കുമാരസംഭവം

ബലം പ്രയോഗിച്ച് ഒരാൾ ഒരു സാധനം എടുക്കാൻ നോക്കുമ്പോൾ നമുക്ക് വിഷമമുണ്ടാകും. അതേ സാധനം നമ്മൾ അവർക്ക് നമ്മുടെ ഇഷ്ടപ്രകാരം കൊടുക്കുന്നു എന്നു വിചാരിച്ചാൽ അതോടെ വിഷമം ഇല്ലാതാകും. അങ്ങനെ ആലോചിച്ചതോടെ എന്റെ ശരീരത്തിന്റെ വേദന ഇല്ലാതായി.

ഒന്ന്: സഹനം

ച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ്, പന്ത്രണ്ടുകൊല്ലം കഴിഞ്ഞുണ്ടായ കൊച്ചാണ് ഞാൻ. ഉടമ്പള്ളിക്കാവിൽ വാലിശം വഴിപാടു നേർന്ന് കിട്ടിയത്. ഒരു ആൺതരി വേണമെന്നാണ് പ്രാർഥിച്ചതെങ്കിലും കിട്ടിയത് പെണ്ണാണ്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ സകലരും നല്ലവണ്ണം കറുത്താണ്. ഞാൻ പക്ഷേ, വെളുത്ത് സുന്ദരിക്കൊച്ചായിരുന്നു. ഞാൻ ഉണ്ടായപ്പോഴത്തെ ഭംഗിയെപ്പറ്റി പറഞ്ഞുകേട്ട്, ഒന്ന് കാണാനായിട്ട്, പഞ്ചായത്തിന്റെ മറ്റേ അറ്റത്തു കിടക്കുന്ന മൂന്നാം വാർഡിൽനിന്നുവരെ കടത്തുകടന്ന് പെണ്ണുങ്ങൾ വന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ദേഹത്തിന്റെ സൗന്ദര്യം എന്നു പറഞ്ഞാൽ വലിയ ഒരു കാര്യമാണ് മനുഷ്യർക്ക്. അതിനു കാരണമുണ്ട്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള സാധനം ദൈവമാണ്. ആ ഭംഗി കാണാൻ പറ്റാത്ത മനുഷ്യന് അതിന്റെ ഏറെക്കുറെ അടുത്ത ഒരു ധാരണ കിട്ടുന്നത് മനുഷ്യശരീരത്തിന്റെ ഭംഗി കാണുമ്പോഴാണ്. അതോർക്കാതെ, ഈ ഭംഗിയുള്ള ശരീരം ദൈവം എന്തിന് തന്നു എന്ന് ആലോചിക്കാതെ, നമ്മൾ മതിമറക്കുന്നു.

പന്ത്രണ്ടാം കൊല്ലത്തെ കടിഞ്ഞൂലിനു പുറകേ ഈരണ്ടു കൊല്ലം ഇടവിട്ട് അമ്മ പിന്നെയും രണ്ട് പെറ്റു. ഒരു വഴിപാടും നേരാതെ, ഒരാണും ഒരു പെണ്ണും. അച്ഛന്റെയും അമ്മയുടെയും നേർപകർപ്പുകണക്കെ രണ്ടെണ്ണം. ദൈവത്തിന്റെ ഓരോ കളികൾ.

അനിയൻ ഉണ്ടാകുന്നതുവരെ അമ്മയ്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നെങ്കിലും അവൻ വന്നതോടെ അവനെയായി കാര്യം. പിന്നെ അനിയത്തി ഉണ്ടായപ്പോൾ അവളോട് കൂടുതൽ ഇഷ്ടം. അച്ഛന് പക്ഷേ, എല്ലാക്കാലത്തും ഞാൻ കഴിഞ്ഞിട്ടേ ലോകത്ത് ആരും ഉള്ളായിരുന്നു.

അപ്പൂപ്പനും അമ്മൂമ്മയും ഞങ്ങൾ അഞ്ചുപേരുംകൂടി സന്തോഷമായിട്ടുതന്നെയാണ് കഴിഞ്ഞത്. വീട്ടുവേലയ്ക്കുപോയിരുന്ന അമ്മ ഞങ്ങളുണ്ടായതിൽപ്പിന്നെ അതു നിറുത്തി. പക്ഷേ, അച്ഛൻ കമ്പനിയിൽ ദിവസക്കൂലിക്ക് ജോലിചെയ്തിരുന്നതുകൊണ്ട് ചുറ്റുപാടുമുള്ള മിക്ക വീട്ടിലെയുംകണക്ക് പട്ടിണി ഇല്ലായിരുന്നു.

ഉടമ്പള്ളിക്കാവിലെ രീതിയനുസരിച്ച് വാലിശം വഴിപാടു നേർന്നുണ്ടായ കൊച്ചുങ്ങളെ മൂന്നും നാലും വയസ്സിനിടയ്ക്ക് നടതള്ളണം. പിന്നെ ഒരു കൊല്ലംകഴിഞ്ഞ് വന്ന്, പണംകൊടുത്ത്, തിരികെ മേടിച്ചു കൊണ്ടുപോകാം. അതുവരെ സാക്ഷാൽ അന്നപൂർണ്ണേശ്വരിയുടെ വാലിശക്കാരായിട്ട് കാവിൽ വളരും. അച്ഛന് എന്നെ വിട്ടുകൊടുക്കാൻ തീരെ മനസ്സില്ലായിരുന്നതുകൊണ്ട് ദേവിക്ക് ഇങ്ങനെയൊരു കടമുണ്ടെന്ന ഭാവമേ ഇല്ലാതെ ജീവിച്ചു. അമ്മയെങ്ങാനും ഓർമ്മിപ്പിച്ചാൽ ചീത്തവിളിച്ച് വായടപ്പിക്കും. ഞാനാണെങ്കിൽ, കൊച്ചായതുകൊണ്ട് ഒന്നും അറിഞ്ഞതും ഇല്ല.

തമ്പാൻ അപ്പൂപ്പൻ എന്നുപറഞ്ഞ ഒരു ദിവ്യാത്മാവാണ് അന്ന് കാവിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ഞങ്ങളുടെ നാട്ടിൽനിന്ന് കാവിൽ ചെന്ന ഒരാളോട് അപ്പൂപ്പൻ ഒരു തവണ വാലിശം വഴിപാടിന്റെ കാര്യം ഓർമ്മപ്പെടുത്താൻ പറഞ്ഞയച്ചു. ആ പെണ്ണുംപിള്ള അതു പറയാൻ വീട്ടിൽ വന്നപ്പോൾ അച്ഛൻ അവരെയും ചീത്തപറഞ്ഞ് ഇറക്കിവിട്ടു.

എനിക്ക് അഞ്ചു വയസ്സുള്ള സമയത്താണ് ഇനി പറയാൻ പോകുന്ന സംഭവങ്ങൾ നടക്കുന്നത്. അതാണ് എന്റെ കഥയുടെ ശരിയായിട്ടുള്ള തുടക്കം എന്നാണ് എന്റെ തോന്നൽ. അന്ന്, ആറു വയസ്സ് തികയുന്നതിനുമുമ്പ് രൂപപ്പെട്ട ആ ഞാൻതന്നെയാണ് ഇന്ന് ഈ നാൽപ്പത്തിരണ്ടു വയസ്സുള്ള ശരീരത്തിനകത്തിരിക്കുന്ന ഞാൻ. ചെറിയ വ്യത്യാസങ്ങളേ ഉള്ളൂ.

എന്നെ പള്ളിക്കൂടത്തിൽ ചേർത്തു. യൂണിഫോം തയ്ച്ചത് മേടിക്കാൻ പോയ ദിവസം അച്ഛൻ എന്നെയും കൊണ്ടുപോയി. ഹോട്ടലിൽനിന്ന് വയറുനിറച്ച് പൊറോട്ടയും ഇറച്ചിയും മേടിച്ചുതന്ന് തിരിച്ചു വരുമ്പോൾ വീടിന്റെ പടിക്കൽ ഒരാൾ നിൽക്കുന്നത് കാണുകയാണ്. വെളുത്ത താടിമീശയൊക്കെയായിട്ട്, എല്ലിച്ച ഒരാൾ. നെറ്റിയിൽ ഭസ്മക്കുറിയും കുങ്കുമപ്പൊട്ടും. നരച്ച കാവിജുബ്ബ. അമ്മയും അമ്മൂമ്മയും ഇളയതുങ്ങളും എല്ലാം വീട്ടുവാതിൽക്കൽ ഇറങ്ങിനിൽക്കുന്നു.

എന്നെത്തന്നെ നോക്കി അനക്കമില്ലാതെ നിൽക്കുകയായിരുന്നു ആ മനുഷ്യൻ. അയാളെ കണ്ടതും വലിയ ധൈര്യക്കാരനായിട്ടുള്ള അച്ഛൻ എന്റെ കൈയിൽക്കയറി ഇറുക്കിപ്പിടിച്ചു. എന്നിട്ട് ‘പേടിക്കണ്ടാ, പേടിക്കണ്ടാ’ എന്ന് പിറുപിറുത്തു. അതുവരെ ഒരു പേടിയും ഇല്ലാതിരുന്ന എനിക്ക് അതു കേട്ടപ്പോൾ ചെറിയൊരു പേടി തുടങ്ങി. ആ മനുഷ്യന്റെ നോട്ടം പയ്യെ അച്ഛന്റെ മുഖത്തോട്ട് തിരിഞ്ഞു. അച്ഛൻ അയാളുടെ മുഖത്തു നോക്കിയില്ല. അച്ഛന്റെ കൈയ് വിയർക്കുന്നുണ്ടായിരുന്നു.

“എന്നെ ഇങ്ങോട്ട് വരുത്തി,” അയാൾ അച്ഛനോട് പറഞ്ഞു. മുഴങ്ങുന്ന ഒച്ച. കാടുപിടിച്ച താടിമീശയ്ക്കടിയിൽ വായ് അനങ്ങുന്നത് കാണാൻ പറ്റാത്തതുകാരണം ആ ഒച്ച ഒരു അശരീരികണക്കെയാണ് തോന്നിയത്. ആ ശരീരത്തുനിന്ന് പുകയുടെ മണമടിച്ചു. വിറകും ചൂട്ടും കത്തിയ പുക.

അച്ഛൻ മറുപടി പറയാതെ അമ്മയുടെ നേരെ തിരിഞ്ഞു. “എന്നാടീ അകത്തുകേറ്റി ഇരുത്താഞ്ഞത്?”

“ഞാന്-”

അമ്മ പറഞ്ഞുതീർക്കുന്നതിനുമുമ്പ് വന്നയാൾ ഇടപെട്ടു. “ഞാൻ വീടുകളിൽ കേറാറില്ല.”

പിന്നെ കുറേനേരത്തേക്ക് ആരും മിണ്ടിയില്ല.

ഒടുക്കം അച്ഛൻ പറഞ്ഞു, “ഇപ്പോൾ പോയാട്ടെ. ഒരാഴ്ചയ്ക്കകത്ത് ഞങ്ങൾ അങ്ങോട്ട് എത്തിച്ചുതന്നേക്കാം.”

വന്നയാൾ പോയിക്കഴിഞ്ഞപ്പോൾ അതാരാണെന്ന് ഞാൻ തിരക്കി. ആരും ഒന്നും പറഞ്ഞില്ല.

അടുത്ത ചൊവ്വാഴ്ച സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. അഞ്ചുമണിക്ക് എന്നെ വിളിച്ചുണർത്തുമ്പോൾ മഴ ഇരച്ചുപെയ്യുകയാണ്. എന്നെ കുളിപ്പിച്ച്, യൂണിഫോം ഇടീച്ച് ഒരുക്കിയത് അമ്മയും അമ്മൂമ്മയും കൂടിയാണ്. രണ്ടുപേരുടെയും മുഖത്ത് ഒരു സങ്കടംപോലെ തോന്നിയെങ്കിലും ഞാൻ അത് അത്ര കാര്യമാക്കിയില്ല. അച്ഛനായിരിക്കും എന്നെ പള്ളിക്കൂടത്തിൽ കൊണ്ടുവിടുന്നത് എന്നായിരുന്നു എന്റെ വിചാരം. പക്ഷേ, അമ്മയും സാരിയുടുത്ത് ഒരുങ്ങുന്നത് കണ്ടു. കാപ്പികുടിയും കഴിഞ്ഞ് ഇറങ്ങുമ്പോൾ പിള്ളേർ പള്ളിക്കൂടത്തിലോട്ട് പോയിത്തുടങ്ങുന്ന സമയം ആയിട്ടില്ലല്ലോ എന്ന് എനിക്ക് തോന്നി. സ്ലേറ്റും പുസ്തകവും ഒന്നും എടുക്കണ്ട എന്നു പറഞ്ഞപ്പോൾ സംശയമായി. ചോദിച്ചപ്പോൾ നമ്മൾ ഇന്നൊരു അമ്പലത്തിലേക്കാണ് പോകുന്നതെന്ന് പറഞ്ഞു.

“അപ്പോൾ, ഇന്ന് പള്ളിക്കൂടത്തിൽ പോകുന്നില്ലയോ?” ഞാൻ ചോദിച്ചു.
ആരും ഒന്നും മിണ്ടിയില്ല,
ഞാൻ പിന്നെയും ചോദിച്ചു, “നാളെ പോകുമോ?”
“ഉം,” അച്ഛൻ മൂളി.

വഴിനീളെ അടച്ചുപിടിച്ച മഴയായിരുന്നു. രണ്ടു കടത്തും രണ്ടു ബസ്സും കയറിയിറങ്ങി ഉടമ്പള്ളിക്കാവിൽ എത്തിയപ്പോഴത്തേക്ക് ഉച്ചയ്ക്ക് നട അടയ്ക്കാറായിരുന്നു. താടി വളർത്തിയ ആ മനുഷ്യനെ അവിടെവെച്ച് പിന്നെയും കണ്ടു. എനിക്ക് ഓർമ്മയുള്ള ആ മണമായിരുന്നു അയാൾക്ക്. വിറകുപുകയുടെ മണം.

അമ്മ പറഞ്ഞു, “തമ്പാനപ്പൂപ്പനെ നമസ്കരിക്ക് മോളേ.”
“വേണ്ടവേണ്ട,” പതിഞ്ഞ ഒച്ചയാണെങ്കിലും അതിന് ഒരു ശക്തിയുണ്ടായിരുന്നു. “നമസ്കാരമൊക്കെ അങ്ങ് ദേവീടെ മുമ്പിൽ’’.

അപ്പോഴേക്കും മഴ തോർന്നിരുന്നു. നാലമ്പലത്തിന്റെ കറുത്ത ഓട്ടിൻപുറത്തുനിന്ന് വെള്ളം ഇറ്റിവീഴുന്നതും അതിന്റെ ദ്രവിച്ച മോന്തായത്തിനടിയിൽ നനഞ്ഞ പ്രാവുകൾ കൂനിപ്പിടിച്ചിരിക്കുന്നതും നോക്കി നിൽക്കുകയായിരുന്നു ഞാൻ.

‘വാ’ എന്നു പറഞ്ഞ് തമ്പാൻ അപ്പൂപ്പൻ എന്റെ കൈപിടിച്ചു. അമ്പലക്കുളത്തിന്റെ കരയ്ക്ക് ഒരു തെങ്ങിൻതടത്തിൽ കൊണ്ടിരുത്തി. കുത്തിയിരിക്കുന്ന എന്റെ കഴുത്തുപിടിച്ച് രണ്ടു മുട്ടുകാലിന്റെയും ഇടയ്ക്കു വെച്ച് ഇറുക്കിയങ്ങ് പിടിച്ചു. തല ചെരയ്ക്കാൻ പോകുകയാണെന്ന് അറിയാൻമേലാതിരുന്നതുകൊണ്ട് ഞാൻ ഉറക്കെക്കരഞ്ഞു.

സാധാരണ അഞ്ചുവയസ്സുള്ള ഒരു കൊച്ചിന്റെ മുടിയല്ലായിരുന്നു എനിക്ക്. നീണ്ടുചുരുണ്ട് നല്ല കട്ടിയുള്ള ആ മുടിമുഴുവൻ വടിച്ചങ്ങ് കളഞ്ഞു. മൊട്ടത്തലയുംകൊണ്ട് ഞാൻ എഴുന്നേറ്റു വരുന്നതുകണ്ട് അമ്മയും കരഞ്ഞു. അച്ഛൻ ദൂരെ മാറിനിന്ന് കണ്ണു തുടയ്ക്കുന്നത് കണ്ടു.

അമ്പലക്കുളത്തിൽ കുളിപ്പിച്ച്, മഞ്ഞമുണ്ട് ഉടുപ്പിച്ച്, അമ്മ എന്നെ നാലമ്പലത്തിനകത്തോട്ട് കൊണ്ടുപോയി. തമ്പാൻ അപ്പൂപ്പൻ ഭസ്മം കുഴച്ചു കൊണ്ടുവന്ന് മൊട്ടത്തലയിൽ പുരട്ടി. പൂജചെയ്യുന്ന തിരുമേനി വന്ന് നമസ്കരിച്ചു കിടക്കാൻ പറഞ്ഞു. എന്റെ ദേഹത്ത് തീർഥം തളിച്ച് പൂവും കുങ്കുമവും വിതറി. എഴുന്നേറ്റ് അച്ഛന്റെയും അമ്മയുടെയും അടുത്തോട്ട് ചെന്നപ്പോൾ അവരെ തൊടാതെ മാറിനിൽക്കാൻ പറഞ്ഞു അപ്പൂപ്പൻ.

“ഉടുപ്പൊക്കെ അവിടെ വെച്ചേരെ,” അപ്പൂപ്പൻ അമ്മയോട് പറഞ്ഞു.
അമ്മ കൈയിലെ കവർ തൂണിൽ ചാരിവെച്ചു.
“ഇത്രേമൊന്നും പാടില്ല.” അപ്പൂപ്പൻ കല്പിച്ചു, “രണ്ടുജോടി ഇവിടെ വെച്ചിട്ട് ബാക്കി തിരിച്ച് എടുത്തോണം.”

കവറിനകത്തുനിന്ന് എന്റെ ഉടുപ്പും ഷഡ്ഡിയും എടുത്ത് വെളിക്കു വെക്കുന്നത് കണ്ടപ്പോഴാണ് അതിനകത്ത് അതായിരുന്നു എന്ന് ഞാൻ അറിഞ്ഞതുതന്നെ. എന്നിട്ടും എനിക്ക് കാര്യം മനസ്സിലായില്ല.

“എങ്കിൽ ശരി, പൊയ്‌ക്കോ.” തമ്പാൻ അപ്പൂപ്പൻ തലയാട്ടി. “ഇന്ന് ഇടവത്തിലെ കാർത്തികയാ, ഓർത്തോണം. അടുത്തകൊല്ലം ഈ ദിവസം നൂറ്റൊന്നു രൂപയുംകൊണ്ട് വന്നാൽ കൊച്ചിനെ കൊണ്ടുപോകാം. അതിനുമുമ്പ് കാണാനെന്നൊന്നും പറഞ്ഞ് വന്നേക്കരുത്.”

അച്ഛൻ ഒരക്ഷരം മിണ്ടാതെ മുഖം വെട്ടിത്തിരിച്ച് ഇറങ്ങിനടന്നു. അമ്മ കരഞ്ഞുകൊണ്ടു നിന്നപ്പോൾ ഏതാണ്ട് ഒരു പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ അമ്മയുടെനേരെ ഓടാൻ തുടങ്ങി.

അപ്പൂപ്പൻ എന്റെ കൈയിൽ കയറിപ്പിടിച്ചു. എന്നിട്ട് അമ്മയോട് ചോദിച്ചു, “കൊച്ചിനോടു പറഞ്ഞിട്ടല്ലയോ കൊണ്ടുവന്നത്?”

അമ്മ കരച്ചിലിനിടയിൽ ‘അല്ല’ എന്ന് തലയാട്ടി.

“പറഞ്ഞു മനസ്സിലാക്കീട്ട് കൊണ്ടുവരണമെന്ന് പറഞ്ഞിട്ടില്ലായിരുന്നോ?” അപ്പൂപ്പൻ ഒച്ചവെച്ചു. അമ്മ സാരിവെച്ച് വായുംപൊത്തി മഴയത്തുകൂടി അച്ഛന്റെ പുറകെ ഓടി.

അലറിക്കരച്ചിലായിരുന്നു ഞാൻ. അപ്പൂപ്പൻ എന്നെ എടുത്ത് മടിയിൽ വെച്ച് ബലിക്കൽപ്പുരയിൽ ഇരുന്നു. ഞാൻ കൈയും കാലും ഇട്ട് കുടഞ്ഞ് ഇറങ്ങിയോടാൻ നോക്കി. പക്ഷേ, അനങ്ങാൻ പറ്റിയില്ല. അപ്പൂപ്പൻ എല്ലിച്ച കൈകൊണ്ട് ഒട്ടും നോവാതെയാണെങ്കിലും ഇറുക്കെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. എന്നിട്ട് എന്റെ കാതിൽ മുഖം ചേർത്തുവെച്ച് നാമം ജപിച്ചു.

‘അച്ഛാ, അമ്മേ’ എന്നു വിളിച്ച് ഞാൻ കരഞ്ഞു.
“മോള് കരയണ്ട,” എന്റെ കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ ജപിക്കുന്ന അതേ സ്വരത്തിൽ അപ്പൂപ്പൻ പറഞ്ഞു, “ആണ്ടെ നോക്കിയേ... അമ്മ അവിടെ ഉണ്ടല്ലോ.”

അപ്പൂപ്പൻ കൈ കാണിച്ചത് നടയ്ക്കുനേരെയാണ്. ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ ഇരുട്ടത്ത് കത്തിച്ചുവെച്ച വിളക്കല്ലാതെ ഒന്നും കണ്ടില്ല. അപ്പൂപ്പന്റെ പുകമണത്തിൽ മുങ്ങിയിരുന്ന്, ഞാൻ പിന്നെയും കുറേ കരഞ്ഞു.

“മോൾക്ക് അറിയാമോ?” അപ്പൂപ്പൻ പിന്നെയും പറഞ്ഞു. “മോൾടെ അച്ഛനും അമ്മയ്ക്കും മോളെ കൊടുത്തത് ഈ കാവിലെ അമ്മയാ, ആര്?”

ഞാൻ പിന്നെയും നടയ്ക്കുനേരെ നോക്കി.

“ആ അമ്മയില്ലെങ്കിൽ മോളില്ല. ആ അമ്മയ്ക്ക് മോളെ കളിപ്പിക്കാൻ ഒരു ആഗ്രഹം. അപ്പോൾ, കൊണ്ടുക്കൊടുക്കാതിരിക്കാൻ ഒക്കുമോ? മോൾ കുറച്ചുനാൾ ഈ അമ്മയുടെ മുമ്പിലിങ്ങനെ കളിച്ചുനടക്കണം. അതു കഴിയുമ്പം, അമ്മയും അച്ഛനും വന്ന് മോളെ കൊണ്ടുപോകും, കേട്ടോ?”

ഞാൻ പിന്നെയും വിമ്മിവിമ്മിക്കരഞ്ഞു.
“മോൾക്ക് സങ്കടം ഉണ്ട്, ഇല്ലയോ?”
ഞാൻ തലയാട്ടി.

“ഇത്രയുംനേരം അച്ഛനേം അമ്മേം കാണാതിരുന്നപ്പോൾ മോൾക്ക് ഇത്രയും സങ്കടം.” അപ്പൂപ്പൻ പറഞ്ഞു, “അങ്ങനെയാണെങ്കിൽ, പന്ത്രണ്ടുകൊല്ലം മോളെ കാണാതിരുന്ന അവരുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കിയേ. അവരുടെ ആ വലിയ സങ്കടം മാറ്റാൻ മോള് മോൾടെ കൊച്ചു സങ്കടം സഹിക്കണം, വേണ്ടായോ?”

ഞാൻ ആലോചിച്ചുനോക്കി, ശരിയാണല്ലോ.

അപ്പോഴാണ് അപ്പുറത്ത് മൊട്ടയടിച്ച നാലഞ്ചു തലകൾ ഞങ്ങളെ നോക്കി നിൽക്കുന്നത് കണ്ടത്. എന്നെക്കാട്ടിലും പീക്കിരിക്കൊച്ചുങ്ങൾ. അന്നപൂർണ്ണേശ്വരിയുടെ വാലിശക്കാർ. അപ്പൂപ്പൻ പറഞ്ഞു, എന്റെ ഉടുപ്പും എടുത്ത് അവരുടെകൂടെ ചെന്നോളാൻ.

രണ്ട്: വിദ്യ

കൊച്ചുങ്ങളും തമ്പാൻ അപ്പൂപ്പനുമായിരുന്നു പിന്നത്തെ ഒരു കൊല്ലക്കാലം എന്റെ കുടുംബം.

ഞാൻ എപ്പോഴും വിചാരിക്കും, ഒരു നോട്ടുപുസ്തകം എടുത്ത്, എന്റെ ഈ നാൽപ്പത്തിരണ്ടു കൊല്ലത്തെ ജീവിതം എഴുതിവെച്ചാൽ അതിന്റെ പാതിയെങ്കിലും ഉടമ്പള്ളിക്കാവിലെ ഒരൊറ്റക്കൊല്ലമായിരിക്കും എന്ന്. അവിടുത്തെ കാര്യങ്ങൾ ഓർക്കാത്ത ഒരു ദിവസമില്ല. അത്ര പ്രധാനമാണ് എനിക്ക് ആ കാലം.

എന്നെ നടതള്ളിയിട്ട് രണ്ടുമൂന്ന് ആഴ്ചക്കാലം ദിവസവും പലപ്രാവശ്യം കരയുമായിരുന്നു. രാത്രി കിടക്കുമ്പോഴും രാവിലെ ഉണർന്നുകഴിഞ്ഞും കുറേനേരം കരയും. പിന്നെ, ഇടയ്ക്കിടയ്ക്ക് വീട്ടിലെക്കാര്യം ഓർമ്മവരുമ്പോഴും. അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും അമ്മൂമ്മയെയും ഇളയ പിള്ളേരെയും എണ്ണിപ്പെറുക്കി ആലോചിച്ച് കരയും. അടുത്ത വീട്ടിലെ ചെനച്ചുനിൽക്കുന്ന പശുവിനെയും സ്ഥിരം വരുന്ന ഒറ്റക്കണ്ണുള്ള ധർമ്മക്കാരി അമ്മൂമ്മയെയും ഓർത്ത് കരയും. തമ്പാൻ അപ്പൂപ്പൻ കണ്ടാൽ സമാധാനിപ്പിക്കും. കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് അപ്പൂപ്പനും പിള്ളേരും കാൺകെ കരയുന്നത് നാണക്കേടായി. അപ്പോൾപ്പിന്നെ, ഒറ്റയ്ക്കിരിക്കുമ്പോൾ മാത്രം കരയും. കുറേക്കഴിഞ്ഞപ്പോൾ കരച്ചിൽ പോയി മനസ്സിലൊരു വിങ്ങൽ മാത്രമായി. അതും കഴിഞ്ഞപ്പോൾ, വീട്ടിലെ കാര്യങ്ങൾതന്നെ പലതും മറന്നു. പിന്നെ, പുതിയതായിട്ടു വരുന്ന കൊച്ചുങ്ങളുടെ കരച്ചിൽ മാറ്റുന്ന ആളായി ഞാൻ. ഇത്രയേ ഉള്ളൂ മനുഷ്യന്റെ സങ്കടങ്ങളുടെ ആയുസ്സ്.

ഉടമ്പള്ളിക്കാവിൽ ആണും പെണ്ണുമായിട്ട്, മൂന്നു വയസ്സുതൊട്ട് നാലര വയസ്സുവരെയുള്ള പിള്ളേരാണ് ഉണ്ടായിരുന്നത്. വാലിശം തീരുന്ന കൊച്ചുങ്ങളെ വീട്ടുകാർ വന്ന് കൊണ്ടുപോകും. അവർ പോകുമ്പോൾ എല്ലാവരും കരയും. അതിനിടയ്ക്ക് വേറെ ചിലർ വരും. കൊല്ലം മുപ്പത്താറു കഴിഞ്ഞിട്ടും, സ്വന്തം കൂടപ്പിറപ്പുകളെക്കാട്ടിലും അടുപ്പമാണ് ഞങ്ങളെല്ലാവരും തങ്ങളിൽ. ഇടയ്ക്ക് ഒരാളെ എവിടെവെച്ചെങ്കിലും കണ്ടാൽ പിന്നെ കുറേ ദിവസത്തേക്ക് സഹിക്കാൻപറ്റാത്ത സന്തോഷമാണ്.

അതിനിടയ്ക്ക് ഒരു കൊച്ചൻ പനിപിടിച്ച് ചത്തുപോകുകയും ചെയ്തു. വെയിലത്ത് കണ്ടമാനം കളിച്ചതാണ്. അതിന്റെ തന്തയും തള്ളയും വരുന്നതിനു മുമ്പുതന്നെ ആശുപത്രിയിലോട്ട് കൊണ്ടുപോകണ്ടിവന്നു. വഴിക്കുവെച്ച് ചാകുകയും ചെയ്തു. ദേവി തന്നത് ദേവിതന്നെ തിരിച്ചെടുത്തു. ആ ഭാര്യയും ഭർത്താവും സന്തതിയില്ലാതെതന്നെ ജീവിച്ച്, വയസ്സാകുന്നതിനുമുമ്പ് ചത്തുപോകുകയും ചെയ്തു എന്നാണ് കേട്ടത്. ഒന്നോർത്താൽ, ദേവി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ് അതൊക്കെ. അവർക്ക് ആ കൊച്ചനെ വളർത്തി വലുതാക്കാനുള്ള ആയുസ്സില്ലെന്ന് അറിഞ്ഞുകൊണ്ട്, അത് അനാഥനായിട്ട് കഷ്ടപ്പെടാതിരിക്കാൻ വേണ്ടി തിരിച്ചുവിളിച്ചതുതന്നെയാണ്.

കാവിൽ നടതള്ളുന്ന കാലത്ത് എനിക്ക് വയസ്സ് അഞ്ചേ ഉള്ളെങ്കിലും ശരീരത്തിന് ഒരു എട്ടു വയസ്സിന്റെ വളർച്ച ഉണ്ടായിരുന്നു. എന്റെ പകുതിപോലും ഇല്ലാത്തതുങ്ങളെയെല്ലാം നയിച്ച് ഞാനങ്ങനെ നടക്കും. എന്നെ അനുസരിച്ചുകൊള്ളണമെന്ന് തമ്പാൻ അപ്പൂപ്പനും എല്ലാവരോടും പറഞ്ഞിട്ടുണ്ടായിരുന്നു.

ഇന്നു കാണുന്ന ഉടമ്പള്ളിക്കാവൊന്നും അല്ലായിരുന്നു അന്ന്. അബ്‌കാരി മുതലാളിമാർ നടത്തുന്ന ഉത്സവവും സീരിയൽ നടിമാരുടെ പൊങ്കാലയും ഒന്നും തുടങ്ങിയിട്ടില്ല. പാലം വരുന്നതിനു മുമ്പുള്ള കാലമായതുകൊണ്ട് ആ വഴിക്ക് ബസ്സും ഇല്ലായിരുന്നു. വല്ലപ്പോഴും വഴിയിൽ കൂടി ഒരു കാറു പോയാൽ അതു കാണാൻ ഞങ്ങൾ ഓടിച്ചെല്ലും. ഇന്നത്തെ അലങ്കാരഗോപുരവും വലിയ മതിൽക്കെട്ടും ഇല്ല. തുറന്നുകിടക്കുന്ന പറമ്പ്. ചാരനിറമുള്ള പൂഴിമണ്ണാണ്. ആഞ്ഞിലിയും അരയാലും മാവും പറങ്കിയും ഒക്കെയായിട്ട് കുറേ മരങ്ങളും ഇടയ്ക്കിടയ്ക്ക് കുറ്റിക്കാടും. വലിയ ഒരു കുളം, ചെറിയ ഒരു കുളം. ഇപ്പോൾ അമ്പലപ്പറമ്പിൽ ഒരു കല്യാണഹാളിന്റെ പണി നടക്കുന്നുണ്ട്. ചിലപ്പോൾ പണി കഴിഞ്ഞുംകാണും. ആ ഹാളിന്റെ സ്ഥാനത്ത് ഓടിട്ട ഒരു കൊച്ചു കെട്ടിടമായിരുന്നു. ഒറ്റ മുറിയും അടുക്കളയും ഒരു കക്കൂസും. അവിടെയായിരുന്നു ഞങ്ങൾ വാലിശക്കാർ കൊച്ചുങ്ങളും അപ്പൂപ്പനും കിടപ്പ്.

അമ്പലത്തിന്റെ മോന്തായത്തിനകത്തു കൂടുകൂട്ടിയിരുന്ന പ്രാവുകളെക്കണക്ക് ഞങ്ങളും കാവിലെ പറമ്പിൽ അങ്ങനെ അലഞ്ഞുതിരിഞ്ഞു നടന്നു. ഞങ്ങളുടെ പ്രായത്തിലുള്ള പിള്ളേർ രാവിലെ പള്ളിക്കൂടത്തിൽ പോകുന്നതുകാണുമ്പോൾ, അല്ലെങ്കിൽ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് വഴിയിൽക്കൂടി നടക്കുന്നതുകാണുമ്പോൾ ചിലപ്പോൾ വിഷമം തോന്നും. അതേ സമയം, അമ്പലത്തിൽ തൊഴാൻ വരുന്നവർ ഞങ്ങളെ നോക്കുന്നത് സ്വല്പം ബഹുമാനത്തിലാണെന്നു കാണുമ്പോൾ ഗമയും തോന്നും. അച്ഛന്റെയും അമ്മയുടെയും പുത്രദുഃഖം ഏറ്റെടുത്ത് സഹനത്തിൽ ജീവിക്കുന്ന കൊച്ചു മുനിമാരാണല്ലോ ഞങ്ങൾ.

അമ്പലങ്ങളിൽ ഇന്നു കാണുന്ന സമൃദ്ധിയൊന്നും ഇല്ലായിരുന്നു അക്കാലത്ത്. പലയിടത്തും വിളക്കിന് എണ്ണയോ നിവേദ്യത്തിന് അരിയോ പോലും ഇല്ലാത്ത അവസ്ഥ. എന്നാൽ ഉടമ്പള്ളിക്കാവിലെ അന്നപൂർണ്ണേശ്വരിക്ക് അന്നും ഒരുനേരംപോലും അന്നദാനത്തിന് മുട്ടുണ്ടായിട്ടില്ല. ഉച്ചപ്പൂജയുടെ സമയത്ത് അമ്പലത്തിൽ ആരുണ്ടെങ്കിലും അവർക്കുള്ള ആഹാരം അവിടെക്കാണും, അത് ക്ഷേത്രം ജോലിക്കാരോ ഞങ്ങളോ തൊഴാൻ വന്നവരോ വീട്ടിൽ തീപുകയാത്ത അയൽവീട്ടുകാരോ ആരായാലും. ഇന്നത്തേതുകണക്കെ സദ്യയൊന്നുമല്ല. പടച്ചോറ്, സാമ്പാറോ പുളിങ്കറിയോ പോലെ എന്തെങ്കിലുമൊരു കൂട്ടാൻ, ഒരു തോരൻ, പിന്നെ മോരും. എന്നുവരികിലും, അതിന്റെയൊരു സ്വാദ് ഒരിക്കൽ ഉണ്ടവർ മറക്കില്ല. അന്നപൂർണ്ണേശ്വരിയുടെ കൈപ്പുണ്യം. അത്രയേറെ നടവരവൊന്നും ഇല്ലെങ്കിലും ഊട്ടിനുള്ള വക എങ്ങനെയെങ്കിലുമൊക്കെ വന്നുകൊണ്ടിരിക്കും. ചിലപ്പോൾ പിറ്റേ ദിവസത്തേക്ക് ഒന്നുമില്ലല്ലോ എന്നു വിചാരിച്ച് ഇരിക്കുമ്പോഴായിരിക്കും ആരെങ്കിലും ഒരു ചേനയോ ഒടിഞ്ഞുവീണ ഒരു കുലയോ ആദ്യമായിട്ട് വിളവെടുത്ത ഒരുകെട്ട് അച്ചിങ്ങയോ വല്ലതും കൊണ്ടുവരുന്നത്. അതൊക്കെ അമ്മയുടെ ഒരു നേരംപോക്ക് എന്നാണ് തമ്പാൻ അപ്പൂപ്പൻ പറയാറ്.

വാലിശക്കാര് കൊച്ചുങ്ങളെ രാവിലെ അഞ്ചുമണിക്ക് വിളിച്ചുണർത്തും അപ്പൂപ്പൻ. അമ്പലക്കുളത്തിൽ ആളുകൂടുന്നതിനുമുമ്പ് പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞോണം. പിന്നെ ജോലിക്കാര്യങ്ങളിൽ അപ്പൂപ്പനെ സഹായിക്കണം. നിവേദ്യച്ചോറു വെക്കുന്നത് അകത്ത് തിരുമേനിയാണെങ്കിലും കറിയൊക്കെ അപ്പൂപ്പന്റെ ചുമതലയാണ്. അടുപ്പിലെ തീയ് നോക്കാനും തേങ്ങാ ചിരകാനും പാത്രം തേക്കാനും മണംകൊണ്ട് സ്വാദറിയാനുമൊക്കെ ഞാൻ അന്നേ പഠിച്ചു. വെറുതെയിരിക്കുന്ന സമയത്ത് മുറ്റത്തെ പുല്ലു പറിക്കണം, അല്ലെങ്കിൽ പറമ്പിലെ കാടു പറിക്കണം. ഉച്ചകഴിഞ്ഞ് അപ്പൂപ്പൻ ഒന്നു കിടക്കും. ആ സമയത്ത് ഞങ്ങൾ കൊച്ചുങ്ങൾക്ക് കളിക്കാം. നാലുമണിക്ക് അപ്പൂപ്പൻ എഴുന്നേറ്റു വന്നുകഴിഞ്ഞാൽ പുസ്തകം വായിച്ച് കഥ പറഞ്ഞുതരും. ഭാഗവതവും രാമായണവും ദേവീഭാഗവതവും ശിവപുരാണവും സ്കന്ദപുരാണവുമൊക്കെ മാറിമാറി വായിക്കും. അതുകഴിഞ്ഞാൽ വൈകിട്ടത്തെ കാര്യങ്ങളായി. തിരി തെറുക്കണം, പൂജാപാത്രങ്ങൾ കഴുകിക്കമിഴ്ത്തണം. അപ്പൂപ്പന് അമ്പലപ്പറമ്പിൽ പച്ചക്കറി കൃഷിയുണ്ട്, അതിന് വെള്ളമൊഴിക്കണം. ഞാൻ വലുതായതുകൊണ്ട് എല്ലാക്കാര്യത്തിലും ശകലം കൂടുതൽ ചുമതല ഉണ്ടായിരുന്നു. സ്വന്തം ജോലിയും ചെയ്യണം, ചെറുതുങ്ങൾക്ക് അപകടമൊന്നും പറ്റാതെ നോക്കുകയും വേണം.

അങ്ങനെ, ഒരു വീടു നടത്താൻ ആവശ്യമുള്ള കാര്യങ്ങളെല്ലാം ഞാൻ ഉടമ്പള്ളിക്കാവിൽനിന്ന് പഠിച്ചു. പിന്നത്തെക്കാലത്ത്, വീടുകളിൽ വേലയ്ക്കു പോകാൻ തുടങ്ങിയപ്പോൾ, ആ പണിയൊന്നും ഒരു പ്രയാസമായിട്ടേ തോന്നിയില്ല.

എന്നെ നടതള്ളിയ സമയത്ത് ഞാൻ കരഞ്ഞ കരച്ചിലോർക്കുമ്പോൾ ഇന്ന് ചിരിയാണ് വരുന്നത്. ആരോ തല്ലിക്കൊല്ലുന്നതുകണക്കെയുള്ള ആ കരച്ചിൽ എന്തിനായിരുന്നു? ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടിയ കാര്യങ്ങളെല്ലാം പഠിച്ചെടുക്കാൻ ഒരു അവസരം കിട്ടിയതിന്. ദൈവം നമുക്കു തരുന്ന ഭാഗ്യങ്ങളൊക്കെ ഓരോ ശിക്ഷയാണെന്നു വിചാരിച്ച്, നെഞ്ചത്തടിച്ച് നമ്മളങ്ങ് കരയുകയാണ്. അന്ന് എൻ്റേത് അറിവില്ലാത്ത പ്രായമായിരുന്നു എന്ന് വിചാരിക്കാം. പക്ഷേ, വളരുന്നതിനനുസരിച്ച് നമ്മൾ മാറുന്നുണ്ടോ? ഇല്ല.

ആലോചിച്ചു നോക്കിയാൽ, ലോകത്ത് എത്ര മനുഷ്യർക്ക് കൊച്ചിലേ ഇത്തരത്തിൽ ഒരു അവസരം കിട്ടുന്നുണ്ട്? ജോലിചെയ്യാൻ പഠിപ്പിക്കുക മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള തത്വങ്ങൾ മുഴുവൻ പറഞ്ഞുതരികയും ചെയ്തിട്ടുണ്ട് തമ്പാൻ അപ്പൂപ്പൻ. ഒന്നിച്ചു ജോലിചെയ്യുന്ന സമയം മുഴുവൻ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നുകൊണ്ടിരിക്കും. വായനയുടെ സമയത്തെ കാര്യം പറയുകയും വേണ്ടാ. നമ്മുടെ പുരാണപുസ്തകങ്ങൾ എടുത്തു നോക്കിയാൽ, വെറുതെയങ്ങ് കഥ പറഞ്ഞു പോയിരിക്കുകയല്ല. ജീവിതത്തിന് ആവശ്യമുള്ള ഒരുപാടു കാര്യങ്ങൾ അതിനകത്ത് പറയുന്നുണ്ട്. പിഞ്ചുപ്രായത്തിൽത്തന്നെ, വാശിയും കുശുമ്പും ദുശ്ശീലങ്ങളും മനസ്സിനകത്തു കടന്നുകൂടുന്നതിനു മുമ്പുതന്നെ, ആ തത്വങ്ങൾ അകത്തോട്ട് കയറ്റിവിട്ടു. മനുഷ്യൻ എന്നു പറഞ്ഞാൽ ഈ ശരീരമല്ല, പരമാത്മാവിങ്കൽനിന്ന് പിരിഞ്ഞുപോന്നിരിക്കുന്ന ഒരു ജീവാത്മാവാണ് എന്നും, തിരികെ ആ പരമാത്മാവിങ്കൽത്തന്നെ ചെന്നു ചേരുകയാണ് നമ്മുടെ ജീവിതോദ്ദേശ്യമെന്നും, അതിനുള്ള ഒരേയൊരു മാർഗം നമുക്കു കിട്ടിയ ഈ ശരീരം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നുള്ളതാണെന്നും ഒക്കെയുള്ള സത്യങ്ങൾ, ലോകത്തെ പല മനുഷ്യർക്കും അറിയാത്ത കാര്യങ്ങൾ, എല്ലാം അന്നുതന്നെ പറഞ്ഞ് ഉറപ്പിച്ചു. വലിയ വലിയ പുസ്തകങ്ങൾ വായിക്കുന്ന ആളുകൾക്കുപോലും അറിയാത്ത വാക്കുകളൊക്കെ ഞാൻ പഠിച്ചത് അപ്പൂപ്പന്റെ മുഖത്തുനിന്നാണ്. ഒരു പുസ്തകംപോലും വായിച്ചിട്ടില്ലാത്ത എന്റെ പുസ്തകമായിരുന്നു തമ്പാൻ അപ്പൂപ്പൻ.

അപ്പൂപ്പൻ കഥപറയുന്നത് എനിക്കായിട്ടു മാത്രമാണെന്ന് അന്നൊക്കെ തോന്നിയിട്ടുണ്ട്. ചിലപ്പോൾ അത് സത്യമായിരുന്നുംകാണും. കാരണം ബാക്കിയുള്ളതൊക്കെ തീരെ കൊച്ചുങ്ങളായിരുന്നല്ലോ. അതെന്തായാലും ഒരു പ്രത്യേക ഇഷ്ടം അപ്പൂപ്പന് എന്നോടുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. മറ്റുള്ളവരുടെ സുരക്ഷ നോക്കാൻ ഞാനും എന്റെ സുരക്ഷ നോക്കാൻ അപ്പൂപ്പനും. ഞാൻ മണിക്കൂറുകണക്കിന് അമ്പലക്കുളത്തിൽ നീന്തിയാലും അപ്പൂപ്പൻ ക്ഷമയോടെ കാവലിരിക്കും. ബാക്കി എല്ലാവരുടെയും മുടി ചെരച്ചുകളയുമ്പോഴും എൻ്റേത് നീളം കുറച്ച് വെട്ടുകയേ ഉള്ളൂ. എവിടെങ്കിലും പോയിട്ടുവരുമ്പോൾ മടിയിൽ ഒരു മിട്ടായിയോ നാലു കപ്പലണ്ടിയോ എന്തെങ്കിലും കാണും. എല്ലാവർക്കും കൊടുക്കാനുള്ളതില്ലെങ്കിൽ എന്നെ വിളിച്ച് മാറ്റിനിർത്തി എടുത്തുതരും. ആരും കാണാതെ വായിലിട്ടോളാൻ പറയും.

ഇന്ന് ആലോചിക്കുമ്പോൾ എനിക്കു തോന്നുന്നത്, തമ്പാൻ അപ്പൂപ്പൻ താടിമീശ കാടുപിടിപ്പിച്ചു വളർത്തിയിരുന്നത് മുഖം ആരും കാണാതിരിക്കാനാണെന്നാണ്. കാരണം, അത്രമാത്രം കളങ്കമില്ലാത്ത ഒരു മുഖമായിരുന്നു അത്. കളങ്കമില്ലാത്ത മുഖങ്ങൾ കണ്ടാൽ പറ്റിക്കാനും ചതിക്കാനും തോന്നുന്ന മനുഷ്യരുള്ള ലോകമായതുകൊണ്ട് അതങ്ങ് മറച്ചുവെച്ചു. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ ഏറ്റവും ദിവ്യത്വമുള്ള ആളായിരുന്നു അപ്പൂപ്പൻ.

മൂന്ന്: ശ്രദ്ധ

ണക്ക് എന്നു പറഞ്ഞാൽ മനുഷ്യന് ഒട്ടുമേ ആവശ്യമില്ലാത്ത ഒരു കണ്ടുപിടുത്തമാണ്. അതുകൊണ്ടായിരിക്കും എനിക്ക് ഒരുകാലത്തും കണക്ക് മനസ്സിലായിട്ടുമില്ല. ഞാൻ വേലയ്ക്കു നിൽക്കുന്ന വീട്ടുകാരൊക്കെ ഒന്നാം തീയതിയാകുമ്പോൾ കലണ്ടർ നോക്കുന്നത് കാണാം. പണിക്കു വന്ന ദിവസവും വരാത്ത ദിവസവും നോക്കി, വിരൽ മടക്കി ജപിച്ച്, കടലാസെടുത്ത് കുറിച്ച് ഹരിച്ച്, കണക്കുകൂട്ടി, കുറേ നോട്ടെടുത്ത് കൈയിലോട്ട് തരും. എനിക്കാണെങ്കിൽ ഒരു കണക്കും ചെയ്യാതെതന്നെ പറയാൻ പറ്റും, അവരുടെ കണക്ക് ശരിയാണോ എന്ന്. ശരിയല്ലെങ്കിൽ ഞാനത് പറയും. ശരിയാണെങ്കിൽ മടക്ക് നിവർത്തുപോലും നോക്കാതെ ഇങ്ങ് മേടിക്കുകയും ചെയ്യും.

എന്നെ ഉടമ്പള്ളിക്കാവിൽനിന്ന് തിരികെക്കൊണ്ടുവന്ന് ഒന്നാംക്ലാസിൽ ചേർത്തപ്പോൾ ആറു വയസ്സു കഴിഞ്ഞു. ഒന്നാം ക്ലാസിൽ കണക്കു പഠിപ്പിച്ചത് സദാനന്ദൻ എന്നു പേരുള്ള ഒരു സാറാണ്. പേരിനകത്ത് മാത്രമേ ഉള്ളൂ ആനന്ദം. ആ മുഖംതൊട്ട് കാൽവിരലുവരെ ദേഹം ആസകലം ദേഷ്യമാണ്. പിള്ളേരെ വല്ലാതെ ഉപദ്രവിക്കും. വലിയ ക്ലാസിലൊക്കെ ചൂരൽ പ്രയോഗമാണ്. കൊച്ചു ക്ലാസിലെ പിള്ളേരെ പിച്ചും. ചെവി പിടിച്ച് കിഴുക്കും. പെൺപിള്ളേരുടെ കൈയിൽ, കക്ഷത്തിനു താഴെയുള്ള മാർദവമുള്ള തൊലി ഞെരടും, ആൺപിള്ളേരുടെ തുടയും. ‘ശ്രദ്ധിക്കാമോ? ശ്രദ്ധിക്കാമോ?’ എന്നു ചോദിച്ചാണ് പിച്ചിപ്പറിക്കുന്നത്. കരയാത്ത ദിവസങ്ങളില്ല. വേദനകൊണ്ട് ഷഡ്ഡിയിൽ മൂത്രം പോയിട്ടുണ്ട് പലവട്ടം.

ഞാൻ വീട്ടിൽച്ചെന്ന് കരഞ്ഞുപറഞ്ഞു. അമ്മയ്ക്ക് എന്റെ വിശേഷമൊന്നും കേൾക്കാനുള്ള സമയമില്ല. വീട്ടിൽ നൂറുകൂട്ടം ജോലിയാണ്. എന്റെ ഇളയ രണ്ടെണ്ണത്തിനെ നോക്കണം. അപ്പൂപ്പൻ കിടപ്പിലാണ്. അമ്മൂമ്മയ്ക്ക് വലിയ ആരോഗ്യവുമില്ല. അപ്പൂപ്പനോടും അമ്മൂമ്മയോടും ചെന്നു പറഞ്ഞാൽ അവർ അവരുടെ കാലത്ത് ആശാൻകളരിയിൽ ഉണ്ടായിരുന്ന ഇതിലും ഭയങ്കരമായിട്ടുള്ള ശിക്ഷകളുടെ കാര്യം പറയും. അല്ലാതൊരു പോംവഴി അവരുടെയടുത്തും ഇല്ലായിരുന്നു. പിള്ളേര് നന്നാകാനാണ് സാറന്മാർ ഉപദ്രവിക്കുന്നതെന്ന് പറയും. ‘കണ്ണീരിൽ വിളയണം വിദ്യ’ എന്നൊരു പഴഞ്ചൊല്ലും ഉണ്ടായിരുന്നു അമ്മൂമ്മയുടെ കൈയിൽ.

ശ്രദ്ധിക്കണം, ശ്രദ്ധിക്കണം എന്ന് സദാനന്ദൻസാർ എപ്പോഴും പറയുന്നതുകേട്ട് ഞാൻ ശ്രദ്ധിക്കാൻ നോക്കി. സാറിന്റെ ആകാശംമുട്ടുന്ന പൊക്കവും തീ പറക്കുന്ന കണ്ണും എണ്ണപുരട്ടി മിനുക്കിയ കൊമ്പൻമീശയും മൂക്കിൽപ്പൊടിയുടെ മണവും ശ്രദ്ധിച്ചു. എല്ലിച്ച ദേഹത്തുനിന്ന് വെളിയിലോട്ട് വരുന്ന മുഴങ്ങുന്ന ഒച്ച ശ്രദ്ധിച്ചു. ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് കാര്യം മനസ്സിലായി. കണക്കല്ല മനസ്സിലായത്. പിള്ളേരെ ഉപദ്രവിക്കുന്ന സമയത്ത് സാറിന്റെ കൊമ്പൻമീശയുടെ താഴെ മിന്നലുകണക്കെ ഒരു ചിരി വന്നുപോകുന്നുണ്ട്. അതോടെ, സാറിന്റെ ആവശ്യം എനിക്ക് മനസ്സിലായി. പിള്ളേര് കണക്കു പഠിച്ച് വലിയ ആളുകൾ ആകുക എന്നുള്ളതല്ല സാറിന്റെ ആവശ്യം, വേദനിപ്പിക്കുക എന്നുള്ളതാണ്. കിളുന്തു മാംസം നഖത്തിന്റെ ഇടയ്ക്കിട്ട് ഞെരിക്കുക.

ആ അറിവുണ്ടായ ദിവസം ഉറക്കത്തിൽ ഞാൻ തമ്പാൻ അപ്പൂപ്പനെ കണ്ടു. അപ്പൂപ്പന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. “ഗുരു എന്നുവെച്ചാൽ സാക്ഷാൽ പരബ്രഹ്മമല്ലേ?” അപ്പൂപ്പൻ ചോദിക്കുകയാണ്. “ഗുരുവിന് ഒരു ആവശ്യമുണ്ടെങ്കിൽ അത് നടത്തിക്കൊടുക്കേണ്ടത് നമ്മളല്ലേ?”

എനിക്ക് വലിയ നാണക്കേടും സങ്കടവും തോന്നി, അപ്പൂപ്പൻ പഠിപ്പിച്ചുതന്നതെല്ലാം ഞാൻ മറന്നുപോയല്ലോ.

“ഗുരുവിനുവേണ്ടി നിനക്ക് എന്തോ ചെയ്യാൻ പറ്റും?” അപ്പൂപ്പൻ പിന്നെയും ചോദിച്ചു.

ഞാൻ ആലോചിച്ചു. “വേദന സഹിക്കാൻ പറ്റും.”

അപ്പൂപ്പൻ തലയാട്ടി. “നിന്റെ ശരീരം വെളുത്തു കൊഴുത്തതാണ്. വാലിശംകഴിഞ്ഞു വന്നതുകൊണ്ട് നീ ക്ലാസിൽ വലുതുമാണ്. നിന്നെ പിച്ചിപ്പറിച്ചാൽ കൂടുതൽ സന്തോഷം കിട്ടും സാറിന്. അല്ലയോ?”

“ആന്നു.” ഞാൻ പറഞ്ഞു, “ഞാൻ എത്രയും വേദന അനുഭവിക്കുന്നോ സാറിന് അത്രയും സമാധാനം കിട്ടും. മറ്റു പിള്ളേർക്ക് ഉപദ്രവവും കുറയും.”

അന്ന് ഞാൻ ഒരു തീരുമാനമെടുക്കുകയാണ്, ഇനിയുള്ള എന്റെ ജീവിതം സാറിന്റെ സമാധാനത്തിനും സന്തോഷത്തിനുംവേണ്ടിയിട്ട് ആയിരിക്കും.

ആ തീരുമാനമനുസരിച്ച് കുറേ ദിവസം ജീവിച്ചു. കുറേ വേദന തിന്നു. ക്ലാസിൽ സദാനന്ദൻസാറിന്റെ നോട്ടം എന്റെ നേരെ തിരിയുന്നു എന്നു കണ്ടാലുടൻ ഞാൻ തമ്പാൻ അപ്പൂപ്പൻ പറഞ്ഞുതന്ന കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങും. അപ്പൂപ്പൻ പറഞ്ഞിട്ടുണ്ടല്ലോ, ശരീരം എന്നു പറഞ്ഞാൽ ഞാനല്ല എന്ന്, ഇത് വെറും പഞ്ചഭൂതങ്ങളുടെ ഒരു കൂനയാണ് എന്ന്.

സാറ് ചോദ്യം ചോദിക്കുമ്പോൾ ഞാൻ എഴുന്നേറ്റ് വെറുതെ നിൽക്കും. ചോദ്യത്തിലൊന്നും ശ്രദ്ധിച്ചിട്ട് കാര്യമില്ല. ഉത്തരം പറയാൻ എനിക്ക് പറ്റുകയില്ല. അതിനുപകരം, തമ്പാൻ അപ്പൂപ്പന്റെ വാക്കുകൾ ഓർത്തെടുക്കാൻ നോക്കും: നീ ആത്മാവാണ്, നിന്നെ നോവിപ്പിക്കാൻ ആർക്കും പറ്റുകയില്ല.

സാർ അടുത്തോട്ട് വരുമ്പോൾ സർവശക്തിയും ഉപയോഗിച്ച് ഞാൻ ശരീരത്തിൽനിന്നു വെളിക്കു കടക്കും. എന്നിട്ട് ബലൂണിന്റെകണക്ക് മുകളിലോട്ടു പൊങ്ങി, പിള്ളേരെക്കാട്ടിലും സാറിനെക്കാട്ടിലും പൊക്കത്തിൽ, വായുവിൽ പൊങ്ങിക്കിടക്കും. എന്നിട്ട് താഴെ, സാറിന്റെ പിച്ചു കൊള്ളുന്ന ശരീരത്തിനെ നോക്കും, റോഡ്സൈഡിൽ കിടക്കുന്ന ഒരു മെറ്റൽ കൂനയെ നോക്കുന്നതുകണക്കെ.

ശരീരത്തിന്റെ പേടി എന്നിട്ടും മാറിയില്ല. രാത്രിയിൽ ശരീരം എന്നെ ഉണർത്തും. പിറ്റേ ദിവസത്തെ ക്ലാസിന്റെ പേടി വസൂരികണക്ക് തലമുതൽ കാൽവരെ കുമിളയിട്ട് പൊങ്ങിനിൽക്കുന്നതായിട്ട് തോന്നുമ്പോൾ നീറ്റൽകൊണ്ട് ഉറങ്ങാൻ പറ്റാതെ ഞാൻ കിടക്കും.

പള്ളിക്കൂടത്തിലോട്ടു പോകുന്ന വഴിക്ക് കടത്തുണ്ട്. കടത്തിറങ്ങി, വള്ളം തിരിച്ചുപോയിക്കഴിയുമ്പോൾ എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങും. ശരീരത്തിന് വെപ്രാളം സഹിക്കാൻ ഒക്കുന്നില്ല. ഇനി രക്ഷയില്ല, അതിന് മനസ്സിലാകുകയാണ്. ഇന്നും പള്ളിക്കൂടത്തിൽ പോയേ പറ്റൂ. വേദന സഹിച്ചേ പറ്റൂ.

ഓണം അവധി കഴിഞ്ഞ് പള്ളിക്കൂടം തുറക്കുന്ന തിങ്കളാഴ്ചയായിരുന്നു. രാവിലെ കടത്തിറങ്ങി നടക്കുമ്പോൾ പെട്ടെന്ന് എന്റെ ശരീരം പണിമുടക്കി. കാല് മുമ്പോട്ട് നീങ്ങുന്നില്ല. വള്ളമിറങ്ങി വന്ന പിള്ളേരെല്ലാം പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആരും കാണാതെ, പയ്യെ കണ്ടത്തിൽ ഇറങ്ങി വരമ്പിൽക്കൂടി കുറേ നടന്നു. തോട്ടുവക്കത്ത് തപ്പിനടന്നപ്പോൾ കൈതക്കാട്ടിനകത്ത് നല്ലൊരു സ്ഥലം കിട്ടി. കാട്ടിനകത്തായതുകൊണ്ട് വരമ്പേ പോകുന്നവർ കാണുകയില്ല. വെള്ളത്തിലോട്ട് കൈത വളർന്ന് ചാഞ്ഞിട്ടുള്ളതുകൊണ്ട് വള്ളത്തിൽ പോകുന്നവരും കാണുകയില്ല. ഞാൻ അവിടെക്കയറി ഇരിപ്പായി. പാമ്പോ മറ്റോ കാണുമോ എന്നൊന്നും ആലോചിക്കാനുള്ള ബുദ്ധിപോയില്ല.

മഴയില്ലാത്ത ദിവസമായിരുന്നു. എന്നാലൊട്ട് വലിയ ചൂടുമില്ല. വെള്ളത്തിലോട്ട് ചാഞ്ഞുനിൽക്കുന്ന ഒരു കൈത കണ്ടു. അതിൽ കയറി, രണ്ടുവശത്തും കാലിട്ട്, സുഖത്തിൽ ഇരുന്നു. കുതിരപ്പുറത്ത് ഇരിക്കുന്നതുകണക്കെ ആടിക്കൊണ്ട്. വെയിലത്ത് ചൂടായിവരുന്ന, ചേറിന്റെ മണമുള്ള ആവി പൊങ്ങുന്ന വെള്ളത്തിൽ കാലിട്ട് ഇരുന്നു. പൂവരശിന്റെ പൂവും ഒതളത്തിന്റെ കായും ഒഴുകിപ്പോകുന്നതു കണ്ടു. ഉടമ്പള്ളിക്കാവിലെ സുഖജീവിതം ഓർത്തു. ദേവിയുടെയും തമ്പാൻ അപ്പൂപ്പന്റെയും സ്നേഹം ഓർത്തു.

ഉച്ചയ്ക്ക് വിശന്നപ്പോൾ കൈയിലിരുന്ന പൊതിച്ചോറ് ഉണ്ടു. കുറച്ചുനേരം കിടന്നുറങ്ങി. കണക്കിന്റെ ക്ലാസ് തുടങ്ങുന്ന സമയമായപ്പോൾ ഞെട്ടിയുണർന്നു. പള്ളിക്കൂടത്തിലല്ല എന്ന് അറിഞ്ഞപ്പോൾ സമാധാനമായി.

പിന്നെയും കൈതയിൽ കയറി ഇരുന്നു. നീന്തിപ്പോകുന്ന തവളയെ പുളവൻ പിടിക്കുന്നതുകണ്ടു. കലക്കവെള്ളത്തിനടിയിൽ മീൻ നീന്തുന്നതും വെള്ളത്തിന്റെ മുകളിൽ വെള്ളത്തിലാശാൻ നടന്നുപോകുന്നതും അതിന്റെയും മുകളിൽ ചില്ലുപോലത്തെ ചിറകുള്ള തുമ്പി പറക്കുന്നതും കണ്ടു. ഒഴുകുന്ന വെള്ളത്തിൽനിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. കുറേനേരം അങ്ങനെ നോക്കിയിരുന്നപ്പോൾ തോടും കരയും വെള്ളവും ആകാശവും എല്ലാം മാഞ്ഞുപോയി. ഒഴുക്കുമാത്രം ബാക്കിയായി. ഒച്ചയില്ലാത്ത, അവസാനമില്ലാത്ത ഒഴുക്ക്. കാക്കയും കുളക്കോഴിയും മീനും കൈതക്കാടും ഒക്കെ വെറും നിഴലുകണക്ക് അതിലിങ്ങനെ തെളിഞ്ഞുമറയുന്നു.

പെട്ടെന്നാണ് പുറകിൽനിന്ന് ആരോ എന്നെ നോക്കുന്നതുകണക്ക് തോന്നിയത്. തിരിഞ്ഞുനോക്കുമ്പോൾ ഒരു ചെറുക്കൻ. കൈതക്കാട്ടിനകത്തുകയറി നിൽക്കുകയാണ്.

എവിടെയോ കണ്ട് നല്ല പരിചയമുള്ള ഛായ. എന്റെ വലിപ്പമില്ല. ഒരു നിക്കർ ഇട്ടിട്ടുണ്ട്, ഷർട്ട് ഇല്ല. മൊട്ടയടിച്ച തല. നെറ്റിയിൽ ഭസ്മക്കുറി. ചെവിയിൽ പൂവ്.

രണ്ടുപേരും ഒന്നും മിണ്ടാതെ തമ്മിൽത്തമ്മിൽ നോക്കി.

അവൻ അടുത്തുവന്നു.

“ങാ?” ഞാൻ ഇച്ചിര ഗൗരവത്തിൽ ചോദിച്ചു.

അവൻ ഞാനിരുന്ന കൈതയിൽ ചവിട്ടി ചെറുതായിട്ട് അമർത്തി. ഞാൻ ആടി.

“പെണ്ണ് പള്ളിക്കൂടത്തിൽ പോകാതെ നടക്കുന്നേ, കൂയ്!” അവൻ കളിയാക്കി.

ഞാനും വിട്ടുകൊടുത്തില്ല. “പോടാ ചെറുക്കാ, നിനക്കില്ലയോ പള്ളിക്കൂടം?”

അവൻ വലിയ ഗൗരവത്തിൽ പറഞ്ഞു, “എന്റെ പഠിത്തം കഴിഞ്ഞതാ’’.

പഠിത്തം നിറുത്തിയതാണ് എന്നായിരിക്കും അവൻ ഉദ്ദേശിച്ചതെന്ന് ഞാൻ ആലോചിച്ചു. അതുപോലും പറയാൻ അറിയാൻമേലാ.

അവൻ വിളിച്ചു, “എടീ, പെണ്ണേ’’.
ഞാൻ പറഞ്ഞു, “എന്റെ പേര് പെണ്ണെന്നല്ല. മൃദുലാ എ. ഘോഷ് എന്നാ’’.

അവൻ ഞാനിരുന്ന കൈതയിൽ കയറി, എന്നെ കവച്ച്, അപ്പുറം കടന്നു. എന്നിട്ട് എന്റെനേരെ തിരിഞ്ഞ്, കൈതയുടെ രണ്ടുവശത്തും കാലിട്ട്, ഇരുന്നു.

“സദാനന്ദൻസാറ് പിച്ചിപ്പറിച്ചു, ഇല്ലയോ?”
ഞാൻ ഞെട്ടിപ്പോയി. ഇവൻ ഇത് എങ്ങനെ അറിഞ്ഞു?
“കാട്ട്,” അവൻ പറഞ്ഞു.
“എന്തൊന്ന്?”
“സാറ് പിച്ചിയത്.”

അത് കാണിക്കാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു. അതിന് ഞാൻ ഒരു കാരണം കണ്ടുപിടിച്ചു. “പെമ്പിള്ളേര് ദേഹമൊന്നും ആമ്പിള്ളേരെ കാണിക്കാൻ പാടില്ല.”
“നീയ്…” അവൻ വലിയ ഒരാളുടെ ഗൗരവത്തിൽ ചോദിക്കുകയാണ്, “നീയ് ഉടമ്പള്ളിക്കാവിലമ്മേടെ വാലിശക്കാരിയല്ലയോ?”
“ആന്നു” ഞാൻ അതിശയിച്ചുപോയി. എല്ലാം അറിഞ്ഞുകൊണ്ട് വന്നിരിക്കുകയാണല്ലോ.
അവൻ പറഞ്ഞു, “അപ്പോൾ നമ്മള് ആങ്ങളേം പെങ്ങളുമാണ്. എനിക്ക് നിന്റെ ദേഹം കാണുന്നതിന് കുഴപ്പമില്ല.”
“ചെറുക്കനും വാലിശക്കാരനാന്നോ?” എനിക്ക് ഇതിൽപ്പം ഒരു സന്തോഷം ഉണ്ടാകാനില്ല.

ഞാൻ ഉടുപ്പിന്റെ കൈ തെറുത്തുകയറ്റി കാണിച്ചുകൊടുത്തു. കക്ഷത്തിനുതാഴെ, കൈയിലും നെഞ്ചിന്റെ വശത്തുമൊക്കെ കരുവാളിച്ച് കിടക്കുന്നു.

അവൻ ചൂണ്ടുവിരൽ നീട്ടി തൊട്ടുനോക്കി.

ഇന്നതെന്നു പറയാൻ പറ്റാത്ത ഒരു തൊടലായിരുന്നു അത്. കർപ്പൂരതൈലം പുരട്ടുന്നതുകണക്ക് എന്നൊക്കെ പറഞ്ഞാൽ ഒന്നും ആകുകയില്ല. അത്ര ഭയങ്കരമായിട്ടുള്ള ഒരു സുഖം. സാറ് പിച്ചിയതിന്റെ വേദന മുഴുവൻ വിരലിൽക്കൂടി വലിച്ചെടുക്കുന്നതുകണക്ക്.

അവൻ സമാധാനിപ്പിച്ചു, “സാരമില്ല’’.
അവൻ അത് പറഞ്ഞുനിർത്തിയതും ഞാൻ ഒറ്റക്കരച്ചിൽ.
അവൻ എന്നെ ചേർത്തുപിടിച്ചു. സാറ് ഉപദ്രവിച്ചപ്പോഴത്തേതിനെക്കാട്ടിലും ഉറക്കെ ഞാൻ കരഞ്ഞു. അവൻ വായ് പൊത്തിപ്പിടിച്ചു, “ആരെങ്കിലും കേൾക്കും.”
പതിയെ ആടുന്ന കൈതയിൽ, ചെറുക്കന്റെ കൈയിൽ ഇരുന്ന് കുറച്ചുനേരം അങ്ങനെ കരഞ്ഞപ്പോൾ സമാധാനമായി.
“സാരമില്ല,” അവൻ പിന്നെയും പറഞ്ഞു, “പോട്ടെ.”

ഞങ്ങൾ വർത്തമാനം പറഞ്ഞ് ഇരുന്നു. അവന്റെ പേര് കുമാരൻ എന്നാണെന്നും വീട് അമ്പലത്തിന്റെയവിടെയാണെന്നും പറഞ്ഞു. അവനും ആറു വയസ്സാണെന്നും അതുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീ എന്നു വിളിക്കാമെന്നും തീരുമാനമായി. എന്തെങ്കിലും കഴിച്ചതാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ വിശപ്പില്ലെന്ന് അവൻ പറഞ്ഞു. വീട്ടിൽ പട്ടിണിയുള്ള പിള്ളേർ അങ്ങനെ പറയുന്നത് നേരത്തെയും കേട്ടിട്ടുണ്ട്. ചോറുണ്ണുന്നതിനു മുമ്പായിരുന്നെങ്കിൽ അവനും ഇച്ചിരി കൊടുക്കാമായിരുന്നു എന്ന് ഞാൻ വിചാരിച്ചു.

വേദന സഹിക്കാൻ ഞാൻ തീരുമാനിച്ച കഥ കേട്ടപ്പോൾ കുമാരൻ പറഞ്ഞു, “മറ്റുള്ളവർക്ക് ഉപകാരംചെയ്യുന്നതിൽ തെറ്റില്ല. പക്ഷേങ്കിൽ, നീ ചെയ്ത ഉപകാരംകൊണ്ട് സദാനന്ദൻസാറിന്റെ ആത്മാവിന് എന്തെങ്കിലും ഗുണമുണ്ടായോ എന്ന് സംശയമാണ്. പരമാത്മാവായിത്തീരാൻ ശേഷിയുള്ള ഓരോ പിഞ്ചുകുഞ്ഞുങ്ങളെയാണ് അയാൾ ഒന്നുമാലോചിക്കാതെ അടിച്ചുപൊട്ടിക്കുന്നതും പിച്ചിപ്പറിക്കുന്നതും.”

ആ വർത്തമാനം കേട്ടപ്പോൾ എനിക്ക് തമ്പാൻ അപ്പൂപ്പനെ ഓർമ്മവന്നു. കേൾക്കുമ്പോൾ സുഖമുള്ള വാക്കുകൾ, ആലോചിക്കും തോറും അറിവുകിട്ടുന്ന വാക്കുകൾ. ഇവൻ അപ്പൂപ്പന്റെ ഉത്തമശിഷ്യൻതന്നെ.

നാലുമണി ആയപ്പോൾ അവൻ ഓർമ്മിപ്പിച്ചു, “പള്ളിക്കൂടം വിടാറായി.”
സ്ലെയ്റ്റും കുടയും എടുത്ത് ഞാൻ നടക്കുമ്പോൾ അവൻ പറഞ്ഞു, “നാളെയും വരണം.”

രാവിലത്തെ പേടിക്ക് മുന്നും പിന്നും നോക്കാതെ കാട്ടിനകത്ത് കയറിയിരുന്നതാണ് ഞാൻ. ഒരു ദിവസം സാറിന്റെ നുള്ളുകൊള്ളാതെ ഇരിക്കാം എന്നല്ലാതെ ഇത് പതിവാക്കുന്ന കാര്യം ആലോചിച്ചിട്ടുപോലും ഇല്ലായിരുന്നു.

“നിന്റെ പഠിത്തം കഴിഞ്ഞതാ.” ഞാൻ സംശയിച്ചുനിൽക്കുന്നതുകണ്ട് കുമാരൻ പറഞ്ഞു, “ജീവിതത്തിലേക്ക് ആവശ്യമുള്ളതെല്ലാം ഉടമ്പള്ളിക്കാവിന്റെ പറമ്പിൽനിന്ന് പഠിച്ചുകഴിഞ്ഞു. പള്ളിക്കൂടത്തിൽ പോകേണ്ടിയ ആവശ്യമില്ല.”

കണക്ക് എന്നു പറയുന്ന സാധനം പ്രത്യേകിച്ചും മനുഷ്യന് ആവശ്യമില്ലാത്തതാണെന്ന് അവൻ പറഞ്ഞു. അന്നാണ് ഞാനത് അത് ആദ്യമായിട്ട് കേൾക്കുന്നത്. അക്കാര്യം പരമാർഥമാണെന്നുള്ളത് ജീവിതത്തിൽ എനിക്ക് അനുഭവമാണ്.

കൂട്ടാൻ വെക്കുന്ന സമയത്ത് നാഴിയും സ്പൂണുംവെച്ച് അളന്ന്, കണക്കുകൂട്ടി ചെയ്യുന്ന കൊച്ചമ്മമാരുണ്ട്. ഒടുക്കം വായിൽ വെക്കാൻ കൊള്ളുകയില്ലായിരിക്കും എന്നുമാത്രം. കാരണം എന്താ? ശ്രദ്ധ ഇല്ലാത്തതുകൊണ്ട്. നമ്മൾ അരി വെക്കുമ്പോൾ അരിയിലോട്ട് ശ്രദ്ധിച്ചാൽ അത് നമ്മളോട് പറയും, എത്ര വെള്ളം വേണം, എത്ര തീയ് വേണം, എത്ര നേരം വേവണം എന്നൊക്കെ. പച്ചക്കറി പറയും എത്ര വലിപ്പത്തിൽ അരിയണമെന്ന്, ഏതു കൂട്ടാൻ വെക്കണമെന്ന്, എത്ര ഉപ്പും മുളകും എണ്ണയും വേണമെന്ന്. ലോകത്തിൽ ജീവനുള്ളതും ഇല്ലാത്തതുമായിട്ടുള്ള ഓരോ സാധനവും, ഓരോ പരമാണുവും, സദാസമയം ജീവിതത്തിന്റെ തത്വങ്ങൾ നമുക്ക് പറഞ്ഞുതന്നുകൊണ്ടിരിക്കുകയാണ്, തമ്പാൻ അപ്പൂപ്പനെപ്പോലെ. അത് മനുഷ്യന് കേൾക്കാനും മനസ്സിലാക്കാനും പറ്റുന്നതേയുള്ളൂ. പക്ഷേ, ശ്രദ്ധിക്കണം.

സദാനന്ദൻസാറിന്റെയടുത്തുനിന്ന് എനിക്ക് കണക്ക് പഠിക്കാൻ പറ്റിയില്ലെങ്കിലും അതിലും ആവശ്യമുള്ള ഒരു സാധനം കിട്ടി. അതാണ് ശ്രദ്ധ.

ഒരു കടയിൽ ചെന്ന് സാധനം മേടിച്ചാൽ, ഒരാളെക്കൊണ്ട് ജോലിചെയ്യിച്ചാൽ അയാൾക്ക് എത്ര കൊടുക്കണമെന്ന് നമുക്ക് മനസ്സിലാകും, ശ്രദ്ധിച്ചാൽ. മനുഷ്യശരീരം എന്നു പറഞ്ഞാൽ പഞ്ചഭൂതങ്ങളുടെ പരമാണുക്കളാണ്. ആ അണുക്കളുടെ ആവശ്യങ്ങളാണ് നമ്മളെക്കൊണ്ട് ജോലിചെയ്യിക്കുന്നത്. കടക്കാരന്റെയോ മീൻകാരന്റെയോ ഓട്ടോക്കാരന്റെയോ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ പറ്റും. ആ ശ്രദ്ധ ഇല്ലാതെ വരുമ്പോഴാണ് മനുഷ്യൻ കണക്കുകൂട്ടാൻ തുടങ്ങുന്നത്. ഒരാൾ വന്ന് ഒരു ആവശ്യം പറയുന്നു. നമ്മൾ ഉടനെ ചെയ്യുന്നത് അവർക്ക് എന്തൊന്നാണ് ആവശ്യം എന്ന് ശ്രദ്ധിക്കുകയല്ല. കണക്കുകൂട്ടാൻ തുടങ്ങും, ഇവൾ എനിക്ക് ഇതുവരെ ചെയ്തിട്ടുള്ള ഉപകാരങ്ങളുടെ മൊത്തം വില എത്ര? അതിൽനിന്ന് ഇപ്പോൾ ആവശ്യപ്പെടുന്ന കാര്യത്തിന്റെ ചെലവ് കുറച്ചാൽ ലാഭമോ നഷ്ടമോ? അതേകണക്കെ, ഇന്നേടത്തോട്ട് ബസ്സുകയറി ചെല്ലാൻ ഇരുപത്തഞ്ചു മിനിറ്റ് വേണം എന്ന് കണക്കാക്കിവെച്ചിരിക്കുന്നതുകൊണ്ട് മുപ്പതു മിനിറ്റായാൽ ദേഷ്യമായി. സ്വന്തം ശരീരത്തിന്റെ അണുക്കൾക്ക് എത്ര ആഹാരം ആവശ്യമുണ്ട് എന്ന് അറിയാൻമേലാതെ വരുമ്പോൾ കണക്കുകൂട്ടി ഓർത്തുവെക്കുന്നു, കാപ്പിക്ക് ആറു ദോശ തിന്നണം, പതിനൊന്നുമണിക്ക് ചായ കുടിക്കണം, ഉച്ചയ്ക്ക് ഇത്ര ഉരുള ഉണ്ണണം. അവനവന്റെ ശരീരത്തിന് എത്ര ഉറക്കം വേണമെന്ന് അറിയാൻമേലാത്തതുകാരണം എപ്പോൾ കിടക്കണമെന്നും എപ്പോൾ എഴുന്നേൽക്കണമെന്നും അറിയണമെങ്കിൽ ക്ലോക്ക് നോക്കണം. ജോലി തുടങ്ങാനും നിറുത്താനും ക്ലോക്ക് നോക്കണം. അവനവന് എത്ര രൂപ ആവശ്യമുണ്ടെന്ന് അറിയാൻമേലാതെ വരുമ്പോൾ രൂപ കൂട്ടിവെക്കാൻ തുടങ്ങുന്നു, ബാഗിലും പെട്ടിയിലും തലയിണയ്ക്കടിയിലും പിന്നെ പോസ്റ്റ് ഓഫീസിലും ബാങ്കിലുമൊക്കെ രൂപയാണ്. ഒരിക്കലും ഉപയോഗിക്കാതെ കൂട്ടിവെച്ചിരിക്കുന്ന രൂപ.

പള്ളിക്കൂടംപേടിച്ച് ഞാൻ മൂന്നു ദിവസം കൈതക്കാട്ടിൽ ഇരുന്നു. കൈതയോലയ്ക്കിടയിൽക്കൂടി നുഴഞ്ഞുകയറുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ മുള്ള് ഉടക്കും. നല്ല നീറ്റലായിരിക്കും. പക്ഷേ, സാറിന്റെ കട്ടിനഖംവെച്ചുള്ള പ്രയോഗം ഓർക്കുമ്പോൾ അതൊക്കെ നിസ്സാരം.

കുമാരൻ എന്നും വരും. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കും. ചിലപ്പോൾ കളിക്കും. ഇടയ്ക്ക് പിണങ്ങിയാലും വേഗംതന്നെ ഇണങ്ങും. എത്ര നിർബന്ധിച്ചാലും എന്റെ ചോറ് അവൻ ഉണ്ണുകയില്ല. വിശപ്പില്ലെന്ന് ചിരിച്ചുകൊണ്ട് പറയുന്നത് കാണുമ്പോൾ സത്യമായിരിക്കും എന്ന് എനിക്കു തോന്നി. അമ്മ തരും എന്നാണ് അവൻ പറയുന്നത്.

എന്നെപ്പോലുള്ള പലരും പലപ്പോഴായിട്ട് പള്ളിക്കൂടത്തിൽ വരാതാകുന്നത് ധാരാളം കണ്ടിട്ടുള്ളതുകൊണ്ടായിരിക്കും സാറന്മാർ വീട്ടിൽ അന്വേഷിപ്പിക്കുകയോ അറിയിക്കുകയോ ഒന്നും ചെയ്തില്ല. കൈതയോല അരിയാൻ വന്ന പെണ്ണുങ്ങളാണ് എന്നെ കണ്ടുപിടിച്ചത്. അവർ വരുമ്പോൾ ഞാൻ കിടന്ന് ഉറങ്ങുകയായിരുന്നു. കുമാരൻ വന്നിട്ട് പോയിക്കഴിഞ്ഞാണ്. പിടിച്ച പിടിയാലെ അവരെന്നെ വീട്ടിൽ കൊണ്ടുപോയി.

അമ്മ എന്നെ എടുത്തിട്ട് അലക്കി. കണ്ണും മൂക്കും നോക്കാത്ത അടിയായിരുന്നു. അടികൊണ്ട് ഞാൻ മയങ്ങിവീണു.

മനുഷ്യൻ എത്ര പെട്ടെന്നാണ് ഓരോ കാര്യങ്ങൾ മറക്കുന്നതെന്ന് ഓർത്തുകൊള്ളണം. കല്യാണംകഴിഞ്ഞ് പന്ത്രണ്ടുകൊല്ലം കണ്ണുനീരും കൈയുമായിട്ട് ലോകത്തുള്ള ആശുപത്രിയും അമ്പലവും ആശ്രമവുമൊക്കെ നിരങ്ങിയിട്ട് കിട്ടിയ ജീവാത്മാവാണ്, കൊച്ചുകൊച്ചാണ് എന്നുള്ള കാര്യമൊക്കെ മറന്നു. പള്ളിക്കൂടത്തിൽ പോയി പഠിച്ച് വലിയ ഉദ്യോഗസ്ഥയാകാൻ സമ്മതമല്ല എന്നു കണ്ടപ്പോൾ തല്ലിയങ്ങ് ചതച്ചേക്കുകയാണ്.

ഞാൻ ബോധം കെട്ട് കിടക്കുന്നു. അതായത്, അടികൊണ്ട ശരീരംവിട്ട് എന്റെ ആത്‌മാവ് വെളിക്കു കടന്നു എന്ന് അർഥം. അപ്പോൾ കുമാരൻ അടുത്തുവന്ന് ഇരിക്കുന്നതായിട്ട് ഞാൻ കാണുകയാണ്. എന്നെ തലോടിക്കൊണ്ട് ‘സാരമില്ല’ എന്ന് തമ്പാൻ അപ്പൂപ്പന്റെ ഭാവത്തിൽ പറയുന്നു.

അമ്മൂമ്മ വെള്ളമെടുത്തു കൊണ്ടുവന്ന് ബോധംകെട്ടു കിടക്കുന്ന ശരീരത്തിന്റെ മുഖത്ത് തളിക്കുന്നു, ഇളയ പിള്ളേര് ഇതൊക്കെ കണ്ട് പേടിച്ച് കരയുന്നു.

ഈ ബഹളംനടക്കുന്നതിനിടയ്ക്ക് അച്ഛൻ ഡ്യൂട്ടികഴിഞ്ഞ് കയറിവന്നു. ഇനി അപകടമില്ല എന്നു കണ്ട് എന്റെ ബോധം തിരിച്ചുവന്നു. എന്റെ അച്ഛൻ ഒരു കാലത്തും എന്റെ ദേഹത്ത് ഒരുനുള്ള് മണൽ എടുത്തിട്ടിട്ടില്ല. മറ്റൊരാൾ വേദനിപ്പിക്കാനൊട്ട് സമ്മതിച്ചിട്ടുമില്ല.

‘എന്റെ കൊച്ചിനെ മേലാൽ തൊടുമോടീ?’ എന്നുംചോദിച്ച് അച്ഛൻ അമ്മയുടെനേരെ കൈയോങ്ങിക്കൊണ്ട് ചെന്നു. അമ്മ ജീവനുംകൊണ്ട് ഓടി.

വൈകിട്ട് ഷാപ്പിൽനിന്നു വന്നുകഴിഞ്ഞപ്പോൾ അച്ഛൻ പിന്നെയും ഒച്ചവെച്ചു, “നാളെ രാവിലെ ഞാനുംകൂടി വരുന്നുണ്ട് പള്ളിക്കൂടത്തിലോട്ട്. നിന്റെ ആ സാറിനോട് ഒന്നു ചോദിക്കട്ടെ. മര്യാദയ്ക്കാണെങ്കിൽ ഈ അജയനും മര്യാദ. അല്ലെങ്കിൽ... ആ കഴുവറടമോന്റെ കൊടലെടുക്കും ഞാന്.”

അന്നുരാത്രി പേടികൊണ്ട് ഞാൻ ഉറങ്ങിയില്ല. അച്ഛനും സദാനന്ദൻസാറും തങ്ങളിൽ അടിപിടിയോ കത്തിക്കുത്തോ ഒക്കെ നടക്കാൻപോകുന്നു എന്നുള്ള പേടിയായിരുന്നു.

രാവിലെ ഞാൻ പള്ളിക്കൂടത്തിൽ പോകാൻ റെഡിയായി. ഓഫുള്ള ദിവസമായതുകൊണ്ട് നേരംവെളുത്തിട്ടും കിടന്നുറങ്ങുകയായിരുന്നു അച്ഛൻ. ഞാൻ ചെന്ന് വിളിച്ചുണർത്തിയപ്പോൾ എഴുന്നേറ്റ് മിഴിച്ചിരുന്നു.

“നീയിനി പള്ളിക്കൂടത്തിൽ പോകണ്ട.” അച്ഛൻ കണ്ണും തിരുമ്മിക്കൊണ്ട് പറയുകയാണ്, “അമ്മയെ സഹായിച്ച് വീട്ടിൽ നിൽക്ക്. പെൺപിള്ളേര് പഠിച്ചിട്ട് ഒരാവശ്യവും ഇല്ല.” അതും പറഞ്ഞ് തിരിഞ്ഞ് ഒരു കിടപ്പ്.

ഞാൻ ഞെട്ടിപ്പോയി. സാറിനെ മര്യാദപഠിപ്പിക്കും എന്നുപറഞ്ഞ് കിടന്ന അച്ഛനാണോ ഇത്?

പക്ഷേ, തലേ ദിവസത്തെ വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ അച്ഛനു മനസ്സിലായകാര്യം ഇന്ന് ആലോചിക്കുമ്പോൾ എനിക്കും മനസ്സിലാകുന്നുണ്ട്. കമ്പനിയിലെ വെറുമൊരു ദിവസക്കൂലിക്കാരനായിട്ടുള്ള അച്ഛന് ഒരു സാറിന്റെ മുമ്പിൽച്ചെന്നു നിവർന്നുനിന്ന് ചോദിക്കാൻ പറ്റുകയില്ല, പ്രത്യേകിച്ചും സദാനന്ദൻസാറിന്റെ. സാറ് ഒന്ന് ഒച്ചവെച്ചാൽ അന്ന് അച്ഛന്റെ ഷഡ്ഡിയിലും പോയേനേ മൂത്രം.

അങ്ങനെ എന്റെ പഠിത്തം നിറുത്തി. അല്ലെങ്കിൽ, കുമാരൻ പറഞ്ഞതുകണക്കെ പഠിത്തം കഴിഞ്ഞു. അന്ന് ഉത്തരത്തിൽ എടുത്തുവെച്ച സ്ലെയ്റ്റ് പിറ്റേക്കൊല്ലം അനിയൻ മണി പള്ളിക്കൂടത്തിൽ പോകുമ്പോൾ എടുത്തുകൊണ്ട് പോകുകയായിരുന്നു.

സദാനന്ദൻസാർ എന്ന മനുഷ്യനെ എനിക്ക് പിന്നെ ഒരിക്കലും കാണണ്ടി വന്നിട്ടില്ല. ഞാനായിട്ട് അയാളെ ശപിച്ചിട്ടില്ല. പക്ഷേ, കണ്ടമാനം ബാലശാപം മേടിച്ചു കൂട്ടിയിട്ടുണ്ടന്നുള്ള കാര്യത്തിൽ സംശയമില്ലല്ലോ. ക്യാൻസർ വന്ന് നരകിച്ചാണ് മരിച്ചത്. ഒരുപാട് ഞെരടി സുഖം സമ്പാദിച്ച ആ ശരീരത്തിനെ ഒടുക്കം ഇട്ട് ഞെരടി, ആ സുഖമെല്ലാം ക്യാൻസർ എടുത്തുകൊണ്ട് പോയി.

നാല്: ഭക്തി

ഠിത്തംനിർത്തി ഞാൻ വീട്ടിൽ നിൽപ്പായതോടെ അമ്മയ്ക്ക് ഒരു ആശ്വാസമായി. വെപ്പിനും വിളമ്പിനുമൊക്കെ സഹായിക്കാൻ എനിക്കറിയാം. എന്റെ ഇളയ രണ്ടെണ്ണത്തിനെയും കൂടുതലും വളർത്തിയതും ഞാൻതന്നെയാണ്.

അങ്ങനെ വീട്ടുജോലിയുമായിട്ട് കഴിയുന്ന കാലത്തൊന്നും ഞാൻ കുമാരനെ പിന്നെ കാണുന്നില്ല. വർഷങ്ങൾ അങ്ങനെ പോകുകയാണ്. വല്ലപ്പോഴും അവനെ ഓർമ്മവരും. ചിലപ്പോൾ ചില സങ്കടങ്ങൾ വരുമ്പോൾ, ചിലപ്പോൾ വലിയ സന്തോഷം വരുമ്പോൾ, അവനെ കാണാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് വിചാരിക്കും. എവിടുന്ന് കാണാൻ! ഞാൻ പള്ളിക്കൂടത്തിൽപ്പോലും പോകാതെ വീട്ടിൽ കഴിയുകയല്ലയോ?

ഇളയ പിള്ളേർ രണ്ടും പള്ളിക്കൂടത്തിൽ പോയിത്തുടങ്ങിയതോടെ വീട്ടിലെ ജോലി പകുതിയായി. അതു കഴിഞ്ഞപ്പോൾ, ആറുകൊല്ലം കിടന്നകിടപ്പിലായിരുന്ന അപ്പൂപ്പൻ മരിച്ചു. അമ്മൂമ്മയും ദീനക്കാരിയായിരുന്നെങ്കിലും അപ്പൂപ്പൻ ജീവിച്ചിരുന്നിടത്തോളംകാലം ഒരു ബാധ്യതകണക്ക് ജീവിച്ചങ്ങനെ ഇരുന്നു. അപ്പൂപ്പൻ മരിച്ചതോടെ അമ്മൂമ്മ ജീവിതത്തിന്റെ മുകളിലുള്ള പിടിയങ്ങ് വിട്ടു. രണ്ടുമൂന്നു മാസംകൊണ്ട് അവരും പോയി.

അമ്മ പഴയകണക്ക് വീടുകളിൽ ജോലിക്കു പോകാൻ തുടങ്ങി. അച്ഛൻ കമ്പനിയിൽ പോകും. ഞാൻ ആദ്യം വീട്ടിലെ കാര്യങ്ങളും നോക്കി ഇരുന്നു. പിന്നെ അമ്മയുടെ സഹായത്തിന് പോയിത്തുടങ്ങി. ഒടുക്കം, സ്വന്തമായിട്ട് ജോലിക്കു പോകാൻ തുടങ്ങി. അങ്ങനെ, പന്ത്രണ്ടാമത്തെ വയസ്സിൽ വീട്ടുജോലിക്ക് പോയിത്തുടങ്ങിയതാണ്. കൊല്ലം പത്തുമുപ്പതായി. അതാണ് എന്റെ ധർമ്മം. അക്കാര്യത്തിൽ പണ്ടുതൊട്ടേ എനിക്ക് ഒരു സംശയവും ഇല്ല.

കൊച്ചിലേതൊട്ട് ഞാൻ രാവിലെ ഉണരുന്നത് അമ്പലത്തിൽനിന്ന് തോട്ടിൽക്കൂടി ഒഴുകിവരുന്ന പാട്ടു കേട്ടാണ്. ‘തിരുച്ചെന്തൂരിൻ കടലോരത്തിൽ’ അല്ലെങ്കിൽ ‘ആറു പടൈവീടുകൊണ്ട’ എന്നൊക്കെയുള്ള പാട്ട്. കേൾക്കുമ്പോൾ തോന്നും തൊട്ട് അപ്പുറത്തുനിന്നെങ്ങാണ്ട് വരുന്ന പാട്ടാണെന്ന്. പക്ഷേ, അമ്പലം അങ്ങ് ടൗണിലാണ്. ചിലദിവസം രാവിലെ ഉണർന്ന് പാട്ടുംകേട്ടു കിടക്കുമ്പോൾ ഞാൻ കുമാരനെ ഓർക്കും. അവന്റെ വീട് അമ്പലത്തിന്റെയവിടെ ആണെന്നാണ് പറഞ്ഞത്. ഒരുദിവസം ആ ഭാഗത്തുചെന്ന് ഒന്ന് അന്വേഷിക്കണം എന്നൊക്കെ വിചാരിക്കും.

അതിനിടയ്ക്കാണ് ഓണക്കാലത്ത് അമ്മയുടെകൂടെ അമ്പലത്തിൽ പോകുന്നത്. പണ്ടുതൊട്ടേ അമ്പലത്തിൽ പോകുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. വലിയ അമ്പലം. ആ മതിൽക്കെട്ടിനകത്ത് കയറുമ്പോൾത്തന്നെ മനസ്സിനൊരു ശാന്തത കിട്ടും.

കുമാരൻ താമസിക്കുന്നത് അമ്പലത്തിന്റെ ഭാഗത്താണ് എന്നല്ലാതെ അവന്റെ വീടോ വീട്ടുപേരോ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. എന്നിട്ടും അവിടെ എവിടെയെങ്കിലുംവെച്ച് ഒന്നു കാണാനൊക്കും എന്നുള്ള വിചാരത്തിലാണ് ഞാൻ പോകുന്നത്. തെക്കേനടയിലെ ഗ്രൗണ്ടിൽ പന്തുകളിക്കുന്ന പിള്ളേരുടെ കൂട്ടത്തിലൊന്നും അവനെ കണ്ടില്ല. കാണിച്ചുതരണേ എന്ന് ഭഗവാനോട് പ്രാർഥിക്കാം എന്നല്ലാതെ വേറെ വഴിയൊന്നും തോന്നിയില്ല. നടയ്ക്കുനേരെ കണ്ണടച്ചുനിന്ന് മനസ്സറിഞ്ഞ് പ്രാർഥിച്ചു. അപ്പോൾ, ചെമ്പകപ്പൂവിന്റെ ചെറിയൊരു മണം എന്റെ ചുറ്റിനും പരക്കുന്നതുകണക്കെ തോന്നി. കണ്ണു തുറന്ന് നോക്കുമ്പോഴാണ്…

ശ്രീകോവിലിനകത്ത് സുബ്രഹ്മണ്യസ്വാമിയുടെ കരിങ്കൽവിഗ്രഹം നിന്നിരുന്ന സ്ഥലത്ത് നിൽക്കുന്നു കുമാരൻ. അവൻ എന്നെക്കണ്ട് ചിരിച്ചു. നിക്കറിനുപകരം ഒരു പട്ടുകോണകം ഉടുത്തിരിക്കുന്നു. കൈയിൽ വേല്. എന്റെ വേദന മാറ്റിയ കൈ!

‘അയ്യോ,’ എന്നു വിളിച്ച് ഞാൻ ചിരിക്കാനും കരയാനും തുടങ്ങി. അന്നപൂർണ്ണേശ്വരിയുടെ മോനാണെന്നു പറഞ്ഞത് ഇതാണോ എന്റെ ഈശ്വരാ! ഉറഞ്ഞുതുള്ളുന്നതുകണക്കെ എന്റെ ശരീരം വിറച്ചു.

അമ്മ ചോദിച്ചു, “എന്തൊന്നാടീ?”
“ദാണ്ടേ കുമാരൻ,” മിണ്ടാനുള്ള ശേഷിയുണ്ടായപ്പോൾ ഞാൻ ചൂണ്ടിക്കാണിച്ചു.
“ഹ” അമ്മ പല്ലുകടിക്കുകയാണ്.
“നടയ്ക്കുനേരേ കൈചൂണ്ടുന്നോ, അശ്രീകരമേ?”
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. ‘പോട്ടേ?’ എന്ന് ഒച്ചയില്ലാതെ ചോദിച്ചപ്പോൾ കുമാരൻ കണ്ണിറുക്കിക്കാണിച്ചു.

വെളിയിലിറങ്ങിക്കഴിഞ്ഞ് ഒന്നുകൂടി കുമാരന്റെ കാര്യമൊക്കെ അമ്മയെ പറഞ്ഞുമനസ്സിലാക്കാൻ നോക്കി.
അമ്മ പിന്നെയും ദേഷ്യപ്പെട്ടു. “മുഖത്തുനോക്കി കള്ളം പറഞ്ഞാലൊണ്ടല്ലോ, നിന്റെ അച്ഛൻ എന്തോ പറയുമെന്നൊന്നും ഞാൻ ഓർക്കത്തില്ല, അടിച്ച് തുട പൊട്ടിക്കും, കേട്ടല്ലോ?”

ഞാൻ ചിരിച്ചതേയുള്ളൂ. ഇതിന് അമ്മ അടിച്ചാൽ സന്തോഷമായിട്ട് ഞാൻ അത് കൊള്ളും. കുമാരനുവേണ്ടീട്ടല്ലയോ?
“എന്നാടീ കിണിക്കുന്നത്?” അമ്മ പല്ലുകടിച്ചു. “കള്ളം പറഞ്ഞുപറഞ്ഞങ്ങ് ശീലമായിപ്പോയി, ഇല്ലയോ?”

അവരവർ വലിയ ഭക്തന്മാരാണെന്നു വിചാരിക്കുന്ന പലരുടെയും സ്ഥിതി ഇതാണ്. സന്ധ്യയ്ക്ക് കീർത്തനം പാടുമ്പോൾ ‘നീലമയിലേറി വിളയാടി വാ വാ’ എന്നൊക്കെ എന്നും ചൊല്ലും. പക്ഷേ, എന്റെ കണ്ണുകൊണ്ട് ദൈവത്തിനെ കണ്ടു എന്ന് ആരെങ്കിലും പറഞ്ഞാൽ ഒട്ട് വിശ്വസിക്കുകയുമില്ല. എല്ലാ സങ്കടവും ഭഗവാൻ തീർത്തുതരും എന്ന് പറഞ്ഞുകൊണ്ടിരിക്കും. അതേസമയം, ആവശ്യക്കാരുടെ സങ്കടം തീർക്കാൻ ഭഗവാൻ വാസ്തവത്തിൽ വരും എന്ന് വിശ്വാസമില്ല.

ആ ദിവസംതൊട്ട് കുമാരൻ എന്നെ വിട്ടുപോയിട്ടില്ല. തോട്ടുവക്കത്ത് കണ്ട ഏതോ ഒരു ചെറുക്കനല്ല, സാക്ഷാൽ പരബ്രഹ്‌മമാണെന്ന് മനസ്സിലായപ്പോൾ, ആദ്യം എനിക്കൊരു പേടിയും അകൽച്ചയും ഉണ്ടായിരുന്നു. അവൻതന്നെ മുൻകൈയെടുത്ത് അതൊക്കെ ഇല്ലാതാക്കി. അവന് കളിയും ചിരിയും തറുതലയുംതന്നെ എന്നായപ്പോൾ ഞാനും പഴയപടിയായി.

ദൈവം നമ്മുടെ ഓരോരുത്തരുടെയും കൂടെ ഉണ്ട്. വിശ്വസിക്കുന്നവർ അത് അറിയുന്നു, ഇല്ലാത്തവർ ഇല്ല. അത്രേയുള്ളൂ. ഒരു ദിവസം പെട്ടെന്ന് കുമാരൻ വന്ന് എന്റെകൂടെ നടപ്പ് തുടങ്ങിയതല്ല. ഒരു ദിവസം ഞാൻ കാണാൻ തുടങ്ങി എന്നേ ഉള്ളൂ. എല്ലാം കഴിഞ്ഞ്, പണ്ടു നടന്ന പല കാര്യങ്ങളെക്കുറിച്ചും ആലോചിച്ചുനോക്കുമ്പോഴാണ് അത് മനസ്സിലാകുന്നത്.

ഒന്നാമത്, എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ, കുമാരനെ അറിയുന്നതിനും മുമ്പേ നടന്ന ഒരു സംഭവമാണ്. എനിക്ക് ചെറിയ ഓർമ്മയേയുള്ളൂ, ഒരു ദിവസം എവിടുന്നോ ഒരു മയിൽപ്പീലി കിട്ടി. ഞാൻ അത് താഴെവെക്കുകയില്ല. ഉമ്മവെക്കും, മേത്തും മുഖത്തും ഇട്ട് ഉരയ്ക്കും. മുഖത്തിനു നേരെ പിടിച്ച്, അതിൽത്തന്നെ നോക്കിയിരിക്കും. മയിൽപ്പീലി എന്നുവെച്ചാൽ ഒരു പക്ഷിയുടെ തൂവലാണെന്നോ മയിൽ കുമാരന്റെ വാഹനമാണെന്നോ ഒന്നും അറിയുന്ന പ്രായമായിട്ടില്ല. ആ നിറങ്ങളുടെ ഭംഗി. അതങ്ങ് ഇഷ്ടമായി എന്നുമാത്രം അറിയാം. പീലിയുടെ അകത്തോട്ട് അകത്തോട്ട് നോക്കുമ്പോൾ, ഒരു ഗുഹ, അതിനകത്ത് നീലനിറമുള്ള ഇരുട്ട്, ആ ഇരുട്ടിനകത്തുകൂടി പ്രകാശിച്ചുനിൽക്കുന്ന ഒരു വഴി. ഞാൻ ആ വഴിയേ കയറിച്ചെല്ലുന്നതുകണക്കെയാണ് കണ്ടത്. അമ്മയോ അമ്മൂമ്മയോ മറ്റോ വന്നു നോക്കുമ്പോൾ ഞാൻ ബോധംകെട്ട് മുറ്റത്ത് കിടക്കുകയാണ്.

അതേകണക്ക്, തമ്പാൻ അപ്പൂപ്പൻ സ്കന്ദപുരാണം വായിച്ചുതരുന്ന സമയത്ത് മറ്റ് ഏതു പുസ്തകം കേൾക്കുന്നതിനെക്കാട്ടിലും സന്തോഷം ഉണ്ടാകും. കുമാരന്റെ കഥയല്ലയോ? അതിനകത്തെ ചില സ്തുതികളും മറ്റും കേൾക്കുന്ന സമയത്ത് ആവേശംകൊണ്ട് എഴുന്നേറ്റുനിന്ന് തുള്ളിയിട്ടുണ്ട്.

മൂന്നാമത്, ഷഷ്ഠിയുടെ കാര്യം. ഓർമ്മവെച്ച കാലംമുതലേ ചില ദിവസം എനിക്ക് ആഹാരം കഴിക്കാൻ പറ്റാറില്ല. വീട്ടുകാര്യമൊക്കെ നോക്കുന്നതിനിടയ്ക്ക് അമ്മ അത് ശ്രദ്ധിക്കാറുമില്ല. ഉടമ്പള്ളിക്കാവിൽ കഴിയുന്ന കാലത്ത് പക്ഷേ തമ്പാൻ അപ്പൂപ്പൻ ഇത് ശ്രദ്ധിച്ചു. ഒന്നുരണ്ടുവട്ടം ആയപ്പോൾ പറയാൻ തുടങ്ങി, ഇന്ന് ഷഷ്ഠിയാണല്ലോ എന്ന്. പിന്നെ അതങ്ങ് മറന്നു. കുമാരനെ പരിചയപ്പെട്ടുകഴിഞ്ഞാണ് ഞാൻ അറിഞ്ഞുകൊണ്ട് ഷഷ്ഠിക്ക് നൊയമ്പ് നോൽക്കാൻ തുടങ്ങിയത്. ആ സമയത്ത് ഞാൻ ഇതിനെപ്പറ്റി കുമാരനോട് ചോദിച്ചു. അവനും പറഞ്ഞു, അതെ, നീ ജനിച്ചതിൽപ്പിന്നെ ഒരു ഷഷ്ഠിക്കുപോലും ജലപാനം കഴിച്ചിട്ടില്ല എന്ന്.

എല്ലാ സമയത്തും കൂടെയുണ്ടെങ്കിലും കുമാരനെ എപ്പോഴും കാണാനൊക്കുകയില്ല. ചിലപ്പോൾ ഒരു പുകപോലെ മാത്രം കാണും. വേറെ ചിലപ്പോൾ ചെമ്പകപ്പൂവിന്റെ മണം കിട്ടും. ചില സമയത്ത് ഒച്ചമാത്രം കേൾക്കാം. അതും പലസമയത്ത് പലതരത്തിലാണ്. ചിലപ്പോൾ അടുത്തുനിന്ന് ചെവിയിൽ പറയുന്നതുകണക്കെ. വേറെ ചില സമയത്ത് കേടായ റേഡിയോയിലേതുകണക്കെ തിരിയാതെ. ചിലപ്പോൾ, ദിവസങ്ങളോളം കാണണമെന്ന് കൊതിച്ചാലും കാണുകയില്ല. വിചാരിക്കാതിരിക്കുന്ന ചില സമയത്ത് അടുത്തു വന്നിരിക്കും. പലപല കാര്യങ്ങളെക്കുറിച്ച് പറയും. ഒരു പ്രശ്നം വരുമ്പോൾ എന്തൊന്ന് ചെയ്യണമെന്ന് ചോദിച്ചാൽ പറഞ്ഞുതരും. ആവശ്യങ്ങൾ നടത്തിത്തരും. പേടിയും സങ്കടവും വരുമ്പോൾ സമാധാനിപ്പിക്കും. ഇരുട്ട് വലിയ പേടിയാണ് എനിക്ക്. ഇരുട്ടത്ത് നടക്കേണ്ടിവന്നാൽ കുമാരൻ കൈപിടിക്കും.

അതേകണക്ക് എനിക്ക് പേടിയുള്ള കാര്യമാണ് ഇലക്ഷൻ. കുറേപ്പേർ വന്ന് നമ്മളോട് ഓട്ട് ചോദിച്ചിട്ടുപോകും. തരാമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാലും ഒരാൾക്കല്ലാതെ കൊടുക്കാൻ ഒക്കുമോ? ഒരാൾ ജയിക്കണമെങ്കിൽ ബാക്കി എല്ലാവരും തോൽക്കണം എന്നു പറയുന്നത് എന്തുതരം കളിയാണ്? പക്ഷേ, പാർട്ടിക്കാർ നിർബന്ധിച്ച് കൊണ്ടുപോകും. അകത്തോട്ട് കയറുമ്പോൾ എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങും. എന്റെ ഒരു ഓട്ടുകൊണ്ടാണ് ഒരാൾ തോൽക്കുന്നതെങ്കിലോ? അപ്പോൾ കുമാരൻ ചെവിയുടെ അടുത്ത് വന്നുനിന്ന് പയ്യെ പറയും, പേടിക്കണ്ട, ഞാൻ ഇവിടുണ്ട്. മെഷീന്റെ മുമ്പിൽ വെറുതേ നിന്നുകൊടുത്താൽ മതി. അവൻ കൈപിടിച്ച് കുത്തിച്ചോളും. എനിക്ക് കുറ്റമില്ല.

“ശ്രദ്ധിച്ചാൽ മതി,” കുമാരൻ ഓരോ സമയത്തും പറയും. ശ്രദ്ധിച്ചുതന്നെയാണ് ഞാൻ ജീവിക്കുന്നത്. പക്ഷേ, എത്ര ശ്രദ്ധിച്ചാലും എന്തു ചെയ്യണം എന്നറിയാതെ അങ്കലാപ്പിലാകുന്ന സമയങ്ങളുണ്ട്. അപ്പോൾ അവൻ വഴി പറഞ്ഞുതന്ന് ഉന്തിവിടും.

എന്റെകൂടെത്തന്നെ കുമാരനും വലുതായി. ഞങ്ങൾ ഒരേ പ്രായമാണെങ്കിലും ശരീരത്തിന് വളർച്ച ആദ്യം എനിക്കായിരുന്നു. അവന്റെ മൊട്ടത്തല എന്റെ തോളിനുതാഴെ നിൽക്കും. എന്നാലും മൂത്തതാണെന്നുള്ള ഭാവത്തിലാണ് പെരുമാറ്റമൊക്കെ. ഞാൻ അതൊക്കെയങ്ങ് സമ്മതിച്ചുകൊടുക്കും, ദൈവമല്ലയോ?

കുമാരന്റെ വരവ് ചില സമയത്ത് തുലാവർഷക്കാലത്തെ മഴകണക്കെയാണ്. വലിയ ബഹളംതന്നെ. കണ്ണുനീരും ചിരിയും വർത്തമാനവും ഒക്കെയായിട്ട്. അവനും എനിക്കും മാത്രം മനസ്സിലാകുന്ന വർത്തമാനം. ശരീരം മുഴുവൻ കാവടിയുടെ പൂക്കുലകണക്ക് വിറച്ചുതുള്ളും.

മഴപെയ്യാൻ പോകുന്നത് മയിലിന് അറിയാമെന്ന് പറയുന്നതുകണക്ക് അത്തരം ദിവസങ്ങളിൽ രാവിലെതന്നെ എനിക്ക് അറിയാം. അന്ന് പണിക്ക് പോകുകയില്ല. മുറിക്കകത്തുതന്നെ ഇരിക്കും. ആടാൻ അവൻ വിളിച്ചുകഴിഞ്ഞാൽ അടങ്ങിയിരിക്കാൻ പറ്റുകയില്ല. ചെവിയിൽ പമ്പമേളം കേട്ടുതുടങ്ങും. കാല് ഇളകിത്തുടങ്ങും. പിന്നെ വിയർത്തൊഴുകിയാലും കൈയും കാലും കഴച്ച് ഒടിഞ്ഞാലും അവൻ ആട്ടം നിർത്താതെ എനിക്കും നിർത്താൻ പറ്റുകയില്ല. ചിലപ്പോൾ രണ്ടും മൂന്നും ദിവസം അതങ്ങനെ നിൽക്കും. അവൻ നിർത്തിയിട്ടു പോയാൽ വാഴവെട്ടിയിട്ടതുകണക്ക് കട്ടിലിലോട്ട് മറിയും. പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ സമാധാനമായിരിക്കും. ഇതൊന്നും സാധാരണക്കാർക്ക് കണ്ടാൽ മനസ്സിലാകുന്ന കാര്യങ്ങളല്ല. അതുകാരണം വാതിലും ജന്നലും അടച്ച് ഇരിക്കും. ചിലപ്പോൾ ജലപാനംപോലും കഴിച്ചില്ലെന്നും വരും.

ആദ്യമായിട്ട് കുമാരന്റെ ആവേശം ഉണ്ടായ സമയത്ത് അച്ഛനും അമ്മയും എന്നെ ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയി. എനിക്ക് തലയ്ക്ക് എന്തോ സുഖമില്ലാത്തതാണ് എന്നായിരുന്നു അവരുടെ പേടി. ഡോക്ടർമാർ എന്തൊക്കെയോ മരുന്നുതന്നു. അതൊക്കെ കഴിച്ചതോടെ എനിക്ക് അനങ്ങാൻപോലും വയ്യാതായി. കരിങ്കല്ലിന്റെ ബിംബം പോലെ അങ്ങനെ ഇരിക്കും.

അവസാനം, അതു കണ്ടുനിൽക്കാൻ വയ്യാതെ അച്ഛൻ പറഞ്ഞു, “നീ ഇനി ഗുളികയൊന്നും കഴിക്കണ്ട. ദേവി തന്ന സന്തതിയാണ്. നിന്റെ സുഖവും അസുഖവുമെല്ലാം ദേവിതന്നെ തരുന്നതാണ്.”

മരുന്നെല്ലാം എടുത്ത് ദൂരെക്കളഞ്ഞു. പിന്നെ ആശുപത്രിയിലൊന്നും കൊണ്ടുപോയിട്ടില്ല.

അഞ്ച്: പരോപകാരം

നിക്ക് പതിനഞ്ചു വയസ്സുള്ള സമയത്ത് ഷൈൻ എന്നു പറഞ്ഞ ഒരുത്തൻ എന്റെ പുറകേ കൂടി. ഇല്ലിക്കലെ വൈദ്യന്മാർ എന്നു പറയുന്ന വീട്ടുകാരാണ്. അവൻ ഐറ്റിഐക്ക് പഠിക്കുന്നു. ഞാൻ പണികഴിഞ്ഞു വരുന്ന വഴിക്ക് കാത്തുനിൽക്കും. എന്നിട്ട് സൈക്കിളും ഉരുട്ടി കൂടെ നടക്കും. സെൻ്റിന്റെ മണമാണ് പുള്ളിക്ക്. നല്ല മധുരമുള്ള വർത്തമാനം പറയും. സ്നേഹം തരാമോ എന്ന് എന്നോട് ആദ്യമായിട്ട് ഒരു മനുഷ്യജീവി ചോദിക്കുന്നത് അവനാണ്. ഞാനങ്ങ് അലിഞ്ഞുപോയി. അവനെ കാണുമ്പോൾ എന്റെ ചങ്ക് കൂട്ടിലിട്ടിരിക്കുന്ന കിളികണക്ക് നെഞ്ചിനകത്തു കിടന്ന് പിടയ്ക്കാൻ തുടങ്ങും. അവനെക്കാണാതെ ജീവിക്കാൻ പറ്റുന്നില്ല എന്ന് ഞാൻ കുമാരനോട് പറഞ്ഞു. ഷൈനിന്റെ കാര്യമൊന്നും കേൾക്കാൻ കുമാരൻ താൽപര്യം കാണിച്ചില്ല. ആണിന്റെ കുശുമ്പല്ലയോ എന്ന് ഞാനും വിചാരിച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഷൈൻ പറഞ്ഞു, നമുക്കൊരു സിനിമയ്ക്കു പോകാം എന്ന്. സിനിമാക്കൊട്ടക എന്നു പറഞ്ഞാൽ എനിക്ക് ഭയങ്കര പേടിയുള്ള ഒരു സ്ഥലമാണ്. ഇരുട്ടത്ത് ശ്വാസം മുട്ടും. വീട്ടിൽ എല്ലാവരും സിനിമയ്ക്കു പോകുന്ന നേരത്തുപോലും പോകാത്തയാളാണ് ഞാൻ. ഷൈനിനോട് അതു പറഞ്ഞപ്പോൾ അവൻ പിണങ്ങി. സ്നേഹമില്ലാത്തതുകൊണ്ടാണ് ഇത്ര ചെറിയ കാര്യംപോലും ചെയ്തുകൊടുക്കാത്തതെന്ന് അവൻ പറഞ്ഞു. എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുകണക്കെ തോന്നി. പ്രാണനെക്കാട്ടിലും സ്നേഹിക്കുന്ന ഒരുത്തനോട് സ്നേഹമില്ല എന്നു പറഞ്ഞാൽ എങ്ങനെ സഹിക്കും?

ഞാൻ കുമാരനോട് ചോദിച്ചു.

അവൻ ചോദിച്ചു, “നീ എന്തിനാ എന്നോട് ചോദിക്കുന്നത്? അച്ഛനോടോ അമ്മയോടോ ചോദിക്കാൻമേലായോ?”

ഞാൻ പറഞ്ഞു, “അവർക്ക് ഇതു പറഞ്ഞാൽ മനസ്സിലാകുകയില്ല. ഇതേകണക്കുള്ള സ്നേഹം അവർക്കൊക്കെ അറിയാമോ എന്നുപോലും സംശയമാണ്. അവരെന്നല്ല, ലോകത്തിൽ വേറൊരുത്തരും ഇതുകണക്ക് ഒരു സ്നേഹം അനുഭവിച്ചുകാണുമോ എന്ന് എനിക്ക് അറിയാൻമേലാ. അതുകൊണ്ടല്ലയോ ഞാൻ നിന്നോട്-”

“നിനക്ക് എന്തോ തോന്നുന്നു, പോകണോ പോകണ്ടയോ?”

“സ്നേഹമുള്ള ഒരാളുടെകൂടെ സിനിമയ്ക്ക് പോകുന്നത് തെറ്റാണോ?”

“അവന് നിന്നോട് സ്നേഹമാണോ?”

“പിന്നല്ലാതെ!” എനിക്ക് സംശയമില്ലായിരുന്നു.

ഞാൻ ഷൈനിന്റെകൂടെ ആദ്യമായിട്ട് മാറ്റിനിക്കു പോയത് ഒരു വ്യാഴാഴ്ചയാണ്. സിനിമ മാറുന്നതിന്റെ തലേദിവസം ചെന്നാൽ വലിയ ആളു കാണുകയില്ല എന്ന് അവൻ പറഞ്ഞിരുന്നു. ഷോ തുടങ്ങിക്കഴിഞ്ഞിട്ടേ ചെല്ലാവൂ. രണ്ടുപേരും വേറേവേറേ ടിക്കറ്റെടുത്ത് കയറണം. കൊട്ടകയുടെ നടുക്ക്, ചുറ്റിനും ആരും ഇല്ലാത്ത ഒരു സീറ്റിൽ അവൻ ഇരിക്കും.

ഇരുട്ടത്ത് തപ്പിത്തടഞ്ഞ് സെക്കൻഡ് ക്ലാസിനകത്ത് കയറിയപ്പോൾത്തന്നെ എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി. സ്ക്രീനിനു നേരെ നോക്കുമ്പോൾ ഇരുട്ടല്ലാതെ ഒന്നും കാണാൻ പറ്റുന്നില്ല. സിനിമയുടെ ഒച്ച വേറെയും. കയറണോ ഇറങ്ങി ഓടണോ എന്നറിയാതെ ഞാൻ കുറച്ചുനേരം നിന്നു. സ്നേഹംകാരണം പോകാൻ പറ്റുന്നില്ല, പേടികാരണം കയറാനും. അപ്പോൾ, നടുക്ക് ഒരു സീറ്റിലിരുന്ന് ഷൈൻ കൈകാണിക്കുന്നത് ഞാൻ കണ്ടു. ഒരു ചതുപ്പിനകത്തുകൂടി നടക്കുന്നതുകണക്കെ ഊരും വാരിപ്പിടിച്ച് ഇരുട്ടത്തുകൂടി നടന്ന് ഞാൻ അവന്റെയടുത്തുള്ള സീറ്റിൽച്ചെന്ന് വീണു.

കുമാരൻ പറഞ്ഞകണക്കുതന്നെ അവൻ വിളിച്ചത് സിനിമ കാണാനൊന്നും അല്ലായിരുന്നു. ചെന്ന് ഇരുന്നതും, ഒരക്ഷരം മിണ്ടാതെ തോളിൽക്കൂടി കൈയിട്ട് എന്നെപ്പിടിച്ച് അടുപ്പിച്ചു. എന്നിട്ട് ബീഡിനാറ്റമുള്ള വായവെച്ച് ഉമ്മവെക്കാൻ വന്നു.

ഞാൻ മുഖം തിരിച്ചുകളഞ്ഞു.

“ഉം?” അവൻ ഇരുട്ടത്ത് കണ്ണുരുട്ടി എന്നെ നോക്കി.
“ഉംഉം” ഞാൻ തലകുലുക്കി. കഴിവതും ഒച്ചതാഴ്ത്തി പിറുപിറുത്തു, “എനിക്ക് പേടിയാ.”
“പേടിക്കാൻ ഒന്നുമില്ല, ഇതൊക്കെ സ്നേഹമുള്ളോര് ചെയ്യുന്നതാ.”
“എനിക്കറിയാം, പക്ഷേ…”
“കണ്ടില്ലയോ?” അവൻ സിനിമാസ്ക്രീനിലോട്ട് കണ്ണുകാണിച്ചു.
ഞാൻ നോക്കിയപ്പോൾ ഒരുത്തൻ ഒരുത്തിയെ കെട്ടിപ്പിടിച്ച് പുല്ലിൽ കിടന്ന് ഉരുളുന്നു. തോളിലിരുന്ന ഷൈനിന്റെ കൈ അപ്പോഴത്തേക്കും എന്റെ ചുരിദാറിനകത്തോട്ട് ഇറങ്ങിക്കഴിഞ്ഞിരുന്നു. എന്റെ ശരീരം വിയർത്ത് ഉരുകാൻ തുടങ്ങി.

‘അയ്യോ’ എന്ന് വിളിക്കാൻ പോയതാണ്. പക്ഷേ ഒരക്ഷരം വെളിയിലോട്ട് വന്നില്ല. എന്റെ വായ് വറ്റിയങ്ങ് വരണ്ടു.
അവൻ എന്റെ കൈപിടിച്ച് പാൻ്റിനകത്തോട്ട് വെച്ചു. ഇഴജന്തുവിനെ തൊട്ടതുകണക്കെ എന്റെ കൈ പൊള്ളി. ശരീരം കിടുകിടാ വിറയ്ക്കാൻ തുടങ്ങി. സിനിമയുടെ സ്ക്രീൻ ഇരുണ്ടുവരുന്നതാണ് അവസാനത്തെ ഓർമ്മ.

പിന്നെ അറിയുന്നത് ‘എണീക്ക്, എണീക്ക്’ എന്നു പറഞ്ഞ് തമ്പാൻ അപ്പൂപ്പൻ എന്നെ കുലുക്കി വിളിക്കുന്നതാണ്.

കണ്ണുതുറന്നുനോക്കിയപ്പോൾ വിളിച്ചുണർത്തിയത്, അപ്പൂപ്പനല്ല, ഷൈനാണ്. സീറ്റിൽ മലച്ചുകിടക്കുകയാണ് ഞാൻ. ബോധംപോയിരുന്നു. രണ്ടു കടവായിൽക്കൂടിയും നുരയും പതയും ഒലിച്ചിട്ടുണ്ട്.

അവൻ പറഞ്ഞു, “ഇൻ്റർവെൽ ആകാറായി. ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ ലൈറ്റു വരുമ്പോൾ ആരെങ്കിലും കാണും.”

ഞാൻ പതിയെ എഴുന്നേറ്റിരുന്നു. എന്റെ കൈ നിറച്ച് വളുവളാ എന്നുള്ള വൃത്തികേട്.
“ഞാൻ പോവാ,” അവൻ എഴുന്നേറ്റു. “വേഗം ഇറങ്ങുന്നതാ നല്ലത്.” അതും പറഞ്ഞ് അവൻ ഇറങ്ങിയങ്ങ് പോയി.

ഞാൻ സീറ്റിന്റെ അടിയിൽ കൈയൊക്കെ തുടച്ച് ഒരുവിധത്തിൽ ഇറങ്ങിപ്പോയി.

തീയേറ്ററിൽവെച്ച് എനിക്ക് എന്തൊന്നാണ് സംഭവിച്ചതെന്ന് അറിയാൻമേലാ എന്ന് ഞാൻ കുമാരനെ കണ്ടപ്പോൾ പറഞ്ഞു.
“നിന്റെ ബോധം പോയി,” അവൻ പറഞ്ഞു.
“അത് എനിക്ക് മനസ്സിലായി, അതല്ല ചോദിച്ചത്. ആണുങ്ങളുടെകൂടെ ചെയ്യുമ്പോൾ പെണ്ണുങ്ങൾക്ക് ബോധം പോകാറുണ്ടോ? ഞാനെങ്ങും കേട്ടിട്ടില്ലല്ലോ.”
കുമാരൻ എന്നെത്തന്നെ ഇങ്ങനെ നോക്കിയിരുന്നു. ഒന്നും പറഞ്ഞില്ല.
“എന്തൊന്നാ?” ഞാൻ ചോദിച്ചു.
അവൻ അതിനുള്ള മറുപടിയല്ല പറഞ്ഞത്. അവൻ ചോദിച്ചു, “നിങ്ങള് കല്യാണം കഴിക്കാനാണോ പരിപാടി?”
“ഞാനതൊന്നും ആലോചിച്ചിട്ടില്ല.”
“ഇല്ലിക്കൽക്കാര് കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?”
“അറിയാൻമേലാ,” ഞാൻ പറഞ്ഞു. “ഒരാള് നമുക്ക് ഒരു കാര്യം ചെയ്തുതരുമോ എന്നു നോക്കിയിട്ടാണോ നമ്മള് അവരെ സഹായിക്കേണ്ടിയത്?”
അവൻ ചോദിച്ചു, “സഹായമോ?”
“അല്ലയോ?” ഞാൻ ചോദിച്ചു, “ഇതൊക്കെ എല്ലാ ജീവികൾക്കുമുള്ള ആവശ്യങ്ങളല്ലയോ? പക്ഷിയായാലും മൃഗമായാലും ഒക്കെ, ആണും പെണ്ണുമായിട്ടുള്ള ശരീരങ്ങൾക്കൊക്കെ ഈ ആവശ്യമില്ലയോ?”
“ങാ,” അവൻ മൂളി.

“ദേവന്മാർക്കും യക്ഷഗന്ധർവന്മാർക്കും ഒക്കെ ഉള്ളതല്ലയോ? നിനക്കല്ലയോ അറിയാവുന്നത്?”
“ആന്നു,” അവൻ സമ്മതിച്ചു.

ഷൈൻ പിന്നെയും സിനിമയ്ക്കു ചെല്ലണമെന്ന് നിർബന്ധിക്കാൻ തുടങ്ങി. “എന്തൊരു പേടിയാ ഇത്” അവൻ പറഞ്ഞു. “ഞാൻ പറയുന്നതു കേൾക്ക്, രണ്ടുമൂന്നുവട്ടം ചെയ്തു കഴിയുമ്പോൾ മാറിക്കോളും പേടി.”
“ഇല്ല,” ഞാൻ പറഞ്ഞു. “ഞാൻ വരികയില്ല. എനിക്ക് സഹിക്കാവുന്ന പേടിയല്ല ഇത്.”
എന്നിട്ടും, അവൻ പറഞ്ഞ നേരത്ത്, ഞാൻപോലുമറിയാതെ, ഞാൻ തീയേറ്ററിലെത്തി. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അവന്റെയടുത്ത് പിന്നെയും ചെന്നു.

അത്തവണയും എന്റെ ബോധം പോയി. അത്തവണയും തമ്പാൻ അപ്പൂപ്പൻ എന്നെ വിളിച്ചുണർത്തി. കണ്ണുതുറന്നു നോക്കിയപ്പോൾ ഷൈനിനെ കണ്ടില്ല. അവന്റെ അടയാളമായിട്ട് ആകെപ്പാടെ എന്റെ കൈയിലെ വളുവളുപ്പുമാത്രം.

ഇൻ്റർവെല്ലു കഴിഞ്ഞോ എന്നൊന്നും അറിയാൻ മാർഗമില്ല. ഞാൻ വേഗം വെളിക്കു കടന്നു. വീട്ടിൽ ചെല്ലാൻ താമസിച്ചാൽ അമ്മ ചോദ്യംചെയ്യൽ തുടങ്ങും. ഞാൻ പറയുന്നതും ചെയ്യുന്നതും എല്ലാം കള്ളത്തരമാണെന്ന് വിശ്വസിച്ചിരിക്കുന്ന ആളാണ്. എന്നെ വിരട്ടുന്നതും വഴക്കുപറയുന്നതും കണ്ടുരസിക്കാൻ ഇളയ രണ്ടെണ്ണവും. അച്ഛൻ മാത്രമുണ്ട് എന്റെ സൈഡു പറയാൻ.

അടുത്ത തവണ കണ്ടപ്പോൾ കുമാരൻ ചോദിച്ചു, “പിന്നെയും നീ പോയി?”
“പോയി.”
“നിന്റെ ശരീരം നൊന്തു, ബോധം പോയി. എന്നിട്ടും എന്തിന് പോയി?”
ഞാൻ പറഞ്ഞു, “ശരീരത്തിന്റെ നോവ് എന്നു പറഞ്ഞാൽ വലിയൊരു കാര്യമല്ല എന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്. ശരീരംകൊണ്ട് നമ്മൾ ഒരാളെ സഹായിക്കണമെങ്കിൽ നോവും നീറ്റലും തളർച്ചയും കഷ്ടപ്പാടും ഒക്കെ സഹിക്കാതെ നടപ്പില്ല. ചിലപ്പോൾ ചതവും മുറിവുമൊക്കെ പറ്റും. ആടുമാടുകളെയും മീനിനെയും ഒക്കെ ഓർത്താൽ മതിയല്ലോ. അതിനെയൊക്കെ നല്ല രുചിയായിട്ടു തിന്നുന്ന സമയത്ത് നമ്മൾ ആലോചിക്കാറില്ലല്ലോ എത്ര നൊന്തിട്ടാണ് അതുങ്ങൾ ശരീരം നമുക്കായിട്ട് തരുന്നതെന്ന്. അതുവെച്ചു നോക്കുമ്പോൾ നമ്മളൊക്കെ ബാക്കിയുള്ളവർക്കായിട്ട് ചെയ്യുന്ന കാര്യങ്ങൾ എത്ര നിസ്സാരമാണ്!”

കുമാരൻ തുറിച്ചിങ്ങനെ നോക്കി. “കൊള്ളാം പ്രസംഗം! എവിടുന്നു പഠിച്ചു ഇതൊക്കെ? ആടുമാടുകളുടെ പരോപകാരം!”

“ഒരിടത്തുനിന്നല്ലയോ ഞാൻ എല്ലാം പഠിച്ചത്? ഉടമ്പള്ളിക്കാവിലെ പറമ്പിൽനിന്ന്! തമ്പാനപ്പൂപ്പന്റെ അടുത്തുനിന്ന്”

“തമ്പാനപ്പൂപ്പൻ”, അവൻ പല്ലു ഞെരിച്ചു.

“നിനക്കെന്നാ ഒരു ദേഷ്യംപോലെ?” ഞാൻ അതിശയിച്ചുപോയി. “ദൈവത്തെക്കണക്കൊരു മനുഷ്യനല്ലയോ അപ്പൂപ്പൻ?”

അവൻ ഒന്നും പറയാതെ ഇറങ്ങിയങ്ങ് പോയി. ഇതിനുമുമ്പും എനിക്ക് തോന്നിയിട്ടുള്ളതാണ്, തമ്പാൻ അപ്പൂപ്പന്റെ കാര്യം പറയുമ്പോൾ അവന് ഒരു പൊറുതികേട്. അവൻ ദൈവമാണെങ്കിൽ അപ്പൂപ്പൻ ദൈവകാര്യം മാത്രം വിചാരിച്ച് കഴിയുന്ന ഒരു മനുഷ്യൻ. അങ്ങനെ ഒരാളോട് ദൈവത്തിന് ഇഷ്ടമല്ലയോ തോന്നേണ്ടിയത്? എനിക്ക് അന്നും ഇന്നും അത് മനസ്സിലായിട്ടില്ല.

മൂന്നാമത്തെവട്ടം ഷൈനിന്റെകൂടെ പോയപ്പോൾ, സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വേറൊരുത്തൻ ഇരുട്ടത്ത് പതുങ്ങിപ്പതുങ്ങി വന്ന് എന്റെ ഇടത്തുവശത്തെ സീറ്റിൽ ഇരുന്നു. ഷൈനും അവനുംകൂടി എന്താണ്ടോ കുശുകുശാ പറഞ്ഞു. എന്നിട്ട് രണ്ടുപേരുംചേർന്നായി ഉപദ്രവം. ആദ്യം ഞാൻ വിചാരിച്ചു, ഇത് അതിക്രമമാണല്ലോ എന്ന്. കൈ തട്ടിമാറ്റാനൊക്കെ നോക്കി. അവൻമാർ സമ്മതിച്ചില്ല. വായും പൊത്തിപ്പിടിച്ചു.

അനങ്ങാൻപറ്റാതെ ആ ഇരിപ്പ് ഇരിക്കുമ്പോൾ, കണ്ണടച്ച്, ആദ്യം കുമാരനെ വിചാരിക്കാൻനോക്കി. അവൻ കുറ്റപ്പെടുത്തുന്നത് ആലോചിച്ചപ്പോഴത്തേക്ക് വെപ്രാളം കൂടി. പിന്നെ, മനസ്സിലോട്ട് വന്നത് തമ്പാൻ അപ്പൂപ്പനാണ്. അപ്പൂപ്പൻ പറഞ്ഞുതന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ നോക്കി ഞാൻ.

എന്റെ മനസ്സ് നേർവഴിക്കല്ല ചിന്തിക്കുന്നത് എന്ന് മനസ്സിലാകുകയാണ് അപ്പോൾ. നമുക്ക് പരിചയമുണ്ടോ എന്നു നോക്കിയിട്ടാണോ നമ്മൾ ഒരാളെ സഹായിക്കേണ്ടിയത്? ഒരു പരിചയവും ഇല്ലാത്ത ഒരാൾക്കുവേണ്ടിയിട്ട്, ഒരു കാരണവശാലും ഒന്നും തിരികെ പ്രതീക്ഷിക്കാതെ ചെയ്യുന്ന ഉപകാരമല്ലയോ ശരിക്കും പുണ്യം? അല്ലെങ്കിൽത്തന്നെ പരിചയം എന്നു പറയുന്നതിന് എന്തൊന്നാണ് അർഥം? ഷൈനിനെ എനിക്ക് കുറച്ചു ദിവസത്തെ പരിചയമുണ്ടെങ്കിൽ പേരറിയാത്ത മറ്റവനെ കുറച്ചു മിനിറ്റിന്റെ പരിചയം ഉണ്ട്. ഒരു മനുഷ്യായുസ്സിന്റെ നീളംവെച്ച് നോക്കുമ്പോൾ രണ്ടും തങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒരു മനുഷ്യായുസ്സുപോലും ദേവന്മാരുടെ ഒരു നിമിഷത്തിന്റെ നീളം ഇല്ല, പിന്നെയല്ലേ?

ബലം പ്രയോഗിച്ച് ഒരാൾ ഒരു സാധനം എടുക്കാൻ നോക്കുമ്പോൾ നമുക്ക് വിഷമമുണ്ടാകും. അതേ സാധനം നമ്മൾ അവർക്ക് നമ്മുടെ ഇഷ്ടപ്രകാരം കൊടുക്കുന്നു എന്നു വിചാരിച്ചാൽ അതോടെ വിഷമം ഇല്ലാതാകും. അങ്ങനെ ആലോചിച്ചതോടെ എന്റെ ശരീരത്തിന്റെ വേദന ഇല്ലാതായി. മനസ്സിനു ശാന്തത കിട്ടി. ശരീരത്തിനെ അവൻമാരുടെ സുഖത്തിന് വിട്ടുകൊടുത്തിട്ട് എന്റെ ആത്മാവ് പുറകിലത്തെ ഒഴിഞ്ഞ ഒരു സീറ്റിലോട്ട് പോയി. അവിടെയിരുന്ന് സമാധാനമായിട്ട് സിനിമ കണ്ടു.

പിന്നെ കണ്ടപ്പോൾ ഷൈൻ പറഞ്ഞു, ഇനി ഒരു തവണ ലോഡ്ജിൽ ചെല്ലണമെന്ന്. ആലോചിക്കട്ടെ എന്നു പറഞ്ഞു ഞാൻ. ഒരു പക്ഷേ പോകുകയുംചെയ്തേനെ. അതിനിടയ്ക്കാണ് വിവരം വീട്ടിലറിയുന്നത്.

ആറ്: വാത്സല്യം

ന്റെ അനിയൻ മണിയെ പള്ളിക്കൂടത്തിലെ പിള്ളേര് കളിയാക്കാൻ തുടങ്ങി, നിന്റെ ചേച്ചി ‘കൊടുപ്പ് കേസ്’ അല്ലയോ എന്നു ചോദിച്ച്. അവൻ വീട്ടിൽ വന്ന് ബഹളമുണ്ടാക്കി. അച്ഛൻ ദേഷ്യപ്പെട്ട് എന്നെ തല്ലാൻ കൈയോങ്ങിക്കൊണ്ട് വന്നു, ജീവിതത്തിലാദ്യമായിട്ട്. തല്ലിയില്ല. മാറിയിരുന്ന് കരഞ്ഞു.

ഷാപ്പിലും ഉത്സവപ്പറമ്പിലും തൊട്ട് കല്യാണവീട്ടിൽവരെ എത്ര അടിപിടി നടത്തിയിട്ടുള്ള ആളാണെന്ന് അറിയാമോ, എന്റെ അച്ഛൻ? ആ മനുഷ്യൻ എന്റെ ദേഹത്ത് കൈവെക്കാൻ പറ്റാതെ ഒരു കൊച്ചു കൊച്ചനെക്കണക്കെ ഇരുന്ന് കരയുകയാണ്. അമ്മ വലിയ വായിലേ പ്രാകുന്നു. മണി കിടന്ന് തുള്ളുന്നു, എന്നെ നേരെയാക്കിയില്ലെങ്കിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുമെന്നും പറഞ്ഞ്. ഇങ്ങനെയൊക്കെയേ ഇവർക്ക് ചെയ്യാനൊക്കൂ എന്ന് അറിയുന്നതുകൊണ്ടാണ് ഞാൻ ഷൈനിന്റെ കാര്യം നേരത്തേ വീട്ടിൽ പറയാഞ്ഞത്.

എന്റെ ജോലിക്കുപോക്ക് നിന്നു. പതിനാറാം വയസ്സിൽ കല്യാണാലോചന തുടങ്ങി. അപ്പോൾ ഞാൻ ആലോചിക്കുന്നത്, എങ്ങനെയെങ്കിലും വിവരം ഷൈനിനെ അറിയിക്കണം എന്നാണ്. അറിഞ്ഞാൽ അവൻ എന്തെങ്കിലും ചെയ്യും എന്ന് അപ്പോഴും എനിക്കൊരു വിചാരമുണ്ടായിരുന്നു. അമ്മയാണെങ്കിൽ പണിക്കു പോകാതെ വീട്ടിൽ കാവലിരിക്കുകയാണ്, എന്നെ ഇടംവലം വിടാതെ. ഒരു വിധത്തിൽ അയൽപക്കത്തെ ബിനില മുഖാന്തരം ഷൈനിനോട് പറഞ്ഞയച്ചു, വന്നുവിളിച്ചാൽ ഇറങ്ങിച്ചെല്ലാമെന്ന്. ബിനില അവനെക്കാണാൻ ഐറ്റിഐയിൽ ചെന്നപ്പോൾ എല്ലാം കേട്ടിട്ട് അവൻ അവളോടു ചോദിക്കുകയാണ്, മാറ്റിനിക്കു ചെല്ലാമോ എന്ന്.

കല്യാണാലോചന പലത് നടന്നു. കുമാരന്റെ ആവേശമുള്ള ആളാണെന്ന് അറിയുന്നതോടെ കുറെയെണ്ണം ഒഴിവാകും. ശരീരത്തിന്റെ സൗന്ദര്യം നോക്കാൻ വരുന്ന പെണ്ണുകാണലുകാർ ആരും ഇഷ്ടപ്പെടാതെ പോയിട്ടില്ല. സന്തോഷമായിട്ട് പിരിഞ്ഞുകഴിയുമ്പോൾ പക്ഷേ, എവിടുന്നെങ്കിലും അവരുടെ കാതിലെത്തും, പെണ്ണ് പിഴയാണെന്ന്. അതോടെ അത് പൂട്ടിക്കെട്ടും.

അച്ഛന്റെ കുടി കണ്ടമാനം കൂടി. വീട്ടിലെ സമാധാനം നശിച്ചു. അക്കാലത്ത് ഞാൻ എന്നും കരയുമായിരുന്നു. ഒന്നോ രണ്ടോ മനുഷ്യജീവികൾക്ക് ഞാൻ ഇറ്റു സന്തോഷം കൊടുക്കാൻ നോക്കിയതിന്റെ പേരിലല്ലയോ എന്റെ അച്ഛന് ഇങ്ങനെ സങ്കടം അനുഭവിക്കേണ്ടിവരുന്നത് എന്ന് ആലോചിച്ചപ്പോൾ സഹിക്കാൻ പറ്റിയില്ല. അപ്പോഴെല്ലാം കുമാരൻ ഓരോന്നു പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ നോക്കി.

“നീ ആ വൈദ്യന്റെ മോനെ കെട്ടാതിരുന്നത് നന്നായി. അവൻ നിന്നെ വീട്ടിലിട്ടിട്ട് വേറെ നൂറെണ്ണത്തിന്റെ പുറകേ പോയേനെ.”

എല്ലാം അറിഞ്ഞുകൊണ്ട് എന്നെ കെട്ടാൻ ഒരാൾ വന്നു. ദൂരെയെങ്ങുംനിന്നല്ല, നാലഞ്ചു വീട് അപ്പുറത്തുനിന്ന്. ഓട്ടോക്കാരനാണ് രാമചന്ദ്രൻ. സ്വന്തം അമ്മയുടെയും പെങ്ങന്മാരുടെയും എതിർപ്പുപോലും വകവെക്കാതെയാണ് അങ്ങേര് കല്യാണാലോചനയുംകൊണ്ട് വന്നത്. പിന്നീടൊരിക്കൽ നാത്തൂന്മാരിൽ ഒരാളുടെ വായിൽനിന്ന് വീണപ്പോഴാണ് ഞാൻ അറിയുന്നത് രാമചന്ദ്രന് പണ്ടുതൊട്ടേ എന്നെ വലിയ കാര്യമായിരുന്നു എന്ന്. പലപ്പോഴായിട്ട് പല പ്രാവശ്യം ആ ഓട്ടോയിൽ കയറിയിട്ടുണ്ട്. അന്നൊന്നും അങ്ങനെ ഒരു സംശയംപോലും തോന്നിയിട്ടില്ല. അങ്ങനെ നമ്മൾ അറിയാത്ത എത്രയോ സ്നേഹം മറ്റുള്ളവരുടെ മനസ്സിൽ കിടക്കുന്നു!

കല്യാണരാത്രിയിൽ രാമചന്ദ്രനോട് ഞാൻ പറഞ്ഞു, ഞാൻ വലിയ പേടിക്കാരിയാണെന്ന്. ലൈറ്റ് കെടുത്തരുതെന്ന്.

അങ്ങേർ അതിശയിച്ച് ചിരിച്ചു. “വേണ്ടെങ്കിൽ വേണ്ടാ. പേടിയുള്ള കാര്യങ്ങൾ വെട്ടത്ത് ചെയ്യാനാ സാധാരണക്കാർക്കൊക്കെ പേടി. ഇതിപ്പോൾ ആദ്യമായിട്ടാ കേൾക്കുന്നത്.”

ഞാൻ കണ്ണുതുറന്ന്, കുമാരന്റെ തിരുനാമം മനസ്സിൽ ജപിച്ച്, തമ്പാൻ അപ്പൂപ്പൻ പറഞ്ഞുതന്ന വേദാന്തങ്ങൾ ഓർത്ത്, കിടന്നുകൊടുത്തു. പേടിച്ചു വിറച്ചെങ്കിലും ബോധം മുഴുവനായിട്ടും പോയില്ല. സ്വർണ്ണനിറമുള്ള കണ്ണും ദേഹംമുഴുവൻ കറുത്ത രോമവുമുള്ള ഒരു മൃഗം എന്റെ മുകളിൽ കയറുന്നതായിട്ട് ഇടയ്ക്ക് തോന്നിയെങ്കിലും, ‘കുമാരാ’ എന്ന് വിളിച്ചപ്പോൾ എനിക്ക് വെളിവ് തിരിച്ചുകിട്ടി. പഴയതുകണക്കെ വായിൽക്കൂടി നുരയും പതയും വന്നില്ല. ഭർത്താവിന്റെ ആവശ്യം നടത്തിക്കൊടുക്കാൻ എനിക്ക് സാധിച്ചു. പിഴച്ചവളാണെന്ന് അറിഞ്ഞുകൊണ്ടു വന്ന് എനിക്കൊരു ജീവിതംതന്ന പുരുഷന്, എന്റെ അച്ഛന്റെയും അമ്മയുടെയും സങ്കടംതീർത്ത മനുഷ്യന് ഇച്ചിരി സുഖം കൊടുക്കാൻ എനിക്ക് സാധിച്ചു.

പരമാനന്ദം എന്നു പറയുന്ന സാധനം പരമാത്മാവിങ്കലേ ഉള്ളൂ എന്ന് തമ്പാൻ അപ്പൂപ്പൻ പറഞ്ഞുതന്നിട്ടുണ്ട്. അങ്ങു ചെന്ന് ലയിക്കുന്നതുവരെയുള്ള മനുഷ്യജീവിതത്തിൽ കൊച്ചുകൊച്ചു സന്തോഷങ്ങളേ ഉള്ളൂ. ബാക്കി മുഴുവൻ സങ്കടമാണ്. നരകവാരിധി എന്നൊക്കെ പറയുകയില്ലേ? അങ്ങനെ ആലോചിച്ചു നോക്കിയാൽ, രാമചന്ദ്രന്റെകൂടെയുള്ള ജീവിതം സന്തോഷംതന്നെ ആയിരുന്നു. അങ്ങേര് പഞ്ചായത്ത് പ്രസിഡൻ്റിന്റെ ഓട്ടോ വിട്ട് ഒരു സെക്കൻഡ് ഹാൻഡ് വണ്ടി മേടിച്ചു. എന്റെ അച്ഛൻ കുറച്ചു സാമ്പത്തികം കൊടുത്ത് സഹായിച്ചിരുന്നു. സ്വന്തം വണ്ടി വന്നതോടെ ഞങ്ങൾക്ക് വലിയ കഷ്ടപ്പാടില്ലാതെ കഴിയാമെന്നായി. അമ്മയുടെയും പെങ്ങന്മാരുടെയും കൂടെയായിരുന്നു ആദ്യം താമസം. പക്ഷേ, ഞാൻ അവിടെ നിൽക്കുന്നത് അവർക്കു സമാധാനക്കേടാണ് എന്നു മനസ്സിലായതോടെ ഞങ്ങൾ ഒരു വാടകവീട്ടിലോട്ട് മാറി. സ്ഥലസൗകര്യം കുറവായതുകൊണ്ടാണെന്നേ എല്ലാവരോടും പറഞ്ഞുള്ളൂ.

രാത്രിയിലെ എന്റെ പേടി കുറഞ്ഞുകുറഞ്ഞുവന്നു. കാമം എന്നു പറഞ്ഞ് മനുഷ്യൻ ചാകുന്നതെന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും വലിയ ദുരിതം സഹിക്കാതെതന്നെ രാമചന്ദ്രനെ സന്തോഷിപ്പിക്കാമെന്നുള്ള അവസ്ഥ വന്നു. എന്റെ കൈകൊണ്ടുണ്ടാക്കുന്ന ആഹാരവും അങ്ങേർക്ക് വലിയ ഇഷ്ടമായിരുന്നു. എല്ലാം അന്നപൂർണ്ണേശ്വരിയുടെ അനുഗ്രഹം!

എനിക്ക് കുമാരന്റെ ആവേശം ഉണ്ടാകുന്നത് ദിവ്യമായിട്ടുള്ള ഒരു കാര്യമല്ലെന്നും തലയ്ക്ക് സുഖമില്ലാത്തതാണെന്നും വീട്ടിലും നാട്ടിലും പലരും വിചാരിച്ചിരുന്നതായിട്ട് അറിയാം. അതേകണക്കുതന്നെ ‘സുഖക്കേടുകാരി’ എന്ന് രാമചന്ദ്രനും പറഞ്ഞു. പക്ഷേ, അത് എന്നെ നിന്ദിക്കാനോ കളിയാക്കാനോ അല്ലായിരുന്നു. എന്നെക്കുറിച്ച് കരുതലുണ്ടായിരുന്നത് വായിൽനിന്നു വീണത് അങ്ങനെയാണെന്നു മാത്രം.

കണ്ടമാനം കുടിച്ചിട്ടു വരുമ്പോൾ ചില്ലറ ഉപദ്രവമൊക്കെ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അതൊന്നും ഇല്ലാത്ത എത്ര ആണുങ്ങളുണ്ട് ലോകത്ത്? തന്നെയുമല്ല, എന്നെ തല്ലിയിട്ട് കിടന്നുറങ്ങിയാൽ പിറ്റേ ദിവസം എഴുന്നേറ്റു വരുന്നത് വലിയ സ്നേഹത്തിലായിരിക്കും. എനിക്കു നൊന്തോ എന്നു ചോദിച്ച് കെട്ടിപ്പിടിച്ച് കരയും. സാധാരണ ഗതിയിൽ വലിയ ഗൗരവത്തിൽ നടക്കുന്ന ഒരു ആണിന്റെ കാര്യമാണ് പറയുന്നത്. അങ്ങേരുടെ മനസ്സിനകത്ത്, അങ്ങേർപോലും അറിയാതെ, കെട്ടിക്കിടക്കുകയാണ് ഒരുപാട് സ്നേഹം. ആ സ്നേഹത്തിന് വെളിക്ക് വരണമെങ്കിൽ ഇതേ ഒരു മാർഗമുള്ളൂ, നമ്മുടെ ശരീരം വേദന സഹിക്കുക.

പതിനേഴാം വയസ്സിൽ ഭാര്യയായ ഞാൻ പതിനെട്ടാം വയസ്സിൽ അമ്മയായി. പ്രസവം എന്നു പറഞ്ഞാൽ എല്ലാ ദിവസവും ലോകത്തു നടക്കുന്ന ഒരു കാര്യമായതുകൊണ്ട് അതിൽ അതിശയം എന്താണെന്ന് ആരും ആലോചിക്കാറില്ല. ഒരു ജീവിക്ക് ശരീരംകൊണ്ട് വേറൊരു ജീവിക്കുവേണ്ടി ചെയ്യാൻ പറ്റുന്ന ഇതിലും വലിയൊരു പുണ്യകർമ്മമില്ല. വലിയ വേദനയാണ്, ഏറ്റവും വലിയ സുഖവുമാണ്. വാഴയുടെ മണ്ട പിളർന്ന് കൂമ്പ് വെളിക്കുവരുന്നതുകണക്ക്, ഒരു ശരീരം പിളർന്ന് വേറൊരു ജീവാത്മാവ് വെളിക്ക് വരികയാണ്. ശരീരം മാത്രമല്ല, ജീവിതംതന്നെ പിളർന്നാണ് നമ്മൾ വേറൊരു ജീവാത്മാവിനെ ഈ ലോകത്തിലോട്ട് കൊണ്ടുവരുന്നത്. നമ്മൾ ചെയ്തുകൂട്ടിയ പുണ്യങ്ങളൊക്കെ ഭാവികാലത്തിലോട്ട് എടുത്തുകൊണ്ടുപോയി അതുകൊണ്ട് ലോകത്തിന് നന്മചെയ്യാനുള്ള ആളല്ലയോ?

പ്രസവമുറിയിലോട്ട് നമ്മളെ കേറ്റുന്നത് ഒറ്റയ്ക്കാണ്. അവിടെ ഭർത്താവുമില്ല, അമ്മയുമില്ല. ഒരു പരിചയവുമില്ലാത്ത, ഒരു ദയയുമില്ലാത്ത കുറേ ആളുകൾ മാത്രം. നമ്മൾ കിടന്ന് പിടയ്ക്കുമ്പോൾ അടങ്ങിക്കിടക്കെടീ എന്ന് വഴക്കു പറയും. സുഖിച്ച സമയത്ത് ഇതൊന്നും ഓർമ്മയില്ലായിരുന്നോ എന്നു ചോദിച്ച് രസിക്കും. പ്രാണവേദനയുടെ ആ സമയത്ത് എന്റെ കൈപിടിക്കാൻ കുമാരൻ മാത്രമേ ഉള്ളായിരുന്നു. വിയർത്തൊലിക്കുന്ന മുഖത്ത് ഊതിത്തന്ന്, കാതിൽ പതിയെ പറഞ്ഞു, “സാരമില്ല, സാരമില്ല. ഇപ്പക്കഴിയും.”

വലിയ വലിയ വേദനകൾ സഹിച്ചിട്ടുള്ള ആളാണ് ഞാൻ എന്നും വേദന സഹിക്കുന്നത് ഒരു പ്രശ്നമേയല്ല എന്നും ആയിരുന്നു അന്നുവരെയുള്ള വിചാരം. പക്ഷേ, എന്റെ എല്ലാ ശേഷിക്കും അപ്പുറത്തുള്ള വേദനയായിരുന്നു അത്.

കുമാരൻ പറഞ്ഞു. “നമ്മള് ശരീരമല്ല, ആത്മാവാണ്. ആത്മാവിന് വേദനയില്ല. ഇതെല്ലാം നിനക്ക് അറിയുന്ന കാര്യമല്ലയോ?”

സത്യമാണ്. എല്ലാം അറിയുന്ന കാര്യങ്ങൾതന്നെയായിരുന്നു. എന്നിരുന്നാലും ആ സമയത്ത് ആ അറിവൊന്നും പ്രയോജനപ്പെട്ടില്ല. ശരീരംതന്നെ വേദനയാണെന്നായി. ലോകംതന്നെ വേദനയാണെന്നായി. ഒടുക്കം, നിവൃത്തിയില്ലെന്നായപ്പോൾ കുമാരൻ എന്നെ കൈപിടിച്ച് ശരീരത്തിൽനിന്ന് വെളിയിലോട്ട് കൊണ്ടുപോയി. അതിശയമണമുള്ള ഒരു പൂന്തോട്ടമാണ് പിന്നെ കാണുന്നത്. കൈതച്ചക്കയുടെ വലിപ്പത്തിൽ ഓറഞ്ചും വെള്ളയും പൂക്കൾ വിരിഞ്ഞുനിൽക്കുന്ന തോട്ടത്തിൽക്കൂടി അവൻ എന്നെ നടത്തി. പൂവു ചെരിച്ച് വായിലോട്ട് തേൻ ഒഴിച്ചുതന്നു. മരത്തണലിൽ കൊണ്ടുചെന്ന് കിടത്തി. പുല്ലിൽനിന്ന് മഞ്ഞുതുള്ളി തുടച്ചെടുത്ത് നെറ്റിയിൽ പുരട്ടി തണുപ്പിച്ചു. അവസാനം, കണ്ണടയ്ക്കാൻ പറഞ്ഞു. നെഞ്ചത്ത് ഒരു പൂവ് വെച്ചുതന്നിട്ട് പറഞ്ഞു, “ഇനി കണ്ണു തുറന്നോ.” ഉണർന്നപ്പോൾ എന്റെ നെഞ്ചിനോടുചേർന്ന് ഒരു കുഞ്ഞ്. എന്റെ മോൻ!

മോന് വിശാഖ് എന്നാണ് പേരിട്ടത്. കുമാരന്റെ പേരുതന്നെ. വിജു എന്ന് വിളിക്കും. എന്റെ ജീവിതത്തിൽ ഏറ്റവും ആനന്ദമുള്ള സമയമായിരുന്നു അവനെ വളർത്തിയ കാലം. അവൻ നേഴ്‌സറിയിൽ പോയിത്തുടങ്ങുന്നതുവരെയുള്ള മൂന്നുകൊല്ലം ജോലിക്ക് പോയില്ല. അവന്റെ കൂടെത്തന്നെ ഇരുപത്തിനാലു മണിക്കൂറും ഇരുന്നു. അവനെ പാലുകുടിപ്പിച്ചു, അവനെ തൊട്ടിലിൽ കിടത്തി ഉറക്കി, അവനെ നടക്കാൻ പഠിപ്പിച്ചു. “നിങ്ങള് രണ്ടുപേരും ഒന്നായി,” രാമചന്ദ്രൻ കുശുമ്പ് പറയും, “നമ്മള് ഔട്ടും ആയി.”

നേരു പറഞ്ഞാൽ, ജോലിക്കു പോകാൻ പറ്റാത്തതിൽ കുറച്ച് സങ്കടം ഉണ്ടായിരുന്നു. രാമചന്ദ്രനല്ലാതെ ആർക്കും വെച്ചുവിളമ്പാൻ പറ്റാത്തതിന്റെ വിഷമം. അപ്പോഴും സമാധാനിപ്പിച്ചത് കുമാരനാണ്. “നീ നിന്റെ പ്രാണൻ ഉരുക്കി വേറൊരു ജീവിയുടെ വായിൽ ചുരത്തിക്കൊടുക്കുകയാണ്. ഇതിലും വലിയ അന്നദാനമുണ്ടോ?”

എന്റെ മുലകുടിക്കുന്നേടത്തോളംകാലം മോനും കുമാരനെ കാണാനൊക്കുമായിരുന്നു. കുമാരന്റെ വരവുണ്ടെങ്കിൽ ഞാൻ അറിയുന്നതിനു മുമ്പേ അവൻ അറിയും. കൈയും കാലുമിട്ട് ഇളക്കി ഉറക്കെച്ചിരിക്കാൻ തുടങ്ങും. കുമാരൻ അടുത്തുനിന്ന് ഓരോന്ന് ചോദിക്കുമ്പോൾ മുഖത്തുതന്നെ നോക്കി മറുപടി പറയുന്നതുകണക്ക് ഓരോ ഒച്ച കേൾപ്പിക്കും. വർത്തമാനം പറഞ്ഞുതുടങ്ങിയതോടെ ആ കഴിവ് ഇല്ലാതായി. കുമാരൻ കയറിവന്നാലും അറിയാതെ വല്ല കളിപ്പാട്ടവുംകൊണ്ട് ഇരിക്കും. ‘ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്’ എന്നു പറഞ്ഞാൽ ചുറ്റും നോക്കും, ആരെയും കാണാതെ.

“അതൊക്കെ അങ്ങനിരിക്കും,” കുമാരൻ പറയും. “ഇനി അവനായി, അവന്റെ പാടായി.”

അന്ന് ഞാൻ കുമാരനോട് വഴക്കിട്ടു, എന്റെ കുഞ്ഞിനെക്കുറിച്ച് അന്യഥാക്കാരെപ്പോലെ പറഞ്ഞതിന്. പക്ഷേ, അവൻ പറഞ്ഞതാണ് നേര്. അച്ഛന്റെയും അമ്മയുടെയും ഗുണങ്ങൾ ചെറുപ്പത്തിലേ നമുക്ക് ഉപകരിക്കൂ. അതുകഴിഞ്ഞാൽ പിന്നെല്ലാം പൂർവജന്മവാസനകളാണ്. ഓരോ ജീവാത്മാവും അവനവന്റെ വഴി തന്നത്താനേ കണ്ടുപിടിക്കണം.

ഏഴ്: സ്നേഹം

ങ്ങൾ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തിന്റെ മറ്റേ പകുതിയിൽ ഒരു വർക്ക്‌ഷാപ്പ് ആയിരുന്നു. കെട്ടിടം ഉടമസ്ഥൻ ബേബി ഇലക്ട്രിക്കിന്റെ പണിചെയ്യുന്ന കട. കൊച്ചു ടോർച്ച് തുടങ്ങി വലിയ പമ്പുസെറ്റ് വരെ സകലതും നന്നാക്കും. രാമചന്ദ്രന്റെ പഴയ കൂട്ടുകാരനാണ് ബേബി. ഓട്ടം കഴിഞ്ഞ് രാമചന്ദ്രൻ കടയിൽപ്പോയി വർത്തമാനം പറഞ്ഞിരിക്കും. വല്ലപ്പോഴും കട അടച്ചുകഴിഞ്ഞ് അകത്തിരുന്ന് വെള്ളമടിയും ഉണ്ട്. ചിലപ്പോൾ രണ്ടുപേരുംകൂടി വീട്ടിലും വരും.

എനിക്ക് കുമാരന്റെ ആവേശമുണ്ട് എന്നുള്ള കാര്യം ബേബിയുടെ തീരാത്ത ഒരു അതിശയമായിരുന്നു. എപ്പോൾ വർത്തമാനം പറഞ്ഞാലും അതിനെപ്പറ്റി ചോദിക്കും. ഏതോ ഒരു അദ്ഭുതജീവിയെക്കണക്കെയാണ് അവൻ എന്നെ നോക്കിയത്.

ഇടയ്ക്ക് പകൽസമയത്ത് ഞാനുള്ളപ്പോൾ വീട്ടിൽ വരും. വെള്ളമോ മറ്റോ ചോദിക്കും. കടയിൽ ആളില്ലാത്ത സമയമാണെങ്കിൽ, നിന്ന് വർത്തമാനം പറയും. കുമാരന്റെ കാര്യങ്ങളാണ് അറിയേണ്ടിയത്. അവനെ കണ്ടാൽ എങ്ങനെയിരിക്കും, ഒച്ച എങ്ങനെയാണ്, അതു കേൾക്കുന്ന സമയത്ത് എനിക്ക് എന്തൊന്നാണ് തോന്നുന്നത്, എന്നെ തൊടുമോ എന്നൊക്കെ അറിയണം. ഞാൻ എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ പറഞ്ഞുകൊടുത്തു. കുമാരൻ എനിക്ക് പരിഹരിച്ചുതന്ന പ്രശ്നങ്ങളെപ്പറ്റിയും പറഞ്ഞുതന്ന പ്രപഞ്ചരഹസ്യങ്ങളെപ്പറ്റിയും ഒക്കെ ഞാൻ ബേബിക്ക് പറഞ്ഞുകൊടുത്തു. അതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ്. ആർക്കും അതൊന്നും ഒട്ട് കേൾക്കുകയും വേണ്ടായിരുന്നു.

ഇതിനിടയ്ക്ക് വിജു പള്ളിക്കൂടത്തിൽ പോയിത്തുടങ്ങി. ഞാൻ ജോലി കഴിഞ്ഞ് വരുമ്പോൾ ബേബി ഇപ്പുറത്തു വരുന്നത് പതിവായി. പതിയെപ്പതിയെ, അവന്റെ രഹസ്യങ്ങളും വെളിക്കു വരാൻ തുടങ്ങി. കുമാരനോട് പറയണം, പരിഹാരമുണ്ടാക്കിക്കൊടുക്കണം എന്ന് അവൻ പറഞ്ഞു. വെളിയിൽ ഒന്നും കാണിക്കാതെ നടക്കുന്നെങ്കിലും അവന്റെ ഹൃദയംനിറച്ച് സങ്കടമായിരുന്നു. സ്നേഹിച്ച പെണ്ണിനെത്തന്നെയാണ് കെട്ടിയത്. ഞാൻ കണ്ടിട്ടുണ്ട്, വലിയ കണ്ണൊക്കെയുള്ള നല്ല സുന്ദരി. അവളാണെങ്കിൽ സർക്കാർ ആശുപത്രിയിൽ നേഴ്‌സാണ്. നല്ല ശമ്പളം. ഇവൻ വെറും വർക്ക്‌ഷാപ്പ്. ചിലപ്പോൾ പണി കാണും, ചിലപ്പോൾ ഒന്നുമില്ലായിരിക്കും. ചിലപ്പോൾ നല്ല കാശ് കിട്ടും, ചിലപ്പോൾ മേശ കാലി. അതുകാരണം അവൾക്ക് ആകെ ഒരു അതൃപ്തി. പെണ്ണിനെക്കാട്ടിൽ ആണ് എപ്പോഴും മുകളിൽ നിൽക്കണം എന്നാണ് അവൾ പറയുന്നത്. അവനാണെങ്കിൽ അതു വേണ്ടാതാനും. മണ്ടയ്ക്ക് കയറാനോ അവിടെയിരുന്ന് ബാക്കിയുള്ളവരെ ചവിട്ടാനോ ഒന്നും ആഗ്രഹമില്ല. യന്ത്രങ്ങളുടെ സുഖക്കേട് കണ്ടുപിടിച്ച്, അതുങ്ങളെ സുഖപ്പെടുത്തി, അങ്ങനെ ഇരുന്നാൽ മതി. പക്ഷേ, അവൾക്ക് അത് സമ്മതമല്ല. അവന്റെ ജീവിതത്തിന് അർഥമില്ലാതായത് അങ്ങനെയാണ്.

അവന് സമാധാനംകൊടുക്കേണ്ടത് എന്റെ ചുമതലയായിട്ട് ഞാൻ കണ്ടു. അതാണ് തമ്പാൻ അപ്പൂപ്പൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്.

കുമാരൻ പറഞ്ഞു, “സമാധാനിപ്പിക്കുന്നതൊക്കെ നല്ല കാര്യംതന്നെ. പക്ഷേ, സൂക്ഷിക്കണം.”

“ബേബി നല്ലൊരു ചെറുപ്പക്കാരനാണ്. നിന്നെ വലിയ വിശ്വാസമാണ്.”

“അത് ആയിക്കോട്ടെ. എനിക്ക് നിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് പറഞ്ഞതാണ്. ഇല്ലിക്കലെ ചെറുക്കനെ സമാധാനിപ്പിക്കാൻ തീയേറ്ററിൽ പോയത് ഓർമ്മയുണ്ടല്ലോ.”

“ഹ!” ഞാൻ പറഞ്ഞു. “വൃത്തികേട് പറയാതെ. ഇവൻ അത്തരക്കാരനല്ല.”

ഞാൻ ബേബിയെ വിളിച്ചിരുത്തി പല നല്ല കാര്യങ്ങളും പറഞ്ഞുകൊടുത്തു. അവൻ ഒരു കൊച്ചുകുഞ്ഞിനെക്കണക്കെ ഇരുന്ന് കരഞ്ഞു.

“എനിക്ക് സന്തോഷം തരണം,” അവൻ എന്നെ കയറി കെട്ടിപ്പിടിച്ചു. “സ്നേഹം തരണം. കുമാരനെക്കൊണ്ടേ അത് പറ്റൂ.”

ഞാൻ അവന് സ്നേഹം കൊടുത്തു. എന്റെ ശരീരംകൊണ്ട് ചെയ്യാവുന്നതുകണക്കെ അവന്റെ സങ്കടം മാറ്റി.

ഉള്ളത് പറയണമല്ലോ. അവൻ എനിക്കു തന്ന സ്നേഹവും അതിനുമുമ്പ് ഞാൻ അറിഞ്ഞിട്ടുള്ളകണക്ക് അല്ലായിരുന്നു. ഒരു ശരീരത്തിൽനിന്ന് സുഖം എടുക്കാനല്ലാതെ കൊടുക്കാൻ അറിയുന്ന മനുഷ്യരെ അന്നുവരെ ഞാൻ കണ്ടിട്ടില്ല. അത് ഇല്ലിക്കലെ ഷൈൻ ആയാലും, തീയേറ്ററിനകത്തെ ഇരുട്ടത്ത് കയറിപ്പിടിച്ച പേരറിയാത്ത മറ്റവനായാലും, എന്തിന്, എന്നും കൂടെക്കിടക്കുന്ന രാമചന്ദ്രനായാലും. ബേബി എന്റെ ശരീരത്തിനെ കൈകാര്യംചെയ്തത് കുമാരന്റെ ആലയം എന്നുള്ള നിലയിലാണ്. സ്നേഹത്തോടെ മാത്രമല്ല, ബഹുമാനത്തോടെയും, ശ്രദ്ധയോടെയും. സ്നേഹിക്കുന്ന സമയത്ത് ‘കുമാരാ, കുമാരാ’ എന്ന് എന്റെ ചെവിയിൽ വിളിക്കും. ‘ബേബിക്കുട്ടാ’ എന്ന് അവനെ വിളിക്കാൻ പറയും.

ഞാൻ അതങ്ങനെ കുറച്ചുനാൾ കൊണ്ടുനടന്നു. ഒരേസമയം രണ്ടുപേർക്ക് സ്നേഹം കൊടുത്തു. പകൽനേരത്ത് പൗഡർമണമുള്ള ബേബിക്കും രാത്രിയിൽ കള്ളിന്റെ മണമുള്ള രാമചന്ദ്രനും.

കുമാരൻ ചോദിച്ചു, “ഇതെങ്ങനെ പറ്റും?”

ഞാൻ പറഞ്ഞു, “രണ്ടുപേർക്ക് കൊടുക്കാനുള്ള സ്നേഹം എന്റെയടുത്തുണ്ട്. നിനക്കും ഇല്ലയോ രണ്ടുപേര്?”

“ഞാൻ നിത്യബ്രഹ്മചാരിയാണ്,” അവൻ പറഞ്ഞു. “നീ പറയുന്നത് പഴമുതിർച്ചോലയിലെ കുമാരന്റെ കാര്യമാണ്. അതൊക്കെ അന്തക്കാലം. ആണുങ്ങൾക്ക് അന്ന് അങ്ങനെ പലതും ചെയ്യാൻ പറ്റുമായിരുന്നു. അതും എല്ലാവരും അറിഞ്ഞുകൊണ്ട്. നിന്റെ കാര്യത്തിൽ, ഇത് വീട്ടുകാരോ കരക്കാരോ ഒന്നും അറിയുന്നില്ല. നിനക്ക് രണ്ട് ആണുങ്ങൾ ഉള്ളതിൽ രാമചന്ദ്രൻപോലും അറിയുന്നില്ല.”

എനിക്ക് ദേഷ്യം വന്നു. “നീ എന്തൊന്നാ കുമാരാ, ഈ പറയുന്നത്? എല്ലാവരും അറിഞ്ഞാലേ സ്നേഹം സ്നേഹമാകുകയുള്ളോ? കൂടിയ ഇനത്തിൽപ്പെട്ട ചില സ്നേഹങ്ങൾ എല്ലാർക്കും മനസ്സിലാകണമെന്നില്ല.”
“ആരു പറഞ്ഞു?”
“തമ്പാനപ്പൂപ്പൻ പറഞ്ഞുതന്നിട്ടുണ്ട്.”
“നിന്റെ അപ്പൂപ്പൻ” അവന്റെ കണ്ണിൽനിന്ന് തീ പറക്കുന്നതുകണക്കെ തോന്നി. എന്റെനേരെ വിരൽചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു, “എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.”
“നീ ഒന്നും പറയുകയും വേണ്ടാ,” ഞാനും ദേഷ്യപ്പെട്ടു. “തമ്പാനപ്പൂപ്പനെ നിനക്ക് ഇഷ്ടമല്ലെന്ന് എനിക്കറിയാം. ആ മഹാത്മാവിനെ ദുഷിച്ച് ഒരക്ഷരം പറഞ്ഞുപോകരുത്.”
അവൻ പിന്നെ മിണ്ടിയില്ല.

കുറേ ദിവസം കഴിഞ്ഞപ്പോൾ ബേബിയും പറയാൻ തുടങ്ങി, ഇത് നെറികേടാണെന്ന്. ഒളിച്ചും പാത്തും വന്ന് അവന് മതിയായെന്ന്.

കുമാരൻ പിന്നെയും ചോദിച്ചു, “രാമചന്ദ്രനോ ബേബിയോ? നീ ഒരാളെ തീരുമാനിക്ക്.”
ഞാൻ ആലോചിച്ചപ്പോൾ, ബേബിയാണ് കൂടുതൽ ആവശ്യക്കാരൻ. അവന്റെ ജീവിതം ഞാനുണ്ടെങ്കിലേ മുന്നോട്ടുപോകൂ. എന്നെക്കണക്ക് അവനെ മനസ്സിലാക്കുന്ന ഒരു പെണ്ണിനെ കിട്ടാൻ പാടായിരിക്കും. രാമചന്ദ്രന് ഞാൻ പോയാൽ വേറെ നല്ല പെണ്ണ് കിട്ടും.

ബേബി ഇരുന്ന് പ്ലാനും പദ്ധതിയും ഇടാൻ തുടങ്ങി. ഞാൻ രാമചന്ദ്രനെ വിടണമെന്നും അവൻ നേഴ്സിനെ വിടാമെന്നും. അവന്റെ കെട്ടിടത്തിലാണല്ലോ ഞങ്ങൾ വാടകയ്ക്കു താമസിക്കുന്നത്. രാമചന്ദ്രൻ അവിടുന്ന് ഒഴിഞ്ഞുതന്നാൽ ഞങ്ങൾക്ക് അവിടെ താമസിക്കാം. വീട്ടിലെ ചട്ടിയും കലവും ഒക്കെ അങ്ങേർ എടുത്തോട്ടെ. അതേകണക്ക്, നേഴ്സിന്റെ പേരിൽ വായ്പയെടുത്ത് ഉണ്ടാക്കിയ വീട് അവൾക്ക്. എന്റെ മോനെ പൊന്നുപോലെ നോക്കുമെന്ന് ബേബി പറഞ്ഞു. ഭാര്യയുടെ മക്കളെ അവൾക്ക് കൊടുക്കും.

ഒരു തടസ്സമേ ഉള്ളൂ. ഞങ്ങൾ രണ്ടുപേരുംകൂടി രാമചന്ദ്രനോട് പറയണം എന്നാണ് അവന്റെ ആവശ്യം. അതെങ്ങനെ നടക്കും? ഒരുത്തരുടെയും സങ്കടം കാണാൻ മേലാത്ത ആളാണ് ഞാൻ. ഒന്നു കടയിൽ പോകാനിറങ്ങുമ്പോൾ മോന്റെ കരച്ചിൽ കാണാൻ മേലാത്തതുകൊണ്ട് അവനെ അപ്പുറത്ത് കൊണ്ടുപോകാൻ രാമചന്ദ്രനോട് പറയുന്ന ഞാൻ. ആ ഞാൻ എങ്ങനെ ഭർത്താവിന്റെ മുഖത്തുനോക്കി എനിക്കു നിങ്ങളെ വേണ്ടെന്ന് പറയും? എന്നെ തല്ലിക്കഴിഞ്ഞിട്ടാണെങ്കിൽപ്പോലും ആ മനുഷ്യൻ സങ്കടപ്പെടുന്നതു കണ്ടാൽ എന്റെ ചങ്ക് പൊട്ടും.

എങ്ങോട്ടെങ്കിലും ഓടിപ്പോകാമെന്ന് ഞാൻ പറഞ്ഞു.

ബേബിക്ക് അത് സമ്മതമല്ലായിരുന്നു. അവൻ ചോദിച്ചു, “എവിടംവരെ ഓടും? സ്വന്തം നാട്ടിലോട്ട് തിരിച്ചുവരാനൊക്കാത്ത ജീവിതം ഒരു ജീവിതമാണോ?”

കുറച്ചു ദിവസത്തേക്ക് മാറിനിൽക്കുന്നതിൽ തെറ്റില്ല എന്ന് അവസാനം തീരുമാനമായി. പക്ഷേ രാമചന്ദ്രനോട് പറഞ്ഞിട്ടേ പോകാൻ പറ്റൂ. വേറൊരാളുടെ ഭാര്യയെയുംകൊണ്ട് ഒളിച്ചോടാൻ ബേബി ഒരു പേടിച്ചുതൂറിയല്ല.

ട്രെയിനിന്റെ ടിക്കറ്റെല്ലാം അവൻ ബുക്ക്ചെയ്തു. ഭാര്യയോടു പറഞ്ഞ്, വീട്ടിൽനിന്നിറങ്ങി. ഞാൻ റെഡിയായി. മോനെയും റെഡിയാക്കി. ഒരു ബാഗിനകത്ത് എടുക്കാവുന്ന തുണിമാത്രമാണ് ഞാൻ എടുത്തത്. അച്ഛൻ തന്ന താലിമാലയും വളയും വരെ ഞാനവിടെ ഊരിവെച്ചു. എനിക്ക് ഒന്നും വേണ്ടാ.

മൊബൈലൊക്കെ വരുന്നതിനുമുമ്പുള്ള കാലമാണ്. രാമചന്ദ്രൻ രാവിലെ പോയാൽ വൈകിട്ട് വരുമ്പോൾ വരും. അതിനുമുമ്പ് എന്തെങ്കിലും അത്യാവശ്യമായിട്ട് അറിയിക്കണമെങ്കിൽ ഓട്ടോസ്റ്റാൻഡിനടുത്ത് ഒരു ഫോൺ ബൂത്തുണ്ട്. ബേബി അയൽപക്കത്തൊരു വീട്ടിൽ പോയി ബൂത്തിലോട്ടു വിളിച്ച് രാമചന്ദ്രനെ കിട്ടണം എന്ന് പറഞ്ഞു. ദൂരെയെങ്ങാണ്ട് ഓട്ടം പോയിരിക്കുകയാണെന്നു പറഞ്ഞതല്ലാതെ ഒരു വിവരവും കിട്ടിയില്ല. അഞ്ചുമണിതൊട്ട് അങ്ങനെ മൂന്നുവട്ടം വിളിച്ചു. അവസാനം വിളിച്ചപ്പോൾ, ഒന്നു വേഗം വീട്ടിലോട്ട് വരണം എന്ന് പറഞ്ഞേൽപ്പിച്ചു. ഏഴുമണിയായപ്പോൾ ഞങ്ങൾക്കു പോകാനുള്ള ഓട്ടോ വന്നു. പത്തുമിനിറ്റുകൂടി നോക്കാമെന്ന് ബേബി പറഞ്ഞു. അങ്ങനെ ഞങ്ങൾ നിൽക്കുമ്പോൾ, ദൂരെനിന്ന് വേറൊരു ഓട്ടോയുടെ ഒച്ച കേട്ടു. രാമചന്ദ്രനായിരിക്കല്ലേ എന്ന് കുമാരനോട് ഞാൻ മനസ്സുരുകി പ്രാർഥിച്ചു.

“അത് പുള്ളി ആന്നെങ്കിൽ മതിയായിരുന്നു’’, ബേബി പറഞ്ഞു.

അത് രാമചന്ദ്രനായിരുന്നു. വർത്തമാനം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി പൂസായിട്ടാണ് വരുന്നതെന്ന്. ഞാൻ കൊച്ചനെയുംകൊണ്ട് അകത്തോട്ട് കയറി. എന്റെ നെഞ്ച് പടപടാ എന്ന് ഇടിക്കുകയാണ്.

ബേബി പതിയേ ഏതാണ്ട് പറയുന്നത് കേട്ടു. പിന്നൊരു ബഹളമായിരുന്നു. ചീത്തവിളിയും അലർച്ചയും ഉന്തും തള്ളും. അതു കാണാനുള്ള ശേഷിയില്ലാത്തതുകൊണ്ട് കണ്ണുപൊത്തിക്കളഞ്ഞു ഞാൻ. മോൻ കിടന്ന് വലിയ വായിലേ കരച്ചിലും തുടങ്ങി. വിരലിന്റെ ഇടയിൽക്കൂടി ഞാൻ നോക്കിയപ്പോൾ മുറ്റത്തെ ഇരുട്ടത്ത് രണ്ടു പട്ടികളെക്കണക്ക് അവർ കിടന്ന് കെട്ടിമറിയുകയാണ്. ഇന്നലെവരെ വലിയ കൂട്ടുകാരായിട്ട് ഇരുന്നവർ. മറ്റേ ഓട്ടോക്കാരൻ ഏതോ കളികാണുന്നതുകണക്കെ നോക്കിനിൽക്കുന്നു.

ബേബി തടസ്സംനിൽക്കാൻ നോക്കിയെങ്കിലും രാമചന്ദ്രൻ വീട്ടിനകത്തോട്ട് തള്ളിക്കയറിവന്നു. തെറിവിളിച്ചുകൊണ്ട് എനിക്കിട്ട് ഒറ്റച്ചവിട്ട്. ബേബി എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കിയ സമയത്ത് മോനെയും എടുത്ത് രാമചന്ദ്രൻ ഇറങ്ങിയങ്ങ് പോയി. “ഞാനിപ്പോൾ വരാമെടാ,” പോകുന്ന പോക്കിന് വിളിച്ചു പറയുകയാണ്. “രണ്ടിനേം തീർത്തിട്ടേയുള്ളൂ ഇന്ന് വേറെ പരിപാടി.”

‘അയ്യോ, എന്റെ മോൻ’ എന്നുംപറഞ്ഞ് ഞാൻ അവിടെ കുഴഞ്ഞുവീണു. പിന്നെ കാണുന്നത് കുമാരൻ എന്നെയെടുത്ത് മയിലിന്റെ പുറത്തിരുത്തി റോഡിൽക്കൂടി പോകുന്നതായിട്ടാണ്. ബോധം വരുമ്പോൾ, ഞാൻ ഓട്ടോയിലാണ്. ഓട്ടോ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ്. ഞാൻ ബേബിയോട് കരഞ്ഞുപറഞ്ഞു, മോനില്ലാതെ നമുക്ക് പോകണ്ട എന്ന്. എത്ര പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല.

“കൊച്ചനെ നമുക്ക് പിന്നെയാന്നെങ്കിലും കിട്ടും,” അവൻ പറഞ്ഞു. “ഇപ്പോൾ ഇവിടെ നിന്നാൽ നമ്മളു രണ്ടുപേരും ബാക്കികാണത്തില്ല.”

ജീവിതത്തിൽ ആദ്യമായിട്ട് അന്നാണ് ഞാൻ ട്രെയിനിൽ കയറുന്നത്. ചെക്കർ വന്ന് മൂന്നാമത്തെ ആളെവിടെ എന്നു ചോദിച്ചപ്പോൾ ഞാൻ ഇരുന്ന് കരഞ്ഞു. അത് ആരും ശ്രദ്ധിച്ചതുപോലുമില്ല. ട്രെയിനിനകത്ത് വേറൊരു ലോകമാണ്. എന്നെപ്പോലെ വേറെയും ഒരുത്തി ഒറ്റയ്ക്കിരുന്ന് കരയുന്നതു കണ്ടു. വേറെ ഒരിടത്ത് ഒരു വയസ്സൻ തന്നത്താൻ വർത്തമാനം പറഞ്ഞ് ചിരിക്കുന്നു. ഒരു പെൺകൊച്ച് പുസ്തകം വായിച്ച് കാണാതെപഠിക്കുന്നു. അതൊന്നും കാണുകപോലും ചെയ്യാതെ, മിണ്ടാതെ, എന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയാണ് ബാക്കി എല്ലാവരും.

(തുടരും)



Summary: Kumara Sambhavam Malayalam short story written by Rajesh R Varma.


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Comments