വിജയ് ശങ്കർ

ഹോളി ഷിറ്റ്

ചുംബനങ്ങൾ കോർത്തുകോർത്ത് ഞാൻ അവളുടെ പാദത്തിൽ എത്തിയപ്പോൾ ഒന്നറച്ച് സ്തംഭിച്ചു. ഇരുണ്ട മാനത്ത് മറഞ്ഞിരുന്ന മേഘങ്ങൾ മിന്നൽ വെളിച്ചത്തിൽ തെളിഞ്ഞു മായുന്നപോലെ എന്റെ ഉള്ളിലെ അറപ്പ് മിന്നിമറയുന്നതുകണ്ട് ഞാനൊന്ന് ഞെട്ടി. പാറക്കല്ലിലിരുന്ന് ആ ഭ്രാന്തൻ എന്നെ നോക്കി അട്ടഹസിച്ച് ചിരിച്ചു. ആ ഭ്രാന്തനിപ്പോൾ എന്റെ ഛായയുണ്ടായിരുന്നു.

ഞാനും അവളും വീട്ടിൽ നിന്ന് ഓട്ടോയിൽ വന്നിറങ്ങി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലേക്ക് കയറുകയായിരുന്നു. റോഡരുകിലെ മണ്ണിൽ നിന്ന് പുറത്തേക്കു മുഴച്ചുനിന്ന പാറക്കല്ലിൽ തട്ടിവലിഞ്ഞ് അവളുടെ ചെരുപ്പിന്റെ വള്ളി പൊട്ടി. 3900 രൂപയുടെ ബ്രാൻഡഡ് ചെരിപ്പ്. ഇമ്പോർട്ടഡ്. ഹൈ ഹീൽസ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ആദ്യമായി ഞാൻ അവൾക്ക് വാങ്ങിച്ചുകൊടുത്തത്. അവൾ ബാറ്റ മതിയെന്ന് പറഞ്ഞിട്ടും ഞാൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതാണ്.

ഈശ്വരാ, വെറുതെ ഷോപ്പിങ്ങിനിറങ്ങിയ വഴിയാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. സാവകാശമുണ്ട്. ഇതിപ്പോ അവളുടെ ബെസ്റ്റ് ഫ്രണ്ടിന്റെ കല്യാണം കൂടാൻ പോകുന്ന വഴിയാണ്. ഈ കല്യാണത്തിന്റെ കാര്യം അവൾ എന്നെ പല വട്ടം ഓർമിപ്പിച്ചതാണ്. മെയ് 26-നാണ്. ഒഴിവു പറയരുത്. പോയേപറ്റൂ. നേരത്തേ അവിടെ എത്തണം. നമ്മുടെ കല്യാണത്തിന് അവൾ ഒരു ദിവസം മുന്നേ എത്തിയതായിരുന്നു. മൂന്നുദിവസങ്ങൾ നീണ്ട ചടങ്ങുകൾക്ക് മുഴുവനായും അവൾ കൂടെ ഉണ്ടായിരുന്നു. എന്നൊക്കെ.

അവളുടെ ഈ കൂട്ടുകാരി മാമികളുടെ കൂടെ ‘സീതാ കല്യാണ വൈഭോഗമേ’ പാടിയത് ഞാൻ ഓർക്കുന്നുണ്ട്. ആദ്യമൊക്കെ അവളുടെയീ മയത്തിലുള്ള താക്കീതുകൾ എന്നെ അലട്ടിയിരുന്നില്ലെങ്കിലും പതിയെ മെയ് 26 ഗൗരവമുള്ള ദിവസമായി മാറിയിരുന്നു. എത്രയ്ക്ക് ഗൗരവമെന്നു വെച്ചാൽ, ഒരു പ്രാവശ്യം ഒരു ഫോർമിൽ ഒക്ടോബറിലുള്ള എന്റെ ജന്മദിനം പൂരിപ്പിച്ചത് മേയ് 26 എന്നായിരുന്നു.

അതുപോട്ടെ, ഈ യാത്ര മുടക്കാൻ പറ്റാത്തതാണ്. യാത്ര തുടരാൻ ഒന്നെങ്കിൽ പുതിയ ചെരുപ്പ് വാങ്ങണം ഇല്ലെങ്കിൽ ഇത് കുത്തി ശരിയാക്കണം. പുതിയ ചെരുപ്പ് തെരഞ്ഞെടുക്കാൻ അവൾക്ക് സമയമെടുക്കും. ആഡംബരങ്ങളില്ലാത്ത അവൾ അതിന് സമ്മതിക്കത്തുമില്ല. എന്തായാലും പെട്ടെന്ന് ചെയ്യണം. ഈ സാഹചര്യത്തിൽ മുൻകൈയ്യെടുത്ത് പ്രശ്‌നം പരിഹരിക്കേണ്ടത് എന്റെ കർത്തവ്യമാണ്. ഞാൻ അവളുടെ ആൺപാതിയാണല്ലോ.

അവൾ എന്റെ ചുമലിൽ പിടിച്ച് ചെരുപ്പൂരി. ഹീൽസ് ആയതുകൊണ്ട് മറ്റേ ചെരുപ്പും ഊരാതെ രക്ഷയില്ല. ഈ പട്ടത്തി കൊച്ചിന്റെ പദ്മപാദങ്ങൾ നിലത്ത് പതിക്കുന്നത്ത് എന്റെ ഉള്ളിലെ ശ്രേഷ്ഠകാമുകന് അസഹനീയമായിരുന്നു. നിന്റെ കാലുകൾക്ക് ഞാൻ എന്റെ ഹൃദയം നിലത്തുവിരിക്കാം എന്നെല്ലാം പൈങ്കിളി പറയാനുള്ള അവസരം ഇതല്ല. പൈങ്കിളി പറച്ചിലുകൾ മോശമായതുകൊണ്ടല്ല. കാര്യ വിചാരമാണ് ഇപ്പോൾ ഉചിതം. കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് അവൾക്ക് കൈമാറിയിട്ട് ഞാൻ ചെരിപ്പെടുത്തു.

അടുത്ത് രണ്ടുമൂന്ന് ചെരുപ്പുകടകൾ ഞാൻ കണ്ടു. അവിടെ നന്നാക്കി കിട്ടുമായിരിക്കും. അരുകിലുണ്ടായിരുന്ന മരച്ചുവട്ടിലേക്ക് അവളെ മാറി നില്ക്കാൻ പറഞ്ഞിട്ട് ഞാൻ രണ്ടടി നടന്നില്ല, ‘അയ്യേ’ എന്നവളുടെ ദയനീയമായ കരച്ചിൽ. ഞാൻ തിരിഞ്ഞപ്പോൾ തോളിൽ ഹാൻഡ് ബാഗ് തൂക്കി, ഒരു കയ്യിൽ ഗിഫ്റ്റ് ബോക്‌സ് പിടിച്ച്, മറ്റേ കൈകൊണ്ട് സാരി മേപ്പോട്ട് വലിച്ച്, ഒരു കാലും പൊക്കി അറപ്പോടെ നോക്കി നില്ക്കുന്ന അവളെ കണ്ടു. ഇങ്ങനെയൊരു ഗോഷ്ടി അവൾ കാണിക്കണമെങ്കിൽ എന്തെങ്കിലും സാരമായിത്തന്നെ സംഭവിച്ചിരിക്കണം. ഞാൻ അവളുടെ കാലിലേക്ക് ഉറ്റുനോക്കി.
അയ്യേ! അവൾ തീട്ടത്തിൽ ചവിട്ടി. ശ്ശെ. കഷ്ടമായല്ലോ. പ്രശ്‌നം ഗുരുതരമായിരിക്കുന്നു. അവളോട് ഒരു മിനിറ്റ് എന്നാഗ്യം കാട്ടി ഞാൻ റോഡ് മുറിച്ച് ഓടി.

വിദേശത്തുനിന്ന് കപ്പലിൽ യാത്രചെയ്തെത്തിയ ചെരുപ്പായതുകൊണ്ട് ഞാൻ നേരെ കണ്ട പോഷായ ചെരുപ്പുകടയിലേക്ക് കയറി. എന്നെ ചിരിച്ചുകൊണ്ട് സമീപിച്ച അവിടുത്തെ സെയിൽസ്മാൻ എന്റെ കയ്യിൽ തൂക്കിപ്പിടിച്ചിരുന്ന ചെരുപ്പ് കണ്ടതും ചിരി നിർത്തി. എങ്കിലും പരിഷ്‌കാരം നിലനിർത്തി, ‘മെ ഐ ഹെല്പ് യൂ സർ?’ എന്ന് ചോദിച്ചു.

‘ക്യാൻ യൂ ഫിക്‌സ് ദിസ്?’ ഞാൻ അയാൾക്ക് വള്ളി പൊട്ടിയ ചെരുപ്പ് കാട്ടി.
‘സോറി സർ. ഞങ്ങൾ ഇവിടെ സെയിൽ ചെയ്ത ചെരുപ്പുകളേ സർവീസ് ചെയ്യാറുള്ളൂ. അതും ബില്ലുണ്ടെങ്കിൽ മാത്രം.’
‘പ്ലീസ്. ഒരു ഫങ്ക്ഷന് പോകണം. അർജന്റാണ്. ഒന്ന് ഹെല്പ് ചെയ്യാമോ?’
‘പറ്റില്ല സർ. ഞങ്ങളുടെ എം.ഡി അതിന് സമ്മതിക്കില്ല.’

പോടാ പട്ടി എന്ന് മനസ്സിൽ വിചാരിച്ച് താങ്ക്‌സ് എന്ന് അവനോട് പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി ഒരു ചെറിയ കടയിൽ കയറി. അവിടെയും വേറെയും ഒരു കടയിലും നന്നാക്കുന്ന ആളുകളില്ല. അവിടുന്നും പുറത്തേക്കിറങ്ങി എന്ത് ചെയ്യുമെന്ന ആശങ്കയിൽ ചുറ്റും നോക്കിയപ്പോഴാണ് മറുവശത്ത് ഒരു ചെരുപ്പുകുത്തി ഇരിക്കുന്നതുകണ്ടത്. ഫ്രാൻസിലെവിടെയോ നൂതന സാങ്കേതിക യന്ത്രങ്ങൾ കൊണ്ട് നിർമിച്ച ഈ വിദേശി ചെരുപ്പ് റോഡിന്റെ കരയിൽ ഷർട്ടിടാതെ മുറുക്കിക്കൊണ്ടിരിക്കുന്ന ഇയാൾക്ക് ശരിയാക്കാൻ പറ്റുമോ? ചോദിച്ചുനോക്കാം. വണ്ടികളെ വെട്ടിച്ച് റോഡ് കടന്ന് ഞാൻ അയാൾക്ക് നേരെ ചെരുപ്പ് നീട്ടി, ‘ഇതൊന്ന് ശെരിയാക്കി തരാമോ അണ്ണാ?’

പുള്ളി ചവച്ചരച്ച് നീരാക്കിയ മുറുക്കാൻ തുപ്പി ചെരുപ്പൊന്ന് വീക്ഷിച്ചു, ‘ഒരു പത്തു മിനിറ്റ്.’
ങേ. അയാൾ ചെയ്ത് തരും. ‘ശരി ചേട്ടാ’ എന്ന് പറഞ്ഞ് മറ്റേ ചെരുപ്പും അവിടെയിട്ടിട്ട് ഞാൻ രണ്ട് ലിറ്ററിന്റെ രണ്ട് കുപ്പി വെള്ളവും ഒരു ടൂത്തുബ്രഷും വാങ്ങി വിജയശ്രീയായി അവളുടെ അടുത്ത് തിരിച്ചെത്തി.

അവൾ വിഷമിച്ച് ആ മരത്തിന്റെ വേരിൽ കാലുരച്ചുവലിച്ച് വൃത്തിയാക്കുകയായിരുന്നു. എന്നെ കണ്ടപാടെ, ‘എന്താ ഏട്ടായിത്. ഒന്ന് വെള്ളം വാങ്ങിച്ച് തന്നിട്ട് പൊയ്ക്കൂടായിരുന്നോ? എത്ര നേരവായി ഞാനീ വൃത്തികേട് സഹിച്ചുകൊണ്ട് നില്ക്കുന്നു’ എന്ന് പരാതിപ്പെട്ടു.

തൊട്ടപ്പോൾ വാടിയ തൊട്ടാവാടിയെപോലെ ആയി ഞാൻ. ശരിയാണല്ലോ അവൾ പറഞ്ഞത്. ആദ്യം വെള്ളം വാങ്ങിച്ച് കാലു വൃത്തിയാക്കിയിട്ട് ചെരുപ്പ് നന്നാകാൻ പോയാൽ മതിയായിരുന്നു. പാവം. അവൾ ഇത്രയും നേരം തീട്ടം പുരണ്ട കാലാൽ വിഷമിച്ചിട്ടുണ്ടാകും. ഞാൻ കാലിലേക്ക് വെള്ളം ഒഴിച്ചുകൊടുത്തു. അവളുടെ മനോഹരമായ കാല്‍പാദത്തെ വെള്ളം പവിത്രമാക്കി ഒഴുകി. അവൾ ഇട്ടിരുന്ന മൈലാഞ്ചി മാഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. മൈലാഞ്ചി ഇടാതെതന്നെ അവളുടെ പാദങ്ങൾക്ക് ചുവപ്പുണ്ട്.

അവളുടെ കാൽപാദങ്ങൾ ഞാൻ എത്ര താലോലിച്ചിട്ടുണ്ട്. ഉമ്മ വെച്ചിട്ടുണ്ട്. ആ പാദങ്ങളിലാണല്ലോ ഇപ്പൊ ഈ അസത്ത് പറ്റിയിരിക്കുന്നത്. അതും ചാണകമല്ല. പട്ടിയുടെയോ പൂച്ചയുടെയോ വിസർജ്ജനം അല്ല. സാക്ഷാൽ മനുഷ്യന്റെ മലം. ഹോ! ആരാണ് ഇവിടെ മലം വിസ്സർജ്ജിച്ചത്. ഏതെങ്കിലും നിവർത്തികെട്ട അതിഥി തൊഴിലാളിയായിരിക്കുമോ? ബംഗാളിൽ നിന്നോ ബിഹാറിൽ നിന്നോ വീട്ടിലെ പട്ടിണിയകറ്റാൻ അടിസ്ഥാന സൗകര്യമില്ലാത്ത കുടുസ്സു മുറിയിലെ കൂട്ടത്തിൽ സഹിച്ച് താമസിക്കുന്ന ഒരുവൻ? വീടും കിടപ്പാടവും ഇല്ലാത്ത ഒരുവനുമായിരിക്കാം. പിച്ചക്കാരനാണോ? അതോ പിച്ചക്കാരിയോ? അല്ലെങ്കിൽ വയറടക്കാൻ പറ്റാതെ ഗതികെട്ട ഒരുവനായിരിക്കും. എനിക്കും അങ്ങനെ ഒരിക്കൽ സംഭവിച്ചിട്ടുണ്ടല്ലോ.

ഞാൻ ചുറ്റും വെറുതെ കണ്ണോടിച്ചു. അപ്പോളതാ അല്പം അകലെ ഒരു ഭ്രാന്തൻ ഒരു കല്ലിന്റെ പുറത്തിരുന്ന് ഞങ്ങളെ നോക്കി അട്ടഹസിച്ച് ചിരിക്കുന്നു. അയാൾ കുളിച്ചിട്ട് ദിവസങ്ങളായിക്കാണും. അഴുക്കു പുരണ്ട് കറുത്ത മുഖവും ഉടുപ്പും. ഉടുപ്പ് വളരെയധികം കീറിയതാണ്. ജട പിടിച്ച താടിയും മുടിയും. ഒരിക്കലും വൃത്തിയാക്കാത്ത പല്ലുകൾ. ഈശ്വരാ. അയാളാണോ ഇതിന്റെ കാരണക്കാരൻ? വൃത്തികേട് കാലിന്റെ അടിയിലേക്ക് ഒഴുകുന്നത് കണ്ടിട്ട് അവൾക്ക് സഹിക്കാൻ പറ്റിയില്ല, ‘അയ്യേ. എന്തൊരു കഷ്ട്ടവാ ഇത്. നാറുന്നു. എനിക്ക് വയ്യ.’
‘സാരമില്ല മോളെ. സമാധാനിക്ക്’, ഒരു നല്ല ഭർത്താവായി അവളെ സാന്ത്വനിപ്പിച്ചതാണ്, പക്ഷെ...

‘സാരവില്ലെന്നോ. അതേല് ചവിട്ടിയത് ഞാനാ. എനിക്ക് സാരവുണ്ട്. ഏട്ടൻ ചവിട്ടീട്ട് പറഞ്ഞു നോക്ക് സാരവില്ലെന്ന്.’

ഇതാണ്. ചില സമയങ്ങളിൽ മൗനം വിദ്വാന് ഭൂഷണമാണ്. പക്ഷെ അത് ഏത് സമയങ്ങളിൽ എന്ന് മാത്രമെ സംശയമുള്ളൂ. എന്തെന്നാൽ ഇപ്പോളിവിടെ ഞാൻ മൗനിയായി ഇരുന്നിരുന്നെങ്കിൽ അവൾ പറയുമായിരുന്നു...

‘ഞാനിവിടെ ഇത്രേം വിഷമിച്ചു നിന്നിട്ടും എന്നെ ആശ്വസിപ്പിക്കാൻ ഒരു വാക്കുപോലും പറയാൻ വയ്യേ ഏട്ടന്. ഏട്ടനെന്നോട് ഒരു സ്‍നേഹവുമില്ല.’

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കോപാവേശം ഒഴുക്കി വിടാനുള്ള ചാല് മാത്രമാണ് ഞാൻ അവൾക്കെന്ന് അവളെ കെട്ടിയ ആദ്യ മാസത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. പെണ്ണ് അല്ലേ, അത് മനസ്സിലായതിൽപ്പിന്നെ ഇങ്ങനെയുള്ള നിമിഷങ്ങളിൽ അവളുടെ എരിവ് എനിക്ക് രസമായി തോന്നാൻ തുടങ്ങിയിരുന്നു. രണ്ടാമത്തെ കുപ്പി വെള്ളം ഒഴിക്കുമ്പോൾ ഞാൻ ടൂത്ത് ബ്രഷും പ്രയോഗിച്ചു. ഒരു സമാധാനത്തിന് ചെറിയ ഡെറ്റോളും വാങ്ങാമായിരുന്നു എന്നുതോന്നി. സാരമില്ല. അതൊരു പരാതിയായി അവൾ പറഞ്ഞുമില്ല.

കേടായതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ അണ്ണൻ ചെരിപ്പ് ശരിയാക്കിയിരിക്കുന്നതു കണ്ട് ഞാനത്ഭുതപ്പെട്ടു. ഫ്രാൻസിലെ യന്ത്രങ്ങളേ, നിങ്ങൾ കൊച്ചിക്കാരന്റെ കൈവിരുതിനോട് തോറ്റുതുന്നംപാടിയിരിക്കുന്നു. മുപ്പത് രൂപ കൂലി ചോദിച്ചതിന് ഞാൻ സന്തോഷത്തോടെ അമ്പത് രൂപകൊടുത്തു. ചെരുപ്പിട്ടപ്പോൾ അവൾക്ക് ആശ്വാസമായി. വൈക്കത്തേക്കുള്ള ബസ് ഉടനെ കിട്ടി. അത് പുറപ്പെടുകയും ചെയ്തു.

ആദ്യം ഞാൻ അത്രക്ക് ഗൗനം കൊടുത്തില്ലെങ്കിലും ബസ് തൃപ്പൂണിത്തുറ കടന്നപ്പോൾ എനിക്കവളുടെ മൗനവും ഇരിപ്പും സ്വാഭാവികമായി തോന്നിയില്ല. സാധാരണ എന്തെങ്കിലും വിഷയങ്ങളിലൂടെ വാചാലയാകാറാണ് പതിവ്. എന്റെ കയ്യെങ്കിലും എടുത്ത് അവളുടെ മടിയിൽ വയ്ക്കും. അവളുടെ വിരലുകൾ സ്‌നേഹം ഉരസും. ഞാൻ അവളുടെ കയ്യിൽ പിടിച്ചപ്പോൾ ശാന്തമായ അസ്വാസ്ഥ്യത്തോടെ അവൾ കൈ പിൻവലിച്ചു. പെരുമഴയത്ത് ഉടുപ്പാകെ നനഞ്ഞ് ബസിൽ സീറ്റിന്റെ അറ്റത്ത് സുഖകരമല്ലാത്ത ഇരുപ്പിരിക്കുന്ന പോലെയാണ് അവളുടെ ഇരിപ്പ്. അവൾ ഒട്ടും കംഫൊർട്ടബിളല്ല. എന്താണവളെ അലട്ടുന്നത്? എനിക്കറിയാം, തീട്ടത്തിൽ ചവിട്ടി എന്നുവിചാരിച്ച് ഇത്രക്ക് വിരസമാവേണ്ട കാര്യമുണ്ടോ?
ശരിയാണ്. മനുഷ്യന്റെ മലമാണ് എന്നുള്ള വസ്തുത തള്ളിക്കളയാൻ പറ്റാത്തതാണ്. ചാണകത്തിൽ ചവിട്ടിയാൽ ആരും ഇത്രയ്ക്ക് മുഷിയാറില്ല. നടക്കാനുള്ള ഒരു സുഖക്കുറവ് മാറ്റാൻ ഉടനെ കഴുകും. പിന്നെ ചാണകം പശുവിന്റെ വിസർജ്ജ്യം അല്ലേ? പശുവിന് ചില മതങ്ങളിൽ ദൈവസ്ഥാനമുണ്ടല്ലോ. അതിന്റെ ചാണകത്തിന് അത്രയും തന്നെ വിശുദ്ധാത്മകത മനുഷ്യർ കല്പിച്ചിട്ടുമുണ്ട്. ഇന്ത്യയിൽ എത്രയെത്ര പ്രദേശങ്ങളിൽ, വിശ്വാസങ്ങളിൽ കൈകൊണ്ട് ചാണകം വെള്ളത്തിൽ കലക്കി മുറ്റം തെളിക്കാറുണ്ട്. ചാണകം കൈകൊണ്ട് പരത്തിയുണക്കി അടുപ്പിന് തീയാക്കാറില്ലേ. ചാണകം കണ്ടാൽ ആർക്കും അറപ്പ് തോന്നാറില്ല. പട്ടിയുടെയും, പൂച്ചയുടെയും, ആടിന്റെയുമെല്ലാം കാട്ടം അറപ്പുളവാക്കാറില്ലല്ലോ. പക്ഷെ മനുഷ്യന്റെ മലം കണ്ടാൽ തന്നെ അറച്ച് മുഖം വെട്ടിക്കലാണ് എല്ലാവരുടെയും പതിവ്. ഉടൻ തന്നെ ഒന്ന് തുപ്പുകയും ചെയ്യും. എന്തിന്. വെളിക്കിറങ്ങി കഴിഞ്ഞിട്ട് സ്വന്തം മലം നോക്കാൻ മടിക്കുന്നവർ നമ്മളിലെത്ര പേരുണ്ട്.
ഹേ മനുഷ്യാ! ഈ ലോകത്ത് ഏറ്റവും വെറുക്കുപ്പെട്ട മലം നിന്റെ തന്നെയാണ്. അത് നീ നിന്നെത്തന്നെ വെറുക്കുന്നതിന്റെ സൂചനയല്ലേ? ഇവളെ കുറ്റം പറയാൻ പറ്റില്ല. പാവം. സ്വന്തം മലം കണ്ടുകൂടായ്കയുള്ള ഈ സമൂഹത്തിൽ മറ്റൊരാളുടെ, ഒരു പക്ഷെ ഒരു ഭ്രാന്തന്റെ, മലം ശരീരത്തിൽ പറ്റിയതിൽ അപകർഷതയുണ്ടാകുന്നത് സ്വാഭാവികം.

ഞങ്ങൾ അമ്പലത്തിന്റെ അരികിലെ ഓഡിറ്റോറിയത്തിലേക്കുള്ള വഴിയിലൂടെ നടന്നുകൊണ്ടിരുന്നപ്പോൾ അവൾ പറഞ്ഞു, ‘ഭാഗ്യം. അമ്പലത്തിലേക്ക് കയറേണ്ടിവന്നില്ലല്ലോ. വഴി പുറത്തായത് നന്നായി. ഞാൻ ചവിട്ടിയാൽ അവിടം അശുദ്ധമാകുമായിരുന്നു.’

അതിനിയും മറക്കാറായില്ലേ? കാലുകൾ വൃത്തിയാക്കിയതല്ലേ? പിന്നെ അമ്പലത്തിലേക്ക് പ്രവേശിച്ചാൽ എന്താണ് കുഴപ്പം. മലം പുറത്താക്കിക്കഴിഞ്ഞാൽ ഗുദം കഴുകിയിട്ട് നമ്മൾ പിന്നെ അമ്പലത്തിൽ പോകാറില്ലേ? അത്രയ്ക്കല്ലേ ഉള്ളൂ, ഈ കാലിൽ പുരണ്ട മലം കഴുകുന്നതും. നിന്റെ പാദങ്ങൾ അശുദ്ധമല്ല പെണ്ണേ എന്നെനിക്ക് പറയാൻ തോന്നി. പോരാത്തതിന് എപ്പോഴും നമ്മളുടെ കുടലിൽ മലം ഇല്ലാതില്ല. തൂറുമ്പോൾ ഉണ്ടാകുന്നതല്ലല്ലോ ഈ മലം. ഏകദേശം മുപ്പത്തിയാറ് മണിക്കൂർ എടുക്കുന്നു, കഴിച്ചിറക്കിയത് കുടലുനീളെ സഞ്ചരിക്കാൻ. അനാവശ്യമായത് ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളാൻ രണ്ടു മുതൽ അഞ്ചു ദിവസം വരെ എടുക്കുന്നു. നീ അമ്പലത്തിൽ കയറുമ്പോൾ നിന്റെ ശരീരത്തിന്റെ ഉള്ളിൽ തന്നെ മലം ഉരുളുന്നുണ്ട്. നീയതറിയുന്നില്ലേ? ഞാൻ അവളുടെ ചിന്താഗതി തിരുത്താൻ തൽക്കാലം പരിശ്രമിച്ചില്ല. അവൾ സ്വതന്ത്രയാണല്ലോ. അവൾക്കിനിയും ആ ദുരന്തത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ല. അതിനവളെന്ത് പിഴച്ചു. ഞാൻ അവൾ പറഞ്ഞതിന് പുഞ്ചിരിച്ച് അവൾക്ക് കൂട്ടായി നടന്നു.

ഒരായിരം പേരെങ്കിലും ഓഡിറ്റോറിയത്തിലുണ്ടാകും. ഇവളെ കണ്ടപാടെ വധുവിന്റെ അനിയത്തി ഞങ്ങളെ വധു ഒരുങ്ങുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരുക്കം കഴിഞ്ഞിരുന്നു. കൂട്ടുകാരിയെ കണ്ടതും ഗിഫ്റ്റ് കൈമാറി അവൾ കെട്ടിപ്പിടിച്ചു. ആരഭിനയിക്കുന്ന സിനിമയാണ് ഞാൻ അടുത്തത് എഡിറ്റ് ചെയ്യാൻ പോകുന്നതെന്ന് കൂട്ടുകാരി ചോദിച്ചു. ‘മോഹൻലാൽ അഭിനയിക്കുന്നത്’ എന്ന് ഞാൻ പറഞ്ഞു. എങ്കിൽ ലാലേട്ടനെ കാണാൻ ലൊക്കേഷനിലേക്ക് ഭർത്താവുമായി വരുമെന്ന് കൂട്ടുകാരി ഉറപ്പിച്ച് പറഞ്ഞു. ‘ആയ്‌ക്കോട്ടെ’ എന്ന് ഞാനും.

കൂട്ടുകാരിയെ കണ്ടു കഴിഞ്ഞിട്ടും സ്വന്തം പ്രിയതമയുടെ അസ്വാസ്ഥ്യം പൂർണമായും മാറിയിട്ടില്ല എന്ന് എന്റെ നിരീക്ഷണം അഭിപ്രായപ്പെട്ടു. കാരണം, അവൾ അവളുടെ തീട്ടത്തിൽ ചവിട്ടിപ്പോയ പാവം കാലിനെ ഇടയ്ക്കിടെ ചെരിച്ച് നോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ അവൾ പോലും ഇതറിയുന്നുണ്ടാവില്ല. സബ്കോൺഷ്യസ്സിന്റെ കളികൾ. കാലിൽ നിന്ന് ആ മാലിന്യം ഇളകിപ്പോയെങ്കിലും അത് അവളുടെ മനസ്സിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. ഈ അപകർഷതാ ബോധം എത്ര ആഴത്തിലാണ് മനുഷ്യമനസ്സിൽ തറച്ചിരിക്കുന്നത് എന്ന് ഞാൻ അതിശയിച്ചു. അവളുടെ കൂട്ടുകാരിയും അവളുടെ പെരുമാറ്റം നിരീക്ഷിച്ചിരിക്കുന്നു.
‘എന്താടീ നിന്റെ കാലില്’ എന്നവൾ ചോദിച്ചപ്പോൾ ഇവൾ ഒന്ന് ഞെട്ടി കാലു നോക്കിയിട്ട്, ‘ങേ. ഒന്നുമില്ലല്ലോ’ എന്ന് വിളറി.
ഞാൻ കൂട്ടുകാരിയോട് ‘ലാലേട്ടനെ മുൻപ് കണ്ടിട്ടുണ്ടോ?’ എന്നു ചോദിച്ച് സംഭാഷണത്തെ ദിശതിരിച്ച് അവളെ രക്ഷിച്ചു. താലികെട്ടിന് സമയവുമായി.
താലികെട്ടിന്റെ സമയത്ത് പോലും അവൾ അസ്വസ്ഥചിത്തയായിരുന്നു. അവൾ നോർമലായിരുന്നെങ്കിൽ ഇപ്പൊ വരനെ കുറിച്ച് പത്ത് കാര്യമെങ്കിലും പറഞ്ഞേനെ. അവളെ ഞാൻ വിളിച്ചു. ‘മോളെ.’
‘എന്തോ?’
‘ഇവിടെയുള്ള പെണ്ണുങ്ങളിൽ ഏറ്റവും സുന്ദരി നീയാണ്’
അവളിത് പ്രതീക്ഷിച്ചില്ല. അവളുടെ മുഖത്ത് പുഞ്ചിരി പൊട്ടി. ഞാൻ പൈങ്കിളി പറഞ്ഞതല്ല. സ്‌നേഹത്തോടെ കാര്യമായി പറഞ്ഞതാണ്. സ്‌നേഹമാണ് ഈ ലോകത്തെ ഏറ്റവും വലിയ മരുന്നെന്ന് ഞാനിപ്പോൾ പറഞ്ഞെങ്കിൽ അതിൽ സത്യമുണ്ട്. അവളെ വലിച്ചു മുറുക്കിയിരുന്ന കെട്ടുകൾ അഴിഞ്ഞുതുടങ്ങി.

‘അപ്പൊ വായും നോക്കിയിരിക്കുവായിരുന്നല്ലേ.’ അവൾ കുട്ടിത്തത്തോടെ ചോദിച്ചതിന്, ‘ഉം. അതേ’ എന്നുപറഞ്ഞ് ഞാൻ പുഞ്ചിരിച്ചു. അവളെന്നെ 'അലമ്പൻ' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് തല്ലി. ആ സമയത്താണ് നാടൻവസ്ത്രം ധരിച്ച അവളുടെ കൂട്ടുകാരായ ഒരു അമേരിക്കൻ ദമ്പതികൾ അവളെ കണ്ട് ആശ്ചര്യപ്പെട്ട്, ‘ഹോളി ഷിറ്റ്’ എന്നുപറഞ്ഞ് ഞങ്ങളെ സമീപിച്ചത്. അമേരിക്കക്കാരന്റെ ആ ആശ്ചര്യപ്രകടനം എന്റെ സൈക്കോളജിക്കൽ മൂവിനെ നിഷ്ഫലമാക്കുമോ എന്ന് ഞാൻ ഭയന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. അവൾ അവരുമായി വാചാലയായി. അവളുടെ മനസ്സിൽ നുഴഞ്ഞുകയറിയ ലജ്ജയും ഈർഷ്യയും പോയി എന്ന് തോന്നുന്നു. അയാളുടെ ആ വാക്കുകൾ അവളെ കുടുക്കിയില്ലെങ്കിലും ഞാൻ ഒരു കുരങ്ങനെ പോലെ ഒറ്റകൈയ്യിൽ അതിൽ തൂങ്ങി. ഹോളി ഷിറ്റ്. ഹോളി ഷിറ്റ് അഥവാ വിശുദ്ധ തീട്ടം. ഈ അമേരിക്കക്കാർ ഇങ്ങനെയാണ്. ദിവസത്തിൽ രണ്ടുമൂന്ന് തവണയേ മലം വിസർജ്ജിക്കത്തൊള്ളങ്കിലും ഒരു നൂറു പ്രാവശ്യമെങ്കിലും എന്തിനും ഏതിനും ഷിറ്റ് എന്ന് പറയും. എന്തെങ്കിലും അബദ്ധം പറ്റിയാൽ ആദ്യം പറയുന്നത് ഷിറ്റ് എന്നായിരിക്കും. ആഹാരം നന്നായാൽ പോലും പ്രശംസയുടെ കൂടെ ഷിറ്റ് കൂട്ടിച്ചേർക്കും. ‘ഷിറ്റ് ഇറ്റ്‌സ് ഓസം’ എന്നായിരിക്കും അപ്പോൾ. ഈ വ്യാധി ഒരു ശീലമായി എന്നിലും പകർന്നിട്ടുണ്ടെന്നുള്ളതും സത്യം. കഷ്ടം! പൊടിക്ക് ആശ്ചര്യം വന്നാൽ അത് ഹോളി ഷിറ്റ് ആകും. അങ്ങനെ പല വർഷങ്ങൾക്കുശേഷം അവളെ കണ്ട ആശ്ചര്യം കൊണ്ടാണ് ഈ അമേരിക്കൻ ചങ്ങായി ഹോളി ഷിറ്റ് എന്ന് പറഞ്ഞത്. അല്ലാതെ അവൾ രാവിലെ തീട്ടത്തിൽ ചവിട്ടിയ കാര്യം അവർക്കറിയില്ലല്ലോ. ഇയാൾക്ക് തീട്ടത്തിൽ ചവിട്ടിയാൽ അറപ്പുണ്ടാകുമോ? എനിക്കറിയില്ല. ഞാൻ ചോദിച്ചുമില്ല. വധു തന്നെ വന്ന് ഞങ്ങളെ ഊണ് കഴിക്കാൻ വിളിച്ചു.

വധൂവരന്റെ എതിർക്ക് ഞങ്ങളും അമേരിക്കൻ ദമ്പതികളും ഇരുന്നു. തമ്മിലുള്ള കൊച്ചുവാർത്തമാനത്തിനിടയിൽ എന്റെ ശ്രദ്ധ ഇലയിലായിരുന്നു. ഇതിനുമുൻപ് കഴിച്ച സദ്യ വിഷുവിനായിരുന്നു. അതിന് മുൻപ് എന്റെ കല്യാണത്തിന്. ഇലയുടെ മദ്ധ്യേ ഇടത് വശത്ത് വാഴപ്പഴം, കായ വറുത്തത്, ശർക്കര ഉപ്പേരി. കൂടാതെ ചേന വറുത്തതും മുളക് കരിച്ചതും. പിന്നെ പുളിയിഞ്ചി, മാങ്ങാക്കറി, നാരങ്ങാ അച്ചാറ്, ഇഞ്ചി തൈര്. രണ്ട് പപ്പടം. ഒരെണ്ണം ചുവന്നിട്ടുണ്ടായിരുന്നു. എനിക്കങ്ങനെ സാരമില്ല. അവൾക്കങ്ങനെ ഇഷ്ടമല്ല. കൂട്ടത്തിൽ ഓലൻ, വെണ്ടക്കാ കിച്ചടി, പൈനാപ്പിൾ പച്ചടി, മത്തങ്ങാ എരുശ്ശേരി, ഉരുളക്കിഴങ്ങ് മെഴുക്ക്പുരട്ടി, ബീൻസ് തോരൻ, അവിയൽ. ചോറ് വിളമ്പി പരിപ്പിന്റെ കൂടെ നെയ്യൊഴിച്ചു. തലപൊക്കി അങ്ങോട്ടുമിങ്ങോട്ടും നോക്കിയപ്പോ തൂക്ക് പാത്രമെടുത്ത് ഒരാൾ സാമ്പാറാണോ രാസമാണോ എന്ന് ചോദിച്ചു. സാമ്പാർ, ദൂരെ നിന്നയാളെ കൈപൊക്കി വിളിച്ചു. രസം. നല്ല തൈരു കൂട്ടി. പാലട പ്രഥമൻ ദിവ്യമായിരുന്നു.

പരിപ്പ് പായസവും കുടിച്ചപ്പോ തൃപ്തിയായി എന്ന് തോന്നിയതേ ഉള്ളൂ, ഒരു സേവകൻ ഒരു കപ്പ് ഐസ്‌ക്രീമും വെച്ചിട്ട് പോയി. അവൾക്കും എനിക്കും ഇഷ്ടമുള്ള വനിലാ ഫ്ലേവർ. സദ്യ കഴിക്കുമ്പോൾ ഒറ്റ കാര്യം മാത്രമായിരുന്നു എന്റെ ചിന്ത. എന്തുകൊണ്ടാണ് മലം നമ്മളിൽ അറപ്പുണ്ടാക്കുന്നത്. ഹല്ല. എന്താണീ മലം. ഞാൻ ഈ കഴിക്കുന്ന ആഹാരം തന്നെയല്ലേ? ഒരു ശാരീരിക പ്രക്രിയയുടെ പര്യവസാനം മാത്രമല്ലേ മലം? വായ മുതൽ കുണ്ടിവരെ വളഞ്ഞും ഞെളിഞ്ഞും കിടക്കുന്ന ഒരു കുഴലിലൂടെയുള്ള യാത്രയിൽ ആഹാരത്തിനു സംഭവിക്കുന്ന രൂപഭാവ മാറ്റം. ഓരോ വായ കഴിക്കുമ്പോഴും ഞാൻ ഈ ശാപ്പാടിന്റെ കൂടെ അകത്തേക്ക് സഞ്ചരിച്ചു. സത്യത്തിൽ ഭക്ഷണം കാണുമ്പോഴും മണക്കുമ്പോഴും ഉമിനീര് ചൊരിഞ്ഞ് ശരീരം ദഹനത്തിന് തയ്യാറെടുക്കുന്നു. പല്ലുകൊണ്ട് ചവച്ചരയ്ക്കുമ്പോൾ തന്നെ ഭക്ഷണത്തിന് രൂപമാറ്റം സംഭവിച്ച് തുടങ്ങുന്നു. ചോറിനും അവിയലിനും പാലടപ്രഥമനുമെല്ലാം അതിന്റെ വിശിഷ്ട്യമായ പേരുകൾ നഷ്ടപ്പെടുന്നു. ചവച്ച് പാകമാക്കി ഉമിനീര് കലർന്ന ഭക്ഷണം കണ്ഠനാളത്തിലേക്ക് പ്രവേശിക്കുന്നു. അവിടുന്ന് അന്നനാളം വഴി പ്രവാഹിണി തുറന്ന് ആമാശയത്തിലേക്ക് എത്തുന്നു. വൃത്തപേശി അടയുന്നു.

ഇവിടുന്ന് ശരീരത്തിന്റെ പ്രവൃത്തികൾ എന്നെ വീണ്ടും അതിശയത്തിലേക്ക് തള്ളുന്നു. ആമാശയം അമ്ലങ്ങളും പ്രക്വിണ്ണങ്ങളും ഒലിപ്പിച്ച് പദാർത്ഥങ്ങളെ നീർപ്പശയാക്കി ചെറുകുടലിലേക്ക് നീക്കുന്നു. ഇവിടെ അഗ്‌നാശയം ചുരക്കുന്ന ദീപനരസങ്ങളും, കരള് കക്കുന്ന പിത്തനീരും ഈ നീർപ്പശയിൽ വീണ്ടും ആക്രമിച്ച് അതിലെ പോഷകങ്ങളെ പുറത്തെടുക്കുന്നു. ചെറുകുടലിന്റെ മതിലുകൾ പോഷകഗുണങ്ങൾ ആഗിരണിച്ച് രക്തത്തിലേക്ക് ഒഴുക്കുന്നു. ഞാൻ ശക്തനാകുന്നു. നിലനില്ക്കുന്നു. ജീവിക്കുന്നു. പ്രപഞ്ചത്തിന്റെ സർവ്വശക്തിയേ. ഓരോ ദിവസവും ഞാൻ ഒരു കോപ്പും ചെയ്യാതെ എനിക്കുള്ളിൽ നീ ദിവ്യാത്ഭുതങ്ങൾ അരങ്ങേറ്റുകയാണല്ലോ. ഈ ലോകത്ത് വിശപ്പ്‌കൊണ്ട് എത്രയെത്രപേരുടെ ശ്വാസം നിലയ്ക്കുന്നുണ്ട്. ഒരു ജീവജാലവും പട്ടിണി കിടന്ന് മരിക്കരുതേ എന്ന പ്രാർത്ഥന എന്റെ ഉള്ളിൽ ഈ നിമിഷം ഉണർന്നത് സ്വാഭാവികമല്ലേ? ബാക്കിയുള്ളത് വൻകുടലിലേക്ക്.

ഇവിടെ എത്തുമ്പോൾ ആഹാരം ഏകദേശം ചവറായി കഴിഞ്ഞിരിക്കുന്നു. വൻകുടൽ അതിനെ പുറത്തുകളയാൻ പാകത്തിനുള്ള പരുവമാക്കുന്നു. ഒരു ബഹുചലനത്തിലൂടെ അത് മലാശയത്തിലേക്ക് എത്തുന്നു. ഇവിടം നിറഞ്ഞ് തുടങ്ങുമ്പോൾ തലച്ചോറിലേക്ക് സന്ദേശം ചെല്ലുന്നു. ശാരീര്യ സാമൂഹിക സാഹചര്യ പ്രകാരം തലച്ചോറ് അതിനെ ഒഴിപ്പിക്കണോ വേണ്ടയോ എന്ന് നിർണ്ണയിക്കുന്നു. അങ്ങനെ ഒരു മഹാപ്രസ്ഥാനത്തിലൂടെ അന്നം അമേധ്യമാകുന്നു. എന്റെ വിചാരപ്രക്രിയയിൽ അമേധ്യം പോലെ അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്. ഭക്ഷണത്തിന്റെ ഈ നീണ്ട യാത്രയ്ക്കിടയിൽ എവിടെവെച്ചാണ് അതിലേക്ക് അറപ്പും വെറുപ്പും പിടിച്ചുപറ്റിയത്? അന്നത്തിന് രൂപമാറ്റം വന്നപ്പോൾ മനുഷ്യമനസ്സിൽ അറപ്പുളവാക്കാൻ എന്താണ് അതിൽ കൂടിച്ചേർന്നത്. തീട്ടമെന്ന വാക്കുപോലും ശ്രവണാരോചകമായതെങ്ങനെ? എനിക്ക് മനസ്സിലായിട്ടില്ല.

‘ഏട്ടാ’ എന്നവൾ വിളിച്ചപ്പോഴാണ് ഞാൻ എന്റെ സ്ഥലകാലബോധം വീണ്ടെടുത്തത്. ഞാൻ അവളുടെ അടുത്തേക്കുചെന്നപ്പോൾ, ‘എന്തായിത്. എന്തായീ ആലോചിച്ച് കൂട്ടുന്നേ?’ എന്നവൾ വേവലാതിപ്പെട്ടു. ഞാൻ വായിലൂടെ നുഴഞ്ഞ് ഗുദം വഴി പുറത്തുചാടിയ കാര്യം ഇവളോടിപ്പോൾ പറയാൻ തോന്നിയില്ല. ‘സ്‌ക്രിപ്റ്റിന്റെ ഒരു കാര്യം ആലോചിക്കുവാരുന്നു.’
അവളതിന്, ‘ഹോ, ഒരു സ്‌ക്രിപ്റ്റ്, പെട്ടെന്നൊന്നെഴുതി തീർക്കാവോ. ഞാനിത് കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി’ എന്നെന്റെ മനസ്സിനെ നുള്ളി.
‘തീർക്കാം മോളെ’, എപ്പോഴും പോലെ ഞാൻ പുഞ്ചിരിച്ചു.
‘ബാ. നമുക്കവരെ കണ്ടിട്ട് തിരിക്കാം’, അവൾ എന്റെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി.

തിരിച്ചു​പോക്കിൽ അവൾ വാചാലയായിരുന്നു. അവളുടെ കൂട്ടുകാരിക്ക് വരൻ വളരെ അനുയോജ്യനാണത്രെ. അവളുടെ കൂടെ ഞാനും വാചാലനായിരുന്നെങ്കിലും മനസ്സിന്റെ ഉള്ളിൽ വേറൊരു മണ്ഡലത്തിൽ സഞ്ചരിക്കാനുള്ള പ്രത്യേക കഴിവ് ഞാൻ നേടിയിരുന്നു.
ഹല്ലാ, ആലോചിച്ച് നോക്കുമ്പോൾ പല സവിശേഷതകൾ നിറഞ്ഞതാണ് ഈ മലം. സവിശേഷതകളുള്ള അമേധ്യത്തെ എന്തുകൊണ്ടാണ് നമ്മൾ വെറുപ്പോടെ നോക്കുന്നത്. ഈ അനാവശ്യത്തിന്റെ നിറവും മണവും നമ്മുടെ ശരീരത്തിലെ സ്വാസ്ഥ്യത്തെ കുറിച്ച് എന്തുമാത്രം പറയുന്നുണ്ട്. ഈ അനാവശ്യത്തെ വിശകലനം ചെയ്താൽ നമ്മുടെ എത്രയെത്ര കേടുപാടുകളെക്കുറിച്ച് അറിയാൻ പറ്റുന്നുണ്ട്.

പക്ഷെ ഒരു സ്റ്റൂൾ ടെസ്റ്റിന്റെ പ്രിസ്‌ക്രിപ്ഷൻ കയ്യിൽ കിട്ടുന്നത് മുതൽ വേവലാതിയാണ്. എത്ര മാനസിക ബുദ്ധിമുട്ടോടെയാണ് നമ്മുടെ അനാവശ്യത്തിന്റെ ചെറിയ കഷ്ണം ഒരു ഡപ്പയിലാക്കുന്നത്. മാലിന്യത്തെ വർജ്ജിക്കാൻ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ഒരു വികാരത്തിന്റെ എന്താവശ്യമാണുള്ളത്? മാലിന്യമെന്ന് തിരിച്ചറിയാൻ മനുഷ്യന് വേണ്ടുവോളം ബുദ്ധിശക്തിയില്ലേ? അത് പോരെ? ഈ മനസ്സിന്റെ പ്രവർത്തി വിചിത്രം തന്നെയാണ്. കഴിക്കുന്നതിന്റെ ഒരു പകുതി ജീവൻ നിലനിർത്തുന്നു, ഒരു പങ്ക് ശരീരമാകുന്നു, രണ്ടും ആകാൻ പറ്റാത്തത് അനാവശ്യമാകുന്നു. ശരിക്കും ഈ ശരീരവും അമേധ്യവും ഒന്ന് തന്നെയാണ്, ഒന്നിൽ നിന്നും പിറക്കുന്നതാണ്. ഒന്നിനോട് അടുപ്പവും മറ്റൊന്നിനോട് അമർഷവും. എന്തിന്? ഇത് കാരണം നമ്മുടെ ശരീരത്തെ തന്നെ നമ്മൾ വിഭജിച്ചിരിക്കുന്നു.

മലം കഴുകുന്ന കൈ ഇടതാണെങ്കിൽ അത് വലതിനേക്കാൾ താഴ്ത്തപ്പെടുന്നു. പല ശുഭമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്യങ്ങൾക്കും അതുപയോഗിക്കാൻ നമ്മൾ മടിക്കുന്നു. ജാതി മത വൈരുദ്ധ്യങ്ങളും, അസഹിഷ്ണുതകളും, തരംതാഴ്ത്തലുകളുമെല്ലാം ഈ മലത്തോടുള്ള അറപ്പിലും വെറുപ്പിലും നിന്നും ജനിക്കുന്നു എന്നെനിക്ക് തോന്നുന്നു. ഇതേ കാഴ്ചാനിസ്സാരമായ അറപ്പും വെറുപ്പും തന്നെയാണ് സമൂഹത്തിൽ അസുരരൂപമെടുക്കുന്നത് എന്നും. നാം നമ്മുടെ ശരീരത്തെത്തന്നെ ഉയർന്നതും താഴ്ന്നതുമായി കാണുമ്പോൾ ഈ സമൂഹത്തിൽ തരംതിരിവുകൾ പ്രത്യക്ഷമായതിൽ എന്തതിശയം? ചില മനുഷ്യരെ മലത്തേക്കാൾ വെറുപ്പോടെ നോക്കിയിട്ടില്ലേ? നോക്കാറില്ലേ? സ്വന്തം മലം നോക്കിത്തുടങ്ങിയാൽ ഒരുപക്ഷെ നമ്മുടെ ഉള്ളിലെ അറപ്പിന്റെയും വെറുപ്പിന്റെയും അടിവേരുകളിലേക്കെത്താൻ സാധ്യമായേക്കും. മലവും മതവുമെല്ലാം ഓരോ മനുഷ്യന്റെ സ്വകാര്യതയാണ്.

ഇവിടെ എത്ര മനുഷ്യരുണ്ടോ അത്രയും തന്നെ മതങ്ങളും ഉണ്ടാകും. അല്ലാതെ ഒരു മതവും ഒരുവനിൽ പൂർണ്ണമായും സജീവമാകുന്നില്ല എന്നാണ് എന്റെ അഭിപ്രായം രൂപപ്പെടുന്നത്. അപ്പൊ മതത്തിന്റെ തലക്കെട്ടിന് എന്ത് പ്രസക്തി? ഒരു ജീവിതമാർഗത്തിന്റെ പരിവേഷം മാത്രമാകുന്നു മതം. അല്ലെ? സദ്യയിലെ വിഭവങ്ങളുടെ പോഷക ഗുണങ്ങൾ ആഗീരണിച്ച് ജീവൻ നിലനിർത്തുന്ന പോലെ സന്മാർഗങ്ങൾ ആഗീരണിച്ച് മതത്തിന്റെ തലക്കെട്ട് മലം പോലെ വിസർജ്ജിച്ചാൽ അവശേഷിക്കുന്നത് മനുഷ്യൻ മാത്രം. എന്റെ അടുത്തിരിക്കുന്നത് പട്ടത്തിക്കൊച്ചല്ല, ഒരു പെണ്ണാണ് എന്ന ജൈവസത്യത്തിലേക്ക് ഞാൻ തിരിച്ചെത്തുന്നു. ഇനിയും തീരുന്നില്ലല്ലൊ ഈ അവശിഷ്ടത്തിന്റെ മഹിമ. അമേധ്യം സമത്വത്തിന്റെ പ്രതീകമല്ലേ? ഒരു കൂലിത്തത്തൊഴിലാളി മുതൽ കോടീശ്വരൻ വരെ ജീവിക്കണമെങ്കിൽ തൂറിയല്ലേ പറ്റൂ. ഇതിനേക്കാൾ എന്ത് വലിയ സമത്വമാണ് സൃഷ്ടിയിൽ കണ്ടെത്തേണ്ടത്? ഒരു വിശുദ്ധീകരണത്തിന്റെ അവശിഷ്ടമേ. നീ വിശുദ്ധിയുടെ പര്യായമാണ്. പച്ചക്കുപറഞ്ഞാൽ തീട്ടം വിശുദ്ധമാണ്. ഈ തിരിച്ചറിവുകളിലൂടെ പറന്ന് എന്റെ മനസ്സും യാത്ര തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലേക്ക് തിരിച്ചെത്തി.

ബസ് സ്റ്റാന്റിന്റെ പുറത്തെത്തിയതും അവൾ ആ മരച്ചുവട്ടിലേക്ക് നോക്കി നിശ്വസിച്ചു; ‘ഏട്ടൻ പറഞ്ഞപോലെ ഒരു ടാക്‌സി എടുത്ത് പോകാമായിരുന്നു.’
ശരിയാണല്ലോ, നീയല്ലേ ഇത്തിരി പൈസ ലാഭിക്കാൻ ബസിൽ പോകാമെന്ന് നിശ്ചയിച്ചത്.

‘ഞാനൊരു കാറ് വാങ്ങാൻ തീരുമാനിച്ചു.’ ഈനിമിഷമെടുത്ത തീരുമാനമാണ്.
‘ങേ, ശെരിക്കും?’
‘ഉം.’ നീയെന്താ ഒരു സിനിമാക്കാരനെ കുറിച്ച് ധരിച്ചിരിക്കുന്നേ. സങ്കല്പങ്ങളെ യാഥാർഥ്യമാക്കുന്നവനാണവൻ.
അവളെന്റെ കൈപിടിച്ച് തോളിലേക്ക് ചാഞ്ഞ് നടന്നു. ഒരു കൊച്ചുമൗനത്തിന്റെ ഇടവേളക്കുശേഷം അവൾ പതിയെ പറഞ്ഞു, ‘എനിക്കും ആഗ്രഹമുണ്ട്.’
‘എന്ത്?’
‘മോഹൻലാലിനെ കാണാൻ.’
ഞാൻ പൊട്ടിത്തന്നെ ചിരിച്ചു.
‘അതിനെന്താ. എന്റെ കൂടെ ലൊക്കേഷനിലേക്ക് വന്നാപ്പോരേ?’
‘അതൊക്കെ മോശമാവില്ലേ? വെറുതെ ഓരോരുത്തരെ ലൊക്കേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.’
‘എന്ത് മോശം?’
‘അല്ല. ഇങ്ങനെ കൂട്ടിക്കൊണ്ട് പോയാ ഒരു ശല്യമാവില്ലേന്ന്? എനിക്കെന്തോ ഇങ്ങനെയൊക്കെ വരാൻ ഒരു മടി.’
‘എന്നാൽ ഈ നിമിഷം മുതൽ ഞാൻ നിന്നെ എന്റെ അസിസ്റ്റന്റായി നിയമിച്ചിരിക്കുന്നു. ഇനി ആർക്കാ ശല്യമെന്ന് നമുക്ക് നോക്കാം. പോരെ?’
അവൾ എന്നെ നോക്കി പുഞ്ചിരിച്ച് ‘ഐ ലവ് യൂ’ എന്നുപറഞ്ഞ് അവളുടെ മുഖം എന്റെ തോളത്ത് സ്‌നേഹത്തോടെ തിരുമി.

വീട്ടിലെത്തി അവൾ നേരെ കുളിമുറിയിലേക്ക് കയറി. അവൾ കുളിക്കുന്നത്ത് നോക്കി നില്ക്കാൻ എന്നെ സമ്മതിച്ചില്ല. അവളുടെ മുടി നനയുന്നത് എനിക്ക് മഴക്കാലം തന്നെയായിരുന്നു. അവളുടെ ദേഹത്തൂടെ ഒഴുകുന്ന വെള്ളം പേരില്ലാത്ത നദികളും. പതിവിലും സമയമെടുത്താണ് അവൾ കുളിച്ചത്. തൃപ്തിയാകുംവരെ അവൾ കുളിക്കുകയായിരിക്കും. രാവിലെ സംഭവിച്ചത് പൂർണമായും കഴുകിക്കളയുകയായിരിക്കും. അവൾ നിർബന്ധിച്ച് എന്നെയും കുളിക്കാൻ പറഞ്ഞയച്ചു. അവളിൽ നിന്നും എന്നിൽ വൃത്തിപ്പകർച്ച ഉണ്ടാവുന്നുണ്ട്. കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവൾ വീട്ടിലിടുന്ന കോട്ടൺ സാരി ഉടുത്ത് തുടങ്ങിയിട്ടേ ഉള്ളൂ. പെട്ടെന്ന് സ്‌നേഹം ഉരുൾപൊട്ടി ഞാൻ അവളെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.

‘ഹ. ഞാൻ സാരി ഉടുക്കട്ടെ. എന്തായിത്.’
‘എന്തായിതെന്ന് അറിയത്തില്ലേ?’ എന്നു ചോദിച്ച് ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചു.
‘അലമ്പൻ.’ അവൾ ഇടയ്ക്കിങ്ങനെ എന്നെ വിളിക്കുന്നത് എനിക്കിഷ്ടമാണ്.

ഉടുത്ത തുണിയെല്ലാം ഇപ്പോൾ നിലത്തും കസേരയിലുമായി. അവൾ കിടക്കയിൽ. ഞാനവളുടെ പുറത്ത്. ചുണ്ടുകളിൽ തുടങ്ങിയ ചുമ്പനം അവളുടെ ശരീരമാകെ വ്യാപിച്ച് പെരുകി. അവളുടെ മാറും, ഇടയും, തുടയും എന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി. ചുംബനങ്ങൾ കോർത്തുകോർത്ത് ഞാൻ അവളുടെ പാദത്തിൽ എത്തിയപ്പോൾ ഒന്നറച്ച് സ്തംഭിച്ചു. ഇരുണ്ട മാനത്ത് മറഞ്ഞിരുന്ന മേഘങ്ങൾ മിന്നൽ വെളിച്ചത്തിൽ തെളിഞ്ഞു മായുന്നപോലെ എന്റെ ഉള്ളിലെ അറപ്പ് മിന്നിമറയുന്നതുകണ്ട് ഞാനൊന്ന് ഞെട്ടി. പാറക്കല്ലിലിരുന്ന് ആ ഭ്രാന്തൻ എന്നെ നോക്കി അട്ടഹസിച്ച് ചിരിച്ചു. ആ ഭ്രാന്തനിപ്പോൾ എന്റെ ഛായയുണ്ടായിരുന്നു.
ഹോളി ഷിറ്റ്!
‘എന്താ?’ എന്നെ നോക്കി അവൾ പതുക്കെ ചോദിച്ചു.
ഞാൻ പുഞ്ചിരിച്ച് ഒന്നുമില്ല എന്ന് തലയാട്ടി അവളുടെ പാദം ചുംബിച്ചു.


വിജയ് ശങ്കര്‍

കഥാകൃത്ത്, ഫിലിം എഡിറ്റർ. മെയ്ഡ് ഇൻ യൂ.എസ്.എ ((മലയാളം, ഇംഗ്ലീഷ്), തിരക്കഥ, ലൗഡ് സ്പീക്കർ, ആദാമിന്റെ മകൻ അബു, പാലേരിമാണിക്യം, ഭ്രമരം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, പത്തേമാരി, വിശ്വരൂപം 2 (തമിഴ്, ഹിന്ദി), ഉത്തമ വില്ലൻ (തമിഴ്), ഹാർമണി വിത്ത് എ.ആർ. റഹ്മാൻ (ഡോക്യൂമെന്ററി സീരീസ്) എന്നിവ അടക്കം വിവിധ ഭാഷകളിൽ 35-ഞ്ചിലേറെ സിനിമകൾക്കും ഡോക്യുമെന്ററികൾക്കും  ചിത്രസംയോജനം നിർവ്വഹിച്ചിട്ടുണ്ട്.

Comments