കുട്ടികളുടെ കളിയിടം ഭൂമിയിലെ സംഗതമായ ഒരേയൊരു സ്വർഗമാണ്.

വാസ്തവത്തിൽ രണ്ടുതരം ഇടങ്ങളേ ഭൂമിയിലുള്ളൂ. രണ്ടുതരം കളിയിടങ്ങൾ. മുതിർന്നവരുടേതും കുട്ടികളുടേതും. ഭൂരിഭാഗവും മുതിർന്നവർ അവരുടെ കളികൾക്കായി കയ്യടക്കിയിരിക്കുന്നു. ഈ വലിയ മാളിൽപോലും ഏറ്റവും മുകളിലെ നിലയിൽ ഈയൊരു മൂല മാത്രമാണ് കുട്ടികളുടെ കളികൾക്കായി പൂർണ്ണമായ അർഥത്തിലുള്ളത്. മറ്റുള്ളത് വച്ചുനോക്കുമ്പോൾ മാളുകൾ പക്ഷെ കുട്ടികളെ കാര്യമായി പരിഗണിച്ചിട്ടുണ്ട് എന്നും പറയേണ്ടിവരും. എസ്കലേറ്ററുകൾമുതൽ ഫുഡ്കോർണറുകൾവരെ കുട്ടികളെ ആകർഷിക്കുന്ന ധാരാളം ഇടങ്ങൾ മാളിലുണ്ട്. ഞാൻ കാത്തുനില്ക്കുന്ന ആൾ ഇവിടെ, കുട്ടികളുടെ ഈ കളിയിടത്തുവച്ച് തമ്മിൽകാണാമെന്ന് പറഞ്ഞപ്പോഴും ഈ സ്വർഗസാധ്യത ഓർത്തിരുന്നില്ല.

അരമണിക്കൂർ കളിക്കാൻ മുന്നൂറ് രൂപയെന്നും ഒരു മണിക്കൂറിന് നാഞ്ഞൂറ് രൂപയെന്നും അറിയിക്കുന്ന ഒരു ബോർഡ് ക്യാഷ് കൗണ്ടറിന്റെ മുമ്പിൽതന്നെയുണ്ട്. വലിയ ക്യു ആർ കോഡും. ആകെ ക്യു ആർ കോഡുകളുടെ കളിസ്ഥലമായി മാറിയിരിക്കുന്നു ലോകം. നമ്മളെല്ലാം വെറും കോഡുകൾ തന്നെ. ആരെങ്കിലും സ്കാൻ ചെയ്ത് വായിച്ചാലായി. സ്കാനിങ്ങും വിനിമയങ്ങളും. മനുഷ്യർ പരസ്പരം സ്കാൻചെയ്ത് വിനിമയങ്ങൾ തുടങ്ങിയാൽ ആർക്കാണ് നഷ്ടമെന്നും ലാഭമെന്നും തീർച്ചപറയാനാവില്ല. അത് തിരിച്ചറിയാൻ വർഷങ്ങളെടുത്തേക്കും. കഴിഞ്ഞദിവസം സ്വന്തം മുഖം ക്യുആർ കോഡുപോലെ കണ്ണാടിയിൽ പ്രതിഫലിച്ച് ഞെട്ടിയുണർന്ന ഒരു സ്വപ്നത്തിന്റെ കാര്യം ഇപ്പോൾ ഓർമ വന്നു.

അരമണിക്കൂർ മതി മുത്തേ...
രണ്ടാളും അത്രയല്ലേ കളിക്കൂ? അപ്പഴക്കേ ക്ഷീണിക്കും. നോക്ക്, ന്നാതന്നെ ഉമ്മായ്ക്ക് ആകെ അറുനൂറ് രൂപയാവില്ലേ. എണ്ണൂറ് കൊടുത്തിട്ട് അതിന്റെ ഉപയോഗണ്ടാവില്ല. ഇജ്ജ് വല്യ കുട്ട്യായില്ലേ, ഉമ്മാന്റെകുട്ടി അവസ്ഥകളൊക്കെ ഒന്നു മനസ്സിലാക്ക്.

അഞ്ചോ ആറോ വയസ്സുള്ള പെൺകുട്ടിയാണ് ചിണുങ്ങുന്നത്. അവളുടെ ഉമ്മ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. അവരുടെ രണ്ടാമത്തെ കുട്ടി, അവന് നാലുവയസ്സു കഷ്ടിച്ചായിക്കാണണം, മേശപ്പുറത്തുനിന്ന് സോക്സ് എടുത്തിട്ട് കളിക്കാൻ കയറിക്കഴിഞ്ഞു. എങ്ങനെയോ ഒരു ഡീലിലെത്തി പെൺകുട്ടിയും സോക്സുകൾ ധരിക്കാൻ തുടങ്ങി. അവരുടെ ഉമ്മ, അവർക്ക് മുപ്പത് വയസ്സുപോലും കാണില്ല, ഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചു. രഹസ്യങ്ങളില്ലാത്ത ഒരു സുതാര്യനഗരമാണ് ഇപ്പോൾ ലോകം. അറുനൂറ് രൂപ കിട്ടിബോധിച്ചത് യന്ത്രം ലോകത്തോട് വിളിച്ചുപറഞ്ഞു.

ഫോൺകോൾ വന്നതുകൊണ്ടാവണം, എന്നെപ്പോലൊരു താടിക്കാരൻ, മകനെ കളിക്കാൻവിട്ടിട്ട് പുറത്തേക്കിറങ്ങിപ്പോയി. പണമടച്ചത് വെളിച്ചപ്പെട്ടതോടെ രസീതുവാങ്ങി മക്കളോടൊപ്പം ചേരാൻ അവരുടെ ഉമ്മ അകത്തേക്ക് കയറുന്നത് കണ്ടപ്പോൾ കാത്തിരിക്കാൻ പറ്റിയ ഇടം എന്ന നിലയിൽ ഞാനും അകത്തേക്ക് കയറി. താടിക്കാരനെ താടിമാത്രം ഓർത്തുവച്ചതുകൊണ്ടോ അതോ ഇപ്പോൾ കയറിയ മൂന്നുപേരുടെ ബാക്കിയാണെന്ന് കരുതിയതുകൊണ്ടോ എന്തോ വാതിൽക്കൽനില്ക്കുന്ന ചെറുപ്പക്കാരി എന്നെ തടഞ്ഞില്ല.

കുട്ടികളുടെ ആ ലോകത്തേക്ക് പ്രവേശിച്ചതോടെ ഞാനും കുട്ടിത്തത്തിലേക്ക് സ്കാൻ ചെയ്യപ്പെട്ടതുപോലെ തോന്നി. രണ്ടോ മൂന്നോ മുതിർന്നവരേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം കുട്ടികൾ. മുതിർന്നവരും ഒരർഥത്തിൽ കുട്ടികൾ തന്നെ. ഒരു സ്ത്രീയും പുരുഷനും സ്ഥലത്തിനു ചേരാത്തതുപോലെ ഒരിടത്തിരുന്ന് ഗൗരവമായി സംസാരിക്കുന്നു. അടക്കിപ്പിടിച്ച സ്വരത്തിൽ ആ സ്ത്രീയുടെ ശബ്ദം.

ഇന്നത്തോടെ ഒരു തീരുമാനത്തിലെത്തിക്കോ ദീപേഷ്... ഈ കളിതന്നെ ഇനിയും കളിക്കാൻ എനിക്ക് താല്പര്യമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളപോലെ എന്താന്നുവെച്ചാ ആയിക്കോ. പക്ഷെ എന്നെ കൂട്ടുകിട്ടുമെന്ന് കരുതണ്ട!

പുരുഷൻ തലകുനിച്ച് ഇരിക്കുകയാണ്. കൊഴുപ്പേറെയുള്ള അയാളുടെ ശരീരം ഇരിപ്പിടത്തെ സാമാന്യത്തിലധികം താഴ്ത്തിയിരിക്കുന്നു. അവരുടെ മക്കൾ അവർക്കിടയിലൂടെ ഓടുകയും ചാടുകയും ചെയ്ത് കളിച്ച് തിമർക്കുകയാണ്.

എനിക്ക് മുമ്പു കയറിയ യുവതി ഫോണിൽ കുട്ടികളുടെ കളികൾ ഫോട്ടോയോ വീഡിയോയോ എടുക്കുന്നുണ്ട്. പയ്യൻ ലക്കും ലഗാനുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. ഓരോ മുപ്പതു സെക്കന്റിലും എന്നപോലെ അവൻ വീണുരുളുന്നു.

അരമണിക്കൂറായി കളിസമയം ചുരുങ്ങിയതിന്റെ ഖേദം പെൺകുട്ടി പതുക്കെ മാറ്റിത്തുടങ്ങിയിട്ടേ ഉള്ളൂ. അവളുടെ കയ്യിൽനിന്ന് വീണുപോയ ഒരു സ്പോഞ്ചുകഷണം ഞാനവൾക്ക് എടുത്തുകൊടുത്തു. സ്പോഞ്ചിന്റെ ചതുരങ്ങൾവച്ച് അവൾ വീടുണ്ടാക്കുകയാണ്. അടുത്ത സ്പോഞ്ചിന്റെ ആവശ്യം വന്നപ്പോൾ അവൾ എന്നെ നോക്കി. ഞാൻ ഒരെണ്ണംകൂടി അവൾക്ക് ഇട്ടുകൊടുത്തു.

അവൾ ചിരിച്ചു. മനോഹരമായ ചിരി. മുൻവരിയിൽ മുകളിലെ പല്ലുകളിൽ മൂന്നെണ്ണം പറിഞ്ഞുപോയിരിക്കുന്നു. പക്ഷെ മോണകാട്ടിയുള്ള ആ ചിരി ആകർഷകമായിരുന്നു. അതിവ്യാപ്തിയുള്ള ഒരു നിഷ്കളങ്കത ആ ശ്യൂന്യതയിൽ നിറഞ്ഞു.

എന്താ മോൾടെ പേര്?
എനിക്ക് അവളോട് കൂട്ടുകൂടണം.

അവൾ ചുറ്റുമൊന്നു നോക്കി.
ഉമ്മ അനിയന്റെ ഫോട്ടോ എടുക്കുകയാണ്. അനിയൻ ഉരുണ്ടുമറിഞ്ഞ് എണീക്കുകയാണ്.

അയിഷ. ഓന്റെ പേര് സിനാൻ. ഓൻ ഭയങ്കര കുറുമ്പനാ...
അവൾ നിർലോഭമായി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. എങ്കിലും സിനാൻ കുറുമ്പനാണെന്ന് പറയുമ്പോൾ അവൾക്ക് എവിടെയോ വേദനിച്ചതുപോലെ തോന്നി.
തല്ലുകൂടാൻ വര്വോ ചെക്കൻ, അയിഷയോട്?
എന്നുംവരും! പിച്ചും. ഓരോന്ന് കണ്ട് പടിച്ചിരിക്ക്യാ ചെക്കൻ. തൊടേമ്പ് ല് പിച്ചും എപ്പഴും.

അയിഷ ഉമ്മയെ കരുണയോടെ നോക്കി. അച്ഛൻ അമ്മയുടെ നേർക്കെറിഞ്ഞ ഒരു കവടിപ്പിഞ്ഞാണം ഉന്നംതെറ്റി നെറ്റിയിൽ വന്നുകൊണ്ടതിന്റെ ക്ലാവുപിടിച്ച ഒരോർമ പെട്ടെന്നെന്നെവന്നു ചൂഴ്ന്നുപോയി.
ചെറിയ കുട്ട്യല്ലേ ഓൻ... കാര്യാക്കണ്ട ട്ടോ. ഇടയ്ക്ക് തിരിച്ചും ഒരു പിച്ചൊക്കെ കൊടുത്തോ. വലുതാവുമ്പോ അങ്ങനൊന്നും ചെയ്യില്ല.

ഞാനവളെ സമാധാനിപ്പിച്ചു. അവളത് ശ്രദ്ധിച്ചോ എന്തോ, അടുത്ത സ്പോഞ്ചിന് കൈനീട്ടി, താ...

ഞങ്ങൾ നല്ല കൂട്ടായി. ഞാൻ ഒരു സ്പോഞ്ചെടുത്ത് അവളെ നോക്കും. എന്നിട്ട് അവളുടെ പേര് വിളിക്കും, അയിഷാ...

അയിഷ ചിരിക്കും. എറിഞ്ഞോ പിടിക്കാം എന്ന ഭാവത്തിൽ തയ്യാറായി നില്ക്കും. കൈനീട്ടും. ഞാനവളുടെ മുഖത്തേക്ക് എറിയും. അവൾ പിന്നെയും പിന്നെയും ചിരിക്കും. ഇടയ്ക്ക് അവൾ എന്നെയും എറിയാൻ തുടങ്ങി. ഞാൻ ഓടിമാറിയും മറഞ്ഞുനിന്നും അവളെ പ്രോത്സാഹിപ്പിച്ചു.

പോകെപ്പോകെ ആ കളിസ്ഥലം ഞങ്ങളുടേതായി. ഉമ്മ അവളുടെ ഫോട്ടോ എടുക്കുവാൻ നോക്കുന്നുണ്ടായിരുന്നു. ഞാൻ ആ സമയങ്ങളിൽ മനപ്പൂർവം ഒതുങ്ങിനിന്നു. അവർ എന്റെ മുഖത്തേക്ക് നോക്കിയില്ല. എങ്കിലും മകളോടൊത്ത് കളിക്കാൻ കൂടുന്നതിന് എന്നോട് നന്ദി പറയുന്നതുപോലെ ഒരു മന്ദഹാസം ആ മുഖത്ത് തെളിഞ്ഞു കിടപ്പുണ്ടായിരുന്നു.

അവളോടൊപ്പം ഓടിയോടിത്തളർന്നപ്പോൾ ഇടയ്ക്ക് ഞാൻ അല്പനേരം ഇരുന്നു. ഒന്നിനും വയ്യാതായി എന്നെനിക്ക് മനസ്സിലായി. അപ്രിയമെങ്കിലും പ്രായമൊരു സത്യമാണ്.

അവളും എന്റെയടുത്ത് വന്നിരുന്ന് കിതച്ചു. ചിരിച്ചു.
വയ്യാതായി ലേ..?

അവൾക്ക് ഇനിയും എത്രവേണമെങ്കിലും ഓടാം എന്നഭാവം.

ഈ പല്ലൊക്കെ എവിടെപ്പോയി അയിഷാ?
ഞാൻ കിതപ്പാറ്റാനുള്ള ആയമെടുത്തു.
ഇപ്പ വരും!

അവൾ ഉടനെ മറുപടി തന്നു. അങ്ങനെയാവും ഉമ്മ അവളെ സമാധാനിപ്പിച്ചിട്ടുണ്ടാവുക. സിനാൻ അവളുടെ അടുത്തുകൂടി വന്ന് അവളെ പിച്ചിയിട്ട് ഓടി. പറഞ്ഞത് അബദ്ധമായപോലെ അവൾ അവനേയും എന്നെയും നോക്കിയശേഷം തലകുനിച്ചിരുന്നു.

അവളുടെ ഉമ്മയിപ്പോൾ ഒരിടത്ത് ഇരിക്കുകയാണ്. അവരുടെ മുഖത്ത് വായിച്ചെടുക്കാൻ കഴിയാത്തത്ര കഥകളുള്ളതുപോലെ തോന്നി. എന്നെ കാത്തുനിർത്തുന്ന ആൾ ഇനിയും വന്നില്ലല്ലോ എന്ന് ഓർത്തു. ഇനിയിപ്പോ വരുന്നില്ല എന്നുവരുമോ. കാത്തുനിർത്തുന്ന കളികളാണ് എല്ലായിടത്തും. ഗോളിന്, റണ്ണിന്, വിക്കറ്റിന്, പോയിന്റിന്, ജോലിക്ക്, ശമ്പളത്തിന്, ജീവിതത്തിന്. പ്രണയത്തിനും മരണത്തിനുമതെ. കാത്തുനില്പിന്റെ കളിയാണ് എല്ലാവരുടേയും ജീവിതം.

ഫോൺ വിളിച്ചുകൊണ്ട് പുറത്തേക്കുപോയ താടിക്കാരൻ തിരിച്ചുകയറിവന്നു. അയാൾ മറ്റൊരുമൂലയിൽ സ്ഥാനം പിടിച്ചു. അയാളുടെ മകൻ അല്പം സാഹസികമായ കളികളിലാണ്. അയാളാകട്ടെ അതിന്റെ ഭയപ്പാടുകളൊന്നുമില്ലാതെ നിർവികാരനായി ഇരിക്കുന്നു.

നേരത്തേമുതൽ ഗൗരവത്തിൽ സംസാരിച്ചിരുന്ന സ്ത്രീയും പുരുഷനും അതേനില തുടരുകയാണ്. സ്ത്രീ എന്തൊക്കെയോ പറയുന്നുണ്ട് ഇപ്പോഴും. അയാൾ കാര്യമായൊന്നും തിരിച്ചുപറയുന്നതായി കാണുന്നില്ല. ഇടയ്ക്ക്, മക്കൾ കളിച്ചുകളിച്ച് അടുത്ത് എത്തുമ്പോൾ അയാൾ ഫോണെടുത്ത് അവരുടെ ചിത്രങ്ങളെടുത്തു. തന്റെ വാക്കുകളിൽ ശ്രദ്ധിക്കാത്ത അയാളുടെ ആ പ്രവൃത്തി ആ സ്ത്രീയെ കൂടുതൽ പ്രകോപിപ്പിക്കുന്നതായി തോന്നി.

കളിക്കാം?

അയിഷ വിണ്ടും ഉഷാറായി നില്ക്കുകയാണ്. എന്റെ കിതപ്പാറാൻ കാത്തിരുന്നതാണ് അവൾ. വീണ്ടും സ്പോഞ്ചും ബാസ്ക്കറ്റ് ബോളും ഒക്കെയായി ഞാൻ അവൾക്കൊപ്പം കൂടി. ഇടയ്ക്ക് തെന്നിവീണ എന്നെ അവൾവന്ന് പിടിച്ചുയർത്താൻ നോക്കി. എനിക്ക് ബാസ്ക്കറ്റിൽ വീഴ്ത്താൻ കഴിയാത്ത ബോളെടുത്ത് അവൾ അനായാസം ഇട്ടുകാണിച്ചു. ഊഞ്ഞാലുകളിൽ തൂങ്ങി, താഴെ സ്പോഞ്ചുകളിലേക്ക് മറിഞ്ഞുവീഴാതെ അവൾ അനായാസം അപ്പുറമെത്തി.

അയിഷ എപ്പോഴും വരാറുണ്ടോ ഇവിടെ?
ഞാനവളെ കയ്യടിച്ച് അഭിനന്ദിച്ചു.

ഏയ്. ഇത് രണ്ടാമത്തെ പ്രാവശ്യാ. അന്ന്, പല്ലൊക്കെ പറിച്ചദൂസം, ഇയ്ക്ക് നല്ലോം വേദനിച്ചേ. അന്ന് ഉമ്മയെനിക്ക് ഐസ്ക്രീം വാങ്ങിത്തന്നു. രണ്ട് ദൂസം കഴിഞ്ഞിട്ട് ഇവിടെ കൊണ്ടുവന്നു. പക്ഷേണ്ടല്ലോ, അന്ന് ഞാനിതില് വീണു. പിന്നെയാ വീഴാതെ കടക്കാൻ പടിച്ചത്. ഇന്ന് ഞാൻ വീണില്ലല്ലോ... ഇനീം കാണിക്കണോ?

ന്നാ കാണിക്ക്. അയിഷ മിടുക്കിയാന്ന് എനിക്കറിയാലൊ...

ഞാനവളെ വീണ്ടും പ്രോത്സാഹിപ്പിച്ചു. അവൾ ഊഞ്ഞാലുകൾ മാറിമാറി മുന്നേറി. ഇനി ഒരെണ്ണമേ ഉള്ളൂ.

അയിഷാ ഒരെണ്ണം മാത്രം...

ഞാൻ അവൾക്കുവേണ്ടി വീണ്ടും കയ്യടിച്ചു. അവളുടെ മുഖത്ത് ഒരു ചിരി പൊട്ടിത്തുടങ്ങി. ബസ് ഓടിച്ചുകളിക്കുന്നതുപോലെ ആക്ഷനിട്ട് സിനാൻ ഓടിവന്ന് അവളെ കൈയെത്തിച്ച് പിച്ചാൻ നോക്കി. കൈ എത്തില്ലെന്ന് കണ്ട് അവൻ വണ്ടി തിരിച്ചുപോയി. അടുത്ത ഊഞ്ഞാലിൽ കാലുവച്ച അവൾ പക്ഷെ, വീണു.

ഞാനവളെ എണീക്കാൻ സഹായിച്ചെങ്കിലും അവൾക്ക് കരച്ചിൽ വന്നു.

സാരമില്ല. ഇനീം കേറാലോ.

ഞാനവളെ സമാധാനിപ്പിച്ചു. അപ്പോൾ ദൂരെ മറ്റൊരു കളിയിലേക്ക് കയറിയ സിനാനെ അവൾ നോക്കി. തല കുനിച്ച് ഫോണിൽ നോക്കിയിരിക്കുന്ന ഉമ്മയെ നോക്കി. വീണ്ടും കരഞ്ഞു. അവൾക്കത് ചെയ്യാൻ കഴിയാത്തതിന്റെ സങ്കടമാണെന്ന് എനിക്ക് മനസ്സിലായി.

സമയമായിട്ടോ!

അറിയിപ്പ് വന്നു. അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു.
അയിഷ ഒരുതവണകൂടി കയറിക്കോ. അങ്കിൾ പറഞ്ഞോളാം അവരോട്.

ഞാനവളെ കരഞ്ഞുപിരിയാൻ ഇഷ്ടപ്പെട്ടില്ല. പക്ഷെ അവൾ കയറിയില്ല. ഒന്നും മിണ്ടാതെ ഉമ്മയുടെ അടുത്തേക്ക് ഓടി. ഉമ്മ അവളെക്കണ്ട് എണിറ്റ് നിന്നു. അവൾ ഉമ്മയുടെ കാലുകളിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. ഉമ്മയ്ക്ക് കാലുകളിൽ വേദനിച്ചതുപോലെ തോന്നി. അവരവളെ അടർത്തിമാറ്റിക്കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവരുടെ കണ്ണുകളും നിറഞ്ഞുതുടങ്ങിയിരുന്നു. സിനാനും അവരോടൊപ്പം കൂടി. കരഞ്ഞുകൊണ്ട് അയിഷ എന്നെ നോക്കി. എനിക്ക് കൈവീശിക്കാണിക്കാൻപോലും മനസ്സുവന്നില്ല. എന്റെ കണ്ണുകൾ നിറഞ്ഞു.

അവർ പതിയെ ഇറങ്ങിപ്പോയി.

അയിഷ തിരിഞ്ഞുനോക്കുമെന്ന് ഭയന്ന് ഞാൻ അവൾ നടന്നുപോകുന്നിടത്തേക്ക് നോക്കിയില്ല.

ഗൗരവത്തിൽ സംസാരിച്ചിരുന്ന സ്ത്രീയും പുരുഷനും അവരുടെ മക്കളുടെ പിന്നിലായി വരിയായി ഇറങ്ങിപ്പോയി. അവർ അന്ത്യശാസനംപോലെ പറയുന്നു.

ഇനിയും നോൺവെജ് കഴിക്കാനാണ് പ്ലാനെങ്കി സത്യമായും ഈ കളി അവിടെത്തീരും ദീപേഷ്. പറഞ്ഞില്ലെന്നുവേണ്ട!

എന്നെ കാത്തുനിർത്തിയ ആൾ വരുന്നില്ലായിരിക്കും. അല്ലെങ്കിലും ഇനി വന്നിട്ടെന്തിനാണ്. ആകെ ചോർന്നൊലിക്കുന്ന ഒരു പുരയായിരിക്കുന്നു ഞാൻ. ആർക്കും നനയാതെ പാർക്കാൻ ഇടമില്ലാത്തത്.

അയിഷയുടെ ഉമ്മ കുട്ടികളെ ചേർത്തുപിടിച്ച് നടന്നുമറയുന്നു. കോഴിക്കുഞ്ഞുങ്ങളെപ്പോലെ മക്കൾ അവരുടെ കൈകൾക്കുള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്നു.

അയിഷയോട് അവളുടെ ഇപ്പയെക്കുറിച്ച് ചോദിച്ചില്ലല്ലൊ എന്ന് ഓർത്തു. അവൾ പക്ഷെ ചോദിക്കാതെതന്നെ അത് പറഞ്ഞുവല്ലോ എന്ന് ഉടഞ്ഞ കവടിക്കിണ്ണത്തിന്റെ ഒച്ചപോലൊരോർമ നെറ്റിപൊട്ടിയൊലിച്ചിറങ്ങി, കണ്ണിലസ്തമിച്ചു.

അബോധത്തിലെന്നപോലെ കൈകൾ നെറ്റിയിലെ തൂർന്നുനിറയാത്ത മുറിക്കലയിൽ പരതിച്ചെന്നു. അവിടെനിന്നും അമ്മയുടെ അടക്കിപ്പിടിച്ച നിലവിളി കേട്ടു.

അയിഷയാണ് മനസ്സിൽ.
അവളുടെ വിഷാദത്തിൽമുങ്ങിയ ചിരി. മോണ.
ഈ പല്ലൊക്കെ എവിടെപ്പോയി അയിഷാ?
കളിയിലാണ് എല്ലാവരും. തെരക്കുപിടിച്ച കളി.
അയിഷ അറംപറ്റാനിടയുള്ള ആ മറുപടി പറയുന്നു.

ഇപ്പ വരും!

Comments