ചിത്രീകരണം: ദേവപ്രകാശ്

രിവെയിലത്ത് കാടും പടലും താണ്ടി ചെങ്കുത്തായ മലകയറി വന്നതിന്റെ കിതപ്പും, തളർച്ചയും, എന്റെ ശബ്ദത്തിലുണ്ടായിരുന്നെങ്കിലും ‘ഇഷ'യോട് പറയാൻ പോകുന്ന പ്രേതാനുഭവത്തിന്റെ ഭീതിയും, തീവ്രതയും മരണപ്പാച്ചിലിനിടെ കൈകാലുകളിൽ തറച്ചുകയറുകയും തൊലിപ്പുറത്ത് കീറലുണ്ടാക്കുകയും ചെയ്ത, ഇല്ലിയുടെയും, തൊടലിയുടെയും, ഇഞ്ചയുടെയും മുള്ളുകൾ ചോർത്തിക്കളഞ്ഞോ എന്നൊരു സംശയം എനിക്കുണ്ടായി.

വിയർപ്പിന്റെ ഉപ്പേറ്റ മുറിവുകൾ വാക്കുകൾക്കുമീതേ നീറ്റലുണ്ടായി.

ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് ‘ഇഷ'യെ ഞാൻ പരിചയപ്പെട്ടത്.
അൽപം മാദകത്വം കലർന്ന അപൂർവ സൗന്ദര്യമുള്ളൊരു പെൺകുട്ടിയായിരുന്നു അവൾ. പാരമ്പര്യത്തിന്റെയും ധനസ്ഥിതിയുടെയുമൊക്കെ അടയാളങ്ങൾ അവളുടെ രൂപത്തിലുണ്ടായിരുന്നു. ആരെയും കൂസാത്ത നോട്ടവും മുഖഭാവമുള്ള ഇരുപതുകാരി.

വെയിലേറ്റ് പഴുത്ത ഒരുച്ചനേരം.
ആളുകൾ ഓരോരുത്തരായി കൊഴിഞ്ഞുകൊഴിഞ്ഞൊടുവിൽ കമ്പാർട്ട്‌മെന്റിൽ ഞാനും അവളും മാത്രമായി. എന്റെ കണ്ണുകൾ കൈയ്യിൽ നിവർത്തിപ്പിടിച്ചിരുന്ന പുസ്തകത്തിൽ നിന്ന്​ അവളുടെ മുഖത്തേക്ക് നീണ്ടുചെന്നു.
എന്റെ നോട്ടം ഒഴിവാക്കാനായവൾ, എന്റെ കൈയ്യിലിരുന്ന പുസ്തകത്തോളം തന്നെ പോന്ന അവളുടെ ഫോണിലേക്ക് മിഴികൾ താഴ്ത്തി, വിരലുകൾ കൊണ്ടെന്തോ തോണ്ടിക്കളിച്ചുകൊണ്ടിരുന്നു.

പെട്ടെന്നവളുടെ ഫോണിന്റെ സ്‌ക്രീനിലേയ്ക്ക് കറുത്ത രക്തത്തുള്ളികൾ വീണ് ചിതറി. ഞാൻ നോക്കിയിരിക്കുകയായിരുന്നു അത്. ആപ്പിൾ ഐ പാഡിന്റെ മറിമായമല്ല അതെന്ന് തിരിച്ചറിയാനവൾക്ക് കുറച്ചുനിമിഷങ്ങൾ വേണ്ടിവന്നു. ചോരത്തുള്ളികൾ കറുപ്പിൽ നിന്ന്​ ചുവപ്പിലേക്ക് പടരാനെടുത്ത സമയം. കുറച്ചു കാലങ്ങൾക്കുമുമ്പായിരുന്നെങ്കിൽ, എന്റേതുപോലെ നിവർത്തി വച്ചൊരു പുസ്തകത്താളിൽനിന്ന്​ നിസാരമായതവൾക്ക് ചോര എന്ന് വായിച്ചെടുക്കാമായിരുന്നു.

അവസരം പാഴാക്കാതെ ഞാൻ ഒരു അതിക്രമം പ്രവർത്തിച്ചു. എന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ, ഫ്രീസറിന്റെ തണുപ്പു മാറാത്ത വെള്ളം അവളുടെ തലയിലേക്കൊഴിച്ചു. അവളാകെ ഭയന്ന് ചാടിയെഴുന്നേറ്റ്, തന്റെ മൂക്കിൽ നിന്ന്​ ചോർന്നുപോയ ചോരയ്ക്ക് ഞാനാണുത്തരവാദി എന്ന മട്ടിൽ എന്നെ നോക്കി.

ചൂടിന്റെയാണെന്നും, സ്ഥിരമായി ഇങ്ങനെ ചോര വരാറുണ്ടെങ്കിലത് ‘ഫീനിസം' എന്ന ചെറിയൊരു അസുഖമാണെന്നും ഞാനവളോട് പറഞ്ഞു.

ലാഘവത്തോടെ നിസാരമായാണത് ഞാനവളോട് പറഞ്ഞത്.

‘പീനിസമോ, അതെന്താണ്..?’ എന്നവൾ ഒട്ടും മയമില്ലാതെ രീതിയിൽ എന്നോട് ചോദിച്ചു. ഫീനിസം ‘ലുക്കീമിയ' പോലൊരു മാരകരോഗമല്ലെന്നും അത് ചൂടേറ്റ് മൂക്കിലേക്കുള്ള നേർത്ത ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന ബ്ലീഡിംഗാണെന്നും, ഒരു ഡോക്ടറുടെ വൈദഗ്ധ്യത്തോടെ ഞാനവളോട് പറഞ്ഞു.

എന്നോടെന്തെങ്കിലും പറയാനുള്ള വൈമനസ്യം കൊണ്ടാകാം, ട്രെയിനിന്റെ ജനലിലൂടവൾ പുറത്തേക്ക് നോക്കിയിരുന്നു. ഞാനെന്റെ ബാഗിൽ നിന്ന്​ചുവന്നൊരു തോർത്തെടുത്ത് അവൾക്ക് നീട്ടിയെങ്കിലും, അവളത് വാങ്ങാതെ ‘നോ താങ്ക്‌സ്’ പറഞ്ഞു. പകരം തന്റെ ഹാൻഡ് ബാഗിൽ നിന്ന്​ വെളുത്തൊരു കർച്ചീഫ് എടുത്ത് കണ്ണും മുഖവുമെല്ലാം തുടച്ചു.

അവളുടെ ചോരയിൽ കുതിർന്നുപോകാനുള്ള വലിപ്പമേ അതിനുണ്ടായിരുന്നുള്ളൂ.

തുടർന്നുള്ള യാത്രയിലവൾ പേരും, വീട്ടുവിവരങ്ങളും പഠിപ്പുകാര്യങ്ങളുമൊക്കെ എന്നോട് പറഞ്ഞു.

വീട്ടിലവൾ ഒറ്റമോളാണ്. രണ്ട് ചേട്ടൻമാരുണ്ട്. അച്ഛൻ ബാങ്ക് മാനേജരും, അമ്മ കോളേജ് പ്രൊഫസറുമാണ്.

ട്രെയിനിൽ നിന്നുമിറങ്ങും മുമ്പേ ഞാൻ അവളുടെ ഫോൺ നമ്പർ കൂടി വാങ്ങിയിരുന്നു. എന്തോ പറയാൻ ബാക്കിയുണ്ട് എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ ഞാനവളോട് യാത്രപറഞ്ഞിറങ്ങി.

ഞാനിറങ്ങിപ്പോകുന്നത് നോക്കാതവൾ മറ്റെവിടെയോ കണ്ണുനട്ടിരുന്നു. അത് മനപ്പൂർവ്വമായിരുന്നോ എന്നെനിക്കറിയില്ല.

അവളുടെ രൂപവും സ്വഭാവവും എന്നെയും, എന്റെ ഫോൺവിളികൾ അവളെയും അസഹ്യമാംവിധം അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്ന ദിവസങ്ങളിലൂടെയും, മണിക്കൂറുകളിലൂടെയും, നിമിഷങ്ങളിലൂടെയുമാണിപ്പോൾ ഞങ്ങൾ കടന്ന് പോയ്‌ക്കൊണ്ടിരുന്നത്. അവളുടെ ഭാഗത്തുനിന്ന്​ ഒരു പൊട്ടിത്തെറിയോ ‘മേലാലെന്നെ വിളിക്കരുത്' എന്നൊരു വെട്ടിമുറിക്കലോ ഭയന്നായിരുന്നു അവൾക്കുള്ള എന്റെ ഓരോ കോളുകളും.

മിക്കപ്പോഴുമവൾ കോളെടുക്കാറില്ല. എടുത്തിട്ട് ചിലപ്പോൾ കട്ട് ചെയ്ത് വിടും. ഞാനപ്പോൾ വല്ലാത്തൊരു നിർബന്ധബുദ്ധിയോടെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരിക്കും. എനിക്ക് ഫോൺ നമ്പർ തന്ന നിമിഷത്തെ അവൾ ശപിക്കുന്നുണ്ടാകും. തന്റെ ഇരുപത് വയസ്സിന്റെ യുവത്വവും സൗന്ദര്യവുമൊന്നും എന്നെപ്പോലൊരു ‘കാട്ടുവാസി’ക്കുവേണ്ടി കാത്തുവയ്‌ക്കേണ്ട കാര്യം അവൾക്കില്ലല്ലോ എന്ന ചിന്ത എന്നെ അസ്വസ്​ഥപ്പെടുത്തിക്കൊണ്ടിരുന്നു.

ട്രെയിനിൽ നിന്നിറങ്ങിപ്പോരുന്നതുവരെ അവൾക്കെന്നോടുണ്ടായിരുന്ന മതിപ്പ്, അസമയത്തുള്ള ഫോൺ വിളികളും മെസ്സേജുകളും കൊണ്ട് ഞാൻ തന്നെ ഇല്ലാതാക്കി. അവളിലേക്കുള്ള എന്റെ വഴികളും ദൂരവും ദിവസം ചെല്ലുന്തോറും ഇടുങ്ങിയതും ദുർഘടവുമായിക്കൊണ്ടിരുന്നു. എന്റെ ലക്ഷ്യമാവട്ടെ അവളിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്തു.

‘ഇഷ’യെ കുറിച്ചുള്ള അറിവുപോലും എനിക്ക് മാലതിയെക്കുറിച്ചുണ്ടായിരുന്നില്ല.

അവളുടെ പേര് മാലതി എന്നാണെന്നും ഊര് ഗൂഡല്ലൂരാണെന്നുമൊക്കെ എന്റെ ഒരു തോന്നലായിരുന്നു. അവളുടെ മെലിഞ്ഞൊട്ടിയ കൈകളിൽ പിത്തളകൊണ്ടുള്ള നിറം മങ്ങിയ ഒരു വളയുണ്ടായിരുന്നു. അസ്ഥികൂടം പോലുള്ള കഴുത്തിൽ പൊട്ടിപ്പൊളിഞ്ഞൊരു മുത്തുമാലയും. നീളമേറിയ അവളുടെ കറുത്ത മുടിയിഴകളധികവും കൊഴിഞ്ഞുപോയിരുന്നു.

നീലയും, കടും വയലറ്റും,കലർന്ന അവളുടെ വസ്ത്രങ്ങളാകെ വെയിലും മഴയുമേറ്റ് കീറിപ്പറിഞ്ഞിരുന്നു. ഈ ലോകത്തൊരു സ്ത്രീയും എത്തിപ്പെടാൻ സാധ്യതയില്ലാത്തൊരു സ്ഥലത്തുവെച്ചായിരുന്നു അവളെ ഞാൻ ആദ്യവും, അവസാനവുമായി കണ്ടത്.

ഇഷയോടത് പറയാനെന്റെ മനസ്സ് വെമ്പി. ഞാനവളെ വിളിച്ചുകൊണ്ടേയിരുന്നു. നാലാം വട്ടമവൾ കോൾ എടുത്തു.

‘ഇഷ കോൾ കട്ട് ചെയ്യരുത് പ്ലീസ്, എനിക്കൊരത്യാവശ്യ കാര്യം പറയാനുണ്ട്, അത് കഴിഞ്ഞ് കട്ടാക്കിക്കോ.’

‘എന്താ പറയൂ, എന്തിനാ ഇങ്ങനെ കിതക്കുന്നെ?'

‘ഇഷയിതാരോടും പറയില്ലെന്നെനിക്കുറപ്പ് തരണം.'

‘എന്താ കാര്യംന്ന് പറ.’

‘ആദ്യം മറ്റൊരാളിതറിയില്ലെന്നുറപ്പ് താ.’

‘ആദ്യം കാര്യം കേൾക്കട്ടെ, എന്നിട്ട് തീരുമാനിക്കാം.'

‘പേടിക്കണ്ട, ഇഷയെ ഇഷ്ടമാണെന്ന് പറയാനൊന്നുമല്ല.'

‘എനിക്കെന്ത് പേടി. പറയുന്നത് ഞാനല്ലല്ലോ.’

‘ഓകെ, ഓകെ... അത് വിട്, ഇഷ കട്ട് ചെയ്യല്ലേ, ഞാൻ പറയാം, ഇഷയിത് പുറത്താരോടേലും പറഞ്ഞാ എനിക്കപകടമാണ്. അതുകൊണ്ടാണ് ആരോടും പറയരുതെന്ന് പറഞ്ഞത്.'

‘എന്തിനാ പേടിക്കുന്നെ, ഞാൻ പറഞ്ഞാൽ തന്നെ എനിക്കറിയാവുന്നവർക്കൊന്നും ഇയാളെ അറിയില്ലല്ലോ? പിന്നെന്താ പ്രശ്‌നം?'

‘എങ്കിലും ആരോടും പറയരുത്.'

‘താൻ പറയുന്നുണ്ടേൽ പറയ്, അല്ലെങ്കി ഞാൻ വെച്ചിട്ട് പോകും.'

‘ഇഷ, ഞാരൊരിടത്തൊരു പെണ്ണിന്റെ ശവം കണ്ടു. ഒരു തമിഴത്തിപ്പെണ്ണിന്റെ.’

‘ശവമോ, എവിടെ?'

‘അരിവിക്കുഴീൽ', പഴകിദ്രവിച്ച് അസ്ഥികൂടം മാത്രമേയുള്ളൂ.
മൂന്നാല് മാസത്തെയേലും പഴക്കം കാണും, നീണ്ട മുടിയുള്ള ഒരു പെണ്ണ്. കൈയ്യിലൊരു ചെമ്പുവളയും, കുറേ കുപ്പിവളകളുമുണ്ട്. കഴുത്തിലൊരു മുത്തുമാല കിടപ്പുണ്ട്. വയലറ്റ് നിറത്തിലൊരു ചുരിദാറും കരിനീല നിറമുള്ളൊരു പാൻസുമാണവളുടെ വേഷം. കണ്ണിന്റെ സ്ഥാനത്ത് ഇരുട്ടുപോലെ രണ്ട് കുഴികൾ. മൂക്കും ചിറിയുമെല്ലാം വെയിലും മഴയുമേറ്റ് അലുത്ത് പോയിരുന്നു. വായൽപം തുറന്ന പടി രണ്ട് നിരപല്ലുകൾ മാത്രം കാണാം. മരണസമയത്തെ കരച്ചിലും വേദനയുമൊക്കെ മാറി. ഇപ്പോഴൊരു പേടിപ്പെടുത്തുന്ന ചിരി മാത്രമാണവളുടെ മുഖം.’

ഇത്രയും പറഞ്ഞ ശേഷം, ‘ഞാനാകെ ടയേഡാണ്, കുറച്ച് കഴിഞ്ഞ് വിളിക്കാം'എന്നുപറഞ്ഞ് അവളുടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.

കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറിയ ഞാൻ മുള്ളുകൊണ്ട് കീറിയ മുറിവുകളിൽ തണുത്ത വെള്ളം വീണിട്ടും നീറ്റലറിയാതെ മാലതിയുടെ നിശ്ചലാവസ്ഥക്കടുത്തുചെന്ന് ഏറെനേരം നിന്നു.

കുളികഴിഞ്ഞ് തോർത്തിവന്നപ്പോഴേക്കും എന്റെ ഫോണിൽ ഇഷയുടെ നാലഞ്ച് മിസ്ഡ് കോളുകൾ കണ്ടു. മനസ്സിൽ സന്തോഷത്തിന്റെയും ഉൽസാഹത്തിന്റെയും ഒരു തള്ളിക്കയറ്റമുണ്ടായി. അന്ന് ട്രെയിനിൽ നിന്നിറങ്ങിപ്പോന്നതിനുശേഷം ഇപ്പോൾ എനിക്ക് വല്ലാത്തൊരു ശാന്തതയും സമാധാനവും അനുഭവപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ച്​ ദുഃസ്വപ്നങ്ങളുടെയോ, ആശങ്കകളുടെയോ അലട്ടലൊന്നുമില്ലാതെ സുഖമായൊന്നുറങ്ങി.

ഉണർന്നെണീക്കുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ചാടിപ്പിടഞ്ഞെണീറ്റ് ഫോണെടുത്തുനോക്കി. 12 മിസ്ഡ് കോളുകളും, പ്ലീസ് കോൾ മി... എന്നൊരു മെസേജും.

ഇനി ഒരിക്കലുമവളോട് സംസാരിക്കാനായില്ലെങ്കിലും ഞാൻ സമാധാനത്തോടെ ജീവിക്കും എന്നൊരു വിശ്വാസത്തിൽ, ഇഷയെ വിളിക്കുന്നത് ഞാൻ രാത്രിയിലേക്ക് നീട്ടിവച്ചു.

രാത്രി, പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഞാൻ വിളിച്ചതേ അവൾ കോൾ എടുത്തു.

‘എന്താ, ഇത്രേം നേരമായിട്ടും വിളിക്കാഞ്ഞത്?', ലേശം പരിഭവം കലർത്തി അവൾ ചോദിച്ചു.
അതെനിക്ക് വല്ലാത്ത ഊർജം പകർന്നു.

‘കിടന്നുറങ്ങിപ്പോയി, ഇന്ന് രാത്രിയെനിക്കുറങ്ങാൻ പറ്റില്ലല്ലോ...'

‘ഈ അരുവിക്കുഴി എവിടാണ്?'

മറ്റൊന്നിലേക്കും പോകാതവൾ ‘മാലതി'യിലേക്കുതന്നെ വന്നു.

‘‘ഇഷയ്ക്ക് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ ഞാനത് വിശദമായി പറയാം. അല്ലെങ്കിൽ ‘ഇവിടടുത്ത്' എന്നൊറ്റവാക്കിൽ പറയാം.''

''വിശദമായിതന്നെ പറഞ്ഞോളൂ. ഞാൻ പതുക്കയേ സംസാരിക്കൂ. പപ്പേം മമ്മീം വെല്ലിമ്മച്ചീം ചേട്ടനുമൊന്നും കിടന്നിട്ടില്ല.'

‘‘ഓകെ, ഞാൻ പറയാം. ആരോടെങ്കിലും ഇത് പറയാതെ എനിക്കും സമാധാനമില്ല. ഇഷയോട് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിക്കടുത്താണ് എന്റെ വീട്. കേരളത്തിനുതാഴെ തമിഴ് നാടിന്റെ ചെങ്കുത്തായ പാറക്കെട്ടുകളും മലനിരകളും വനഭൂമികളുമാണ്. കേരളത്തിൽ നിന്നൊഴുകിപ്പോയി കീഴ്​ക്കാംതൂക്കായ ഒരു മലയിൽ നിന്ന്​ രണ്ടായിരം അടി താഴ്ചയിലേക്ക് അലറിച്ചാടുന്ന ഒരു കാട്ടരുവിയുണ്ടിവിടെ. ഭയപ്പെടുത്തുന്ന ആഴങ്ങളിലേക്കാണാ അരുവി നുരഞ്ഞുകുത്തി, മഞ്ഞുപോലെ പടർന്ന് പോകുന്നത്. അതിന്റെ അടിവാരത്തേക്കുനോക്കിയാൽ ഒരു സ്വപ്നം പോലെയേ തോന്നൂ. അരുവി ചെന്ന് കുത്തുന്നിടം നിബിഢമായ വനപ്രദേശമാണ്. അരുവിയുടെ മഞ്ഞേറ്റ് നനഞ്ഞ് പായൽ പിടിച്ച് നിൽക്കുന്ന വൻമരങ്ങളും വള്ളിപ്പടർപ്പുകളും പാറക്കൂട്ടങ്ങളുമാണവിടെ. കാട്ടിലൂടെ അരുവിക്കൊപ്പം അവിടെ നിന്ന്​താഴേക്കിറങ്ങിയാൽ പാറയിടുക്കുകളിലും മരവേരുകളിലും തട്ടിത്തടഞ്ഞ് നാലഞ്ച് മൈലുകൾ ചെല്ലുമ്പോൾ തമിഴ്‌നാടിന്റെ സമതലഭൂമിയിലെത്തും. നിലക്കടലയും, പച്ചക്കറികളും, തെങ്ങും, പുളിമരങ്ങളും, മുന്തിരിയുമെല്ലാമുള്ള കൃഷിത്തോട്ടങ്ങൾ, വലിയ ആട്ടിൻ പറ്റങ്ങളെയും കാലിക്കൂട്ടങ്ങളെയും കാണാം. കൃഷിത്തോട്ടങ്ങളുടെയെല്ലാം നടുവിലായി ഓലമറച്ച ഓരോ കാവൽ മാടങ്ങളുണ്ട്. അതിനുള്ളിലോരോ പാണ്ടികിഴവന്മാരും, അവരുടെ കാവൽ നായ്ക്കളുമുണ്ടാകും. അവിടെനിന്ന്​ പത്ത് മൈൽ ദൂരം പോയാൽ അങ്ങക്കരെ മലയാള മലകളോട് എതിരിട്ട് നിൽക്കുന്ന കറുത്തിരുണ്ട ചുരുളിമല നിരകളുടെ ഇരുണ്ട നീലിമ കാണാം. അരുവി കാണാനെത്തുന്ന നോർത്ത് ഇന്ത്യൻസിനും, യൂറോപ്യന്മാർക്കും, അമേരിക്കൻസിനും അറബികൾക്കും, എല്ലാം താഴെ കാണുന്ന തമിഴ്‌നാടൊരു സ്വപ്നഭൂമിയായി തോന്നും. ഭൂമിയിലെ ഏറ്റവും നല്ല ചിത്രകാരന്റെ കരവിരുത്. നിലമുഴുന്ന ട്രാക്ടറുകളുടെയും കീടനാശിനി തളിക്കുന്ന യന്ത്രങ്ങളുടെയും വിദൂരമായ ശബ്ദം അവർക്ക് കേൾക്കാനാകും. മങ്ങിയ നാലുമണിവെയിലിൽ അരിച്ചെത്തുന്ന പഴയ തമിഴ്പാട്ടുകളും, കേൾക്കാം അതിന്റെ ഉറവിടമായ, താറാക്കൂട്ടങ്ങളെ പോലെ വെയിലേറ്റ് തിളങ്ങുന്ന തമിഴ്‌നാടൻ നഗരങ്ങളും കാണാം. സന്ധ്യ മയങ്ങുന്നതോടെ അരുവിയുടെ ചുറ്റുമുള്ള പ്രദേശമാകെ വിജനമാകും, അരുവി മാത്രം ഒരലമുറയായി അവശേഷിക്കും. ചൂടും തണുപ്പും കലർന്നൊരു മലങ്കാറ്റടിക്കും, പാണ്ടി നഗരങ്ങളിലെ വൈദ്യുത വിളക്കുകളോരോന്നായി ആകാശത്തെ നക്ഷത്രങ്ങളെ പോലെ മിന്നിത്തെളിഞ്ഞുവരും. ഭീതിയുണർത്തുന്ന ആഴങ്ങൾ ഇരുൾ വന്ന് മൂടുന്നതോടെ പകൽക്കാഴ്ചയുടെ ഭയമൊടുങ്ങി. മൂടൽ മഞ്ഞ് പോലൊരു ‘ദുരൂഹത' അരുവിയെ ചൂഴ്ന്ന് താന്നിറങ്ങിവരും. ഇഷക്ക് കേൾക്കാൻ പേടിയുണ്ടോ?’’

‘ഇല്ല. ആ ബോഡി എങ്ങനാണ് കണ്ടതെന്ന് പറയൂ.’

‘അതുതന്നെയാണ് പറഞ്ഞുവരുന്നത്. അതിനു മുമ്പാ സ്ഥലത്തെക്കുറിച്ച് വ്യക്തമായി പറയേണ്ടതുണ്ട്.'

‘ശരി, പറയൂ.’

‘‘സന്ധ്യകഴിഞ്ഞാൽ പിന്നെ അവിടേക്കാരും പോകാറില്ല, അരുവിയുടെ താഴ്​വാരങ്ങളിൽ വല്ലപ്പോഴും വേട്ടക്ക് പോകുന്നവരൊഴികെ. അരുവിയിലേക്ക് ചാടി ചത്തവരുടെയും, അബദ്ധത്തിൽ അതിലേക്ക് വീണുപോയവരുടെയും ആത്മാക്കൾ ദുരന്തസ്മരണകളായി, ഇരുട്ടിനൊപ്പം മൂടൽ മഞ്ഞുപോലെ താണിറങ്ങി വരുമെന്നാണ് പറയപ്പെടുന്നത്. സന്ധ്യ കഴിഞ്ഞ് അവിടേക്ക് ചെല്ലുന്നവരെ ആ പൈശാചികശക്തികൾ അരുവിയിലേക്ക് വലിച്ചിടും. രാവിലെയവർ അരുവിക്കടിവാരത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ ചിന്നിച്ചിതറിക്കിടക്കും. ഉച്ചയോടെ അവരെ അരുവിക്കടിയിൽ നിന്ന്​ പെറുക്കിക്കെട്ടി മുകളിലേക്ക് കൊണ്ടുവരും. ശവശരീരങ്ങളുടെ ഉടയവരിൽ നിന്ന്​, പതിനായിരവും, പതിനയ്യായിരവുമൊക്കെ കൈപ്പറ്റി നാട്ടിലെ ഏറ്റവും തന്റേടവും കരളുറപ്പുമുള്ള ചേട്ടൻമാർ, മദ്യത്തിൽ മുങ്ങിയാണ് ശവമെടുക്കാനായി അരിവിക്കുഴിയിലിറങ്ങുന്നത്.

ശവമുയർത്തുന്നതിനിടയിൽ ധൈര്യവും ലഹരിയും ചോർന്ന്, സ്ഥിരബുദ്ധി നഷ്ടമായവരും, നിരന്തരം മദ്യപാനികളായി മാറിയവരുമുണ്ട് നാട്ടിൽ. കശാപ്പ് കടകളിലെ ഇറച്ചിത്തുണ്ടുകൾക്കുമുന്നിൽ കൊതിയോടെയും കൂസലില്ലാതെയും നിൽക്കുന്ന പലരും, മനുഷ്യന്റെ തലയുടെ പാതിയും, പൊട്ടിയളിഞ്ഞ കുടൽമാലയും വെളുത്ത തലച്ചോറും, മനുഷ്യമാംസത്തിന്റെ മനംമടുപ്പിക്കുന്ന വാടയുമേറ്റ് ദിവസങ്ങളോളം ആഹാരമൊന്നും
കഴിക്കാതെ തുപ്പിത്തുപ്പി നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആത്മഹത്യ ചെയ്തവരായിരുന്നു അധികവും. അപൂർവ്വമായി കമിതാക്കളും വന്ന് അരുവിയിലേക്ക് ചാടി ചിതറിപ്പോയിട്ടുണ്ട്. അവരുടേതായി നനഞ്ഞു കുതിർന്നൊരു കടലാസ് തുണ്ടും അതിനുമീതെ ചെറിയൊരു കല്ലുമുണ്ടാകും, അനാഥമായ ഒന്നോരണ്ടോ ജോടി ചെരുപ്പുകളും, ‘ആ ചെരുപ്പുകൾ', അത് വല്ലാത്തൊരു കാഴ്ച തന്നെയാണ്.

സന്ധ്യ കഴിഞ്ഞാൽ അരുവിയെയും പരിസരത്തെയും കുറിച്ചുള്ള ഭീതിയുടെ ഒരംശം പകലുകളിലും അരുവിക്കടിവാരമുള്ള വനഭൂമികളെക്കുറിച്ച് ആളുകൾക്കുണ്ടായിരുന്നു. അതേ ഭീതിയും നിഗൂഢതയും തന്നെയായിരുന്നു അരുവിക്കുഴിയിലേക്ക് എന്നെ ഇറക്കിക്കൊണ്ടുപോയതും.

പണ്ടുകാലങ്ങളിൽ ചാരായം വാറ്റാനും, മുളവെട്ടാനും, മൃഗവേട്ടക്കുമായി മാത്രമേ, ആളുകൾ അവിടേക്ക് പോയിരുന്നുള്ളൂ.

ആറേഴുവർഷങ്ങൾക്കുമുമ്പ് മുളവെട്ടാൻ പോയ ഒരു സംഘത്തോടൊപ്പമാണ് ഞാനും ആദ്യമായി അവിടേക്ക് ഇറങ്ങിച്ചെല്ലുന്നത്. കുത്തനെയുള്ള ചാട്ടത്തിന് ശേഷം അരുവിക്ക് മറ്റൊരു മുഖവും വികാരവുമായിരുന്നു. ഒരു മനുഷ്യന്റെ മുഖത്തെ നിഗൂഢതയും ഉള്ളിലെ നിഗൂഢതയും തമ്മിലുള്ള വ്യത്യാസം പോലെ, മലമുകളിലെ അരുവിക്കന്യമായ പക്ഷികളും, പുഷ്പങ്ങളും, വള്ളിപ്പടർപ്പുകളും, വനവൃക്ഷങ്ങളും അടിവാരത്തെ അരുവിയുടെ ഒഴുക്കിനുചുറ്റുമുണ്ടായിരുന്നു. രണ്ടുമൂന്നിടങ്ങളിൽ ഞെരിച്ച് കൊല്ലാൻ നിൽക്കുന്ന പാറയിടുക്കുകളെ ഭേദിച്ച് പൊട്ടി പതഞ്ഞൊഴുകുന്ന അരുവി അപൂർവസുന്ദരമായ കാഴ്ചതന്നെയാണ്. കാട്ടുവള്ളികളിൽ ഊഞ്ഞാലാടുന്ന കുരങ്ങിൻ കൂട്ടങ്ങളും, ഓർക്കിഡുകൾ പോലുള്ള വനപുഷ്പങ്ങളും, പാറയിടുക്കുകളിലും, മരപോടുകളിലും പറ്റിപ്പിടിച്ച് വളരുന്ന പച്ച തഴച്ച പായൽചെടികളും കാണാം. വേനൽ കാലത്ത് അരുവി വറ്റിവരണ്ടപ്പോൾ കരിയിലകളുടെ മറ പറ്റി ഉടുമ്പിനെയും അണലിയെയും പെരുമ്പാമ്പിനെയും കാണാം.

കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ പലവട്ടം ഞാനവിടേക്കിറങ്ങിപ്പോയി, ഒറ്റക്ക് പോകാൻ ധൈര്യമില്ലാത്തതുകൊണ്ട് നാലഞ്ച് പേരടങ്ങുന്ന പയ്യൻമാരുടെ ചെറു സംഘത്തോടൊപ്പം.
ഞാനവരെ അരുവിയുടെ അടിവാരത്തേക്ക് നയിക്കുന്ന കഥകളിൽ മ്ലാവും, കേഴയാടും, മുള്ളനും, കൂരാനും, കരിമന്തിയും എല്ലാമുണ്ടായിരുന്നു. എല്ലാറ്റിലുമുപരിയായി അവർക്കെല്ലാം ‘അരുവിക്കുഴി’യെക്കുറിച്ച് ഉള്ളിലുണ്ടായിരുന്ന ഭീതി തന്നെ അവരെ അവിടേക്ക് ഇറക്കിക്കൊണ്ടുചെന്നു.’’

‘ഇഷക്കവിടം കാണണമെന്നുണ്ടോ?’

‘കാണണമെന്നുണ്ട്. ആ കുട്ടീടെ ബോഡി കണ്ട കാര്യം പറയൂ, എനിക്കുറക്കം വരാൻ തുടങ്ങി.'

‘‘ഇന്നുരാവിലെയാണ് ഞാൻ അവസാനമായി അവിടേക്കുപോയത്. ഒറ്റക്ക് പോകാൻ അൽപം ധൈര്യക്കുറവുള്ളതുകൊണ്ട് ഒരു പയ്യനെയും ഒപ്പം കൂട്ടി. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും രണ്ട് വെട്ടുകത്തികളും എന്റൊരു ഡയറിയും ഞങ്ങൾ ബാഗിലെടുത്തിരുന്നു. എന്റൊപ്പം വരുന്നവന്റെ ഉദ്ദേശ്യം, എന്റെ വർണ്ണനകളിൽ കടന്നുവന്നിട്ടുള്ള ചിത്രങ്ങൾ പലതും മൊബൈൽ ക്യാമറയിലാക്കുകയും, ഒരു ഭരണി നിറയെ കുന്നിമണികൾ പെറുക്കുകയുമായിരുന്നു.

അരുവിയുടെ അടിവാരത്ത് എത്തിയതും എന്നേക്കാളേറെ നിർഭയനായിരുന്നു അവൻ. അത് പലപ്പോഴും അങ്ങനെയായിരുന്നു.

അജ്ഞാതമായ ഏതോ ശക്തിക്കടിമപ്പെട്ട്, സ്വയമറിയാതെ മരണത്തിന്റെ താഴ്വരയിലേക്ക് എത്തിപ്പെടുകയാണോ തങ്ങളെന്ന ഒരു സംശയം എന്റൊപ്പം മലയിറങ്ങി വന്നിട്ടുള്ള പലർക്കുമുണ്ടായിട്ടുണ്ട്. പക്ഷെ അടിയിലെത്തുമ്പോൾ അവരെല്ലാം തീർത്തും നിർഭയരായി കാണപ്പെട്ടു. തിരികെ മുകളിലെത്തുമ്പോൾ എവറസ്റ്റ് കീഴടക്കിയ സന്തോഷം.

മാത്രമല്ല, ഏതൊക്കെയോ ദുഷ്ടശക്തികളെ ജയിച്ചുകയറിയതിന്റെ ഒരാത്മവിശ്വാസവും അവരുടെയൊക്കെ മുഖങ്ങളിൽ കാണാമായിരുന്നു.

ഞങ്ങൾ അരുവിയുടെ ഒഴുക്കുവിട്ട് വിശാലമായ മുളങ്കൂട്ടങ്ങൾക്കിടയിലേക്ക് കയറി. ചന്ദനവർണ്ണത്തിൽ പൊഴിഞ്ഞുകിടക്കുന്ന ഇല്ലിയിലകൾക്കിടയിൽ, ചെറിയൊരു ഗോലി വലിപ്പത്തിൽ മ്ലാവിൻ കാട്ടവും, ഒരു പകുതി ചുവപ്പും, മറുപകുതി കറുപ്പുമായ കുന്നിമണികളും ചിതറിക്കിടക്കുന്നു. മനുഷ്യന്റെ കാലടി പതിയാത്ത പല ഇടങ്ങളും ഇപ്പോഴും ഇവിടെ ഉണ്ടെന്നാണെന്റെ വിശ്വാസം. എന്നുപറഞ്ഞാൽ വലിയൊരു ഭൂഭാഗം എന്ന അർത്ഥത്തിലല്ല. (മുളങ്കൂട്ടങ്ങളിൽ ഏറിയ പങ്കും തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻറ്​ വെച്ചുപിടിപ്പിച്ചിട്ടുള്ളതാണ്). ചില പാറക്കൂട്ടങ്ങൾക്കിടയിലും മലമ്പള്ളകളും വലിയ തിട്ടകൾക്ക് മുകളിലെ നിരപ്പൻ പ്രതലങ്ങളുമൊക്കെ മനുഷ്യർക്കന്യമായി നിലകൊള്ളുന്നു. കാരണം വല്ലപ്പോഴുമൊരിക്കൽ അവിടേക്ക് വരുന്നവർക്ക് ഇവിടങ്ങളിൽ നിന്നൊന്നും കിട്ടാനില്ല.

മുളങ്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന്​ ഞങ്ങൾ മഴക്കാലത്ത് മാത്രം നീരൊഴുക്കുള്ള ഒരിടത്തെത്തി. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒരിടം അതിന്റെ ഒരു ഭാഗം ചെന്നായ്ക്കളുടെയോ കാട്ടുപൂച്ചകളുടെയോ വലിയ മടകളാണ്. അതിനുള്ളിലൂടെ കയറി പുറത്തുകടന്നാൽ ഒരു ചെറിയ കെട്ടിടത്തിന്റെ ആകൃതിയിലും വലിപ്പത്തിലും കുത്തനെ നിൽക്കുന്ന ഒരു പാറ. ശിഖരങ്ങളും വേരുകളും പടർത്തി നിൽക്കുന്ന കൂറ്റനൊരു അരയാലിനു കീഴെ ആയിരുന്നു അത്, കൃത്യമായി അതിലേക്ക് വലിഞ്ഞ് കയറാനിട്ടിരിക്കുന്ന ഒരു കയറുപോലെ അരയാലിന്റെ ഒരു വേര് മണ്ണിലേക്കിറങ്ങി വന്നിരുന്നു.ഏതെങ്കിലും മനുഷ്യരുടെ കണ്ണും കാലും എത്തുന്നിടത്തായിരുന്നെങ്കിൽ ഉറപ്പായുമവിടൊരു കുരിശടിയോ, കോവിലോ കണ്ടേനെ, പാറയിൽ മുട്ടിയുരുമ്മി നിൽക്കുന്ന അരയാൽ വേരിലൂടെ ഞാൻ മുകളിലേക്ക് വലിഞ്ഞുകയറി.

എനിക്കൊപ്പമുള്ള പയ്യൻ അതൊരസാധ്യ കാര്യമായി കണ്ട് വെറുതെ മുകളിലേക്ക് നോക്കിനിന്നതേയുള്ളൂ. ഞാൻ പാറയുടെ മുകളിലെത്തിയതും ആ ‘കാഴ്ച' കണ്ടു.പാറയുടെ നടുവിലെ ഒരു വിടവിലേക്കാഴ്ന്നിറങ്ങിയിരിക്കുന്ന
കൂറ്റനൊരു വേരിൽ ചാരി അവളിരിക്കുന്നു. പാറയുടെ മുകളിലെത്തിയതോടെ എനിക്ക് താഴെ നിൽക്കുന്നവനെ കാണാൻ കഴിയാതായി.

ആ ഒരു നിമിഷം ഞാനാകെ ഞെട്ടിവിറച്ചു.

പൈശാചിതകയിലും നിശ്ചലമായി, നിസ്സഹായയായി അവളിരിക്കുന്നു.

എന്റെ തലയ്ക്കു മുകളിലെ അരയാൽ ചില്ലകളിലപ്പോഴും പക്ഷികൾ നിർഭയരായി ചിലക്കുകയും, പറന്നുകളിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഭയമെന്നെ അവളിലേക്ക് ഒന്ന് രണ്ട് ചുവടുകൂടി അടുപ്പിച്ചു. അവളുടെ പിളർന്ന വായ്ക്കുള്ളിൽ സ്വർണം പോലെന്തോ തിളങ്ങുന്നത് കണ്ടപ്പോൾ എന്റെ രോമകൂപങ്ങൾ വരെ ഭയംകൊണ്ടുണർന്നു.

ഒരു നിലവിളിയോടെ ഞാൻ തിരിഞ്ഞോടി.
വേരിലൂടെ ഊർന്നിറങ്ങി, താഴെ നിൽക്കുന്നവനും ഒരു പിശാചായി മാറിക്കഴിഞ്ഞോ എന്നായിരുന്നു എന്റെ പേടി.

താഴെ എത്തിയതും അവനെ ഭയപ്പെടുത്താതിരിക്കാൻ ‘പുലി'യെന്ന് നിലവിളിച്ച്​ അവന്റെ കൈപിടിച്ചുകൊണ്ടോടി, പാറക്കെട്ടുകളും മുൾപ്പടർപ്പുകളും ചെങ്കുത്തായ
കയറ്റങ്ങളും താണ്ടി ഞങ്ങൾ രണ്ട് മണിക്കൂർ വേണ്ടിവരുന്ന മല ഒരു മണിക്കൂർ കൊണ്ട് ഓടിക്കയറി. അവന്റെ കുന്നിമണികളും ഫോട്ടോകളും പാതിമുക്കാലും അടിവാരത്ത് തന്നെ അവശേഷിച്ചു. ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തൊരു പുലിയും.

ഓടിക്കിതച്ച് മലകയറുന്നതിനിടയിലാണ് അവളുടെ പേര് ‘മാലതി' എന്നാകാമെന്ന് എനിക്ക് തോന്നിയത്. എന്റെയുള്ളിലിരുന്ന് സ്ത്രീശബ്ദത്തിൽ ആരോ ‘മാലതീ...’ന്ന് വിളിക്കുന്നപോലായിരുന്നു അത്.

അവളുടെ ജീർണ്ണതയ്ക്കിടയിലും ഞാൻ കണ്ട അടയാളങ്ങൾ അവളുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ച് വളരെ അവ്യക്തമായൊരു ചിത്രം എനിക്ക് നൽകി.’’

‘ഇഷയ്ക്കിപ്പോൾ പേടി തോന്നുന്നുണ്ടോ?'

അവൾ മിണ്ടിയില്ല.
അങ്ങേത്തലക്കൽ മാലതിയുടെ നിശ്ശബ്ദതയാണോ എന്നെനിക്ക് ഭയം തോന്നി.

‘ഹലോ ഇഷാ...'

ഇഷ കരയുകയാണെന്ന് എനിക്കുതോന്നി.

‘ഹലോ ഇഷാ, എന്തിനാ കരയുന്നേ?'

‘ഏയ് ഞാൻ കരഞ്ഞൊന്നൂല്ല. ഞാനാ കുട്ടിയെക്കുറിച്ചാലോചിക്കുവാരുന്നു . എനിക്കും ഇന്നുറങ്ങാൻ പറ്റില്ല. ഞാൻ മെസ്സേജ് ചെയ്യാം, ഗുഡ്നൈറ്റ്.'

ഞാനും ഗുഡ് നൈറ്റ് പറഞ്ഞ് കോൾ വച്ചു.

സമയം പതിനൊന്ന് മണി കഴിഞ്ഞിരിന്നു. ഭക്ഷണം കഴിച്ചുവന്നപ്പോഴേക്കും ഇഷയുടെ മെസേജ് വന്നിരുന്നു. മനസ്സ് നിറയെ ‘മാലതി' യാണെന്നും നാളെ ഒന്നു കൂടി അവളുടെ അടുത്തേക്ക് പോകണം എന്നുമായിരുന്നു മെസേജ്.

‘തീർച്ചയായും പോകാം' എന്ന് ഞാനവൾക്ക് റിപ്ലൈ ചെയ്തു.

അതിനുശേഷം അരമണിക്കൂർ കഴിഞ്ഞാണ് അവളുടെ അടുത്ത മെസേജ് വന്നത്; ‘ഞാൻ വന്നാൽ അരുവിക്കുഴിയും മാലതിയെയും കൊണ്ടു കാണിക്കുമോ’ എന്ന് ചോദിച്ചായിരുന്നു മെസേജ്. ആ മെസേജ് വായിച്ചതും എന്റെ മനസ്സാകെ അരുവിപോലെ പതഞ്ഞുപൊങ്ങി.

ഇഷയിപ്പോൾ സ്‌നേഹിക്കുന്നവന് അരുവിയുടെയോ, കാടിന്റെയോ, കഥകളുടെയോ, പശ്ചാത്തലമുണ്ടാവില്ല. ഞാനും മാലതിയും ചേർന്നിപ്പോളവനെ അവളുടെ മനസിൽ നിന്ന്​ മായ്ച്ചു തുടങ്ങിയിരിക്കുന്നു.

വന്നാൽ ഉറപ്പായും കാട്ടിത്തരാമെന്നും എനിക്ക് ഇഷയെ ഒന്നുകൂടി കാണുകയും ചെയ്യാമല്ലോ എന്നും ഞാനവൾക്ക് റിപ്ലൈ ചെയ്തു.

അവളതിന് മറുപടി തന്നില്ല. കാത്തിരുന്ന് മടുത്തപ്പോൾ ഞാനവളുടെ ഫോണിലേക്ക് വിളിച്ചുനോക്കി. അവൾ കോൾ എടുത്തില്ല.

‘അവന്' മെസേജ് ചെയ്യുകയായിരിക്കാമെന്നും, ഒരുപക്ഷെ ഉറങ്ങിപ്പോയിരിക്കാമെന്നും വിചാരിച്ച് ഞാൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ഞാൻ ഇഷയിൽ നിന്നുമടർന്ന് മാലതിയിലേക്ക് വീണു.

പാതിമയക്കത്തിൽ ഞാനവളുടെ പൂർണരൂപത്തിലേക്കെത്തിച്ചേർന്നു.

കറുപ്പുനിറവും വെളുത്ത പല്ലുകളുമുള്ള ഒരു പതിനേഴുകാരി പെൺകുട്ടി, അവൾ തമിഴ് നാട്ടിലെ ഏതോ ഉൾനാടൻ ഗ്രാമത്തിൽ, ഒരു മൺ കുടുസയുടെ മുറ്റത്തിരുന്ന് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. അവൾ ചിരിച്ചാൽ ‘മുത്ത് ചിതറും, ആ മുത്ത് നക്ഷത്രമാകും' എന്ന പാട്ടുപോലെ വെൺമയുള്ള ചിരി.

ഞാൻ മയക്കം വിട്ടുണർന്ന ശേഷവും ആ ചിരിയുടെയും പാട്ടന്റെയും മാറ്റൊലി മുറിയിൽ മുഴങ്ങിനിന്നു.

കാലത്തെഴുന്നേറ്റതേ ഞാൻ അരുവിയുടെ അടിവാരത്തേയ്ക്ക് പോയി, ഒറ്റക്ക്.

തലേന്നത്തെ പോലെ ഭക്ഷണമോ വെട്ടുകത്തിയോ ഒന്നുമില്ലാതെ, ഇളം വെയിലിന്റെ പുള്ളിക്കുത്തുകൾക്കൊപ്പം, വിറക്കുന്ന കാലടികളോടെ ഞാൻ മാലതി ഇരിക്കുന്ന പാറയ്ക്കടിയിൽ ചെന്നുനിന്നു. ഏതെങ്കിലും കാട്ടുമൃഗം എന്റെ നേരേ ചാടി വന്നാൽ അവയ്ക്കിരയാവുക എന്നല്ലാതെ, ഒരായുധമോ പ്രതിരോധമോ എനിക്കില്ലായിരുന്നു.

എന്നാൽ കരടിയെയോ, പുലിയെയോ പ്രതീക്ഷിച്ചിടത്ത് എന്നെ നടുക്കിക്കളഞ്ഞത്, മാലതിയുടെ കുണുങ്ങിച്ചിരിയായിരുന്നു. ഉറക്കത്തിൽ കേട്ടതിനേക്കാൾ വ്യക്തമായി, പാറയുടെ മുകളിൽ നിന്നുതന്നെ.

പതിഞ്ഞ ശബ്ദത്തിലായിരുന്നു അത്.

ഞാനവിടെനിന്ന് ഭയന്ന് വിറച്ചു. തുടർന്ന് കൊലുസിന്റേതുപോലൊരു കിലുക്കം എന്റെ തൊട്ടടുത്ത് എവിടെ നിന്നോ കേട്ടു.

ഞാൻ ചുറ്റുപാടും ഭയപ്പാടോടെ നോക്കി. ഇന്നലെത്തെ കാഴ്ചയുടെ ഓർമകളിൽ ഞാനവളുടെ കൊലുസ് തിരഞ്ഞുനോക്കി. എനിക്കവളുടെ കാലുകൾ തന്നെ കണ്ടെടുക്കാനായില്ല. അവൾ ചിരി തുടരുകയാണ്, അവളുടെ ഇപ്പോഴത്തെ മുഖഭാവം എന്റെ ഉള്ളിലൊന്ന് മിന്നിത്തെളിഞ്ഞു. മുഖത്തെ മാംസം പാതി ജീർണ്ണിച്ച അവസ്ഥയിലായിരുന്നു അത്.

പ്രേതങ്ങൾ, പൈശാചികത പ്രവർത്തിക്കാൻ ത്രാണിയില്ലാത്തവരുടെ മനസ്സിന്റെ സൃഷ്ടിയാണെന്നാണ് ഞാനിതുവരെ കരുതിയിരുന്നത്. പിന്നെ ഞാനവിടെ നിന്നില്ല. കാടും, പടലും, പാറക്കൂട്ടങ്ങളും താണ്ടി മലമുകളിലേക്ക് കുതിച്ചു. വെറിപിടിച്ചൊരു പക്ഷിയായി ' മാലതി' എന്റെ പിന്നാലെയുണ്ടെന്ന വിചാരത്തോടെ.

ഓടിക്കിതച്ച് വീട്ടിലെത്തി ഞാൻ തളർന്നുവീണു.

നേരം ഉച്ചയോടടുക്കുകയായിരുന്നു. ഫോണെടുത്ത് നോക്കിയപ്പോൾ ഇഷയുടെ 44 മിസ്ഡ് കോളുകളും 6 മെസ്സേജുകളും.
പ്ലീസ് കോൾ മീ, പിണക്കമാണോ, എവിടെ പോയതാ, ഞാനിനി മിണ്ടില്ല. എന്നും മറ്റുമുള്ള മെസ്സേജുകളായിരുന്നു.

അവളുടെ കാമുകനെ അവൾ പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചുകഴിഞ്ഞതായി എനിക്കുതോന്നി.
കുളികഴിഞ്ഞ് വന്ന് ഞാനവളെ വിളിച്ചതേ, അവൾ കോൾ എടുത്തു. ഞാൻ പ്രതീക്ഷിച്ചതിന് വിരുദ്ധമായി വളരെ പ്രസന്നവതിയായാണവൾ സംസാരിച്ചത്.

‘ഹായ്, എവിടെപ്പോയിരുന്നു ഇതുവരെ?'

‘ഞാൻ മാലതീടെ അടുത്ത് പോയി'

‘‘റിയലി?, എന്നിട്ട് പറ, പറ, പറ, കേൾക്കാൻ ധൃതിയായി.’’

‘‘ഞാൻ പോയി കണ്ടു. എന്നെ അൽഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്, ഇഷ. ഇത്രയേറെ പക്ഷികളും മൃഗങ്ങളുമൊക്കെയുള്ള ഒരു കൊടുംകാട്ടിന്റെ നടുക്ക്, ഒരു കഴുകനോ, കാട്ടുപൂച്ചയോ, കടിച്ചുപറിക്കാതയും നശിപ്പിക്കാതെയും അവളെങ്ങനെ കഴിഞ്ഞു? പുറംലോകത്തുനിന്ന്​ ഒരു കാഴ്ചയെത്തുന്നതുവരെ അവളെ ഇങ്ങനെ നിലനിർത്തിയ ശക്തിയേത്? ദൈവമോ? ചെകുത്താനോ? രണ്ടുമല്ലാത്ത മറ്റൊരു സത്യമോ?'’

‘ഞാനിന്നവളുടെ ഡ്രസിനടിയിൽ സെർച്ച് ചെയ്തു.'

‘എന്തിന്?’, അനിഷ്ടം ധ്വനിപ്പിക്കുന്നൊരു ശബ്ദത്തിൽ അവളെന്നോട് ചോദിച്ചു

‘വെറുതെ ഒരു ക്യൂരിയോസിറ്റി’

‘എന്നിട്ട്?'

എന്നിട്ട് അവളുടെ കറുത്ത ബ്രായ്ക്കുള്ളിൽ, ബ്രസ്റ്റിന്റെ സ്ഥാനത്ത് വണ്ടും പുഴുക്കളും കരിഞ്ഞുണങ്ങിയ ഒരുപിടി മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെറ്റിക്കോട്ടെല്ലാം പിഞ്ചിദ്രവിച്ച് പോയിരുന്നു. അത് മാറ്റിനോക്കിയപ്പോഴാണ് ശരിക്കും ഞാൻ ഞെട്ടിപ്പോയത്. അവളുടെയാ ഇരിപ്പ് ഒറ്റയ്ക്കായിരുന്നില്ല.

‘പിന്നെങ്ങനാരുന്നു?’

‘മരിക്കുമ്പോഴവൾ അഞ്ചാറ് മാസമെങ്കിലും പ്രഗ്‌നന്റായിരുന്നു.'

‘ഓ, മൈ ഗോഡ്...'

‘അവളുടെ പാന്റീസിനുള്ളിലും ഞാൻ സെർച്ച് ചെയ്ത് നോക്കി.'

‘വാട്ട് നോൺസെൻസ്?’

‘വേറൊന്നുമില്ല ഇഷാ, റെഡ് കളറായിരുന്നു അതിന്. അതിനുള്ളിലും കുറച്ച് വണ്ടുകളും പുഴുക്കളും...പിന്നെ കുറച്ച് കറുത്ത രോമങ്ങളും. ബ്രൗൺ നിറത്തിൽ ബ്ലഢിന്റെ കറപോലെന്തോ കണ്ടു.’

ഞാൻ പറഞ്ഞ് നിർത്തിയിട്ടും ഇഷയൊന്നും മിണ്ടിയില്ല.
അവൾ ദേഷ്യത്തിലാണോ, കരയുകയാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല.

‘അവളെന്തിനായിരിക്കും അത് ചെയ്തിട്ടുണ്ടാവുക?', തൊണ്ടയിടറിക്കൊണ്ടാണ് ഇഷ അങ്ങനെ ചോദിച്ചത്.

‘ഏയ് നോ ചാൻസ്. ആരെങ്കിലും കൊന്ന് കൊണ്ടെ വച്ചതാകാനാണ് സാധ്യത.'

‘അഞ്ചാറുമാസം പ്രഗ്‌നൻരായിരുന്നൂന്ന് പറയുന്നു. സൂയിസൈഡല്ലാ, കൊന്നതാണ്, ഇയാൾക്ക് എങ്ങനെ കൃത്യമായറിയാം ഇതൊക്കെ?'

കൊന്നത് ഞാനല്ലാ എന്ന് വാദിക്കാൻ പോയാൽ കുടുങ്ങും എന്നെനിക്ക് തോന്നി.

‘അരുവിയുടെ അടിവാരത്തേക്ക് ജീവനോടെ ഇതുവരെ ഒരു പെണ്ണും പോയിട്ടുള്ളതായി അറിവില്ല. പെണ്ണെന്നല്ല സാധാരണ ഒരു മനുഷ്യനും എത്തിപ്പെടാൻ സാധ്യതയില്ലാത്ത ഒരു സ്ഥലത്ത് ഒരു പെൺകുട്ടി എങ്ങനെ എത്തിപ്പെടുമെന്നാണ്? അവളിപ്പോൾ ഇരിക്കുന്ന സ്ഥലം ഞാനും അവളെ കൊന്ന് കൊണ്ടവിടെ വെച്ചവരും മാത്രമേ കണ്ടിരിക്കാനിടയുള്ളൂ. അതുപോലൊരു സ്ഥലമാണത്.'

അന്ന് വൈകുന്നേരം എന്റെ ഫോണിലേക്ക് ഇഷയുടെ ഒരു മെസേജ് വന്നു: ‘എനിക്ക് മാലതിയെ കണ്ടേ പറ്റൂ. നിങ്ങളുടെ സ്ഥലത്തേക്കുള്ള റൂട്ട് പറഞ്ഞുതരണം. ഞാനിന്ന് രാത്രി ഇവിടെനിന്നും പോരും.'

‘എന്നെയും കാണണ്ടി വരും' എന്നൊരു റിപ്ലൈ ഞാൻ തിരിച്ചയച്ചെങ്കിലും അവളതിന് മറുപടിയൊന്നും തന്നില്ല. ഞാനവൾക്ക് ഇവിടേക്കുള്ള റൂട്ടും ബസ്സുകളും പറഞ്ഞുകൊടുത്തു.

രാത്രിയാകുന്നതോടെ മാലതിയെ മറന്നവൾ സുഖമായുറങ്ങുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷെ രാത്രി പതിനൊന്നരയ്ക്ക് ഇഷയുടെ കോൾ വന്നു, ഞാനിവിടുന്ന് കേറുകയാണ് എന്നുപറഞ്ഞ്.
പുലർച്ചെ അഞ്ച് മണിക്കോ അഞ്ചരക്കോ ഇവിടെ എത്തുമെന്ന് ഞാനവളോട് പറഞ്ഞു.

നാലുമണിക്കുതന്നെ ഞാൻ ബസ്​ സ്​റ്റാൻറിലെത്തി അവളെ കാത്തിരുന്നു. അഞ്ചരക്കാണ് അവളെത്തിയത്. അന്ന് ട്രയിനിൽ വെച്ച് ആദ്യം കണ്ട വേഷത്തിലും രൂപത്തിലുമാണ് അവളെ ഞാൻ പ്രതീക്ഷിച്ചതെങ്കിലും, ദുഃഖാചരണം പോലെ കറുത്തൊരു വേഷത്തിലായിരുന്നു അവൾ.

തണുപ്പുകൊണ്ടവൾ നനുത്ത ഷോൾ തലയിലൂടെ ഇട്ടിരുന്നു.
എന്നെ നോക്കി ഒരു നനഞ്ഞ ചിരി പൊഴിച്ചു. ഞാനന്ന് ട്രയിനിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയുടെ ഛായ തോന്നിയെങ്കിലും ഇതവളല്ലേ എന്ന സംശയം എനിക്കുണ്ടായി, അവളെ പോലെ ഇവളും സുന്ദരിയായിരുന്നു. അവളുടെ നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന കണ്ണുകളിൽ ‘മാലതി' എന്ന ഒറ്റലക്ഷ്യം മാത്രമേ ഞാൻ കണ്ടുള്ളൂ.

ഞങ്ങൾ അരുവിയുടെ അടുത്തെത്തുമ്പോഴേക്കും നേരം നന്നായി പുലർന്നിരുന്നു. അരുവിയുടെ ആഴങ്ങളിലേക്ക് നോക്കുമ്പോൾ ഒരൽപം ഭീതി ഞാൻ ഇഷയുടെ കണ്ണുകളിൽ കണ്ടു. അവളെന്നോട് കാര്യമായൊന്നും സംസാരിച്ചില്ല. അവളുടെ കണ്ണുകൾ അടിവാരത്തെ ഓരോ പൊട്ടിലും പൊടിയിലും പച്ചപ്പിലും മാലതിയെ തിരഞ്ഞുകൊണ്ടിരുന്നു.

രണ്ടുമണിക്കൂർ കൊണ്ടാണ് ഞങ്ങൾ മലയിറങ്ങിയത്.

സ്വപ്നങ്ങളിൽ പോലും ഇഷക്ക് കണ്ട് പരിചയമുള്ള സ്ഥലമായിരുന്നില്ല അതൊന്നും, ഒരു കല്ലിൽ നിന്ന്​ അടുത്ത കല്ലിലേക്കൊരു ചുവട് നീട്ടിവയ്ക്കാൻ പോലുമവൾ
ശങ്കിച്ചുനിന്നു. ആ ദുർഘടവും ദൂരവും മാലതിയിലേക്കുള്ളതായതുകൊണ്ട് മാത്രമാണവൾ പിൻതിരിയാത്തതെന്ന് എനിക്കുതോന്നി. ചെങ്കുത്തായ പാറക്കൂട്ടങ്ങളെത്തിയതും ഒരു ഉരുളൻ കല്ലിൽ നിന്നും മറ്റൊന്നിലേക്ക് ഇറക്കിക്കൊണ്ടുവരാൻ അവളുടെ ശരീരത്തിലെനിക്ക് ചെറിയ തോതിലൊരു ബലാൽക്കാരം തന്നെ നടത്തേണ്ടിവന്നു, അവൾ നരകമായി കരുതിയിടം എനിക്കങ്ങനെ സ്വർഗമായി, മല തിരികെ കയറുകകൂടി ചെയ്യേണ്ടി വരുമ്പോൾ ഒരു പക്ഷേ ഇഷ എന്നിൽ നിന്ന്​ ഗർഭിണിയായേക്കാം എന്നുപോലും എനിക്ക് തോന്നിപ്പോയി.

ഞങ്ങളുടെ വരവറിഞ്ഞിട്ടാകണം, മരച്ചില്ലകളിലെ കുരങ്ങിൻ കൂട്ടങ്ങൾ പതിവില്ലാതെ പല്ലിളിച്ചാർത്തു.

‘സ്ഥലമെത്തി' എന്നവളുടെ കാതിൽ ഞാൻ അടക്കി പറഞ്ഞതും ഇഷയാകെ വിയർക്കാൻ തുടങ്ങി. അവളിപ്പോൾ തളർന്ന് വീണുപോയേക്കുമെന്ന് പോലും തോന്നിച്ചു. മാലതിയിൽ നിന്ന്​ എന്തൊക്കയോ അവ്യക്തമായ ശബ്ദങ്ങൾ കേട്ട് തുടങ്ങിയിരുന്നു.

ഒരു മന്ത്രവാദി വൃദ്ധയുടെ ആഭിചാര മന്ത്രണങ്ങൾ പോലെയുള്ള ശബ്ദത്തിൽ.

കൊലുസിന്റെയും കുപ്പിവളകളുടെയും കിലുക്കം. ഇഷയിപ്പോൾ വിറച്ച് വീഴുമെന്നായിരിക്കുന്നു. പാറയിലേക്ക് പിടിച്ചുകയറേണ്ട അരയാൽവേരിൽ പിടിച്ചു നിന്നവൾ ഭീതിയോടെ കിതച്ചു. ആ വേരിൽ പിടിച്ചുകയറി ഒരിക്കലുമവൾ മാലതിക്ക് മുന്നിലെത്തില്ലെന്നെനിക്കുറപ്പായിരുന്നു...

കാരണം ‘ഇഷയ്ക്ക്' വേണ്ടിയായിരുന്നു മാലതി മരിച്ചതും, ജനിച്ചതും...

ഇഷയ്ക്കുവേണ്ടി മാത്രം. ▮

Comments