ഇലസ്ട്രേഷൻ‌: ഹൃദയ്

മരണച്ചുഴി

ശ്വാസം തിങ്ങിനിറഞ്ഞ ചില്ലുപെട്ടിക്കകത്ത് ചിറകുകൊണ്ട് പരസ്പരം പുതച്ചുകിടക്കുന്ന പൂമ്പാറ്റകളോട് ഡോക്ടർക്ക് വളരെയധികം അസൂയ തോന്നി.

എ.സി.യുടെ തണുപ്പുനിറഞ്ഞ വിശാലമായ ക്ലിനിക്കിനകത്ത് ആവശ്യത്തിലധികം സമയം വെറുതെയിരുന്നിട്ടും അവർക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.
മെഡിക്കൽ കോളേജിൽ നിന്ന് ലീവെടുത്ത് ക്ലിനിക്കിലിരുന്ന് ഉറങ്ങാൻ വിചാരിച്ചാണ് ക്ലിനിക്കിനും അവധി കൊടുത്തത്. ഒറ്റയ്ക്കാവാതിരിക്കാൻ കൂടെക്കൂട്ടിയ രണ്ട് പൂമ്പാറ്റകളും കിടന്നുറങ്ങിയെന്നല്ലാതെ ഡോക്ടർ ഒന്ന് മയങ്ങുകപോലുമുണ്ടായില്ല. ഇതിപ്പോൾ രണ്ടാഴ്ചയായിരിക്കുന്നു, ഉറക്കമില്ലാതായിട്ട്. ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടക്കയിലേക്ക് വീണാൽ രാവിലെ ദൃഷ്ടിയുടെ വേക്കപ് കോളിൽ മാത്രം എണീക്കുന്ന ദിവസങ്ങളെ ഓർത്ത് ഡോക്ടർക്ക് കരച്ചിൽ വന്നു. ഫോൺ തപ്പിയെടുത്ത് ദൃഷ്ടിയെ ഡയൽ ചെയ്യുമ്പോൾ അവൾക്ക് ഉറക്കെയുറക്കെ അലറാൻ തോന്നി. നീലച്ചിറകുള്ള പൂമ്പാറ്റ അന്നേരം ഒന്ന് ഇളകിക്കിടന്നു.

‘‘നിദ്രാ, ഞാൻ നമ്മുടെ പ്രൊഡ്യൂസറെ കാണാൻ വന്നിരിക്കുവാ... ആളൊരു പുരോഗമനവാദിയാണ്. പടം നടക്കും. നീ ഇന്നെന്നെ പിക് ചെയ്യാൻ വരണ്ട. ഞാൻ ഹോസ്റ്റലിലേക്ക് പോകും. കുറച്ച് സീൻസ് ചിലപ്പൊ ഒന്ന് തിരുത്തേണ്ടിവരും.. ഞാൻ വിളിക്കാം...''

ഫോണിനപ്പുറത്ത് ദൃഷ്ടിയുടെ ശബ്ദം ഉയർന്നുതാഴ്ന്ന് ഒരു ചുഴിയിലേക്ക് ചാടിയെന്നപോലെ ഇല്ലാതായി.
നിദ്ര എന്ന പേരിനുടമയായിരിക്കാൻ യോഗ്യതയില്ലാത്ത ഒരുവളായി ഡോക്ടർ കണ്ണ് മിഴിച്ചിരുന്നു.
മുപ്പതാം വയസ്സിലേ പ്രായം ബാധിച്ച സ്ത്രീയായതിൽ അവർക്ക് നിരാശ തോന്നി. ഉറക്കമില്ലായ്മയുടെ കാലം അനിശ്ചിതമായി തുടർന്നാൽ ഒരുപക്ഷെ മുപ്പതുകളിൽ തന്നെ മരിച്ചുപോയേക്കും. ഉറക്കമില്ലാതെ മരിച്ച നിദ്ര ഒരു കൗതുകവാർത്തയായി ഒരു ദിവസം കൂടി ജീവിച്ചേക്കാം. ശേഷം നിത്യമായ ഉറക്കം, അതിലൂടെ ശാന്തി നേടുന്ന നിദ്ര! ഡോക്ടർക്ക് ആദ്യമായി മരണത്തോട് കൊതി തോന്നി. കുറഞ്ഞത് സുഖമായി ഉറങ്ങുന്ന ഒരു പൂമ്പാറ്റയെങ്കിലുമായാൽ മതിയായിരുന്നു. നിദ്ര എന്ന പേരും ചുമന്ന് നടക്കുന്ന ഉറക്കമില്ലാത്ത മനുഷ്യസ്ത്രീയാവുന്നതിലും എത്ര ഭേദമാണ് ചില്ലുകൂട്ടിലിട്ടാലും ചിറക് പുതച്ചുറങ്ങാൻ കഴിയുന്ന ഒരു പൂമ്പാറ്റയാവുന്നത്! ഒരു പൂമ്പാറ്റക്കൊരിക്കലും തിരക്കഥാകൃത്തായ ഒരു പ്രണയിനി ഉണ്ടാവുകയില്ല. അവളുടെ കഥ കേട്ട് പൂമ്പാറ്റക്കൊരിക്കലും ഉറക്കമില്ലാതാവുകയുമില്ല.

ദൃഷ്ടി അവളുടെ പുതിയ തിരക്കഥ വായിച്ചു കേൾപ്പിച്ചതിനുശേഷമായിരുന്നു ഡോക്ടർക്ക് ഉറങ്ങാൻ കഴിയാതായത്. മുൻപും ദൃഷ്ടിയുടെ പല കഥകൾ കേട്ട് അവർ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയോ സ്വപ്നങ്ങൾ കാണുകയോ ചെയ്തിട്ടുണ്ട്. ശ്വാസം മുട്ടിക്കുന്ന കഥകൾ കേട്ടാൽ അതെല്ലാം സ്വാഭാവികം തന്നെ. അപ്പോഴെല്ലാം സ്വന്തം കൂട്ടുകാരിയുടെ കഴിവിൽ അവർക്ക് അഭിമാനം തോന്നാറുമുണ്ട്. എന്നാൽ ഇത്തവണ കാര്യം ഗൗരവമുള്ളതാണ്. ഉറങ്ങുംമുൻപെ പേടി തുടങ്ങും. നെഞ്ചിടിപ്പുയർന്ന് ശ്വാസം കിട്ടാതാവും. ഉറങ്ങിത്തുടങ്ങുമ്പോഴെ ഉറക്കം മടുത്ത് ഏതെങ്കിലും പുസ്തകം വായിക്കാനിരുന്ന് രാത്രികളും, ഉറക്കക്ഷീണത്തിൽ പേഷ്യൻസിന് മരുന്ന് മാറിക്കൊടുക്കുമോ എന്ന പേടിയിൽ പകലുകളും തീർന്നുപോകും. ഒരു പുസ്തകം പോലും വായിച്ചു മുഴുവനാവുകയോ ഒരു പേഷ്യന്റിനും മരുന്ന് മാറിനൽകുകയോ ഉണ്ടായില്ലെങ്കിലും പേടി ഒരു പുഴുവെന്നപോലെ അരിച്ചരിച്ചുകൊണ്ടേയിരിക്കും.

""നിന്റെ തിരക്കഥ ഒരു ഭീമൻ പുഴുവാണ്'' എന്ന് ഓരോ ദിവസവും ദൃഷ്ടിയോട് പറയാനാഗ്രഹിച്ചെങ്കിലും ഡോക്ടർ മിണ്ടാതിരുന്നു.
ആ കഥ ശരിക്കുമൊരു ഭീകരനായ പുഴു തന്നെയായിരുന്നു. അരിച്ചുപോകുന്നിടത്തെല്ലാം ചുവന്ന തിണർപ്പുകളവശേഷിപ്പിച്ച് അത് ഇപ്പോഴും മരിക്കാതിരിക്കുകയാണ്. അന്ന് ദൃഷ്ടി പറഞ്ഞുതുടങ്ങിയപ്പോൾ ഡോക്ടർ വളരെ താത്പര്യത്തോടെയാണ് കഥ കേൾക്കാനിരുന്നത്. അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു.

നിയതിയെന്നും ദയയെന്നും പേരുള്ള രണ്ട് സ്ത്രീകളാണ് ആ കഥയിലെ കഥാപാത്രങ്ങളെങ്കിലും അത് സ്വന്തം കഥയാണെന്ന് അവർ എങ്ങനെയോ വിശ്വസിച്ചിരുന്നു. എല്ലാം ശരിയായിരുന്നു. നിയതിയുടെ രാവിലത്തെ ഹോസ്പിറ്റലിൽ പോക്കും വൈകുന്നേരം ക്ലിനിക്കിലെ പ്രൈവറ്റ് പ്രാക്റ്റീസും തിരിച്ച് വീട്ടിലെത്തിയുള്ള ഫിക്ഷൻ വായനയും ദയ എന്ന സിനിമാക്കാരിയായ പ്രണയിനിയുമെല്ലാം ജീവിതത്തിൽ നിന്ന് അതേപടി പകർത്തിയതാണ്. സ്വന്തം പ്രണയമങ്ങനെ വായിച്ചുകേൾക്കുമ്പോൾ ഒരു സുഖമൊക്കെ തോന്നിയെങ്കിലും വീട്ടുകാരും നാട്ടുകാരും എന്ത് പറയുമെന്നൊരു പേടി ഡോക്ടർക്കുണ്ടായിരുന്നു. കല്യാണം വേണ്ടെന്ന് തീരുമാനിച്ചതു തന്നെ വീട്ടിലൊരു യുദ്ധം നടത്തിയിട്ടാണ്. അപ്പോൾ ഒരു പെൺകുട്ടിയെ പ്രേമിക്കുന്നതറിഞ്ഞാൽ പറയേണ്ടല്ലൊ! ഡോക്ടർക്ക് അപ്പോഴെ ചെറിയ തലവേദന തുടങ്ങിയിരുന്നു. എന്നാൽ ദൃഷ്ടി ആവേശത്തോടെ വായന തുടർന്നു. ചില പ്രേമരംഗങ്ങളിലെല്ലാം ഡോക്ടർക്ക് നാണം വന്നു. രഹസ്യങ്ങളും സ്വകാര്യതയും നഷ്ടപ്പെട്ടെന്നൊരു തോന്നൽ. അതിലും ഭീകരമായ അവസ്ഥയുണ്ടാകുമോ! നിദ്രയെന്ന പേരുപയോഗിക്കുന്നില്ലെങ്കിലും മുപ്പതുകളിലുള്ള ആ പെൺകഥാപാത്രം സ്വന്തം പ്രതിരൂപമാണെന്ന് ഡോക്ടർക്കറിയാമായിരുന്നു.

എന്നാൽ, സത്യത്തിൽ ദൃഷ്ടിയുടെ തിരക്കഥ ഭീമാകാരനായ ആ പുഴുവായി മാറാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. അത് ഇഴഞ്ഞുതുടങ്ങിയ നേരം ഡോക്ടറുടെ കൈ ചുവന്നുവരികയുണ്ടായി. ദൃഷ്ടിയോട് ഒരു ബ്രേക്ക് പറഞ്ഞ് കലാമിൻ ലോഷൻ പുരട്ടി അവർ ബാക്കി കഥ കേൾക്കാനിരുന്നു. പുഴുവരിക്കുന്നതിന്റെ അസ്വസ്ഥത കൂടിക്കൂടി വന്നപ്പോഴൊന്നും ആ പുഴു ദൃഷ്ടിയുടെ തിരക്കഥയാവുമെന്ന് അവരൊന്ന് സങ്കൽപ്പിച്ചുനോക്കിയതുപോലുമില്ല.

തിരക്കഥയുടെ രണ്ടാം പകുതി തുടങ്ങുന്നത് ഒരു വലിയ കുളിമുറിയിൽ നിന്നായിരുന്നു. മാർബിൾ പാകിയ നിലത്ത് കമിഴ്ന്നു കിടന്നുറങ്ങിയിരുന്ന നിയതി സ്ഥലകാലബോധങ്ങൾക്കപ്പുറം എഴുന്നേറ്റിരിക്കുകയാണ്. അതൊരു കുളിമുറിയാണെന്ന് ദയ പലവട്ടം പറഞ്ഞപ്പോൾ മാത്രമേ അവൾക്ക് വിശ്വാസമായുള്ളൂ. എന്നിട്ടും കുറേ നേരം അവൾ കണ്ണ് മിഴിച്ച് ചുറ്റും നോക്കിക്കൊണ്ടിരുന്നു. കരിങ്കൽച്ചുമരുകളായിരുന്നു കുളിമുറിക്ക്. വഴുക്കലില്ലാത്ത മാർബിൾ നിലം. സാമാന്യം വലിയ ബക്കറ്റുകളും കപ്പുകളും ഒരു മൂലയിൽ അടുക്കിവെച്ചിട്ടുണ്ട്. പീച്ച് നിറമുള്ള ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് ദയ സിഗരറ്റ് വലിക്കുകയാണ്. കറപിടിച്ച കുറച്ച് പുകച്ചുരുളുകൾ ദിശാവ്യതിയാനം സംഭവിച്ച് നിയതിയുടെ മൂക്കിലേക്കും ഇരച്ചുകയറി.

""ഈ പാസീവ്​ സ്​മോക്കിങ്​ വല്ലാത്ത കഷ്ടപ്പാടാണ്. നിനക്കീ കഥയിലെങ്കിലും വലി നിർത്തിക്കൂടെ അവിടെയെങ്കിലും പാവം എന്റെ ശ്വാസകോശം ഒന്ന് രക്ഷപ്പെട്ടോട്ടെ''
ആ വരി വായിച്ചപ്പോൾ ഡോക്ടർ കളിയിൽ അല്പം കാര്യം കലർത്തി ഏതാണ്ടീ വിധം ദൃഷ്ടിയോട് പറഞ്ഞിരുന്നു.

""എടോ നിദ്ര ഡോക്ടറേ, ഈ പുകച്ചുരുളിനൊക്കെ ഓരോ അർഥമുണ്ട്..''

ദൃഷ്ടിയുടെ ആ മറുപടിയെ പുച്ഛിച്ച് ചിരിച്ചെങ്കിലും, അവളെഴുതിയ പുകച്ചുരുളുകൾ പുഴുവരിക്കും പോലെ അരിച്ചുകേറുന്ന ഭയമാണെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ ഡോക്ടർക്ക് മനസ്സിലാവുന്നുണ്ട്. കഥയാണെങ്കിലും, നിയതി എന്ന സ്വന്തം പ്രതിരൂപം അന്നേരം അനുഭവിച്ച വേദനയും ഭയവും അവർക്കിപ്പോൾ കൂടുതൽ നന്നായി അറിയാം. അന്ന് ദൃഷ്ടി വായന തുടർന്നപ്പോൾ ഡോക്ടർക്ക് ശ്വാസം മുട്ടിയിരുന്നു. കഥയിൽ നിയതി ദയയെ നോക്കിയിരുന്ന് പുകച്ചുരുളുകൾ വിഴുങ്ങി. ആ കുളിമുറിയിൽ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല. നിയതിക്ക് ദാഹമുണ്ടായിരുന്നു. പൈപ്പുകളും ഷവറും തുറന്നുനോക്കി നിരാശയായ അവൾ കരയാൻ തുടങ്ങിയപ്പോഴും ദയ നിർവികാരതയോടെ സിഗരറ്റ് വലിച്ചുതള്ളിക്കൊണ്ടിരുന്നതേയുള്ളൂ. കുളിമുറിയുടെ കൽച്ചുമരുകളും മാർബിൾ നിലവും നിലയ്ക്കാത്ത വരൾച്ചയെ ഓർമിപ്പിക്കുന്നതായിരുന്നു. എന്നിട്ടും അതിലെവിടെയോ തങ്ങിനിന്ന ചെറിയ നനവ് നിയതിയെ അത്ഭുതപ്പെടുത്തി.

അവൾ കൽഭിത്തികളും മാർബിൾ നിലവും ചുരണ്ടി നോക്കി. വെള്ളമുണ്ടായില്ല. കുളിമുറിയുടെ വരണ്ട നിലത്തും ചുമരുകളിലുമുള്ളത് വിഷത്തിന്റെ നനവാണെന്ന് അറിഞ്ഞപ്പോൾ നിയതിയെപ്പോലെ ഡോക്ടറും ഞെട്ടിയിരുന്നു. നനവ് കിട്ടാൻ നാക്കുകൊണ്ടൊന്ന് ആഞ്ഞ് നക്കിയിരുന്നെങ്കിൽ സ്വന്തം പ്രതിരൂപം മരിച്ചുപോകുമായിരുന്നു എന്ന സത്യം അന്നേരം ഡോക്ടർക്ക് വലിയ രീതിയിലുള്ള ആഘാതമായിരുന്നു. ഇന്നായിരുന്നെങ്കിൽ ഒരുപക്ഷെ, പ്രതിരൂപത്തെക്കൊണ്ട് വിഷം കുടിപ്പിച്ചും ദാഹം മാറ്റിയേനെ.

എന്തായാലും, കഥയുടെ ആത്മാവിനെ കേൾക്കുന്ന ശ്രോതാവിനോടുള്ള ബഹുമാനാർഥം ഒരു കുപ്പി വെള്ളം കൊടുത്ത് ഡോക്ടറുടെ ദാഹം തീർത്താണ് ദൃഷ്ടി ബാക്കി ഭാഗം വായിച്ചത്.

കഥയിൽ പിന്നെയും വലിച്ചുനീട്ടലുകളും ഏറ്റക്കുറച്ചിലുകളുമുണ്ടായി. കട്ടപിടിച്ച നിശ്ശബ്ദതയ്ക്കിരുവശമായി നിയതിയും ദയയും പരസ്പരം നോക്കാതിരിക്കുന്ന രംഗം മീഡിയം ഷോട്ടായും ക്ലോസപ്പിലും കാണിച്ചുകൊണ്ടിരുന്നു. ദയയുടെ മുഖം നിർവികാരവും നിയതിയുടേത് ഭയന്ന് വെറുങ്ങലിച്ചതുമായി നിലകൊണ്ടു. ഡോക്ടർക്ക് അസ്വസ്ഥത തോന്നി. ദയ നിയതിയെ ഒട്ടും മനസ്സിലാക്കുന്നില്ലെന്നോർത്ത് അവർക്ക് ദൃഷ്ടിയോട് ദേഷ്യം തോന്നി.

അപ്പോഴേക്കും അടുത്ത സീനിൽ ദൃഷ്ടി പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്നിരുന്നു. അവർ മൂന്നുപേരായിരുന്നു. അവരുടെ മൊട്ടയടിച്ച തല നിറയെ ചുവന്ന പുള്ളി കുത്തിയിട്ടുണ്ട്. ജയിൽപ്പുള്ളികൾക്കെന്നപോലെ അവർക്കും യൂണീഫോമുണ്ടായിരുന്നു. അവരിലൊരാൾ കവിയും ചിന്തകയുമായിരുന്നു മറ്റെയാൾ വിദ്യാർഥിപ്രസ്ഥാനത്തിലെ പ്രവർത്തകൻ. മൂന്നാമതുള്ളത് കയ്യൊടിഞ്ഞ് തൂങ്ങിയ, ഗർഭിണിയായ ഒരു സ്ത്രീയായിരുന്നു. അവരുടെ ഇടതുകയ്യിലുള്ള വലിയ മുറിവിൽ നിന്ന് പഴുപ്പ് ഒലിച്ചുകൊണ്ടിരുന്നു. അവർ മൂന്നുപേരും കരയുന്നുണ്ട്. വലിപ്പമുള്ള കുളിമുറിക്ക് പുറത്ത് അതിന്റെ പാറാവുകാരെപ്പോലെ അവർ മൂവരും നിശ്ചലമായി നിൽക്കുന്നു. കാലുകളിലെ ചങ്ങല അനുവദിക്കുന്ന ദൂരം മാത്രമാണ് അവരുടെ സ്വാതന്ത്ര്യം. "ദൃഷ്ടി എന്തിനാണ് ഇങ്ങനെയോരോന്നെഴുതുന്നത്!' ഡോക്ടർക്ക് ഒരു കടുത്ത തലവേദനയുടെ തുടക്കം അനുഭവപ്പെട്ടു. ദൃഷ്ടിയുടെ കഥയിലെ മൂന്ന് മനുഷ്യർ ഒരേ സമയം തടവുപുള്ളികളും പാറാവുകാരുമാണ്. അവരുടെ കാലുകളെ ബന്ധിക്കുന്ന ചങ്ങലകളുടെ ഒരറ്റം നിയതി എന്ന ഡോക്ടറേയും ദയ എന്ന സിനിമാക്കാരിയെയും പൂട്ടിയിട്ട വലിയ കുളിമുറിയുടെ വാതിലിലാണ്.

മൂന്ന് മനുഷ്യജീവികൾ പുറത്ത് കാവൽ നിൽക്കുന്നതറിയാതെ അകത്ത് ദയയും നിയതിയും കെട്ടിപ്പിടിച്ചുമ്മവച്ചു.

ദൃഷ്ടിയുടെ കഥയെന്ന ഭീമൻ പുഴു ഇഴഞ്ഞിഴഞ്ഞ് ഡോക്ടറുടെ കഴുത്തിൽ ചുറ്റിവരിഞ്ഞിരുന്നു. അവർക്ക് ശ്വാസം കിട്ടാതെ ഒന്ന് പിടയേണ്ടിവന്നു. പിന്നീട് ദൃഷ്ടി വായിച്ചതെന്തെന്ന് കേൾക്കാനായില്ലെങ്കിലും ആ കഥയുടെ ഭീകരതയാകമാനം അവർ വിഴുങ്ങിക്കഴിഞ്ഞിരുന്നു. കഥ പറഞ്ഞുതീർത്തപ്പോൾ ദൃഷ്ടി ആവേശത്തോടെ കെട്ടിപ്പിടിച്ചതെന്തിനെന്ന് ഡോക്ടർക്കിനിയും മനസ്സിലായിട്ടില്ല. നിയതിയും ദയയും മൂന്ന് മനുഷ്യരും മരിച്ചുപോകുമെന്ന് അവർക്കറിയാമായിരുന്നു. അന്ന് മുഴുവൻ അവർ ജീവനറ്റതുപോലിരുന്നു. കുളിമുറിക്കകത്ത് വിഷമുള്ള പുക നിറയുന്നതും നിയതിയും ദയയും അതറിയാതെ ഉറങ്ങിക്കിടക്കവേ മരിച്ചുപോകുന്നതും കണ്ടു. കുളിമുറിയുടെ വാതിലിനു പുറത്ത് അന്നേരമെല്ലാം മൂന്ന് പാറാവുകാരായ തടവുകാരുമിരുന്ന് കരഞ്ഞു. അവരെ ആരായിരിക്കും ബന്ധികളാക്കിയത്!

ഡോക്ടർക്ക് അന്ന് മുതൽ ഉറങ്ങാൻ കഴിഞ്ഞില്ല. ഉറക്കത്തെക്കുറിച്ച് ഓർക്കുമ്പോഴേക്കും വിഷപ്പുകയുടെ മണം പരക്കും. പുഴുവരിച്ചതിന്റെ ചുവന്നുതിണർത്ത പാടുകളിൽ നിന്ന് ചൊറിച്ചിൽ തുടങ്ങും. ആദ്യമെല്ലാം അത് മരണഭയമാണെന്നാണ് കരുതിയത്. സൈക്കോളജിസ്റ്റായ സുഹൃത്ത് പറഞ്ഞ എക്‌സസൈസുകൾ എത്ര ചെയ്തിട്ടും ഡോക്ടർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എല്ലാ രാത്രിയും ദൃഷ്ടി വീഡിയോ കോളിൽ വന്ന് ഓരോ സീനും എങ്ങനെ എടുക്കണമെന്ന അവളുടെ പ്ലാനുകളെക്കുറിച്ച് സംസാരിച്ചു. അപ്പോഴെല്ലാം ഡോക്ടർ വിഷപ്പുക നിറഞ്ഞ വലിയ കുളിമുറിയിലകപ്പെടുകയും വാളും കുന്തവുമായി ഒരാൾക്കൂട്ടം പുറത്തിരമ്പുന്നത് കേൾക്കാൻ തുടങ്ങുകയും ചെയ്തു. ആൾക്കൂട്ടം ചിന്തകയെയും വിപ്ലവകാരിയായ വിദ്യാർത്ഥി നേതാവിനെയും ചവിട്ടിമെതിച്ചു. അവരുടെ കഴുത്തിൽ കാലുവച്ച് "അഛാദിൻ ഹേ ഹമാരാ' എന്നലറിക്കൊണ്ട് മുഖത്തേക്ക് ചീറിത്തുപ്പി. ഗർഭിണിയായ സ്ത്രീയെ വളഞ്ഞ് ഒരു വലിയ ശൂലം അവരുടെ നിറവയറിൽ കുത്തിയിറക്കി. ഒടിഞ്ഞുതൂങ്ങിയ കൈകൾ കൊണ്ട് വയറും താങ്ങി ആ സ്ത്രീ നിലത്ത് കിടന്നുപുളഞ്ഞു. എങ്കിലും അവർ മൂവരും മരിച്ചില്ല.

ചോര ശർദിച്ചും ഒച്ചയില്ലാതെ കരഞ്ഞും അവർ കുളിമുറിയ്ക്കകത്തേക്ക് വിഷപ്പുക നിറച്ച്, അതിനുള്ളിലെ മരണത്തിനു കാവൽ നിന്നു. അത് അവരുടെ മാത്രമല്ല , ഡോക്ടറുടെയും മരണച്ചുഴിയായിരുന്നു. മരണത്തിന്റെ മൂക്കിൻതുമ്പിൽ മൂക്ക് മുട്ടുമ്പോഴും ജീവനറ്റുപോകാതെ ആ ചുഴിയിൽ കിടന്നു കറങ്ങിക്കൊണ്ടിരിക്കും. മരണത്തോട് ആദ്യം ഭയവും പിന്നീട് അനുതാപവും ഒടുവിൽ ആഗ്രവും തോന്നും. പക്ഷെ മരിക്കാനാവില്ല. ""അഛാദിൻ ഹേ ഹമാരാ...'' എന്ന ആക്രോശം ചെവിയിലൂടെയിറങ്ങിച്ചെന്ന് രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കും. മണിക്കൂറുകളിടവിട്ട് അത് ശരീരമാകെ മുഴങ്ങിക്കൊണ്ടിരിക്കും.
സ്വന്തം മരണച്ചുഴിയിൽ നിന്ന് കരകേറാനറിയാതെ ആഴ്ചകളോളം ഡോക്ടർ കൈകാലിട്ടടിച്ചു. പിന്നീട് കുറച്ചുദിവസത്തേക്ക് അവർ ദൃഷ്ടിയോട് സംസാരിച്ചില്ല. വീട് അവരെ വലിയ കുളിമുറിയെയും മരണച്ചുഴിയെയുമോർമിപ്പിച്ചു. അപ്പോഴൊക്കെയും പുഴുവരിച്ച പാടുകൾ ചുവന്നു.

ഉറങ്ങാനായില്ലെങ്കിൽ മരിക്കാൻ പോലുമാവില്ലെന്ന തോന്നലിലാണ് മെഡിക്കൽ കോളേജിൽ നിന്ന് ലീവെടുത്ത് ക്ലിനിക്കിലിരുന്ന് ഉറങ്ങാൻ തീരുമാനിച്ചത്. പക്ഷെ, ഇപ്പോൾ അതും വെറുതെയായിരിക്കുന്നു. ദൃഷ്ടിയുടെ കഥ ഒരു പുഴുവിനാകാവുന്നതിലുമധികം ഭീകരമായി വരിഞ്ഞുമുറുക്കുകയാണ്. നീലച്ചിറകുള്ള പൂമ്പാറ്റയും അതിന്റെ കൂട്ടുകാരിയും എത്ര ഭാഗ്യമുള്ളവരാണ്. അവർ ഉറങ്ങുന്നു, ഒരു ദിവസം മരിക്കുന്നു. വായിച്ച നോവലുകളും പൊളിറ്റിക്കൽ ടെക്സ്റ്റുകളും ഉള്ളിൽ കിടന്ന് പെരുകിയതുകൊണ്ടാണ് ഒരു തിരക്കഥ ഇത്രയും വലിയ പ്രയാസമുണ്ടാക്കുന്നതെന്ന് പറഞ്ഞ അടുത്ത സുഹൃത്തുക്കളൊക്കെയും പൂമ്പാറ്റകളുടെ ജന്മമാണ്. ഒരു ഭീമൻ പുഴു ശരീരമാകെ ഇഴഞ്ഞുനീങ്ങുമ്പോഴുണ്ടാകുന്ന പൊള്ളൽ അവർക്കൊന്നുമറിയുകയില്ല. ഡോക്ടർ മുഖത്തും കഴുത്തിലും കയ്യിലുമെല്ലാം കലാമിൻ ലോഷൻ പുരട്ടി. ചൊറിഞ്ഞ് പൊട്ടിയ പാടുകളിൽ തണുപ്പിറങ്ങുമ്പോഴും അവർ വിയർത്തുകുളിച്ചു.

നിയതിയും ദയയും പടുകൂറ്റൻ കുളിമുറിക്കകത്ത് മരിച്ചുകിടക്കുന്നു. അവസാനം വലിച്ച സിഗരറ്റ് കുറ്റി ദയയുടെ വിരലുകൾക്കിടയിൽപ്പെട്ട് ഒടിഞ്ഞിട്ടുണ്ട്. ഇരുവരുടെയും കണ്ണുകൾ പാതിയടഞ്ഞിരുന്നു. ""അച്ഛാദിൻ ഹേ ഹമാരാ...'' വാളുകളും കുന്തങ്ങളുമായി അതേ ആൾക്കൂട്ടം പുറത്തുനിന്ന് അലറി.
""നമ്മുടെ സംസ്‌കാരം നശിപ്പിക്കുന്നവരൊന്നും അങ്ങനെ ഇവിടെ ജീവിക്കണ്ട.. ഇത് പുണ്യഭൂമിയാണ്... ശ്രീരാമചന്ദ്രന്റെ ഭൂമി. നമ്മൾ അദ്ദേഹത്തിന്റെ പടയാളികൾ. ഈ പുണ്യഭൂമിയുടെ അവകാശികൾ.. അഛാദിൻ ഹേ ഹമാരാ..''
ആൾക്കൂട്ടത്തിൽ നിന്നൊരുവൻ മുന്നോട്ട് നിന്ന് ഉറക്കെ പറഞ്ഞു.
""അഛാദിൻ ഹേ ഹമാരാ..'' ആൾക്കൂട്ടമിരമ്പി. മൊട്ടയടിച്ച് തലയിൽ ചുവന്ന പുള്ളികുത്തിയ , യൂണീഫോമിട്ട ഒരു വലിയ കൂട്ടം മനുഷ്യരെ അവർ ചാട്ടവാറുകൊണ്ടടിച്ച് നടത്തിക്കൊണ്ടുപോയി. അതിൽ നിന്നും പരിചയമുള്ള മൂന്ന് മുഖങ്ങൾ കണ്ടുപിടിക്കാൻ ഡോക്ടർക്ക് കഴിഞ്ഞില്ല. വലിയ മൈതാനി നിറയെ കുളിമുറികളായിരുന്നു. ഓരോന്നിനു മുൻപിലും ചങ്ങലക്കിട്ട മനുഷ്യർ ; പാറാവുകാരായ തടവുകാർ. ഓരോ കുളിമുറിയ്ക്കകത്തും ശ്രീരാമചന്ദ്രന്റേതെന്ന് പറഞ്ഞുകേട്ട പുണ്യഭൂമിയെ കളങ്കപ്പെടുത്തുന്നവർ. ഒന്നിനകത്ത് ദയയും നിയതിയും മരിച്ചുകിടക്കുന്നു. ഒന്നിനകത്ത് ദൃഷ്ടിയോടൊപ്പം വിഷം തീണ്ടിക്കിടക്കുന്ന സ്വന്തം രൂപം ഡോക്ടർ കണ്ടു. കണ്ണു തുറന്നിരിക്കേ ഇങ്ങനെയെല്ലാം കാണുന്നത് എന്തസുഖമാണെന്ന് ഓർക്കാനുള്ള യുക്തി അവർക്ക് നഷ്ടമായിരിക്കുന്നു.

ഒരാഴ്ചയായി ഒരു മനുഷ്യനും വരാത്ത ക്ലിനിക്കിനകത്തുനിന്ന് ""അഛാ ദിൻ ഹേ ഹമാരാ'' എന്ന മുഴക്കം കേട്ട് അവർ ആർത്തുകരഞ്ഞു.

""നിദ്രാ... എന്തു പറ്റി?''

ദൃഷ്ടിയാണ്. അവളുടെ മുഖം വിളറിയിരിക്കുന്നു. ഡോക്ടർക്ക് നിന്നിടത്തുനിന്ന് അനങ്ങാനായില്ല. മരണച്ചുഴിയിൽ പെട്ടാൽ അങ്ങനെയാണ്. ദൃഷ്ടി ഓടി വന്ന് അവരെ സോഫയിലിരുത്തി. ചൂടുള്ള ഒരു കപ്പ് ചായ കുടിപ്പിച്ചു. ഡോക്ടർക്ക് ശരീരമാകെ മരവിച്ചതുപോലെ തോന്നി. ദൃഷ്ടിയുടെ കൈകൾക്ക് പൊള്ളുന്ന ചൂടായിരുന്നു.

""സിനിമ നടക്കില്ല. ഈ പ്രോഡ്യൂസറും സമ്മതിച്ചില്ല. പെണ്ണുങ്ങൾ തമ്മിലുള്ള പ്രേമം പുരോഗമനമൊന്നുമല്ലെന്ന്. അയാളുടെ കുടുംബത്തിനും നമ്മുടെ നാടിനുമൊക്കെ നാണക്കേടാണത്രെ... അവന്റെ മോന്തക്കൊന്ന് കൊടുക്കാനാ തോന്നിയെ...''
​ദൃഷ്ടി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ മുഖം ചുവന്നിരിക്കുന്നു.

""നിന്റെ കഥയൊരു ഭീമൻ പുഴുവാണ്. അതിഴയുന്നിടമെല്ലാം ചൊറിഞ്ഞുപൊട്ടും. നമ്മൾ മരണച്ചുഴിയിലായതുകൊണ്ട് ഒരു കലാമിൻ ലോഷൻ മതി ചൊറിച്ചിൽ കുറയ്ക്കാൻ. ചുഴിക്ക് പുറത്തുള്ളവർക്ക് പുഴുവിനെ ഇഷ്ടമല്ല. അവർ പൂമ്പാറ്റകളാണ്. മൂടിപ്പുതച്ചുറങ്ങുന്നവർ...''

ഡോക്ടറുടെ പുലമ്പലുകൾ കേട്ട് ദൃഷ്ടി അനങ്ങാതിരുന്നു. എന്തെല്ലാമോ മനസ്സിലായതുപോലെ അവൾ തലകുലുക്കി. ഡോക്ടർ മേശപ്പുറത്തിരുന്ന ചില്ലുപെട്ടിയെടുത്ത് ജനലിനടുത്തേക്ക് നടന്നു. നീലച്ചിറകുള്ള പൂമ്പാറ്റ ഉറക്കം തന്നെയാണ്. അവർ ജനൽ തുറന്നു. ദൃഷ്ടി ആകാംഷയോടെ നോക്കിയിരുന്നു. ഡോക്ടർ ചില്ലുപെട്ടി താഴേക്കെറിഞ്ഞു.

‘‘മൂന്നാം നിലയിൽ നിന്ന് താഴെയെത്തുമ്പോഴേക്കും അതിലെ പൂമ്പാറ്റകൾ ഉറക്കമുണർന്ന് പറന്നുപോകും. പെട്ടി ചിതറിത്തെറിച്ച് ചാരമായിരിക്കും. എനിക്കത് കാണണം. വാ... നമുക്ക് പോയിനോക്കാം.''

ദൃഷ്ടിയുടെ കണ്ണ് നിറഞ്ഞു. അവൾ ഡോക്ടറുടെ കൈ മുറുകെ പിടിച്ച് താഴേക്ക് നടന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ആർദ്ര വി.എസ്​.

കഥാകൃത്ത്​, കവി. മദ്രാസ്​ യൂണിവേഴ്​സിറ്റിയിൽനിന്ന്​ വിമെൻ സ്​റ്റഡീസിൽ എം.എ പൂർത്തിയാക്കി. ‘അമ്മ ഉറങ്ങാറില്ല’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments