നാട്ടിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ ചന്ദ്രമോഹൻ ഞാറുകണ്ടത്ത് ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകൾ രസകരമാണ്. ഇത്തവണ പക്ഷേ സരസ്വതീദേവിയെ കുറിച്ചാണ് എന്നറിഞ്ഞതും വർഗീയവാദികളെ ഭയന്ന് പലരും തൊടാൻ മടിച്ചു. മാലിനിയും മഹേഷും ഒരേസമയത്താണ് ലൈക്ക് കൊടുത്തത്, എന്നാൽ എന്നത്തേയും പോലെ മഹേഷ് കമൻറിട്ടില്ല.
ചന്ദ്രമോഹൻ എഴുതുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് മാലിനി പോസ്റ്റ് ഷെയർ ചെയ്തപ്പോൾ ആര് ലൈക്ക് ചെയ്യും ആര് കമൻ്റിടും, ആര് ഷെയർ ചെയ്യും എന്നതിനെക്കുറിച്ചൊന്നും മാലിനിക്ക് ആശങ്കയോ ചിന്തയോ ഉണ്ടായിരുന്നില്ല. ഡിജിറ്റൽ ലോകത്തെ ബേബി ആയ മാലിനിക്ക് ഒരു അക്കൗണ്ട് ഉണ്ടാക്കി കൊടുത്തതു തന്നെ പതിനാല് വയസുകാരി മകൾ അവന്തികയാണ്.
ചന്ദ്രമോഹൻ മാഷിനെ ചിലരൊക്കെ ചോദ്യം ചെയ്യാം. അല്ലെങ്കിൽ അസഹിഷ്ണുത ഉള്ളവർ പോസ്റ്റ് റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് തന്നെ പൂട്ടിക്കാം. കുറച്ച് യുവാക്കൾ മാഷിന്റെ കൂടെയുണ്ട്. അതൊരു സമാധാനം.
മാലിനി നെറ്റ് ഓഫാക്കി മുറ്റം അടിക്കാനായി ചൂലുമായിറങ്ങി. മഹേഷിന്റെ കുടുംബവീട് തൊട്ടടുത്താണ്. വീടിന്റെ അതിരിൽ ഒരു മഹാഗണിമരമുണ്ട്. നിറയെ കരിയിലകൾ വീഴാൻ ഈ ഒരൊറ്റ മരം മതിയല്ലോ. അവൾ മനസ്സാ മഹഗണിയെ ശപിക്കുമ്പോഴും ഏറെനേരം മുറ്റത്ത് ചെലവഴിച്ച് വിയർത്ത് നിൽക്കുമ്പോൾ നല്ല തണുത്ത കാറ്റ് വരാനുണ്ട്. അതിൽ അവൾ ചെറുതായി നിശ്വസിച്ച് പൈപ്പിൻ ചുവട്ടിലേക്ക് നടക്കും. കാലും കയ്യും കഴുകി വന്ന് അമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങിക്കുടിക്കും. ആ പോസ്റ്റ് വീണ്ടും ഒരാവർത്തി കൂടി വായിക്കണമെങ്കിൽ ഒന്ന് ഫ്രീ ആയാലേ നടക്കൂ.
നാട്ടിലെ ഏറ്റവും സമ്പന്നരായ ചെറുവലത്ത് വീട്ടിലെ മുറ്റമടിക്കലും പാത്രം കഴുകലും തന്റെ അമ്മയുടെ പണിയാണെങ്കിലും സ്വന്തം വീട്ടിലെ മുറ്റം അമ്മ അടിക്കാത്തതിൽ അവൾക്ക് വിഷമമൊന്നും ഇല്ല. തന്റെ കയ്യിലെ ആകെയുള്ള തഴമ്പ് ഒരുപക്ഷേ ഈ പട്ടച്ചൂല് കാരണം വന്നതാവണം. ചന്ദ്രമോഹൻ മാഷും ചെറുവലത്ത് തറവാട്ടുകാരുടെ ബന്ധുക്കളാണ്. എല്ലാവരും ചന്ദ്രമോഹൻ മാഷെന്നും സാർ എന്നും മറ്റും വിളിക്കുന്നത് പണ്ടെങ്ങോ പാരലൽ കോളേജിൽ പഠിപ്പിച്ചു എന്നതിന്റെ ബഹുമാനാർഥമാണ്.
മമ്മൂട്ടി അഭിനയിച്ച സിനിമ 'അമരം' ഇറങ്ങിയ കാലത്താണ് മാലിനിയും പത്താം ക്ലാസ് പാസ്സായത്. എന്നാൽ അച്ഛൻ ചെറുപ്പത്തിലേ മരിച്ചതുകൊണ്ട് തന്റെ കൂടെ സ്വപ്നം കാണാൻ അച്ഛനുണ്ടായില്ല എന്ന് മാത്രം. അച്ഛനും അമ്മയും നാരായണി എന്ന പാവം പിടിച്ച സ്ത്രീ ആയിരുന്നു.
അന്ന് സെക്കൻറ് ക്ലാസ് മാർക്ക് കിട്ടിയപ്പോൾ ഫസ്റ്റ് ക്ലാസ് കിട്ടിയ ഒരു കുട്ടിയുടെ സന്തോഷമായിരുന്നു. ആ ദിവസം പരീക്ഷാഫലം അറിയാൻ സുദേവൻ മാഷിന്റെ വീട്ടിൽ വരുത്തുന്ന ദേശാഭിമാനി പത്രം നോക്കാൻ പോയതും സന്തോഷം കൊണ്ട് കൂട്ടുകാരികൾക്കൊപ്പം തുള്ളിച്ചാടിയതും ഇന്നലെ കഴിഞ്ഞതുപോലെ മനസിലുണ്ട്. വീണ്ടും പഠിച്ച് പ്രീഡിഗ്രിക്കാരിയായി, ഡിഗ്രി നേടിയപ്പോഴേക്കും കല്യാണം കഴിപ്പിക്കാൻ ധൃതിവെക്കുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ഒപ്പം അമ്മയും കൂടിയത് മാലിനിയെ മറ്റൊരാളാക്കി. അവിടെയും തോറ്റുകൊടുത്തില്ല.
"ഇപ്പള്ത്തെ കാലത്ത് ചാണോൻ തേയ്ക്കുന്ന ഏതെങ്കിലും പൊര ണ്ടോ? പെണ്ണിന് പഠിപ്പ് ള്ളതോണ്ട് കൊയപ്പല്ല", ആളുകൾ ഒരേ നാവ് കൊണ്ട് അതിശയപ്പെടുകയും ആശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഭർത്താവ് സുരേഷിന്റെ സമ്മതമൊന്നും നോക്കാതെ ബി.എഡിന് അപേക്ഷിച്ചു. നേരത്തേ എഴുന്നേൽക്കാനും വീട്ടുപണികൾ തീർക്കാനും കോളേജിൽ പോകാനും പഠിക്കാനും ഉത്സാഹിച്ചു. ഭാര്യ മിടുക്കിയാണല്ലോ എന്ന അഭിനന്ദനത്തിനൊപ്പം സുരേഷിനും അഭിനന്ദനത്തിന്റെ ഒരു പങ്ക് കിട്ടിയതോടെ അതുവരെ ഉണ്ടായിരുന്ന നേരിയ അമർഷവും കെട്ടിയവനിൽ നിന്നും പോയിക്കിട്ടി. ഒറ്റ മകൾ ആയതുകൊണ്ടുതന്നെ സ്വന്തം വീട്ടിൽ വന്നുനിന്ന് പഠിക്കാനും സ്വസ്ഥമാവാനും സാഹചര്യം ഉണ്ടായി. എന്നിട്ടും ഒരു പിഎസ്സി പരീക്ഷയും മാലിനീ നിന്നെ തുണച്ചില്ലല്ലോ എന്ന് ആത്മഗതപ്പെട്ടു.
നാട്ടിൽത്തന്നെ അംഗനവാടി ടീച്ചറായി ജോലി കിട്ടുമ്പോഴേക്കും വയസ്സ് മുപ്പത്തിയെട്ടായി. മക്കൾ പത്താംക്ലാസിലും എട്ടാം ക്ലാസിലും എത്തി. നാട്ടുകാരുടെ "നിങ്ങൾക്ക് സംവരണമില്ലേ ജോലി വേഗം കിട്ടില്ലേ" എന്ന ചോദ്യത്തിനും വിരാമമായി.
ധൃതി പിടിച്ച് നടക്കുമ്പോൾ ആടിനെ തീറ്റിക്കുന്ന സുദേവൻ മാഷിനെ കണ്ടു. മാഷിന്റെ നേരംപോക്കാണ് ഈ ആടിനെയും പശുക്കളെയും ഒക്കെ തീറ്റിക്കൽ. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും എന്നും രാവിലെ നടക്കാൻ പോകുന്നത് സ്റ്റേഡിയത്തിനടുത്തേക്കാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ മാലിനിയുടെ സഹനടത്തക്കാരൻ കൂടിയാണ് സുദേവൻ മാഷ്. ശ്രീനാരായണഗുരുവിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത ഒരേയൊരു വീട് ചിലപ്പോൾ മാഷിന്റേതാകും.
"മാഷേ തൊട്ടാവാടി പണ്ടൊക്കെ ഇവിടെ ഇഷ്ടം പോലെണ്ടേനു… ഇന്നിപ്പോ നെല്ലിപ്പൊയിൽ ഭാത്ത് പോണം’’.
"ശരിയാ. നീയിന്ന് വയ്യിപ്പോയോ നടക്കാൻ കണ്ടില്ലല്ലോ?"
"മാഷിന്റെ വയ്യത്തന്നെ ഞാനും ഇണ്ടേനു. ലോഗ്യം പറയാൻ നേരംല്ലേനു."
സാരിത്തുമ്പ് പിടിച്ച് വീണ്ടും ധൃതിയിൽ നടക്കുമ്പോൾ സുദേവൻ മാഷ് ഈ സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് നന്നായി എന്നു കരുതി.
ഇനി ആ ലോകത്തെ പോസ്റ്റുകളും വിശേഷങ്ങളും കൂടി പങ്കുവയ്ക്കേണ്ടിവന്നേനെ. അധ്യപകനായിരുന്നിട്ടും പലർക്കും സുദേവൻ മാഷ് സുദേവേട്ടനും സുദേവനും മാത്രമാണ്. അതെന്ത് വൈരുധ്യം എന്നും ആലോചിക്കാറുണ്ട്. മാഷിന്റെ അമ്മയും അച്ഛനുമൊക്കെ കൂലിപ്പണിക്കാരായതുകൊണ്ടാണോ? പ്രത്യേകിച്ച് തറവാട്ടുപേർ ഇല്ലാത്തതുകൊണ്ടാണോ? ഇവിടെ ഈ നാട്ടിൽ ഒരു വീട്ടുപേരിൽ തന്നെ എത്രയെത്ര കുടുംബങ്ങൾ!
അംഗനവാടിയിൽ എത്തിയതും മഹേഷിന്റെ വിളി വന്നു, ‘‘മാലൂ നീ ചന്ദ്രമോഹമ്മാഷിന്റെ പോസ്റ്റ് ഷെയർ ചെയ്യണ്ടാരുന്നു. കാര്യം എഴുത്ത് വായിക്കാൻ രസം ണ്ടേലും എന്തോ കൊയപ്പം ണ്ട്’. മഹേഷ് പറയുന്നതിൽ കാര്യമൊന്നും ഉണ്ടാവില്ല എന്ന് തോന്നിയപ്പോൾ എന്തു ചെയ്യണം എന്നായി. കുഞ്ഞുങ്ങൾ ഓരോരുത്തരായി വരാൻ തുടങ്ങി. കുറച്ചുകുട്ടികളേ ഉള്ളൂ. അതിൽതന്നെ വീട്ടിൽ നോക്കാൻ ആളില്ലാത്തതിനാൽ രണ്ടുവയസ്സിലേ ചേർത്തവരൊക്കെ ഉണ്ട്. നല്ല ക്ഷമ വേണം. കൃത്യമായ ശമ്പളം കിട്ടുംവരെ തനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. ഇതിനിടയിൽ നേരംപോക്കുകൾ ജീവിതത്തിലുണ്ടായോ എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും തന്നെയില്ല. ചാണകവും കരിയും തേച്ച് വൃത്തിയായി സൂക്ഷിച്ച പഴയ വീടിന്റെ തറ ഇന്നും ഓർമയിലുണ്ട്.
കവുങ്ങിൻ പാള മുറിച്ച് കൈ വലുപ്പത്തിൽ ചതുരത്തിലാക്കിയതായിരുന്നു അന്നത്തെ മോപ്പ്. ഇവിടുത്തുകാരുടെ പാളോക്ക്. ഇപ്പോൾ പണിത വീട്ടിൽ ഒരു മുറിയും ഉമ്മാരവും മാത്രം ടൈലിട്ട് ബാക്കിയുള്ളിടത്തെല്ലാം പരുക്കനിട്ടിരിക്കുന്നു. അങ്ങനെയൊരു മാറ്റം ഉണ്ട് എന്ന് മാത്രം.
താനൊരു ഫേസ്ബുക്ക് ജീവി അല്ലെങ്കിലും നിരന്തരം തന്റെ അറിവുകൾ പുതുക്കപ്പെടേണ്ടതിനെക്കുറിച്ച് ബോധവതിയാണ്. തനിക്ക് കുടുംബത്തിൽ ഒരു മോശം ഇമേജ് വന്നത് ആതിര റോക്ക് എന്ന കൂട്ടുകാരിയുടെ സൗഹൃദത്തിൽ പെട്ടതാണ്. ആ സൗഹൃദക്കൂട്ടത്തിൽനിന്നാണ് ജാസ്മിനെ രക്ഷിച്ചെടുത്തത്. പഠിച്ചിട്ടൊന്നും ഒരു കാര്യമില്ലെന്നു പറഞ്ഞ ആതിര ആക്റ്റിവിസമാണ് പ്രധാനം എന്ന രീതിയിൽ പല പരിപാടികളും പ്ലാൻ ചെയ്യും. സിനിമ, ഷോർട്ട് ഫിലിം, മാസിക അങ്ങനെ കുറേ സ്വപ്നപദ്ധതികൾ. അതിനായി ഫണ്ട് പിരിക്കാൻ കേരളത്തിലെ കോളേജുകൾ തോറും കയറിയിറങ്ങാൻ പറഞ്ഞു. അവിടെ അവളുടെ അനിയത്തി ആർദ്രയ്ക്കും അമ്മ സ്നേഹലതയ്ക്കും അറിയാവുന്നവരുണ്ട്. അവരെ കണ്ട് ഫണ്ട് പിരിക്കുക. നിശ്ചിത ശമ്പളവും ഇൻക്രിമെൻ്റും വാഗ്ദാനം ചെയ്തു. പോകുന്നിടത്തൊക്കെ താമസസൗകര്യം.
സാധ്യതകളെക്കുറിച്ച് അന്വേഷിക്കാതെ തനിക്ക് ഒരു ലക്ഷ്യബോധമില്ലാതെ പോയതിൽ മുമ്പെങ്ങുമില്ലാത്ത വിധം കുറ്റബോധം തോന്നി. ഡിപ്രഷൻ വന്നു എന്നുതന്നെ പറയാം. അമ്മ നാരായണിയുടെ ജീവിതം ഇക്കാലമത്രയും നായർത്തറവാട്ടുകാരുടെ മുറ്റത്തും അടുക്കളപ്പുറത്തുമാണെന്ന കാര്യം മറന്നുപോയതും ഒരു അപരാധമായി കണ്ടു.
ആതിര റോക്കിന്റെ വീട്ടിൽ ചിലവിട്ട നേരങ്ങൾ ജാസ്മിക്ക് പ്രിയപ്പെട്ടതായിരുന്നു. അതെങ്ങനെയാണാവോ? അമ്മ സ്നേഹലതയെ പോലെയാവില്ല ആതിര എന്നാണ് കരുതിയത്. ജാസ്മിന്റെ ഉപ്പയ്ക്ക് കുവൈറ്റിൽ ഒരു കമ്പനിയിൽ ജോലിയുണ്ടെങ്കിലും അതൊന്നും കണക്കാക്കാതെയാണ് സൈനുമ്മ കുറച്ചുപേരെ വെച്ച് നഗരത്തിൽ തന്നെ കാൻറീൻ നടത്തിപ്പോന്നത്. ഏറെനേരം നിന്ന് ജോലി ചെയ്ത് മുട്ടിന് തേയ്മാനം വന്നിട്ടും ഇന്നും മക്കളെ ആശ്രയിക്കാതെ കഴിയുന്ന അവരെ കണ്ടു വേണം പഠിക്കാൻ എന്ന് തോന്നി.
ആരെയും കൂസാത്തവർ എന്നാണ് അമ്മയെക്കുറിച്ചും തന്നെക്കുറിച്ചും നാട്ടിലെ ചിലരുടെ വിലയിരുത്തൽ. തൻ്റേടത്തിന്റെ കാര്യത്തിൽ സൈനുമ്മയും മറ്റൊരു പതിപ്പാണ്. സൈനുമ്മയുടെ വീട് ബേപ്പൂരാണ്. അവിടെ നിന്നും തൊട്ടിൽപ്പാലത്തേക്ക് നല്ല ദൂരമുണ്ട്. നല്ല സ്വത്തും മുതലുമുള്ള തറവാട്ടുകാർ എന്നും പറഞ്ഞാണ് സൈനുമ്മയുടെ ആൾക്കാർ തൊട്ടിൽപ്പാലത്തെ വലിയപറമ്പിൽ വീട്ടിലേക്ക് ഉമ്മറിന് നിക്കാഹ് ചെയ്തു കൊടുത്തത്. അല്ലെങ്കിൽ പുതിയോട്ടിയായി വന്നത്. ഉമ്മർക്ക കുവൈറ്റിൽ പോയതും താമസിയാതെ സൈനുമ്മയും ബേപ്പൂരേക്ക് താമസം മാറ്റി. കൂടെയുണ്ടായിരുന്ന മക്കൾ ജസീലയും ജാസ്മിനും നഗരത്തിലെ സ്കൂളിലും കോളേജിലും പഠിച്ചുമിടുക്കരായി. ഒരു പക്ഷേ തൊട്ടിൽപ്പാലത്ത് തന്നെ തങ്ങി വീട്ടുകാർ പറയുന്നതും കേട്ടിരുന്നെങ്കിൽ ജസീലയും ജാസ്മിനും നേരത്തേ വിവാഹിതരായി മക്കളും പ്രാരാബ്ധങ്ങളുമായി കഴിഞ്ഞേനേ. ഉമ്മർക്ക വരുമ്പോൾ മാത്രം ഇവിടേക്ക് വരും. അമ്മയുമായുള്ള ബന്ധത്തിന് മാത്രം ഒരു മാറ്റവും ഉണ്ടായില്ല. അമ്മ നാരായണിയെ പച്ചയ്ക്ക് പേര് വിളിക്കുന്ന ഉമ്മർക്കാനെ തിരുത്തിയതുപോലും സൈനുമ്മയാണ്. അമ്മയുടെ ഇളയ സഹോദരനായ വേണുമാമൻ ഒരിക്കൽ പഞ്ചായത്ത് മെമ്പറായതിൽ പിന്നെ മാമൻ ഇപ്പോഴും നാട്ടുകാർക്ക് വേണുമെമ്പറാണ്. വേണു മാമനും ഉമ്മർക്കയും ഒപ്പരം പഠിച്ചവരാണ് എന്നും പറഞ്ഞ് അമ്മയ്ക്ക് ഇവരോടൊക്കെ എപ്പോഴും പ്രത്യേകസ്നേഹവുമാണ്.
ജസീല പഠിച്ച് നഴ്സായി. ജാസ്മിൻ ഗവേഷണ വിദ്യാർഥിനിയാണ്. ജാനകിക്കാട് കാണാൻ വന്ന ജാസ്മിനെ യാദൃച്ഛികമായി കണ്ടുമുട്ടിയതാണ്. അത്തരം യാത്രകളൊക്കെ കുറവാണ്. അമ്മയുടെ വീട് അതിനടുത്തായതുകൊണ്ട് കുടുംബസമേതം തന്നെ ജാനകിക്കാട് വരെ പോയി. പുതിയ സാധ്യതകളെക്കുറിച്ച് ജാസ്മി സംസാരിച്ചപ്പോൾ താൽപര്യമായി. അങ്ങനെ ജീവിതം നഗരത്തിൻറെ ഭാഗമാക്കാം എന്നൊക്കെ ചിന്തിക്കാൻ തുടങ്ങിയതും വേറിട്ട അനുഭവങ്ങൾ.
സ്നേഹലതയെ പരിചയപ്പെടുമ്പോൾ തനിക്ക് എന്ത് വിഷമവും എപ്പോൾ ചെന്ന് പറയാനും കഴിയുന്ന സ്ത്രീ എന്ന് തോന്നിയെങ്കിലും കൃത്യമായ അകലം അവർ പാലിക്കുന്നുണ്ടെന്ന് മനസിലായി. അൽപ്പം നിരാശയോടെ ഇരിക്കുമ്പോൾ ജാസ്മിന്റെ ഫോൺ വന്നു.
"മാലിനിയേച്ചീ ആതിര ഇപ്പോ വരും. ഏച്ചിക്ക് സ്റ്റേ വേണമെങ്കിൽ ഓള്ടെ കൂടെ പോവാം’’.
"മാലിനി പ്ലീസ് സെൻഡ് യുവർ സി.വി"എന്നു പറഞ്ഞ് സ്നേഹലത ഒരു കഷണം പേപ്പറെടുത്ത് മെയിൽ ഐഡി എഴുതിത്തന്നതും ഓർക്കുന്നു. അധികം വൈകാതെ ആതിരയെ കാണാൻ പോകാം എന്നു കരുതി ഉച്ചയ്ക്ക് കുഞ്ഞുങ്ങളെ ഉറക്കാനായി സ്പോട്ടിഫൈ ഓണാക്കി താരാട്ടുപാട്ടുകൾ കേൾപ്പിക്കാറുണ്ട്. കുഞ്ഞുങ്ങൾ ചിലപ്പോൾ ഉറങ്ങാറുണ്ട്. ചിലർക്ക് ഊരിയിറങ്ങണം. അപ്പോൾ കൂട്ടത്തിൽ സ്മാർട്ടായ രുദ്രൻ പാടുന്നുണ്ടായിരുന്നു;
"മുട്ടോളം മൂടിയല്ലോ
ചോണനുടുമ്പ്
തട്ടീറ്റും മുട്ടീറ്റും
പോക്ന്നില്ല''
ആ പാട്ട് മാലിനിയിലും ഒരു സന്തോഷമുണ്ടാക്കി.
മുറ്റത്തെ പാർക്കിലേക്ക് പോകാൻ ഹെൽപ്പർ ഷീബയോട് പറഞ്ഞു. നിന്ന നിൽപ്പിൽ ഫോൺ കയ്യിലെടുത്ത് നെറ്റ് ഓണാക്കി.
"മഴയിൽ
മഴയുടെ തണുപ്പറിഞ്ഞില്ല
വേനലിൽ വേനൽച്ചൂടറിഞ്ഞില്ല.
കളിനിർത്തി കുട്ടികൾ പിരിഞ്ഞു
പകൽമാറി ഇരുൾ നിറഞ്ഞു
റാന്തൽ വിളക്കിലെ മണ്ണെണ്ണ വറ്റി
എന്നിട്ടും
കിളിയൊഴിഞ്ഞ കൂട്
ചില്ലയോടൊട്ടിനിൽക്കുംപോലെ..."
റാന്തൽ വിളക്ക് എന്ന് കണ്ടതും ചിരി വന്നു. എൺപതുകൾ വിടാത്ത ഒരാളുടെ ഭാവനാലോകം. കൊള്ളാം. അതുകഴിഞ്ഞ് ചന്ദ്രമോഹന്റെ ഇന്നലത്തെ ചെറിയൊരു പോസ്റ്റും കണ്ണിൽപ്പെട്ടു.
"ജ്ഞാനസരസ്വതിയെ കാമരൂപിണിയായി ആരാധിക്കുന്ന ശ്രീലങ്കൻ ജനതയും നമ്മുടെ ജനതയും തമ്മിൽ വലിയ വ്യത്യാസം ഒന്നും തന്നെയില്ല. ആനന്ദം അന്വേഷിക്കുന്ന മനുഷ്യർ യഥാർഥത്തിൽ കാമാന്വേഷികളാണ്. മനുഷ്യന്റെ കാമത്തെ അതിന്റെ പാരമ്യതയിലെത്തിക്കാൻ ഓരോരുത്തരും വ്യാപൃതരാവുന്നു. അതുകൊണ്ടുതന്നെ ജ്ഞാനസരസ്വതിക്ക് കാമശരീരവും ഉണ്ട്’’.
രണ്ടാമത്തെ എഴുത്ത് കണ്ടാവണം, ചന്ദ്രമോഹൻ മാഷ് വെടക്കാണ് എന്ന് തന്റെ ബാല്യകാലസുഹൃത്ത് മഹേഷ് സ്വരം താഴ്ത്തി പറഞ്ഞത്. ഇത്രയും കാലമായിട്ടും തന്നെ മനസ്സിലാക്കാത്ത മഹേഷ് തന്നെ മറ്റൊരു തരത്തിൽ വെടക്ക് എന്ന് സംശയിച്ചു പോയി. ചന്ദ്രമോഹനിൽ ജാതിബോധമുള്ളത് ശരി തന്നെ. ഈയിടെ സുധീഷ് നായർ എന്ന ഐഡിയിൽ ഫേസ്ബുക്കിൽ സജീവമായ, തന്റെ കൂടെ പഠിച്ച സുധീഷിനേക്കാളും ഭേദമാണ്.
മറ്റൊരു ദിവസം ആതിരയെ വീണ്ടും കാണാനിടയായതോർത്തു. യൂനിവേഴ്സിറ്റിയിൽ ജോലിയുള്ള ഒരു കൂട്ടുകാരിയെ കണ്ടു മടങ്ങുമ്പോൾ ചെറിയൊരു തലവേദന തോന്നി. മിൽമയുട ടീസ്റ്റാളിൽ കയറി ചായയ്ക്ക് പറഞ്ഞപ്പോൾ ആതിരയെയും കറുത്ത് ചുരുണ്ട മുടിയുള്ള ഒരു സുന്ദരിക്കുട്ടിയെയും കണ്ടു. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ജെറെ എന്ന നൈജീരിയക്കാരിയാണ്. അഞ്ച് വയസ്സുകാരിയായ ജറെയെ ഓർമ്മിപ്പിക്കുന്ന അഭൗമസൗന്ദര്യം. അമ്മൂനെ പോലെ ഉണ്ടല്ലോ എന്നോർത്ത് സ്നേഹം തോന്നി കൈ പിടിച്ചെങ്കിലും ആ കുട്ടി അത്ര അടുപ്പം കാണിച്ചില്ല.
"മാലിനിയേച്ചീ ഇന്ന് പോണ്ടാ, വീട്ടിൽ വന്ന് ഫ്രഷായിറ്റ് നാളെ പോകാം’’ എന്ന് ആതിര പറഞ്ഞെങ്കിലും മനസുകൊണ്ട് ഒരു അകൽച്ച വന്നു. അടുത്ത നിമിഷം കൂടെ പോകാം എന്നായി. തനിക്ക് ഇവരുടെ ലോകങ്ങൾ അറിയാമല്ലോ. അങ്ങനെ അവരുടെ തന്നെ വണ്ടിയിൽ ബീച്ചിലുള്ള വിശാലമായ വാടകവീട്ടിൽ പോയി. വാടക ഒന്നും തരണ്ട ഈ വീട്ടിൽ തനിക്ക് താമസിക്കാം ജോലിയും അന്വേഷിക്കാം എന്നൊക്കെയായി ആതിരയുടെ പുതിയ വാഗ്ദാനങ്ങൾ.
വാഷ്റൂമിൽ പോയപ്പോൾ തന്നെ വരേണ്ടിയിരുന്നില്ല എന്നായി. തറയ്ക്ക് വഴുവഴുപ്പ്. അറപ്പ് തോന്നി. തെന്നി വീഴാഞ്ഞത് ഭാഗ്യം. വേറെ വസ്ത്രങ്ങളൊന്നും എടുത്തിട്ടില്ല. മക്കളും വീട്ടിൽ താനില്ലെങ്കിൽ വിഷമിക്കും. എന്തെങ്കിലും നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് ആലോചിച്ചിരുന്നപ്പോൾ ഒരു പെൺകുട്ടി വയറുപൊത്തിപ്പിടിച്ച് കരയുന്നു. ''എന്താ കുട്ടീ കാര്യം. പിരീഡ്സാണോ?’’ എന്നന്വേഷിച്ചപ്പോൾ അബോർഷൻ ചെയ്തതാണ് എന്ന മറുപടി പെട്ടെന്നുതന്നെ തരാൻ കാരണം, ആതിരയുടെ സുഹൃത്ത് ആയതുകാരണമാവണം. മറ്റൊന്നും ആലോചിക്കാതെ "മാരീഡാണോ?" എന്ന തന്റെ ചോദ്യം കടുത്തിരുന്നു.
‘‘മാരീഡല്ല. എൻറെ ലവർ തന്നെയാ കൂടെ വന്നതും ഡോക്ടറെ കണ്ടതും. ആതിരേച്ചി വന്നതുകൊണ്ട് വലിയ ചോദ്യോം പറച്ചിലും ഒന്നും ണ്ടായില്ല’’.
ആതിര ഇതിനെയൊക്കെ നിസ്സാരമാക്കുന്നതുപോലെ ചിരിച്ചുകൊണ്ടിരുന്നു. പിന്നെ ഒരു സിഗരറ്റെടുത്ത് കത്തിച്ചു.
"ഫുഡ് വാങ്ങാൻ ഫണ്ട് വേണം, ജാസ്മി തന്നെ പോയി എന്തേലും വാങ്ങ്’’, തമാശരൂപത്തിൽ ഇങ്ങനെ പറയുമ്പോഴും ഒരു കൽപ്പനയുടെ സ്വഭാവം വ്യക്തമായിരുന്നു. സിഗരറ്റ് വലിച്ചുകൊണ്ട് കാലിൻമേൽ കാൽ കയറ്റിവെച്ചിരുന്നു.
ജാസ്മിയെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ എന്നൊരു തോന്നലുണ്ടായി. അടിവയറ്റിൽ നിന്ന് തീയാളിയതുപോലെ കഴിച്ചതെല്ലാം പെട്ടെന്ന് ദഹിച്ച് താനാകെ വിയർത്തു. ഗ്രീഷ്മയെ അന്വേഷിച്ചപ്പോൾ അവൾ സൗഹൃദം വേണ്ടെന്ന് വെച്ച് പോയെന്നറിഞ്ഞു.
ജാസ്മിനോട് "നീ കൂടെ ബസ്സ്റ്റോപ്പ് വരെ വരണം" എന്ന് കാർക്കശ്യത്തോടെ തന്നെ പറഞ്ഞു. ജാസ്മിൻ തന്റെയൊപ്പം വരുമ്പോൾ പേടിച്ചരണ്ട ഒരു കുട്ടിയുടെ ഭാവത്തിൽ, "ആതിര പാവമാണ്, കണ്ടില്ലേ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കാമുകൻ ചതിച്ചപ്പോൾ കൂടെ നിന്ന് നോക്കുന്നത്’’.
"അങ്ങനെയാണോ എന്നാൽ എനിക്കങ്ങനെ വിശ്വസിക്കാൻ പറ്റുന്നില്ല മോളേ. നീയും ഈ ഗ്യാങ്ങിൽപെട്ട് ഭാവി നശിപ്പിക്കരുത്. ഇതൊന്നുമല്ല സ്വാതന്ത്ര്യത്തിന്റെ ലോകം. സൈനുമ്മയും നാരാണ്യമ്മയും ഉണ്ടാക്കിയ ലോകത്തിനപ്പുറമൊന്നും ഒരു പെണ്ണിനും ചിറകുകളില്ല’’.
നമുക്ക് നോക്കാം എന്ന് ജാസ്മിൻ പറഞ്ഞപ്പോഴേക്കും ബസ് വന്നു.
സ്നേഹലത വിളിച്ച് ഫണ്ട് പിരിവിനെക്കുറിച്ചും ആക്റ്റിവിസത്തെക്കുറിച്ചും പറയുമ്പോൾ ആവേശം തോന്നുകയും ആതിരയുടെ ഇടപെൽ ഉണ്ടാവുമ്പോൾ ഒട്ടും താൽപര്യമില്ലാതെ വല്ല കടയിലും സെയിൽസ്ഗേൾ ആകുന്നതാണ് ഇതിലും അന്തസ്സ് എന്ന് തോന്നിപ്പോവുകയും ചെയ്തു. എന്നാൽ ഇതൊക്കെ ഒരു എക്സ്പീരിയൻസായി എടുക്കാൻ മഹേഷ് പറഞ്ഞു. ഇനി അതുവഴി പോവുകയാണെങ്കിൽ സുരേഷിനെ കൂടെ കൂട്ടിയിട്ടേ പോകാവൂ എന്നും. സുരേഷ് തന്റെ ഒരു കാര്യത്തിലും ഇടപെടാതെ മാറിനിൽക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ പോയ കാര്യത്തെക്കുറിച്ചൊന്നും ചോദിച്ചതുമില്ല. പറഞ്ഞതുമില്ല.
സ്നേഹലതയും ഒത്തുള്ള ഫോട്ടോ സ്റ്റോറിയായി ഇട്ടപ്പോൾ കണ്ണൻ വിളിച്ച്, ഓപ്പോക്കെങ്ങന്യാ സ്നേഹലത മാമിനെ അറിയുന്നേ എന്ന് ചോദിച്ചു. കുഞ്ഞമ്മയുടെ മകൾ അമ്മു വിളിക്കുന്നതു കേട്ടാണ് ഈ ഓപ്പോൾ വിളി. കുഞ്ഞമ്മയുടെ ചെറുപ്പകാലത്ത് വായിച്ച മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകളിലെ കഥാപാത്രങ്ങളിൽ ഓപ്പോൾ ഉണ്ടല്ലോ. അന്ന് ആ വിളി വ്യത്യസ്തം എന്ന് തോന്നിയെങ്കിലും ഇന്ന് തനിക്ക് അത് നാണക്കേടായി തോന്നുന്നു. മാറ്റി വിളിക്കാൻ പറഞ്ഞപ്പോൾ അത് ശീലമായിപ്പോയില്ലേ എന്നൊരു ന്യായവും. ദിവസങ്ങൾ കഴിഞ്ഞ് പിന്നീട് ഇട്ട ഫോട്ടോ ചേർത്ത പോസ്റ്റിൽ ആതിരയും ഗ്രീഷ്മയും ഉണ്ടായിരുന്നു.
അമ്മമ്മയെ കാണാൻ കുടുംബ വീട്ടിൽ അമ്മുവും കണ്ണനും വന്നപ്പോൾ സംസാരത്തിൽ ഇവരൊക്കെ വന്നു .
"ഗ്രീഷ്മയെ എങ്ങനെയാ ഓപ്പോക്ക് അറിയുന്നേ?' അത് പിന്നെ പറയാം എന്ന് ഒഴിഞ്ഞുമാറി. ആരെങ്കിലും തന്നെ ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ലല്ലോ.
‘‘ഇവിടത്തെ അമ്മായിന്റെ അനിയത്തീന്റെ മോളാ ഗ്രീഷ്മ. ആരും പറഞ്ഞാ കേക്കാത്തോണ്ട് വീട്ട്ന്ന് പുറത്താക്കി. കഷ്ടപ്പെട്ട് പഠിച്ചോണ്ട് ജോലി ആയി. പറഞ്ഞിറ്റെന്താ നയിക്കുന്നത് തീർത്തും കൂട്ടുകാർക്ക് വീതിച്ചു കൊടുക്കലാന്നോ,. എന്തെല്ലോ ആന്ന്. ഇതുപോലെ കുടുംബസ്നേഹം ഇല്ലാത്ത പെണ്ണ്. തലതിരിഞ്ഞു പോയി".
ഇതു കൂടി കേട്ടതോടെ മാലിനി, തനിക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി തോന്നിയ ആ സങ്കേതത്തിൽ നിന്ന് ജാസ്മിയെയും രക്ഷിച്ചെടുക്കണം എന്നായി. മാട്രിയാർക്കി എന്നൊരു വാക്കും തലയിൽ കയറിയിരിക്കുന്നു. മാത്രവുമല്ല, ഇനി നാളെ ജാസ്മിയും ഒരു കാമുകനാൽ ചതിക്കപ്പെടില്ല എന്ന് എന്താണുറപ്പ്? പ്രണയത്തിന്റെ അടുത്ത പടി രതി ആണല്ലോ. തനിക്കും ഇനി അത്തരം പ്രലോഭനങ്ങളിലേക്ക് പോയിക്കൂടാ എന്നൊന്നും ഇല്ലല്ലോ. നാട്ടിൻപുറത്തെ നിഷ്കളങ്കത എത്ര മാത്രം അപകടം ചെയ്യുന്നു. ഒന്ന് ശ്വാസം നേരെയാക്കി. ജാസ്മിയെ വിളിച്ച് അവിടം വിടണമെന്നു പറഞ്ഞു. ഇതിലും എത്രയോ നല്ലത് ഹോസ്റ്റലല്ലേ അല്ലെങ്കിൽ ബേപ്പൂരെ വീട്ടിൽ നിന്നാൽ പോരേ, അനുസരിച്ചില്ലെങ്കിൽ സൈനുമ്മയെ അറിയിക്കും എന്നൊരു ഭീഷണിയും.
തൊട്ടാവാടിപ്പടർപ്പുകൾക്കരികെ നിന്ന് കൊള്ള് ചാരി ഒരു സെൽഫി എടുത്തു. തിരിഞ്ഞു നടക്കുമ്പോൾ സുദേവൻ മാഷ്.
‘‘ഇഞ്ഞേടെ പോയതാ മാലിനീ?"
"ഒരു ഇൻ്റർവ്യൂ"
കെണി എന്ന് പറയുന്നതല്ലേ ശരി എന്ന ആത്മഗതവുമായി തന്റെ സെൽഫി വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിക്കൊണ്ട്
Touch me not
Touch me not എന്ന് പാടി.
വീടിനു മുമ്പിലെ പായൽ പിടിച്ച പടിക്കെട്ടുകൾ കയറിത്തുടങ്ങി. വെട്ടുകല്ല് കൊണ്ട് പണ്ടൊരിക്കൽ അച്ഛൻ പണിത ഈ പടിക്കെട്ടുകൾ എത്രയോ മഴയും വെയിലും കൊണ്ടിരിക്കുന്നു. എന്നിട്ടും കേടുപാടുകളില്ലാതെ ഉറച്ചിരിക്കുന്നു.
ഇനി ചന്ദ്രമോഹൻ മാഷിന്റെ പോസ്റ്റ് ഒന്നൂടെ വായിക്കാം എന്നായി.
only me എന്നത് മാറ്റി പബ്ബിക് ആക്കി. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്നല്ല. ചന്ദ്രമോഹൻ മാഷിൻ്റ ഫേസ്ബുക്ക് കഥകൾക്ക് ചിലപ്പോൾ സിനിമാക്കഥയുടെ ഫീൽ ഉണ്ടാവാറുണ്ട്. നാട്ടിലെ യുവാക്കൾ ഇനി ഇതുപറഞ്ഞ് കുളിര് കൊള്ളുമ്പോഴും ഭൂമി കൂടിയല്ലേ തണുക്കുന്നത്? ചുടുചോര വീഴാതെ നോക്കുന്ന, പുകയ്ക്കും ലഹരിക്കും പുറകേ പോകാതെ ഇവരുടെയൊക്കെ ധമനികളിൽ സ്നേഹം ഒഴുകുന്നെങ്കിൽ ഒഴുകിക്കൊണ്ടിരിക്കട്ടെ. കത്തിക്കുത്തോ തമ്മാമിൽ കണ്ടുടാത്തതോ ഒന്നും അല്ലല്ലോ?
മുറ്റത്ത് നിറഞ്ഞ മഹാഗണിയുടെ പച്ചയും പഴുത്തതുമായ ഇലകൾ കീറിയെടുത്ത് എം എന്നും ഇ എന്നും ഇംഗ്ലീഷിൽ എഴുതിയത് നോക്കിക്കൊണ്ട് "സൂ എനിക്കൊരു ചായ ണ്ടാക്കിത്താ" എന്ന് കടുപ്പത്തിൽ തന്നെ സുരേഷിനോട് ആവശ്യപ്പെട്ടു.