കുമാരസംഭവം

കുമാരസംഭവം
(കഴിഞ്ഞ പാക്കറ്റിൽനിന്ന് തുടർച്ച)

എട്ട്: തീർഥാടനം

ഴനി ആണ്ടവൻ്റെ നടയ്ക്കുനേരെ നിന്നാണ് ബേബി എൻ്റെ കഴുത്തിൽ താലികെട്ടിയത്. കുമാരനാണ് താലിയെടുത്തു കൊടുത്തത്. ഭസ്മത്തിൻ്റെ മണമുള്ള ലോഡ്ജ് മുറിക്കകത്ത് ആദ്യരാത്രി, പാലും മുല്ലപ്പൂവും ഒക്കെയായിട്ട്.

കല്യാണം രെജിസ്റ്റർചെയ്യാൻ ചോദിച്ചപ്പോൾ ചെയ്തുതരാം എന്നാണ് അമ്പലക്കാർ ആദ്യം പറഞ്ഞത്. പക്ഷേ, താലി കെട്ടിക്കഴിഞ്ഞ് ആപ്പീസിൽ ചെന്നപ്പോൾ വലിയ പൊക്കവും വണ്ണവുമുള്ള ഒരു മനുഷ്യൻ വന്നു പറഞ്ഞു, നടപ്പില്ല എന്ന്. ഇതിനുമുമ്പ് കല്യാണം കഴിച്ചിട്ടില്ലെന്ന് അച്ഛനും അമ്മയും സാക്ഷ്യപ്പെടുത്തണമെന്ന്. രണ്ടുമൂന്നു ദിവസം അതിൻ്റെ പുറകേ നടന്നിട്ടും കിട്ടാഞ്ഞപ്പോൾ ബേബിക്ക് വിഷമമായി. കുമാരൻ കെട്ടിത്തന്ന താലിയുള്ളപ്പോൾ എന്തൊരു രെജിസ്റ്റർ എന്ന് ഞാൻ സമാധാനിപ്പിച്ചു.

ആറു പടവീട് എന്നു പറയുന്ന വലിയ ആറ് അമ്പലമാണ് പാണ്ടിനാട്ടിൽ കുമാരൻ്റേതായിട്ട് ഉള്ളത്. എന്നെ അവിടെയെല്ലാം കൊണ്ടുപോയി തൊഴീക്കണം എന്നായിരുന്നു ബേബിയുടെ ആഗ്രഹം. പിന്നെ, പോകുന്ന വഴിക്ക് വേറെയും കുറേ അമ്പലങ്ങൾ അവൻ പ്ലാൻചെയ്തുവെച്ചിരുന്നു. എല്ലാമൊന്നും നടന്നില്ല. ട്രെയിനും ബസ്സും പിടിച്ച് ചെല്ലുമ്പോൾ വഴിക്കുവെച്ച് രാത്രിയാകും. പിന്നെ അന്ന് അവിടെ കിടക്കും.

ആറിൽ അഞ്ചു പടവീടും തൊഴുതു. ഓരോയിടത്തും ഓരോ കുമാരന്മാരെ കണ്ടു. എൻ്റെ കുമാരനല്ല, ചെറിയ വ്യത്യാസമുള്ള ഓരോരുത്തർ. കളഭം പൂശിയും ഭസ്മം പൂശിയും പല്ലക്കിൽ കയറിയും ഊഞ്ഞാലിൽ ആടിയും ഇരിക്കുന്നത് കണ്ടു. മണവാളൻ്റെ വേഷത്തിലും വേടൻ്റെ വേഷത്തിലും കണ്ടു. പടയ്ക്ക് പോകുന്നതായിട്ടും തെണ്ടൽക്ക് പോകുന്നതായിട്ടും കണ്ടു. എല്ലാവരും എന്നോട് പരിചയം കാണിച്ച് ചിരിച്ചു. ‘സൗഖ്യം താനേ?’ എന്നൊക്കെ തമിഴിൽ ചോദിച്ചു.

ഓരോ അമ്പലത്തിലും തൊഴുതിട്ട് ഇറങ്ങുമ്പോൾ എൻ്റെ കുമാരൻ ചോദിക്കും,  “ഞാനാണോ അവനാണോ നല്ലത്?”

അവൻ്റെ കുശുമ്പുകണ്ട് എനിക്ക് ചിരിവരും. ‘നീതന്നെയാണ്’ എന്ന് സമാധാനിപ്പിക്കും.

ബേബിയുടെ ബന്ധത്തിൽ ഒരാളുടെ വീട്ടിൽ ഫോണുണ്ടായിരുന്നു. ഇടയ്ക്ക് അയാളെ വിളിച്ച് നാട്ടിലെ കാര്യങ്ങൾ തിരക്കും. രാമചന്ദ്രൻ്റെ ആളുകൾ ബേബിയുടെ കടയും വീടുമൊക്കെ തല്ലിപ്പൊളിച്ചു എന്ന് അറിഞ്ഞു. ഞങ്ങൾ ചെയ്തത് വീണ്ടുവിചാരമില്ലാതെയായിപ്പോയി എന്ന് അടുപ്പമുള്ളവർപോലും പറയുന്നുണ്ടെന്നും പറഞ്ഞു. വീട്ടുകാരോടും പാർട്ടിക്കാരോടും ഒക്കെ ആലോചിച്ച്, മാനമായിട്ട് ആദ്യത്തേത് ഒഴിഞ്ഞിട്ടു വേണമായിരുന്നു രണ്ടാമതൊരു കല്യാണം.

“നീ അന്നേ പറഞ്ഞതാണ്,” ഞാൻ കുമാരനോട് പറഞ്ഞു.

“ഓ,” അവൻ സമാധാനിപ്പിച്ചു. “അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല.”

“അങ്ങനെയായിരുന്നെങ്കിൽ എൻ്റെ മോനും ഇപ്പം നമ്മുടെകൂടെ കണ്ടേനെ.” ഞാൻ കരഞ്ഞു.

“അതിന് ഇപ്പം എന്തോ പറ്റി?” കുമാരൻ അപ്പോഴും ചിരിച്ചു. “അവൻ അവൻ്റെ അച്ഛൻ്റെ വീട്ടുകാരുടെകൂടെ സുഖമായിട്ട് കഴിയുന്നുണ്ട്.”

“അവൻ്റെ മുകളിൽ എപ്പോഴും നിൻ്റെ ഒരു കണ്ണുവേണം.”

“അതൊക്കെ നീ പറഞ്ഞിട്ട് വേണോ?” കുമാരൻ എൻ്റെ കണ്ണുനീർ തുടച്ചു. “നീ ബേബിക്ക് ശക്തികൊടുക്ക്.”

ബേബി പലതും ആലോചിച്ചു. അവൻ്റെ ബന്ധത്തിൽപ്പെട്ട ഒരു പോലീസുകാരന് എഴുത്തെഴുതി പഞ്ചായത്ത് പ്രസിഡൻ്റിനോടു പറഞ്ഞ് രാമചന്ദ്രൻ്റെ ആളുകളോട് സംസാരിപ്പിക്കാൻ നോക്കി. സമാധാനമായിട്ടു സംസാരിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു ആരും. എല്ലാം തണുക്കാൻ കുറച്ചുദിവസംകൂടി എടുക്കുമെന്നും അതിനുമുമ്പ് തിരിച്ചുചെന്നാൽ അക്രമം വല്ലതും നടന്നേക്കും എന്നുമാണ് ഉപദേശം കിട്ടിയത്.

ഒരു മാസം ഞങ്ങൾ അങ്ങനെ കറങ്ങി. ബേബിയുടെ കൈയിലെ കാശൊക്കെ തീർന്നു. ഹോട്ടലിലെ കഴിപ്പ് നിർത്തി അമ്പലങ്ങളിൽനിന്ന് കിട്ടുന്ന പ്രസാദംകൊണ്ട് വിശപ്പുമാറ്റി. പലദിവസവും അത്താഴപ്പട്ടിണിയായിരുന്നു. അവൻ്റെ വാച്ച് വിറ്റു. എൻ്റെ മാലയും വളയും കൈയിലെടുത്തിരുന്നെങ്കിൽ വിൽക്കാമായിരുന്നു എന്ന് അവൻ പറയാൻ തുടങ്ങിയപ്പോൾ എൻ്റെ ഉള്ള് ഒന്നു കാളി.

അപ്പോൾ, ഞാൻ അവനെ ശ്രദ്ധിച്ചു. ബേബിയുടെ ശരീരത്തിലെ, പഞ്ചഭൂതങ്ങളുടെ പരമാണുക്കളെ ശ്രദ്ധിച്ചു. വിശക്കുന്ന ആ പരമാണുക്കൾ എന്നോട് സംസാരിക്കാൻ തുടങ്ങി. എനിക്ക് മനസ്സിലായി, കാര്യങ്ങൾ അവൻ്റെ കൈവിട്ടു എന്ന്. എൻ്റെ അച്ഛൻ തന്ന സ്വർണ്ണം വിൽക്കുന്ന കാര്യം ഇന്ന് ആലോചിക്കുന്നവൻ നാളെ എന്നെ വിൽക്കാൻ ആലോചിച്ചെന്ന് വരാം. സ്നേഹമില്ലാഞ്ഞിട്ടല്ല. പട്ടിണി മനുഷ്യൻ്റെ ബുദ്ധി തിരിച്ചുകളയും.

ഞാൻ കുമാരനോട് പറഞ്ഞു, ഒരു വഴി കാണിച്ചുതരണമെന്ന്.

“ഒരു വഴിയേയുള്ളൂ,” കുമാരൻ പറഞ്ഞു. “നിങ്ങള് നാട്ടിലോട്ട് പൊയ്ക്കോ, ഞാൻ നോക്കിക്കോളാം.”

ഞാൻ അത് ബേബിയോട് പറഞ്ഞു.

അവൻ ചോദിച്ചു, “അപ്പോൾ തിരുച്ചെന്തൂര്?” അവൻ്റെ മനസ്സിലുള്ള പരിപാടിയനുസരിച്ച് ഇനി തിരുച്ചെന്തൂരിലുംകൂടി തൊഴാനുണ്ട്. എങ്കിലല്ലേ ആറു പടവീടും മുഴുക്കൂ.

“അത് ഇനി വേറൊരു തവണ വരാം,” ഞാൻ പറഞ്ഞു. “ഇപ്പോൾ നമുക്ക് എങ്ങനെയെങ്കിലും നാട്ടിലെത്താം.”

ട്രെയിനിൽ നിലത്തിരുന്നാണ് നാട്ടിലെത്തിയത്. വിശന്നപ്പോൾ ഒരു ചായ മേടിച്ച് രണ്ടുപേരുംകൂടി കുടിച്ചു. പട്ടിണികിടന്ന് കോലംകെട്ട്, കുളിക്കാതെയും നനയ്ക്കാതെയും ചെന്നിറങ്ങുന്ന ഞങ്ങളെക്കണ്ട് നാട്ടുകാർ പ്രേതത്തിനെക്കണ്ടതുകണക്കെ അന്തിച്ചുനിന്നു.

പഴയ വീട്ടിൽച്ചെന്ന് ഉടനേ താമസിക്കുന്നത് ബുദ്ധിയായിരിക്കുകയില്ല എന്ന് വേണ്ടപ്പെട്ടവർ ഉപദേശിച്ചിരുന്നു. തന്തയും തള്ളയും മരിച്ച ബേബിക്ക് വേറൊരു വീടില്ല. എൻ്റെ വീട്ടിലോട്ട് പോകാമെന്ന് തീരുമാനിച്ചു.

അവിടെ ചെന്നപ്പോൾ അതിലും വലിയ പ്രശ്നം. 

ഞങ്ങൾ ചെല്ലുമ്പോൾ എൻ്റെ അനിയൻ മണി സിഗരറ്റും വലിച്ചുകൊണ്ട് വെളിയിൽ നിൽപ്പുണ്ടായിരുന്നു. “ഇവനാര്?” ബേബിയെ നോക്കി അവൻ എന്നോട് ചോദിച്ചു. “വേറൊരുത്തൻ്റെകൂടെയാന്നല്ലോ ഇവിടുന്ന് ഇറക്കിവിട്ടത്?”

അമ്മയും അനിയത്തിയും വാതിൽക്കൽ വന്ന് നിന്നതേയുള്ളൂ. മണി വായിൽത്തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു. എന്നെ എടീ എന്നും നീ എന്നും ആണ് വിളിച്ചത്, ചീത്തവാക്കുകളും പറഞ്ഞു. എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അവൻ ഉണ്ടാകുന്നത്. അന്നുതൊട്ട് ചേച്ചി മതിയായിരുന്നു. രാത്രിയിൽ കിടക്കാൻപോലും അമ്മയുടെയടുത്ത് പോകുകയില്ല. ആ മണി ഇപ്പോൾ വലിയ ബി.എ. പഠിച്ച്, കുടവയറും വെച്ച്, കമ്പനി ഉദ്യോഗസ്ഥൻ മൃണാൾ ആയിട്ട് എന്നെ എടീ എന്നുവിളിച്ച് പ്രസംഗിക്കുന്നു.

“നീ പോടാ,” ഞാൻ പറഞ്ഞു. “ഇത് എൻ്റെയും വീടാ.”

ഞാൻ അകത്തോട്ട് കയറാൻ ചെന്നപ്പോൾ അവൻ പിടിച്ചുതള്ളി. അമ്മയും മിനിയും അവൻ്റെ ഭാഗത്തായിരുന്നു.

“അച്ഛാ, അച്ഛാ,” ഞാൻ കിടന്ന് വിളിച്ചു.

“നിൻ്റെ അച്ഛൻ ഈ വീട്ടിലേതല്ല,” അപ്പോൾ മണി വൃത്തികേട് പറയുകയാണ്. “അമ്മയ്ക്ക് വല്ല അബദ്ധവും പറ്റിയതായിരിക്കും.”

അച്ഛൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ എന്ന് ഇന്നും എനിക്ക് അറിയാൻമേലാ. എന്തായാലും, വെളിയിലോട്ട് ഇറങ്ങിവരികയോ ഒരക്ഷരം പറയുകയോ ചെയ്തില്ല.

ബഹളം കേട്ട് ആള് കൂടുന്നു എന്നു കണ്ടപ്പോൾ ബേബി ഒന്നും മിണ്ടാതെ എന്നെയും വിളിച്ചുകൊണ്ട് അവിടുന്ന് പോയി.

തല്ലിപ്പൊളിച്ചിട്ട പഴയ വീട്ടിൽത്തന്നെ ഞങ്ങൾ താമസം തുടങ്ങി. ബേബിയുടെ ബന്ധത്തിലുള്ള പോലീസുകാരൻ ഇടപെട്ടതുകൊണ്ടാണോ എന്തോ ആരും തല്ലാനും കൊല്ലാനുമൊന്നും വന്നില്ല. അല്ലെങ്കിൽ, കുമാരൻ ദണ്ഡായുധപാണിയായിട്ട് കാവൽനിന്നുകാണും. അവൻ ഒന്നും പറഞ്ഞതുമില്ല, എനിക്ക് ഒട്ട് അറിയാനുംമേലാ.

ബേബിയുടെ കടയിൽ നന്നാക്കാൻ കൊണ്ടുവെച്ച സാധനങ്ങൾവരെ എല്ലാം നശിപ്പിച്ചുകളഞ്ഞിരുന്നു. അതിൻ്റെ ഉടയവർക്കൊക്കെ പകരം സാധനമോ കാശോ ഉണ്ടാക്കിക്കൊടുക്കാൻ പിന്നെ കാലം കുറേ എടുത്തു.

ഞങ്ങൾ വന്നുകഴിഞ്ഞ് കുറേ ദിവസം രാത്രിയും പകലുമില്ലാതെ കൂടിയാലോചനകളായിരുന്നു. ബേബി പലരെ കാണാൻ നടന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പലരും വീട്ടിൽ വന്നു. ഞാൻ ഒന്നും തിരക്കാൻ പോയില്ല. എല്ലാം കുമാരനെ ഏൽപ്പിച്ച്  മുറിക്കകത്തുതന്നെ മിണ്ടാതിരുന്നു.

ആണുങ്ങൾതങ്ങളിൽ സംസാരിച്ച് ഒടുക്കം ഒത്തുതീർപ്പായി. രണ്ടു വ്യവസ്ഥയായിരുന്നു. കൊച്ചനെ കിട്ടുകയില്ല എന്നുള്ളതായിരുന്നു ഏറ്റവും ഭയങ്കരം. എത്ര കരഞ്ഞിട്ടും കാലുപിടിച്ചിട്ടും അവസാനം സമ്മതിച്ചുകൊടുക്കേണ്ടിവന്നു. രണ്ടാമത്, പത്താം വാർഡിൽ താമസിക്കാൻ ഒക്കുകയില്ല. കട നടത്താനും പറ്റുകയില്ല. ബേബിയുടെ വീട് വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്തിട്ട് വേറെ എവിടെയെങ്കിലും പോയി താമസിച്ചുകൊള്ളണം. ഞാൻ ജനിച്ച്, ഇരുപത്തിനാലാമത്തെ വയസ്സുവരെ താമസിച്ച സ്ഥലമാണ്. ഇനി അവിടെ കാലു കുത്തുകയില്ല എന്ന് സമ്മതിക്കേണ്ടിവന്നു. എന്നെ അവിടുന്ന് നാടു കടത്തി.

ഒമ്പത്: സത്യം

ലോകത്ത് വലിയ കള്ളന്മാരും കൊലപാതകികളുമുണ്ട്. മറ്റുള്ളവരുടെ പണം പറ്റിച്ചെടുക്കുന്ന കറക്കുകമ്പനിക്കാരും നല്ല അരി മറിച്ചുവിറ്റിട്ട് പുഴുത്ത അരി റേഷൻ കൊടുക്കുന്ന കടക്കാരുമുണ്ട്. പാവപ്പെട്ടവരുടെ ഭൂമി കൈയേറുന്ന മുതലാളിമാരുണ്ട്. എന്നാൽ, ഇവരെക്കാട്ടിലൊക്കെ വലിയ കുറ്റവാളി ആരാണെന്നറിയാമോ? സ്നേഹിക്കുന്ന മനുഷ്യൻ!

രാമചന്ദ്രൻ്റെ വീട്ടുകാരും കൂട്ടുകാരും മാത്രമല്ല, പത്താം വാർഡിലെ മനുഷ്യർ മുഴുവൻ എന്നെയും ബേബിയെയുംകുറിച്ച് അപഖ്യാതി പറഞ്ഞുനടന്നു. ഏറ്റവും വൃത്തികെട്ട വർത്തമാനം പറഞ്ഞത് പെണ്ണുങ്ങളാണ്. എന്തുകൊണ്ട്? വേറൊരു പെണ്ണിൻ്റെ ഭർത്താവിനെ തട്ടിയെടുത്തവളോടുള്ള വൈരാഗ്യം എന്നു പറയാം. നാളെ എനിക്കും ഇത് വരാം എന്നുള്ള വിചാരമാണ് എന്നു പറയാം. പക്ഷേ, സത്യം അതൊന്നുമല്ല. ഇവളുടെയെല്ലാം ഉള്ളിൽ ഇഷ്ടമുള്ള ഓരോരുത്തൻ ഉണ്ട്. അവൻ്റെകൂടെ ഇറങ്ങിപ്പോയാൽക്കൊള്ളാമെന്ന് ആഗ്രഹവും ഉണ്ട്. പക്ഷേ ചെയ്യാൻ ധൈര്യമില്ല. അവനവനെക്കൊണ്ട് നടക്കാത്തത് വേറൊരാൾ ചെയ്താൽ മനുഷ്യനു തോന്നുന്നത് നമ്മുടെ ഏതാണ്ടോ പിടിച്ചുപറിച്ചതുകണക്കാണ്. അങ്ങനെയുള്ളവരെ തരംകിട്ടിയാൽ ചവിട്ടിയരച്ചുകളയും.

വഞ്ചന, ചതി എന്നൊക്കെയാണ് പറഞ്ഞത്. ഏതാണ് വഞ്ചന? സ്നേഹമില്ലാത്ത ഒരുത്തൻ്റെകൂടെ അറുപതുകൊല്ലം കിടക്കുന്നതോ അതോ ആയിരം പേരുടെകൂടെ കിടന്നാലും ഓരോരുത്തർക്കും സ്നേഹം കൊടുക്കുന്നതോ? വഞ്ചനചെയ്തോ എന്നു തീരുമാനിക്കുന്നത് മനുഷ്യനാണോ, അതോ ദൈവമോ? ദൈവത്തിൻ്റെ കണ്ണിൽ ഞാൻ തെറ്റുകാരിയല്ല. കുമാരൻതന്നെ എന്നോട് എത്രയോവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്.

പിന്നെ, രണ്ടു വയസ്സിന് ഇളയവൻ്റെകൂടെ ഇറങ്ങിപ്പോയെന്ന്. രണ്ടു വയസ്സാണോ വലിയ കാര്യം? മൂപ്പും ഇളപ്പവുമൊക്കെ ശരീരത്തിനല്ലയോ? ആത്മാവിന് പ്രായമുണ്ടോ? സ്നേഹമുണ്ടാകുന്നത് ആത്മാവും ആത്മാവും തങ്ങളിൽ അല്ലയോ? ശരീരങ്ങൾ തങ്ങളിലുള്ളതിന് കാമം എന്നല്ലയോ പറയുന്നത്?

സ്നേഹം എന്നുവെച്ചാൽ എന്തൊന്നാണ്? ഒരാളെ നമുക്ക് കിട്ടുകയില്ല എന്നുകണ്ടാൽ ഉടനെ ഇല്ലാതാകുന്നതാണോ സ്നേഹം? നമുക്ക് ഒരാളോട് സ്നേഹമുണ്ടെങ്കിൽ അവർ ലോകത്ത് എവിടിരുന്നാലും സന്തോഷമായിട്ടിരിക്കണമെന്നല്ലയോ വിചാരിക്കേണ്ടിയത്? അല്ലെങ്കിൽ അതിന് സ്വാർഥം എന്നല്ലയോ പേര്? കൂടെപ്പൊറുക്കുമ്പോൾ എന്നെ തേനെന്ന് വിളിച്ചിരുന്ന രാമചന്ദ്രൻ പിരിഞ്ഞതിൽപ്പിന്നെ പറയാത്ത ദോഷങ്ങളില്ല. ബേബിയെ എവിടെവെച്ചെങ്കിലും കണ്ടാൽ ആദ്യമൊക്കെ തെറിപറയുമായിരുന്നു. വലിയ കൂട്ടുകാരായിരുന്ന ആളുകളാണ്. ഞാൻ ഓട്ടോയ്ക്ക് കാത്തുനിൽക്കുന്ന സമയത്ത് രാമചന്ദ്രൻ വണ്ടിയുംകൊണ്ട് പോകുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഞാനാണെന്നു കാണുമ്പോൾ കൈകാണിച്ചാലും നിർത്താതെ പൊയ്ക്കളയും. നമ്മൾ ഓട്ടോറിക്ഷയല്ല, ഏതു തൊഴിലാണെങ്കിലും ചെയ്യുന്നത് വയറ്റുപിഴപ്പിനു മാത്രമായിട്ടാണോ? ലോകത്തിനുംകൂടി ഉപകാരം വേണ്ടയോ? ലോകം എന്നു പറയുമ്പോൾ നമുക്ക് ഇഷ്ടമല്ലാത്ത മനുഷ്യരുംകൂടി അതിൽ പെടുകയില്ലേ?

അതൊക്കെ ബേബിയുടെ നേഴ്സിനെ കണ്ട് പഠിക്കണം. അവൻ ഒഴിവാകാൻ കാത്തിരുന്നതുകണക്ക് അവൾ പോയി ഭാര്യമരിച്ച ഒരു മരുന്നുകടക്കാരനെ കെട്ടി. ഒരു കൊല്ലം തികയുന്നതിനുമുമ്പേ മൂന്നാമതും പെറ്റു. അവൾ പെറ്റ മൂന്നും അയാളുടേത് ഒന്നും കൂട്ടി നാലു പിള്ളേര് ഇന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നു. അവൾ കാറും ഓടിച്ച് പോകുന്നത് കണ്ടിട്ടുണ്ട്. അവൾക്ക് ബേബിയെ ഒട്ട് വേണ്ടാ താനും, അവൾ അവനെ തെറി പറഞ്ഞ് നടക്കുന്നുമില്ല.

ഞാൻ പിന്നെ പെറ്റില്ല. ആ കൊതി തീർന്നെന്ന് ഞാൻ കുമാരനോട് പറഞ്ഞു. വെറുതെ ഒരു കൊച്ചിനെ പെറ്റിട്ടാൽ തള്ളയുടെ ഉത്തരവാദിത്തം തീർന്നോ? അവനെ നല്ലൊരു വ്യക്തിയായിട്ട് വളർത്തി വലുതാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം? എൻ്റെ മോൻ വിജുവിനെ ഒന്നു ചെന്ന് കാണാൻപോലും എനിക്ക് അനുവാദമില്ല. ബസ്‌സ്റ്റോപ്പിലൊക്കെ പിള്ളേർ നിൽക്കുന്നത് കാണുമ്പോൾ ഞാൻ ഓർക്കും, ഇതായിരിക്കുമോ അതായിരിക്കുമോ എന്നൊക്കെ. കണ്ടാൽ എങ്ങനിരിക്കും എന്നുപോലും അറിയാൻമേലല്ലോ. അവന് വയസ്സ് പത്തായി, പന്ത്രണ്ടായി, പതിനഞ്ചായി എന്നൊക്കെ ഓരോ പിറന്നാളിനും ഞാൻ ബേബിയോട് പറയും, കുമാരനോടും. അതിലൊന്നും കാര്യമില്ല എന്ന് കുമാരൻ പറയും. ലോകത്ത് എവിടെ ജീവിച്ചാലും അവൻ നല്ലൊരു മനുഷ്യനായിട്ട് ജീവിക്കണം. ലോകോപകാരംചെയ്ത് ജീവിക്കണം. നിനക്ക് ഞാൻ ഒരുദിവസം കാണിച്ചുതരാം എന്ന് കുമാരൻ പറയും, അവൻ വലുതാകട്ടെ എന്ന്.

രാമചന്ദ്രൻ അധികം താമസിക്കാതെ വേറെ കെട്ടുമെന്നാണ് ഞാൻ വിചാരിച്ചത്. എന്താണോ എന്തോ, അങ്ങേര് അതിനൊന്നും പോയില്ല. രണ്ടു പെങ്ങന്മാരെയും കെട്ടിച്ചയച്ചു. അമ്മ മരിച്ചതിൽപ്പിന്നെ കുടി നിർത്തി എന്നും കേട്ടു. കുടുംബം നോക്കുകയും മക്കളെ വളർത്തുകയും ചെയ്യുന്ന ഉത്തരവാദിത്വമുള്ള മനുഷ്യരാകാനുള്ള കഴിവ് ഓരോരുത്തരുടെ ഉള്ളിലും ഉണ്ട്. അത് പക്ഷേ വെളിക്കു വരണമെങ്കിൽ ചിലർക്ക് ചില സാഹചര്യങ്ങൾ ഒത്തുവരണം. രാമചന്ദ്രൻ്റെ കാര്യത്തിൽ ആ കഴിവുണ്ടാകാൻ ഞാനൊരു നിമിത്തമായി എന്നേയുള്ളൂ.

ആറാം വാർഡിലേക്കുള്ള മാറ്റം ഞങ്ങൾക്കും നല്ലതിനായിത്തീർന്നു. ആറ് എന്നു പറയുന്നത് കുമാരൻ്റെ സംഖ്യയാണ്, ആറുമുഖനല്ലയോ? ബേബിയുടെ കട ടൗണിലായതോടെ ധാരാളം പണികിട്ടി. എനിക്കും ജോലിക്കു പോകാൻ സൗകര്യം. കടത്തുകടന്നാൽ മെയിൻ റോഡായി. എപ്പോഴും ബസ്സ് കിട്ടും. പിന്നെ പാലം വന്നപ്പോൾ ബസ്സ് ഇക്കരയ്ക്കും വരാൻ തുടങ്ങി. എൻ്റെ ജോലി കഴിയുമ്പോൾ ഇരുട്ടിയാൽ ബേബി ബൈക്കുംകൊണ്ട് വരും. കട്ടെടുത്ത സാധനമായതുകൊണ്ട് ഇനിയും കൈവിട്ടുപോകുമോ എന്നുള്ള പേടിയാണ് എന്നാണ് അവൻ്റെ കൂട്ടുകാർ കളിയാക്കുന്നത്. അതൊന്നുമല്ലെന്നും ഇരുട്ട് എനിക്ക് പേടിയായതുകൊണ്ടാണെന്നും ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.

രണ്ടുകൊല്ലം കഴിയുമ്പോൾ ബേബി എന്നെ ഇട്ടിട്ട് വേറെ ഏതെങ്കിലും ഒരുത്തിയുടെപുറകേ പോകുമെന്ന് പറഞ്ഞുകൊണ്ട് നടന്നവരുണ്ട്. ഞാൻ അവനെ ഒഴിവാക്കി കിളുന്ത് ചെറുക്കന്മാരെ നോക്കി പോകുമെന്ന് വാതുവെച്ചവരുണ്ട്. രണ്ടും സംഭവിച്ചില്ല. കല്യാണംകഴിക്കുന്നതിനുമുമ്പ് ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞ കാലംകൂടി കൂട്ടിയാൽ പതിനെട്ടുകൊല്ലം ഭാര്യയും ഭർത്താവുമായിട്ട് കഴിഞ്ഞു. അതിനിടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല, എന്നിരുന്നാലും മൊത്തത്തിൽ നോക്കിയാൽ, സ്നേഹത്തിന് കുറവുണ്ടായില്ല. തെറി വിളിക്കുകയും അടിക്കുകയും ചെയ്തില്ല. സ്നേഹം കൂടുമ്പോൾ കുമാരാ എന്ന് എന്നെ വിളിക്കും. ഞാൻ ബേബിക്കുട്ടാ എന്നും. 

“തിരുച്ചെന്തൂര് ബാക്കിയുണ്ട്,” ബേബി ആദ്യമൊക്കെ പറയുമായിരുന്നു.
“എന്നുവേണമെങ്കിൽ നമുക്ക് പോകാമല്ലോ,” ഞാൻ പറയും. “പോരെങ്കിൽ കുമാരൻ നമ്മുടെ കൂടെത്തന്നെ ഇല്ലയോ?”
“അതല്ല,” അവൻ പറയും. “ഞാൻ നേർന്നതാ, നിന്നെ എനിക്ക് കിട്ടിയാൽ ആറു പടവീടും കൊണ്ടുപോയി തൊഴീക്കാം എന്ന്. തിരുച്ചെന്തൂരുംകൂടി കൊണ്ടുപോയാലേ എനിക്ക് സമാധാനം കിട്ടൂ.”

10: ധർമ്മം

ലോകത്തിലെ ജീവിതം ദുരിതമാണ്. സംസാരസാഗരം എന്ന് പറയാറില്ലയോ? മറ്റുള്ളവരുടെ ദുരിതം ഇല്ലാതാക്കാൻ, അല്ലെങ്കിൽ കുറയ്ക്കാൻ, നമ്മൾക്ക് എന്തുചെയ്യാനൊക്കും എന്നുള്ളതാണ് ധർമ്മം. ധർമ്മം എന്നു പറയുന്നത് പരമാത്മാവിങ്കലേക്കുള്ള വഴിയാണ്. ഓരോരുത്തരും അവനവൻ്റെ ധർമ്മം എന്തൊന്നാണെന്നു കണ്ടുപിടിച്ച് അത് ചെയ്യണം. ചിലർക്കൊക്കെ അവരുടെ ധർമ്മം എന്താണെന്ന് അറിയാൻമേലാ. ചിലർക്ക് അറിയാമെങ്കിലും അറിയാൻമേലാ എന്നു നടിച്ച്, മടികൊണ്ടോ പേടികൊണ്ടോ, വേറെ എന്തെങ്കിലുമൊക്കെ ചെയ്ത്, ജീവിതം കഴിച്ചുകൂട്ടുന്നു.

എൻ്റെ ധർമ്മം എന്തൊന്നാണെന്ന് ഉടമ്പള്ളിക്കാവിൻ്റെ പറമ്പിൽവെച്ച് എനിക്ക് വെളിവായതാണ്. കുമാരൻ അത് ശരിവെച്ചിട്ടും ഉണ്ട്. വീട്ടുജോലിയാണ് എൻ്റെ ധർമ്മം: വെക്കുക, വിളമ്പുക. കൊച്ചുങ്ങളെ നോക്കിയിട്ടുണ്ട്, പെറ്റുകിടക്കുന്നവരെയും വയ്യാതെ കിടക്കുന്നവരെയും നോക്കിയിട്ടുണ്ട്. തൂത്തു തുടയ്ക്കുകയും തുണി അലക്കുകയും ഒക്കെ ചെയ്യും. എന്നിരുന്നാലും, എൻ്റെ ശരിയായ ജോലി ആഹാരം ഉണ്ടാക്കലാണ്. അത് എനിക്കും അറിയാം, എന്നെ ജോലിക്ക് വെക്കുന്നവർക്കും അറിയാം. കൊച്ചിലേതന്നെ അമ്മയെക്കാട്ടിൽ കൈപ്പുണ്യമാണ് എനിക്ക് എന്ന് അച്ഛൻ പറയാറുണ്ട്. ഉടമ്പള്ളിക്കാവിലെ അന്നപൂർണ്ണേശ്വരിയുടെ കൺവെട്ടത്ത് നിന്നു പഠിച്ചതുകൊണ്ടാണ് അത്.

മനുഷ്യന് അന്നം കൊടുക്കുന്നതിനെക്കാട്ടിൽ പുണ്യമായിട്ട് ഒരു ജോലി ഇല്ല. അത് അവനവൻ്റെ വീട്ടുകാർക്കായാലും വേറൊരു വീട്ടിലുള്ളവർക്കായാലും. അന്നം ബ്രഹ്‌മമാണ് എന്നാണ് തമ്പാൻ അപ്പൂപ്പൻ പറഞ്ഞുതന്നിട്ടുള്ളത്. അതായത്, പരബ്രഹ്‌മം സ്വന്തം ശരീരത്തിനെ എടുത്ത് മനുഷ്യന് തിന്നാൻ കൊടുക്കുന്നു. അതിൻ്റെ തൊട്ടുതാഴെനിൽക്കുന്ന ജോലിയാണ് അന്നം ഉണ്ടാക്കുന്ന ആളുടേത്. പരബ്രഹ്‌മത്തിനെ പൂജിക്കുന്ന പൂജാരിയും തപസ്സുചെയ്യുന്ന മുനിയും ഒക്കെ അതുകഴിഞ്ഞേ വരൂ.

ശരീരമെടുത്ത ജീവികൾക്കെല്ലാം ഏറ്റവും ആവശ്യമുള്ള സാധനം അന്നമാണ്. ശരീരം എന്നുവെച്ചാൽ അന്നംതന്നെയാണ്. എത്ര വലിയ ജ്ഞാനിയായാലും മുതലാളിയായാലും പ്രധാനമന്ത്രിയായാലും ശരീരമുള്ള മനുഷ്യനാണെങ്കിൽ ആഹാരം കഴിക്കാതെ ജീവിക്കാൻ പറ്റുകയില്ല. പൈസയും സ്വർണ്ണവും രത്നവും ഒന്നും തിന്നാൻ പറ്റുകയില്ലല്ലോ.

ആഹാരം കഴിക്കാതെയും വെള്ളം കുടിക്കാതെയും തപസ്സുചെയ്തു എന്നൊക്കെ പുരാണങ്ങൾക്കകത്ത് പറയുന്നുണ്ട്. അതൊന്നും സാധാരണ മനുഷ്യരുടെ കാര്യമല്ല. അങ്ങനെയുള്ള മഹാത്മാക്കളൊന്നും ലോകത്ത് ഇപ്പോൾ ഇല്ലെന്നാണ് കുമാരനും പറയുന്നത്. ഞാൻ കണ്ടിട്ടുള്ള സ്വാമിമാരും ദിവ്യന്മാരുമൊക്കെ ആഹാരത്തിൻ്റെ കാര്യത്തിൽ വലിയ ശ്രദ്ധയുള്ളവരാണ്. പുത്തൻപാലത്തിനടുത്ത് ലേഡീ ഡോക്ടറുടെ വീട്ടിൽ നിൽക്കുന്ന കാലത്ത് അവിടെ ആന്ധ്രയിൽനിന്നോ മറ്റോ ഒരു സ്വാമി വന്നു. സ്വാമിമാർ ഊണിനു വരുന്നതിന് ഭിക്ഷ എന്നാണ് പറയുന്നത്. പേര് അതാണെങ്കിലും നൂറുകൂട്ടം കൂട്ടാനും ഒക്കെയായിട്ടുള്ള ഊണാണ്. അതും വെളിയിൽനിന്നൊന്നും മേടിപ്പിക്കാൻ ഒക്കുകയില്ല, വീട്ടിൽത്തന്നെ ഉണ്ടാക്കണം. എല്ലാം കഴിഞ്ഞപ്പോൾ സ്വാമിയുടെ മുഖം ഒരു അരക്കൊട്ടകണക്ക് വീർത്തിരിക്കുന്നു. ദേഷ്യം! ചപ്പാത്തിക്ക് കട്ടി കൂടിപ്പോയെന്ന് ഡോക്ടറുടെ മുഖത്തുനോക്കി പറഞ്ഞിട്ടാണ് പോയത്.

വീട്ടുജോലി എന്നു പറയുമ്പോൾ ആർക്കും വിലയില്ല. അതേസമയം, അതു ചെയ്യാൻ കുറേയാളുകൾ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു! എനിക്ക് അതൊരു നിസ്സാരകാര്യമായിട്ട് ഒരുകാലത്തും തോന്നിയിട്ടില്ല. ഞാൻ നല്ല അന്തസ്സോടെതന്നെ, ആത്മാർഥതയോടെതന്നെയാണ് അതു കണ്ടിട്ടും ഉള്ളത്. 

ഏതെങ്കിലും വീട്ടിൽ ജോലിക്കു വിളിക്കുമ്പോൾത്തന്നെ ഞാൻ പറയും, കുമാരൻ്റെ ആവേശമുള്ള വിവരം. അതു വരുന്നത് എപ്പോഴാണെന്ന് നേരത്തെ പറയാൻ പറ്റുകയില്ലെന്നും വന്നുകഴിഞ്ഞാൽ പണിക്ക് വരുകയില്ലെന്നും അങ്ങ് പറഞ്ഞേക്കും. പിന്നെ കശപിശ വേണ്ടല്ലോ.

അതേകണക്ക് ഷഷ്ഠിയുടെ കാര്യവും ആദ്യമേ പറയും. ഷഷ്ഠിയുടെ തലേദിവസം ഉച്ചയ്ക്ക് ചോറ് വെക്കുമ്പോൾ, വീട്ടുകാർ ഉണ്ണുന്നതിനു മുമ്പുതന്നെ ഒരു ഇലവെട്ടി എനിക്കുള്ളത് വിളമ്പി മാറ്റിവെക്കും. എല്ലാവരുടെയും ഊണുകഴിഞ്ഞ്, ഞാൻ പോയി കുളിക്കും. കടവോ കുളമോ ഉള്ള വീടാണെങ്കിൽ മുങ്ങിക്കുളിക്കും, അല്ലെങ്കിൽ കുളിമുറിക്കകത്ത്. വിളക്കു കൊളുത്തിവെച്ച്, നേരത്തേ വിളമ്പിവെച്ച ചോറ് ഉണ്ണും. അതു കഴിഞ്ഞാൽ പിന്നെ പിറ്റേ ദിവസം ഉച്ചവരെ ആഹാരമില്ല. ഷഷ്ഠി ദിവസം ഞാൻ ജോലിക്ക് പോകുകയില്ല. രാവിലെ അമ്പലത്തിൽ പോകും. മുഴുക്കാപ്പു ചാർത്തിയ വേഷത്തിൽ കുമാരനെ കണ്ണുനിറച്ച് കണ്ട്, അവിടുത്തെ വായനയും ഭജനയുമൊക്കെ കേട്ട് ഇരിക്കും. ഉച്ചപ്പൂജ കഴിഞ്ഞ് നിവേദ്യച്ചോറ് കിട്ടിയാലേ നൊയമ്പ് വീടൂ. കുമാരൻ എനിക്കുവേണ്ടി എന്തൊക്കെച്ചെയ്യുന്നു! ആ കുമാരനുവേണ്ടി എനിക്ക് ആകെപ്പാടെ ചെയ്യാൻ പറ്റുന്ന കാര്യമാണ് ഷഷ്ഠി നോയമ്പ്. ഞാൻ കാണിക്കയിടുന്ന പൈസയും മേടിച്ചുകൊടുക്കുന്ന എണ്ണയും സാമ്പ്രാണിയും ഒന്നും കൂട്ടേണ്ട. അതൊക്കെ അവൻ ഓരോ കാര്യം നടത്തിത്തരുന്നതിനുള്ള കടമാണ്.

ഒരു വീട്ടിൽ ജോലിക്കു വിളിക്കുമ്പോൾ നമ്മൾ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കണം. അതിന് ശ്രദ്ധ വേണം. ശ്രദ്ധിച്ചാൽ നമ്മൾക്ക് മനസ്സിലാകും നമ്മളെക്കൊണ്ട് അവിടെ ആവശ്യമുണ്ടോ, ഉണ്ടെങ്കിൽ ആവശ്യം എന്തൊന്നാണ് എന്ന്. ചിലർക്ക് വലിയ കൊട്ടാരംകണക്കുള്ള വീടു കാണും. പക്ഷേ, അത് നോക്കിനടത്താനുള്ള കഴിവില്ല. ടൗണിൽ ചെന്ന് നോക്കിയാൽ ഇതേകണക്ക് പല വീട് കാണാം. ചേറിൻ്റെ നാറ്റമില്ലാത്ത വെള്ളവും നല്ല മണലു വിരിച്ച മുറ്റവും ഷെഡ്ഡിനകത്ത് കാറും ഉണ്ടെങ്കിലും അകത്തെ കാര്യങ്ങളൊക്കെ അവതാളത്തിലായിരിക്കും. ഇഷ്ടത്തിന് ഇറച്ചിയും മീനും മേടിക്കാൻ കാശുണ്ടെങ്കിലും വെക്കുമ്പോൾ രുചിയില്ലാത്തതുകൊണ്ട് ഹോട്ടലുകാരൻ ഉണ്ടാക്കിക്കൊടുക്കുന്ന മായംചേർത്ത ആഹാരം കഴിക്കുന്നു. അവിടെ നമ്മുടെ സഹായം വേണ്ടിയത് വൃത്തിയുള്ള ആഹാരം ഉണ്ടാക്കുന്നതിലാണ്. വേറൊരു വീട്ടിനകത്ത് നിറച്ച് സാധനങ്ങൾ ഉണ്ടെങ്കിലും അതൊക്കെ വൃത്തിയാക്കി വെക്കാനുള്ള കഴിവില്ല. അവിടെ നമ്മുടെ ജോലി തൂക്കലും തുടയ്ക്കലുമാണ്. പെണ്ണുങ്ങൾ ഉദ്യോഗത്തിനുപോകുന്ന വീട്ടിൽ അവർക്ക് ഭർത്താവിൻ്റെയോ കൊച്ചുങ്ങളുടെയോ കാര്യം നോക്കാൻ സമയമില്ല. ആ വീട്ടിൽ ചെല്ലുമ്പോൾ നമ്മൾ മനസ്സിലാക്കും വീട്ടുകാര്യങ്ങൾ നമ്മൾ ചെയ്താൽ ഭർത്താവിനും ഭാര്യയ്ക്കും സ്നേഹമായിട്ട് ഇരുന്ന് വർത്തമാനം പറയാൻ സമയം കിട്ടുമെന്ന്. വയ്യാതെ കിടക്കുന്ന അച്ഛനോ അമ്മയോ ഉള്ള വീട്ടിൽ അവരുടെ കാര്യം നമ്മൾ നോക്കിയാൽ ബാക്കി എല്ലാവർക്കും ശ്വാസം ഒന്നു നേരെ വിടാം. വിവരവും വിദ്യാഭ്യാസവുമുള്ള പല ആളുകൾക്കും ഈശ്വരൻ്റെ കാര്യങ്ങളോ ജീവിതത്തിലെ നല്ല കാര്യങ്ങളോ ആരും പറഞ്ഞുകൊടുത്തിട്ടില്ല. ചിലയിടത്ത് നമ്മൾ അത് പറഞ്ഞുകൊടുത്താൽ അവർക്ക് വലിയ സഹായമാകും. ചിലർക്ക് നമ്മുടെ വായിൽനിന്ന് അത് കേൾക്കുന്നത് ഇഷ്ടമാകുകയില്ല. അവിടെ മിണ്ടാതിരിക്കണം.

തമ്പാൻ അപ്പൂപ്പൻ എപ്പോഴും പറയുമായിരുന്നു, ഒരു സ്ഥലത്ത് നമ്മുടെ ആവശ്യം കഴിഞ്ഞു എന്നു തോന്നിക്കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കരുതെന്ന്. ചില വീടുകളുണ്ട്. ആദ്യം നമ്മൾ ചെല്ലുമ്പോൾ കാണുന്ന രീതിയായിരിക്കുകയില്ല കുറച്ച് കഴിയുമ്പോൾ. ആദ്യം, എങ്ങനെയെങ്കിലും ഒരാളെ ജോലിക്ക് കിട്ടിയാൽ മതിയെന്ന ഭാവമായിരിക്കും. കുറച്ചുകഴിയുമ്പോൾ അതൊക്കെ മറക്കും. ശമ്പളത്തിനായിട്ടു മാത്രമാണ് നമ്മൾ ചെല്ലുന്നത് എന്ന് അവർ വിചാരിക്കുന്നത് നമുക്ക് മനസ്സിലാകും. മുഖത്തെ ചിരിയൊക്കെ പോകും. കണക്കു പറയാനും വഴക്കു പറയാനും തുടങ്ങും. അര മണിക്കൂർ നേരത്തേ ഇറങ്ങുന്നതിനും അത്യാവശ്യത്തിന് അഞ്ചു രൂപാ മേടിച്ചതിനുംവരെ കണക്കു പറയും. മീനിൻ്റെ കഷണം എണ്ണും. ബാക്കിയുള്ള ചോറ് കളഞ്ഞാലും തരാതിരിക്കും. അപ്പോൾ നമ്മൾ മനസ്സിലാക്കണം, ആ വീടിന് നമ്മളെക്കൊണ്ടുള്ള ആവശ്യങ്ങൾ തീർന്നു എന്ന്.

ജോലി എന്നു പറയുന്ന സാധനം മാത്രമല്ല എൻ്റെ ധർമ്മം. സ്വന്തം വീട്ടിൽ ഭർത്താവിനോട് ഒരു ധർമ്മം ഉണ്ട്. ചുറ്റിനും മനുഷ്യർ കഷ്ടപ്പാട് അനുഭവിക്കുന്നതായിട്ടു കാണുമ്പോൾ അവരെ ആശ്വസിപ്പിക്കുന്നതും ധർമ്മമാണ്. ഏതെങ്കിലും വീട്ടിൽ ഒരു മരണം നടന്നു, അല്ലെങ്കിൽ ഒരു പേറ് നടന്നു, അതുമല്ലെങ്കിൽ അയൽപക്കത്തുകാർ തങ്ങളിൽ ഒരു പ്രശ്നമുണ്ടായി. ഞാൻ അവിടെ ചെന്ന്, വാക്കുകൊണ്ടോ പൈസകൊണ്ടോ ശരീരംകൊണ്ടോ അവർക്ക് ആവശ്യമുള്ള ഉപകാരങ്ങൾചെയ്തുകൊടുക്കും. അവിടുത്തെ ജോലികൾ ചെയ്യും. മരണവീട്ടിലെ കൊച്ചുങ്ങളെ വീട്ടിൽ കൊണ്ടുപോയി ചോറ് കൊടുക്കും. സ്വന്തക്കാർക്കും ബന്ധുക്കാർക്കും വേണ്ടി എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ. എൻ്റെ ബന്ധുക്കാരാണെങ്കിൽ എല്ലാം അങ്ങ് പത്താം വാർഡിലാണ്. അവിടെ ഒരു കല്യാണമോ മരണമോ നടന്നാൽ എന്നെ അറിയിക്കുകയില്ല. ആരെങ്കിലും പറഞ്ഞ് അറിഞ്ഞാൽത്തന്നെ, അവിടെച്ചെല്ലുന്നതിന് വിലക്കുണ്ട്. അങ്ങനെ വരുമ്പോൾ പിന്നെ നാട്ടുകാർതന്നെ എനിക്ക് വീട്ടുകാർ. ചുറ്റുമുള്ള വീടുകളിൽ എവിടെയൊരു അപകടമോ മരണമോ നടന്നാലും ഞാൻ ചെല്ലും. അവരെ ആശ്വസിപ്പിക്കും. നല്ലനല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കും. ദീനമുള്ള വീട്ടിൽ ചെന്ന് അവർക്കുവേണ്ടി കുമാരനോട് പ്രാർഥിക്കും. പലപ്പോഴും അവൻ ഇടപെട്ട് വേണ്ടിയത് ചെയ്യും.

മരണവീട്ടിൽ പോകുന്ന ദിവസം ജോലിക്കു പോകാൻ ഒക്കുകയില്ലല്ലോ. ചെല്ലുകയില്ലെന്ന് വിളിച്ചുപറയും. അവർക്ക് വലിയ കഷ്ടപ്പാടായി എന്നു തോന്നിയാൽ എല്ലാം കഴിഞ്ഞ്, കുളിച്ച്, ചെന്ന് ജോലിചെയ്തിട്ടുണ്ട്. തിരിച്ചുവരുമ്പോൾ രാത്രിയാകും. അതൊന്നും എനിക്കൊരു ക്ഷീണമല്ല. ചില ദിവസം തീരെ സുഖമില്ലാതിരിക്കുമ്പോൾപോലും വീട്ടുകാർ കഷ്ടപ്പെടരുത് എന്നുവിചാരിച്ച് ജോലിക്കു പോയിട്ടുണ്ട്. അതൊക്കെയല്ലേ നമ്മുടെ ശരീരംകൊണ്ട് മറ്റൊരാൾക്കുവേണ്ടി ചെയ്യാൻ ഒക്കൂ?

അയൽപക്കത്തുകാരെക്കണക്കുതന്നെയാണ് മുമ്പു ജോലിചെയ്തിട്ടുള്ള വീട്ടുകാരും. അവരും എനിക്ക് സ്വന്തക്കാർതന്നെ. ഒരിക്കൽ ഒരാളുമായിട്ട് അടുത്തുകഴിഞ്ഞാൽ പിന്നെ അവർ എന്നും എനിക്ക് വേണ്ടപ്പെട്ടവരായിരിക്കും. പിണങ്ങിപ്പിരിഞ്ഞതുകൊണ്ടോ പിരിച്ചുവിട്ടതുകൊണ്ടോ അവരെ മറക്കാനൊക്കുകയില്ല. അവർക്ക് ഒരു ആവശ്യം വന്നാൽ അവിടെ ഞാൻ ചെന്നിരിക്കും.

ഏലാ ആപ്പീസിനെതിരെ ഒരു വീടുണ്ട്. അവിടുത്തെ പെണ്ണുംപിള്ള ഒരു പ്രത്യേക സമ്പ്രദായക്കാരിയായിരുന്നു. ഭർത്താവ് ദുബായിലാണ്. ഒരുപാട് കാശുണ്ട്. സ്വന്തക്കാരെപ്പോലും അടുപ്പിക്കുകയില്ല. ഭയങ്കര വൃത്തിയാണ്. കണക്കും കർശനം. നമ്മൾ ചെല്ലുമ്പോൾ ക്ലോക്ക് നോക്കും, പോരുമ്പോഴും നോക്കും. എട്ടൊമ്പതു വയസ്സിന് എന്നെക്കാട്ടിൽ ഇളപ്പമാണ്. എന്നിരുന്നാലും, മോളേ എന്നു വിളിക്കാൻ പാടില്ല, മാഡം എന്ന് വിളിക്കണം എന്നൊക്കെയാണ് ചട്ടം.

ഒരു ദിവസം, ആറാം വാർഡിൽ എൻ്റെ വീടിന് അടുത്തുതന്നെ ഒരു മരണം നടന്നു. പത്തുമുപ്പതു വയസ്സുള്ള ഒരു ചെറുക്കൻ തൂങ്ങിച്ചത്തു. അവൻ്റെ മൂത്ത കൊച്ചിന് ആറു വയസ്സേ ആയിട്ടുള്ളൂ. ആ വീട്ടിൽ പോയി, ആ പെണ്ണിനെ ഒന്ന് ആശ്വസിപ്പിച്ചിട്ടു ജോലിക്ക് ചെല്ലാം എന്നുവിചാരിച്ചാണ് ഞാൻ ചെന്നത്. പക്ഷേ, അവിടെച്ചെന്നപ്പോൾ അവൾ മരക്കുറ്റികണക്ക് ഇരിക്കുകയാണ്. കരയുന്നില്ല. 

അങ്ങനെയുള്ള ഇരിപ്പ് അപകടമാണ്. ഞാൻ ചെന്ന് അടുത്തിരുന്ന് പല കാര്യങ്ങൾ ചോദിച്ചും പറഞ്ഞും അവളെ ഒന്നു കരയിച്ചപ്പോഴത്തേക്ക് ഉച്ചകഴിഞ്ഞു. ജോലിക്കു ചെല്ലുകയില്ലെന്ന് വിളിച്ചു പറഞ്ഞു. കാര്യമെല്ലാം വിസ്തരിച്ച് പറഞ്ഞതാണ്. മാഡത്തിൻ്റെ പ്രായമുള്ള ഒരു പെണ്ണിൻ്റെ കാര്യമാണ്, അവിടുത്തെ സാറിൻ്റെ പ്രായമുള്ള ചെറുക്കനാണ് ചത്തത് എന്നൊക്കെ പറഞ്ഞുകൊടുത്തു. 

എന്നിട്ട്, പിറ്റേ ദിവസം ജോലിക്കു ചെന്ന് ബെല്ലടിച്ചപ്പോൾ തുറക്കുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ജന്നൽ തുറന്ന് കുറെ നോട്ട് വെളിയിലോട്ട് നീട്ടി. ഇനി വരണ്ട എന്ന് പറഞ്ഞു. കൃത്യമായിട്ട് വരാത്തവരെ വേണ്ടെന്ന്. ഞാൻ ഒന്നും മിണ്ടാതെ കാശും മേടിച്ചോണ്ട് പോന്നു.

രണ്ടുകൊല്ലം കഴിഞ്ഞ് ഒരു ദിവസം കുമാരൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്, ആ വീട്ടിലെ സാറിനെ ദുബായിലെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നു എന്ന്. ഞാൻ ചെന്നു. എന്നെ കണ്ടതും ആ മാഡം കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചിലായിരുന്നു. അന്നത്തെ ഭർത്താവു മരിച്ച പെണ്ണ് കരഞ്ഞതുകണക്കെത്തന്നെ. എന്നെ കണ്ടത് വലിയ സമാധാനമായെന്നും ഇടയ്ക്ക് ഇതേകണക്ക് ചെല്ലണം എന്നും പറഞ്ഞാണ് വിട്ടത്. പിന്നെ കുറെക്കാലം ഞാൻ ചെല്ലാറുമുണ്ടായിരുന്നു. ചെന്നിട്ട് ഇറങ്ങുമ്പോഴെല്ലാം കുറച്ച് രൂപാ തെറുത്ത് കൈയിൽ പിടിച്ചേൽപ്പിക്കാൻ നോക്കും. ഞാൻ മേടിക്കുകയില്ല. എനിക്ക് ആവശ്യമില്ല. അമ്പലത്തിൽക്കൊണ്ടുപോയി കുമാരന് കൊടുത്തേക്കാൻ പറയും.

എല്ലായിടത്തും എല്ലാവർക്കും നമ്മൾ ചെല്ലുന്നത് ഇഷ്ടപ്പെട്ടു എന്നുവരികയില്ല. എൻ്റെ ആദ്യത്തെ ഭർത്താവ് രാമചന്ദ്രൻ ഇടയ്ക്ക് ഓട്ടോ മറിഞ്ഞ് ആശുപത്രിയിൽ കിടന്നിരുന്നു. കല്യാണബസ്സിന് സൈഡ് കൊടുക്കാൻ നോക്കിയപ്പോൾ ആറ്റിലോട്ട് മറിഞ്ഞതാണ്. സഹായത്തിന് ആരും ഇല്ലെന്നുകേട്ട് ഞാൻ ചെന്നു. പോകണ്ട എന്ന് കുമാരൻ പറഞ്ഞതാണ്, എന്നിട്ടും പോയി. ബേബിയെ വിഷമിപ്പിക്കണ്ട എന്നു വിചാരിച്ച് അവനോടുപോലും പറയാതെയാണ് പോയത്. തൂക്കുപാത്രത്തിനകത്ത് കഞ്ഞിയൊക്കെ കൊണ്ടുപോയതാണ്. എന്നിട്ട്, ആശുപത്രിയുടെ ഭാഗത്തോട്ട് ചെല്ലാൻപോലും സമ്മതിച്ചില്ല. കവലയിൽവെച്ച് ബൈക്കിൽ വന്ന് എന്നെ തടഞ്ഞുനിർത്തി തിരിച്ചയച്ചു, പെട്ടെന്ന് ഉണ്ടായിവന്ന കുറേ രക്ഷകർത്താക്കൾ. വെള്ളം അനത്തിക്കൊടുക്കാൻ ഉപകരിക്കാത്ത, ആട്ടിയോടിക്കാൻ മാത്രമുള്ള കുറേ പത്താം വാർഡുകാർ.

അതേകണക്ക്, എൻ്റെ അച്ഛൻ്റെയും അമ്മയുടെയും വീട്. അന്ന് ഇറക്കിവിട്ടതിൽപ്പിന്നെ എത്രയോവട്ടം ഞാൻ ആ വഴിക്ക് ചെന്നിട്ടുണ്ട്. എന്തിനാണ് പോകുന്നതെന്ന് ബേബി ചോദിക്കും. അച്ഛനും അമ്മയുമല്ലയോ എന്നു വിചാരിച്ച് പോകും. പക്ഷേ, അകത്ത് കയറ്റുകയില്ല. സ്വന്തം അമ്മയും അനിയനും അനിയത്തിയും പുഴുത്ത വർത്തമാനം പറഞ്ഞിട്ടുണ്ട്. അപ്പോഴും അച്ഛൻ ഒരു ചീത്തവാക്ക് പറഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. പറയാൻ അച്ഛന് പറ്റുകയില്ല. എന്നെ ദൂരെനിന്ന് കണ്ടാൽ എഴുന്നേറ്റ് അകത്തുപോകും. എന്നോട് ഒരു വാക്ക് മിണ്ടാതെ, എൻ്റെ കൈകൊണ്ട് തുള്ളി വെള്ളം കുടിക്കാതെ, പതിനഞ്ചുകൊല്ലക്കാലം അച്ഛൻ ജീവിച്ചു, പാവം.

അച്ഛൻ മരിക്കാൻ കിടക്കുമ്പോഴും എന്നെ അവിടെ കയറ്റിയില്ല. ഒരുവട്ടംപോലും എന്നെ ഒന്ന് നോവിക്കാത്ത ആ അച്ഛൻ്റെ അടുത്തുചെന്ന് ഇരിക്കാനോ തുള്ളി വെള്ളം കൊടുക്കാനോ സമ്മതിച്ചില്ല. കാലുപഴുത്ത് കിടക്കുകയായിരുന്നു. ദീനം കൂടുതലാണെന്ന് കേട്ടിട്ട് ഞാൻ ചെന്നപ്പോൾ മണിയുടെ ഭാര്യയാണ് വലിയ ഗൗരവത്തിൽ ഇറങ്ങിവന്ന് കാണാനൊക്കുകയില്ലെന്ന് പറഞ്ഞത്. ആ കൊച്ചിനോട് അതിനുമുമ്പ് ഞാൻ മിണ്ടിയിട്ടുപോലുമില്ല. അവളെപ്പോലും എൻ്റെ ശത്രുവാക്കി അവർ. എവിടെ മരണംനടന്നാലും ചെല്ലുന്ന എനിക്ക് സ്വന്തം അച്ഛൻ്റെ അടുത്ത് ചെല്ലാൻ പറ്റിയില്ല.

ഞാൻ അവിടുന്ന് നേരെ പോയത് അമ്പലത്തിലോട്ടാണ്. ചെന്ന് നടയ്ക്കുനേരെ നിന്നു.

“കുമാരാ,” ഞാൻ വിളിച്ചു. “അവിടെ വയ്യാതെ കിടക്കുന്നത് എൻ്റെ അച്ഛനാണ്.”

“ആര് ആരുടെ അച്ഛനാണെന്നൊക്കെ എനിക്കറിയാം,” അവൻ പറഞ്ഞു. “നീ പോ.”

“ഒന്നും പറയണ്ടാ. നീ ആ മനുഷ്യൻ്റെ സങ്കടം തീർക്കുന്നതുവരെ ഞാൻ ഇവിടെ നിൽക്കാൻപോവാ.”

“ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞില്ലയോ?”

“അച്ഛൻ്റെ അസുഖം നീ എനിക്ക് താ,” ഞാൻ പറഞ്ഞു. “ഞാൻ കിടന്നോളാം.”

സഹികെട്ട് കുമാരൻ ഇറങ്ങിവന്നു. എൻ്റെ ഭുജത്തിൽ ബലമായിട്ടു പിടിച്ച്, വലിച്ച്, വീട്ടിലോട്ട് കൊണ്ടുപോയി. 

ചന്തക്കവല കഴിഞ്ഞപ്പോൾത്തന്നെ എൻ്റെ ശരീരം തുള്ളിത്തുടങ്ങി. എങ്ങനെ തുള്ളാതിരിക്കും? അതിനെ ജനിപ്പിച്ച ശരീരം ഇല്ലാതാകാൻ പോകുന്ന അവസ്ഥയാണ് ഇത്.

കടത്തു കടക്കുന്ന സമയത്തൊന്നും നിൽക്കാൻ വയ്യായിരുന്നു. വീട്ടിൽവരെ എത്തിയത് വളരെ കഷ്ടപ്പെട്ടാണ്. എങ്ങനെയൊക്കെയോ മുറിക്കകത്തു കയറി കതകടച്ചു. 

പിന്നെ, ഒടുക്കത്തെ തുള്ളലായിരുന്നു. തലയിണയും പുതപ്പുമൊക്കെ വാരിവലിച്ച് ഭിത്തിയിലടിച്ച് ഞാൻ തുള്ളി. തലയിണ പൊട്ടി പഞ്ഞിചിതറി മഴപോലെ പെയ്തു. 

എൻ്റെ ചെവിക്കകത്ത് തകിലും നാഗസ്വരവും മുഴങ്ങുകയാണ്. 

കതിനാവെടി. 

പനിനീരിൻ്റെയും നാരങ്ങയുടെയും മണം. 

തുള്ളുന്ന ശരീരത്തിൽനിന്ന് എൻ്റെ ആത്മാവ് വെളിക്കുകടന്നു. ആത്മാവും ശരീരവും കുമാരനും തങ്ങളിൽ കൈകോർത്തുപിടിച്ച് തുള്ളി. പ്രപഞ്ചം വലിയൊരു മയിൽപ്പീലിയായിട്ടുമാറി ഞങ്ങൾക്കുചുറ്റും നിന്ന് തുള്ളി. ഈരേഴു പതിന്നാലു ലോകങ്ങളും പല നിറമുള്ള പൊട്ടുകളായിട്ട് ആ പീലിയുടെ മൂലകളിൽ കിടന്ന് തുള്ളി. നോവുകയും നോവിക്കുകയും ചെയ്യുന്ന കോടിക്കോടി ശരീരങ്ങൾ ആത്മാവുകളുമായിട്ട് ചേർന്നും വേർപെട്ടും, കുമാരൻ്റെകൂടെ തുള്ളി. അവൻ എന്നെ തുള്ളിച്ച് മയിൽപ്പീലിയുടെ നടുക്കോട്ട് കൊണ്ടുപോയി. പീലിക്കണ്ണിൻ്റെ നീലഗുഹ. ഗുഹയ്ക്കകത്തെ ഇരുട്ടിനു നടുക്കുകൂടി ഒരു വഴി. ആ വഴിയേ അവൻ കൈപിടിച്ച് എന്നെ നടത്തി. അകത്തോട്ട്. അങ്ങ്, അകത്തോട്ട്. നടന്നുനടന്നു ചെല്ലുംതോറും എൻ്റെ തുള്ളൽ കുറഞ്ഞു വന്നു. അവസാനം ഒരിടത്തു ചെന്നപ്പോൾ അവൻ നിന്നു. ഇരുട്ടും വെട്ടവുമില്ലാത്ത, ചൂടും തണുപ്പുമില്ലാത്ത, കാവടിമേളവും കതിനയും കേൾക്കാത്ത ഒരിടം. അവൻ എന്നെ അവിടെ നിറുത്തി. എൻ്റെ തുള്ളൽ അടങ്ങി. എന്നെ ഇറുക്കെ കെട്ടിപ്പിടിച്ച്, മുഖം എൻ്റെ കാതിന് അടുത്തു കൊണ്ടുവന്ന്, പയ്യെ അവൻ പറഞ്ഞു, “നിൻ്റെ അച്ഛൻ മരിച്ചു. ആ ശരീരത്തിന് ഇനി വേദനയും ദുരിതവും ഇല്ല.”

11: സേവനം

നിത എന്നു പേരുള്ള ഒരു സാറിൻ്റെ വീട്ടിൽ ഞാൻ നിന്നിരുന്നു. അവരുടെ ഭർത്താവും പള്ളിക്കൂടത്തിൽ സാറാണ്. നല്ല രണ്ട് പെൺപിള്ളേരും. ആദ്യമൊക്കെ അവർ വലിയ കർശനമായിരുന്നു. ഓരോ ജോലിചെയ്യുമ്പോഴും പുറകേ നിൽക്കും. ഒടുക്കം പണി തൃപ്തിയാണെന്ന് കണ്ടപ്പോഴാണ് എൻ്റെ സ്വാതന്ത്ര്യത്തിനു വിട്ടത്. പിന്നെപ്പിന്നെ, അവരൊക്കെ പള്ളിക്കൂടത്തിൽ പോയിക്കഴിഞ്ഞിട്ടായിരിക്കും ഞാൻ ചെല്ലുന്നത്. വീടിൻ്റെ ഒരു താക്കോൽ എൻ്റെയടുത്ത് തന്നു. അത്രയ്ക്ക് വിശ്വാസമായിരുന്നു. എനിക്കാണെങ്കിൽ പതിവുള്ള ആത്മാർഥതയെക്കാട്ടിലും സ്വല്പം കൂടുതലും. മെയിൻ റോഡിൽനിന്നുള്ള പാലം പൊളിച്ചിട്ടിരിക്കുന്ന സമയത്ത് മൂന്നു കിലോമീറ്റർ ചുറ്റിവളഞ്ഞ് നടന്നുചെന്നിട്ടുണ്ട്.

രണ്ടുകൊല്ലം ഞാനവിടെ നിന്നു. എന്നിട്ട് പെട്ടെന്നൊരു ദിവസമാണ് പറഞ്ഞുവിട്ടത്. എനിക്ക് അയൽപക്കത്തെ ഒരു പെണ്ണുംപിള്ളയെ സഹായിക്കാൻ പോകണ്ടിവന്നു. ഭർത്താവു ചവിട്ടിയിട്ട് നടുവൊടിഞ്ഞ് ആശുപത്രിയിൽ കിടക്കുകയായിരുന്നു അവർ. ആ നാലഞ്ചു ദിവസം ജോലിക്കു ചെന്നില്ലെന്നു പറഞ്ഞാണ് സാർ എന്നെ പറഞ്ഞയച്ചത്.

പിന്നെ കേൾക്കുന്നത്, അനിതസ്സാറിന് സുഖമില്ലെന്നാണ്. ഒരു വശം തളർന്ന് കിടപ്പിലായി. തേച്ച് വടിപോലെയാക്കിയ സാരിയും ഉടുത്ത്, എന്നും റോസാപ്പൂ ചൂടി മാത്രം പള്ളിക്കൂടത്തിൽ പോയിരുന്ന അവർ, പള്ളിക്കൂടത്തിലെ പിള്ളേരെ കിടുകിടാ വിറപ്പിച്ചിരുന്ന സാറ്, ഒരു ദിവസംതൊട്ട് എല്ലാവർക്കും ഭാരമായിട്ടുമാറുകയാണ്. കഞ്ഞിവെള്ളം കൊടുക്കണം, തുണി മാറ്റിക്കൊടുക്കണം, മൂത്രവും മലവും പോകുമ്പോൾ തുടയ്ക്കണം. അത് അങ്ങനെയാണല്ലോ. ആത്മാവ് ഒരു ശരീരത്തിനകത്ത് ഇരിക്കുന്ന സമയത്ത് മതിയായെന്ന് തോന്നിയാൽ ഉടനെ ഇട്ടിട്ടുപോകാൻ പറ്റുമോ? പറ്റുന്ന മഹാത്മാക്കളുണ്ട്. പക്ഷേ, എല്ലാവർക്കും പറ്റുകയില്ല. ശരീരത്തിനകത്തുള്ള പരമാണുക്കൾക്ക് തോന്നണം, ഇനി പിരിയാമെന്ന്.

അനിതസ്സാറിന് വയ്യെന്ന് കേട്ടപ്പോൾ ഞാൻ അന്നു നിന്നിരുന്ന വീട്ടിൽനിന്ന് പിരിഞ്ഞ് ചെന്നു. സാറിനെ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞതോടെ ഭർത്താവിനും മക്കൾക്കും സമാധാനമായി. മൂത്ത കൊച്ച് അന്ന് പത്താംക്ലാസിലാണ്. ഒരുപാട് പഠിക്കാനുണ്ട്. രണ്ടാമത്തേത് തീരെ ചെറുത്. ഭർത്താവിന് വീട്ടിലെ കാര്യങ്ങളും നോക്കി പള്ളിക്കൂടത്തിൽ പോകണ്ടയോ? വണ്ടിയും വള്ളവും കയറി ഞാൻ ഒമ്പതുമണിയോടെ ചെല്ലുമ്പോൾ മൂത്രത്തിൽ മുങ്ങി കിടക്കുകയായിരിക്കും. ഞാൻ തുടപ്പിച്ച്, പൗഡർ ഇടീച്ച്, തിരിച്ചും മറിച്ചും കിടത്തും. കൈ പിടിച്ചിരുന്ന് ഹരഹരോ ജപിക്കും.

സാറിനു മാത്രമല്ല, ഭർത്താവിനും കൊച്ചുങ്ങൾക്കും ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കിക്കൊടുക്കും ഞാൻ. എൻ്റെ കൊച്ചനോ എന്തെങ്കിലും വെച്ചുവിളമ്പിക്കൊടുക്കാൻ എനിക്ക് പറ്റുന്നില്ല. ഇതുങ്ങളെങ്കിലും വല്ലതും രുചിയായിട്ട് കഴിക്കട്ടെ എന്ന് വിചാരിക്കും.

ഞാൻ കുമാരനോട് പറഞ്ഞു, നീ അനിതസ്സാറിനെ സുഖപ്പെടുത്തണം. എനിക്കുവേണ്ടി നീ ഇത് ചെയ്തുതരണം.

കുമാരൻ ഒന്നും മിണ്ടിയില്ല.

ഒമ്പതു ഷഷ്ഠിയുടെ ഒരു വ്രതമുണ്ട്. ആദ്യത്തെ തവണ പാൽപ്പായസം മാത്രം കഴിക്കാം. പിന്നത്തെ മാസം ശർക്കരപ്പായസം, അതുകഴിഞ്ഞ് വെള്ളനിവേദ്യം, ഇങ്ങനെ പോയി ആറു കുരുമുളകിൽ അവസാനിക്കും. ആ മുളകിൻ്റെ പുകച്ചിലിൽ ആത്മാവു കിടന്ന് നീറുന്നതോടെ പ്രസാദിക്കാത്ത കുമാരന്മാരില്ല, നടക്കാത്ത കാര്യമില്ല.

ഞാൻ വ്രതം തുടങ്ങി. രണ്ടാമത്തെ ഷഷ്ഠി ആയപ്പോൾ കുമാരൻ പറഞ്ഞു, “നീ ഇതിന് നൊയമ്പ് നോക്കണ്ട. അവരുടെ കാര്യം പോക്കാണ്.”

“തളർവാതം വന്ന എത്രയോ പേർ പിന്നെയും എണീറ്റുനടക്കുന്നു,” ഞാൻ പറഞ്ഞു. “വയസ്സന്മാരുവരെ എണീറ്റ് അവനവൻ്റെ കാര്യം നോക്കുന്നുണ്ട്. ഇവര് മാത്രം കിടന്ന കിടപ്പാണ്. ഓർമ്മയുമില്ല, പറയുന്നതും തിരിയുന്നില്ല. ഇത് പറ്റുകയില്ല. അവര് പഴയകണക്ക് എണീറ്റ് പള്ളിക്കൂടത്തിൽ പോകണം.”

“തലയിലെഴുത്ത് എന്നു പറഞ്ഞ് ഒരു സാധനമുണ്ട്.”

“തലയിലെഴുത്തു മാറ്റാനൊക്കെ നിന്നെക്കൊണ്ട് പറ്റും, എനിക്കറിയാം. അതൊന്നും നീ എന്നോട് പറയണ്ട.”

ഞാൻ പിന്നെയും വ്രതം തുടർന്നു. അഞ്ചു ഷഷ്ഠി കഴിഞ്ഞു. ഒരു ദിവസം രാവിലെ ഞാൻ കിടന്നുറങ്ങുകയായിരുന്നു. കുമാരൻ എന്നെ കുലുക്കി വിളിച്ചുണർത്തി ഒരു കഷണം കൽക്കണ്ടം കൈയിൽ തന്നിട്ട് വായിലിട്ടോളാൻ പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരിപാടി എന്താണ് ഇപ്പോളെന്ന് ആലോചിച്ചെങ്കിലും അവൻ പറഞ്ഞതല്ലയോ എന്നു വിചാരിച്ച് ഞാൻ തിന്നുകയും ചെയ്തു. ഉറക്കം തെളിഞ്ഞുകഴിഞ്ഞപ്പോഴാണ് ഓർമ്മവരുന്നത്, അന്ന് ഷഷ്ഠിയാണെന്ന്. ജനിച്ചിട്ട് ഇന്നേവരെ ഒരു ഷഷ്ഠി മറന്നിട്ടില്ലാത്ത എന്നെ കുമാരൻ മായ ഉപയോഗിച്ച് പറ്റിച്ചിരിക്കുന്നു.

ഞാൻ കരഞ്ഞുപോയി. “എന്തിന് നീ ഇത് ചെയ്തു?”

“അവർക്കുവേണ്ടീട്ട് നൊയമ്പ് നോൽക്കരുതെന്ന് ഞാൻ പറഞ്ഞതല്ലയോ?” അവൻ ചോദിച്ചു. “നീ കേട്ടില്ല. അപ്പോൾ ചെറിയൊരു സൂത്രം പ്രയോഗിക്കേണ്ടിവന്നു.”

അതാണ് ഷഷ്ഠിവ്രതത്തിൻ്റെ മാഹാത്മ്യം. ഭക്തിയോടെ നൊയമ്പ് നോറ്റാൽ ഭഗവാനുപോലും കാര്യം നടത്തിത്തരാതിരിക്കാൻ പറ്റുകയില്ല. അതിനാണ് അവൻ അത് മുടക്കിയത്.

അവൻ പറഞ്ഞകണക്കിനുതന്നെ രണ്ടു മാസത്തിനകം അവർ മരിച്ചു. അതിനകം ആ കൊച്ചുങ്ങൾക്ക് ഞാൻ അമ്മയുടെകണക്കെ ആയിക്കഴിഞ്ഞിരുന്നു. എന്തൊരു ആവശ്യം വന്നാലും അതുങ്ങൾ എന്നെ വിളിക്കും. പരീക്ഷപ്പേടി വരുമ്പോൾ കുമാരനോട് പ്രാർഥിക്കണം എന്ന് പറയും. സുഖമില്ലാതെ കിടക്കുമ്പോൾ ഞാൻ ചെന്ന് അടുത്തിരിക്കും. കൂടെ പഠിക്കുന്ന ചെറുക്കന്മാര് എഴുത്തു കൊടുത്ത വിവരംപോലും സ്വന്തം അച്ഛനോടു പറയാനുള്ള പേടികൊണ്ട് എന്നോടാണ് പറഞ്ഞിട്ടുള്ളത്.

ഒരു ദിവസം കുമാരൻ എന്നോട് പറഞ്ഞു, നീ ഇന്ന് ആ വീടുവരെ ഒന്ന് ചെല്ലണം. മൂത്തവൾ അന്ന് മെഡിക്കൽ കോളേജിൽ പഠിക്കുകയാണ്, സാറും കൊച്ചുകൊച്ചും മാത്രമേ വീട്ടിൽ ഉള്ളൂ. ഞാൻ ചെന്നപ്പോൾ കൊച്ച് കുളിക്കാൻ കയറുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുളിമുറിയിൽനിന്ന് ‘അയ്യോ അച്ഛാ, ചോര’ എന്നുംപറഞ്ഞ് ഒരു കരച്ചിൽ കേട്ടു. സാറ് പേടിച്ച് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു, സാറ് അവിടെ ഇരുന്നോ, ഇത് ഞങ്ങൾ പെണ്ണുങ്ങളുടെ കാര്യമാണ് എന്ന്, എല്ലാം ഞാൻ നോക്കിക്കോളാം എന്ന്.

രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ആ സാറ് എന്നെ വിളിച്ചു. വൈകിട്ട് ഒന്നു ചെല്ലണമെന്ന് പറഞ്ഞു. സാധാരണ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും സാറ് മക്കളെക്കൊണ്ട് വിളിപ്പിക്കുകയേ ഉള്ളൂ. എന്താണോ കാര്യം എന്നു വിചാരിച്ച് ഞാൻ ചെന്നു.

വീട്ടിൽ സാറ് മാത്രമേയുള്ളൂ. മോള് റ്റ്യൂഷന് പോയിരിക്കുകയാണ്. സാറ് ചായ കുടിച്ചോ എന്ന് ഞാൻ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ ചായയിട്ട് കൊടുത്തു. എന്നോട് സെറ്റിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നില്ല.

“എൻ്റെ പിള്ളേർക്ക് നീ അമ്മയെപ്പോലെയാണ്, അറിയാമല്ലോ?” സാറ് അതിനുമുമ്പ് എന്നെ നീയെന്നൊന്നും വിളിച്ചിട്ടില്ല.

“അറിയാം സാറേ,” ഞാൻ പറഞ്ഞു. “എനിക്ക് അവരും മക്കളെക്കണക്കാണ്.”

“ഇനി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ച് കേൾക്കണം,” സാർ പറഞ്ഞു. “ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കായി. എനിക്ക് ഒരു കൂട്ടായിട്ട്, മക്കൾക്ക് അമ്മയായിട്ട്, ഈ വീട്ടിൽ വരാമെങ്കിൽ ഈ കാണുന്നതൊക്കെ നിനക്കുള്ളതാണ്.”

ഞാൻ ആകെ അങ്കലാപ്പിലായി.

“ആലോചിച്ചിട്ടു പറഞ്ഞാൽ മതി.”

ഞാൻ വീട്ടിൽ പോയിരുന്ന് ആലോചിച്ചു. സാറിൻ്റെ കാര്യം കഷ്ടമാണ്. നാലഞ്ചു കൊല്ലം മുമ്പ് ഭാര്യ കിടപ്പിലായ കാലംതൊട്ട് വീട്ടിലെ കാര്യങ്ങളെല്ലാം സാറിൻ്റെ തലയിലാണ്. ജോലിക്കും പോകണം. ആരോഗ്യമുള്ള ഒരു പുരുഷനല്ലയോ? ആ ശരീരത്തിൻ്റെ ആവശ്യങ്ങൾപോലും നടക്കുന്നില്ല. അന്ന് അമ്പതു വയസ്സ് ആയിക്കാണും. ഇനിയൊരു കല്യാണം എന്നു പറഞ്ഞാൽ എളുപ്പമല്ല. പിള്ളേരുള്ള പെണ്ണുങ്ങൾ വല്ലതുമാണ് വരുന്നതെങ്കിൽ ഇവിടുത്തെ കൊച്ചുങ്ങളോട് പോര് ആയിരിക്കും എന്നത് മൂന്നുതരം. രണ്ടു പെൺകൊച്ചുങ്ങളുള്ള സാറിൻ്റെ ആവശ്യംവെച്ച് നോക്കിയാൽ മക്കളില്ലാത്ത ബേബിയുടെ ആവശ്യങ്ങൾ ചെറുതാണ്. അന്ന് അവന് വയസ്സ് മുപ്പത്താറ് തികഞ്ഞിട്ടില്ല. ഒന്നുകൂടി കെട്ടണമെങ്കിൽ നല്ലൊരു പെണ്ണിനെ കിട്ടാൻ വലിയ പാട് ഇല്ല. വേണമെങ്കിൽ ഇനി പിള്ളേരും ഉണ്ടായെന്ന് വരും.

ഞാൻ പോകാൻ തീരുമാനിച്ചു. പിറ്റേ ദിവസം രാവിലെ ബേബി കടയിൽ പോയിക്കഴിഞ്ഞപ്പോൾ സാരിയും ബ്ലൗസുമെല്ലാം ഒരു കവറിലാക്കി. ബേബി മേടിച്ചുതന്നതൊന്നും എടുത്തില്ല. അവൻ ഇല്ലാത്ത സമയത്ത് സ്ഥലംവിടണം. ആ സങ്കടം എനിക്ക് കാണാൻ മേലാ.

റെഡിയായി വെളിയിലോട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ പെട്ടെന്ന് ചെമ്പകപ്പൂവിൻ്റെ മണം. നോക്കുമ്പോൾ വാതിൽക്കൽ കുമാരൻ.

“നീ പോകരുത്,” അവൻ പറഞ്ഞു. എൻ്റെ അനിയൻ മണിയുടെ ഭാവമായിരുന്നു അവന്.

“അങ്ങനെ പറയരുത്,” ഞാൻ പറഞ്ഞു. “ആ സാറിൻ്റെ കാര്യം വലിയ കഷ്ടമാണ്.”

“ആ വീടും പണവും കണ്ടിട്ടുള്ള ഇളക്കമാണ് നിൻ്റെ.”

അവൻ എന്നെ ദേഷ്യപ്പെടുത്താൻ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി. “അല്ലെന്ന് നിനക്ക് അറിയാവുന്നതാണ്,” ഞാൻ പറഞ്ഞു. “ഇന്നും ഇന്നലെയുമൊന്നും അല്ലല്ലോ നീ എന്നെ കാണാൻ തുടങ്ങിയത്.”

“നീ പോകരുത്,” അവൻ പിന്നെയും പറഞ്ഞു. “ബേബി പാവമാ.”

“ഞാൻ പോകും.”

ഞാൻ മുമ്പോട്ട് നടക്കാൻ നോക്കി.

എൻ്റെ കാല് അനങ്ങുന്നില്ല. ഇത് കുമാരൻ്റെ വിദ്യയാണെന്ന് എനിക്ക് മനസ്സിലായി. പിന്നെയും ആഞ്ഞപ്പോൾ ഞാൻ കമിഴ്ന്നടിച്ച് നിലത്തു വീണു. എഴുന്നേൽക്കാൻ പറ്റുന്നില്ല. പിടിച്ചുവെച്ചിരിക്കുന്നതുകണക്കെ.

“എന്നെ വിട്!” ഞാൻ അവിടെക്കിടന്ന് ബഹളംവെച്ചു. “ഈ ശരീരം നശിച്ചുപോകുന്നതിനുമുമ്പ് അതുവെച്ച് ലോകത്തിനു പ്രയോജനമുള്ള എന്തെങ്കിലുമൊക്കെ ചെയ്യട്ടെ ഞാൻ.”

കുമാരൻ പറഞ്ഞു, “അവനവൻ നശിച്ച് പരോപകാരംചെയ്യണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.”

“ഉണ്ട്,” ആ കിടപ്പിൽ കിടന്നുകൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു. “തമ്പാനപ്പൂപ്പൻ പറഞ്ഞിട്ടുണ്ടല്ലോ, നമ്മുടെ ശരീരത്തിനെക്കാട്ടിലും പ്രധാനം ലോകോപകാരമാണെന്ന്. എൻ്റെ ഗുരു ആ അപ്പൂപ്പനാണ്, നീയല്ല.”

“ആ കൊള്ളരുതാത്തവൻ തൻകാര്യം നേടാനായിട്ട് പലതും പറഞ്ഞുകാണും. അതൊക്കെ വേദവാക്യംപോലെ പറഞ്ഞുകൊണ്ട് നടക്കാൻ നീയും.”

“തൻകാര്യമോ? എങ്ങനെ പറയാൻ പറ്റുന്നു നിനക്ക് അങ്ങനെയൊക്കെ? സ്വന്തമായിട്ട് ഒരു വീടോ കുടുംബമോ ഇല്ലാതെ ഉടമ്പള്ളിക്കാവിലമ്മയുടെ-” ഞാൻ പിന്നെയും കിടന്ന് അലച്ചപ്പോൾ, നാക്കും അനങ്ങാതെയായി. വായിൽനിന്ന് ഒച്ച വെളിയിലോട്ട് വരുന്നില്ല. നിലത്തു കിടന്നുകൊണ്ട് കട്ടിലിൻ്റെ കാലിൽ തലയിട്ട് അടിച്ചു. കുറേനേരം അങ്ങനെ അടിച്ചപ്പോൾ എൻ്റെ കലി ഇറങ്ങി.

കുമാരൻ അടുത്തുവന്ന് ഇരുന്ന് നെറ്റിയൊക്കെ തടവിത്തന്നു. ഞാൻ കിടന്ന് കരഞ്ഞു. “സാരമില്ല,” അവൻ പറഞ്ഞു. “പോട്ടെ.”

ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. നമ്മൾ ആവശ്യപ്പെടുന്നതെല്ലാം നടത്തിത്തരിക എന്നുള്ളതല്ല ദൈവത്തിൻ്റെ ജോലി. ഈ പ്രപഞ്ചത്തിന് മൊത്തത്തിൽ എന്തൊന്നാണ് നല്ലത് എന്നുവെച്ചാൽ അത് നടപ്പിലാക്കുക എന്നുള്ളതാണ്. നമ്മുടെ കൊച്ചു ബുദ്ധികൊണ്ട് നമ്മൾ വിചാരിക്കും, നമ്മൾക്ക് എന്തൊക്കെയാണ് വേണ്ടിയതെന്ന് നമ്മൾക്കറിയാമെന്ന്. നമ്മളെക്കാട്ടിലും ബുദ്ധിയാണ് ദൈവത്തിന്, അളവില്ലാത്ത ബുദ്ധി. ആ ബുദ്ധികൊണ്ട് ആലോചിച്ചാണ് അവൻ തീരുമാനങ്ങൾ എടുക്കുന്നത്. അതിൽ ചിലതിൻ്റെയൊന്നും കാരണം എന്താണെന്ന് നമ്മൾക്ക് പറഞ്ഞുതന്നാൽപ്പോലും മനസ്സിലാകുകയില്ല.

▮ 

12: കൃപ

നിക്ക് കുമാരൻ്റെ ആവേശമുണ്ടെന്ന് നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു. പക്ഷേ, ഓരോ ആവശ്യം നടത്താൻ ഇടനില നിൽക്കണം എന്നുപറഞ്ഞ് ആദ്യമായിട്ടു വന്നത് സ്കൂളിലെ പിള്ളേരാണ്. പരീക്ഷക്കാലമായാൽ, ഞാൻ ജോലികഴിഞ്ഞു വരുമ്പോൾ പിള്ളേർ കാത്തുനിൽക്കും. ഇന്നത്തെ പരീക്ഷ പാടായിരുന്നു, ജയിപ്പിക്കാൻ കുമാരനോട് പറയണേ എന്ന് പറയും. ഓരോ നുള്ള് ഭസ്മം കൊടുത്ത് എല്ലാത്തിനെയും സമാധാനിപ്പിച്ച് പറഞ്ഞയയ്ക്കും ഞാൻ. കുമാരനോട് പറയുകയും ചെയ്യും.

അതു കഴിഞ്ഞപ്പോൾ കുറച്ചുകൂടി വലിയ പിള്ളേര് വരാൻ തുടങ്ങി. ആദ്യം പെൺപിള്ളേര്. പിന്നെ ആൺപിള്ളേരും. പരീക്ഷ മാത്രമല്ല, പ്രേമം, ഇഷ്ടമുള്ളത് പഠിക്കാൻ വീട്ടുകാരുടെ സമ്മതം - അങ്ങനെ പല ആവശ്യങ്ങളായി. എല്ലാവർക്കും സമാധാനം കൊടുത്തു. വേണ്ടാത്ത കാര്യങ്ങളുംകൊണ്ട് വന്നവരുണ്ട്. പഠിപ്പിക്കുന്ന സാറിന് അസുഖം വരണേ, വേറെ പെണ്ണിനെ പ്രേമിച്ചവൻ മുടിഞ്ഞുപോകണേ എന്നൊക്കെ. അത്തരക്കാരെ ഉപദേശിച്ച് വിടും. വേണ്ടിവന്നാൽ വഴക്കും പറയും.

പിന്നെ വലിയ പെണ്ണുങ്ങൾ വരാൻ തുടങ്ങി. ദീനം മാറാൻ, മോളുടെ കല്യാണംനടക്കാൻ, ദുബായിൽനിന്ന് ഭർത്താവ് വരാൻ, എഴുത്ത് വരാൻ, പണം വരാൻ. ഭർത്താവിന് അമ്മായിയമ്മയുടെ പിടിയിൽനിന്ന് വിടുതൽ കിട്ടണേ എന്നു പ്രാർഥിക്കാൻ ഭാര്യയും മോന് ഭാര്യയുടെ പിടിയിൽനിന്ന് വിടുതൽ കിട്ടണേ എന്നു പ്രാർഥിക്കാൻ അമ്മയും വന്നു. ചിലപ്പോൾ ഒരേ വീട്ടിൽനിന്നുതന്നെ.

എല്ലാം ഞാൻ കുമാരനോട് പറയും. ചിലതു കേൾക്കുമ്പോൾ അവൻ ചിരിക്കും, ചിലപ്പോൾ ദേഷ്യപ്പെടും. ചിലത് നടത്തിക്കൊടുക്കും, ചിലത് നടക്കില്ല. 

ചിലർ വരുന്നത് കാര്യസാധ്യത്തിനല്ല, വരാൻപോകുന്നത് അറിയാനാണ്. കുമാരൻ അടുത്തുള്ള സമയത്താണെങ്കിൽ എല്ലാം അവൻ കൈകാര്യംചെയ്തോളും. ചോദിക്കുന്നതും പറയുന്നതും ഒന്നും പിന്നെ ഓർമ്മ കാണുകയില്ല. അല്ലാത്തപ്പോൾ, ശ്രദ്ധ ഉപയോഗിക്കണം. വരുന്ന ആളുടെ മുഖവും ശരീരവും ഒക്കെ ശ്രദ്ധിക്കണം. അവരുടെ ശരീരത്തിനകത്തിരിക്കുന്ന പരമാണുക്കൾ നമ്മളോട് പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കണം. അപ്പോൾ  മനസ്സിലാകും അവരുടെ ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന്. തീരെ മോശപ്പെട്ട കാര്യമാണ് നടക്കാൻപോകുന്നതെങ്കിൽ ചിലപ്പോൾ പറയുകയില്ല. ധൈര്യം കൊടുക്കാൻ മാത്രം നോക്കും.

എന്നെ ദ്രോഹിച്ചവരും എന്നെപ്പറ്റി ഇല്ലാവചനം പറഞ്ഞുനടന്നവരും വന്നു. പത്താം വാർഡിൽനിന്ന് പലർ വന്നു. ആരോടും വേറുകൃത്യം കാണിച്ചില്ല ഞാൻ. ആരെയെങ്കിലും സഹായിക്കാൻ കണക്കുപുസ്തകം നോക്കണ്ട കാര്യമില്ലല്ലോ എനിക്ക്. 

എൻ്റെ അനിയത്തി മിനി ഒരു ദിവസം ഇരുട്ടിക്കഴിഞ്ഞ് പാത്തും പതുങ്ങിയും വന്നു. എന്നെ മുഖത്തുനോക്കി വേശ്യയെന്ന് വിളിച്ചവളാണ്. വന്നിരുന്ന് കരഞ്ഞു. ഭർത്താവ് ഡെങ്കിപ്പനി പിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുകയാണ്. ഞങ്ങൾ രണ്ടുപേരുംകൂടി കുമാരനോട് കരഞ്ഞു പ്രാർഥിച്ചു. പോകാൻനേരത്ത് അവൾ എന്നോട് ക്ഷമിക്കണേ എന്നൊക്കെ പറഞ്ഞു. ക്ഷമിക്കാൻ ഞാനാര്? ഞാൻ വെറും വീട്ടുവേലക്കാരി. അവളോ? പെൺപിള്ളേര് പഠിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ അച്ഛൻ്റെ മോളായിട്ടും പഠിച്ച് ജോലിക്കാരിയായവൾ. രക്തം പരിശോധിച്ച് ദീനം കണ്ടുപിടിക്കാൻ അറിയുന്നവൾ. ഞാൻ അവളോട് ക്ഷമിക്കണമെന്ന്. എല്ലാം കുമാരൻ ക്ഷമിച്ചുകൊള്ളും എന്ന് പറഞ്ഞുവിട്ടു.

പ്രാർഥനകളുംകൊണ്ട് ആണുങ്ങൾ വന്നത് ഏറ്റവും അവസാനമാണ്. അത് അങ്ങനെയാണ്. ചെറുപ്പം മാറാത്ത ഒരു പെണ്ണിൻ്റെ മുമ്പിൽ വന്നിരുന്ന് പ്രാർഥിക്കുന്നത് എളുപ്പമല്ല. അതിൽ നാണക്കേട് മാത്രമല്ല, പേടിയുമുണ്ട്. തലനരച്ച് മുലയിടിഞ്ഞ മുതുക്കിയാണെങ്കിൽ വേണ്ടുകയില്ല. അല്ലാത്ത ശരീരത്തിനോട് പേടിയാണ്. വേണ്ടാത്തത് തോന്നുമോ എന്ന് അവനവനെക്കുറിച്ചുള്ള പേടി. എന്നിട്ടും പയ്യെപ്പയ്യെ ആണുങ്ങൾ വന്നു. ജോലി കിട്ടണേ, വിസ കിട്ടണേ, സ്നേഹം കിട്ടണേ, പാർട്ടി ജയിക്കണേ, ഫുട്ബോൾ ടീം ജയിക്കണേ എന്നൊക്കെ പ്രാർഥിച്ചു.

പറഞ്ഞറിഞ്ഞ് അടുത്തുനിന്നും ദൂരെനിന്നും ആളുകൾ വന്നു. വരുന്നവർക്കൊക്കെ എന്തെങ്കിലും തന്നാലേ തൃപ്തിയാകൂ. “ദക്ഷിണ?” എല്ലാവരും ചോദിക്കും. ചിലരൊക്കെ പൂവും കർപ്പൂരവും സാമ്പ്രാണിയും മേടിച്ചുകൊണ്ട് വരും. ഒന്നും വേണ്ടാ എന്നു പറഞ്ഞ് മടുത്തു. ഞാൻ ഒന്നും ചെയ്യുന്നില്ലെന്നും കുമാരനാണ് നിങ്ങളെ അനുഗ്രഹിക്കുന്നതെന്നും പറഞ്ഞുനോക്കി. ഒടുക്കം ഒരു കാര്യംചെയ്തു. ഒരു കൊച്ച് അലൂമിനിയക്കുടം റോസ് തുണിവെച്ച് മൂടിക്കെട്ടി അവിടെ വെച്ചു. എന്തൊന്നാണെന്നുവെച്ചാൽ അതിനകത്ത് ഇട്ടാൽമതി എന്ന് പറയും. കുടം നിറയുമ്പോൾ അമ്പലത്തിൽ കൊണ്ടുപോയി കുമാരന് കൊടുക്കും.

കുറെക്കഴിഞ്ഞപ്പോൾ കുടം പോരാ എന്നു തോന്നാൻ തുടങ്ങി. ഒന്നുരണ്ടുവട്ടം ചില്ലറയ്ക്ക് ആവശ്യം വന്നപ്പോൾ ബേബി പറഞ്ഞു, നീ കുടം തുറക്ക്, ചില്ലറ എടുത്തിട്ട് നോട്ട് ഇട്ടേക്കാം എന്ന്. ഞാൻ സമ്മതിച്ചില്ല. ബേബിയെ വിശ്വാസമില്ലാഞ്ഞിട്ടല്ല. കാശും പണവും കാണുമ്പോൾ മഹാത്മാക്കളുടെപോലും മനസ്സ് ഇളകും, ഇളകിയിട്ടുണ്ട്. അത് ഒരു മനുഷ്യൻ്റെ ദോഷമല്ല, മനുഷ്യജന്മം എടുക്കുമ്പോൾ ആത്മാവ് കൈക്കൊള്ളുന്ന ശരീരത്തിലെ പഞ്ചഭൂതങ്ങളുടെ ദോഷമാണ്. അതിനോട് മല്ലുപിടിച്ച് ജയിക്കാൻ ചില്ലറ ശക്തിയൊന്നും പോരാ. അപ്പോൾപ്പിന്നെ ആ പരീക്ഷണം ഒഴിവാക്കുന്നതല്ലയോ നല്ലത്? ഞാൻ അമ്പലത്തിൽച്ചെന്നു പറഞ്ഞപ്പോൾ അവർ അവരുടെ പൂട്ടിട്ട വഞ്ചിപ്പെട്ടി തന്നയച്ചു. അതു നിറയുമ്പോൾ ഞാൻ ഒരു ഓട്ടോ പിടിച്ച് കൊണ്ടെക്കൊടുക്കും.

13: ഗുരുത്വം

മുപ്പെട്ട ചൊവ്വാഴ്ചയുംകൂടി കൂടിയ ഒരു ഷഷ്ഠി കഴിഞ്ഞ് പിറ്റേ ദിവസം ജോലിക്കു പോയതായിരുന്നു ഞാൻ. നിൽക്കുന്ന വീട്ടിൽ ചെന്നുകയറി, നൈറ്റി ഇടാനായിട്ട് കൈയിൽ എടുത്തപ്പോൾ ആരോ വന്ന് ബെല്ലടിച്ചു. ഇറങ്ങിച്ചെന്നപ്പോൾ പ്രായമുള്ള ഒരു മനുഷ്യൻ.

“ചേച്ചി കുളിക്കുകയാണ്,” ഞാൻ പറഞ്ഞു.

“ആരാ മൃദുല?” അയാൾ ചോദിച്ചു.

“ഞാനാ.”

“ഉടമ്പള്ളിക്കാവീന്ന് വരികയാണ്,” അയാൾ പറഞ്ഞു. “തമ്പാനപ്പൂപ്പന് ദീനം കൂടുതലാണ്, വിളിച്ചോണ്ടുചെല്ലാൻ പറഞ്ഞു.”

ഞാൻ ഉടനേ ബേബിയെ വിളിച്ചുപറഞ്ഞിട്ട് ഇറങ്ങി. നാലുമണി കഴിഞ്ഞാൽ കട നേരത്തേ അടച്ച് അവനും വരാമെന്നും ബൈക്കിൽ കൊണ്ടുപോകാമെന്നും ഒക്കെ പറഞ്ഞെങ്കിലും താമസിക്കാൻ പറ്റുകയില്ലെന്ന് ഞാൻ പറഞ്ഞു.

പോകുന്ന വഴിക്ക് വന്നയാൾ അപ്പൂപ്പൻ്റെ വിവരങ്ങൾ പറഞ്ഞു. വയസ്സ് എൺപത്തേഴായി. ഒന്നുരണ്ടു കൊല്ലമായിട്ട് തീരെ വയ്യ. കുറച്ചുദിവസം മുമ്പ് ആശുപത്രിയിലോട്ട് മാറ്റി. അമ്പലത്തിൽക്കിടന്നു മരിച്ചാൽ പിന്നെ ശുദ്ധികലശമൊക്കെ വേണമല്ലോ എന്ന് ദേവസ്വക്കാർ പറഞ്ഞു. അഞ്ചാറു ദിവസമായിട്ട് വെള്ളം മാത്രമേ ചെല്ലുന്നുള്ളൂ. എന്നെ കാണണമെന്ന് പറഞ്ഞു. പറയുന്നത് തിരിയാതെ ആയതുകൊണ്ട് എൻ്റെ വീടും നാടുമൊക്കെ പറഞ്ഞു മനസ്സിലാക്കാൻ കുറേ പാടുപെട്ടു. എൻ്റെ അച്ഛൻ്റെ വീട്ടിൽ ചെന്ന് ചോദിച്ച്, ഇപ്പോഴത്തെ വീട്ടിൽ പോയി, ഒക്കെയാണ് ഇവിടെ എത്തിയത്.

അമ്പലത്തിലെ ജോലിക്കാരനാണെന്ന് അയാൾ പറഞ്ഞു. വാലിശം വഴിപാട് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും കൊച്ചുങ്ങൾ കുറവാണ്. കഴിഞ്ഞകൊല്ലം ഒരു കൊച്ച് ഉണ്ടായിരുന്നു. ഒരു കൊല്ലം അമ്പലപ്പറമ്പിൽ കഴിയണം എന്നുള്ളത് കുറച്ച് ഒരു മാസം ആക്കിയിട്ടുണ്ട്. “സ്പീഡ് കൂടിക്കൂടി ലോകം എങ്ങോട്ടാണ് ഈ പോകുന്നതെന്ന് ആർക്കറിയാം?” അയാൾ പറഞ്ഞു. “പത്തുമാസം ഗർഭമൊക്കെ ചുമന്നുനടക്കുന്നത് പാടാണെന്നു പറഞ്ഞ് ഒരുമാസംകൊണ്ട് പ്രസവിപ്പിക്കുന്ന പരിപാടി കൊണ്ടുവരുമായിരിക്കും ഇനി.”

“നേരാ,” ഞാൻ പറഞ്ഞു. “എനിക്കുകിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് വാലിശക്കാലത്തെ ജീവിതം. അതേകണക്ക് പ്രസവവേദനയും.” 

“അതല്ലയോ ഞാൻ പറഞ്ഞത്,” പുള്ളിക്കാരൻ തലയാട്ടി. 

പ്രസവവേദന അനുഭവിച്ചിട്ടുണ്ടോ എന്ന് അയാളോട് ചോദിക്കുന്നതിൽ അർഥമില്ലാത്തതുകൊണ്ട് ഞാൻ ചോദിച്ചു, “ചേട്ടൻ വാലിശക്കാരനായിരുന്നോ?”

“ഞാനോ?” അയാൾ അതിശയിച്ചതുപോലെ എന്നെ നോക്കി. 

“കാവിൽ വാലിശക്കാരനായിട്ട് കഴിഞ്ഞിട്ടുണ്ടോ കൊച്ചിലേ?”

“ഓ” അയാൾ ചിരിച്ചു. “എൻ്റമ്മയ്ക്ക് അതൊന്നും വേണ്ടിവന്നിട്ടില്ല. അവര് ആറാ പെറ്റത്’’.

കുമാരന് തമ്പാൻ അപ്പൂപ്പനെ ഇഷ്ടമല്ലെന്ന് പലപ്പോഴായിട്ട് മനസ്സിലായിട്ടുണ്ടെങ്കിലും അപ്പൂപ്പനെ കാത്തുരക്ഷിച്ചോളണേ എന്ന് അവനോടു പ്രാർഥിച്ചുകൊണ്ടാണ് ഞാൻ ബസ്സിൽ കയറിയത്.

പക്ഷേ, കയറിച്ചെന്നപ്പോഴുണ്ട് കുമാരൻ ഇരിക്കുന്നു ബസ്സിനകത്ത്. എനിക്കുള്ള സീറ്റും പിടിച്ചുവെച്ചിട്ടുണ്ട്.

അവൻ എൻ്റെകൂടെ വരുന്നതിൻ്റെ സമാധാനം വെളിക്കു കാണിക്കാതെ ഞാൻ പരാതി പറഞ്ഞു, അപ്പൂപ്പനു സുഖമില്ല എന്നുള്ള വിവരം നേരത്തെ അറിയിക്കാത്തതിന്.

“അറിയിച്ചിരുന്നെങ്കിൽ നീ പോകുമായിരുന്നോ?” അവൻ ചോദിച്ചു.

“പിന്നെ പോകാതെ?” എനിക്ക് ദേഷ്യം വന്നു. “കണ്ടില്ലയോ വയ്യാതായപ്പോൾ എന്നെ വിളിപ്പിച്ചിരിക്കുന്നത്?”

“പിന്നെന്താ ഇത്രയും കാലം ചെന്ന് കാണാഞ്ഞത്?”

“നീ എന്തൊന്നാ ഈ പറയുന്നത്? തമ്പാനപ്പൂപ്പനെപ്പറ്റി വിചാരിക്കാത്ത ഒരൊറ്റ ദിവസംപോലും എൻ്റെ ജീവിതത്തിലില്ല. അപ്പൂപ്പനേം കാവിലെ ദേവിയേം ഒക്കെ കാണണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടാണോ പോകാത്തത്? നൂറുകൂട്ടം ജോലിയല്ലയോ എനിക്ക്?”

അവൻ തലയാട്ടിയതേയുള്ളൂ.

ഞാൻ ഓർത്തുനോക്കി. ആറാമത്തെ വയസ്സിൽ അച്ഛൻ്റെയും അമ്മയുടെയും കൈ പിടിച്ച് കാവിൻ്റെ പറമ്പിൽനിന്ന് ഇറങ്ങിയതാണ്. ഇത്രയും കാലത്തിനിടയ്ക്ക് ഒരുവട്ടം പോലും അവിടെയൊന്ന് ചെല്ലാൻ പറ്റാഞ്ഞതിന് കാരണം ജോലിത്തിരക്കുതന്നെ ആണോ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അത് എന്ന് എപ്പോഴും പറയാറുള്ളതല്ലയോ? ആലോചിച്ചിട്ട് എനിക്ക് പിടികിട്ടിയില്ല.

“എനിക്കറിയാൻമേലാ,” ഞാൻ കുമാരനോട് പറഞ്ഞു. “നീതന്നെ പറ.”
“കഴിഞ്ഞു,” അവൻ പറഞ്ഞു. ചിലപ്പോൾ അങ്ങനെയാണ്. ചോദിക്കുന്നതിനൊന്നുമല്ല മറുപടി പറയുന്നത്.
“ങേ?” ഞാൻ ചോദിച്ചു.
“അപ്പൂപ്പൻ്റെ കാര്യം കഴിഞ്ഞെന്ന്. നമുക്ക് തിരിച്ചുപോയേക്കാം. അതാ നല്ലത്.”

ഞാൻ കരയാൻ തുടങ്ങി.

അമ്പലത്തിൽനിന്നു വന്നയാൾ എഴുന്നേറ്റ് എൻ്റെ സീറ്റിനടുത്തുവന്ന് പറഞ്ഞു, ഫോൺ വന്നെന്ന്.
ഞാൻ തിരിച്ചുപോയില്ല. ഞങ്ങൾ എത്തിയപ്പോഴത്തേക്ക് ശ്മശാനത്തിലോട്ട് എടുത്തുകഴിഞ്ഞു. ആരും വരാനില്ലാത്തതുകൊണ്ട് വേഗം ജോലി തീർത്തിട്ട് നാട്ടുകാർക്ക് പിരിയണം.

ആരാൻ്റെയോ പറമ്പിലായിരുന്നു ദഹനം. അവിടെച്ചെന്നപ്പോൾ എൻ്റെകൂടെ വന്നയാൾ പറഞ്ഞു, “ദഹിപ്പിക്കുന്നിടത്തോട്ട് പെണ്ണുങ്ങള് ചെല്ലാൻ പാടില്ല. ഇവിടുന്ന് നമസ്കരിച്ചിട്ട് പൊയ്‌ക്കോ.”

കപ്പയിട്ടിരിക്കുന്ന ഒരു പറമ്പിൻ്റെ നടുക്ക് ചിതകൂട്ടുന്നതും അതിനുചുറ്റും ആളുകൂടിനിൽക്കുന്നതും മാത്രമേ എനിക്ക് കാണാൻ പറ്റിയുള്ളൂ. ഞാൻ വേലിക്കൽ നിന്ന് കുറേ കരഞ്ഞിട്ട് പുകപൊങ്ങിത്തുടങ്ങിയപ്പോൾ തിരിച്ചുനടന്നു. 

അപ്പോഴത്തേക്ക് കുമാരൻ ധൃതിപിടിക്കാൻ തുടങ്ങി. “ബേബി വെപ്രാളപ്പെടും, ഇനി പോകാം.”

“ഏതായാലും ഇത്രേടംവരെ വന്നതല്ലയോ?” ഞാൻ പറഞ്ഞു. “കാവിൽച്ചെന്ന് അമ്മയെക്കൂടി കണ്ടിട്ടുപോകാം.”

പണ്ടു വന്നിട്ടുള്ളവർക്ക് മനസ്സിലാകാത്തതുകണക്കെ മാറിക്കഴിഞ്ഞു കാവും പരിസരവുമെല്ലാം. വലിയ മതിൽക്കെട്ടും ഗോപുരവും ഒക്കെ ആയിപ്പോയി. റോഡിൽ പണിഞ്ഞിരിക്കുന്ന കാണിക്കമണ്ഡപത്തിനുതന്നെ കൊച്ചൊരു അമ്പലത്തിൻ്റെ വലിപ്പമുണ്ട്. അതിലേ കിടക്കുന്ന റോഡ് ഇപ്പോൾ മെയിൻ റോഡാണ്. കാറിൽ പോകുന്നവർ ഇറങ്ങി കാണിക്കയിടുന്നു. ബസ്സിൽ പോകുന്നവർ എറിയുന്ന പൈസ പെറുക്കാൻ യൂണിഫോം ഇട്ട സെക്യൂരിറ്റിക്കാരൻ നിൽക്കുന്നു.

മരിച്ചസ്ഥലത്തു പോയതായതുകൊണ്ട് അമ്പലക്കുളത്തിൽ ഇറങ്ങി മുങ്ങി. എത്ര നീന്തിക്കുളിച്ചിട്ടുള്ള സ്ഥലമാണ്. കൽപ്പടവ് ഒക്കെ കെട്ടി നല്ല വൃത്തിയാക്കിയിട്ടുണ്ട്.

മാറിയുടുക്കാൻ വേറെ തുണിയൊന്നും എൻ്റെയടുത്തില്ലാത്തതുകൊണ്ട് ഈറനുടുത്തുതന്നെ അകത്തുകയറി തൊഴുതു. ഇത്രയും കൊല്ലംകഴിഞ്ഞ് അമ്മയെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷവും സങ്കടവും ഒക്കെ വരും എന്നു വിചാരിച്ചാണ് കയറിച്ചെന്നത്. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആകെപ്പാടെ ഒരു പരിചയക്കേട്. നല്ല തള്ളും. ശ്രീകോവിൽ ഉൾപ്പെടെ എല്ലാം വാർക്കക്കെട്ടിടമാക്കിയിട്ടുണ്ട്. ഒരൊറ്റ അമ്പലപ്രാവിനെ അവിടൊന്നും കണ്ടില്ല. എല്ലായിടത്തും പെയിൻ്റിൻ്റെ മണവും ഒരു വല്ലാത്ത മുഴക്കവും. 

തൊഴുത് ഇറങ്ങിയപ്പോൾ അന്നദാനത്തിൻ്റെ സമയമായിരുന്നു. അന്ന് പുതിയ കല്യാണമണ്ഡപവും സദ്യാലയവും പണിതുടങ്ങിയിട്ടേ ഉള്ളൂ. അതുകാരണം, പന്തലിട്ട് അതിനകത്തായിരുന്നു ഊട്ട്. അവിടെയും വലിയ ആൾക്കൂട്ടം. തമ്പാൻ അപ്പൂപ്പൻ്റെ കൈകൊണ്ട് ഉണ്ടാക്കിയ പണ്ടത്തെ ഊണിൻ്റെ ഓർമ്മയ്ക്ക് ചെന്നിരുന്നപ്പോൾ ആ സ്ഥാനത്ത് വലിയ സദ്യയായിരുന്നു.

“ഇനി പോകാം,” കൈകഴുകുമ്പോൾ കുമാരൻ പിന്നെയും പറഞ്ഞുതുടങ്ങി.

കൊച്ചുങ്ങളായിരുന്നപ്പോൾ ഞങ്ങൾ കിടന്നിരുന്ന കെട്ടിടംനിൽക്കുന്ന സ്ഥലത്തോട്ട് ഞാൻ നോക്കി.

“അതൊക്കെ പൊളിച്ചിട്ടിരിക്കുകയാണ്,” അവൻ പറഞ്ഞു.

ഞാൻ അങ്ങോട്ട് ചെന്നു.

കുമാരൻ പറഞ്ഞു, “അവിടെങ്ങും ഒന്നും കാണാനില്ല, നീ വീട്ടിൽ പോകാൻ നോക്ക്.”

ഞാൻ അടുത്തുചെന്ന് നോക്കി. മേൽക്കൂര പൊളിച്ചുകളഞ്ഞിട്ടുണ്ട്. അതോ, പൊളിഞ്ഞുപോയതോ, ആർക്കറിയാം? ഭിത്തിമാത്രം നിൽപ്പുണ്ട്. 

ഞാൻ അകത്തോട്ട് കയറി. ഭിത്തിയിൽനിന്ന് വാതിലും ജന്നലുമൊക്കെ ഇളക്കിക്കളഞ്ഞ ദ്വാരത്തിൽക്കൂടി കാറ്റ് കയറിയിറങ്ങിപ്പോകുന്നു. ഇച്ചിരിയില്ലാത്ത രണ്ടു മുറി. ഞങ്ങൾ ദേവിയുടെ അടിമക്കൊച്ചുങ്ങൾ നിരന്നുകിടന്നിരുന്ന നിലം. ജന്നലിനടുത്ത് ഞാൻ കിടന്നിരുന്ന സ്ഥലത്ത് ഒരു തൊണ്ടിമരം വളർന്നുനിൽക്കുന്നു. കുമ്മായം ഇളകിപ്പോയ ഭിത്തിയിൽ തൊട്ടപ്പോഴത്തേക്ക് എൻ്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. എന്തൊന്നാണ് കാര്യമെന്ന് ഒരു പിടിയും കിട്ടിയില്ല. ഒരുപാടു സങ്കടങ്ങൾ പെയ്‌ത് അവിടൊക്കെ കുതിർന്നു കിടക്കുന്നതുകണക്ക്. ഈർപ്പംകണക്കെ അത് എൻ്റെ ശരീരത്തിലോട്ട് അരിച്ച് കയറുന്നു. കണ്ണിൽനിന്ന് കണ്ണുനീർ കുടുകുടാ ചാടുന്നു.

പെട്ടെന്ന് ഒരു മണം. വിറകുപുകയും വിയർപ്പും കൂടെയുള്ള ആ മണം എൻ്റെ ചുറ്റിനും കട്ടകട്ടയായിട്ട് പരക്കാൻ തുടങ്ങി. ചെവിയിൽ ഒരു ഞരക്കം. തമ്പാൻ അപ്പൂപ്പൻ്റെ ഒച്ച. ഞാൻ മരവിച്ചുപോയി. എന്താണെന്ന് മനസ്സിലാകുന്നതിനുമുമ്പേ ആരോ ഒന്ന്… അല്ല, ഏതാണ്ട് ഒന്ന്… എന്നെ ഭിത്തിയോടുചേർത്തുവെച്ച് ശക്തിയിൽ ഒരു അമർത്ത്. സ്വർണനിറത്തിൽ കൂർത്ത നഖമുള്ള ഒരു കൈ, നിറച്ചു കറുത്ത രോമമുള്ള ഒരു കൈ, എൻ്റെ വായ പൊത്തിപ്പിടിച്ചിരിക്കുകയാണ്. എൻ്റെ കൈ രണ്ടും പുറകിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നു. എനിക്ക് അനങ്ങാൻ പറ്റുന്നില്ല. എൻ്റെ മുഖം ഭിത്തിയിൽ ചേർത്തുവെച്ചിരിക്കുകയാണ്. കാലിൻ്റെ ഇടയിൽക്കൂടി പാമ്പുകണക്കെ ഏതാണ്ടോ ഇഴഞ്ഞ് കയറുന്നു. എൻ്റെ ചെവിയിൽ ഊർധ്വശ്വാസം വലിക്കുന്നതുകണക്കുള്ള ഒരു ഏങ്ങലടി. എൻ്റെ കണ്ണിനകത്ത് ഇരുട്ട് കയറി.

സർവശക്തിയുമെടുത്ത് ‘കുമാരാ’ എന്ന് ഞാൻ വിളിച്ചു. ഒച്ച വെളിയിലോട്ട് വന്നോ എന്ന് അറിയാൻമേലാ.

ബോധം വന്നപ്പോൾ നിലത്ത്, കരിയിലയുടെ നടുക്ക് കിടക്കുകയാണ്. കുമാരൻ അടുത്തിരുന്ന് നനഞ്ഞ കൈവെച്ച് മുഖം തുടയ്ക്കുന്നു.
“സാരമില്ല,” അവൻ പറഞ്ഞു. “ഞാൻ കയറിപ്പിടിച്ചതുകൊണ്ട് ഒന്നും പറ്റിയില്ല.”
“ഇതിനകത്ത് വരണ്ടാന്ന് നീ പറഞ്ഞതാ,” ഞാൻ പറഞ്ഞു.

അവൻ ചിരിച്ചതേയുള്ളൂ.

തിരിച്ചുപോരുന്ന ബസ്സിനകത്ത് ആളു കുറവായിരുന്നു. കുമാരൻ ആദ്യമേ സൈഡ്സീറ്റിൽ കയറിയിരുന്നു. ഞാൻ ഇപ്പുറത്തും. 

ഉടമ്പള്ളിക്കാവും ചുറ്റുപാടും പുറകോട്ട് ഓടിപ്പോകുന്നതുംനോക്കി ഇരുന്നപ്പോൾ ഞാൻ കരഞ്ഞില്ല. അപ്പൂപ്പൻ്റെ മരണം പണ്ടെന്നോ നടന്നതുകണക്കെയാണ് ആ സമയത്ത് തോന്നിയത്. അതിൻ്റെ സങ്കടവും കരച്ചിലും എല്ലാം പണ്ടേ തീർന്നതുകണക്കെ. പക്ഷേ, അതുകഴിഞ്ഞു വരുമ്പോൾ കാവിലെ കെട്ടിടത്തിനകത്ത് നടന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കാൻ പറ്റിയില്ല. സത്യത്തിൽ, അതിൻ്റെ ഒരു ഞെട്ടലിലായിരുന്നു ഞാൻ അപ്പോഴും.

കുമാരൻ ഒന്നും മിണ്ടാതെ, ജന്നലിൽക്കൂടി വെളിയിൽനോക്കി ഇരിക്കുകയായിരുന്നു. ഞാൻ ചോദിച്ചു, “അവിടെ നടന്നത് എന്തൊന്നാ?”

അവൻ തിരിഞ്ഞുനോക്കിയില്ല.

“മഹാത്മാവല്ലായിരുന്നോ തമ്പാനപ്പൂപ്പൻ? എന്തൊക്കെ അറിവുകളും തത്വങ്ങളും പറഞ്ഞുതന്നു! എത്ര സ്നേഹം തന്നു! അന്നു കിട്ടിയ വിദ്യകൊണ്ടല്ലയോ ഞാൻ അതു കഴിഞ്ഞുള്ള ഈ പത്തുമുപ്പത്തഞ്ചു കൊല്ലവും ജീവിച്ചത്? എന്നിട്ടും ആ സ്ഥലത്തു ചെന്നപ്പോൾ ബോധംകെടുകയും ചീത്ത സ്വപ്നം കാണുകയും ചെയ്തത് എന്നാ?”

കുമാരൻ തിരിഞ്ഞ് എന്നെനോക്കി. കുറച്ചുനേരംകഴിഞ്ഞ് പറഞ്ഞു, “സ്വപ്നമല്ല, ഓർമ്മ.”

“ഓർമ്മയോ?” ഞാൻ ചോദിച്ചു “ഇതുവരെയില്ലാത്ത ഒരോർമ്മ ഇപ്പോൾ എവിടുന്ന് വന്നു?”

“തമ്പാൻ പറഞ്ഞുതന്നു എന്നു നീ പറയുന്നത് ആത്മവിദ്യയാണ്,” കുമാരൻ പറഞ്ഞു. “ആത്മവിദ്യകൊണ്ട് ആത്മാവിനേ ഗുണമുള്ളൂ. ഇപ്പോൾ നീ അനുഭവിച്ചത് നിൻ്റെ ശരീരത്തിൻ്റെ ഓർമ്മയാണ്, ആറു വയസ്സ് തികയാത്ത കിളുന്നു ശരീരത്തിൻ്റെ ഓർമ്മ. ആത്മാവിൻ്റെ കാര്യങ്ങളൊന്നും അതിന് അറിയാൻമേലാ. പത്തമ്പതു വയസ്സുള്ള ഒരു ശരീരം അതിനെ ഇരുട്ടത്തിട്ട് ഞെരിച്ചതിൻ്റെ വേദന മാത്രമേ അതിന് അറിയാവൂ. കക്ക നീറ്റുന്ന നാറ്റമുള്ള വായവെച്ച് കടിച്ചതിൻ്റെ നീറ്റൽ മാത്രമേ ഓർമ്മയുള്ളൂ.”

“ഇല്ല,” എൻ്റെ കണ്ണിൽനിന്ന് കുടുകുടാ എന്ന് വെള്ളം ചാടാൻ തുടങ്ങി. “അങ്ങനൊന്നും നടന്നിട്ടില്ല.”

“ഇല്ല!” അവൻ എൻ്റെ കണ്ണിലോട്ട് സൂക്ഷിച്ചുനോക്കി. “രാത്രിയിൽ നടക്കുന്നതൊന്നും ഒരുത്തരോടും പറയരുതെന്ന് അയാൾ പറഞ്ഞതും ഓർമ്മയില്ല?”

ഞാൻ ഓർത്തുനോക്കി. കണ്ണടച്ചപ്പോൾ തമ്പാൻ അപ്പൂപ്പനെ കണ്ടു. അടുപ്പിനകത്തെ തീയുന്തുന്നതിനിടയ്ക്ക് തിരിഞ്ഞുനോക്കി എന്നോട് പറയുകയാണ്. അല്ല, കുളത്തിൽനിന്ന് കയറ്റി തല തോർത്തിപ്പിക്കുമ്പോൾ. അതോ…

അപ്പൂപ്പൻ പറയുകയാണ്, “മോളും അപ്പൂപ്പനും തങ്ങളിലുള്ളത് പ്രത്യേക ഇനത്തിൽപ്പെട്ട ഒരു സ്നേഹമാണ്. ആർക്കും മനസ്സിലാകാത്ത തരം. കേട്ടോ?”

“ഉം,” ഞാൻ തലകുലുക്കുന്നു.

“അതുകൊണ്ട് ഇതിനെപ്പറ്റി നമ്മൾ ആരോടും പറയാൻ പാടില്ല. ഇത്രയും കൊച്ചുങ്ങൾ ഉള്ളയിടത്ത് അപ്പൂപ്പന് ഒരാളോട് കൂടുതൽ സ്നേഹമുണ്ട് എന്ന് അറിഞ്ഞാൽ എല്ലാവർക്കും മോളെ ഇഷ്ടമല്ലാതാകും. അതുകൊണ്ട് ഇത് സ്വകാര്യമായിട്ട് വെക്കണം. നമുക്ക് രണ്ടുപേർക്കും മാത്രം അറിയുന്ന ഒരു കൊച്ചു സ്വകാര്യം. ങേ?” അപ്പൂപ്പൻ ചിരിക്കുന്നു.

“ങാ,” ഞാനും ചിരിച്ചുകൊണ്ട് തലയാട്ടുന്നു.

പക്ഷേ… അതു പറയുമ്പോൾ തമ്പാൻ അപ്പൂപ്പൻ്റെ കണ്ണിനകത്തു കാണുന്നത് എന്തൊന്നാണ്? പേടിയോ?

“ഇല്ല!” ഞാൻ കണ്ണുതുറന്നു. തല ശക്തിയായിട്ട് കുലുക്കി, അപ്പൂപ്പൻ്റെ ഒച്ച എൻ്റെ കാതിൽനിന്ന് ഒഴിഞ്ഞുപോകുന്നതുവരെ. ആ നോട്ടം എൻ്റെ കണ്ണിൽനിന്ന് മാഞ്ഞുപോകുന്നതുവരെ.

“ഇല്ല.” ഞാൻ കുമാരനോട് പറഞ്ഞു, “ബാക്കിയുള്ള കൊച്ചുങ്ങൾക്കൊന്നും കൊടുക്കാതെ എനിക്കുമാത്രം എള്ളുണ്ട കൊണ്ടുത്തന്ന കാര്യമാണ് അത്. എനിക്ക് നല്ല ഓർമ്മയുണ്ട്.”

“എള്ളുണ്ട!” അവൻ എന്നെ ചുഴിഞ്ഞുനോക്കി. “എന്നാൽ നീതന്നെ പറ, കാവിലെ കെട്ടിടത്തിനകത്ത് കണ്ടത് എന്തൊന്നാണെന്ന്.”

“എനിക്കറിയാൻമേലാ,” ഞാൻ ഒച്ചവെച്ചു. “അല്ല! എനിക്കറിയാം. നിൻ്റെ മായയായിരുന്നു അത്, അല്ലയോ?”

കുമാരൻ ചിരിച്ചുകൊണ്ട് തലകുലുക്കി. 

അവൻ്റെ ചിരിയ്ക്കകത്ത് നിറച്ചും സങ്കടമായിരുന്നു. എങ്കിലും ആ ചിരി കണ്ടപ്പോൾ എൻ്റെ ദേഷ്യം ഇരട്ടിയായി. “അതെ, നീ ഒരു കുശുമ്പനാണ്. നിന്നെക്കാട്ടിലും എനിക്ക് തമ്പാനപ്പൂപ്പനെ ഇഷ്ടമാണെന്നു വിചാരിച്ച് നീ ഉണ്ടാക്കിയ മായക്കാഴ്ചയാണ് അത്, അല്ലയോ? സ്വന്തം സുഖത്തിനായിട്ട് പിഞ്ചുകുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സദാനന്ദൻസാറിനെപ്പോലൊരു ദുഷ്ടാത്മാവാണ് തമ്പാനപ്പൂപ്പൻ എന്നാണ് നീ പറയുന്നത്, അല്ലയോ?”

കുമാരൻ എൻ്റെ കൈയ്ക്ക് കയറിപ്പിടിച്ചു. ഒച്ചതാഴ്ത്തി പറഞ്ഞു, “തമ്പാൻ ഒരു മനുഷ്യനായിരുന്നു. മനുഷ്യശരീരം എടുത്തവർക്കെല്ലാം തെറ്റുകുറ്റങ്ങളുണ്ട്, ബലഹീനതകളുണ്ട്. അത് മഹർഷിമാരായാലും ശരി, ദൈവങ്ങളുടെ അവതാരങ്ങൾതന്നെയായാലും ശരി. തമ്പാൻ്റെ ബലഹീനതയായിരുന്നു നിൻ്റെ ശരീരം.”

എൻ്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. “നാക്ക് പുഴുത്തുപോകുമെടാ, ഇത്തരം കള്ളം പറഞ്ഞാൽ, നീയൊരു ദൈവമായാലും അല്ലെങ്കിലും.” 

കുമാരൻ എന്തോ പറയാനായിട്ട് വായ തുറന്നു.

“മിണ്ടരുത്”, ചെവി പൊത്തിപ്പിടിച്ച് ഞാൻ അലറി. “കേൾക്കണ്ട നിൻ്റെ കള്ളക്കഥകൾ. പൊയ്ക്കോ ഇവിടുന്ന്. നിന്നെ എനിക്ക് കാണണ്ട.”

തിരിഞ്ഞുനോക്കിയപ്പോൾ കുമാരനെ കണ്ടില്ല. ഞാൻ ഉറക്കെക്കരഞ്ഞു. ബസ്സിനകത്ത് ഇരിക്കുന്ന ആളുകളൊക്കെ എന്നെ നോക്കുകയായിരുന്നു. ഡ്രൈവറും തിരിഞ്ഞുനോക്കുന്നതുകണ്ടു. ഒരു പെൺകൊച്ചായിരുന്നു കണ്ടക്ടർ. അവൾ എഴുന്നേറ്റുവന്ന് 'ചേച്ചീ, എന്തോ പറ്റി?’ എന്ന് ചോദിച്ചു. 
“എൻ്റെ അപ്പൂപ്പൻ മരിച്ചുപോയി” അതും പറഞ്ഞ് ഞാൻ അലറിക്കരഞ്ഞു. കുറേനേരം അങ്ങനെയിരുന്ന് കരഞ്ഞുകഴിഞ്ഞപ്പോൾ എൻ്റെ സങ്കടം കുറഞ്ഞു. കണ്ണുമാത്രം അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു. എൻ്റെ ശരീരം ഞാനറിയാത്ത സങ്കടംകൊണ്ട് നിറഞ്ഞിരിക്കുന്നതുകണക്കെ. അതിങ്ങനെ കവിഞ്ഞൊഴുകുന്നതുകണക്കെ.

ഞാൻ നോക്കിയപ്പോൾ ബസ്സിനകത്ത് എനിക്കു ചുറ്റും ഇരിക്കുന്ന ശരീരങ്ങളെല്ലാം നിറച്ച് സങ്കടമാണെന്ന് എനിക്ക് തോന്നി. സങ്കടംനിറച്ച കുപ്പിവിളക്കുകളുടെകണക്ക് എങ്ങോട്ടൊക്കെയോ ഒഴുകിപ്പോകുന്നു. അതിൽ ഓരോന്നിൻ്റെയും അകത്ത്, എരിഞ്ഞുനിൽക്കാൻ പാടുപെടുന്ന കൊച്ചുകൊച്ചു തിരികളുടെകണക്ക് ആത്മാവുകൾ. എവിടെങ്കിലും ചെന്നുതട്ടിയാൽ ഒരു പൊട്ടൽ, ഒരു ആളൽ. ചുറ്റുമുള്ളതൊക്കെ കത്തിയൊടുങ്ങിയേ പിന്നെ അടങ്ങൂ. കൂട്ടത്തിൽ അവനവനും ചാമ്പലായിരിക്കും.

14: ത്യാഗം

മ്പാൻ അപ്പൂപ്പൻ്റെ മരണം സങ്കടംതന്നെ ആയിരുന്നു. പക്ഷേ, പത്തെൺപത്തേഴു വയസ്സുള്ള ഒരു മനുഷ്യൻ്റെ മരണത്തെക്കാട്ടിലും സങ്കടമുള്ള കാര്യമായിരുന്നു എനിക്ക് കുമാരനെ കാണാതുള്ള ജീവിതം. അവൻ അന്ന്, ബസ്സിൽവെച്ച് അപ്പൂപ്പനെപ്പറ്റി പറയരുതാത്തത് പറഞ്ഞു എന്നുള്ളത് നേരാണ്. എന്നാലും ഇനി അവനെ കാണണ്ട എന്ന് ഞാൻ പറയാൻ പാടില്ലായിരുന്നു. പറഞ്ഞുകഴിഞ്ഞ് അടുത്ത നിമിഷം എനിക്കത് മനസ്സിലായി. പക്ഷേ അപ്പോഴത്തേക്കും അവൻ പൊയ്ക്കഴിഞ്ഞിരുന്നു. ഞാൻ അലറിക്കരഞ്ഞതും അതിനാണ്, അല്ലാതെ അപ്പൂപ്പൻ മരിച്ചതിനല്ല. എൻ്റെ രണ്ടു കണ്ണുകൊണ്ട് കണ്ടിട്ടുള്ള ഏറ്റവും ഭംഗിയുള്ള കാഴ്ച എന്തൊന്നാണെന്നു ചോദിച്ചാൽ, അത് കുമാരനാണ്. കാണാതിരിക്കുമ്പോൾ കാണണമെന്ന് ഏറ്റവും കൊതിച്ചിട്ടുള്ളതും അവനെയാണ്. കുമാരനോട് ‘പൊയ്ക്കോ എങ്ങോട്ടെങ്കിലും’ എന്നു പറയുന്നത് എന്നോടുതന്നെ ദൂരെപ്പോകാൻ പറയുന്നതിലും സങ്കടമാണ്.

എന്തായാലും, അന്നത്തെ ദിവസംതൊട്ട് ആകെപ്പാടെ എന്തോ ഒരു പന്തികേട് തോന്നാൻ തുടങ്ങി എനിക്ക്. ലോകത്തിനുതന്നെ മൊത്തത്തിൽ ഒരു മാറ്റം വന്നിട്ടുള്ളതുകണക്കെ. വലിയ എന്തോ കാര്യം സംഭവിക്കാൻ പോകുന്നതുകണക്കെ. രാത്രിയിൽ ഇരുട്ടിന് കട്ടി കൂടിയിട്ടുള്ളതുകണക്കെ. ഒരുപാടുവട്ടം ഉറക്കത്തിൽ സ്വർണ്ണക്കണ്ണുള്ള കറുത്ത സത്വത്തിനെ സ്വപ്നംകണ്ടു പേടിച്ച് ഞെട്ടിയുണർന്നു. ബേബിക്കും ആകെപ്പാടെ സമാധാനക്കേടായി.

പകൽ ജോലിക്കുപോകും. വൈകിട്ട് വീട്ടിൽ പ്രാർഥിക്കാൻ വരുന്നവർക്കുവേണ്ടി കുമാരനോട് പ്രാർഥിക്കും. അവരെല്ലാം പോയിക്കഴിഞ്ഞിട്ടും പലദിവസവും വിളക്കുകൊളുത്തിവെച്ച് അവനെവിളിച്ച് ഒരുപാട് പ്രാർഥിച്ചു. അമ്പലത്തിൽച്ചെന്നിട്ടും അവൻ ദർശനംതന്നില്ല. മുമ്പും ചിലപ്പോഴൊക്കെ മാസങ്ങളോളം കാണാതിരുന്നിട്ടുണ്ടല്ലോ എന്നൊക്കെ വിചാരിച്ച് ആശ്വസിച്ചു ഞാൻ.

അഞ്ചാറുമാസം അങ്ങനെ കഴിഞ്ഞുകാണും. ഒരു ദിവസം ജോലിക്കു പോകുമ്പോൾ കളക്ടറേറ്റ് മാർച്ച് എന്നുംപറഞ്ഞ് കുറേ വണ്ടികൾ പോകുന്നത് കണ്ടു. ബസ്സും വാനും നിറച്ച് കൊടിപിടിച്ച പിള്ളേര്. ഏതോ വലിയ നേതാവിനെ പീഡനക്കേസ് എന്നുംപറഞ്ഞ് അറസ്റ്റ്ചെയ്തിട്ടുണ്ടെന്നും അതിനുള്ള സമരമാണെന്നും ബസ്സിലിരുന്നവർ പറഞ്ഞു.  ജാഥ കാണുന്നത് എനിക്ക് സാധാരണ വലിയ സന്തോഷമാണ്, ലോകോപകാരത്തിനുവേണ്ടി കുറേ മനുഷ്യർ വെയിലുംകൊണ്ട് മെനക്കെട്ടു നടക്കുന്നല്ലോ എന്ന് ആലോചിച്ചിട്ട്. പക്ഷേ, അന്ന് എന്തോ സങ്കടം തോന്നി. ഇവർക്കൊന്നും ഒരു അപകടവും വരാതെ നോക്കിക്കൊള്ളണേ എന്ന് ഞാൻ കുമാരനോട് പ്രാർഥിച്ചു.

വൈകീട്ട് കേട്ടു, കളക്ടറേറ്റിൻ്റെയവിടെ വലിയ ബഹളമൊക്കെ നടന്നെന്ന്, കല്ലേറുകൊണ്ട് ഒരു പോലീസുകാരൻ മരിച്ചെന്ന്. പിറ്റേ ദിവസം ഹർത്താലായിരുന്നു. ജോലിക്കു പോകാൻ പറ്റിയില്ല. മനസ്സിന് സുഖമില്ലാത്തതുകൊണ്ട് വിളക്കുകൊളുത്തി ഇരുന്ന് നാമം ചൊല്ലി.

രാത്രിയിൽ കിടക്കാൻ തുടങ്ങുമ്പോൾ വാതിലിൽ ഒരു മുട്ടുകേട്ടു. ബേബി ചെന്ന് വെളിയിലെ ലൈറ്റിട്ട്, വാതിലിൻ്റെ ഒരു പാളി തുറന്നു. ഞാൻ എത്തിനോക്കിയപ്പോൾ രണ്ടുമൂന്നു പേരുണ്ട്. കണ്ടിട്ട് കൊല്ലങ്ങളായെങ്കിലും, മുമ്പിൽ നിൽക്കുന്ന കഷണ്ടിക്കാരനെ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി. രാമചന്ദ്രൻ! തടിച്ചതും കഷണ്ടിയായതുമൊക്കെ ശരീരമല്ലയോ? ആത്മാവിനെ എനിക്ക് അറിയാമല്ലോ.  

രാമചന്ദ്രൻ എന്നെനോക്കി തൊഴുതുകൊണ്ട് പറഞ്ഞു, “എൻ്റെ മോനെ രക്ഷിക്കണം.” 

“അയ്യോ” ഞാൻ ചോദിച്ചു, “എൻ്റെ കുഞ്ഞിന് എന്തോ പറ്റി?”

കളക്ടറേറ്റിൽവെച്ച് തലയ്ക്ക് പോലീസിൻ്റെ അടി കിട്ടിയതാണെന്നും ഇന്നലെത്തൊട്ട് മെഡിക്കൽ കോളേജിലാണ് എന്നും കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു.

“പ്രാർഥിക്കണം… സുഖപ്പെടുത്തണം’’, രാമചന്ദ്രൻ്റെ തൊണ്ട ഇടറി.

“എന്നെ എൻ്റെ മോൻ്റെയടുത്ത് കൊണ്ടുപോ,” ഞാൻ അങ്ങേരെ കയറിപ്പിടിച്ച് കുലുക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു.

പൂജാമുറിയിൽച്ചെന്ന് കുമാരൻ്റെ ഫോട്ടോയും കുറച്ച് ഭസ്മവും പൊതിഞ്ഞെടുത്ത് ഞങ്ങൾ വീടുപൂട്ടി ഇറങ്ങി. വന്നവർ രണ്ടു ബൈക്കിലായിട്ട് മുമ്പേ. ഞങ്ങൾ ബേബിയുടെ ബൈക്കിൽ പുറകേ.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്നപ്പോൾ അർധരാത്രിയായി. അകത്ത് കയറ്റുകയില്ലെന്നാണ് ആദ്യം പറഞ്ഞത്. അമ്മയാണ് എന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ എന്നെ മാത്രം സമ്മതിച്ചു. രാമചന്ദ്രൻ്റെ അനന്തരവൻ ചെറുക്കൻ അകത്തുനിന്നു വന്ന് എന്നെ വിളിച്ചുകൊണ്ടുപോയി. കണ്ണുകെട്ടി കൊണ്ടുപോകുന്നതുകണക്ക് അറിയാൻവയ്യാത്ത ഏതിലേയൊക്കെയോ നടത്തി. അവൻ എന്തൊക്കെയോ പറഞ്ഞു, കൂടുതലും എനിക്ക് മനസ്സിലായില്ല. ഒഴിവില്ലെന്നും ഐസീയൂ എന്നും സ്കാനിങ്ങെന്നും ഒക്കെ കേട്ടു.

കുറേ പടിയൊക്കെ കയറിയിറങ്ങി, കുറേ മനുഷ്യശരീരങ്ങൾക്കു നടുക്കുകൂടി ഞങ്ങൾ നടന്നു. കേടായ ശരീരങ്ങൾ. ഉടയവർതന്നെ ഡോക്ടർമാരെയും നേഴ്സുമാരെയും ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന ശരീരങ്ങൾ. 

നടന്നുനടന്ന് ഒരു വാർഡിൻ്റെ നടുക്ക്, ഒരു കട്ടിലിനടുത്ത് ചെന്നുനിന്നു.

“ഞാൻ വെളിക്ക് നിൽക്കാം’’, ചെറുക്കൻ പറഞ്ഞു. “ഒരു ബെഡ്ഡിനടുത്ത് രണ്ടുപേര് നിന്നാൽ അവർ പ്രശ്നമുണ്ടാക്കും.” അവൻ ഇറങ്ങിപ്പോയി.

ഞാൻ കട്ടിലിനടുത്തോട്ട് ചെന്നു. വലിയൊരു തടിയനെയാണ് കാണുന്നത്. ബോധമില്ലാതെ കിടക്കുകയാണ്. കറുത്ത ഷർട്ടും ജീൻസിൻ്റെ പാൻ്റും ഇട്ടിരിക്കുന്നു. തലയിൽ വെച്ചുകെട്ടുണ്ട്. എൻ്റെ വിജു.

അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന രോഗികളെ കണ്ടു. അവർ ഉണർന്നുകിടന്ന് എന്നെ നോക്കുകയായിരുന്നു.

ഞാൻ വേഗം കുമാരൻ്റെ ഫോട്ടോയെടുത്ത് കട്ടിലിൻ്റെ തലയ്ക്കൽ ജനൽപ്പടിയിന്മേൽ വെച്ചു. മോൻ്റെ നെറ്റിയിൽ ഭസ്മം തൊടീച്ചു.

കട്ടിലിൽ കയറിയിരുന്ന് അവനെ മടിയിലോട്ട് വലിച്ചുകിടത്താൻനോക്കി. കനമുള്ള ആ ശരീരം അനങ്ങിയില്ല. ഒടുക്കം, അവൻ്റെ കെട്ടുള്ള തല മാത്രം ചെറുതായിട്ട് പൊക്കി ഞാൻ അതിൻ്റെ അടിയിലോട്ട് കയറിയിരുന്നു.

“നിങ്ങളെന്തൊന്നാ ഈ കാണിക്കുന്നത്?“ അതിലേ വന്ന ഒരു നേഴ്സ് എന്നെ വഴക്കുപറഞ്ഞു. “പിടലിക്ക് തകരാറുണ്ടോ എന്നൊന്നും അറിയാതെ തല പിടിച്ച് പൊക്കാൻ പാടില്ല.”

ഞാൻ വേഗം താഴെയിറക്കിക്കിടത്തി. മോൻ്റെ നെറ്റിയിൽ ഭസ്മം തൊടീച്ചുകൊടുത്തു. എന്നിട്ട്, അവിടെയിരുന്ന് കുമാരനെ വിളിച്ചു. കുറേനേരം ഹരഹരോഹര ജപിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല.

ഞാൻ കുമാരൻ്റെ ഫോട്ടോയിൽത്തന്നെ നോക്കി ഇരുന്നു. കണ്ണെടുക്കാതെ ആ ഇരുപ്പ് ഇരുന്നപ്പോൾ, എൻ്റെ ചുറ്റുമുള്ള ആശുപത്രിമുറി മാഞ്ഞ്, ഇല്ലാതായി. രോഗികളും കട്ടിലും കെട്ടിടവുമെല്ലാം ഇരുട്ടിൽ അലിഞ്ഞുപോയി. ഇരുട്ടിൻ്റെ നടുക്ക് കുമാരൻ്റെ പടം മാത്രം. അതിൻ്റെ മുമ്പിൽ ഞാനും എൻ്റെ മോനും. 

“കുമാരാ,” അവസാനം ഞാൻ വിളിച്ചു. “നീ എന്താ ഒന്നും പറയാത്തത്?”

വിളിച്ചിട്ട് വിളികേൾക്കാത്ത അനുഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ചിലർക്കുവേണ്ടി ചിലത് ആവശ്യപ്പെടുമ്പോൾ നടത്തിത്തരാതിരുന്നിട്ടുണ്ട്. നടപ്പില്ലെന്ന് പറഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും, എൻ്റെ കുഞ്ഞിന് ഇതേകണക്ക് ഒരു അപകടം വരുമ്പോൾ അവൻ ഇങ്ങനെ തിരിഞ്ഞുനോക്കാതിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല.

രാമചന്ദ്രൻ മോനെ എടുത്തു കൊണ്ടുപോയ അന്നത്തെ രാത്രിക്കുശേഷം അവനെ ഒന്നു കാണാൻ എത്രയോ കൊതിച്ചിട്ടുണ്ട്. ഒരുവട്ടമെങ്കിലും ഒന്ന് കാണിച്ചുതരണേ എന്നു പ്രാർഥിച്ചപ്പോൾ ചെയ്തു തരാമെന്ന് കുമാരൻ പറഞ്ഞിരുന്നതുമാണ്. അതിന് കണ്ണിൽച്ചോരയില്ലാതെ ഇങ്ങനെയാണോ ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു.

അവന് ഒന്നും വരുത്താതെ നോക്കണേ എന്ന് കുമാരനോട് പറഞ്ഞിരുന്നപ്പോഴൊക്കെ ‘ശരി’ എന്നു പറഞ്ഞതാണ്. കോളേജിൽ പോകുന്നില്ലെന്നും വോൾവോ വിജു എന്ന് പേരൊക്കെ മാറ്റി വലിയ അടിപിടിക്കാരനായിട്ട് നടക്കുകയാണെന്നും കുറച്ചുനാളുമുമ്പ് കേട്ടപ്പോൾ ഞാൻ സങ്കടപ്പെട്ടിരുന്നു.

“അതൊക്കെ ശരിയായിക്കൊള്ളുമെന്നു പറഞ്ഞ് അന്ന് സമാധാനിപ്പിച്ചത് നീയല്ലയോ?” ഞാൻ കുമാരനോട് ചോദിച്ചു.

എന്നിട്ടും അവൻ മിണ്ടിയില്ല.

“എൻ്റെ മോൻ വഴിതെറ്റിപ്പോയത് ഞാൻ കാരണമാണോ? ഞാൻ ഇവൻ്റെ അച്ഛൻ്റെകൂടെ നിന്നിരുന്നെങ്കിൽ ഇവൻ നല്ലൊരു മനുഷ്യനായിത്തീരുമായിരുന്നോ?”

അനക്കമില്ല.

“ബേബിയുടെകൂടെ ഞാൻ പോയത് എൻ്റെ സ്വാർഥത്തിനല്ലെന്ന് നിനക്ക് അറിയാവുന്നതാണേ? ലോകോപകാരത്തിനെന്നും വിചാരിച്ച് ഞാൻ ചെയ്തതെല്ലാം ഇതേകണക്ക് വേറൊരാൾക്ക് ദോഷത്തിനാണോ ആയിത്തീർന്നത്?”

കുമാരൻ്റെ പടം മാത്രം ഞാൻ കണ്ടു. വെറും കടലാസും ചായവുമായിട്ടു മാറിയ പടത്തിനകത്ത് ഒരു ഭാവവുമില്ലാത്ത കുമാരനും മയിലും അനക്കമില്ലാതെ എന്നെനോക്കി നിന്നു.

“എല്ലാം ശരിയാക്കിത്തരാമെന്ന് ഒന്നു പറയെടാ,” ഞാൻ കരഞ്ഞുപറഞ്ഞു. 

‘സാരമില്ല’ എന്നുള്ള അവൻ്റെ വാക്ക് ഒന്നു കേൾക്കാൻ ഞാൻ കൊതിച്ചു. എല്ലാക്കാലത്തും എൻ്റെ എല്ലാ വേദനയും ആവിയാക്കിക്കളഞ്ഞിട്ടുള്ള വാക്കാണത്.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അനക്കമില്ലാതെ കയറിവന്ന് ഞെട്ടിക്കുന്ന ആളാണ് കുമാരൻ. വേറെ ചിലപ്പോൾ പെട്ടെന്ന് ചിലമ്പിൻ്റെ ഒച്ച കേൾക്കാൻ തുടങ്ങും. ചിലപ്പോൾ ദൂരെനിന്നുതന്നെ തകിലും നാഗസ്വരവും കേൾപ്പിച്ചുകൊണ്ട് വരും. ഇപ്പോൾ, ഒന്നുമില്ല. ചെമ്പകപ്പൂവിൻ്റെ ചെറിയ മണംപോലുമില്ല. ഞങ്ങളുടെ ചുറ്റും ഇരുട്ട്. ഇരുട്ടിൻ്റെ അകത്ത് എവിടെനിന്നോ ചില മനുഷ്യശബ്ദങ്ങൾമാത്രം ഇടയ്ക്ക് കേട്ടു. ആശുപത്രിയുടെ ശബ്ദങ്ങൾ.

ആറാം വയസ്സിൽ കുമാരനെ അറിഞ്ഞതിൽപ്പിന്നെ ആദ്യമായിട്ട് ഞാൻ ലോകത്ത് ഒറ്റയ്ക്കായതുപോലെ തോന്നി. ഞാനും എൻ്റെ കുഞ്ഞിൻ്റെ ബോധമില്ലാത്ത ശരീരവും മാത്രം.

രാമചന്ദ്രൻ്റെ നല്ല ഛായയുള്ള മുഖം. അങ്ങേരുടെ ഇരട്ടി വലിപ്പമുള്ള ശരീരം. ഇരുമ്പുകണക്കുള്ള മസിലൊക്കെ ഞാൻ പിടിച്ചുനോക്കി. ആ ശരീരത്തിനകത്ത് പഴയ കുഞ്ഞ് ഇരിക്കുന്നത് ഞാൻ കണ്ടു. അമ്മ മടിയിൽ കിടത്തിയിരിക്കുന്നതും കണ്ണുനീര് ഒലിപ്പിക്കുന്നതും അവൻ കാണുന്നുണ്ടായിരിക്കുമോ? ഒന്ന് കക്കൂസിൽ കയറാൻ നേരത്ത് വെളിക്ക് നിർത്തുമ്പോഴത്തേക്ക് അലറി തൊണ്ട പൊട്ടിച്ചിരുന്നവൻ ഇത്രയും നാൾ എന്നെക്കാണാതെ എന്തുമാത്രം സങ്കടപ്പെട്ടുകാണും. ഞാൻ അവൻ്റെ നെഞ്ച് അമർത്തിത്തിരുമ്മി. മരുന്നിൻ്റെയും ചോരയുടെയും മണമുള്ള ആ മുഖത്ത് ഞാനൊരു നൂറ് ഉമ്മ കൊടുത്തു. ചകിരികണക്കുള്ള താടിരോമംകുത്തി നൊന്തിട്ടും നിർത്തിയില്ല. കൈയും നെഞ്ചും ഉരഞ്ഞിടത്തും മുറിഞ്ഞിടത്തും ഉമ്മവെച്ചു.

തലയല്ലേ പൊക്കരുതെന്ന് പറഞ്ഞിട്ടുള്ളൂ. ഞാൻ മോൻ്റെ കാലുരണ്ടും എടുത്ത് മടിയിൽവെച്ച് നിറുത്താതെ തടവിക്കൊണ്ട് നാമംജപിച്ച് ഇരുന്നു.

നേരം വെളുക്കാറായപ്പോൾ ഒന്ന് മയങ്ങിപ്പോയി. മോൻ ഛർദിക്കുന്നത് അറിഞ്ഞിട്ടാണ് ഞെട്ടി ഉണർന്നത്. രണ്ടുദിവസം പഴകിയ, കെട്ട ആഹാരം പച്ചനിറത്തിൽ വെളിയിലോട്ട് വന്നു. ഉടുത്ത തുണിവെച്ച് ഞാൻ അതൊക്കെ തുടച്ചുകൊടുത്തു. ജാഥയ്ക്കു പോകുന്നവർക്ക് അഞ്ഞൂറു രൂപയും കിറ്റും കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. ഒരു പൊതി ബിരിയാണിയും ഒരു കുപ്പിയും. പോലീസിൻ്റെ ലാത്തിയടികൊള്ളാൻ പോയിട്ടു കിട്ടിയ ബ്രാണ്ടിയും ബിരിയാണിയുമെല്ലാം ദഹിക്കാതെതന്നെ വെളിയിലോട്ടു പോയി.

ഞാൻ കുമാരനെത്തന്നെ വിളിച്ചുകൊണ്ട് ഇരുന്നു. അറിയുന്ന നാമങ്ങളൊക്കെ വിളിച്ച് കരഞ്ഞു. ഒരുവട്ടംപോലും കണ്ടിട്ടില്ലാത്ത ദൈവങ്ങളെ മനുഷ്യൻ വിളിക്കുന്നതുകണക്ക്, കന്ദനെന്നും ശരവണഭവനെന്നും ഷണ്മുഖനെന്നും ഗുഹനെന്നും വിളിച്ചു. എൻ്റെ ജീവൻ എടുത്തിട്ട് എൻ്റെ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കണേ എന്ന് പറഞ്ഞു.

അവൻ മിണ്ടിയില്ല.

▮ 

15: മുക്തി

കേടായിപ്പോയ ശരീരംവിട്ട് എൻ്റെ കുഞ്ഞിൻ്റെ ആത്മാവ് പോയി. കെട്ടിപ്പിടിച്ച് ഇരുന്ന എൻ്റെ കൈയിൽനിന്ന് വലിച്ചുപറിച്ചാണ് സംസ്കരിക്കാൻ കൊണ്ടുപോയത്.

വിജുവിൻ്റെ മരണം കഴിഞ്ഞതോടെ ഒന്നും മനസ്സിലാകാത്ത അവസ്ഥയായി. ലോകത്തിൽ ഏറ്റവും അതിശയമായിട്ടുള്ള ഒച്ച, കുമാരൻ്റെ ഒച്ച, കേട്ട കാതുകൊണ്ട് മനുഷ്യൻ്റെ ഒച്ചപോലും കേൾക്കാതായി.

പത്തോ പന്ത്രണ്ടോ ദിവസം ഞാൻ ജോലിക്കു പോയില്ല. പ്രാർഥിക്കാനും ആരും വന്നില്ല. കണ്ണും മിഴിച്ച് രാത്രി മുഴുവൻ കിടന്നു. ബേബി എത്ര നിർബന്ധിച്ചിട്ടും ആഹാരം കഴിക്കാൻ പറ്റിയില്ല. വിശപ്പും ദാഹവും അറിയാതെ, ചൂടും തണുപ്പും അറിയാതെ, സങ്കടവും സന്തോഷവും ഇല്ലാതെ, ഞാൻ ഒരു പാവകണക്കെ വീട്ടിനകത്ത് വട്ടംകറങ്ങി.

ഒടുക്കം ഒരു ദിവസം, ഞാൻ നിന്ന നിൽപ്പിൽ ബോധംകെട്ട് വീണു. ബേബി വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് ആരും അറിഞ്ഞില്ല. 

കുറേ നേരം കഴിഞ്ഞുകാണും കണ്ണു തുറന്നപ്പോൾ. കുമാരൻ്റെ ആവേശമുണ്ടായിക്കഴിഞ്ഞ് ഉണർന്നെഴുന്നേൽക്കുന്നതുകണക്കാണ് ഞാൻ ഉണർന്നത്. പക്ഷേ, സന്തോഷത്തിൻ്റെ ഓർമ്മകളൊന്നും ഇല്ലാതെ. വയറ്റിനകത്ത് ഒന്നും ഇല്ലാത്തതുകാരണം തലകറങ്ങി വീണതായിരിക്കും എന്നൊക്കെ ആലോചിച്ച് കുറേനേരം നിലത്തുതന്നെ അങ്ങനെ കിടന്നു. എന്നിട്ട് കട്ടിൽക്കാലിൽ പിടിച്ച് പതിയെ എഴുന്നേറ്റു നിന്നു. നോക്കുമ്പോൾ കാണുന്നത് കുമാരൻ എന്നെ നോക്കിനിൽക്കുന്നതാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ എൻ്റെ കുമാരനല്ല, ശകലം വ്യത്യാസമുള്ള വേറൊരാൾ. മഞ്ഞനിറമുള്ള ശരീരം, കാവിമുണ്ട്. തല മൊട്ടയടിച്ചിട്ടുണ്ട്. ഞാൻ പയ്യെ അടുത്തോട്ട് ചെന്നു. നോക്കുമ്പോൾ, ശരീരം ആസകലം കൊച്ചുകൊച്ച് ശൂലം കുത്തിയിരിക്കുന്നു. പക്ഷേ, തെളിഞ്ഞ മുഖം. നടന്ന് അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്, ഞാൻ നിൽക്കുന്നത് അലമാരിക്കു മുമ്പിലാണെന്ന്. നോക്കുന്നത് കണ്ണാടിയിലാണെന്ന്.

ഞാൻ കുമാരനായിട്ട് മാറിക്കഴിഞ്ഞിരിക്കുന്നു! ഞാൻ ചിരിച്ചു. അപ്പോൾ, കണ്ണാടിക്കകത്തെ കുമാരനും ചിരിച്ചു. എന്നിട്ടും വിശ്വാസം വന്നില്ല. ഞാൻ കണ്ണാടിയിൽനിന്ന് കണ്ണെടുക്കാതെ, കൈ നീട്ടി, ജന്നൽപ്പടിയിൽനിന്ന് ബേബിയുടെ മീശവെട്ടുന്ന കത്രിക എടുത്തു. ഇടത്തേ കൈയുടെ തണ്ടയ്ക്കിട്ട് ഒറ്റക്കുത്തു കൊടുത്തു. മരത്തിൻ്റെ കറ ഒലിക്കുന്നതുകണക്ക് ചോര ഒലിച്ചിറങ്ങുന്നത് കണ്ണാടിക്കകത്ത് കാണാം. പക്ഷേ, വേദനയില്ല. ചെറിയ ഒരു സുഖം മാത്രം.

പരമാത്മാവിങ്കലേക്കുള്ള ജീവാത്മാവിൻ്റെ യാത്ര ത്യാഗത്തിൽക്കൂടിയാണെന്ന് പുരാണങ്ങളിലൊക്കെ പറഞ്ഞിട്ടുണ്ട്. കൈലാസത്തിൽ ജനിച്ചുവളർന്ന വീട് ഉപേക്ഷിച്ച്, അച്ഛനെയും അമ്മയെയും വരെ ഉപേക്ഷിച്ച് ഇറങ്ങിയിട്ടാണ് പഴനിയിലെ കുമാരന് ആണ്ടവനാകാൻ പറ്റിയത്. ഞാനും ഉപേക്ഷിച്ചു, എൻ്റെ അച്ഛനെയും അമ്മയെയും. ആദ്യം കെട്ടിയ പുരുഷനെയും വിട്ടു. എന്നിട്ടോ? വാസനാബലംകൊണ്ട് പിന്നെയും ചെന്നുവീണത് വേറൊരു പുരുഷൻ്റെ ബന്ധനത്തിലേക്ക്. അതിനും പുറമേ മോൻ, മോൻ എന്നൊരു കൊളുത്ത് ഉള്ളിൽ കിടന്നിരുന്നു. അവൻ ലോകോപകാരത്തിനുവേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ തയ്യാറായി. അതുംകൂടി കഴിഞ്ഞപ്പോഴേ എനിക്ക് മുഴുവനായിട്ടും വിടുതി കിട്ടിയുള്ളൂ.

കൈയിലിരുന്ന കത്രികവെച്ച് ഞാൻ മുടി മുഴുക്കെ വെട്ടി. നല്ല ഉള്ള് ഉള്ള, നീണ്ടു ചുരുണ്ട മുടി. അതുകൊണ്ട് കുറേപ്പേർക്ക് സന്തോഷം കൊടുത്തതാണ്. അതു കഴിഞ്ഞതോടെ അതിൻ്റെ ആവശ്യം കഴിഞ്ഞു. കുറ്റിയായിട്ടു വെട്ടിക്കഴിഞ്ഞപ്പോൾ ബേബിയുടെ ബ്ലെയ്ഡ് എടുത്ത് മിനുക്കെ വടിച്ചു. പിന്നെ മാലയും വളയും ഒക്കെ അഴിച്ചുവെച്ചു. എന്നിട്ട്, പുരികംതൊട്ട് താഴോട്ട് ശരീരം മുഴുവൻ വടിച്ചു. മഞ്ഞൾപ്പൊടി കുഴച്ച് ദേഹത്ത് തേച്ചു.

കാവടിയാട്ടക്കാർ കവിളത്തും നാക്കിലുമൊക്കെ ശൂലം കുത്തി നടക്കുന്നത് കാണാൻ മേലാഞ്ഞ് കണ്ണ് പൊത്തിയിട്ടുള്ള ആളാണ് ഞാൻ. ഇപ്പോൾ വേദനയൊക്കെ പോയ സ്ഥിതിക്ക് എന്ത് പേടിക്കാൻ? ഞാൻ ഇരുന്ന് കത്രികയെടുത്ത് ശരീരത്ത് തുളയ്ക്കാവുന്ന സ്ഥലങ്ങളൊക്കെ തുളച്ചു. കാതും കവിളും കൺപോളയും പുരികവും നാക്കും ചിറിയും തൊട്ട് കാലിൻ്റെ വിരൽവരെ തുളച്ചു. വലിയ ചുറ്റായിട്ട് കടയിൽനിന്ന് കൊണ്ടുവെച്ചിരുന്ന ഇലക്ട്രിക്കിൻ്റെ വയർ എടുത്ത് കണ്ടിച്ച് ഓരോ തുളയിലും കടത്തി വളയം ഉണ്ടാക്കി കെട്ടിവെച്ചു. ഒരു കാവിമുണ്ട് ഉടുത്തു, വേറൊരെണ്ണം നെഞ്ചത്ത് വരിഞ്ഞ് ചുറ്റി.

ബേബി വന്നിട്ടേ ഞാൻ വീടുവിട്ട് ഇറങ്ങിയുള്ളൂ. മറ്റുള്ളവരുടെ സങ്കടം കാണാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് ഞാൻ ഇതുവരെ ഒളിച്ച് പോയിരുന്നത്. ഇപ്പോൾ ആ ശേഷി കിട്ടിയതുകൊണ്ട് പറഞ്ഞിട്ട് ഇറങ്ങാമെന്നുവെച്ചു.

“നേരം വെളുക്കട്ടെ,” അവൻ കരഞ്ഞുപറഞ്ഞു. “ഈ രാത്രീല്-”

“എന്തോ രാത്രി, എന്തോ പകൽ?” ഞാൻ ചിരിച്ചു.

“ഇരുട്ടത്ത് നടക്കാൻ പേടി ഇല്ലയോ?”

“ഇരുട്ട് ഇല്ലല്ലോ,” ഞാൻ പറഞ്ഞു. “ഞാൻതന്നെ വെട്ടമല്ലയോ?”

വഞ്ചിപ്പെട്ടി കാണിച്ചിട്ട് അവനോട് പറഞ്ഞു. “ഇത് അമ്പലത്തിൽ കൊണ്ടുപോയി കൊടുക്കണം.”

“കുമാരാ,” അവൻ കരഞ്ഞ് വിളിച്ചു.

“ബേബിക്കുട്ടാ,” ഞാൻ അവൻ്റെ കണ്ണുനീർ തുടച്ച്, കവിളത്ത് ഒരു ഉമ്മ കൊടുത്തു. “കരയരുത്.”

“നമുക്ക് തിരുച്ചെന്തൂര് പോകണ്ടേ?”

“തിരുച്ചെന്തൂര് നീ പോകണം,” ഞാൻ പറഞ്ഞു. “ലോകോപകാരംചെയ്ത് ജീവിക്കണം. പരമാത്മാവിങ്കൽ ചെന്ന് ചേരണം.”

അവൻ ഒന്നും മിണ്ടാതെ വിതുമ്പിക്കരഞ്ഞുകൊണ്ട് നിന്നു.

ഞാൻ തിരിഞ്ഞുനോക്കാതെ പടിയിറങ്ങി നടന്നു. മഴ ചാറുന്നുണ്ടായിരുന്നു.

ഹൈസ്കൂൾ കഴിഞ്ഞ് ഇരുട്ടുള്ള റോഡിൽക്കൂടി നടക്കുമ്പോൾ ബസ്‌സ്റ്റാൻഡ് എത്തുന്നതിനുമുമ്പ് എതിരെ ഒരു ബൈക്ക് പോയി. പെണ്ണാണെന്ന് കണ്ടപ്പോൾ, തിരിച്ചുവന്നു. സൈഡിൽ ചവിട്ടി നിർത്തിയിട്ട് ചോദിച്ചു, “വരുന്നോ?”

ഞാൻ നിന്നു. “എങ്ങോട്ട്?”

ബൈക്കിൻ്റെ വെട്ടം എൻ്റെ നേരെ തിരിച്ചപ്പോഴാണ് ഓരോ ഇഞ്ചിലും ശൂലം കുത്തിയ മുഖം കണ്ടത്. പിന്നെ കേട്ടത് ‘അയ്യോ’ എന്നൊരു വിളിയും ബൈക്ക് മറിയുന്ന ഒച്ചയുമാണ്. 

ഉരുണ്ടുപിരണ്ട് ബൈക്കുമെടുത്ത്, ശരംവിട്ടതുകണക്കെ പോകുന്നതുംനോക്കി ഞാൻ നിന്നു. എന്നെ മനസ്സിലായിരിക്കാൻ വഴിയില്ലെങ്കിലും എനിക്ക് ആളെ മനസ്സിലായി: ഇല്ലിക്കലെ ഷൈൻ. പണ്ട് സിനിമയ്‌ക്കെന്നു പറഞ്ഞ് കൊണ്ടുപോയ പുള്ളിയാണ്.

വേദന എന്നു പറഞ്ഞാൽ മനുഷ്യന് വലിയ പേടിയും സങ്കടവുമാണ്. അതേകണക്ക് മറ്റുള്ളവരുടെ ശരീരം വേദനിക്കുന്നത് കാണുമ്പോഴും പേടിക്കാനും സങ്കടപ്പെടാനുമുള്ള കഴിവ് നമുക്ക് ദൈവം തന്നിട്ടുണ്ട്. പക്ഷേ, സ്വന്തം സുഖത്തിനുവേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുന്ന സമയത്തു മാത്രം അതൊന്നും ഓർമ്മവരികയില്ല. വിശക്കുമ്പോൾ ആഹാരം എടുത്ത് തിന്നുന്നതുകണക്കെ മറ്റു ശരീരങ്ങളെ എടുത്തങ്ങ് ഉപയോഗിച്ചേക്കുകയാണ്. അതിൻ്റെ ഓരോന്നിൻ്റെയും അകത്ത് ഓരോ ആത്മാവ് കുടികൊള്ളുന്നുണ്ടെന്നുള്ള വിചാരമില്ല.

അന്ന് ആ ഇരുട്ടത്ത്, ആ ചാറ്റൽമഴയത്ത്, തുടങ്ങിയ നടപ്പാണ്. 

ഞാൻ മനുഷ്യത്തി ആയിരുന്ന കാലത്തുപോലും എൻ്റെ ശരീരത്തിന് നടപ്പ് ഒരു പ്രശ്നമല്ല. ഒരുപാട് നടന്നിട്ടുണ്ട്. വേല ചെയ്യുന്ന വീടുകളിൽ ചെല്ലാനും ആശ്വാസം എത്തിക്കേണ്ട വീടുകളിൽ ചെല്ലാനും വേണ്ടിയിട്ട്, വണ്ടിയും വള്ളവും കയറിയിറങ്ങി കണ്ടമാനം നടന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ ദൈവമായിക്കഴിഞ്ഞു. ഇനി എനിക്ക് അത്രയുംപോലും ബുദ്ധിമുട്ട് ഇല്ല. ചെരുപ്പും വേണ്ടാ, പുതപ്പും വേണ്ടാ.

ഈ നടപ്പ് തുടങ്ങിയിട്ട് ഇപ്പോൾ ഒരു ആറുമാസമായിക്കാണും. എങ്ങോട്ടാണ് നടക്കുന്നതെന്ന് ചോദിച്ചാൽ ‘അറിയാം, പക്ഷേ അറിയാൻമേലാ’ എന്നേ പറയാൻ ഒക്കൂ.

ഇരിക്കാനുള്ള സ്ഥലത്താണ് എത്തേണ്ടിയത് എന്ന് അറിയാം. ആ സ്ഥലം എവിടെയാണ് എന്നു ചോദിച്ചാൽ അറിയാൻമേലാ. എത്ര നാൾ നടന്നാൽ എത്തുമെന്നും അറിയാൻമേലാ. പക്ഷേ, എങ്ങനെയുള്ള സ്ഥലമാണ് എന്നു ചോദിച്ചാൽ നന്നായിട്ട് അറിയാം. മലയുടെ മണ്ടയ്ക്കോ കാട്ടിലോ ഗുഹയിലോ അല്ല. കടലു കടന്നോ ആറു നീന്തിയോ എത്തിച്ചേരേണ്ടിയ സ്ഥലമല്ല. ആരുടെയും വീടോ കടയോ കൃഷിയോ ഒഴിപ്പിച്ച സ്ഥലം എനിക്ക് വേണ്ടാ. നിരപ്പായിട്ടുള്ള ഒരു പന്തീരായിരം ഏക്കർ സ്ഥലമായിരിക്കും. ഒരു പുല്ലിനുപോലും അവകാശമില്ലാത്ത സ്ഥലം. 

അതിൻ്റെ ഒത്ത നടുക്ക് ഞാൻ ഇരിക്കും.

അപ്പോൾ, എൻ്റെ ശരീരം കല്ലായിട്ടുമാറും. കറുത്ത്, തിളങ്ങുന്ന ഒറ്റക്കല്ല്. ഒടിയാത്ത, മുറിയാത്ത, പൊട്ടാത്ത കരിങ്കല്ല്. അതു വളർന്ന് ആയിരം അടി പൊക്കമുള്ള വിഗ്രഹമാകും, എത്ര ദൂരെനിന്ന് നോക്കിയാലും കാണാവുന്ന വിഗ്രഹം. അങ്ങോട്ട് റോഡ് വരും. റെയിൽ വരും. വിമാനം വരും. വണ്ടികയറിയും നടന്നും എണ്ണമില്ലാത്ത മനുഷ്യർ കാണാൻ വരും. സങ്കടവുംകൊണ്ടു വരുന്നവർ സന്തോഷവുംകൊണ്ട് പോകും. പേടിയുംകൊണ്ടു വരുന്നവർ ധൈര്യമായിട്ട് പോകും. അസുഖവുംകൊണ്ട് വരുന്നവർ സുഖമായിട്ട് പോകും. ആഗ്രഹങ്ങളുംകൊണ്ട് വരുന്നവർ വരങ്ങളുംകൊണ്ട് പോകും. ഒന്നും ഇല്ലാത്തവർ വന്ന് എല്ലാം നേടിക്കൊണ്ട് പോകും. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തതുകണക്കെ ഉഴലുന്നവർ വന്ന് സമാധാനവുംകൊണ്ട് പോകും. ഞാൻ, പരമാത്മാവായ കുമാരൻ, ഈ പ്രപഞ്ചം അവസാനിക്കുന്നതുവരെ, ലോകത്തിനുമുഴുവൻ അനുഗ്രഹം ചൊരിഞ്ഞ് അവിടെ ഇരിക്കും.

(അവസാനിച്ചു)



Summary: Kumara Sambhavam Malayalam short story written by Rajesh R Varma. - part 2


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Comments