ചിത്രീകരണം: ദേവപ്രകാശ്

മരിച്ചവരുടെ അഡ്​മിൻ

പൂങ്കാവിൽ നിന്നും സുമേഷിന്റെ വിളി വരുമ്പോൾ ലോക്ക് ഡൗണിനെ എങ്ങനെ അതിജീവിക്കും എന്ന പകപ്പിൽ കൂട്ടുകാരന്റെ കാരുണ്യത്തിന്റെ കാരാഗൃഹത്തിൽ കഴിയുകയായിരുന്നു ഞാൻ. ഒറ്റയ്ക്കാണ്. രാജ്യം അടച്ചുപൂട്ടപ്പെട്ട രാത്രിയിൽ വീടെനിക്കു ഒഴിഞ്ഞുതന്നു നാട്ടിലേക്ക് പോയതാണ് ചങ്ങാതി. ഒരു ബാച്ചിലർ അടുക്കളയിൽ ഉണ്ടാകാനിടയുള്ള സർവ്വ ഭക്ഷണ പദാർഥങ്ങളും തീർന്നതോടെ നഗരസഭയുടെ സമൂഹ അടുക്കളയിൽ ന്നിന്നെത്തുന്ന ഭക്ഷണപ്പൊതിയാണ് ഉദരാഗ്‌നിയെ കെടുത്തുന്നത്. വർഷം നാലോ അഞ്ചോ കഥകൾ മാത്രം എഴുതുന്ന, ഫ്രീലാൻസർ എന്ന സമൂഹ മാധ്യമ പ്രൊഫൈലിന്റെ ബലത്തിൽ ഓൺലൈൻ പോർട്ടലുകൾക്ക് സിനിമാ ഗോസിപ്പുകൾ എഴുതിക്കൊടുത്ത് അന്നത്തിന് വഴി കണ്ടെത്താൻ ശ്രമിക്കുന്ന ഒരു നഗരജീവിക്ക് ഈ മഹാമാരി കാലം തുഴഞ്ഞുതീർക്കുക അത്ര എളുപ്പമല്ല തന്നെ.

ഓ..സുമേഷ് വിളിച്ച കാര്യമാണല്ലോ പറഞ്ഞു തുടങ്ങിയത്...അത് വിട്ടുപോയി...

സുമേഷ് എന്റെ അടുത്ത ചങ്ങാതിയൊന്നുമല്ല. എന്നേക്കാൾ പത്ത് വയസ്സ് മൂപ്പു കാണും. നാട്ടിലെ ചില കള്ളുകുടി കമ്പനികളിൽ കണ്ടുമുട്ടിയിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ഒന്നിച്ചടിച്ചിട്ടുണ്ട്. അത്രമാത്രം. മൂപ്പരുടെ കമ്പനിക്കാർ മുഴുവൻ ടൗണിലാണ്. അതുകൊണ്ട് അപൂർവ്വമായേ പകൽവെട്ടത്തിൽ സുമേഷിനെ കണ്ടിട്ടുള്ളൂ. എന്തെങ്കിലും വളരെ അത്യാവശ്യമായ കാര്യത്തിനല്ലാതെ ഫോൺ വിളിക്കാനുള്ള അടുപ്പവും ഞങ്ങൾ തമ്മിലില്ല.

കുറച്ചു മാസങ്ങൾക്ക് മുൻപാണ് സുമേഷിനെ നാട്ടിലെ ചള്ള് ചെക്കന്മാർ പെരുമാറി വിട്ട കഥ ചങ്ങാതിമാർ വിളിച്ചുപറഞ്ഞത്. സംഭവം കോമഡിയായി തോന്നാമെങ്കിലും പ്രസ്തുത വിഷയത്തിൽ ഞാൻ സുമേഷിന്റെ കൂടെയാണ്.

എന്റെ നാടായ പൂങ്കാവിന്റെ പേടിസ്വപ്നമാണ് എയ്യൻ. പ്രത്യേകിച്ചും പൃത്തിക്കമാവിൽ* കായ് പിടിക്കുന്ന സീസണിൽ. മാവിലാക്കുന്നിലെ പൃത്തിക്ക മാങ്ങ പറമ്പാണ് ഇവറ്റകളുടെ കേളീഭൂമി. കശുവണ്ടിയാണ് ഇഷ്ട ഭോജ്യവസ്തു. ഈ എയ്യൻമാരെ ശാപ്പിടുന്ന മറ്റൊരു കൂട്ടർ പൂങ്കാവിലുണ്ട്. മറ്റാരുമല്ല, നാട്ടിലെ ചെക്കൻമാർ തന്നെ. എയ്യൻമാരുടെ സഞ്ചാരപാതയിൽ കെട്ടുകമ്പിക്കെണിവെച്ചാണ് വേട്ട. കെണിയിൽ കുടുങ്ങുന്നതോടെ തുടങ്ങുന്ന പ്രാണരക്ഷാർത്ഥമുള്ള പിടച്ചിലിൽ മുള്ളുകളേറെ കൊഴിഞ്ഞു ഒരു നിരുപദ്രവിയായിട്ടായിരിക്കും എയ്യനെ കിട്ടുക. പിന്നെ കമ്പിൽ കെട്ടി ചുമലിലേറ്റി നാട് ചുറ്റി ഒരു ആഘോഷമാണ്. അങ്ങനെയൊരു ഘോഷയാത്ര ഷൂട്ട് ചെയ്തു സുമേഷ് ഫേസ്ബുക്കിൽ ലൈവ് ചെയ്തതോടെയാണ് കുഴപ്പം തുടങ്ങുന്നത്. സംഗതി വൈറലായി, വാർത്തയായി. പോരേ പൂരം. നാട്ടിലെ പരിസ്ഥിതി സ്‌നേഹികളാകെ ഇളകിമറിഞ്ഞു. വാലിന് തീ പിടിച്ച പോലെ ഫോറസ്റ്റുകാർ സ്ഥലത്തെത്തി ചെക്കൻമാരെ പൊക്കി. കേസാകുന്നതിന് മുൻപ് പാർട്ടിക്കാർ ഇടപെട്ടാണ് പിള്ളേരെ ഊരിയെടുത്തത്.

പുറത്തിറങ്ങിയ അന്ന് തന്നെ പിള്ളേർ സുമേഷിന് പണിയും കൊടുത്തു.
ആ സുമേഷാണ് എന്നെ വിളിച്ചിരിക്കുന്നത്. എന്തിനാണാവോ..?

നമ്പർ സേവ് ചെയ്തു വാട്‌സപ്പ് പ്രൊഫൈൽ നോക്കിയപ്പോഴാണ് ആളെ പിടികിട്ടിയത്. കുഞ്ഞിക്കണ്ണൻ ചെട്ട്യാനായിരുന്നു പ്രൊഫൈൽ പിക്.

സുമേഷിന്റെ അച്ഛൻ കുഞ്ഞിക്കണ്ണൻ ചെട്ട്യാൻ ഒരുഗ്രൻ കഥാപാത്രമാണ്. ഊതിക്കാച്ചിയ ഒരു സഖാവ്. ആറാം വയസിൽ സാക്ഷിയായ നാൽപ്പത്തിയേഴിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ മുതൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയും വിമോചനസമരവും കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പും യുദ്ധങ്ങളും അടിയന്തരാവസ്ഥയുമെല്ലാം ചരിത്രവും കഥകളുമായി ചെമ്പ് തകിടിൽ രേഖപ്പെടുത്തി വെച്ചതുപോലെയാ മൂപ്പരുടെ ഓർമ്മ. കുഞ്ഞിക്കണ്ണൻ ചെട്ട്യാനോടുള്ള എന്റെ ബഹുമാനം മുഴുവൻ മൂപ്പരുടെ ആ ഓർത്തുപറച്ചിലുകൾ കേട്ടതിന്റെ വിസ്മയമാണ്.

ലോക്ക് ഡൗണിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അതിർത്തിയിൽ കർണ്ണാടക സർക്കാർ കല്ലും മണ്ണുമൊക്കെയിട്ട് റോഡ് ബ്‌ളോക്ക് ചെയ്ത ദിവസങ്ങളിൽ തലപ്പാടിയിൽ തടയപ്പെട്ട ആംബുലൻസുകളിലൊന്നിൽ കിടന്നാണ് ചെട്ട്യാൻ മരിച്ചത്. സമയത്ത് മംഗലാപുരത്തെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ തിരിച്ച് പരിയാരം മെഡിക്കൽ കോളേജിലേക്ക് പോരുന്ന വഴിയിലായിരുന്നു അന്ത്യം. വിവരം നാട്ടിൽ നിന്നൊരു ചങ്ങാതി എഫ്ബിയിൽ ടാഗ് ചെയ്താണ് ഞാൻ അറിഞ്ഞത്.

ഉച്ചയ്ക്ക് കിട്ടിയ പൊതിച്ചോറിന്റെ ബാക്കി പാതി ഭക്ഷിച്ച് രാക്കത്തലടക്കി സുമേഷിനെ തിരിച്ചുവിളിച്ചു.

"സുമേഷാട്ടാ ങ്ങള് കെടന്നിനേനാ .. '
നാട്ടുഭാഷയിൽ ഒരു ഉപചാരം കൊടുത്തു.
"ഇല്ലപ്പാ..ഞാൻ ഇന്റെ വിളിയും കാത്ത് ഇരിക്കുന്നേനും... നീ ഒന്ന് ഹോൾഡ് ചെയ്യ്.. ഈട റേഞ്ച് കമ്മിയാ.. ഞാനൊന്ന് പൊറത്തിറങ്ങട്ടെ...'

മാവിലാ കുന്നിന്റെ ചെരിവിൽ നിന്നും നിലാവിൽ ഒഴുകി എത്താറുള്ള കുറുക്കന്മാരുടെ ഓരിയിടലുകളുടെ ചിരപരിചിതമായ പശ്ചാത്തല സംഗീതത്തിൽ സുമേഷ് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്; ഇനിമുതൽ കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഞാൻ മാനേജ് ചെയ്യണം.

വിചിത്രമായ ആ ആവശ്യത്തിന് മുൻപിൽ ഞാൻ അൽപ്പമൊന്നു അന്തംവിടാതിരുന്നില്ല.

"അതെങ്ങനെയാ സുമേഷാട്ടാ... മരിച്ചയാളുടെ...?' ഞാൻ പാതിയിൽ നിർത്തി.

എഴുപത്തഞ്ചാം വയസിൽ ഫേസ്ബുക്കിൽ കയറിയ ആളാണ് കുഞ്ഞിക്കണ്ണൻ ചെട്ട്യാൻ! അതിൽ ആശ്ചര്യപ്പെടാൻ എന്താണുള്ളത് എന്നു ചോദിക്കാൻ വരട്ടെ...

രണ്ടു വർഷം മുൻപ് ചെട്ട്യാന്റെ ഫ്രണ്ട് റിക്വസ്റ്റ് തേടിവന്നപ്പോൾ സുമേഷിന്റെ പരിപാടിയാന്നാ കരുതിയത്. പക്ഷേ മൂപ്പരുടെ പോസ്റ്റുകൾ വായിക്കാൻ തുടങ്ങിയപ്പോൾ സുമേഷല്ല പിന്നിൽ എന്നു മനസിലായി. പൂങ്കാവിന്റെ വാതിലുകളും ജനലുകളും മലർത്തി തുറന്നു വെക്കുകയായിരുന്നില്ലേ ചെട്ട്യാൻ. കഥയും ചരിത്രവും പുരാവൃത്തവും പാട്ടുകളും ഓർമ്മകളും ചിത്രങ്ങളുമായി ഒരുപാട് ഗ്രാമീണർ നഗരത്തിലെ എന്റെ മുറിയിലേക്ക്, ബാറിലെ അരണ്ട വെളിച്ചത്തിലേക്ക്, സിനിമ തിയറ്ററിലെ ഇടവേളകളിലേക്ക്, ഉറക്കമില്ലാത്ത പാതിരാവുകളിലേക്ക് കയറിവന്നുകൊണ്ടിരുന്നു. ചില അമൂല്യമായ ശേഖരങ്ങളും ചെട്ട്യാന്റെ എഫ് ബി പേജിൽ പ്രത്യക്ഷപ്പെടും. പഴയ ഫോട്ടോകൾ, പാർട്ടി പൊതുയോഗങ്ങളുടെയും നാടകങ്ങളുടെയുമൊക്കെ നോട്ടീസുകൾ കല്യാണക്കത്തുകൾ അങ്ങനെ പലതും...ഇതിൽ പലതും ഞാൻ സേവ് ചെയ്തു എന്റെ ലാപ്പിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്നെങ്കിലും പൂങ്കാവിനെ കുറിച്ചു ഒരു നോവലെഴുതാൻ തോന്നിയാൽ ഉപകാരപ്പെട്ടാലോ...? സത്യം പറയട്ടെ എന്റെ പല കഥകളിലെയും കഥാപാത്രങ്ങൾ ചെട്ട്യാന്റെ സംഭാവനയാണ് കേട്ടോ.

മാർച്ച് മാസത്തെ വരണ്ട കാറ്റിൽ, തലപ്പാടിയിലെ ദേശീയപാതയുടെ ഓരത്ത് മരുന്നിന്റെ ഗന്ധം പാട പോലെ പൊതിഞ്ഞ ആംബുലൻസിൽ കിടന്നു പോസ്റ്റ് ചെയ്ത കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ ഒരു കുറിപ്പ് എഫ് ബിയിൽ വായിച്ചത് ഓർമ്മവന്നു. കീഴടങ്ങാൻ ഒരുക്കമല്ലാത്ത ഒരു മനുഷ്യന്റെ വാക്കുകൾ...

""ഞാനിപ്പം ഏത് രാജ്യത്താപ്പാ എത്തീന്...? മലബാറിലോ അതോ കാനറയിലോ? എത്ര പെട്ടെന്നാന്നപ്പ നാട് രണ്ടായത്. എന്തുന്നാ ഈന് പറയേണ്ടത്... ഞാൻ എത്ര പ്രാവിശ്യം ഈ വൈരം കൊടുക്കുന്ന വണ്ടിയിൽ കെടന്ന് തേജസ്വിനിയും പയസ്വിനിയും കടന്നുപോയിരിക്കുന്നു. ഈ മഹാമാരിയൊന്നു അടങ്ങട്ടെ, നെഞ്ചിൻകൂട്ടിൽ അനക്കമുള്ളിടത്തോളം കാലം ചെട്ട്യാൻ ഇനിയും വരും കേട്ടാ...''

""ബോർഡർ കടത്തിവിടില്ല എന്നുറപ്പായപ്പോൾ ഞങ്ങൾ മടങ്ങി'', സുമേഷ് പറഞ്ഞു, ""തിരിച്ചു വരുമ്പം ഓറ് ഇത്രയേ എന്നോട് പറഞ്ഞുള്ളൂ.. കുറച്ചു നേരം തേജസ്വിനിയുടെ കരയിൽ ആംബുലൻസ് നിർത്തണം. ആടത്തെ കാറ്റ് കൊള്ളണം.''

കാര്യങ്കോട് പാലം കടന്നു തേജസ്വിനിയോട് ചേർന്ന് ആംബുലൻസ് ഒതുക്കി. സ്‌ട്രെച്ചറിന്റെ തല ഭാഗം ഉയർത്തിയപ്പോൾ തെളിഞ്ഞ ചതുരക്കാഴ്ചയുടെ എഫ് ബി വാളിൽ കുഞ്ഞിക്കണ്ണൻ ചെട്ട്യാൻ ഇങ്ങനെ എഴുതി, 'ഈ പുഴ ഏടെന്നാന്നു ഒഴുകിയെത്തുന്നതെന്നറിയോ? എന്നെ കടത്തിവിടാതിരുന്ന കാനറയിൽ നിന്ന്. ഒഴുക്ക് വെള്ളത്തിനെന്ത് അതിർത്തികൾ...അല്ലേ! കുടക് മലകളിൽ നിന്നും ഉറവകൊള്ളുന്ന ഈ കല്ലോലിനിക്ക് തേജസ്വിനി എന്ന പേര് നൽകിയ മഹാവിപ്ലവകാരിയുണ്ട്. സഹ്യാദ്രിയിൽ നിന്നുതന്നെ പുറപ്പെടുന്ന മറ്റൊരു നീർച്ചാലായ കുമാരധാരയുടെ കരയിൽ ജനിച്ചു വീണ കുളുകുന്ത ശിവറായ് എന്ന നിരഞ്ജന. കുളുകുന്തയിൽ നിന്നും ജീവിതത്തെ ഇറുക്കിപ്പിടിച്ച് തേജസ്വിനിയുടെ കരയിലേക്ക് അയാൾ ഓടിയെത്തിയത് ഒരു വിപ്ലവ ചരിത്രം എഴുതാനായിരുന്നു. കയ്യൂരിന്റെ കഥ. ചിരസ്മരണകൾ... നദിയുടെ ഒഴുക്ക് പോലെ വാക്കുകളുടെ പ്രവാഹത്തെ ഏത് ഭരണകൂടത്തിന് കല്ലും മണ്ണുമിട്ട് തടഞ്ഞു നിർത്താൻ പറ്റും? '

കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ എഴുത്ത് ഇങ്ങനെയാണ്. പഴമയുടെ സ്പർശമുള്ള ആ ഭാഷ ശൈലിക്ക് അസാധ്യമായ തെളിച്ചമാണ്. അടിമുടി രാഷ്ട്രീയമാണ്. മൂർച്ചയേറിയതാണത്.

""തുടർന്നുള്ള യാത്രയിൽ രോഗത്തിന്റെ ഒരു വെഷമവും അച്ഛനുണ്ടായിരുന്നില്ല. പക്ഷേ, പിലാത്തറ എത്തിയപ്പോൾ അങ്ങ് പോയി...'' സുമേഷ് പറഞ്ഞു. 'മുമ്പൊന്നും ഞാൻ അച്ഛൻ പറയുന്നത് ചെവികൊടുത്തിരുന്നില്ല. അച്ഛൻ പോയതിന് ശേഷമാണ് ഞാൻ എഫ് ബിയിൽ എഴുതിയതൊക്കെ വായിച്ചത്. എന്തൊരെഴുത്താ ഇഷ്ടാ അത്...' സുമേഷ് വല്ലാതെ ഇമോഷണലായി.

എന്താ മറുപടി പറയേണ്ടത്? ഞാൻ ആലോചിച്ചു. ശരിക്കും ഒരു പ്രാന്തൻ ഐഡിയയല്ലേ സുമേഷ് പറഞ്ഞത്.

""സുമേഷാട്ടാ... ങ്ങള് പറയുന്നത് കേൾക്കാൻ ഒരു രസമൊക്കെയുണ്ട്. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിക്കാറുള്ള കുഞ്ഞിക്കണ്ണേട്ടന്റെ ഓർമ്മ നിലനിർത്താൻ ഒരു ബസ് സ്റ്റോപ്പോ പ്രതിമയോ പണിയുന്ന ഏർപ്പാടൊക്കെ പ്രഹസനം തന്നെയാ.. പക്ഷേ കുഞ്ഞിക്കണ്ണേട്ടൻ എഴുതുന്നതു പോലെ...'' ഞാൻ അർദ്ധോക്തിയിൽ ആശങ്കപ്പെട്ടു.

""നിനക്കു പറ്റും. നീ എഴുതിയ കഥയിൽ ചെലതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. പൂങ്കാവിന്റെ കഥയല്ലേ എല്ലാം... നമ്മുടെ വർത്താനത്തിന്റെ സുഖമൊക്കെ അതിനുണ്ട്...അച്ഛൻ പറഞ്ഞത് മുഴുവൻ കേട്ട വേറെ ആരാ ഉള്ളത് പൂങ്കാവിൽ?'' സുമേഷ് നിർബന്ധിച്ചു.

പദ്ധതി ഇങ്ങനെയാണ്. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ, അതിന്റെ ഫോട്ടോ, പറ്റുമെങ്കിൽ വീഡിയോ ക്ലിപ് ഒക്കെ സുമേഷ് അയച്ചുതരും. ഞാൻ അതിനെ ഒന്നു മാറ്റിയെഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം. അതായത് ജീവിച്ചിരുന്ന കുഞ്ഞിക്കണ്ണേട്ടൻ ഫേസ്ബുക്കിൽ ചെയ്ത എല്ലാ കാര്യങ്ങളും ഞാൻ ചെയ്യണം. ഒരു സൈബർ പരകായപ്രവേശം. സംഗതി എനിക്കിത്തിരി ത്രില്ലൊക്കെ തോന്നി. ചിലപ്പോൾ ഒരു കഥയുടെ ബീജം കിട്ടിക്കൂടായ്കയില്ല. അങ്ങനെയെങ്കിൽ ആ വകയിൽ ഒരു കഥ പൂശിയാൽ രണ്ടായിരം രൂപ തടയുകയും ചെയ്യും.

വർത്തമാനത്തിനിടയിൽ എന്തെങ്കിലും പണിയോ മറ്റോ ഉണ്ടോ എന്നൊക്കെയുള്ള സുമേഷിന്റെ അന്വേഷണത്തിൽ ഞാനൊന്നു കൊളുത്തി.

""ലോക്ക് ഡൗൺ തുടങ്ങിയതോടെ പണിയൊക്കെ കൊളായി സുമേഷാട്ടാ, കോർപ്പറേഷന്റെ ഫുഡ് കിട്ടുന്നതുകൊണ്ട് പട്ടിണിയില്ല...''

""ഓക്കേടാ.. നീ നാളത്തന്നെ തൊടങ്ങിക്കോ.. വേണ്ട വിവരങ്ങളൊക്കെ അപ്പപ്പോൾ ഞാനയച്ചു തരാം...''

സുമേഷ് ഫോൺ വെച്ചു. നിമിഷങ്ങൾക്കകം മൊബൈലിൽ ജിപേ ശബ്ദിച്ചു. രണ്ടായിരം രൂപ എക്കൗണ്ടിൽ ക്രെഡിറ്റായിട്ടുണ്ട്.

ഫേസ്ബുക്ക് പ്രൊഫൈൽ പടത്തിൽ കുഞ്ഞിക്കണ്ണൻ ചെട്ട്യാൻ എന്നെ നോക്കി പുഞ്ചിരിച്ചു. തൽക്കാലം കോവിഡ് കാലം കടന്നുപോകാൻ അനക്ക് ഞാനൊരു വഴി കാണിച്ചു തന്നില്ലേ എന്ന ഭാവത്തിൽ.

പിന്നീട് കുറച്ചുദിവസത്തേക്ക് സുമേഷിന്റെ വിളിയൊന്നും വന്നില്ല. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നറിയാതെ ഞാനും ഉഴപ്പി. ഇതിനിടയിൽ കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ എഫ് ബി പേജ് കയറിയിറങ്ങൽ ഒരു ദിനചര്യയായി മാറിക്കഴിഞ്ഞിരുന്നു. ചെട്ട്യാൻ മരിച്ചതറിഞ്ഞു തങ്ങളാലാവുംവണ്ണം വിടവാങ്ങൽ കുറിപ്പുകൾ എഴുതി ചെട്ട്യാൻ കാണില്ലെന്ന് തീർച്ചയുണ്ടായിട്ടും അനുഷ്ഠാനം പോലെ മൂപ്പരെ ടാഗ് ചെയ്യുന്ന പോസ്റ്റുകൾ വായിച്ച് സമയം പോക്കി.

അക്കൂട്ടത്തിൽ വായിച്ച "എന്റെ നാട്ടിലെ ഒരു ചുറുചുറുക്കുള്ള ഒരു യുവാവിനെ കുറിച്ചാണ് ഈ കുറിപ്പ്.' എന്നു തുടങ്ങുന്ന ഷാഹിദ പൂങ്കാവിന്റെ ഒരു പോസ്റ്റ് ഇവിടെ പങ്കുവെയ്ക്കട്ടെ. ഇത്തിരി സാഹിത്യത്തിന്റെ അസ്‌കിത ഉണ്ടെങ്കിലും വായനാസുഖമുണ്ട്.

""ഒരു ചിത്രകാരന്റെ ബ്രഷിൽ നിന്നും അരിച്ചിറങ്ങുന്ന വെള്ളച്ചായം പോലെ വെളിച്ചം പൂങ്കാവിനെ മൂടിയ ഇരുട്ടിനെ അലിയിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞിക്കണ്ണൻ ചെട്ട്യാനും അമ്മിണിപ്പയ്യും ചരൽപ്പാതയിലേക്ക് ഇറങ്ങും. പുലർകാല മഞ്ഞിൽ പുതച്ചു കിടക്കുന്ന ചരൽക്കല്ലുകൾക്ക് മേൽ പതിയുന്ന ആറ് കാലടികളുടെ താളനിബദ്ധമായ ശബ്ദം. പിന്നാലെ അമ്മിണിയുടെ കഴുത്തിലെ ഓട്ടുമണിയുടെ കിലുക്കവും. പൂങ്കാവിന്റെ ഒരു ദിനം കണ്ണുതിരുമ്മി എഴുന്നേൽക്കുന്നത് ഈ സ്വര വീചികളുടെ തുമ്പിൽ പിടിച്ചാണ്. പൂങ്കാവിനെ നെടുകെ പിളർന്നാണ് ചരൽപ്പാത. ശബ്ദങ്ങളുടെ ഈ ജുഗൽബന്ദിയ്ക്ക് അകമ്പടിയായി പാതയ്ക്കിരുവശവുമുള്ള വീടുകളിൽ ഒന്നുകഴിഞ്ഞു അടുത്തത് എന്ന ക്രമത്തിൽ വെളിച്ചം തെളിയുന്നത് അതിസുന്ദരമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോലെ ഒരു വിസ്മയക്കാഴ്ചയാണ്. പൂങ്കാവിലെ പെണ്ണുങ്ങൾ ഈർക്കിൽ മാച്ചിലുമായി മുറ്റത്തിറങ്ങി സരിഗമ പാടുന്നതും ആണുങ്ങൾ കടവായിലൂടെ ഒലിച്ചിറങ്ങിയ ഈള തലയിണയിൽ അമർത്തിത്തുടച്ചു തിരിഞ്ഞുകിടക്കുന്നതും ഈ സമയത്താണ്. പുലർകാല സ്വപ്നം കാണുന്ന കുഞ്ഞുങ്ങളുടെ പുഞ്ചിരിയിൽ നിന്നും പൊഴിയുന്ന നനുത്ത പ്രകാശം കൂടി പടരുമ്പോൾ പൂങ്കാവിന്റെ ആകാശം സ്വർണ്ണനിറമാകും.

കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെയും അമ്മിണി പയ്യുടെയും ഈ സഞ്ചാരം പൂങ്കാവിലെ മൊയാരത്ത് ശങ്കരൻ സ്മാരക വായനശാലയിലേക്കാണ്.

പൂങ്കാവിന്റെ ഒത്ത നടുക്കുള്ള ചീർമ്പ ഭഗവതി കാവിനോട് ചേർന്ന് താമസിക്കുന്ന കൗസ്വേടത്തിയുടെ വീടിന് മുൻപിലാണ് യാത്രയുടെ ആദ്യ സ്റ്റോപ്പ്. വീട്ടിലെ ആലയിൽ ഇടാതെ പിടിച്ചുവെച്ച ചാണകം എല്ലാ ദിവസവും അമ്മിണി വിസർജ്ജിക്കുന്നത് അവിടെയാണ്. പച്ച ചാണകത്തിന്റെ ഗന്ധം വാതിലിൽ മുട്ടിയാലുടൻ അടുക്കള വാതിൽ തുറന്നു കൗസ്വേടത്തി പ്രത്യക്ഷപ്പെടും. വക്ക് പൊട്ടിയ ബക്കറ്റിൽ ചാണകം വാരിയെടുക്കുമ്പോഴേക്കും കുഞ്ഞിക്കണ്ണൻ ചെട്ട്യാനും അമ്മിണിയും വളവ് തിരിഞ്ഞു അപ്രത്യക്ഷരായിട്ടുണ്ടാകും. കാവിന്റെ മുറ്റം നിത്യവും ചാണകം തളിച്ചു ശുദ്ധം വരുത്തുന്ന പണിയാണ് കൗസ്വേടത്തിക്ക്.

അമ്മിണിയെ പ്ലാവിൽ കെട്ടി വായനശാല തുറന്നു ലൈറ്റിടുമ്പോഴേക്കും അന്നത്തെ പത്രങ്ങൾ ചിതറിത്തെറിച്ച് മുറ്റം നിറഞ്ഞിട്ടുണ്ടാവും. കാലങ്ങളായി പൂങ്കാവിലെ ആദ്യ പത്രവായനക്കാരൻ കുഞ്ഞിക്കണ്ണേട്ടനാണ്. അതൊരു മണിക്കൂർ നീളും. കൃത്യം ആറര കഴിയുമ്പോഴേക്കും അമ്മിണിയെ കറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. അപ്പോഴേക്കും വീട്ടിൽ കുഞ്ഞുങ്ങൾ ഉള്ളവർ പാത്രവുമായി ഹാജരായിട്ടുണ്ടാകും. അവർക്ക് മാത്രമാണ് നാടൻ പാല്.

അടുത്ത അങ്കം വായനശാലയുടെ പിന്നിലുള്ള പച്ചക്കറിത്തോട്ടത്തിലാണ്. ചെടികളെ താലോലിച്ചും പുഴുക്കളെയും കീടങ്ങളെയും നുള്ളിക്കളഞ്ഞും വെള്ളം നനച്ചും കുറച്ചു സമയം. ഇതിനിടയിൽ പാകമായവ പറിച്ചെടുത്ത് കൊട്ടയിലാക്കുന്ന പണിയും നടക്കുന്നുണ്ടാവും. വെണ്ടയും വഴുതിനയും തക്കാളിയും പച്ചമുളകും വാലൻ പയറുമൊക്കെ വായനശാലയുടെ അരമതിലിൽ നിരത്തിവെച്ചു ഒരു ഫോട്ടോ സെഷനാണ് പിന്നീട്. അത് നേരെ ഫേസ്ബുക്കിലേക്ക്. മൊയാരത്ത് ശങ്കരൻ സ്മാരക വായനശാലയുടെ ജൈവവായന പദ്ധതിയിലെ ഇന്നത്തെ വിളവെടുപ്പ് എന്നൊരു തലക്കെട്ടും ഉണ്ടാകും. തൊട്ടുമുൻപത്തെ ആഴ്ചയിലെ ഏറ്റവും മികച്ച വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സമ്മാനമാണ് ആ കായ്കറികൾ. വായനയും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കാനുള്ള ഈ പുത്തൻ ഐഡിയയും കുഞ്ഞിക്കണ്ണേട്ടന്റെ സംഭാവനയാണ്.

ഇനി തിരിച്ചുള്ള നടത്തമാണ്. അത് പുലർകാല യാത്ര പോലെ അത്ര ശാന്തമായിരിക്കില്ല. ആകെ ബഹളമയം. സുഖാന്വേഷണങ്ങൾ, രാഷ്ട്രീയ വാഗ്വാദങ്ങൾ, നാട്ടുവിശേഷങ്ങൾ, ഉച്ചത്തിലുള്ള ചിരികൾ... പൂങ്കാവിന്റെ ആ ദിവസത്തിന്റെ ഭാഗധേയം പലപ്പോഴും തീരുമാനിക്കപ്പെടുന്നത് കുഞ്ഞിക്കണ്ണേട്ടന്റെ ഈ മടക്ക യാത്രകളിലാണ്.

കോളേജിലേക്ക് തെരക്കിട്ട് പോകുകയായിരിക്കും സിറിൾ മാഷ്. ""അല്ല മാഷെ, ട്രംപ് ചെയ്തത് ശരിയാണോ?'' എന്ന കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ ചോദ്യത്തെ അവഗണിച്ചു പോകാനുള്ള തലക്കനമൊന്നും യു.ജി.സി ശമ്പളം വാങ്ങുന്ന ആ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർക്കില്ല. രാവിലത്തെ തിരക്കിനിടയിൽ മാഷ് ചിലപ്പോൾ പത്രം തൊട്ടിട്ടുപോലുമുണ്ടാകില്ല. എങ്കിലും അമേരിക്കയേക്കാൾ വലിയ ലോക പോലീസു കളിക്കുകയല്ലേ ട്രംപ് എന്നു എവിടേയും തൊടാതെ ഒരഭിപ്രായം തട്ടിമൂളിച്ചു വൈകീട്ട് വിശദമായി ചർച്ച ചെയ്യാമെന്ന് വാഗ്ദാനം നൽകി സിറിൾ മാഷ് ബസ് പിടിക്കാനുള്ള ഓട്ടം തുടരും.

മീൻകാരൻ ഹംസക്ക, കൗസ്വേടത്തി, സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടെ സംഘം, ചെത്തുകാരൻ ദാമുവേട്ടൻ ഇങ്ങനെ തന്നെ കടന്നുപോകുന്ന എല്ലാവരോടും പത്രത്തിൽ വായിച്ച കാര്യങ്ങൾ കുഞ്ഞിക്കണ്ണേട്ടൻ തരാതരം പോലെ പങ്കുവെയ്ക്കും. ഇതിനിടയിൽ വാർഡ് മെംബർ സി.കെ. മണികണ്ഠൻ വഴിയിൽ പ്രത്യക്ഷപ്പെട്ടും. അന്നത്തേക്കുള്ള എന്തെങ്കിലും ക്വൊട്ടേഷനുമായിട്ടായിരിക്കും വരവ്. ഒരു സ്വത്ത് മധ്യസ്ഥം, അല്ലെങ്കിൽ ഒളിച്ചോട്ടം, കുടുംബ സഹായ ഫണ്ട് കളക്ഷൻ. അതുമല്ലെങ്കിൽ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തേണ്ട ഒരു സാംസ്‌കാരിക പരിപാടി. എല്ലാ കാര്യത്തിനും കുഞ്ഞിക്കണ്ണേട്ടൻ മുന്നിൽ നിൽക്കണം. മുന്നിൽ നിൽക്കുകയും ചെയ്യും. ഒരു ചുറുചുറുക്കുള്ള യുവാവിനെ പോലെ.

ആ യുവാവാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മരിക്കുമ്പോൾ 79 വയസായിരുന്നു. പെരുത്തിഷ്ടം ...!''

കൊള്ളാമല്ലോ എഴുത്ത്. വെറുതെ ഷാഹിദ പൂങ്കാവിന്റെ പ്രൊഫൈലിൽ കയറി നോക്കി. പരിചയം തോന്നിയില്ല. ചിലപ്പോൾ നാട്ടിലെ പുതിയ താമസക്കാരായിരിക്കും. രാജശ്രീ ടീച്ചറുടെ കല്യാണിയെയും ദാക്ഷായണിയെയും കുറിച്ച് ഒരു കുറിപ്പുണ്ട് എഫ് ബിയിൽ. ടീച്ചറുടെ ഒപ്പമുള്ള ഒരു സെൽഫിയും. ബ്രണ്ണൻ കോളേജിലാണ് പഠിക്കുന്നത്. പൂർവ്വ വിദ്യാർത്ഥി എന്ന ബന്ധത്തിന്റെ അടുപ്പത്തിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.

ഷാഹിദ പൂങ്കാവിന്റെ പോസ്റ്റ് വായിച്ച ദിവസം രാത്രി കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ ഫേസ്ബുക്ക് വാളിൽ ആദ്യ പോസ്റ്റ് ഇട്ടുകൊണ്ട് ഞാൻ പണി തുടങ്ങി.

""ഞാനിപ്പോ ഏടെയാണപ്പാ ..? ഇഹലോകത്തിലില്ല... പരലോകത്തിലെനക്ക് വിശ്വാസവുമില്ല. അപ്പോ ത്രിശങ്കുവിലാ... (ചിരിക്കുന്ന സ്‌മൈലി). എന്നപ്പറ്റി എല്ലാവരും എഴുത്യെത് വായിച്ചപ്പോ ഒരു രസമൊക്കെ തോന്നുന്നുണ്ട്. ഞാനങ്ങനയൊക്കെ ആയിരുന്നോ? എല്ലാവരെയും പോലെ ജീവിച്ചു, ഒരു യാത്രയ്ക്കിടെ മരിച്ചു. എന്തു നല്ല ചാവലാണപ്പാ അത്... സത്യത്തിൽ മരിച്ചു പോയതിൽ ഇപ്പോൾ എനക്ക് സന്തോഷാ... ഈ കൊറോണക്കാലത്ത് വീട്ടിൽ അടച്ചിരിക്കേണ്ടല്ലോ. ആരയും കാണാതെ, തൊടാതെ, വർത്താനം പറയാതെ, ഒരു തുണിക്കഷണം കൊണ്ട് മുഖവും പൊത്തി... ചിരിക്കാണ്ട് എങ്ങനാപ്പാ നടക്കാൻ പറ്റ്വ... എനക്ക് പറ്റൂലപ്പാ.. ശരിക്കും അത് മരിച്ചത് പോലെ തന്നെയല്ലേ.. മഹാമാരിയൊക്കെ മാറി എല്ലാവരും ചിരിച്ചും കളിച്ചും തമ്മാമിൽ കലമ്പിയും കഴിയുന്ന ഒരു നല്ല കാലം വേഗം വരുവപ്പാ...'' ഷാഹീദ പൂങ്കാവ് അടക്കം കുഞ്ഞിക്കണ്ണേട്ടൻ സ്ഥിരമായി ടാഗ് ചെയ്യുന്ന എല്ലാവരെയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തതിന് ശേഷം സുമേഷിന് ഒരു സ്‌ക്രീൻ ഷോട്ട് അയച്ചുകൊടുത്തു.

പിറ്റേന്നു സുമേഷിന്റെ വിളി വന്നപ്പോൾ പോസ്റ്റ് ഏറ്റു എന്നു മനസിലായി.

""സംഗതി ഉഷാറായി കേട്ടാ.. കൊറേ പേര് എന്നെ വിളിച്ചു ചോദിച്ചു. ഞാനാണോ എന്നായിരുന്നു അവർക്ക് സംശയം. നാലക്ഷരം തെറ്റില്ലാതെ എഴുതുന്നോനല്ല ഞാൻ എന്നു അവർക്ക് നന്നായറിയാം.'' സുമേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

സുമേഷ് പറഞ്ഞത് ശരിയാണ്. കുറച്ചധികം പേർ കമന്റ് ചെയ്തിട്ടുണ്ട്. ആരാണ് എഴുതിയത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ചിലർ സ്‌നേഹപൂക്കളും ചിരിക്കുകയും അത്ഭുതം കൂറുകയും ചെയ്യുന്ന സ്‌മൈലികളുമെല്ലാം പോസ്റ്റ് ചെയ്തിട്ടുണ്ട്. എഴുപത്തഞ്ചാം വയസിൽ ഫേസ്ബുക്ക് ഉപയോഗിക്കാൻ പഠിച്ചതു മുതൽ വളരെ സീരിയസായി കൈകാര്യം ചെയ്ത കുഞ്ഞിക്കണ്ണേട്ടന്റെ പേജ് തമാശക്കളിക്ക് ഉപയോഗിക്കരുത് എന്നു വാൺ ചെയ്തവരുമുണ്ട്.

കണ്ണിൽ സ്‌നേഹചിഹ്നമുള്ള ഒരു പെൺകുട്ടിയുടെ സ്റ്റിക്കർ ആണ് ഷാഹിദ പോസ്റ്റ് ചെയ്തിരിക്കുന്നത്.

""കുഞ്ഞിക്കണ്ണേട്ടന് NO RIP...'' ഒരു കമന്റ് ഞാനും കൊടുത്തു.

അപ്പോഴേക്കും വട്‌സാപ്പിൽ സുമേഷിന്റെ മെസേജ് വന്നു. അത് അമ്മിണിപ്പയ്യിന്റെ ഫോട്ടോ ആയിരുന്നു.

""ഈനെ ഞാൻ കൗസ്വേടത്തിക്ക് കൊടുക്ക്വാന്ന്. തലപ്പാടീന്നു തിരിച്ചുവരുന്ന വഴി അച്ഛൻ ചെയ്യാൻ പറഞ്ഞ ഒറ്റക്കാര്യം ഇതാണ്. നീ ഒരു കലക്കൻ പോസ്റ്റ് ഇടണം...''

എന്താ എഴുതുക? ഞാൻ തല പുകച്ചു.. ഒരു വറൈറ്റിയൊക്കെ വേണ്ടേ? സുമേഷിന് എഴുതുന്ന കത്തുപോലെ ആയാലോ?

""മോനേ സുമേഷേ,
നീ വല്യ ചെറുപ്പക്കാരനായതിന് ശേഷം ഞാനൊന്നും നിന്നെ നിർബന്ധിക്കാറില്ല. നീ എന്ന അനുസരിക്കാറുമില്ല. എല്ലാം ഇനിക്ക് തോന്നിയ പോലെയായിരുന്നു. എനക്കായി എന്തെങ്കിലും ചെയ്തു തരണമെന്ന് ഞാൻ പറഞ്ഞിട്ടുമില്ല. ഇന്റെ അമ്മ പോയതിന് ശേഷം നീ എന്നെയോ ഞാൻ ഇന്നെയോ നോക്കീട്ടില്ല. നാട്ടുകാരും പാർട്ടിക്കാരും പലതും പറഞ്ഞു. ലേശം വെഷമൊക്കെ മനസിൽ തോന്നിയിരുന്നു. അതൊന്നും ഞാൻ ഇന്റെ മുന്നിൽ കാണിച്ചിട്ടില്ല. ഇപ്പോൾ എനക്കൊരു പ്രധാന കാര്യം ഇന്നോട് പറയാനുണ്ട്. നമ്മുടെ അമ്മിണി പയ്യിനെ നീ എന്താ ചെയ്യാൻ പോന്നെ..? എന്തായാലും പോറ്റാൻ ഇന്നെക്കൊണ്ടു പറ്റൂല... അതിനെ നമ്മുടെ കൗസൂന് കൊടുത്താലോ..? ഓളാകുമ്പോ പൊന്നു പോലെ നോക്കിക്കോളും. ഓൾക്കൊരു വരുമാനവുമാകും. ഇതെന്റെ ആശയാന്ന് കരുതിയാ മതി.. നീ ഇത് ചെയ്യണം...''

പിറ്റേന്ന് പുലർച്ചെ പോസ്റ്റ് ചെയ്യാമെന്ന് കരുതി. ലാപ്പടച്ച് കിടന്നു.
അന്നു വെള്ളിവാതിൽക്കൽ അദൃമാനിക്ക സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. പൂങ്കാവിലെ ആദ്യത്തെ ഗൾഫുകാരനാണ്.

""ഞാനും കുഞ്ഞിക്കണ്ണനും ഒരുമിച്ചാണ് സൗദിക്ക് പോകാൻ ബോംബായിലേക്ക് പോയത്. ഓന് വല്യ താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ ഒരേ നിർബന്ധം. അടിയന്തരാവസ്ഥയൊക്കെ കഴിഞ്ഞ സമയാ.. കേസും പൂക്കാറും. ഓൻ ഉഷാറ് കമ്യൂണിഷ്ടേനും. നാട്ടില് ബല്യ വരുമാനൊള്ള പണിയൊന്നും ഓനുണ്ടാണ്ടായിരുന്നില്ല. പാർട്ടിയോപ്പീസിൽ തന്നെ സ്ഥിരം. ഓനും ഞാനും കുട്ടിക്കാലം മുതലേ കളിച്ചു വളർന്നതല്ലേ.. ഞാനും കൂടി നിർബന്ധിച്ചപ്പോ ഓനങ്ങ് സമ്മയിച്ചു. അങ്ങനെ തലശ്ശേരീന്നു ട്രെയിന്കാരി. രണ്ടാളും ആദ്യായിട്ടല്ലേ ബേറെ സ്റ്റേറ്റിലേക്ക് പോന്നത്. ലേശം പേടിയൊക്കെ ഇണ്ടേനും. കയ്യിൽ കൊറച്ച് പൈശയുണ്ട്. ഏജന്റുമാർക്ക് കൊടുക്കാൻ. ബോംബേലെത്തി ഏജന്റുമാർ കാട്ടിത്തന്ന കുടുസ്സ് മുറിയിൽ ഒന്നു രണ്ടാഴ്ച താമസിച്ചപ്പോഴേക്കും ഓന് മതിയായി. ഒരിയാനെക്കൂടെ നാട്ടിലേക്കു തിരിച്ച് പോണന്നായി. ഞാനാണെങ്കി സമ്മയിക്കൂല. ഇതിന്റെടയിൽ ഓന്റെ നല്ലതിനോ ചീത്തക്കോ ഏജന്റുമാർക്ക് കൊടുക്കാൻ ബെച്ച പൈശ ഏതോ ഹമുക്കുകൾ കട്ടിട്ട് പോയി. എന്റെ വിസ ശരിയാവുവേം ചെയ്തു. എനക്ക് ബല്ലാത്ത ബെശ്മായിപ്പോയി കേട്ടാ. ഓന് തിരിച്ചു പോരാനുള്ള വണ്ടിക്കാശ് ഞാനാ കൊടുത്തേ...പത്തമ്പത് കൊല്ലായി ഞാനീ മരുഭൂമിയിൽ..ഓനോ നാട്ടിലെ കാറ്റും ബെളിച്ചവും നല്ലോണം അനുഭവിച്ച് സന്തോഷത്തോടെ അങ്ങ് പോയില്ലേ..?''

അദൃമാനിക്കയുടെ കണ്ണ് നിറഞ്ഞതുപോലെ തോന്നി.
""ഇങ്ങള് നാട്ടിലേക്കു വരുന്നില്ലേ അദൃമാനിക്ക..?'' ഞാൻ ചോദിച്ചു.
""ബരണം.. എല്ലാ നിർത്തി ബേഗം ബരുന്നുണ്ട്...''
മണൽക്കാറ്റ് ആഞ്ഞു വീശി. അതിനുള്ളിൽ തരി തരി പോലെ മറഞ്ഞ് അദൃമാനിക്ക.

കണ്ണ് തുറന്നപ്പോൾ നേരം പുലർന്നിരുന്നു. എന്താ അദൃമാനിക്കയെ സ്വപ്നം കാണാൻ എന്നാലോചിച്ചു വെറുതെ കിടന്നു. തലേന്ന് കുഞ്ഞിക്കണ്ണേട്ടന്റെ എഫ് ബി ആൽബത്തിൽ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അദൃമാനിക്ക നിൽക്കുന്ന ചിത്രം കണ്ട കാര്യം ഓർമ്മ വന്നു.

ഷാഹിദ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന്റെ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നുണ്ട്.
ഒരു കട്ടൻ ചായയുടെ ഉണർവ്വിൽ ലാപ്പെടുത്തു. സുമേഷിനുള്ള കത്ത് പോസ്റ്റ് ചെയ്തു.

അധികം സമയം കഴിഞ്ഞില്ല. സുമേഷിന്റെ വിളി വന്നു. ""ഡാ.. കൊത്തിക്കൊത്തി നെഞ്ചത്തുകയറി കൊത്തി അല്ലേ..? എന്നെ ഒരു മുടിയനായ പുത്രൻ ആക്കിയല്ലേ...?''

""അതല്ല സുമേഷേട്ടാ, ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി ചെയ്തതാ.. കൊഴപ്പായോ..?'' ഞാൻ വെപ്രാളപ്പെട്ടു.

""കാട്ടുകോഴിക്കെന്ത് ശനിയും സങ്ക്രാന്തിയും.. നീ എഴുതിയത് വായിച്ചപ്പോ വല്ലാതെ വെഷമമായി.. അച്ഛൻ നിന്നോട് എല്ലാ കാര്യവും പറഞ്ഞിനല്ലേ..''

പിറ്റേന്ന് പൂങ്കാവ് ഉണർന്നത് ദിവസങ്ങൾക്ക് ശേഷം അമ്മിണിപ്പയ്യുടെ മണികിലുക്കം കേട്ടാണ്. പൂങ്കാവിലെ പെണ്ണുങ്ങളും ആണുങ്ങളും കുട്ട്യേളും വാതിൽ തുറന്നു തിരക്കിട്ട് പുറത്തിറങ്ങി വഴിയിലേക്ക് കണ്ണുനട്ടു. അമ്മിണിപ്പയ്യിന്റെ കയറും പിടിച്ച് സുമേഷ് ചരൽ വഴിയിലൂടെ നടന്നു വരുന്നത് ആശ്ചര്യത്തോടെ അവർ നോക്കി നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിക്കണ്ണൻ ചെട്ട്യാൻ മകൻ സുമേഷിന് എഴുതിയ കത്തിന് താഴെ സിറിൾ മാഷിന്റെ മകൻ ചാർലി ഒരു ഫോട്ടോ കമന്റായി പോസ്റ്റ് ചെയ്തു. അമ്മിണിപ്പയ്യിന്റെ കഴുത്തിൽ കയ്യിട്ട് ചിരിച്ചു നിൽക്കുന്ന കൗസ്വേടത്തിയുടെ ചിത്രം.

എന്താണെന്നറിയില്ല ആ ചിത്രം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അതിനു മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്നു ചിന്ത കയറി വന്നിട്ടും മനസ്സ് അടങ്ങി നിൽക്കുന്നില്ല. മരിച്ചിട്ടും മഹാമാരിക്കിടയിലും പൂങ്കാവിനെ സന്തോഷിപ്പിക്കുകയാണല്ലോ ഈ മനുഷ്യൻ...! ചാർലി പോസ്റ്റ് ചെയ്ത ചിത്രത്തിലേക്ക് പൂങ്കാവ് മൊത്തം ഒഴുകിയെത്തി. ലൈക്കുകൾ മാവിലാക്കുന്നിലെ കാക്കപൂക്കൾ പോലെ ചിതറിവീണു.

ലോക്കൽ സെക്രട്ടറി ഭാസിയേട്ടൻ കമന്റ് ചെയ്തു, "ലാൽ സലാം സഖാവേ..!'

അതിനിടയിൽ മൊയാരത്ത് ശങ്കരൻ സ്മാരക വായനശാലയിൽ സ്ഥാപിച്ച കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ ചിത്രം പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ സുമലത ടീച്ചർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺലൈനായി അനാച്ഛാദനം ചെയ്തു. മെംബർ മണികണ്ഠൻ അത് കുഞ്ഞിക്കണ്ണൻ ചെട്ട്യാന് ടാഗ് ചെയ്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

കുറച്ചു ദിവസങ്ങൾ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി. യൂറോപ്പിൽ കൊറോണ താണ്ഡവമാടുകയാണ്. അമേരിക്കയിലേക്കും പടരുന്നുണ്ട്. ഗൾഫിൽ നിന്നും മലയാളികൾ നാട്ടിലേക്കു വരാൻ കഴിയാനാവാതെ വേവലാതി കൊള്ളുന്നതിന്റെ വാർത്തകൾ. ഉറ്റവരെ കാണാനാകാതെ അജ്ഞാത ദേശത്ത് അടക്കപ്പെടുന്നവരെ കുറിച്ചുള്ള കരളലിയിക്കുന്ന കഥകൾ.. മനുഷ്യൻ എത്ര നിസാരനായ ജീവിയാണ് എന്നു സ്വയം തിരിച്ചറിഞ്ഞ ദിവസങ്ങൾ...

ഇതിനിടയിൽ സുമേഷിന്റെ കോൾ വന്നു, 'അച്ഛന്റെ ചങ്ങായിയില്ലേ... അദൃമാനിക്ക.. മൂപ്പർ കോവിഡ് ബാധിച്ചു മരിച്ചു. ജിദ്ദയിലായിരുന്നു... ഒരു ഓർമ്മകുറിപ്പ് ഇടുമല്ലോ..'

സ്വപ്നത്തിൽ മണൽത്തരി പോലെ അപ്രത്യക്ഷനായ അദൃമാനിക്കയുടെ ദൃശ്യം തെളിഞ്ഞു വന്നു. എന്താ എഴുതുക...?

കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ ആൽബം പരതി. അദൃമാനിക്കയും കുഞ്ഞിക്കണ്ണേട്ടനും ഒന്നിച്ചുള്ള പഴയ ഒരു ബ്ലാക്ക് ആന്ഡ് വൈറ്റ് സ്റ്റുഡിയോ ഫോട്ടോ കിട്ടി. അത് ഫൈൻ ആർട്‌സ് കോളേജിൽ പഠിക്കുന്ന കൂട്ടുകാരിക്ക് അയച്ചു കൊടുത്തു.

"ഈ രണ്ടു മനുഷ്യർ 1970കളുടെ അവസാനത്തിൽ ബോബേയിലെ ജൂഹു കടപ്പുറത്ത് അസ്തമനം കണ്ടു നിൽക്കുന്ന ഒരു ചിത്രം വേണം. ഉടൻ...'

"മഹാമാരി കവരാത്ത ഓർമ്മകൾ' എന്നു ടൈപ്പ് ചെയ്തു വെച്ച് ഞാൻ ചിത്രത്തിനായി കാത്തിരുന്നു.

എന്നാൽ പൂങ്കാവിൽ വൈറലാകും എന്നു കരുതിയ ആ ചിത്രത്തിന് പ്രതീക്ഷിച്ചത്ര ലൈക്ക് കിട്ടിയില്ല എന്നത് എന്നെ നിരാശപ്പെടുത്തി. അൻപത് വർഷം മുൻപത്തെ പൂങ്കാവിന്റെ ചരിത്രവുമായി കണക്ട് ചെയ്യുന്നവർ അധികമാരുമുണ്ടായിരുന്നില്ല ഫേസ്ബുക്കിൽ കുഞ്ഞിക്കണ്ണൻ ചെട്ട്യാന് ചങ്ങാതിമാരായി. ആ തിരിച്ചറിവിന്റെ നിരാശയിൽ ഒരു കഥയ്ക്കുള്ള സാധ്യത ആലോചിച്ചു കിടക്കുമ്പോൾ ചിത്രത്തിനടിയിൽ ഷാഹിദ പൂങ്കാവിന്റെ കമന്റ് വന്നു, 'ന്റെ ഉപ്പൂപ്പ..'

ഞാൻ അവളുടെ എഫ് ബിയിലേക്ക് തിരക്കിട്ട് ഓടിക്കയറി. കുറച്ചു ദിവസമായി അവൾ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. അവളുടെ ഉപ്പൂപ്പ പല തവണ പറന്നു പോയ അറബിക്കടൽ പോലെ നീല നിറം ഷാഹിദയുടെ എഫ് ബി വാളിനെ പൊതിഞ്ഞു കിടന്നിരുന്നു.

ആയിടയ്ക്ക് അമ്മ വിളിച്ചു. നീ എന്താ ലോക്ക് ഡൗൺ കാലത്ത് അവടെ ചെയ്യുന്നെ..? എങ്ങനെയാ ജീവിക്കുന്നെ? പൈസയുണ്ടോ..? നാട്ടിലേക്ക് പൊന്നൂടേ...? അച്ഛനാകെ ദേഷ്യത്തിലാണ്... അങ്ങനെ ഒരു പാട് ആവലാതികൾ. അതിനിടയിൽ നാട്ടിൽ വരാൻ പോകുന്ന പുതിയ വികസനത്തെ കുറിച്ചും അമ്മ പറഞ്ഞു.

""മാവിലാക്കുന്ന് പൊറത്തുള്ള ആരോ വെലക്ക് വാങ്ങി. ഇനിയെന്തായാലും നാട്ടിൽ കള്ളുകുടിയൻമാരുടെ ശല്യം കൊറച്ചു കൊറയും. ഇന്റെ തുരുത്തുനോക്കി പാറയൊക്കെ നിരത്താൻ പോന്നാന്നാ കേട്ടത്...''

അവിടെ വലിയ വില്ലകൾ വരാൻ പോവുകയാണ് പോലും. അമ്മ ഫോൺ വെച്ച ഉടനെ ഞാൻ സുമേഷിനെ വിളിച്ചു.

""എടാ... ഞാനത് ഇന്നെ വിളിച്ചു പറയാഞ്ഞതാ.. എടപെടണ്ടാന്നു കരുതി. വൻതോക്കുകളാ ആ പ്രൊജക്ടിന്റെ പിന്നിൽ... പിന്നെ നാടിന്റെ വികസനക്കാര്യമല്ലേ...അതുകൊണ്ട് തൊടാൻ പറ്റൂല'' സുമേഷ് പറഞ്ഞൊഴിയുകയാണെന്ന് തോന്നി.

""കുഞ്ഞിക്കണ്ണേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇടപെടുമായിരുന്നു..'' എന്റെ മറുപടിക്ക് വല്ലാത്ത മൂർച്ച ഉണ്ടായിരുന്നു.

""അത് നീ വിട്ടുകള..ഇനിക്കെന്തെങ്കിലും പൈസ വേണോ..'' സുമേഷ് ഫോൺ കട്ട് ചെയ്യുന്നതിന് മുന്നേ ചോദിച്ചു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ജിപെയിൽ രണ്ടായിരം രൂപ വന്നു ചിലച്ചു. കുറച്ചു സമയം ആ പ്രലോഭനത്തിന്റെ വെളിച്ചത്തിൽ കണ്ണുടക്കി. പതുക്കെ ലാപ് തുറന്നു. ചിലപ്പോൾ കുഞ്ഞിക്കണ്ണൻ ചെട്ട്യാന് വേണ്ടി എഴുതുന്ന അവസാന പോസ്റ്റ് ആയേക്കാവുന്ന കുറിപ്പ് എഴുതാൻ ഞാൻ മാവിലാ കുന്നിലേക്കും തുരുത്തുനോക്കി പാറയിലേക്കും കാറ്റു കൊള്ളാൻ പോയി.

""പൂങ്കാവിന്റെ ചരിത്രത്തിൽ അധികമാർക്കും അറിയാത്ത ഒരു അധ്യായമാണിത്. മാവിലാക്കുന്നിലെ തുരുത്തുനോക്കിപ്പാറയിൽ കാറ്റുകൊള്ളാനും ചെക്കൻമാർ കള്ളുകുടിക്കാനും പോന്ന കാര്യമേ എല്ലാവർക്കുമറിയൂ.. അറബിക്കടലും അസ്തമന ചോപ്പിൽ തുടുത്ത് നിൽക്കുന്ന തുരുത്തും മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ..എന്നാൽ തുരുത്തുനോക്കിപ്പാറയ്ക്ക് ഗുരുജിപ്പാറ എന്നൊരു പേര് കൂടിയുണ്ട് എന്നു എത്ര പേർക്കറിയാം? 1908ൽ തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിന് ശേഷം നാരായണ ഗുരു മാവിലാക്കുന്നിൽ വന്നെന്നും തുരുത്തുനോക്കിപ്പാറയിൽ ധ്യാനിച്ചിരുന്നു എന്നുമാണ് കഥ. അല്ല ചരിത്രം. അന്ന് ഗുരുവിന്റെ വാക്കുകൾ ശ്രവിക്കാൻ കൂടിയ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്ന എന്റെ പിതാവ് കമ്മാരൻ കുട്ടി ചെട്ട്യാനാണ് എനക്കിത് പറഞ്ഞുതന്നത്. അത് ഗുരുജിപ്പാറയാണ് എന്നറിയാത്തതുകൊണ്ട് പൂങ്കാവുകാരുടെ ജീവിതത്തിന് വലിയ കൊറവൊന്നും പറ്റിയിട്ടില്ല എന്നത് നേരുതന്നെ. എന്നാൽ മാവിലാക്കുന്നിനെ ആണിയടിച്ച് ഒറപ്പിച്ചുവെച്ചത് പോലെ പിടിച്ചുനിർത്തുന്നത് ഗുരുജിപ്പാറയാണ്. പ്രകൃതിയുടെ ഈ തച്ച് തെറ്റിച്ചാൽ നമ്മളെല്ലാം ഒലിച്ചുപോവില്ലേ..? അറബിക്കടലിൽ മുഖം നോക്കി നിൽക്കുന്ന ഈ ഇടനാടൻ ചെങ്കൽക്കുന്നുകളല്ലേ തലമുറകളായി നമ്മുടെ ആവാസ ഭൂമിയെ സംരക്ഷിച്ചു നിർത്തുന്നത്. നമ്മുടെ വെള്ളവും മരങ്ങളും കാറ്റും ആരുടെ അതിന്റെ കനിവല്ലേ... ? നമ്മുടെ കിണറുകളുടെ ദാഹം ശമിപ്പിക്കുന്നത് ജലസംഭരണികളായ ഈ കുന്നുകളല്ലേ...? ഗുരുജിപ്പാറയും മാവിലാക്കുന്നും തകർന്നാൽ ഇല്ലാതാവുക ചരിത്രത്തിന്റെ കാലടിപ്പാടുകൾ മാത്രമല്ല. നമ്മുടെ പൂങ്കാവ് തന്നെയാണ്...അത് സമ്മതിക്കരുത്..''

ഇത്രയും എഴുതി പാർട്ടി സെക്രട്ടറി ഭാസിയേട്ടനും പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ സുമലത ടീച്ചർക്കും ടാഗ് ചെയ്തു കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ എഫ് ബിയിൽ നിന്നും ഞാൻ പുറത്തുകടന്നു.

സെക്രട്ടറിയേയും പ്രസിഡന്റിനെയും ടാഗ് ചെയ്തത് ഇത്തിരി കടന്നു പോയോ എന്ന് സംശയിച്ചു. ഇല്ല.. കുഞ്ഞിക്കണ്ണൻ ചെട്ട്യാൻ ഉണ്ടായിരുന്നെങ്കിൽ ഇത് തന്നെ ചെയ്യും. വരുന്നത് വരട്ടെ...

പിറ്റേന്നു രാവിലെ പൂങ്കാവിൽ നിന്നും എന്നെത്തേടി വന്ന വാർത്തകൾ ഇതൊക്കെയാണ്.

രാത്രി പൂങ്കാവിലേക്ക് വരികയായിരുന്ന സുമേഷിനെ മാവിലാക്കുന്നിലെ പ്രൊജക്റ്റ് സൈറ്റിന്റെ മുന്നിൽ വെച്ചു ബിൽഡർമാരുടെ ഗുണ്ടകൾ ആക്രമിച്ചു. ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയതിന് സുമേഷിന്റെ പേരിൽ കേസെടുത്തു. ആശുപത്രിയിൽ നിന്നും മുങ്ങിയ സുമേഷ് എവിടെയാണെന്ന് ആർക്കുമറിയില്ല. തുരുത്തുനോക്കിപ്പാറ വിഷയം ചർച്ച ചെയ്യാൻ മൊയാരത്ത് ശങ്കരൻ ലൈബ്രറി ആർട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബിന്റെ അടിയന്തിര യോഗം നടത്താൻ വാർഡ് മെംബർ മണികണ്ഠൻ തീരുമാനിച്ചു.

പിന്നാലെ വാട്‌സപ്പിൽ സുമേഷിന്റെ മെസേജ് വന്നു, "അച്ഛന്റെ എഫ് ബിയിൽ ഇനിയൊന്നും തൽക്കാലം പോസ്റ്റ് ചെയ്യേണ്ട. പോലീസ് ചോദിച്ചാൽ നിന്റെ പേര് ഞാൻ പറയില്ല..'

ഞാൻ വായിച്ചു എന്നുറപ്പിച്ചതിന് ശേഷം ആ മെസേജ് സുമേഷ് ഡിലീറ്റ് ചെയ്തു. വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ്.

ഇന്നലത്തെ പോസ്റ്റ് എന്തു ഗുലുമാലാണ് ഉണ്ടാക്കിയതെന്നറിയാൻ കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ എഫ് ബിയിലേക്ക് കയറി. ഗുരുജിപ്പാറ പോസ്റ്റ് കാണാനില്ല. അത് ഡിലീറ്റ് ചെയ്തിരിക്കുന്നു..

അമ്മയെ വിളിച്ചു. സുമേഷിനെ പോലീസ് പിടിച്ചു എന്ന വിവരം മാത്രമാണ് അമ്മയ്ക്കറിയാവുന്നത്.

അപ്പോഴാണ് ഇൻ ബോക്‌സിൽ ഷാഹിദയുടെ "ഹായ്' വന്നത്. ഫ്രണ്ട് റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് അവളൊരു മെസേജ് അയക്കുന്നത്. ചിലപ്പോൾ നാട്ടിലെ കാര്യങ്ങൾ പറയാനാണെങ്കിലോ? തിരിച്ചൊരു ഹായ് കൊടുത്തു.

""ഒരു ഹെൽപ്പ് വേണം...''
ഞാൻ ചോദ്യ ചിഹ്നം എറിഞ്ഞുകൊടുത്തു.
""ന്റെ ഉപ്പൂപ്പായുടെ എഫ് ബി എക്കൗണ്ട് നിങ്ങക്കൊന്നു നോക്കാമോ?''

പെട്ടെന്നൊരന്ധാളിപ്പ് എന്നെ പിടികൂടി. കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ എഫ് ബിയിൽ പോസ്റ്റുകൾ ഇടുന്നത് ഞാനാണെന്ന് ഇവളറിഞ്ഞോ? ഇതിപ്പോ എന്താ എന്നോടിങ്ങനെ ചോദിക്കാൻ?

""ഉപ്പൂപ്പായ്ക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നൊരു തോന്നൽ. കഴിഞ്ഞ ദിവസം സ്വപ്നത്തിൽ വന്നു ഉപ്പൂപ്പ എന്നോടു അങ്ങനെ പറഞ്ഞ്..'' മറുപടിക്ക് കാക്കാതെ ഷാഹിദ വിശദീകരിച്ചു.

""അതെങ്ങനെയാ ഷാഹിദ ശരിയാവുക.. ഒന്നാമത് മരിച്ചു പോയ ഒരാളുടെ എഫ് ബിയിലൊക്കെ അതുമിതും എഴുതിവെക്കുന്നത് മോശമല്ലേ...?'' ഞാൻ ഒഴിയാൻ നോക്കി.

""അപ്പോ നിങ്ങള് കുഞ്ഞിക്കണ്ണേട്ടന്റെ എഫ് ബിയിൽ പോസ്റ്റ് ഇടുന്നതോ...?''
ഇവളോടിത് ആര് പറഞ്ഞു. സുമേഷായിരിക്കുമോ..?
""അതെങ്ങനാ അറിഞ്ഞേ..'' പതർച്ചയോടെ ഞാൻ ടൈപ്പ് ചെയ്തു.

""ചെറിയൊരു കുറ്റാന്വേഷണം. പൂങ്കാവിനെപ്പറ്റി നന്നായറിയുന്നയാൾ. കുഞ്ഞിക്കണ്ണേട്ടൻ പറയുന്നതിന് കാത് കൊടുത്തയാൾ. ഫേസ്ബുക്ക് അഡിക്ട് ആയ ഒരു ന്യൂ ജനറേഷൻ. ഒപ്പം എഴുത്തും വായനയും ഉള്ളയാൾ. ഇത്രയും പോരേ ആളെ കണ്ടുപിടിക്കാൻ. ഞാൻ പോലീസിനോടൊന്നും പറയില്ല കേട്ടോ..'' (ചിരിക്കുന്ന സ്‌മൈലി)

അദൃമാനിക്കയുടെ പാസ്‌വേഡ്‌ അവൾ അയച്ചു തന്നു. "എന്റെ പൂങ്കാവ്'
കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ അതേ പാസ്‌വേഡ്‌!

""മുമ്പൊരിക്കൽ ഉപ്പൂപ്പ നാട്ടിൽ വന്നപ്പോൾ ഞാനൊരു എക്കൗണ്ട് ക്രിയേറ്റ് ചെയ്തു കൊടുത്തിരുന്നു. ഉപ്പൂപ്പ പക്ഷേ ഒന്നും അതിൽ എഴുതിയില്ല..'' ചാറ്റിൽ ഷാഹിദ പറഞ്ഞു.

ഇതിനിടയിൽ ഞാൻ കുഞ്ഞിക്കണ്ണൻ ചെട്ട്യാന്റെ എക്കൗണ്ട് ലോഗ് ഇൻ ചെയ്യാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും നടന്നില്ല. അത് സുമേഷ് ഡിആക്റ്റിവേറ്റ് ചെയ്തതായി മനസിലായി.

ഇഹലോകത്തിനും പരലോകത്തിനുമപ്പുറം കോഡുകളാൽ പ്രോഗ്രാം ചെയ്യപ്പെട്ട ആ മറുലോകത്തിൽ നിന്നും താൽക്കാലികമായെങ്കിലും കുഞ്ഞിക്കണ്ണൻ ചെട്ട്യാൻ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു.

"എന്റെ പൂങ്കാവ്' എന്ന പാസ്‌വേഡടിച്ച് അദൃമാനിക്കയുടെ ജീവിതത്തിലേക്ക് പതിയെ ഞാൻ നടന്നുകയറി.

വിദൂരമായ മരുപ്രദേശത്തെ ചുട്ടുപൊള്ളുന്ന ഖബറിൽ നിന്നും നിലവിളി പോലെ അദൃമാനിക്ക ഇറങ്ങിവന്നു. പത്തേമ്മാരിക്ക് കടന്നുപോകാനെന്നവണ്ണം അറബിക്കടൽ പിളർന്നുമാറി. അറബിപ്പൊന്നു തേടിപ്പോയ മുൻഗാമികളുടെ അസ്ഥികൂടങ്ങൾ കടലാഴങ്ങളിൽ നിന്നും ഒന്നൊന്നായി തീരത്തേക്ക് നീന്തിയണഞ്ഞു. ഓർമ്മകളും പുരാവൃത്തങ്ങളും അവർക്ക് മജ്ജയും മാംസവും രക്തവുമായി. അവരുടെ വിയർപ്പ് അലിഞ്ഞുചേർന്ന കടൽവെള്ളം രസമുകുളങ്ങളെ പൊള്ളിച്ചുണർത്തി.

കോവിഡ് മരണ താണ്ഡവത്തിന്റെ വാർത്ത കേട്ട് വിറങ്ങലിച്ചുറങ്ങുന്ന പൂങ്കാവിന്റെ ചരൽപ്പാതയിലൂടെ അദൃമാനിക്ക ചക്രപ്പെട്ടി വലിച്ച് നടന്നു പോകുന്ന ശബ്ദം കേട്ട് കൗസ്വേടത്തിയുടെ ആലയിൽ നിന്നും അമ്മിണിപ്പൈ ചെവി കൂർപ്പിച്ചു.

അദൃമാനിക്കയുടെ ആദ്യ പോസ്റ്റ് ടാഗ് ചെയ്യാൻ കുഞ്ഞിക്കണ്ണൻ ചെട്ട്യാനെ ഞാൻ വൃഥാ പരതി. ആരോ സൃഷ്ടിച്ച അൽഗോരിതത്തിന്റെ നിഗൂഢ കാരാഗൃഹത്തിലാണ് കുഞ്ഞിക്കണ്ണേട്ടൻ!

""അദൃമാനെ നീ ആ വായ്‌പ്പൊതി ഊരിച്ചാടടാ... ഈടെ കൊറോണയൊന്നും ഇല്ലപ്പാ..:'' എന്നു പുഞ്ചിരിച്ചുകൊണ്ട് കമന്റ് ചെയ്യുന്ന കുഞ്ഞിക്കണ്ണൻ ചെട്ട്യാനെ ഞാൻ സങ്കൽപ്പിച്ചു. ▮

*എയ്യൻ-മുള്ളൻ പന്നി
**പൃത്തിക്കമാവ് -കശുമാവ്‌


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സാജു ഗംഗാധരൻ

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അഴിമുഖം ന്യൂസ് ഓൺലൈൻ പോർട്ടലിന്റെ കോർഡിനേറ്റിംഗ് എഡിറ്റർ ആയി ഏഴു വർഷം പ്രവർത്തിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെസ്റ്റിവൽ ബുക്കിന്റെയും മലയാള സിനിമാ അവാർഡ്: (1969- 2019) എന്ന പുസ്തകത്തിന്റെയും എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു.

Comments