അനന്യ ജി.

കർത്താവ് കർമം ക്രിയ

അല്ലെങ്കിലും ഈ യുക്തിവാദം പറഞ്ഞുനടക്കുന്നവരൊക്കെ ഇരുട്ട് വീണാൽ പൂജയും മന്ത്രവാദവും ചെയ്യും. നിരീശ്വരവാദികൾക്കാണ് ദൈവത്തിനെ ഏറ്റവും പേടി

യുക്തിവാദികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: എത്രയും വേഗം വിൽപത്രമെഴുതി പരസ്യപ്പെടുത്തുക. ഇല്ലെങ്കിൽ നിങ്ങൾക്കും വരും ഈ ഗതി.

ഴിഞ്ഞ രാത്രി ദൈവദാസൻ സ്വന്തം മരണം സ്വപ്നം കണ്ടു.
ഞെട്ടിത്തരിപ്പിക്കുന്ന പേടിസ്വപ്നം.
പേര് ദൈവദാസൻ എന്നാണെങ്കിലും ജീവിതത്തിൽ അങ്ങനെയാവരുതെന്ന് വാശിയായിരുന്നു. കഴിഞ്ഞ മുപ്പത്തിയാറു വർഷമായി നാട്ടിലെ പേരുകേട്ട യുക്തിവാദി സംഘടനയായ ഡെൽറ്റയുടെ പ്രസിഡന്റാണ്.

മതങ്ങളെ ജീവിത്തിൽ നിന്ന് അകറ്റണമെന്ന് പറഞ്ഞു, പാലിച്ചു. പഴുത്തതും പുഴുക്കുത്തേറ്റതുമായ ഇലകൾ വീണ് മണ്ണോടലിയും പോലെ ജൈവികമായ പ്രക്രിയയായാണ് അയാൾ മരണത്തെ കണ്ടിരുന്നത്.

പക്ഷേ, ഇലക്ട്രിക് ചിത മതി, ചടങ്ങും ആൾക്കൂട്ടവും വേണ്ട, ആണ്ടുബലി വേണ്ട എന്നൊക്കെ പറഞ്ഞയാൾ മരിച്ച് മിനിറ്റുകൾക്കുള്ളിൽ തലയ്ക്കൽ നിലവിളക്ക് തെളിഞ്ഞു. തെക്കിനും വടക്കിനും അർത്ഥമുണ്ടായി. മുറ്റത്തുകൂടിയവർ മാവിന്റെ തടിയിൽ കണ്ണുവെച്ചപ്പോൾ ചിലർ നാളെണ്ണി സഞ്ചയനത്തിന് ഓഫീസിൽ മുൻകൂർ ലീവ് ബോധിപ്പിച്ചു.

കയ്യും കാലും കൂട്ടിക്കെട്ടിയതുകൊണ്ട് അനങ്ങാൻ വയ്യാതെ കിടന്ന് ദൈവദാസൻ ചുറ്റിലുമുള്ള ബഹളങ്ങൾ നോക്കിക്കണ്ടു. സൗദാമിനി അടുത്തിരുന്ന് വലിയ വായിൽ നിലവിളിക്കുന്നു. ദൈവങ്ങളുടെ ഇത്രയും വകഭേദങ്ങൾ ഭാര്യയ്ക്ക് പരിചയമുള്ള കാര്യം അയാൾ ആദ്യമായാണറിയുന്നത്.

തലയും താടിയും കൂട്ടിക്കെട്ടി വായ അടച്ചിരിക്കുന്നതുകൊണ്ടാണ്. അല്ലെങ്കിൽ എന്തെങ്കിലുമൊന്ന് പറയാമായിരുന്നു. മൂത്ത മരുമകൾ പേരക്കുട്ടി യെ മടിയിൽ വെച്ച് സൗദാമിനിയുടെ തൊട്ടടുത്തുണ്ട്. കുടുംബത്തിന്റെ കാരണവരാണല്ലോ നീണ്ടുനിവർന്നു മരിച്ചുകിടക്കുന്നത്. നിരന്നിരിപ്പുണ്ട്, അനിയന്മാരും ഭാര്യമാരും അവരുടെ മക്കളും.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും എല്ലാവരുമുണ്ട്. ബാലനെ കണ്ടില്ല. അനിയന്മാരെക്കാൾ അടുപ്പമുള്ളവൻ. അയൽക്കാരൻ മാത്രമല്ല, കുട്ടിക്കാലം മുതൽ ഒപ്പം നടന്ന ചങ്ങാതി. പാടവരമ്പിൽ വരാലിനെ പിടിക്കാൻ കൂട്ടുവന്ന, സൗദാമിനി ക്ക് പേറ്റുനോവ് വന്നപ്പോൾ കാറെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന ബാലൻ. വരുന്നവർക്കൊക്കെ ചായ കൊടുക്കുന്ന തിരക്കിലായിരിക്കും.

മരണത്തേക്കാൾ ദൈവദാസനെ ഞെട്ടിച്ചത് സുധാകരന്റെ കാട്ടിക്കൂട്ടലുകളാണ്. ഒരു മരണം നടന്നാൽ നാട്ടുകാർ വരുന്നത് സ്വാഭാവികം. പക്ഷേ, സുധാകരൻ കുറേ നേരം മിണ്ടാതെ ചുമർ ചാരി നിന്നു. ചൂടൻ കൈ കൊണ്ട് ദൈവദാസന്റെ കാൽപ്പാദത്തിൽ തൊട്ട് നെറുകയിൽ വെച്ച് തേങ്ങുന്ന രംഗവും സൃഷ്ടിച്ചു.

നാട്ടിലെ സകല അമ്പലങ്ങളുടെയും പ്രധാന കാര്യക്കാരനായ, വിശ്വാസസമൂഹത്തിന്റെ പ്രതിനിധിയായ സുധാകരനുമായി ഒരടുപ്പവുമില്ലെന്ന് മാത്രമല്ല പലതവണ ഉടക്കിയിട്ടുമുണ്ട്. ഹൃദയവിശാലത കൊണ്ടാണ് സുധാകരന്റെ മുഖത്ത് സങ്കടം തിരയടിക്കുന്നതെന്ന് ഒരു നിമിഷം പോലും സംശയം തോന്നിയില്ല.

കാര്യമെന്താണെന്ന് സുധാകരന്റെ കൂട്ടുകാർ കയറിവന്നപ്പോൾ വ്യക്തമായി. സമുദായത്തിന്റെ കാവൽമാലാഖമാർ. ഇനിയങ്ങോട്ടുള്ള കാര്യങ്ങളുടെ കടിഞ്ഞാൺ കയ്യേൽക്കാനുള്ള വരവാണ്. വന്നയുടൻ അവർ പന്തലിന്റെ കാലിന്മേൽ കൈ വെച്ചു. ചടങ്ങു നടക്കുന്ന ദിശ നോക്കി തന്നെയാണോ പന്തൽ കെട്ടിയതെന്ന് ഉറക്കെ സംശയിച്ചു.

മകൻ മുറ്റത്തു തന്നെയുണ്ട്. അവൻ മറുപടിയൊന്നും കൊടുക്കുന്നില്ല. വീട്ടുകാരന്റെ ഔചിത്യമാകും എന്നാണ് കരുതിയത്. പക്ഷേ, വന്നവരെ അവൻ അകത്തേക്ക് ആനയിച്ച വിധം കണ്ടപ്പോൾ ദൈവദാസന് പന്തികേട് തോന്നി. അവന്റെ ശരീരഭാഷയിലാകെ ഒരു വിധേയത്വം. ഭാര്യയുടെ മുഖത്തുമില്ല എതിർപ്പിന്റെ കണങ്ങൾ. മറിച്ചൊന്നും പറയാതെ മാലാഖമാരുടെ വാക്കുകൾക്ക് തല കുലുക്കുകയാണ് തന്റെ വീട്ടുകാർ.

''ചെറിയച്ഛന് ഇതൊന്നും ഇഷ്ടമാവില്ല. മൂപ്പർ ഇത്രയും കാലം ഇതിനെയൊക്കെ എതിർത്തു ജീവിച്ചതാണ്. ഇത് വേണോ?'' ദിനേശൻ ഒരു ശ്രമം നടത്തി.
''പോവാനുള്ളോരു പോയി. കൂട്ടക്കാരെ പിണക്കിയൊന്നും ജീവിക്കാൻ പറ്റൂല’’, സൗദാമിനി തീർപ്പുകൽപ്പിച്ചു.

വൈകാതെ, ഒരു സ്‌കൂട്ടറിന്റെ പിറകിലിരുന്ന് കർമി വന്നു. ചടങ്ങ് എന്നാണെങ്കിലും താനുണ്ടാകുമെന്ന് മകന്റെ ഉള്ളം കയ്യമർത്തിപ്പിടിച്ച് വാഗ്ദാനം ചെയ്തു. ദൈവദാസന് താങ്ങാനായില്ല. അച്ഛന് ബലിയിടാൻ വിസമ്മതിച്ചതുകൊണ്ട് തറവാട്ടുവളപ്പിൽ ഒരു തരി മണ്ണ് പോലും അമ്മ തന്നില്ല.

കല്യാണത്തിന് പൂണൂലിട്ട ഒരാളെയും മണ്ഡപത്തിൽ കയറ്റില്ലെന്നു പറഞ്ഞതിന് മരിക്കുംവരെ അമ്മായിയപ്പനും മാപ്പുതന്നിട്ടില്ല. മക്കളുടെ നൂലുകെട്ടും ചോറൂണും പേരിടീലും എഴുത്തിനിരുത്തലും ഒക്കെ സ്വയം നടത്തി. നാളും മുഹൂർത്തവും നോക്കാതെ, വിളക്ക് തെളിയിക്കാതെ. അവരുടെ കല്യാണത്തിനും ചടങ്ങുണ്ടായില്ല. എന്നിട്ടാണ് മരിച്ചുകിടക്കുമ്പോൾ ചടങ്ങും കർമിയും. മന്ത്രം ചൊല്ലി എന്റെ ആത്മാവിന് ആരും പുണ്യം നേടിത്തരേണ്ടെന്നു പറയാൻ കിടന്നകിടപ്പിൽ പല്ലു ഞെരിച്ചു. ആരു കേൾക്കാൻ!

പല്ലു ഞെരിച്ചുകൊണ്ടാണ് രാവിലെ കണ്ണ് തുറന്നതും. പുതപ്പിനുള്ളിൽ മേലാകെ വിയർത്തു കുളിച്ചിരുന്നു. നനഞ്ഞ ഷർട്ട് ദേഹത്ത് ഒട്ടിപ്പിടിച്ചു കിടന്നു. കണ്ണ് തിരുമ്മി സ്വാപ്നാവശിഷ്ടങ്ങളെ തൂത്തുകളഞ്ഞ് അയാൾ അടുക്കളയിൽ ചെന്ന് കടുംകാപ്പിയുണ്ടാക്കി. ബാക്കിയുള്ളവർക്കുള്ള കാപ്പി ഫ്ളാസ്‌കിലാക്കി മേശപ്പുറത്തുവെച്ചു. എന്നിട്ട് ഗ്ലാസ്സും കൊണ്ട് മുറ്റത്തേക്കിറങ്ങി തോട്ടത്തിലെ പടവലങ്ങളെ താലോലിച്ചു.

ഇലകൾക്ക് മഞ്ഞിപ്പുണ്ട്. കേടായ ഇലകൾ പറിച്ചുകളയുന്നതാണ് ബുദ്ധി. പന്തലിൽ നിന്ന് കൈനീട്ടി പുറം മതിലിലേക്കാഞ്ഞ വള്ളികളെ വലിച്ച് പന്തലിലേക്ക് തന്നെ ഞാത്തി. ഞെട്ടി മുതൽ ചുവന്നുതുടങ്ങിയ മുളകുകൾക്ക് പകരം മൂക്കാത്ത മുളകുകളാണ് താൻ പറിക്കുന്നതെന്ന് പോലും അയാൾ ശ്രദ്ധിച്ചില്ല.

തീന്മേശയിലും ദൈവദാസൻ അസ്വസ്ഥനായിരുന്നു. അന്ത്യ അത്താഴം കഴിക്കുന്ന യേശുവാണ് താനെന്ന് അയാൾക്ക് തോന്നി. പക്ഷേ, ദൈവപുത്രനെ ഒരാളെ ഒറ്റിയുള്ളൂ. തനിക്കു ചുറ്റിലും ഒറ്റുകാരാണ്. പതിവില്ലാത്ത നിശ്ശബ്ദതയ്ക്ക് കാരണമെന്തെന്ന് മകനും ഭാര്യയും ആവർത്തിച്ചു ചോദിച്ചപ്പോൾ അമർഷം കൂടുകയാണുണ്ടായത്.

നിങ്ങടെ മുഖത്തെന്താ കടന്നൽ കുത്തിയോ എന്ന സൗദാമിനിയുടെ കുത്തുവാക്ക് തൊലിപ്പുറം തട്ടാതെ കടന്നുപോയി. മനസ്സിൽ ചിലതൊക്കെ നിശ്ചയിച്ചുറപ്പിച്ചാണ് കഴിച്ചെഴുന്നേറ്റത്.

കിനാവിന്റെ കയ്പ് പകലിൽ കലർത്താൻ മാത്രം വിഡ്ഢിയല്ല ദൈവദാസൻ. കൺപീലി വകഞ്ഞുമാറ്റി പകലെത്തും വരെയേ സ്വപ്‌നത്തിന് ജീവിതമുള്ളൂ. പിന്നെന്തിന് ഈ കടുപ്പം? അതീന്ദ്രിയജ്ഞാനം അബോധത്തിലേക്ക് നീട്ടിയെറിഞ്ഞുതന്ന സത്യക്കഷണമല്ല കണ്ടതെന്ന ഉറപ്പുതന്നെ കാരണം. കിലുങ്ങിക്കിലുങ്ങി കറങ്ങിത്തിരിഞ്ഞ് ഒടുക്കമൊരു മുഴക്കത്തോടെ തറപറ്റുന്ന തിരിച്ചറിവിന്റെ നാണയം. അതായിരുന്നു ആ സ്വപ്നം.

പേരക്കുട്ടിയെ ഡാൻസ് ക്ലാസിൽ വിട്ടിട്ടു വരുന്ന വഴി ദൈവദാസൻ ജയരാജ് വക്കീലിന്റെ വീട്ടിൽ കയറി. വിൽപത്രത്തിന്റെ നിയമവശങ്ങൾ ചോദിച്ചുമനസ്സിലാക്കി. വിചാരിച്ചത്ര സങ്കീർണമല്ല കാര്യങ്ങൾ. ആകെ ചെറിയ ബുദ്ധിമുട്ടുള്ളത് ഓഹരി കിട്ടിയ പറമ്പിന്റെ കാര്യത്തിലാണ്. തറവാട്ടിലേക്കുള്ള വഴിയോട് ചേർന്നുള്ള നീളൻ ഭൂമിയാണ് ഓഹരി കിട്ടിയത്. വഴിക്ക് വീതി കൂട്ടണം എന്നുപറഞ്ഞു ഇടഞ്ഞു നിൽപ്പാണ് മറ്റുള്ളവർ.

തർക്കം നിലനിൽക്കുന്ന പറമ്പ് എങ്ങനെ, ആരുടെ പേരിൽ എഴുതണമെന്ന് അയാൾക്ക് പിടികിട്ടിയില്ല. നേരെ താഴെയുള്ള അനിയൻ ആ വസ്തുവിന്റെ പേരിൽ നിയമനടപടിക്ക് പോകാനുള്ള സകല സാധ്യതയുമുണ്ട് താനും. വീടും പറമ്പും കിട്ടിയ ഓഹരിക്കും പുറമെ ബാങ്കിൽ ചില നിക്ഷേപങ്ങളുണ്ട്. മോശമല്ലാത്ത തുക വരും. ഇന്ന് ഞായർ. അർദ്ധരാത്രി മുതൽ ഹർത്താലാണ്. അതും ഭരണകക്ഷിയുടെ വക. ജീവൻ പണയം വെച്ച് മരണപത്രം എഴുതണ്ട തിടുക്കം തനിക്കില്ലല്ലോ. ചൊവ്വയാവട്ടെ.

ബാലന്റെ വീട്ടിൽ മകളും മരുമകനും വന്നിട്ടുണ്ട്. അവന്റെ വീടാകെ സന്തോഷച്ചിരി. അതിനിടയിൽ അന്ത്യാഭിലാഷവുമായി കയറിച്ചെല്ലാൻ തോന്നിയില്ല. ദൈവദാസൻ കടലാസും പേനയുമായി മുറിയിലിരുന്നു. ടൈപ്പിങ്ങിന്റെ സുഖം പിടിച്ച മടിയൻ വിരലുകൾക്കിടയിൽ പേന വഴുതിക്കളിച്ചു. അക്കമിട്ട് അയാൾ ഓരോന്നായി എഴുതി.

മൃതദേഹത്തിനരികിൽ വിളക്കു വെക്കരുത്, മൃതദേഹത്തെ തെക്കോട്ട് കിടത്തരുത്, വൈദ്യുത ശ്മശാനം മതി, ചടങ്ങുകൾ ഒന്നും ഉണ്ടാകരുത്, ആണ്ടുബലിയിടൽ വേണ്ട, മതപരമോ ജാതീയമോ ആയ ആചാരങ്ങൾ ഒന്നും പാടില്ല... അങ്ങനെയങ്ങനെ.

പുഴുനുരയ്ക്കും പോലുള്ള കയ്യെഴുത്ത് കടലാസ് നിറച്ചു. എഴുതിക്കഴിഞ്ഞപ്പോഴാണ് ഇതുകൊണ്ടെന്തു കാര്യം എന്നോർത്തത്. കുടുംബത്തിൽ അയാൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. കൂട്ടക്കാരെ പിണക്കി ജീവിക്കാൻ പറ്റില്ലെന്ന് സൗദാമിനി പറഞ്ഞത് എങ്ങനെ മറക്കാൻ. കാതിന്റെ കാതലിൽ അവളുടെ വാക്കുകൾ അലയടിച്ചുകൊണ്ടിരിക്കുന്നു. മകന്റെ മൗനത്തിന് അതിലേറെ മൂർച്ച. അവരിൽ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.

ഉള്ളിന്റെയുള്ളിൽ അറിയാമായിരുന്നു താൻ ഒറ്റയാനാണെന്ന്. ചെറുപ്പം മുതൽ എല്ലാത്തിലും സംശയങ്ങൾ. എന്തും ധിക്കരിക്കുന്ന കൗമാരകാലം വന്നപ്പോൾ ധൈര്യം കിട്ടി. സംശയങ്ങൾ ഉറക്കെ ചോദിക്കാൻ തുടങ്ങി. പേര് മാറ്റാൻ വൈകിപ്പോയോ എന്ന സംശയത്തിൽ കഴിയുന്ന കോളേജ് കാലത്ത് ബാലനെയും കൂട്ടി കൊട്ടകയിൽ വന്ന പുതിയ സിനിമ കാണാൻ പോയി. എം.ടിയുടെ കഥയും സംവിധാനവും. നിർമാല്യം എന്ന പേരിൽ പ്രതീക്ഷ വെച്ചിരുന്ന അച്ഛമ്മ കഥ കേട്ട് ഞെട്ടി. യുക്തിവാദി യോഗങ്ങളും ചുമരെഴുത്തുകളും കവലപ്രസംഗങ്ങളും ലഘുലേഖകളും... കുടുംബം മുടിക്കാൻ പിറന്ന അസുരവിത്തിനെ പ്രാകിയാണ് അച്ഛമ്മ കണ്ണടച്ചത്. നിഷേധി വരുത്തിവെച്ച പരദേവതാശാപം കൊണ്ടാണ് ആയുസ്സ് തികയാതെ അച്ഛൻ മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

സൗദാമിനിയെ പരിചയപ്പെടുന്നത് ബാങ്കിൽ ഉദ്യോഗം കിട്ടിയ ശേഷമാണ്. ബാലന്റെ അകന്ന ബന്ധു. ജാതകപ്പൊരുത്തം കുറവാണെന്ന അമ്മാവന്റെ ഒറ്റപ്പരാതിയിന്മേൽ തീരുമാനിച്ചു- ഇത് മതി. രണ്ടു വീട്ടുകാരും എതിർത്തിട്ടും വിവാഹം നടന്നു. ഭാര്യയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ, സ്വകാര്യതയിൽ ഒരിക്കലും എത്തിനോക്കിയില്ല. യുക്തി കൊണ്ട് അവളുടെ വിശ്വാസത്തെ അളക്കാതിരിക്കാൻ മനസ്സുവെച്ചു. എതിർത്തത് ഒരിക്കൽ മാത്രം. അയാളുടെ പേരിൽ വഴിപാടു കഴിപ്പിക്കണം എന്ന് പറഞ്ഞപ്പോഴായിരുന്നു അത്. സൗദാമിനിയുടെ അടക്കിപ്പിടിച്ച നാമജപം അസ്വസ്ഥമാക്കിയ സന്ധ്യകളിൽ ദൈവദാസൻ വായനാശാലയിലേക്കിറങ്ങി. ആ ത്രിസന്ധ്യകളിലാകണം മക്കളിലും അവൾ ഭക്തി തെളിയിച്ചത്. മക്കളെയും തിരുത്താൻ പോയില്ല. പൊങ്കാലക്കലത്തിന്റെ കരിപുരണ്ട കൈകൾ ഒളിപ്പിച്ച് അകത്തേക്ക് കയറിപ്പോയ മരുമകളോട് അയാൾ പറഞ്ഞു, അവളുടെ വിശ്വാസം അവളുടേത് മാത്രമാണ് അതിനെ ഒളിപ്പിക്കേണ്ട കാര്യമില്ലെന്ന്.

ദൈവദാസൻ അത്താഴം കഴിക്കാതെ ഉറങ്ങാൻ കിടന്നു.

അന്തിത്തണുപ്പ് ഊറ്റിക്കുടിച്ച് ഇറ്റാലിയൻ മാർബിൾ മരവിപ്പിച്ച നട്ടെല്ല് ഇപ്പോൾ ലോഹപ്പകയിൽ പതിഞ്ഞമരുന്നു. നീർക്കണങ്ങൾ ഇറുങ്ങലിച്ചുകിടന്ന കണ്ണാടി മേൽക്കൂര കാഴ്ച മറയ്ക്കുന്നു. ഞെട്ടലല്ല, കൗതുകമാണ് അയാൾക്ക് തോന്നിയത്. ഇതാ നീളുകയാണ് തിരിച്ചറിവിന്റെ സ്വപ്നദർശനം. ബാലന്റെ കൈകൾ തോർത്തുകൊണ്ട് കണ്ണാടി തുടച്ച ഏതാനും നിമിഷങ്ങളിൽ മാത്രം അയാൾ ഉത്തരത്തിൽ തൂങ്ങുന്ന മാറാല തെളിഞ്ഞുകണ്ടു. ഇടയ്ക്കുയർന്ന തേങ്ങലുകൾ സൗദാമിനിയുടെ സാമീപ്യത്തിനു തെളിവായി. സുധാകരനും ചങ്ങാതിമാരും പോയിട്ടുണ്ടാകില്ലേ? കാതടപ്പിക്കുന്ന യന്ത്രക്കറക്കം കൊണ്ട് ഒന്നും വ്യക്തമാകുന്നില്ല. ചുറ്റിലും കാൽപ്പെരുമാറ്റം.

ഈ കിനാവിലെങ്കിലും ഇളയ മകനുണ്ടായിരുന്നെങ്കിൽ...
മൂത്തവനെപ്പോലെയല്ല. വിശ്വാസം ഉള്ളിലുണ്ടെങ്കിലും അവൻ വിവേകം കൈവിടില്ല. മരിച്ചയാൾക്ക് വേണ്ടാത്ത ചടങ്ങ് നമുക്കും വേണ്ടെന്ന് പറയാനുള്ള ആർജവം കാണിക്കും. ഈ പ്രഹസനങ്ങളുടെ ആയുസ്സ് അവൻ ഡൽഹിയിൽ നിന്ന് വരുന്നത് വരെയേയുള്ളൂ. പുതുതായി ചാർജെടുത്ത കാര്യസ്ഥന്മാരെ അവൻ നോക്കിക്കോളും. ബാലനും അവനെ കാത്തിരിക്കുകയാകും. കുടുംബത്തിൽ ഒരാളുടെ പിന്തുണയില്ലാതെ നേരിട്ട് ഇടപെടാൻ മടിച്ചിരിക്കുകയാകും ബാലൻ.

എഴുപതു വർഷത്തിന്റെ അവശേഷിപ്പുകളുള്ള തൊലിപ്പുറത്തൂടെ പല കൈകൾ വഴുതിയപ്പോൾ വെറുപ്പ് തോന്നി. ആ വിരലുകളുടെ നിസ്സംഗതയിൽ മാംസം പൊള്ളിയടർന്നു. അവ അടക്കിപ്പറഞ്ഞ വാക്കുകൾക്കൊപ്പമാണ് ചലിക്കുന്നത്. ചാട്ടുളി പോലെ ആ വാക്കുകൾ അയാളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. അപരിചിതമായ കൈകൾ തന്റെ നഗ്നതയെ നനച്ചപ്പോൾ തോന്നാതിരുന്ന ലജ്ജ അയാൾക്ക് അപ്പോൾ തോന്നി.

''എന്തൊക്കെയായിരുന്നു വീരസ്യം! ഇല്ലാത്ത ചടങ്ങൊന്നുമില്ല. അല്ലെങ്കിലും ഈ യുക്തിവാദം പറഞ്ഞുനടക്കുന്നവരൊക്കെ ഇരുട്ട് വീണാൽ പൂജയും മന്ത്രവാദവും ചെയ്യും. നിരീശ്വരവാദികൾക്കാണ് ദൈവത്തിനെ ഏറ്റവും പേടി’’.

''മരിക്കുന്നതിനുമുന്നേ മൂപ്പർ തന്നെ പറഞ്ഞേൽപ്പിച്ചു കാണും, ചടങ്ങൊക്കെ വേണമെന്ന്’’.

''ഏയ്, അസുഖമായി കിടക്കുകയൊന്നും ആയിരുന്നില്ലല്ലോ പറഞ്ഞേൽപ്പിക്കാൻ... അകത്ത് സംസാരം ഉണ്ടായിരുന്നു. ഞാൻ കേട്ടതാ. വീട്ടുകാർക്കാണ് ചടങ്ങുകൾ വേണമെന്നാഗ്രഹം’’.

''രണ്ടു രാവും ഒരു പകലും കഴിഞ്ഞു. ഡെൽഹിയിലുള്ളവൻ ഇനിയും എത്താറായില്ലേ...''

''ശനിയാഴ്ച രാത്രി മുതൽ നോക്കിയിട്ട് എങ്ങനെയോ ഭാഗ്യത്തിന് കിട്ടിയ ഒരു ഫ്ളൈറ്റ്. വന്നിറങ്ങിയപ്പോഴേക്കും ഹർത്താൽ തുടങ്ങി. എയർപ്പോട്ടിനു മുന്നിൽ ഒറ്റ വണ്ടിയില്ല. വിളിക്കാൻ പോയ ബാലന്റെ കാർ വഴിയിൽ തടഞ്ഞുനിർത്തി കുറേക്കഴിഞ്ഞാണ് വിട്ടത്. അവരിപ്പോ എത്തും. ഇനി വൈകില്ലായിരിക്കും’’.

''ഹർത്താലല്ലേ... പറയാൻ വരട്ടെ…’’

പന്തലിന്റെ നടുക്കിട്ട ബെഞ്ചിലേക്ക് കിടത്താൻ ആളുകൾ ദിക്ക് നോക്കി പാടുപെടുന്നതിനിടെ തോർത്തിൽപെട്ട വരാലിനെപ്പോലെ കുതറാനാണ് തോന്നിയത്. ദേഹമനക്കാൻ പറ്റിയിരുന്നെങ്കിൽ... ഒരു വിരലെങ്കിലും. മൂത്തവൻ ഈറനുടുത്ത് വന്നു നിൽപ്പുണ്ട്. അവന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നു. സൗദാമിനിയുണ്ട് തൊട്ടടുത്ത്. അവളുടെ ശബ്ദം കേട്ടാൽ മരിച്ചയാളുടെ പേര് നാരായണൻ എന്നാണെന്ന് തോന്നും. പരമാണു തോറും ചതിയുടെ കോച്ചിപ്പിടുത്തം. മരവിപ്പ് പടരുന്നു.

ഇന്നലെ കണ്ട കർമിയും എത്തിയിട്ടുണ്ട്. അയാളുടെ കയ്യിൽ ഒരു താലം. പ്രകാശൻ അയാളോട് എന്തോ പറയാൻ ശ്രമിക്കുന്നു. ഡെൽറ്റയുടെ സെക്രട്ടറിയാണ് പ്രകാശൻ. കഴിഞ്ഞ മൂന്നാലു വർഷമായി തന്റെ വലംകൈ. അവസാന വാക്ക് കുടുംബത്തിന്റേതാണല്ലോ. അവൻ നിസ്സഹായനാണ്. സൗദാമിനിയോ മകനോ അല്ല, താലത്തിലെ അരിയും പൂവും കൂട്ടിക്കുഴയ്ക്കുന്നതിനിടെ കർമിയാണ് മറുപടി കൊടുക്കുന്നുന്നത്. ഗതി കെട്ടപ്പോൾ പ്രകാശന്റെ ശബ്ദം അല്പമൊന്നുയർന്നു. രണ്ടാഴ്ച മുൻപാണ് ഒരു രാഷ്ട്രീയനേതാവിന്റെ പൊതുദർശനത്തിന് പ്രകാശനുമൊത്ത് ടൗൺ ഹാളിൽ പോയത്. നിരീശ്വരവാദിയായ നേതാവിന്റെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നവരുടെ ബഹളം കേട്ട് മടുത്തുമടങ്ങി. പിറ്റേന്ന് നടന്ന ഡെൽറ്റയുടെ യോഗത്തിൽ ആത്മാവായിരുന്നു വിഷയം. യോഗത്തിന്റെ അവസാനം ദാസൻ കാച്ചിക്കുറുക്കി ഇങ്ങനെ പറഞ്ഞിരുന്നു: 'ദൈവം. പരലോകം. ആത്മാവ്... മനുഷ്യനെ മെരുക്കാനുള്ള വെറും കാവ്യസങ്കല്പങ്ങൾ.'

മുറ്റത്തൊരു കാർ വന്നുനിന്നു. ബാലനെത്തി. മരിച്ചവർക്കും ശ്വാസം വിടാനാകുമോ?
''മോനെ...'', കാറിനടുത്തേക്ക് ഓടിച്ചെന്ന് സൗദാമിനി മകനെ അണച്ചുപിടിച്ചു. ഒരു കൈ കൊണ്ട് അമ്മയെ ചേർത്തുപിടിച്ച് അവൻ അടുത്തേക്ക് വന്നു. അയാൾ വാക്കുകൾ മറന്നുപോയി. എന്തൊക്കെയോ പറയാനുണ്ട്. ഉരുക്കുപോലെ ഉറച്ചുതീർന്ന താടിയെല്ലിൽ തട്ടി ചത്തുവീണ വാക്കുകൾ തൊണ്ടയ്ക്കുള്ളിൽ എരിഞ്ഞു. കല്ലിച്ച കൺപോളകൾക്കടിയിൽ കണ്ണീർ മഞ്ഞായി. അവനു മനസ്സിലാകും.

ബാലന്റെ വിരലുകൾ അവന്റെ തോളത്ത് പതിയെ അമരുന്നു.
‘ദൈവമേ…’,
ബാലന്റെ ആ നിലവിളിയിലും മകൻ ഊട്ടിയ പുന്നെല്ലിന്റെ രുചിയിലും ദൈവദാസൻ അറിഞ്ഞു, കണ്ടതൊന്നും കിനാവായിരുന്നില്ലെന്ന്.


അനന്യ ജി.

കഥാകൃത്ത്, നോവലിസ്റ്റ്. മാതൃഭൂമിയിൽ ജേണലിസ്റ്റ്. പാട്ടുപാവാട, ചിരിയുടെ തുടക്കം (കഥകൾ) സ്വസ്തി, ഞാൻ സീത, ചിത്രായനം, കർത്താവ് ആരെയെല്ലാം സംരക്ഷിക്കും (നോവലുകൾ), പെലെ: ഇതിഹാസത്തിന്റെ ഇതിഹാസം (ജീവചരിത്രം) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments