രമേശൻ കാർക്കോട്ട്​

ലോന

‘ഒരാളെ കൊല്ലണം’, അടുത്തുവരുന്ന പെരുമാറ്റങ്ങളിൽ പകച്ച് ഓടിപ്പോകുമ്പോൾ തെല്ലുറക്കെ അവൾ വിളിച്ചുപറഞ്ഞു, ‘എന്റെ രണ്ടാനച്ഛനെ’.

“തിരുസ്വരൂപവും ചുമന്നുള്ള പെരുന്നാള് ഘോഷയാത്രയുടെ ഇങ്ങേയറ്റത്തായിരുന്നു ഞാൻ.
പള്ളിയുടെ രൂപക്കൂടിന്റെ വെട്ടത്തി തിളങ്ങി നിൽപ്പായിരുന്നു അവൾ.
ഇളകുന്ന പെൺമുഖപ്പുകൾ പലതുംകണ്ട പരിചയത്തിൽ കണ്ണമടച്ചു ഞാനൊരു അടയാളമിട്ടു കൊടുത്തു. ഘോഷയാത്ര പരിഷാപള്ളിയുടെ മുറ്റത്തെത്താറായതും ഞാൻ നൈസായിട്ട് മുങ്ങിയിട്ടു നോക്കുമ്പോഴും അവളങ്ങനെ ആ വെട്ടത്തിൽ തന്നെ മഞ്ഞളിച്ചു നിൽക്കുവാ.
കെട്ടിയവളന്മാരെ മാറ്റിനിർത്തിയാൽ അവളന്റെ അഞ്ചോആറാമതോ ആയിവരും’’.

സെന്റ് തോമസ് പുണ്യാളച്ചന്റെ കുരിശിന്റെ നിഴൽ വീണുകിടക്കുന്ന പള്ളിക്കുളത്തിന്റെ വെള്ളം മുട്ടെയുള്ള അടിപ്പടവേലിരുന്ന് തന്റെ ഗതകാല ആൺവീരസ്യങ്ങളുടെ കെട്ടഴിച്ച് വിടുകയാണ് ലോന. കഥകൾ കഴിഞ്ഞ് ലോന പൊട്ടിച്ചിരിക്കും.
കഥകഴിയുമ്പോൾ കേൾവിക്കൂട്ടം ചിതറും.

സണ്ണി മേലാകെ സോപ്പ് പുതപ്പിക്കും. ആന്റണി ഓടിവന്ന് പള്ളിക്കുളത്തിന്റെ നടുവിലേക്ക് ഓതിരം മറിയും. സൈമൺ കുളത്തിന് കുറുകെയുള്ള ഇരുമ്പ്പൈപ്പിൽ ഇരുവശങ്ങളിലേക്കും വിടർത്തിയ കൈച്ചിറകിന്റെ സഹായത്തോടെ നടന്ന്, ഒന്നുലഞ്ഞ് എഴുന്ന രോമകൂപങ്ങളിൽ ജലതർപ്പണംനടത്തും.

ചെറുപ്പക്കാരുടെ പലവിധ വികാരങ്ങളിൽ തരളിതയായ കുളം തിരകളിലൂടെ ആലസ്യപ്പെടും. അപ്പോഴും ലോനയുടെ ചിരിയടങ്ങിയുണ്ടാവില്ല. സെബാന്റെ കൂട്ടുകാർ അയാളെ നാറാണത്ത് ലോനയെന്നാണ് കളിയാക്കി വിളിക്കാറുള്ളത്.

രതിയുള്ളതുകൊണ്ടുമാത്രം ഒളിവിൽ കഴിയേണ്ടി വന്ന കഥകളെ കുറിച്ചും ഇമ്പമാർന്ന പാട്ടുകളെ കുറിച്ചും വ്യാകുലപ്പെടുന്ന കൊച്ചുണ്ടാപ്രി അതിലൊരു ദാദാസാഹിബുണ്ടെങ്കിൽ ലോനച്ചേട്ടൻ കഴിഞ്ഞേയുള്ളൂ വേറെയാരുമെന്ന് തീർത്തു പറയാറുണ്ട്.
ലോനയുടെ കഥകൾക്ക് പത്തുപതിനഞ്ചു വർഷത്തെ വാമൊഴി വഴക്കമുണ്ട്. ആൺകാമനകളെ അടക്കിനിർത്തുന്ന കാഴ്ചകളൊന്നും വിരൽതുമ്പിലെത്താത്ത കാലത്ത് ലോനയുടെ കഥകൾ അടപടലംമുറ്റി നാട്ടിലെ സദാചാരത്തിനു മേൽ ശക്തമായ അടിയൊഴുക്ക് നടത്തുകയായിരുന്നു.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിറ്റപ്പൻ സേവിയർ സെബാനെയും കൂട്ടി പള്ളിക്കുളത്തിലേക്ക് ചെല്ലുന്നത്. പിള്ളേരെ ഒന്നൊഴിയാതെ നീന്തൽ പഠിപ്പിക്കണമെന്ന് അപ്പാപ്പൻ നിർദ്ദേശിച്ചിതായിരുന്നു കാരണം.

സിനിമാകൊട്ടയിലെ ഷോ പോലെ മുതിർന്നവരുടെ കുളി കഴിഞ്ഞാലാണ് പിള്ളേരുടെ ഊഴം. കഥകളും അത്കഴിഞ്ഞുള്ള സംശയങ്ങളും ഉത്തരങ്ങളും കേട്ട് ചിറ്റപ്പൻ പൊട്ടിച്ചിരിക്കുന്നത് ഇലഞ്ഞിത്തറയിൽ നിന്ന് കേൾക്കാം.

എന്നതാടാ പിള്ളേരേ ഇവിടെകാര്യം, ഓടിനടാ സകലതുങ്ങളുമെന്ന് പറഞ്ഞ് സേവിയറുചേട്ടൻ ലോനയുടെ പള്ളിക്കുളസദസ്സിൽ നിന്ന് കുട്ടികളെ ആട്ടിയകറ്റുമായിരുന്നു. കല്യാണം കഴിഞ്ഞതോടെ സേവിയറു ചേട്ടൻ വരാതായി.

സേവിയറിന്റെ അഭാവത്തിലും ലോനചേട്ടന്റെ സദസ്സ് സെബാന്റെ കൂട്ടരെ ആകർഷിച്ചില്ല. കൂട്ടത്തിൽ ആകാരവലിപ്പമുള്ള കൊച്ചുണ്ടാപ്രിക്ക് ഏന്തിതലയിട്ട് ലോനയ്ക്ക് ചെവികൊടുക്കാനുള്ള സ്വാതന്ത്യം തലമൂത്തോര് പതിച്ചു കൊടുത്തിട്ടുണ്ടായിരുന്നു.

എട്ടാം ക്ലാസിൽ നെടുമ്പ്രം മാർത്തോമാ സ്കൂളിലായിരുന്നു സെബാൻ ചേർന്നത്. ഏഴാംക്ലാസ് വരെയുള്ള മേരിമാതാ യു.പി സ്കൂളിൽനിന്ന് നെടുമ്പ്രത്തെത്തിയപ്പോൾ ഒന്നാംക്ലാസിന്റെ അതേ അമ്പരപ്പായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നത്.

അടുത്ത അധ്യയന വർഷം ക്ലാസ് തുടങ്ങി ആറുമാസം കഴിഞ്ഞാണ് പൗർണമി സെബാന്റെ സ്കൂളിൽ ചേരുന്നത്. ടീച്ചറവളെ പരിചയപ്പെടുത്തുമ്പോൾ ഇടയിൽ കയറിവരുന്നവർക്കുള്ള ഉറ്റുനോട്ടം മാത്രമായിരൂന്നില്ല ക്ലാസിൽ ഓളം വെട്ടിയത്. അസാധാരണമായ മുഖഭംഗിയിൽ, തെളിഞ്ഞ തടാകം പോലുള്ള അവളുടെ വെള്ളാരംകണ്ണുകൾ അന്നത്തെ സിനിമാക്കൊട്ടയിൽ നിറഞ്ഞുനിന്ന ഏതോ നടിയെ ഓർമ്മിപ്പിച്ചിരുന്നു.

ക്ലാസ് ലീഡറായതുകൊണ്ട് പൗർണമിക്ക് സെബാനോട് ഒന്നും രണ്ടും മിണ്ടേണ്ടിയിരുന്നു. അശു പോലിരിക്കുന്ന ഇവന്റെയൊക്കെ ഒരോ തലവരയെന്ന് ക്ലാസിന്റെ പിന്നാമ്പുറങ്ങൾ കുശുകുശുക്കുന്നുണ്ടായിരുന്നു.

അങ്ങനെ അടുപ്പം പുലർത്തിയിരുന്നു ഒരു ദിവസം സ്കൂളിനടുത്തുള്ള കശുമാവിൻ തോപ്പിൽവെച്ച് സ്വകാര്യമായി കാണണമെന്ന് അവൾ സെബാനോട് പറഞ്ഞു.

കൊച്ചുണ്ടാപ്രി പറഞ്ഞു, ഇത് മറ്റേതിന്റെ അസുഖമാണ്.

ലോനചേട്ടൻ പറഞ്ഞ ഒരു കഥയിലും ഇതുപോലായിരുന്നു തുടക്കമെന്ന് വിവരിച്ചപ്പോൾ സെബാന്റെ ചുണ്ടുകൾ വരളുകയും കൈകളിലേക്ക് വിറകൾ പടരുകയും ചെയ്തു.

കൈതച്ചെടികൾക്കപ്പുറത്തുള്ള ചരൽക്കൊന്നയ്ക്കരികിലേക്കാണ് പൗർണമി സെബാനെ കൊണ്ടുപോയത്.
“നിനക്കൊരു കാര്യം ചെയ്യാൻ പറ്റുവോ?” സെബാന്റെ കൈകൾ കവർന്നവൾ പറഞ്ഞു.

‘‘ഒരാളെ കൊല്ലണം’’, അടുത്തുവരുന്ന പെരുമാറ്റങ്ങളിൽ പകച്ച് ഓടിപ്പോകുമ്പോൾ തെല്ലുറക്കെ അവൾ വിളിച്ചുപറഞ്ഞു, ‘‘എന്റെ രണ്ടാനച്ഛനെ’’.

അന്നുണ്ടായ വിറയൽ സെബാനിൽ നിന്ന് ഒരിക്കലും വിട്ടകന്നിട്ടില്ല. ഒരിറുമ്പിനെപോലും കൊന്നിട്ടില്ലാത്ത തന്റെ നിസ്സഹായവസ്ഥ അവളെ ബോധ്യപ്പെടുത്താൻ സെബാൻ തന്നാലാവുംവിധം ശ്രമിച്ചു.

ചെകുത്താനും മാലാഖയ്ക്കും ഇടയിലായിരുന്നു പൗർണമിയുടെ ജീവിതം.

മാലാഖയായിരുന്നു അവളുടെ അമ്മ. ഓർമ വെച്ച നാൾ മുതൽ അച്ഛന്റെ ചവിട്ടും തൊഴിയും ഏറ്റുവാങ്ങി ജീവിതത്തെ ചേർത്തുപിടിച്ച മാലാഖ. നാടുവിടുമ്പോൾ ഇനി മുതൽ അമ്മയുടെ ദുഃഖത്തിനറുതിയായല്ലോ എന്ന് ആശ്വസിക്കുകയായിരുന്നു മകൾ.

ക്ഷേമാന്വേഷണത്തിലും മകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലും വരണ്ടുപോയ ചുളിവുകളിൽ രക്തഛവി പടരുന്നതും നുണക്കുഴി തുടിക്കുന്നതും അയാൾ വന്നതിനുശേഷമായിരുന്നു. നിഴലും നിലാവും പോലായിരുന്നു അയാളുടെ സ്വഭാവം. സമയാസമയങ്ങളിൽ കറുപ്പും വെളുപ്പുമായി അതു നിലകൊണ്ടു. ഇരയ്ക്കുള്ള വെള്ളവും ഭക്ഷണവും കൊടുത്തു വിശപ്പ് ആളിക്കത്താൻ നിൽക്കുന്ന ഒരു വേട്ടമൃഗം.

സെബാനോട് എരുതുംകുന്നിനു താഴെയെത്താനായിരുന്നു പൗർണമി നൽകിയ നിർദ്ദേശം.

കന്നുകാലിപൂട്ട് കഴിഞ്ഞ എരുതുകൾ മേയുന്ന സ്ഥലമായതുകൊണ്ടാണ് എരുതുംകുന്നെന്ന പേരു വീണത്. എരുതുംകുന്നിനെകുറിച്ച് ഒരുപാട് കഥകളുണ്ട്. എരുതുംകുന്നിനെ മദിച്ചു നടന്ന ഒരു കുണ്ടനുണ്ടായിരുന്നു. അവന്റെ കാലടികൾ പതിയുമ്പോഴെ പശുക്കൾ അകന്നുമാറുമായിരുന്നു.

എരുതുംകുന്നിന്റെ ഉച്ചാംകൊടിയിലെത്തിയപ്പോൾ കുണ്ടന്റെ ഇടംകണ്ണിൽ രണ്ടു പശുക്കൾ. അടുത്ത നോട്ടത്തിന് ഇടംകൊടുക്കാതെ അവ കൊമ്പിൽ കുണ്ടനെ ഇടംവലം കോർത്ത് മുമ്പോട്ട് നടത്തിച്ചു. കൊല്ലിയുടെ ആഴങ്ങളിലേക്ക് കണ്ണയച്ചുള്ള കുണ്ടന്റെ മുൻകാൽ ചെറുത്തുനിൽപ്പിന് അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിത്തുകാളയെന്ന പേരു ചുമക്കേണ്ടി വന്ന വരിയുടഞ്ഞവന്റെ ദൈന്യതയായിരുന്നു ആ കണ്ണിലുണ്ടായിരുന്നത് എന്ന് ആ കഥയെ തിരുത്തുന്നവരുമുണ്ട്. എന്തായാലും കൊല്ലിയിൽ വീണ നാൽക്കാലിയെക്കുറിച്ച് കഥകൾ പലതും കുന്നിറങ്ങിവന്നു.

എരുതുംകുന്നിന്റെ മണ്ടയിലേക്കുള്ള വഴിയിലായിരുന്നു സെബാനും പൗർണമിയും.

“അയാളെ എങ്ങനെയെങ്കിലും ഒരു ദിവസം ഞാനി കുന്നിന്റെ മുകളിലെത്തിക്കും. അവിടെ പതുങ്ങിനിന്ന് നീ തള്ളി താഴെയിട്ടാ മതി’’.

“പൗർണമി… ഞാൻ… ഞാൻ’’, സെബാന്റെ തൊണ്ടകുഴിയിൽ വാക്കുകൾ നില കിട്ടാതെ പിടഞ്ഞു.

“പിന്നെയെന്തിനാടാ നീയൊക്കെ ആണെന്നും പറഞ്ഞ് നടക്കുന്നത്?”

അവളുടെ മാർജാരക്കണ്ണുകൾ പല്ലും നഖവുവുമായി തന്റെ നേർക്കിറങ്ങിവരുന്നത് കണ്ടപ്പോൾ സെബാൻ മുഖം വെട്ടിച്ചു.

പൗർണമി ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ പറ്റുന്ന മുഖങ്ങൾ സെബാൻ തിരഞ്ഞു. ചിന്താമഗ്നനായുള്ള നിൽപ്പിൽ അപ്രതീക്ഷിതമായി ഒരാൾ കടന്നുവന്നു.

ഒരു നോട്ടത്തിൽ തന്നെ അടക്കിനിർത്തിയ പൗർണമിയുടെ വിടർന്ന കണ്ണുകൾ ചുരുങ്ങുന്നത് സെബാൻ കണ്ടു.

മുഖം മുഴുവൻ വസൂരിക്കലയുള്ള കടുകട്ടി മീശയുള്ള കണ്ണുകൾ ചുവന്ന ഒരു പ്രാകൃത മനുഷ്യനായിരുന്നു അവന്റെ സങ്കൽപ്പത്തിലുണ്ടായിരുന്നത്.

ചെറുപ്പം വിട്ടകന്നിട്ടില്ലാത്ത ഒരു മനുഷ്യനാണ് മുന്നിൽ. അലസമായ മുടിയിഴകളും കറുപ്പും വെളുപ്പും നിറഞ്ഞ താടിരോമങ്ങളും മാത്രമേ അയാളുടെ സൗമ്യമായ മുഖത്തിന് ചേരാതിരുന്നുള്ളൂ. അലസതയോടെ ഏതാനും ചുവടുകൾ മുന്നോട്ടുവന്ന അയാൾ പൗർണമിയുടെ വലതുകൈയിൽ പിടിച്ചു. സെബാന്റെ മുഖത്തേക്ക് ദയനീയമായ ഒരു നോട്ടം നോക്കി അനുസരണയുള്ള കുഞ്ഞാടിനെപോലെ അവൾ അയാളുടെ പിറകെ നടന്നു.

എരുതുംകുന്നിന്റെ നെറുകയിൽ നിന്നാൽ താഴെയുള്ള വഴികൾക്ക് കൈവെള്ളയുടെ തെളിച്ചമുണ്ട്. സെബാന്റെ കിതപ്പേറിയ നോട്ടത്തിൽ അയാൾ അവളെ വലിച്ചുകൊണ്ടുപോകുന്നതയാണ് തോന്നിയത്. വഴിയവിടെ അവസാനിക്കുന്നതായും.

അന്ന് സെബാന് കാളരാത്രിയായിരുന്നു. പൗർണമി മരിച്ചുകിടക്കുന്നതായും കുട്ടികൾ ഓരോരുത്തരും അവളുടെ ചലനമറ്റ ശരീരത്തെ നോക്കി വിതുമ്പുന്നതും സെബാന്റെ സ്വപ്നകാഴ്ചകളിൽ വേട്ടയാടി.

ക്ലാസിൽ എത്തി സെബാൻ കണ്ണുകൾകൊണ്ട് പൗർണമിയെ തിരഞ്ഞു. ദേശീയഗാനം തുടങ്ങിയിട്ടും അവൾ എത്തിയില്ല.

അടുത്ത ദിവസം അവൾവന്നു. പതിവിലും കവിഞ്ഞ കളിയും ചിരിയും. പന്തിക്കേട് തോന്നിയത് സെബാനു മാത്രമായിരുന്നില്ല. തിമിർത്ത് കഴിഞ്ഞുള്ള ഉൽസാഹക്കുറവിൽ സംശയം തോന്നിയ ടീച്ചർമാർ അവളുടെ അമ്മയെ വിളിപ്പിച്ചു.

ജോലി ആവശ്യാർത്ഥം തങ്ങൾ നാട്ടിലേക്കുതന്നെ തിരിച്ചു പോവുകയാണെന്ന് മാത്രം അവർ പറഞ്ഞു.

യാത്രപറയാനായി പൗർണമി ക്ലാസിലേക്ക് വരുമ്പോൾ എല്ലാവരും ഉച്ചയൂണിന്റെ തിരക്കിലായിരുന്നു. സ്കൂൾ വിട്ടുപോകാൻ വിഷമമുണ്ടോയെന്ന് ചോദിച്ചപ്പോൾ അവൾ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. നാടുവിടാൻ കാരണക്കാരനായ സ്വന്തം അച്ഛന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്, ‘ആണാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. ആണത്തം വേണം’, അതുപറയുമ്പോൾ അവളുടെ മാർജാരകണ്ണുക്കൾ തന്റെ നേർക്കിറങ്ങി വരുന്നതായി സെബാന് തോന്നി.

പൗർണമി പോയിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ അവളെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു. ഒരു ഉടയാരഹസ്യം സൂക്ഷിക്കുന്നത് കൊണ്ട് സെബാന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരുപക്ഷേ തന്റെ ദുരവസ്ഥ അമ്മയോട് പോലും അവൾ വെളിപ്പെടുത്തി കാണണമെന്നില്ല. മുകളീൽ നിന്ന് ഒരുകല്ല് പെറുക്കിയെറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവളുടെ വിധി മറ്റൊന്നാകുമായിരുന്നു.

കോളേജിലെത്തിയപ്പോൾ പെൺകുട്ടികളുമായി ഇടപെടുന്നതിനും സംസാരിക്കുന്നതിലും സെബാൻ പിന്നോക്കം വലിഞ്ഞു. പൗർണമി ഉണ്ടാക്കിയ മരവിപ്പ് മാറാൻ കാലങ്ങളെടുത്തു.

വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നു പറഞ്ഞ് മാറി നടന്ന സെബാന് അപ്പനും അമ്മച്ചിയും കണ്ടുപിടിച്ച പെണ്ണായിരുന്നു ഹെലേന. നീയൊന്ന് സംസാരിച്ചാൽ മാത്രം മതിയെന്ന് അവർ നിർബന്ധിച്ചു.

ഫോൺ വിളിക്കുമ്പോൾ സെബാന് പറയാൻ ഒന്നോരണ്ടോ വാക്കുകളെയുണ്ടാകൂ. അവൾക്കാണെങ്കിൽ ഒന്നുരണ്ടു മണിക്കൂറുണ്ടാകും.

ക്രമേണ പങ്കാളിയുമായുള്ള ജീവിതം സെബാൻ സ്വപ്നം കണ്ടുതുടങ്ങി. അവളുടെ സംസാരം കേൾക്കാത്ത ദിവസം ഉറക്കം വരില്ലെന്നായി.

പ്രീ മാര്യേജ് കൗൺസിലിംഗ് കഴിഞ്ഞ് ഒരു ഞായറാഴ്ച ദിവസം അവൾ ജീവിതത്തിലേക്ക് കടന്നുവന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ സെബാൻ വീണ്ടും പരീക്ഷിക്കപ്പെട്ടു. ഹെലേന സെബാനെ വിട്ടുപോയി.

കവലകളിൽ എന്തൊക്കെയോ എഴുതിവെച്ചിട്ടുണ്ടെന്ന് അപ്പനും അമ്മച്ചിയും പള്ളിയിൽ പോയി വന്നപ്പോൾ പറഞ്ഞു.

അന്യമതസ്ഥനായ ഒരാളുമായി ഹെലേനക്ക് പ്രണയം ഉണ്ടായിരുന്നു. വിവാഹത്തിന് ലഭിക്കുന്ന സ്വർണ്ണമെല്ലാം സ്വരുക്കൂട്ടി കാമുകനോടൊപ്പം തലേദിവസം നാട് വിടാനായിരുന്നു പ്ലാൻ. അവളെ തേടിയുള്ള വരവിൽ കാമുകനുണ്ടായ ആക്സിഡന്റാണ് ഒളിച്ചോട്ടത്തെ രണ്ടാഴ്ചത്തേക്ക് നീട്ടിയത്.

ആണൊരുത്തൻ കൊള്ളരുതാത്തവനായതുകൊണ്ടാണ് പുത്തൻപെണ്ണ് ഒളിച്ചോടിയത്. ഒരു പോസ്റ്റർ വാചകം സെബാൻ വായിച്ചു. കയ്യക്ഷരം വെച്ച് ആളെകിട്ടാൻ ചാച്ചൻ പോസ്റ്റർ അടർത്തിയെടുക്കുവായിരുന്നു. കൈപ്പട വെച്ച് ആളെകണ്ടെത്താൻ ശ്രമിച്ചപ്പോൾ സെബാന് ഷെറിയെ ഓർമ വന്നു.

പായൽ പിടിച്ച മൂത്രപ്പുരയുടെ ചുമരിൽ കക്കുകൊണ്ട് ചിത്രം വരയ്ക്കുലാണ് ഷെറിയുടെ പ്രധാന സ്കൂൾ കലാപരിപാടി. കാശോ കശുവണ്ടിയോ കൊടുത്താൽ അവൻ ആരുടെയും പടം വരച്ചിടും. അങ്ങനെ വെരഞ്ഞ് കാതലിച്ചവരും കലഹിച്ചവരുമുണ്ടായിരുന്നു. പഠനസംബന്ധമായി ഷെറി രണ്ടുവർഷമായി ഡൽഹിയിലാണ്. പബ്ലിക്ക് ടോയിലറ്റുകളിലെ എഴുത്ത്, വര എന്നതാണ് അവന്റെ ഗവേഷണ വിഷയം.
പിന്നെ ഒരു സാധ്യതയുണ്ടായിരുന്നത് നാട്ടിൽ ബാനറും ചുമരെഴുത്തും നടത്തുന്ന അത്തനേഷ്യസിന്റെ കടയാണ്.
ആസ്ബറ്റോസ് മേൽക്കൂരയിലാണ് അത്തനേഷ്യസിന്റെ കട.
ഫ്ലക്സുകൾ കൊണ്ടുണ്ടാക്കിയ നീണ്ട വരാന്തയുണ്ട് കടയ്ക്ക്. രാത്രി ഏറെ വൈകുംവരെ പണിയെടുക്കുന്നതുകൊണ്ട് പകൽ പത്തുപതിനൊന്ന് മണിവരെ അയാൾ അവിടെ കിടന്നുറങ്ങുന്നുണ്ടാകും. കുഞ്ഞുകുട്ടിപരാധീനങ്ങളില്ലാത്തകൊണ്ട് ഒരു കുപ്പിയുമായി കടന്നുചെല്ലുന്നവർക്ക് കടയുടെ ഒരിടം അത്തനേഷ്യസ് കൊടുക്കും. വേണമെങ്കിൽ എഴുതി ക്കൊടുക്കും.

കവലകളിൽ പ്രത്യക്ഷപ്പെട്ട എഴുത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയെന്ന് ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച്, വീട്ടുകാർക്ക് വഴിതെറ്റുന്നുവെന്ന സൂചന കൊടുത്ത്, സെബാൻ അത്തനേഷ്യസിന്റെ കൂട്ടാളിയായി. ക്രമേണ അത്തനേഷ്യസിന്റെ ദിനചര്യകൾ സെബാനിലേക്ക് പകർന്നു. പകൽ പതിനൊന്ന് പന്ത്രണ്ട് മണിവരെ ഉറക്കം. പെയിൻറിംഗ് വർക്കുകൾ രാത്രി ഒരുമണി വരെ. ചിലദിവസങ്ങളിൽ അവിടെത്തന്നെ താമസം.

“വീഞ്ഞ് വീരന്മാർക്കുള്ളതാണ്. അതിൽ ഉശിരുള്ളവർക്കുള്ളതാണെടാ വാറ്റ്’’, അത്തനേഷ്യസ് വാറ്റ്കുപ്പിയെടുത്ത് മുന്നിൽ വെച്ചു.

ഒരു ഗ്ലാസ് ഒഴിച്ച് കഴിഞ്ഞപ്പോഴേക്കും സെബാൻ ഓഫായി. രണ്ടാം ദിവസം അത് മൂന്നു ഗ്ലാസിലേക്ക് കടന്നു.

പാതിരാ പിന്നിട്ടപ്പോൾ സെബാൻ ഉണർന്നു. ഉടൽ എരിയുന്നു. തൊണ്ട വരളുന്നു. തലയ്ക്കു മുകളിൽ ആരുടെയോ നിശ്വാസം. ഞെട്ടിത്തിരിയുമ്പോൾ തൊട്ടുപിറകിലായി അത്തനേഷ്യസ് നിൽക്കുന്നു.

സെബാന്റെ ദേഹത്ത് അവന്റെ വിയർപ്പുമണം.

ചാടിയെഴുന്നേറ്റ് രോമങ്ങൾ ചുരുണ്ട അവന്റെ നാഭിയിലേക്ക് മുട്ടുകാൽ കയറ്റി സെബാൻ അവിടെനിന്നിറങ്ങി.

വീണ്ടും ഏകാന്തവാസം. ഉന്മാദം സെബാന്റെ തലയിൽ കൂടുകെട്ടി.

പുതുതായിവന്ന പള്ളിയിലച്ഛൻ ഒരുദിവസം വീട്ടിലേക്ക് കയറിവന്നു. പള്ളിയിലേക്ക് കാണാത്തതു കൊണ്ട് അന്വേഷിച്ചു വന്നതാണെന്ന് പറഞ്ഞെങ്കിലും അപ്പനെയായിരുന്നു സെബാന് സംശയം.
‘നീയിപ്രാവശ്യം കരോൾവേഷം കെട്ടണം. ഒരുവിധം കുട്ടിയുന്മാദമൊക്കെ കരോളിന്റെആട്ടത്തിലും പാട്ടിലുമലിഞ്ഞില്ലാതാകും. കയറാൻമടിക്കുന്ന ഇടവകയിലെ പലവീട്ടിലും കയറാം. പല മുഖങ്ങളുംകാണാം’.

അച്ഛൻ പറഞ്ഞത് ശരിയായിരുന്നു. ചടഞ്ഞ് കൂടിയുള്ള ഇരിപ്പിൽ നിന്ന് മോചനം. ക്രിസ്മസ് കഴിഞ്ഞപ്പോഴേക്കും അച്ഛനുമായി നല്ല അടുപ്പമായി. പള്ളിസംബന്ധമായി പരിപാടിയുടെ നോട്ടീസ് തയ്യാറാക്കാനും അത്യാവിശ്യം പ്ലംബിംഗ് വർക്ക് സഹായിയായി നിൽക്കാനും സെബാന് കഴിഞ്ഞു.

വെള്ളാരംകണ്ണുള്ള ഒരു സ്ത്രീ കുമ്പസാരം കഴിഞ്ഞ് പോകുന്നത് സെബാൻ കണ്ടു. അടുത്തടുത്ത ദിവസങ്ങളിൽ അവരുടെ പള്ളിയിലേക്കുള്ള വരവ് സെബാന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അച്ഛൻ അവരുടെ കൂടെ പള്ളിയുടെ പടിവാതിലോളം ചെന്ന് തിരികെ സെബാനടുത്തെത്തി.

“ആ സ്ത്രീയുടെ കെട്ടിയോൻ പത്രോസിനെ അറിയോ? പറയത്തക്ക കാരണമില്ലാതെ വിദേശത്തുള്ള ജോലി ഉപേക്ഷിച്ചുവരികയാണ് അയാൾ. കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശങ്കയിലാണ് അവർ”

ഗൾഫിലായിരുന്ന പത്രോസിനെ തേടി ഒരു ഊമക്കത്ത് പോവുകയായിരുന്നു. താൻ അവിടെകിടന്ന് എല്ലുമുറിയെ പണിയെടുത്തോ. പെണ്ണുമ്പിള്ള നാട്ടിലൊരുത്തനുമായി കറങ്ങിനടപ്പാണെന്നായിരുന്നു കത്തിലെ സാരം.
നിജസ്ഥിതിയറിഞ്ഞ ഇടവകയച്ചൻ പത്രോസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊതുവേ സംശയരോഗിയായ പത്രോസ് നാട്ടിലേക്ക് പറന്നെത്തി.
രാത്രി മുഴുവൻ പത്രോസ് ഉറക്കമൊഴിച്ചു. പലതവണ വിനോദയാത്ര പോകുന്നതായി ബോധ്യപ്പെടുത്തി അർധരാത്രി വന്ന് പരിസരം നിരീക്ഷിച്ചു. തുമ്പൊന്നും ലഭിക്കാത്തത് പത്രോസിനെ നിരാശനാക്കി.
പത്രോസ് ഉറക്കമൊഴിച്ചു. മദ്യപിച്ചു.
പോകെപോകെ പത്രോസിന്റെ നില തെറ്റി.
മതിലുചാടി പലരും വീട്ടിലേക്ക് കയറിവരുന്നതായി തോന്നാൻ തുടങ്ങി.

വീടിനു ചുറ്റും വിളക്കണച്ച്, ഒരുദിവസം അയാൾ മട്ടുപ്പാവിനോട് ചേർന്നു നിൽക്കുന്ന പൂവരശിന്റെ താഴെ ചെരുപ്പും തളാപ്പും വെച്ചു. ചുമരിൽ ചെരുപ്പിന്റെ പാടുകൾ പതിപ്പിച്ചു. രാതിയുടെ അന്ത്യയാമമെത്തിയെന്നുറപ്പായപ്പോൾ പത്രോസ് വിളിച്ചു കൂവി, ‘ജാരൻ. ജാരൻ’.
ചുറ്റുവീടുകളിൽ വിളക്കു തെളിഞ്ഞു. പത്രോസ് ആവേശത്തോടെ തെളിവുകളിലേക്ക് വിരൽ ചൂണ്ടി. മതിഭ്രമം ബാധിച്ച പത്രോസിന് പിടിച്ചുനിൽക്കേണ്ടിയിരുന്നു.

ആൾക്കൂട്ടത്തിനിടയിൽ വെച്ച് പത്രോസ് പറഞ്ഞു, ജാരന് പാപ്പാഞ്ഞി വേഷമായിരുന്നു. പള്ളിപറമ്പിലെ പ്ലംബിംഗ് വർക്കിനും കളപറിക്കലിനും സെബാൻ നരച്ച കരോൾ കുപ്പായമായിരുന്നു ധരിച്ചിരുന്നത്. രണ്ടോ മൂന്നോ സംശയദൃഷ്ടികൾ നീളുന്നത് കണ്ട് പത്രോസിന്റെ ഉള്ളുകള്ളികൾ അറിയാവുന്ന പരിസരവാസിയെന്ന നിലയിൽ നിലപാട് വ്യക്തമാക്കാനായി അച്ഛന്റെ കണ്ണുകൾ സെബാനിലേക്ക് നീണ്ടു. സെബാൻ തന്നെ ബാധിക്കാത്ത വിഷയമെന്ന നിലയിൽ കൂസലന്യേന പൂന്തോട്ടത്തിലേക്ക് നടക്കുന്നതുകണ്ട് അച്ചൻ സംശയദൃഷ്ടികളെയെല്ലാം വേരോടെ പറിച്ചെടുത്ത് പത്രോസിലേക്ക് തന്നെ തിരികെ നട്ടു.

മാസങ്ങൾക്കുശേഷം അത്തനേഷ്യസിന്റെ കടയിലെ ചെറ്റപ്പുരയെ ഭേദിച്ച് സെബാൻ അകത്തു കടന്നു. ബ്രഷും പേനയും കൈയിലേന്തി ചിത്രങ്ങൾ വരച്ചു.കൈകഴക്കുവോളം എഴുതി. ഒട്ടിക്കേണ്ട കവലകളെല്ലാം സെബാന് മനപാഠമായിരുന്നു.

അപ്പച്ചനും അമ്മച്ചിയും ഉള്ള വീട് മൂകമായിരിക്കുന്നു. തിരിച്ചുകിട്ടിയ ആണത്വത്തിനു മുൻപിൽ വീട് നമ്രശിരസ്കയായിരിക്കുന്നു.

അന്നു മുഴുവൻ സെബാൻ കവലയിലായിരുന്നു. പലവിധ ചിത്രങ്ങളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സായാഹ്നമായപ്പോൾ സെബാൻ വീട്ടിലേക്ക് നടന്നു.

അയൽവീട്ടിലെ കുറിഞ്ഞിപൂച്ച കുറുകി കുറുകി വരാന്തയിലേക്ക് നടക്കുന്നുണ്ട്.

സുഖദമായ ഉറക്കത്തിലേക്ക് സെബാൻ പുതപ്പിനെ വലിച്ചിട്ടു, ജനൽവഴി നിലാവ് അരിച്ചിറങ്ങുന്നുണ്ട്. ഇടയ്ക്കെപ്പോഴോ അവിടെ സ്ത്രീരൂപം നിൽക്കുന്നതു പോലെ സെബാന് തോന്നി. നിലാവെട്ടത്തിൽ അവളുടെ പൂച്ചകണ്ണുകൾ തിളങ്ങുന്നത് കണ്ട് സെബാൻ കൈരണ്ടും കാൽവണ്ണയിലേക്ക് ചേർത്തുവെച്ച് ചുരുണ്ടു.

പരിഹാസചിരിയോടെ ഒരു കുറുകൽ പുതപ്പിനുള്ളിലേക്ക് കടന്നപ്പോൾ ലിംഗനിർണയം നടത്താനാകാത്ത ഗർഭസ്ഥ ശിശുവിനെ പോലെ സെബാൻ ഉടൽപിണച്ച് മിഴിരണ്ടും കടുംപൂട്ടിട്ട് വെച്ചു.

എരുംതുംകുന്നിലേക്ക് ചെനയുള്ള കൊമ്പുകളിൽ ഇടംവലം കോർക്കപ്പെട്ട് വേച്ചുവേച്ചു നീങ്ങുന്ന കാളകണ്ണുകൾ സെബാനിപ്പോൾ വ്യക്തമായി കാണാം.

കൊല്ലിയുടെ ആഴങ്ങളിൽ തണുത്തുറഞ്ഞ കാറ്റ് പൊടുന്നനേ കരിയിലകളെയും മണലിനെയും ചുറഞ്ഞ് ആൾരൂപം കണക്കെ മുകളിലേക്ക് ഉയർന്നു.

നെറുകയിലെത്തിയ ശേഷം കാറ്റിന്റെ ചിരിയൊച്ച കുന്നിൻ ചെരിവിറങ്ങി താഴേക്ക് വരാൻ തുടങ്ങി.


രമേശൻ കാർക്കോട്ട്​

കഥാകൃത്ത്​, അധ്യാപകൻ. കർക്കിടക രാശി, ദൈവത്തിന്റെ കൈ, ചില പ്രതികാര ചിന്തകൾ, ആര്യാവൃത്തം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments