ഉണങ്ങിയ ഇലകൾ മൂടിയ പടവുകൾ കയറിയാണ് അപ്പന്റെ കല്ലറയിലേക്ക് ഓരോ പ്രഭാതത്തിലും അന്ന എത്തുക. സെമിത്തേരിയിലെ ഒപ്പീസ് കഴിഞ്ഞ് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങുമ്പോൾ അവർക്കഭിമുഖമായി അവൾ നടന്നുതുടങ്ങും. പ്രാർത്ഥനയും നെടുവീർപ്പുകളും അവസാനിച്ചുകഴിഞ്ഞ ഇടം സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടാണ് അന്ന അവിടെ വ്യാപരിക്കുക.
ഉയരമുള്ള മരങ്ങളിൽ നിന്ന് ഉണങ്ങിയ ഇലകൾ പൊഴിഞ്ഞുവീണ് സെമിത്തേരിയെ ഓരോ നിമിഷവും പ്രാചീനതയിലേക്ക് തള്ളിവിടുന്നത് അവൾ നിരീക്ഷിക്കും. അടക്കം ചെയ്ത പൂർവ്വികരുടെ പേരുകളും അവരുടെ ജനനമരണത്തിയതികളും മാർബിൾ കല്ലറകളിൽ ഇപ്പോഴും വായിക്കാനാകും.
അന്നയുടെ അപ്പനെ അടക്കം ചെയ്ത കല്ലറ മാർബിൾ പാകിയതാണ്. അതിൽ അവളുടെ കുടുംബപ്പേരും അടക്കം ചെയ്ത തലമുറകളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആ മാർബിൾ ഫലകത്തിൽ രണ്ട് പേരുകൾ ചേർക്കപ്പെട്ടിട്ടില്ലെന്ന് ഓരോ തവണയും അവൾക്ക് ഓർമ്മവരും. ഒന്ന് അന്നേവരെ അവൾ കണ്ടിട്ടില്ലാത്ത അവളുടെ പാപ്പൻ അബ്രഹാമിന്റെ പേരാണ്. മറ്റൊന്ന് അവളുടെ സ്വന്തം പേര്. അവൾ ജനിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പേ മരിച്ചുപോയ അബ്രഹാമിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് അന്നയ്ക്ക് അത്ര നിശ്ചയം പോരാ. അവളുടെ കുടുംബത്തിൽ ഉച്ചരിക്കപ്പെടാത്ത പേരാണ് അദ്ദേഹത്തിന്റെത്. അന്നയുടെ അമ്മ എല്ലാ ദിവസവും സന്ധ്യകളിൽ കൊന്തനമസ്കാരം കാഴ്ചവയ്ക്കുന്നത് അയാളുടെ അത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനു വേണ്ടിയാണ്. ആത്മഹത്യ ചെയ്ത് കുടുംബപ്പേരും നിത്യനരകവും സ്വന്തമാക്കിയ പാപിയായിരുന്നു അയാൾ.
അപ്പനെ അടക്കം ചെയ്ത കുടുംബക്കല്ലറയിൽ അന്നയെ അടക്കാനാവില്ല എന്നാണ് അമ്മയുടെ പക്ഷം. കാരണം, അവൾ വിവാഹം മൂലം സ്വന്തം കുടുംബത്തിൽ നിന്ന് വേർപെടേണ്ടിയിരിക്കുന്നു. അന്നയ്ക്ക് അതിലൊരു തീരുമാനമെടുക്കണമെന്നുണ്ട്. അവളുടെ ആഗ്രഹം അപ്പനോടും പൂർവ്വികരോടും ഭാവിയിൽ അമ്മയോടുമൊപ്പം കല്ലറയിൽ നിത്യമായി അലിഞ്ഞുചേരണമെന്നതാണ്. അക്കാര്യത്തിലൊരു തീരുമാനം അന്നയ്ക്ക് അപ്പന്റെ സമ്മതത്തോടെ സ്വീകരിക്കേണ്ടിയിരിക്കുന്നു. കല്ലറയിലായാലും അപ്പന് അതിന് കഴിയുമെന്ന് അവൾ വിശ്വസിക്കുന്നു. അമ്മയും അന്നയും തമ്മിൽ പ്രകടിപ്പിക്കാറില്ലെങ്കിൽ കൂടിയും ഒരു ശത്രുത നിലനിൽക്കുന്നതായി അവൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്നയുടെ അമ്മയ്ക്കും അപ്പന്റെ അമ്മയ്ക്കുമിടയിലും ശത്രുത നിലനിന്നിരുന്നുവെന്ന് അവൾക്കറിവുള്ളതാണ്. വീട്ടിലെ ആണുങ്ങളുടെ പ്രീതി സമ്പാദിക്കുന്ന കാര്യത്തിൽ അവർക്കിടയിലെ ശത്രുത പ്രകടമായിരുന്നു. മുഴുത്ത മീൻകഷ്ണങ്ങളും എല്ലില്ലാത്ത ഇറച്ചിയും ഭർത്താക്കന്മാർക്കായി കരുതിവയ്ക്കുന്നതിലും കിടപ്പുമുറികളിൽ പരസ്പരം രഹസ്യസ്വഭാവത്തോടെ കുറ്റങ്ങൾ വെളിപ്പെടുത്തുന്നതിലും ഇരുവരും മത്സരിച്ചിരുന്നു. പിറ്റേദിവസത്തെ തീൻമേശ രഹസ്യസ്വഭാവത്തോടെ കൂറുകാരുടെ അതിർത്തികൾ അടയാളപ്പെടുത്തും. അന്തരീക്ഷത്തിൽ അത്തരം ദിവസങ്ങളിൽ കനം തൂങ്ങിനിൽക്കും.
അന്നയുടെ ലോകം അപ്പനുള്ളത്, അപ്പനില്ലാത്തത് എന്ന് വേർതിരിച്ച് ചിട്ടപ്പെടുത്തിയവരിൽ പ്രധാനി അമ്മയാണ്. അപ്പൻ മരിക്കുവോളം അവളിട്ടിരുന്ന ഇറക്കം കുറഞ്ഞ പാവാടകൾ അമ്മയെ വിഷമിപ്പിക്കുമായിരുന്നു. അവളുടെ പന്ത്രണ്ടാം വയസ്സിലാണ് വലിയ മുന്നറിയിപ്പൊന്നുമില്ലാതെ വന്ന പനി അപ്പനെ കൂട്ടിക്കൊണ്ടുപോയത്. അതോടെ അമ്മ അമ്മായിയമ്മയോടുള്ള പോരുകൾ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു. അമ്മയുടെ കൊന്ത നമസ്കാരങ്ങൾ അൻപത്തിമൂന്നുമണിയിൽ നിന്ന് നൂറ്റി അൻപത്തിമൂന്നിലേക്കും ഇരുനൂറ്റി മൂന്നിലേക്കും നീണ്ടിരുന്ന കാലയളവായിരുന്നു അത്.

പിന്നീട് അമ്മയുടെ ഊർജം അന്നയുടെ വളർച്ച തടഞ്ഞുനിർത്തുന്നതിനുവേണ്ടിയാണ് ചെലവഴിക്കപ്പെട്ടത്. മുട്ടിനുതൊട്ടുതാഴെ ഇറക്കമുള്ള ഉടുപ്പുകൾ അവൾക്ക് വാങ്ങിനൽകുവാനും മുടി രണ്ടായി പകുത്തുകെട്ടുവാനും അവർ താൽപര്യമെടുത്തു. രഹസ്യങ്ങൾ സൂക്ഷിക്കുവാനുള്ള സാധ്യതകളെ അവളുടെ ജീവിതത്തിൽ നിന്ന് അവർഒഴിച്ചുനിർത്തി. അവൾക്കുവേണ്ടി നീക്കിവച്ചിരുന്ന മുറിയുടെ വാതിലുകൾ എന്നും തുറന്നുകിടക്കണമെന്ന നിർദ്ദേശം അവർ പുറപ്പെടുവിച്ചു. ചാരിയിട്ട വാതിലുകൾ കാറ്റിന്റെ വേഗതയിൽ മലർക്കെത്തുറന്നും പുസ്തകങ്ങളും മുഖഭാവങ്ങളും പരിശോധിച്ചും അന്നയുടെ ജീവിതത്തിൽ മറകളില്ലെന്ന് അവർ ഇടയ്ക്കിടെ ഉറപ്പിച്ചിരുന്നു.
സമാനപ്രായക്കാരുമായുള്ള സൗഹൃദം നഷ്ടമായതാണ് അന്നയെ ഏറെ വേദനിപ്പിച്ചത്. ആൺകുട്ടികളുടെ ശബ്ദം ആടിന്റെ കരച്ചിലുപോലെ മാറുന്നതിനെപ്പറ്റിയും അവരുടെ മുഖങ്ങളിൽ പൊടിഞ്ഞുവരുന്ന രോമങ്ങളെപ്പറ്റിയും സംസാരിക്കുവാൻ അവളുടെ കൂട്ടുകാരികൾ ഇഷ്ടപ്പെട്ടിരുന്നു. അവധിദിവസങ്ങളിൽ കടലകൊറിച്ചും കതകടച്ച് സിനിമകണ്ടും അടക്കം പറഞ്ഞും പെരുമാറുവാൻ വീട്ടിലേക്കെത്തിയിരുന്ന കൂട്ടുകാരികളെ അന്നയുടെ അമ്മ പതിയെ വെറുത്തു തുടങ്ങി. കൂട്ടുകാരികളോടൊപ്പം അവൾ മുറിയിൽ ചെലവഴിക്കുമ്പോഴൊക്കെ കാരണങ്ങളുണ്ടാക്കി അവർക്കിടയിലേക്ക് കടന്നുചെന്നും അവരുടെ സംഭാഷണങ്ങളിലിടപെട്ടുമാണ് അവർ അനിഷ്ടം പ്രകടമാക്കിയത്.
ക്രമേണ, അവരെല്ലാം അന്നയുടെ സൗഹൃദവും വീടും ഉപേക്ഷിച്ചുകളഞ്ഞു. അമ്മ അവൾക്കു വേണ്ടി പുതിയ കൂട്ടുകാരികളെ കണ്ടെത്തി നൽകി. അയൽവീടുകളിലെ പ്രായത്തിലിളയ പെൺകുട്ടികൾ സ്കൂളിലും പള്ളിയിലും അന്നയെ അനുഗമിച്ചു തുടങ്ങിയത് അങ്ങനെയാണ്. അവൾക്ക് അമ്മയുടെ നടപടികളോട് എതിർപ്പും വേദനയുമുണ്ട്. എന്നാൽ, ചെറുപ്പം മുതൽ അനുഭവപ്പെട്ടിരുന്ന ഏകാന്തത രാത്രി സമയങ്ങളിൽ ഉറക്കം നഷ്ടപ്പെടുത്തുകയും തലച്ചോറിനുള്ളിൽ പ്രകമ്പനങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് ഭയന്ന് അമ്മയോട് അവൾ പിണക്കം ഭാവിച്ചില്ല.
അപ്പന്റെ മരണം അവരുടെയൊക്കെ ജീവിതങ്ങളിൽ ഒരുതരം ശൂന്യത നിറച്ചിരുന്നു. പണത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് പച്ചക്കറികളും വീട്ടുസാമാനങ്ങളും വാങ്ങിക്കേണ്ടതിലും മറ്റും അവസാനവാക്ക് പറഞ്ഞിരുന്നത് അപ്പനാണ്. മറ്റുള്ളവർക്ക് നിസാരമെന്ന് തോന്നുന്ന സംഗതികളിൽ വരെ അമ്മയ്ക്ക് അപ്പന്റെ സമ്മതം ആവശ്യമായിരുന്നു. രാവിലെ പള്ളിയിൽ അരികുകളിൽ നേർത്ത ലെയ്സുകൾ തുന്നിച്ചേർത്ത ഇളം നിറങ്ങളിലുള്ള സാരി ഉടുത്തുപോകുന്നത് അമ്മയുടെ ജീവിതത്തിലെ അനുഷ്ഠാനമായിത്തീർന്നിരുന്നു. ഓരോ ദിവസവും ഉടുക്കുന്നതിനുള്ള സാരികൾ തലേന്ന് അപ്പനെ കാണിച്ച് അമ്മ അനുവാദം ചോദിച്ചിരുന്നു. സാരിയിലേക്ക് പാളിനോക്കുക പോലും ചെയ്യാതെ ഉറച്ച സ്വരത്തിൽ അപ്പൻ മൂളും. അമ്മയുടെയും അന്നയുടെയും കാലുകൾ അങ്ങനെയുള്ള ഉറച്ച മൂളലുകൾക്കൊണ്ടു മാത്രം ചലിക്കുന്നവയായിരുന്നു. അപ്പൻ മരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അമ്മയുടെ കാലുകൾ ഇടയ്ക്കിടെ മൂളലിൽ തട്ടിവീണു. തിരക്കിട്ട് യാത്രപുറപ്പെടും മുൻപ് പാതിയിൽ എന്തോ മറന്നതുപോലെ മൂളലിനായി അവർ ഒരു നിമിഷം കാക്കും. പള്ളികളിൽ കുർബാനയ്ക്ക് വൈകുന്നതിനും ബസ് നഷ്ടപ്പെടുന്നതിനും ഇത് പലപ്പോഴും കാരണമായി.
അമ്മയും പള്ളിയും പരസ്പരം ബന്ധിതമായിരുന്നു.
അപ്പന്റെ മരണത്തോടെ സെമിത്തേരി അവരുടെ പ്രിയപ്പെട്ട ഇടമായിത്തീർന്നു. മരിച്ചവർക്കുവേണ്ടി പ്രാർത്ഥന എത്തിക്കേണ്ട ഓർമ ദിവസങ്ങളിൽ ചടങ്ങുപോലെ മാത്രം നടത്തിയിരുന്ന സെമിത്തേരി സന്ദർശനം അപ്പന്റെ മരണത്തോടെ പതിവുചര്യയായിക്കഴിഞ്ഞു. നേർത്ത നൂലുകൾ ചേർത്ത് തുന്നിയ സാരിത്തുമ്പ് ഉടയാതെ പിടിച്ച് മുഖത്ത് പൗഡർ തൂകി അവർ ദിവസവും രാവിലെ തയ്യാറാകും. ഭാവതീവ്രതയോടെ അഭിനയിക്കേണ്ട ഏതോ രംഗത്തിലേക്കാണ് അമ്മ പിന്നീട് കടക്കുക. പ്രത്യേക താളത്തിൽ ശരീരം ക്രമപ്പെടുത്തി ഉറച്ച തോളുകളോടെ അവർ മുന്നേറും. എതിരെ ആളുകൾ വരുമ്പോൾ കണ്ണുകളിലേക്ക് വിഷാദത്തിന്റെ നേർത്ത നിറം പടർത്തുവാൻ അവർ ശ്രമിച്ചിരുന്നു.
പ്രിയപ്പെട്ടവരുടെ മരണം ഒരുതരം നാടകക്കളിയിലേക്ക് മനുഷ്യരെ കടത്തിവിടുന്നത് അന്ന മനസ്സിലാക്കുന്നത് അമ്മയുടെ വേഷപ്പകർച്ചകളിലൂടെയാണ്. ചില സന്ദർഭങ്ങളിൽ നാട്ടുമര്യാദ പിന്തുടർന്ന് അവളും നടിക്കുവാൻ പഠിച്ചെടുത്തു. പ്രത്യേക പ്രാർത്ഥനകൾ ആവശ്യമുള്ള ദിവസങ്ങളിൽ പള്ളിയിലേക്കുള്ള നീണ്ടുയർന്ന വഴികളിലൂടെ സമാന്തരമായി നടന്ന് ഇരുവരും പോകാറുണ്ട്. ആളുകൾക്ക് നടുവിൽനിന്ന് യാന്ത്രികമായി പ്രാർത്ഥനകൾ ഉരുവിട്ട് അവർ മടങ്ങും. വളരുംതോറും അമ്മയിൽനിന്ന് അസുഖകരമായ അകലം അന്നയ്ക്ക് അനുഭവപ്പെട്ടു. അക്കാലങ്ങളിൽ അവർ തമ്മിലുള്ള ബന്ധം വലിച്ചുപിടിച്ച റബ്ബർനാടപോലെയായിത്തീർന്നു. ഒരു കൈ പിൻവലിച്ചാൽ മറുകൈയ്ക്ക് ഉണ്ടാകാനിടയുള്ള വേദനയുടെ ആഴം അപ്പന്റെ മരണത്തോടെ മനസ്സിലാക്കിയിരുന്നതുകൊണ്ട് അന്ന അമ്മയുടെ കൺവെട്ടത്തുനിന്ന് മാറുവാൻ ഭയന്നു. വേനലവധിക്കാലത്തെ ശനിയാഴ്ചകളിൽ നൊവേനയ്ക്കു ശേഷം കൂടുതൽ സമയം പള്ളിയിൽ ചെലവഴിക്കുവാനുള്ള അവളുടെ തീരുമാനം അമ്മയിൽനിന്ന് സുരക്ഷിത അകലം പാലിക്കുവാനുള്ള ശ്രമത്തിന്റെ ഫലമായുണ്ടായതാണ്. അന്നയെ കാത്തുനിന്ന് മടുത്തും അവളുടെ ഭക്തിയിൽ മനസ്സുനിറഞ്ഞും അമ്മ തനിയെ മടങ്ങുമെന്ന് അവൾക്ക് അറിയാമായിരുന്നു.
കുർബാനയ്ക്കുശേഷം സംഗീതോപകരണങ്ങൾ അടുക്കിയും പാട്ടുമൂളിയും പള്ളിക്കകത്ത് തുടരുന്ന ആൽവിൻ ക്രമേണ അവളുടെ ശ്രദ്ധയിലേക്ക് വന്നു. അവന്റെ നിർമലമായ കണ്ണുകളും നനുത്ത സാന്നിധ്യവും അന്നയെ ആകർഷിച്ചു. അവന്റെ പ്രവൃത്തികളൊന്നും വേഗത്തിലായിരുന്നില്ല. ഓരോ ചലനങ്ങളിലും ശ്രദ്ധയും പൂർണമായ പങ്കാളിത്തവും പുലർത്തുവാൻ അവൻ ശ്രമിച്ചിരുന്നു. അപ്പനുമായുള്ള താരതമ്യത്തിൽ ആണുങ്ങളെ അളക്കുന്ന മനോനില ഒരു പ്രത്യേകഘട്ടം മുതൽ അന്നയിൽ വികസിച്ചിരുന്നു. അപ്പന്റെ സ്പർശത്തിൽ സ്നേഹത്തേക്കാൾ അധികമായി ഒരുതരം അടുപ്പമില്ലായ്മയാണ് അവൾക്ക് അനുഭവപ്പെട്ടിരുന്നത്. അപ്പന്റെ ആണ്ടുപ്രാർത്ഥനകളിൽ പതിവായി പങ്കെടുക്കാറുള്ള കുഞ്ചാച്ചന്മാരിലൊരാളുടെ സ്പർശം അപ്പന്റെതുപോലെയല്ല എന്ന് അന്ന മനസ്സിലാക്കിയതും അങ്ങനെയാണ്.
അവളെ തൊട്ടപ്പോഴൊക്കെ അയാളുടെ കൈകൾക്ക് വേഗതയും ചൂടും അധികമായിരുന്നുവെന്ന് അന്ന പിന്നീട് കണ്ടുപിടിച്ചു. അവളുടെ ചുമലിൽ കൈ ചേർത്ത് ശരീരത്തോട് അടുപ്പിക്കുമ്പോഴൊക്കെ കുഞ്ചാച്ചന്റെ ശ്വാസോച്ഛാസം സാധാരണ നിലയിലായിരുന്നതുമില്ല. ചലനത്തിൽ വേഗതയും സംസാരത്തിൽ ആവേശവുമില്ലെങ്കിലും ആൽവിൻ അപ്പനെപ്പോലെയായിരുന്നില്ല. എങ്കിലും, അവൻ കുഞ്ചാച്ചനെപ്പോലെയല്ല എന്നതിൽ അന്ന സന്തോഷിച്ചു. പ്രണയമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു മാനസികാവസ്ഥയിലൂടെ അവൾ ആ ഘട്ടത്തിൽ കടന്നുപോയി. അടുക്കളയിൽ അമ്മയെ സഹായിക്കുമ്പോഴും കുളിമുറിയിൽ മണിക്കൂറികളോളം ചെലവഴിക്കുമ്പോഴും അവളുടെ കണ്ണുകൾ പുഞ്ചിരിച്ചു. കൗതുകവും വേദനയും നിറഞ്ഞ നോട്ടത്തോടെ അവളുടെ പെരുമാറ്റം അമ്മ മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ അന്നയ്ക്ക് നിന്ദ തോന്നിയെങ്കിലും, പ്രാർത്ഥനാമുറി പൂക്കൾക്കൊണ്ട് അലങ്കരിക്കുന്നതും സ്കാർഫിൽ പൂക്കൾ തുന്നിച്ചേർക്കുന്നതും പോലെയുള്ള ജോലികൾ അവൾ തുടർന്നു. കണ്ണുകൾ ഒറ്റിക്കൊടുത്തേക്കാമെന്ന തോന്നൽ ഉണ്ടായെങ്കിൽക്കൂടിയും മനസ് അവളുടെ വരുതിയിൽ നിന്നിരുന്നില്ല. അവളുടെ മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണ് അമ്മ എത്തിച്ചേർന്നത്. മണിക്കൂറുകളോളം മുട്ടുകുത്തി പ്രാർത്ഥിക്കുന്ന പുതിയ ശീലത്തിലേക്ക് അവരെ കടത്തിവിടുവാനാണ് അവളുടെ പുഞ്ചിരി ഉപകരിച്ചത്.
നേർത്ത നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ആൽവിൻ ധരിക്കുക. അവന്റെ നീണ്ട വിരലുകൾ സംഗീതം പൊഴിക്കുന്നതായും അധരം സ്വർഗത്തെ ചുംബിക്കുന്നതായും അന്ന ഉൾക്കൊണ്ടു. ഇരുവർക്കുമിടയിൽ വാക്കുകളുണ്ടായിരുന്നില്ല. എങ്കിലും, പരസ്പരം കൈമാറുന്ന നോട്ടങ്ങൾ ദിക്കുകളിൽ നിന്നും അവരെ കൊരുത്തു. അവനുപയോഗിക്കുന്ന വിലകൂടിയ വസ്ത്രങ്ങളും അവന്റെ രൂപം തന്നെയും ആ നാട്ടിൽ പരിചിതമായിരുന്നില്ല. ഇടനാടുകളിൽനിന്ന് കുടിയേറിപ്പാർത്ത സമ്പന്നരും ദരിദ്രരും ഇടകലർന്ന് വസിച്ചിരുന്ന മലയോരഗ്രാമത്തിലാണ് അവരുടെ പള്ളി സ്ഥാപിക്കപ്പെട്ടിരുന്നത്. അന്നയ്ക്കുമുമ്പുള്ള മൂന്നു തലമുറകൾ മഞ്ഞും തണുപ്പുമേറ്റ് ആ സെമിത്തേരിയിൽ അലിഞ്ഞുതീർന്നിട്ടുണ്ട്.
അവരുടെ തുണിക്കടകളിൽ മുന്തിയ തരം വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. നിറമുള്ളവ സോപ്പുപയോഗിച്ച് അലക്കിയും മഞ്ഞിലുണങ്ങിയും മങ്ങിപ്പോയിരുന്നു. പെണ്ണുങ്ങൾ സാരികളിലും സ്കാർഫുകളിലും തൂവാലകളിലും തുന്നിച്ചേർത്തിരുന്ന പൂക്കളും ലെയ്സുകളുമാണ് അവരുടെ വസ്ത്രങ്ങൾക്ക് പ്രസരിപ്പു നൽകിയിരുന്നത്. ആൽവിന്റെ ഷർട്ടുകൾ മുന്തിയതരം വിദേശത്തുണികൾകൊണ്ട് സൂക്ഷ്മതയോടെ തുന്നിയവയാണെന്നും അവന് വ്യക്തിത്വം നൽകുന്നതിൽ ആ വസ്ത്രങ്ങൾ വലിയ പങ്കുവഹിക്കുന്നുവെന്നും അന്ന കണ്ടെത്തി. പള്ളിക്ക് വെളിയിൽ അവനെ നിരീക്ഷിക്കുവാൻ അവൾ മെനക്കെട്ടില്ല. അമ്മയുടെ കണ്ണുകളെ ഭയന്നതുകൊണ്ടല്ല. ഒരുതരം വിലകുറഞ്ഞ നാണം അത്തരം കാര്യങ്ങളിൽനിന്ന് അവളെ എപ്പോഴും വിലക്കിയിരുന്നു. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് നോക്കുവാനുള്ള ധൈര്യം ഒരിക്കലും അന്നയ്ക്ക് ഉണ്ടായിരുന്നില്ല. അപ്പന്റെയും അമ്മയുടെയും മുറിയിൽനിന്ന് പതിഞ്ഞ ശബ്ദത്തിലുള്ള വഴക്കുകളും അമ്മയുടെ അമർത്തിപ്പിടിച്ച കരച്ചിലും രാത്രിയിൽ കേൾക്കാമായിരുന്നുവെങ്കിൽക്കൂടിയും അത്തരം വിഷയങ്ങളോട് അവൾ അസുഖകരമായ മൗനം പാലിച്ചത് അതുകൊണ്ടാണ്. പിറ്റേന്ന്, തുടുത്തുവീർത്ത കൺപോളകളോടെ അമ്മ അടുക്കളയിൽ പെരുമാറുമ്പോൾ അവരിൽനിന്ന് അകലം പാലിക്കുവാനും ചെടികൾക്ക് കൂടുതൽ വെള്ളമൊഴിക്കുവാനും അവൾ ശീലിച്ചിരുന്നു.
ബന്ധുക്കളോടൊപ്പം വേനലവധി ചെലവഴിക്കുവാൻ ദൂരെ പട്ടണങ്ങളിൽനിന്ന് അവരുടെ ഗ്രാമത്തിൽ കുട്ടികളെത്തുക പതിവാണ്. ആൽവിൻ അത്തരത്തിലൊരാളായിരിക്കാമെന്ന് അവന്റെ വസ്ത്രങ്ങളും മുടിയിഴകളിൽ പുരട്ടിയിട്ടുള്ള ക്രീമും കണ്ടപ്പോൾ അന്നയ്ക്ക് ഊഹിക്കാനായി. തിരികെപ്പോകും മുമ്പ് അവനോട് വാക്കുകളുപയോഗിച്ച് പ്രണയം വെളിപ്പെടുത്തണമെന്ന ചിന്ത കുറച്ചുദിവസങ്ങളായി അവളെ അലട്ടുന്നുണ്ട്. വരുന്ന ശനിയാഴ്ച അതിനുള്ള സാഹചര്യമുണ്ടാകുമെന്ന് അവൾ കരുതി. അന്ന് അവൾക്ക് തനിയെ പള്ളിയിൽപ്പോകാനാകും. അന്നേ ദിവസം ഉച്ചയ്ക്ക് പള്ളിയിൽ നടക്കുന്ന ബന്ധുവിവാഹത്തിൽ അമ്മയ്ക്ക് ക്ഷണമുണ്ട്. രണ്ട് തവണ പള്ളിയിലേക്ക് നടന്നുപോകുവാനുള്ള അവസരം അമ്മ ഉപേക്ഷിക്കുവാനുള്ള സാധ്യത അവൾ മുൻകൂട്ടിക്കണ്ടു.
വെണ്മയുള്ള വസ്ത്രങ്ങളാണ് അവൾ അന്നത്തേയ്ക്കുവേണ്ടി കരുതിവച്ചത്. മുടിയിഴകളിലെ മെഴുക്ക് സോപ്പുപയോഗിച്ച് ഇളക്കിക്കളഞ്ഞും നഖങ്ങൾ നിരയൊപ്പിച്ച് വെട്ടിയും മുഖത്ത് വാസിലിൻ പുരട്ടിയും അവൾ തയ്യാറായിക്കൊണ്ടിരുന്നു. പതുപതുത്ത ത്വക്കിനെക്കുറിച്ചുള്ള അഭിമാനബോധത്തോടെ കൂടുതൽ സമയം കണ്ണാടിക്കുമുമ്പിൽ ചെലവഴിക്കുവാൻ ആ ദിവസങ്ങളിൽ അന്ന താൽപര്യമെടുത്തു. വിഷാദം നിറഞ്ഞ കണ്ണുകളോടെ കൂടെക്കൂടെ നോക്കുമെങ്കിലും അവളുടെ സ്വകാര്യതയിൽ ഇടപെടുന്നതിൽനിന്ന് അമ്മ അപ്പോഴേക്കും പിൻവലിഞ്ഞുകഴിഞ്ഞിരുന്നു.
വീട്ടുമുറ്റത്ത് പരിപാലിക്കുന്ന പലതരം ചെടികളിൽനിന്ന് ശേഖരിച്ച പൂക്കൾക്കൊണ്ട് കൂടകെട്ടിയാണ് അന്ന ശനിയാഴ്ച പുറപ്പെട്ടത്. പതിവിന് വിപരീതമായി ആദ്യം സെമിത്തേരിയിലേക്ക് അവൾ നടന്നു. നിറഞ്ഞ കണ്ണുകളോടെയും അടുപ്പത്തോടെയും അവൾ അപ്പനോട് മൗനമായി സംസാരിച്ചു. ജീവിച്ചിരുന്ന അപ്പനേക്കാൾ മരിച്ചുപോയ അപ്പനെ അന്ന ഇഷ്ടപ്പെടുന്നുണ്ട്. ജീവിച്ചിരുന്നുവെങ്കിൽ ആൽവിനോട് ഇഷ്ടം പറയുന്നതിനുമുമ്പേ സമ്മതം വാങ്ങുവാൻ അവൾ ശ്രമിക്കുമായിരുന്നോ എന്ന ചോദ്യത്തെപ്പോലും അന്ന ഭയന്നു.

പള്ളിയിലേക്കുള്ള മഞ്ഞുമൂടിയ ഇടവഴിയിലേക്ക് കടക്കുമ്പോൾ സംഗീതോപകരണങ്ങളും തോളിലേറ്റി ആൽവിൻ അവൾക്ക് അഭിമുഖം വന്നു. പതർച്ച കൂടാതെ കണ്ണുകളിലേക്ക് ആഴ്ന്നുനോക്കി ഒപ്പം നടക്കുവാൻ അന്ന അവനെ ക്ഷണിച്ചു. നേർത്ത വിരലുകളും നീല ഞരമ്പുകൾ പാകിയ കൈകളും അടുത്തുകാണുന്നതിന്റെ കൗതുകം അവളുടെ ചലനങ്ങളിലുണ്ടായിരുന്നു. അവന്റെ ശ്വാസത്തിന് വേഗമേറുന്നതും തൊണ്ടവരളുന്നതും അവൾക്ക് പതിയെ മനസ്സിലാക്കാനായി. അവളുടെ കൈകൾ അവന്റെ കൈകളിൽ തൊട്ടപ്പോഴാകട്ടെ ആവേശം പ്രസരിക്കുന്ന, ചൂട് പ്രവഹിക്കുന്ന ഒരുതരം തിടുക്കം അവൾക്ക് അനുഭവപ്പെട്ടു. നനുത്ത സ്പർശത്തേക്കാൾ ഊർജത്തോടെ അമർത്തിപ്പിടിക്കുവാനാണ് അവന്റെ വിരലുകൾക്ക് ശേഷിയുള്ളതെന്ന തിരിച്ചറിവ് അവൾ പ്രതീക്ഷിക്കാത്തതായിരുന്നിരിക്കണം. ആൽവിന്റെ വിരലുകളിൽ അവൾക്ക് കണ്ടെത്താനായത് രണ്ടുപേർ പരസ്പരം സ്നേഹിക്കുവാൻ തീരുമാനമെടുക്കുന്നതിന്റെ തിടുക്കമായിരുന്നില്ല. നേരിയ വിഷാദം അവളെ വേഗത്തിൽ ആവരണം ചെയ്തു. നിറഞ്ഞു തുടങ്ങിയ കണ്ണുകളോടെ അന്ന തിരിച്ചുനടന്നു.
പ്രാർത്ഥനകളിൽ നിന്ന് വിട്ടുനിൽക്കുവാനുള്ള തീരുമാനമാണ് അവൾ ആദ്യം സ്വീകരിച്ചത്. ആടുകളെയും മുയലുകളെയും കൊണ്ട് അന്തരീക്ഷം ലഘൂകരിക്കുവാനുള്ള ശ്രമവും അതിന്റെ ഭാഗമായി അന്ന കൈക്കൊണ്ടു. വല്യപ്പന്റെ മരണശേഷം കണ്ണുനീരും വിലാപവുമായി ദിവസങ്ങളിൽ തള്ളിനീക്കിയിരുന്ന വല്യമ്മ അവരോട് ചേരുകയും മൃഗങ്ങളെ പരിപാലിക്കുവാൻ മുൻകൈയ്യെടുക്കുകയും ചെയ്ത കാലയളവായിരുന്നുവത്. പുല്ലുചെത്തുകയും മൃഗങ്ങൾക്കൊപ്പം മുഴുകുകയും ചെയ്യുന്നതിൽ വിലയേറിയ ആനന്ദം അവർക്ക് അനുഭവപ്പെട്ടു. കുരുമുളകും ഏലവും നൽകുന്ന വരുമാനം വീടിന്റെ ഓടുമാറ്റുന്നതും മോട്ടർ നന്നാക്കുന്നതുമായ അധികജോലികൾക്ക് തികയുന്നില്ലെന്ന തിരിച്ചറിവും അന്നയ്ക്ക് ഉണ്ടായിവന്നു. ഒഴിവുസമയങ്ങളിൽ സാരികളുടെ മുന്താണിയിൽ തൊങ്ങലുകൾ തുന്നിച്ചേർക്കുന്നതിലും കർത്താവിന്റെ രൂപം നൂലിൽതയ്ക്കുന്നതിലും അന്നയുടെ അമ്മ മുഴുകി. പ്രാർത്ഥനകൾ അനന്തമായി നീണ്ടുപോകാത്ത കാലങ്ങളായി അമ്മയുടെ ജീവചരിത്രത്തിൽ അക്കാലത്തെ രേഖപ്പെടുത്താനാവും. സന്തോഷവും ദുഃഖവും ഒരുപോലെ അവരെ വിട്ടുനിന്നു. ജീവിക്കുക എന്നതിൽ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ ആ സ്ത്രീകൾ മെനക്കെട്ടു. മുഴുത്ത മീൻകഷ്ണമോ എല്ലില്ലാത്ത ഇറച്ചിയോ പിന്നീട് അവരെ വേദനിപ്പിച്ചില്ല. മൂന്നുമുറികളിലായുള്ള ഉറക്കം അവർ തുടർന്നുപോന്നു. അടുപ്പവും അകലവും നിർവചിക്കാതെ അവരുടെ മുറികളുടെ കതകുകൾ എന്നും തുറന്നുകിടന്നു.