ചിത്രീകരണം : ജാസില ലുലു

വ്യോമാക്രമണത്തിന്റെ തുടർച്ചയായ നാലാം ദിവസം ബുർക്കാൻ സഹബെൽ മാർക്കറ്റിൽ പോയി. മൂന്ന് പച്ച പെയിൻറിന്റെ ടിന്നുകളും പല വലുപ്പത്തിലുള്ള ബ്രഷുകളും വാങ്ങി. തിരിച്ചു വന്ന് പെയിൻറ്​ ടിന്നുകൾ വീട്ടിലെ ഇടുങ്ങിയ ഇരുപ്പുമുറിയിൽ വെച്ചു.

അവിടെയിരുന്ന് നോക്കിയാൽ അയാളുടെ കൃഷിയിടം അൽപ്പം ദൂരെയായി കാണാം. 50 വയസ്സുളള ബുർക്കാൻ കർഷകനാണ്. ഈ കൃഷിയിടം മാത്രമാണ് ഇത്രയും കാലത്തെ ജീവിതത്തിലെ സമ്പാദ്യം. വിധിയോട് തന്ത്രങ്ങൾ കാണിച്ച് കളിച്ചില്ലെങ്കിൽ അതിജീവനം അസാധ്യമാണെന്ന വിശ്വാസക്കാരനാണയാൾ. കുടുംബ പ്രശ്നങ്ങളുണ്ടാകുമ്പോഴും ഈ തന്ത്രങ്ങൾ തന്നെയാണ് പയറ്റാറുള്ളത്. അയൽക്കാരുമായുള്ള ചെറുചെറു തർക്കങ്ങളിലും ഇതേ നയം അയാൾ പയറ്റും. ഇപ്പോൾ ആകാശത്തു നിന്നും വിമാനങ്ങൾ വീടിനടുത്ത് നിർത്തിയിട്ടിരുന്ന ഗോതമ്പ് നിറച്ച ട്രക്ക് ബോംബിട്ടപ്പോഴും ഇതേ അടവുപയോഗിച്ച് അതിജീവിക്കണം എന്ന തീരുമാനത്തിൽ തന്നെയാണ് ബുർക്കാൻ സഹബെൽ.

പട്ടാളത്തിലെ ജോലി രാജിവെച്ചപ്പോൾ കിട്ടിയ ആനുകൂല്യങ്ങൾ കൊണ്ട് ബുർക്കാൻ കുറച്ചു ഭൂമി വാങ്ങിച്ചു. കുടുംബ സ്വത്തായി പിതാവിൽ നിന്നും കിട്ടിയ ഭൂമിയുടെ അത്രയും കൂടി ആനുകൂല്യങ്ങൾ കൊണ്ട് സ്വന്തമാക്കി. രണ്ടു സഹോദരിമാരിൽ നിന്നാണ് അയാൾ ഭൂമി വാങ്ങിച്ചത്. ഇരുമ്പു കയറു കൊണ്ട് തന്റെ ഭൂമി അയാൾ വേലി കെട്ടിത്തിരിച്ചു. അതിലൊരു കിണറും കുത്തി. പിതാവിന്റെ ഭൂമിയുണ്ടായിരുന്ന കുന്നിൻ പുറത്ത്, ആ പ്രദേശത്തേക്കുള്ള വെള്ളത്തിന്റെ സ്രോതസ്സായിരുന്ന ആ പ്രദേശത്ത്, അയാൾ ചെറിയൊരു വീടു വെച്ചു. കരിങ്കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ വീട്. കാക്കിച്ചായമാണ് വീടിന് ആദ്യം അടിച്ചത്. മണ്ണിന്റെ അതേ നിറം. പക്ഷെ പെട്ടെന്നൊരു ദിവസം ബുർക്കാൻ വീടിന്റെ നിറം മാറ്റി. പച്ചയാക്കി.

കുന്നിൻ മുകളിലേക്ക് അയാളുണ്ടാക്കിയ ആദ്യ റോഡിന്റെ വീതി ഒരു കഴുതക്ക് നടന്നു കയറാൻ മാത്രം പാകത്തിലുള്ളതായിരുന്നു. സിമൻറ്​ചാക്കുകളാണ് ആദ്യം കുന്നിൻ പുറത്തെത്തിച്ചത്. പിന്നീട് പലപ്പോഴും കഴുതപ്പുറത്ത് ഗോതമ്പ് ചാക്കുകളുമായി അയാൾ കുന്നിറങ്ങി. ഇതെല്ലാം മുപ്പതു വർഷം മുമ്പത്തെ കഥ. ഇപ്പോൾ ബുർക്കാന്റെ മൂത്ത മകൻ അവിടെയാകെ പല മാറ്റങ്ങളും വരുത്തി. അയാൾക്ക് വിവിധോദ്ദേശ്യ ഡയന ട്രക്കുണ്ട്. ചില സമയത്ത് ഡയന ട്രക്കിനോട് അയാൾ ഒരു വെള്ള ടാങ്കർ ഘടിപ്പിക്കും. വേനലിൽ പൊടി പാറാതിരിക്കാൻ വെള്ളം തളിക്കും. അല്ലാത്ത സമയത്ത് തുറന്നു കിടക്കുന്ന കണ്ടെയ്‌നർ അയാൾ ഡ്രൈവറുടെ സീറ്റിനു തൊട്ടു പിറകെ ഘടിപ്പിക്കും.
ബുർക്കാന് പച്ച ചായവുമായി ഒരു ആത്മീയ ബന്ധമുണ്ട്. അയാളുടെ വീടിന്റെ അകവും പുറവും പച്ചച്ചായമടിച്ചതാണ്. ട്രക്കിലെ വെള്ളം ശേഖരിക്കാനുള്ള ടാങ്കിനും പച്ച നിറമാണ്. ഫാമിന്റെ അതിരിലുള്ള ത്രികോണാകൃതിയിലുള്ള ഇരുമ്പ് കമ്പികൾ, പാചകം ചെയ്യുന്ന പാത്രങ്ങൾ, ആഷ്ട്രേകൾ, വെള്ളം കൊണ്ടു പോകുന്ന കുഴലുകൾ, ചായപാത്രങ്ങൾ, മറ്റുള്ളവ.... എല്ലാത്തിന്റേയും നിറം പച്ചയാണ്. എന്തു കൊണ്ട് പച്ച നിറം എന്നത് ബുർക്കാന് എപ്പോഴും വേഗത്തിൽ വിശദീകരിക്കാനുള്ള ഒന്നാണ്, അതു പറുദീസയുടെ നിറമാണ്! സൈന്യത്തിൽ നിന്നും വിട്ട ശേഷം തന്റെ കൃഷിക്കളവും മറ്റും ഭൂമിയിലെ പറുദീസയാക്കാനാണ് അയാൾ ശ്രമിച്ചു പോന്നത്്. അതു മാത്രമല്ല, പച്ചയിലുള്ള അയാളുടെ വിശ്വാസം വർധിക്കാനുള്ള കാരണം, ഹൂത്തികൾക്ക് തന്റെ പ്രദേശത്ത് അധികാരവും നിയന്ത്രണവും ലഭിച്ചതുമാണ്. തന്നെ ഹൂത്തി പോരാളികൾ അംഗീകരിച്ചത്, ബഹുമാനിച്ചത് തനിക്ക് പച്ച നിറത്തോടുള്ള ആരാധന കൊണ്ടാണെന്നും ബുർക്കാൻ വിശ്വസിച്ചു.

അയാൾക്ക് ഹൂത്തികളുടെ ഏതെങ്കിലും സംഘവുമായി ബന്ധമുണ്ടായിരുന്നില്ല. അവരുടെപ്രവർത്തനങ്ങളിലും ബുർക്കാൻ പങ്കെടുത്തിരുന്നില്ല. ഹൂത്തികൾക്ക് ഭക്ഷണമോ കുടിവെള്ളമോ ഒരു കെട്ട് ഖാത്തോ (ലഹരിയില) നൽകിയിരുന്നുമില്ല. ഹൂത്തികളിലാരും തങ്ങളോടുള്ള കൂറ്​ സ്ഥിരീകരിക്കാനായി അയാളോട്​ ഒരു വാക്കു പോലും പറഞ്ഞിരുന്നില്ല. അവരെ സംബന്ധിച്ച് പച്ചച്ചായമടിച്ച ബുർക്കാന്റെ വീട് കടന്നു പോവുക, അതു ചൂണ്ടിക്കാണിച്ച് ആഹ്‌ളാദത്തോടെ വലിയ ശബ്ദമുണ്ടാക്കുക, വീടിനു മുകളിൽ ഹൂത്തികളുടെ പ്രീതി നേടുക എന്ന ഉദ്ദേശ്യത്തോടെ ബുർക്കാൻ സ്ഥാപിച്ച പച്ച കൊടി കാണിച്ച് സന്തോഷം പങ്കിടുക- ഇതൊക്കെയാണ് ഹൂത്തികൾ ചെയ്തിരുന്നത്. ബുർക്കാൻ തങ്ങളുടെ ആളെന്ന് സ്ഥിരീകരിക്കാൻ അവർക്ക് ഇതൊക്കെ ധാരാളം. കൂടുതൽ കൂറ് കാണിക്കാനായി അയാൾ വീടിന് ഒരു കോട്ട് കൂടി പച്ചച്ചായമടിച്ചു. പകരം ബൂർക്കാന് എപ്പോൾ ഊർജ്ജ പ്രതിസന്ധിയുണ്ടായാലും ഫാമിലേക്കും ട്രക്കിലേക്കും ആവശ്യമായ ഡീസൽ ഹൂത്തികൾ എത്തിച്ചു കൊടുത്തു.
അഞ്ചു ദിവസമായി സൗദി സൈന്യം തന്റെ വീടിരിക്കുന്നതിനടുത്തുള്ള സ്ഥലത്ത് നിർത്താതെ ബോംബ് വർഷിക്കുകയാണെന്ന് ബുർക്കാൻ കേട്ടു.

ഗോതമ്പും വഹിച്ചു നീങ്ങുകയായിരുന്ന ഒരു ലോറി ബോംബിംഗിൽ തകർന്നത് രണ്ടു ദിവസം മുമ്പാണ്, ബുർക്കാന്റെ വീടിന്റെ 150 മീറ്റർ അകലെ. അപകടം അടുത്തേക്കടുത്തേക്ക് വരികയാണെന്ന് ബുർക്കാന് തോന്നി. മാത്രവുമല്ല, ബോംബിംഗിൽ ലക്ഷ്യമിടുന്നത് ഹൂത്തി കേന്ദ്രങ്ങളാണ്, പച്ച നിറം അതിനാൽ തന്നെ അപകടകരമായ സൂചനകളിൽ ഒന്നുമാണ്. ടെലിവിഷൻ വാർത്തയിൽ പറഞ്ഞിരുന്നു, ഹൂത്തികളുടേതാണെന്ന് തോന്നിക്കുന്ന വീടുകളും ബോംബാക്രമണത്തിന്റെ ലക്ഷ്യമാണെന്ന്. ഗോതമ്പ് ലോറി ബോംബിംഗിനിരയായതിന്റെ അടുത്ത ദിവസം ബുർക്കാൻ അങ്ങാടിയിൽ പോയി, മാർക്കറ്റിലെ കടയിൽ നിന്നും മൂന്ന് ടിൻ വെളുത്ത പെയിൻറ്​ വാങ്ങി.

അയാൾക്ക് വീട്ടിലേക്കാവശ്യമായ സാധനങ്ങൾ നിത്യവും വാങ്ങേണ്ടതുണ്ടായിരുന്നു. പക്ഷെ അന്ന് പെയിൻറ്​ വാങ്ങുന്നതിനായിരുന്നു മുൻ ഗണന. അതിനു ശേഷം ബാക്കിയായ പണം കൊണ്ടു മാത്രമാണ് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയത്. വീട്ടിലെത്തി അയാൾ പച്ചക്കൊടി താഴ്ത്തി. വീടിന്റെ പുറം ചുവരുകൾക്ക് വെള്ള പെയിന്റടിച്ചു. ടിന്നുകളിലെ പെയിന്റ് തീർന്നപ്പോൾ പിറകിലെ ചുമരിന്റെ വലതു വശത്ത് ഒരു മീറ്റർ 35 സെന്റിമീറ്റർ ചായമടിക്കാതെ കിടന്നു. അയാൾ മരങ്ങളുടെ ശാഖകൾക്കിടയിലായി നില കൊള്ളുന്ന വെള്ള ടാങ്ക് നോക്കി. ആ ടാങ്ക് അവിടെ സ്ഥാപിക്കാനായി മരങ്ങളുടെ ചില ശാഖകൾ മുമ്പ് വെട്ടി മാറ്റിയതോർത്തു. ലോറി, വെള്ള ടാങ്ക്, കിണർ, ഫാം എന്നിവ തനിക്കു നൽകിയിരുന്ന സുരക്ഷിതത്വത്തെക്കുറിച്ച് അയാൾ ഒരു നിമിഷം ആലോചിച്ചു നിന്നു. അതു നൽകിയിരുന്ന ജീവിതാനന്ദത്തെക്കുറിച്ചും. പച്ചച്ചായമടിച്ച ചുമരിലെ വിടവിലൂടെ ബുർക്കാൻ വെളള ടാങ്ക് നോക്കി നിന്നു. അവിടെ നിന്നും ഫാമിലേക്ക് നോക്കി. തന്റെ കൃഷിക്കളവും ബോംബിംഗിനിരയാകുമോ എന്നൊരു ഭയം അയാളിലുണ്ടായി, ഒപ്പം തന്റെ ഫാമും മറ്റുള്ളവരുടേതും തമ്മിലുള്ള വ്യത്യാസവും താരതമ്യപ്പെടുത്തി.

കമ്പിവേലിയുടെ നിറം, പമ്പ് ഹൗസ്​, പുറത്തേക്കു കാണുന്ന പൈപ്പുകൾ- അതാണ് മറ്റു ഫാമുകളിൽ നിന്നും ബുർക്കാന്റേതിനുള്ള വ്യത്യാസം. ഈ വ്യത്യാസം താനല്ലാതെ മറ്റാരെങ്കിലും ശ്രദ്ധിക്കുമോ എന്ന ഭയം ബോധത്തിൽ പതുക്കെ പതുക്കെ ഗ്രസിച്ചു തുടങ്ങി. അയാൾക്ക് പിന്നിൽ സൂര്യൻ മറയാൻ തുടങ്ങി. തന്റെ വെളുത്ത നിറത്തിലുള്ള വീടുള്ള കുന്ന് ഇരുട്ടിലേക്കും. കട്ടികൂടി വരുന്ന ഇരുട്ട് ടാറിന്റെ നിറത്തെ ഓർമിപ്പിച്ചു. അയാളുടെ ചെറിയ മകൻ ടിന്നിൽ ബാക്കിയായ വെളുത്ത പെയിന്റു കൊണ്ട് കളിക്കുകയായിരുന്നു. കളി നിർത്തി കുട്ടി ബുർക്കാനടുത്തെത്തി. അയാളപ്പോൾ കൈ വിരലുകളിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളച്ചായം തുടച്ചു കളയുകയായിരുന്നു.

നമ്മുടെ വീടിന് ഇരുട്ടിൽ വളരുന്ന നിഴലിന്റെ അതേ നിറം തന്നെ കൊടുക്കാമായിരുന്നില്ലേ? കുട്ടി വാപ്പയോട് ചോദിച്ചു. ഉത്തരം പറയാൻ ബുർക്കാൻ ഒന്നു പകച്ചു. ഇരുട്ട് ശക്തമായിക്കൊണ്ടിരിക്കുന്ന കുന്നും തന്റെ വീടും അതിനു ചുറ്റും രൂപപ്പെടുന്ന നിഴലുകളും നോക്കി നിൽക്കെ അയാൾക്കും തോന്നി, വീടിന് നിഴൽ നിറം തന്നെ അടിക്കാമായിരുന്നുവെന്ന്. ബുർക്കാൻ തറയിലിരുന്നു, മകന് മുഖാമുഖമായി.

നിഴൽ നിറത്തിലുള്ള ചായം കിട്ടുമോ എന്നു നോക്കെട്ട, ബുർക്കാൻ മകനോട് പറഞ്ഞു. അങ്ങാടിയിലുള്ള ഇക്കാക്ക വീട്ടിലേക്ക് മടങ്ങും മുൻപ് ഈ നിറത്തിലുള്ള ചായം കിട്ടുമോ എന്നന്വേഷിക്കാൻ ഫോൺ വിളിച്ചു പറയൂ വാപ്പ, കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. അയാളുടനെ അരയിൽ ഒരു ചരടിൽ ബന്ധിപ്പിച്ച മൊബൈൽ ഫോണിൽ മൂത്ത മകനെ വിളിച്ചു. എന്നിട്ടു പറഞ്ഞു: നിഴലുകളുടെ നിറമുള്ള, കറുപ്പിനും വെളുപ്പിനുമിടയിലുള്ള ചായം അങ്ങാടിയിൽ കിട്ടുമോ എന്ന് നോക്ക്, ഉണ്ടെങ്കിൽ വാങ്ങ്: ചാര നിറമാണോ ഉദ്ദേശിക്കുന്നത്, ഫോണിൽ മകൻ തിരിച്ചു ചോദിച്ചു. അല്ല, അല്ല, നിഴലുകളെപ്പോലെ തോന്നിക്കുന്ന നിറം. വാപ്പ മകനെ തിരുത്തി. ഒരു മണിക്കൂർ കഴിഞ്ഞ് മകൻ തിരിച്ചു വിളിച്ചു പറഞ്ഞു: നിഴൽ നിറച്ചായം എവിടേയുമില്ല: ബുർക്കാൻ പ്രതികരിച്ചു: എങ്കിൽ നിന്റെ കയ്യിലുള്ള മുഴുവൻ കാശിനും കറുപ്പും വെളുപ്പും ചായം വാങ്ങി വാ:

അന്നു രാത്രി ബുർക്കാൻ സഹബൽ വെളുപ്പും കറുപ്പും ചായം കൂട്ടിക്കലർത്തി നിഴൽ നിറമുണ്ടാക്കാൻ പല തവണ ശ്രമിച്ചു, പക്ഷെ പരാജയപ്പെട്ടു. കുടുംബാംഗങ്ങൾ മുഴുവൻ നിറങ്ങൾ കലർത്താൻ കൂടി. ബുർക്കാൻ എന്തിനാണ് ഈ പരീക്ഷണം നടത്തുന്നതെന്ന് അവർക്കറിയുമായിരുന്നില്ല. എന്നാൽ ചെറിയ മകൻ ആ രഹസ്യം പുറത്തു വിട്ടു: വാപ്പ വിമാനാക്രമണത്തിൽ നിന്നും നമ്മുടെ വീട് രക്ഷിക്കാൻ ശ്രമിക്കുകയാണ്: കുട്ടിയുടെ വാക്കുകൾ കേട്ട് വാപ്പയൊഴിച്ച് ബാക്കിയെല്ലാവരും പൊട്ടിച്ചിരിച്ചു. ബുർക്കാൻ ചിരിച്ചില്ല, ചെറിയ മകനെ കളിയാക്കിയില്ല. തന്റെ ഭയം തിരിച്ചറിയാൻ കഴിഞ്ഞ മകനെ നോക്കി അയാൾ ചിരിച്ചു. പക്ഷെ മറ്റു കുടുംബാംഗങ്ങളോട് ബുർക്കാൻ ഇക്കാര്യം തുറന്നു പറയാൻ പോയില്ല. അയാൾ ഏതാണ്ട് നേരം പുലരും വരെ കറുപ്പും വെളുപ്പും ചായം കലർത്തുന്ന പരിപാടി തുടർന്നു. ഇതിനിടെ മൂത്ത മക്കളും ഭാര്യയും ഇളയവരെ ഉറക്കാൻ കൊണ്ടു പോയി, ബുർക്കാനും അവരെ സഹായിച്ചു. രാവിലെ വീട് കറുപ്പിലും വെളുപ്പിലും വീണ്ടും ചായമടിക്കാൻ അയാൾ തീരുമാനിച്ചു. നമ്മുടെ ചെറിയ മകൻ പറഞ്ഞതു നേരാണോ? ഭാര്യയുടെ ചോദ്യത്തെ നിഷേധഭാവത്തിൽ തലയാട്ടി ബുർക്കാൻ പ്രതിരോധിച്ചു. പക്ഷെ ഭർത്താവിന്റെ പ്രതികരണം പൂർണ്ണമായും അവർക്ക് ബോധ്യപ്പെട്ടിരുന്നില്ല. ഭാര്യ കിടക്കാൻ പോയി. പെട്ടെന്ന് ഒരു സ്‌ഫോടന ശബ്ദത്തിൽ അവരുടെ വീട് കുലുങ്ങി. ഗോതമ്പ് വണ്ടി സ്‌ഫോടനത്തിൽ പെട്ടതുപോലെയുള്ള ശബ്ദം അവിടെ മുഴങ്ങി, ആവർത്തിച്ചു.

രാവിലെ മക്കളേയുമെടുത്ത് ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ അയാൾ ഭാര്യയോടാവശ്യപ്പെട്ടു. ഭാര്യയുടെ പ്രതികരണമുണ്ടാകും മുമ്പ് മൂത്ത മകനോട് എല്ലാവരേയും അവിടെ കൊണ്ടാക്കാൻ ബുർക്കാൻ പറഞ്ഞു, അല്ല ഉത്തരവിട്ടു. കഴിഞ്ഞ ദിവസം വാങ്ങിയ പാചകം ചെയ്യാനുള്ള സാധനങ്ങൾ കൂടെയെടുക്കാനും പറഞ്ഞു. ഭർത്താവിന്റെ സ്വരത്തിൽ നിന്നും അപകടം അടുത്തേക്ക് വരുന്നത് മനസ്സിലാക്കിയ ഭാര്യ ഉടനെ പുറപ്പെട്ടു. കുടുംബം പോകുമ്പോൾ അയാൾ അവരോട് കൈവീശി യാത്ര പറഞ്ഞു. അവർ കണ്ണിൽ നിന്നും മറഞ്ഞയുടനെ അയാൾ വീടിന്റെ പുറം ചുമരുകൾക്കും ജനാലപ്പടികൾക്കും കറുപ്പ് ചായമടിക്കാൻ തുടങ്ങി. വെള്ളടാങ്ക്, അത്തി മരത്തിന്റെ ശാഖകൾ, ശുചിമുറിയിലേക്കുള്ള പൈപ്പുകൾ, കഴുതകൾക്കുള്ള ആല.... എല്ലാത്തിലും അതിവേഗം കറുപ്പടിച്ചു, എന്തിന് മൊബൈൽ ഫോണും വാച്ചിന്റെ വെള്ളിനിറത്തിലുള്ള ചെയിനും എല്ലാം.... വീടിന്റെ പുറത്തേക്കു കാണുന്ന മച്ചിന്റെ ഭാഗത്തും കറുപ്പടിച്ചു. അവിടെ കറുപ്പ് നേർത്തു പോയെന്ന് തോന്നി വീണ്ടും ഒരു കോട്ട് കൂടി അടിച്ചു. നട്ടുച്ചക്കും അതു കഴിഞ്ഞും അയാൾ ചായങ്ങൾ വീണ്ടും വീണ്ടും കലർത്തി പരീക്ഷിച്ചു, നിഴൽ നിറം കിട്ടാൻ. പക്ഷെ ചാര നിറമേ കിട്ടിയുള്ളൂ. വീണ്ടും ബുർക്കാൻ മച്ചിൽ കയറി. കറുപ്പിനു മുകളിൽ വെള്ള അടിച്ചു.

രാത്രി പമ്പ് ഹൗസിന്റെ ടെറസിൽ കിടന്നു. ബോംബ് വീഴുകയാണെങ്കിൽ എളുപ്പം അറിയാമെന്ന് വിചാരിച്ചാണ് അങ്ങിനെ ചെയ്തത്. അകലെ വെളിച്ചം കത്തുകയും പൊലിയുകയും ചെയ്യുന്നത് ബുർക്കാൻ കണ്ടു. ദൂരെയുള്ള ഏതോ ക്യാമ്പിനു നേരെ ബോംബ് വർഷം നടക്കുന്നതായി അയാൾ മനസ്സിലാക്കി. വിമാന വേധത്തോക്കുകൾക്ക് ഒരു വിമാനത്തേയും താഴെയിടാനാകില്ലെന്ന് അയാൾക്കറിയാം. എല്ലാ നിറത്തിലും ദീർഘചതുരാകൃതിയിൽ ബോംബിൻ തുണ്ടുകൾ വർഷിക്കുന്ന വിമാനങ്ങളുടെ ശക്തിയെക്കുറിച്ച് മുൻ സൈനികൻകൂടിയായ അയാൾക്ക് നന്നായറിയാം. അതിനെ നേരിടാൻ താൻ ഒരിക്കൽ അംഗമായിരുന്ന സൈന്യം പരാജയപ്പെട്ടുകൊണ്ടേയിരിക്കുകയാണെന്ന വസ്തുതയുമറിയാം. ഫാമിനും വീടിനുമിടയിലുള്ള റോഡിലൂടെ ഒരു ട്രക്ക്, ഏതൊന്നായാലും, കടന്നു പോകുമ്പോൾ അപകടം വർധിച്ചതായി ബുർക്കാൻ ഉറപ്പിക്കും. ആ രാത്രി ഇതൊക്കെക്കൊണ്ട് ഒരു പോള കണ്ണടക്കാനും അയാൾക്ക് സാധിച്ചില്ല.

ഉറങ്ങാൻ പറ്റുമോ എന്നു നോക്കാനായി താഴെയിറങ്ങി പമ്പ് ഹൗസിനുള്ളിലേക്ക് ബുർക്കാൻ വന്നു. അവിടെ പൈപ്പുകൾക്കും മോട്ടോറിനിടുന്ന ഗ്രീസിന്റെ മണത്തിനും നടുവിൽ ഉറങ്ങാൻ പറ്റും എന്നയാൾക്ക് തോന്നി. ഗ്രീസും മോട്ടോറിലൊഴിക്കുന്ന ഡീസലിന്റേയും മണം അയാൾക്ക് എന്നും സുരക്ഷിതത്വം നൽകാറുണ്ടായിരുന്നു. ഇപ്പോഴും ആ മണങ്ങൾക്കും അന്തരീക്ഷത്തിനും അൽപ്പമെങ്കിലും സാന്ത്വനം നൽകാൻ കഴിയുന്നുണ്ടെന്നും ബുർക്കാൻ തിരിച്ചറിഞ്ഞു. ഉറക്കം ചെറുതായി അനുഗ്രഹിച്ച നിമിഷത്തിൽ വന്യമായ ഒരു ചിന്ത ബുർക്കാനുണ്ടായി, വിവരം എന്തു കൊണ്ട് ബോംബർ വിമാനത്തിലെ പൈലറ്റിനെ നേരിട്ടറിയിച്ചു കൂടാ?!. ഞാനൊരു ഹൂത്തിയല്ല, വിമത സൈനികനുമല്ല. അതു കൊണ്ടു തന്നെ സൗദി വക്താവ് പറയുന്ന ‘കൊടുങ്കാറ്റ്' തകർക്കാൻ ലക്ഷ്യമിടുന്ന ക്യാമ്പോ കേന്ദ്രമോ അല്ല.. ഇക്കാര്യം ബോംബർ വിമാനത്തിലെ പൈലറ്റിന്റെ ശ്രദ്ധയിൽ എന്തു കൊണ്ട് പെടുത്തിക്കൂടാ.

പൈലറ്റുമാർ നിയന്ത്രിക്കുന്ന വിമാനങ്ങൾ അത്യന്താധുനികമാണ്. താഴെ വലുതാക്കി കട്ടിയിൽ എഴുതി വെച്ചതെന്തും അവർക്ക് വായിക്കാൻ കഴിയും, ഇരുട്ടിലാണെങ്കിൽ പോലും.

പെയിൻറ്​ ടിന്നിൽ കുറച്ചു ചായം കൂടി ബാക്കിയുണ്ട്, വീടിന്റെ മേൽക്കൂരയിൽ കറുത്ത ചായത്തിൽ വലുപ്പമുള്ള, കട്ടിയുള്ള അക്ഷരത്തിൽ ബുർക്കാൻ എഴുതിവെച്ചു: ദയവായി ബോംബിടരുത്: ഇങ്ങിനെ എഴുതിവെച്ച് ഒരു നിമിഷം കഴിഞ്ഞപ്പോൾ തന്റെ അഭ്യർഥനയിൽ വ്യക്തതക്കുറവുണ്ടെന്ന്, എന്തു കൊണ്ട് ബേംബിടരുതെന്നകാര്യം പറയുന്നില്ലെന്ന് അയാൾ മനസ്സിലായി. കാര്യവും കാരണവും വ്യക്തമായിരിക്കണമല്ലോ. മാത്രവുമല്ല എഴുത്തിന് വലുപ്പവും അതിനാൽ തന്നെ വ്യക്തതയും കുറവാണെന്നും ബുർക്കാൻ വിചാരിച്ചു. പൈലറ്റുമാർ കാണണമല്ലോ, അവർ കാര്യം മനസ്സിലാക്കുകയും വേണമല്ലോ.
എഴുതിയതിന്റെ താഴെയും മുകളിലും കുറച്ചു സ്ഥലം ബാക്കിയുണ്ട്. ആ സ്ഥലം ഉപയോഗിച്ച് അക്ഷരങ്ങൾ വേണ്ട വിധം വലുതാക്കാൻ കഴിയില്ല. പൈലറ്റുമാർ കാണേണ്ടേ?

അയാൾ പെയിൻറ് ടിന്നുകൾ വീണ്ടും പരിശോധിച്ചു.
ഇപ്പോൾ എഴുതിയത് മായ്​ച്ച്​ മച്ചിന്റെ പുറത്ത് കറുപ്പടിച്ച് അതിനു മുകളിലൂടെ വെളുപ്പിൽ എഴുതാനുള്ളത്രയും പെയിൻറ്​ ബാക്കിയുണ്ട്. കറുപ്പടിച്ചയുടൻ വെളുപ്പിലെഴുതാനുള്ള ശ്രമം ബുർക്കാൻ തുടങ്ങി. എന്നാൽ ഉണങ്ങാത്തതു കൊണ്ട് കറുത്ത പെയിൻറ്​ അയാളുടെ കാലിൽ ഒട്ടി. അയാളുടെ കാലടിപ്പാടുകൾ കറുത്ത ചായത്തിൽ തെളിഞ്ഞു കിടന്നു. ബുർക്കാൻ തൽക്കാലം താഴെയിറങ്ങി, ചായം ഉണങ്ങട്ടെ എന്ന് ആത്മഗതം കൊണ്ടു. ആ ഇടവേളയിൽ വീടിനകത്തു കയറി കിടക്കയിലേക്ക് ചാഞ്ഞു, ഉറങ്ങാൻ ശ്രമിച്ചു. കുറച്ചു സമയത്തിനുള്ളിൽ വാതിലിൽ ആരോ നിർത്താതെ മുട്ടാൻ തുടങ്ങി. അയാൾ എഴുന്നേറ്റു. മകൻ അയാൾക്കുള്ള ഉമ്മയുടെ വീട്ടിലുണ്ടാക്കിയ ഉച്ച ഭക്ഷണവുമായി വന്നതാണ്.

മകന്റെ കൂടെ അവന്റെ രണ്ട് കൂട്ടുകാർ കൂടി ഉണ്ടായിരുന്നു. അപ്പോൾ മാത്രമാണ് ബുർക്കാൻ അതു ശ്രദ്ധിച്ചത്, വീടിന്റെ മുൻവശത്തെ വാതിലിന്റെ നിറം പച്ചയാണ്. അതു കണ്ടപ്പോൾ അയാൾ മകനോട് അട്ടഹസിച്ചു, ഒന്നിലും ശ്രദ്ധയില്ല, ഇതിന്റെ നിറം പച്ചയാണ്, അത് മാറ്റേണ്ടേ? എല്ലാത്തിനും ഞാൻ വേണമെന്നുവെച്ചാൽ, നീയൊക്കെ എന്താണിവിടെ ചെയ്യുന്നത്? തന്റെ മറവിയേയും മടുപ്പിനേയും ബുർക്കാൻ മകനോടുള്ള ദേഷ്യത്തിലൂടെ ന്യായീകരിച്ചു. വാപ്പയുടെ സ്വഭാവം മകന് ഒട്ടും ഉൾക്കൊള്ളാനായില്ല. മാത്രവുമല്ല, തന്റെ രണ്ട് സുഹൃത്തുക്കളുടെ മുന്നിലിട്ടാണ് ഇങ്ങിനെയൊക്കെ. അവൻ ബുർക്കാനോട് ചോദിച്ചു? വീടുകളുടെ നിറം നോക്കിയാണ് ബോംബിടുന്നതാണോ വാപ്പ നിങ്ങൾ കരുതുന്നത്?

മകൻ പറഞ്ഞതിനോട് വിയോജിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു നോട്ടമയച്ച് ബുർക്കാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. തന്റെ കൂട്ടുകാരെ സ്വീകരണ മുറിയിലേക്ക് നയിച്ച് മകൻ സംഘർഷത്തിന് തൽക്കാലം വിരാമമിട്ടു.

ഭക്ഷണം കഴിച്ചതിനു ശേഷം വീടിന്റെ മേൽക്കൂര ആകാശം നോക്കിക്കിടക്കുന്നയിടത്ത് വലിയ അക്ഷരത്തിൽ വ്യക്തമായി അക്ഷരത്തെറ്റില്ലാതെ ഒരു കാര്യം എഴുതാൻ ബുർക്കാൻ മകന്റെ സഹായമാവശ്യപ്പെട്ടു. നിന്റെ പഠിപ്പും ഇക്കാര്യത്തിൽ സഹായിക്കട്ടെ. കുറച്ച് ചാരം കൂടി എടുക്കണം- ഇങ്ങനെ പറഞ്ഞ് മൊബൈൽ ഫോൺ അരക്കെട്ടിലെ നാടയുടെ കൊളുത്തിൽ തൂക്കിയിട്ട് ബുർക്കാൻ പുറത്തേക്ക് നടന്നു.

വാപ്പയുടെ മൊബൈൽ ഫോണും കറുത്ത പെയിന്റടിച്ചത് മകനെ അൽഭുതപ്പെടുത്തി, പക്ഷെ എതിർക്കാനോ അഭിപ്രായം പറയാനോ അവൻ പോയില്ല. മകനും വാപ്പയും മേൽക്കൂരയിലേക്ക് കയറി. എഴുതാനുള്ള സന്ദേശത്തിനുള്ള സ്ഥലം ബുർക്കാൻ അടയാളപ്പെടുത്തി.

എന്താണ് ഇവിടെ ശരിക്കും എഴുതേണ്ടത്? മകൻ ചോദിച്ചു.
‘എഴുത്: ഇതൊരു പൗരന്റെ വീടാണ്. ദയവായി ബോംബിടരുത്'; ആ മറുപടി നിരാശയിൽ പരാജയപ്പെട്ട ഒരു മനുഷ്യന്റേതായിരുന്നു.

മേൽക്കൂരയിൽ എഴുതുന്നത് കൃത്യവും കണിശവുമായിരിക്കണമെന്നു കരുതി ബുർക്കാൻ അതിനെക്കുറിച്ച് ഏതാണ്ട് ആ ദിവസം മുഴുവൻ ആലോചിച്ചിരുന്നു. പൗരന്റെ വീട് എന്നതിനോട് മറ്റെന്തെങ്കിലും ചേർത്താൽ കൂടുതൽ ശക്തവും അനുകമ്പാർഹവുമാകും എന്നതിനെക്കുറിച്ചാണ് ബുർക്കാനാലോചിച്ചത്, പൈലറ്റുമാരെ ബോംബ് വർഷത്തിൽ നിന്ന് തടയണമല്ലോ!.

ബുർക്കാന്റെ മകന് ഇതൊരു വൻ തമാശയായാണ് തോന്നിയത്. അതു കൊണ്ടു തന്നെ എഴുത്തിൽ അയാൾ വേണ്ട വിധം ശ്രദ്ധിച്ചില്ല. ചിലപ്പോഴത് കുത്തിവര പോലുമായി. മിസൈലുകളിൽ നിന്ന് തങ്ങളുടെ വീടിനെ രക്ഷിക്കാൻ വീടിന്റെ മേൽക്കൂരയുടെ പുറത്തേക്കു കാണുന്നിടത്ത് എഴുതുന്ന അക്ഷരങ്ങൾക്കാകുമോ? ആ ചെറുപ്പക്കാരൻ അങ്ങനെയാണ് ആലോചിച്ചത്.

എഴുത്തു കഴിഞ്ഞ് രണ്ടു പേരും മുഖത്തോടു മുഖം നോക്കി. ഒന്നും സംസാരിച്ചില്ല. മകൻ കൂട്ടുകാരൊപ്പം സമയം ചിലവഴിക്കാൻ വീടിനകത്തേക്കു പോയി. പകപ്പ് വിട്ടുമാറാത്ത ബുർക്കാൻ പതിവു പോലെ ഫാമിലേക്കും. ബുർക്കാൻ പമ്പ് ഹൗസിന്റെ മുകളിൽ കിടന്നു. സന്ധ്യയായി. കഴിഞ്ഞ ദിവസത്തെ പോലെ വിമാനങ്ങളുടെ ശബ്ദങ്ങൾ കേട്ടെങ്കിലും അതയാളുടെ ഉറക്കത്തെ ഒട്ടും ബാധിച്ചില്ല. വീടിനു മേൽ ബോംബിടാതിരിക്കാനുള്ള എല്ലാം താൻ ചെയ്തിട്ടുണ്ടല്ലോ, പിന്നെന്തിനു പേടിക്കണം?

പക്ഷെ മകനും രണ്ടു സുഹൃത്തുക്കളും വീട്ടിലുണ്ടല്ലോ എന്ന ഓർമ അയാളുടെ ഉറക്കം ഞെട്ടിച്ചു. പിന്നീട് ദൂരെ ഗ്രാമത്തിൽ നിന്നുള്ള ബാങ്ക് വിളി കേട്ടപ്പോഴാണ് അയാളുടെ ഉറക്കം ഞെട്ടിയത്. ബുർക്കാൻ കിടന്ന വിരപ്പിൽ എഴുന്നേറ്റിരുന്നു. അവിടെ നിന്ന് വീടിനു നേരെ നോക്കി. കട്ടിപുതപ്പ് ശരീരത്തിൽ നിന്ന് മാറ്റി. നിസ്കരിക്കാൻ തയ്യാറെടുത്തു. നിസ്‌ക്കാരം കഴിഞ്ഞ് വീണ്ടും മോട്ടോറിനടുത്ത് പോയിക്കിടക്കാൻ തീരുമാനിച്ചു. അത് നൽകുന്ന സുരക്ഷിത ബോധം എന്തുമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരിക്കൽ കൂടി അയാൾ തിരിച്ചറിഞ്ഞു.

ആഴ്ച്ചകൾക്കു മുമ്പുവരെ താനനുഭവിച്ച ആ സുരക്ഷിതത്വത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ബുർക്കാൻ ഓർക്കുകയും ചെയ്​തു. ദിവസങ്ങൾക്കു മുമ്പ് കടന്നു വന്ന അവസ്ഥ, തന്റെ ജീവിതത്തേയും സുരക്ഷിതത്വത്തേയും അട്ടിമറിക്കുന്നത്, എത്ര ഭയാനാകവും ക്രൂരവുമാണെന്ന് ബുർക്കാൻ മനസ്സിലാക്കാൻ ശ്രമിച്ചു. ജീവിതം പൂർണമായും അരക്ഷിതമായിരിക്കുന്നു. ആ ആലോചനയിൽ നിന്നുള്ള രക്ഷ എന്ന നിലയിൽ ഉറക്കത്തിന്റെ അനുഗ്രഹം അയാൾ തേടി.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ പമ്പ്​ ഹൗസിലെ ഷെൽഫിൽ അടുക്കിവെച്ചിരുന്ന ബുർക്കാന്റെ പണിയാധുങ്ങൾ ഒരു കുലുക്കത്തിൽ താഴെ വീണു. മച്ചിൽ നിന്ന് ഒരട്ടി മണ്ണും കൂടെപ്പോന്നു. ഉറങ്ങിക്കിടക്കുന്ന അയാളുടെ ശരീരത്തിലേക്കാണ് അതു വന്നു വീണത്. ബുർക്കാനുണർന്നു. എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് മനനസ്സിലായില്ല. സ്‌ഫോടന ശബ്ദമൊന്നും ബുർക്കാൻ കേട്ടതുമില്ല. അയാൾ തന്റെ ശരീരത്തിൽ വീണു കിടക്കുന്ന സാധനങ്ങൾ തട്ടിനീക്കി, മണ്ണ് കുടഞ്ഞു കളഞ്ഞു, എണീറ്റു. പമ്പ് ഹൗസിനു പുറത്തേക്കോടി. മലമുകളിലേക്കു നോക്കി. ബുർക്കാന് അവിടെ തന്റെ വീട് കാണാനായില്ല.


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ലുതുഫ് അൽ സരാരി

1975ൽ മധ്യ യെമനിലെ തായിസ് പ്രവിശ്യയിലെ മാവിയ ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനനം. തൈസ് യൂണിവേഴ്‌സിറ്റിയിൽ സാംസ്‌ക്കാരിക പ്രവർത്തന വിഭാഗം തലവൻ, സ്റ്റുഡൻസ് സർവീസ് വിഭാഗം തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ൽ ആദ്യ കഥാസമാഹാരം നീണ്ട സിഗരറ്റ്​ ഒറ്റ വലിയിൽ തീർക്കുന്ന ഒരാളെപ്പോലെ ഇറങ്ങിയതോടെ അറബ് സാഹിത്യത്തിൽ ശ്രദ്ധേയനായി. ഹദീത്ത് അൽ മദീന (നഗരത്തിലെ സംസാര വിഷയം) മാസിക, അൽ-ഉല പത്രം എന്നിവയുടെ മുഖ്യ പത്രാധിപരായിരുന്നു. 2016ൽ രണ്ടാമത്തെ കഥാസമാഹാരം ‘അർറജാ അദ്മുൽ ഖസ്ഫ്' (ദയവായി ബോംബിടരുത്) പുറത്തു വന്നു. ഈ സമാഹാരത്തിലെ ശീർഷക കഥയാണ് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

Comments