു. തെങ്ങിൻചോട്ടിലേക്ക് താൻ വലിച്ചെറിഞ്ഞ ഇലയിൽ നിന്ന് അന്നം കൊത്തുന്ന കാക്കയെ ചന്തുണ്ണിയേട്ടൻ ഇത്തിരിനേരം നോക്കിനിന്നു.

ആവശ്യം വരികയാണെങ്കിൽ മാത്രം കൊടുത്താൽ മതിയെന്നു പറഞ്ഞ് റഹീം ഡോക്ടർ പിന്നീട് എഴുതി തന്ന ഉറക്ക ഗുളിക അച്ഛൻ വാങ്ങിവെച്ചിരുന്നു. അത് ഉറക്കം കിട്ടാനുള്ള ഗുളികയാണെന്ന് ചന്തുണ്ണിയേട്ടനും മനസ്സിലാക്കിയിരുന്നു. അന്ന് രാത്രി അച്ഛനോട് അത് ചോദിച്ചു വാങ്ങി കുടിച്ചിട്ടാണ് ചന്തുണ്ണിയേട്ടൻ ഉറങ്ങാൻ കിടന്നത്.

എൻ്റെ മുറിയിലാണ് കിടന്നത്. മൂപ്പരുടെ ഉറക്കത്തിന് ശല്യമാവണ്ട എന്നു കരുതി ഞാൻ അപ്പുറത്തെ മുറിയിലും കിടന്നു. ഉറങ്ങാൻ പോവും മുമ്പ് അച്ഛനും അമ്മയും മുകളിലേക്കുവന്നു. ചന്തുണ്ണിയേട്ടൻ്റെ മേൽ ഒരു കണ്ണുണ്ടാവണം, അന്തം വിട്ട് ഉറങ്ങരുത് എന്ന് അച്ഛൻ എന്നോട് പറഞ്ഞതാണ്. പക്ഷേ കുറെ നാളത്തെ ഉറക്ക ക്ഷീണം കൊണ്ട് ഞാനന്ന് അന്തം വിട്ട് ഉറങ്ങിപ്പോയി. ഉറക്കത്തിൽ, സംഗീതയുടെ കയ്യും പിടിച്ച് ചന്തുണ്ണിയേട്ടൻ കവലയിലൂടെ നടന്നു വരുന്നത് ഞാൻ സ്വപ്നം കണ്ടു. എല്ലാവരും കൺ നിറയെ കണ്ടോ എന്ന ഭാവം ചന്തുണ്ണിയേട്ടൻ്റെ മുഖത്തുണ്ടായിരുന്നു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ ചന്തുണ്ണിയേട്ടൻ മുറിയിലുണ്ടായിരുന്നില്ല. കുളിക്കാൻ പോയതാവുമെന്ന് കരുതി ഞാൻ കുറച്ചുനേരം കൂടി അവിടെ തന്നെ കിടന്നു. മുറിയുടെ വാതിൽ രാത്രിയിൽ ഞാൻ കുറ്റിയിട്ടിരുന്നില്ല. കുറച്ചു കഴിഞ്ഞ് കയ്യിൽ ചായക്ലാസുമായി അമ്മ വന്നു. ചന്തുണ്ണിയേട്ടൻ മുറിയിൽ ഇല്ലെന്നുകണ്ട് അമ്മ എന്നോട് ചോദിച്ചു, "എവിടേ ടാ ചന്തുണ്ണി?"
"കുളിക്കാൻ പോയതാവും അമ്മേ ...", ഞാൻ മറുപടി പറഞ്ഞു.
"കിണറ്റിൻ കരയിലൊന്നും ഇന്റെ കുട്ടിയില്ല", അതും പറഞ്ഞ് കയ്യിലെ ചായ ക്ലാസ് നിലത്തേക്കിട്ട് അമ്മ നിലവിളിയോടെ താഴേക്ക് ഓടിപ്പോയി. അമ്മ അച്ഛനെ വിളിച്ചുണർത്തി. അച്ഛൻ ബേജാറോടെ വീടാകെ തിരഞ്ഞു. വീട്ടിലെവിടെയും ചന്തുണ്ണിയേട്ടൻ ഉണ്ടായിരുന്നില്ല. തൊടിയിലാകെ തിരഞ്ഞ് അവിടെയും കാണാതെ അച്ഛൻ കവലയിലേക്ക് ഓടി. എൻ്റെ കുട്ടിക്ക് എന്തുപറ്റി ഈശ്വരാന്ന് പറഞ്ഞു കൊണ്ട് അമ്മ നെഞ്ചത്തടിച്ച് നിലവിളിച്ചു.

കവലയിലെവിടെയും ചന്തുണ്ണിയേട്ടൻ ഉണ്ടായിരുന്നില്ല. അച്ഛൻ്റെ വേവലാതി കണ്ട് ദേശക്കാർ ചന്തുണ്ണിയേട്ടനെ തിരഞ്ഞു. പൊട്ടക്കുളത്തിലും കിണറ്റിലും ചെങ്കൽ കോറികളിലും ആളുകൾ ഇറങ്ങിനോക്കി. അവിടെയൊന്നും ചന്തുണ്ണിയേട്ടൻ ഉണ്ടായിരുന്നില്ല.

കരയുന്നതിനിടെ അമ്മ എന്നെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണ് ചന്തുണ്ണിയേട്ടനെ കാണാതായതെന്ന് കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. ബാലചന്ദ്രൻ ഡോക്ടർ ഫോൺ വിളിച്ചുപറഞ്ഞപ്പോൾ പോലീസുകാർ വന്നു. അവരും നാടാകെ തിരഞ്ഞു. പട്ടണത്തിലും തിരഞ്ഞു. പട്ടണത്തിൽ നിന്ന് പുറപ്പെടുന്ന ബസ്സിലെ ജീവനക്കാർക്കൊക്കെ പോലീസുകാർ ഫോൺ ചെയ്തു നോക്കി. അതിലൊന്നും ചന്തുണ്ണിയേട്ടൻ കയറിയിട്ടില്ല. ആരും ചന്തുണ്ണിയേട്ടനെ കണ്ടിട്ടുമില്ല.

ഉച്ചയോടെ അച്ഛനെ താങ്ങിപ്പിടിച്ച് ആശാരി രാഘവനും ഉമ്മറും വീട്ടിലേക്ക് കൊണ്ടുവന്നു. അച്ഛൻ തളർന്നിരുന്നു അത് കണ്ട് അമ്മയുടെ നെഞ്ചത്തടി കൂടി. കരച്ചിൽ ഉച്ചത്തിലായി ചന്തുണ്ണിയേട്ടൻ കിടന്ന മുറിയിൽ കയറി ഞാൻ കട്ടിലിനടിയിൽ നോക്കി. അകത്തെ കുളിമുറിയിലും നോക്കി. അവിടെയുണ്ടാവില്ലെന്നുറപ്പിച്ചാണ് ഞാൻ നോക്കിയത്. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

കട്ടിലിനടിയിൽ ചന്തുണ്ണിയേട്ടൻ്റെ കറുത്ത ബാഗ് കണ്ടപ്പോൾ ഞാൻ അതെടുത്ത് അതിന്റെ സിബ്ബ് അഴിച്ച് നോക്കി. അതിനുള്ളിൽ പാന്റുകളും ടീ ഷർട്ടുകളും തൊപ്പിയും ബെൽറ്റും ഉണ്ടായിരുന്നു. കള്ളി മുണ്ടും കയ്യില്ലാത്ത ബനിയനും ഉണ്ടായിരുന്നില്ല. മറുവശത്തെ അറ തുറന്നപ്പോൾ അതിൽ നിന്ന് ഒരു തൂവാല കിട്ടി. പിന്നെ വളപ്പൊട്ടുകളും വാടിയ മുല്ലപ്പൂക്കളും കിട്ടി. അതൊക്കെയും സംഗീതയുടെതായിരുന്നു. അവളുടെ സമ്മതമില്ലാതെ അതെല്ലാം സംഘടിപ്പിക്കാൻ ചന്തുണ്ണിയേട്ടൻ നടന്നുതീർത്ത ദൂരങ്ങളെ ഓർത്തപ്പോൾ എന്റെ നെഞ്ച് കനത്തു. ഇളം മഞ്ഞ തൂവാലയുടെ ഒരു വശത്ത് ബോൾ പേന കൊണ്ട് സംഗീതയുടെയും തന്റെയും പേരുകൾ അക്ഷരത്തെറ്റോടെ ചന്തുണ്ണിയേട്ടൻ എഴുതി വെച്ചിരുന്നു. ആ മുല്ലപ്പൂക്കൾ സംഗീതയുടെ മുടിയിൽ നിന്ന് വീണതാവും. ആരും കാണാതെ അത് കുനിഞ്ഞെടുക്കുമ്പോൾ ചന്തുണ്ണിയേട്ടൻ കണ്ട സ്വപ്നങ്ങൾ എന്തൊക്കെയാവുമെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ.

നിധി പോലെ താൻ സൂക്ഷിച്ച സംഗീതയുടെ ഓർമ്മത്തുണ്ടുകളെ അവിടെ ഉപേക്ഷിച്ചിട്ടാണ് ചന്തുണ്ണിയേട്ടൻ പോയത്. ഒരുപക്ഷേ തൻ്റെ വ്യാമോഹങ്ങളെ കുറിച്ചുള്ള തിരിച്ചറിവുമായിട്ടാവും ചന്തുണ്ണിയേട്ടൻ ഞങ്ങളുടെ ദേശം വിട്ടു പോയിട്ടുണ്ടാവുക. എവിടെനിന്ന് വന്നുവെന്ന് അറിയാത്തതു പോലെ എവിടേക്കാണ് ആ മനുഷ്യൻ പോയതെന്നും എനിക്കറിയില്ല.

ഈ ഭൂമിയുടെ ഏതെങ്കിലുമൊരു കോണിൽ ചന്തുണ്ണിയേട്ടൻ ജീവിച്ചിരിപ്പുണ്ടാവും അത് എനിക്ക് ഉറപ്പാണ്. ആ മെല്ലിച്ച രൂപത്തിന് എൻ്റെ ദേശം നൽകിയ ക്രൂരമായ സമ്മാനങ്ങൾക്ക് ഞാനും ഉത്തരവാദിയാണ് .നെറ്റിയിലെ മറുകിൽ ഒരു കൈ കൊണ്ട് തൊട്ട് മറ്റേ കൈ ,ഞങ്ങളുടെ പട്ടണത്തിന് നേർക്ക് ചൂണ്ടി ചന്തുണ്ണിയേട്ടൻ ഇപ്പോൾ ആർക്കെങ്കിലും താൻ വന്നവഴി പറഞ്ഞു കൊടുക്കുന്നുണ്ടാവും.

"അവിടേണ്, അവ്ടെ, സ്കൂളിൻ്റെ അടുത്ത്..."

പ്രിയപ്പെട്ട ചന്തുണ്ണിയേട്ടാ....
എന്നെങ്കിലും നിങ്ങൾ ഞങ്ങളുടെ ദേശത്തെ ഓർക്കുകയാണെങ്കിൽ ഇവിടേക്ക് മടങ്ങിവരണം. നിങ്ങളെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന ഒരച്ഛനും അമ്മയും ഇവിടെയുണ്ട്. എന്നോടുള്ളതിനേക്കാൾ സ്നേഹം അവർക്ക് നിങ്ങളോടുണ്ട്. എൻ്റെ അമ്മയുടെ കണ്ണീരിനെ ഓർത്തെങ്കിലും ഏട്ടൻ മടങ്ങിവരണം. എനിക്ക് വിളമ്പിയതിനേക്കാൾ സ്നേഹത്തോടെയും കരുതലോടെയും നിങ്ങൾക്ക് അന്നം വിളമ്പിയ കയ്യാണ് എൻ്റെ അമ്മയുടേത്.

എന്നെങ്കിലുമൊരിക്കൽ ചന്തുണ്ണിയേട്ടൻ ഈ ദേശത്തേക്ക് മടങ്ങിവരുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. അത്തരം അന്തമില്ലാത്ത കുറെ വിശ്വാസങ്ങളുടെ പേരാണല്ലോ ജീവിതം, ചന്തുണ്ണിയേട്ടാ, ഏട്ടനെ ഞങ്ങളിവിടെ കാത്തിരിക്കും. ഒരു വാഴയില എന്നും എൻ്റെ അമ്മ നിങ്ങൾക്കായി മുറിച്ച് കഴുകിവെക്കും, അതിലേക്ക് അന്നം വിളമ്പാൻ എന്റെ അച്ഛനുണ്ട് ഇവിടെ,
വരാതിരിക്കരുതേ ചന്തുണ്ണിയേട്ടാ...

(അവസാനിച്ചു)


Summary: Evideyo oru Chanthunniyettan part 3, Malayalam short story written by Muhammad Abbas published in Truecopy Webzine packet 283.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments