ദുഃഖവെള്ളിയിലെ ഇരുണ്ടുണരുന്ന വെളുപ്പാൻകാലത്താണ് കുന്നിൻമുകളിൽ പുതുതായി പണികഴിപ്പിച്ച തൊമ്മിച്ചന്റെ ഹെവൺവില്ലയ്ക്ക് മുമ്പിൽ ജിജോയും കെട്ട്യോളും കാർ നിർത്തി ഇറങ്ങിയത്.
സിറ്റൗട്ടിൽ അല്പംമുമ്പ് വന്നുവീണ അന്നത്തെ പത്രത്തിലെ മാർപ്പാപ്പയുടെ ചിത്രത്തിൽ മീശ വരച്ചുചേർത്തുകൊണ്ടിരുന്ന തൊമ്മിയുടെ ഏഴു വയസ്സുകാരി മകൾ നേഹ തോമസ് കാറിന്റെ തുറന്നിരിക്കുന്ന ഡോറിലേക്ക് വിടർന്ന കണ്ണുകൾ കൂർപ്പിച്ച് ശ്വാസമെടുക്കാതെ ഇരുന്നു. അവളുടെ പേനയ്ക്കുതാഴെ, ഇപ്പോൾ മുളച്ചുതുടങ്ങിയ മീശയോടെ മാർപ്പാപ്പ അക്ഷമനായി. ഇറങ്ങിയവരെയല്ല ഇറങ്ങാനിരിക്കുന്നവനെയാണ് അവളുടെ കാഴ്ചവട്ടം കണ്ണോർക്കുന്നത്.
പൊടുന്നനെ വെള്ളയിൽ ചുവന്ന വരകളുള്ള രണ്ട് ഷൂസുകൾ കാറിൽനിന്ന് വെളിയിലേക്ക് കാണായി. നേഹയുടെ കണ്ണുകൾ വീണ്ടും വിടർന്നു. നുണക്കുഴികൾ തെളിച്ചുകൊണ്ട് ഒരു പ്രകാശമാനമായ ചിരി ആ കവിളുകളിൽ സ്വിച്ചിട്ടതുപോലെ പ്രത്യക്ഷപ്പെട്ടു.
‘ബിഞ്ചേട്ടാ...’ അവൾ ഇരുപ്പുറക്കാതെ കാറിനടുത്തേക്ക് പാഞ്ഞു.
‘ട്ടെണ്ടഡേൺ...’ സ്വന്തം വാ കൊണ്ട് ബാക്ക്ഗ്രൗണ്ട് സ്കോറിട്ട് ജിജോ, സെലിൻ ദമ്പതികളുടെ അരുമസന്താനം ഒമ്പത് വയസ്സുകാരൻ ബിജോയ് ജിജോ ഏതോ സിനിമയിലെ നായകനെപ്പോലെ കാറിൽനിന്നിറങ്ങി സ്റ്റൈലിൽ ഡോറടച്ച് നേഹയുടെ ഓട്ടം കണ്ടുനിന്നു. അനന്തരം ഓടിയെത്തിയ നേഹയെ കെട്ടിപ്പിടിച്ച് വട്ടംകറങ്ങി ഏതോ സീരിയൽ പരസ്യം അനുകരിച്ച് പോസ് ചെയ്തുനിന്നു.
‘കുഞ്ഞിപ്പെണ്ണേ...’ ബിജോയ് സൺഗ്ലാസ്സൂരി കാറിലെക്കെറിഞ്ഞ് നേഹയോടൊപ്പം ഓടി. ആദ്യം സിറ്റൗട്ടിലേക്കും അവിടെനിന്ന് അകത്തേക്കും അവർ നിമിഷനേരംകൊണ്ട് അപ്രത്യക്ഷരായി.
‘ബിജോ... ഷൂസൂരി വെളിയിലിടടാ...’ ജിജോ വിളിച്ചു പറഞ്ഞെങ്കിലും അപ്പോഴേക്കും കുട്ടികൾ അകത്തെവിടെയോ എത്തിക്കഴിഞ്ഞിരുന്നു. ‘വാടി’ ജിജോ പിന്നിലേക്ക് നോക്കാതെ മുമ്പിൽ നടന്ന് മുറ്റത്തേക്ക് കയറി ഉറക്കെ അകത്തേക്ക് വിളിച്ചു.
‘തൊമ്മിച്ചോ.... പൂയ്...’
സെലിൻ ഇത്തിരി പതുക്കെ നടന്ന് ജിജോയ്ക്കൊപ്പം എത്തി. ഈ സമയം സിറ്റൗട്ടിൽ തോമസും ഭാര്യ ട്രീസയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് അതിഥികളെ സ്വീകരിച്ചു.
‘എന്നാടാ മറ്റവനേ വിളിച്ചേച്ചും കൂവിയും പുറത്ത് നിൽക്കുന്നേ... കുരുശുവരച്ച് കേറ്റണായിരിക്കും. കേറി വാടാ മൈരേ...’
സെലിൻ ഒന്നു പരുങ്ങിയെങ്കിലും ചിരിച്ചുകൊണ്ട് ട്രീസയ്ക്കൊപ്പം അകത്തേക്ക് കയറി.
‘ഓ.. നിന്റെ നാവേന്നിത്തിരി കൊണച്ച വർത്താനം കേക്കാതെ എങ്ങനാടാ അകത്ത് കേറുന്നേ?’
ജിജോ തൊമ്മിച്ചന്റെ അതേ ഈണത്തിൽ മറുപടി പറഞ്ഞുകൊണ്ട് സിറ്റൗട്ടിലെ പത്രമെടുത്ത് അകത്തേക്ക് കയറി.
‘കുഞ്ഞിപ്പെണ്ണും ചെറുക്കനും എന്തിയേ? അകത്തേക്ക് ഓടിയതാണല്ലോ രണ്ടും?’
ചുറ്റുമൊന്ന് കണ്ണോടിച്ച് ജിജോ സോഫയിലേക്ക് ചാഞ്ഞു.
‘തൊമ്മിച്ചാ.. നീയിത് കണ്ടാരുന്നോ? കുഞ്ഞിപ്പെണ്ണിതേ നമ്മുടെ പാപ്പയ്ക്ക് മീശ വരച്ചുവെച്ചേക്കുന്നു.’
ജിജോ പത്രം ഉയർത്തിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.
‘ഓ.. അങ്ങനെയൊക്കെയല്ല്യോ നമുക്കൊരു മീശക്കാരൻ പോപ്പിനെ കിട്ടത്തുള്ളൂ. ലോകത്തെവിടേലും നമ്മളെപ്പൊലെ പണിയെടുക്കുന്ന നസ്രാണികള് കാണുവോ? എന്നിട്ടെന്നതാ കാര്യം? മീശയുള്ളൊരു പോപ്പ് നമ്മടെ എടേൽന്ന് വരുന്നില്ലല്ലോ കർത്താവേ...’
തോമസ് കൃത്രിമമായ ശോകം അഭിനയിച്ച് ഈശോയുടെ ചിത്രത്തിലേക്ക് നോക്കി കുരിശുവരച്ചു.
‘എന്നാ ഒരു ശാന്തതയാ അല്ല്യോ അങ്ങോരുടെ മുഖത്ത്! ഇന്നു കുരിശേ കേറാനുള്ള മൊതലാ! വല്ല കുലുക്കോമുണ്ടോ നോക്കിയേ...’
ജിജോയും ചിരിച്ചു. ഈ സമയംകൊണ്ട് അടുക്കളയിൽ ബീഫിലിടാനുള്ള കൂർക്കയുടെ തൊലി ഞെരടിക്കൊണ്ട് സെലിൻ സജീവമായിരുന്നു. നേഹയുടെ മുറിയിൽ ഷൂസഴിക്കാതെ ബിജോയും കണ്ണിലെ വിടർപ്പ് മാറാതെ നേഹയും കെട്ടിപ്പിടിച്ച് കട്ടിലിൽ കിടന്നുരുണ്ടു.
അതിരാവിലെ ഞെട്ടിച്ചുകൊണ്ടൊരു യാത്ര തൊമ്മിച്ചന്റെ വിട്ടിലേക്ക് വെച്ചുകാച്ചാമെന്ന് തലേന്ന് രാത്രിക്കസർത്ത് കഴിഞ്ഞ് കുളിച്ചുവന്നശേഷമാണ് ജിജോ സെലിനോട് പറയുന്നത്. വെയർപ്പിൽ കിടന്ന് ഉറക്കത്തിലേക്ക് വീണുതുടങ്ങിയ സെലിനത് അത്ര നല്ല പ്ലാനായി തോന്നിയില്ലെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. ട്രീസച്ചേച്ചിയോട് സെലിന് നല്ല അടുപ്പമൊക്കെയുണ്ട്. അകന്നൊരു ചാർച്ചയുള്ളതുകൊണ്ട് വളരെക്കാലമായി അറിയാവുന്നതുമാണ്. എന്നാൽ കെട്ടുംകഴിഞ്ഞ് ജിജോ വഴിയാണ് തൊമ്മിച്ചനോടും ട്രീസയോടുമൊക്കെ കൂടുതൽ അടുത്ത് ഇടപെഴകുന്നത്. ജിജോയ്ക്കാണെങ്കിൽ തൊമ്മി കഴിഞ്ഞേയുള്ളു സെലിൻ പോലും. നല്ലൊരു പോത്തുവരട്ട് തിന്നാൻ തുടങ്ങുമ്പോഴും പുള്ളിക്കാരൻ കൂട്ടുകാരനെ ഓർക്കും. നിറഞ്ഞതോ ഒഴിഞ്ഞതോ ആയ ഒരു കുപ്പി കണ്ടാൽ മതി കൂട്ടുകാരനോടൊത്ത് കുടിച്ചുമറിഞ്ഞതിന്റെ നൊസ്റ്റു സോഡാ പോലെ നുരഞ്ഞുവരും.
മാസത്തിലൊരിക്കലെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര പതിവുള്ളതാണ്. രാവിലെ എത്തി രാത്രി ഭക്ഷണം കഴിച്ച് പിരിയുന്നതുപോലെയാകും മിക്കവാറും കൂടലുകൾ. പോത്തും ബ്രാണ്ടിയും പെണ്ണുങ്ങളുടെ കൊണവതിയാരങ്ങൾ വിസ്തരിക്കലുമൊക്കെയാണ് ആണുങ്ങൾക്ക് പ്രിയം.
‘എന്റെടാവേ... അവളൊരു ഓട്ടക്കാരിയാ. നമ്മൾ ചുമ്മാ മാർക്കേലൊക്കെ കേറിനിന്ന് റെഡിയായി വരുന്നേ ഉണ്ടാവൂ. അവളപ്പഴേക്ക് ട്രോഫീംവാങ്ങി വീടെത്തും. അവക്കടെ തന്തക്ക് കച്ചവടം മാത്രേ അറിയത്തുള്ളൂ. അല്ലേൽ അവളെ വല്ല ഓട്ടക്കാരനും കെട്ടിച്ചേച്ചാൽ പോരാരുന്നോ! ഹൊ...’
ബ്രാണ്ടി തലയ്ക്ക് കേറിത്തുടങ്ങിയാൽ ജിജോ പതിവായി ഇങ്ങനെ തുടങ്ങിവെയ്ക്കും.
‘ഹാ... നീയിതുതന്നെ നെലോളിക്കാതെടാ മറ്റവനേ... ഇച്ചിര സ്പീഡേലുള്ള പെണ്ണുങ്ങളെ മഷിയിട്ടു നോക്കിയാൽ കിട്ടുവോടാ? ഒക്കയും ആറിത്തണുത്തല്യോ ഇരിക്കുന്നെ. ട്രീസായൊക്കെ അമൽനീരദിന്റെ സ്റ്റൈലാ... അൾട്രാ മോഷൻ’
തൊമ്മിച്ചൻ പൊട്ടിച്ചിരിച്ച് ജിജോയെ സമാധാനിപ്പിക്കും.
ഒന്നിച്ചിത്തിരി പാചകങ്ങളും, ആണുങ്ങളുടെ രീതിപദ്ധതികളെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ഉൾപുളകങ്ങളും ഒക്കെയായി അതേസമയം അടുക്കളയിൽ പെണ്ണുങ്ങളും കൂടും. അങ്ങനെ നാലുപേർക്കും പരസ്പരം നന്നായി അറിയാം. മിക്കവാറും രഹസ്യങ്ങളടക്കം അന്യോന്യം അറിവുണ്ടാകും. അങ്ങനെയാണ് തൊമ്മിച്ചന് കാലിന്റെ മടമ്പിൽ ഒരു ചൊറിച്ചിലുള്ളത് സെലിന് അറിയാവുന്നത്. ജിജോയുടെ നിറയെ കാക്കപ്പുള്ളികളുള്ള ഉരുപ്പടിയെപ്പറ്റി ട്രീസയ്ക്കും ധാരണകളുണ്ട്. ഇങ്ങനെ പലതും അറിഞ്ഞിട്ടും അറിയാത്തമട്ടിൽ അവർ ഒത്തുകൂടും. കാല് നിലത്ത് ഉറയ്ക്കുന്ന നിലയിൽ ഭർത്താക്കന്മാരെ വീണ്ടെടുത്ത് ഭാര്യമാർ പിരിയും. പിരിയാൻ നേരത്ത് മുന്നിൽ കാണുന്ന ആരേയും കെട്ടിപ്പിടിച്ച് വിസ്തരിച്ചുള്ള യാത്രപറച്ചിലുമുണ്ടാകാറുണ്ട്.
തോമസ് എന്ന തൊമ്മിച്ചന് പാരമ്പര്യമായി കിട്ടിയ റബ്ബറു കൂടാതെ ഒരു സെൽഫ് ഫിനാൻസ് കോളേജിൽ പാർട്ണർഷിപും ഉണ്ടായിരുന്നതാണ്. അത്ര ലാഭമൊന്നും കാണാഞ്ഞ് ആ കച്ചോടം നല്ല നസ്രാണിയ്ക്ക് ചേരില്ലെന്ന തത്വത്തിൽ പർട്ണർഷിപ്പൊഴിഞ്ഞ് ആ പൈസ പന്നി വളർത്തലിൽ നിക്ഷേപിക്കുകയാണ് ട്രീസയെ കെട്ടിയശേഷം തൊമ്മിച്ചൻ ആദ്യം ചെയ്തത്. അതാകട്ടെ നഷ്ടമെന്നും ഉണ്ടാക്കിയതുമില്ല.
‘ഈ അക്കാദമിക് പന്നന്മാരെപ്പോലെയല്ല പന്നികൾ’ എന്നത് പിന്നീടാണ് തൊമ്മിച്ചന്റെ വേദവാക്യമായത്. കോളേജിൽ കൈപൊള്ളിയതിന്റെ ഏനക്കേടാണ് അക്കാദമിക് പന്നൻ എന്ന പ്രയോഗത്തിന് പിന്നിലെന്ന് അറിയാവുന്ന അക്കാദമിക് ആയ ജിജോ ആയത് ശരിവെയ്ക്കും മട്ടിൽ ചിരിച്ചുകൊടുക്കും. ഇറച്ചിക്കച്ചവടക്കാരേക്കാൾ പന്നന്മാർ അക്കാദമിക് രംഗത്തുണ്ടെന്ന് ജിജോയ്ക്കും അറിയാവുന്നതാണ്. രസതന്ത്രത്തിൽ ഡിഗ്രിയും ഡിസ്റ്റന്റായി മലയാളത്തിൽ പോസ്റ്റ് ഗ്രാജ്വേഷനുമുണ്ട് ജിജോയ്ക്ക്. ആയതിന്റെ ചില കടുംകൈകൾ തൊമ്മിച്ചന് അനുഭവിക്കേണ്ടി വരാറുമുണ്ട്. ബ്രാണ്ടി തലയ്ക്ക് പിടിച്ചാൽ ജിജോ സാഹിത്യത്തിലാണ് കുഴഞ്ഞിഴയുക. അന്നേരങ്ങളിൽ തൊമ്മിച്ചനും നിലംവിട്ടായിരിക്കും നില്ക്കുക എന്നതിനാൽ സഹനത്തിന്റെ മലകയറ്റം സാധ്യമാകും. ചിലപ്പോൾ തൊമ്മിച്ചൻ അർഥമറിയാത്ത വരികൾക്ക് അവതാളമിടുകയും ജിജോയെ അരിശം കൊള്ളിക്കുകയും ചെയ്യും.
‘എന്തറിഞ്ഞിട്ടാടോ മൈരേ താൻ താളം പിടിക്കുന്നത്? ഇതേ കടമ്മന്റെ വരികളാ... അറിയാവോ?’
ജിജോ കൂടുതൽ ആടും. കുഴയും. ചുവക്കും.
‘ഒന്നുപോടാ മൈരേ. കടിച്ചാൽ പൊട്ടത്ത ഒച്ചയില് എന്തൊക്കെയോ വിളിച്ചുകൂവിയിട്ട്.. കൂടിത്തന്നതായോ കുറ്റം? നിന്റെ അവക്കടെ ഓട്ടംപോലെയാ ഇതും. അതിന്റെ ഏനക്കേട് ഇങ്ങനെ മാറുന്നെങ്കിൽ മാറിക്കോട്ടെ എന്നുവെച്ചാ ഞാൻ ഇതൊക്കെ കേട്ടോണ്ടിരിക്കുന്നത്.. അല്ലാതെ നിന്റെ കുമ്മനെ അറിഞ്ഞിട്ടൊന്നുമല്ല.’
തൊമ്മിച്ചനും മൊടയാണെന്ന് കാണുമ്പോൾ ജിജോ അയഞ്ഞുകൊടുക്കും.
‘എന്റെ തൊമ്മിച്ചന്റെ മനസ്സ് എനിക്കറിയത്തില്യോ...’
പിന്നെ ഉമ്മ വെയ്ക്കുലും കെട്ടിപ്പിടുത്തോം ആയി രണ്ടാളും ഇരട്ടപെറ്റവരെപ്പോലെ തമ്മാമ്മിൽ കുഴഞ്ഞുമറിയും. ഇങ്ങനെയൊരു പതിവ് കൂടലിന്റെ തുടക്കത്തിലേക്കുള്ള ചെറിയ നുണച്ചിലുകളിലേക്ക് ഇരുവരും പ്രവേശിച്ചുതുടങ്ങിയിരുന്നു അന്ന്.
‘പോത്ത് വരട്ടില്ലേ ആന്റീ’
ശബ്ദത്തോടൊപ്പം ബിജോയ് അടുക്കളയിൽ പ്രത്യക്ഷപ്പെട്ടു. അവന്റെ നിഴലുപറ്റി നേഹയും. കയറിവന്ന ബിജോയ് ട്രീസയുടെ ചന്തിയിലേക്ക് ഡിഷ്യും എന്ന് ഇടിക്കുന്നതുപോലെ ആക്ഷൻ കാണിച്ചു.
‘ഉണ്ടല്ലോ കുഞ്ചെറുക്കാ’
ട്രീസ അവന്റെ മൂക്കിൽ പിടിച്ച് കൊഞ്ചിച്ചു. സെലിൻ നേഹയെ ചേർത്തുപിടിക്കുകയും ഉടുപ്പ് നേരെയാക്കി ഷെഡ്ഡി ശരിയായി ഇട്ടു കൊടുക്കുകയും ചെയ്തു. ബിജോയ് അതു കാണാത്ത മട്ടിൽ കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞു വെച്ചിരുന്ന പ്ലേറ്റെടുത്ത് മാറിനിന്ന് ചവക്കാൻ തുടങ്ങി.
‘അയ്യോ ചതിക്കല്ലേ മോനേ...’ ട്രീസ കുറച്ച് കഷ്ണങ്ങൾ ബിജോയുടെ കൈയ്യിൽ കൊടുത്ത് പ്ലേറ്റ് വാങ്ങിച്ച് മാറ്റിവെച്ചു.
‘കേട്ടോ സെലിൻ. തൊമ്മിച്ചന് പോത്തിന്റൊപ്പം തേങ്ങാക്കൊത്തുകൂടി ചവക്കണം. സത്യം പറഞ്ഞാൽ അങ്ങേര് അല്പമെങ്കിലും ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യം ഈ വരട്ടും തേങ്ങാക്കൊത്ത് ചവക്കലുമാ...’
സെലിൻ ചിരിച്ചു. കുട്ടികൾ അല്പനേരംകൂടി ചുറ്റിപ്പറ്റി നിന്നു. ‘ബ്രേക്ക്ഫാസ്റ്റായാൽ വിളിക്കണേ ആന്റീ’ എന്നുപറഞ്ഞ് ബിജോയ് നേഹയുടെ കൈപിടിച്ച് പുറത്തേക്കോടി. കൈയ്യിൽ അവശേഷിച്ച തേങ്ങാക്കൊത്ത് ഓട്ടത്തിൽ അവൻ നേഹക്ക് കൈമാറി.
‘ഞാൻ വെറുതെ പറഞ്ഞതല്ല കേട്ടോ. ബാക്കിയൊക്കെ അങ്ങേര് സൂപ്പർഫാസ്റ്റ് പോലങ്ങ് തീർക്കത്തേയൊള്ള്. നമ്മള് ഓൺ ആയിട്ടുപോലും ഉണ്ടാവില്ല.’
ട്രീസയെ മുഴുമുപ്പിക്കാൻ സമ്മതിക്കാതെ കുക്കർ വിസിലടിച്ചു. ഫ്ലെയിം താഴ്ത്തിവെച്ചിട്ട് ട്രീസ ഫ്രിഡ്ജിൽനിന്ന് തലേന്നത്തെ കോഴിക്കറി എടുത്ത് അടുത്ത ബർണ്ണറിൽ വെച്ചു.
‘നാല് വിസിലല്ലെ ആയുള്ളൂ. തീ താഴ്ത്തിയാലെങ്ങനാ?’
സെലിൻ ദോശക്കല്ലെടുത്ത് ബ്രഡ് ചൂടാക്കാനായി തയ്യാറായി.
‘ഇനി ചെറിയ തീയിൽകിടന്ന് വെന്താൽമതി. അന്നേരമേ ആ ടേസ്റ്റ് വരത്തുള്ളൂ.’
ട്രീസയുടെ അടുക്കളയിലെ പെരുമാറ്റങ്ങളിലുമുണ്ട് ഒരു പതിഞ്ഞ താളമെന്ന് സെലിൻ ശ്രദ്ധിച്ചു. മഹാരാജാസിൽനിന്ന് പ്രിൻസിപ്പാളായി വിരമിച്ച പ്രൊഫസറാണ് ട്രീസയുടെ അപ്പൻ. പക്ഷെ വിശ്രമജീവിതം സെമിത്തേരിയിലായി. റിട്ടയർമെന്റ് ദിവസം വൈകിട്ട് ചെറിയൊരു നെഞ്ചുവേദന തോന്നി ആശുപത്രിയിൽ പോയെങ്കിലും അവിടെ എത്തുംമുമ്പ് കഴിഞ്ഞിരുന്നു. അപ്പന്റെ കൂട്ടും പുസ്തകങ്ങളും വായനയും ഒക്കെയായി സർഗ്ഗാതമകമായ ഒരു ജീവിതത്തിൽനിന്ന് പൊടുന്നനെ നിലത്ത് വീണതുപോലെയായിരുന്നു ട്രീസക്ക് ആ മരണം. ആണ്ടുതികഞ്ഞ ഉടനെ കേളേജുമുതലാളി തോമസുമായി ട്രീസയുടെ മിന്നുകെട്ട് നടന്നു. ലൈബ്രറിയിലെ പതിഞ്ഞ താളത്തിൽനിന്ന് അടുക്കളയുടെ, പിന്നീട് പന്നികളുടെ, അതിവേഗക്കാരൻ തൊമ്മിച്ചന്റെ മുറുകിയ താളങ്ങളിലേക്ക് ട്രീസക്ക് സ്വയം വെച്ചുമാറേണ്ടി വന്നു.
സെലിന്റെ അപ്പന് ടൗണിൽ കച്ചവടമാണ്. അച്ചായൻസ് എന്ന പേരിൽ മോട്ടലും ടൂറിസ്റ്റ് ഹോമും. ഇലക്ട്രിക്കൽ സാധനങ്ങളുടെ ഹോൾസെയില് വേറെ. വാടകപ്പിരിവിനെത്തുന്ന, മോട്ടലിനോട് ചേർന്നുള്ള കെട്ടിടങ്ങളുടെ ഓണർ, ചെറുപ്പക്കാരനായ ജിജോയ്ക്ക് മകളെ ആലോചിക്കുന്നതിലും അച്ചായൻ ബിസിനസ്സിൽ കുറഞ്ഞതൊന്നും കണ്ടിരുന്നില്ല. പയ്യൻ വിദ്യാഭാസമുള്ളവനുമാണെന്നത് അച്ചായന് ബോധിച്ചു. അപ്പന്റെ വെട്ടൊന്നു മുറി രണ്ട് രീതികളോട് ചേർന്ന് സമയത്തിന് തീവിലയാണെന്ന് കുട്ടിക്കാലത്തേ പഠിച്ചുവെച്ച സെലിൻ എവിടേയും പതുക്കെയാകാതെ നോക്കിവന്നു. ജിജോയുടെ അലസഭാവങ്ങളോട് ആദ്യമൊക്കെ സെലിൻ ശരിയ്ക്കും അമ്പരന്നിരുന്നു. മിന്നുകെട്ടാൻ തന്നെ എത്രനേരമാണ് ജിജോ എടുത്തത്! ചെവിയ്ക്കുപിന്നിൽ വിരലുകളും നൂലുകളും ചേർന്ന് ഏതോ മെലഡി ആലപിക്കുംപോലെ.
‘സൂപ്പർ ഫാസ്റ്റൊക്കെ സഹിക്കാം. അതേ വെയർപ്പേൽകിടന്ന് ഉറങ്ങുന്നതാ ആലോചിക്കാൻ മേലാത്തത്. സെലിനേ, അങ്ങേര്ടെ ഔട്ടും ഉറക്കോം ഏതാണ്ട് ഒന്നിച്ചാന്നേ’
സെലിൻ അപ്പോഴും ചിരിച്ചു.
‘എന്റെ അതിയാന് വിസ്തരിച്ച് കുളിച്ചാലേ പിന്നെ ഉറങ്ങാൻ പറ്റത്തുള്ളൂ. അത് വേറെകാര്യം.’
‘എനിക്കും അങ്ങനാ സെലിൻ...’
മറ്റെന്തോകൂടി പറയാൻ വന്നിട്ട് അത് പറയാതെ ട്രീസ ചിക്കൻ അടുപ്പിൽനിന്ന് ഇറക്കിവെച്ചു. ട്രീസ പറയാൻ വന്നതിന്റെ മറുപടി അതുപോലെ വിഴുങ്ങിയശേഷം സെലിൻ ദോശക്കല്ലെടുത്ത് അതേ അടുപ്പിലേക്ക് വെച്ച് ബ്രെഡെടുത്ത് മൊരിക്കാൻ തയ്യാറായി.
അല്പനേരം ഒരു നിശ്ശബ്ദത അടുക്കളയിൽ ചുറ്റിപ്പറ്റിനിന്നു.
തീൻമേശയിൽ ചിക്കനിൽ ബ്രഡ് മുക്കി സാവധാനം ചവയ്ക്കുമ്പോൾ ജിജോ ട്രീസയെ നോക്കി. സെലിൻ തൊമ്മിച്ചനേയും.
‘ഇതെന്നതാ എന്റെ ട്രീസാ. ശരിയ്ക്കും ദുഖവെള്ളിയാണല്ലോ!’
കോഴിയുടെ എല്ലിൻ കഷ്ണമൊരെണ്ണം കടിച്ചീമ്പുന്നതിനിടയിൽ ജിജോ ചോദിച്ചു.
‘ഒന്ന് ക്ഷമീരെടാ ഉവ്വേ. നേരമിങ്ങ് വെളുത്തല്ലേയോള്ള്. ഉച്ചതൊട്ട് പോത്തും മീനുമൊക്കെ റെഡിയാവും. വൈന്നേരത്തോടെ നമ്മക്കിത് ഗുഡ് ഫ്രൈഡേ ആക്കാഡാ... അല്ലേ സെലിനേ...’
മറുപടി പറഞ്ഞത് തൊമ്മിച്ചനാണ്.
‘ഇതെന്നാ അപ്പൻ ആന്റിയെ നോക്കി കഴിക്കുന്നേ?’
പൊടുന്നനെ ബിജോയ് അവന്റെ റെസ്‌ലിങ്ങ് ഹീറോയെപ്പോലെ അപ്പനെ കൈയ്യോടെ പൊക്കി തീൻമേശയിലേക്ക് ദയാരഹിതമായി മലർത്തിയടിച്ചു. ഒരുവിധം ഉരുണ്ടെണീറ്റ് ജിജോ ചിരിക്കാൻ ശ്രമിച്ചു.
‘പകരത്തിന് അപ്പച്ചൻ ആന്റിയേം നോക്കിക്കോ’
നേഹ തൊമ്മിച്ചന് ലൈസൻസ് കൊടുത്തു. എല്ലാരുംകൂടി കൂട്ടച്ചിരിചിരിച്ച് അതൊരു തമാശയാക്കി. ചിരിക്കിടയിൽ തൊമ്മിച്ചൻ അമ്മച്ചിയെ നോക്കി വെള്ളമിറക്കുന്നതും ബിജോയ് കണ്ടു. അവൻ കൈകഴുകി നേഹയേയുംകൂട്ടി മുകളിലേക്ക് കയറിപ്പോയി.
പകലങ്ങനെ പലവിധത്തിൽ കഴിഞ്ഞുപോയി. തൊമ്മിച്ചനും ജിജോയും പോത്ത് വരട്ടിന്റെയൊപ്പം ബ്രാണ്ടി നുണഞ്ഞ് ചുണ്ടുകളെ പതം വരുത്തി. കെട്ട്യോളുമാരിൽതുടങ്ങി കുടുംബക്കാര്, ചാർച്ചക്കാര്, പള്ളിക്കാര്, നാട്ടുകാര് എന്നിങ്ങനെ പലസ്തീനും അമേരിക്കയുംവരെ ചുണ്ടുകളിൽ മസാല പുരട്ടി.
‘എന്നാലും കൊച്ചുങ്ങളെ കൊല്ലുന്നതൊന്നും കർത്താവ് പൊറുക്കത്തില്ല, അല്ല്യോ?’
നാലെണ്ണം ചെന്നപ്പോൾ ജിജോ മതസൗഹാർദ്ദത്തിന്റെ വെളുത്ത കൊടി വിശി.
‘എന്നതാ നീയീ പറയുന്നേ. എടാ... അവന്മാര് പെഴയാ. ഞാനീ കുന്നിന്മോളിലോട്ട് പോന്നതേ അവന്മാര്ടെ ഇടയിൽ കിടന്ന് ശ്വാസം മുട്ടിയിട്ടാ. ഒക്കെയും തീവ്രവാദികളാന്നേ’
തൊമ്മിച്ചൻ ജിജോ വീശിയ കൊടി വാങ്ങി വലിച്ചെറിഞ്ഞു.
‘നീ നോക്കിക്കോ. ഇവിടെ നമ്മടെ നമോ അവന്മാർക്കിട്ട് മുട്ടൻ പണി കൊടുക്കും. എന്നിട്ടേ അതിയാൻ ഇറങ്ങത്തൊള്ള്’
ശബ്ദം താഴ്ത്തി തൊമ്മിച്ചൻ ജിജോയോട് രഹസ്യം പറഞ്ഞു. ജിജോയ്ക്കതിനോട് കൃത്യമായ വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും മറുത്തൊന്നും പറയാൻ പോയില്ല. പകരം ഏതോ കവിതയുടെ വരികൾ അവ്യക്തമായി മൂളി.
‘കേട്ടോ ജിജോ... ഈ വില്ലയിരിക്കുന്ന കുന്നിനൊരു കഥയുണ്ടത്രേ. നിനക്ക് ചെലപ്പം രസമാരിക്കും, കേട്ടാല്. ഇതൊരു പെണ്ണാരുന്നെന്നോ അടുത്ത് കാണുന്ന ആ കുന്നില്ല്യോ അത് ആണാരുന്നെന്നോ ഒക്കെയാ ഒരു കാർന്നോര് പറഞ്ഞത്. പെണ്ണിന് ആ ആൺകുന്നിനോട് കടുത്ത കാമം. ഇങ്ങോട്ടും അങ്ങനെത്തന്നെ. പൊറുതിമുട്ടിയിട്ട് ഒരു രാത്രി കുന്നുകള് പതിയെ നീങ്ങാൻ തുടങ്ങിയെന്ന്. പക്ഷികളും മൃഗങ്ങളുമൊക്കെ കാറിച്ചയോട് കാറിച്ച. ഭൂമി കുലുങ്ങുന്നെന്ന് കരുതി ആൾക്കാരൊക്കെ ഉറക്കത്തിൽനിന്ന് എണിറ്റ് വന്നു. എല്ലാരും ഉണർന്നപ്പോൾ കുന്നുകള് അനങ്ങാതെ നിന്നു. എന്നാലും നാട്ടുകാരെല്ലാംചേർന്ന് രാവിലെതന്നെ മന്ത്രവാദമൊക്കെ ചെയ്ത് കുന്നുകളെ തമ്മിൽ കെട്ടിച്ചുവെന്ന്.’
‘എന്നിട്ട്?’ ജിജോ കണ്ണുകൾ വിടർത്തി ജിജ്ഞാസുവായി.
‘ഓ... എന്നിട്ടെന്നാ... കെട്ടിയതോടെ അവര്ടെ കാമം തീർന്നെന്ന്. അതുപിന്നെ അങ്ങനല്ല്യോ. നമ്മള് മനുഷ്യന്മാരോടാ കളി’
ഭക്ഷണം കഴിഞ്ഞ് ഇറങ്ങാമെന്ന ധാരണയിൽ ഇരുട്ടുംമുമ്പ് എല്ലാരുംകൂടി നൂറുരൂപയിട്ട് ഒരുവട്ടം റമ്മിക്കിരുന്നു. ട്രീസ ഇടുന്നതൊക്കെ ജിജോ എടുക്കുന്നതിൽ അരിശം വന്ന് ‘തള്ളുന്നത് നോക്കി കളിയെടീ’ എന്ന് തൊമ്മിച്ചൻ പലവട്ടം മുരണ്ടു. എന്നാൽ സെലിന് റമ്മിയടക്കം കൊടുത്തുകൊണ്ടിരിക്കുന്നത് തൊമ്മിച്ചനാണെന്ന് ട്രീസയ്ക്ക് മനസ്സിലായെങ്കിലും അവൾ ജിജോയുടെ ഭംഗിയുള്ള ചീട്ടൊതുക്കത്തിലും സൗമ്യമായ കളിയിലും ശ്രദ്ധിച്ചു. അതിവേഗം തിരിച്ചും മറിച്ചും സെറ്റ് പൊട്ടിച്ചും ജിജോ ജയിച്ചുകൊണ്ടിരുന്നു. തൊമ്മിച്ചൻ ദാ ഇപ്പോൾ അടിക്കും എന്നപോലെ പലപ്പോഴും എരിപൊരി ആക്ഷനുകൾ കാണിച്ചെങ്കിലും ജിജോയ്ക്കുമുമ്പിൽ വീണു. സ്കൂട്ടേൽ ചടഞ്ഞിരിക്കുന്ന തൊമ്മിച്ചൻ റമ്മിയോ മറ്റോ കിട്ടി അല്പം നിവർന്നിരിക്കുമ്പോൾ സെലിൻ സൗമ്യമായി കളിയാക്കി.
‘ഫസ്റ്റാ അല്ല്യോ. ശവത്തിന് തീ കൊടുത്തപോലെയാണല്ലോ അച്ചായന്റെ ഉയിർപ്പ്’
തൊമ്മിച്ചൻ അടക്കം എല്ലാവരും തമാശയിൽ ചിരിച്ചുകൂടി. കളിയിൽ ജിജോയും ട്രീസയും മാത്രമായപ്പോൾ ഇരുന്നൂറ് രൂപവെച്ച് രണ്ടാളും പങ്കി. ഇരു കുടുംബത്തിനും നഷ്ടമില്ലാതെ കളി നിർത്തി.
ശേഷം ആണുങ്ങൾ മാത്രമായും പെണ്ണുങ്ങൾ മാത്രമായും ടെറസിലും അടുക്കളയിലുമായി കൂടി. കുട്ടികൾ നേഹയുടെ മുറിയിൽ വിചിത്രങ്ങളായ ചില കളികൾക്ക് രൂപം കൊടുത്തു.
രാത്രി ഭക്ഷണം കഴിച്ച് അത്യാവശ്യം ഉറച്ച കാലുകളോടെ അവർ യാത്ര പറയാൻ ഒരുങ്ങി. ഉള്ളതിൽകൂടുതൽ കുഴച്ചിൽ നടിച്ച് തൊമ്മിച്ചൻ സെലിനേയും ജിജോ ട്രീസയേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. കുട്ടികൾ പക്ഷെ പൊടുന്നനെ ചിണുങ്ങാൻ തുടങ്ങി. നാളെ പോയാൽമതി എന്നതായിരുന്നു ആവശ്യം. സാധാരണമട്ടിലാണ് മുതിർന്നവർ അതിനെ എടുത്തതെങ്കിലും കുട്ടികൾ അവരുടെ ആയുധങ്ങൾ ഓരോന്നായി പുറത്തെടുത്തു. നേഹയുടെ കരച്ചിൽ തൊമ്മിച്ചനെ ഉരുക്കി.
‘എന്നാ പിന്നെ കാലത്തെ ഇറങ്ങാടാ ഉവ്വേ’ തൊമ്മിച്ചൻ ജിജോയെ നോക്കി.
ബിജോയ് സെലിനെ വട്ടംപിടിച്ച് കരച്ചിലായിരുന്നു. സെലിൻ ജിജോയേയും ജിജോ തൊമ്മിച്ചനേയും നിസ്സഹായതയോടെ നോക്കി.
‘അങ്ങനാട്ടല്ലേ’ ജിജോ എല്ലാവരോടുമായി ചോദിച്ചു.
അത്രയും കേട്ടപ്പോഴേക്ക് കുട്ടികൾ കരച്ചിൽ നിർത്തി തുള്ളിച്ചാടി. നേഹ അമ്മച്ചിയേയും ജിജോ അങ്കിളിനേയും പിടിച്ച് മുകളിലേക്ക് സ്റ്റെപ്പുകൾ കയറാൻ തുടങ്ങി. ഈ സമയം ബിജോയ് അമ്മച്ചിയേയും തൊമ്മിയങ്കിളിനേയും പിടിച്ച് വലിച്ച് ഹാളിനോടുചേർന്ന റൂമിലേക്ക് കയറ്റി. ‘എന്നതാ മക്കളേ’ എന്ന് തൊമ്മിച്ചൻ ചിരിച്ചുകൊണ്ട് ചോദിച്ചെങ്കിലും വേഗത്തിൽ ബിജോയ് പുറത്തിറങ്ങി വാതിലടച്ച് താഴിട്ടു. അമ്മയേയും അങ്കിളിനേയും മുകളിലെ മുറിയിലാക്കി വാതിലടച്ച് താഴിട്ട് നേഹയും ഇറങ്ങിവന്നു. കുട്ടികൾ ഹാളിൽ കെട്ടിപ്പിടിച്ച് നൃത്തംവെച്ചു.
നേഹ അപ്പച്ചൻ കാണാറുള്ള ഏതോ ചാനൽ തിരഞ്ഞു. കണ്ടെത്തിയപ്പോൾ അവളത് ബിജോയിക്ക് കാണിച്ചുകൊടുത്തു.
‘അപ്പച്ചൻ കാണുന്നതാ ഇത്. രാത്രി. ഇതേലും ഒരു അപ്പച്ചനും അമ്മച്ചിയുമുണ്ട്. നോക്കിക്കേ ബിഞ്ചേട്ടായീ’
ബെഡ്‌റൂമിൽ ഉറങ്ങാൻ തയ്യാറെടുക്കുന്ന ഏതോ അപ്പച്ചനേയും അമ്മച്ചിയേയും ബിജോയ് കണ്ടു.
‘നമ്മക്ക് അവരെപ്പോലെ അഭിനയിക്കാം?’, ബിജോയ് ചോദിച്ചു.
നേഹ വിടർന്ന കണ്ണുകളോടെ ആ കളിക്ക് തയ്യാറായി.
അന്നേരം മുതൽ തൊമ്മിച്ചന്റെ ആ ഹെവൺ വില്ലയ്ക്ക് പതിവിൽക്കൂടുതൽ തണുത്തു തുടങ്ങി. കുട്ടികൾ വെളിച്ചങ്ങളെല്ലാം അണച്ചപ്പോൾ തൊട്ടടുത്ത മലമുകളിൽനിന്ന് എന്നപോലെ ഇരുട്ടിന്റെ വലിയൊരു രോമക്കുപ്പായം ആ ബംഗ്ലാവിനെ വന്നു മൂടി. ദുഃഖവെള്ളിയിൽനിന്ന് ഉയിർപ്പിലേക്കുള്ള ഒരു മലയിറക്കത്തിന്റെ നിശ്ശബ്ദമായ ആസൂത്രണം ഇരുട്ടിൽ തകൃതിയായി നടന്നുകൊണ്ടിരുന്നു.
ഒന്നിച്ചപ്പോൾ നഷ്ടപ്പെട്ടതൊക്കെ ഉയിർപ്പിച്ചെടുത്ത് കുന്നുകൾ അവർക്കിടയിലെ ദൂരം കുറച്ചു. വേരുകളും മണ്ണും ചേർന്ന് തടഞ്ഞുവെച്ചിരുന്ന ഒഴുക്കുകളൊക്കെയും അവയുടെ വഴികൾ കണ്ടെത്തി. ഒഴുക്കിലും ഉയിർപ്പിലുമാണ് സ്വർഗ്ഗമെന്ന് ഇപ്പോൾ ആ ബംഗ്ലാവ് ഇരുട്ടിലൂടെ തെന്നിനീങ്ങുകയാണ്.