മനോജ് കോടിയത്ത്

നയോമിക

ഒടുവിലായി, എന്റെ ഭ്രാന്തിപ്പെണ്ണേ... നന്ദി; എന്നെ ഏറെ അതിശയിപ്പിച്ച, അതിലേറെ അമ്പരപ്പിച്ച, ആ കളിപ്പാട്ടത്തിന്... അതെനിക്ക് സമ്മാനിച്ച എന്റെ ആദ്യ രതിമൂര്‍ച്ഛയ്ക്ക്...'

മില്ലെനിയം ബിസിനസ് പാര്‍ക്കില്‍ നിന്ന് പെസ്‌തോംസാഗറിലേക്കുള്ള ഊബര്‍ യാത്രക്കിടയിലാണ് നയോമികയ്ക്ക് ഡോ.ദേവിക ബജാജിന്റെ ഫോണ്‍കോള്‍ വരുന്നത്.
'പ്രത്യേകിച്ചെന്തെങ്കിലും?’ എന്ന നയോമികയുടെ ചോദ്യത്തിന് 'മീരയുടെ കാര്യം തന്നെ, പക്ഷേ, നമുക്ക് നേരിട്ട് സംസാരിക്കാം' എന്നുമാത്രമാണ് ഡോക്ടര്‍ മറുപടി പറഞ്ഞത്.

അതോടെ, മീരയെ പോലെ തന്നെ അമിതമായി ചിന്തിക്കുന്ന മകളുടെ മനസ്സ് ദ്വിമുഖചിന്തകളുടെ വേലിയേറ്റങ്ങളില്‍ നിമജ്ജനം ചെയ്യപ്പെട്ടു.

‘മാമോഗ്രാമിലെന്തെങ്കിലും കുഴപ്പം?' എന്ന ചോദ്യം പലവുരു സ്വയം ചോദിച്ച് അവള്‍ അസ്വസ്ഥയായി.

'അമ്മയുടെ ജീനാണെനിക്കും കിട്ടിയിരിക്കുന്നത്. അതാണ് ഞാനിങ്ങനെ അമിതമായി ചിന്തിച്ച് ...', മീര മകളെ ഉപദേശിക്കുമ്പോഴൊക്കെ നയോമികയുടെ സ്വാഭാവിക പ്രതികരണം ഇങ്ങനെയാണ്.

സന്തോഷി മാതാ മന്ദിര്‍നുസമീപം അവള്‍ ഡ്രൈവറോട് സ്വല്‍പനേരം കാത്തിരിക്കാനാവശ്യപ്പെട്ടു. പുറത്ത് ഭിക്ഷയെടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് താന്‍ കരുതിയിരുന്ന ഭക്ഷണപ്പൊതി നല്‍കി. പൂജാസാധനങ്ങളടങ്ങിയ തളിക സമര്‍പ്പിച്ച് അവള്‍ അമ്മയ്ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിച്ചു.

'പേടിക്കാനൊന്നുമില്ല. മാമോഗ്രാം ക്ലീനാണ്. എങ്കിലും അമ്മയെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ നയോമിക അറിയേണ്ടതുണ്ട്', ഡോക്ടര്‍ ദേവിക പറഞ്ഞു.

ആ നിമിഷം വന്ന ഫോണ്‍കോള്‍ എടുക്കാതെ തിടുക്കത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ അവളുടെ ശരീരഭാഷയില്‍ സംഭ്രമത്തിന്റെ നിഴല്‍ പതിഞ്ഞുകിടന്നു.

'ഞാന്‍ പറഞ്ഞല്ലോ പരിഭ്രമിക്കാനൊന്നുമില്ല.. നോക്കൂ… എനിക്ക് നിങ്ങള്‍ അമ്മയേയും മകളേയും വര്‍ഷങ്ങളായി അറിയാം; അമ്മയെ കുറച്ചധികമായും. നയോമിക പുതിയ തലമുറയല്ലേ. ഞാന്‍ പറയാന്‍ പോവുന്നത് എളുപ്പം മനസ്സിലാവും…' ഡോക്ടറെ കേട്ട് അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

മാമോഗ്രാം ചെയ്ത ദിവസം മീര തന്നെ വന്നുകണ്ട കാര്യം ഡോക്ടര്‍ നയോമികയോട് പറഞ്ഞു. അന്നേ ദിവസം മീര വൈകാരികമായി വളരെ അസ്വസ്ഥയായിരുന്നുവെന്നും, കാരണമാരാഞ്ഞപ്പോള്‍ താന്‍ പലപ്പോഴും ക്ഷിപ്രകോപിയായും മറ്റു ചിലപ്പോള്‍ തീവ്രവിഷാദിയും നിരാശവതിയുമായി തീരുന്നുവെന്ന് മീര മറുപടി പറഞ്ഞ കാര്യം നയോമികയുമായി പങ്കുവെച്ചു. അമ്മയില്‍ അങ്ങനെയൊരു മാറ്റം താനും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നുവെന്ന നയോമികയുടെ മറുപടി കേട്ട് ഡോക്ടര്‍ ഇങ്ങനെ തുടര്‍ന്നു:

‘‘ലിസണ്‍ ഗേള്‍, നമ്മള്‍ സ്ത്രീകള്‍ക്ക്, സ്ത്രീയായി പിറന്നതുകൊണ്ടു മാത്രം കൊടുക്കേണ്ടി വരുന്ന വിലകള്‍ അറിയാമല്ലോ. നമ്മള്‍ സഹിക്കുന്ന വേദനകള്‍, നമ്മള്‍ ചെയ്യുന്ന ത്യാഗങ്ങള്‍, ദോസ് ഹോര്‍മോണല്‍ ഇമ്പാലന്‍സ് ദാറ്റ് വീ ലിവ് വിത്ത്... ഐ പേഴ്‌സണലി തിങ്ക്, മെനോപോസ് ഈസ് ദ മദറോഫ് ഓള്‍. ദാറ്റ്‌സേ ഹ്യൂജ് റോളര്‍ കോസ്റ്റര്‍ റൈഡ് ഫോര്‍ വീ വിമന്‍, ബോത്ത് ഫിസിക്കല്‍ ആന്റ് ഇമോഷണല്‍. ട്രസ്റ്റ്മീ, ഇറ്റ് വാസ് ഡിഫിക്കല്‍റ്റ് ഫോര്‍ മീ റ്റൂ. നൗ യുവര്‍ മോം ഈസ് ഗോയിങ്ത്രൂ ഹേര്‍ പെരിമെനോപോസ്. ആന്റ് ഇറ്റ്‌സ് ഓള്‍റെഡി ടഫ് ഫോര്‍ ഹേര്‍’’.

തന്നെ ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കുന്ന നയോമികയുടെ കണ്ണുകളില്‍ ഡോക്ടര്‍ ഒരു നിമിഷം നോക്കി, അമ്മയുടെ അവസ്ഥയെക്കുറിച്ച് പൂര്‍ണ്ണമായും അറിയാനുള്ള ആകാംക്ഷ അവളുടെ കണ്ണുകള്‍ സംസാരിച്ചുകൊണ്ടിരുന്നു:

‘‘മനുഷ്യര്‍ക്ക്, റിഗാഡ്‌ലെസ്സ് ഓഫ് ജെന്റര്‍, സെക്‌സ് എത്രമാത്രം നിര്‍ണ്ണായകമാണെന്നറിയാമല്ലോ. ജസ്റ്റ് ലൈക്ക് ദി ഫുഡ് വീ ഈറ്റ് ഓര്‍ ദി ബ്രത്ത് വീ ടേക്ക്. ആന്റ് ഇറ്റ്‌സ് നോട്ട് ജസ്റ്റേ ഫിസിക്കല്‍ തിങ്. അതിനൊരു സ്പിരിച്ച്വല്‍ സൈഡ് കൂടിയുണ്ട്, ശരീരത്തിനെന്ന പോലെ മനസ്സിനും ഊര്‍ജ്ജം പകരുന്നു അത്. നയോമികയ്ക്ക് ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞല്ലോ അല്ലേ.. രതിയില്‍ ഏര്‍പ്പെടാതെ, മീര ജീവിക്കാന്‍ തുടങ്ങിയിട്ട് അതിനേക്കാളുമായിട്ടുണ്ട്. മീരയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അതും ഒരു കാരണമാണെന്ന് ഞാന്‍ കരുതുന്നു. ഒരു പങ്കാളി കൂടെയുണ്ടാവുക മീരയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്, ഒരു മനുഷ്യനെന്ന നിലയില്‍, അവള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത, അവളുടെ അവകാശം കൂടിയാണത്’’.

ഒരു ദീര്‍ഘനിശ്വാസംകൊണ്ട് നയോമിക അതുവരെ താനനുഭവിച്ചുകൊണ്ടിരുന്ന പിരിമുറുക്കത്തിന് അയവുവരുത്തി. പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

‘‘അമ്മയ്‌ക്കൊരു കൂട്ട് വേണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴായി ഞാന്‍ തന്നെ മുന്‍കൈയെടുത്ത് അമ്മയോട് പറഞ്ഞതാണ്. പക്ഷേ, ആ കാര്യം പറഞ്ഞാലുടനെ അമ്മ ക്ഷോഭിക്കും. എങ്കില്‍ ഇപ്പോഴേ ഞാനൊരു ഓള്‍ഡേജ് ഹോമിലേക്ക് മാറിക്കോളാമെന്ന് മാത്രം പറയും’’.

അത്രയും പറഞ്ഞ് നയോമിക ഒരു നിമിഷത്തിന്റെ ഇടവേളയില്‍ എന്തോ ആലോചിച്ചു. പിന്നീട് നിസ്സഹായത നിറഞ്ഞ സ്വരത്തില്‍ തുടര്‍ന്നു.
'ഒരു പുരുഷന്‍ തന്റെ ജീവിതത്തില്‍ ഇനിയും വേണ്ടെന്ന് മനസ്സിലുറപ്പിക്കാന്‍ അമ്മയ്ക്ക് കാരണമുണ്ട്’.

‘‘മനസ്സുകൊണ്ട് വേണ്ടെന്നുവെക്കാന്‍ എളുപ്പമാണ്. അപ്പോഴും മനസ്സും ശരീരവും ഒരുപോലെ വിശന്നു തന്നെയിരിക്കും. മീരയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അതും ഒരു കാരണമാണെന്നേ എനിക്ക് കണ്‍ക്ലൂഡ് ചെയ്യാനാവൂ’’, ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ നയോമിക അമ്മയെക്കുറിച്ച് മാത്രം ചിന്തിച്ചു. ഏറ്റവും അനുയോജ്യനെന്ന് തനിക്കു തോന്നിയ മൂന്നാമത്തെ ആളെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും അമ്മ ഒഴിഞ്ഞുമാറിയതാണ് തന്നെയന്ന് പ്രകോപിപ്പിച്ചത്. ജീവിതത്തിലാദ്യമായി അമ്മയോട് കയര്‍ത്ത് സംസാരിച്ചപ്പോഴാണ് 'മറ്റൊരു പുരുഷന്‍ എന്റെ ജീവിതത്തില്‍ വേണ്ട എന്ന തീരുമാനത്തിന്റെ കാരണം അറിയണം, അത്രയല്ലേ വേണ്ടൂ.. ' എന്ന്, തിരികെ ഒട്ടും കോപിക്കാതെ അമ്മ തന്നോട് ചോദിക്കുന്നത്.

അമ്മയുടെ, താനതുവരെ അറിയാത്ത, ഭൂതകാലത്തിന്റെ ഏടുകള്‍ തനിക്കായി തുറന്നത്.

വല്‍സാഡിനടുത്ത്, ദേവാരിയ ഗ്രാമത്തിലെ നവരാത്രി ആഘോഷവേളയില്‍ കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മീരയെ ആദ്യമായി കാണുന്നത് അയാളുടെ അമ്മയാണ്. തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍, തങ്ങളുടെ മകനുവേണ്ടി വിവാഹാഭ്യര്‍ത്ഥനയുമായി ഭരത് ഭായ്യും പത്‌നിയും അപ്രതീക്ഷിതമായി മീരയുടെ വീട്ടിലെത്തി. ഭരത് ഭായ് ബോംബെയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ധനികനാണ്. തന്റെ ബന്ധുവിന്റെ ക്ഷണപ്രകാരം ഗ്രാമത്തില്‍ നവരാത്രി ആഘോഷിക്കാന്‍ എത്തിയതാണ് അയാളും ഭാര്യയും.

‘‘താങ്കള്‍ സമ്പന്നരാണ്, നഗരവാസികളും. നമുക്കിടയില്‍ ഭൂമിയും ആകാശവും തമ്മിലുള്ള ദൂരമുണ്ട്’’, അതിഥികള്‍ക്കായി ഗ്രാമത്തിലെ കടയില്‍ നിന്നും വാങ്ങിയ വിലകുറഞ്ഞ പലഹാരങ്ങള്‍ നിറച്ച തളിക അവര്‍ക്ക് മുന്നിലേക്ക് നീക്കി മീരയുടെ പിതാവ് പറഞ്ഞു.

തങ്ങള്‍ക്കും ഒരു മകള്‍ കൂടിയുണ്ടെന്നും മീരയെ അവള്‍ക്ക് തുല്യമായേ കാണുവെന്ന് ആ സ്ത്രീ ഉറപ്പ് നല്‍കി. ഭരത് ഭായ്യുടെ മരുമകളാവുന്നതില്‍പ്പരം ഭാഗ്യം മറ്റൊന്നില്ലെന്ന് ബന്ധുവും മീരയുടെ അച്ഛനെ പിന്നീടുള്ള ദിനങ്ങളില്‍ ധരിപ്പിച്ചു. വിവാഹത്തിന്റെ ചെലവ് പൂര്‍ണമായും ഭരത് ഭായ് വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത കാര്യവും അയാള്‍ പറഞ്ഞു. രോഗിയായ തന്റെ കാലശേഷം മകളുടെ ജീവിതം സുരക്ഷിതയാവുമെന്ന ചിന്തയില്‍ അച്ഛന്‍ മകളെയും സമ്മതിപ്പിച്ചു.

ന്യൂ ബോംബെ സെക്ടര്‍ പതിനേഴില്‍ വെച്ച് ആര്‍ഭാടമായി മീരയുടെ വിവാഹം നടന്നു. ഗ്രാമവാസികളായ ബന്ധുക്കള്‍ മീരയ്ക്ക് വന്നു ചേര്‍ന്ന മഹാഭാഗ്യത്തില്‍ അസൂയാലുക്കളായിരുന്നിരിക്കണം. പക്ഷേ, മീരയ്ക്ക് അന്നേദിവസം സായാഹ്നത്തില്‍ തന്നെ, തന്റെ യാത്ര എത്തിനില്‍ക്കുന്നത് ഭീതിപ്പെടുത്തുന്ന വന്യതയ്ക്ക് മുന്നിലാണെന്ന് സൂചനകള്‍ ലഭിച്ചു. വിവാഹസല്‍ക്കാരത്തിന്റെ നേരമടുക്കുമ്പോഴും മാതാപിതാക്കള്‍ മകനെ തിരയുകയായിരുന്നു. ഒടുവില്‍ സമയത്തിന് തൊട്ട്മുമ്പ് സുഹൃത്തുക്കള്‍ അയാളെ കണ്ടെത്തി വേദിയിലെത്തിച്ചു. 'ചാന്ദ്‌നിയിലായിരുന്നു' എന്ന് ഒരു സുഹൃത്ത് അടക്കം പറയുന്നത് മീര കേട്ടു. സല്‍ക്കാരം കഴിയുമ്പോഴേയ്ക്കും അയാള്‍ നന്നായി മദ്യപിച്ചിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്ര പിതാവ് സമ്മാനമായി നല്‍കിയ സിയലോ കാറില്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചു. വിലക്കുകളെ കൂസാതെ അയാള്‍ മീരയെ കാറില്‍ കയറ്റി സ്വയം വാഹനമോടിച്ചു.

കാറിന്റെ വേഗമോ നിയന്ത്രണമില്ലായ്മയോ ഭയപ്പെടുത്താത്ത വിധം സ്തബ്ധയായിരുന്നു അവള്‍. നിശാസുന്ദരി പോല്‍ അണിഞ്ഞൊരുങ്ങിയ നഗരത്തിന്റെ സൗന്ദര്യം പതിയാത്ത വിധം അവളുടെ നയനങ്ങളില്‍ ഇരുട്ട് പരന്നിരുന്നു. എപിഎംസി മാര്‍ക്കറ്റിന് സമീപം തീര്‍ത്തും വിജനമായ സ്ഥലത്ത്, കട്ടപിടിച്ച ഇരുട്ടിലേക്ക് നിയോണ്‍ വെളിച്ചം വിലജ്ജിതയായി ഇറങ്ങിവന്നു. സിമന്റ് കട്ടകളില്‍ തീര്‍ത്ത ഗോഡൗണിന്റെ ചുമരില്‍, ഭരത് എക്‌സിം എന്ന ബോഡിന് മുകളില്‍ അഴുക്ക് പുരണ്ടൊരു ബള്‍ബ് പിടഞ്ഞുകത്തി. ഗെയിറ്റിനു മുന്നില്‍ വാഹനം നിര്‍ത്തി അയാള്‍ മീരയോട് ഇറങ്ങാനാജ്ഞാപിച്ചു.

വിശാലമായ ആ ഗോഡൗണിന്റെ അകമേ പ്രാണവായുവിനെ നിഷേധിക്കും വിധം വിവിധങ്ങളായ പലവ്യഞ്ജനങ്ങളുടെ ഗന്ധങ്ങള്‍ സമ്മിശ്രപ്പെട്ടുകിടന്നു. തരി പോലും പ്രകാശമില്ലാത്ത ഇടത്തെ ചുവരുകളില്‍ സ്വിച്ച് തിരയുമ്പോള്‍ അയാള്‍ അക്ഷമനായി പുലമ്പി. വാതിലിന് മുകളിലായി നീളം കുറഞ്ഞ ട്യൂബ് ലൈറ്റ് മടിച്ചു മടിച്ച് തെളിഞ്ഞപ്പോള്‍ ചുറ്റും നിഴലുകള്‍ പിറന്നു. പെറ്റുപെരുകിയ വരാഹങ്ങളെപ്പോലെ ചാക്കുകെട്ടുകള്‍ തിക്കിയും തിരക്കിയും കിടന്നു.

ലഹരിയിലായിരുന്ന അയാളുടെ നോട്ടത്തില്‍ നിറഞ്ഞുനിന്ന മൃഗീയഭാവം മീരയെ ഏറെ ഭയപ്പെടുത്തി. പെട്ടെന്ന്, നിറച്ചുവെച്ചിരുന്ന ഏതാനും ചാക്കുകളെടുത്ത് ഉന്മാദിയെപ്പോലെ അയാള്‍ കുടഞ്ഞെറിഞ്ഞു. നിമിഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട വരണ്ട മുളകിന്റെ മെത്തയിലേക്ക് മീരയെ തള്ളിയിട്ടു. കട്ടചുവപ്പുള്ള ജൊലോക്കിയ മുളക് പിഴിഞ്ഞ നീരു പോലെ അയാളുടെ സിരകളില്‍ രക്തം ഭ്രാന്തമായൊഴുകി. അവളുടെ സ്വപ്നങ്ങളെയൊക്കെയും ഇല്ലായ്മ ചെയ്ത്, ദേഹവും മനസ്സും ഒരുപോലെ വ്രണപ്പെടുത്തി വന്യമൃഗത്തെപ്പോലെ കിതച്ചൊഴിയുമ്പോള്‍ ശ്വാസമില്ലാതെ പിടയുന്ന പ്രാണനോട്, ചുണ്ടിലൊരു സിഗരറ്റ് തിരുകി കത്തിച്ച്, അയാളാ ചോദ്യമെറിഞ്ഞു, 'ഗ്രാമത്തില്‍ എത്ര പേര്‍ക്കൊപ്പം കിടന്നിട്ടുണ്ടെടീ നീ..?'

ക്ലിനിക്കില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ നയോമിക മീരയെ ചേര്‍ത്തുപിടിച്ച് തേങ്ങിക്കരഞ്ഞു. അമ്മയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന സന്തോഷം കാരണമെന്ന് പറയുമ്പോള്‍ അവള്‍ കണ്ണുനീര്‍ തുടയ്ക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. അവളെ ഗാഢം പുണരുമ്പോള്‍ ഭ്രാന്തിപ്പെണ്ണെന്ന് മീര സ്‌നേഹപൂര്‍വ്വം വിളിച്ചു.

അന്ന് രാത്രിയില്‍ നിസര്‍ഗ്ഗയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം നയോമിക അമ്മയുമായി രാത്രിസവാരിക്കിറങ്ങി. പുതിയ ഹാര്‍ബര്‍ ലിങ്കിലൂടെയുള്ള മടക്കയാത്രയ്ക്കിടയില്‍ നയോമിക ഡോക്ടര്‍ അമ്മയ്‌ക്കൊരു പുരുഷന്റെ സ്‌നേഹവും സാമീപ്യവും ലഭിക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടതായി പറഞ്ഞു, 'അമ്മയ്ക്കിപ്പോള്‍ വയസ്സ് നാല്‍പ്പത്തേഴേ ആയുള്ളൂ. ജീവിതമിനിയുമെത്ര’.

അമ്മയില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാഞ്ഞപ്പോള്‍ അവള്‍ അലോസരപ്പെട്ട് വീണ്ടും പറഞ്ഞു. അപ്രിയമായത് കേട്ടപോല്‍ മീര മകളെ നോക്കി. ആ നോട്ടത്താല്‍ പ്രകോപിക്കപ്പെട്ട് നയോമിക തുടര്‍ന്നു, 'അയാള്‍ അമ്മയോട് ചെയ്തത് ക്രൂരത തന്നെ. ഒരാള്‍ അങ്ങനെയെന്ന് കരുതി, എല്ലാ പുരുഷന്മാരും’.

'രണ്ടു പേര്‍... ’, മീര ശബ്ദമുയര്‍ത്തി, ‘ഒരാളല്ല, രണ്ടു പേര്‍. രണ്ടുപേരാണ് എന്റെ ശരീരത്തില്‍ തൊട്ടത്, എന്റെ സമ്മതമില്ലാതെ’.

വാഷി പാലത്തിന്റെ മദ്ധ്യഭാഗത്തെത്തിയപ്പോള്‍ മീര മകളോട് വാഹനം നിര്‍ത്താനാവശ്യപ്പെട്ടു. കാറില്‍ നിന്നുമിറങ്ങി പാലത്തിന്റെ ഇടതുഭാഗത്തെ സിമന്റ് റെയിലിംഗിന് സമീപം നിന്നു. അതിന്റെ അടിത്തറയില്‍ കയറിനിന്ന് താഴെ നിശ്ചലമായ കറുത്ത പുഴയിലേക്ക് നോക്കി.

'സൂക്ഷിച്ച്…’, അമ്മയെ തൊട്ട് നയോമിക പറഞ്ഞു. മീര മകളെ തന്നിലേക്കടുപ്പിച്ച്, തന്റെ മുഖംഅവളുടെ നെഞ്ചോടുചേര്‍ത്തു. 'ഇവിടെയാണ്, ഈ കൈവരിയിലാണ്, പുലരാന്‍ നാഴികകള്‍ മാത്രം ബാക്കിയിരിക്കേ, രണ്ടര വയസ്സ് മാത്രം പ്രായമുള്ള എന്റെ മോളെ ഞാന്‍ ഇരുത്തിയത്. എന്ത് തിരിച്ചറിവിലാണ് പെണ്ണേ, അത്രയും ദയനീയമായി നീയന്ന് അമ്മയെ നോക്കിയത്…?'

അമ്മയുടെ കണ്ണില്‍ നിന്നുമടര്‍ന്ന കണ്ണുനീര്‍ത്തുള്ളി നയോമികയുടെ നെഞ്ചിനെ പൊള്ളിച്ചു.
'ചെയ്യാന്‍ പോകുന്ന പാപത്തിന്, കണ്ണുകളടച്ച് സര്‍വ്വ ദൈവങ്ങളോടും മാപ്പിരക്കുമ്പോഴാണ് എന്റെ കൈകളില്‍ അവര്‍ മുറുകെ പിടിക്കുന്നത്’, മകളുടെ മുടി കോതിയൊതുക്കി അവള്‍ തുടര്‍ന്നു; 'ചമേലി, മാനസി, മുംതാസ് അങ്ങനെ പല പേരുകളുണ്ടായിരുന്നു ആ സ്ത്രീയ്ക്ക്. തുര്‍ബേയില്‍ ഉത്സവ് ബാറിലെ ഡാന്‍സറായിരുന്നു അവര്‍. ആ കുഞ്ഞിന് നല്ല വിശപ്പുണ്ടാകും, അവള്‍ വല്ലതും കഴിക്കട്ടേ, എന്നിട്ടു മതി അതിനെ കൊല്ലുന്നതെന്നും പറഞ്ഞ് അവര്‍ നമ്മളെയന്ന് ബലമായി പിടിച്ച് ആ ഓട്ടോയില്‍ കയറ്റി. സ്വയം ഇല്ലാതാവുക എളുപ്പമാണ്, അതിജീവനം പ്രയാസമുള്ളതും എന്ന് ഉപദേശിക്കുമ്പോള്‍ അവരൊരു കുഞ്ഞുകണ്ണാടി ഉയര്‍ത്തിപ്പിടിച്ച്, വന്നും പോയ്‌ക്കൊണ്ടിരുന്ന വഴിവിളക്കുകളുടെ വെളിച്ചത്തില്‍, തന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു’.

'ആരാണ് അമ്മയെ..?' മീരയ്ക്കായി കാറിന്റെ ഡോര്‍ തുറക്കവേ നയോമിക ചോദിച്ചു.

'നിനക്ക് രണ്ടുവയസ്സുണ്ടായപ്പോഴാണ് അയാള്‍ മരിക്കുന്നത്. അല്ല, കൊല്ലപ്പെടുന്നത്. പലപ്പോഴും ബിസിനസ് ആവശ്യത്തിനെന്ന രൂപേണ യാത്രയിലായിരിക്കും. അല്ലാത്ത സന്ദര്‍ഭങ്ങളില്‍, ഏതെങ്കിലും വാതുവെപ്പ് കേന്ദ്രങ്ങളില്‍, അല്ലെങ്കില്‍ ഏതെങ്കിലും ഹോട്ടലിലോ ബാറിലോ.. അതുകാരണം മൂന്ന് ദിവസം വിവരമൊന്നുമില്ലാഞ്ഞും ആര്‍ക്കും ഒന്നും തോന്നിയില്ല. നാലാം ദിവസം, തലോജഗ്രാമത്തിലെ വിജനമായൊരു തോട്ടത്തില്‍, വാതുവെപ്പുകാര്‍ അരിശം തീര്‍ത്ത ഒരു ദേഹം പോലീസുകാര്‍ കണ്ടെടുത്തു’.

'അമ്മ ഇതുവരെ പറഞ്ഞ ആത്മഹത്യാകഥ തന്നെയായിരുന്നു ഭേദം’, അസ്വസ്ഥയായിക്കൊണ്ട് നയോമിക പറഞ്ഞു.

'പിന്നീട് ആറുമാസം കൂടി ഞാന്‍ അയാളുടെ കുടുംബത്തോടൊപ്പം കഴിഞ്ഞു. പോകാനൊരു ഇടമില്ലാത്ത എനിക്കും ഒരു വേലക്കാരിയുടെ ഒഴിവ് നികത്തേണ്ട അവര്‍ക്കും ഇടയില്‍ ഒരു നിശ്ശബ്ദധാരണയുള്ളത് പോലെ.
ആ ദിവസം, രാത്രിയില്‍ ഏറെ തളര്‍ന്ന ഞാന്‍ നിന്നെ മൂലയൂട്ടുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോയിരുന്നു. രാവേറെ കഴിഞ്ഞപ്പോള്‍, ആരോ എന്റെ മേനിയോട്ട് ചേര്‍ന്ന് കിടന്ന്, നഗ്‌നമായ മാറില്‍ സ്പര്‍ശിക്കുന്നതറിഞ്ഞ് ഞെട്ടിയെഴുന്നേറ്റതായിരുന്നു ഞാന്‍. അയാളാരെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാന്‍ ചവിട്ടി നിന്ന ഭൂമിയില്ലാതായ പോലെ തോന്നിയെനിക്ക്. ഭയമില്ലായിരുന്നു, വഴുവഴുത്ത ഏതോ ഒരു ജീവി എന്നെ വരിഞ്ഞുമുറുക്കിയതുപോലൊരു അറപ്പ്, വെറുപ്പ്. മിന്നല്‍ തൊട്ടതു പോലൊരു നീറ്റല്‍, ഒരേ മരവിപ്പ്, കോപം. അയാളുടെ കരണത്ത് പതിയുമായിരുന്ന എന്റെ കൈ, വേഗത്തില്‍ അയാള്‍തന്റെ കൈക്കുള്ളിലാക്കി ഞെരിച്ചു. മറുകൈയിലെ വിരലുകളെ ഒച്ചുകളെപ്പോലെ എന്റെ കവിളുകളില്‍ ഇഴയിച്ച്, പാന്‍മസാലയുടെ കറപുരണ്ട മോണകള്‍ കാട്ടി ചിരിച്ച്, അനുസരിക്കുന്നതാണ് നിനക്ക് നല്ലതെന്ന് പതിഞ്ഞ സ്വരത്തില്‍ മാത്രം ഭീഷണിപ്പെടുത്തിയത് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന, എന്റെ സമപ്രായക്കാരിയായ അയാളുടെ മകള്‍ ഉണരാതിരിക്കാനായിരിക്കണം. ടേബിള്‍ ലാംപാണ് എനിക്കന്ന് ആയുധമായത്. ആ നിമിഷം എന്റെ മോളെ മാറോടുചേര്‍ത്ത് പടിയിറങ്ങുന്നത്, ആ സ്ത്രീ, അയാളുടെ ഭാര്യ, എന്റെ ഭര്‍ത്താവിന്റെ അമ്മ കാണുന്നുണ്ടായിരുന്നു. ലോകം അറിഞ്ഞാലുണ്ടാകുന്ന പേരുദോഷം തന്റെ മകളുടെ ഭാവിയെ ബാധിച്ചെങ്കിലോ എന്നത് മാത്രമായിരുന്നിരിക്കണം നിസ്സഹായയായ അവരുടെ അപ്പോഴത്തെ ചിന്ത’.

ഒരു ദീര്‍ഘനിശ്വാസത്തില്‍ തന്റെ ജനിതകപ്രവാഹത്തോടുള്ള പുച്ഛവും അമര്‍ഷവും രേഖപ്പെടുത്തി നയോമിക അമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു. അനിര്‍വചനീയമായ മൗനം തൊടുമ്പോഴും ഒരേ താളത്തില്‍ അവരുടെ ഹൃദയങ്ങള്‍ മിടിച്ചു. വഴിവിളക്കുകളുടെ മഞ്ഞവെളിച്ചമപ്പോഴും കാറിനുള്ളിലേക്ക് വന്നും പോയ്‌ക്കോണ്ടുമിരുന്നു. എഫ്എമ്മില്‍ നിന്നുമൊരു ഗാനം അശരീരി പോലെ ഇപ്രകാരം ഉപദേശിച്ചു കൊണ്ടിരുന്നു;
'യേ സഫര്‍ ബഹുത് ഹേ കഠിന്‍ മഗര്‍…
ന ഉദാസ് ഹോ മേരേ ഹംസഫര്‍…’

പ്രഭാതത്തില്‍ നയോമിക ഡോക്ടര്‍ ദേവികയ്ക്ക് വാട്ട്‌സ്ആപ്പ് സന്ദേശമയച്ചു: 'ആന്റീ, ഞാന്‍ അമ്മയോട് വീണ്ടും സംസാരിച്ചു. ഞാനന്ന് പറഞ്ഞല്ലോ, അമ്മയ്ക്ക് അവരുടേതായ കാരണങ്ങളുണ്ടെന്ന്. അവ എത്രമാത്രം ജസ്റ്റിഫൈഡ് എനിക്കിപ്പോള്‍ ബോധ്യമായി’.

ഒരാഴ്ച കഴിഞ്ഞ്, പത്ത് ദിവസത്തേക്ക് താനൊരു യാത്ര പോവുകയാണെന്നും, ആ സമയം അമ്മയെ ഒരിക്കല്‍ കൂടി കൗണ്‍സിലിംഗ് ചെയ്യണമെന്നും നയോമിക തുടര്‍ന്നുള്ള സന്ദേശങ്ങളില്‍ അഭ്യര്‍ത്ഥിച്ചു.

ഇ സീരീസ് ഫണ്ടിംഗിന് നിക്ഷേപകരുമായുള്ള മീറ്റിംഗിനാണ് നയോമികയ്ക്കും പാര്‍ട്ട്ണര്‍ ധ്രുവിനും സിലിക്കോണ്‍വാലിയിലേക്ക് പോകേണ്ടത്. പിന്നീട് പോകാനുള്ള യൂറോപ്പ് യാത്രയില്‍ രണ്ട് പേരും അമ്മമാരെയും കൂട്ടണമെന്ന് തീരുമാനിച്ചിരുന്നു. അമ്മയുടെ പാസ്‌പോര്‍ട്ട് തിരയുമ്പോഴാണ്, വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കടലാസ് നയോമികയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കട്ടിയുള്ള വെളുത്ത കടലാസിലെ നീല അക്ഷരങ്ങളില്‍ പലതിനും ആയുസ്സ് കുറവായിരുന്നു. മരണമെത്തുന്ന നിമിഷവും കാത്ത് കിടക്കുന്ന നിസ്സഹായരായ മനുഷ്യരെപ്പോലെ ചില അക്ഷരങ്ങള്‍ നരച്ച് കിടന്നു. എങ്കിലും അതൊരു പഴയ വിവാഹക്ഷണക്കത്താണെന്നും, അത് തന്റെ അമ്മയുടേതാണെന്നും നയോമിക അനുമാനിച്ചു. ആ കത്തിലെ വിവാഹതീയതിയില്‍ അവളുടെ കണ്ണുകളുടക്കി. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ജൂണ്‍ മാസം ഏഴ്. ജൂണ്‍ ഏഴ്, താന്‍ അമേരിക്കയ്ക്ക് പുറപ്പെടുന്ന ദിവസം. അവള്‍ അറിയാതെ പുഞ്ചിരിച്ചു.

ജൂണ്‍ ഏഴിന് രാവിലെയായിരുന്നു നയോമികയുടെ വിമാനം പുറപ്പെട്ടത്. മകളുടെ യാത്രയ്ക്കായി നേരത്തേ എഴുന്നേറ്റ മീര, അവള്‍ പോയിക്കഴിഞ്ഞ് അല്പനേരം വീണ്ടും ഉറങ്ങി. ഉച്ചഭക്ഷണത്തിനുള്ള ദാല്‍ ഡോക്‌ളിയുടെ രുചി നോക്കി, ഏതാനും തരി ഉപ്പ് വീണ്ടും ചേര്‍ത്ത് സ്റ്റൗവില്‍ നിന്നും മാറ്റിവെക്കുമ്പോഴാണ് കോളിംങ്‌ബെല്‍ ശബ്ദിക്കുന്നത്.

കുങ്കുമ നിറത്തില്‍ വെളുത്ത അജ്‌റക് പുള്ളികളുള്ള സാരിയില്‍ കൈള്‍ തുടച്ച് വാതില്‍ തുറന്ന മീരയുടെ മുന്നില്‍ പുഞ്ചിരിച്ച് കൊണ്ട് ആ യുവാവ് നിന്നു, 'മേഡത്തിനൊരു കൊറിയറുണ്ട്’.

കൈകളില്‍ ഒരു ബൊക്കെയും ഒരു ചെറിയ പാര്‍സലും ഏല്‍പ്പിച്ച് അയാള്‍ പറഞ്ഞു. മകള്‍ക്കുള്ള കൊറിയറായിരിക്കും എന്ന ധാരണയില്‍ നയോമിക എന്ന് പേരെഴുതി മീര അത് ഏറ്റുവാങ്ങി. തീന്‍മേശയില്‍ വെച്ച് നടക്കാനൊരുങ്ങുമ്പോഴാണ് അവളതിലെ മേല്‍വിലാസം ശ്രദ്ധിക്കുന്നത്. മീര ബാനുശാലി എന്ന പേരു കണ്ട്, തനിക്കാരാണ് പൂക്കളും സമ്മാനവുമയച്ചതെന്നറിയാന്‍ കൗതുകമായി, ആ സമ്മാനമെന്താണെന്നറിയാനും. നാലുവയസ്സുകാരിയുടെ വെപ്രാളത്തോടെ തിങ്ങളുന്ന ചുവപ്പിലുള്ള ആ കടലാസ് വലിച്ചൂരി. ആ സമ്മാനം കണ്ട് അവള്‍ ആദ്യം അമ്പരന്നു, പിന്നെ അത്യധികമായി ആശ്ചര്യപ്പെട്ടു.

ഹീത്രോ എയര്‍പോര്‍ട്ടിലെ ലേഓവര്‍ നേരത്താണ് നയോമിക അമ്മയുടെ വാട്‌സാപ്പ് സന്ദേശം വായിക്കുന്നത്. ആ സന്ദേശം ഇപ്രകാരമായിരുന്നു: 'നയോമീ.. വികൃതിപ്പെണ്ണേ അമ്പരപ്പിച്ചുകളഞ്ഞല്ലോ നീയ്. അയച്ച സമ്മാനങ്ങള്‍ കിട്ടി, പൂച്ചെണ്ടും.

പ്രിയപ്പെട്ട മകളേ നന്ദി, ആ മെഴുതിരികള്‍ക്ക്. ഇരുപത്തിയാറ് മെഴുകുതിരികളുടെ പ്രാധാന്യമെന്തെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു. മനസ്സിലായപ്പോള്‍ എന്റെ കണ്ണുകള്‍ താനേ നിറഞ്ഞൊഴുകി. പിന്നീട്, നീയെനെ നിര്‍ബന്ധിച്ച് കാണിച്ച നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ നായികയെപ്പോലെ ആ മെഴുകുതിരികള്‍ ഓരോന്നായി ഞാന്‍ നമ്മുടെ ബാത്ടബ്ബിന് ചുറ്റും കത്തിച്ച് വെച്ചു. അവയുടെ താപം ഇരുപത്തിയാറ് വര്‍ഷങ്ങളുടെ ചിതലരിച്ച ഓര്‍മകളുടെ ശേഷിപ്പിനെ കരിയിച്ചുകളഞ്ഞു. ആ പ്രകാശത്തില്‍ എന്റെ മേനിയുടെ തിളക്കം ആദ്യമായി ഞാന്‍ കണ്ടു.
പ്രിയപ്പെട്ട കുഞ്ഞേ… നന്ദി, ആ പൂച്ചെണ്ടിന്. കടുംചുവപ്പുള്ള പനിനീര്‍ദളങ്ങള്‍ ടബ്ബിലെ ജലപ്പരപ്പിന് മുകളില്‍, മഹാറാണിയെപ്പോലെ എന്നെ സ്വീകരിക്കാനായി സംഘം ചേര്‍ന്നു. അവയുടെ പരിമളം സന്നിവേശിപ്പിച്ച ജലത്തില്‍, ആ സുഖമുള്ള തണുപ്പില്‍, ഞാനെന്റെ ഉടലിനെ ലയിപ്പിച്ച് കിടന്നു. നന്ദി..., എന്നെ സ്വയം സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചതിന്, പഠിപ്പിച്ചതിന്.
ഒടുവിലായി, എന്റെ ഭ്രാന്തിപ്പെണ്ണേ... നന്ദി; എന്നെ ഏറെ അതിശയിപ്പിച്ച, അതിലേറെ അമ്പരപ്പിച്ച, ആ കളിപ്പാട്ടത്തിന്... അതെനിക്ക് സമ്മാനിച്ച എന്റെ ആദ്യ രതിമൂര്‍ച്ഛയ്ക്ക്...'


Summary: "അമ്മയുടെ ജീനാണെനിക്കും കിട്ടിയിരിക്കുന്നത്. അതാണ് ഞാനിങ്ങനെ അമിതമായി ചിന്തിച്ച് ..." - Short story by Manoj Kodiyath


മനോജ് കോടിയത്ത്

കഥാകൃത്ത്. 25 വർഷമായി ദുബായിൽ പ്രവാസജീവിതം നയിക്കുന്നു. ആദ്യ കഥാസമാഹാരം 'കിമയ'.

Comments