ചിത്രീകരണം: ദേവപ്രകാശ്

ഷിഹാബുദ്ദീൻ പൊയ്​ത്തുംകടവ് എന്നൊരു എഴുത്തുകാരനാ കാര്യങ്ങൾ ഇമ്മാതിരി ആക്കിയത്. ഒരു പലസ്തീനിയുടെ സ്‌പെയർ പാർട്ട്‌സ് കടയിൽ പണിയാരുന്ന് അന്നങ്ങേർക്ക്. കഥയെഴുത്തും കണക്കുനോട്ടവും ഒത്തുപോകാഞ്ഞായിരിന്നിരിക്കും അധികനാള് നിക്കാതെ അങ്ങേര് നാട്ടിപ്പോയത്.

ദുബായിലെ നൈയിഫില് ഒരു കഫറ്റീരിയയിലാ എനിക്കന്ന് പണി. ഞാനവിടെ അപ്പോ ഏതാണ്ട് ഒരു വർഷം ആയിക്കാണും. അതൊരു ചെറിയ ചായക്കടയാരുന്ന്. അടുത്തുള്ള ബിൽഡിങ്ങുകളില് താഴെ മൊത്തം ഷോപ്പുകളാ. അതിലൊന്നിലാ ഷിഹാബുദ്ദീൻ പണിയെടുക്കുന്നത്. മോളിലോട്ട് രണ്ടു നിലേല് ഓഫീസുകളും. അതിനും മേലോട്ടുള്ള നിലകളി താമസക്കാരും. രണ്ട് മുറിയുള്ള ഒരു ഫ്‌ലാറ്റില് ഷെയറിങ്ങി താമസിക്കുന്ന ഏതാണ്ട് പത്തുപതിനഞ്ചാളു കാണും. ഇന്ത്യക്കാരും പാകിസ്ഥാനികളുമാ കൂടുതലും. ചെറിയ ശമ്പളത്തി ജീവിക്കുന്നവരാ എല്ലാം.

നൈയിഫ് ഏരിയ മൊത്തം തലങ്ങുംവിലങ്ങുമുള്ള റോഡുകളാ. രണ്ടു വശത്തും എട്ടും പത്തും നിലയൊള്ള പഴയ കെട്ടിടങ്ങളും. അതിന്റിടയിലൂടെയുള്ള ഇന്റർലോക്ക് ഇട്ട ഗല്ലികളി വലിയ തന്തൂർ റൊട്ടി അന്നരംഅന്നരം ചുട്ടുകൊടുക്കുന്ന അഫ്ഗാനികളുടെ ചൂളക്കടകളൊണ്ട്. പിന്നൊള്ളത് ഹുക്ക വലിക്കാനൊള്ള ഇടങ്ങളാ. കറുത്ത് മെലിഞ്ഞ എത്യോപ്യക്കാരികളാ പണിക്കാര്. എപ്പഴും കുറേപ്പേര് പുറത്തിരുന്ന് മത്തുപിടിക്കുന്ന ഷീഷ വലിക്കുന്ന കാണാം. അതൊരു പൊകമറയാ. അകത്ത് വേറെയാ പരിപാടി. അതേപോലുള്ള പഴേ ബിൽഡിങ്ങിന്റയെല്ലാം പടികളില് മൂന്നും നാലും ചൈനാകാരികള് കാണും. അവത്തുങ്ങക്കാന്നേ ഒരു ഒളിവും മറവും ഇല്ല. അതിലേ പോന്നവരെ പിന്നാലെ ചെന്ന് വിളിച്ച് ഫ്‌ളാറ്റിലോട്ട് കൊണ്ടുപോവും. മിക്ക ബിൽഡിങ്ങിലും കാണും അമ്മാരി ഹഡ്ഡകള്.

ശമ്പളം കിട്ടിക്കഴിഞ്ഞൊള്ള വെള്ളിയാഴ്ചകളില് ഉച്ചതിരിഞ്ഞ് പല ദിക്കീന്നാ ആൾക്കാര് നൈയിഫിലോട്ട് വരുന്നത്. പാവപ്പെട്ട ഗൾഫുകാരന്റെ പെട്ടി നിറയ്ക്കാനുള്ളതെല്ലാം ചെറിയ വെലയ്ക്ക് നൈയിഫി കിട്ടും. കടകളി നോക്കി നടന്ന് എന്തെങ്കിലുമൊക്കെ വിലപേശി വാങ്ങിച്ചിട്ട് രാത്രിയാവുമ്പോ താമസിക്കുന്നിടത്തേക്ക് തിരിച്ചുപോവും. അങ്ങനങ്ങന ഒന്നോ രണ്ടോ വർഷം കൊണ്ട് തുരുക്കൂട്ടി വയ്ക്കുന്ന കുഞ്ഞുകുഞ്ഞു സാധനങ്ങളുമായിട്ടാ ഓരോ ആളും നാട്ടിപ്പോന്നത്.

ഷിഹാബുദ്ദീൻ പറയുന്നതാ രസം. പ്രലോഭനത്തിന്റെ പുനർജനി ഗുഹയിലൂടെ കയറി ഇറങ്ങാനാ പലരും ഗല്ലികളിലോട്ട് വരുന്നതെന്ന്. അങ്ങേരടെ ഒരു സാഹിത്യം. കുടുംബം വിട്ട് നിക്കുന്ന മനുഷ്യൻമാരല്ലേന്ന്.

ആ ചുറ്റുവട്ടത്തുള്ള മിക്ക കടകളിലേക്കും അതിന്റെയൊക്കെ മേലത്തെ നിലകളിലെ ഓഫീസുകളിലേക്കും ചായയും ചെറുകടിക്കുള്ള എന്തെങ്കിലും നാസ്തയും ആവശ്യപ്പെട്ട് ഓഡർ വിളിച്ചു പറയും. ഒരു ചായയെങ്കിലൊരു ചായ അതാത് സ്ഥലത്ത് എത്തിച്ചു കൊടുക്കണം. അങ്ങനെ ആ ഏരിയേല് ഞാൻ കേറിച്ചെല്ലാത്ത മുറികളില്ല.

രണ്ട് റഷ്യക്കാരികൾ ഉച്ചയാവാറാവുമ്പോഴേക്കും ഉണർന്ന് സിഗററ്റിന് വിളിക്കും. ചെന്ന് ബെല്ലടിക്കുമ്പോ കിടന്നുറങ്ങിയ പരുവത്തി ചെറിയത് എന്തേലും ഒന്നോ രണ്ടോ മാത്രം ഇട്ടോണ്ട് ഒരുത്തി വന്ന് വാതില് ഒരൽപ്പം തൊറന്നു പിടിച്ച് നോക്കീട്ട് തിരിച്ചു പോയി പൈസ എടുത്തോണ്ടുത്തരും.

"സ്വന്തം ശരീരത്തിൽ നിന്ന് നാണത്തെ അവർ എന്നേ വിറ്റു തീർത്തിട്ടുണ്ടാവും.' ഞാൻ എന്ത് പറഞ്ഞാലും ഷിഹാബുദ്ദീൻ അതിനെയൊക്ക ഇങ്ങനെ സാഹിത്യപരമായേ കാണൂ.

പണ്ട് ബർദുബായില് ആരുന്നപ്പം ഒരു ചെറുകിട ഹോട്ടലിലാരുന്ന് എനിക്ക് പണി. ശരിക്കും പറഞ്ഞാ സ്റ്റാഫിന് താമസിക്കാൻ തന്നിരിക്കുന്ന ഫ്‌ളാറ്റിലെ തീ പുകയാത്ത അടുക്കളേല്. ഹോട്ടൽ ബിൽഡിങ്ങിന്റെ ആറാം നിലേലെ മൂന്നു മുറി ഫ്‌ളാറ്റാത്. അതിന്റെ അടുക്കളേല് ഹോട്ടലിലേക്കൊള്ള പച്ചക്കറി പേപ്പർപെട്ടികളി അടുക്കി വച്ചേക്കും. അതിന് നടുവിലിരുന്ന് തരാതരം പോലെ അരിഞ്ഞു കൂട്ടണം. കുറുമയ്ക്കും കീമയ്ക്കും മിക്‌സ് സബജിക്കും ബാജിക്കും വേറെ വേറെ അളവിലും ആകൃതിയിലും വേണം. എല്ലാ കറിക്കും വേണ്ട ഉള്ളി ഒരുമിച്ച് എടുക്കുന്ന പതിവില്ല. ഉറക്കം വരുമ്പോ കുറച്ചെടുത്ത് നാട്ടിലെ കാര്യങ്ങള് ഓർത്തോണ്ട് അരിഞ്ഞു തള്ളും. രാത്രി ഏഴിന് തുടങ്ങിയാലേ രാവിലെ നാലിന് നാലുകൂട്ടം കറിക്കൊള്ളത് തീരൂ. എങ്കിലേ രാവിലെ അഞ്ചിന് ഹോട്ടൽ തുറക്കുമ്പോൾ വിളമ്പാൻ പാകത്തില് കിച്ചണി പണി നടക്കൂ. ഒരിക്ക ഇതു പറഞ്ഞപ്പോ "ഇങ്ങനെയും ഒരു ജോലിയോ' എന്ന് ഷിഹാബുദ്ദീന് അത്ഭുതം.

അവിടെത്തന്നെ ഉപയോഗിക്കാത്ത ഒരു ടോയിലറ്റി ഇട്ടാണ് ചിക്കനും മറ്റ് ഇറച്ചി ഐറ്റങ്ങളും കഷണങ്ങളാക്കുന്നത്. അതെല്ലാം നേരത്തെ ഫ്രീസറീന്ന് എടുത്ത് ഐസ് പോയിക്കിട്ടാൻ ബാത്ത് ടബില് വെള്ളം നിറച്ച് ഇട്ടുവയ്ക്കും. പശുവിന്റെയൊക്കെ തുട മുഴുവനായിട്ട് അതീ കിടക്കുന്ന കണ്ടാ ഇംഗ്ലീഷ് സിനിമയില് പെണ്ണുങ്ങൾ കുളിക്കാൻ കിടക്കുന്ന പോലാ. കുളിച്ച് എന്തെങ്കിലും കഴിച്ചിട്ട് മൂന്നു തട്ടുള്ള കട്ടിലിന്റെ താഴത്തെ ബെഡില് ഉച്ചവരെ കിടന്നുറങ്ങും. ഊണ് കഴിഞ്ഞിട്ടാ ഇറച്ചി അരിയല്. അങ്ങനെ പതിനേഴു വർഷമാ അവിടെ പണിയെടുത്തത്. ഇതിനിടെ ആറു തവണ നാട്ടി പോയി. ഇടയ്ക്ക് വല്ലപ്പോഴുമൊന്ന് നൈയിഫില് പോയിവരും. അങ്ങനെ ഒരു തവണ ചായ കുടിക്കാൻ കേറിയ കടയിലാ പിന്നെ ജോലി ശരിയായത്. ബർദുബായിലെ ഹോട്ടല് പണിക്കാരെ കുറച്ചപ്പോ വിസ ക്യാൻസലാക്കി നാട്ടി പോവണ്ട സ്ഥിതി വന്നതാരുന്ന്. ഭാഗ്യത്തിനാ അപ്പത്തന്നെ നൈയിഫി പണി കിട്ടിയത്.

"പണിയല്ല സ്വാതന്ത്ര്യം കിട്ടിയെന്ന് പറയ്' എന്നാണ് ഷിഹാബുദ്ദീൻ അത് കേട്ടപ്പോ പറഞ്ഞത്. ശരിയാ. ഓഡറനുസരിച്ച് ആണേലും ആ ഒരു ഗല്ലിയുടെ നാലുപാടും സൈക്കിളില് ചുറ്റിത്തിരിയാല്ലോ. എന്തെല്ലാം തരം ആൾക്കാരെ കാണാം. അങ്ങനൊരു ദിവസം ഉച്ചയടിപ്പിച്ച നേരത്ത് റഷ്യക്കാരികൾക്ക് മാൽബറോ സിഗരറ്റ് കൊടുത്തിട്ട് തിരിച്ചു വരുന്ന വഴി അൽ നൂർ ഗ്രോസറി ബിൽഡിങ്ങിന്റെ പിൻവശത്ത് ചെറിയൊരു ആൾക്കൂട്ടം. ഒരു ചൈനക്കാരി പെണ്ണ് മേലത്തെ ഏതോ നിലേന്ന് ചാടിയതാ. നൈയിഫ് റോഡിലെ സിഗ്നലി പൊലീസ് വണ്ടീടെ സയറൻ കേട്ടതും ആൾക്കാര് നാലുപാടും വലിഞ്ഞു. അതിന്റിടേ ഒരു ചൈനാക്കാരി എന്റെ തൊട്ടടുത്തു കൂടി എങ്ങോട്ടോ മിന്നിമറഞ്ഞു പോയി. നല്ല മുഖപരിചയമുള്ള പോലെ. കരഞ്ഞു കലങ്ങിയ ആ കണ്ണ് കണ്ടാ അറിയാം അവളുടെ ആരണ്ടാ മരിച്ചു കെടക്കുന്നതെന്ന്.

പിറ്റേന്നാ ആളിനെ പിടികിട്ടിയത്. ചൈനേന്ന് ലോഡ് കണക്കിന് സാധനങ്ങൾ ഇറക്കുന്നവർക്ക് അതിന്റെ ക്ലിയറൻസ് പേപ്പറുകൾ ശരിയാക്കി കൊടുക്കുന്ന ഒരു ഏജൻസീലെ സ്റ്റാഫാ. എന്നും രാവിലെയും വൈകിട്ടും പൊറോട്ട സാൻവിച്ച് ഓർഡർ ചെയ്യും. ഒരു പൊറോട്ടേല് സിംഗിൾ ഓംലറ്റ് വച്ച് കുരുമുളക് പൊടിയും വിതറി ഷവർമ്മ പോലെ ചുരുട്ടി പൊതിഞ്ഞാ പൊറോട്ട സാൻവിച്ച് ആയി. ചെറിയ പൈസയ്ക്ക് വിശപ്പുമാറും. വല്ലപ്പോഴും മാത്രം വേറൊരു തടിച്ച ചൈനക്കാരിയും ആ ഓഫീസിക്കാണും. കടുംചുവപ്പ് ലിപ്സ്റ്റിക്ക് ഇട്ട അവരെ കാണുമ്പോ തന്നെ അറിയാം സ്ഥാപനത്തിന്റെ ഓണറാണെന്ന്.

രാവിലെ സാൻവിച്ചുമായി ചെന്നപ്പം ഞാൻ ചോദിച്ചു ഇന്നലെ എന്താ സംഭവിച്ചത് എന്ന്. അതുകേട്ടതും അവളടെ കണ്ണങ്ങ് നിറഞ്ഞു. ചൈനീസ് ഭാഷയിൽ എന്തോന്നോ പറഞ്ഞിട്ട് പെട്ടെന്ന് കണ്ണും മൂക്കും തുടച്ചു. കൂടുതല് എന്തെങ്കിലും ചോദിക്കാനൊള്ള ഇംഗ്ലീഷും പിടിയില്ലാരുന്ന്. വൈകിട്ട് സാൻവിച്ചുമായി ചെല്ലുമ്പോൾ രാവിലത്തേത് അവിടതന്നെ ഇരിപ്പൊണ്ട്. പാവം അത് കഴിച്ചിട്ടില്ല. ആകെ ഉലഞ്ഞ മട്ട്. ഞാൻ പോയ ശേഷവും കരഞ്ഞും പിഴിഞ്ഞും ഇരുന്നുകാണും. ഇവൾടെ ആരായിരിക്കും മരിച്ചത്. ചിലപ്പോ ആരുമാവൂല്ല. ആ പെണ്ണ് മരിക്കാനൊള്ള കാരണമാവും ഇവളെ വെഷമിപ്പിക്കുന്നത്. ഇത് കഴിക്ക് എന്ന് പറഞ്ഞ് പുറത്തെ ചൂടിന്റെ വേവ് മാറ്റാൻ ഇത്തിരി നേരം അവിടുത്തെ ഏസീടെ തണുപ്പില് ഞാൻ വെറുതേയിരുന്നു. അതിനിടെ അവളെ കൊണ്ട് നിർബന്ധിച്ച് അത് കഴിപ്പിച്ചു. അപ്പോൾ അങ്ങനങ്ങ് തോന്നി. വിശപ്പല്ലേ പ്രധാനം.

മറ്റേ പെണ്ണ് ആത്മഹത്യ ചെയ്യാനുള്ള അതേ കാരണങ്ങളൊക്കെ തന്നെ തനിക്കും ഒള്ളതെന്ന് ഈ പെണ്ണിന് തോന്നിയാ പോരെ വല്ല കടുംകൈയ്യും ചെയ്യാൻ. അതോർത്തിട്ട് എനിക്കാന്നെങ്കി രാത്രി ഉറക്കം വന്നില്ല. എങ്ങനെയെങ്കിലുമൊന്ന് നേരം വെളുത്തെങ്കി. രാവിലെ കടയിൽ എത്തിയിട്ടും ആധിക്ക് ഒരു കുറവുമില്ല. അവൾ വിളിക്കുന്നേനും മുമ്പേതന്നെ സാൻവിച്ച് ഒരെണ്ണം പാർസലാക്കി കൊണ്ടിറങ്ങി. അങ്ങ് എത്തുന്നതിന് ഇടേല് ഏതേലും ബിൽഡിങ്ങീന്ന് താഴേക്ക് ചാടി അവൾ ചെറിയൊരു ആൾക്കൂട്ടത്തിന് നടുവില് കമന്ന് കെടക്കുന്ന കാണേണ്ടി വരുമോ. ഇത്തിരി നേരം കൊണ്ട് അങ്ങനൊക്കെ അങ്ങ് ചിന്തിച്ചു പോയി. സൈക്കിൾ ആഞ്ഞു ചവിട്ടി. ഓടിച്ചെന്ന് ഓഫീസിന്റെ ഗ്ലാസ് ഡോർ തള്ളിത്തുറന്നാ അകത്തു കേറിയത്. രാവിലെ നിക്കാൻ പോലും നേരം കിട്ടാത്തതാ. എന്നിട്ടും നെഞ്ചിടിപ്പും അണപ്പും മാറാൻ ഇത്തിരി നേരം അവളുടെ മുമ്പി ഇരുന്നു. എന്ത് പറ്റി എന്ന് അവൾ നോക്കുന്നുണ്ട്. ചിലതൊന്നും ചോദിക്കാനും പറയാനും പറ്റത്തില്ലല്ലോ. അതുകൊണ്ട് കുപ്പിവെള്ളം എടുത്ത് തന്നിട്ട് അവൾ വെറുതേ നോക്കിക്കൊണ്ടിരുന്നു.

ഇതൊക്കെ കഴിഞ്ഞ് ആറേഴ് മാസങ്ങക്ക് ശേഷമാ ഷിഹാബുദ്ദീനോട് ഞാൻ ഈ കാര്യങ്ങള് പറഞ്ഞത്. അയാൾ ഒന്നും പറയാതെ ചായ കുടിച്ചിട്ട് പോവുകയും ചെയ്തു. പിറ്റേന്ന് ഷിഹാബുദ്ദീൻ ചിലപ്പൊഴൊക്കെ കൂടെക്കാണുന്ന ഡോക്ടർക്കൊപ്പമാ കടേലോട്ട് വന്നത്.

"നിങ്ങൾക്ക് അറിയാമോ, അന്ന് അവരുടെ കൂട്ടുകാരിയോ മറ്റോ ഒരു പെണ്ണ് ആത്മഹത്യ ചെയ്തില്ലേ. അവിടെ നിന്ന് അവർ പെട്ടെന്ന് ഓടി പോയപ്പോൾ നിങ്ങൾ തമ്മിൽ യാദൃശ്ചികമായി കണ്ടായിരുന്നല്ലോ, ഇല്ലേ. അതിനും മുൻപ് എത്രയോ നാളുകളായി പതിവായി നിങ്ങൾ സാൻവിച്ച് കൊടുക്കാൻ ചെല്ലുമ്പോഴും പരസ്പരം കാണുന്നുണ്ടായിരുന്നു. പക്ഷെ ആ മരണത്തിന്റെ തൊട്ടടുത്ത ദിവസം മാത്രമാണ് നിങ്ങൾ അവരെ തിരിച്ചറിഞ്ഞത്. ജീവിതം അങ്ങനെയാണ് ഭായി. "ഷിഹാബുദ്ദീൻ ഇതെന്തോന്നാ ഈ പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചപ്പൊഴേക്കും "ചിലരെ നമ്മുടെ കൺമുന്നിൽ വിധി കാലങ്ങളോളം അങ്ങനെ ഒളിപ്പിച്ചു നിർത്തിക്കളയും, ശരിയല്ലേ' ഷിഹാബുദ്ദീൻ ഡോക്ടറെ നോക്കി ചോദിച്ചു.

"സിനിമയിലൊക്കെ ഇടയ്ക്ക് വന്നുകയറുന്ന ചില കഥാപാത്രങ്ങൾ ഗംഭീര ട്വിസ്റ്റ് ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ' എന്നും പറഞ്ഞ് ചായക്കൊപ്പം കഴിച്ച വാഴക്കാപ്പത്തിലെ എണ്ണപ്പറ്റുള്ള കൈകൊണ്ട് കാശെടുത്ത് തന്നിട്ട് ഡോക്ടർ പോയി.

ഇതിനിടെ ഈ ഷിഹാബുദ്ദീൻ ആവശ്യമില്ലാത്തൊരു പണിയൊപ്പിച്ചു കളഞ്ഞ കാര്യം പിന്നീടാ പിടികിട്ടിയത്. ഒരു ദിവസം അയാള് പതിവല്ലാത്ത നേരത്ത് വന്നിട്ട് പറഞ്ഞു, "അതേ, നിങ്ങളെ സിനിമേലെടുത്തു. ആ ചൈനക്കാരിയുമായിട്ടുള്ള നിങ്ങളുടെ പ്രേമത്തിന്റെ കാര്യം ഞാൻ നമ്മുടെ ഡോക്ടറില്ലേ, ഇക്ബാൽ, പുള്ളിയോട് മുൻപൊരിക്കൽ വിശദമായി സംസാരിച്ചായിരുന്നു.' ഇയാളിത് എല്ലാരോടും നടന്ന് പറഞ്ഞ് കുടുംബം കുളമാക്കുമോ എന്നാണ് അപ്പോ മനസി തോന്നിയത്. "നിങ്ങളെ പോലൊരാളും ചൈനക്കാരിയും തമ്മിലുള്ള കൂട്ടിന്റെ കഥയാണ് ഇക്ബാൽ എഴുതിയ സിനിമ.' അതും പറഞ്ഞിട്ട് ചങ്ക് മുഖത്തിരുന്ന് തുടിക്കുന്ന മാതിരിയുള്ള ഒരു ചിരിയും ചിരിച്ചോണ്ട് ഷിഹാബുദ്ദീൻ പറഞ്ഞു. "നമ്മുടെയൊക്കെ ജീവിതത്തിലും ഇത്തിരി കഥയുണ്ട് ഭായി.'

എന്നാൽ അതൊന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്ന് കരുതി അന്നു തന്നെ ഫസ്റ്റ് ഷോക്ക് പോയി. കാര്യമൊന്നും പറയാതെ നമുക്കൊരു സിനിമയ്ക്ക് പോവാന്ന് മാത്രം പറഞ്ഞാ അവളെ കൂട്ടികൊണ്ടുപോയത്. ഞങ്ങളുടെ ജീവിതമൊന്നുമല്ലായിരുന്നു ആ സിനിമ. പക്ഷേ അൽ നാസർ തീയറ്ററിലെ ഇരുട്ടിലും തണുപ്പിലും ചേർന്ന് ചേർന്നിരുന്ന് കണ്ടപ്പോൾ ആ സിനിമയിൽ എവിടൊക്കെയോ ഞങ്ങൾ ഉണ്ടെന്ന് തോന്നി. ഞങ്ങളും പ്രേമിക്കുവാന്ന് മനസിലായി. ഈ ഷിഹാബുദ്ദീന്റെ ഒരു കാര്യം എന്നും മനസ്സിലോർത്തു.

പാതിരാത്രി തിരിച്ചു വന്ന് താമസിക്കുന്ന ബിൽഡിങ്ങിലേക്ക് കേറിപോകും മുൻപ് അവൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു. എന്നിട്ട് കണ്ണിലോട്ട് നോക്കി പറഞ്ഞു "ഐ ലവ് യു.'

വാട്ടീസ് യുവർ നെയിം എന്ന് പണ്ട് ഒരിക്കല് ചോദിച്ചത് ഓർമ്മിച്ചു കൊണ്ട് അവിടെ വച്ചിരുന്ന സൈക്കിളും എടുത്ത് ഞാൻ റൂമിലേക്ക് തിരിച്ചു പോയി.

"ഷാങ് ചു ചി.'
"എന്ത് സൂചി.'
​അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു "ചു ചി.'
"ആ അത് തന്നെ, സൂചി.'

അതോർത്ത് ചിരിച്ച് സൈക്കിളും ചവിട്ടി പോവുമ്പോഴാ ഷിഹാബുദ്ദീൻ അയാള് താമസിക്കുന്ന ബിൽഡിങ്ങിന്റെ താഴെ നിക്കുന്നത് കണ്ട്. എന്താ ഈ നേരത്ത് ഉറക്കമൊന്നുമില്ലേ എന്ന് ചോദിക്കേണ്ട കാര്യമില്ല. നല്ല നിലാവുള്ള ദിവസങ്ങളി അയാൾ അങ്ങനാ. വെറുതേ ഇറങ്ങി നടക്കും. എഴുത്തുകാരനല്ലേ. നമ്മളെക്കൂടെ വട്ടാക്കും. ഇപ്പം ഞങ്ങടെ കാര്യം തന്നെ നോക്ക്. പരലിനെ പിടിച്ച് വട്ടയെലേല് വച്ച് കൈയ്യീ തന്ന പോലാക്കീല്ലേ.

നല്ല തണുത്ത കാറ്റ് വീശി. മഞ്ഞുകാലമായാ ദുബായില് ദേശാടനക്കിളികൾ എത്തും. കൊടുംതണുപ്പുള്ള നാട്ടീന്നാ അതിങ്ങള് ഇഞ്ഞോട്ട് വരുന്നത്. പിന്നാലെ ഇമ്മാതിരി തണുത്തകാറ്റും തൊടങ്ങും. ആകാശത്തിനും ഭൂമിക്കും ഇടേല് തങ്ങിനിക്കുന്ന മൂടൽമഞ്ഞ് വകഞ്ഞു മാറ്റി ആളൊഴിഞ്ഞ നൈയിഫിലൂടെ ഷിഹാബുദ്ദീനെയും പിന്നിലിരുത്തി നിലാവത്ത് വെറുതേ കുറേനേരം ഞാൻ സൈക്കിൾ ചവിട്ടി.

"തണുത്ത നിലാവും ശമ്മാൽകാറ്റും സ്‌നാനപ്പെടുത്തിയ ഈ പാതിര മറ്റേതോ നാട്ടിലെ മഴ പെയ്യുന്നൊരു പുലരി പോലെ തോന്നുന്നില്ലേ' എന്ന് ഷിഹാബുദ്ദീൻ ചോദിച്ചു. സാഹിത്യമാണെങ്കിലും പറഞ്ഞ കാര്യം ശരിയാന്ന് തോന്നി. കാരണം സൂചിയുടെ നാട്ടിൽ മഴ പോലാ മഞ്ഞ് പെയ്യുന്നതെന്ന് തിയറ്ററിലെ തണുപ്പ് കൂടുതലാന്നോന്ന് ഞാൻ ചോദിച്ചപ്പോ അവൾ പറഞ്ഞായിരുന്നു.

"ധനുമാസ രാത്രികളിലെ ശബ്ദമുള്ള കാറ്റും മകരപ്പുലരികളിലെ കുളിർകാറ്റും പോലെ ഇവിടെയും കാലങ്ങളെ പകുത്ത് വയ്ക്കുന്നത് അവയ്ക്കിടയിലൂടെ വീശുന്ന ഇത്തരം ചില കാറ്റുകളാണ്.' ഷിഹാബുദ്ദീൻ നാട്ടിലെ ചിട്ടകൾ ഓർത്തു പറഞ്ഞു.

"ഈ ശമ്മാൽകാറ്റ് കഴിയുന്ന പാടേ ഇടിവെട്ടി പെയ്യുന്ന മഴയും കൊടുംതണുപ്പുമാകും. മരുഭൂമിയിൽ ചൂട് മാത്രമാണെന്നല്ലേ പുറത്തു പലരും വിചാരിച്ചിരുന്നത്. മഞ്ഞുകാലം കഴിഞ്ഞാൻ പിന്നെ മണമുള്ള കാറ്റുവീശും. ദുബായിൽ എത്രയാ പൂക്കൾ. നിറയെ പൂമ്പൊടിയല്ലേ അതിൽ.' ഷിഹാബുദ്ദീൻ പറഞ്ഞപ്പഴാ അത് ശരിയാന്ന് ഓർത്തത്. എനിക്കാണെങ്കി അതോടെ ശ്വാസംമുട്ടല് കൂടും. വാവ് അടുക്കുന്ന ദിവസങ്ങളി നെഞ്ചിങ്കൂടിനകത്ത് വിമ്മിഷ്ടത്തിന്റെ ചുഴലിയാ. ഒരിക്ക ചൈനയിൽ പോയി വന്നപ്പോൾ സൂചി ഏതോ ഒരു നാട്ടുമരുന്ന് കൊണ്ടു വന്നാരുന്ന്. കസേരേല് എന്നെ ചാരിയിരുത്തി മുമ്പി വന്ന് കുനിഞ്ഞ് നിന്ന് അവൾ അത് നെഞ്ചത്ത് പുരട്ടിത്തരും. വെളുത്തുള്ളി മുറിക്കുന്ന എരിയൻ മണമാണതിന്.

സാധാരണ ദുബായില് തണുപ്പാകുമ്പോഴാ സൂചി അവധിക്ക് പോന്നത്. ചൈനേല് കൊടുംതണുപ്പ് കാരണം കമ്പനി ഓണർ ദുബായില് വന്നുനിക്കുന്ന സമയമായതുകൊണ്ടാ അന്നരം അവക്ക് ലീവ് കൊടുക്കുന്നത്. ജനുവരി പാതി കഴിഞ്ഞുള്ള ആദ്യത്തെ വ്യാഴാഴ്ച രാത്രി ഫ്ളൈറ്റില് സൂചി നാട്ടി പോവും. ഫെബ്രുവരി പന്ത്രണ്ടിനാ നമ്മട വിഷു പോലെ അവരുടെ നാട്ടിലെ ചൈനാ ന്യൂ ഇയർ. അതു കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച തിരിച്ചെത്തും.

നാട്ടി പോയാ അവൾക്ക് ഫോൺ വിളിച്ചു സംസാരിക്കാനൊന്നും പറ്റത്തില്ല. അങ്ങോട്ട് വിളിക്കാനും കാശ് ഒരുപാട് ആകും. അങ്ങേയറ്റം ഒരു മാസത്തെ കാര്യല്ലേ. അല്ലേത്തന്നെ ഇതിപ്പോ എത്ര കൊല്ലമായി എന്ന് കരുതിയങ്ങ് നടക്കും. എല്ലാ തവണയും തിരിച്ചു വരാറാകുമ്പോ ഫോൺ വിളിച്ച് എന്താ കൊണ്ട് വരേണ്ടതെന്ന് ചോദിക്കും. നീ വേഗമൊന്ന് വന്നാ മതി പൊന്നേന്ന് ഞാനും പറയും.

അത്തവണ സൂചി ചെറിയൊരു പുസ്തകം കൊണ്ടുത്തന്നു. ചുവന്ന പുറംചട്ടയില് സ്വർണ്ണ അക്ഷരത്തിലാ അതിന്റെ പേര് എഴുതീട്ടുള്ളത്. നല്ല ഭംഗിയുള്ള പുസ്തകം. ആകെ പന്ത്രണ്ട് പേജേ അതിലുള്ളൂ. പക്ഷെ അത് നിറയെ കുനുകുനാ എന്തൊക്കെയോ എഴുതി നിറച്ചിട്ടുണ്ട്. നമുക്ക് ഒന്നും മനസിലാകാത്ത ഭാഷയല്ലേ.

മനസി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ എന്ന് ആ പുസ്തകത്തിൽ നോക്കിയാ അറിയാമെന്നാ സൂചി പറഞ്ഞത്. ഞാനൊരാഗ്രഹം മനസിലോർത്തു. പുസ്തകം കൈവെള്ളേ ചേർത്ത് പിടിച്ച് സൂചി കണ്ണടച്ചു നിന്നിട്ട് പതിയെ തുറന്നു. ഒരു വരി തൊട്ടുവായിച്ച് സൂചി അർത്ഥം പറഞ്ഞുതന്നു. നിറയെ മണിമാളികകൾ ഉള്ള ഒരു സ്ഥലത്ത് അതിന്റെയെല്ലാം നടുവില് ചെറുതെങ്കിലും എല്ലാത്തിനേക്കാളും നല്ലൊരു വീട്. ഞാൻ മനസി ഓർത്തത് കുടുംബത്തിന് നാട്ടില് നല്ലൊരു വീട് എന്നാണെന്ന് പറഞ്ഞപ്പോ അവൾ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു.

അവളുടെ ആഗ്രഹം മനസില് ഓർക്കാൻ ഞാൻ പറഞ്ഞു. പുസ്തകം വാങ്ങിച്ചപ്പോ തന്നെ അത് നോക്കിയതാന്ന് സൂചി പറഞ്ഞു. എന്നിട്ടോ എന്ന് ചോദിച്ചപ്പോ അവൾ വീണ്ടും എന്നെ മുറുകെ കെട്ടിപിടിച്ച് നെഞ്ചിൽ ഉമ്മ വച്ച് കുറേ നേരം അനങ്ങാതെ നിന്നു. ഇത്തിരിപ്പോന്ന കണ്ണായത് കാരണം ഇത്ങ്ങള് കരയുവാന്നോ ചിരിക്കുവാന്നോന്ന് അറിയാൻ ചിലപ്പം പാടാ. പക്ഷെ അന്നേരം സൂചി കരയുവാരുന്നു. മുഖം കണ്ടില്ലേലും അതെനിക്കെന്റെ നെഞ്ചിനകത്ത് അറിയാൻ പറ്റി.

ഒരിക്കലും കളയരുത് എന്നു പറഞ്ഞ് സൂചി ആ പുസ്തകം എന്റെ കൈയി വച്ചുതന്നു. ഞാൻ അത് ഷോപ്പില് പഴംപൊരി വയ്ക്കുന്ന ഷെൽഫിന്റെ മുകളിൽ കൊണ്ട് സൂക്ഷിച്ചു വച്ചു.

"ഓർമ്മയില്ലേ, ഒരു രാത്രി നമ്മൾ നൈഫിൽ തണുപ്പത്ത് സൈക്കിളിൽ സവാരി നടത്തിയത്. അതിന് ശേഷം ഞാൻ അധികം നിന്നില്ലല്ലോ. അവിടുത്തെ പണി പറ്റാഞ്ഞ് നാട്ടിൽ പോരുന്നു. പിന്നത്തെ കഥകളൊന്നും ഞാൻ അറിഞ്ഞതുമില്ല.' ഷിഹാബുദ്ദീൻ പറഞ്ഞു.

പിന്നെന്തു കഥ. അടുത്ത തവണ സൂചി നാട്ടി പോയിട്ട് തിരിച്ചു വന്നില്ല.
"അയ്യോ എന്തു പറ്റി.' ഷിഹാബുദ്ദീന് വിശ്വസിക്കാനായില്ല.

അറിയത്തില്ല. ഒരു മാസം കഴിഞ്ഞിട്ടും കാണാഞ്ഞ് ഞാൻ ചെന്നു നോക്കിയപ്പോ ഓഫീസും അടച്ചുപൂട്ടി കിടക്കുന്നയാ കണ്ടത്. സൂചിയെ പലതവണ ഫോൺ വിളിച്ചിട്ട് കിട്ടിയതുമില്ല. ഞാൻ ആകെ വിഷമിച്ചു നടക്കുമ്പോ ഒരു ദിവസം ഉച്ചയ്ക്ക് റഷ്യക്കാരികൾ സിഗററ്റിന് വിളിച്ചു. അവിടെ ചെന്നപ്പോ ലിഫ്റ്റ് കേടായി ആൾക്കാര് പണിഞ്ഞോണ്ടിരിക്കുന്നേ ഒള്ള്. വേറെന്ത് ചെയ്യാനാന്ന് വച്ച് ഓരോന്ന് ഓർത്ത് നാലുനില പടികേറി ചെന്ന് ബെല്ലടിച്ച് ഒരു മിനിറ്റ് നിന്ന്. ടൗവലുകൊണ്ട് മുൻവശം മാത്രം മറച്ചു പിടിച്ച ഒരുത്തി വന്ന് കതക് തുറന്നതും ഞാൻ പെറ്റിട്ട പോലെ അവളുടെ കാലിന്റെ ഇടയിലേക്ക് വീണുപോയി. പിന്നൊന്നും ഓർമ്മയില്ല.

റഷ്യക്കാരികൾ ഉടനെ ആംബുലൻസ് വിളിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചോണ്ട് ജീവൻ തിരിച്ചുകിട്ടി. സൂചി കൊണ്ട് കുത്തുന്നത് പോലുള്ള ചെറിയൊരു നെഞ്ചുവേദന കൊറച്ച് ദെവസങ്ങളായിട്ട് ഉണ്ടാരുന്നു. ഉടനെ ബൈപാസ് ഓപ്പറേഷൻ ചെയ്തു. യാത്ര ചെയ്യാമെന്നായപ്പോ ഹോസ്പിറ്റലീന്ന് നേരെയിഞ്ഞ് നാട്ടിലേക്ക്.

"സുഖമില്ലാതെ നാട്ടിൽ വന്നിട്ടുണ്ടെന്ന് നമ്മുടെ ശശിയേട്ടൻ വഴിയാ ഞാൻ അറിഞ്ഞത്.' ഷിഹാബുദ്ദീൻ പറഞ്ഞു.
ഈ ശശിയേട്ടനും ദുബായിലുണ്ടായിരുന്ന എഴുത്തുകാരനല്ലേ. ഇപ്പം നാട്ടി എന്തോ റംബുട്ടാൻ കൃഷിയൊക്കെയൊള്ള. ഒരിക്ക നിങ്ങട കൂടെ കടേ വന്നത് ഓർമ്മയുണ്ട്.

"കുറച്ചു നാൾ സൂക്ഷിക്കണം. ഇനി എങ്ങനാ തിരിച്ചു പോകുന്നുണ്ടോ.' ഷിഹാബുദീൻ ചോദിച്ചു.

അവിടിനി എനിക്കാരാ ഒള്ളത്. ഇവിടാന്നേ കുടുംബത്തിന് കേറിക്കിടക്കാൻ ഒരു വീടായി. അത് പറഞ്ഞതും എന്താന്നറിയത്തില്ല ഒരു മിനിറ്റ് മനസ് കൈവിട്ടു പോയ പോലെ ഇരുന്നുപോയി. പതിയെകൊണ്ട് ഒന്ന് ശ്വാസം എടുത്തിട്ട് ഞാൻ പറഞ്ഞു, ഷിഹാബുദ്ദീൻ എനിക്കൊരു സഹായം ചെയ്തുതരണം. അവിടുന്ന് വരുന്ന ആരോടെങ്കിലും പറഞ്ഞ് കടേല് ഇരിക്കുന്ന ആ പുസ്തകം ഒന്നിവിടെ എത്തിക്കാൻ എന്തെങ്കിലും ഒരു വഴിയൊണ്ടാക്കണം.

ഉള്ളിലൊരു കഥ കടഞ്ഞെടുക്കുന്ന പോലെ അന്നരമെല്ലാം കണ്ണടച്ചിരിക്കുകയായിരുന്നു ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്.▮

Comments