ൺവെട്ടി സിമന്റ് തറയിൽ ഉരയുന്ന ഒച്ച കേട്ടാണ് അപ്പു ഉണർന്നത്. രായമ്മ തൊഴുത്തിലെ ചാണകം വാരിക്കൂട്ടുന്ന ആ ഒച്ച കേട്ടുതന്നെയാണ് അവൻ ദിവസവും ഉണരാറുള്ളത്.

രായമ്മയ്ക്ക് വീടിനേക്കാൾ വലിയൊരു തൊഴുത്താണുള്ളത്. അതിൽ മൂന്ന് പശുക്കളും. കറുമ്പിയിപ്പോൾ ഗർഭിണിയാണ്. മിക്കവാറും ഈ ആഴ്ച തന്നെ കറുമ്പി പ്രസവിക്കുമെന്ന് രായമ്മ പറയുന്നത് കേൾക്കാം. അപ്പോൾ നാലു പേരാകും. അതാലോചിച്ചപ്പോൾ അപ്പുവിന്റെ ഉള്ളിലേക്ക് സന്തോഷം നുരഞ്ഞുപൊങ്ങി.

കാണിപ്പയ്യ് പ്രസവിച്ചപ്പോഴാണ് അവൻ ആദ്യമായി കുട്ടിയെ കാണുന്നത്. അതൊരു കാളക്കുട്ടിയായിരുന്നു. പെറ്റിട്ട് രണ്ടാം നാൾ മുതലേ അതെന്തൊരു ചാട്ടവും ഓട്ടവുമായിരുന്നു. അവന് കുട്ടിയെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോഴേ അച്ചാച്ചൻ കുട്ടിയെ വിറ്റു. മുക്കിൽ താമസിക്കണ തിലകൻ മാമൻ കടേന്നു കയറും വാങ്ങി വന്ന് അതിനെ കെട്ടിവലിച്ചുകൊണ്ട് പോകുമ്പോൾ പോകാൻ മനസ്സില്ലാതെ കുട്ടി അമറുന്നുണ്ടായിരുന്നു. അച്ചാച്ചനെ പേടിച്ചന്ന് ഒന്നും മിണ്ടാനാകാതെ രായമ്മയുടെ പിറകിലവൻ മുണ്ടിൽ കടിച്ച് നിന്ന് കരഞ്ഞു. അന്ന് മുഴുക്കെ കാണിപ്പയ്യ് ഒന്നും കുടിച്ചില്ല, പുല്ലും കഴിച്ചില്ല. നിർത്താതെ മിണ്ടുന്ന രായമ്മ മിണ്ടാനും മറന്നുപോയന്ന്.

ഉള്ളിൽ പൊങ്ങിയ സന്തോഷം പെട്ടെന്നവന് സങ്കടമായി തികട്ടി. പായയിൽ തല മുട്ടിച്ച് കമിഴ്ന്നു കിടന്നുകൊണ്ട് അവൻ മനസ്സിൽ ഉറപ്പിച്ചു, “ഇല്ല ഇത്തവണ കറുമ്പീടെ കുട്ടിയെ കൊടുക്കാൻ സമ്മതിക്കൂല. അച്ചാച്ചൻ അടിച്ചാലും വേണ്ടൂല ഞാൻ സമ്മതിക്കൂല.”

വെള്ളമൊഴിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവന് സമയത്തേക്കുറിച്ച് ഓർമ്മ വന്നത്, “അയ്യോ പൊന്മുടിയാശാൻ ഇപ്പൊ വരും.”
അവൻ ചാടിയെഴുന്നേറ്റ് കിണറ്റിൻ കരയിലേക്ക് ഓടി. പാത്രത്തിൽ കോരിവച്ചിരുന്ന വെള്ളത്തിൽ കയ്യിട്ട് ഒരു കൈ നിറയെ കോരിയെടുത്ത് കവിൾ നിറച്ച് പുറത്തേക്ക് തുപ്പി. നനഞ്ഞ കൈ കൊണ്ട് മുഖമാകെ നനച്ചെന്ന് വരുത്തുന്ന രീതിയിൽ തുടച്ചുകൊണ്ട് അപ്പു തൊഴുത്തിലേക്ക് ഓടി.

അപ്പോഴേക്കും രായമ്മ തൊഴുത്ത് കഴുകി വൃത്തിയാക്കിയിരുന്നു. രായമ്മ അങ്ങനെയാണ് നേരം പുലരും മുന്നേ തൊഴുത്തിലെ ചാണകമെല്ലാം കോരി കഴുകി വൃത്തിയാക്കും. അമ്മ മിക്കവാറും ചോദിക്കും, “അതൊക്കെ വെളുത്തിട്ട് പോരേ അമ്മാ?”
ഉടനേ രായമ്മയുടെ മറുപടി വരും, “നീ തൂറീട്ട് അതീ കെടക്കോ. ഇല്ലല്ലോ? അപ്പൊ പിന്നെങ്ങന ഈ മിണ്ടാപ്രാണികള അങ്ങനെ ഇട്ടേക്കണത്”.
അത് കേൾക്കുമ്പോൾ മുഖവും കനപ്പിച്ച് അമ്മ തിരിഞ്ഞുപോകും.
‘കറുമ്പീ’, അപ്പു ഉറക്കെ വിളിച്ചുകൊണ്ട് തൊഴുത്തിലേക്ക് വന്നതും തിരിഞ്ഞു നോക്കാതെ രായമ്മ പറഞ്ഞു, “ഡാ അകത്ത് പോയി തൂക്കുപാത്രം എടുത്തോണ്ട് വാ. ദോ പൊന്മുടിയാശാൻ വരണ്.”
അതു കേട്ടതും അപ്പു വഴിയിലേക്ക് തല ചെരിച്ചു. റബ്ബർ മരങ്ങൾക്കിടയിലെ കരിയില നിറഞ്ഞ നേർത്ത വഴിയിലൂടെ പൊന്മുടിയാശാന്റെ ടോർച്ചിന്റെ മഞ്ഞ വെളിച്ചം തെളിഞ്ഞുവരുന്നു.

പൊന്മുടി ഒരു കുന്നിന്റെ പേരാണെന്ന് അപ്പുവിന് അറിയാം. ആ പേരെങ്ങനെ ആശാന് കിട്ടിയെന്ന് അവന് നല്ല സംശയമുണ്ടായിരുന്നു. അപ്പുവിന്റെ സംശയങ്ങൾ മിക്കതും തീരുന്നത് രായമ്മയുടെ കഥകളിലൂടെയാണ്. അങ്ങനെ ഏതോ ഒരു ദിവസം രായമ്മ പൊന്മുടി ആശാന്റെ കഥയും അവന് പറഞ്ഞു കൊടുത്തിരുന്നു.

“പൊന്മുടിയുടെ അപ്പൻ ജോൺസണ് കല്യാണം കഴിഞ്ഞ് മൂന്നാല് കൊല്ലമായിട്ടും കുട്ടികളൊന്നും ഒണ്ടായില്ല. അവര് പോവാത്ത പള്ളികളില്ല. നേരാത്ത നേർച്ചകളില്ല. പ്രാർത്തനേം കരച്ചിലും ആയിട്ടൊക്ക പൊയ്ക്കൊണ്ടിരിക്കുമ്പഴാണ് അഗസ്ത്യാർ കൂടത്തീന്ന് ഒരു സാമി നമ്മള പൊന്മുടീല് വന്നിട്ടൊണ്ടെന്നറിയണത്. അതറിഞ്ഞപ്പോ ജോൺസണ് വല്യ താല്പര്യം ഒന്നും ഇല്ലേർന്ന്. പക്ഷെ പെണ്ണിന്റെ കണ്ണീര് കണ്ടപ്പോ പോവാതിരിക്കാനും തോന്നീല.
അവര് ഒരു ദെവസം സന്ധ്യക്ക്‌ ചെല്ലുമ്പോ സാമി ധ്യാനത്തില് ഇരിക്കേർന്ന്. കണ്ണടച്ച് ശാന്തനായി ഇരിക്കണ സാമീര നീണ്ടു വളർന്ന മുടീൽ തൊട്ട് തൊട്ട് മേഘങ്ങൾ പോണ്. വെളുവെളുത്ത താടി രോമങ്ങളില് മിന്നാമിങ്ങുകള് തെളങ്ങണ്. ഇവര് മുമ്പില് എത്തിയതും സാമി കണ്ണ് തൊറന്ന്. ജോൺസൺ ഇപ്പഴും പറയണ കേക്കാം അസ്‌തമിച്ച് പോയ സൂര്യൻ കടലിലല്ല അങ്ങേര കണ്ണിലാണ് വീണ് പോയതെന്ന് തോന്നുമ്പോലെ ചൊമപ്പ് ആയിരുന്നെന്ന്.
അവര കണ്ണീരും കഥയും കേട്ട് സാമി കണ്ണടച്ച് പറഞ്ഞ്, അന്നേക്ക് മൂന്നാം മാസം വയറ്റിൽ ഒണ്ടാവും. പക്ഷെ അന്ന് മൊതല് പെറണ വരേം അവിട തന്ന നിക്കണം. പൊന്മുടീന്ന് ഇറങ്ങിപ്പോയാ വയറ്റീന്ന് കൊച്ചിന്റ കണ്ണിയറ്റ് പോവുമെന്ന്. ഇത്തറീം നാള് ഓടിയതല്ലേ, അതും നോക്കാന്ന് അവര് വിചാരിച്ച്. സാമി ജോൺസണ് ചെവീല് കൊറേ ചിട്ടയും വൃതവും ഒക്കെ പറഞ്ഞ് കൊടുത്ത്. ഒന്ന് വിടാത ചിട്ടകൾ നോക്കി രണ്ടാളും അവിടെ നിന്ന്. കൃത്യം മൂന്നാം മാസം പെമ്പറന്നോര് കക്കി തൊടങ്ങി. പതിയ പതിയ വയറു പെരുവി.
അതിന്റ കൂട ജോൺസൺ ആണേൽ തേയില തോട്ടത്തില് പണിക്കും പോയി തൊടങ്ങി. അങ്ങന സന്തോഷത്തോട ഇരിക്കണ ഒരു ദെവസം പണിക്ക് പോയ ജോൺസണ് ചോറും കൊണ്ട് പോവേര്ന്ന് പെണ്ണ്. പെട്ടെന്ന് അവക്ക് ഫയങ്കര നൊമ്പലം തൊടങ്ങി. അടി വയറിൽ സൂചി കയറും പോലെ നീറ്റല്. പെണ്ണിനാണേല് ഒറക്ക കരയാൻ കൂട പറ്റാത തറയിൽ ഇരിക്കാൻ നോക്കിയതും കാല് തെറ്റി ഉരുണ്ട് താഴേക്ക്. ചെന്ന് വീണത് കൊറച്ച് താഴെ എളക്കി ഇട്ടിരുന്ന ഒരു കൂന മണ്ണിലേക്ക്. അവള് അവിട കെടന്ന് വേദന കൊണ്ട് പൊളയാൻ തൊടങ്ങി. പെറം മുഴുക്കെ പൊകച്ചിൽ ആയിരുന്നെന്ന് പെണ്ണ് ഒരിക്ക പറഞ്ഞിട്ടൊണ്ട്.
നെലവിളിക്കാനാ ഒന്ന് മൂളാനാ പറ്റാത അവള് മണ്ണിൽ കെടന്ന് ഉരുളേര്ന്ന്. അത്രേം നേരമായിട്ടും പെണ്ണിന കാണാത്തോണ്ട് അയാൾ തെരക്കി വന്നപ്പോ ഒണ്ട് മണ്ണിന്റെ മേല കെടന്ന് പൊളയണ പെണ്ണ്. എന്റെ പൊന്നേന്ന് വിളിച്ചും കൊണ്ട് അയാള് ഓടി വന്നിട്ടും എന്ത് ചെയ്യണോന്ന് അറിയാൻ വയ്യ. ഉടുത്തിരുന്ന മുണ്ട് നനച്ചുകൊണ്ട് ചോര മണ്ണ് നീറിച്ച് ഒലിച്ച് ഏറങ്ങണ്.
രണ്ടും കൽപ്പിച്ചയാള് മുണ്ട് നീക്കി നോക്കിയപ്പോഴൊണ്ട് കൊച്ചിന്റെ തല പൊറത്തേക്ക് തള്ളി വരണ്. പിന്നൊന്നും നോക്കിയില്ല തലയിൽ പിടിച്ച് പതുക്ക വലിക്കാൻ തൊടങ്ങി. പെണ്ണ് അയാള കണ്ട ആശ്വാസത്തില് ആഞ്ഞ് മുക്കി. പെണ്ണിന്റെ ഒരൊറ്റ അലറലോടെ കൊച്ച് ജോൺസന്റെ കയ്യിലേക്ക്.
നെലവിളി കേട്ട് ആളുകള് ഓടിക്കൂടി നോക്കുമ്പ തവിട്ട് മണ്ണിന്റ നെറത്തില് മൂന്ന് മനുഷ്യര് മണ്ണീ കെടന്ന് കെട്ടിപ്പിടിച്ച് കരയണ്. അങ്ങനെ പൊന്മുടി കുന്ന് പെറ്റിട്ട കൊച്ചിന് ജോൺസൺ പൊന്മുടിയെന്ന് പേരിട്ട്.”

ആ കഥക്കുശേഷം എല്ലായ്പ്പോഴും ആശാനെ കാണുമ്പോൾ അപ്പു തിളങ്ങുന്ന കണ്ണുകളോടെ ഒരാരാധനയോടെ അയാളെ നോക്കും. ഒരു കുന്നോളം ഉയരമുള്ള മണ്ണിന്റെ നിറമുള്ള മനുഷ്യൻ.

‘അപ്പൂ’, പൊന്മുടിയാശാൻ അവനെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കാണിപ്പയ്യിന്റെ അരികിലേക്ക് നടന്നു. പയ്യിനരികിൽ കുന്തക്കാലിൽ ഇരുന്ന് ആശാൻ അകിടിൽ വെള്ളം തളിച്ച് പതിയെ കഴുകി. ആശാൻ തൊട്ട് തുടങ്ങുമ്പോൾ നാണം കൊണ്ട് പയ്യ് തല കുമ്പിട്ട് നിൽക്കുന്നു. കഴുകി കഴിഞ്ഞ ഉടനേ ആശാൻ അകിടിന് കീഴിലേക്ക് പാത്രം നീക്കി വച്ച് കയ്യിൽ എണ്ണ പുരട്ടി അകിടിൽ തൊട്ടു. അന്നേരം അപ്പു ആശാന്റെ വിരലുകളിലേക്ക് സൂക്ഷിച്ച് നോക്കി. അകിടിനും വെള്ളപ്പാണ്ട് പടർന്ന വിരലിനും ഒരേ നിറമാണ്, ഒരേ വേഗവും.

വിരൽ അകിടിലമർന്ന് പാത്രത്തിലേക്ക് ‘സ്ശ്സ്’ ശബ്ദത്തോടെ പാൽ നൂലായി വീഴുന്നു. കറന്ന് കഴിഞ്ഞതും ആശാൻ ഒരു തുള്ളി പാൽ അവന്റെ ചുണ്ടിലേക്ക് തൊട്ടുകൊടുത്തു. ആ ചൂടവൻ ആശാന്റെ പാൽ മണമുള്ള വിരലുകളിൽ നിന്ന് നുണഞ്ഞിറക്കി.

ആശാൻ പോയ ഉടനെ രായമ്മ പാൽ അളന്ന് പാത്രങ്ങളിലേക്ക് ആക്കി. നേരമൊന്ന് വെളുത്ത് തുടങ്ങിയതും രായമ്മയും അപ്പുവും പാലും കൊണ്ടിറങ്ങി. പുൽ നാമ്പുകളിൽ പൊടിഞ്ഞിരിക്കുന്ന മഞ്ഞ് തുള്ളിയും തട്ടി രായമ്മയ്‌ക്കൊപ്പം വാ തോരാതെ സംസാരിച്ചുകൊണ്ടാണ് ആ യാത്ര. നാട്ടിൽ വേറെ പലയിടത്തും പശു ഉണ്ടെങ്കിലും രായമ്മയുടെ അടുത്ത് നിന്നാണ് കൂടുതൽ പേരും പാൽ വാങ്ങുന്നത്. അതുകൊണ്ട് തന്നെ സൊസൈറ്റിയിൽ വളരെ കുറച്ച് പാൽ മാത്രമേ കൊടുക്കാൻ പറ്റാറുള്ളൂ. പാൽ കൊടുത്ത് കഴിയുന്നതും രണ്ടാളും തിരിച്ച് നടത്തം വേഗത്തിലാക്കും. അച്ചാച്ചൻ പണിക്ക് പോകും മുൻപ് വീടെത്തണം. രായമ്മ കാപ്പി കെട്ടി കൊടുത്തില്ലേൽ അച്ചാച്ചൻ പിന്നെ അന്നൊന്നും കഴിക്കില്ല.

അവർ വീടെത്തിയതും അച്ചാച്ചൻ കൂന്താലി തേച്ച് മിനുക്കി നിൽപ്പുണ്ട്. അപ്പുവിന് അച്ചാച്ചനെ നല്ല പേടിയാണ്. പെട്ടെന്ന് ദേഷ്യപ്പെടും. ഒച്ച ഉയർത്തിയേ എപ്പോഴും സംസാരിക്കൂ. പിന്നെ മുഖത്തും ശരീരത്തും നിറയെ കറു കറുത്ത വടുക്കളാണ്. ഒറ്റ മുണ്ട് മാത്രം മുറുക്കി ഉടുത്ത് നടക്കുന്നത് കൊണ്ട് അച്ചാച്ചന്റെ ദേഹത്തെ പാടുകൾ എപ്പോഴും അവനെ തുറിച്ച് നോക്കുന്ന പോലെ തോന്നും. ഒരിക്കൽ രായമ്മയോട് തന്നെ അപ്പു ചോദിച്ചു, “അതെന്താ രായമ്മേ അച്ചാച്ചന്റെ ദേഹം മുഴുക്കെ പാടുകള്?”

ആ കഥ പറയുമ്പോൾ മാത്രം രായമ്മ തുടങ്ങുന്നതിനു മുന്നേ ഒരു നെടുവീർപ്പിടും. പിന്നെ നെഞ്ചിലമർത്തി തടവിക്കൊണ്ട് പറയും, “പണ്ട് അച്ചാച്ചൻ കാങ്ക്രസ്സ് ആയിരുന്ന്. പക്ഷേങ്കില് കൊറച്ചു നാള് കഴിഞ്ഞപ്പം കമ്മൂണിസ്റ്റ്‌ ആയി. കൊറേ സമരത്തിനും ലഹളക്കും ഒക്കെ പോയി. അടീം ഇടീം കൊണ്ട് നാട്ടിലൊള്ള കൃഷിക്കാര വിളിച്ച് കൂട്ടി ഐക്യം ഒണ്ടാക്കുമായിരുന്ന്. അങ്ങനെയിരിക്കുമ്പോഴാണ് നമ്മള ഇന്ദിരാകാന്തി അടിയന്തരാവസ്‌ഥ കൊണ്ട് വരണത്.”

അപ്പുവിന് അടിയന്തരാവസ്‌ഥ എന്തെന്ന് അറിഞ്ഞൂടാ. എങ്കിലും ചോദ്യം ചോദിച്ചാൽ കഥ മുറിയുമായിട്ട് അവൻ മിണ്ടാതെ കേൾക്കും. അവന് കഥകൾ പകുതി വച്ച് മുറിക്കണത് ഇഷ്ടമല്ല. രായമ്മയുടെ മുഖത്തേക്ക് തുറന്ന് പിടിച്ച കണ്ണുകളിൽ നോക്കി രായമ്മ ബാക്കി പറയും; “ആ കാലത്ത് കമ്മൂണിസ്റ്റ്കാരെയൊക്കെ പോലീസ് ഓടിച്ചിട്ട് അടിക്കാൻ തൊടങ്ങി. ഇങ്ങേര് ആണേൽ പണ്ടേ അവര നോട്ടപ്പുള്ളി ആയിരുന്നല്ല. അങ്ങന ഇങ്ങേരെ തെരക്കി പോലീസ് വീട്ടിൽ വരാൻ തൊടങ്ങി. പക്ഷെ ഇങ്ങേര് ആരാ ആള്. ഇതൊക്കെ നേരത്തെ അറിഞ്ഞ കണക്ക് ഒളിച്ചിരിക്കാൻ സ്ഥലം ഒണ്ടാക്കി. ആ ഒളിച്ചിരിപ്പിന്റെ ബാക്കിയാണ് ആ പാടുകള്.”

ഒന്നും മനസ്സിലാകാതെ അപ്പു ചോദിച്ചു, “അതെന്തര് രായമ്മാ അങ്ങനെ?”

“ഒളിച്ചിരുന്നത് എങ്ങനെയാന്നാ? അന്ന് പാട്ടത്തിന് കൊറേ മരിച്ചീനി നട്ടിരുന്ന്. മരിച്ചീനി ചോട്ടിലെ ഒരു വരി കൂനയുടെ താഴെ മണ്ണില് നീളത്തിന് ഒരു മാളം ഒണ്ടാക്കി. എന്നിട്ട് പകല് മുഴുക്കെ ആഹാരം പോലും കഴിക്കാത അതിന്റടീല് കെടക്കും. രാത്രി ആവുമ്പൊ ഞാൻ വീട്ടിന്റെ പെറകിൽ ചോറ് എടുത്ത് വച്ചിട്ട് മുമ്പിലെ കഴുക്കോലിൽ റാന്തൽ കത്തിച്ചിടും. അതൊരു സൂചന ആയിരുന്ന്. കൊഴപ്പം ഒന്നുമില്ല വന്ന് ആഹാരം എടുക്കാൻ. മണ്ണ് പോലും അറിയാത അന്നേരം തറേക്കൂട എഴഞ്ഞ് വന്ന് ചോറ് എടുത്തോണ്ട് പോവും.
അങ്ങന ആ മാളത്തി കെടക്കുമ്പോ കെഴങ്ങ് തൊരക്കാൻ വരണ പെരുച്ചാഴികൾ കെഴങ്ങിന്റെ കൂട്ടത്തിൽ ഇങ്ങേരേം തൊരക്കുമായിരുന്ന്. കയ്യും കാലും അനക്കാൻ പറ്റാത ഞെങ്ങി ഞെരുങ്ങി മണ്ണിന്റെ അടീല് കെടക്ക അല്ലേ. എന്തര് ചെയ്യാൻ കണ്ണും അടച്ച് അവിടെ കെടക്കും. ലഹള ഒക്കെ കെട്ടടങ്ങി അങ്ങേര് പകൽ വെളിച്ചത്ത് വരുമ്പം ഞാൻ തന്ന ഞെട്ടിപ്പോയി. നെറയെ മുറിവ്. അതിന്റെ മേലെ ഒണങ്ങി ഒട്ടിപ്പിടിച്ചിരിക്കണ കമ്മൂണിസ്റ്റ്‌ പച്ചേര എലകൾ. കമ്മൂണിസ്റ്റ് പച്ച വെക്കം മുറിവ് ഒണക്കും. പക്ഷെ മണ്ണ് കേറിയ മുറിപ്പൊറ്റ ആ ദേഹത്ത്ന്ന് പോയില്ല.
ഇപ്പഴും ആ മണ്ണ് കെളയ്ക്കുമ്പോ മണ്ണീന്ന് പൊടിയണ നീരിന് അച്ചാച്ചന്റെ ചോരയുടെ മണമാണ്. കണ്ണീരിനേക്കാൾ ചൂടൊള്ള മണ്ണീര്.”

അതും പറഞ്ഞ് കണ്ണ് തുടച്ചുകൊണ്ട് രായമ്മ പറഞ്ഞിരുന്നു, “മണ്ണിന്റ അടീ കെടക്കാൻ മാത്രം എനിക്ക് പേടിയാ. ചാവുമ്പഴും എന്നെ ദഹിപ്പിച്ചാ മതി”
ആ കഥ ഓർക്കുമ്പോൾ അപ്പുവിന് ചെറിയ സങ്കടം വരുമെങ്കിലും അച്ചാച്ചന്റെ ദേഷ്യം കാണുമ്പോൾ അവൻ സ്വയം പറയും, “ലഹള ഒണ്ടാക്കീട്ട് അല്ലേ, അങ്ങനെ തന്നെ വരണം.”

അച്ചാച്ചന് മുഖം കൊടുക്കാതെ അവൻ അടുക്കള വശത്തേക്ക് ഓടി.

അച്ചാച്ചന് കാപ്പി പൊതിഞ്ഞ് കെട്ടിക്കൊടുത്ത ഉടനേ രായമ്മ വീണ്ടും തൊഴുത്തിനുള്ളിലേക്ക് കയറി. ചില നേരങ്ങളിൽ അപ്പുവിന് തോന്നാറുണ്ട്, രായമ്മയ്ക്ക് മക്കളേക്കാൾ സ്നേഹം പശുക്കളോട് ആണെന്ന്. കാരണം വീടിനുള്ളിൽ ഉള്ളതിനേക്കാൾ രായമ്മ തൊഴുത്തിലാണ് ഇരിക്കാറുള്ളത്. കറുമ്പിക്ക് വയറ്റിൽ ഉണ്ടായതിൽ പിന്നെ അവളെ നോക്കുന്നത് കാണണം കൊതിയാവും.

കുളിപ്പിക്കും മുന്നേ ഓരോരുത്തരുടെയും മേലാകെ പതിയെ വിരലുകൾ കൊണ്ട് തഴുകും. ഓരോ രോമങ്ങൾക്കിടയിലൂടെയും ആ വിരലുകൾ ഇഴഞ്ഞ് പോകും. അന്നേരം ഒളിച്ചിരിക്കുന്ന ചെള്ളിനെയും ഉണ്ണികളേയുമൊക്കെ രായമ്മ നഖങ്ങൾ കൊണ്ട് വലിച്ചെടുക്കും. കാലുകൊണ്ട് ഞെരിച്ച് കൊല്ലും. പിന്നെ പാത്രം നിറയേ വെള്ളം കോരി നിറച്ച് കുഞ്ഞുങ്ങളെ കുളിപ്പിക്കും പോലെ കയ്യും കാലും പുറവുമൊക്കെ ചകിരി കൊണ്ട് പതിയെ വളരെ പതിയെ തേയ്‌ക്കും. ചെവിയും മുഖവുമൊക്കെയോ രാമച്ചത്തിന്റെ വേരിട്ട് തേയ്‌ക്കും. കുളിച്ച് സുന്ദരികളായി നിൽക്കുന്ന ഓരോരുത്തർക്കും മുഖത്തൊരു കുങ്കുമക്കുറിയും നീട്ടി വരയ്ക്കും. ആ ചെപ്പിൽനിന്ന് തന്നെയാണ് അപ്പുവിനും രായമ്മ കുറി വരച്ച് കൊടുക്കാറുള്ളത്. അതിന് ശേഷം രായമ്മയുടെ ഒരു പ്രത്യേക കെട്ടിപ്പിടുത്തമുണ്ട്, കറുമ്പിയുടെയും കാരിയുടെയും കാണിയുടേയുമൊക്കെ കഴുത്തിലൂടെ കയ്യിട്ട് മുഖം കവിളോട് ചേർത്ത് പിടിച്ച്. അന്നേരം രായമ്മയുടെ ശ്വാസം അവയുടെ കണ്ണിൽ പതിക്കുമ്പോൾ അവര് ലോകം മറന്ന് കണ്ണടയ്ക്കും പോലെ തോന്നും.

അത് കഴിഞ്ഞാലുടനെ നനഞ്ഞ തുണി മാറ്റിയിട്ട് രായമ്മ റേഡിയോയുമായി തൊഴുത്തിലേക്ക് കയറും. അപ്പുവിനെയും മടിയിലിരുത്തി പശുക്കൾക്കിടയിൽ ഒരു കസേരയിൽ ചാഞ്ഞ് കിടന്ന് ആകാശവാണിയിൽ പാട്ടുകൾ കേൾക്കും. യേശുദാസും ചിത്രയും ജാനകി അമ്മയുമൊക്കെ അവർക്ക് വേണ്ടി സുന്ദരമായി പാടും. കണ്ണടച്ച് പാട്ട് കേൾക്കുമ്പോഴും രായമ്മ ഏതേലുമൊരു പയ്യിനെ തലോടിക്കൊണ്ടിരിക്കും. ഇന്നാൾ പാട്ട് കഴിഞ്ഞ് എഴുന്നേൽക്കാൻ നേരം കറുമ്പിയുടെ അടുത്തേക്ക് നടന്നു പറയുന്നത് അപ്പു കേട്ടു, “നിന്റെ കുട്ടി വരുമ്പോ ഞാൻ അവക്ക് പാട്ട് കേക്കാൻ സുശീലേര പാട്ട് മാത്രമുള്ള ഒരു ടേപ്പും കാസറ്റും വാങ്ങിക്കണുണ്ട്.”

കറുമ്പിയുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് രായമ്മ അപ്പോ പതിയെ പാടി,
“പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
കരളിന്റെ കാതലേ…”

അന്നേരം കറുമ്പിയുടെ വയറിലേക്ക് അപ്പു തന്റെ വിരലുകൾ കൊണ്ട് പതിയെ തൊട്ടു. ഇളം ചൂട്.
ഉള്ളിൽ രണ്ട് ഹൃദയത്തുടിപ്പുകൾ.

കുളിയും പാട്ടും കഴിഞ്ഞ് എല്ലാവരെയും അഴിച്ച് കെട്ടിയ ശേഷമാണ് പുല്ല് പറിക്കാനായി ഇറങ്ങുന്നത്. അന്ന് അപ്പു ഉരുണ്ടതും, നീളത്തിലുള്ളതും, പരന്നതുമൊക്കെയായുള്ള പല തരം പാറക്കൂട്ടങ്ങളെ ആനയും കാറും പുലിയുമൊക്കെയായി ചിത്രീകരിച്ച് കളിക്കുന്നതിനിടയിലാണ് രായമ്മയുടെ നീട്ടിയുള്ള വിളികേട്ടത്. അപ്പോഴേ അപ്പു വിചാരിച്ചു.

‘ഓഹ്, പുല്ല് പറിക്കാൻ പോകാനാണ് വിളിക്കുന്നത്.’

അവന് മടി തോന്നിയിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു, “ഞാൻ വരണില്ലാ…”
“കഥ പറഞ്ഞ് തരാം.”
“ഓഹ്, അർജുനന്റേം കൃഷ്ണന്റേം ഒക്കെ അല്ലേ. എനിക്ക് വേണ്ട.”
“അതല്ല. നമ്മള കൊറവര കോണിലെ നിധിയുടെ കഥ പറഞ്ഞ് തരാം.”

അവന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു. വീടിന് കുറച്ച് മുകളിലുള്ളൊരു കുന്നാണ് കൊറവര കോണ്. അവിടെ നിധിയോ? അവന് അതിശയം അടക്കാനായില്ല. പാറയിൽ നിന്ന് ചാടിയിറങ്ങി അവനോടി. കയറും അരിവാളുമായി നടന്നു പോകുന്ന രായമ്മയുടെ പുറകേ നടന്ന് അവൻ ചോദിച്ചു, “കഥ… കഥ…”
ചിരിച്ചുകൊണ്ട് രായമ്മ പറഞ്ഞു, “അങ്ങെത്തട്ടെ പറഞ്ഞ് തരാം.”
“വാ.. വാ…വേഹം വാ…”
രായമ്മയുടെ മുന്നിൽ കയറി കൈ പിടിച്ചു വലിച്ചുകൊണ്ട് അവൻ വേഗം നടക്കാൻ തുടങ്ങി.

തോളിലിട്ടിരുന്ന തോർത്തിനെ അരയിൽ മുറുക്കി കെട്ടി പുല്ല് അരിഞ്ഞുകൊണ്ട് രായമ്മ കഥ പറഞ്ഞു തുടങ്ങി,
“പണ്ട്… പണ്ട്… കൊറേ കാലം മുമ്പ് നടുവരസൻ നാട് വാണിരുന്ന കാലം. അങ്ങേർക്ക് എല്ലാ നാട്ടിലും നെറയെ പ്രമാണിമാരും ഒണ്ടായിരുന്നു. അവര കയ്യിൽ ആണെങ്കിലാ നെറയെ സ്വർണോം പണോം.
അങ്ങനെയിരിക്കെ ഒരു ദെവസം അയൽ രാജാവ് തിതിര അരസൻ നടുവരസനെ ആക്രമിക്കാൻ തൊടങ്ങി. വലിയ യുദ്ധം. കൊറച്ച് ദെവസം കൊണ്ട് തന്ന നടുവരസൻ തോക്കും എന്ന അവസ്ഥ ആയി.
അപ്പഴേക്കും പ്രമാണിമാർക്ക് എല്ലാം പേടി ആയി. വേറെ രാജാവ് വന്നാൽ അവര സ്വർണം എല്ലാം കൊണ്ട് പോയാലോ. അങ്ങനെ അവരെല്ലാം കൂടി ചേർന്ന് ഒരു തീരുമാനം എടുത്ത്, സ്വർണ്ണം എവിടേലും ഒളിപ്പിക്കണം. അതിനവര് കാട്ടിന്റ അകത്ത് ഒരു കുന്ന് കണ്ടെത്തി. നാട്ടിലെ കൊറേ കൊറവന്മാരെ കൊണ്ട് ഈ സ്വർണ്ണം മുഴുക്കേം ചൊമന്ന് കുന്നിലെത്തിച്ച്. വെറുതെ കൊണ്ട് വച്ചിട്ട് പോവാൻ പറ്റുമോ? ആരെങ്കിലും വന്ന് എടുത്തോണ്ട് പോവൂലെ? അപ്പോ പിന്നെ എന്തെയ്യും?”

കണ്ണുകൾ കൂർപ്പിച്ച് രായമ്മയുടെ അടുത്തേക്ക് കൂടുതൽ നീങ്ങിക്കൊണ്ട് അപ്പു ചോദിച്ചു, “എന്തെയ്യും?”

“അവിടെ നെറയെ കുഴികൾ കുഴിക്കാൻ തൊടങ്ങി. പാവങ്ങളെ അടിമകളപ്പോല അല്ലേ കണ്ടിരുന്നേ. അവരെക്കൊണ്ട് ഏഴും എട്ടും അടി താഴ്ചേൽ കുഴി കുത്തിച്ച്. എത്തറ പേര് വന്നോ അത്തറേം കുഴികൾ. എന്നിട്ട് അതിന്റെ ഉള്ളിൽ കുഴികള കാൽ ഭാഗം വച്ച് സ്വർണോം പണോം വാരി നെറച്ച്. മുഴുവൻ കുഴീല് ആയപ്പോ ഓരോരുത്തരേം ഓരോ കുഴീര അടുത്ത് നിർത്തീറ്റ് മണ്ണ് ഇടീക്കാൻ തൊടങ്ങി. കുഴി പാതി നെറഞ്ഞപ്പോ അതിലേക്ക് കൊറവന്മാര പിടിച്ചൊറ്റ തള്ള്. മൂക്കും കുത്തി വീണവര് തിരിയണേന് മുമ്പേ അവര പെറത്തൂടെ മണ്ണ് വാരിയിട്ട്. കൊറേ കുഴികൾ. അടീല് സ്വർണ്ണം. മേലെ ജീവനൊള്ള മനുഷ്യർ. പിന്നെ മണ്ണ്.
അതിന് മേലെ മഞ്ഞളും തെങ്ങിൻ തയ്യും വച്ച് ഒരു ചൊടലക്കാട് കണക്ക് ആക്കീറ്റ് അവര് മലയിറങ്ങി. ചൊടലക്കാട്ടിൽ ആരും സ്വർണ്ണം കുഴിച്ച് നോക്കൂലാന്ന് അവര് വിചാരിച്ച്. പക്ഷെ അവര്ക്ക് തെറ്റി. യുദ്ധം ജയിച്ച തിതിരൻ ഇതൊക്കെ എങ്ങനെയോ അറിഞ്ഞ്. മുഴുവൻ പേരേം വരിഞ്ഞ് കെട്ടി കാട്ടിലേക്ക് നടത്തിച്ച്. കുന്ന് കേറിച്ചെന്ന് അവരേല് തന്ന തൂമ്പ കൊടുത്ത് മണ്ണിളക്കാൻ തൊടങ്ങി. പക്ഷേങ്കി അവര് കുഴിച്ച് വന്നപ്പോ അന്ന് ഇളകിയ മണ്ണിന്റെ സ്ഥാനത്ത് പാറ. നീണ്ട് നിവർന്നു കെടക്കണ കരിമ്പാറകൾ.
മണ്ണിന്റെ അടീല് ജീവനോടെ മനുഷ്യര് പെടഞ്ഞപ്പോ അവര ചൂട് ശ്വാസമടിച്ച് മണ്ണ് മുഴുക്കെ ഉരുകി. അതിലൂട അവര ഞരമ്പുകൾ പടർന്നിറങ്ങി. മരിച്ച് പോയ മനുഷ്യരൊക്കെ മണ്ണിന്റെ അടീക്കൂട കെട്ടിപ്പിടിച്ച്. വെറങ്ങലിക്കണ രക്തത്തിന്റെ തണുപ്പടിച്ച് ഉരുകിയ മണ്ണൊറച്ച്. രക്തം പോലെ കറുത്ത്. കറു കറുത്ത കരിമ്പാറകൾ.
നിധി തേടി വന്ന തിതിരനും തങ്ങള സമ്പത്ത് പോവുന്നെന്ന് സങ്കടപ്പെട്ട പ്രമാണിമാരും ഞെട്ടിപ്പോയി. രാജാവിനെ പറ്റിക്കണെന്ന് കരുതി രാജാവ് എല്ലാത്തിനും നെറയെ അടി കൊടുത്ത്. എന്നിട്ടും അവര് വേറെ സ്ഥലം കാണിക്കാത്തോണ്ട് അവര കൊണ്ട് തന്ന പാറ പൊട്ടിക്കാൻ ഒരുങ്ങി. ഉളി ഒന്ന് തൊട്ടതേയൊള്ളു പാറ പിളർന്ന്. അടക്കിപ്പിടിച്ചു വച്ച കണക്ക് വെള്ളം. ആർത്തലച്ച് വന്ന വെള്ളത്തില് ജന്മിമാരും രാജാവും ഒലിച്ച് പോയി. അങ്ങനെയാണ് ദോ ആ കാണണ കുന്ന് കൊറവര കോണായത്. ഇപ്പഴും രാത്രീല് അവിടന്ന് നിധിയുടെ കിലുക്കം കേൾക്കാം. മരിച്ച് പോയവര് രാത്രീല് മണ്ണീന്ന് പൊറത്ത് വരണതാണത്’’.

കഥയുടെ അവസാനം കേട്ട് പേടിയോടെ അവൻ രായമ്മ ഉയർത്തിപ്പിടിച്ച അരിവാളിന്റെ മേലെക്കൂടെ മുകളിലേക്ക് നോക്കി. അരിവാൾ വട്ടത്തിൽ കറു കറുത്തൊരു കുന്ന്. അത് പിളർന്ന് ഒലിക്കണ തോട്. ഉയർത്തിപ്പിടിച്ച അവന്റെ മുഖത്തേക്ക് ഒരു മഴത്തുള്ളി വീണു. അവൻ മാനത്തേക്ക് കണ്ണുകളുയർത്തി. കറുത്തിരുണ്ട് വരുന്ന മേഘങ്ങൾ. പെട്ടെന്ന് രായമ്മ ഒരു വിളി, “തമ്പുരാനേ ഇതെവിടന്ന് ഇപ്പ മഴ വരണത്. എന്റെ കാണീം കറുമ്പിയും കാരിയും.”

തലയിൽ കൈ വച്ചോണ്ട് രായമ്മ അറുത്തെടുത്ത പുല്ല് മുഴുവൻ ധൃതിയിൽ വാരിക്കൂട്ടി തലയിലേക്ക് വച്ചുകൊണ്ട് വിളിച്ചു, “അപ്പൂ… എണീരടാ… മഴ വരണ്.”

അപ്പുവിന്റെ കയ്യും പിടിച്ച് രായമ്മ നടക്കുകയും അല്ല ഓടുകയും അല്ലെന്നൊരു വേഗതയിൽ മുന്നോട്ട്. ആ വേഗത്തിനൊപ്പിച്ച് അപ്പു ഓടാൻ തുടങ്ങി. അവരുടെ വേഗത്തെ തോൽപ്പിക്കാനെന്നവണ്ണം മഴ.

മഴ പൂണ്ടടക്കം അവരെപ്പൊതിഞ്ഞു.

വീടിന്റെ വഴിയിൽ എത്താറായതും രായമ്മ പുല്ല് തറയിലേക്ക് ഇട്ട് താഴേക്ക് ഓടിക്കൊണ്ട് വിളിച്ചു പറഞ്ഞു, “അപ്പൂ നീ വീട്ടിപ്പൊയ്ക്കോ. ഞാൻ പൈക്കളേം അഴിച്ചോണ്ട് വരാം.”
“ഞാനും വരുന്ന് രായമ്മാ…”
അപ്പുവും അവരുടെ പിറകേ ഓടി. അവന്റെ കുഞ്ഞിക്കാലടികൾ അവരുടേതിന് ഒപ്പമെത്താതെ കിതച്ചു. കണ്ണിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തെ തുടച്ച് നീക്കി അവൻ നോക്കുമ്പോൾ രായമ്മ ഒത്തിരി ദൂരെയെത്തി. കൈകൾ രണ്ടും മുറുക്കെ പിടിച്ച് അവൻ ഓടി. അടുത്തെത്തിയതും അവൻ ഞെട്ടിപ്പോയി.

ചെളി നിറഞ്ഞ പണയിലെ കുഴിയിലേക്ക് പാതി താഴ്ന്ന കറുമ്പി. കുഴിക്കരയിലൊരു കമ്പിൽ ഉടക്കി പിടിച്ച കറുമ്പിയുടെ കയറിനെ ആ കമ്പിൽ മുറുക്കെ ചുറ്റിപ്പിടിച്ച് വലിക്കുന്ന രായമ്മ. ചുവന്നു കലങ്ങിയ രായമ്മയുടെ കണ്ണുകൾ. കറുമ്പിയുടെ ഇടറുന്ന അമറലുകൾ. അപ്പുവിന് കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. സങ്കടം മലവെള്ളം കണക്കേ അവന്റെ ഉള്ളിലൂടെ ഇടിച്ചുകുത്തിയിറങ്ങി. പുറത്തേക്ക് ഒച്ചയെടുക്കാനാകാതെ ശ്വാസം വിലങ്ങിയവൻ രായമ്മയുടെ അടുത്തേക്ക് നീങ്ങി. അവരുടെ ദേഹത്ത് തൊട്ടതും പെരുമഴയത്തും പൊള്ളുന്ന ചൂട്. രായമ്മ അവന് നേരെ തിരിഞ്ഞു, “അപ്പൂ. പോയി അച്ചാച്ചനേം അച്ഛനേം വിളിച്ചോണ്ട് വാ. വേഗം പോ. വേഗം.”

അവന്റെ കാലുകളിലേക്കെന്തോ ചുറ്റിപ്പിടിക്കുന്ന പോലെ. കാലുകൾ അനക്കാനാകാതെ താഴേക്ക് നോക്കെ നിറഞ്ഞ് വരുന്ന വെള്ളവും ചെളിയും. അവൻ ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ രായമ്മയുടെ വിളി, “എടാ… തോടിന്റെ അതിര് പൊട്ടി. വെള്ളം ദാ ഇപ്പൊ നിറയും. ഓട്. മോനേ വേഗം ഓടെടാ… നമ്മള കറുമ്പി…”

ആ കരച്ചിലവന്റെ ഹൃദയത്തിൽ കൊളുത്തി. അവൻ ഓടാൻ തുടങ്ങി. മഴത്തുള്ളികളവന്റെ ദേഹം മുഴുക്കെ ചരൽക്കല്ലുകൾ കണക്കേ വേദനിപ്പിച്ചിട്ടും വീണു പോയിട്ടും മുട്ട് പൊട്ടിയിട്ടും അവൻ നിന്നില്ല. നിറയെ ചെളിയായി ഉരുണ്ട് പിടഞ്ഞ് കിതച്ച് വരുന്ന അവനെക്കണ്ടതും അച്ചാച്ചൻ ചാടി എണീറ്റ്.
“പൊടിയാ…”, ഒരൊറ്റ വിളിയോടെ അച്ചാച്ചൻ മുറ്റത്ത് വന്ന് അവനെക്കോരിയെടുത്തു. തൊണ്ടക്കുഴിയിൽ ഉറച്ചു പോയ ശബ്ദം പുറത്തേക്ക് എടുക്കാനാകാതെ അവൻ അച്ചാച്ചന്റെ കണ്ണുകളിൽ നോക്കി നിറഞ്ഞ കണ്ണുകളോടെ, വിറയ്ക്കുന്ന വിരലുകളോടെ താഴേക്ക് ചൂണ്ടി. അവനെയും കൊണ്ട് അച്ചാച്ചൻ താഴേക്ക്. പിറകേ ബഹളം കേട്ട് അച്ഛനും അമ്മയും.

കുതിച്ചുവരുന്ന വെള്ളത്തെ ചവിട്ടിഞെരിച്ച് പണയിലേക്ക് എത്തിയതും അപ്പു ഞെട്ടി. കുഴിയിൽ കറുമ്പിയെ കാണുന്നില്ല. കറുമ്പിയുടെ കയർ ചുറ്റിയ കുറ്റിയില്ല. രായമ്മയില്ല. കലങ്ങി മറിഞ്ഞ് കാപ്പിപ്പൊടി നിറത്തിൽ വെള്ളം. കറുത്തും ചുവന്നും ചതഞ്ഞും നനഞ്ഞും കുതിർന്നും മുഴുക്കെയും മണ്ണ്.

അവന്റെ ദേഹമാകെ വിയർക്കാൻ തുടങ്ങി. കണ്ണുകളിൽ ഇരുട്ട്.
മൊത്തം ഇരുട്ട്.

മുഖത്തേക്ക് ചിതറി വീഴുന്ന മഴത്തുള്ളികളിൽ നേരമെത്രയോ കഴിഞ്ഞവൻ കണ്ണ് തുറക്കുമ്പോൾ ഓടിക്കൂടുന്ന മനുഷ്യർക്കും തെളിച്ചമില്ലാത്ത ബഹളങ്ങൾക്കും നടുവിൽ മഴയെടുത്ത വഴിയിൽ തലമുട്ടിച്ചലറി കരയുന്ന അച്ചാച്ചൻ.
അതിനരികിൽ നിശ്ചലമായിക്കിടക്കുന്ന രണ്ട് മൺ കഷ്ണങ്ങൾ, രായമ്മയും കറുമ്പിയും.
അപ്പു മെല്ലെ മുട്ടിലിഴഞ്ഞ് കറുമ്പിയുടെ വീർത്ത വയറിലേക്ക് കുഞ്ഞ് വിരലുകൾ നീട്ടി.

തണുപ്പ്.
നിശ്ശബ്ദത.
നിലച്ചുപോയ തുടിപ്പുകൾ.

പെട്ടെന്ന് എവിടെ നിന്നോ ഒരു കാറ്റ് പറന്നുവന്നു. ചെവിയിലൊരു മൂളൽ. അപ്പു മുറുക്കെ കണ്ണുകളടച്ചു. ചെവിയിലെ മൂളൽ തെളിഞ്ഞ് തെളിഞ്ഞ് രായമ്മയുടെ സ്വരമാകുന്നു. ഇടറിയ ശബ്ദത്തിലൊരു പാട്ട് അവന്റെ മാത്രം ചെവിയിൽ നിന്ന് ഹൃദയത്തിലേക്ക് ഊർന്നിറങ്ങി.

“പാട്ടുപാടി ഉറക്കാം ഞാന്‍
താമരപ്പൂമ്പൈതലേ
കേട്ടുകേട്ടു നീയുറങ്ങെന്‍
കരളിന്റെ കാതലേ
കരളിന്റെ കാതലേ…”

Comments