ആര്യ അരവിന്ദ്

മറുപിള്ള

‘നീ എങ്ങോട്ടാ?’
‘മഞ്ജുചേച്ചീടെ കൊച്ചിനെ കണ്ടിട്ട് ഇപ്പൊ വരാം’

അക്കരെയാണ് മഞ്ജു ചേച്ചിടെ വീട്.
മെയിൻ റോഡ് ചുറ്റീം പോവാം. അത് പത്ത് പതിനഞ്ച് മിനിറ്റ് നഷ്ടാ. പടിഞ്ഞാത്തെ പറമ്പ് ചാടി വരമ്പ് മുറിച്ച് പാടം കടന്ന് ഒരു കൊത്തുകല്ലു കേറിയാ അഞ്ച് മിനിറ്റ് വേണ്ടാ. കണ്ടത്തിലെറങ്ങിയാ കാല് നെറേ ചേറാവും എന്നാലും സാരയില്ല, വഴിയെ പോവാൻ വയ്യ. കണ്ടത്തിലെറങ്ങാതേം റബർ നെഴ്സറിടെ നടുവിലുള്ള ഇടവഴിക്കൂടെ പോവാം. പണ്ട് അവിടേം കണ്ടാരുന്ന്.

എന്റെ ഓർമ്മേൽ മുഴോൻ ചാലു കീറിയ കവുങ്ങുന്തോട്ടാരുന്ന് അവിടെ. ചാലു നെറയെ വെഷോള്ള ഞണ്ടുകളൊണ്ടാരുന്നു. ചാലിലെറങ്ങിയാ അപ്പൊ ഇറുക്കും, അപ്പൊ തന്നെ ചാവൂന്നാ അമ്മ പറയാറ്. ജീവനോടെ കുഴിച്ചിട്ട ഞണ്ടുകളുടെ ആത്മാക്കൾ ശ്വാസം മുട്ടി അനങ്ങാമ്പറ്റാതെ പൊത്തിലൊളിച്ചിരിക്കുന്നത് ഞാൻ സങ്കല്പിക്കാറുണ്ട്. കണ്ടം നെകത്തീതൊന്നും എനിക്കോർമ്മയില്ല. നെകത്തിയെടുത്ത സ്ഥലായോണ്ട് ആ ഇടവഴീലെപ്പഴും ഒറവയാ, എന്നാലും ചെളി കൊറവൊണ്ട്. ഇടവഴി തീരുന്നത് മണിയമ്മേടെ പറമ്പിലാ. അതിലൊരു ചവറിടുന്ന വലിയ കുഴിയൊണ്ട്, അതിലൊരു വലിയ മഞ്ഞച്ചേരേം. വാഴത്തടേടെ വണ്ണോം രണ്ടാൾടെ നീട്ടോം ഒണ്ടതിന്. എനിക്ക് അടുത്ത കാലം വരെ കേട്ടറിവ് മാത്രേ ഒണ്ടാരുന്നുള്ളൂ. മഴക്കാലം മുഴോൻ ചവറു കൊളം നെറേ വെള്ളം ഒണ്ടാവും. അതിൽ തെർമോകോൾ കഷ്ണങ്ങളും പ്ലാസ്റ്റിക് കൂടുകളും പൊന്തിക്കെടക്കും. ഒരു ജൂലൈ മാസം രാവിലെ അതിലെ കുറുക്കിന് ചാടി അമ്പലത്തി പോയപ്പോ ആ മഞ്ഞച്ചേരേ ഞാനും കണ്ടു. എന്റെ ജീവൻ പോയി! അതുകൊണ്ട് അതിലെ പോവാനൊരു പേടി.

ഞാൻ നേരിട്ടാദ്യായിട്ടാരുന്നു അത്രേം വലിയൊരു പാമ്പിനെ കാണുന്നെ. പറമ്പു നെറേ ഒറവ വെള്ളോം, ഓടാമ്പോലുവൊത്തില്ല. കൊളത്തിനടുത്ത് എന്നെ പ്രലോഭിപ്പിക്കുന്ന ഒരു കനിയുണ്ട്; റൂബിക്കാ. റൂബിക്കാമരം ഞങ്ങടെ നാട്ടില് എന്റെ അറിവില് അവിടെ മാത്രേയുള്ളൂ. ചൊമന്ന് തുടുത്തു വീഴുന്ന റൂബിക്കാ പെറുക്കാൻ മഞ്ഞച്ചേര കാണാതെ ഞാനവിടെ പോവാറുണ്ടാരുന്നു. മരം കുലുക്കിയും കമ്പിന് തല്ലിയും പല്ലു പുളിക്കുന്നവരെ ഞാൻ റൂബിക്കാ തിന്നും. കൊതിക്കു മാത്രേ പേടിയെ തുരത്താമ്പറ്റൂ. ഇതിപ്പൊ റൂബിക്കാ ഒണ്ടാകുന്ന സമയല്ലല്ലോ അതോണ്ട് കണ്ടത്തിക്കൂടെ തന്നെ പോവാം. ചേറ് പറ്റിയാലും സാരയില്ല, അവർടെ വീട്ടീന്ന് കാല് കഴുകീട്ട് അകത്തു കേറിയാപ്പോരെ?

മഞ്ജുചേച്ചിയൊക്കെ തെക്കുമ്പാരാണ്.
‘അവർക്ക് നമ്മളുവായിട്ട് രത്തബെന്തത്തെക്കാട്ടിലും വലിയൊരു ബെന്തോണ്ടടീ കൊച്ചേ’ ന്ന് എന്റെ അപ്പൻ കുടിച്ചിട്ട് വരുമ്പൊ നാവ് കൊഴഞ്ഞ് കരഞ്ഞോണ്ട് എന്നോട് പറയും. അപ്പന് നാട്ടി എല്ലാരോടും സ്നേഹ ബന്ധോണ്ടെന്ന് ഓരോ ദിവസോം ഓരോരുത്തരെടെ കാര്യം പറഞ്ഞ് അപ്പൻ കരയും. ‘എന്റെ അപ്പനായിട്ട് പണിയാമ്പോയ ബെന്തം, അവന്റെ അപ്പനായിട്ട് കെയ്യാം വന്ന ബെന്തം, പതിനേഴാമത്തെ വയസ്സില് റബറ് വെട്ടിയ ബെന്തം, കേറിച്ചെന്നപ്പൊ കഞ്ഞി തന്ന ബെന്തം, പറമ്പിപ്പണിക്ക് വിളിക്കുന്ന ബെന്തം, അവന്റെ മകനൊണ്ടായപ്പം ആശൂത്രീല് കൂട്ട് പോയ ബെന്തം, ദിനേശ് ബീഡി കടം തന്ന ബെന്തം’ ഇങ്ങനെ അപ്പന് ഒട്ടനവധി ‘ബെന്ത’ങ്ങളൊണ്ട് നാട്ടിൽ.

എന്നാലും അപ്പന്റെ ബെന്തം കൂടാതെ എനിക്ക് മഞ്ജു ചേച്ചീടെ കുടുംബോവായിട്ട് ഒരു ബന്ധോണ്ട്. വളരെ വൈകി എന്റെ പതിനാലാമത്തെ വയസ്സിലാണ് ഞാനതറിയുന്നത്. ഒരു ദിവസം ചാച്ചൻ അപ്പന്റെ ഒറക്കത്തി വന്ന് ‘എടാ ഇന്ന് ലെക്ഷങ്ങള് കിട്ടുന്ന കണ്ണായ സ്ഥലം വിറ്റിട്ടാ ഞാനന്ന് എന്റെ നെല്ല് വെളയിക്കാനൊള്ള പൂതിക്ക് മുപ്പത്താറര സെന്റ് കണ്ടം വാങ്ങിയെ. അത് നിങ്ങള് മക്കളായിട്ട് ഇട്ടു തല്ലിക്കളയെല്ല്.’ എന്ന് പറഞ്ഞു. അത് കേട്ട അപ്പൻ ഉച്ചമയക്കത്തീന്ന് ചാടി എണീറ്റ് മൂന്ന്തോട് കരേലെ കുടിയമ്മാർടെ ആശ്രയമായ മത്തായിച്ചേട്ടന്റെ കൈയീന്ന് നൂറ് രൂപയ്ക്ക് എൺപത് രൂപേടെ ഒരു ജവാൻ കോട്ടറ് വാങ്ങി, വീട്ടി വന്ന് മഞ്ഞപ്പൊടീം ഉപ്പും ചേർത്ത് എണ്ണയില്ലാതെ വറുത്ത മത്തി കൂട്ടിയടിച്ച് പാപ്പനെ എരിപിരി കേറ്റി.

‘ഉത്തമാ... കൂയ്...
എടാ... പട്ടി നാറി...
ഞാൻ രണ്ടാങ്കുടീലെയല്ലെടാ, എന്റെ അപ്പൻ മാതവൻ തന്നെയാ. നീ പൊറപ്പെട്ടും പോയി കണ്ടതിലെ നടന്ന്. നീ ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ എന്റപ്പന്റൂടെ പനേക്കേറാമ്പോയി. എന്റപ്പനും ഞാനും പറമ്പിപ്പണിതാ ജീവിച്ചെ... അത് നെനക്കൊന്നും മനസ്സിലാവത്തില്ലെടാ... കണ്ടയിങ്ങനെ ഇട്ട് തല്ലിക്കളയാൻ ഞാൻ സമ്മതിക്കുവേലടാ പട്ടി... കൊറേ ബെലീട്ടിട്ട് ഒരു കാര്യോയില്ല. അപ്പൻ മരിച്ചിട്ട് ബെലിയിടാത്തൊരു മകൻ ഞാൻ... എനിക്ക് കണ്ടത്തി എന്നേലും നടണം. ഇല്ലേ എന്റപ്പന് ശാന്തി കിട്ടുവേല. എന്റെ കൊക്കിന് ജീവനൊണ്ടെങ്കി ഞാൻ ഇത് സമ്മതിക്കുവേലടാ... ഉത്തമോ ...’

‘കാലനെ ഇന്നു ഞാൻ കൊല്ലും. പട്ടിക്കഴുവേർടെ മോൻ. ഒള്ള സാമാനെല്ലാങ്കൂടെ വലിച്ച് കേറ്റീട്ടവൻ വന്നിരിക്ക്ന്ന് അപ്പനിട്ടൊണ്ടാക്കാൻ പട്ടി’- പാപ്പൻ അലറി.

‘നീ അത്രയ്ക്കായോടാ നാറി. എന്നെ തോപ്പിക്കാമ്പറ്റത്തില്ല. അങ്ങനെ ആരും വിചാരിക്കുവോം വേണ്ട. എന്റെ നിയോകാ ഇത്. ഞാൻ മുച്ചുണ്ടനായിട്ട് ജനിച്ചപ്പോ എന്റെ വല്യപ്പൻ പറഞ്ഞ് ഈ കുടുംബത്തിന്റെ രെഷക്ക് ഒണ്ടായതാ ഇവൻ. ആഹാ... നീയൊക്കെ എന്നാടാ കേമനായേ? രണ്ടും കെട്ടലകൊഴിഞ്ഞ പട്ടിയാ ഞാൻ. എന്നോട് കളിക്കടാ... എനിക്കൊന്നും പോവാനില്ല. ഞാൻ തുണി പറിച്ചിട്ട് വേണോങ്കി നടക്കും കാണണോ നെനക്ക്.
എനിക്കെന്റെ വീതം വേണം താ...താ...താ...
എനിക്കെന്റെ വീതം വേണം താ...താ...താ...
ഉത്തമൻ പട്ടി എനിക്ക് വേണ്ടെടാ വസ്തുവൊന്നും നീ കൊണ്ടെ തിന്ന്. കാർന്നോമാരായിട്ട് ഒണ്ടാക്കീതാ... ഞാൻ വെച്ചൊഴിഞ്ഞ് പോയാലൊണ്ടല്ലോ...’

‘വെച്ചൊഴിഞ്ഞ് പോയാല് ആ ഭൂമി കൈവരുന്നവരാരും കൊണം പിടിക്കുവേല’, അപ്പൻ എന്നോട് ഒരു ദിവസം ഷാപ്പി വെച്ച് പറഞ്ഞു. ചെത്താൻ പോവുന്ന കാലത്ത് രാവിലത്തെ കള്ളളക്കാൻ പോവുമ്പോ അപ്പനെന്നേം ഷാപ്പി കൊണ്ടോവും. അളക്കുന്നേനു മുന്നേ ഒരു ഗ്ലാസ് മധുരക്കള്ള് എനിക്ക് തരും. അപ്പൻ ഒരു കുപ്പി മൂത്ത കള്ളുവാങ്ങി ബെഞ്ചിലിരുന്ന് എന്നോട് കഥ പറയും. അന്ന് മൂന്തോട്ടില് ഷാപ്പൊണ്ടാരുന്ന്. ഷാപ്പിന് പൊറകി വലിയ റബറുന്തോട്ടാ. തോട്ടം വെട്ടീരുന്നെ അപ്പനാരുന്ന്. പറമ്പിന് നടുക്ക് ഒരു പാറമടക്കൊളോണ്ട്. അതിന്റെ തെക്ക് വശത്തെ ഭൂമി ഞങ്ങടെ കാർന്നോമ്മാർടെയാരുന്നു. ‘അവര് കുന്നേപ്പള്ളിക്കാരോട് പട്ടയം വെച്ച് കൊറച്ച് പൈസ വാങ്ങി. തിരിച്ച് കൊടുക്കാൻ വകയൊണ്ടായില്ല. അന്നൊക്കെ ഒരു വീട്ടില് എട്ടും പത്തും പിള്ളേരാ, വിരുന്നക്കാര് വന്നാ പോകത്തുവില്ല. പട്ടിണിയാരുന്ന്. എത്ര ഒണ്ടേലും തെകയുവേല. ഒരു ദിവസം നമ്മടെ കാർന്നോര് എവിടുന്നോ തെണ്ടി കൊറച്ച് അരി കൊണ്ടോന്നു. കാർന്നോത്തി കഞ്ഞി വെച്ചു. അത് പിള്ളേരോടൊത്ത് കുടിക്കാനിരുന്നപ്പോ കുന്നേപ്പള്ളിലെ ചെക്കന്മാര് കേറി വന്ന് സ്ഥലോഴിയണോന്ന് പറഞ്ഞു. ‘ഈ കഞ്ഞിയൊന്ന് കുടിച്ചിട്ട് ഞങ്ങളെറങ്ങിക്കോളാം.’

തെളച്ച് നിക്കണ ചെക്കന്മാരൊണ്ടോ കേക്കാൻ. അവന്മാര് കഞ്ഞിക്കലം ചവിട്ടിത്തെറിപ്പിച്ച് അവരെ എറക്കി വിട്ടു. പിറ്റേന്ന് കുന്നപ്പള്ളിക്കാർടെ വീട്ടി കഞ്ഞി വെക്കുമ്പൊ അത് പതഞ്ഞ് പൊങ്ങുന്ന്, വെളമ്പി വെക്കുമ്പൊ കഞ്ഞിക്കാത്ത് തീട്ടക്കണ്ടി കെടക്ക്ന്ന്. ഇങ്ങനെ ഓരോ കൊഴപ്പങ്ങള്. കുന്നേപ്പള്ളിക്കാർന്നോര് പുണ്യാളന് നേർന്നു, ആ കൊഴപ്പം പരിഹരിച്ചു. കൊറേ നാള് കഴിഞ്ഞപ്പത്തൊട്ട് കുന്നപ്പള്ളിലെ ആമ്പിള്ളേര് ഓരോന്നു വന്ന് ചുമ്മാ മരിക്കാന്തൊടങ്ങി. കുന്നേപ്പള്ളിക്കാർന്നോരും മരിച്ചു. ഇളമൊറക്കാരുടെ നേർച്ചകളൊന്നും ഫലിച്ചില്ല. ഒടുവിലവര് ആരുവറിയാതെ പോയൊരു കണിയാനെ കണ്ടു.

‘വെച്ചൊഴിഞ്ഞേന്റെ പ്രശ്നാണ്. ആ കുടുംബക്കാര് വസ്തു ഏറ്റെടുക്കാതെ ദോഷം തീരുവേല’ - കണിയാൻ പറഞ്ഞു. ആ കാലവായപ്പോ നമ്മടെ കാർന്നോരും കാർന്നോത്തീം മരിച്ചിരുന്നു. അവരുടെ മക്കക്ക് പ്രായായി ബോധയില്ലാത്ത അവസ്ഥേലുവായി. കാർന്നോരുടെ കൊച്ചുമകനാരുന്നു ചാച്ചന്റെ അപ്പൻ. നീ കണ്ടിട്ടില്ല. ഞങ്ങള് കുഞ്ഞച്ചാന്ന് വിളിക്കും. കുഞ്ഞച്ചനെ കാണാൻ കുന്നേപ്പള്ളില് മിച്ചോണ്ടാരുന്ന ആണുങ്ങള് വന്നു. ‘ഇട്ടാൻ ചേട്ടാ ഞങ്ങടെ കുടുംബം രെക്ഷിക്കണം. നിങ്ങടെ വസ്തു നിങ്ങള് തിരിച്ചെടുക്കണം. വേറെ പ്രതിവിതിയൊന്നൂല്ലാ. ഞങ്ങളെ കൈയൊഴിയല്ല്.’

‘കാർന്നോമ്മാരായിട്ട് വെച്ചൊഴിഞ്ഞത് ഞങ്ങക്ക് സീകരിക്കാമ്പറ്റൂല്ല.’ -കുഞ്ഞച്ചൻ കട്ടായം പറഞ്ഞു. കുന്നേപ്പള്ളിക്കാര് പിന്നേം പിന്നേം വന്നു. കുഞ്ഞച്ചൻ സ്ഥലം ഏറ്റെടുത്തില്ല. കുന്നേപ്പള്ളില് ഇപ്പൊ ഒറ്റ ആൺ തരി പോലൂല്ല. ഒരുത്തനുണ്ടാരുന്നത് അഞ്ചാറ് വർഷം മുമ്പ് വണ്ടിയിടിച്ച് മരിച്ചു.’

‘എങ്കി നമുക്കാ സ്ഥലം എടുക്കാപ്പാ. നെറേ റബറല്ലേ? എത്തറ രൂപാ കിട്ടും ദിവസോം!’
‘ഫാ... പട്ടിക്കൊച്ചേ... ശർതിച്ചതാരേലും ഭുജിക്കുവോടി.’

അപ്പന്റെ അഞ്ചാറ് ദിവസത്തെ പരിശ്രമം കൊണ്ട് പാപ്പന്റെ ചെവി പൊട്ടി. അങ്ങനെ കണ്ടത്തി കൂനയെടുക്കാൻ രണ്ട് തമിഴന്മാര് വന്നു. അപ്പനൊരു ഫുള്ള് പൊട്ടിച്ചു. പാണ്ടികളുടായിപ്പുകാരാണെന്നും പറഞ്ഞ് അവരുടെ പണി നോക്കി കൂന കുത്തിത്തീരുന്നവരെ അപ്പൻ പാടത്തു തന്നെ കെടന്നു. കൂനക്ക് മുന്നൂറ് വീതം പാപ്പൻ എണ്ണിക്കൊടുത്തു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഞാനും അപ്പനും ചാണകോം ചൊമന്ന് കണ്ടത്തിലേക്ക് പോയി. രണ്ട് ചാക്ക് വാഴ വിത്ത് അപ്പൻ അവിടെ കൊണ്ട് വെച്ചിരുന്നു. ഞങ്ങളത് മുഴോൻ നട്ടു. കാട്ടുചേമ്പ് തഴച്ച് അതുവരെയും ഞാൻ കാണാതിരുന്ന കണ്ടത്തിന്റെ അതിരുകല്ല് അപ്പൻ കാട്ടിത്തന്നു. പാട്ടുപാടിയും കൂവിയും അക്കരക്കാരോട് കളി പറഞ്ഞോണ്ടിരുന്ന അപ്പനോട് മഞ്ജു ചേച്ചിടെ അപ്പൻ പറഞ്ഞു, ‘ടാ... പൂയ്യ്... കൊച്ചിനെ ഇങ്ങോട്ടൊന്നു വിട്ടേ...
അമ്മക്കൊന്ന് കാണണോന്ന്’
‘താൻ പോടോ ഉവ്വേ’ ന്ന് അപ്പൻ.
ഞാൻ അപ്പനെ നോക്കി, അപ്പൻ പാടിക്കൊണ്ടിരുന്നു.

‘പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ
ആ... പൂമരക്കൊമ്പിൽ
ജാലകങ്ങൾ നീ തുറന്നു
ഞാനതിന്റെ കീഴെ നിന്നു
പാട്ടുകാരിയായ നീയൊരു കൂട്ടുകാരിയായ് വരുമോ
പറന്നു പറന്നു പറന്നു ചെല്ലാൻ...’

ഞാൻ കൊത്തുകല്ല് കേറിചെന്നു, കൈയും കാലും കഴുകി. മറിയാമ്മച്ചേച്ചി എനിക്ക് കേക്ക് തന്നു. കേക്ക് തിന്നോണ്ട് ഞാൻ അമ്മച്ചീടെ അടുക്കലേക്ക് പോയി, അമ്മച്ചീന്ന് വിളിച്ചു. ഇരുട്ടുമുറിയിൽ മറിയാമ്മച്ചേച്ചി ലൈറ്റ് ഇട്ടു.
‘അമ്മേ രവീടെ പെണ്ണാ’- മറിയാമ്മ ചേച്ചി പരിചയപ്പെടുത്തി.
‘എന്റെ മകളേ... നിന്നെയൊന്ന് കാണാൻ ഞാനെത്ര നാളായിട്ട് കൊതിക്കുവാ’

അമ്മച്ചി എന്നെ ചേർത്ത് അമർത്തി. തൂങ്ങിയ കാതും ചുളുങ്ങിയ തൊലിയും മൊത്തം നരച്ച മുടിയും പല്ലു കൊഴിഞ്ഞ മോണേം ഞാൻ കണ്ടു. ചട്ടയും മുണ്ടുവാണ് വേഷം. കണ്ണിൽ രണ്ടും വെള്ളപ്പാട കട്ടിയിൽ കെട്ടിക്കെടക്കുന്നു. എന്നെ ശെരിക്കും കാണാൻ പറ്റുന്നുണ്ടോ ആവോ? ഞാൻ മരിച്ചുപോയ ഞങ്ങടെ മുത്തശ്ശീനെ പെട്ടന്ന് ഓർത്തു... പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുമ്പോ ചക്കക്കുരൂന്റെ വട്ടത്തി മുത്തശ്ശീടെ ചെവീൽ തൊള.

അമ്മച്ചി എന്നോട് പറഞ്ഞു; ‘കുഞ്ഞേ... നിന്നെ മാസം തെകയാതെയാ നിന്റെ തള്ള പെറ്റെ. എന്നെ കുളിപ്പിക്കാൻ വിളിച്ചു. രണ്ട് ദെവസം ഞാൻ വന്നു. എന്റെ കുഞ്ഞേ... നീ തീരെ ചെറുതാ, ഇത്തിരിയില്ല, എനിക്കോർക്കാമ്മേല. ഈ നാട്ടി ഞാങ്കുളിപ്പിക്കാത്ത പിള്ളേരില്ല. എനിക്കിപ്പോ നൂറ്റിമൂന്ന് വയസൊണ്ടേ. എനിക്ക് നെന്നെ കുളിപ്പിക്കാൻ പേടിയാരുന്ന്, എന്റെ കൈന്ന് തെന്നി താഴെ പോവോന്ന്. അത്രക്ക് ശിശുവാരുന്ന് നീയ്. രണ്ടാമ്പക്കം ഞാൻ ചാനിച്ചോത്തിയോട് പറഞ്ഞു ‘നാളെ തൊട്ട് ഞാൻ വരൂല്ല. എനിക്ക് പേടിയാ’ നീ സ്തുതിക്കണം അവളെ, കാണാമ്പോലുയില്ലാഞ്ഞ കുഞ്ഞാ നീ... എന്റെ തമ്പുരാനേ... നീ സ്തുതിക്കണം അവളെ. നിന്നെ ഇങ്ങനെ ആക്കിഎടുത്തത് അവളാ... എന്റെ കുഞ്ഞേ നീ ഒരിക്കലും മറക്കരുതവളെ. മറന്നാ ഗതി പിടിക്കുവേല... എനിക്ക് നിന്നെ ഒന്ന് കാണണോന്ന് വലിയ ആഗ്രഹോണ്ടാരുന്നു നീ വന്നത് നന്നായി. ഇത്തിരി ഇല്ലാത്തപ്പോ കണ്ടതാ നിന്നെ. എന്റെ കുഞ്ഞേ... നീ മറക്കരുതവളെ.’

ഞാൻ ചിരിച്ചോണ്ട് കേട്ട് നിന്നു. മാസം തെകയാതെ ഒണ്ടായതാണെന്നും കൈപ്പത്തിയോളം വലുപ്പേ ഒണ്ടാരുന്നുള്ളൂന്നും അപ്പന്റെ പാരത്തലയാ കിട്ടിയേന്നും കുരുത്തോണ്ടേ കിട്ടൂന്ന് സിഷ്ട്ടറ് പറഞ്ഞെന്നും ദൈവം തന്ന നിതിയാ നീയെന്നും എന്റെ അപ്പൻ മുച്ചുണ്ട് മൂലം പാതി തിരിയാത്തതിന്റെ കൂടെ കുടിച്ച് കോഴ കോഴ കൊഴഞ്ഞ് കരഞ്ഞ് മൂക്കുചീറ്റി എന്നോട് എന്നും പറയാറുണ്ടായിരുന്നു. അതിൽ പുതുമയൊന്നുവില്ലെങ്കിലും എന്നെ കുളിപ്പിക്കാൻ വന്ന അമ്മച്ചിയോട് എനിക്ക് സ്നേഹം തോന്നി. അങ്ങനെയാണ് അമ്മച്ചീടെ കൊച്ചുമോളായ മഞ്ജു ചേച്ചിയോടും എനിക്ക് അപ്പൻ വഴിക്കല്ലാത്തൊരു സ്നേഹബന്ധോണ്ടാവണത്.

‘നമ്മള് ശ്രീലങ്കേന്ന് തണ്ട് വലിക്കാൻ വന്നവരാ. പണ്ട് എന്റെ അപ്പനെ തുണ്ടത്തിപ്പറമ്പില് ഒഴിയാതെ കെടന്നിരുന്ന വേലമ്മാര് മാതോന്തണ്ടാന്നാ വിളിച്ചിരുന്നെ. വടക്കുമ്പാര് പണ്ട് മൊതലേ ഇവിടെ ഒള്ളോരാ. അവര് നമ്പൂരിമാരെപ്പോലെയാ ഇഷ്ട്ടം പോലെ ഭൂസ്സൊത്തൊണ്ട്, പക്ഷെ പെമ്പിള്ളേരെ പടിപ്പിക്കാൻ വിടുവേലാര്ന്ന്. അവർക്കത് കൊറച്ചിലാര്ന്ന്. ചുമ്മാ പറമ്പി പണിത് നടന്ന്. ഇപ്പഴാ അവർക്ക് ബോതോണ്ടാവണത്. തെക്കുമ്പാര് ഒന്നുയില്ലാതെ ഇവിടെ വന്നവരാ. അവര് പട്ടിണി കെടന്ന് പിള്ളേരേം പടിപ്പിച്ച് നേർസിങ്ങിന് വിട്ട്, പിള്ളേര് പടിച്ച് പൊറത്ത് പോയി പൈസ ഒണ്ടാക്കി.’ - അപ്പൻ ചരിത്രം പറയും.

ഇങ്ങനെ പഠിച്ച നേഴ്സ് ആണ് മഞ്ജുചേച്ചി. ചേച്ചിടെ കല്യാണം അഞ്ച് വർഷം മുമ്പ് കഴിഞ്ഞതാ. എന്തിനാണാവോ, മലബാറിലേക്കാ കെട്ടിച്ചേ.
‘ചെർക്കൻ അത്ര സൊഗം പോര, ഒരന്വേഷണോം ഇല്ല’ന്ന് അമ്മയോട് മറിയാമ്മച്ചേച്ചി പറയുന്നകേട്ടു. ‘ചെർക്കൻ വെളീൽ ആരുന്ന് അത് കണ്ടു കെട്ടിച്ചതാ, കെട്ട് കഴിഞ്ഞ് പെണ്ണിനെ അവൾടെ വിട്ടി കൊണ്ടാക്കിട്ടു അവൻ തിരിച്ചു പോയി. രണ്ട് വർഷം കഴിഞ്ഞാ പിന്നെ വന്നേ. അതുവരെ വിളിയും പറച്ചിലും ഒന്നൂല്ലാരുന്ന്. നാട്ടി വന്നിട്ടും അവൻ കൂട്ടിക്കൊണ്ട് പോവാൻ വന്നില്ല, വിളിച്ചുവില്ല. രണ്ട് മാസം കഴിഞ്ഞ് തിരിച്ചു പോയി. ഒരു വർഷം കഴിഞ്ഞ് പിന്നേം വന്നു, നിർത്തി പോന്നതാന്ന് പറയുന്നു. വന്ന് ഏഴെട്ട് മാസം കഴിഞ്ഞ് അവൻ വന്ന് പെണ്ണിനെ വീട്ടിലേക്ക് കൊണ്ടോയി. പിന്നെ അവക്ക് വിശേഷായി, ഏഴാം മാസം ഇവിടുന്ന് പോയി പെണ്ണിനെ പേറിനു കൊണ്ടോന്നു, കടിഞ്ഞൂലല്ലേ? അതുപിന്നെ അങ്ങനെ വേണ്ടേ? ഇപ്പൊ കൊച്ചിന് മൂന്ന് മാസാക്ന്ന് ഇതുവരെ അവനൊന്ന് വരുവോ കൊച്ചിനെ കാണുവോ ചെയ്തിട്ടില്ല. ആ പെണ്ണിന്റെ ഒരു വിധി.’- സിസിലി ആന്റി അയൽക്കൂട്ടത്തിലും കൂടാരയോഗത്തിലും സ്വല്പം ഒച്ച കൊറച്ച് പറഞ്ഞു.

മഞ്ജു ചേച്ചീനെ ഞാൻ ചെറുപ്പം മുതലേ അറിയും. എവിടെവെച്ചു കണ്ടാലും വിളിക്കും വർത്താനം പറയും. പാലിന്റെ നെറോണ്ട്. ചിരിച്ചാൽ മുപ്പത്തിരണ്ട് പല്ലും വെളിയിൽ കാണാം. ചേച്ചി പൊട്ട് തൊടാറില്ല.
കൊച്ച് തീരെ ചെറുതാരിക്കുവോ? ചേച്ചിടെ ഷെയ്പ്പാണോവാ?
ഞാൻ അവരുടെ മുറ്റത്തേക്ക് കേറി. കൂട്ടിക്കെടന്ന് പട്ടി കോരയോകോര. ഞാൻ കാലിലെ ചേറ് നല്ലപോലെ കഴുകിക്കളഞ്ഞു. കുഞ്ഞിനെ എടുക്കാൻ നന്നായിട്ട് കൈയും കഴുകി. മറിയാമ്മച്ചേച്ചി നിനക്കിവളെ അറിയാമ്മേലേടാന്ന് പട്ടിയോട് ചോദിച്ച് എന്നെ അകത്തേക്ക് വിളിച്ചു. മഞ്ജു ചേച്ചി കൊച്ചിന് പാല് കൊടുക്കുവാരുന്ന്, ഞാൻ ഹാളിൽ ഇരുന്നു.

‘അമ്മച്ചി മരിച്ചിട്ടിപ്പോ എത്ര വർഷായി?’
‘രണ്ട് കൊല്ലം കഴിഞ്ഞു മാനേ’
‘സമയം എത്ര പെട്ടന്നാല്ലേ പോണേ?’
‘അതെ, അതൊന്നൂടെ പറ’
‘പോപ്പിചേട്ടൻ മരിച്ചിട്ട് ഒരുകൊല്ലായോ’
‘ആവുന്നേയുള്ളൂ.’

അമ്മച്ചീടെ മൂത്ത മകന്റെ മകനാരുന്നു പോപ്പിചേട്ടൻ. അപ്പന്റൂടെ പറമ്പിപ്പണിക്ക് എപ്പോഴും വീട്ടി വരുവാരുന്ന്. മെലിഞ്ഞ് ഒടിയൂന്ന് തോന്നിക്കുന്ന ശരീരം, ചുഴലിയോ വേറേതൊക്കെയോ അസുഖങ്ങളൊണ്ടാരുന്നു. എന്നാലും കുടിക്കും വലിക്കും ഒരു കൊറവൂല്ല. കുടിച്ചു മറിഞ്ഞ് ഒരു മഴക്കാലത്ത് രണ്ടൂടെ മീനച്ചിലാറ്റില് മീമ്പിടിക്കാമ്പോയി. നേരം വെളുക്കുമ്പോ ബക്കറ്റിക്കിടന്ന് തുള്ളുന്ന മീനെ ഓർത്ത് എനിക്ക് രാത്രി ഒറക്കം വന്നില്ല. പെലകാലെ മീനുവായിട്ട് അപ്പൻ വന്നു.

‘പോപ്പിച്ചേട്ടനെന്ത്യേ അപ്പാ?’
‘അവനവടെ അവന്റെ പുതിയ വണക്കാരുവായിട്ട് കെടന്ന് കുന്തളിക്ക്ന്ന്. ഞാൻ ആക്ന്നെ പോക്ന്നെ വിളിച്ച് അവൻ പോന്നില്ല. ഞാമ്പിന്നെ ഇങ്ങ് പോന്ന്. നാളെ വലയിടാന്ന് പറഞ്ഞ് അവൻ ഇങ്ങ് വരട്ടെ.’
‘അവർക്കെല്ലാം ചിരി കളി മേളം പെണ്ണേ...
അവരെല്ലാം പുലർക്കാലേ പോകും പെണ്ണേ...’

പിറ്റേന്ന് രാവിലെ എണീറ്റപ്പഴേ കേട്ടത് പോപ്പിച്ചേട്ടൻ ആറ്റിപ്പോയെന്ന വാർത്തയാണ്. തുരു തുരാ ഓരോരുത്തര് കവലക്ക് ഓടി. ഞാൻ അപ്പനെ വിളിച്ചെണീപ്പിച്ച് കാര്യം പറഞ്ഞു. അപ്പൻ പിന്നേം പിന്നേം എന്നാ എന്നാ...ന്ന് ചോദിച്ചു. എന്നിട്ട് കേട്ടപാതി കേക്കാത്തപാതി ഇറങ്ങി ഓടി. പോപ്പിച്ചേട്ടനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അപ്പൻ രണ്ടുമൂന്നു ദിവസം എങ്ങും പോയില്ല. കട്ടിലേന്ന് എണീറ്റുയില്ല.

മഞ്ജുചേച്ചി എന്നെ മുറിയിലേക്ക് വിളിച്ചു, വാ തോരാതെ വർത്താനം പറഞ്ഞു. ഞാൻ കൊച്ചിന്റെ അടുത്തിരുന്നു. മറിയാമ്മ ചേച്ചി എനിക്ക് വാവേനെ മടീ വെച്ച് തന്നു. ഞാൻ കൊച്ചിനെ എടുത്തോണ്ട് പൊറത്തേക്ക് കൊണ്ടോയി. പട്ടി ചെവിതല തരാത്തോണ്ട് വീടിന് പുറകുവശത്തൂടി ഞാൻ കൊച്ചിനെക്കൊണ്ട് നടന്നു. ഞങ്ങള് ഇളംവെയില് കാഞ്ഞു, കണ്ടത്തിലെ സൂര്യാസ്തമയം കണ്ടു. കൊച്ച് എന്റെ കൈക്കെടന്ന് ഒറങ്ങി. സന്ധ്യയാവാൻ തൊടങ്ങി ഞാൻ കൊച്ചിനെ തിരികെ കൊടുക്കാൻ ചെന്നു.

‘ഞാൻ എറങ്ങുവാ മറിയാമ്മച്ചേച്ചി സന്ധ്യയായില്ലേ?’
‘ഞാൻ കുളിക്കാൻ എണ്ണ തേച്ചു പോയി മോളേ മഞ്ജുന്റെ കൈയിൽ കൊടുത്തേക്കാവോ?’

ഞാൻ അകത്തേക്ക് കേറി. മഞ്ജുചേച്ചി ടി.വിയുടെ അടുത്ത് നിപ്പുണ്ടാരുന്നു. നിർത്തിയ ടി.വി സ്ക്രീനിൽ കൈമുട്ടിച്ചു പിടിക്കുമ്പോ രോമം എഴുന്ന് നിക്കും. പണ്ട് തറവാട്ടിൽ പോവുമ്പോഴത്തെ എന്റെ പ്രധാന കളി ഇതായിരുന്നു. മഞ്ജു ചേച്ചി അതുപോലെ എന്തോ ചെയ്യുന്നു. അതാരിക്കുവോവാ! കുഞ്ഞിനെ ഞാൻ ചേച്ചിടെ കൈയിൽ ഏപ്പിച്ചു.

‘ഇതെന്നാ കൊച്ചിന് ചൂടുണ്ടല്ലോ? പനിക്കുന്നുണ്ടോ?’
‘ഇളംവെയിലൊണ്ടാരുന്നോണ്ടാവും’-ഞാൻ പറഞ്ഞു.
‘അല്ല കൊച്ചിന് നല്ല പനിയൊണ്ട്’- ചേച്ചി വെപ്രാളപ്പെട്ടു. ഞാൻ കൊച്ചിനെ തൊട്ട് നോക്കി, ചൂടുള്ളതായി എനിക്ക് തോന്നിയില്ല. ശ്ശോ! കൊച്ചിനെ എടുക്കെണ്ടാരുന്ന്.

ചേച്ചി പരവേശപ്പെട്ട് കൊച്ചിനേം കൊണ്ട് ഓടി നടന്നു. കൊച്ചിനെ തുരു തുരാ ഉമ്മ വെച്ചു, സിബ് അഴിച്ച് കൊച്ചിനെ മുലയിൽ അമർത്തി വെച്ചു, മുഖത്തോട് ചേർത്ത് ഞെക്കി. കൊച്ച് എഴുന്നേറ്റ് എന്തോ അസ്വസ്ഥത കാണിക്കാൻ തൊടങ്ങി. എനിക്ക് അപ്പിടി പേടിയായി. ഞാനും ചേച്ചിടെ കൂടെ ഓടി നടന്നു. ചേച്ചി അടുക്കളേലേക്ക് പോയി. അവിടെ നല്ല ചൂടുണ്ടാരുന്നു. കരി പിടിച്ച ചുക്കിരി നെറഞ്ഞ അടുക്കള, ചേര് തിങ്ങി വെറക്, ചേരി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന കൊടംപുളി മാലകൾ. ആളിക്കത്തുന്ന അടുപ്പിൽ കഞ്ഞി തെളച്ച് മറീന്നുണ്ടാരുന്നു. അടുപ്പിലെ തീ കാഞ്ഞാ കുഞ്ഞിന്റെ ചൂട് കുറയൂന്ന് ചേച്ചി എന്നോട് പറഞ്ഞു. എന്റെ നെഞ്ച് വേഗം ഇടിക്കാൻ തൊടങ്ങി. ഞാൻ തരിച്ച് നിന്ന് ചേച്ചീനെ നോക്കി. ചേച്ചി അടുപ്പിന് നേരെ കുഞ്ഞിനെ നീട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മനസിലായില്ല. കുഞ്ഞ് ചൂട് തട്ടി വല്ലാതെ കരയാൻ തൊടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ ഞാനും വാവിട്ട് കരഞ്ഞു. അതുകണ്ട് എന്നെ നോക്കി മഞ്ജു ചേച്ചി വാ കോട്ടി ചിരിച്ച്, കുഞ്ഞിന്റെ കൈ രണ്ടും ബലമായി ചേർത്ത് പിടിച്ച് കുഞ്ഞിനെ അടുപ്പിലേക്ക് വെച്ചു. ഞാൻ ഒച്ചത്തിൽ അലറിക്കരഞ്ഞു.
‘വെക്കല്ലേ... ചെയ്യല്ലേ... അയ്യോ... ചേച്ചി...’

ചേച്ചി കുഞ്ഞിനെ അടുപ്പിലേക്ക് തള്ളിക്കേറ്റി. കുഞ്ഞ് ഇപ്പൊ കരയുന്നില്ല, കാലിട്ടടിക്കുന്നുണ്ട്. എന്റെ ചെവി കൊട്ടിയടച്ചു, കൈയും കാലും വിറച്ചു, കണ്ണിൽ ഇരുട്ട് കയറി, എനിക്ക് തല കറങ്ങി, മനം മറിഞ്ഞ് ഉരുണ്ടുകേറി വന്നു. ഞാൻ ഭിത്തിയിൽ അള്ളിപ്പിടിച്ചു. എന്റെ ഒച്ച പൊങ്ങുന്നില്ല, ബോധം മറയാൻ തുടങ്ങി. കാറിച്ച കേട്ട് മറിയാമ്മച്ചേച്ചി കുളിമുറീന്ന് ഓടി വന്നു. മഞ്ജു ചേച്ചി എനിക്ക് നേരെ കൈ ചൂണ്ടി അലറി വിളിച്ച് കരഞ്ഞു.

Comments