ചിത്രീകരണം: ദേവപ്രകാശ്​

ഭ്രഷ്ടരുടെ തടവറ

രംഗം 2

‘‘Culture tends to argue that it forbids only that which is unnatural. But from a biological perspective, nothing is unnatural. Whatever is possible is by definition also natural. A truly unnatural behaviour, one that goes against the laws of nature, simply cannot exist, so it would need no prohibition.’’-Sapiens: A Brief History of Humankind / Yuval Noah Harari.

(ഫ്രാങ്കും ലിയോണും നടത്തിയിരുന്ന ക്ലബ്ബിന്റെ അകം. സന്ധ്യയാകാൻ അധികം സമയമില്ല. ലിയോൺ എന്തോ വായിച്ച് കൊണ്ട് കസേരയിലിരിക്കുന്നു. കിതച്ചുകൊണ്ട് ഫ്രാങ്ക് ക്ലബ്ബിനകത്തേക്ക് കയറി വരുന്നു. അവന്റെ കണ്ണുകളിലെ ഭയം കണ്ട് വല്ലാതെയാകുന്ന ലിയോൺ മേശപ്പുറത്ത് വെച്ച വെള്ളക്കുപ്പിയെടുത്ത് നൽകുന്നു. വെള്ളം ഒരിറക്ക് കുടിച്ച്, കിതപ്പ് മാറ്റാൻ നിൽക്കാതെ ഫ്രാങ്ക് സംസാരിച്ച് തുടങ്ങുന്നു.)

ഫ്രാങ്ക്: നീയറിഞ്ഞോ, ഏണസ്റ്റ് റൂമും കൊല്ലപ്പെട്ടുവത്രേ.

ലിയോൺ: (അതുവരെ മുഖത്ത് വിങ്ങി നിന്നിരുന്ന സങ്കടമേഘം ഒരു കരച്ചിലായി പെയ്യാൻ തുടങ്ങി) ശരിയോ? ദൈവമേ, അയാളെയും കൊന്നോ? (ഒരു ഭ്രാന്തനെ പോലെ സ്വന്തം മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് വികൃതമായ ഒരു ശബ്ദത്തിൽ ഇത്തിരി നേരം കരയുന്നു).

ലിയോൺ: (നിയന്ത്രണം വീണ്ടെടുത്ത്) നമ്മുടെ ക്ലബ്ബ് പൂട്ടിക്കാനും ഡോക്റ്റർ ഹിശ്‌ഫെൽഡിന്റെ ലൈബ്രറി കത്തിക്കാനും മുന്നിട്ടിറങ്ങിയ എസ്സേ ട്രൂപ്പിന്റെ ലീഡറല്ലായിരുന്നോ അയാൾ? എന്നിട്ടും.. (ശബ്ദമിടറുന്നു) എന്ത് ന്യായം പറഞ്ഞാണ് ഇപ്പോൾ റൂമിനെ കൊന്നിരിക്കുന്നത്?

ഫ്രാങ്ക്: റൂമിന് നമ്മുടെ ക്ലബ്ബിലെ ചിലരുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് പറഞ്ഞാണത്രെ കൊല നടത്തിയത്.

ലിയോൺ: അങ്ങനെയെങ്കിൽ അടുത്തത് നമ്മളാണ് ഫ്രാങ്ക്. ക്ലബ്ബുമായി ബന്ധമുള്ള ഓരോരുത്തരേയും പിടികൂടാനുള്ള നടപടികൾ അവർ ഇപ്പോൾ തന്നെ തുടങ്ങിയിരിക്കും.

ഫ്രാങ്ക്: ശരിയാണ്. പക്ഷേ, അടച്ചുപൂട്ടിയ ഈ ക്ലബ്ബിൽ നമ്മളുണ്ടാകുമെന്ന് അവർ സംശയിക്കില്ല. അത് കൊണ്ട് പേടിക്കാനില്ല. നമ്മളിവിടെയാണ് നിൽക്കുന്നതെന്ന് നീ ആരോടും പറഞ്ഞില്ലല്ലോ?

ലിയോൺ: പുറത്താരോടും പറഞ്ഞില്ല. പക്ഷേ, കുറച്ച് മുന്നേ ആ സിൽറ്റനോട് രാത്രിയിൽ നമ്മൾ ക്ലബ്ബിലുണ്ടാകുമെന്ന് പറഞ്ഞിരുന്നു.

ഫ്രാങ്ക്: (ദേഷ്യവും നിരാശയും നിറഞ്ഞ ശബ്ദത്തിൽ) ഛേ, എന്ത് പണിയാണ് നീ കാണിച്ചത്. അവൻ നമ്മളെ ഒറ്റും.

ലിയോൺ: (അത്ഭുതത്തോടെ) സിൽറ്റൻ ഒറ്റുമെന്നോ? പക്ഷേ, അവനീ ക്ലബ്ബിൽ വന്നിരുന്ന ആളല്ലേ?

ഫ്രാങ്ക്: അതൊക്കെ പണ്ട്. അവനിപ്പോൾ ഗെസ്റ്റപ്പോ പോലീസുകാരുടെ ഇൻഫോമർ ആണ്.

ലിയോൺ: ദൈവമേ, സത്യമായും അത് ഞാനറിഞ്ഞില്ല. ഇനി നമ്മളെന്ത് ചെയ്യും?

ഫ്രാങ്ക്: എന്ത് ചെയ്യാൻ? ഇനി ഒരു നിമിഷം നമ്മളിവിടെ നിൽക്കരുത്. സന്ധ്യയ്ക്ക് മുമ്പ് തന്നെ നമുക്കിവിടം വിടാം. മിക്കവാറും സിൽറ്റൻ ഇപ്പോൾ തന്നെ പോലീസുകാരുമായി ഇങ്ങോട്ട് വരാൻ വഴിയുണ്ട്. റിനെ നദിക്കരയിലേക്ക് പോകാം. പഴയ സുഹൃത്തുക്കളെ ആരെയെങ്കിലും ആ പാലത്തിനടുത്ത് കാണുമോ എന്ന് നോക്കാം. ഒരാളെങ്കിലും സഹായിക്കാതിരിക്കില്ല.

(ഫ്രാങ്കും ലിയോണും കൈയിൽ കിട്ടിയ ചെറിയൊരു ബാഗിൽ കുറച്ച് തുണികളും മറ്റും നിറച്ച് ക്ലബ്ബിൽ നിന്നും പുറത്തിറ ങ്ങുന്നു.)

‘നൂറ്റിയെഴുപത്തഞ്ചാം പാരഗ്രാഫ്' എന്ന നാടകത്തിലെ രണ്ടാമത്തെ രംഗം വായിച്ച് തീർത്ത കൊച്ചൂട്ടി, ഭാര്യയില്ലാത്തതിനാൽ നിർജീവമായി കിടക്കുന്ന അടുക്കളയിലേക്ക് നടന്നു. പിന്നെ, രാവിലെ തന്നെത്താൻ ഉണ്ടാക്കി വെച്ചിരുന്ന കട്ടൻ ചായ ഫ്‌ലാസ്‌കിൽ നിന്നും ഗ്ലാസ്സിലേക്കൊഴിച്ച് പതിയെ കുടിച്ച് കൊണ്ട് ജനാലക്കമ്പികൾക്കിടയിലൂടെ വെറുതെ പുറത്തേക്ക് നോക്കി നിന്നു. അത്രയ്ക്കൊന്നും ഉഷാറില്ലാതെ കത്തിക്കൊണ്ടിരുന്ന സൂര്യനെ നിലത്ത് കുത്തിക്കെടുത്താനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു ആകാശം. അപ്പോളാണ് അടുക്കളമുറ്റത്ത് കൂടി ബൈപ്പാസ് ചെയ്ത് പോകുന്ന സിനീഷ് ബാബുവിനെ കൊച്ചൂട്ടി ശ്രദ്ധിച്ചത്. ചായഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് പുറത്തിറങ്ങിയ അയാൾ പിന്നാലെ ചെന്ന് സിനീഷിനെ കൈകൊട്ടി വിളിച്ച് നിർത്തി. ചുറ്റും നോക്കി വേറാരും കേൾക്കാനില്ല എന്നുറപ്പാക്കിയ ശേഷം അങ്ങേയറ്റം മാന്യമായി ഇങ്ങനെ ഒരു ക്ഷണം നടത്തി.

‘ഇങ്ങിഇന്നിവിടെ കിടക്കാൻ വര്‌ന്നോ? പെണ്ണ്ങ്ങൾ ഓളാട പോയേക്കാണ്. ഇന്റെ കട്ടിൽമല്​ ഓൾക്കുള്ള സ്ഥലം ഒയിഞ്ഞ് കിടക്കാണ്. അവിടെ കിടക്കാം'
അന്നാട്ടിലെ ആണുങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിക്കാമെന്ന് കണ്ടുപിടിച്ചത് ആരാണെന്ന് അറിയില്ല. പക്ഷെ ആ വർഗ്ഗീകരണം ഏകദേശം ഇങ്ങനെ ആയിരുന്നു. പെണ്ണുങ്ങളോട് താൽപ്പര്യമുള്ള, ഗൃഹസ്ഥം ശീലമാക്കിയ ഒന്നാമത്തെ വിഭാഗം, ആണുങ്ങളോട് താൽപ്പര്യമുള്ള, പക്ഷെ അത് പുറത്ത് കാണിക്കാത്ത കുടുംബനാഥന്മാരുടെ രണ്ടാമത്തെ വിഭാഗം. പിന്നെ, ഇക്കാര്യങ്ങളിലൊക്കെ പരമാവധി സ്വാതന്ത്ര്യങ്ങളുള്ള കൗമാരക്കാർ തൊട്ട് വയസ്സന്മാർ വരെ ഉൾപ്പെട്ട മൂന്നാമത്തെ വിഭാഗം.

ഒന്നാമത്തെ വിഭാഗക്കാർ ഏകപത്‌നീ വ്രതക്കാരായ ഭൂരിപക്ഷം ആയിരുന്നു. അന്യന്റെ പത്‌നിയെ കൂടി കൂടെക്കിടക്കാൻ കിട്ടിയാൽ കൊള്ളാം എന്നാഗ്രഹിച്ചവരും ഇല്ലാതില്ല. എന്തായാലും നാടിന്റെ സദാചാര സംരക്ഷണം മുന്നിൽ നിന്ന് നയിച്ചവർ അവരായിരുന്നു.

സിനീഷിനെ കിടപ്പറയിലേക്ക് ക്ഷണിച്ച കൊച്ചൂട്ടി ഉൾപ്പെട്ട രണ്ടാമത്തെ വിഭാഗക്കാർ കൗമാരത്തിലോ, യൗവ്വനാരംഭത്തിലോ തങ്ങൾക്ക് പറ്റിയ പങ്കാളികൾക്ക് ആണുടലുകളാണെന്ന് മനസ്സിലാക്കിയവർ ആയിരുന്നു. എന്നാലവർ, അതങ്ങുറക്കെ പറഞ്ഞാൽ ഞരമ്പനെന്ന ആക്ഷേപം ചൊരിഞ്ഞ് നാടും നാട്ടുകാരും ഒറ്റപ്പെടുത്തുമെന്ന പേടിയിൽ മാമൂലുകൾക്ക് വഴങ്ങി, അങ്ങേയറ്റം അസംതൃപ്തമായ പെൺ- പങ്കാളിത്ത കുടുംബ ജീവിതം നയിച്ചു പോന്നു.

മൂന്നാമത്തെ വിഭാഗം സർവ്വ സ്വതന്ത്രരായി വിഹരിക്കാൻ കാരണം അവർക്ക് ഗൃഹസ്ഥം എന്ന പരിപാടി ഇല്ലായിരുന്നു എന്നതായിരുന്നു. മുതിർന്നവർ എങ്ങനെയൊക്കെയോ അതിൽ നിന്നും രക്ഷപ്പെട്ടു. കൗമാരക്കാർക്കും യുവാക്കൾക്കും അതിനുള്ള പ്രായമായിരുന്നുമില്ല. തങ്ങൾക്കനുയോജ്യരായ പങ്കാളികളുമായി നാനാവിധ പരീക്ഷണങ്ങൾ നടത്താനും നാട് മുഴുക്കെ തിമിർത്തു നടക്കാനും സൗകര്യമുണ്ടായിരുന്ന അവരെ മറ്റു വിഭാഗക്കാരായ ആണുങ്ങൾ അസൂയയോടെ നോക്കിക്കണ്ടു.

ഈ പറഞ്ഞ മൂന്നാമത്തെ വിഭാഗത്തിലായിരുന്നു സിനീഷ് ബാബു ഉൾപ്പെട്ടത്. സിനീഷ് ബാബുവിനെ സംബന്ധിച്ചിടത്തോളം, ഒരിക്കൽ പോലും ആണുങ്ങളിൽ അവന് അശേഷം താൽപ്പര്യം തോന്നിയിരുന്നില്ല. നിന്നാൽ ഉന്തി നിൽക്കുന്ന മുൻ വശവും, നടക്കുമ്പോൾ താളത്തിലാടുന്ന പിൻഭാഗവും പിന്നെ, കുനിയുമ്പോൾ തെളിയുന്ന മലയിടുക്കുകളുമായിരുന്നു അവന്റെ കാമനകളെ ഉണർത്തിയിരുന്നത്. അതാണ്, അത് മാത്രമാണ് ആണത്തമെന്ന് അവനും അവന്റെ സംഘത്തിൽ പെട്ട ഒരു ഡസൻ കുമാരന്മാരും കരുതിപ്പോന്നു. മൊബൈലോ നീലച്ചിത്രങ്ങളോ സജീവമല്ലാത്ത കാലമായതിനാൽ കുളിസീനുകൾ ഒളിച്ച് കണ്ടും, കൊച്ചുപുസ്തകങ്ങൾ ഒളിച്ച് വായിച്ചും അവരവരുടെ ഉറവകൾക്ക് വളമിട്ടു. കൊച്ചൂട്ടിയുടെ പറമ്പിന് പടിഞ്ഞാറുള്ള പഞ്ചായത്ത് വക കുളിക്കടവിൽ അത്തരമൊരു ദൗത്യം ഒറ്റയ്ക്ക് നടത്തി, നിരത്തിലേക്ക് പോകാനുള്ള എളുപ്പവഴിയായ കൊച്ചൂട്ടിയുടെ അടുക്കളമുറ്റം മുറിച്ച് കടക്കുമ്പോഴാണ് കൊച്ചൂട്ടിയുടെ ക്ഷണം അവനെ തേടി വന്നത്.

കൊച്ചൂട്ടി പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ഒരാളായിരുന്നു. ഇടയ്ക്ക് ചില വാരികകളിലും മറ്റും കൊച്ചൂട്ടി ചിറക്കൽ എന്ന പേരിൽ ചില കവിതകൾ അച്ചടിച്ചു വന്നതിനാൽ അയാളൊരു കവിയാണെന്ന് നാട്ടുകാർ കരുതി. അന്യരുടെ ജീവിതത്തെ പറ്റി ഗവേഷണം നടത്തിയിരുന്ന ചിലർ കൊച്ചൂട്ടി ഒരു സ്വവർഗ്ഗസ്‌നേഹിയാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സിനീഷിന്റെ തലമുറയ്ക്ക് അത്തരമൊരു കാര്യത്തെ പറ്റി ബോധവാനായിരുന്നില്ല. മാത്രവുമല്ല, ഒരു സ്വവർഗ്ഗസംസർഗത്തിനുള്ള ക്ഷണം എങ്ങനെ നിരസിക്കണം എന്നതിനെ കുറിച്ച് യാതൊരു മുൻ പരിചയവും അറിവും ഇല്ലാതിരുന്നതിനാൽ കൊച്ചൂട്ടിയുടെ ക്ഷണം കേൾക്കാത്ത പോലെ പെട്ടെന്ന് തന്നെ അവിടം വിട്ട് പോകുകയാണ് അവൻ ചെയ്തത്. കൊച്ചൂട്ടിയാകട്ടെ ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചുവന്ന് തന്റെ വായന തുടർന്നു.

രംഗം 3

(കളോൺ നഗരത്തിലെ തെരുവ്. വേദിയുടെ മധ്യഭാഗത്ത്, വേഗത്തിൽ നടക്കുന്ന ഫ്രാങ്കും ലിയോണും.)

ഫ്രാങ്ക്: (പെട്ടെന്നൊന്ന് പിറകിലേക്ക് നോക്കിയ ശേഷം) ലിയോൺ, വേഗം നടക്കൂ. ഒരു ഗെസ്റ്റപ്പോ പോലീസുകാരൻ നമ്മളെ പിന്തുടരുന്നുണ്ട്.

ലിയോൺ: (തിരിഞ്ഞുനോക്കിയ ശേഷം) ദൈവമേ.. അതെ, ഗെസ്റ്റപ്പോ പോലീസുകാരൻ തന്നെ. തൊപ്പിയിലെ പരുന്തടയാളം നന്നായി കാണാം. പക്ഷേ, ഒരാൾ മാത്രമേ ഉള്ളുവല്ലോ?

ഫ്രാങ്ക് : അത് കൊണ്ടെന്താ? വേഗം നടന്ന് എവിടെയെങ്കിലും ഒളിച്ചില്ലെങ്കിൽ നമ്മൾ പിടിക്കപ്പെടും. ഉറപ്പാണ്.

ലിയോൺ: ഫ്രാങ്ക്, ഞാൻ പറയുന്നത് കേൾക്കൂ. നമ്മളിൽ ഒരാൾക്ക് വേണമെങ്കിൽ ഇനിയും രക്ഷപ്പെടാം. ഇനി വരുന്ന ജങ്ഷനിൽ വെച്ച് ഞാൻ വലത്തോട്ട് തിരിയും. നീ ഇടത്തോട്ടുള്ള റോഡിലൂടെ ഓടണം. ഏതെങ്കിലും ഒരാളെ മാത്രമേ അയാൾക്ക് പിന്തുടരാനോ പിടിക്കാനോ കഴിയൂ.

(അടുത്ത ജങ്ഷനിൽ എത്തിയതോടെ, ഫ്രാങ്ക് വലത്തോട്ടും ലിയോൺ ഇടത്തോട്ടും വഴിപിരിയുന്നു. സ്റ്റേജിൽ പോലീസുകാരൻ പ്രത്യക്ഷപ്പെടുന്നു. ഒരു നിമിഷം രണ്ട് ഭാഗത്തേക്കും സംശയത്തോടെ നോക്കിയ ശേഷം വലതുഭാഗത്തേക്ക് തിരിഞ്ഞ് ലിയോണിനെ ലക്ഷ്യമാക്കി ഓടുന്നു)

കൊച്ചൂട്ടിയുടെ അടുക്കളമുറ്റം കടന്ന് സിനീഷ് നേരെ ചെന്നത് തന്റെ സംഘത്തിനടുത്തേക്കാണ്. പിന്നെ, മിനിട്ടുകൾക്ക് മുമ്പ് നടന്ന സംഭവം എരിവിത്തിരി കൂട്ടി അവർക്ക് മുമ്പിൽ അവതരിപ്പിച്ചു. വീട്ടിലില്ലാത്ത ഭാര്യയ്ക്ക് പകരം സിനീഷിനെ കിടപ്പറയിലേക്ക് ക്ഷണിച്ച കൊച്ചൂട്ടി നാണമില്ലാത്തൊരു ഞരമ്പനാണെന്നവർ ഏകകണ്ഠമായി വിധിയെഴുതി. ഞരമ്പന്റെ സൂക്കേട് മാറ്റാൻ എന്താണൊരു വഴിയെന്നവർ കൂലങ്കഷമായി ചിന്തിച്ച് കൊണ്ടിരിക്കെ, ഏതോ ഒരുത്തൻ 'അവന്റെ അണ്ടി ഗുണ്ട് വെച്ച് പൊട്ടിക്കണം' എന്നൊരഭിപ്രായം പ്രാസമൊപ്പിച്ച് പറഞ്ഞു. ചർച്ച തീരുമാനമാകാതെ അവസാനിച്ചുവെങ്കിലും "ഗുണ്ട്' വെച്ചുള്ള പ്രയോഗം സിനീഷിന്റെ മനസ്സിന്റെ ഏതോ കോണിൽ തറച്ച് നിന്നു.
പിറ്റേന്ന്, നാദാപുരത്തുണ്ടായ നാടൻ ബോംബ് സ്ഫോടനത്തെ കുറിച്ചുള്ള വാർത്ത കണ്ണിൽ പെട്ടതോടെ തറച്ച് നിന്ന കത്തി അവിടുന്ന് ഊരിയെടുത്ത്, സിനീഷ് അതിന്റെ സാധ്യതകളെ പറ്റി ആലോചിച്ചു. പിന്നെ, പണിക്ക് പോയ അമ്മ ആരാന്റെ അടുക്കളയിൽ കിടന്നും ഓല മെടഞ്ഞും ഉണ്ടാക്കി സൂക്ഷിച്ച സമ്പാദ്യത്തിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ ചൂണ്ടി അങ്ങാടിയിലേക്ക് നടന്നു. ഒന്നരക്കിലോ പനോലപ്പടക്കവും, ഇത്തിരി ചാക്കുനൂലും ഒരു വിരൽ നീളമുള്ള ഇരുമ്പുഡപ്പിയും കുറച്ച് ഇരുമ്പാണിയും വാങ്ങി തിരിച്ച് വന്ന്, ആരും കാണാതെ പറമ്പിന്റെ ഒരു മൂലയിൽ ഇരുന്ന് ഗുണ്ട് ഉണ്ടാക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു. അങ്ങേയറ്റം സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടി ഓരോ പടക്കത്തിന്റെയും കെട്ടഴിച്ച്, ഓലയടരുകൾ ഓരോന്നായി മാറ്റി, ഉള്ളിലെ വെടിമരുന്ന് ഡപ്പിയിലേക് നിക്ഷേപിച്ചു. ഇടയ്ക്കിടെ ആണികളും അതിനിടയിൽ നിറച്ചു. ഒന്ന് രണ്ട് മണിക്കൂർ നേരത്തെ അദ്ധ്വാനത്തിന് ശേഷം ഡപ്പി നിറഞ്ഞു കവിഞ്ഞു. പിന്നെ, ഡപ്പി ഇരുമ്പ് മൂടി കൊണ്ട് ഇറുക്കിയടച്ചു. ചിമ്മിണിയും വെടിമരുന്നും കൂട്ടി കുഴച്ചുണ്ടാക്കിയ മിശ്രിതത്തിൽ ചാക്കുനൂൽ മുക്കിയെടുത്ത് തിരിയുണ്ടാക്കി കഴിഞ്ഞപ്പോളാണ്, തിരി ഘടിപ്പിക്കാനൊരു ദ്വാരമില്ലെന്ന കാര്യം സിനീഷ് ശ്രദ്ധിച്ചത്. അങ്ങനെ, ഒരാണി ഇരുമ്പു ഡപ്പിയ്ക്ക് മേലെ ലംബമായി ഇടം കൈ കൊണ്ട് പിടിച്ച് ചെറിയൊരു പാറക്കല്ല് കൊണ്ട് അടിച്ച് ദ്വാരമുണ്ടാക്കാൻ തുടങ്ങി. ആദ്യത്തെ അടി, ആണിയിൽ നിന്നും മാറി ഇടം കൈയിലാണ് കൊണ്ടത്. അടുത്ത അടിക്ക് മുന്നേ, കൈകൾ പരസ്പരം മാറ്റി, വലത്തെ കൈകൊണ്ട് ആണി പിടിച്ച് ഇടം കൈ കൊണ്ട് അടി തുടർന്നു. ഒന്ന്, രണ്ട്, മൂന്ന്... കൃത്യം മൂന്നാമത്തെ അടിയിൽ, ഡപ്പിയ്ക്കുള്ളിൽ ഞെരുങ്ങിക്കഴിഞ്ഞിരുന്ന വെടിമരുന്ന് പൊടികൾക്ക് സ്വതന്ത്രമാകാനുള്ള അതിയായ ഒരു ത്വര ഉണ്ടായി. ഇരുമ്പാണി, ഇരുമ്പ് ഡപ്പിയിൽ ഉരസിയുള്ള തീപ്പാറ്റലിൽ അവ ശക്തമായി പൊട്ടിത്തെറിച്ചു. പുകയൊന്നടങ്ങിയപ്പോൾ സിനീഷിന്റെ കണ്ണുകൾക്ക് കാഴ്ച തിരിച്ച് കിട്ടി. അപ്പോളവന് തന്റെ മരവിച്ച് കൈപ്പത്തിയിലെ ഒഴിഞ്ഞുകിടക്കുന്ന വിരൽ സ്ഥാനം കാണുവാൻ പറ്റി. ചെവിക്കുള്ളിലെ വണ്ടിൻ മൂളലുകൾ ഒതുങ്ങിയപ്പോൾ നാലുപാടു നിന്നും ഓടി വരുന്നവരുടെ ആരവം കേൾക്കാനുമായി.

അഞ്ച് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് തിരിച്ച് വന്ന സിനീഷിന്റെ വലത്തേ കൈപ്പത്തിയിൽ ഒന്നര വിരലുകൾ കുറവ് വന്നിരുന്നു. പൊട്ടിപ്പോയ കർണ്ണപടം കേൾവിയിലും കുറവ് വരുത്തി. വീട്ടിലെത്തിയ സിനീഷിനെ കാണാൻ വന്ന നാട്ടുകാരുടെ കൂട്ടത്തിൽ ഇതിനൊക്കെ കാരണക്കാരനായ കൊച്ചൂട്ടിയും ഉണ്ടായിരുന്നു. തന്റെ അണ്ടിക്ക് വെക്കാനുണ്ടാക്കിയ ഗുണ്ടാണ് സ്ഥാനം മാറി പൊട്ടിയതെന്ന സത്യമറിയാതെ അയാൾ സിനീഷിന്റെ ഗതികേടിൽ വിലപിച്ചു. കൂടെ വന്നവർ ഇറങ്ങിയിട്ടും അയാൾ കുറച്ച് നേരം കൂടി സിനീഷിന്റെ കൂടെയിരുന്നു. പിന്നെ വാത്സല്യം കാണിക്കാനെന്ന വണ്ണം സിനീഷിനടുത്തേക്ക് ചെന്ന് സ്‌നേഹത്തോടെ തുടയിൽ തടവി, ഒരിക്കൽ കൂടി അവനെ കിടപ്പറയിലേക്ക് ക്ഷണിച്ചു. അതോടെ, സിനീഷിനുള്ളിലെ അഗ്‌നിപർവ്വതം വീണ്ടും സജീവമായി പൊട്ടാൻ ഒരുങ്ങി. എങ്കിലും, കൈ തട്ടി മാറ്റിയതല്ലാതെ ഒരു സംഗമത്തിന് താൽപ്പര്യമുണ്ടെന്നോ ഇല്ലെന്നോ പറയാൻ അപ്പോളും അവന് കഴിഞ്ഞില്ല. കൊച്ചൂട്ടി അത് ചികഞ്ഞ് നോക്കാനും നിന്നില്ല. അയാൾ തിരികെ വീട്ടിലെത്തി നാടകവായന തുടർന്നു.

രംഗം 7

(സക്‌സിനൗസിൻ കോൺസെൻട്രേഷൻ ക്യാമ്പിലെ തടവറ. മങ്ങിയ വെളിച്ചത്തിൽ, ചുമരിൽ ചാരിയിരിക്കുന്ന ലിയോൺ. ക്ഷീണിതനും നിരാശനുമാണ്. നീണ്ട വരകളുള്ള പൈജാമയാണ് വേഷം. നെഞ്ചിന്റെ ഭാഗത്ത് പിങ്ക് നിറത്തിൽ, മുന താഴേക്കുള്ള ത്രികോണം തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. പെട്ടെന്ന് തടവറയുടെ വാതിൽ തുറക്കുന്നു. ഉദ്യോഗസ്ഥരാരോ ഒരു ചെറുപ്പക്കാരനെ അകത്തേക്ക് തള്ളിവിട്ട ശേഷം വാതിലുകൾ അടയുന്നു. പുതിയതായി വന്ന ആൾ ഫ്രാങ്ക് ആണെന്ന് മനസ്സിലാക്കിയ ലിയോൺ 'ഫ്രാങ്ക്' എന്ന് വിളിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. നടക്കാൻ ബുദ്ധിമുട്ടുന്ന ഫ്രാങ്കിനെ താങ്ങിപിടിച്ച് അവനിരുന്നിരുന്ന ഇടത്തേക്ക് കൊണ്ട് വരുന്നു. ഫ്രാങ്കിനെ നിലത്ത് ഇരിക്കാൻ സഹായിച്ച ശേഷം അഭിമുഖമായി ഇരിക്കുന്നു.)

ലിയോൺ: ഫ്രാങ്ക്, ഞാൻ കരുതിയത് നീ രക്ഷപ്പെട്ടുവെന്നാണ്.

ഫ്രാങ്ക്: ഇല്ല ലിയോൺ. നീ പിടിക്കപ്പെട്ട അന്ന് മാത്രമേ ഭാഗ്യം എന്നെ തുണച്ചുള്ളൂ. തൊട്ടടുത്ത ദിവസം തന്നെ ഞാനും പിടിക്കപ്പെട്ടു.

ലിയോൺ: ദൈവമേ, എന്തൊരു കഷ്ടമാണ് (ശബ്ദമിടറുന്നു).

ഫ്രാങ്ക്: ഇനിയും കരയാതിരിക്കാൻ നീ പഠിച്ചില്ലേ ലിയോൺ.

ലിയോൺ: മ്...എന്നാൽ പറയൂ, ഫ്രാങ്ക്. അപ്പോൾ ഇത്രയും നാൾ നീയെവിടെയായിരുന്നു? എങ്ങനെയാണ് നീ പിടിക്കപ്പെട്ടത്?

ഫ്രാങ്ക്: അതൊരുപാട് പറയാനുണ്ട് ലിയോൺ. അന്ന്, നിന്നെ ബലിയാടാക്കി ഞാൻ രക്ഷപ്പെട്ടു. റിനെ നദിക്കരയിലേക്ക് എത്തിപ്പെടുവാൻ എനിക്ക് സാധിച്ചില്ല. പക്ഷേ, ഒരു ജൂതകുടുംബം എനിക്ക് തുണയായി. അവരുടെ വീടിനുള്ളിലെ രഹസ്യ അറയിൽ ഞാനും ആ കുടുംബവും ഒളിച്ചിരുന്നു. എന്നാൽ അധിക ദിവസം അത് തുടരാനായില്ല. എന്നെയും എനിക്കഭയം തന്ന കുടുംബത്തേയും ഗെസ്റ്റപ്പോ പോലീസ് പിടികൂടുകയും ദെഖാവുവിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയക്കുകയും ചെയ്തു. ഇത്രയും നാൾ ഞാൻ അവിടെ ആയിരുന്നു.

ലിയോൺ: എന്നിട്ടോ? എന്നിട്ടെങ്ങനെയാണ് ഈ ക്യാമ്പിലേക്കെത്തിയത്?
ഫ്രാങ്ക്: ജൂതകുടുംബത്തിൽ പെട്ട ആളെന്ന് കരുതിയാണ് ഇത്രയും നാൾ ദെഖാവു ക്യാമ്പിൽ തടവിലിട്ടത്. ഇന്നലെ, ആ സിൽറ്റൻ അവിടേക്ക് സ്ഥലം മാറി വന്നു. അവനിപ്പോൾ ഗെസ്റ്റപ്പോ പോലീസിൽ ഉദ്യോഗസ്ഥനാണ്. ക്യാമ്പിൽ എന്നെക്കണ്ടതും, ക്ലബ്ബുമായുള്ള ബന്ധം പറഞ്ഞ് എന്നെ ഇങ്ങോട്ട് മാറ്റി. മഞ്ഞ-നക്ഷത്ര അടയാളം മാറ്റി ഈ പിങ്ക് ത്രികോണം പതിപ്പിച്ചു.
ലിയോൺ: ഇവിടെ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. സ്വവർഗ സ്‌നേഹം ഒരു രോഗമാണെന്നാണ് ഇവർ പറയുന്നത്. രോഗം മാറ്റാനുള്ള പല ജാതി മരുന്നുകൾ ദിവസേന ഞങ്ങളിൽ കുത്തിവെയ്ക്കുന്നു. ചിലത് നിർബന്ധിച്ച് കഴിപ്പിക്കുന്നു.

ഫ്രാങ്ക്: ദൈവമേ, ദെഖാവുവിൽ നടുമുറിയുന്ന ജോലിയായിരുന്നു. ഇവിടെ ജീവൻ പോകുമല്ലോ?

ലിയോൺ: പക്ഷേ, ഒരു കാര്യമുണ്ട്. വൃഷ്ണച്ഛേദം നടത്തി ഷണ്ഡീകരണത്തിന് വിധേയമാകാൻ സമ്മതിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം.

(ഫ്രാങ്ക് പതിയെ എണീറ്റ് ആലോചിച്ച് കൊണ്ട് ഒന്ന് രണ്ടടി മുന്നോട്ട് നടന്നു. പിന്നെ എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ തിരിച്ച് വന്ന് ലിയോണിന് മുന്നിൽ നിന്നു.)

ഫ്രാങ്ക്: ഞാൻ തീരുമാനിച്ചു ലിയോൺ. ഒരവയവം പോകുകയാണെങ്കിൽ പോകട്ടെ. ജീവനോടെ എങ്ങനെയെങ്കിലും ഈ തടവറയിൽ നിന്ന് പുറത്ത് കടന്നേ മതിയാകൂ. നീയും എന്റെ കൂടെ വരൂ.

(ഫ്രാങ്ക് കൈകൾ നീട്ടി ലിയോണിനെ നിലത്ത് നിന്നും എണീപ്പിക്കുന്നു. രണ്ടുപേരും വേദിയുടെ ഒരു ഭാഗത്തേക്ക് പോകുമ്പോൾ വെളിച്ചം അണയുന്നു)

സ്‌ഫോടനമേൽപ്പിച്ച ആഘാതങ്ങൾ പൂർണമായും മാറും മുന്നേ സിനീഷ് തന്റെ സംഘത്തിലേക്ക് തിരിച്ചെത്തി. കൊച്ചൂട്ടി വീണ്ടും കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്നും, ഇത്തവണ മേല് തൊടാൻ ധൈര്യം കാണിച്ചുവെന്നും അവൻ അറിയിച്ചു. പിന്നെ, അപകടരഹിതമായ ഒരു തിരിച്ചടി പ്ലാൻ ചെയ്ത് അവിടെ നിന്നും മടങ്ങി. അന്ന് തന്നെ കൊച്ചൂട്ടിയെ കണ്ട് തനിക്ക് ഒരു സമാഗമത്തിന് സമ്മതമാണെന്ന് വാക്കാൽ അറിയിച്ചു. കൊച്ചൂട്ടിയുടെ ഭാര്യയുള്ളതിനാൽ വീട്ടിനുള്ളിൽ ഒന്നും നടക്കില്ലെന്നും, ആളൊഴിഞ്ഞ ഇടവഴിയ്ക്കരികിലെ മുളങ്കൂട്ടത്തിന്റെ മറവാണ് സുരക്ഷിത സ്ഥാനമെന്നും സിനീഷ് തന്നെയാണ് അഭിപ്രായപ്പെട്ടത്. ഇല്ലിപ്പുറത്തമ്പലത്തിലെ ഉത്സവദിവസത്തെ രാത്രി നാട്ടുകാരെല്ലാം ഉത്സവപ്പറമ്പിലായിരിക്കുന്നതിനാൽ അവിടം വിജനമായിരിക്കുമെന്നും അവൻ പറഞ്ഞു. കൊച്ചൂട്ടിക്കതെല്ലാം സന്തോഷവും സമ്മതവുമായിരുന്നു.

അങ്ങനെ ആ രാത്രി വന്നെത്തി. ഭാര്യയെ പറഞ്ഞ് പറ്റിച്ച് ഉത്സവപ്പറമ്പിൽ തന്നെ നിർത്തി കൊച്ചൂട്ടി മുളങ്കൂട്ടത്തിനടുത്തെത്തി. ഏറെ നേരം കഴിയും മുന്നേ, വലിയൊരു ടോർച്ചും തെളിച്ച് സിനീഷും എത്തിച്ചേർന്നു. സന്തോഷത്തിൽ മതി മറന്ന കൊച്ചൂട്ടി സിനീഷിനെ അണച്ച് പിടിക്കാനായി ആഞ്ഞപ്പോൾ, അവന്റെ കൈയിലുണ്ടായിരുന്ന ബ്രൈറ്റ് ലൈറ്റ് ടോർച്ച് ആകാശത്തേക്ക് നോക്കി ഒരു പ്രത്യേക താളത്തിൽ മൂന്ന് തവണ കത്തിയണഞ്ഞു. തിരക്കഥയിലില്ലാത്ത രംഗം കണ്ട് പന്തികേട് തോന്നിയ കൊച്ചൂട്ടി പതിയെ സ്ഥലം വിടാനൊരുങ്ങി. പക്ഷേ, അപ്പോഴേക്കും അയാൾക്ക് ചുറ്റിലുമായി സിനീഷിന്റെ സംഘാംഗങ്ങൾ നിരന്ന് കഴിഞ്ഞിരുന്നു. പിന്നീടവിടം, കൗമാരക്കൂട്ടത്തിന്റെ താണ്ഡവനടനം ആരംഭിച്ചു. കൊച്ചൂട്ടിയുടെ മർമ്മങ്ങളിൽ ഓരോന്നിലും ചവിട്ടുകളും കുത്തുകളും നിർദയം പതിച്ചു. അയാളുടെ വേദന നിലവിളിയായി ഉത്സവമേളങ്ങൾക്കും മേലെ ഉയർന്നപ്പോൾ, എവിടെ നിന്നൊക്കെയോ ചിലർ ഓടി വന്നു. അത് കണ്ട് സിനീഷും കൂട്ടരും ഇരുളിൽ മറഞ്ഞു.

രണ്ടാം വിഭാഗം ആണുങ്ങളുടെ സ്വത്വബോധത്തെ വല്ലാതെ ഉലച്ച ആ സംഭവത്തിന്റെ പലവിധ പതിപ്പുകൾ പിറ്റേന്ന് മുതൽ നാട്ടിലാകെ പടർന്ന് പിടിച്ചു. അവരിൽ പലരും തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടി. കൂടെയുള്ളവരിൽ നിന്നും ഒറ്റപ്പെട്ട് പോയ കൊച്ചുട്ടി ഞരമ്പനെന്ന അഭിസംബോധനകൾ കൊണ്ട് നാട്ടിലാകെ പരിഹസിക്കപ്പെട്ടു. പിന്നീടധികം നാളുകൾ കൊച്ചൂട്ടി അവിടെ ഉണ്ടായില്ല. ഉപേക്ഷിച്ച് പോയ ഭാര്യ മറന്ന് വെച്ചൊരു പോളിസ്റ്റർ സാരിയിൽ തന്നെത്തന്നെ അയാൾ കുത്തിക്കെടുത്തി. തൂങ്ങിയാടിയ അയാളുടെ കാലുകൾക്ക് താഴെ മേശപ്പുറത്ത്, കൊച്ചൂട്ടി വായിച്ച് തീർത്ത ‘നൂറ്റിയെഴുപത്തഞ്ചാം പാരഗ്രാഫ്' എന്ന നാടകത്തിന്റെ അവസാന പേജ് തുറന്ന് കിടക്കുന്നുണ്ടായിരുന്നു.

രംഗം 11

(കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പീഡിപ്പിക്കപ്പെട്ട സ്വവർഗസ്‌നേഹികൾക്ക് വേണ്ടി റിനെ നദിക്കരയിൽ തീർത്ത സ്മാരകത്തിന്റെ ഉദ്ഘാടനം നടക്കുന്നു. വേദിയുടെ ഒരു ഭാഗത്ത് ത്രികോണാകൃതിയിൽ തീർത്ത ഒരു സ്മാരകശില കാണാം. അതിൽ ‘Totgeschlagen - Totgeschwiegen' 7 എന്ന് കൊത്തിവെച്ചിരിക്കുന്നു. അതിനടുത്ത് ഒരു മൈക്കും പോഡിയവും ഒരുക്കി വെച്ചിരിക്കുന്നു. അധ്യക്ഷൻ സംസാരിക്കാനായി മൈക്കിന് മുമ്പിലെത്തുന്നു.)

അധ്യക്ഷൻ: പ്രിയമുള്ളവരേ, ഇന്ന് നമ്മളോട് സംസാരിക്കുവാനായി ഇവിടെ എത്തിച്ചേർന്നിരിക്കുന്നത് സ്വവർഗ്ഗസ്‌നേഹികളുടെ അവകാശങ്ങൾക്കായി പോരാടുന്ന സാമൂഹ്യപ്രവർത്തകൻ ശ്രീ. ഫ്രാങ്ക് മിശ്‌നേർ ആണ്. അദ്ദേഹത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

(വൃദ്ധനായ ഫ്രാങ്ക് സഹായികളുടെ കൈ പിടിച്ച് മൈക്കിനടുത്തേക്ക് വരുന്നു. പോഡിയത്തിൽ കൈകളൂന്നി കിതപ്പ് മാറ്റിയ ശേഷം സംസാരിച്ച് തുടങ്ങുന്നു.)

ഫ്രാങ്ക്: പ്രിയ സുഹൃത്തുക്കളേ, 1930-ലാണ് ഞാനും എന്റെ പങ്കാളി ലിയോണും നിങ്ങളുടെയീ കളോൺ നഗരത്തിൽ സ്വവർഗാനുരാഗികൾക്കായി ഒരു ക്ലബ്ബ് തുടങ്ങുന്നത്. എന്നാൽ, 1933-ൽ ഹിറ്റ്‌ലറിന്റെ എസ്സേ ട്രൂപ്പുകാർ അത് പൂട്ടിച്ചു. അതുമായി ബന്ധമുണ്ടായിരുന്ന എല്ലാവരെയും പിങ്ക് ത്രികോണം ഒട്ടിച്ചുവെച്ച് വിവിധ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയച്ചു. ക്യാമ്പുകളിൽ അവർ ഞങ്ങളെ തല്ലിയും ചവുട്ടിയും നിശ്ശബ്ദരാക്കി. മരുന്നുകൾ പരീക്ഷിക്കുവാനുള്ള ഗിനിപ്പന്നികളാക്കി. എന്റെ പങ്കാളി ലിയോൺ, അത്തരം മരുന്നുകളുടെ പാർശ്വഫലം അനുഭവിച്ച് നരകിച്ച് മരണപ്പെട്ടു. എന്റെ വികാരവിചാരങ്ങൾ വൃഷ്ണത്തിലാണെന്ന് കരുതി അവരത് മുറിച്ചെടുത്തു. വികലാംഗനായി ഞാൻ ജീവിച്ച് തീർത്ത അരനൂറ്റാണ്ട് കാലത്തെ ദിനരാത്രങ്ങളെ സാക്ഷി നിർത്തി ഞാൻ പറയട്ടെ, സ്‌നേഹം ചുരക്കുന്നത് കാലുകൾക്കിടയിൽ നിന്നല്ല. ഹൃദയത്തിൽ നിന്നാണ്. മതമോ, ലിംഗമോ, വംശമോ ഒന്നും സ്‌നേഹത്തിന് അതിരുകളല്ല.

നാസികളുടെ ക്രൂരതയിൽ ഇടറിവീണവർക്കായുള്ള സ്മാരകം ഇന്നിവിടെ ഉയരുമ്പോൾ, നമ്മളോർക്കണം ഈയൊരു നിമിഷം പോലും ലോകത്തിന്റെ മറ്റൊരു കോണിൽ, മറ്റൊരു സ്വവർഗാനുരാഗി ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. മരണത്തിന്റെ നിശ്ശബ്ദതയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.

‘They are brutally beaten to death. To the deathly silence.'

1. ഇങ്ങി - നീ 2. പെണ്ണ്ങ്ങൾ - ഭാര്യ 3. ഓളാട- അവളുടെ അവിടെ (അവളുടെ വീട്ടിൽ) 4. ചാക്കുനൂല് - ചണനാര് 5. ചിമ്മിണി- മണ്ണെണ്ണ 6. സ്വവർഗാനുരാഗികളുടെ ഉന്മൂലനത്തിനായി ഹിറ്റ്‌ലർ ഉപയോഗിച്ച ക്രിമിനൽ നിയമം. 7. നാസി തടങ്കൽ പാളയങ്ങളിൽ മരണമടഞ്ഞ സ്വവർഗസ്‌നേഹികളുടെ സ്മാരകത്തിൽ ആലേഖനം ചെയ്ത ജർമൻ ഭാഷയിലുള്ള വാചകങ്ങൾ.​​​​​​​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments