ലീന തോമസ്​ കാപ്പൻ

ചിറകുകൾ മുളച്ച്​ കനമില്ലാതെ മോമി പറന്നുപോയി

പ്രാർത്ഥന കഴിഞ്ഞപ്പോൾ ഡോക്ടറും കാതറീനും എന്റെ നേരെ അനുവാദത്തിനായി കണ്ണെയ്തു.

തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചുവന്ന ഉടുപ്പിൽ അതീവസുന്ദരിയായി കട്ടിലിൽ കിടക്കുന്ന മോമിയും എന്റെ നേരെ നോക്കി കൈ നീട്ടി. ഞാൻ അവരുടെ അടുത്തേക്കിരുന്നു. മോമിയുടെ കൈ എന്റെ കൈക്കുള്ളിലാക്കി. സുഖമുള്ള ഒരു നനുത്ത സ്നേഹം എന്റെ ആത്മാവിൽ പടർന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ മോമിയുടെ ശരീരത്തിന്റെ ഈ ചൂട് പതുക്കെ പതുക്കെ തണുക്കും, പിന്നെ മരവിക്കും. എന്റെ കൈക്കുള്ളിൽ നിന്ന് ഈ കൈകളെ ആരെങ്കിലും അടർത്തിമാറ്റും. കണ്ണുനീരിനെ അണക്കെട്ടുകൊണ്ട് തടഞ്ഞു നിർത്തിയിരിക്കുകയാണ് ഞാൻ. തൊണ്ടയിൽ എന്തോ ഉരുണ്ടുകൂടുന്നുണ്ട്.

കഴിഞ്ഞ പതിനഞ്ചുദിവസമായി എത്ര പറഞ്ഞുകൊടുത്തിട്ടും മനസ്സിലാകാത്ത, ഒട്ടും വരുതിയിൽ വരാത്ത, എന്റെ മനസിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകളയാൻ പലവട്ടം തോന്നിയതാണ്. ‘ഇതിൽക്കൂടി കടന്നുപോയേ പറ്റൂ' എന്ന് അതങ്ങനെ തർക്കിച്ചുകൊണ്ടേയിരുന്നു.

ലോകത്തൊരു ശക്തിക്കും മനസ്സിനെ പെട്ടെന്നനുസരിപ്പിക്കാനുള്ള ഒരു തന്ത്രവും അറിയില്ല.

ഞാൻ ഭിത്തിയിലുള്ള ഈശോയുടെ മുഖത്തേക്ക് നോക്കി, മുട്ടുകുത്തി.

കാറ്റുപിടിക്കാത്ത വലിയ കല്ലിൽ കൈകൾ താങ്ങിവെച്ച് മുകളിലേക്ക് നോക്കി ഈ ഗത്സമന തോട്ടത്തിൽ ഒരേ ഇരിപ്പാണ് കുറെ നാളായിട്ട്. കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാൻ പറഞ്ഞേച്ച് സ്വർഗത്തിലേക്കുള്ള വഴിയിലൊക്കെ കല്ലും മുള്ളും വിതറി, പറ്റിയാൽ ഒരു കുരിശുകൂടി കൊടുത്തിട്ട് ഇങ്ങനെ അങ്ങിരുന്നാൽ മതിയല്ലോ.

മോമി സ്വയം തീരുമാനിച്ചതാണ് ഇനി ഈ വേദനകൾ സഹിച്ച് ഇങ്ങനെ കിടക്കുന്നതിൽ അർത്ഥമില്ലെന്നും ഈ രാജ്യം നൽകുന്ന ‘അന്തസ്സായി മരിക്കാനുള്ള പ്രത്യേകാവകാശം' ഉപയോഗിക്കണമെന്നതും.

ആദ്യമായി മോമി എന്നോടിത് പറഞ്ഞതുകേട്ടപ്പോൾ എന്റെയുള്ളിൽ നേഴ്സും വളർത്തുമകളുമായ ‘ഞാനും ഞാനും' തമ്മിൽ വലിയ ഒരു വടംവലി നടന്നു. അത് ഒതുക്കിത്തീർക്കാൻ ഇരുപത്തിനാലു മണിക്കൂർ സമയം ചോദിച്ചു.

ഒടുവിൽ ‘ഞാനും ഞാനും' സമ്മതിച്ചു.

ലോങ്ങ് ടേം കെയറിൽ പ്രായമായവരുടെ മരുന്നും ഡോസും നിർണയിക്കുമ്പോഴും അൾഷൈമെർസ്, കാൻസർ തുടങ്ങിയ അസുഖങ്ങൾ കാണുമ്പോഴും എന്റെ മനസ്സിൽ തറയ്ക്കുന്ന ചിന്തകൾ മോമിയുടെ തീരുമാനത്തോടോത്തുപോകാൻ കുറച്ചൊക്കെ സഹായിച്ചിട്ടുണ്ടെന്നുവേണം കരുതാൻ. സുഹൃത്തും കുടുംബഡോക്ടറുമായ ഡോക്ടർ എറിക് എന്നത്തെയും പോലെ ഇക്കാര്യത്തിലും ഒരു നല്ല വഴികാട്ടിയായിരുന്നു.

ചിത്രീകരണം: ഷാഹിന
ചിത്രീകരണം: ഷാഹിന

ലോങ്ങ് ടേം കേറിൽ എന്റെ കൂടെ ജോലിചെയ്യുന്ന ഡോക്ടർ ജെന്നിഫറും എന്റെ മനസ്സു പാകമാക്കാനും "മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡയിങ്’ എന്നതിന്റെ അപേക്ഷയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാനും സഹായിച്ചു.

മോമിയുടെ തീരുമാനത്തിന് ഗവൺമെന്റിന്റെ അംഗീകാരം കിട്ടാൻ രണ്ടു ഡോക്ടർമാർ രണ്ടു സമയത്തായി അഭിമുഖസംഭാഷണത്തിന് വന്നിരുന്നു.
ആ ദിവസങ്ങളിൽ ഞാൻ ഒപ്പമുണ്ടാകണമെന്ന് മോമിക്ക് നിർബന്ധമായിരുന്നു.

മോമിയോളം മനസ്സിന് കരുത്തുള്ള ഒരു സ്ത്രീയെ ഞാനിതുവരെ കണ്ടിട്ടില്ല. എന്റെ അമ്മയും സുഹൃത്തും വഴികാട്ടിയും അങ്ങനെ എല്ലാമെല്ലാമായി എന്റെ ലോകമായിരുന്നു മോമി. അതുകൊണ്ടുതന്നെ ഇതിൽക്കൂടി നടന്നുകയറാൻ എന്നെ പ്രാപ്തയാക്കാൻ വേണ്ടിയായിരുന്നു മോമിയുടെ ഇത്തരം നിർബന്ധങ്ങൾ എന്നെനിക്കുറപ്പുണ്ട്.

ഡോക്ടറിനെ സഹായിക്കാൻ നേഴ്‌സായി കാതറീൻ തന്നെ വേണമെന്നായിരുന്നു മോമിയുടെ ആഗ്രഹം. അവൾ മോമിയിലേക്ക് കുത്തിവെക്കേണ്ട മരുന്നുകളുടെ പേരെഴുതി ഒട്ടിച്ചിട്ടുള്ള നാല് സിറിഞ്ചുകൾ ഓർഡർ അനുസരിച്ച് മേശപ്പുറത്തു എടുത്തുവെച്ച് മോമിയെ നോക്കിനിന്നു.

ഞാനിവിടെ വന്നപ്പോൾ മുതൽ എന്റെ നിഴലായി അവൾ കൂടെയുണ്ട്.

മോമിക്കും അവളെ വലിയ കാര്യമായിരുന്നു. മോമി ഈ ദിവസം മരണത്തിനായി തിരഞ്ഞെടുത്തപ്പോൾ, പത്തുദിവസമാണ് അതിനൊരുങ്ങാനായി ഞങ്ങൾക്ക് കിട്ടിയത്. കാതറീൻ ഇടക്കിടക്ക് മോമിയെ കാണാൻ വരുമായിരുന്നു. അങ്ങനെ ഒരു ദിവസം മോമിയവളെ കിടക്കക്ക് അരികിലേക്ക് വിളിച്ച് ചെവിയിൽ പറഞ്ഞു.

‘നീ ഒരു നേഴ്‌സ് പ്രാക്ടീഷണർ ആയിരുന്നെങ്കിൽ എന്നെ സ്വർഗത്തിലേക്ക് പറഞ്ഞു വിടുന്ന ഈ ഉത്തരവാദിത്തം നിന്നെ ഏൽപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. നീയും പൊന്നുവും എല്ലാത്തിനും ഒരുമിച്ചായിരുന്നില്ലേ. അവളോടൊപ്പം നിനക്കും ആ കോഴ്സ് ചെയ്തെടുക്കാമായിരുന്നു. ആദ്യത്തെ തലമുറ ഇവിടേക്ക് കുടിയേറുമ്പോൾ ഒരുപാടു സമ്മർദ്ദങ്ങളുണ്ട്, അലച്ചിലുകളും ബുദ്ധിമുട്ടുകളുമുണ്ട്, പ്രത്യേകിച്ച് സാമ്പത്തികമായിട്ട്. എന്റെ വല്യപ്പച്ചൻ വയനാട്ടിലേക്ക് കുടിയേറിപ്പാർത്തപ്പോൾ മണ്ണിൽ കിളച്ചു വിയർപ്പു കൂട്ടികുഴക്കുന്നതിനോടൊപ്പം, ഒരു കൈലിമുണ്ടു രണ്ടായി കീറി അപ്പനും അമ്മയും ഉടുത്തിരുന്ന കഥ പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരം കഷ്ടപ്പാടുകളുടെ വേറൊരു പതിപ്പാണ് ഇവിടേക്ക് കുടിയേറുന്ന ആദ്യ തലമുറ നേരിടുന്നത്. അതിനെയൊക്കെ തരണം ചെയ്യുന്നതും മനസ്സിൽ ലഡു പൊട്ടുന്നതും അടുത്ത തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം കിട്ടുമ്പോഴും അവർ നമ്മളെക്കാൾ ഒരു പടിയെങ്കിലും കടന്നു ഒരു ജോലിയിലാകുമ്പോഴുമാണ്. ഡാഡിയുടെയും മമ്മിയുടെയും മനസ്സിൽ ലഡു പൊട്ടിക്കാൻ ഇനിയും വൈകിയിട്ടില്ല. നീയൊന്നാലോചിക്ക്​.’

മോർഫിൻ എന്ന വേദനാസംഹാരിയുടെ സഹായത്താൽ ഉറങ്ങിയെഴുന്നേറ്റ ഒരു ഉച്ചയ്ക്കായിരുന്നു മോമി ഇക്കാര്യം അവളോട്‌ പറഞ്ഞത്. അതുകേട്ടിട്ട് അടുക്കളയിൽ എന്റെ അടുത്തുവന്ന് അവളൊന്നു ഏങ്ങലടിച്ചു കരഞ്ഞു. ആ കരച്ചിലിനിടയിൽ ഇനിയും ഈ പ്രായത്തിൽ കുത്തിയിരുന്ന് പഠിക്കാൻ എന്നെ കിട്ടില്ല എന്ന സിമെന്റിട്ടുറപ്പിച്ച അവളുടെ മടി ഏങ്ങലിനോടൊപ്പം പറന്നങ്ങുപോയി.

മൂന്നുദിവസം കഴിഞ്ഞപ്പോൾ കോഴ്സിന് ചേർന്ന കാര്യം മോമിയോട് വന്നു പറഞ്ഞു. മോമിയുടെ കണ്ണും മനസ്സും നിറഞ്ഞു. സ്വർഗത്തിലേക്ക് പോകും മുമ്പ് ഇതിലും നല്ലൊരു സമ്മാനം നിന്നിൽനിന്നെനിക്ക് കിട്ടാനില്ല എന്നാണ് മോമി അവളോട്‌ പറഞ്ഞത്.

ഡോക്ടർ അവസാനമായി "ആർ യു റെഡി?’ എന്നുചോദിച്ചു.

മോമിയുടെ "യെസ്" എന്ന അവസാനത്തെ കൺസെൻറ്​ എഴുതിച്ചേർത്ത് അദ്ദേഹത്തിന്റെ ഡോക്യുമെൻറ്​ പൂർത്തിയാക്കുന്ന നിമിഷങ്ങളായിരുന്നത്. അതുകഴിഞ്ഞ്​ അദ്ദേഹം ആദ്യത്തെ മരുന്നിന്റെ സിറിഞ്ച്​ കയ്യിലെടുത്തു.

നാലുമരുന്നുകളിൽ ആദ്യത്തേത് ആശങ്കകൾ കുറച്ചുകൊണ്ട് നന്നായി ഉറങ്ങുന്നതിനുള്ള മരുന്നാണ്. കുത്തിവയ്ക്കുന്നതിനുമുൻപ് മോമി എല്ലാവരോടും കണ്ണുകൊണ്ട് യാത്ര പറഞ്ഞു, നന്നായി പുഞ്ചിരിച്ചു. എന്റെ മക്കൾ കട്ടിലിനരുകിലേക്ക് കുറച്ചുകൂടി ചേർന്നുനിന്നു.

ഈ അവസരത്തിൽ എങ്ങനെ പെരുമാറണമെന്ന് ഡാഡി അവർക്ക് പറഞ്ഞുകൊടുത്തിരുന്നു.
അവരത് ഭംഗിയായി നടപ്പിലാക്കി.
മോമിയുടെ സഹോദരനും ഭാര്യയും ചിരിച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ കരയുന്നു.

ഈയൊരു നിമിഷങ്ങൾ വിവരിക്കാൻ ഒരു ഭാഷയുമില്ല, വാക്കുകളുമില്ല.

അല്ലെങ്കിലും പല അനുഭവങ്ങൾക്കും കൃത്യമായ ഭാഷയോ വാക്കുകളോ ഇല്ലല്ലോ. ഉള്ള ഭാഷയോ വാക്കുകളോ വെച്ച്‌ എങ്ങനെയെങ്കിലുമൊക്കെ വിവരിക്കാമെന്നല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാൻ പറ്റുക?

ഈ മരുന്ന് കൈകളിലേക്ക് കുത്തുമ്പോൾ ഞാൻ ആ നെഞ്ചിൽ ചെവിചേർത്തു കിടക്കണം എന്നതായിരുന്നു മോമിക്ക് അവസാനമായുണ്ടായിരുന്ന ആഗ്രഹം.

ഹൃദയത്തിന്റെ അവസാനത്തെ ഇടിപ്പ് കേൾക്കണമെന്നുള്ളത് എന്റെയും ആഗ്രഹമായിരുന്നു. വേറേതൊരുതരം മരണത്തിലും ചിലപ്പോൾ നമുക്കിത് സാധിച്ചെന്നുവരില്ല.

എന്റെ ചങ്കിലെ കല്ലിനുമീതെ ഈയൊരു സങ്കലനചിഹ്നം കയറ്റിവെച്ച് ആശ്വസിക്കാൻ ശ്രമിച്ചു. മോമിയുടെ മുഖത്തേക്ക് നോക്കി ആ നെഞ്ചിൽ തലചായ്ച്ചു.

ഡോക്ടർ ഇടതുകൈയിലെ കാനുലയിലേക്ക് സിറിഞ്ചിന്റെ സൂചി കടത്തിവെച്ച് പതുക്കെ മരുന്ന് കടത്തിവിടാൻ തുടങ്ങി.

മോമി വലതുകൈ കൊണ്ട് എന്റെ മുടിയിഴകളിൽ തലോടി, വിരലുകൾ അതിൽ ചെറുതായി കുരുക്കിവെച്ചു.

മോമിയുടെ കണ്ണുകൾ ഉറക്കത്തിലേക്ക് മയങ്ങിപ്പോകുന്നത് കാണുമ്പോൾ, ഈശോയെ ക്രൂശിക്കുമ്പോൾ മാതാവിന്റെ ചങ്കിനെ അരിഞ്ഞ വാളിന്റെ മൂർച്ച എനിക്ക് നന്നായി അനുഭവിക്കാൻ പറ്റി. മോമിയാണെങ്കിൽ "ഇച്ചായൻ വിളിക്കുന്നു പൊന്നു’ എന്ന് എനിക്കുമാത്രം മനസ്സിലാകുന്ന അവ്യക്തമായ ഭാഷയിൽ പറഞ്ഞ് മുകളിലേക്ക് കൈകൾ നീട്ടാൻ ശ്രമിച്ചു.

പ്രണയമുള്ള ചിരിയായിരുന്നു അപ്പോൾ മോമിയുടെ മുഖത്ത്.

മോമിയുടെ അവസാന വാക്കുകൾ, ‘സീ യു ഓൾ ദേർ’ എന്നൊരു ചിരിയിലലിഞ്ഞു. എന്റെ മുടിയിഴകളിൽനിന്ന്​ മോമിയുടെ കൈകൾ ഊർന്നുവീണു.

മോമിയുടെ ശ്വസോഛ്വാസം ചെറുതായി ചെറുതായിവന്നു.

ഹൃദയത്തെ കേൾക്കാതെയായി.

ഒരു വല്ലാത്ത ശൂന്യത എന്നെ പൊതിഞ്ഞു.

ആ ഒന്നുമില്ലായ്മക്കുമപ്പുറത്ത് വെളിച്ചമില്ലാതിരുന്നിട്ടും തലയിൽ കിരീടം ചൂടിയ മോമിയെ ഞാൻ നന്നായി കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പൾസ്‌ നോക്കാനായി മോമിയുടെ കൈകൾ പിടിച്ചു. മോമി പോയിക്കഴിഞ്ഞിരുന്നു എന്ന് എനിക്കുമാത്രം അറിയാമായിരുന്നു. പിന്നീടുള്ള മരുന്നുകൾ കൊടുക്കേണ്ടി വന്നില്ല. നമ്മളായിട്ട് വല്ലാതെ ആഗ്രഹിച്ച് ഒരു കാര്യം തീരുമാനിച്ചാൽ അതങ്ങു നടക്കും. അല്ലെങ്കിൽ പിന്നെ ബാക്കി മരുന്നുകൾ കൊടുക്കുന്നതിനുമുമ്പേ എങ്ങനെയാണ് മോമി പറന്നുപോയത്.

ഈ ദിവസം മോമി തെരഞ്ഞെടുക്കാനുള്ള കാരണം തന്നെ മോമിയുടെ ഇച്ചായൻ മരിച്ച ദിവസമായിരുന്നു എന്നതായിരുന്നു.

ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.
മറ്റുള്ളവർ പറഞ്ഞതെല്ലാം ഒരു പാവയെപ്പോലെ ഞാൻ അനുസരിച്ചു എന്നാണ് അന്നത്തെ ദിവസത്തെ എന്റെ പെരുമാറ്റത്തെപ്പറ്റി പിന്നീട് മോള് പറഞ്ഞത്.

രാത്രി കിടന്നിട്ട് ഉറക്കം പടികയറി വന്നതേയില്ല.

ഓർമകൾ വെറുതെ പായുകയാണ്. അതിന്റെ റിമോർട്ട് ഞാൻ മാറ്റിവെച്ചു, ഒരു കൺട്രോളും വേണ്ട, എവിടെയെങ്കിലും ചെന്ന് കേറീട്ടു വരട്ടെ. അഞ്ച് ദിവസത്തെ ലീവ് കൂടി ബാക്കിയുണ്ട്.

പതിനേഴാം വയസ്സിൽ കാനഡയിലേക്ക് പറന്നതാണ് മോമി.
സഹോദരനും കുടുംബവുമാണ് ഇങ്ങോട്ടു കൊണ്ടുവരാനുള്ളതെല്ലാം ശരിയാക്കിയത്. നഴ്സിംഗ് പഠിച്ചതും കല്യാണം കഴിഞ്ഞതും ലോകത്തൊരാളും സ്നേഹിക്കാത്തതുപോലെ.

അഞ്ചുവർഷം ചേർത്തുപിടിച്ച മോമിയുടെ ഭർത്താവ് കാറപകടത്തിൽ മരിച്ചതും പിന്നീട് പത്തുമുറികളുള്ള ആ വീട്ടിൽ ശബ്ദം നിറയ്ക്കാൻ ഒരാളുവേണമെന്നു തോന്നിയതുമൊക്കെ മോമി പറഞ്ഞത് ഞാനിവിടെ വന്നതിന്റെ ഏഴാം ദിവസമായിരുന്നു.

മോമി ഒരിക്കൽ നാട്ടിൽ വന്നപ്പോൾ അനാഥാലയത്തിൽ വന്ന് ആദ്യമായി എന്നെ കാണുന്നത്, ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. ഒരു കുട്ടിയുടെ പഠനത്തിനുള്ള ചെലവുകൾ സ്പോൺസർ ചെയ്യണമെന്നായിരുന്നു മോമിയുടെ പ്ലാൻ. പിന്നീട് രണ്ടു മൂന്നുപ്രാവശ്യം കാണുകയും ഒരു പ്രാവശ്യം മദർ സുപ്പീരിയറിന്റെ അനുവാദത്തോടെ മോമിയുടെ കൂടെ തറവാട്ടിൽ പോയി താമസിക്കുകയും ചെയ്തു. അതിൽപ്പിന്നെ മോമിക്ക് എന്നും ഞാൻ കൂടെയുണ്ടാവണമെന്ന് തോന്നിയത്രേ. പിന്നീടാണ് ഇങ്ങോട്ടുകൊണ്ടുവരാനുള്ള പേപ്പറുകൾ ശരിയാക്കിയതും പത്താം ക്ലാസ് കഴിഞ്ഞ്​ ഞാൻ ഇവിടേക്ക് പറന്നുവന്നതും.

അയൽക്കാരിയായ കാതറിൻ എല്ലാത്തിനും കൂട്ടുനിന്നു.

ഇംഗ്ലീഷിൽ സംസാരിപ്പിക്കാൻ പഠിപ്പിച്ചു.

പ്ളീസ്, താങ്ക് യു , മേ ഐ ..., ഐ അപ്രീഷിയേറ്റ് ഇറ്റ്, അതുകൂടാതെ മനസ്സിൽ തട്ടി "സോറി’ എന്ന വാക്ക് വേണ്ടിടത്ത് വേണ്ടതുപോലെ പറയാനും, അത് പറയുന്ന മറ്റുള്ളവരോട് എങ്ങനെ നന്നായി പ്രതികരിക്കണമെന്നുമൊക്കെയുള്ള പരിശീലനം തന്നത് അവളാണ്.

പോകെപ്പോകെ ഈ വാക്കുകൾ കൊണ്ട് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ സ്വർഗം പണിയാനുള്ള സാധ്യതകൾ ഞാൻ മനസ്സിലാക്കി. നമ്മുടെ നാട് പാശ്ചാത്യസംസ്കാരത്തെപ്പറ്റിയും, വിദേശസംസ്കരത്തെപ്പറ്റിയുമൊക്കെ എന്തെല്ലാം അബദ്ധങ്ങളാണ് വെച്ച് പുലർത്തുന്നത്. എത്ര നന്നായാണ്, മറ്റുള്ളവരോട് പ്രത്യേകിച്ച് കുടിയേറി പാർക്കുന്നവരോട് ഈ നാട്ടുകാർ ഇടപെടുന്നത്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക, സ്വകാര്യതകളെ ബഹുമാനിക്കുക, മറ്റുള്ളവരുടെയും തങ്ങളുടെയും ദേഷ്യം, സ്നേഹം, സങ്കടം, പിരിമുറുക്കങ്ങൾ എന്നിങ്ങനെയുള്ള മാനുഷികവികാരങ്ങളെ അതിന്റെതായ കനത്തിൽ അഭിസംബോധന ചെയ്യുക എന്നിങ്ങനെ ഒരുപാട് പ്രത്യേകതകൾ നാട്ടിൽനിന്നു പറിച്ചുനട്ടതിനുശേഷം എനിക്ക് മനസിലാക്കാനുണ്ടായിരുന്നു.

ഇന്റേൺഷിപ്പിന്റെ സമയത്ത് ഒരു കുട്ടി ചെയ്യേണ്ട ജോലികൾ ശരിയായി ചെയ്യാത്തതിന്റെ എക്​സ്​പ്ലനേഷൻ സൂപ്പർവൈസർ ചോദിച്ചപ്പോൾ, അതിന്റെ ന്യായം വിശദീകരിക്കാൻ വല്ലാതെ ചില ശരീരഭാഷകൾ കാണിക്കുകയും എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു.

ക്ലാസു കഴിഞ്ഞപ്പോൾ "നീ അവളുടെ ഡ്രാമ കണ്ടായിരുന്നോ’ എന്ന് കാതറീൻ എന്നോടൊരു ചോദ്യം.

ആരെപ്പറ്റിയും അനാവശ്യമായി ഒന്നും പറയാറില്ലാത്ത അവളിതു ചോദിച്ചപ്പോൾ നീയെന്താ അങ്ങനെ ചോദിച്ചതെന്നു ഞാൻ തിരക്കി. ചെയ്യേണ്ട ജോലികൾ ചെയ്യാതെ അതിന്​ ന്യായമല്ലാതെ വിവരങ്ങൾ നിരത്തിയതുകൊണ്ട് അവളൊരു ഡ്രാമ ക്വീൻ ആണെന്നായിരുന്നു കാതറീന്റെ മറുപടി.

അപ്പോഴെനിക്ക് അനാഥാലയത്തിലെയും ആ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിൽ ഇടപെട്ടു പ്രവർത്തിക്കുന്ന ചില ഡ്രാമ ക്വീൻ, ഡ്രാമ കിംഗ് എന്നിവരെ ഓർത്ത് ചിരിവന്നു. അങ്ങനെ നാടുമായി ചേർന്നും ചേരാതെയും കുറെ കാര്യങ്ങൾ ഓരോ ദിവസവും ഞാൻ മനസ്സിലാക്കികൊണ്ടേയിരുന്നു.

ഈ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പെട്ടികളിൽ ഉൾപ്പെടാത്ത നാട്ടിലെ ചില നാട്ടുചിന്തകൾ തലയിലും മനസ്സിലും കുത്തിത്തിരുകിയാണല്ലോ ഞാൻ ഇങ്ങോട്ടു പറന്നത്. അതിന്റെയൊക്കെ പൊതികൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്നു പിന്നീടെനിക്ക് മനസ്സിലായി. ചുരുക്കം ചില ആളുകൾ ഇതിനൊക്കെ അപവാദമായുണ്ടെങ്കിലും പൊതുവെ ഒരു "വെൽകമിങ് മൂഡ്' ആണ് ഇതുവരെയുള്ള ജീവിതത്തിൽ കാണാൻ പറ്റിയിട്ടുള്ളത്.

കുടിയേറ്റക്കാർ വന്ന്​, ഇവിടെയുള്ളവരുടെ അവസരങ്ങളും സൗഭാഗ്യങ്ങളും തട്ടിയെടുക്കുന്നു എന്ന ചിന്തകളുള്ള കാറ്റൂതിയ ബലൂണുകൾ പോലത്തെ ചുരുക്കം ചില മനുഷ്യരെയും കണ്ടിട്ടുണ്ട്. അവർക്കൊക്കെ ഞാൻ ഡാകിനിയമ്മൂമ്മയുടെയും കുട്ടൂസന്റെയും മുഖമുണ്ടാക്കിചേർത്തു.

പതിനേഴാമത്തെ വയസ്സിൽ പഠനത്തോടൊപ്പം പോക്കറ്റ് മണി ഉണ്ടാക്കാൻ മാക് ഡോണൽഡ് എന്ന ചായക്കടയിൽ പാർട്ട് ടൈം ജോലി ചെയ്തതും കാതറിനോടോപ്പമാണ്. പഠനത്തെ ബാധിക്കാത്ത വിധം എന്ത് തരികിടകൾ ചെയ്യാനും മോമി അനുവാദം തന്നിരുന്നു. ഈ നാട്ടിൽ ആ പ്രായത്തിൽ കുട്ടികൾ വഴിതെറ്റിപോകാനുള്ള സാധ്യതകളെപ്പറ്റി മോമിക്ക് ആശങ്കയുണ്ടായിരുന്നില്ലേ എന്ന് പിന്നീട് ഞാൻ ചോദിച്ചപ്പോൾ അത് ‘മിസ് യൂസ്’ ചെയ്യരുതെന്ന് നിനക്ക് ബോധമുണ്ടെന്ന് രാവിലെ മെഡിറ്റേഷൻ ചെയ്യുമ്പോൾ എനിക്ക് വെളിപാട് കിട്ടിയിട്ടുണ്ടെന്നാണ് ചിരിച്ചുകൊണ്ട് മോമി പറഞ്ഞത്.

ഇവിടുത്തെ രീതികളുമായി ചേർന്നുപോകാൻ എന്നെ പഠിപ്പിച്ചതിന് കാതറീനോട് ഞാൻ ഇടക്കിടക്ക് നന്ദി പറയുമ്പോൾ ഞാൻ അവളെ ഒരു വലിയ കാര്യം പഠിപ്പിച്ചിട്ടുണ്ടെന്ന്​ ഒരിക്കൽ അവൾ വെളിപ്പെടുത്തി.

എന്നെ അനാഥാലയത്തിൽ നിന്ന്​ ഇവിടേക്ക് കൊണ്ടുവന്നതിനും സ്നേഹം വാരിക്കോരി തരുന്നതിനും പഠിപ്പിക്കുന്നതിനുമൊക്ക മോമിയോട് എനിക്കുള്ള നന്ദിയും കടപ്പാടും അവളെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ടത്രെ. എന്നെ അവൾക്കു കിട്ടുന്നതുവരെ മാതാപിതാക്കളോടുള്ള അവളുടെ മനോഭാവം വളരെ ഭീകരമായിരുന്നു എന്നാണവളുടെ വാദം. എല്ലാത്തിനും "പോരാ പോരാ’ എന്ന വികാരമായിരുന്നു, സ്നേഹം പോരാ, പൈസ പോരാ, അറ്റെൻഷൻ കിട്ടുന്നത് പോരാ, സ്വാതന്ത്ര്യം പോരാ അങ്ങനെ, "പോരായ്മകയുടെ’ ഒരു റാലി ആയിരുന്നത്രേ ജീവിതം.

ചുരുക്കത്തിൽ അവകാശങ്ങൾ കടലിനടിയിലും ഉത്തരവാദിത്തങ്ങൾ ഉപരിതലത്തിലും കാണുന്നൊരു ഐസ്‌ബർഗ് എന്നാണ് ആ അവസ്ഥയെപ്പറ്റി അവൾ വിവരിച്ചത്. എന്നെ പരിചയപ്പെട്ടപ്പോൾ മുതൽ അവൾ ‘ന്യൂജെൻ' എന്ന പ്യൂപ്പക്കുള്ളിൽ നിന്ന്​ പുറത്തുവന്നു എന്നാണവളുടെ ഭാഷ്യം.

കൂട്ടുകാരിക്ക് കാൻസർ വന്നപ്പോൾ അവളോട് ചേർന്നിരിക്കാൻ എന്റെ തല മുട്ടയടിച്ചു തരണമെന്ന് വാശിപിടിച്ചു മുട്ടത്തലയുമായി കൂട്ടുകാരിക്കൊപ്പം ചേർന്നിരിക്കുന്ന കുട്ടിയെപ്പോലെയായിരുന്നു പിന്നീടവൾ. അവളുടെ ഡാഡിയും മമ്മിയും അവളെയും ദത്തെടുത്തതാണെന്നു അവളങ്ങു ഭാവനയിൽ കാണാൻ തുടങ്ങി. ചിന്തകളും കാര്യങ്ങളും ഒക്കെ തകിടം മറിഞ്ഞ് തലച്ചോറിന്റെ പ്രോഗ്രാമിങ് ഒക്കെ മാറി അവൾ നല്ല വഴിക്ക് നടക്കാൻ തുടങ്ങിയത്രേ. മാതാപിതാക്കൾ കുട്ടികൾക്ക് ചെയ്തുതരുന്നതിനോക്കെ പകരം കൊടുക്കുക എന്ന തത്വം പോയിട്ട് അവയുടെ മൂല്യം പോലും കണക്കാക്കാൻ പറ്റില്ല എന്നൊരു പുതിയ പ്രോഗ്രാമിങ് ആയിരുന്നു പിന്നീട് അവളുടെ തലയിൽ.

"നിനക്ക് ഒരു കപ്പു ചായ തരട്ടെ?, ജോലി കഴിഞ്ഞെത്തിയ ഭർത്താവിന്റെ ചോദ്യങ്ങളാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
"ശരി. നമുക്കൊരുമിച്ചു കുടിക്കാം’.
‘താങ്ക്യൂ സൊ മച്ച്. ഞാൻ ശരിയാകുന്നേയില്ലല്ലോ ഇച്ചായാ. എനിക്ക് പേടിയാകുന്നു, ഒരു കൗൺസിലിംഗിന് പോയാലോ’, ഞാൻ ആശങ്കപ്പെട്ടു.

"ഇറ്റ് ഈസ് ഓക്കേ ടു ബി നോട്ട് ഓക്കേ’, എന്ന് സൈക്യാട്രിസ്​റ്റായ ഭർത്താവ്, തന്റെ ഭാര്യയെ ആദ്യമായി കൗൺസിൽ ചെയ്തു. ഞാൻ ഉള്ളപ്പോൾ നിനക്കെന്തിനാ വേറൊരു കൗൺസിലർ. ടോക്​സിക്​ പോസിറ്റിവിറ്റി എന്നൊരു ലെവലിലേക്ക് നീ പോകല്ലേ പൊന്നൂ, മോമിയുടെ കാര്യമാണെങ്കിൽ ഞാനറിയാത്ത എന്ത് പ്രശ്നമാണ് നിനക്ക് ഡിസ്‌കസ് ചെയ്യാനുള്ളത്?.

ഈ സങ്കടം നിന്റെ അവകാശമാണ്, ലീവെടുത്തുള്ള ഈ സങ്കടപ്പെട്ടിരിക്കലും ഒരത്യാവശ്യമാണ്. അതിലിത്ര അസാധാരണത്വം ഒന്നുമില്ല. എന്നാലേ നിന്റെ മനസ്സും തലച്ചോറും പതുക്കെപ്പതുക്കെ ഇതുമായി പൊരുത്തപ്പെടൂ.

ദാറ്റ് ടേക്ക്സ് സംടൈം. ഈ സംടൈം പലർക്കും പലതാണ്. അതുകൊണ്ടുതന്നെ ‘ടേക്ക് യുവർ ടൈം’ എന്നുപറഞ്ഞ്​ ടോം അവളെ ചേർത്ത് പിടിച്ചു.

"ശരിയാണ്, ഇറ്റ് ഈസ് ഓക്കേ ടു ബി നോട്ട് ഓക്കേ’ എന്ന വലിയ ഒരു കാര്യമാണ് ഞാൻ ആദ്യം മനസ്സിലാക്കേണ്ടത്.
‘താങ്ക് യു ഫോർ ബീയിങ് വിത്ത് മീ ആൻഡ് വോക്കിങ് വിത്ത് മീ’, കൺകോണിൽനിന്ന്​ രണ്ടു തുള്ളി കണ്ണുനീർ ടോമിന്റെ ഇളംനീല ഷർട്ടിൽ ഒരു പ്രാവിനെ തീർത്തു.

‘നീയൊന്നാലോചിച്ചു നോക്കിക്കേ, മോർഫിനും മറ്റു മരുന്നുകളും കഴിച്ചു കഴിച്ചു കാൻസർ പെയിൻ മാനേജ് ചെയ്തുചെയ്ത്​ ആരോഗ്യമൊക്കെ വഷളായി, ചിലപ്പോൾ ഓർമ നശിച്ച് ബോധം പോയി, മോമി അവസാനിക്കുന്നതിലും എത്രയോ ഭേദവും ഭാഗ്യവുമാണ് മോമിക്ക് ഇങ്ങനെ കടന്നുപോകാനുള്ള അവസരം കിട്ടിയത്.

എനിക്കോർമ്മയുണ്ട്; എന്റെ വല്ലിമ്മച്ചി കിടപ്പായതിനുശേഷം പുറമൊക്കെ പൊട്ടി അൾസർ ആയ ഒരവസ്ഥയിൽ, അമ്മയെ ഇങ്ങനെ നരകിപ്പിക്കല്ലേ ദൈവമേ, അധികം കഷ്ടപ്പെടുത്താതെ അങ്ങ് വിളിക്കണേ എന്ന് ഞാനും മമ്മിയും പ്രാർത്ഥിച്ചിരുന്നത്.

നാട്ടിലെ ജീവിതരീതികളും അതിന്റെ സ്വാധീനവും പൂർണ്ണമായും വിട്ടുപോകാത്തതുകൊണ്ടും ഇവിടുത്തെ സിസ്റ്റവുമായി പൂർണമായി ഇഴുകിച്ചേരാനാവാത്തതുകൊണ്ടുമാണ് നമുക്ക് ഇത്തരം കാര്യങ്ങളോട് അഡ്ജസ്റ്റ് ചെയ്തു, കൊംബ്രോമൈസ് ചെയ്തു, എന്നൊക്കെ തോന്നുന്നത്.

സംസാരിക്കാനുള്ള ശേഷിയും ബോധവും ഉണ്ടായിരുന്നതുകൊണ്ടും ഒരു നേഴ്സായിരുന്നതുകൊണ്ടും മോമിക്ക് താനെന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു. ഇതിനുള്ള ദിവസം തീരുമാനിച്ചതിനുശേഷം നമുക്കുകിട്ടിയ ആ വിലയേറിയ പത്തുദിവസങ്ങളിൽ നിന്റെ കൈകൊണ്ടുണ്ടാക്കിയ കൂർക്ക മെഴുക്കുവരട്ടിയും മട്ടൻ ഉലർത്തിയതും വേണമെന്ന് പറഞ്ഞതുൾപ്പെടെ മോമിയുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് ചെയ്തുകൊടുക്കാൻ പറ്റി.

"നന്നായെന്ന് പറഞ്ഞെങ്കിലും ഒരു കഷ്ണം മട്ടനെ മോമി കഴിച്ചുള്ളൂ, അതാ എന്റെ സങ്കടം’.
"മോമിയുടെ അവസ്ഥയിൽ നമ്മൾ എത്തിയാലേ നമുക്കതൊക്കെ മനസ്സിലാക്കാൻ പറ്റൂ. അതിനു നീ ഇങ്ങനെ സങ്കടപ്പെടല്ലേ. മോമിയുടെ എല്ലാ ആഗ്രഹങ്ങളും നിന്നാൽ കഴിയുന്നതിലപ്പുറം നീ സാധിച്ചു കൊടുത്തിട്ടുണ്ടെന്നു മോമി എത്ര സന്തോഷത്തോടെയാണ് എന്നോട് പറഞ്ഞതെന്നറിയാമോ? കാണണമെന്ന് മോഹിച്ചവരൊക്കെ അവരുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച്​ മോമിയെ വന്നു കണ്ടു. അവധിക്കാലമായിരുന്നതുകൊണ്ടു കുട്ടികളും മോമിയുടെ അടുത്തുണ്ടായിരുന്നു. ഉടുപ്പിന് മാച്ച് ചെയ്യണമെന്നുപറഞ്ഞ്​ ആ ചുവന്ന നെയിപോളിഷ് വരെ വാങ്ങിപ്പിച്ച്​ നഖങ്ങളിൽ പുരട്ടിച്ചത് കുഞ്ഞിയെക്കൊണ്ടാണ്. കാണാനാഗ്രഹമുള്ള സിനിമകളൊക്കെ അപ്പു കാണിച്ചു കൊടുത്തിട്ടുണ്ട്. സ്വന്തം ജീവിതം ആഘോഷമാക്കിയ ഒരു സ്ത്രീജന്മമാണ് മോമിയുടേത്. സ്വയം രക്ഷപ്പെട്ടാലെ മറ്റുള്ളവരെ രക്ഷിക്കാൻ പറ്റൂ എന്ന ഒരു സന്ദേശം അപ്പൂപ്പൻ താടി പോലെ ഈ ലോകത്തിൽ പറത്തിയിട്ടുപോയ മോമിയുടെ മകളാണ് നീ. അതുകൊണ്ടു നീ നിന്റെ സമയമെടുത്തു മാത്രം ഇതിൽനിന്ന് പുറത്തുവരിക. ഇനി നിനക്ക് ലീവ് നീട്ടിയെടുക്കണമെന്നോ കാതറിനൊപ്പം പുറത്തൊക്കെ ഒന്ന് കറങ്ങണമെന്നോ തോന്നിയാൽ അതൊക്കെ മടിക്കാതെ ചെയ്യുക. അതുകഴിഞ്ഞ് മോമിയുടെ "സെലിബ്രേഷൻ ഓഫ് ലൈഫ്’ നമുക്ക് അറേഞ്ച് ചെയ്യണം. അന്ന് നീയൊരു ഡാൻസ് കളിക്കണമെന്ന് മോമി എന്നോട് ആഗ്രഹം പറഞ്ഞിട്ടുണ്ട്. അപ്പുറത്തെ പാർക്കിൽ മോമിക്കായി ഒരു മരം നടാനുള്ള അനുവാദം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. കുട്ടികൾ ഫോട്ടോകളും വീഡിയോയും ഒക്കെ ചേർത്ത് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്. മോമി അതുകണ്ട് സന്തോഷിക്കട്ടെ. ഞാൻ കുളിച്ചിട്ടുവരാം, അതുകഴിഞ്ഞ്​ നമുക്ക് പാർക്കിലേക്കൊന്നു നടക്കാൻ പോകാം, നല്ല വെതർ ആണ്...’

നാലുവർഷങ്ങൾ കടന്നുപോയി.
ഞാൻ ആത്മാവിൽ ബലപ്പെട്ടു. കാതറിൻ നേഴ്‌സ് പ്രാക്ടീഷണർ എന്ന പട്ടം അണിഞ്ഞു.

മോമിയുടെ ചിരിക്കുന്ന ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ചിട്ടു ഒരു ‘ഫ്ലയിങ് കിസ്' കൂടി കൊടുത്തിട്ടാണ് അവൾ എന്നും ജോലിക്കു പോകുന്നത്. പാർക്കിലെ ‘മോമിമരം' കുറച്ചു വലുതായി. അതിനുതാഴത്തെ ചുറ്റുമതിലിൽ ഇരിക്കുമ്പോഴാണ് മോമി എന്നോട് പറഞ്ഞത്, മോമിയെപ്പോലെ അന്തസ്സോടെ മരിക്കണമെന്നാഗ്രഹമുള്ളവരുടെ സ്വകാര്യങ്ങൾ കേൾക്കാതെ പോകരുതെന്ന്.

അങ്ങനെയാണ് എനിക്കും കാതറീനും കനമില്ലാതെ പറക്കാൻ ചിറകുമുളച്ചത്. ▮


ലീന തോമസ്​ കാപ്പൻ

കഥാകൃത്ത്​, വിവർത്തക. കാനഡയിൽ ഫാർമസിസ്​റ്റ്​. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. മരുന്നറിവുകൾ, മരുന്ന്​: ഉപയോഗവും ദുരുപയോഗവും എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments