ചിത്രീകരണം : ജാസില ലുലു.

ആ സൈക്കിൾ പഴയ സഖാവിനെ തിരിച്ചുകൊണ്ടുവന്നു

റ്റാരുടേയും ശ്രദ്ധയിൽ പെടാതെ ആ സ്ഥലത്തിന്റെ വിശദാംശങ്ങൾ അയാൾ ഒപ്പിയെടുത്തു. തുടർന്ന് മണൈൽ തെരുവിൽ മോണിക്കയെ കാത്തുനിന്നു.

അപ്പോൾ അയാൾ ചുമ്മാ ആലോചിച്ചു, ഒരു ഏങ്കോണിപ്പൻ ആലോചന.
തനിക്ക് രണ്ടു പേരുണ്ടെന്ന്. മോണിക്കക്കും മറ്റുള്ളവർക്കും ആ കാര്യം അറിയില്ലെന്നും.
ആ രണ്ടു പേരുകളും അയാൾ ഓർമിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയിലെ സഖാക്കൾ തൗഫീഖ് എന്നോ തൗ എന്നു മാത്രമോ അയാളെ വിളിച്ചു. വളരെ കുറച്ചു പേർക്കു മാത്രമേ അയാളുടെ ശരിയായ പേര്- അബ്ദുൽ മാലിക്ക്- അറിയുമായിരുന്നുള്ളൂ.
പാർട്ടി ചെയർമാൻ ഒരിക്കലൊരു സംഭാഷണ വേളയിൽ ആ പേര് മറന്നു. ചെയർമാൻ അത് ഓർത്തെടുക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു.
അബ്ദുൽ റസൂൽ എന്നൊക്കെ പറഞ്ഞു നോക്കി.

തുടക്കത്തിൽ തൗഫീഖ് എന്ന പേര് അയാൾക്ക് ഇഷ്ടമായിരുന്നില്ല.
എന്നാൽ ജീവിതം അയാളിൽ ആ പേരു തന്നെ ഉറപ്പിച്ചു.
അടുപ്പമുള്ളവരിൽ അയാൾ താമസിച്ചിരുന്ന തെരുവിലെ പരിചയക്കാരായ ചില കടക്കാരൊഴിച്ച് വർഷങ്ങളായി ആരും അയാളെ അബ്ദുൽ മാലിക്ക് എന്ന പേര് വിളിച്ചിരുന്നില്ല. അയാൾക്ക് പാർട്ടി ഏൽപ്പിച്ചിരുന്ന രഹസ്യപ്രവർത്തനങ്ങളല്ലാതെ അച്ഛനോ അമ്മയോ സുഹൃത്തുക്കളോ ഒന്നുമുണ്ടായിരുന്നില്ല. സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുമായി കലർന്നുള്ള ജീവിതം അയാൾക്കുണ്ടായിരുന്നില്ല, അല്ലെങ്കിൽ അങ്ങിനെ ഒന്നിനെ അയാൾ പ്രോൽസാഹിപ്പിച്ചിരുന്നില്ല. സഖാക്കൾക്കു വേണ്ടി ജീവൻ കളയാൻ പോലും അയാൾക്ക് മടിയുണ്ടായിരുന്നില്ല താനും. പക്ഷെ അവർ തന്നെ സുഹൃത്തായി കാണുന്നുണ്ടോ എന്ന കാര്യത്തിൽ അയാൾക്ക് ഉറപ്പൊന്നുമുണ്ടായിരുന്നില്ല. വിറക്കുകയും ഞെരുക്കുകയും ചെയ്യുന്ന മുറികളിൽ വെച്ചാണ് സഖാക്കളെ അയാൾ ഇടക്കിടെ കണ്ടിരുന്നത്. തന്നെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്തയാളായിരുന്നു അയാളുടെ ഏക സുഹൃത്ത്. അയാളാകട്ടെ ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു, അതെപ്പോഴും അങ്ങിനെയാണ്, റോഡപകടങ്ങളിലാണ് സഖാക്കൾ മരിക്കുന്നത്!.

മരണത്തെ അയാൾ ഒട്ടും ഭയപ്പെട്ടിരുന്നില്ല.
എന്നാൽ താൻ വിസ്മൃതനാകും എന്നതിനെ അങ്ങേയറ്റം ഭയപ്പെടുകയും ചെയ്തു. തനിക്ക് പ്രശസ്തി വേണമെന്ന് അയാൾ കരുതിയില്ല. എന്നാൽ തന്നെക്കുറിച്ചുള്ള ഓർമ്മ ദീർഘകാലം നില നിൽക്കണമെന്ന് അയാൾ ആഗ്രഹിച്ചു. ഏറ്റവും ചുരുങ്ങിയത് ഒരാളിലെങ്കിലും.

മോണിക്ക വന്നു. അയാൾ ആർക്കും സംശയമുണ്ടാക്കാത്ത വിധം കവലകളിലാണ് ആളുകളെ കാത്തു നിൽക്കുക. ഇക്കുറിയും അങ്ങിനെ തന്നെ. പാർട്ടി നിർദേശമുള്ളതാണ്, സംശയം തോന്നാത്ത സുരക്ഷിതമായ സ്ഥാനങ്ങളിൽ നിൽക്കാൻ. അതിനു പറ്റുന്നില്ലെങ്കിൽ എളുപ്പം സ്ഥലം വിടാനും.

അപ്രതീക്ഷിതമായ, മുൻകൂട്ടി കാണാൻ കഴിയാത്ത കാര്യമാണ് അരക്ഷിതാവസ്ഥ എന്നയാൾ വിശ്വസിച്ചു. ചിലപ്പോൾ കൃത്യവും സ്പഷ്ടവുമായ തെളിവുകളില്ലെങ്കിലും എന്തോ കുഴപ്പം സംഭവിക്കാൻ പോകുന്നു എന്ന് തോന്നിയാലും അയാൾ സ്ഥലം വിടും. മോണിക്കയെ കാത്തു നിൽക്കുമ്പോൾ അവൾ ഇന്ന തെരുവിലൂടെയാണ് വരികയെന്ന് കവലയിൽ നിൽക്കുമ്പോൾ അയാൾ തന്നോട് തന്നെ പന്തയം വെക്കും. അയാളതിൽ സ്ഥിരമായി വിജയിക്കുകയും ചെയ്യും.

നിരവധി തവണ മോണിക്കയെ കാത്തു നിന്ന് അയാൾ പന്തയം വെക്കൽ ആവർത്തിച്ചു. അത് വികസിച്ചു വരാനും തുടങ്ങി. മോണിക്ക കറുത്ത സ്‌കർട്ടും കള്ളിഷർട്ടിട്ടുമിട്ടാണ് വരികയെന്ന് അയാൾ തന്നോട് തന്നെ പന്തയം വെക്കും. അവൾ ഒരിക്കലും പാൻറ്​സ്​ ഉപയോഗിച്ചിരുന്നില്ല. നടക്കാനും മറ്റും കൂടുതൽ സ്വാതന്ത്ര്യം അതിനാണെങ്കിലും. എന്തു കൊണ്ട് അങ്ങിനെ എന്നയാൾ എപ്പോഴും ആശ്ചര്യപ്പെട്ടു. രണ്ടു വർഷം നിത്യവും മോണിക്കയെ കാണുന്നത് പതിവായപ്പോൾ അയാൾ ഉറപ്പിച്ചു, അവൾ പാൻറ്സിനെ വെറുക്കുന്നുവെന്ന്.
അതെ, അവൾ സ്‌കർട്ടാണ് ധരിച്ചിരുന്നത്. എന്നാൽ അവളുടെ നിറങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒരിക്കലും അയാൾക്ക് പ്രവചനങ്ങളിൽ എത്താനായില്ല. എന്നാൽ അവൾ എന്തു ധരിക്കും, സ്‌കർട്ട്, ബ്ലൗസ്, ഷർട്ട്- ഇതിൽ പലപ്പോഴും അയാൾക്ക് മുൻധാരണകളിലെത്തിച്ചേരാൻ കഴിഞ്ഞു. എന്നാൽ അവയുടെ നിറങ്ങളെ മുൻകൂട്ടി കാണാൻ പറ്റിയതുമില്ല.

പക്ഷെ ഒരു കാര്യം അയാൾ കണ്ടെത്തി.
അവൾ ഒരിക്കൽ ഉപയോഗിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നില്ല എന്ന്.
അവൾക്ക് വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി സ്വന്തമായി ഉണ്ടായിരിക്കാമെന്ന് അയാൾ ഭാവനയിൽ കണ്ടു. സ്‌കർട്ടുകൾ, ബ്ലൗസുകൾ, ഷർട്ടുകൾ, ജാക്കറ്റുകൾ, മറ്റു വസ്ത്രങ്ങൾ എന്നിവയുണ്ടാക്കുന്ന ഒരു ഫാക്ടറി. ഒരു പക്ഷെ, അവൾ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരിക്കാം. ഒരു കാര്യം അയാൾക്കറിയാം, പാർട്ടി അംഗങ്ങളിൽ സമ്പന്നരും ദരിദ്രരുമുണ്ടെന്ന്.

ഇറക്കം കുറഞ്ഞ, കാലുകൾ മിക്കവാറും കാണാവുന്ന സ്‌കർട്ട് മോണിക്ക ധരിക്കുന്നത് അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. തന്നോട് തന്നെ പന്തയം വെച്ചതു സത്യമായി താൻ വിചാരിച്ച തെരുവിൽ അവൾ പ്രത്യക്ഷപ്പെടുമ്പോൾ അയാൾ മോണിക്കയുടെ കാലുകളിലേക്ക്, നടക്കുമ്പോഴുള്ള താളത്തിലേക്ക് നോക്കി നിൽക്കും. നഗ്‌നമായ കാലുകളിൽ തുറിച്ചു നോക്കൂന്നതിൽ അവൾക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ പെട്ടെന്നയാൾ അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കാൻ തുടങ്ങും. സ്വന്തം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ, മോണിക്കയുമായി ബന്ധപ്പെട്ടത്, അതാണെന്നും അയാൾ കരുതിപ്പോന്നു.

രഹസ്യപ്രവർത്തനത്തിന് തനിക്ക് കിട്ടിയ ഏറ്റവും മികച്ച പ്രതിഫലം അത്തരം നിമിഷങ്ങളായിരുന്നുവെന്നും അയാൾ കരുതി. മോണിക്കക്ക് പകരം ഒരു ദിവസം മറ്റൊരു യുവതിയാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ താൻ എങ്ങിനെയായിരിക്കും പ്രതികരിക്കുക എന്നും അയാൾ ഇടക്ക് ഓർത്തിരുന്നു.

അപ്പോഴാണ് സത്യത്തിൽ താനവളെ പ്രേമിക്കുകയാണ്/സ്നേഹിക്കുകയാണ് എന്നയാൾ തിരിച്ചറിഞ്ഞത്. ആ വിചാരം വായിച്ചെടുത്തെന്ന പോലെ മോണിക്ക ഹൃദയത്തിൽ തൊടും വിധം അയാളോട് ചിരിച്ചു. അവളുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി അയാൾ വിചാരിച്ചു: ശരിക്കുമവളുടെ പേര് നാദിയ എന്നായിരിക്കുമെന്ന്. ശരിക്കുമുള്ള പേര് എന്തെന്ന് ആരോടും അയാൾ ചോദിക്കാറില്ല. ആളുകളുടെ/ പ്രത്യേകിച്ചും പാർട്ടിക്കാരുടെ സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങൾ ചൂഴ്​ന്നു നോക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണിത്. തന്റെ മേശപ്പുറത്തെ കടലാസുകളിൽ അയാൾ എപ്പോഴും ചിക്കിച്ചികഞ്ഞു കൊണ്ടിരിക്കും. എന്നാൽ എല്ലാവരിൽ നിന്നും അൽപ്പം അകലം പാലിക്കാൻ അയാൾ ശ്രദ്ധിക്കും. അത് തനിക്ക് സമചിത്തത നൽകുന്നുവെന്ന് അയാൾക്ക് ഉറപ്പുണ്ട്. അയാൾ ചുറ്റുപാടും നോക്കി, തന്റെ കയ്യിലുള്ള കവർ മോണിക്കക്ക് കൈമാറി.

നിസ്സാരമായ ജോലിയാണ് പാർട്ടി തന്നെ ഏൽപ്പിക്കുന്നതെന്ന് തോന്നുമെങ്കിലും ആ തോന്നലിൽ നിന്നും പെട്ടെന്ന് മുക്തി നേടുമയാൾ. കുറച്ചുകാലം കൊണ്ട് ഏകപക്ഷീയമായ ബന്ധം അയാൾ മോണിക്കയുമായി വളർത്തിയെടുത്തു. അവളും താനും ചേർന്ന് ജർമൻ, സോവിയറ്റ്, ഇസ്രായേലി, ഈജിപ്ഷ്യൻ പോലീസുമായി ഏറ്റുമുട്ടി വിജയം വരിക്കുന്നത് അയാൾ ഭാവനയിൽ നട്ടുനനച്ചു. രണ്ടു ചാരൻമാരെപ്പോലെ പ്രവർത്തിക്കുന്നതായി അയാൾ കരുതും. പക്ഷെ ആ ഫാന്റസിയിൽ ആര് ആർക്കെതിരെ എന്ന പ്രശ്നം വരുമ്പോൾ വ്യക്തയില്ലായ്മ, ഒരു തരം മാറാല കയറി വരും. തിൻമക്കെതിരെ പോരാടുന്ന ധീരർക്കൊപ്പമാണ് തങ്ങളെന്നുമെന്ന സമാശ്വാസമാണ് അയാളെ എല്ലാ ചിന്താ സങ്കീർണ്ണതകളിൽ നിന്നും രക്ഷപ്പെടുത്തിയത്.

ഭാവനയിൽ അയാൾ കാണുന്നതെല്ലാം ദുരന്ത പര്യവസായികളായിരുന്നു. വെടിയേറ്റോ, കൊടിയ പീഡനത്താലോ മോണിക്ക അതിഭയാനകമാം വണ്ണം കൊല്ലപ്പെടുന്നത്. അവളെ പീഡിപ്പിക്കുന്നവർ വിരലുകളൊടിക്കുകയും നഖങ്ങൾ പിഴുതെടുക്കുയും ചെയ്യുന്നത്. തലയോട്ടിയുടെ കഷണങ്ങളടക്കം മോണിക്കയുടെ മുടി വലിച്ചു പറിക്കുന്നത്. അവളെ ഇങ്ങിനെ അസംഖ്യം തവണ തന്റെ ഭാവനയിൽ കൊല്ലുന്നതിൽ അയാൾ വിതുമ്പി, കുറ്റബോധത്താൽ എരിഞ്ഞു.

എന്തു കൊണ്ടാണെന്നറിയില്ല, അത്രയും സുന്ദരിയായ സ്ത്രീക്ക് ദീർഘായുസ്സിന് വിധിയുണ്ടാകില്ലെന്നു തന്നെ അയാൾ കരുതി. അവൾ മരിക്കണമെന്ന് അയാളുടെ പാതി മനസ്സ് പറഞ്ഞു. അവൾ തനിക്ക് ഒരു യഥാർഥ ഭീഷണിയാണെന്നും ഈ ബന്ധത്തിന്റെ പേരിൽ ഒരു അപ്പാർട്ട്മെന്റിൽ വീട്ടുതടവിനു സമാനമായ ഒറ്റപ്പെട്ട ജീവിതത്തിനും പിന്നീട് തിമിരം ബാധിച്ച് ഇരുട്ടിലും കഴിയേണ്ടി വന്നേക്കുമെന്ന ഭയം സത്യത്തിൽ അയാൾക്കുണ്ടായിരുന്നു. പല തവണ മോണിക്കയെ മനസ്സിൽ കൊന്നെങ്കിലും അവളുമായുള്ള കൂടിക്കാഴ്ചക്ക് പാർട്ടി നിയോഗിക്കുന്നതും കാത്ത് അയാൾ അക്ഷമയോടെ ദിവസങ്ങൾ തള്ളിനീക്കി. അവളെ കാണാൻ തന്നെയല്ലാതെ മറ്റാരെയെങ്കിലും നിയോഗിച്ചാൽ, ആ ഉത്തരവിടുന്നത് പാർട്ടി ചെയർമാനാണെങ്കിൽ കൂടി, അതിനെ എതിർക്കുമെന്നും അയാൾ ഉറപ്പിച്ചിരുന്നു. പാർട്ടിയിലെ നേതൃഘടനയെത്തന്നെ വിമർശിക്കും. അവളെ കാണുകയും പണം കൈമാറുകയും ചെയ്യുന്ന ദൗത്യത്തിൽ നിന്നും തന്നെ ആരു തന്നെയാണെങ്കിലും, പാർട്ടി ചെയർമാൻ ആണെങ്കിലും, ഒഴിവാക്കുകയോ മാറ്റി നിർത്തുകയോ ചെയ്താൽ അതിനെ ചോദ്യം ചെയ്യുമെന്നും അവളെ കാണുന്നത് തടഞ്ഞാൽ പാർട്ടിക്കുവേണ്ടിയുള്ള രഹസ്യ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അയാൾ ഉറപ്പിച്ചു. പക്ഷെ, പിന്നെ അയാൾ തന്നെത്തന്നെ തിരുത്തി: ഇത്രയും അതിഭാവുകത്വം നിറഞ്ഞ ഭാവന വേണ്ട!.

അവളുമായി അയാൾ ഒന്നും സംസാരിച്ചിരുന്നില്ല.
എന്നാൽ തന്നോട് ചിരിച്ചതിനു ശേഷം അടുത്ത തവണ കണ്ടപ്പോൾ അയാൾ പറഞ്ഞു: ഞാൻ നിന്നെ സ്നേഹിക്കുന്നു.
അവൾ നന്നായി ചിരിച്ചു. അതൊരു അനുകൂല ചിരിയാണെന്ന് തോന്നിച്ചു. പക്ഷെ ഒന്നും പറഞ്ഞില്ല. പതിവു പോലെ നടന്നകന്നു പോയി.

മോണിക്കയെ അയാൾ കെയ്റോ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെച്ച് സന്ധിച്ചു എന്നു പറയാം. അവൾ അയാളെ ശ്വാസം മുട്ടിച്ചു. അവളെക്കാണാൻ ചിലപ്പോൾ അയാൾ ഹെലിയപ്പോളിസിൽ നിന്നും ട്രാമിൽ കയറി. എന്നിട്ട് റംസീസ് തെരുവിന്റെ എക്സ്റ്റൻഷനിലിറങ്ങി. അവിടെ നിന്ന് സക്കാക്കിനിയുടെ അറ്റം വരെ നടന്നു. ചിലപ്പോൾ ബസിലോ, മിനിബസിലോ, ടാക്സിയിലോ അയാൾ ഓൾഡ് കയ്റോയിലേക്ക് പോയി. ചിലപ്പോൾ ഹൽവാനിലേക്കോ മാദിയിലേക്കോ ജിസ ഗാർഡനിലേക്കോ. ചിലപ്പോൾ കയ്റോ ഡൗൺ ടൗണിലേക്ക്. മറ്റു ചിലപ്പോൾ റോദ് അൽ ഫറാഗിലേക്ക്, അല്ലെങ്കിൽ കയ്റോയുടെ കിഴക്കൻ മുനമ്പിലേക്ക്, ചിലപ്പോൾ പടിഞ്ഞാറൻ മുനമ്പിലേക്ക്, ചിലപ്പോൾ വടക്കൻ ഭാഗത്തേക്ക്, മറ്റു ചിലപ്പോൾ തെക്കൻ ഭാഗത്തേക്ക്. അങ്ങിനെയിരിക്കുമ്പോഴാണ് പാർട്ടി അയാൾക്ക് ഒരു സൈക്കിൾ വാങ്ങിക്കൊടുത്തത്.

ഗാർഡൻ സിറ്റിയിലെ ഒരു ഹൃദ്രോഗ വിദഗ്ധനെ കാണാനായി പാർട്ടി ഒരിക്കൽ അയാളെ അയച്ചു. ആദ്യം തൗ ഡോക്ടറെ കാണുമ്പോൾ അയാൾ ഒരു ചുരുട്ട് കടിച്ചു പിടിച്ചു നിൽക്കുകയായിരുന്നു. പാർട്ടി ചെയർമാനും വളരെ പരിചിതരായ രണ്ടു സഖാക്കളും ഡോക്ടർക്കൊപ്പമുണ്ടായിരുന്നു. പാർട്ടി ചെയർമാൻ സൈക്കിൾ ചൂണ്ടിക്കാട്ടി ജൂതനും സ്വർണ വ്യാപാരിയുമായിരുന്ന ജോസഫ് റോസെന്താളിനെക്കുറിച്ച്, അയാൾ പാർട്ടിക്ക് ആദ്യകാലത്ത് നൽകിയ സേവനങ്ങളെക്കുറിച്ച് പറഞ്ഞു.

പാർട്ടി ചെയർമാൻ എന്താണുദ്ദേശിക്കുന്നതെന്ന് തൗവിന് മനസ്സിലായില്ല.
സ്വർണ്ണ വ്യാപാരിയും ഡോക്ടറുമായി ബന്ധം സ്ഥാപിച്ചെടുക്കാനായിരിക്കാം ചെയർമാൻ ഉദ്ദേശിച്ചതെന്ന് തൗ ആദ്യം കരുതി. കാരണം ഇരുവരും പാർട്ടിക്ക് നൽകിയ പണവും മറ്റ് സംഭാവനകളും പരിഗണിച്ചുകൊണ്ടായിരിക്കാമത്.
തൗവിന് സ്വർണ്ണ വ്യാപാരിയെക്കുറിച്ചോ ഡോക്ടറെക്കുറിച്ചോ ഒന്നുമറിയില്ല, പാർട്ടി ചെയർമാൻ പറഞ്ഞു കൊടുത്തിട്ടുമില്ല. തൗവിനോട് ആരും ഒന്നും പറഞ്ഞില്ല. പകരം ഒരു കടലാസിൽ ഒപ്പിട്ടു നൽകാൻ മാത്രം പറഞ്ഞു. അയാൾക്ക് മനസ്സിലായി, ഒരു നാൾ സൈക്കിൾ തിരിച്ചു കൊടുക്കേണ്ടി വരുമെന്ന്.

പൊതുഗതാഗതമില്ലാത്ത സ്ഥലങ്ങളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാനാണ് സൈക്കിൾ നൽകുന്നതെന്ന് പാർട്ടി ചെയർമാൻ തൗവിനോട് പറഞ്ഞു. അയാൾക്ക് പാർട്ടി ചെയർമാനോട് നന്ദി തോന്നി. ഈ ആശയം അദ്ദേഹത്തിന്റെ തന്നെയെന്നും ഉറപ്പിച്ചു. അടുത്ത ദിവസങ്ങളിൽ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നു, മുന്നേറി. മോണിക്കയോട് ഡൗൺടൗണിലെ ഒരു കഫേയിൽ വരാനും കാണാനും പറയാൻ വരെയുള്ള ധൈര്യവും അയാൾക്കുണ്ടായി. കഫേയിലേക്കു പോകുമ്പോൾ വിവാഹിതരായ രണ്ടു സഖാക്കളെക്കുറിച്ച് അയാളോർത്തു. ഇരുവരേയും സൂയസിൽ പോലീസ് തടഞ്ഞു നിർത്തിയപ്പോൾ മാത്രമാണ് തങ്ങൾ പാർട്ടിക്കാർ കൂടിയാണെന്ന കാര്യം അവരുടെ ഓർമയിലേക്ക് വന്നത്.

അടുത്ത തവണ മോണിക്കയെ കാണാൻ അയാൾ സൈക്കിളിലാണ് പോയത്. സൈക്കിളോടിച്ചു പോകുമ്പോഴെല്ലാം അവളുടെ പ്രതികരണങ്ങൾ ഭാവനയിൽ കാണുകയായിരുന്നു അയാൾ. അവളന്ന് നിറഞ്ഞു ചിരിച്ചു എന്നത് സത്യമാണ്, പക്ഷെ ഒന്നും പറയാതെയാണ് പോയതെന്നതും നേരാണ്. ഇക്കുറി എന്തായാലും അവൾ പ്രതികരിക്കുമെന്നു തന്നെ അയാളുറപ്പിച്ചു. ഒരു ചിരി മാത്രം മതിയാകില്ലെന്ന് അയാൾ കരുതി. അവൾ ചിരിച്ചില്ലെങ്കിലും പ്രശ്നമില്ല, സംസാരിച്ചാൽ മതി. അവളെ സംസാരിപ്പിക്കണം, തൗ ഉറപ്പിച്ചു. ഞാനൊരു സഖാവാണെന്നോ, വിവാഹിതയാണെന്നോ, കന്യാസ്ത്രീയാണെന്നോ എന്തു വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ. പക്ഷെ അവളെക്കൊണ്ട് പ്രതികരിപ്പിക്കണം. പക്ഷെ, അവൾ അങ്ങിനെയൊന്നുമല്ല പറഞ്ഞത്.

അവളെത്തി.
ദൂരെ നിന്നേ പതിവുപോലെ തൗ മോണിക്കയെ കണ്ടു.
വെളുത്ത നിറത്തിലുള്ള ഉടുപ്പിൽ കടുംനീല പൂക്കളുടെ എംബ്രോയ്ഡറിയായിരുന്നു.
അയാൾ അങ്ങോട്ട് ഒന്നും പറഞ്ഞില്ല, അതിനു മുമ്പെ മോണിക്ക പറഞ്ഞു: ഞാനും നിങ്ങളെ പ്രേമിക്കുന്നു.
അയാൾ കവർ അവളെ ഏൽപ്പിച്ചില്ല. അവൾ ചോദിച്ചതുമില്ല. പാർട്ടിയുടേയും പൊലീസിന്റേയും നിയമങ്ങൾ ലംഘിച്ച് സൈക്കിളിന്റെ മുൻ തണ്ടിൽ അവളെയിരുത്തി ഇരുവരും സഞ്ചരിക്കാൻ തുടങ്ങി. അങ്ങിനെ സെപ്റ്റംബർ കാറ്റിൽ അവർ മഅ്ദി തീരദേശപാതയിലൂടെ സൈക്കിളോടിച്ചു പോയി.

പ്രഥമ ദൃഷ്ട്യാ തന്നെ അയാളുമായി പ്രണയത്തിലായതായി മോണിക്ക പറഞ്ഞു. പിന്നെ എല്ലാം ഒരുക്കിയത് അവളായിരുന്നു. തങ്ങളുടെ വിവാഹത്തെക്കുറിച്ച് സഖാക്കളോടോ അവരുടെ മുമ്പിൽ വെച്ചോ സംസാരിക്കരുത് എന്നതായിരുന്നു മോണിക്കയുടെ ആദ്യ നിർദേശം. ഇരുവർക്കും പാർട്ടി വ്യത്യസ്തമായ ജോലികൾ നൽകാം. ചിലപ്പോൾ ഒന്നിച്ചു ചെയ്യേണ്ട ജോലികളും നൽകാം. എന്തായാലും മറ്റുള്ളവരുടെ മുമ്പിൽ ഇരുവരും കണ്ടുമുട്ടുന്നത് തെരുവിൽ നിന്നായിരിക്കണം. തെരുവിൽ വെച്ച് കാണാനായില്ലെങ്കിൽ താൻ മരിച്ചു പോകുമെന്ന് തൗ പറഞ്ഞു.

ഒരു വശത്ത് പാർട്ടിക്കൂറുള്ള, ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുന്നവർ, മറുവശത്ത് കമിതാക്കൾ- അങ്ങിനെ ജീവിക്കാൻ അവർ തീരുമാനിച്ചു. അയാൾ വീട്ടിൽ നിന്ന് പാർട്ടിക്കായി പണം വാങ്ങാനും അവളത് സ്വീകരിക്കാനുമായി പോകും- രണ്ടും ഒരേ വീട്ടിൽ നിന്ന്. പാർട്ടി വിഷയങ്ങൾ ഒരിക്കലും തമ്മിൽ സംസാരിക്കരുതെന്നും തങ്ങളുടെ ഘടകങ്ങൾ നൽകുന്ന നിർദേശങ്ങൾ അച്ചടക്കത്തോടെ കർശനമായി നടപ്പിലാക്കാനും ഇരുവരും തീരുമാനിച്ചു. രണ്ടു പേരും രണ്ട് ഘടകങ്ങളെ പ്രതിനിധീകരിക്കുന്നവരാണല്ലോ. അയൽക്കാരോട് താൻ വിവാഹിതനായെന്നും വധു അടുത്ത ദിവസങ്ങളിൽ വരുമെന്നും മാത്രം പറയാനും അയാൾ തീരുമാനിച്ചു.

മാതാപിതാക്കളുടെ ഏക മകളായിരുന്നു മോണിക്ക.
രണ്ടു പേരും കഠിന രോഗങ്ങൾ വന്ന് മരിച്ചവരുമാണ്.
ഇസ്​ലാം സ്വീകരിച്ചശേഷം വിവാഹം രജിസ്റ്റർ ചെയ്യാൻ രണ്ടു സാക്ഷികളെ അവൾ തയ്യാറാക്കി. വിവാഹ സർട്ടിഫിക്കറ്റിൽ അവളുടെ പേര് നാദിയ എന്നല്ല, ഹന്ന എന്നായിരുന്നു. അങ്ങിനെ ഒരു പേര് അവൾക്ക് ആദ്യമായിരുന്നു.
തങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ അവനെ ഒരിക്കലും അലട്ടിയിരുന്നില്ല. വ്യത്യാസങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കപ്പെട്ടു. അവൾക്ക് സമേലക്കിൽ ഇരുനിലയുള്ള ഒരു കുടുംബവീടുണ്ട്. ദിവസവും രണ്ടു തവണ മാറ്റി ഉടുക്കാവുന്നത്ര വസ്ത്ര ശേഖരവുമുണ്ട്. അഞ്ച് കൂറ്റൻ സ്യൂട്ട്കേസുകളിലാണ് അയാളുടെ അപ്പാർട്ട്മെന്റിലേക്ക് അവൾ വസ്ത്രങ്ങളുമായി വന്നത്. ബാക്കിയുള്ള വസ്ത്രങ്ങൾ കൊണ്ടു വരാൻ പത്തു യാത്രകൾ കൂടി വേണ്ടി വരുമെന്നും അവൾ പറഞ്ഞു.

വൈദ്യശാസ്ത്രത്തിലാണ് മോണിക്കയുടെ ബിരുദം. അയാൾ സാഹിത്യത്തിലും. പണത്തെച്ചൊല്ലി ഒരു ആശങ്കയും തനിക്കില്ലെന്ന് അവൾ. അയാൾ തന്റെ പിതാവ് ബാങ്കിൽ നിക്ഷേപിച്ച ചെറിയ തുകയുടെ പലിശകൊണ്ടാണ് ജീവിക്കുന്നത്. ചെലവു ചുരുക്കാനായി ദിവസത്തിൽ രണ്ടു നേരമേ ഭക്ഷണം പതിവുള്ളൂ. പിതാവ് ഒസ്യത്തിൽ അപ്പാർട്ടുമെൻറ്​ തന്റെ പേരിലാക്കിയിരുന്നില്ലെങ്കിൽ തന്റെ ഗതി എന്താകുമായിരുന്നുവെന്നും അയാൾ ആലോചിച്ചു.

അവളെ തൊടാൻ ശ്രമിച്ചപ്പോൾ അവൾ പറഞ്ഞു: ഞാൻ കന്യകയല്ല, കോളേജിൽ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഒരിക്കൽ അയാളുടെ അപ്പാർട്ട്മെന്റിൽ വെച്ച് ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ പഠനം കഴിഞ്ഞപ്പോൾ അയാൾ എന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു- അവൾ പറഞ്ഞു. ഇതെല്ലാം വിവാഹത്തിനു മുമ്പേ പറയേണ്ടതായിരുന്നു, അങ്ങിനെ സംഭവിച്ചു എന്നു തന്നെ കരുതുക. എങ്കിലും തൗ തന്റെ മനസ്സ് മാറ്റുമായിരുന്നോ?

ഇതെല്ലാം കേട്ട് തൗ തലയാട്ടി, അതൊന്നും ഒരു പ്രശ്നമേയല്ലെന്ന മട്ടിൽ.
അതു വരേയും താൻ എങ്ങിനെ പാർട്ടിക്കാരിയായി, ആരാണ് തന്നെ പാർട്ടിയിലെടുത്തത് എന്നീ കാര്യങ്ങൾ അവൾ പറഞ്ഞിരുന്നില്ല. അവൾ നേരെ വാ, നേരെ പോ മട്ടുകാരിയായിരുന്നുവെങ്കിലും വീട്ടുചെലവുകൾ എങ്ങിനെ ഭാഗിക്കാം എന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയോ ധാരണയിലെത്തുകയോ ചെയ്തിരുന്നില്ല. പ്രമഥദൃഷ്ട്യാലുള്ള അനുരാഗത്തെക്കുറിച്ച് കൂടുതൽ വിശദമായി അവൾ പറയുന്നത് കേൾക്കണമെന്നയാൾക്കുണ്ടായിരുന്നു, പക്ഷെ അതും തൗ ചോദിച്ചില്ല. എന്തായാലും തങ്ങളുടെ ജീവിത വിധിക്ക് പലവിധ സമാനതകളുള്ളതായി ഇരുവരും മനസ്സിലാക്കി, തങ്ങൾക്കങ്ങിനെ വിട്ടു പോകാനാകില്ലെന്നും.

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം പാർട്ടി അവരെ ഒരു ചുമതലയേൽപ്പിച്ചു. അവൾക്ക് പോകേണ്ടത് ഹെൽവാനിലേക്കും ഡൗൺ ടൗണിലേക്കുമാണ്. അയാൾക്ക് ഹെലിപോളിസിലേക്കും പിന്നീട് ഡൗൺ ടൗണിലേക്കും. പാർട്ടി രഹസ്യങ്ങൾ വീട്ടിൽ വെച്ച് സംസാരിക്കരുതെന്ന ധാരണ നില നിർത്തുന്നുണ്ടെങ്കിലും സൈക്കിൾ നൽകിയപ്പോൾ പാർട്ടി ചെയർമാൻ നടത്തിയ ചെറു പ്രസംഗത്തെക്കുറിച്ച് അവൻ അവളോട് പറഞ്ഞു. ജോസഫ് റോസെന്താളിനെക്കുറിച്ച് ചെയർമാൻ പറഞ്ഞത് എന്തിനാണെന്ന് തനിക്ക് മനസ്സിലായില്ലെന്ന് തൗ പറഞ്ഞപ്പോൾ അവൾ പ്രതികരിച്ചു: അദ്ദേഹം പാർട്ടി സ്ഥാപകരിൽ ഒരാളാണ്: അത് അയാളിൽ അൽപ്പം അൽഭുതം ഉളവാക്കി, അൽഭുതത്തോടെ നോക്കി നിൽക്കുമ്പോൾ അവൾ മുൻ വാതിലിലൂടെ അപ്രത്യക്ഷയായി.

പാർട്ടി ദൗത്യത്തിന്റെ ഭാഗമായി മോണിക്കയെ കാണാൻ കുറച്ചു കൂടി സമയമുണ്ട്. അതിനാൽ അയാൾ അവൾ കൊണ്ടു വന്ന ചിത്രങ്ങൾ ചുമരിൽ തൂക്കാൻ തുടങ്ങി. ഹന്നയുടെ ചിത്രങ്ങൾ. ആ ചിത്രങ്ങളിൽ നിന്നും അവളുടെ ആത്മശോഭ അപ്പാർട്ട്മെന്റിന്റെ എല്ലാ മുറികളിലേക്കും മൂലകളിലേക്കും പ്രവഹിക്കുന്നതായും അയാൾക്കു തോന്നി.

മുമ്പെന്ന പോലെ, അതേ ആവശത്തോടെയും ജിജ്ഞാസയോടെയും ഷരീഫ് തെരുവും ആദ്ലി തെരുവും വന്നു ചേരുന്ന കവലയിൽ അവളേയും കാത്ത് അയാൾ നിന്നു. നീല വസ്ത്രമണിഞ്ഞ് അവൾ വരുമെന്ന് അയാൾ പഴയ പോലെ തന്നോട് പന്തയം കെട്ടി. ഫുവാദ് തെരുവിന്റെ ഭാഗത്തു നിന്നുമായിരിക്കും അവൾ വരിക. അവളുടെ മുഖം ദൂരത്തു നിന്നും കാണുന്നതിലായിരുന്നു അയാൾക്ക് ഏറെ സന്തോഷം, ഏറ്റവും അടുത്തു നിന്ന് കാണുന്നതിലായിരുന്നില്ല.

അവൾ വരും. അയാൾ കവർ കൈമാറും. ചിരിക്കും. അടയാള വാക്യമായി ‘മനഃസ്സാക്ഷി' എന്നു പറയും. പാർട്ടി എന്തു കൊണ്ടാണ് അടയാള വാക്യമായി ഈ വാക്ക് തെരഞ്ഞെടുത്തതെന്ന് അയാൾ എപ്പോഴും ആലോചിച്ചു നോക്കും. പണം കൈമാറുന്ന ജോലിയായതു കൊണ്ടായിരിക്കുമോ ഈ പദം ഉപയോഗിക്കുന്നത്? ചെയ്യുന്ന കാര്യത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കാൻ. പാർട്ടിയിലെ ചിലർക്ക് തന്നിൽ വിശ്വാസക്കുറവുണ്ടോ? അതോ തന്നെ കളിയാക്കാനാണോ? അയാൾക്ക് ശരിക്കും ദേഷ്യം വന്നു. പാർട്ടി ഏൽപ്പിക്കുന്ന ജോലികൾ അതീവ ജാഗ്രതയോടെ മാത്രമേ ചെയ്യാറുള്ളൂ. അപ്പോൾ അതിവേഗത്തിൽ ഒരു ആംബുലൻസ് അയാളെ കടന്നു പോയി. കുറച്ചു ദൂരെ, ആദിൽ സ്ട്രീറ്റിൽ ജനങ്ങൾ കൂടി നിൽക്കുന്നത് അയാൾ കണ്ടു.

ആംബുലൻസിലേക്ക്​ കയറ്റും മുൻപ് അവളുടെ വസ്ത്രത്തിന്റെ തുമ്പ് ദിനപത്രക്കെട്ടുകൾക്കിടയിൽ നിന്ന് പുറത്തേക്ക് പാറിക്കൊണ്ടിരുന്നു. അയാളോട് ഒരു വാക്കും പറയാതെ മോണിക്ക ജീവിതത്തിൽ നിന്നും വിടവാങ്ങി. എങ്കിലും ജീവിതം സാധാരണ പോലെ ഒഴുകി, എന്നത്തേയും പോലെ.

ഹൃദയം നുറുങ്ങിത്തെറിക്കുന്ന വേദനയുമായി അയാൾ പാർട്ടി ഓഫീസിൽ ചെന്ന് കവർ ചെയർമാന്റെ മേശപ്പുറത്ത് വെച്ചു. മോണിക്ക പണം വാങ്ങാനെത്തിയില്ലെന്നറിയിച്ചു. ഇനി താൻ പാർട്ടി പ്രവർത്തനം തുടരുന്നില്ലെന്ന് കൂടി പറയണമെന്ന് അയാൾക്കുണ്ടായിരുന്നു. എന്നാൽ അങ്ങിനെ പറയുന്നതിൽ നിന്നും നിർവ്വചിക്കാൻ കഴിയാത്ത ഏതോ ഒരു വികാരം അയാളെ തടഞ്ഞു. ഈ സംഭവത്തിനു ശേഷം പാർട്ടിക്കാർ അയാളെ ബന്ധപ്പെടാൻ നോക്കിയെങ്കിലും അയാൾ പ്രതികരിച്ചില്ല. വീട്ടുവാതിൽക്കൽ ആരു വന്നു മുട്ടിയാലും തൗ തുറന്നു കൊടുക്കാൻ തയ്യാറായില്ല. ഒരിക്കൽ പാർട്ടി ചെയർമാൻ തന്നെ നേരിട്ട് വരികപോലുമുണ്ടായി. ഏറെ നേരം കതകിൽ മുട്ടിയിട്ടും പ്രതികരണമൊന്നുമില്ലെന്നു കണ്ടപ്പോൾ ചെയർമാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: തൗ അകത്തുണ്ടെന്ന് എനിക്കറിയാം (അതു ശരിയുമാണ്), വാതിൽ തുറന്നുതന്നെ അകത്തേക്ക് കയറാൻ അനുവദിക്കാത്തത് പരുഷമായ സമീപനമാണ്.

ഇങ്ങനെയുള്ള വാക്കുകൾ പലപ്പോഴും അവിടെ മുഴങ്ങി.
പക്ഷെ തൗ വാതിൽ തുറക്കാൻ ഒരിക്കലും തയ്യാറായില്ല. നിർവ്വചിക്കാൻ കഴിയാത്ത എന്തോ ഒന്ന് അയാളെ അവിടെത്തന്നെ വേരുറച്ചുപോയ ഒരു വസ്തുവിനെപ്പോലെയാക്കി.

അയാളുടെ കണ്ണുകളെ തിമിരം ബാധിച്ചു.
അത് മോണിക്കയുടെ മരണത്തേക്കാൾ അയാളെ സങ്കടത്തിലാഴ്​ത്തി.
കാരണം അവളുടെ ഫോട്ടോകൾ വേണ്ട വിധം കാണാൻ തൗവിന് പറ്റാതായി. കന്യാമറിയത്തിന്റേയും വ്യാളിയെക്കൊല്ലുന്ന സെൻറ്​ജോർജിന്റേയും പടങ്ങൾക്കിടയിൽ ഓരോ ദിവസവും അയാൾ മോണിക്കയുടെ ഓരോരോ പടങ്ങൾ മാറ്റി മാറ്റി വെക്കും. മോണിക്ക ഭംഗിയായി ചിരിക്കുന്ന ഫോട്ടോകളാണ് അങ്ങിനെ വെക്കുക. അത് അടുത്തു നിന്ന് നോക്കി അയാൾ കരയും. തന്റെ കാൽക്കീഴിലെ തടാകത്തിലേക്ക് കണ്ണീർ തുള്ളി വീഴ്​ത്തുകയാണെന്ന് അയാൾ സ്വയം കരുതും.
പിന്നീട് 20 വർഷം തൗ ഡോക്ടർമാരേയും തന്റെ തെരുവിലെ കച്ചവടക്കാരേയും അവരുടെ മക്കളേയും മാത്രം കണ്ടു. സ്വന്തം പേര് പൂർണമായും മറന്നു.

പാർട്ടിയുമായി ബന്ധപ്പെട്ട ചില വാർത്തകൾ കേൾക്കുമ്പോൾ അതിനെക്കുറിച്ച് അയാളാലോചിച്ചു. ചെയർമാനും തനിക്കറിയാവുന്ന മറ്റു സഖാക്കളും ഒന്നുകിൽ മരിക്കുകയോ അല്ലെങ്കിൽ തടവുമുറികളിൽ അടയ്ക്കപ്പെടുകയോ ചെയ്തതായി തൗ മനസ്സിലാക്കി. ജയിൽ മോചിതരായ ചില നേതാക്കൾ പൊതു സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന, രഹസ്യ സ്വഭാവങ്ങളില്ലാത്ത പാർട്ടികൾ രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. മോണിക്ക മരിച്ചതോടെ ഓർമ്മകൾക്ക് വലിയ പ്രാധാന്യമില്ലെന്ന തോന്നലിൽ അയാൾ എത്തിച്ചേർന്നിരുന്നു. ഒരു പക്ഷെ തന്നെ എന്നും ഓർക്കുക അവൾ മാത്രമായിരിക്കുമെന്ന് തൗ കരുതുന്നു.

അയാൾക്ക് മരണത്തെയോ ഓർമകളേയോ ഭയമുണ്ടായിരുന്നില്ല.
ഓർമകൾ മറ്റുള്ളവരുമായി ബന്ധപ്പെടുത്തുന്ന ഒരു കണ്ണി എന്ന നിലക്കുമാത്രമാണ് അയാൾ പരിഗണിച്ചത്. ദൂരെയും പുറത്തും പ്രവർത്തിക്കുന്ന ഒരു പ്രതിഭാസം. എന്നാൽ അത് മനുഷ്യനോട് വളരെ അടുത്തു നിൽക്കുന്ന ഒന്നാണെന്ന് ഓരോ തവണയും അയാൾ ഞെട്ടലോടെ മനസ്സിലാക്കുകയും ചെയ്തു. മറവി എല്ലാ അളവും തെറ്റിച്ച് നമ്മെ മൂടുകയാണെങ്കിൽ ഭയാനകരമായിരിക്കും എന്നുമയാൾക്കറിയാം. അത് ഈ ലോകവുമായുള്ള നമ്മുടെ എല്ലാ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു, ലോകം നമ്മെ മറക്കുന്നതിനു മുമ്പു തന്നെ. അൾഷൈമേഴ്സ് അയാളുടെ തലച്ചോറിലേക്ക് നുഴഞ്ഞു കയറി. സ്​മൃതികോശങ്ങളെ പൊടിച്ചു കളയാൻ തുടങ്ങി. ധാന്യം പോപ്പ്കോണായി മാറുന്നതു പോലുള്ള പ്രവർത്തനം.

ആദ്യം എല്ലാവരും തന്നെ മറക്കുമെന്നായിരുന്നു അയാളുടെ ഭയം. എന്നാൽ തിരിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അയാൾ എല്ലാവരേയും മറന്നു തുടങ്ങിയിരിക്കുന്നു. തന്റെ കയ്യിലുള്ള ലെഡ്​ജറിൽ ചില കാര്യങ്ങൾ എഴുതിവെക്കുന്നതായിരിക്കും നല്ലതെന്ന് തൗവിന് തോന്നി. മോണിക്ക പോയെങ്കിലും വീടിന്റെ ചുമരിലും അയാളുടെ ഹൃദയത്തിന്റെ നാലറകളിലും അവളുടെ ചിത്രങ്ങൾ നിറഞ്ഞു നിന്നു. അൽഷൈമേഴ്സിന്റെ കീഴടക്കൽ അവളെക്കുറിച്ചുള്ള ഓർമ്മകളേയും കരിച്ചു കളയുമെന്ന് തൗ ഭയന്നു. എന്നാൽ ഇതുവരേയും മോണിക്കയുമായി ബന്ധപ്പെട്ട ഒരു കാര്യവും അയാൾ മറന്നിരുന്നില്ല.

കവറുകൾ കൈപ്പറ്റുമ്പോൾ ചിരിച്ചു കൊണ്ടവൾ ‘മനഃസ്സാക്ഷി' എന്ന അടയാള വാക്യം, അയാൾ ഏറെ വെറുത്ത വാക്ക്, പറയുന്നതും തൗ ഓർത്തുകൊണ്ടിരുന്നു.
ഒരിക്കൽ ആ വാക്ക് ഉച്ചരിക്കുന്നതിനിടെ പാർട്ടിയിൽ നിന്നും സൈക്കിൾ കൈപ്പറ്റിയതായുള്ള കടലാസ് അയാൾക്ക് എവിടെ നിന്നോ കിട്ടി.

പാർട്ടിയിലുള്ളവർ തന്നെ ഒരു സൈക്കിൾ കള്ളനാക്കി ചിത്രീകരിക്കുന്നുണ്ടാവുമോ? അങ്ങിനെ ചിന്തിക്കേണ്ടതില്ലെന്ന് തോന്നിയെങ്കിലും ആ സൈക്കിളിനെ മറവിക്ക് വിട്ടുകൊടുക്കാൻ തൗവിന് പറ്റിയില്ല. യൗവ്വനത്തിൽ മരണം അയാൾക്കൊരു പ്രശ്നമായി തോന്നിയിരുന്നില്ല. ഈ പ്രായത്തിലുമതേ. പക്ഷെ, മനസ്സാക്ഷിയെ വഞ്ചിക്കുക എന്നതാണ് അയാളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ കാര്യം. അന്നും ഇന്നുമതേ. മനഃസ്സാക്ഷി ഒരു നാണയമായിരുന്നുവെങ്കിൽ അതിനും തലയും വാലുമുണ്ടാകില്ലേ? എതിർ സ്വഭാവത്തിലുള്ള രണ്ടു മുഖങ്ങൾ. മനഃസ്സാക്ഷിയെക്കുറിച്ച് നിരന്തരമായി ചിന്തിക്കാനാണോ പാർട്ടി അത് അടയാള വാക്യമായി ഉപയോഗിച്ചത്?

സൈക്കിൾ എവിടെയാണെന്ന് തൗവിന് ഓർക്കാൻ കഴിഞ്ഞില്ല.
എന്നാൽ വർഷങ്ങളായി അടച്ചിട്ട, പൊടി പിടിച്ച ഒരു മുറിയിൽ നിന്നും സൈക്കിൾ അയാൾ കണ്ടെടുത്തു. ആ മുറിയിൽ ഇനി ഒരിക്കലും കാണരുതെന്നാഗ്രഹിച്ചിരുന്ന വസ്തുക്കളും അയാൾ കൂട്ടിയിട്ടിരുന്നു. സൈക്കിൾ പാർട്ടിയെ തിരിച്ചേൽപ്പിക്കണമെന്ന് തൗ ഉറപ്പിച്ചു. പാർട്ടി അയാളെ ഏൽപ്പിച്ച ഏക സാധനം അതു മാത്രമായിരുന്നു. താൻ പ്രവർത്തിച്ച പാർട്ടി ഇന്നില്ല. തനിക്ക് സൈക്കിൾ തന്ന് രസീതി ഒപ്പിട്ടു വാങ്ങിച്ച സഖാവ് ഇന്ന് സ്റ്റാനിലിസ്റ്റ് പാർട്ടിയുടെ നേതാവുമാണ്. മറ്റാരേയും ഓർക്കാൻ തൗവിന് കഴിഞ്ഞതുമില്ല. സൈക്കിൾ തുടച്ചു വൃത്തിയാക്കി തിരികെ കൊണ്ടു കൊടുക്കണം, തൗ തീരുമാനിച്ചു. എന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കരുതെന്നും അയാൾ തന്നോട് തന്നെ പറഞ്ഞു കൊണ്ടുമിരുന്നു. അഴുക്കായ സൈക്കിളിന്റെ ടയറുകളെക്കുറിച്ചൊന്നും ആരും അഭിപ്രായമൊന്നും പറയാൻ പോകുന്നില്ല. സൈക്കിളിന്റെ അവസ്ഥ പൊതുവിൽ വലിയ കുഴപ്പമില്ലാത്തതായിരുന്നു.

പാർട്ടി ചെയർമാനെക്കാണാൻ പറ്റുമോ എന്ന് ഓഫീസിലെ ഇൻഫർമേഷൻ ഓഫീസറോട് അയാൾ ചോദിച്ചു. തന്നെ വിശ്വസിച്ചേൽപ്പിച്ച ഒരു സാധനം മടക്കിക്കൊടുക്കാനാണെന്നും തൗ പറഞ്ഞു. അതു കേട്ട ഓഫീസർ തൗവിനെ ഭയപ്പെടുത്തും വിധം അലറിച്ചിരിച്ചു. ഓഫീസർ എന്തിന് ഇങ്ങനെ ചിരിക്കുന്നു എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും പ്രശ്നം പാർട്ടി ചെയർമാന്റെ സെക്രട്ടറിയെ ധരിപ്പിക്കാൻ തൗ ആവശ്യപ്പെട്ടു. വളരെ മര്യാദയോടെ സുന്ദരിയായ സെക്രട്ടറിയോട് തനിക്ക് ചെയർമാനെ കാണാൻ അവസരമുണ്ടാക്കിത്തരണമെന്ന് അഭ്യർഥിച്ചു.
ചെയർമാന്റെ പേരിനുമുമ്പ് സഖാവ് എന്നു ചേർക്കാൻ തൗ മറന്നില്ല.
സഖാവ് എന്ന് കേട്ടപ്പോൾ സെക്രട്ടറി ചിരിച്ചു.
അത് എന്തുകൊണ്ടാണെന്ന് തൗവിന് മനസ്സിലായില്ല.
സഖാവ്, പിന്നെ ചെയർമാന്റെ പേര്- ഈ രണ്ടു വാക്കുകൾ മാത്രമാണ് തൗ ഉച്ചരിച്ചത്. അപ്പോൾ പതിവുപോലെ അജ്ഞാതമായ കാരണങ്ങളാൽ അയാൾ ഖുർആനിലെ അൽ കഹ്ഫ് സൂറത്ത് ഓർത്തു. അതിനിടെ സെക്രട്ടറിയുടെ നിർത്താതെ ചലിച്ചുകൊണ്ടിരിക്കുന്ന ചുണ്ടുകളും നോക്കി. അവൾ സ്വയം ആവർത്തിച്ചു: ചെയർമാൻ ഉക്രൈനിൽ ഒരു യോഗത്തിൽ പങ്കെടുക്കുകയാണ്. ഈ വാരാന്ത്യത്തിലേ മടങ്ങി വരൂ; അതു കഴിഞ്ഞ് അവർ പറഞ്ഞു, ദയവായി പറയൂ എനിക്ക് നിങ്ങളെ എങ്ങിനെയാണ് സഹായിക്കാൻ കഴിയുക?

കാര്യം അവളോട് പറയണോ? പറഞ്ഞാൽ ആദ്യം കണ്ട ഓഫീസറെപ്പോലെ സെക്രട്ടറിയും ചിരിച്ചു തള്ളുമോ? ആദ്യത്തെയാൾ തന്നെ പരിഹസിച്ചതാണ്, ഇവളും അങ്ങിനെ ചെയ്യുമോ? കമ്യൂണിസ്റ്റ് പാർട്ടി തനിക്ക് സൈക്കിൾ തന്നതും ഇപ്പോഴത് തിരിച്ചു കൊടുക്കാൻ ആഗ്രഹിക്കുന്നതും തൗ സെക്രട്ടറിയോട് പറഞ്ഞു. ഇതു കേട്ട് ആശ്ചര്യത്തോടെ ചെയർമാന്റെ സെക്രട്ടറി പറഞ്ഞു; നിങ്ങൾ പറയുന്ന ആ കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ നിലവിലില്ല. അതില്ലാതായിട്ട് ഏതാണ്ട് കാൽ നൂറ്റാണ്ടോളമായി. അതെനിക്കറിയാം, തൗ പ്രതികരിച്ചു.

എങ്കിൽ ഡപ്യൂട്ടി പാർട്ടി ചെയർമാനെ വിളിച്ച് എന്റെ പ്രശ്നം പരിഹരിക്കാമോ? അല്ലെങ്കിൽ ഉയർന്ന മറ്റൊരാളെ? തൗ ചോദിച്ചു. നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ പ്രശ്നം ഞാൻ തന്നെ പരിഹരിച്ചു തരാം, ചെയർമാന്റെ സെക്രട്ടറി പറഞ്ഞു. ഒരു നിമിഷം ആലോചിച്ച് അയാൾ സമ്മത ഭാവത്തിൽ തലയാട്ടി. അവൾ ഒരു ഫോട്ടോഗ്രാഫറെ വിളിച്ചു. പടം എടുക്കാം, അത് ചെയർമാൻ വരുമ്പോൾ കൊടുക്കാം, പിന്നീട് വേണമെങ്കിൽ ചെയർമാനെ വന്നു കാണാം- ഇത്രയും പറഞ്ഞ് അവൾ ഉള്ളിലേക്കു പോയി രണ്ടു ചെറുപ്പക്കാരെ കൂട്ടി വന്നു.

പാർട്ടി പത്രത്തിലെ പത്രപ്രവർത്തകരാണ്.
അവരെ അവൾ തൗവിന് പരിചയപ്പെടുത്തി.
ചെറുപ്പക്കാരുടെ അഭിവാദ്യത്തെ തൗ തലയാട്ടിക്കൊണ്ട് സ്വീകരിച്ചു.
കാഴ്​ചയുടെ മങ്ങലിൽ അവരിൽ ആർക്കാണ് കൂടുതൽ നീളമെന്ന് തിട്ടപ്പെടുത്താൻ അയാൾക്കായില്ല. ചെറുപ്പക്കാർ അയാളോട് ജീവിത കഥയും കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും സൈക്കിളിനെക്കുറിച്ചും ചോദിച്ചു. എന്തു കൊണ്ടാണ് ഇത്രയും കാലം അപ്രത്യക്ഷനായതെന്നും അവർ ആരാഞ്ഞു. അവരുടെ ചോദ്യങ്ങൾ ഓർക്കാനും അതിനു മറുപടി നൽകാനും തൗ അശക്തനായിരുന്നു. സത്യസന്ധമായി പറയുകയാണെങ്കിൽ താൻ എന്തു കൊണ്ട് പാർട്ടി വിട്ടു എന്നയാൾക്കറിയില്ല. ഇക്കഴിഞ്ഞ വർഷങ്ങളിൽ എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നില്ല. മോണിക്കയെക്കുറിച്ച് ഒന്നും പറയാതിരിക്കാൻ അയാൾ വളരെ ശ്രദ്ധിച്ചു. അയാളിൽ നിന്നും ചില പൊട്ടും പൊടികളുമാണ് പുറത്തു വന്നത്. എന്നാൽ ദീർഘമായ ഒരു ഫീച്ചർ പാർട്ടി പത്രത്തിൽ പ്രത്യക്ഷപ്പെട്ടു. തൗവിന്റേയും സൈക്കിളിന്റേയും ചിത്രവും കൂടെയുണ്ടായിരുന്നു.

ഒരാഴ്ച കഴിഞ്ഞ് പാർട്ടി ചെയർമാൻ തൗവിനെ ആരാധനാ മനോഭാവത്തോടെ സന്ദർശിച്ചു.

തൗ അയാളെ സൂക്ഷിച്ചു നോക്കി.
അടിസ്ഥാനപരമായ എന്തോ ഒന്ന് അയാളിൽ മാറിയിരുന്നു.
പ്രായം വരുത്തിയ മാറ്റമായിരുന്നില്ല അത്.
ചെയർമാൻ ഒരു പൊണ്ണത്തടിയനായി മാറിയിരിക്കുന്നു. അയാളുടെ ശരീരം തിളങ്ങുന്ന കറുത്ത സ്യൂട്ടിൽ നിന്നും പുറത്തേക്ക് തെറിക്കുമെന്ന നിലയിലായിരുന്നു. കണ്ണിനു തിമിരബാധയുണ്ടെങ്കിലും തന്റെ പഴയ സഖാവ് തന്നോട് സംസാരിക്കുന്നത് തൗ വ്യക്തമായി കേട്ടു, കണ്ടു. സന്തോഷത്തോടെ, ആഹ്ളാദത്തോടെ, വികാരനിർഭരമായിത്തന്നെയായിരുന്നു സംസാരം.

തൗവിനെ അയാൾ തന്റെ ഓഫീസിലേക്ക് നയിച്ചു. ആ സമയത്താണ് തൗ കണ്ടത്, ചെയർമാൻ ആ സൈക്കിളും കൂടെ ഉരുട്ടിയാണ് നടക്കുന്നതെന്ന്. പാർട്ടി ചെയർമാൻ കടലാസ് കെട്ടുകൾ നിറഞ്ഞ തന്റെ മേശപ്പുറത്തു നിന്നും പാർട്ടി പത്രമെടുത്തു, തൗവിനെക്കുറിച്ചുള്ള ഫീച്ചറെടുത്ത് നിവർത്തി. തൗവിന്റെ ഫോട്ടോയിലേക്ക് ചൂണ്ടിയ ശേഷം അയാൾ പറഞ്ഞു, ഈ തലക്കെട്ടിടാൻ ഒരു മണിക്കൂർ നേരത്തെ ആലോചന വേണ്ടി വന്നു. സന്തോഷഭാവം നിറഞ്ഞ ശബ്ദത്തിൽ ചെയർമാൻ വായിച്ചു: ഒരു സൈക്കിൾ കമ്യൂണിസ്റ്റ് പാർട്ടി സഖാവ് തൗഫീഖിനെ തിരിച്ചു കൊണ്ടു വന്നു: അതു കേട്ടപ്പോൾ സെക്രട്ടറി കയ്യടിച്ചു.

അവളും അവിടെയുണ്ടെന്ന് അപ്പോഴാണ് അയാൾക്ക് മനസ്സിലായത്.
പാർട്ടി ഓഫീസിന്റെ മുന്നിൽ പുതിയ പാർട്ടിയുടെ തത്വങ്ങളുടെ ഉദാഹരണമായി സൈക്കിൾ പ്രദർശിപ്പിക്കണമെന്നാണ് താൻ കരുതുന്നതെന്നും ചെയർമാൻ പറഞ്ഞു.
ആ പറഞ്ഞതൊന്നും തൗ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
സൈക്കിളിനു പുറമെ പാർട്ടിക്കറിയാത്ത ഒരു വിവരം കൂടി തന്റെ കയ്യിലുണ്ടെന്ന് തൗ ചെയർമാനോട് പറഞ്ഞു. മോണിക്കയേയും തന്നേയും കുറിച്ചുള്ള വിവരങ്ങളായിരുന്നു അത്.
ആരാണ് മോണിക്ക? ചെയർമാൻ ആശ്ചര്യത്തോടെ ചോദിച്ചു.
​തൗ ഒന്നും പറഞ്ഞില്ല. മോണിക്കയെ ചെയർമാൻ എങ്ങിനെ മറന്നുവെന്ന് തൗ അൽഭുതപ്പെട്ടു. അവളുടെ സൗന്ദര്യം അയാളുടെ മനസ്സിൽ തട്ടിയില്ലെന്നോ? അവളുടെ ധൈര്യം? അവളുടെ പ്രതിജ്ഞാബദ്ധത? പാർട്ടിക്കുവേണ്ടിയുള്ള അവളുടെ രക്തസാക്ഷിത്വം? തൗ കസേരയിൽ നിന്നുമെഴുന്നേറ്റു. ചെയർമാന്റെ മുറിവിട്ട് പുറത്തേക്ക് നടന്നു. അയാൾ പാർട്ടി പൂർണമായും വിട്ടു. പാർട്ടി ഓഫീസിനു മുന്നിൽ നിർത്തിയിട്ടിരുന്ന സൈക്കിളെടുത്തു. വഴിയിലുള്ള ശുദ്ധവായു കവിൾ നിറയെ എടുത്ത് ശ്വസിച്ചു കൊണ്ട് തൗ മുന്നോട്ടുനീങ്ങാൻ തുടങ്ങി. ▮

കുറിപ്പുകൾ: 1. ജോസഫ് റോസെന്താൾ -റഷ്യയിൽ നിന്നും ബെയ്റൂത്തിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈജിപ്തിൽ കമ്യൂണിസ്റ്റ് /സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തവരിൽ പ്രമുഖൻ. 2. അൽ കഹ്ഫ് (ഗുഹ) സൂറത്ത്- ഖുർആനിലെ പതിനെട്ടാമധ്യായം. 309 വർഷം പുറം ലോകം കാണാതെ ഒരു ഗുഹയിൽ കഴിഞ്ഞവരെക്കുറിച്ചാണ് ഈ അധ്യായത്തിൽ പറയുന്നത്. മൂന്നു നൂറ്റാണ്ട് കാലം പുറം ലോകത്തുണ്ടായ മാറ്റമറിയാതെയാണ് പിന്നീടവർ ഗുഹയിൽ നിന്നും പുറത്തേക്കു വരുന്നത്.


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ഹസൻ അബ്​ദുൽ മൗജൂദ്

ഈജിപ്തിലെ പുതു എഴുത്തുകാരിൽ ശ്രദ്ധേയൻ. ഫിക്ഷനും- നോൺ ഫിക്ഷനും എഴുതുന്നു. പത്രപ്രവർത്തകനുമാണ്. ആദ്യ നോവൽ പൂച്ചയുടെ കണ്ണ് 2005ൽ സൗറിസ് കൾച്ചറൽ പ്രൈസ് നേടി. 2018ൽ കയ്റോയിലെ അൽ ഖുത്തുബ് ഖാൻ പ്രസിദ്ധീകരിച്ച ഹുറൂബ് ഫാത്തിന (നശീകരണ യുദ്ധങ്ങൾ) കഥാ സമാഹാരം 2020ൽ യൂസുഫ് ഇദ്രിസ് സമ്മാനം നേടി. ആ സൈക്കിൾ പഴയ സഖാവിനെ തിരിച്ചു കൊണ്ടു വന്നു എന്ന കഥ ഈ സമാഹാരത്തിലുള്ളതാണ്. 2003ൽ ദുബായ് ജേർണലിസം അവാർഡ് നേടി. ‘നത്രോൺ താഴ്വരയിലെ സന്യാസി വര്യൻമാർ' എന്ന പരമ്പരക്കായിരുന്നു അവാർഡ്. കയ്റോയിൽ ജീവിക്കുന്നു. സാഹിത്യ വാരികയായ അക്ബർ അൽ അദബിന്റെ ഡപ്യൂട്ടി എഡിറ്ററാണ്.

Comments