ബിനുരാജ് ആർ. എസ്.

ഏഴ് കള്ളൻമാരുടെ കഥ

സ്വകാര്യ സ്വത്ത് പോലെ താൻ മനസിൽ കൊണ്ട് നടക്കുന്ന സുന്ദരിയെപ്പറ്റി ഒരുത്തൻ, ഒരന്യനാട്ടുകാരൻ വീമ്പ് പറഞ്ഞത് അവന് ഒരു പരാജയമായിത്തോന്നി. വിജയം വരിക്കാൻ ഒരു ചുവട് കൂടി മുന്നോട്ട് കയറി വെട്ടണമെന്നവന് തോന്നി. അങ്ങനെയാണ് അവനത് പറഞ്ഞത്- ‘‘എടാ, നെനക്കറിയാമോ? ഞാനവളുമായിട്ട് പരിപാടിയൊക്കെ നടത്തിയിട്ടൊണ്ട്’’.

ഴ് കള്ളൻമാരുടെ കഥയാണ്.
സാധാരണ കള്ളൻമാരല്ല, ഒരു സത്യം തേടിയിറങ്ങിയ കള്ളൻമാർ. സത്യവും കള്ളൻമാരും!
തീരെയങ്ങോട്ട് ചേരുന്നില്ലല്ലേ.
എന്നാൽ കേട്ടോളൂ…

നാട്ടിലൊരു സുന്ദരിയുണ്ടായിരുന്നു. സുന്ദരിയെന്നു വെച്ചാൽ ഭൂലോക സുന്ദരി. അവളെ ഒരു നോക്ക് കാണാൻ മാത്രം മൈലുകൾ കൂടുതൽ നടന്ന് അതുവഴി ചുറ്റിപ്പോകുന്നവരുണ്ട്. എന്നാലും കാണാൻ പറ്റണമെന്നില്ല. പലതവണ അതു വഴി കടന്നുപോകുമ്പോഴായിരിക്കും ഒരിക്കൽ അവളെ കാണാനൊക്കുക. ഒന്നു കണ്ടാൽ പിന്നെയാ രൂപം മനസീന്ന് മാറില്ല.

സുന്ദരിയുടെ അയൽപക്കങ്ങളിൽ താമസിച്ചിരുന്ന ചെറുപ്പക്കാർ അതവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിക്കരുതി. മറ്റു നാടുകളിലെ ചെറുപ്പക്കാർ അസൂയയോടെ മാത്രം അവരെ നോക്കി. സുന്ദരിയുടെ നാട്ടിലെ യുവാക്കൾക്കൊപ്പം സ്വകാര്യമായി സംസാരിക്കാൻ കഴിഞ്ഞപ്പോഴെല്ലാം അവളെക്കുറിച്ച് മാത്രമായി അവരുടെ അന്വേഷണം.

അവളെക്കുറിച്ചുള്ള ഓരോ ചെറിയ അറിവും അവർക്ക് അത്രയും വിലപ്പെട്ടതായിരുന്നു. ഉദാഹരണത്തിന് അവൾ കുളിക്കുന്നത് ആണ്ടിലൊരിക്കലോ രണ്ട് തവണയോ മാത്രമാണെന്ന വിവരം അവർക്ക് നിധി പോലെയായിരുന്നു കിട്ടിയത്. മാത്രമല്ല, കുളിക്കുന്ന ദിവസം, അപ്രവചനീയമായി പാതിരാത്രിയിൽ എഴുന്നേറ്റുള്ള കുളിയായിരിക്കും, ഒരു തുണ്ട് തുണിയുടെ മറ പോലുമില്ലാതെ. ദൂരെ നാടുകളിലെ ചെറുപ്പക്കാർ പോലും സുന്ദരിയെക്കുറിച്ചുള്ള ഈ അറിവുകൾ മനസിലിട്ട് താലോലിക്കുകയും സ്വകാര്യ വേളകളിൽ പുറത്തെടുത്തോമനിക്കുകയും ചെയ്തു പോന്നു.

Graphics: Midjourny AI
Graphics: Midjourny AI

അങ്ങനെയൊരുനാൾ സുന്ദരിയുടെ അയൽവാസിയായ ഒരു ചെറുപ്പക്കാരൻ അവന്റെ കൂട്ടുകാരനുമായി സംസാരിച്ചിരിക്കുകയായിരുന്നു. വിഷയം ചിന്തനീയമാണല്ലോ. സുന്ദരിയുടെ അംഗലാവണ്യത്തെക്കുറിച്ചും, മുടിയഴകിനെക്കുറിച്ചുമെല്ലാം കൂട്ടുകാരൻ വാതോരാതെ, വാക്ക് മുറിയാതെ സംസാരിക്കുകയാണ്.

അവളുടെ മുടിയ്ക്ക് കൈതപ്പൂവിന്റെ മണമാണത്രേ. അവന് ഒരിക്കലാ മണം കിട്ടിയിട്ടുണ്ടത്രേ. സുന്ദരിയുടെ അയൽക്കാരൻ പയ്യന് അതത്ര ബോധിച്ചില്ല. തന്റെ സ്വന്തം നാട്ടിലെ, സ്വകാര്യ സ്വത്ത് പോലെ താൻ മനസിൽ കൊണ്ട് നടക്കുന്ന സുന്ദരിയെപ്പറ്റി ഒരുത്തൻ, ഒരന്യനാട്ടുകാരൻ വീമ്പ് പറഞ്ഞത് അവന് ഒരു പരാജയമായിത്തോന്നി. വിജയം വരിക്കാൻ ഒരു ചുവട് കൂടി മുന്നോട്ട് കയറി വെട്ടണമെന്നവന് തോന്നി. അങ്ങനെയാണ് അവനത് പറഞ്ഞത്- ‘‘എടാ, നെനക്കറിയാമോ? ഞാനവളുമായിട്ട് പരിപാടിയൊക്കെ നടത്തിയിട്ടൊണ്ട്’’.

കൂട്ടുകാരന്റെ മനസിലൂടെ ഒരു മിന്നൽ കടന്നുപോയി. വിശ്വസിക്കാനാവാതെ മിഴിച്ചിരിക്കുന്ന അവനെ നോക്കി സംഭവത്തെപ്പറ്റി വിശദമായൊരു കഥ അവൻ അപ്പോൾത്തന്നെ മെനഞ്ഞെടുത്ത് പറഞ്ഞു. പരിപാടി നടന്ന സാഹചര്യത്തെക്കുറിച്ചും, ഓരോ സ്പർശത്തെക്കുറിച്ചും, ചലനത്തെക്കുറിച്ചുമെല്ലാം കൂട്ടുകാരൻ ചോദിച്ച സംശയങ്ങൾക്ക് വിശദമായിത്തന്നെ മറുപടിയും കൊടുത്തു. അതിനെല്ലാം പുറമേ സുന്ദരിയുടെ നഗ്നമേനിയിലെ കൗതുകങ്ങളായ ഏഴ് അടയാളങ്ങളെക്കുറിച്ചും ആ പ്രദേശങ്ങളുടെ ചിത്രസമാനമായ വിശദീകരണങ്ങളിലൂടെ അവൻ വിവരിച്ചു. ‘‘അവളെന്നെയും കൊണ്ട് ചിറകടിച്ചങ്ങ് പറക്കുകയല്ലായിരുന്നോ’’ എന്നുപറഞ്ഞ് ആ അനുഭൂതിയിരിക്കുന്ന ആകാശത്തേക്ക് അവൻ കണ്ണുനട്ടു.

അത്ര നല്ല കഥ പറച്ചിലുകാരനായതു കൊണ്ടും, സുന്ദരിയുടെ വീടിന് ഏറ്റവുമടുത്ത് താമസിക്കുന്ന ചെറുപ്പക്കാരനായതു കൊണ്ടും അവൻ പറഞ്ഞത് കൂട്ടുകാരൻ വിശ്വസിക്കുക തന്നെ ചെയ്തു.

സംഗതി പരമരഹസ്യമായിരിക്കണമെന്ന് കൂട്ടുകാരനോട് പറയുമ്പോൾ ആരുമറിയാതിരുന്നാൽ തന്റെ കള്ളം ഒരിക്കലും പിടിക്കപ്പെടില്ലെന്നും, ഒപ്പം അവന്റെ മുന്നിൽ തനിക്കൊരു മേൽക്കൈ വരുമെന്നും അവൻ പ്രതീക്ഷിച്ചു. മേൽക്കൈ വന്നെന്നത് നേരു തന്നെ. പക്ഷേ, കൂട്ടുകാരൻ അയാളുടെ കൂട്ടുകാരോടും, അവർ അവരുടെ കൂട്ടുകാരോടുമായി ആ രഹസ്യം അതേ തെളിവുകളോടെ പങ്കുവെച്ചു. സംഗതി പരമരഹസ്യമായിരിക്കണമെന്ന മുന്നറിയിപ്പോടെ തന്നെ.

അങ്ങനെയാണ് ആ ഏഴംഗസംഘം രൂപപ്പെടുന്നത്. പല നാടുകളിലെ, പല തൊഴിലുകൾ ചെയ്യുന്ന ചെറുപ്പക്കാരുടെ ഒരു സംഘം. അറിഞ്ഞ വിവരത്തിൽ എന്തെങ്കിലും സത്യമുണ്ടോന്ന് കണ്ടുപിടിക്കണം. തങ്ങൾ മനസിലാരാധിക്കുന്ന സുന്ദരബിംബത്തെ അവൻ രുചിച്ചോ എന്നറിയണം. അതിന് അവൻ പറഞ്ഞ തെളിവുകൾ, സുന്ദരിയുടെ നഗ്നമേനിയിലെ ആ ഏഴ് അടയാളങ്ങൾ ശരിയാണോ എന്ന് കണ്ടുപിടിക്കണം. ഒറ്റ മാർഗമേയുള്ളൂ. അവൾ കുളിക്കുന്നത് മറഞ്ഞിരുന്ന് കാണണം.

ഇനിയെന്നാണ് സുന്ദരി കുളിക്കുന്നതെന്നറിയില്ല. അതുകൊണ്ട് കുളിക്കുന്ന ദിവസമെത്തുന്നതുവരെ മറഞ്ഞിരുന്ന് വീക്ഷിക്കൽ തുടരണം. കുളിയെന്തായാലും രാത്രിയായിരിക്കും. അതുകൊണ്ട് രാത്രികളിൽ മാത്രം പരിശോധിച്ചാൽ മതിയാകും. ഏഴംഗ സംഘം ഒരുമിച്ച് തീരുമാനമെടുത്ത് വന്നതൊന്നുമല്ല. പല ദിശകളിൽ നിന്ന്, പല വഴികളിലൂടെ വന്നെത്തിയവർ. ഒരേ സ്ഥലത്ത് ഒരേ ഉദ്ദേശ്യവുമായി വന്നതുകൊണ്ടുമാത്രം ഒരുമിച്ചവർ. പല ദിക്കുകളിലായി സുന്ദരിയെ ആരാധിച്ചിരുന്ന എല്ലാ ചെറുപ്പക്കാർക്കും ഇതിലെ സത്യം കണ്ടുപിടിക്കാൻ അത്രയ്ക്ക് വാശിയുണ്ടായിരുന്നെങ്കിലും എത്ര നാളെന്നറിയാത്ത ഈ കാവലിന് മുതിരാൻ പല കാരണങ്ങൾ കൊണ്ടും അവർക്കൊന്നുമായില്ല. പല നാളുകളിലായി രാത്രിയിൽ സുന്ദരിയുടെ വീട്ടുവളപ്പിലെത്തിയ ആ ഏഴ് പേർ ചേർന്ന് അങ്ങനെ ഒരു സംഘമായി.

അവർ വ്യക്തമായ ഒരു പ്രവർത്തനരീതി ഉണ്ടാക്കിയിരുന്നു. സുന്ദരി അവസാനമായി കുളിച്ചത് അവരേഴുപേരുടെയും അറിവ് പ്രകാരം ആറു മാസത്തിലേറെ മുൻപാണ്. വർഷത്തിൽ ഒരു തവണയെങ്കിലും കുളിക്കും എന്ന കണക്ക് വെച്ച് നോക്കിയാൽ അടുത്ത ആറ് മാസത്തിനുള്ളിൽ അവളുടെ കുളിയുണ്ടാകും. അത്രയും നാളും, മുടങ്ങാതെ അവിടെ കാത്തിരിക്കാൻ അവർ തീരുമാനിച്ചു. രാത്രി കാത്തിരുന്നിട്ട് പുലർച്ചെ അവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാം. സുന്ദരി പാതിരാത്രിയേ കുളിക്കാനിറങ്ങുകയുള്ളൂ. അതേവർക്കുമറിയാവുന്നതാണ്. സന്ധ്യയോടെ വീണ്ടും സ്ഥലത്തെത്തണം. രാത്രി ഒരിറുക്ക് കണ്ണടയ്ക്കാൻ പാടില്ല, ഒരാളും. എപ്പോൾ വെളിപ്പെട്ടാലും ഒരു നൊടി കൊണ്ട് തെളിവെടുപ്പ് നടത്താൻ പാകത്തിൽ ഓരോ അടയാളവും നോക്കാൻ ഓരോരുത്തരായി ചുമതലയേറ്റു. അടയാളങ്ങളെല്ലാം ഏഴാൾക്കും കാണാപ്പാഠമായിരുന്നു. 

രാത്രി അങ്ങോളമിങ്ങോളം ഉറക്കമൊഴിക്കുന്നതു കൊണ്ട് പകൽ പണിക്ക് പോകാൻ പറ്റാതായിട്ടും, ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയിട്ടുമൊന്നും അവർ പിൻ വാങ്ങിയില്ല; ക്ഷമയോടെ കാത്തിരുന്നു.

സുന്ദരിയുടെ വീടിന് പടിഞ്ഞാറേ വശത്ത് അൽപം ഉയർന്ന ഭാഗത്താണ് കിണർ. കിണറിനു ചുറ്റും വിസ്താരത്തിൽ ആളോടിയും കെട്ടിയിട്ടുണ്ട്. നാടൊട്ടുക്കുള്ള ചെറുപ്പക്കാരുടെ അറിവ് വെച്ച് ആ തുറസ്സിൽ നിന്നാണ് അവൾ കുളിക്കുക, ദേഹത്തൊരു മറയുമില്ലാതെ. കിണറിന്റെ ഭാഗം കഴിഞ്ഞാൽ അല്പം താഴ്ന്ന് നിരപ്പുള്ള തറയാണ്. അവിടെ കുറേ കാട്ടുചെടികളും ഒരു വരിക്കപ്ലാവും നിൽപ്പുണ്ട്. പ്ലാവിന്റെ മറവിലാണ് ഏഴംഗ സംഘം നിലയുറപ്പിച്ചത്. അവിടെനിന്ന് നോക്കിയാൽ കുളിക്കാൻ നിൽക്കുന്നയാളെ വ്യക്തമായി കാണാം. നിലാവുള്ള ദിവസമാണെങ്കിൽ ഭാഗ്യം തന്നെ. നഷ്ടപ്പെടുന്ന ഉറക്കമോ കാത്തിരിപ്പിന്റെ ക്ഷീണമോ, കിട്ടാൻ പോകുന്ന കാഴ്ചയ്ക്ക് മുന്നിൽ ഒന്നുമല്ലെന്ന ഉറപ്പിൽ അവർ രാത്രികൾ കഴിച്ചു.

രാത്രിയിൽ നഷ്ടപ്പെടുന്ന ഉറക്കം മുഴുവൻ പകൽ ഉറങ്ങിത്തീർത്തതുകൊണ്ട് അവരേഴു പേർക്കും പിന്നെ വീട്ടുകാരുമായോ കൂട്ടുകാരുമായോ ഒന്ന് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. കുടുംബക്കാരും കൂട്ടുകാരുമൊക്കെ കാരണമറിയാതെ കുഴഞ്ഞു. ആരെയും അറിയിക്കാതെയായിരുന്നല്ലോ അവരുടെ രാത്രിവേല. നഷ്ടപ്പെടുന്ന ആരോഗ്യത്തെപ്പറ്റി കുടുംബക്കാർ കുറ്റപ്പെടുത്തിയിട്ടും, പണിക്കിറങ്ങാത്തതു കാരണം അന്നം മുട്ടാൻ തുടങ്ങിയിട്ടും അവരതൊന്നും കാര്യമാക്കിയില്ല. ഏഴുപേരും ദൗത്യത്തിൽ ഉറച്ച് തന്നെ നിന്നു.

രാത്രിവേല ആരംഭിച്ചശേഷം അവർ ശരിക്കും കൂടുതൽ ഉത്തരവാദിത്വമുള്ളവരായി മാറുകയാണ് ചെയ്തത്. ഇരുള് വീഴുന്ന കൃത്യനേരത്തുതന്നെ എല്ലാവരും വരിക്കപ്ലാവിന്റെ ചുവട്ടിലെത്തിച്ചേരും. പുലരും വരെ പ്രതിമ കണക്കെ കണ്ണും തുറന്നിരിക്കും. ജീവിതത്തിൽ അവരേറ്റവും അറിഞ്ഞ് ചെയ്ത പ്രവൃത്തിയായിരുന്നു അത്.

ആ ഇരിപ്പിനിടയിൽ സംഘാംഗങ്ങളിൽ ഒരാൾ മുന്നോട്ട് വെയ്ക്കുകയും മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുകയും ചെയ്ത നിർദ്ദേശപ്രകാരമാണ് കാത്തിരിപ്പിന്റെ മുഷിച്ചിലിന് അയവ് വരുത്താൻ അവരോരോരുത്തരായി കഥകൾ പറയാൻ തുടങ്ങിയത്. കഥയെന്നു പറഞ്ഞാൽ, പ്രത്യേകിച്ചങ്ങനെ തുടക്കമോ ഒടുക്കമോ ഒന്നുമുള്ളതല്ല. അവരവരുടെ നാടുകളിൽ നിന്ന് കേട്ട, കൗതുകം തോന്നിയ ചില കാര്യങ്ങൾ; കേട്ടുകേൾവിയിലൂടെ അവരറിഞ്ഞ ചില ജീവിതങ്ങൾ. 

കാറ്റിന്റെ ഒച്ച പോലും ശല്യമാകുന്ന ആ നിശ്ശബ്ദതയിൽ കഥപറച്ചിലൊക്കെ ഒരു ആഡംബരമായിരുന്നു. അടക്കംപറച്ചിലിന്റെ ആവൃത്തിയിലായിരുന്നു ഓരോരുത്തരുടെയും കഥാസംവേദനം. കണ്ണുകളെല്ലാം ഒരേ കേന്ദ്രത്തിൽ ഉറപ്പിച്ചിരിക്കുമ്പോഴും കഥയിലേക്ക് അവർ തങ്ങളെ പൂർണ്ണമായും നൽകി. എല്ലാവരും അംഗീകരിച്ച, എല്ലാവരും പാലിച്ച ഒരേയൊരു നിബന്ധന മാത്രം- ഒരോ കഥയ്ക്കും കുറഞ്ഞത് ഒരു രാത്രിയുടെ നീളം വേണം. വിശദാംശങ്ങളിൽ ധാരാളികളായതിനാൽ അവർക്കോരോരുത്തർക്കും അതിന് കഴിയുമായിരുന്നു. അങ്ങനെ കഥയുടെ രാത്രികൾ തുടങ്ങി.

ഒന്നാമൻ പറഞ്ഞ കഥ

ളരെ പണ്ട്, പണ്ടെന്ന് പറഞ്ഞാ, അങ്ങ് രാമൂന്റെ കാലത്ത് നടന്ന കഥയാണ്. അന്ന് നാട്ടിലൊരു സുമാരനുണ്ടായിരുന്നു. മന്ത് വന്ന് പെരുത്ത കാലാണവന്. എല്ലാവരും വലിയകാലനെന്നാണ് വിളിക്കുന്നത്. സുമാരൻ സ്വയം വിളിക്കുന്നതും അങ്ങനെ തന്നെ.

വലിയകാലൻ പോകുന്നിടത്തൊന്നും പിന്നെ കുറേ നാളത്തേക്ക് കാലൻ വരില്ലെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിനൊരുപാട് തെളിവുകളുമുണ്ട്. വയസായി, ഇപ്പൊ ജീവൻ പോകുമെന്ന ആൾക്കാരുള്ള സ്ഥലത്തൂടെ സുമാരനൊന്ന് പോയി നോക്കട്ടെ. പിന്നെ കുറഞ്ഞത് ഒരു കൊല്ലത്തേക്കെങ്കിലും അവർ ഒന്നും പറ്റാതെ കിടക്കും. വലിയ കാലൻ നിക്കണ നാട്ടിൽ എലിയെക്കൊല്ലാൻ വെഷം വെച്ചാ, വെഷം തിന്ന പെരുച്ചാഴിയെലി മൈലുകൾ കടന്ന് വേറെ ദേശത്ത് പോയിട്ടായിരിക്കും ചാവണത്. 

സുമാരന്റെ ദിവ്യസിദ്ധികളെക്കുറിച്ച് പല അനുഭവങ്ങളും നാട്ടുകാർക്ക് പറയാനുണ്ടായിരുന്നു. ഒരിക്കൽ അടുത്ത നാട്ടിലൊരുത്തൻ മരിക്കാൻ വേണ്ടി കേറിത്തൂങ്ങി. വീട്ടിനകത്തെ കഴുക്കോലിലാണ് കുരുക്കിട്ടത്. അവന്റെ പെണ്ണ് ആടിന് കൊഴയൊടിക്കാൻ വയൽക്കരെ പോയിട്ട് തിരിച്ചുവരുകയാണ്. വീടിനടുത്തെത്തിയതും അതാ മുന്നിൽ വലിയ കാലൻ സുമാരൻ. കാലനുമായി ഒരിരുപ്പുവശമൊക്കെയുള്ളത് കൊണ്ട് സുമാരനെ എല്ലാർക്കും പേടിയും ബഹുമാനവുമൊക്കെയാണ്. അവൾ പെട്ടെന്ന് തലയിലിരുന്ന കെട്ട് തറയിലിട്ട്, ഓടിച്ചെന്ന് കാര്യമന്വേഷിച്ചു. വെള്ളം വേണമെന്ന് പറഞ്ഞു. വെള്ളമെടുക്കാൻ ഓടി അകത്ത് കേറിയതും അവളുടെ കെട്ടിയോനതാ തൂങ്ങി നിൽക്കുന്നു. ഉറക്കെ നിലവിളി കേട്ട് സുമാരൻ അകത്ത് കയറി ഒരു നോട്ടം നോക്കി. എന്നിട്ട് അവളുടെ അരയിൽ തിരുകിയിരുന്ന വാക്കത്തി വലിച്ചൂരി ജനാലപ്പടിയിൽ കയറി കയററുത്ത് താഴെയിട്ടു. കണ്ണ് തള്ളി നുരയൊലിപ്പിച്ച് കിടക്കുന്ന കെട്ടിയോനെ കണ്ട്, ഓടിപ്പോയി വെള്ളമെടുത്തിട്ട് വന്ന പെണ്ണിന്റെ കൈയ്യീന്ന് വെള്ളം തട്ടിപ്പറിച്ച് സുമാരൻ കുടിച്ചു. ‘‘ഇവന് തുള്ളി വെള്ളം കൊടുക്കരുത്. നേരെ രാമങ്കുട്ടി വൈദ്യന്റടുത്തേക്കെടുക്ക്’’, എന്നുമാത്രം പറഞ്ഞിട്ട് സുമാരൻ ഇറങ്ങിപ്പോയി. പറഞ്ഞത് ആയുസിന്റെ കണക്കറിയാവുന്ന ആളായതുകൊണ്ട് അവൾ അതുപോലെ അനുസരിച്ചു. വൈദ്യന്റടുത്ത് ചെന്നപ്പഴല്ലേ രസം. വെള്ളം കൊടുക്കാത്തോണ്ടാ രക്ഷപ്പെട്ടതെന്ന് വൈദ്യൻ. തൂങ്ങിയവരെ കെട്ടറുത്തിട്ടാ വെള്ളം കൊടുക്കാൻ പാടില്ലത്രേ...

അന്യനാടുകളിൽ പോലും കല്യാണമോ മറ്റ് മംഗളകർമങ്ങളോ നടക്കാൻ പോകുന്ന ഏതെങ്കിലും വീട്ടിൽ വയസ്സായ ആൾക്കാരുണ്ടെങ്കിൽ അവിടത്തുകാർ സുമാരനെ ഒരു ദിവസം ആ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കും. അങ്ങനെ താമസിപ്പിച്ചാൽ പിന്നെ കുറേ നാളത്തേക്ക് മരണം നടക്കില്ല. മംഗള കാര്യങ്ങൾ തടസമില്ലാതെ നടക്കും. ചില വീട്ടുകാര് സുമാരനോട് ആ വഴി വരല്ലേന്ന് അപേക്ഷിക്കാനും വരും. കുഴിയിലേക്ക് എടുക്കാറായ കാരണവൻമാരുടെ കാര്യത്തിൽ ഇനിയെങ്കിലും ഒരു തീരുമാനമാക്കാൻ. സുമാരൻ പക്ഷേ, തനിക്ക് തോന്നിയപടി എല്ലായിടത്തും കറങ്ങിക്കൊണ്ടിരുന്നു. രാവിലെ നടക്കാനിറങ്ങിയാൽ വൈകുന്നേരമാകും തിരികെയെത്താൻ. ഓരോ നാളും ഓരോ ദിക്കിലായിരിക്കും യാത്ര. വേറെ പണിക്കൊന്നും പോകില്ല. എപ്പോഴും നടപ്പ് തന്നെ നടപ്പ്. അതു പിന്നെ, അവന്റെ കാര്യം നോക്കാനല്ലല്ലോ, നാട്ടുകാർക്ക് വേണ്ടിയല്ലേ…

സുമാരനുള്ളടത്ത് കാലൻ വരാത്തതിന് ഒരു കാരണമുണ്ട്. അത് മറ്റൊരു കഥയാണ്.

നാടിന്റെ തെക്കേ കോണിൽ പണ്ട് വലിയൊരു ചിറയുണ്ടായിരുന്നു. പെരുഞ്ചിറയെന്നാണ് പേര്. കാലം പോകെ അത് വറ്റി വറ്റി ചെറുതായി. എന്നിട്ടും പേര് അങ്ങനെ തന്നെ നിന്നു. ചിറയ്ക്ക് ചുറ്റും പാറക്കെട്ടുകളാണ്. പാറയിടുക്കിലെ വിടവുകളിൽ മരങ്ങളുണ്ട്. ചീന്തിയെടുത്ത പോലെ പരന്ന ചില പാറയിടുക്കുകളിൽ പല കാലങ്ങളിലായി നാട്ടിലെ ഏറ്റവും വിരുതൻമാർ പെണ്ണുങ്ങളെ കൊണ്ടുപോയി പരിപാടിയും നടത്താറുണ്ടായിരുന്നത്രേ!

കുട്ടിക്കാലം തൊട്ടേ ചിറയുടെ ഓരത്ത് ചെന്നിരുന്ന് പൊത്തയെ പിടിക്കാൻ സുമാരന് നല്ല മിടുക്കാണ്. അത്ര പെട്ടെന്ന് പിടിതരുന്ന മീനല്ല പൊത്ത. എത്ര നേരം ചുണ്ടയിട്ടിരുന്നാലും പൊത്തയെ കുരുക്കാൻ പാടാണ്. ചിലപ്പൊ ഇരയും കൊത്തി അവനങ്ങ് പൊയ്ക്കളയുകയും ചെയ്യും. സുമാരൻ പക്ഷേ, ഈർക്കിൽ ഒരു പ്രത്യേക രീതിയിൽ വളച്ച് കെട്ടി കെണിയാക്കി അവനെ കുരുക്കിയെടുക്കും. 

ഈ സംഭവം നടക്കുന്നത് സുമാരനൊരു ഇരുപത് വയസൊക്കെയുള്ള കാലത്താണ്. ഉച്ചതിരിഞ്ഞൊരു ദിവസം, ചിറയുടെ ഓരത്ത്, പാറക്കെട്ടിന്റെ തണലിൽ ഈർക്കിൽ വളച്ച് പൊത്തയെ പിടിക്കാനിരിക്കുകയായിരുന്നു സുമാരൻ. പൊത്തകളുടെ എണ്ണം കുറഞ്ഞുവരുന്നതു കൊണ്ട് കൂടുതൽ നേരമിരിക്കേണ്ടിവരും. ആ നേരത്ത് മാത്രം സമയം കളയാൻ സുമാരനൊന്ന് മുറുക്കും. അടുത്ത പണയിൽ കയറി ഒരു വെറ്റില നുള്ളും. അടുത്ത് തന്നെ ഒരു കമുകിൽ കയറി പഴുത്ത ഒരടക്കയും പറിക്കും. പൊകലയും ചുണ്ണാമ്പും പാറപ്പൊത്തിലെവിടെയെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ചിലപ്പൊ കൈയ്യിൽ കുറച്ച് കപ്പലണ്ടിയും കാണും. കപ്പലണ്ടി ചേർത്ത് മുറുക്കിയാൽ കൊഴുകൊഴുത്ത ചുവപ്പ് നിറമാകും നാക്കും ചുണ്ടും. മുട്ടിന്മേലെ മുണ്ട് കയറ്റി വെച്ച്, വെള്ളത്തിലിറങ്ങിയിരിപ്പാണ് സുമാരൻ. ഈർക്കിൽ കയറ്റിയ പൊത്തിന്റെ ഭാഗമൊഴിച്ചാൽ ചിറവെള്ളത്തിന് നല്ല തെളിച്ചം. ഇടയ്ക്കൊന്ന് കണ്ണ് വെട്ടിച്ചപ്പോൾ സുമാരൻ പിറകിലൊരു പോത്തിന്റെ നിഴൽ കണ്ടു, വെള്ളത്തിൽ. വെട്ടിത്തിരിഞ്ഞതും നല്ല ഉയരവും തടിയുമുള്ള, ഒത്തയൊരാൾ. അയാളെപ്പൊ വെള്ളത്തിലിറങ്ങിയെന്നോ, തന്റെയടുത്തെത്തിയെന്നോ ഒരു പിടിയും കിട്ടിയില്ല സുമാരന്. വെള്ളത്തിൽ ചെറിയൊരു കലങ്ങൽ പോലുമില്ല.

ഒന്ന് പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് സുമാരൻ ചോദിച്ചു- ‘ആരാണ്…?’
‘ഞാൻ കാലൻ, നീയോ?
‘ഞാൻ വലിയകാലൻ’, സുമാരൻ പറഞ്ഞു.

അത്രയും തന്റേടത്തോടെ തന്നോട് നേർക്കുനേർ സംസാരിക്കുന്ന ഒരുത്തനെ കാലൻ ആദ്യമായിട്ടാ കാണുന്നത്. കാലനുമുണ്ടായി ചെറിയൊരു പരിഭ്രമം. അതിനൊരയവ് വരുത്താൻ കാലൻ പറഞ്ഞു- ‘എനിക്കും താ ഒന്ന് മുറുക്കാൻ.’
‘ഇവിടിപ്പൊ പൊകലയും ചുണ്ണാമ്പുമേയുള്ളൂ. അടയ്ക്ക പറിക്കണം. വെറ്റിലയും നുള്ളണം. കമുകിൽ കേറാൻ പേടിയുണ്ടോ?’ നീളൻ കമുക് കാണിച്ച് സുമാരൻ ചോദിച്ചു.
‘എനിക്ക് പേടിയോ…? നീ വെറ്റില നുള്ള്, ഞാൻ കമുകിൽ കയറാം’, കാലൻ പറഞ്ഞു. 
കാലൻ പാക്കുമായി വന്നു. വെറ്റില നുള്ളി സുമാരനും എത്തി.
നാലും കൂട്ടി കാലൻ മുറുക്കിത്തുടങ്ങി. നല്ല പരുവമായപ്പോൾ സുമാരൻ ഒന്ന് തുപ്പി. കൊഴുത്ത ചോരച്ചുവപ്പ് വെള്ളത്തിലൂടെ ഉരുണ്ടലിഞ്ഞിറങ്ങി. കാലൻ തുപ്പി. ചുവന്നിട്ടില്ല. ചുവപ്പിന്റെ വേര് പോലുമില്ല. കിളിപ്പച്ചനിറം.

സത്യത്തിൽ വെറ്റിലക്ക് പകരം പെരുവലത്തിന്റെ ഇലയായിരുന്നു സുമാരൻ കാലന് കൊടുത്തത്. മുറുക്കി ശീലമില്ലാത്തതു കാരണം കാലനത് മനസിലായതുമില്ല. സുമാരൻ കളിയാക്കിച്ചിരിച്ചു. പറ്റിയ നാണക്കേട് മറയ്ക്കാൻ കാലൻ വീണ്ടും വിഷയം മാറ്റി.

‘ഒരീർക്കിലെടുത്തേ, ഞാനും മീൻ പിടിക്കട്ടെ…
‘ഇത് പൊത്തക്കുഴിയാ, പൊത്തേപ്പിടിച്ച് പരിചയമുണ്ടോ?
‘എനിക്കെന്തിന് പരിചയം…?’, കാലൻ ഈർക്കിൽ വാങ്ങി. പൊത്തിലേക്കിട്ടിളക്കി. എത്ര ഇളക്കിയിട്ടും പൊത്ത കുടുങ്ങിയില്ല. കാലന്റെ കുരുക്കാണെന്ന് മനസിലായിക്കാണണം. സുമാരൻ ഈർക്കിലെടുത്ത് കുരുക്കിട്ട് നിമിഷങ്ങൾ കൊണ്ടൊരു പൊത്തയെ കുരുക്കിയെടുത്ത് കരയിലിട്ടു. വീണ്ടും അതേ ചിരി ചിരിച്ചു.
നാണം കെട്ട് പത്തിമടക്കി കാലൻ വന്ന വഴിക്ക് തിരിച്ച് പോയി. പിന്നെയങ്ങോട്ട് സുമാരനുള്ളിടത്തേക്ക് കാലനങ്ങനെ വരാറില്ല.

ആണ്ടുതോറും വ്രതമെടുത്ത് ഒരു മലയ്ക്ക് പോക്കുണ്ട് സുമാരന്. പോയാൽ നാൽപത്തൊന്ന് കഴിഞ്ഞിട്ടേ തിരിച്ച് മലയിറങ്ങൂ. ആ കാലത്താണ് മൂപ്പരുടെ നാട്ടിലെ വയസായവരൊക്കെ മരിക്കുന്നത്. 

വലിയ കാലനുള്ളിടത്ത് കാലനില്ല എന്നൊരു പഴഞ്ചൊല്ല് തന്നെ നാട്ടിൽ രൂപപ്പെട്ടു വന്നിരുന്നു. സുമാരനെ എവിടെ കണ്ടാലും ആളുകൾ കൈയ്യിലുള്ളതു പോലെ നാണയമോ, ധാന്യമോ, നാളികേരമോ ഒക്കെ കൊടുത്ത് സന്തോഷിപ്പിച്ചു.

ഒരിക്കൽ തെക്ക് നിന്നൊരാൾ വന്നു. സുമാരനെ അയാളുടെ നാട്ടിലേക്ക് കൂട്ടാനാണ്. അസുഖം കൂടിയ ഒരു കാരണവരെ രക്ഷിക്കാൻ. കുറേ കാണിക്കയൊക്കെ കൊടുത്തു. സുമാരൻ മനസ് നിറഞ്ഞ് കൂടെച്ചെന്നു. പോകുന്ന വഴിക്ക് കല്ല് കൊത്തുന്ന തള്ള എതിരേ വരുന്നു. നാട് തോറും നടന്ന് വീടുകളിൽ അരകല്ലും പിള്ളക്കല്ലും കൊത്തിക്കൊടുക്കുന്ന സ്ത്രീയാണ്, ഒരു മുടന്തി. പക്ഷേ, ഏത് നാട്ടിലും അവർ അരിച്ച് കേറിച്ചെല്ലും. കല്ല് കൊത്താൻ ആവശ്യമുള്ളത് കൊണ്ട് എല്ലാവരും മുടന്തിയെ സ്വീകരിക്കുകയും ചെയ്യും. ഏത് നാടും അവർക്ക് സ്വന്തം നാട് തന്നെ. സുമാരനെ കണ്ടതും അവർ അതുവരെ കണ്ടിട്ടില്ലാത്ത പോലെ കണ്ണൊക്കെയുരുട്ടിയൊന്ന് നോക്കി.

‘നീയിന്ന് തെക്കോട്ട് പോവല്ല്…’, തള്ള വഴിതടഞ്ഞു. അവരുടെ ശബ്ദം ചിലമ്പിച്ച് മറ്റാരുടേതോ പോലെ തോന്നിച്ചു.
സുമാരൻ പക്ഷേ, അവരെ കേൾക്കാനൊന്നും നിന്നില്ല. ഉച്ചയോടെ നടന്ന് സ്ഥലത്തെത്തി. ചെന്നപ്പഴോ, രാമങ്കുട്ടി വൈദ്യൻ ജീവൻ പിടിച്ച് നിർത്താൻ പഠിച്ച പണിയൊക്കെ പയറ്റുകയാണ്.

‘ഞാനെത്തീലേ, ഇനി വൈദ്യര് വേണേ വീട്ടിപ്പൊക്കോ, കാലൻ ഓടീട്ടൊണ്ടാവും’, ചെന്ന് കേറിയ പാടെ സുമാരൻ പറഞ്ഞു. 

ഇറങ്ങിപ്പോടാന്ന് അലർച്ച കേട്ട് തിരിഞ്ഞ് നോക്കിയപ്പൊ, അതാ അവിടെയും നിൽക്കുന്നു കല്ല് കൊത്തുന്ന മുടന്തിത്തള്ള, പഴയതുപോലെ കണ്ണും തുറിച്ച്.
‘ഇവരെങ്ങനെ ഇത്ര പെട്ടന്ന് ഇവിടെയെത്തി, പറന്നോ?’ വലിയകാലൻ ചിന്തിച്ചു.
വീടുകാരെന്തായാലും മുടന്തിയെ ആട്ടിയോടിച്ച് വിട്ടു. സുമാരനെ സൽക്കരിച്ചിരുത്തി.

അന്ന് പക്ഷേ, വലിയകാലന് പിഴച്ചു. അവനെ നേരിൽ കണ്ടതും ശരിക്കുള്ള കാലനെ കണ്ടത് പോലെ കാരണവർ പകച്ചു വിയർത്തു. കൺമുന്നിൽ വെച്ചുതന്നെ മരിച്ചു. അത് വലിയ കാലന്റെ പരാജയത്തിന്റെ ആദ്യപടിയായിരുന്നു. ഈ കഥ കല്ല് കൊത്തുകാരി തള്ള തന്നെ നാടുനീളെ, വീടുനീളെ പറഞ്ഞു പരത്തി. ആൾക്കാർക്ക് സുമാരനെ വിലയില്ലാതായി. ആരും അവന് ദക്ഷിണ കൊടുക്കാതായി. അപശകുനമായി കണ്ടും തുടങ്ങി. നാണം കെട്ട് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ സുമാരൻ ഒടുവിൽ വീടിന് പിറകിൽ നിന്ന മുണ്ടപ്ലാവിൽ തൂങ്ങി മരിക്കുകയും ചെയ്തു.

ഓരോ രംഗവും ചിത്രം വരച്ചതു പോലെ വിശദീകരിച്ചും, നേരിൽ കണ്ടതുപോലെ വർണ്ണിച്ചും ഒന്നാമൻ കഥ പറഞ്ഞ് തീർത്തപ്പോൾ നേരം വെളുക്കാൻ തുടങ്ങിയിരുന്നു. കഥ നന്നായെന്ന് ആറുപേരും സമ്മതിച്ചു. പക്ഷേ, ഇതുപോലൊരു കഥ ചില വ്യത്യാസങ്ങളോടെ തങ്ങളുടെ നാട്ടിലും കേട്ടിട്ടുണ്ടെന്ന് അവരോരോരുത്തരും അഭിപ്രായപ്പെടുകയും ചെയ്തു. അനന്തരം അവരവരുടെ നാടുകളിലേക്ക് അവർ പിരിയുകയും, സൂര്യാസ്തമയത്തോടെ, തൽസ്ഥാനത്ത് തിരികെയെത്തുകയും, കഥ പറയാനുള്ള ദൗത്യം ഏറ്റെടുത്ത രണ്ടാമൻ തന്റെ കഥ ആരംഭിക്കുകയും ചെയ്തു.

രണ്ടാമൻ പറഞ്ഞ കഥ

നാട്ടിലെ വലിയ ജന്മിയാണ് മങ്ങാട്ടുവിള കൊച്ചുകുട്ടൻ. കൊച്ചുകുട്ടന്റെ അപ്പൂപ്പന്റെ കാലം തൊട്ടേ വലിയ സ്വത്തൊക്കെയുള്ള കുടുംബമായിരുന്നു. രണ്ട് തലമുറ കുന്നുകൂട്ടിയ സമ്പാദ്യം കൈയ്യിലുണ്ടെങ്കിലും പിശുക്കിന് യാതൊരു കുറവുമില്ലായിരുന്നു കൊച്ചുകുട്ടന്. തൂറിയിട്ടതിലും തപ്പിനോക്കും. അതാണ് സ്വഭാവം. ആർക്കും ഒരു തുട്ട് കൊടുക്കില്ല. ഇരുട്ടുന്ന വരെ പണിയെടുത്താലും ജോലിക്കാർക്ക് അര്ത്തിപ്പൊര്ത്തിയാണ് കൂലി കൊടുക്കുന്നത്. എപ്പോഴും തോട്ടത്തിലും പണയിലുമൊക്കെയായി നോക്കിനടക്കുന്നുണ്ടാവും. കള്ളപ്പണി ചെയ്യാൻ ഒരാളെയും സമ്മതിക്കില്ല. പറമ്പിൽ വീഴുന്ന വെള്ളയ്ക്ക പോലും വെളിയിൽ പോകില്ല. അത്രയ്ക്ക് പേണിയാണ് സമ്പാദിക്കുന്നത്. മുതലിനെ ലാളിക്കുന്നവനാണ് മുതലാളി എന്നാണ് കൊച്ചുകുട്ടന്റെ സ്ഥിരം ചൊല്ല്. അതുകൊണ്ടെന്താ, രണ്ട് തലമുറ ഉണ്ടാക്കിയതിന്റെ ഇരട്ടി കൊച്ചുകുട്ടൻ ഒറ്റയ്ക്കുണ്ടാക്കി. 

സമ്പത്തിന്റെ മേനിയൊന്നും ആളുടെ വേഷത്തിലോ പെരുമാറ്റത്തിലോ ഒന്നുമില്ല. ഒരു തനി നാട്ടുമ്പുറത്തുകാരൻ. നാട്ടിന് പുറത്തൊന്നും അധികം പോകാറില്ല. വീട്ടിലായാലും പുറത്തായാലും അരയ്ക്ക് മേലെ മറച്ച് നടക്കില്ല. ഒരൊറ്റമുണ്ടായിരിക്കും എപ്പഴും വേഷം. മുണ്ട് മടക്കിക്കുത്തി നടക്കാറില്ല. പറമ്പിൽ പണിക്കാർക്കൊപ്പം അധ്വാനിക്കുമ്പോഴും മുണ്ടങ്ങനെ താഴ്ത്തിയിട്ടേക്കും. പണ്ട് തൊട്ടേയുള്ള ശീലം. 

ഇതൊക്കെയാണെങ്കിലും കൊച്ചുകുട്ടൻ ആളൊരു കുറുക്കനാണ്. ഭാര്യയും മക്കളുമൊക്കെയുണ്ടെങ്കിലും ഏത് പെണ്ണിനെക്കണ്ടാലും മണപ്പിച്ച് പിറകേ ചെല്ലും. പണിക്കാരി പെണ്ണുങ്ങളെ ആരെയെങ്കിലും ഒതുക്കത്തിൽ കിട്ടിയാൽ തഞ്ചം പറഞ്ഞ് കൂടെക്കൂടും. വെറുപ്പിക്കാൻ വയ്യാഞ്ഞിട്ട് പെണ്ണുങ്ങളും തരത്തിന് നിൽക്കും. വാഴപ്പണയിലെ മറവിലേക്കോ കുറ്റിക്കാട്ടിലേക്കോ കൊണ്ട് പോയി ചുറ്റുമൊന്ന് നോക്കിയിട്ട് കൊച്ചുകുട്ടൻ കൽപിക്കും, ‘പൊക്ക്, പൊക്ക്..’ അവർ മുണ്ടും പൊക്കി കുനിഞ്ഞ് നിന്ന് കൊടുക്കണം. കൊച്ചുകുട്ടനും അപ്പോൾ മുണ്ടൊന്ന് പൊക്കും. ആ വേളകളിൽ, ആ പെണ്ണുങ്ങൾ മാത്രമായിരിക്കും കൊച്ചുകുട്ടന്റെ കാലുകൾ കണ്ടിട്ടുള്ളത്, അതും തലകീഴായിട്ട്.

ഇരുചെവിയറിയാതെ നടത്തിയിരുന്ന പരിപാടിയായിരുന്നെങ്കിലും ഒരിക്കലിത് നാട്ടുകാരറിഞ്ഞു. അവിടെയൊരു കല്ല് കൊത്തുകാരി മൂപ്പത്തിയുണ്ടായിരുന്നു. ആദ്യം പറഞ്ഞ കഥയിലെ തള്ളയല്ല. അതങ്ങ് പണ്ടല്ലേ. അതുമല്ല, ഇവർക്ക് മുടന്തൊന്നുമില്ലായിരുന്നു. എലുമ്പിത്തള്ളയെന്നാ എല്ലാവരും വിളിക്കുന്നത്. മെലിഞ്ഞ്, എല്ലും തോലുമായ രൂപമാണവർക്ക്. എന്നാലോ, എന്തിനും എവിടെയും അവരുണ്ടാവുകയും ചെയ്യും. അവരാ ഇതെങ്ങനെയോ കണ്ട് പിടിച്ചത്. അവര് വീട് തോറും കേറിയിറങ്ങണതല്ലേ. നാട് നീളെ അവരത് പറഞ്ഞ് നടന്നു. ഒന്ന് നോക്കണേ, കുനിഞ്ഞുനിന്ന് കൊടുത്ത പെണ്ണുങ്ങക്കില്ലാത്ത പരാതിയാ ഇവർക്ക്. അങ്ങനെ കൊച്ചുകുട്ടനെ നാട്ടുകാരെല്ലാം പൊക്കൻ കൊച്ചുകുട്ടനെന്ന് വിളിക്കാൻ തുടങ്ങി. നേരിട്ട് വിളിക്കാനുള്ള ധൈര്യമൊന്നും ഒരുത്തനും ഇല്ലായിരുന്നു കേട്ടോ.

ഒരിക്കൽ എല്ലുന്തിത്തള്ളയും കൊച്ചുകുട്ടന്റെ കൈയ്യിൽ വന്ന് ചാടി. -വിഷയം ജനിപ്പിച്ച താൽപര്യം കൊണ്ടാവണം, ഇവിടെയെത്തിയപ്പോൾ ആറ് കേൾവിക്കാരും കൂടുതൽ ശ്രദ്ധ കൊടുക്കുകയും വിശദമായി പറയാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ രണ്ടാമൻ ആവേശത്തോടെ തുടർന്നു- അന്ന് പക്ഷേ എന്തോ ഭാഗ്യം കൊണ്ട് അവര് രക്ഷപ്പെട്ടു. നിന്നെ ഞാനെടുത്തോളാമെന്ന് പറഞ്ഞിട്ടാ കൊച്ചുകുട്ടൻ പോയത്. മോഹഭംഗം വന്ന കേൾവിക്കാരെ പ്രീതിപ്പെടുത്താൻ കൊച്ചുകുട്ടന്റെ മറ്റു ചില ക്രിയകൾ വിസ്തരിച്ചു തന്നെ അയാൾ പറഞ്ഞു.

തോട്ടത്തിലെ പണിക്കാർക്കൊക്കെ ആരോഗ്യത്തിനും ദേഹപുഷ്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മരുന്നുകൾ കൊടുത്തിരുന്നു കൊച്ചുകുട്ടൻ. ആഴ്ചതോറും ഓരോ കുപ്പി മരുന്ന് പണിക്കാർക്ക് കൊടുക്കും. അതിന് കൊച്ചുകുട്ടൻ പണമൊന്നും വാങ്ങാറില്ല. കൂലിയിൽ കുറവും വരുത്തില്ല. പണിക്കാരുടെ ആരോഗ്യത്തിലൊക്കെ അത്രയ്ക്ക് ശ്രദ്ധയുണ്ടായിരുന്നു മൂപ്പർക്ക്. പിന്നെ, പണിക്കാർക്ക് നല്ല ആരോഗ്യമുണ്ടാവുമ്പൊ അത്രയ്ക്കും വിളവും കൂടും. അതും ശരി തന്നെ. പക്ഷേ, ഇത്രയും സൻമനസുള്ള മുതലാളിമാരൊന്നും അക്കാലത്ത് ഇല്ലായിരുന്നു. എന്ത് കാര്യത്തിനും കുണ്ടണി പറഞ്ഞുണ്ടാക്കുന്ന എല്ലുന്തിത്തള്ള ഇതിനെക്കുറിച്ചും ഇല്ലാവചനം പറഞ്ഞ് നടന്നു. കൊച്ചുകുട്ടൻ പണിക്കാർക്ക് കൊടുക്കുന്നത് ആണത്വം പോകാനുള്ള മരുന്നാണത്രേ. അങ്ങനെ അവർക്ക് ശേഷിയില്ലാതെ വരുമ്പൊ അവരുടെ പെണ്ണുങ്ങളെ മുഴുവൻ കൊച്ചുകുട്ടന് തോട്ടത്തിൽ കൊണ്ടുപോയി കുനിച്ച് നിർത്താനാണത്രേ.

കൊച്ചുകുട്ടൻ അതൊന്നും അത്ര ഗൗനിച്ചില്ല. കൊച്ചുകുട്ടന് സ്ഥിരമായി പെണ്ണുങ്ങളെ കിട്ടാറുണ്ടായിരുന്നു താനും. പെണ്ണുങ്ങളെ ആകർഷിക്കുന്ന ഒരു മന്ത്രം ജപിച്ച ഉടുക്ക് അരയിൽ കെട്ടിയായിരുന്നത്രേ മൂപ്പരുടെ നടപ്പ്. അതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. തന്റെ തോട്ടത്തിലെ ഒരു പണിക്കാരന്റെ ഭാര്യയെ കുറച്ച് നാളായി കൊച്ചുകുട്ടൻ നോട്ടമിട്ടിരുന്നു. ആയിടെയായിരുന്നു അവരുടെ കല്യാണം കഴിഞ്ഞ് അവൾ നാട്ടിൽ വന്നത്. കൊച്ചുകുട്ടന്റെ ശീലമൊക്കെ മറ്റ് പെണ്ണുങ്ങൾ പറഞ്ഞ കഥകളിൽനിന്ന് അവളും കേട്ടിട്ടുണ്ടാവണം. എന്തായാലും കൊച്ചുകുട്ടന്റെ തോട്ടത്തിൽ പണിക്ക് പോകാൻ അവൾ തയ്യാറായില്ല. പിന്നെ കൊച്ചുകുട്ടൻ അവളുടെ വീട്ടിലേക്ക് പോയി ലോഹ്യം കൂടാൻ നോക്കി. എന്നിട്ടും സംഗതിയൊന്നും നടന്നില്ല. അവളുടെ കെട്ടിയോന് ദിവസമൊരുനേരം എന്ന കണക്കിന് മരുന്ന് കൊടുത്ത് അവനുമായി അടുപ്പമുണ്ടാക്കാനും നോക്കി. എന്നിട്ടും പെണ്ണ് വഴങ്ങിയില്ല. ആളില്ലാത്ത നേരത്ത് വീട്ടിൽ ചെന്ന് കേറിയതിന് ഒരു തവണ വെട്ടുകത്തിയെടുത്ത് ഓടിക്കുകയും ചെയ്തു.

കുറച്ചുനാൾ കഴിഞ്ഞിട്ടാ നാട്ടുകാരൊക്കെ സത്യമറിയുന്നത്. ആ പെണ്ണിനൊരു രഹസ്യക്കാരനുണ്ടായിരുന്നു. അവളുടെ സ്വദേശത്തുള്ള ഒരു ചെറുപ്പക്കാരൻ. രണ്ടുപേരും തമ്മിൽ വർഷങ്ങളായുള്ള ബന്ധമായിരുന്നു. അവൾ നാട്ടിലേക്ക് കല്യാണം കഴിച്ച് വന്നതിന്റെ പിറ്റേന്ന് തന്നെ അവനും ഒളിച്ചും പാത്തും നാട്ടിലെത്തി. അവൾ അവനെ വീട്ടിനകത്ത് തന്നെ ഒളിപ്പിച്ചു. കെട്ടിയവൻ പോലും അറിയാതെ അവർ രണ്ടാളും വീടിനകത്ത് ഒളിസേവ വെച്ച് നടത്തുകയായിരുന്നു. കൊച്ചുകുട്ടന്റെ സ്ഥിരമായ നിരീക്ഷണം കൊണ്ട് ഈ കള്ളമൊക്കെ വെളിച്ചത്തായി. അവളുടെ കെട്ടിയവനെ കൊച്ചുകുട്ടൻ തന്നെ നട്ടുച്ചയ്ക്ക് അവന്റെ വീട്ടിലേക്ക് കൊണ്ട് പോയി തെളിവ് സഹിതം കാണിച്ച് കൊടുത്തു. നാടിന് കളങ്കമുണ്ടാക്കിയ പെണ്ണിനെയും അവളുടെ കള്ളക്കാമുകനെയും അപ്പോൾ തന്നെ കൊച്ചുകുട്ടന്റെ കല്ലൻ പണിക്കാർ തച്ച് കൊന്നു. രണ്ടാളെയും പുരയ്ക്കകത്ത് തന്നെ കുഴികുത്തി മൂടി. അപമാനഭാരം കാരണം അവളുടെ കെട്ടിയവൻ വീടിന് തീകൊളുത്തിയിട്ട് ഒളിച്ചോടി പോവുകയും ചെയ്തു.

അപ്പോഴും ആ എലുമ്പിത്തള്ള സ്വയം മെനഞ്ഞെടുത്ത കുറേ കഥകൾ പറഞ്ഞുണ്ടാക്കി. ആ പെണ്ണിന് കാമുകനൊന്നും ഉണ്ടായിരുന്നില്ലെന്നും, അവളെയും അവളുടെ ഭർത്താവിനെയും കൊന്ന് കുഴിച്ചിട്ടശേഷം കൊച്ചുകുട്ടനും കിങ്കരൻമാരും ചേർന്ന് വീടിന് തീകൊളുത്തിയതാണെന്നുമൊക്കെ അവർ നാടുനീളെ വിസ്തരിച്ചു. കാമുകൻ ചെറുപ്പക്കാരനെ നാടുകാരൊന്നും നേരിൽ കാണാത്തത് കൊണ്ട് ചിലരൊക്കെ ആ കള്ളക്കഥ വിശ്വസിക്കുകയും ചെയ്തു. കൊച്ചുകുട്ടന്റെ ഭാര്യയ്ക്കും മക്കൾക്കും പോലും ചില സംശയങ്ങൾ വന്ന് തുടങ്ങി. അതോടെ കൊച്ചുകുട്ടൻ ചെറുതായൊന്നൊതുങ്ങി. അപവാദം പറയുന്നവരുടെ വായടയ്ക്കാൻ ആർക്കും കഴിയില്ലല്ലോ. ഇതിനൊക്കെ കാരണക്കാരിയായ എലുമ്പിത്തള്ളയെ എങ്ങനെയും വകവരുത്താൻ കിങ്കരൻമാരെ ചട്ടം കെട്ടുകയും ചെയ്തു.

എല്ലുന്തി മൂപ്പത്തി, പക്ഷേ അവിടം കൊണ്ടും നിർത്തിയില്ല. കൊച്ചുകുട്ടന്റെ മറ്റൊരു രഹസ്യം കൂടി അവർ നാടു മുഴുവൻ അറിയിച്ചു. കൊച്ചുകുട്ടന്റെ ഒരു കാല് മന്തൻകാലായിരുന്നു, തടിച്ച് വീർത്തിട്ട്. അത് മറച്ച് പിടിക്കാനായിരുന്നു കൊച്ചുകുട്ടൻ എപ്പോഴും മുണ്ട് താഴ്ത്തിയിട്ട് നടന്നത്. മുണ്ട് പൊക്കി കാര്യം നടത്തുന്ന നേരത്ത് കാല് കണ്ട് പേടിക്കുന്ന പെണ്ണുങ്ങളെയൊക്കെ പുറത്ത് മിണ്ടിപ്പോകരുതെന്ന് ചട്ടംകെട്ടിയിരുന്നതുമാണ്.

‘മന്തിന്റ നീര് അവന്റ കാലീ മാത്രോല്ല, സാധനത്തിലും കേറീറ്റൊണ്ട്. നാട്ടില മുഴുവൻ പെണ്ണുങ്ങളേം കിട്ടിയാലും അവന്റ കടി തീരൂല..’, അടങ്ങാത്ത പകയുള്ളതു പോലെ ആ കല്ല് കൊത്തുകാരി പറഞ്ഞു പരത്തി.

കൊച്ചുകുട്ടൻ മുതലാളിക്കും കുടുംബത്തിനും അത് വലിയ ക്ഷീണമായി. പിന്നെ കൊച്ചുകുട്ടൻ വീട്ടിനകത്ത് തന്നെയായി പൊറുതി. സ്വത്തും കൃഷിയുമൊക്കെ മകൻ ആവുമ്പോലെ നോക്കി നടത്തി. 

അപ്പോഴും കല്ല് കൊത്തുകാരി അയാളെ വെറുതെ വിട്ടില്ല. കൊച്ചുകുട്ടനിപ്പൊ വീട്ടിനകത്ത് സ്വന്തം മോളുമായിട്ടാ ഏർപ്പാടെന്ന് പലരോടും അവര് ചെന്ന് പറഞ്ഞു. അവർക്ക് ആരുടേം അടുക്കള വരെ കേറിച്ചെല്ലാല്ലോ. അവര് പറഞ്ഞാൽ ആരും വിശ്വസിക്കേം ചെയ്യും. 

മനസ്താപം കേറി ഉള്ള് ചത്തതിനുശേഷമാ കൊച്ചുകുട്ടൻ മരിച്ചത്.
‘ആ എല്ലുന്തിത്തള്ള കുണ്ടണി പറഞ്ഞ് നാടുമൊത്തോം പറന്ന് നടക്കേല്ലേ.. എനിക്കാവതൊണ്ടായിര്ന്നേ അവര ചെറവ് ഞാങ്കണ്ടിച്ചേനെ..’, മരണപ്പെടപ്പിലും കൊച്ചുകുട്ടൻ പറഞ്ഞു. കൊച്ചുകുട്ടൻ ചത്ത ശേഷമേ മകളുടെ കല്യാണം നടത്താൻ പറ്റിയോളൂ. മോൻ ചെറുക്കന് അപ്പഴേക്കും സ്വത്തിനോടും പെരേടത്തിനോടുമൊക്കെ മടുപ്പായിപ്പോയി. പതുക്കെപ്പതുക്കെ കുടുംബം ക്ഷയിച്ചു. ജൻമിയെപ്പോലെ ജീവിച്ച കുടുംബം ഇപ്പൊ പാപ്പരിൽ പാപ്പരായി.

കഥയിനിയും ബാക്കിയുണ്ടെന്ന ധാരണയിൽ ഉറ്റുനോക്കിയിരുന്ന ആറു ജോഡി കാതുകളെയും നിരാശപ്പെടുത്തിക്കൊണ്ട് രണ്ടാമൻ പറഞ്ഞ് നിർത്തിയപ്പോൾ ഒരു നിമിഷത്തേക്ക് ആറ് ജോഡി കണ്ണുകൾ കൂടി അയാൾക്ക് നേരെ നീണ്ട ശേഷം വേഗത്തിൽ പഴയ ദിക്കിലേക്ക് തിരിച്ച് പോയി. അപ്പോഴേക്കും പുലർച്ചയുമെത്തി.

ഏതാണ്ടതുപോലൊരാൾ തന്റെ നാട്ടിലുമുണ്ടായിരുന്നെന്ന് പറഞ്ഞു കൊണ്ടാണ് അടുത്ത ദിവസം മൂന്നാമൻ കഥ തുടങ്ങിയത്.

മൂന്നാമൻ പറഞ്ഞ കഥ

‘കാള സുഗുണന്റെ കഥയാണ്. സുഗുണനെക്കുറിച്ച് ഇപ്പോഴും നാട്ടുകാര് പറഞ്ഞ് കൈമാറുന്ന കഥകളിൽ പലതും ഇല്ലാവചനങ്ങളാ. പക്ഷേ അതൊന്നും തെളിയിക്കാൻ സുഗുണനിപ്പൊ ഇല്ലല്ലോ. അതിന്റെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് പരക്കെ കേൾക്കുന്ന കഥ തന്നെ ഞാനും പറയാം. പിന്നെ, എനിക്കറിയാവുന്ന കുറച്ച് സത്യങ്ങളും’, മൂന്നാമൻ ആരംഭിച്ചു.

നാട്ടിൽ മുഴുവൻ കാളക്കച്ചോടം നടത്തുന്നത് സുഗുണനാണ്. കാളയെ മാത്രമല്ല, പശുവിനേം, ആടിനേം ഒക്കെ. നാട്ടിലും അയലത്തുമൊന്നും സുഗുണനറിയാത്ത ഒരു നാൽക്കാലിയുണ്ടാവില്ല. ഇനി അന്യദിക്കിലെങ്ങാനം പുതിയൊരു മാടിനെയാറ്റം കണ്ടാലോ, സുഗുണൻ അവിടെ ഒരിരിപ്പിരിക്കും. നാൽക്കാലിയെ അടിമുടി, മുൻപിൻ ദൃഷ്ടികൊണ്ടളന്ന്, ഇനവും ഗുണവും അറിഞ്ഞേ പോകൂ. തറയിലൊന്ന് കുത്തിയിരുന്നാപ്പിന്നെ എണീക്കാൻ മണിക്കൂറെടുക്കും. കന്നാലിയെ വാങ്ങാനോ അന്വേഷിക്കാനോ മറ്റോ ആരെങ്കിലും വീട്ടിൽ ചെന്നാൽ അവരേം കൊണ്ട് പറമ്പിലേക്കിറങ്ങി വല്ല മരച്ചുവട്ടിലും കുത്തിയൊരിരിപ്പാ. അങ്ങനെയിരുന്നാണ് കാലിയെക്കുറിച്ചുള്ള വിസ്താരം. കൂടെ കേട്ടിരിക്കുന്നവർ മുട്ട് കഴച്ച് കാല് നീട്ടിയിരുന്നും, എണീറ്റ് നിന്നുമൊക്കെയാവും കേൾക്കുക. സുഗുണനപ്പോഴും അതേ ഇരിപ്പ് തന്നെ. കന്നാലിയെ നോക്കിയിരിക്കുന്ന കൂട്ടത്തിൽ ഒന്ന് മറുവശം പോയി നോക്കണമെന്ന് തോന്നിയാലും എണീറ്റ് പോകില്ല. കുത്തിയിരിപ്പിൽത്തന്നെ കാല് നിരക്കി വെച്ച് പോകുന്നതാണ് ശീലം. ഒരിക്കൽ പശുവിനെ കച്ചോടമാക്കാൻ പോയ സുഗുണൻ തിരിച്ച് വീടുവരെ കുത്തിയിരുന്ന് കാല് നിരക്കിവെച്ച് വന്നിട്ടുണ്ടെന്നൊരു കഥയൊക്കെ നാട്ടിലുണ്ട്.

ആ മന്തൻ കാലും മടക്കി എങ്ങനെ ഇങ്ങേരിത്രയും നേരമിരിക്കുന്നതെന്ന് കാണുന്നവരെല്ലാം അന്തംവിടും. സുഗുണന്റെ ഒരു കാല് പെരുംകാലാണ്. കാള ചവിട്ടിയ നീരാണെന്നാ അന്വേഷിക്കുന്നോരോടൊക്കെ പറയുന്നത്. ഒരു വിധപ്പെട്ട നാൽക്കാലികളെയൊക്കെ നോക്കിയ മട്ടിൽ സുഗുണൻ മതിപ്പുവില പറയും. പശുവിന്റെ അകിടും വാലിനടിയിലെ കൊഴുപ്പും തൊട്ട് നോക്കിയിട്ട്, പെറ്റു കഴിഞ്ഞാൽ എത്ര നാഴി പാല് കിട്ടുമെന്ന് വരെ ഗണിച്ചെടുക്കും.

കാലിയെ നോക്കി അളന്ന് ശീലിച്ച കണ്ണ് കൊണ്ടാ സുഗുണൻ മനുഷ്യരേം നോക്കുന്നത്. ആരെ കണ്ടാലും അടിമുടി നോക്കി അളക്കും. പെണ്ണുങ്ങളൊക്കെ ആ നോട്ടം കണ്ടാൽ പേടിക്കും. കാലിക്കച്ചോടത്തിന് അന്യനാടുകളിലൊക്കെ സ്ഥിരമായി പോകുന്നത് കൊണ്ട് ഏതാണ്ടെല്ലാ നാട്ടിലെയും ആണിനെയും പെണ്ണിനെയും സുഗുണനറിയാം. പുതുതായി നാട്ടിലേക്ക് ഏതെങ്കിലും പെണ്ണ് കല്യാണം കഴിഞ്ഞ് വന്നാൽ അവളുടെ പഴഞ്ചരിത്രം മുഴുവൻ സുഗുണൻ മറ്റുള്ളവരോട് വിസ്തരിക്കും. സ്ത്രീകൾ തന്നെയാവും മിക്കവാറും കേൾവിക്കാർ. ഒരു ദൂഷ്യവുമില്ലാത്ത പെണ്ണുങ്ങളുണ്ടാവില്ലല്ലോ. പിന്നെ കഥയ്ക്ക് രസം കിട്ടാൻ കുറച്ചൊക്കെ സുഗുണൻ മെനഞ്ഞുണ്ടാക്കുകയും ചെയ്യും.

ഒരിക്കൽ ഒരു പെണ്ണിനെക്കുറിച്ചന്വേഷിക്കാൻ സുഗുണൻ ദൂരെയൊരു ദേശത്തേക്ക് യാത്ര പോയി. നാട്ടിലെ ഒരു ചെറുപ്പക്കാരന് വന്ന വിവാഹാലോചനയ്ക്കപ്പുറം പെണ്ണിനെക്കുറിച്ചറിയാൻ നിയോഗിച്ചതായിരുന്നു. കാളക്കച്ചോടത്തിനെന്ന് പറഞ്ഞ് അവിടെച്ചെന്ന സുഗുണൻ പെണ്ണിനെക്കുറിച്ചും അവളുടെ ഏഴ് തലമുറയെക്കുറിച്ചുമുള്ള രഹസ്യങ്ങളും ചൂഴ്ന്ന് കണ്ട് പിടിച്ചു. ഉള്ളത്, ഉള്ളത് പോലെ നാട്ടിൽ വന്ന് പറയുകയും ചെയ്തു. സുഗുണനെ അന്വേഷണത്തിന് വിട്ടത് നന്നായെന്ന് ചിന്തിച്ച് അവർ അപ്പൊത്തന്നെ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

സുഗുണൻ തിരികെയെത്തിയതിന് പിറകേ നാട്ടിലേക്ക് ഒരു ഊമത്തള്ള വന്നു. അവർ ആരാണെന്നോ, എവിടെന്ന് വന്നതെന്നോ ആർക്കും അറിയില്ല. അവരോട് സംസാരിക്കാനുള്ള ഭാഷയും ആർക്കും അറിയില്ലായിരുന്നു. വഴിവക്കിൽ ഒരു കുടിൽ കെട്ടി അവർ താമസിച്ചു. വീട് തോറും നടന്ന് കല്ല് കൊത്തി പരുവപ്പെടുത്തലായിരുന്നു ഊമത്തള്ളയുടെ ജോലി. അതുകൊണ്ട് സ്ത്രീകളുമായി വളരെപ്പെട്ടെന്ന് അടുപ്പമാകാൻ അവർക്ക് കഴിഞ്ഞു. അവരുടെ ആംഗ്യഭാഷ നാട്ടിലെ സ്ത്രീകളെല്ലാം പെട്ടെന്ന് പഠിക്കുകയും ചെയ്തു. 

സുഗുണൻ പറയുന്നതൊക്കെ കള്ളമാണെന്നും, മറ്റുള്ളവരുടെ സന്തോഷത്തിൽ അവന് അസൂയയാണെന്നും ഊമത്തള്ള ആംഗ്യത്തിലൂടെ അവതരിപ്പിച്ചു. സ്ത്രീകൾ ആദ്യമതൊന്നും വിശ്വസിച്ചില്ല. 

‘ദൂഷ്യങ്ങളെന്നും ഇല്ലാക്കഥകളെന്നുമൊക്കെ നാട്ടുകാര് വെറുതേ പറയുന്നതാ’, സുഗുണൻ പറയും. ‘സത്യമല്ലാതെ ഒരു വാക്കുപോലും ഞാൻ പറയാറില്ല. കാളക്കച്ചോടത്തിലാണെങ്കിലും നാട്ടുകാര്യത്തിലാണെങ്കിലും നെറി വിട്ടൊരു കളി ഈ സുഗുണനില്ല. കെട്ടിക്കേറി നാട്ടിലേക്ക് വരുന്ന പെണ്ണുങ്ങളിൽ പലതും പെഴകളായിരിക്കും. അതിന്റെയൊക്കെ സത്യാവസ്ഥ കണ്ട് പിടിച്ചിട്ട് തന്നെയായിരിക്കും ഞാൻ മറ്റുള്ളവരെ അറിയിക്കുക. അതിന് വേണ്ടി രാപകലില്ലാതെ ദിവസങ്ങളോളം അലഞ്ഞ് നടന്ന് കതിരും പതിരും തെരഞ്ഞ് പിടിച്ചിട്ട് തന്നെയായിരിക്കും വാർത്ത പുറത്ത് വിടുക. പല പെണ്ണുങ്ങളും അവരെക്കുറിച്ചുള്ള സത്യങ്ങളൊന്നും ഭർത്താക്കൻമാരെയും നാട്ടുകാരെയും അറിയിക്കരുതെന്ന് കരഞ്ഞ് കാല് പിടിച്ചിട്ടുണ്ട്. എനിക്ക് പക്ഷേ, നേരും നെറിവും മറന്നൊരു കളിയില്ല. പെഴച്ച പെണ്ണുങ്ങള് നാട്ടില് നിന്നാ പശൂന്റെ മൊല പോലും വറ്റിപ്പോവുമെന്നാ’.

ഇതൊക്കെയാണെങ്കിലും പെണ്ണുങ്ങൾക്ക് അപ്പോഴും സുഗുണനെ കേട്ടിരിക്കാൻ താൽപര്യമായിരുന്നു. പിന്നെ, പറഞ്ഞ് പടരുന്ന കഥകളിൽ തങ്ങളുടെ ഇല്ലാക്കഥകളും ഉണ്ടെന്നറിഞ്ഞപ്പൊ പെണ്ണുങ്ങളെല്ലാം സുഗുണന്റെ തനിക്കൊണം മനസിലാക്കിത്തുടങ്ങി. അങ്ങനെ കാള സുഗുണൻ പെണ്ണുങ്ങൾക്കിടയിൽ കാലൻ സുഗുണനായി. സത്യം പറഞ്ഞാ, സുഗുണൻ പറഞ്ഞത് പലതും നേര് തന്നെയായിരുന്നു. തങ്ങളുടെ സത്യം പുറത്ത് വരാതിരിക്കാൻ പെണ്ണുങ്ങളൊക്കെ ചേർന്ന് സുഗുണനെയൊരു മോശക്കാരനാക്കി.

അത് മാത്രവുമല്ല, നല്ല പ്രായമൊക്കെ കടന്നെങ്കിലും പെണ്ണ് കെട്ടാത്തതുകൊണ്ടാണ് സുഗുണന്റെ വെകളി പിടിച്ച നോട്ടമെന്നും പെണ്ണുങ്ങൾക്കിടയിൽ ശ്രുതിയുണ്ടായി. സുഗുണന്റെ കുണ്ടണി പറച്ചിൽ കാരണം കുടുംബം പോലും കൈവിടുമെന്നായപ്പോൾ ഊമത്തള്ളയുടെ നേതൃത്വത്തിൽ പെണ്ണുങ്ങളെല്ലാം ഒത്തുചേർന്നൊരു തീരുമാനമെടുത്തു. 

ആയിടെയാണ് സുഗുണനൊരു കല്യാണമൊക്കെ ഒത്തുവന്നത്. പ്രായം കുറേയായെങ്കിലും വീട്ടിലെ നല്ല സ്ഥിതിയൊക്കെ നോക്കി പെണ്ണ് വീട്ടുകാർ സമ്മതിച്ചതാണ്. സുഗുണനെ പൂട്ടാൻ പറ്റിയ സമയമിതാണെന്ന് ഊമത്തള്ള മറ്റ് പെണ്ണുങ്ങളെ പറഞ്ഞ് ധരിപ്പിച്ചു. അങ്ങനെയാണ് അവരാ പദ്ധതി നടപ്പിലാക്കിയത്.

സന്ധ്യാവാക്കിന് ഒരു ദിവസം സുഗുണനെ പെണ്ണൊരുത്തി വീട്ടിലേക്ക് വിളിച്ചുകയറ്റി. ഭർത്താവില്ലെന്ന് ഉറപ്പുവരുത്തി സുഗുണൻ കയറിച്ചെന്നു. ഉടൻ നടക്കാൻ പോകുന്ന വിവാഹത്തിന് മുന്നേ പരിഭ്രമമൊക്കെ ഒന്ന് മാറ്റാമെന്ന് കരുതിയാവണം. എന്തായാലും അവനാ കെണിയിൽ ചെന്ന് ചാടി. കൊയ്ത്തിന് കൊണ്ട് പോണ വാക്കത്തികൊണ്ട് കൃത്യമായിട്ടവന്റെ മൂരിയെ പകുതിക്ക് വെച്ചവള് കണ്ടിച്ച് കളഞ്ഞു. മുറിഞ്ഞ് തൂങ്ങിയത് മുണ്ട് കൊണ്ട് പൊത്തിപ്പിടിച്ച് ഓടിയ സുഗുണൻ അതിന് ശേഷം പിന്നെ നാട്ടിൽ നിന്നില്ല. സുഗുണൻ പെഴപ്പിക്കാൻ വന്നപ്പൊ വാക്കത്തിയെടുത്ത് വീശിയതാണെന്ന് അവള് കള്ളം പറഞ്ഞു. കല്ല് കൊത്തുന്ന തള്ള അത് നാടുനീളെ ആംഗ്യഭാഷയിൽ പറഞ്ഞു.  സംഗതി എല്ലാവരും അറിഞ്ഞ് കല്യാണവും മുടങ്ങി. പിന്നെ നരകമായിരുന്നു സുഗുണന്റെ ജീവിതം. വെട്ട് കൊണ്ടിടത്ത് നിന്ന് പഴുപ്പ് കേറി, ആരും നോക്കാനില്ലാതെ കിടന്ന് പുഴുവിനെപ്പോലെ പിടച്ച് പിടച്ചാ മരിച്ചത്. 

ഏറ്റവും വലിയ കഷ്ടം എന്താണെന്ന് വെച്ചാൽ, അനക്കമില്ലാത്തവണ്ണം കിടപ്പിലാകുന്നത് വരെയും തന്റെ ദുരിതത്തിന് കാരണം ആ ഊമത്തള്ളയാണെന്ന് സുഗുണൻ മനസിലാക്കിയിട്ടില്ലായിരുന്നു. വേദനയിൽ പുളഞ്ഞ് കിടക്കുന്ന നാളുകളിലൊന്നിൽ അവർ സുഗുണനെ കാണാൻ നേരിട്ട് ചെന്നു. പരിചയമുള്ള ഏതൊക്കെയോ മുഖങ്ങളുമായി സാമ്യം തോന്നിയെങ്കിലും, അതിൽ കൃത്യമായി ഏതാണവരെന്ന് തീർച്ചപ്പെടുത്താനായില്ല, സുഗുണന്. കിടന്നകിടപ്പിൽ നരകിക്കുന്ന സുഗുണന്റെ മുന്നിൽ വന്ന് അവർ ആംഗ്യഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. പറഞ്ഞത് മുഴുവൻ തന്നോടുള്ള ശാപവാക്കുകളാണെന്നും, തന്നെക്കുടുക്കിയത് അവരാണെന്നും സുഗുണന് മനസിലായി. അവന്റെ അവസ്ഥ കണ്ട് ഒരു മയിലിനെപ്പോലെ അവർ പീലിവിരിച്ചാടി. എഴുന്നേൽക്കാൻ ആവതുണ്ടായിരുന്നെങ്കിൽ അന്ന് തന്നെ സുഗുണൻ അവരെ തീർത്തേനെ. കാലിക്കച്ചവടത്തിന് സിൽബന്തിയായി ചിലപ്പോഴൊക്കെ കൂടാറുള്ള ഒരു സഹായി സുഗുണനെ പരിചരിക്കാൻ ഇടയ്ക്കിടെ വന്ന് പോകുമായിരുന്നു. അന്നവൻ സുഗുണന്റെ വീട്ടിലേക്ക് വരവേ, വലിയ ചിറകുള്ള ഒരു പക്ഷി ഒച്ചവെച്ച് ചിറകടിച്ച് അവന്റെ തലയ്ക്ക് തൊട്ട് മേലെ കൂടി പറന്ന് പോയത്രേ. ആ പക്ഷിയ്ക്ക് ചിറകുള്ള ഒരു സ്ത്രീയുടെ രൂപമായിരുന്നത്രേ. അത് അവർ തന്നെയായിരിക്കണം, ആ ഊമത്തള്ള.

കാളസുഗുണന്റെ കഥ ആജീവനാന്തം വിസ്തരിക്കാൻ മൂന്ന് രാത്രിയെടുത്തു. സുഗുണന്റെ കൈയ്യിലിരിപ്പത്ര നല്ലതല്ലെങ്കിലും, അയാളോട് ചെയ്തത് വലിയ അനീതിയായിപ്പോയെന്ന് എല്ലാവരും സമ്മതിച്ചു. മൊത്തത്തിൽ കഥ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു.

കാത്തുകാത്തിരുന്ന അവസരം കൈയ്യാളി അടുത്ത രാത്രി നാലാമൻ കഥ പറഞ്ഞ് തുടങ്ങി.

നാലാമൻ പറഞ്ഞ കഥ

നാട്ടിൽ പണ്ടൊരു വസന്തനുണ്ടായിരുന്നു. വസന്തനെപ്പൊഴും ഉറക്കമാ. ഉണരുന്നത് ഉണ്ണാൻ നേരം മാത്രം. വീണ്ടും ഉറങ്ങും. ഒരു പണിക്കും പോകില്ല. വസന്തന് അമ്മ മാത്രമേ ഉള്ളൂ. അവര് നിർബന്ധിച്ച് വിളിച്ചെണീപ്പിച്ചാൽ തിണ്ണയിൽച്ചെന്ന് ചടഞ്ഞ് കൂടി ഇരിക്കും. ഇരിക്കുമ്പഴും നടക്കുമ്പഴുമെല്ലാം മുഖത്ത് ഉറക്കഭാവമാണ്. എല്ലാരും മയക്കം വസന്തനെന്നാണ് വിളിക്കുന്നത്.

ഒരാള് മരിക്കാൻ കിടക്കുകയാണെന്ന് പറഞ്ഞാലും വസന്തന്റെ സഹായം കിട്ടില്ല. ആ സമയം കൂടി ഉറങ്ങാൻ പറ്റുമോന്നേ വസന്തൻ നോക്കു. ആൾക്കാര് ഇരട്ടപ്പേരിട്ട് കളിയാക്കുന്നതിലൊന്നും വസന്തനൊരു നാണക്കേടുമില്ലായിരുന്നു. വസന്തനെ സംബന്ധിച്ചിടത്തോളം, തന്റെ ഉറക്കത്തിന് തക്കതായ കാരണമുണ്ടായിരുന്നു. ഈ ലോകത്തിലെ സർവ്വ സമസ്യകൾക്കും ഉത്തരം കിട്ടുന്നത് ഉറക്കത്തിലാണെന്നാണ് വസന്തൻ പറയുക. നാട്ടിൽ ആരെങ്കിലും മരിച്ചെന്നോ, ഏതെങ്കിലും പെണ്ണ് പെറ്റെന്നോ ഒക്കെ അമ്മ പറയുന്നത് കേട്ടാൽ ഉടൻ വസന്തൻ പറയും, താനത് സ്വപ്നത്തിൽ കണ്ടിരുന്നെന്ന്. പല തവണ ഇങ്ങനെ ആവർത്തിച്ചപ്പോൾ ഒരിക്കൽ അവരൊന്ന് പരീക്ഷിക്കാമെന്നുറച്ചു. അവർ ഒരു പെണ്ണിന്റെ പ്രസവവിവരം അറിയിച്ചു. വസന്തൻ പഴയ പല്ലവി തുടർന്നു. ഉടനേ അവർ കൊച്ചാണോ പെണ്ണോ എന്ന് ചോദിച്ചു. കൃത്യം ഉത്തരം പറഞ്ഞതു കേട്ട് അവർ ഞെട്ടിപ്പോയി. അങ്ങനെയാണെങ്കിൽ ഇനി കാണുന്ന സ്വപ്നങ്ങളൊക്കെ രാവിലെ തന്നോട് പറയണമെന്ന് അമ്മ വസന്തനെ ചട്ടം കെട്ടി. എവിടെ? വസന്തനുണ്ടോ ഇതൊക്കെ ഓർത്ത് പറയുന്നു. ഉറങ്ങിയെണീറ്റ ഉടനേ വീണ്ടും മയങ്ങി വീഴലല്ലേ. അതുമല്ല, ഒരായിരം സ്വപ്നങ്ങളും ദർശനങ്ങളും കാണുന്ന വസന്തൻ ഓരോന്നായി എങ്ങനെ ഓർത്തെടുത്ത് പറയാൻ? ഇടയ്ക്ക് കുറേ നാള് വസന്തനൊരു സ്വാമിയാണെന്നും അനുഗ്രഹം കൊടുക്കുമെന്നൊക്കെ അവന്റെ അമ്മ പറഞ്ഞ് പരത്തി. കുറേ ആളുകളൊക്കെ കാണാൻ വരുകയും ചെയ്തു. അതൊരു ജീവിത മാർഗമാക്കാമെന്നൊക്കെ അവർ കരുതിക്കാണും. പക്ഷേ, അതൊന്നും നടന്നില്ല. പത്ത് നിമിഷം തികച്ച് ഉണർന്നിരിക്കാത്ത വസന്തനെക്കൊണ്ട് എന്ത് കൂട്ടാൻ?

പക്ഷേ, സ്വന്തം അമ്മയ്ക്ക് പോലുമറിയാത്തൊരു ശീലമുണ്ടായിരുന്നു വസന്തന്. പകലൊക്കെ ഉറങ്ങിയും മയങ്ങിയും കഴിക്കുന്ന വസന്തൻ രാത്രിയാവുമ്പൊ എണീക്കും. എന്നിട്ട് വീടുതോറും കയറിയിറങ്ങി ജനാലപ്പടി കയറിയും ഓലയിടുക്ക് മാറ്റിയുമൊക്കെ വീടുകളിൽ നടക്കുന്ന സംഭാഷണങ്ങളും പ്രവൃത്തികളുമൊക്കെ കേട്ടും കണ്ടും നടക്കും. നേരം വെളുക്കും മുന്നേ വീട്ടിലെത്തി ഇറയത്ത് വിരിച്ചിരിക്കുന്ന പായയിൽ കിടന്ന് ഒന്നുമറിയാത്ത പോലെ വീണ്ടും ഉറങ്ങും. 

കുറച്ച് താമസിച്ചാണെങ്കിലും മയക്കത്തിന്റെ ഈ ദിനചര്യ നാട്ടുകാർക്കൊക്കെ മനസിലായിത്തുടങ്ങി. എങ്കിലും, അതിനോടകം അവൻ പലതും കണ്ടിട്ടുണ്ടാകുമെന്നും, കണ്ടിരിക്കാൻ സാദ്ധ്യതയുള്ള പലതും പുറത്തറിയാൻ പാടില്ലാത്തതാണെന്നും തോന്നിയതിനാൽ ആരും അതൊരു പ്രശ്നമാക്കാനൊന്നും പോയില്ല. കാണേണ്ടത് കണ്ടിട്ട് പോകുമെന്നല്ലാതെ മയക്കത്തിനെക്കൊണ്ട് വേറെ ഉപദ്രവമൊന്നുമില്ല. ഒന്നും മോഷണം പോയിട്ടില്ല. കണ്ടത് പറഞ്ഞ് നടക്കില്ല. പകല് പുറത്തിറങ്ങിയാലല്ലേ പറയാൻ പറ്റൂ. പിന്നെ മയങ്ങി മയങ്ങി നടക്കുന്നവൻ ഇതൊന്നും മനസിൽ വെയ്ക്കാൻ പോകുന്നില്ലെന്നും അവരൊക്കെയങ്ങ് സമാധാനിച്ചു.

വസന്തനങ്ങനെ കൂട്ടുകാരൊന്നുമില്ല. വല്ലപ്പോഴും പുറത്തിറങ്ങിയാലും ഒറ്റയ്ക്ക് തന്നെയാകും വരവും പോക്കും. അങ്ങനെയിരിക്കെയാണ് നാട്ടിൽ കല്യാണം കഴിഞ്ഞൊരു പുതുപ്പെണ്ണ് വന്നത്. കല്യാണപ്പെണ്ണ് വന്ന് കയറിയതിന്റന്ന് രാത്രി കല്യാണച്ചെറുക്കന്റെ അമ്മ മരിച്ചു. അറിഞ്ഞ് വന്നവരൊക്കെ ലക്ഷണം കെട്ട മുഖത്തോടെ പുതിയ പെണ്ണിനെ നോക്കി. അവളുടെ എരണക്കേടാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പിറുപിറുത്തു. പിന്നെ, മരിച്ചയാളിന്റെ കഴുത്തിൽ രക്തം ചത്ത പാടും മറ്റുമൊക്കെ കണ്ടിട്ടാണ് വൈദ്യരെ വിളിപ്പിച്ചത്. വൈദ്യന് വശപ്പിശക് തോന്നിയിട്ട് ആശുപത്രിയിലോട്ട് വിടാൻ പറഞ്ഞു. ഡോക്ടറ് വിശദമായിട്ടൊക്കെ നോക്കീട്ട് പറയുകയാ, സംഗതി കൊലപാതകമാണെന്ന്.

ആരോ ശ്വാസം മുട്ടിച്ച് കൊന്നതാ. അതിനിടയിൽ മറ്റൊരു കാര്യം കൂടി അറിഞ്ഞു. കല്യാണപ്പെണ്ണിന്റെ സ്വർണ്ണം മുഴുവൻ മോഷണം പോയി. രാത്രി സ്വർണ്ണമൊക്കെ ഊരി പെണ്ണ് അമ്മായിത്തള്ളയെ ഏൽപ്പിച്ചതാണ്. നാട്ടുകാരും വീട്ടുകാരുമൊക്കെ പരസ്പരം സംശയിക്കാൻ തുടങ്ങി. വീടും വഴിയുമൊക്കെ കൃത്യമായി അറിയുന്നയാള് തന്നെയായിരിക്കുമല്ലോ.

രാത്രി വീട്ടിന് പുറത്തെ മറപ്പുരയിൽ പോയി തിരിച്ച് വന്നപ്പോഴാണ് മരിച്ച് കിടക്കുന്ന അമ്മായിത്തള്ളയെ മരുമകൾ കണ്ടത്. ചെറുക്കൻ അന്നേരം കൂട്ടുകെട്ടുമായി സെറ്റ് കൂടി പുറത്തിരിക്കുകയായിരുന്നു. മറപ്പുരയിൽ നിന്നിറങ്ങി വരുന്നതിനിടയ്ക്ക് ഒരാൾ ഇരുട്ടത്തൂടെ ഓടി മറയുന്നത് കണ്ടതാണെന്നും അയാളുടെ ഒരു കാൽ വലുതായിരുന്നെന്നും അവൾ തറപ്പിച്ച് പറഞ്ഞു. കാലിനെക്കുറിച്ചുള്ള വിവരണം കേട്ടതോടെ നാട്ടുകാരും അയൽക്കാരുമൊക്കെ പതുക്കെ പിൻമാറാൻ തുടങ്ങി. പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ, നമ്മളെന്ത് ചെയ്യാൻ എന്നായി എല്ലാവരും. 

പോലീസ് പലവഴിക്ക് അന്വേഷിച്ചിട്ടും ആളെ കിട്ടാതായപ്പോൾ അവർക്കും കേസിൽ താൽപര്യം പോയ മട്ടായി. ആളുകൾ അതോടെ പോലീസിന് നേരെ തിരിഞ്ഞു. സമരമൊക്കെ തുടങ്ങി. പരക്കെ അന്വേഷിച്ചിട്ടും വലിയ കാലുള്ള ആളെ പോലീസിന് കിട്ടിയില്ല. ഇനിയെന്ത് ചെയ്യുമെന്നായി എല്ലാരും.

ദൂരെ ദേശത്ത് നിന്നൊരു കിളവി ഇടയ്ക്കിടെ നാട്ടിൽ വരുമായിരുന്നു. വീടുകളിൽ ചെന്ന് അരകല്ല് കൊത്തിക്കൊടുക്കലാണ് ജോലി. കണ്ടാൽത്തന്നെ അറപ്പ് തോന്നുന്ന രൂപമായിരുന്നു അവർക്ക്. ദേഹം മുഴുവൻ പൊറ്റ പിടിച്ച് ഒരു വൃത്തികെട്ട പക്ഷിയെപ്പോലെയുണ്ടായിരുന്നു അവരെക്കാണാൻ. സാധാരണ അവരെയാരും അടുപ്പിക്കാറില്ല. കല്ല് കൊത്താൻ വീട്ടിൽ കയറ്റിയാൽത്തന്നെ പണി കഴിഞ്ഞ് പോയ ഉടനേ അമ്മിക്കല്ലും, അവർ ഇരുന്നയിടവുമൊക്കെ വൃത്തിയാക്കേണ്ടി വരും. അവര് പെരുമാറിയ ഇടത്തൊക്കെ പക്ഷിത്തൂവൽ വലുപ്പത്തിൽ ചെതുമ്പലും പൊടിയും പറന്ന് നടപ്പുണ്ടാവും.  ആയിടയ്ക്ക് ഒരു ദിവസം അവര് കല്ല് കൊത്താൻ നാട്ടിൽ വന്നു. 

നാലാള് കൂടുന്നിടത്തൊക്കെ പോലീസ് കേസിന്റെ വർത്തമാനങ്ങളാണ്. ആരോടൊക്കെയോ കുത്തിക്കുത്തി എല്ലാം ചോദിച്ചിട്ട്, കിളവി കവലയിൽ, പോലീസിന്റെ മുമ്പിൽ ചെന്ന് നിന്ന് വിളിച്ച് പറഞ്ഞു- ‘കൊന്നത് പെരുങ്കാലനാണെങ്കിൽ അതാ മയക്കം വസന്തൻ തന്നെ. അവനല്ലാതെ ഇവിടെയാർക്കാ പെരുങ്കാല്! ആ മന്തന് പണിയെടുക്കാതെ തിന്നും ഒറങ്ങീം കഴിയാനായിട്ട് സ്വർണ്ണം മോട്ടിച്ചതായിരിക്കും. പിന്നെ നാട്ടുകാരുടെ മുഴുവൻ രാത്രിപ്പണികളും അവനറിയാവുന്നോണ്ട് ആരും അവന്റെ പേര് പറയാത്തതാണ്. അല്ലാതെ പെരുങ്കാലനെ ഇവിടത്ത്കാർക്ക് അറിയാഞ്ഞിട്ടാ..?’

കിളവി പറഞ്ഞത് ശരിയായിരുന്നു. വസന്തന്റെ പേര് പോലീസിനോട് പറയാൻ എല്ലാവർക്കും പേടിയായിരുന്നു. അവരുടെ രഹസ്യങ്ങളെന്തെങ്കിലും അവൻ പകൽവെട്ടത്ത് വിളിച്ച് പറഞ്ഞാലോ? എല്ലാർക്കും അവരവരുടെ രാത്രി രഹസ്യങ്ങളുണ്ടായിരുന്നു, അതെല്ലാം വസന്തൻ കണ്ടിട്ടുണ്ടാകുമെന്ന പേടിയും. പോലീസിനെതിരെ സമരം ചെയ്യുമ്പോഴും, ആരെങ്കിലും വസന്തന്റെ പേരൊന്ന് പറഞ്ഞിരുന്നെങ്കിലെന്ന് എല്ലാരും ആശിച്ചു. എല്ലാർക്കും പേടി.

വസന്തന്റെ വീട്ടിൽ തെരഞ്ഞപ്പോൾ പണ്ടം മുഴുവനും കിട്ടി. ഉറങ്ങിക്കിടന്ന വസന്തനെ ചവിട്ടിയുണർത്തി പോലീസ് കൊണ്ടുപോയി. വിലങ്ങ് കെട്ടി കൊണ്ട് പോകുമ്പൊഴും നാട്ടുകാരാരും വസന്തനെ കാണാൻ പുറത്തേക്കിറങ്ങിയില്ല. ഇനി അവരാണ് ഒറ്റിയതെന്ന് കരുതി എന്തെങ്കിലും വിളിച്ച് പറഞ്ഞാലോ? പക്ഷേ കല്ലുകൊത്തുന്ന കിളവി അവനെത്തന്നെ നോക്കി നിന്നു.

‘ഞാനിങ്ങനെ നാടുനീളെ പറന്ന് നടക്കാനൊള്ളപ്പൊ, പണ്ടോം പൂത്തിവെച്ച് തിന്നൊറങ്ങിയിരിക്കാമെന്ന് നിരീക്കണ്ടടാ’ന്നൊരു പറച്ചിലും. വസന്തൻ പിന്നെ തിരിച്ച് വന്നിട്ടില്ല. ജയിലിൽക്കിടന്ന് ഉറങ്ങിയുറങ്ങിയങ്ങ് മരിച്ചു.

വസന്തന്റെ കഥ പറഞ്ഞ് തീർക്കുന്നത് ഒരു പാതിരാത്രിയായിരുന്നു. സമയം പിന്നെയും നീണ്ട് കിടക്കുന്നതുകൊണ്ട് അഞ്ചാമൻ അന്ന് തന്നെ കഥ ആരംഭിച്ചു.

അഞ്ചാമൻ പറഞ്ഞ കഥ

കുട്ടൻ വൈദ്യരുടെ കുടുംബം തലമുറകളായി പേരെടുത്ത വൈദ്യൻമാരാണ്. വീട്ട് പേര് തന്നെ വൈദ്യര് വീടെന്നാണ്. ഏത് രോഗത്തിനും ചികിത്സയുണ്ടെങ്കിലും വിഷചികിത്‌സയ്ക്കാണ് മുന്നിൽ. പാമ്പോ, വിഷജന്തുക്കളോ കടിച്ചതോ, വിഷക്കല്ലിൽ ചവിട്ടിയതോ, മറ്റേത് തരം വിഷബാധയ്ക്കും വൈദ്യര് വീട്ടിലെത്തിച്ചാൽ മതി.

പല വിഷങ്ങൾക്കും മറുമരുന്നെടുക്കാൻ വീട്ടുവളപ്പിൽത്തന്നെ ഒട്ടുമിക്ക വിഷജീവികളെയും പാമ്പുകളെയുമൊക്കെ വളർത്തിയിരുന്നു. പിന്നെ എല്ലാവിധ ഔഷധച്ചെടികളും. വൈദ്യരുടെ തൊടിയിലെ കിണറ്റുവെള്ളത്തിന് പോലും ഔഷധസിദ്ധിയുണ്ടെന്നാണ് നാട്ടുചൊല്ല്. മരുന്ന് ചെടികൾ മാത്രമല്ല, തലമുറകളായി, അപൂർവ്വ ചേരുവകൾ ചേർത്ത് നിർമിച്ച വിഷക്കല്ലുകളുടെ രഹസ്യ ശേഖരവുമുണ്ടായിരുന്നു വൈദ്യര് വീട്ടിൽ. സപ്തവിഷങ്ങളും, വൈദ്യർക്ക് മാത്രം മനസിലാകുന്ന വിഷക്കൂണുകളുമൊക്കെ രഹസ്യമായി വളർത്തുന്നുണ്ടായിരുന്നു.

വൈദ്യർക്കറിയാത്ത മരുന്നുകൂട്ടില്ല. ഓരോ ഔഷധച്ചെടിയും നടാനും വളർത്താനുമൊക്കെ ഓരോ രീതിയുണ്ട്. ചിലതിന് രണ്ടും മൂന്നും നേരം നന വേണം. ചിലതിന് വല്ലപ്പോഴും മതി വെള്ളം. പരാഗണം നടക്കാനുള്ള ദൂരമൊക്കെ കൃത്യമായി നോക്കിയിട്ടായിരിക്കും മരം നടൽ. മരത്തിലെ ആണും പെണ്ണുമൊക്കെ വൈദ്യന് വേഗം തിരിച്ചറിയാം. മരുന്നിന് ഇല പറിക്കണമെങ്കിൽ പോലും മരത്തിനെ പ്രദക്ഷിണം വെച്ച് മന്ത്രം ചൊല്ലി അനുവാദം വാങ്ങിയിട്ടേ വൈദ്യരത് ചെയ്യൂ. എല്ലാം നോക്കി നടത്താൻ വൈദ്യരുടെ കീഴിൽ കുറേ പണിക്കാരുമുണ്ടായിരുന്നു. മരുന്ന് വാറ്റിയെടുക്കാൻ പ്രത്യേക പരിശീലനം ലഭിച്ച വിദേശികളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. മരുന്നിന്റെ അളവിനൊക്കെ കൃത്യമായ കൈക്കണക്കുണ്ട് വൈദ്യന്. ഒരു കഴഞ്ച് മരുന്ന് പൊടി കൈവെള്ളയിലെടുത്താൽ തൂക്കി നോക്കേണ്ടതായി പോലും വരില്ല. കൃത്യം അളവായിരിക്കും.

ആളും അസുഖവും മാത്രമല്ല, രോഗി വരുന്ന സമയവും നിമിത്തവും കൂടി നോക്കിയിട്ടായിരിക്കും വൈദ്യർ ചികിത്സ നടത്തുന്നത്. ചില ദുർന്നിമിത്തങ്ങൾ കണ്ടാൽ വൈദ്യൻ രോഗിയെ കാണാൻ പോലും വരില്ല. ‘അവന്റൊപ്പം കാലനും എത്തിക്കഴിഞ്ഞു, എനിക്കിനി ഒന്നും ചെയ്യാനില്ല’ എന്ന് പറഞ്ഞൊഴിയും. രോഗവിവരം അറിയിക്കാനെത്തുന്ന ദൂതന്റെ ലക്ഷണം പോലും നോക്കും വൈദ്യൻ. മരുന്ന് തയ്യാറാക്കുന്നതിനും, കൊടുക്കുന്നതിനുമൊക്കെ സമയവും പാകവും ഉണ്ട്. അണുകിട തെറ്റിയാൽ ഫലം കുറയുമെന്നാണ് കണക്ക്. എന്തിന്, രോഗിയുടെ ഗ്രഹനില പോലും നോക്കിയിട്ടായിരിക്കും വൈദ്യൻ മരുന്ന് കൊടുക്കുക. മരുന്ന് കാച്ചാൻ വിറകായെടുക്കുന്ന തടി പോലും ഏത് വേണമെന്ന് വൈദ്യൻ കൃത്യമായി പറഞ്ഞ് കൊടുക്കും.

ഓരോ തലമുറയിലും ഒരാൾക്ക് മാത്രമേ ചികിത്സാ ക്രമങ്ങൾ കൈമാറൂ. ചികിത്സ പഠിക്കുന്നതിനൊപ്പം കളരിയും മർമ്മവിദ്യയുമൊക്കെ അഭ്യസിക്കും. വൈദ്യര് വീട്ടിലെ പണ്ടത്തെ കാരണവൻമാർക്ക് കൂടുവിട്ട് കൂടുമാറ്റം വരെ വശമുണ്ടായിരുന്നെന്നാ കേൾവി.

വൈദ്യര് വീട്ടിന് ചില പ്രത്യേക ചികിത്സാ രീതികളൊക്കെയുണ്ടായിരുന്നു. ചികിത്സയ്ക്കായി കൊണ്ടുവരുന്ന രോഗിക്ക് ആദ്യം വെറ്റിലയിൽ ഒരു ലേഹ്യം പുരട്ടി ചവയ്ക്കാൻ കൊടുക്കും. അതിന് എന്ത് രുചി തോന്നുന്നുവോ അതിനനുസരിച്ചായിരിക്കും അസുഖത്തിന്റെ ആദ്യ നിർണ്ണയം നടത്തുക. വിഷമാണെങ്കിൽ സ്ഥാവരമാണോ, ജംഗമമാണോ എന്ന് കണ്ടുപിടിക്കണം, അടുത്തതായി. സ്ഥാവരവിഷത്തിന് ജംഗമവിഷമാണ് മരുന്ന്, തിരിച്ചും. വിഷത്തിന്റേയും മരുന്നിന്റേയും പ്രവർത്തനവും വേഗവുമൊക്കെ പരീക്ഷിച്ചറിയാൻ പ്രത്യേക ചാവേറുകളെപ്പോലും വൈദ്യര് വീട്ടിൽ നിർത്തിയിരുന്നു. ചിലപ്പോൾ നാട്ടുരാജാവ് തന്നെ കുറ്റക്കാരെ മരുന്ന് പരീക്ഷണം നടത്താൻ കൊടുക്കുമായിരുന്നു. ചില രോഗികൾ പുറമേ കൃത്യമായ ലക്ഷണങ്ങളൊന്നും കാണിക്കില്ല. അപ്പോൾ വൈദ്യർ ഒരു മരുന്ന് ചവച്ച് ചെവിയിലും മൂക്കിലും മാറി മാറി ഊതും. അതോടെ അസുഖത്തിന്റെ തനിനിറം പുറത്ത് വരും. രോഗി വെകളി പിടിക്കാൻ തുടങ്ങും. ചിലപ്പോൾ കെട്ടിയിട്ടാവും ബാക്കി ചികിത്സ.

ഉണ്ടാക്കിയിട്ട സ്വത്തിനും ഭൂമിക്കും കണക്കില്ല. രാജകുടുംബവുമായിട്ട് പോലും അടുത്ത ബന്ധമുണ്ടായിരുന്നു. അത് കുട്ടൻ വൈദ്യന്റെ അച്ഛൻ അപ്പു വൈദ്യരുടെ കാലത്താണ്. മഹാരാജാവിന്റെ അനന്തിരവൻ ചെറുക്കന്റെ കണ്ണിൽ ചുണ്ണാമ്പ് തെറിച്ചു. കഴുകിക്കളയാനൊക്കെ നോക്കിയിട്ടും നടന്നില്ല. കണ്ണ് പൊട്ടിപ്പോയെന്ന് തന്നെ എല്ലാരും കരുതി. വീർത്ത് വന്ന കണ്ണ് അപ്പാടെ പൊത്തി തുണി കൊണ്ട് കെട്ടിയാണ് വൈദ്യര് വീട്ടിലെത്തിച്ചത്. 

അപ്പു വൈദ്യൻ കെട്ടഴിച്ച് കണ്ണൊന്ന് നോക്കിയിട്ട് സഹായികളോട് ചില നിർദ്ദേശങ്ങൾ കൊടുത്തു. കുറച്ച് പച്ചമരുന്നുകളൊക്കെ ഒഴിച്ച് വേദനയൊന്ന് മയപ്പെടുത്തി. ഉടനെ ഒരു വലിയ പെട്ടി കൊണ്ടുവന്നു. ഒരാളെ കിടത്താൻ പറ്റുന്നത്ര വലിപ്പമുള്ളത്. അനന്തിരവൻ ചെറുക്കനെ അതിൽ കിടത്തി. ഒരു കാരണവശാലും ഉറങ്ങരുതെന്നൊരു താക്കീതും കൊടുത്തു. പെട്ടെന്ന് ചില ആശാരിപ്പണിയൊക്കെ നടത്തി കിടക്കുന്ന ആളിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് മൂന്നിഞ്ച് മുകളിലായി ചെറിയ തടിക്കഷ്ണങ്ങൾ ഒരിഞ്ച് അകലമിട്ട് നിരത്തി അടിച്ചുറപ്പിച്ചു. അതിന് മുകളിൽ കട്ടിക്ക് കറുകപ്പുല്ലും വിരിച്ചു. കൂടെ വന്നവരോടൊക്കെ പുറത്ത് പോകാൻ പറഞ്ഞിട്ട് അപ്പു വൈദ്യർ പെട്ടി ഒരടപ്പു കൊണ്ട് മൂടി.

ഒരു ദിവസം മുഴുവൻ രോഗി അതിനകത്ത് കിടക്കണം. രാത്രിയിൽ ഇടയ്ക്കിടെ വൈദ്യൻ വന്ന് വടികൊണ്ട് പെട്ടിക്ക് മുകളിൽ ആഞ്ഞടിക്കും. ഉറങ്ങാതിരിക്കാനായിരിക്കും അങ്ങനെ ചെയ്യുന്നതെന്ന് അനന്തിരവൻ ചെറുക്കൻ കരുതി. 

നേരത്തോടുനേരം കഴിഞ്ഞ് പെട്ടി തുറന്ന് പുറത്തിറങ്ങിയപ്പോൾ ആളുടെ കണ്ണൊക്കെ പഴയതു പോലെ. ചുണ്ണാമ്പ് വീണ ലക്ഷണം പോലുമില്ല.

പിന്നെയല്ലേ കാര്യം പറഞ്ഞത്. തടിപ്പെട്ടിയിൽ കറുകപ്പുല്ല് വിരിച്ചതിന്റെ മുകളിൽ ഒരുഗ്രൻ മൂർഖൻ പാമ്പിനെ വിട്ടിരുന്നു. മൂർഖന്റെ നേർപ്പിച്ച വിഷമായിരുന്നു കണ്ണിന് വേണ്ടിയിരുന്ന മറുമരുന്ന്. അത് നേരിട്ടൊഴിക്കാൻ കഴിയാഞ്ഞതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഇടയ്ക്കിടെ മൂർഖൻ വിഷം ചീറ്റാൻ വേണ്ടിയായിരുന്നു വൈദ്യര് തടിപ്പെട്ടിയിൽ അടിച്ചുകൊണ്ടിരുന്നത്. പാമ്പ് താഴേക്കിറങ്ങാത്ത വിധത്തിൽ കറുകപ്പുല്ലിന്റെ കനവും ക്രമീകരിച്ചിരുന്നു. എന്തായാലും ചികിത്സ ഫലിച്ചതോടെ രാജകുടുംബത്തിൽ നിന്ന് ധാരാളം സമ്മാനങ്ങളും വസ്തുവകകളും വൈദ്യർക്ക് കിട്ടി.

എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നെങ്കിലും വൈദ്യര് വീട്ടിന് വലിയൊരു ശാപമുണ്ടായിരുന്നു. കുടുംബാംഗങ്ങൾക്കെല്ലാം ആയുസ്സ് കുറവായിരുന്നു. അകാലത്തിൽ രോഗം വന്നും ദുർമ്മരണപ്പെട്ടുമൊക്കെ കുടുംബത്തിലുള്ളവരെ നഷ്ടപ്പെട്ട് കൊണ്ടിരുന്നു. അഞ്ച് തലമുറ മുൻപ് കുടുംബത്തിലെ ഒരു വൈദ്യൻ കടിച്ച പാമ്പിനെ മന്ത്രം ചൊല്ലി വിളിച്ച് വരുത്തി വിഷമിറക്കിച്ചിട്ടുണ്ട്. പാമ്പ് നടുമുറ്റത്ത് തലതല്ലിച്ചത്തു. അതിന്റെ ശാപമാണിതെന്നാ എല്ലാവരും വിശ്വസിക്കുന്നത്. നാട്ടുകാരുടെ ഭാഗ്യം കൊണ്ടും കുടുംബദൈവങ്ങളുടെ കൃപ കൊണ്ടും കുടുംബത്തിൽ ഓരോ തലമുറയിലും വൈദ്യം ദീക്ഷിച്ചയാൾ മാത്രം ദീർഘായുസ്സായി ജീവിച്ചു. അപ്പുവൈദ്യർ കുടുംബക്കാരുടെ ആയുസ് നീട്ടാൻ പ്രത്യേകം ചില മരുന്നുകളൊക്കെയുണ്ടാക്കി എല്ലാർക്കും കൊടുത്ത് പോന്നു. എന്നാലും വിധിയെ തടുക്കാൻ ആർക്കെങ്കിലും ആകുമോ? ആ തലമുറയിലും ഓരോരുത്തരായി ആളെണ്ണം കുറഞ്ഞ് തന്നെ വന്നു.

കുട്ടൻ വൈദ്യൻ ചികിത്സ ഏറ്റെടുത്ത് തുടങ്ങി അധികം കഴിയും മുന്നേ അപ്പുവൈദ്യർ മരിച്ചു. കുട്ടൻ വൈദ്യന് പിന്നെ ബന്ധുവായി ഒരു സഹോദരി മാത്രം ബാക്കിയായി. അപ്പുവൈദ്യരുടെ കാലത്ത് തന്നെ കല്യാണമൊക്കെ കഴിപ്പിച്ച് വിട്ടതായിരുന്നു. അപ്പുവൈദ്യർ മരിച്ച് ഒരു മാസം തികയും മുന്നേ അവരുടെ ഭർത്താവും മരിച്ചു. വിധവയായ സഹോദരിയെ കുട്ടൻ വൈദ്യൻ വീട്ടിലേക്ക് കൂട്ടി. അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുട്ടൻ വൈദ്യൻ ഏറെ സന്തോഷിച്ചു. കുടുംബത്തിൽ ഇനി ഒച്ചയനക്കമുണ്ടാകുമല്ലോ.

സഹോദരിയെയും പിറക്കാനിരിക്കുന്ന അവളുടെ കുഞ്ഞിനെയും ദീർഘായുസ്സാക്കാൻ കുട്ടൻ വൈദ്യൻ പ്രത്യേകം തയ്യാറാക്കിയ ലേഹ്യമൊക്കെ സേവിപ്പിച്ചു. എന്നാലും അതുകൊണ്ടൊന്നും മെച്ചമുണ്ടായില്ല. വിധിയെ തടുക്കാൻ കഴിയില്ലല്ലോ. വിധവയായി വീട്ടിലേക്ക് വന്നതിന്റെ മൂന്നാം ആഴ്ച സഹോദരിയുടെ ഗർഭം അലസി. ക്ഷീണിച്ച് കിടപ്പിലായ അവളും ഏറെത്താമസിയാതെ മരിച്ചു. കുടുംബം കുറ്റിയറ്റ് പോയെന്ന് കുട്ടൻ വൈദ്യൻ നീറിക്കരഞ്ഞു. 

ഒരു കല്യാണമൊക്കെ കഴിച്ച് കുടുംബം നിലനിർത്തണമെന്ന് അകന്ന ബന്ധുക്കളും നാട്ടുകാരുമൊക്കെ വൈദ്യനെ നിർബന്ധിച്ചു. വൈദ്യനും ഒരർത്ഥസമ്മതത്തിലേക്കെത്തിയതാണ്. കുട്ടൻ വൈദ്യന്റെ ദുരന്തം, പക്ഷേ അവിടെയൊന്നും തീർന്നില്ല. ആരോ പോലീസിൽ കൊണ്ട് പരാതി കൊടുത്തു. പെങ്ങളെയും, വയറ്റിൽ കിടന്ന കുഞ്ഞിനെയും വൈദ്യൻ വിഷം കൊടുത്ത് കൊന്നതാണത്രേ. ദൈവം പൊറുക്കുമോ! കുട്ടൻ വൈദ്യന്റെ കാലമായപ്പോഴേക്കും രാജഭരണമൊക്കെ പോയി പോലീസും കോടതിയുമൊക്കെ വന്നുപോയി. അല്ലെങ്കിൽ കാണാമായിരുന്നു.

എന്നിട്ടെന്താ, അവരെന്തോ തെളിവെടുപ്പൊക്കെ നടത്തി. ഒന്നും കിട്ടിയില്ല. എങ്ങനെ കിട്ടാനാ, അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിലല്ലേ. പക്ഷേ, അവിടൊരു ചതിവ് പറ്റി. നാടു നിരങ്ങി നടക്കുന്ന ഒരു മുതുക്കിയുണ്ടായിരുന്നു. വർഷത്തിൽ രണ്ടോ മൂന്നോ തവണയൊക്കെ അവർക്ക് ഭ്രാന്ത് വരും. അപ്പൊ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് പറയാൻ പറ്റില്ല. ഭ്രാന്തില്ലാത്തപ്പൊ ആള് നല്ല അധ്വാനിയായിരിക്കും. നാടുനീളെ നടന്ന് വീടുകളിൽ അരകല്ല് കൊത്തിയാണ് ജീവിക്കുന്നത്. വൈദ്യര് വീട്ടിലും മരുന്ന് കൂട്ടാനുള്ള ഉരലും അരകല്ലുമൊക്കെ പരുക്കനാക്കാൻ അപ്പുവൈദ്യന്റെ കാലം തൊട്ടേ അവരെയാണ് വിളിക്കാറ്. ജീവിച്ച് പൊയ്ക്കോട്ടെ എന്ന് കരുതി കുട്ടൻ വൈദ്യനും അവരെത്തന്നെ പണി ഏൽപ്പിക്കും. പക്ഷേ, സഹോദരി മരിച്ചതിന്റെ പിറ്റേന്ന് വിളിക്കാതെ തന്നെ ആ കിളവി വന്ന് കയറി. വൈദ്യരുടെ കണ്ണ് പറ്റും മുന്നേ ചെന്ന് ഉരലും കുഴവിയുമൊക്കെ തപ്പിപ്പരതി മരുന്നിന്റെ പൊട്ടോ പൊടിയോ ഒക്കെ അവര് ചുരണ്ടിയെടുത്ത് കൊണ്ടുപോയി. അവരാണത്രേ തെളിവ് കൊടുത്തത്. 

അതൊരു ദുശ്ശകുനം പിടിച്ച സ്ത്രീയാ. നാട്ടിലാർക്കും അവരെ കണ്ടൂട. കുടുംബത്തിലുള്ളവർക്ക് ആയുസിനുള്ള ഔഷധം കൂട്ടുമ്പോഴെല്ലാം, മുൻതലമുറകളിലെ വൈദ്യൻമാർ തൊട്ടേ, അവർ നാട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. അവർ വന്ന് കേറിയാൽ മരുന്നിന്റെ ഫലസിദ്ധി നഷ്ടപ്പെടുമത്രേ. മുതുക്കി പക്ഷേ, കുരുട്ടീച്ചയുടെ ജൻമമാ. ഏത് പഴുതിലൂടെയും പറന്ന് കയറും. അവർക്ക് വർഷത്തിൽ പകുതിയും ഭ്രാന്താണെന്നും അവർ പറയുന്നത് നേർ ബുദ്ധിയുള്ളവർ ആരും വിശ്വസിക്കരുതെന്നും കുട്ടൻ വൈദ്യൻ ആവും വിധം പറഞ്ഞ് നോക്കിയെങ്കിലും മരുന്ന് കൂട്ടുന്ന പണിക്കാരേം സിൽബന്തികളെയുമൊക്കെ ഞെക്കിപ്പിഴിഞ്ഞ് പോലീസ് വേറെന്തൊക്കെയോ തെളിവുകളും ചമച്ചുണ്ടാക്കിയിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ കുട്ടൻ വൈദ്യൻ കേറിത്തൂങ്ങി. അടുത്ത ജൻമത്തിൽ ആ ഭ്രാന്തിത്തള്ളയുടെ ഈച്ചച്ചിറക് വെട്ടിയെടുക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടാ വൈദ്യൻ മരിച്ചത്. 

ഇന്നും നാട്ടുകാരാരും വൈദ്യൻ സഹോദരിയെ കൊന്നതാണെന്ന് വിശ്വസിക്കുന്നില്ല. ആ മുതുക്കി മാത്രം പറഞ്ഞ് നടക്കുന്നുണ്ട്, സ്വത്തിന് വേണ്ടി ആർത്തി പിടിച്ച്, കുട്ടൻ വൈദ്യനവളെ കൊന്നതാണെന്ന്. അതുമല്ല, വൈദ്യര് വീട്ടിലെ കുടുംബാംഗങ്ങൾ അൽപായുസ്സായതല്ല, തലമുറകളായി വൈദ്യസ്ഥാനം കിട്ടിയ കാലൻമാർ കൂടെയുള്ളവരെയൊക്കെ കൊന്നുകളഞ്ഞതാണത്രേ! അവർക്ക് ഭ്രാന്തായതുകൊണ്ട് ആരും അതൊന്നും വിശ്വസിച്ചിട്ടില്ല. ആ, മറ്റൊരു കാര്യം പറയാൻ വിട്ടു. വൈദ്യര് വീട്ടിൽ ഓരോ തലമുറയിലും വൈദ്യസ്ഥാനം കൊടുക്കേണ്ടയാളെ തെരഞ്ഞെടുക്കുന്നത് ഒരു പ്രത്യേകത നോക്കിയിട്ടാ, അവരുടെയൊക്കെ ഒരു കാല് വലുതായിരിക്കും. 

അഞ്ചാമന്റെ കഥയ്ക്ക് ശേഷം നീണ്ടൊരു ചർച്ച നടന്നു. സത്യത്തിൽ കുട്ടൻ വൈദ്യൻ കൊലപാതകിയാണോ എന്നതായിരുന്നു മറ്റുള്ളവർക്കറിയേണ്ടിയിരുന്നത്. കുട്ടൻ വൈദ്യൻ നിഷ്ക്കളങ്കനായിരുന്നെന്ന് കഥ പറച്ചിലുകാരൻ തീർത്ത് പറഞ്ഞു. അതിന് തെളിവായി വേറെ ചില പഴങ്കഥകളും പറഞ്ഞു. അതെല്ലാം കുട്ടൻ വൈദ്യന്റെ നൻമയെ എടുത്തു കാട്ടുന്നവയായിരുന്നു. വൈദ്യന്റെ നിരപരാധിത്വത്തിൽ അത്ര വിശ്വാസം വന്നില്ലെങ്കിലും കല്ല് കൊത്തുന്ന ഭ്രാന്തിയുടെ ദുഷ്ടലാക്കിൽ ആർക്കും സംശയമുണ്ടായില്ല. അങ്ങനെ അടുത്ത രാത്രി വന്നു. അടുത്ത കഥയും.

ആറാമൻ പറഞ്ഞ കഥ

നാട്ടിലൊരു കാവുണ്ട്. കുളിയൻ കാവ്. ആഴ്ച തോറുമാണ് കാവിലെ വിളക്കും പൂജയും. കുളിയൻ കാവിലെ കൈക്കാരനാണ് ശശാങ്കൻ. പൂജയ്ക്കും വിളക്കിനുമൊന്നുമല്ല ശശാങ്കന്റെ സഹായം. നാട്ടിലിറങ്ങി കാവിലേക്ക് നേർച്ച പിരിക്കലാണ് ശശാങ്കന്റെ ശരിക്കുമുള്ള പണി. അതിന് ശശാങ്കന് ചില രീതികളൊക്കെയുണ്ട്. 

ഉദാഹരണത്തിന്, ഒരു വീട്ടിൽ കയറിച്ചെന്നാൽ അവിടത്തെ സാഹചര്യവും ചുറ്റുപാടുമൊക്കെ നോക്കി ശശാങ്കൻ ചില നിമിത്തങ്ങളൊക്കെയങ്ങ് പ്രവചിക്കും. വീടിന് മുന്നിലെ മാവിന്റെ നിൽപ്പിൽ വശപ്പിശകുണ്ടെന്നോ, അത് കാരണം മരണം നടന്നേക്കുമെന്നോ, അടുക്കളയുടെ സ്ഥാനത്തിന് ദോഷമുള്ളതുകൊണ്ട് അന്നം മുട്ടുമെന്നോ ഒക്കെയങ്ങ് പറഞ്ഞുകളയും. വീട്ടുകാർ പേടിച്ചുപോകും. ഒടുക്കം പരിഹാരവും ശശാങ്കൻ തന്നെയങ്ങ് പറയും. കുളിയൻ കാവിലേക്ക് രണ്ട് ചാവക്കോഴിയെ കൊടുക്കാനോ ഒരാഴ്ചത്തെ ചെമ്പ് പായസ വഴിപാട് നടത്താനോ ഒക്കെ.

ശശാങ്കന്റെ സംസാരമൊക്കെ ഒരു പ്രത്യേക രീതിയിലാണ്. പഴഞ്ചൊല്ലൊക്കെ ചേർത്ത് കേട്ടുകൊണ്ടിരിക്കുന്ന ഓരോരുത്തർക്കും ഓരോ രീതിയിൽ മനസിലാകുന്ന ഭാഷയാണ്. ആ സംസാരവും മുഖഭാവവും ഒക്കെക്കൂടെയാകുമ്പൊ ആരായാലും ശശാങ്കൻ പറയുന്ന പോലെയൊക്കെ അങ്ങ് ചെയ്ത് പോവും.

ചിലപ്പൊ മറ്റൊരാളിനോട് പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന ആളിന് തോന്നും അതയാളോട് പറഞ്ഞതാണെന്ന്. ആയിടയ്ക്ക് നടന്നൊരു സംഭവം പറയാം. നാട്ടിലൊരു പലചരക്ക് കടക്കാരനുണ്ടായിരുന്നു. തമ്പിയണ്ണൻ. അങ്ങേർക്ക് അയലോക്കത്തെ ഒരു പെണ്ണുമ്പിള്ളയുമായിട്ട് ചെറിയൊരിടപാടൊക്കെയുണ്ട്. കടയീന്ന് സാധനങ്ങളൊക്കെ അവർക്ക് വെറുതേ കൊടുക്കും. ഭാര്യേം മക്കളുമൊക്കെയുള്ളയാളാ. അവരൊന്നുമറിയാതെയാണ് കൊടുക്കലും വാങ്ങലും. ഒരു ദിവസം ആ പെണ്ണുമ്പിള്ള കടയില് സാധനം വാങ്ങാൻ വന്ന് നിൽക്കേണ്. ഒളിച്ചും പതുങ്ങീമൊക്കെയേ തമ്പിയണ്ണൻ അവർക്ക് സാധനം കൊടുക്കൂ. ആ സമയത്ത് കടയില് വേറെ ആളൊണ്ടായിരുന്നോണ്ട് പെണ്ണുമ്പിള്ള കടത്തിണ്ണയിലൊതുങ്ങി നിൽക്കേയിരുന്നു. ആളുകളെ വേഗം ഒഴിച്ച് വിടാൻ ധൃതിപ്പെട്ട് സാധനങ്ങൾ തൂക്കിയെടുക്കുകയാണ് തമ്പിയണ്ണൻ. ആ സമയത്താണ് ശശാങ്കന്റെ വരവ്. നേർച്ച പിരിക്കാനാണ്. കടത്തിണ്ണയ്ക്കിപ്പുറത്തായി വഴീന്ന് മാറി പണിയൻ കുട്ടൻ വിറക് വെട്ടിക്കീറുകയാണ്. കീറിയിടുന്ന ചീളിയുടെ വലിപ്പം കണ്ടിട്ടാവണം, ശശാങ്കൻ ഉറക്കെ ചോദിച്ചു, ‘കീറണ കീറണ ആപ്പ് വെക്കാനല്ലേ തെകയോളല്ലെടാ…’

ഇതുകേട്ട തമ്പിയണ്ണനും പെണ്ണുമ്പിള്ളയ്ക്കും അവരെ കുത്തിപ്പറഞ്ഞതാണോന്ന് സംശയം. പണിയൻ കുട്ടന് തന്റെ വിറക് കീറലിനെ പറഞ്ഞതാണെന്നും. എന്തായാലും അതോടെ തമ്പിയണ്ണന്റെ കൊടുപ്പും വാങ്ങലുമൊക്കെ നിന്നു. ശശാങ്കന് കാര്യം മനസിലായിട്ടുണ്ടെങ്കിൽ അവൻ അത് നാട്ടിലൊക്കെ പറഞ്ഞ് നടക്കും. അതുമല്ല, ദൈവവിളിയൊക്കെയുള്ള ആളായതുകൊണ്ട് ഇത്തരം ഇടപാടുകളൊന്നും ആരും ശശാങ്കന്റെ അറിവോടെ വെച്ച് നടത്താറുമില്ല. രണ്ട് ഇടപാടുകാരും വെവ്വേറെ ചെന്ന് കാവിലേക്കുള്ള നേർച്ചപ്പണവും കൊടുത്തു.

പിന്നൊരിക്കൽ നാട്ടിലെ ഒരു സ്ത്രീയുടെ ചെമ്പുരുളി കളവ് പോയി. മൂപ്പത്തി കഴുകിത്തുടച്ച് ഉണക്കാൻ തിണ്ണയിൽ വെച്ചിരുന്നതാ. രാത്രി അകത്തെടുത്ത് വെയ്ക്കാൻ മറന്നു. കളവുപോയ ചെമ്പുരുളിക്കായി സ്ത്രീയും അയൽക്കാരികളും കൂടി തെരച്ചിലോട് തെരച്ചിൽ.

ഒടുവിൽ ഗതിമുട്ടി നിന്നപ്പോഴാ ശശാങ്കൻ വരുന്നത്. കാര്യമറിഞ്ഞ ശശാങ്കൻ സ്ത്രീയോട് കുളിയൻ കാവിലേക്ക് ഒരു ചെമ്പ് പായസം നേർച്ചയിടാൻ പറഞ്ഞു. ചെമ്പുരുളി മോഷ്ടിച്ചതാരായാലും പാത്രവും തലയിൽ വെച്ച് തുള്ളിക്കൊണ്ട് തിരികെ കൊണ്ടുവരുമത്രേ. സ്ത്രീ ഉടനെ നേർച്ച നടത്തുകയും ചെയ്തു. പോകും വഴി അടുത്ത് നിന്ന അയൽപക്കത്തെ സ്ത്രീയോടും നേർച്ച ചോദിച്ചു ശശാങ്കൻ. നിങ്ങൾക്കിപ്പൊ നേർച്ച തരാനൊരു താൽപര്യവുമില്ലെന്ന് അർത്ഥം വെച്ചൊരു പറച്ചിലും. ആ സ്ത്രീ തിരിച്ച് ചൂടായി. ‘ഒള്ളത് പറയുമ്പം കള്ളിക്ക് തുള്ളല്’, എന്നൊരു നാട്ട് ചൊല്ല് തന്നത്താനേ പറഞ്ഞുകൊണ്ട് ശശാങ്കൻ മന്തൻ കാലും വലിച്ചങ്ങ് നടന്ന് പോയി. 

അയൽപക്കത്തെ സ്ത്രീ ആകെ അങ്കലാപ്പിലായി. കാര്യമെന്താ? ചെമ്പുരുളി മോഷ്ടിച്ചത് അവരായിരുന്നു. രണ്ട് വീടിനപ്പുറം താമസിക്കുന്ന അവർ അത് ചെയ്യുമെന്ന് ഉടമസ്ഥയായ സ്ത്രീ സ്വപ്നത്തിലും കരുതിയിട്ടുമില്ല. നേർച്ച ഏറ്റ് കള്ളം പുറത്ത് വരുമോ എന്ന പൊറുതിക്കേടിൽ അന്ന് രാത്രി തന്നെ അവർ പറമ്പിൽ കുഴിച്ചിട്ടിരുന്ന ചെമ്പുരുളി തോണ്ടിയെടുത്ത് കഴുകി ആരുമറിയാതെ തിരികെ കൊണ്ട് വെയ്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം കുളിയൻ കാവിൽ രണ്ട് ചെമ്പ് പായസ നേർച്ചയാണ് ചെന്നത്. ചെമ്പുരുളി തിരിച്ച് കിട്ടിയതിന് ഉടമസ്ഥയുടെയും, കള്ളം പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാവിന്റെയും.

സ്വന്തമായൊരു വീട് പോലുമില്ലെങ്കിലും ശശാങ്കന് ഒന്നിനും ഒരു കുറവും ഇല്ല. കൃത്യസമയത്ത് ഭക്ഷണം, കാവിനടുത്തുള്ള കടമുറിയിൽ താമസം. കാവിലേക്കുള്ള നേർച്ചയിൽ ഒരു പങ്ക് ശശാങ്കനുള്ളതാണ്. അത് തരം പോലെ പിരിക്കാനും ശശാങ്കനറിയാം. ദിവസത്തിൽ ഒറ്റ നേരമേ ഭക്ഷണം കഴിക്കൂ, ഉച്ചയ്ക്ക് മാത്രം. അത് നാട്ടിലെ ഏതെങ്കിലും വീട്ടിൽ നിന്ന് കൊടുക്കണം. പണ്ടേയുള്ള രീതിയാണ്. ബകനെപ്പോലെയാണവന്റെ തീറ്റി. വാരിവലിച്ച് കഴിച്ചിട്ട് ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ വഴിയോരത്തെവിടെയെങ്കിലും തണല് പറ്റിക്കിടക്കും. അതാണ് ശീലം. മന്ത് വന്ന് ഇളിക്കൂട് മുതൽ പാദം വരെ ഒരേ വണ്ണത്തിൽ വീർത്ത ശശാങ്കന്റെ ഇടങ്കാലിന് തന്നെ ഒത്തയൊരു പെരുമ്പാമ്പിന്റെ ചേലാണ്.

അങ്ങനെയിരിക്കെ നാട്ടിലൊരു ക്ഷാമം വന്നു. ധാന്യങ്ങളും പച്ചക്കറികളുമൊന്നും കാണാൻ പോലും കിട്ടാതായി. ആളുകളൊക്കെ മുഴുപ്പട്ടിണി. കൈയ്യിൽ കിട്ടുന്നതെന്തും തിന്ന് ജീവൻ കിടത്തുന്ന കാലം. ശശാങ്കനപ്പോഴും ഉള്ളതിൽ മുക്കാലും വേണം. അല്ലെങ്കിൽ വല്ല ദോഷവും പറഞ്ഞിട്ട് പോകും. അവൻ പറയുന്നതൊക്കെ ഫലിക്കുമെന്ന് ഭയന്ന് ആളുകളതെല്ലാം നടത്തിക്കൊടുത്തു. 

പറഞ്ഞ് വന്നപ്പോഴാ ഓർത്തത്, നമ്മുടെ നാട്ടിലും ഇടയ്ക്കിടെ ഒരു കല്ല് കൊത്തുകാരി തള്ള വരുമായിരുന്നു. നേരത്തേ പറഞ്ഞ ആളൊന്നും ആയിരിക്കില്ല. ഇത് ആ കാലത്തൊന്നും നടന്ന കഥയുമല്ല. മാത്രമല്ല, ആ തള്ള ഒരു കൂനിയായിരുന്നു. എഴുന്നേറ്റ് നിന്നാൽ അരയ്ക്ക് മേൽപ്പോട്ട് നിവരില്ല. വളഞ്ഞ് പിടിച്ചാണ് നടപ്പ്. ഊന്ന് വടി ഇടിച്ചിടിച്ച് നടക്കുന്നത് കണ്ടാൽ ആർക്കും കഷ്ടം തോന്നും. പക്ഷേ അവരത്ര പാവമൊന്നുമല്ല. വലിയ സാമർത്ഥ്യക്കാരിയായിരുന്നു. നാട് മുഴുവൻ നടന്ന് തീർത്താലും അവർക്ക് ഒരു ഭാവവ്യത്യാസവുമില്ല. നടപ്പ് തുടങ്ങിയപ്പോഴുള്ളത് പോലെ ആയ്ച്ചായ്ച്ച് പിന്നെയും നടക്കും. എന്നാലോ, ആരോഗ്യമുള്ള ആണുങ്ങൾ നടക്കുന്നത്ര വേഗമുണ്ട് തള്ളയ്ക്ക്. ആൾവെട്ടത്ത് നിന്ന് മാറുമ്പോൾ അവർ പറന്നാണ് പോകുന്നതെന്ന് നാട്ടിലൊരു വർത്തമാനവുമുണ്ട്.

ഏത് നാട്ടിലെത്തിയാലും അതവർക്ക് സ്വന്തം നാടാ. തിന്നാനൊന്നുമില്ലാതായപ്പോൾ അരപ്പ് കല്ലൊന്നും നാട്ടിലാരും ഉപയോഗിക്കാതായി. നാടിന്റെ കഷ്ടപ്പാട് കണ്ടിട്ട് അവർ ഓരോ വീട്ടിലും പോയി കൂലി വാങ്ങാതെ കല്ല് കൊത്തിക്കൊടുത്തു. പെട്ടെന്ന് വളരുന്ന കായ് വിത്തുകളും, തിന്നാൻ കൊള്ളാവുന്ന പനന്തണ്ടുമൊക്കെ പെണ്ണുങ്ങൾക്ക് കൊടുത്തു. അതോടെ എല്ലാവർക്കും അവരെ ഇഷ്ടമായി. കുറേ നാൾ അവരവിടെയങ്ങനെ പറന്ന് നടന്നു. 

നാട്ടിലെ ദാരിദ്ര്യത്തിന് മൊത്തം കാരണം ശശാങ്കനാണെന്ന് പെണ്ണുങ്ങളെയാകെ പറഞ്ഞ് ധരിപ്പിച്ചതും ആ മൂപ്പത്തി തന്നെയായിരുന്നു. അവന്റെ ആർത്തിയാണത്രേ നാടിന്റെ ക്ഷാമത്തിന് കാരണം. ആളുകൾ ആലോചിച്ചപ്പൊ ശരിതന്നെ. അവനല്ലേ തിന്ന് പള്ളേം വീർപ്പിച്ച് നടക്കുന്നത്. നാട് മുഴുവൻ ദാരിദ്ര്യമായിട്ടും അവനൊരല്ലലുമില്ലല്ലോ. അങ്ങനെ കല്ല് കൊത്ത് മൂപ്പത്തിയുടെ നേതൃത്വത്തിൽ പെണ്ണുങ്ങൾ ശശാങ്കന് വിലക്കേർപ്പെടുത്തി. കുളിയൻ കാവിലേക്കുള്ള നേർച്ചയിടലും നിർത്തി. അതോടെ ശശാങ്കന്റെ അന്നം മുട്ടി. പഴയതുപോലെ വീടുകളിൽ പോയി ശകുനം പറയാനൊക്കെ നോക്കിയെങ്കിലും ആരും കേൾക്കാൻ നിന്നില്ല. പച്ചപ്പട്ടിണി വന്നാൽ പിന്നെന്ത് നക്ഷത്രം, എന്ത് ശകുനം.

തന്നെക്കുറിച്ച് നാട്ടിലാകെ പറഞ്ഞു നടന്ന് ഭിന്നിപ്പിക്കുന്നത് കല്ല് കൊത്തുകാരി മൂപ്പത്തിയാണെന്നറിഞ്ഞ് ശശാങ്കൻ അവരെ അന്വേഷിച്ചിറങ്ങി. ശശാങ്കൻ അപ്പോഴേക്കും ആകെ വെകളി പിടിച്ചിരുന്നു. ദൈവത്തിന്റെ പ്രതിരൂപമായി തന്നെ കണ്ടിരുന്ന നാട്ടുകാരല്ലേ ഇപ്പൊ ആട്ടിയോടിക്കാൻ തുടങ്ങിയിരിക്കുന്നത്. ഒരു ദിവസം കാവിനടുത്തുള്ള കുണ്ട് വഴിയിൽ വെച്ച് ശശാങ്കൻ അവരെ കണ്ടുമുട്ടി. (ഈ രംഗമെത്തിയപ്പോഴേക്കും, ഒരു സംഘട്ടനവിവരണം പ്രതീക്ഷിച്ചാവണം, കേൾവിക്കാർ ചെവി കുറച്ചുകൂടി അടുപ്പിച്ച് ബദ്ധശ്രദ്ധരായി). വളഞ്ഞ് കുത്തി കോൺ പോലെ നടന്നടുക്കുന്ന ആളിന്റെ മുഖം കാണാൻ കഴിയുന്നില്ല. കൈകാലുകളുള്ള ഒരു ശൂലം തന്റെ നേരെ പാഞ്ഞ് വരുന്നത് പോലെയാണ് അവരുടെ തല കണ്ടപ്പോൾ ശശാങ്കന് ആദ്യം തോന്നിയത്. മൂപ്പത്തിയും ശശാങ്കനെ തെരഞ്ഞ് നടക്കുകയായിരുന്നു. നേരിൽ കണ്ടതും, ഒറ്റമാത്രയിൽ രണ്ടാൾക്കും തമ്മിൽത്തമ്മിൽ മനസിലായി.

എപ്പോഴത്തേയും പോലെ ശശാങ്കൻ അശുഭവാണി പുറത്തെടുത്തു. ഒന്നിലേക്ക് തൊടുത്ത് പലതിലേക്ക് കൊള്ളിക്കുന്ന, പഴമൊഴി വഴക്കമുള്ള, പ്രാസമൊപ്പിച്ച ശാപ വാക്കുകൾ ശശാങ്കൻ വിതറി. 

വൻതിര വന്നിട്ടും തിരിയാത്ത പെരും കാല്
ഉണ്ണിത്തിര തട്ടി മറിയൂല, തെരിഞ്ഞോ?

ശശാങ്കനെ ഞെട്ടിച്ച് കൊണ്ട് കല്ലുകൊത്ത് മൂപ്പത്തിയും അതുപോലെ പ്രാസമുള്ള, ഒഴുക്കുള്ള ചൊൽവനകൾ കൊണ്ട് തിരിച്ചാക്രമിച്ചു.

തിരയടിച്ചെങ്കിൽ കടലുണ്ട് പിറകേ,
കാറ്റുണ്ട് കൂടെ, പാലാഴി മേലെ

പിന്നെ രണ്ടു പേരും തമ്മിൽ ഒരു വാക്പയറ്റ് തന്നെ നടന്നു. നാട്ടിലെ തലമൂത്തവർക്കൊക്കെ ആ സംഭാഷണങ്ങളൊക്കെ കാണാപ്പാഠമാ. ഏതാണ്ടിങ്ങനെയൊക്കെയായിരുന്നു-

ശശാങ്കൻ: കിളി നിനച്ചാൽ ഇലയനങ്ങും
മരമനങ്ങാൻ മണ്ണ് നിനക്കണം.

മൂപ്പത്തി: കിളി നിനച്ചാലും മരം പൊടിക്കും
തളിര് കൊത്താനും കിളി നിനയ്ക്കും.

ശശാങ്കൻ: മുട്ട കണ്ടിട്ട് കോഴിക്ക് തുള്ളൽ
സർപ്പം വന്ന് വിഴുങ്ങുന്ന വരെ.

മൂപ്പത്തി: മാനത്തെ പരുന്തിന്റെ മുട്ട തിന്നാൻ
വായും പിളർന്ന് നടപ്പേ സർപ്പം. 

ശശാങ്കൻ: തീയുള്ള കാട്, വേവുന്ന ചൂട്
വരത്തൻ കിളിക്ക് ഉരുകും ചങ്ക്.

മൂപ്പത്തി: നരിയോടും പുലിയോടും കാറ്റോടും തീയോടും
പടവെട്ടി വന്നവൾ കിളിയെങ്കിലോ? 

ശശാങ്കൻ: പയ്യിനെത്തന്നെ വിഴുങ്ങും മലമ്പാമ്പ്
കൊമ്പിലെ കൊക്കിനെയെത്ര തുച്ഛം.

മൂപ്പത്തി: തിന്ന് മുറ്റിയ മന്തൻ പാമ്പിനെ
കാടിനും വേണ്ട, കൂടിനും വേണ്ട.

വാക്പോരിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് വന്നപ്പൊ ശശാങ്കൻ മൂപ്പത്തിയെ ആക്രമിക്കാനൊരുങ്ങി. ദിവസങ്ങളായി ആഹാരമൊന്നും കഴിക്കാതെ ക്ഷീണിച്ചിരിക്കുകയായിരുന്നെങ്കിലും, സർവ്വശക്തിയുമെടുത്ത് ശശാങ്കൻ ചീറിയടുത്തു. ശശാങ്കന്റെ പെരുങ്കാലിന് ആനക്കാലിന്റെ ശക്തിയാ. അതുകൊണ്ടൊന്ന് കിട്ടിയിരുന്നെങ്കിൽ അവരപ്പൊത്തന്നെ തീർന്നേനെ. പക്ഷേ, അന്ന് ശശാങ്കന്റെ കണക്കല്പം പിഴച്ചു. എപ്പോഴും കൈയ്യിൽ കൊണ്ടുനടക്കുന്ന വടിക്കുള്ളിൽ മുനയുള്ള ഒരു ശൂലം ഒളിപ്പിച്ച് വെച്ചിരുന്നു കൂനിത്തള്ള. ഒരുവട്ടം കറങ്ങി ഒഴിഞ്ഞ് മാറുന്നതിനിടയിൽ ശൂലം കൊണ്ട് ശശാങ്കന്റെ വയറിൽ ചെറിയൊരു പോറൽ മാത്രം കൊടുത്തു. വലിയ പരിക്കൊന്നുമില്ലെന്ന് കണ്ട് വീണ്ടും ആക്രമിക്കാനോങ്ങിയ ശശാങ്കൻ പക്ഷേ, പിന്നെ മൂപ്പത്തിയെ കണ്ടില്ല. അവർ എങ്ങോട്ടോ പറന്നിരുന്നു.

കാഴ്ചയിൽ അപകടമില്ലെന്ന് തോന്നിയെങ്കിലും, വയറിന്റെ വശത്തേറ്റ പോറൽ കാരണം ശശാങ്കന്റെ ദേഹം തളരാൻ തുടങ്ങി. വിഷം പുരട്ടിയ ശൂലം കൊണ്ടായിരിക്കണം അവർ വരഞ്ഞത്. അതോ മർമ്മസ്ഥാനത്ത് കുത്തിയത് കൊണ്ടോ. അതറിയില്ല. എന്തായാലും ഓരോ ചുവട് വെയ്ക്കുന്തോറും ശശാങ്കൻ കൂടുതൽ തളർന്ന് കൊണ്ടിരുന്നു. ഒരു തുള്ളി ചോര പോലും വീണില്ലെങ്കിലും, കാവിൽ തിരിച്ചെത്തും മുൻപേ തന്നെ ശശാങ്കൻ കുഴഞ്ഞ് വീണ് മരിച്ചു. ശശാങ്കന്റെ മരണശേഷം നാട്ടിലെ ക്ഷാമമൊക്കെ മാറിയെന്നാണ് അന്നുണ്ടായിരുന്നവർ പറയുന്നത്. 

നേരം വെളുത്ത് വരുന്നത് കണ്ട് ആറാമൻ വേഗം കഥ പറഞ്ഞവസാനിപ്പിച്ചു. അടുത്ത രാത്രി ഏഴാമനായി മാറ്റി വെച്ച് അവർ പലവഴികളിലേക്ക് പിരിഞ്ഞു. 

ഏഴാമൻ പറഞ്ഞ കഥ

ദേവദാസൻ കണിയാൻ വലിയ ആഢ്യനാണ്. ചെറുപ്പത്തിലേ സ്വദേശം വിട്ട് നമ്മുടെ നാട്ടിൽ വന്ന് പാർപ്പ് തുടങ്ങിയതാണ്. വേദങ്ങളിലും സംസ്കൃതത്തിലുമൊക്കെ അപാര പാണ്ഡിത്യം. അയൽനാട്ടിലെ പേരുകേട്ട ഒരാശാന്റെ വീട്ടിൽ താമസിച്ചായിരുന്നു വിദ്യാഭ്യാസം. ആ കാലത്തായിരുന്നു കണിയാന്റെ സ്വദേശത്ത് മാരകമായൊരു പകർച്ചവ്യാധി പടർന്നത്. ഒട്ടുമിക്കവരും രോഗം വന്ന് മരിച്ചു. ബാക്കി വന്നവരൊക്കെ എണീറ്റ് നടക്കാൻ വയ്യാത്ത രീതിയിൽ ചക്രശ്വാസം വലിച്ചു. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ദേവദാസൻ കാണുന്ന കാഴ്ചയിതാണ്. കുടുംബവും ബന്ധുക്കളുമൊക്കെ നശിച്ച് കഴിഞ്ഞിരുന്നു. നാട്ടിൽ ജീവനോടെ ബാക്കിയായവരെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്താൻ രാപകലില്ലാതെ ദേവദാസൻ പരിശ്രമിച്ചു. പക്ഷേ നടന്നില്ല. നാടു മുഴുവൻ കുറ്റിയറ്റതോടെ അവസാന മരിപ്പും അടക്കം ചെയ്തിട്ട് ദേവദാസൻ നാടുവിട്ടു. അങ്ങനെയാണ് നമ്മുടെ നാട്ടിലെത്തുന്നത്. അദ്ദേഹം നാട്ടിലെത്തിയ ദിവസം ഏറെ നാളത്തെ വരൾച്ചയ്ക്കൊടുവിൽ മാനം തകർത്തൊരു മഴ പെയ്തു. മഴയേറ്റി വന്ന ആഗതനെ നാട്ടിലെ പ്രമാണിയും അവസാന വാക്കുമായ തമ്പി ഗുരുക്കൾ ആദരിച്ചാനയിച്ചു. കണ്ണായൊരു സ്ഥലത്ത് പാർപ്പിന് അനുവാദവും കൊടുത്തു. പിന്നെ ഗുരുക്കളുടെ ഇടം വലം നിന്ന് കാര്യങ്ങൾ ചെയ്യാൻ ദേവദാസൻ ഒപ്പം കൂടി.

സകല ശാസ്ത്രങ്ങളിലും പാണ്ഡിത്യമുണ്ടെങ്കിലും, ജ്യോത്‌സ്യമാണ് ദേവദാസന്റെ പ്രധാന മേഖല. എന്തിനൊരുമ്പെടുമ്പോഴും ദേവദാസന്റെ അനുവാദം തേടി തമ്പി ഗുരുക്കൾ. നാട്ടുകാരെല്ലാം വിശേഷപ്പെട്ടതിനൊക്കെ നാളും സമയവും കുറിക്കാൻ ദേവദാസന്റെയടുത്തെത്തി. എല്ലാവരും കണിയാൻ ദേവദാസനെന്ന് വിളിയും തുടങ്ങി. നാമമാത്രമായ ദഷിണ മാത്രം സ്വീകരിച്ചിട്ടും അധികം വൈകാതെ ദേവദാസൻ നാട്ടിലെ വലിയ സമ്പന്നനായി.

നാട്ടുരാജാക്കൻമാരുടെ മംഗളകർമ്മങ്ങൾക്കും ദേവദാസൻ കണിയാനായി അവസാന വാക്ക്. രണ്ട് നാട്ടുരാജ്യങ്ങളുടെ തർക്കം തീർക്കാൻ ചേകോൻമാർ ദ്വന്ദ്വയുദ്ധം നടത്തിയപ്പോഴും രാജാക്കൻമാർ വെവ്വേറെ വന്ന് ദേവദാസനെ കണ്ടു. ശകുനവും നിമിത്തവും നോക്കി ആദ്യ വെട്ടിന്റെ ഊക്കും വാക്കും തീരുമാനിക്കാൻ. രണ്ട് പക്ഷത്തെയും ഒരുപോലെ സൽക്കരിക്കാൻ ദേവദാസന് നല്ല മിടുക്കായിരുന്നു. തമ്പി ഗുരുക്കളെ വിട്ട് നാട്ടുരാജാവിന്റെ കൈയ്യാളാവാൻ ദേവദാസന് അധികനാൾ വേണ്ടി വന്നില്ല.

നാട്ടുരാജാവിന്റെ മുഖ്യ ഉപദേഷ്ടാവും ദൂതനുമൊക്കെയായി ദേവദാസൻ വളർന്നു. അപ്പോഴും നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. പക്ഷേ, ദേവദാസന്റെ ഈ വളർച്ചയിൽ തമ്പി ഗുരുക്കൾക്ക് അത്ര രസം പോരായിരുന്നു. കണിയാൻ എപ്പോഴും ഗുരുക്കളുടെ പാദസേവ ചെയ്ത് നടക്കുമെന്ന പ്രതീക്ഷയായിരുന്നല്ലോ തെറ്റിയത്. കണിയാന്റെ വളർച്ചയിൽ അസൂയ തോന്നിയ മറ്റ് ചിലരും ഗുരുക്കൾക്കൊപ്പം കൂടി. അവർ ദേവദാസനെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് പരത്താൻ തുടങ്ങി. കണിയാന്, പക്ഷേ ആരോടും ദേഷ്യമൊന്നും തോന്നിയില്ല. 

നാട്ടുരാജ്യവുമായുള്ള അയൽരാജ്യങ്ങളുടെ വ്യാപാര ബന്ധങ്ങൾക്കും കണിയാനായിരുന്നു ഇടനിലക്കാരൻ. രാജാവിന് അന്യനാട്ടുകാരുമായുള്ള കച്ചവടത്തിലൊന്നും താൽപര്യമില്ലായിരുന്നു. പക്ഷേ, നാടിന്റെ വളർച്ചയ്ക്ക് വ്യാപാരവും കച്ചവടവും നടക്കണ്ടേ. അതിലൊക്കെ നാട്ടുരാജാവിന്റെ അനുജനായിരുന്നു താൽപര്യം. ആയിടയ്ക്ക്, നാലഞ്ച് കിങ്കരൻമാരുമായി നായാട്ടിന് പോയ രാജാവ് തിരികെ വന്നില്ല. കുറേ നാൾ എല്ലാവരും വിഷമത്തോടെ കാത്തിരുന്നു. പക്ഷേ, രാജാവില്ലാതെ നാട് മുടിഞ്ഞ് പോകാൻ പാടില്ലല്ലോ. അങ്ങനെ രാജാവിന്റെ അനുജനെ പുതിയ രാജാവാക്കി വാഴിച്ചു. അതിനും മുഖ്യകാർമ്മികൻ ദേവദാസൻ കണിയാൻ തന്നെയായിരുന്നു. പ്രജകൾക്കൊക്കെ സന്തോഷമായി. അന്നുവരെയില്ലാത്ത അഭിവൃദ്ധിയായിരുന്നു രാജ്യത്ത് പിന്നെ വന്നത്. അയൽ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമായി. ജനങ്ങളിൽ നിന്ന് കൂടുതൽ നികുതി പിരിച്ച് പുതിയ കെട്ടിടങ്ങളും പാലങ്ങളും നടപ്പാതകളുമൊക്കെ പണിതു. രാജ്യത്തെമ്പാടും അഭിവൃദ്ധി വന്നു. രാജാവിന്റെ ഇടം വലം നിന്ന് മരാമത്ത് നടത്താൻ ദേവദാസൻ കണിയാൻ എപ്പോഴും ഉണ്ടായിരുന്നു. 

ഗുരുക്കൾക്കും സംഘത്തിനും ഇരിക്കപ്പൊറുതിയില്ലാതായി. അപ്പോഴേക്കും ഗുരുക്കൾക്കൊപ്പമുള്ള സംഘം കുറച്ചുകൂടി വലുതായിരുന്നു. നായാട്ടിന് പോയ പഴയ രാജാവിനെ കെണിയിൽ കുടുക്കി കൊന്നതാണെന്ന് പോലും അവർ കള്ളക്കഥ പറഞ്ഞു പരത്തി. കണിയാനെ രാജ്യത്ത് നിന്നോടിക്കാൻ വേണ്ടി നാടുതോറും ചെറുസംഘങ്ങൾ തുടങ്ങി. കണിയാനെ കൊല്ലാൻ ചാവേറുകളെപ്പോലും ഇറക്കി. അന്യരാജ്യത്തെ തിരുട്ട് ഗ്രാമത്തിൽ നിന്നും വാടകയ്ക്ക് ആളിനെ ഇറക്കി വരെ കണിയാനെ വകവരുത്താൻ നോക്കി. തലനാരിഴയ്ക്കായിരുന്നു കണിയാൻ അന്ന് രക്ഷപ്പെട്ടത്.

ഗുരുകുലവാസ കാലത്ത് വേദവും ശാസ്ത്രവും മാത്രമല്ല, ആയോധന കലയും പഠിച്ചിട്ടുണ്ടായിരുന്നു ദേവദാസൻ. കൈവാക്കിന് കിട്ടിയവരെയൊക്കെ ഇരുപ്പത് കൊടുത്തു തന്നെയാ ഓടിച്ച് വിട്ടത്. നീര് വന്ന് വീർത്ത ദേവദാസന്റെ വലം കാലിന് രണ്ട് കാലുകളുടെ വലിപ്പവും ശക്തിയുമുണ്ടായിരുന്നു. അത്കൊണ്ട് തൊഴി കിട്ടിയവരൊക്കെ നട്ടെല്ലൊടിഞ്ഞ്, ഒടുക്കം ഇഴഞ്ഞ് മറിഞ്ഞാ നാടുവിട്ടത്. എങ്കിലും ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ ദേവദാസന് കുറേ പരിക്കും പറ്റിയിരുന്നു. തന്റെ പ്രധാന അനുചരനെ ആക്രമിച്ചതിൽ നാട്ടുരാജാവ് ദേഷ്യം കേറി വിറ കൊണ്ടു. തമ്പി ഗുരുക്കളെ പിടിച്ച് കെട്ടി കൊണ്ടുവരാൻ രാജാവ് ഉത്തരവിട്ടു. സൈനികർ ഗുരുക്കളെ ബന്ധനസ്ഥനാക്കി കൊണ്ടുവന്നു. ഉന്നതകുലത്തിൽ ജനിച്ചയാളായതു കൊണ്ട് മാത്രമായിരുന്നു ഗുരുക്കളെ കൊല്ലാതെ വിട്ടത്. എന്നിട്ടോ, രാജാവിനെ വണങ്ങി തിരികെ കുടുംബത്തിലെത്തും മുന്നേ ഗുരുക്കൾക്ക് അപമൃത്യു സംഭവിച്ചു. മദിച്ചുവന്ന ഒരു ഒറ്റയാൻ ചവിട്ടിക്കൊന്നതായിരുന്നു. പ്രവൃത്തിഫലം.

ഗുരുക്കൾ മരിച്ചതോടെ കണിയാന്റെ ശത്രുക്കളെല്ലാം ഒന്ന് പത്തിമടക്കി. എന്നിട്ടും, ഒറ്റയ്ക്കും തെറ്റയ്ക്കും ഗൂഢാലോചനകൾ നടക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം ഒന്നൊന്നായി രാജാവിന്റെ ചാരൻമാർ കണ്ടെത്തി, ഉടനടി വിചാരണ നടത്തി വധശിക്ഷ വിധിച്ചു. പിന്നീടൊരാളും അത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കാൻ തക്കവണ്ണം മാതൃകാപരമായിരുന്നു ഓരോ വധശിക്ഷയും. പാമ്പിനെക്കൊണ്ട് കടിപ്പിച്ചും, കഴുമരത്തിൽ ഇരുത്തി ദിവസങ്ങളോളം നരകിപ്പിച്ചും, തീക്കുണ്ഡത്തിന് മേലെ തലകീഴായി കെട്ടിത്തൂക്കിയുമൊക്കെയായിരുന്നു വധശിക്ഷകൾ നടപ്പിലാക്കിയത്.

ഈ ക്രൂരതകളൊക്കെ കണ്ട് നാട്ടുകാരൊക്കെ ഭയന്നെങ്കിലും, ദേവദാസൻ എപ്പോഴും ദയാലുവും അനുകമ്പ നിറഞ്ഞവനുമായിരുന്നു. അന്നൊക്കെ നാട്ടിൽ ഓരോ ദിക്കിലായി പകർച്ചവ്യാധികൾ ഇടയ്ക്കിടയ്ക്ക് പടർന്ന് പിടിക്കുമായിരുന്നു. പകർച്ചവ്യാധി വന്നാൽപ്പിന്നെ പിടിപെട്ടവരെ ചികിത്സിക്കാൻ പോലുമാകില്ല. ചികിത്സിക്കുന്നയാൾക്കും രോഗം വരും. രോഗം പിടിപെടാത്തവരെ രക്ഷിച്ച് മാറ്റിപ്പാർപ്പിക്കുക മാത്രമേ പോംവഴിയുള്ളൂ. ദേവദാസൻ കണിയാൻ വന്നതിൽപ്പിന്നെ ഏത് ദിക്കിൽ ഏത് കാലത്ത് രോഗം പടർന്ന് പിടിക്കുമെന്ന് കൃത്യമായി കവടി നിരത്തി പ്രവചിക്കും. നാട്ടുരാജാവിന്റെ കൽപനയിൽ പ്രത്യേക പരിശീലനം നേടിയ സേനാംഗങ്ങളും ദേവദാസനും ചേർന്ന് നാട്ടുകാരെ മൊത്തത്തിൽ മാറ്റി പാർപ്പിക്കും. എന്നിട്ട് ശുദ്ധി വരുത്താൻ ആ ഗ്രാമത്തിലെ വീടുകളും വസ്തുവകകളുമെല്ലാം തീയിട്ട് വെണ്ണീറാക്കും. കണിയാൻ പറയുന്നതുവരെ പിന്നെയാരും ആ മേഖലയിലേക്ക് പ്രവേശിക്കില്ല. അപകടനില കഴിഞ്ഞെന്ന് കണിയാൻ പറഞ്ഞാൽപ്പോലും പിന്നെയും കുറേ കാലത്തേക്ക് അവിടെ ആൾപ്പാർപ്പുണ്ടാവില്ല. കണിയാന്, പക്ഷേ, ഈ കണക്കുകളൊക്കെ നല്ല തിട്ടമാ. ചെറുപ്പത്തിൽ, സ്വന്തം നാട്ടിൽ പകർച്ചരോഗം വന്നതിന്റെ അനുഭവജ്ഞാനവും കൂടിയുള്ളതു കൊണ്ട് എത്ര അപകടം പിടിച്ച ദീനമുള്ളവരെയും ദേവദാസൻ കൈവിട്ടില്ല. നാട്ടിൽ നിന്ന് മാറ്റി പാർപ്പിക്കുന്നവരെ പ്രത്യേക പരിചരണം നൽകാനും രോഗം ബാധിച്ചവരുണ്ടെങ്കിൽ കണ്ടെത്തി ചികിത്‌സ കൊടുക്കാനും കണിയാന്റെ സ്വന്തം ചെലവിൽ ദൂരെയൊരു തുരുത്തിൽ ഒരു ചികിത്സാലയവും നടത്തുന്നുണ്ടായിരുന്നു. രോഗം മാറി രക്ഷപ്പെട്ടവരെ ദേവദാസൻ തന്നെ പുതിയ വീട് വെച്ച് കൊടുക്കുകയോ, ചികിത്സാലയത്തിൽ ജോലി കൊടുക്കുകയോ ചെയ്തിരുന്നു. എത്രയോ ഗ്രാമങ്ങളെ അങ്ങനെ കണിയാൻ രക്ഷിച്ചെടുത്തു.

തമ്പിഗുരുക്കൾ മരിച്ചതോടെ ഒതുങ്ങിപ്പോയ ദേവദാസന്റെ ശത്രുക്കളൊക്കെ പിന്നെയും തല പൊക്കിത്തുടങ്ങി. അന്യദേശത്ത് നിന്ന് വന്ന ഒരു കുരുടിത്തള്ളയായിരുന്നു അവരുടെ പുതിയ മാർഗദർശി. വീടുതോറും കല്ല് കൊത്തി അരം വെപ്പിക്കലായിരുന്നു അവരുടെ ജോലി. കണ്ണ് കാണില്ലെങ്കിലും കുരുടിക്ക് നല്ല കൈവാക്കും മനക്കണക്കുമാ. ദേവദാസനെക്കുറിച്ച് ഇല്ലാവചനം പറഞ്ഞ് നടക്കലായിരുന്നു അവർക്ക് കല്ല് കൊത്തലിനേക്കാൾ പ്രിയം. തൊഴിലതായതുകൊണ്ട് അവർക്ക് എല്ലാ വീട്ടിലും പ്രവേശനമുണ്ടായിരുന്നു. ഗുരുക്കളുടെ പഴയ സംഘത്തെ കണ്ടെത്തി ഒരുമിപ്പിക്കാൻ അവർക്കത് സഹായമായി. ദേവദാസൻ കണിയാനെക്കുറിച്ച് കുറച്ചധികം കള്ളക്കഥകളും അവർ പറഞ്ഞുണ്ടാക്കി. പകർച്ചവ്യാധിയുടെ പേര് പറഞ്ഞ് ഒന്നോടെ ഒഴിപ്പിക്കുന്ന നാട്ടുകാരെ മുഴുവൻ ദൂരദിക്കുകളിലേക്ക് അടിമകളാക്കി വിൽക്കലാണത്രേ ദേവദാസന്റെ തന്ത്രം. അങ്ങനെയുണ്ടാക്കിയ പണമാണത്രേ കണിയാന്റെ സമ്പാദ്യം.

തന്നെക്കുറിച്ച് ഇങ്ങനെ ചില കള്ളക്കഥകൾ നാട്ടിൽ പരക്കുന്നത് ദേവദാസനും അറിയുന്നുണ്ടായിരുന്നു. കള്ളം പറഞ്ഞ് പരത്തുന്ന കുരുടിത്തള്ളയെ പിടിച്ച് കെട്ടി കൊണ്ട് വരാൻ കണിയാൻ ആളെ വിട്ടു. നാടൊട്ടുക്ക് തെരഞ്ഞിട്ടും കുരുടിയെ പിടിക്കാൻ കഴിഞ്ഞില്ല. അതിനിടയ്ക്ക് കണിയാൻ മാറ്റിപ്പാർപ്പിച്ച ഒരാൾ നാട്ടിൽ തിരിച്ച് വന്നു. അയാൾ പറഞ്ഞ അനുഭവകഥയും കുരുടിയുടെ കള്ളക്കഥയുടെ നേർപതിപ്പായിരുന്നു. കണിയാനോട് പ്രതികാരം ചെയ്യാനായിരുന്നു അയാൾ തിരികെ വന്നത്. ഇതൊക്കെ കണിയാനെ തറപറ്റിക്കാൻ കുരുടിയും കൂട്ടരും ഇറക്കിയ തന്ത്രമാണെന്ന് നാട്ടുകാർക്കൊക്കെ മനസിലായി. കണിയാൻ അപ്പോഴും ആരോടും വൈരം കാട്ടിയില്ല. അയാൾക്ക് എല്ലാവരോടും സ്നേഹമായിരുന്നു. പക്ഷേ, തിരികെ വന്ന നാട്ടുകാരൻ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷനായപ്പോൾ രാജാവിന് ചില സംശയങ്ങളൊക്കെ തോന്നിത്തുടങ്ങി. സത്യം കണ്ടെത്താൻ നാട്ടുരാജാവ് തന്റെ രഹസ്യ സംഘത്തെ നിയോഗിച്ചു.

തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച രാജാവിന്റെ നടപടി ദേവദാസനെ ചൊടിപ്പിച്ചു. ദേവദാസൻ പരസ്യമായി രാജാവിനെ തള്ളിപ്പറഞ്ഞു. പഴയ നാട്ടുരാജാവിനെ വകവരുത്തിയാണ് അയാൾ രാജാവായതെന്നും, അയാളുടെ അധികാരക്കൊതിയും ധൂർത്തും കാരണമാണ് ജനങ്ങളിൽ നിന്നും ഇരട്ടി കരം പിരിക്കേണ്ടി വന്നതെന്നും ദേവദാസൻ വെളിപ്പെടുത്തി. രാജാവും വിട്ടുകൊടുത്തില്ല. തന്നെ അധികാര മോഹം കയറ്റി കൊലപാതകം ചെയ്യിച്ചത് കണിയാനാണെന്നും, തന്നെ മുൻനിർത്തി രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്നത് അയാളാണെന്നും രാജാവ് പറഞ്ഞു. രാജസൈന്യം കണിയാനെ കൊല്ലാനിറങ്ങി. സ്വയരക്ഷയ്ക്കായി കണിയാൻ ഒളിവിൽ പോയി.

ഇതിനിടയ്ക്ക് കുരുടിത്തള്ള കണിയാനെക്കുറിച്ച് മറ്റൊരപവാദവും പറഞ്ഞു- സ്വന്തം നാട്ടുകാരെ മുഴുവൻ കൊന്ന് തള്ളി, അവരുടെ സമ്പത്തെല്ലാം കൊള്ളയടിച്ചിട്ടാണത്രേ കണിയാൻ അന്നാട്ടിലേക്ക് വന്നത്. പകർച്ചവ്യാധി വന്ന് നാട് ഒന്നടങ്കം നശിച്ചതൊക്കെ കള്ളമായിരുന്നെന്ന്! ഒളിവിൽ കഴിയുകയായിരുന്നതിനാൽ ഇതിന്റെയൊന്നും സത്യം നാട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ദേവദാസന് കഴിഞ്ഞതുമില്ല. രാജാവ് ദേവദാസനെതിരായതോടെ നാട് മുഴുവനും അയാൾക്ക് നേരെ തിരിഞ്ഞു. അപ്പോഴും ഒളിവിലിരുന്ന് കുരുടിത്തള്ളയെ വകവരുത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു ദേവദാസൻ. അവർക്ക് കണ്ണില്ലെങ്കിലും, രണ്ട് ചിറകുണ്ടെന്നാ കണിയാന്റെ കിങ്കരൻമാർ പറഞ്ഞത്. എവിടെ വെളിപ്പെട്ടാലും, തെരഞ്ഞ് പിടിക്കും മുൻപ് അവർ പറന്ന് മറയും. 

കണിയാനെ തെരഞ്ഞ് രാജാവിന്റെ കിങ്കരൻമാർ നാടൊട്ടുക്ക് അരിച്ച് പെറുക്കുന്നതിനിടയ്ക്ക് കണിയാൻ കൊട്ടാരത്തിൽ കടന്ന് രാജാവിനെയും തീർത്തു. സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് ആരുമറിയാതെ കണിയാൻ കൊട്ടാരത്തിൽ ഒളിച്ച് കടന്നത്. പക്ഷേ കണിയാൻ പറഞ്ഞ സത്യമൊന്നും വിശ്വസിക്കാൻ രാജാവ് തയ്യാറായില്ല. രാജാധികാരം നേടാൻ തന്നെ സഹായിച്ചയാളാണെന്ന കാര്യമൊക്കെ അദ്ദേഹം അപ്പോഴേക്കും മറന്ന് കഴിഞ്ഞിരുന്നു. മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോൾ ദേവദാസന് അത് ചെയ്യേണ്ടി വന്നു. കുത്തേറ്റ് മരിച്ച രാജാവിന്റെ മൃതദേഹം രാജാവിനും ദേവദാസനും മാത്രമറിയാമായിരുന്ന ഒരു രഹസ്യ അറയിൽ മറവ് ചെയ്തിട്ട് ഇരുചെവിയറിയാതെ ദേവദാസൻ കണിയാൻ കൊട്ടാരം വിട്ടു. കണിയാനെ പിടിക്കാൻ രാജാവ് വേഷം മാറി മറുനാടുകളിൽ തേടി നടക്കുകയാണെന്ന് കണിയാന്റെ അനുചരൻമാർ തന്നെ പറഞ്ഞ് പരത്തുകയും ചെയ്തു.

അപ്പോഴും ദേവദാസൻ കണിയാന് നാട്ടുകാരുടെ മുന്നിൽ വെളിപ്പെടാനായില്ല. പലർക്കും അയാളെ അപ്പോഴും സംശയമുണ്ടായിരുന്നു. നാട്ടുകാരെ സത്യാവസ്ഥ ബോധിപ്പിക്കാൻ ഒരു നാട്ടുക്കൂട്ടം വിളിച്ച് കൂട്ടി സംസാരിക്കാനിരിക്കെയാണ് കുരുടിത്തള്ളയുമായി ദേവദാസൻ നേർക്കുനേരെ കാണുന്നത്. നാളുകളായി ദേവദാസൻ ഒരു ശിങ്കിടിയുടെ പുരയിൽ വേഷം മാറി കഴിയുകയായിരുന്നു. തന്റെ മുഖ്യ ശത്രുക്കളെ ഒന്നൊന്നായി തേടിപ്പിടിച്ച് വകവരുത്താൻ കിങ്കരൻമാർക്ക് നിർദ്ദേശവും കൊടുത്തിരുന്നു. ശത്രുക്കളുടെ എണ്ണം കുറയുന്നതിനനുസരിച്ച് കൈവന്ന ആത്മവിശ്വാസത്തിലാണ് നാട്ടുസഭ കൂടാൻ കണിയാന് ധൈര്യം വന്നത്.

ഒളിയിടത്തിൽ മറ്റാരുമില്ലാതിരുന്ന ഒരുച്ചനേരം, ഊന്നുവടിയിടിച്ച് തപ്പിത്തടഞ്ഞ്, ശബ്ദങ്ങൾക്ക് തല തിരിച്ച്, കാത് കൊണ്ട് വീക്ഷിച്ച്, മുറ്റത്ത് വന്ന് നിൽക്കുന്ന വൃദ്ധയെ കണ്ടിട്ട് കണിയാന് തീരെ പരിചയം തോന്നിയില്ല. ആരാ എന്ന ചോദ്യത്തിന് മറുചോദ്യമായി കണിയാൻ ദേവദാസനല്ലേ എന്ന മറുചോദ്യം വന്നപ്പോൾ ദേവദാസന് ആളെ മനസിലായി. ഇരുട്ട് നിറഞ്ഞ കണ്ണ് കൊണ്ടുള്ള പരതി നോട്ടവും കൂടി കണ്ടപ്പോൾ കണിയാൻ അതുറപ്പിച്ചു. 

‘ഒടുക്കം നീയെന്റടുത്തെത്തിയല്ലേടീ കുരുടീ..’ എന്നലറിക്കൊണ്ട് കണിയാൻ കുരുടിത്തള്ളയുടെ മുന്നിലെത്തി. ‘എനിക്ക് തടസം നിന്ന ഒറ്റയൊന്നിനെയും ഞാൻ വെറുതെ വിട്ടിട്ടില്ല, നിനക്കതറിയാമല്ലോ! എന്നിട്ടും എന്ത് ധൈര്യത്തിലാടീ കണ്ണുപൊട്ടിയായ നീ എന്റെ മുന്നീ വന്ന് നിൽക്കണത്?’

കുരുടിത്തള്ള രണ്ടടി പിന്നാക്കം മാറി.
‘എനിക്ക് നിന്നെ ശെരിക്കറിയാമെടാ. നിനക്കെതിരെ ചെറുവിരലനക്കുന്നവരെപ്പോലും നീ കൊന്ന് തള്ളും. നിന്റെയുള്ളിൽ ഒടുങ്ങാത്ത പകയും കലിയും മാത്രമാ. അതൊടുക്കം നിന്റെ കണ്ണ് നീറ്റും, കണ്ടോ…

കുരുടിത്തള്ളയുടെ പ്രവചനത്തിന് ഒടുക്കത്തെ സത്യമുണ്ടെന്ന് കണിയാൻ മനസിലാക്കിയത് കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങിയപ്പോഴാണ്. തന്റെ കൈമുട്ടൊപ്പം മാത്രം ഉയരമുള്ള കുരുടിത്തള്ള ഒരു പെരുമ്പക്ഷിയെപ്പോലെ ചിറക് വിരിച്ച് കഴുത്തിന് നേരെ ദംഷ്ട്ര പോലെ വളഞ്ഞ് കൂർത്ത നഖങ്ങൾ നീട്ടിക്കൊണ്ട് പറന്നെത്തുന്നത് ഒരു നിഴൽ പോലെ മാത്രമേ ദേവദാസന് കാണാൻ കഴിഞ്ഞുള്ളൂ.

ആ കഥയുടെ ബാക്കി പറയാൻ എഴാമന് കഴിഞ്ഞില്ല. ഒരുപോലെ കാത് കൂർപ്പിച്ച്, വലിഞ്ഞ് മുറുകിയ ഞരമ്പുകളുമായി കേട്ടിരുന്ന ആറ് ശ്രോതാക്കൾക്ക് അത് കേട്ട് പൂർത്തിയാക്കാനും കഴിഞ്ഞില്ല. കാരണം, അതേനിമിഷം സുന്ദരിയുടെ വീടിന്റെ പിറകുവശത്തെ വാതിൽ ചെറിയ ഒച്ചയോടെ തുറക്കപ്പെട്ടു. ഏഴുപേരും കണ്ണും കാതും രോമകൂപങ്ങൾ കൊണ്ടുപോലും അവിടേക്ക് ആഴ്ന്ന് നോക്കി.

സുന്ദരി പുറത്തേക്കിറങ്ങി. ഉദയത്തിനും അസ്തമയത്തിനും കൃത്യം നടുക്കുള്ള സമയം. ഏഴ് കാഴ്ചക്കാരുടെയും പ്രാർത്ഥന പ്രകൃതിയും സുന്ദരിയും ഒരുപോലെ കേട്ട് കടാക്ഷിച്ചതുപോലെ അന്ന് വെളുത്തവാവായിരുന്നു. കിണറ്റിൻ കരയിലെത്തിയ സുന്ദരി തന്റെ ദേഹത്തുണ്ടായിരുന്ന ഒറ്റ വസ്ത്രത്തിൽനിന്ന് മുക്തയായി. അനാവൃതമായ അവളുടെ ശരീരത്തിലേക്ക് ഏഴുവരും ആയുസിന്റെ മുഴവൻ ആയവും കൃഷ്ണമണിയിൽ കൊരുത്ത് കൂർപ്പിച്ച് നോട്ടമെറിഞ്ഞു. മുൻപേ പറഞ്ഞ് വെച്ചതുപോലെ ഓരോരുത്തരും ഓരോന്ന് എന്ന കണക്കിൽ ആ ഏഴ് അടയാളസ്ഥാനങ്ങളിലേക്കായിരുന്നില്ല അവരുടെ നോട്ടം ചെന്നുവീണത്. പുറം തിരിഞ്ഞ് നിൽക്കുന്ന സുന്ദരിയുടെ കൃത്യം മുതുകിലും വശങ്ങളിലുമായിരുന്നു. അയൽക്കാരൻ പയ്യൻ അവളെ പ്രാപിച്ചോ എന്നായിരുന്നില്ല അവർക്കറിയേണ്ടിയിരുന്നത്. അവളുടെ പിറകിൽ ഒരു പക്ഷിയുടേത് കണക്കെ ചിറകുകളുണ്ടോ എന്നായിരുന്നു.

അയൽക്കാരൻ ചെറുപ്പക്കാരനിൽ തുടങ്ങി, നാടും മറുനാടും കടന്ന് പരന്ന കഥയിൽ അവർ കേട്ടത് ഒരേയൊരു വാക്യമായിരുന്നു- അവളുമായുള്ള സംഗമത്തെപ്പറ്റി ആ ചെറുപ്പക്കാരൻ പറഞ്ഞ ഭംഗിവാചകം- ‘അവൾ എന്നെയും കൊണ്ടങ്ങ് പറക്കുകയായിരുന്നു’ എന്ന വാക്യം. പറഞ്ഞ് പരന്ന കഥയിൽ ആ വാക്കുകൾ മാത്രം കേട്ട ഏഴുപേരായിരുന്നു അവർ. അവൾക്ക് ചിറകുണ്ടോ എന്നറിയാൻ മാത്രം വന്നവർ.

അവരുടെ വരവ് വെറുതേയായതുമില്ല. അവൾക്ക് ചിറകുകളുണ്ടായിരുന്നു. ഒരാൽബട്രോസ് പക്ഷിയുടെയത്രയും വലുപ്പമുള്ള ചിറകുകൾ. അവർ കാൺകെ അവളാ ചിറകുകൾ വിടർത്തിയൊന്ന് പറക്കുകയും ചെയ്തു. അൽപമുയർന്ന്, ചിറക് നിശ്ഛലമാക്കി, വായുവിൽ നിലചവിട്ടി നിന്ന് അവൾ തിരിഞ്ഞു. അവരുടെ സ്ഥാനം മുൻകൂട്ടി അറിഞ്ഞിരുന്ന പോലെ അവളുടെ നോട്ടം അവർക്ക് നേരെ തന്നെ നീണ്ട് ചെന്നു. ഭയത്തിന്റെ ഉത്തുംഗത്തിൽ അവരേഴുപേരും ബോധമറ്റ് ഇരുന്നയിരുപ്പിൽ നിശ്ഛലരായി.

നേരം പുലർന്നപ്പോൾ നാട്ടുകാരാണ് ഏഴ് കള്ളൻമാരെ സുന്ദരിയുടെ വീട്ടുവളപ്പിൽ നിന്ന് പിടിച്ച് കെട്ടിയത്. അങ്ങനെയാണവർ കള്ളൻമാരായത്. കള്ളൻമാരാണെന്നും, വെറുതെ വിടരുതെന്നും, പിടിച്ച് കെട്ടണമെന്നുമൊക്കെയുള്ള നാട്ടുകാരുടെ അക്രോശങ്ങളിലൊന്നും അവർ ഉണർന്നില്ല. ഊക്കോടെ ദേഹത്ത് അടിയും തൊഴിയും വീണ പകപ്പിൽ ഞെട്ടിയെണീറ്റിട്ടും അവർ ഒട്ടും പ്രതിരോധിച്ചില്ല. പിടിച്ചുയർത്തപ്പെടാനും, ചാരിയിരുന്ന വരിക്കപ്ലാവിന്റെ തടിയിൽത്തന്നെ ചേർത്ത് കയറിനാൽ ചുറ്റിക്കെട്ടപ്പെടാനുമൊക്കെ കാറ്റിൽ പറന്ന് പോകുന്ന ഒരുണക്കിലയുടെ പ്രതിരോധം പോലും അവർ കാട്ടിയതുമില്ല. കൂറ്റൻ പ്ലാവിന് ചുറ്റുമായി നാട്ടുകാർ ഏഴുപേരെയും ചേർത്ത് കെട്ടി. കള്ളൻമാരെയെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർ കൂട്ടംകൂടിയും രണ്ടും മൂന്നും പേരായി തിരിഞ്ഞും ആലോചിച്ചു. അതിനിടയ്ക്ക്, മരത്തിന് ചുറ്റുമായി ബന്ധിക്കപ്പെട്ട് നിൽക്കുന്ന ഏഴുവരുടെ നിൽപ്പിൽ അതൃപ്തി തോന്നിയ ഒരാൾ കാലിന്റെ മടമ്പിലേക്ക് താഴ്ത്തിയിട്ടിരിക്കുന്ന അവരുടെ ഉടുമുണ്ടുകൾ ഒന്നൊന്നായി അഴിച്ചെടുത്തു. വിചിത്രമായൊരാകസ്മികതയിൽ എല്ലാവരും അത്ഭുതപ്പെട്ടു.

Comments