ചിത്രീകരണം: ദേവപ്രകാശ്

മിറർ ബോക്​സ്​ തെറാപ്പി

""നിനക്കൊരു പേടിയും തോന്നുന്നില്ലേ.'' പയസ് ചോദിച്ചു. ജനലിനരികിലിട്ടിരുന്ന ചൂരൽക്കസേരയിൽ അലസമായി ചാഞ്ഞു പടർന്നിരുന്ന നദി ഒന്ന് ചിരിച്ചു, മുഖം തിരിക്കാതെ. അവൾ പുറത്തേക്ക് നോക്കുകയായിരുന്നു. തലേന്ന് രാത്രി കാട്ടുപന്നികൾ വന്ന് കുത്തിയിളക്കിയിട്ടതെന്ന് റിസോർട് സ്റ്റാഫ് റോബിൻ പറഞ്ഞ ചേമ്പുതടകൾ വാടിക്കഴിഞ്ഞിരുന്നു. മറുപടി കിട്ടാതായപ്പോൾ ഓഫീസിന്റെ ചുവരുകൾക്കകത്ത് തലങ്ങും വിലങ്ങും "യെസ് സർ യെസ് സർ' പ്രയോഗിക്കുന്ന ജൂനിയർ അഹങ്കാരം കാണിക്കുകയാണോയെന്ന് പയസ് ഒരു നിമിഷം ശങ്കിച്ചു.

പുതിയ സ്റ്റാഫെന്ന ലേബലിൽ മാസങ്ങൾക്കു മുൻപ് നദിയെ ആദ്യം കണ്ടപ്പോൾ, കൊച്ചിയിൽ നിന്ന് കിലോമീറ്ററുകൾക്കിപ്പുറത്ത് ഒരു കാട്ടിനുള്ളിലെ സർക്കാർവക റിസോർട്ടിൽ ഇങ്ങനെയിരിക്കേണ്ടി വരുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ ഷർട്ടിന്റെ ആദ്യത്തെ മൂന്നു ബട്ടണുകൾ തുറന്നു കിടക്കുകയാണ്. സായന്തനത്തിന്റെ ചരിഞ്ഞ പ്രകാശം അവളുടെ ഇടതു മാറിലെ കൊച്ചുപൂമ്പാറ്റയിൽ പതിയ്ക്കുന്നു. ടാറ്റൂ മഷിയുടെ ഇരുളിമയ്ക്കു ചുറ്റും നേർത്ത ഇളം ചുവപ്പ്. പയസിന് അസ്വസ്ഥത തോന്നി.

""നദീ'' അയാൾ അല്പം പരുങ്ങലോടെ വിളിച്ചു.
""എന്താ സാറെ.'' പരുഷമായിട്ടു തന്നെയവൾ വിളി കേട്ടു.
ഒന്നും വേണ്ടിയിരുന്നില്ല. ഔദ്യോഗികവാഹനം ടോപ്‌സ്‌ളിപ്പിലെ പാർക്കിങിലിട്ട് സർക്കാർ വക ജീപ്പിൽ റിസോർട്ടിലേയ്ക്ക് യാത്ര തിരിച്ച നിമിഷം മുതൽ പയസ് തട്ടും മുട്ടും കണ്ണും കയ്യുമൊക്കെയായി അവളെ വശത്താക്കാൻ തുടങ്ങിയിരുന്നു. അതെല്ലാംതന്നെ കഴിഞ്ഞ ഒരു മാസമായി അയാൾ ചെയ്തുപോന്നിരുന്ന വശീകരണതന്ത്രങ്ങളുടെ അധികത്തുളുമ്പലായിരുന്നു. ഇത്ര നാളും ഒന്നും മനസ്സിലാകാത്ത പാവാടക്കാരിയെപ്പോലെ നടന്ന നദി പെട്ടന്ന് സമ്മതം അറിയിച്ചതോടെ അയാൾ പതഞ്ഞു പൊങ്ങി. റൂമിലെത്തിയതും വന്ന കാര്യമെല്ലാം മറന്ന് പരസ്പരം ഒരാക്രമണമായിരുന്നു ഇരുവരും. എന്നാൽ കൊച്ചുപൂമ്പാറ്റയെ ഒന്ന് താലോലിക്കാൻ പോലും മുതിരാതെ കാര്യത്തിലേക്കു കടന്ന പയസിന് അറുപതു സെക്കൻഡ് പോലും പിടിച്ചു നിൽക്കാനായില്ല. വിക്ഷേപണം കഴിഞ്ഞ് നിലം തൊട്ടതും മണിക്കൂറുകൾക്കുള്ളിൽ അഭിമുഖീകരിക്കുവാൻ പോകുന്ന കാര്യമോർത്ത് അയാൾക്ക് പേടി തോന്നി. നദിയാകട്ടെ കോശസ്ഥകീടത്തിൽ നിന്നുയർന്ന പൂമ്പാറ്റയെപ്പോലെ സ്വതന്ത്രയായി കാണപ്പെട്ടു. "ഭൂമി' മാസികയുടെ ഓണപ്പതിപ്പിലേക്ക് സ്‌പെഷ്യൽ സ്റ്റോറി ചെയ്യാൻ വന്ന സീനിയർ റിപോർട്ടറും അസ്സിസ്റ്റന്റുമാണ് പയസും നദിയും. തങ്ങളുടെ വർക്കിൽ എന്തെങ്കിലുമൊരു പുതുമ വേണമെന്ന് പയസ് വാശി പിടിച്ചപ്പോൾ നദിയാണ്, താൻ കുതിരാനിലെ വഴിയോരതട്ടുകടയിൽ വച്ച് പരിചയപ്പെട്ട കല്ലൂരാൻ സാമി മുന്നോട്ടു വച്ച വെല്ലുവിളി അതിന് വിഷയമാക്കാമെന്നു പറഞ്ഞത്.

അയാളുടെ വിളിപ്പുറത്തുണ്ടെന്നു പറയുന്ന കുട്ടിച്ചാത്തനെ നേരിട്ട് കാണുക.

ഇതുവരെ ആരും പറയാത്തൊരു സ്റ്റോറിയെന്ന് മനസ്സിലുറപ്പിച്ച് ഇറങ്ങിതിരിച്ചതാണ്. എന്നാൽ ഈ ശീഘ്രസ്ഖലനം എല്ലാം തകിടം മറിച്ചുവോയെന്ന് പയസ് സംശയിച്ചു. നദി എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് ചെന്നു.
""സാറിന് പേടിയുണ്ടോ''
""പിന്നില്ലാതെ'' സ്വന്തം ലൈംഗികശക്തിക്കപ്പുറം ഒരാണിന് ഒരു പെണ്ണിൽ നിന്നൊന്നും ഒളിക്കാനില്ലെന്ന പോലെ അയാൾ തുറന്നു പറഞ്ഞു.

""ഞാനൊരു കാര്യം പറയാം. ശ്രദ്ധിച്ചു കേക്കണം;'' നദി തുടർന്നു: ""സാർ കൊച്ചു കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. തീരെ പൊടികള്. അവർക്ക് ഒരു പ്രേതത്തിനേം കുട്ടിച്ചാത്തനേം പേടിയില്ല. എന്താ കാരണം ?''
പയസ് മിണ്ടിയില്ല.
""അവരുടെ മനസ്സ് അതിന് പാകമായിട്ടില്ല. അതിൽ ഭയം ജനിച്ചിട്ടില്ല. അവർ പ്രേതകഥകൾ കേട്ടിട്ടില്ല. രാത്രിയെന്നാൽ അവർക്ക് വെളിച്ചമില്ലാത്ത ഇരുട്ട് മാത്രമാണ്. അവരുടെ ലോകം നമ്മുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ദിനം തോറുമുള്ള ജീവിതത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന അനുഭവങ്ങളാൽ നമ്മൾ പോലുമറിയാതെ നമ്മുടെ തന്നെ ഉപബോധമനസ്സിൽ പതിയുന്ന ചിത്രങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണീ പ്രേതപ്പേടി. അല്ലാതൊരു കുന്തോമില്ല''

""ഹേ, അങ്ങനെ ചുമ്മാ ബ്ലൈൻഡായിട്ട് ഒന്നുമില്ലെന്ന് പറയല്ലേ.'' പയസിന് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല.
""ഇല്ലെന്നു ഞാൻ പറയുന്നില്ല''
""പിന്നെ''
""സർ amputation എന്ന് കേട്ടിട്ടുണ്ടോ, മലയാളത്തിൽ വേണമെങ്കിൽ ഛേദനം എന്ന് പറയാം''
""ഉവ്വ. ഈ കയ്യും കാലുമൊക്കെ മുറിച്ചു മാറ്റുന്നതല്ലേ''
""അത് തന്നെ. Amputation കഴിഞ്ഞ ഒരാൾക്ക് കുറച്ചു നാൾ കൂടി തന്റെ മുറിച്ചു കളഞ്ഞ ഭാഗം അവിടെത്തന്നെയുണ്ടെന്നൊക്കെ തോന്നും. വെറും തോന്നലല്ല. ആ ഭാഗം ചൊറിയും ചിലപ്പോൾ രോഗഗ്രസ്തമായിരുന്നപ്പോഴുണ്ടായിരുന്നത് പോലെ വേദന പോലും തോന്നും. പലപ്പോഴും ഡോക്ടർമാർക്ക് ഇതിനായിട്ട് എന്തെങ്കിലും മരുന്ന് വരെ കൊടുക്കേണ്ടി വരും. അവരുടെ തലച്ചോറ്, ഇല്ലാത്ത ആ അവയവത്തിൽ നിന്ന് സിഗ്‌നലുകൾ സ്വീകരിക്കും, എന്നിട്ട് അവരോട് പറയും "ദാ ചൊറിയുന്നു, ദാ വേദനിക്കുന്നു' എന്നൊക്കെ. എന്നാൽ അത് ആ രോഗിക്ക് മാത്രമല്ലേ കാണൂ, അല്ലാതെ കൂടെ നിൽക്കുന്നവർക്ക് കാണില്ലലോ. പ്രേതങ്ങളെ കണ്ട് പേടിക്കുന്നതും ആത്മാക്കളോട് സംസാരിക്കുന്നതുമെല്ലാം ഇങ്ങനെ തന്നെയാണെന്നാണ് എന്റെ അഭിപ്രായം. എന്ന് വച്ചാൽ ഒരാൾ മരിക്കുമ്പോൾ അയാൾ കൈവശം വച്ചിരുന്നതും പെട്ടന്ന് തന്നെ കാലിയായതുമായ ആ സൂക്ഷ്മസ്ഥലം പുറപ്പെടുവിക്കുന്ന സിഗ്‌നലുകൾ ഉൾക്കൊള്ളാൻ നമ്മുടെ തലച്ചോറ് എത്രമാത്രം തയ്യാറാണോ അത്ര തന്നെ എളുപ്പത്തിൽ അയാളുടെ പ്രേതം നമ്മളെ തേടിയെത്തും. മരിച്ച വ്യക്തിയോടുള്ള നമ്മുടെ ആത്മബന്ധത്തിന്റെ തീവ്രതയും നമ്മുടെ തന്നെ മനസ്സിന്റെ ദുർബലതയും അതിന് അനുകൂലഘടകങ്ങളാണ്. എത്ര പെട്ടന്ന് മരണമെന്ന വേർപാടിനോട് നാം രമ്യപ്പെടുന്നുവോ അത്രയെളുപ്പത്തിൽ എല്ലാം ഒഴിഞ്ഞു പോകും. പിന്നെ ഓർമ്മ മാത്രം ബാക്കിയാവും. നമ്മള് വന്നിരിക്കുന്നത് സ്റ്റോറി ചെയ്യാൻ. ഇനിയിപ്പോ ഒന്നും നടന്നില്ലെങ്കിലും ഉള്ളതൊക്കെ പൊലിപ്പിച്ചങ്ങ് എഴുതുക, ഓക്കേ.''

അവരുടെ ഇരിപ്പും ശരീരഭാഷയും കൊണ്ട് ജൂനിയറാര് സീനിയറാര് എന്ന് തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു. നദിയുടെ യുക്തിപ്രഭാഷണം പയസിനെ തീരെ സഹായിച്ചില്ല. അയാൾക്കുള്ളിലേയ്ക്ക് കടക്കാനാവാതെ അവ പുറത്തെ സന്ധ്യയുടെ ചുവപ്പ് വിട്ടൊഴിഞ്ഞ ഇരുളിമയിലേക്ക് ഊളിയിട്ടു.
""ഏഴരയ്ക്ക് സാമിയെത്തും. സാർ വേണമെങ്കി ഒന്ന് ഫ്രഷായിക്കോളൂ'' നദി പറഞ്ഞു.
""അപ്പൊ താനോ ?'' അയാൾ ചോദിച്ചു.
""അതിന് എന്റെ ശരീരത്തിനോ മനസ്സിനോ ഉടവ് തട്ടിയില്ലല്ലോ.''
ആലങ്കാരികമായ ആ തുറന്ന പരിഹാസം പയസിനെ ഒന്നുകൂടെ തളർത്തി.

കുതിരാനിലെ ആദ്യകൂടിക്കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി കരിനീലക്കളർ മുണ്ടും നിറം മങ്ങി നരച്ച ചുവന്ന ഷർട്ടും ധരിച്ചാണ് കല്ലൂരാൻ എത്തിയത്.
""റെഡിയല്ലേ'' അയാൾ ആധികാരികമായ പരിഹാസത്തോടെ ചോദിച്ചു.
""അതെ എപ്പോഴേ റെഡി'' നദിയെ ചാടിവെട്ടിക്കൊണ്ട് പയസ് പറഞ്ഞു. തന്റെ പേടി മറയ്ക്കാൻ അയാൾ പാടുപെടുന്നത് സ്പഷ്ടമായിരുന്നു. കല്ലൂരാന്റെ കൂടെ വന്ന സഹായിയെന്നു തോന്നിച്ച കറുത്ത് മെലിഞ്ഞ പയ്യൻ തിളച്ചു തൂവിയ ഒരു ചിരി ചിരിച്ചു. നദി അവനെ ആകെയൊന്ന് ഉഴിഞ്ഞ് നോക്കി. പെട്ടന്നവൾക്ക് ഉച്ചയ്ക്ക് പയസ് കാണിച്ച പരവേശം ഓർമ്മ വന്നു.

അവർ നടക്കാൻ തുടങ്ങി. തേഞ്ഞ് ഉരുണ്ട മെറ്റൽ നിരന്ന റോഡ്. വണ്ടിടയറിന്റെ വീതിയിൽ ഉറച്ച മണ്ണ് വഴി. കാലുകളെ ഇക്കിളിപ്പെടുത്തുന്ന പുൽനാമ്പുകളാൽ അതിരിട്ട ഒറ്റയടിപ്പാത. ഇടയ്‌ക്കൊന്ന് നിന്നപ്പോൾ കല്ലൂരാൻ കൈ ചൂണ്ടിപറഞ്ഞു. ""ആ കാണുന്നതാണെന്റെ വീട്.'' പയ്യൻ വീണ്ടും ചിരിച്ചു. നദിക്ക് ദേഷ്യം വന്നു. നടപ്പിന്റെ ദൈർഘ്യം കൂടുംതോറും ടോർച്ചിന്റെ വെളിച്ചം കുറയുന്നതുപോലെ തോന്നി പയസിന്. അതോ നിലാവ് മായികമായി പൂത്തു വിടർന്നതോ. അയാൾ ചന്ദ്രനെ നോക്കി. മരച്ചില്ലകൾക്കപ്പുറമെവിടെയോ അവൻ മറഞ്ഞിരിക്കുന്നു. നിലാവിന്റെ നിറമെന്തെന്ന് ഒരു നിമിഷം പയസ് ചിന്തിച്ചു. അത് അയാളുടെ തലയിലെ ചില നാമ്പുകളെ ഉദ്ധതമാക്കും വിധം ആഞ്ഞാഞ്ഞു പുൽകി. നൊടിയിടകൊണ്ട് നദിക്ക് ഉയരം കൂടിയതായി അയാൾക്ക് തോന്നി. അവൾക്കിപ്പോൾ എന്നോ കണ്ടുമറന്ന ഏതോ ഒരു ഗ്രീക്ക് ദേവതാസങ്കൽപ്പത്തിന്റെ അഭൗമ വടിവും വശ്യതയും. പെട്ടന്ന് കല്ലൂരാൻ നിന്നു. ""ഇനി ഞാൻ മുൻപിലൊറ്റയ്ക്ക്, നിങ്ങളൊരിരുപതടി പിറകിൽ വന്നാ മതി''

""അപ്പൊ ഇവനോ'' എന്നും ചോദിച്ചു കൊണ്ട് തല തിരിച്ച പയസ് ഞെട്ടി. ആ പയ്യനെ കാണാനില്ല. പയസിന്റെ പതർച്ച മനസ്സിലാക്കിയ നദി പറഞ്ഞു, ""നന്നായി.''
അവിടെ നിന്ന് നടന്ന് അല്പസമയത്തിനുള്ളിൽ കല്ലൂരാൻ കണ്ണിൽനിന്നും മറഞ്ഞു. ""ഇനിയെന്ത്'' പയസ് അമ്പരന്നു. ഇതൊന്നുമൊരു പ്രശ്‌നമല്ലെന്ന മട്ടിൽ, മുന്നിൽകണ്ടൊരു മരത്തിന്റെ വളർന്നുയർന്ന വേരിൽ നദിയിരുന്നു. പുളയുന്നൊരു പാമ്പിന്റെ ഉയർന്ന നടുഭാഗം പോലെ അത് വശ്യമായിരുന്നു. അവളുടെയരികിൽ പയസും കുത്തിയിരുന്നു. അവളെ നാറുന്നുണ്ടായിരുന്നു. മദ്യപിച്ച്, വിയർത്ത്, രതിയിലേർപ്പെട്ടതിന്റെ തുറന്ന സ്ത്രീഗന്ധം.

""സാറിന്റെ പേടി മാറാൻ നമുക്കൊരു കാര്യം ചെയ്താലോ ?''
മറുപടിയ്ക്ക് കാത്തുനിൽക്കാതെ നദി തുടർന്നു: ""ഞാൻ മുൻപ് പറഞ്ഞ Amputation രോഗികളിൽ അതുപോലെ സ്‌ട്രേഞ്ച് ഫീലിങ്ങ്‌സ് ഉള്ളവർക്ക് ഫിസിയോതെറാപ്പി കൊടുക്കുന്നത് കണ്ണാടികളാൽ ചുറ്റപ്പെട്ട മുറിയിലായിരിക്കും. മിറർബോക്‌സ് തെറാപ്പി എന്നാണതിന്റെ പേര്. മുറിച്ചുമാറ്റപ്പെട്ട ഭാഗത്തിന്റെ വികലമായ പ്രതിബിംബം തലച്ചോറിൽ ആവർത്തിച്ചു പതിയുന്നതിലൂടെ ഇല്ലാത്ത ന്യൂറോൺ സിഗ്‌നലുകൾ സ്വീകരിക്കുന്നത് തടയാൻ. അതുപോലെ പേടിമാറാൻ നമുക്ക് പ്രേതകഥകൾ പറഞ്ഞാലോ.'' ഏതൊരു പേടിയും കഷ്ടപ്പാടും യാതനയുമെല്ലാം ആവർത്തിച്ചുള്ള വെളിപ്പെടലിൽ വെറും മറ്റൊരനുഭവമായി മാറും. പിന്നെ ഒരു ശീലവും. വേണ്ടെന്നോ വേണമെന്നോ തീരുമാനിക്കുകയോ പറയുകയോ ചെയ്യുന്നതിന് മുൻപ് തിരിച്ചറിയാനാവാത്ത ഒരു തള്ളിന്റെ ആയത്തിനാൽ പയസ് സംസാരിക്കാൻ തുടങ്ങി:

""നമ്മുടെ ഓഫീസിലെ സ്റ്റാലിന്റെ നാട്ടിൽ ഒരു കള്ളുകുടിയനുണ്ടായിരുന്നു. എല്ലാ ദിവസവും ഒരു നേരമെങ്കിലും ഷാപ്പിൽപോയി കള്ള് കുടിച്ചില്ലെങ്കിൽ അയാൾക്കുറങ്ങാൻ കഴിയില്ല. മക്കൾ മുതിർന്ന് വീട്ടു ഭരണം ഏറ്റെടുത്തപ്പോൾ അവരയാളുടെ ഷാപ്പിലെ കുടി വീട്ടിലേക്കാക്കി. എന്നുവച്ചാൽ ദിവസവും കള്ള് വീട്ടിലെത്തിയ്ക്കാൻ ഒരാളെ ഏർപ്പാടാക്കി. ദിവസവും സമയമാകുമ്പോൾ അയാൾ ഒരു മൊന്തയിൽ കള്ളും പിഞ്ഞാണത്തിൽ അച്ചാറുമൊക്കെയായി തൊഴുത്തിന്റെ പിന്നിലുള്ള ചാണകക്കുഴിയുടെ അരികിൽ നിൽക്കുന്ന ജാതിച്ചുവട്ടിൽ പോയി ഇരിക്കും. എന്നിട്ട് തന്റെ ഷാപ്പിലെ സുഹൃത്തുക്കളെ ഓർത്ത് കുടിയും വർത്തമാനവും തുടങ്ങും. മാസങ്ങൾ കഴിഞ്ഞപ്പോ അയാൾ ചാണകക്കുഴിക്ക് കൂതറമാണ്ടി എന്നൊരു പേര് നൽകി. കുടിക്കുന്നതിലൊരു വീതം ഒഴിച്ച് കൊടുക്കും അച്ചാർ കുടഞ്ഞിട്ടുകൊടുക്കും എന്നൊക്കെയായി കാര്യങ്ങൾ. അച്ഛൻ പുറത്തുപോകുന്നില്ലല്ലോയെന്നോർത്ത് മക്കൾ അത് കാര്യമാക്കിയെടുത്തില്ല. വർഷങ്ങൾക്ക് ശേഷം തീർത്തും കിടപ്പിലായ അയാൾ മക്കൾക്ക് ഒരു ഭാരമായപ്പോൾ, എന്ന് മരിക്കുമെന്നറിയാനായി ഇടവകയച്ചനെ വീട്ടിലെത്തിച്ചു. പ്രാർത്ഥനയെല്ലാം ചൊല്ലിയതിനു ശേഷം അച്ചൻ പറഞ്ഞതുകേട്ട് വീട്ടിലെ പെണ്ണുങ്ങൾക്ക് പേടിയും ആണുങ്ങൾക്ക് ചിരിയും വന്നു. തളർന്നു വീഴുന്നതിന് മുൻപ് നടന്ന കള്ള്കുടിയിൽ അയാൾ കൂതറമാണ്ടിയ്ക്ക് വീതം നൽകിയിട്ടില്ല. ആ ശക്തിയുടെ പിടിച്ചുവലിയാണ് അയാളുടെ ആത്മാവിനെ കർത്താവിൽ ലയിപ്പിക്കുന്നതിൽ നിന്ന് തടയുന്നത്. ആണ്മക്കളിത് ചിരിച്ചു തള്ളിയെങ്കിലും തീട്ടവും മൂത്രവും കോരിമടുത്ത മരുമക്കൾ വായിൽ തോന്നോയൊരു പ്രാർത്ഥനയോടെ കുറച്ചു കള്ളും അച്ചാറും ആ ചാണകക്കുഴിയിൽ തട്ടിയതിന്റെ പിറ്റേന്ന് അയാൾ മരിച്ചു'' പയസ് നിറുത്തി.

""എന്ന് വച്ചാൽ വെറും കള്ളും അച്ചാറും കൊടുത്ത് ഒരു കുടിയൻ ഒരു ശക്തിയെ ഉണർത്തിയെന്നാണോ.'' നദി ചോദിച്ചു. എന്നിട്ട് ചിരിയോടെ തുടർന്നു:
""ഞാനൊരു കഥ പറയാം. ഇത് കേരളത്തിലെ പതിനാലു ജില്ലകളിലും പോപ്പുലറാണ്. എന്നാലും പറയാം. ഒരിക്കലൊരു പള്ളീലച്ചൻ തന്റെ കപ്യാരുമായൊരു ബെറ്റ് വച്ചു. പാതിരാത്രി ഒറ്റക്ക് സെമിത്തേരിയിൽപോയി നിലത്തൊരാണി അടിക്കുക. അത്ര മാത്രം. സംഭവദിവസം പന്ത്രണ്ട് മണിയോടെ അച്ചൻ ആണിയും ചുറ്റികയുമായി പന്തയപ്രകാരം പറഞ്ഞിടത്തെത്തി. പേടിച്ചു വിറച്ചിട്ടാണെങ്കിലും കാര്യം നടത്തിക്കഴിഞ്ഞ എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും ആരോ ളോഹയിൽ പിടിച്ചുവലിക്കുന്നു. ബോധം പോകുന്നതിനു മുൻപ് അച്ചനുണ്ടാക്കിയ അലർച്ച കേട്ട് കപ്യാരോടിച്ചെന്നു നോക്കിയപ്പോൾ കണ്ടതെന്താ, ഇരുന്നപ്പോൾ നിലത്തു പടർന്നു കിടന്ന ളോഹയിലാണ് ആണി തറഞ്ഞു കേറിയിരിക്കുന്നത്.'' നദി പൊട്ടിച്ചിരിച്ചു. അത് കാട്ടിലെങ്ങും ഒരു കിലുക്കം പോലെ പ്രതിധ്വനിച്ചു. പയസിന് നദിയുടെ മുഖം വ്യക്തമായി കണ്ടുകൂടാ. എന്നാലും അവളുടെ കുത്തഴിഞ്ഞ മട്ട് അയാൾക്കൊരു ലാഘവത്വം നൽകി. അവളടുത്ത കഥ പറയാൻ തുടങ്ങി.

""ഒരു നാട്ടിൽ പാതിരാത്രിയോടെ മാത്രം പണി കഴിഞ്ഞെത്തുന്നൊരു ആളുണ്ടായിരുന്നു. അയാളാവട്ടെ ഒരു പേടിത്തൂറിയും. കവലയിൽ നിന്ന് വീട്ടിലേയ്ക്കുള്ള ഒന്നര കിലോമീറ്റർ താണ്ടാൻ അയാളൊരു തന്ത്രം പ്രയോഗിക്കും. രണ്ടുപേരെപ്പോലെ സംസാരിക്കും. ഉദാഹരണത്തിന് അയാൾ ചോദിക്കും
"ഇന്ന് പണിയില്ലായിരുന്നോ ആശാനേ' എന്നിട്ട് അയാൾ തന്നെ മറുപടി പറയും "പിന്നില്ലാതെ പണി കഴിഞ്ഞു വരുന്ന വഴിയല്ലേ.'
അടുത്ത ഡയലോഗ് "എവിടായിരുന്നു ?'.
ദാ വരുന്നു മറുപടി, "നമ്മടെ പള്ളിക്കവലേലെ ഔതവർക്കീടെ വീട്ടില്.'
"സ്‌കൂളീ പഠിപ്പിക്കണ ജോസഫ് സാറിന്റെ അച്ഛനല്ലേ ഈ ഔത?'
"അത് തന്നെ' എന്നിങ്ങനെ പോകും സംസാരം. നടത്തം തുടങ്ങുന്ന നിമിഷം മുതൽ സ്വന്തമായി നിർമ്മിച്ചെടുക്കുന്ന ഒരു സാങ്കൽപ്പിക ലോകത്തിൽക്കയറി പുറത്തേക്കുള്ള വാതിലുകൾ അയാൾ വലിച്ചടയ്ക്കും. ഒരിക്കൽ സംഭാഷണം പുതിയൊരു വഴിയിലേക്ക് തിരിക്കാനാശിച്ച് അയാൾ ചോദിച്ചു,
"ഹ എന്താ ഇങ്ങനെ ഇരിക്കണേ ?'
"ഒന്ന് തൂറാനിരുന്നതാ' മറുപടി പറഞ്ഞത് സത്യത്തിൽ തൊട്ടടുത്ത പറമ്പിൽ തൂറാനിരുന്നവനായിരുന്നു. തന്റെ സുരക്ഷയുടെ മുട്ടത്തോടുടഞ്ഞതും അയാളും ഭയന്ന് വിറച്ചു മറ്റവനെപ്പോലെ തൂറിപ്പോയി.''

നദി ഇളകിയിളകി ചിരിക്കാൻ തുടങ്ങി. യാതൊരു സങ്കോചവും കൂടാതെയവൾ തൂറൽ എന്ന പദം ഉപയോഗിച്ചത് പയസിനെ കുട്ടിച്ചാത്തന്റെ പേടിയിൽ നിന്നും വിടുവിച്ച് തെറിവാക്കുകളും ചീത്തവാക്കുകളും തങ്ങൾക്കു മാത്രമാണല്ലോയെന്ന ആൺമേൽക്കോയ്മ കാണിക്കാൻ പ്രേരിപ്പിച്ചു. അയാൾ വാശിയോടെ മറ്റൊരു കഥ പറയാൻ തുടങ്ങി.

നല്ലൊരു തുടക്കത്തിനായെന്നപോൽ അയാൾ ചുറ്റിലും പരതി.

നിലാവ് തെളിഞ്ഞതെങ്കിലും, കനമുള്ള ഇരുട്ട് ആകെ പരന്നു കിടക്കുന്നു. മരച്ചില്ലകൾ ഒരു ദീർഘനിശ്വാസമേറ്റിട്ടെന്നപോൽ മൃദുലമായി വിറകൊണ്ടു. അയാൾ പറയാൻ തുടങ്ങി. ""തൃശ്ശൂരിലെവിടെയോ ഒരു സാധാരണ വഴിയോരക്കച്ചവടക്കാരനുണ്ടായിരുന്നു. ജോലി ചെയ്ത് ശമ്പളം കൂട്ടിവച്ചാൽ ഒരിക്കലും ഒരു പണക്കാരനാവാൻ കഴിയില്ലെന്ന് ഉറപ്പിച്ചായിരുന്നു അയാൾ കച്ചവടത്തിനിറങ്ങിയത്. അത് ലാഭം കണ്ടില്ല. കല്യാണം കഴിച്ചെങ്കിലും മക്കളുമുണ്ടായില്ല. കറങ്ങിത്തിരിഞ്ഞ് അയാൾ ചാത്തൻസേവയിലെത്തി. സേവ പഠിപ്പിച്ച മന്ത്രവാദി ഒരു കാര്യം ആദ്യമേ അയാളോട് പറഞ്ഞു. ചാത്തനെ പ്രസാദിപ്പിച്ചാൽ അവന് വേണ്ടത് കൊടുത്താൽ എല്ലാ ഐശ്വര്യവും ഉണ്ടാവും. ലക്ഷ്മിദേവിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐശ്വര്യമെന്ന വാക്ക് ചാത്തൻ സേവയുടെ പ്രതിഫലമായി പറയാൻ പറ്റുമോയെന്നെനിക്കറിയില്ല. നമുക്ക് കഥ തുടരാം. അപ്പൊ ഇതായിരുന്നു ആ കരാറ്. ലാഭം എത്ര കിട്ടിയാലും അതിൽ ഒരു ശതമാനം ചാത്തന് കൊടുക്കണം. ഇതെങ്ങാനും നിർത്തിയാൽ കിട്ടിയതിൽ പാതിയങ്ങ് പോവും. എങ്ങനെയും പണമുണ്ടാക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തിൽ അയാൾ അത് ചെയ്തു. പിന്നെയൊരു കൊയ്ത്തായിരുന്നു. തൃശൂർ ടൗണിൽ മാത്രമല്ല ജില്ല മുഴുവൻ അയാളുടെ വിവിധസ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങി. തൊട്ടതെല്ലാം പൊന്ന്. മൂന്ന് ആണ്മക്കളുമുണ്ടായി. ആരോഗ്യവാന്മാരായി വളർന്ന് പഠനം കഴിഞ്ഞ് മൂവരും ഒന്നൊന്നായി അച്ഛന്റെ ബിസിനസ്സിലേക്കിറങ്ങി. അപ്പോഴാണ് തങ്ങളുടെ വരുമാനത്തിൽ നല്ലൊരു തുക അപ്രത്യക്ഷമാകുന്നുവെന്ന് അവർ കണ്ടുപിടിച്ചത്. ഒരു ജാരസന്തതിക്കഥ പ്രതീക്ഷിച്ച് അച്ഛനെ ചോദ്യം ചെയ്ത മക്കൾ ചാത്തനെക്കുറിച്ചു കേട്ടതും ഇടങ്കോലിട്ടു. ചെകുത്താന് പോയിട്ട് ദൈവത്തിന് പോലും ആവശ്യമില്ലാതെ പണം കൊടുക്കാൻ അവരുടെ കോർപ്പറേറ്റ് ബുദ്ധി ഒരുക്കമായിരുന്നില്ല. ഇതിനോടകം ഒരു വശത്തേക്ക് തള്ളപ്പെട്ടിരുന്ന അച്ഛന്റെ അപേക്ഷ അവഗണിച്ചുകൊണ്ട് എല്ലാം മുടക്കിയതിന് ശേഷം ഒന്നൊന്നായി പ്രശ്‌നങ്ങൾ വന്നുചേർന്നു. ചില സ്ഥാപനങ്ങൾ അഗ്‌നിക്കിരയായി. ചിലത് നിയമക്കുരുക്കിൽ പെട്ടു. കാറപകടത്തിൽ ഒരു മകൻ മരിക്കുകയുംചെയ്തു. ഒരു വർഷത്തിനുള്ളിൽ സ്വത്ത് പകുതിയായി.''

""അതെങ്ങനെ ശരിയാകും, മക്കൾ മൂന്നിൽ രണ്ട് ബാക്കിയുണ്ടല്ലോ.'' നദി പറഞ്ഞു.
""കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ പടിയിൽ നിന്ന് തെന്നി വീണ് ഒരു മകൻ പാതി തളർന്നു കിടപ്പിലായി''
""ഇപ്പൊ ഒക്കെ'' നദി പിരിമുറുക്കത്തിൽ നിന്നയഞ്ഞ് മരത്തിലേക്ക് ചാഞ്ഞു.
""ഇനിയാണ് ട്വിസ്റ്റ്.'' പയസ് പറഞ്ഞു.
""എന്ത്'' നദി മുന്നോട്ടാഞ്ഞു.
""പാതിസ്വത്ത് നഷ്ടമായിക്കഴിഞ്ഞും മക്കൾ രണ്ടും ആരോഗ്യത്തോടെയിരുന്നപ്പോൾ ചാത്തനെ പ്രീണിപ്പിക്കാൻ അച്ഛൻ മകനെ തള്ളിയിട്ടതാണെന്നാണ് രഹസ്യം''

""ഇതാണോ സാറിന്റെ ഹൊറർ കഥ'' നദി പരിഹാസത്തോടെ പറഞ്ഞു: ""ഫേസ്ബുക്കിൽ പ്രേതം എന്നൊരു ഗ്രൂപ്പുണ്ട്. അതിലിതുപോലത്തെ ഒരു പത്തെണ്ണമെങ്കിലും ഡെയ്ലി വരും.'' പയസിന് നിരാശ തോന്നി. വാശിയും.
""എന്നാൽ വേറൊരു കഥ പറയാം.'' പയസ് തുടർന്നു,

""സംഭവം എന്റെ ഭാര്യവീടിന്റെയടുത്താണ്. ആദ്യം ഫ്‌ലാഷ്ബാക്ക് പറയാം. ഒരേ അതിര് പങ്കിടുന്ന നായർ തറവാടും ക്രിസ്ത്യൻ തറവാടും.''
""ആഹാ പുതുമയുള്ള കഥ'' നദി പൊട്ടിച്ചിരിച്ചു.
""തന്നോട് ഞാൻ പറഞ്ഞു ഇത് കഥയല്ല നടന്ന കാര്യമാണ്. പയസിന്റെ ശബ്ദവ്യതിയാനം കണ്ട് നദി നിശബ്ദയായി. അയാൾ തുടർന്നു: ""ക്രിസ്ത്യാനി കുടുംബത്തിൽ നാല് ആൺമക്കൾ. നായർ തറവാട്ടിൽ മൂന്ന് ആണും ഒരു പെണ്ണും. ക്രിസ്ത്യാനികളിലൊരുവൻ നായരിച്ചിയെ പ്രേമിച്ചു വയറ്റിലാക്കി. ഗർഭം വെളിപ്പെട്ട ദിവസം നായർ കാരണവർ ഒട്ടും മടിക്കാതെ, അവിടെയെന്തോ ഫാമിലി ഫങ്ഷൻ നടക്കുകയാണെന്നൊന്നും കാര്യമാക്കാതെ പെണ്ണിനെ വലിച്ചിഴച്ച് അവരുടെ മുറ്റത്ത് കൊണ്ടുപോയിയിട്ടു. എന്നാൽ "ഗർഭത്തിന് ആളില്ലെങ്കിൽ മോളെക്കൊണ്ടുപോയി ചവുട്ടിത്താത്തെടാ' എന്നും പറഞ്ഞ് ക്രിസ്ത്യാനി അയാളുടെ കാർന്നോർ മക്കളെയെല്ലാം ഒരു മുറിയിൽ പൂട്ടിയിട്ട് എല്ലാത്തിന്റേം വൃഷണം ചവിട്ടിയരച്ചു. അപമാനത്തിന്റെ തീവ്രതയിൽ നായരും പെണ്ണിന്റെ ആങ്ങളമാരും ചേർന്ന് അവളെ തല്ലി പതം വരുത്തി ജീവനോടെ പറമ്പിലെ ചതുപ്പിൽ ചവുട്ടിത്താഴ്ത്തി. അവരെല്ലാം കൊറേ കഴിഞ്ഞ് എല്ലാം വിറ്റുപെറുക്കിപ്പോയി. ആ സ്ഥലം വാങ്ങിയ ഏതോ പുത്തൻപണക്കാരൻ പിന്നെയങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ക്രിസ്ത്യൻ കുടുംബം ഒന്നൊന്നായി നരകിച്ചു തീർന്നു. ഇന്ന് ആ തറവാട് ഒരു സ്മാരകം പോലെ നിൽപ്പൊണ്ട്. ആ പെണ്ണിനെ ചവിട്ടിത്താഴ്ത്തിയിടത്ത് ഒരു പാലമരം വളർന്നു നിൽക്കുന്നു. നട്ടുച്ചമയക്കത്തിലും പാതിരാത്രിയിലുമൊക്കെ ഗ്രാമം മുഴുവൻ സ്തംഭിച്ചു നിൽക്കുമ്പോൾ ആ പാലമരം മാത്രം ആരോ തൊട്ടിട്ടെന്നപോലെ ഇളകുന്നത് ഞാൻ കണ്ടിട്ടുണ്ട്.''

നദിയെന്തോ ചോദിക്കാനാഞ്ഞതും പയസ് അതിനിട നൽകാതെ തുടർന്നു: ""ആ വീടും പരിസരവും ഇപ്പോൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. കള്ളുകുടിയും ചീട്ടുകളിയും പെണ്ണുപിടിയും തകർത്തു നടക്കുന്നു. രണ്ടു വർഷം മുൻപൊരിക്കൽ നാട്ടിലെ പ്രധാനതല്ലുകൊള്ളി ബിനോയ്, കുടിച്ചു ബോധമില്ലാതെ അവിടെ വന്നു കിടന്നുറങ്ങി. ഏകദേശം പാതിരാത്രിയോടെ ആരോ കുലുക്കിവിളിച്ചിട്ടെന്നപോലെ അവൻ എഴുന്നേറ്റുവെന്നാണ് പറയുന്നത്. കള്ളുംകുടിച്ച് ഇങ്ങനെ വഴിയിൽ ഓഫായിക്കിടന്നാൽ ആന കുത്തിയാലും പൊങ്ങാത്തവനാണെന്ന് ബിനോയിയെക്കുറിച്ച് നാട്ടിലൊരു സംസാരമുള്ളതാണ്. ക്രിസ്ത്യാനിത്തറവാടിന്റെ തിണ്ണയിലായിരുന്നു അവന്റെ കിടപ്പ്. ഉണർന്നപ്പോൾ വീടിനകത്തു നിന്ന് ഒരു സന്തുഷ്ടകുടുംബത്തിന്റെ ആളനക്കങ്ങളും നേർത്ത വെളിച്ചവും. അവന് നല്ല ദാഹം തോന്നി. അരുതെന്ന് മനസ്സ് പറഞ്ഞെങ്കിലും എന്തോ ഒന്ന് അവനെ അങ്ങോട്ട് ക്ഷണിച്ചു. വാതിൽ തുറക്കാനായി തള്ളാനൊരുങ്ങിയപ്പോഴാണ് അവന് മനസ്സിലായത്, താൻ നിൽക്കുന്നത് വീടിനകത്താണ്. ചുറ്റും കണ്ണിലേക്ക് തിക്കിക്കയറുന്ന ഇരുട്ട്. നേരത്തെ കേട്ട ശബ്ദമെല്ലാം പൊയ്പോയ്. വിചിത്രമായ ഒരു ശരീരത്തിന്റെ അതിഗഹനമായ നാസാദ്വാരങ്ങളിൽ നിന്നുമുയരുന്ന ശ്വാസനിശ്വാസത്തിന്റെ ഭീകരതാളം ഓരോ നിമിഷവും കാതിൽ വന്നലയ്ക്കുന്നു.

അടഞ്ഞു കിടക്കുന്ന മുറിയിൽ പെട്ടന്നൊരു കാറ്റ് വീശാൻ തുടങ്ങിയോ? നിദ്രയിൽ നിന്നുണർന്നിട്ടെന്നപോലെ ആ "അത്', എന്ത് തന്നെയാണെങ്കിലും "അത്' എഴുന്നേറ്റ് മൂരി നിവരുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്യാൻ തുടങ്ങി. എന്തിനോ വേണ്ടിയുള്ള തയ്യാറെടുപ്പാണെന്ന് വ്യക്തം. പല്ലുകൾ ഇറുമ്മിയമരുന്നു. നിലത്തു പതിയുന്നത് പാദങ്ങളോ കുളമ്പുകളോ? അവന്റെ പിന്നിൽ നിന്നും പിടഞ്ഞിറങ്ങിയ മലം നേരത്തെതന്നെ തളം കെട്ടിയിരുന്ന മൂത്രത്തിൽ ചെന്ന്‌ചേർന്നു. നൊടിയിടയിൽ മനോനില വീണ്ടെടുത്ത് വെട്ടിത്തിരിഞ്ഞ ബിനോയ് വാതിൽ മാന്തിപ്പൊളിക്കാനൊരുങ്ങിയതും ആ "അത്' കയ്യോ കാലോ പല്ലോ നാവോ വാലോ ലിംഗമോ എന്ന് തിരിച്ചറിയാനാവാത്ത വിധം അവനെ പിന്നിൽ നിന്നാക്രമിച്ചു. കൊഴുത്തൊരു ദ്രാവകത്തിന്റെ നനവ് പിന്നിലെങ്ങും പടരുന്നത് അവനറിഞ്ഞു. അതിതീവ്രമായി ആഴ്ന്നിറങ്ങുന്നതിനോടൊപ്പം അറപ്പുളവാക്കും വിധം അത് അവന്റെ തൊലിക്കടിയിൽ ഒളിക്കാൻ ശ്രമിക്കുകയായിരുന്നു. അറപ്പു കൊണ്ട് അവന്റെ നട്ടെല്ല് പുളഞ്ഞു. ശക്തമായി തല വാതിലിൽ ഇടിച്ചതാണ് അവന്റെ അവസാനത്തെ ഓർമ്മ. പിറ്റേന്ന് ഒരുകിലോമീറ്ററോളം ദൂരെയുള്ള പറമ്പിൽ നിന്നവനെ കിട്ടുമ്പോൾ ഒരാടിന്റെ കുത്ത് കൊണ്ടിട്ടെന്നപോലെ പുറത്ത് ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. ഇന്നും ആർക്കും ഒന്നും മനസ്സിലായിട്ടില്ല'' ചെറിയൊരു കിതപ്പോടെ പയസ് പറഞ്ഞു നിർത്തി. നദിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവൾക്ക് പേടിയുള്ളതായി തോന്നിയില്ല.

അവൾ ചോദിച്ചു: ""സാറിതിലെ പ്രേതത്തിന് ആടിന്റെ തലയോടുള്ള സാമ്യം ശ്രദ്ധിച്ചോ?''
""ഉവ്വ്'' പയസ് അത് നേരത്തെ ശ്രദ്ധിച്ചതാണ്.
""അത് തന്നെ ഈ കഥയിലെ ഒരു വെച്ചുകെട്ടാണ്.''
അവൾ തുടർന്നു: ""ഈ ആടിന്റെ തലയുള്ള പിശാച് എന്ന് പറയുന്നത് ബാഫോമെറ്റിനെ ഉദ്ദേശിച്ചാണ്.''പയസ് ഒന്ന് ഞെട്ടി. അങ്ങനെയൊരു പേര് അയാൾ ആദ്യമായിട്ട് കേൾക്കുകയായിരുന്നു.

""കുറച്ച് അക്കാദമിക്കലായിട്ട് പറയുകയാണെങ്കിൽ വാഗ്ദത്തഭൂമി മുസ്‌ലിംകളിൽ നിന്ന് തിരിച്ചു പിടിച്ചതിന് ശേഷം അത് സംരക്ഷിക്കാനും അങ്ങോട്ട് വരുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടി പന്ത്രണ്ടാം നൂറ്റാണ്ടിൽ രൂപം കൊണ്ട് ഒരു വൻശക്തിയായി മാറിയ ദേവാലയത്തിന്റെ പോരാളികളെന്നു വിളിക്കപ്പെട്ട സംഘത്തെ, വിവിധകുറ്റങ്ങളാരോപിച്ച് അഗ്‌നിക്കിരയാക്കാൻ ഇറങ്ങിത്തിരിച്ച ഫ്രഞ്ച് രാജാവ് ഫിലിപ് നാലാമൻ വിചാരണസമയത്ത് ചില യോദ്ധാക്കളിൽ ആരോപിച്ച കുറ്റമാണ് ഈ പറയുന്ന ബാഫോമെറ്റിനെ ആരാധിച്ചുവെന്നത്. അത് പിന്നീട് അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നുവെന്ന് തെളിഞ്ഞെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ആളൊരു പഴയ ദൈവം ആയിരുന്നുവെന്ന് മനസിലാക്കാം.
""അപ്പൊ ഈ മഹാൻ ദൈവമായിരുന്നോ.'' പയസ് ചോദിച്ചു
""അതൊറപ്പല്ലേ. പുതിയ ദൈവങ്ങൾ രംഗപ്രവേശനം ചെയ്യമ്പോൾ പഴയവയിൽ നിന്ന് ആളുകളെ അകറ്റാനുള്ള എളുപ്പവഴിയാണ് അവയിൽ സാത്താനിസം ആരോപിക്കുന്നത്. ഇതേ അടിസ്ഥാനത്തിലാണ് ഒരു മതത്തിലുള്ളവർ മറ്റു മതക്കാരെ കുറ്റം പറയുന്നതും അല്ലെ. എന്തായാലും അവിടുന്നിങ്ങോട്ട് ചരിത്രത്തിൽ പലയിടത്തും ബാഫോമെറ്റിന്റെ രൂപത്തിനെ സാത്താൻ ആരാധനയുമായി ബന്ധപ്പെടുത്തി കാണാം. ചില സിനിമകളിലൊക്കെ പിശാചിനെ ബഫോമെറ്റിന്റെ രൂപത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ 2015- ൽ ഒരു ബാഫോമെറ്റ് പ്രതിമ അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ ഒരു പൊതുജനധനസമാഹരണക്കമ്പനി നിർമ്മിക്കുകയുമുണ്ടായി. അതിന്റെ പിന്നിലാരാണെന്നോ ആർക്കു വേണ്ടിയാണെന്നോ ഒരു പിടിയുമില്ല''.

""ആടിന്റേയും പശുവിന്റേയും രൂപങ്ങളും കൂർത്തു വളർന്ന കൊമ്പുകളും പണ്ട് കാലത്ത് ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായിരുന്നുവെന്ന് ഞാനും കേട്ടിട്ടുണ്ട്'' പയസ് പറഞ്ഞു.
""ആ, അത് വിട്. ഇങ്ങനെ കഥ പറഞ്ഞിരുന്നാൽ മതിയോ. വന്ന കാര്യം നടത്തണ്ടേ'' നദി എഴുന്നേറ്റു.
""എന്റെ സംശയം, നമ്മുടെ കൂടെ വന്ന ആ പയ്യനാണോ കുട്ടിച്ചാത്തനെന്നാ'' പയസിന്റെ വാക്കുകളിൽ ചെറിയൊരു ധൈര്യത്തിന്റെ മേമ്പൊടി ഉണ്ടായിരുന്നു.
""കൊള്ളാം, സാറിന്റെ ഷോർട് ഫിലിം പിടുത്തക്കാരൻ കസിനോട് പറയാൻ പറ്റിയ ട്വിസ്റ്റ്'' നദി ആ സാധ്യത ചിരിച്ചു തള്ളി.

അവരുടെ മനസ്സ് വായിച്ചിട്ടെന്നപോലെ കല്ലൂരാൻ പെട്ടന്ന് അവിടെയെത്തി. കുട്ടിച്ചാത്തനെ കാണുന്നതിന്റെ മുന്നൊരുക്കമെന്നപോലെ അവരോട് വിവസ്ത്രരാവാൻ അയാൾ പറഞ്ഞു. രണ്ടാമതൊന്ന് ചിന്തിക്കാതെ നദി ഉടുപ്പിന്റെ കുടുക്കുകളഴിക്കാൻ ഒരുങ്ങുന്നത് കണ്ടപ്പോഴാണ് കല്ലൂരാൻ പരിപൂർണനഗ്‌നനാണെന്ന കാര്യം പയസ് ശ്രദ്ധിച്ചത്.
""ചാത്തൻ എന്നൊരു ശക്തിയില്ല. ഉണ്ടെങ്കിലും എനിക്ക് കാണാൻ കഴിയില്ല എന്ന ചിന്തയാവണം ഈ അഴിച്ചു കളയുന്നത്'' കല്ലൂരാൻ പറഞ്ഞു. നദിയുടെ മാറിലെ പൂമ്പാറ്റ ഒന്നിളകിയതായി തോന്നി പയസിന്. വസ്ത്രമെല്ലാം അഴിച്ചുകഴിഞ്ഞിട്ടും മറ്റെന്തോ തന്റെ തൊലിപ്പുറത്തിനോട് ചേർന്നിരിക്കുന്നതായി തോന്നിയെങ്കിലും അയാൾ അതും ഉരിഞ്ഞുകളഞ്ഞു. എന്നാൽ ചുരണ്ടിയ ഉരുളക്കിഴങ്ങിന് തൊലി വന്നു ചേരുന്നത് പോലെ മറ്റൊന്ന് വീണ്ടും രൂപപ്പെട്ടിരിക്കാം. അയാൾ ശ്രമമുപേക്ഷിച്ചു. നദിയും കല്ലൂരാനും മുന്നേ നടന്നു കഴിഞ്ഞിരുന്നു. അയാൾ എന്തിനെന്നില്ലാതെ വട്ടത്തിലൊന്നു കറങ്ങി മുന്നോട്ട് ചുവടുവയ്ക്കാനൊരുങ്ങിയതും നദി പെട്ടന്ന് മുന്നിലെത്തി.
""കണ്ടില്ലേ'' അവൾ പിറുപിറുത്തു.
""ഇല്ല, എവിടെ ?'' അയാൾ പേടിയെല്ലാം മറന്ന് കൗതുകത്തോടെ ചോദിച്ചു.
""ഇവിടെത്തന്നെയുണ്ട് കണ്ണ് തുറന്നു നോക്കിക്കേ.'' പിന്നെയും അവൾ കണ്ണിൽ നിന്ന് മറഞ്ഞു. താൻ കാണാൻ പോകുന്ന അല്ലെങ്കിൽ കാണാൻ സാധ്യതയുള്ള രൂപങ്ങൾ ഒന്നൊന്നായി അയാൾ മനസ്സിൽ സങ്കൽപ്പിച്ചു. ഒരു ശവശരീരം, ഒരു വികൃതരൂപം, നദി, കല്ലൂരാൻ, ചിരിച്ചുകൊണ്ട് അപ്രത്യക്ഷനായ ആ പയ്യൻ, കാട്ടുമൃഗങ്ങൾ അങ്ങനെയെല്ലാം. താൻ ഇതുവരെ കണ്ടിട്ടുള്ള ഒരു കുള്ളനെക്കാൾ പൊക്കം കുറഞ്ഞ എന്തോ ഒന്ന് ഉരുണ്ട് നീങ്ങിയത് സ്വപ്നത്തിലെന്നപോലെ പയസ് കണ്ടു. അത് തിരിഞ്ഞ് തന്നെയെന്ന് നോക്കിയോ. അയാൾ നദിയുടെ പൂമ്പാറ്റയെ ഓർത്തു. അയാൾക്ക് ഉണർവ്വുണ്ടായി. കല്ലൂരാനെ അയാൾ മറന്നുകഴിഞ്ഞിരുന്നു. കുട്ടിച്ചാത്തന് വേണ്ടി ചുറ്റിലും പരതിക്കൊണ്ട് മുന്നോട്ടും പിന്നോട്ടും നടന്നു. അദൃശ്യമായ ഒരു വൃത്തത്തിന് പുറത്തേയ്ക്ക് തന്റെ കാലുകൾ ചലിക്കുന്നില്ലെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു.

""ഇവിടെത്തന്നെയുണ്ട് കണ്ണ് തുറന്നു നോക്കിക്കേ.'' അയാൾ തന്നോട് തന്നെ പറഞ്ഞു. നദിയുടെ പൂമ്പാറ്റ അയാളുടെ ചെവികളിൽ ഒരു പിടച്ചിൽ നൽകി. കരിയിലകൾ അമർത്തിച്ചവിട്ടിക്കൊണ്ട് ചുള്ളിക്കമ്പുകളെ ഒടിച്ചുകൊണ്ട് തടിക്കഷ്ണങ്ങളിൽ തട്ടിത്തടഞ്ഞുകൊണ്ട് കാട്ടുചെടികളിൽ അലച്ചുകൊണ്ട് ആരോ ഓടി വരുന്നതിന്റെ ശബ്ദം കേട്ട് അയാൾ ആശ്ചര്യപ്പെട്ടു. തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള ശേഷിയില്ലെന്നറിഞ്ഞുകൊണ്ട് തന്നെ അയാൾ തയ്യാറെടുത്തു. കൈകാലുകൾ,രോമങ്ങൾ, പുരികങ്ങൾ, നഖങ്ങൾ, മുലക്കണ്ണുകൾ, ലിംഗം എന്നിങ്ങനെയെല്ലാം തയ്യാറാക്കി നിറുത്തി. വരുന്നത് നദിയായിരിക്കണേ എന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു. കാരണം അയാൾ കല്ലൂരാനെ മറന്നു കഴിഞ്ഞിരുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments