മലയാളി മെമ്മോറിയൽ

എസ്.സന്തോഷ് നായരുടെ എട്ടാമത്തെ വയസ്സിലാണ് ഇത് നടക്കുന്നത്. ഇത് എന്ന് ഒഴുക്കൻ മട്ടിൽ പറയുന്നത് ശരിയല്ലാത്തതു കൊണ്ട് ഈ സംഭവം എന്നു തന്നെ പറയണമെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം എന്നെ കാണാൻ വന്നത്. വരാൻ പോകുന്ന ഡിസംബറിൽ പതിനെട്ട് വയസ്സ് പൂർത്തിയാവുന്ന, പ്ലസ് ടു കഴിഞ്ഞ്, ഇപ്പോൾ ഡിഗ്രി ഒന്നാം വർഷത്തിന് ചേർന്ന ഒരാളെ ബഹുമാനിക്കുന്നതിൽ തെറ്റൊന്നുമില്ലന്നുള്ള ഉറച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് അദ്ദേഹം എന്ന് അഭിസംബോധന ചെയ്തത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ ഇതിലും മാന്യമായൊരു വിശേഷണം സന്തോഷ് നായർക്ക് നൽകാനുമില്ല.
സാമൂഹ്യ പ്രവർത്തനമോ, രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടലോ, അധികം ആളുകളുമായി കൂട്ടുകൂടലോ ഇല്ലാത്ത, രാവിലെ നാലുമണിക്ക് എഴുന്നേറ്റ് നടക്കാൻ പോയി, മുറ്റം തൂത്തുവാരി, ഭാര്യയെ അടുക്കളയിൽ സഹായിച്ച്, കൃത്യം എട്ടരയ്ക്ക് ഭാര്യയോടൊത്ത് ഓഫീസിൽ പോകുന്ന, വൈകുന്നേരം കുറച്ചുനേരം വാർത്ത കണ്ട്, മക്കളുടെ പഠിത്തത്തിനു മുകളിലൂടെ ഒരു നോട്ടം നോക്കി, നേരത്തെ അത്താഴവും കഴിച്ച് കിടക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. വല്ലപ്പോഴുമൊരിക്കൽ ആരും അറിയാതെ, മക്കൾ പോലും അറിയാതെ, ഒരു ബിയർ ഞാനും ഭാര്യയും കൂടി കഴിക്കും. ആ നേരത്ത് എന്റെ വർത്തമാനത്തിന് എരിവ് അൽപ്പം കൂടുതലാണന്നാണ് ഭാര്യയുടെ പരാതി. അതു മാത്രമല്ല, അന്നെനിക്ക് ചില പ്രത്യേക ശൈലികളിൽ രതിയിൽ ഏർപ്പെടണമെന്നു പറയുകയും അതിന്റെ പാതിയിൽ വെച്ച് ഉറങ്ങിപ്പോവുകയുമാണ് പതിവ്. ഇത്രയും ചുരുക്കിപ്പറയാവുന്ന ജീവചരിത്രത്തിൽ വീട്ടുകാരും നാട്ടുകാരും എന്റെ ദുശ്ശീലമായി പണ്ട് പറഞ്ഞിരുന്ന ഒരേ ഒരു കാര്യം ആരുടേയും മുഖത്തും നോക്കില്ല എന്നായിരുന്നു. കല്യാണത്തിനുമുമ്പേ തന്നെ എന്റെ ഭൂമിയിലേക്കും നോക്കിയുള്ള നടത്തത്തെക്കുറിച്ച് ഭാര്യ ചീത്ത പറഞ്ഞിട്ടുണ്ട്. ആ ചീത്തക്കൊന്നും എന്റെ തല പിടിച്ചുയർത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ, തല കുനിഞ്ഞിട്ടാണെങ്കിലും അതിലൂടെ പാളി ഇറങ്ങുന്ന നോട്ടത്തിൽപ്പെടാതെ ഒരാളും പോവില്ല. അങ്ങനെയാണ് വായനശാലയിൽ ഷട്ടിൽ കളിക്കുകയും അത് കഴിഞ്ഞ് പനമ്പാലം വരെ നടന്ന് തട്ട് ദോശയും തിന്ന്, തിരിച്ച് അമ്പലപ്പറമ്പിൽ വട്ടമിട്ടിരുന്ന് വർത്തമാനവും കഴിഞ്ഞ്, വീട്ടിലേക്ക് പിരിയുന്ന സന്തോഷ് നായരെയും കൂട്ടുകാരെയും രണ്ട് പെൺകുട്ടികളുടെ അച്ഛനെന്ന ആധിയോടെയുള്ള നോട്ടം പിൻതുടർന്നിട്ടുള്ളത്. ഈ വേവലാതിയൊന്നും എന്റെ ഭാര്യക്ക് ഇല്ല. രണ്ട് പെൺകുട്ടികളുടെ അമ്മ എന്ന നിലയിലുള്ള അഭിമാനമല്ലാതെ, മറ്റൊന്നിനേക്കറിച്ചും ഒരു കൂസലും ഇല്ല. അവരും അമ്മയെപ്പോലെ തന്നെ കാലു കവച്ച് വെച്ചിരിക്കും, സന്ധ്യയ്ക്ക് ചൂളമടിക്കും, സൈക്കിളിൽ നാടു മുഴുവൻ ചുറ്റും. അവരുടെ നനച്ച ബ്രായും പാന്റിയും ചിലപ്പോൾ എന്നോട് അയയിൽ തോരനിടാൻ പറയും. ഇങ്ങനെയൊക്കെ ആണെങ്കിലും വെറുതെ ഒരച്ഛനാവുന്നതിൽ ഒരു രസമില്ലന്നു കണ്ടാണ് മക്കൾക്കൊപ്പവും അവരേക്കാൾ മുൻപേ വളർന്നതുമായ ചില ആണുങ്ങളുടെ പോക്കുവരവുകൾ എല്ലാം ഞാൻ മനപ്പാഠമാക്കിവെച്ചിരിക്കുന്നത്. അവരെക്കുറിച്ചൊക്കെ ഉണ്ണാനിരിക്കുമ്പോൾ വെറുതെ ചില അഭിപ്രായങ്ങൾ പറഞ്ഞ് നോക്കുമെങ്കിലും എന്നേക്കാൾ ഒരു പാട് മുഴം മുന്നേ എറിയാൻ ശേഷിയുള്ളതുകൊണ്ട് മക്കൾ അതിനൊന്ന് നടക്കാൻ പോലുമുള്ള വഴികൊടുക്കില്ല. അങ്ങനെ പൂർത്തിയാക്കാനാവാത്ത ഒരു പാട് അഭിപ്രായങ്ങളുടെ ഭ്രൂണങ്ങൾ ഉരുവം കൊള്ളാതെ നശിച്ചുപോയിട്ടുണ്ട്. അതിലുള്ള സന്തോഷ് നായരാണ് അപ്രതീക്ഷിതമായി എന്നെ കാണാൻ വന്നത്. ഞാനപ്പോൾ ഓഫീസിൽ നിന്നു വന്നിട്ട് കാലും മുഖവുമൊക്കെ കഴുകി, വരുന്ന വഴിക്ക് ഒടിച്ചെടുത്ത ഒരു ചെമ്പരത്തിക്കമ്പ് കുത്തിവെക്കാൻ തുടങ്ങുകയായിരുന്നു. ഗയിറ്റിന്റെ തുരുമ്പിച്ച ഒച്ച കേട്ടുനോക്കുമ്പോൾ സന്തോഷ് നായർ വരുന്നു. ഞാൻ ആദ്യം അയാളുടെ കൈകളിലേക്ക് നോക്കി, പിന്നെ, പാന്റിന്റെയും ഷർട്ടിന്റെയും പോക്കറ്റിലേക്ക് നോക്കി. അസ്വാഭാവികമായതൊന്നും എന്റെ കണ്ണിൽ ആദ്യം പിടിച്ചില്ല. പക്ഷേ എന്റെ ഹൃദയം മിടിച്ച വിറയൽ കാരണം കുന്തക്കാലിൽ നിന്നും പെട്ടന്നൊന്നും എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അയാൾ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. എന്റെ നെഞ്ചിടിപ്പ് അയാൾ ഉറപ്പായും കേട്ടിട്ടുണ്ടാവും. അതൊന്നും ശ്രദ്ധിക്കാതെ, വന്ന വേഗതയിൽത്തന്നെ കാര്യം പറഞ്ഞു; ‘എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്.'
എന്റെ കൈയ്യിലെ ചെമ്പരത്തിക്കമ്പ് എന്നോട് അനുവാദം ചോദിക്കാൻ പോലും കാത്തു നിൽക്കാതെ താഴേക്ക് ഇറങ്ങിപ്പോയി. കൈയ്യിലെ മണ്ണ് മുണ്ടിൽ തുടയ്ക്കാനോ, ഇരുന്നിടത്തിരുന്ന് നോക്കിപ്പോയ നോട്ടം തിരിച്ചെടുത്തിട്ട്, എഴുന്നേൽക്കാനാവാതെ ആ ഇരിപ്പ് തുടർന്നപ്പോൾ അയാൾ വീണ്ടും പറഞ്ഞു ‘എനിക്കൊരു കാര്യം പറയാനുണ്ട്.'

എവിടെ നിന്നോ പിടിച്ചെടുത്ത ഒരൽപ്പം ധൈര്യത്തിൽ ഞാൻ തലയാട്ടി. എന്നിട്ടും ഇരുന്നിടത്തു നിന്ന് അനങ്ങാൻ എനിക്ക് കഴിഞ്ഞില്ല.
‘ഇവിടെ വെച്ച് പറയാൻ പറ്റിയ വിഷയമല്ല.'
ഇതു കേട്ടപ്പോൾ ഞാനറിയാതെ എഴുന്നേറ്റ് പോയി. വീട്ടിനുള്ളിൽ നിന്നും ഭാര്യയുടെയും മക്കളുടെയും വർത്തമാനം കേൾക്കാം.ആരും ഇങ്ങനെ ഒരാൾ വീട്ടിലേക്ക് കയറിയത് കണ്ടിട്ടില്ല. അയാളുടെ വരവിന്റെ ഉദ്ദേശമെന്തന്ന് അറിയാത്തതുകൊണ്ട് ഞാൻ മടിച്ചു മടിച്ചു ചോദിച്ചു, ‘ഇവിടെ നിന്ന് പറഞ്ഞാൽ പോരേ?'
‘പോരാ;' അതൊരുതരം ധിക്കാരം മുറ്റിയ മറുപടിയായി എനിക്ക് തോന്നിയെങ്കിലും തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. പതിനെട്ട് വയസ്സുള്ള ചെറുക്കൻ, പതിനാറും പതിനെട്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളുള്ള വീട്. എന്നെപ്പോലൊരു അച്ഛന് തോന്നാവുന്നതെല്ലാം ഒറ്റയടിക്ക് ഇരച്ചു വരുമ്പോഴേക്ക് അയാൾ വീടിന്റെ ഉള്ളിലേക്ക് കയറിയിരുന്നു. അതിലെ അപകടം പെട്ടന്നു തന്നെ എന്നെ അയാൾക്ക് പിന്നിലെത്തിച്ചു.
ഞാൻ സ്ഥിരമായി ഇരിക്കുന്ന, പടിഞ്ഞാറെ ദിക്കിലുള്ള കസേരയിലാണ്, ഇരിക്കൂ എന്നുള്ള മര്യാദ പോലും കേൾക്കാൻ നിൽക്കാതെ അദ്ദേഹം കയറി ഇരുന്നത്. ഇവിടുള്ള ഏതു കസേരയിൽ ഇരുന്നാലും ഭ്രമണപഥത്തിൽ നിന്നു തെറ്റിയുള്ള ഒരു ഗ്രഹത്തിന്റെ സഞ്ചാരമായിരിക്കും എന്റേതെന്ന് അറിയാവുന്നതുകൊണ്ട് കസേരയുടെ കാല് ശരിയല്ല, അവിടെ ഇരിക്കണ്ട എന്നു പറഞ്ഞ് ഞാൻ കൗശലപൂർവ്വം മറ്റൊരു കസേര നീക്കിയിട്ടു കൊടുത്തിട്ട്, ഇരിപ്പ് ശീലം കൊണ്ട് കുഴിഞ്ഞു പോയ എന്റെ കസേരയിൽ ഇരുന്നു.
‘എന്നെ മനസ്സിലായോ?' ഞാനൊന്ന് ഇരുപ്പുറപ്പിച്ചു എന്ന് തോന്നിയപ്പോൾ അയാൾ ചോദിച്ചു.
‘പിന്നേ, തെക്കേക്കുറ്റേ ശങ്കരൻ ചേട്ടന്റെ മൂന്നാമത്തെ മകനല്ലേ?'
‘എന്റെ പേര് ചേട്ടനറിയാമോ?'
ഒരു നിമിഷം ഞാനൊന്നും മിണ്ടിയില്ല. അറിയാം, പക്ഷേ അതെങ്ങനെ പറയണമെന്ന ഒരു അങ്കലാപ്പായി നാവിൻ തുമ്പിൽ വന്ന് നിന്നു.
‘ഇതു തന്നെയാ എന്റെ പ്രശ്‌നം' അപ്പോൾ അയാളുടെ ശബ്ദം കുറച്ചൊന്ന് ഉയർന്നു.
‘സന്തോഷ് എന്നല്ലേ?'
‘ഇത് പറയാൻ ചേട്ടനെന്നാ ഇത്രേം നേരം താമസിച്ചത് ?'
ഇയാളോടോ ഇയാൾടെ അച്ഛനോടോ ഇവരുടെ കുടുംബക്കാരോടോ ഒരു തെറ്റും അറിഞ്ഞും അറിയാതെയും ചെയ്യാത്ത എന്നോട് വീട്ടിൽക്കയറി വന്ന് ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്താണന്ന് കരുതി ഒന്നും മനസ്സിലാവാതെ ഇരുന്നപ്പോൾ അടുത്ത ചോദ്യം വന്നു; അതും അതേ കനത്തിൽ; ‘ഞാൻ ചോദിച്ചപ്പോൾ ചേട്ടന്റെ മനസ്സിൽ വന്ന പേര് മറ്റേതല്ലേ?'
അല്ല എന്നു പറഞ്ഞാൽ അത് കള്ളമാകും. അതിന്മേൽ പിന്നൊരു തർക്കമാകും. കാര്യം കയ്യോടെ പിടിക്കപ്പെട്ടതുകൊണ്ട് ആ സത്യം തലയാട്ടി ഉറപ്പിക്കുന്നതാവും ഭംഗിയെന്നുള്ളതുകൊണ്ട്, അത്ര ബലമില്ലാത്തൊരു തലയാട്ടലിലൂടെ സമ്മതം രേഖപ്പെടുത്തി.
‘അതാണ് എന്റെ പ്രശ്‌നം. അതു പറയാനാണ് ഞാൻ വന്നത്'
അതിലെന്താണ് ഇത്ര പ്രശ്‌നമെന്ന് ഏതൊരാൾക്കും തോന്നുന്നതേ അപ്പോൾ എന്റെ മനസിലും വന്നുള്ളൂ. പക്ഷേ, ഇപ്പോൾ ചാടി വീഴുമെന്ന മുഖഭാവത്തിൽ, കസേരയിൽ നിന്നും മുന്നോട്ട് ആഞ്ഞ് എന്നെയും തുറിച്ചു നോക്കിക്കൊണ്ടുള്ള ഇരിപ്പിനു മുന്നിൽ നിന്നും ആ ചോദ്യം ഒഴിവാക്കുന്നതാവും ഭംഗിയെന്നുള്ളതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
‘ഇനി എനിക്കിത് സഹിക്കാൻ പറ്റില്ല. ഒരു തീരുമാനം ഉണ്ടായേ പറ്റൂ'
അയാളുടെ ശബ്ദം മെല്ലെ മെല്ലെ ഉയരുന്നതിനനുസരിച്ച് ഉള്ളിലെ ഒച്ചകൾ താഴ്ന്നു താഴ്ന്നു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
‘എത്ര നാൾ ഒരാളിത് സഹിക്കും?' അദ്ദേഹമൊന്ന് ഇളകിയിരുന്നിട്ട് ചോദിച്ചു ‘ചേട്ടന് ശരിക്കും എന്റെ മുഴുവൻ പേരും അറിയാമോ?'
അത് അറിഞ്ഞിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതു കൊണ്ട് ഞാനത് പഠിച്ചില്ല എന്ന് പറയാൻ പറ്റിയ സാഹചര്യമല്ല. വേണമെങ്കിൽ അച്ഛന്റെ പേരും തറവാട്ടു പേരുമൊക്കെ വെച്ച് ഊഹിച്ചൊരു പേരിടീൽ തത്ക്കാലം നടത്താം. ഇപ്പോഴത്തെ അവസ്ഥയിൽ അത് സ്‌ഫോടനാത്മകമായ ഒരവസ്ഥ സൃഷ്ടിച്ചാൽ അതിന്റെ ഭവിഷ്യത്ത് ഞാൻ തന്നെ അനുഭവിക്കേണ്ടി വരുമെന്നതിനാൽ അപ്പോൾ പെട്ടന്നുദിച്ച ഒരു നുണയിലൂടെ രക്ഷപെടാനൊരു ശ്രമം നടത്തി ‘പെട്ടന്ന് ഓർമ വരുന്നില്ല'
‘ഓർത്താലും ചേട്ടന് കിട്ടത്തില്ല. പിന്നെന്നാത്തിനാ അങ്ങനെ പറയുന്നെ?'
‘അതല്ല...'; ഞാനൊന്ന് മറുപടി പറയാൻ ശ്രമിച്ച് തട്ടിത്തടഞ്ഞ് വീണു പോയി.
ഇതു കൂടി ആയപ്പോൾ വീടിനുള്ളിലെ ഒച്ചകൾ പൂർണമായും ഇല്ലാതായി.
‘ചേട്ടനെന്നല്ല, ഈ നാട്ടിലെ ഒരാൾക്കും അറിയത്തില്ല, എന്റെ സ്വന്തം തന്തയ്ക്ക് തന്നെ അറിയാമോ എന്നെനിക്ക് സംശയമുണ്ട്'
എന്നോടെന്തെങ്കിലും ശത്രുതയുണ്ടങ്കിൽ, അത് സ്വന്തം അച്ഛനിലേക്ക് തിരിച്ചു വിടാനുള്ള ആ അവസരം ഞാൻ പാഴാക്കിയില്ല; ‘അങ്ങനെയൊന്നും പറയല്ലേ സന്തോഷേ, ശങ്കരൻചേട്ടന് അറിയാതിരിക്കുമോ?'
ഒരൽപ്പം സങ്കടത്തിലായിരുന്നു അതിനുള്ള മറുപടി; ‘ഓ, അയാളും മറന്നു കാണും'
സങ്കടത്തിന്റെ ഈ താഴ്ചയിലേക്ക് വീഴും മുമ്പ് പെട്ടന്നു ചാടി ചേർത്തുപിടിച്ചില്ലങ്കിൽ, വീണ്ടും ഒച്ച ഉയർത്തി, നാലു കാലിൽ നിവരുമെന്നുള്ളതുകൊണ്ട് മുന്നോട്ട് അൽപ്പം ആഞ്ഞ് ഇരുന്നിട്ട് ചോദിച്ചു; ‘സന്തോഷേ, കാര്യം പറയ്. എല്ലാത്തിനും ഒരു പരിഹാരമുണ്ടന്നല്ലേ കാരണവന്മാര് പറയുന്നത്'
‘എനിക്ക് അതിലൊന്നും വിശ്വാസമില്ല ചേട്ടാ'
‘വിഷമിക്കാതെ കാര്യം പറയ്'
‘എനിക്ക് എന്റെ പേര് വേണം'
‘പേര് ഉണ്ടല്ലോ. സന്തോഷ്. നല്ല പേരല്ലേ!'
‘അങ്ങനെ വെറും സന്തോഷ് മാത്രം പോരാ, എസ്. സന്തോഷ് നായരെന്ന മുഴുവൻ പേരും വേണം'
‘അതവിടെ ഉണ്ടല്ലോ. അത് ആര് കൊണ്ടുപോകാനാണ്?'
‘അത് സർക്കാര് രേഖയിലല്ലേ? ചേട്ടനറിയത്തില്ലാരുന്നല്ലോ?'
‘സന്തോഷിന് എന്റെ മുഴുവൻ പേരും അറിയാമോ?'
അദ്ദേഹം ഇല്ലന്ന് തലയാട്ടി.
‘പി. രാമകൃഷണൻ നായർ.രാമൂന്നല്ലേ അറിയത്തുള്ളൂ? അങ്ങനെയാണ്, ആളുകൾക്കൊന്നും എല്ലാവരുടേയും ഒഫീഷ്യൽ പേരൊന്നും അറിയണമെന്നില്ല'
‘അതൊക്കെ എനിക്കറിയാം. പക്ഷേ, മറ്റേപ്പേരല്ലേ എല്ലാവരും എന്നെ വിളിക്കുന്നത്? അപ്പോഴോ?'
വീണ്ടും ശബ്ദം ഉയർച്ചയിലേക്ക് പോകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് ഞാൻ പറഞ്ഞു; ‘സന്തോഷ് നായർക്ക് ആ പേരിൽ നിന്നൊരു മോചനം വേണം അത്രയല്ലേയുള്ളൂ?'
അദ്ദേഹം തലയാട്ടി.
‘നമുക്ക് സമാധാനം ഉണ്ടാക്കാം. പോരേ?'

തലയാട്ടിയിട്ട് കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം ചോദിച്ചു; ‘എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണോ അതോ എന്തെങ്കിലും... ?'
‘ഞാൻ ഇനി മുതൽ സന്തോഷിനെ സന്തോഷ് നായരെ എന്നേ വിളിക്കൂ. വേണമെങ്കിൽ നായരേ എന്നു മാത്രമായും വിളിക്കാം. അതു പോരേ? അങ്ങനെയങ്ങനെ എല്ലാവരും വിളിച്ചുതുടങ്ങുമെന്നേ'
അദ്ദേഹം തത്ക്കാലത്തേക്ക് ഒന്നു സമാധാനിച്ചു എന്നൊരു തോന്നലിൽ ഞാനെന്റെ ആകാംക്ഷയെ മെല്ലെ എടുത്തു വെച്ചു; ‘അല്ല, താങ്കൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിഷയവുമായി എന്നെ കാണാൻ വന്നത്?'
‘ചേട്ടനെ വിശ്വസിക്കാൻ പറ്റത്തുള്ളൂന്ന് തോന്നി. എന്റെ പ്രശ്‌നം മനസ്സിലാക്കാനുള്ള ബോധം ഈ നാട്ടിൽ ചേട്ടനെ ഉള്ളൂ'
ആ പുകഴ്ത്തലിൽ ഞാൻ ഇരുന്ന ഇരുപ്പിലൊന്ന് ആടിപ്പോയി എന്നത് സത്യമാണ്. ആ ആഹ്ലാദത്തിന്റെ തിരകളിൽ ഒന്നിനെപ്പോലും പുറത്തുചാടാൻ അനുവദിച്ചില്ല. കഷ്ടപ്പെട്ട് വരുത്തിയ ഗൗരവത്തിന്റെ ചട്ടത്തിനുള്ളിൽ നിന്ന് ഒരു വിധം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് യോജിച്ചു; ‘അത് ശരിയാണ്. നാട്ടിൻപുറമല്ലേ '
‘പ്ലസ് ടു വരെ ഞാൻ നമ്മടെ ഈ സ്‌കൂളിലല്ലേ പഠിച്ചത്. അന്നിത് ഞാൻ കൊറേ കേട്ടിട്ടുണ്ട്.അതു പോലെയാണോ ഇപ്പോ ,ടൗണില് കോളേജില് പഠിക്കുമ്പോൾ? ക്ലാസ് തുടങ്ങി ഒരു മാസമേ ആയുള്ളൂ, നല്ലോരു കുടുംബത്തിൽപ്പെറന്ന ഒരു കൊച്ചിനെ സെറ്റാക്കി വന്നതാ, അപ്പഴാ മൊത്തം സീൻ മാറിയത്. അവളിന്നലെ വന്ന് എന്നോട് ചോദിക്കുവാ തന്റെ വട്ടപ്പേര് അംബേദ്ക്കർ എന്നാണോന്ന്? ഞാനുണ്ടല്ലോ നിന്നിടത്തു നിന്ന് വാഷൗട്ടായിപ്പോയി. ഇങ്ങനെ ഒരു പണി വരുമെന്ന് നേരത്തെ അലാറം അടിച്ചതുകൊണ്ട് നായർ ഭായീന്ന് ഒരു പേര് സെറ്റാക്കിയാണ് കോളേജിൽ പോയിക്കൊണ്ടിരുന്നത്. ഏതോ ഒരുത്തൻ നൈസായിട്ട് തന്നതാണ്. അവനെ ഞാൻ പൊക്കിക്കോളാം. അതല്ല പ്രശ്‌നം, അതുകഴിഞ്ഞ് അവളൊരു സ്റ്റേറ്റ്‌മെന്റടിച്ചു ,അല്ലേലും തന്നെ കണ്ടാലേ അറിയാം നായരല്ലന്ന്. ചേട്ടനപ്പഴത്തെ എന്റെ സിറ്റ്വേഷൻ ഒന്ന് ആലോചിച്ചേ'
കുറച്ചു നേരത്തേക്ക് ഞാനൊരു മറുപടിയും പറഞ്ഞില്ല. ചരിത്രമോ രാഷ്ട്രീയമോ സാമൂഹ്യശാസ്ത്രമോ ഒന്നും ഇവിടെ നിൽക്കില്ല. ഇദ്ദേഹം ഇവിടെ നിന്ന് എത്രയും പെട്ടന്നൊന്ന് എഴുന്നേറ്റ് പോയിരുന്നുവെങ്കിലെന്ന ഒറ്റ പ്രാർത്ഥന മാത്രമാണ് ഉള്ളിലെ കോണിയിലൂടെ കയറി ഇറങ്ങിക്കൊണ്ടിരുന്നത്. ഒന്നുംമിണ്ടാതെ ഞാനീ അവസ്ഥയിൽ നിന്ന് രക്ഷപെടാനുള്ള ശ്രമമാണന്ന് കണ്ടിട്ടാവണം അടുത്ത ചോദ്യം വന്നത്; ‘ചേട്ടന് എന്നെ സഹായിക്കാൻ പറ്റുവോ?'
പെട്ടന്ന് എന്തു പറയണമെന്നറിയാതെ, ഒരു നിമിഷം സന്തോഷ് നായരുടെ മുഖത്തേക്ക് എന്റെ ദൈന്യതയെ പരമാധി മറച്ചുവെച്ചു കൊണ്ട് നോക്കി.
‘ചേട്ടാ ,പറ്റുവോ ഇല്ലയോ?'
അതൊരു ഭീഷണി പോലെ ആദ്യം തോന്നിയെങ്കിലും അദ്ദേഹത്തിന് ആശ്രയിക്കാൻ ഞാനല്ലാതെ മറ്റാരും ഉണ്ടാവില്ലന്ന ഒരു തോന്നലിന്റെ മറവിൽ ഞാൻ പറഞ്ഞു; ‘നമുക്ക് നോക്കാം സന്തോഷ് നായരെ '
‘നോക്കിയാൽപ്പോരാ, നടക്കുവോ ഇല്ലയോ എന്നു പറഞ്ഞോ, ഇല്ലെങ്കിൽ എന്തു ചെയ്യണമെന്ന് എനിക്കറിയാം'
അതെന്താണന്ന് ചോദിക്കാൻ ചെറിയൊരു പേടിയുണ്ടായിരുന്നിട്ടും മടിച്ചു മടിച്ചു ഞാനത് അന്വേഷിച്ചു. ആ അന്വേഷണത്തിലാണ് എട്ടാം വയസ്സിൽ അംബേദ്ക്കർ കുടമാളൂർ സ്‌കൂളിലെത്തിയ ചരിത്രം ഒരു പായ വിടർത്തും പോലെ ചുരുളുകളഴിഞ്ഞ് നിവർന്നു വന്നത്. സന്തോഷ് നായർ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഗാന്ധിജയന്തിയിൽ നിന്നാണ് ആദ്യ അദ്ധ്യായം തുടങ്ങുന്നത്. ഗാന്ധിജയന്തി ദിവസം ഗാന്ധിജിയെക്കൂടാതെ അംബേദ്ക്കർ കൂടി വേഷം കെട്ടി വന്നു എന്നതായിരുന്നു ആ ദിവസത്തിലെ പ്രധാന പ്രത്യേകതകളിലൊന്ന്.

നാലാം ക്ലാസ് എ യിലെ ടി. മുഹമ്മദ് ഷെരീഫായിരുന്നു ഗാന്ധിജി. നാലാം ക്ലാസ് ബിയിലെ എസ്. സന്തോഷ് നായർ അംബേദ്ക്കറും. അരയിലെ മുണ്ട് ഉറയ്ക്കാതെ അഴിഞ്ഞ് പോയ ഗാന്ധിജി ജട്ടി മാത്രമിട്ട് വട്ടക്കണ്ണടയും, തലയിൽ പപ്പടവും, കൈയ്യിലൊരു വടിയുമായി നിൽക്കുന്നത് കണ്ട് ഗാന്ധിജയന്തിയാണന്നത് മറന്ന് എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോഴും ഗൗരവം വിടാതെ കൈയ്യിലൊരു തടിയൻ പുസ്തകവുമായി അംബേദ്ക്കർ കൈയ്യും ചൂണ്ടി നിന്നു. മുഹമ്മദ് ഷരീഫിനൊപ്പം ഗാന്ധിജി പോയില്ലെങ്കിലും അംബേദ്ക്കർ സന്തോഷിനൊപ്പം ചെന്നു. പിന്നെപ്പിന്നെ സന്തോഷില്ലാതാവുകയും അംബേദ്ക്കർ മാത്രമാവുകയും ചെയ്തു. കുറുപ്പുന്തറക്കാരൻ ഒരു ബാബുസാറാണ് ഒരു വെറൈറ്റിക്കുവേണ്ടി ഗാന്ധിജയന്തി ദിവസം അംബേദ്ക്കർ വേഷം കൂടി കെട്ടിച്ചത്. ആധുനിക നാടകങ്ങൾ, ആധുനിക കവിത, തുടങ്ങിയവയിൽ അൽപസ്വൽപം പിടിപാടുണ്ടായിരുന്ന ബാബുസാറിന്റെ ആധുനിക സങ്കേതങ്ങളിൽ പെട്ട ഏതോ ഒരു പരീക്ഷണമായിട്ടാണ് അദ്ധ്യാപകരതിനെ കണ്ടത്. രണ്ട് വർഷം കഴിഞ്ഞപ്പോൾ ആ അദ്ധ്യാപകൻ സ്ഥലം മാറിപ്പോയി. അയാൾ, തന്നെ ഗാന്ധി ആക്കാതെ, അംബേദ്ക്കർ ആക്കിയത് തന്റെ കറുത്ത നിറം കണ്ടിട്ടാണ് അല്ലാതെ മുഖഛായ ഉണ്ടായിട്ടൊന്നുമല്ലന്നാണ് സന്തോഷ് ഇപ്പോൾ വിശ്വസിക്കുന്നത്. ഒരദ്ധ്യാപകന് തന്റെയൊരു വിദ്യാർത്ഥിയോട് തോന്നിയ വാത്സല്യമായി അതിനെ കാണുന്നതല്ലേ നല്ലതെന്ന് ഞാൻ പറയാൻ ശ്രമിച്ചെങ്കിലും സന്തോഷിന് അതൊന്നും ബോധ്യമായില്ല. ചേട്ടാ എനിക്ക് എന്റെ ഈ പേരും നിറവും പ്രശ്‌നമാണ്, അംബേദ്ക്കർ എന്ന പേരില്ലായിരുന്നുവെങ്കിൽ ഈ നിറമെനിക്കൊരു പ്രശ്‌നമാകില്ലായിരുന്നു എന്നാണ് സന്തോഷ് പറയുന്നത്. തെക്കേടത്തെ കണ്ണൻ ചേട്ടൻ കറുകറാന്ന് അല്ലേ ഇരിക്കുന്നത്? പുള്ളിക്കാരനെ എല്ലാവരും പിള്ളേച്ചാന്നല്ലേ വിളിക്കന്നത്? ആ ഒറ്റ വിളി പോരേ, നെറം പിന്നെ ഏഴയലത്ത് വരുവോ എന്നാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
സന്തോഷിന്റെ പേരും ജാതി വാലും തിരിച്ച് കൊടുക്കാനുള്ള വക്കാലത്ത് ഏറ്റെടുക്കാനുള്ള മാനസിക ബലം എനിക്കില്ലന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ആ അദ്ധ്യാപകനെ തപ്പിപ്പിടിക്കും എന്ന് ഒന്ന് രണ്ട് തവണ സൂചിപ്പിച്ചതിൽ നിന്നും കേറിക്കൂടിയ പേടി കൊണ്ട്, അരുതാത്തതൊന്നും ഉണ്ടാവാതിരിക്കാനൊരു മുൻകരുതലെന്ന പോലെ രണ്ട് ദിവസം കഴിഞ്ഞ് വരൂ എന്ന് ആശ്വസിപ്പിച്ച് സന്തോഷിനെ വീട്ടിലേക്ക് മടക്കി അയച്ചു.
എന്റെ ഭാര്യയോടും മക്കളോടും ഈ വിഷയം സംസാരിച്ചു. ഒറ്റ ആട്ടിന് ഭാര്യ ഉത്തരം പറഞ്ഞു. രണ്ടാമത്തെ മകൾ ഇംഗ്ലീഷിൽ ഒരു വലിയ തെറി ഒരു മടിയുമില്ലാതെ, അച്ഛന്റെ മുന്നിലാണ് പറയുന്നതെന്ന കൂസലില്ലാതെ പറഞ്ഞു. മൂത്ത മകൾ അമ്മയുടെയും അനിയത്തിയുടെയും അഭിപ്രായം അംഗീകരിച്ചുകൊണ്ട് എന്നോടിത്രയും പറഞ്ഞു, അച്ഛൻ ഇമ്മാതിരി ഏർപ്പാടിൽപ്പോയി തലയിട്ടാൽ ഞങ്ങളുടെ സ്വഭാവം മാറും. അംബേദ്ക്കറിനോട് എനിക്ക് ആദരവേ ഉള്ളൂ എന്നും അംബേദ്ക്കർ കൃതികളിൽ രണ്ട് മൂന്നെണ്ണം ഞാൻ വായിച്ചിട്ടുണ്ടെന്നും മറ്റും പറഞ്ഞെങ്കിലും ആരുമത് ശ്രദ്ധിച്ചില്ല.
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും സന്തോഷ് വീട്ടിൽ വന്നു. ഭാഗ്യവശാൽ ഭാര്യയും മക്കളും ഒരു കല്യാണത്തിന് പോയിരുന്നതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപെട്ടത്. ഈ പ്രശ്‌നത്തിനൊരു നിയമപരമായ പരിഹാരം ഉണ്ടാക്കുവാനുളള സാദ്ധ്യത ഇതിനിടയിൽ ഒരു വക്കീലിനോട് അന്വേഷിച്ചപ്പോൾ അയാൾ സന്തോഷിനോട് പറഞ്ഞത്, അംബേദ്ക്കർ ഒരു പരിഹാസപ്പേരല്ല, താങ്കളെ ഒരാൾ ഇരട്ടപ്പേരായി അങ്ങനെ വിളിക്കുന്നു എന്ന് പരാതി കൊടുത്താൽ നിയമത്തിന് മുന്നിലത് നിലനിൽക്കില്ല എന്നാണ്. അങ്ങനെയെങ്കിൽ അംബേദ്ക്കറായി വേഷം കെട്ടി നിൽക്കുന്ന ചിത്രം സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുവാൻ നിയമമുണ്ടോ എന്നു ചോദിച്ചതിനും ഇല്ലന്നായിരുന്നു ഉത്തരം. ഇനി, മുന്നോട്ടുള്ള വഴിയിൽ നിയമത്തിന്റെ സഹായം കൂടി ലഭിക്കില്ല എന്നു വന്നതിലെ അദ്ദേഹത്തിന്റെ സങ്കടവും ദേഷ്യവും തത്ക്കാലത്തേക്കൊന്ന് മാറിക്കിട്ടുവാൻ ഒരു നാരങ്ങാ വെള്ളം ഉണ്ടാക്കിക്കൊടുത്തിട്ട് ഞാൻ പറഞ്ഞു; ‘പണ്ട് തൊട്ടേ ഇങ്ങനെയുള്ള കഥകൾ ഉണ്ട്. ഇതൊന്നും പുതിയ ഒരു കാര്യമല്ല. ആളുകൾ തമാശയായി പറഞ്ഞ് നടക്കുന്നത് കേട്ടിട്ടില്ലേ .ഒരു പേരു മാറ്റാൻ വേറെ പേരിടും. ആളുകൾ പിന്നെ രണ്ടും ചേർത്ത് വിളിക്കും. അതു കൊണ്ട് അതൊന്നും ശ്രദ്ധിക്കാതെ പോവുന്നതല്ലേ നല്ലത്?'

സന്തോഷ് നാരങ്ങാവെള്ളം സാവധാനം കുടിച്ച്, അതിലും സാവധാനത്തിൽ ചോദിച്ചു; ‘ഞാനെന്തിന് ഒരു പൊലയന്റെ പേര് ചൊമക്കണം? '
‘അംബേദ്ക്കർ പുലയ സമുദായത്തിൽപ്പെട്ട ഒരാളല്ല, അദ്ദേഹം .. '
എന്റെ വാചകം പൂർത്തിയാവാൻ സമ്മതിക്കാതെ ഇടയ്ക്ക് കയറി അദ്ദേഹം പറഞ്ഞു ; ‘അയാൾ ,അവിടുത്തെ പൊലയനല്ലേ? അതേ ഞാൻ ഉദ്ദേശിച്ചുള്ളൂ'
സന്തോഷ് നായരുടെ ശബ്ദത്തിലെ ഭാവം മാറിയതു കണ്ട് പിന്നെ ഒന്നും പറയാനുള്ള ശക്തി എനിക്കുണ്ടായില്ല. ഞങ്ങൾ രണ്ടു പേരും കുറച്ചു നേരം മിണ്ടാതിരുന്നു. ആ നിശ്ശബ്ദത മടുത്തിട്ടാവണം കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ' മറ്റവനില്ലേ, എന്നെ വേഷം കെട്ടിച്ച സാറ്. അവനെവിടാന്ന് ഞാൻ കണ്ടു പിടിച്ചിട്ടൊണ്ട് '
‘സന്തോഷ് നായരേ'' ഉള്ളിൽ നിന്നു ഒറ്റക്കുതിപ്പിൽക്കയറിയ വന്ന പേടിയോടെ ഞാൻ പറഞ്ഞു; ‘ഇപ്പോ ഒന്നും ചെയ്യരുത്. നമുക്ക് എല്ലാത്തിനും സമാധാനം ഉണ്ടാക്കാം '
‘ഒറപ്പാണോ?'
അദ്ദേഹത്തിന്റെ രണ്ട് കൈകളും എന്റെ കൈകളിലെടുത്ത് പറഞ്ഞു; ‘എന്നെ വിശ്വസിക്ക് '
സന്തോഷിനെ പറഞ്ഞയച്ച ശേഷം ഞാനെന്തിനാണ് ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമെന്ന് ആലോചിച്ചു. ഭാര്യയേയും മക്കളെയും പോലെ ഒരാട്ടിലോ തെറിയിലോ വിഷയം അവസാനിപ്പിക്കാവുന്നതാണ്. എന്നിട്ടും ഞാനിതിൽ ഇത്രയേറെ ശ്രദ്ധ കാണിക്കുന്നുവെങ്കിൽ അതെന്താണന്ന് അറിയേണ്ടതുണ്ടന്ന് എനിക്ക് തന്നെ തോന്നി. അത്തരമൊരു സ്വയം അന്വേഷണത്തിൽ മനസ്സിലായ പ്രധാന സംഗതി, ജീവിതത്തിൽ ആദ്യമായാണ് ഒരാൾ എന്നെ ഇത്രയേറെ വിശ്വസിച്ച് അയാളുടെ ഒരു പ്രശ്‌ന പരിഹാരത്തിനായി സമീപിക്കുന്നത്. ഭാര്യക്കോ കുട്ടികൾക്കോ പോലും എന്നെ വിശ്വാസമില്ല. ഒരു പാവം ഭർത്താവ്. ഒരു പാവം അച്ഛൻ. അതിനപ്പുറമൊരു വിലയൊന്നും വീട്ടിൽ ഇല്ല. അധിക വിലയും ഞാൻ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചാലത് കിട്ടാനും പോകുന്നില്ല. അങ്ങനെയൊരാൾക്ക് ജീവിതത്തിൽ വല്ലപ്പോഴും കിട്ടുന്ന ഇതുപോലൊരു സന്ദർഭത്തിൽ നിന്നും, രണ്ട് കാലും വലിച്ചെടുക്കുവാൻ ഇത്തിരി പ്രയാസമുണ്ടാവും. അതിൽ കിട്ടുന്ന ആനന്ദം അനുഭവിക്കുന്നതിൽ തെറ്റില്ലെന്നുള്ള തീരുമാനത്തിലാണ് വീട്ടുകാര് അറിയാതെ കരയോഗം പ്രസിഡണ്ടിനെ കാണാൻ പോയത്. മറ്റൊരാളും അറിയരുതെന്ന് മുൻകൂർ പറഞ്ഞ ശേഷമാണ് സന്തോഷ് അനുഭവിക്കുന്ന ഈ പ്രശ്‌നം അവതരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ്കാരനും ഈശ്വരവിശ്വാസിയും അച്ഛൻ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക പുസ്തകങ്ങൾ എഴുതിയിട്ടുള്ളതുകൊണ്ട് അതിന്റെ തഴമ്പ് തന്റെ ചന്തിയിലും ഉണ്ടെന്ന് വിശ്വസിക്കുന്ന മാന്യദേഹം എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം പറഞ്ഞു, തീർച്ചയായും ഇതൊരു സ്വത്വ പ്രതിസന്ധിയുടെ വിഷയമാണ്. നമ്മുടെ കരയോഗ പരിധിയിലും പാർട്ടിയുടെ പരിധിയിലുമുള്ളവർ ഇനി മുതൽ സന്തോഷ് നായർ അല്ലെങ്കിൽ എസ്. നായർ അതുമല്ലങ്കിൽ വെറും സന്തോഷ് എന്നേ വിളിക്കാൻ പാടുള്ളൂ എന്ന് പറയാം. യുദ്ധകാലാടിസ്ഥാനത്തിൽ പ്രസിഡണ്ട് നടത്തിയ ഇടപെടൽ താത്ക്കാലിക ആശ്വാസമായെന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷമുള്ള സന്തോഷിന്റെ ചിരിയിൽ നിന്നും മനസ്സിലായി. അംബേദ്ക്കർ എന്ന പേര് വിളിച്ചു ശീലിച്ചവർ അത് ലോപിപ്പിച്ച് അംബി എന്നു വേണമെങ്കിൽ വിളിച്ചോട്ടെ എന്നൊരു നിർദ്ദേശം ഞാൻ വെച്ചു നോക്കിയതും ഭാഗികമായി വിജയം കണ്ടു. അപ്പോഴും പ്രധാനമായും പരിഹരിക്കേണ്ട സംഗതി കോളേജും അവിടുത്തെ പ്രണയവുമാണന്ന് സന്തോഷ് പറഞ്ഞതുകൊണ്ട് ഒരു ദിവസം ജോലിക്കിടയിൽ നിന്നും ഞാൻ കോളേജ് വരെ പോയി. സന്തോഷ് തനിക്ക് ഇഷ്ടമുള്ള പെൺകുട്ടിയുമായി സംസാരിക്കാനുള്ള അവസരമുണ്ടാക്കിത്തന്നു. സന്തോഷ് നായരുടെ പൈതൃകത്തെക്കുറിച്ചും വീട്ടിൽ മന്നത്ത് പത്മനാഭൻ വന്നപ്പോൾ ഇരുന്ന കസേരയെക്കുറിച്ചും ഇപ്പോഴും നാട്ടിൽ ഏറെ ബഹുമാനിക്കുന്ന കുടുംബങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേതെന്നുമൊക്കെപ്പറഞ്ഞ് സന്തോഷിലെ നായരത്വം ശുദ്ധമാണന്ന് ഒരു പരിധിവരെ ആ കുട്ടിയെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു. അതിനിടയിൽ, കോളേജിൽ അംബേദ്ക്കർ എന്ന് വിളിച്ചവരെ തല്ലുന്നതിനായി കുറച്ച് പേർക്ക് കാശു കൊടുത്തിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിലും അക്രമത്തിൽ ഞാൻ വിശ്വസിക്കുന്നില്ലന്ന് അദ്ദേഹത്തോട് പറഞ്ഞു. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നുവെങ്കിൽ അങ്ങനെയാവട്ടെ എന്ന് വിചാരിച്ച് അതിൽ കൂടുതൽ ഇടപെടാൻ പോയില്ല. അടുത്ത വർഷം കരയോഗവാർഷികത്തിന് ചട്ടമ്പിസ്വാമികളുടെ വേഷം കെട്ടിയാൽ ഈ അംബി എന്ന വിളിയെ ചട്ടമ്പിയാക്കി രൂപമാറ്റം നടത്താം, തല്ലാതെ തന്നെ ചട്ടമ്പിയുമാവാമല്ലോ എന്ന ഉപായവും സന്തോഷിന് ഇഷ്ടമായി.
അങ്ങനെ മെല്ലെ മെല്ലെ അംബേദ്ക്കറിൽ നിന്നും അദ്ദേഹം സന്തോഷ് നായരിലേക്ക് രക്ഷപെട്ടു എന്ന് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞ ദിവസമാണ് ഈ കാര്യങ്ങളത്രയും ഞാൻ ഭാര്യയോടും മക്കളോടും പറഞ്ഞത്. എല്ലാം കേട്ട ശേഷം അവരെന്നെയൊന്ന് അഭിനന്ദിക്കുകയോ, ഒരഭിപ്രായം പറയുകയോ ചെയ്യാതെ അവരവർ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങളിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ, ഭാര്യ മക്കളേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി. എന്തിനാണ് പോകുന്നതെന്നോ ,എപ്പോൾ മടങ്ങി വരുമെന്നോ ഒന്നും പറഞ്ഞില്ല.ഫോൺ ചെയ്താൽ ഫോൺ എടുക്കില്ല.പോയിട്ടിപ്പോൾ രണ്ട് ദിവസമായി.
ഇന്ന് ഞാനവിടേക്ക് പോവുകയാണ്. സന്തോഷ് നായരിൽ നിന്നും അംബേദ്ക്കറെയാണ് വിമോചിപ്പിച്ചത് എന്നാണ് ഭാര്യയോടും കുട്ടികളോടും പറയാൻ പോവുന്നത്. അല്ലാതെ മറ്റൊന്നും ഇപ്പോൾ മനസ്സിൽ വരുന്നില്ല.


Summary: Malayali memorial short story by Unni R.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments