ചിത്രീകരണം: ദേവപ്രകാശ്

നെടുംചാലൈ

ട്ടോയിൽ കോയമ്പേട് മുഫസിൽ ബസ്​ സ്​റ്റാൻറിൽ ചെന്നിറങ്ങുമ്പോൾ ഗായത്രി അവിടുത്തെ ജനസാഗരം കണ്ട് ഒന്നമ്പരന്നു.

ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ അവൾ അവിടെയൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി നിഴലിച്ചു കാണാം. നാളെ മുതൽ അടുത്ത പതിനഞ്ചു ദിവസത്തേക്ക് രാജ്യമെങ്ങും ലോക്ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.

അതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു രോഗം, അതിനെത്തുടർന്നു പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ, നാളെയെക്കുറിച്ച് വ്യാകുലരായ ജനം. അടുത്തത് എന്താകുമെന്ന് ആർക്കും അറിയാത്ത അവസ്ഥ. എല്ലാവരും എങ്ങനെയെങ്കിലും സ്വന്തം നാട്ടിലേക്കെത്തിച്ചേരാനുള്ള പെടാപ്പാടിലാണ്.

ചെന്നൈയ്ക്ക് പുറത്തേക്കും മറ്റിതര സംസ്ഥാനങ്ങളിലേക്കുമുള്ള ബസുകളിൽ നില്ക്കാനെങ്കിലും ഇടം കിട്ടാൻ ജനം തിക്കിത്തിരക്കുകയാണ്. ഉള്ളിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് ചിലർ പുറകിലുള്ള ലാഡർ വഴി കയറി ബസിന്റെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. തൃശൂർക്കുള്ള പ്രൈവറ്റ് എയർ ബസുകളിൽ ഒന്നും തന്നെ സീറ്റില്ല. ട്രെയിൻ ടിക്കറ്റ് എടുക്കുവാൻ നോക്കിയിട്ട് തത്കാലിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് അൻപതിന് മുകളിൽ. അതുകൊണ്ടാണ് അവൾ നേരെ ബസ്​ സ്​റ്റാൻറിലോട്ടു തിരിച്ചത്. ഉച്ചതിരിഞ്ഞ് നാട്ടിലേക്കുപോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മിക്കപ്പോഴും കാലിയായിട്ടാണ് പോകാറുള്ളത്, അതിലെന്തായാലും സീറ്റുണ്ടാവുമെന്നാണ് കരുതിയത്. പക്ഷെ ഇത്ര വലിയ ആൾക്കൂട്ടം അവിടെയും ഉണ്ടാവുമെന്ന് അവൾ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. ഫുട്‌ബോർഡിൽ ആളുകൾ തൂങ്ങിക്കിടക്കുന്നതുകൊണ്ട് ബസ്സിന്റെ ഡോർ അടയ്ക്കാൻ പറ്റാത്ത അവസ്ഥ. അകത്തുനിന്ന് കണ്ടക്ടർ കുറച്ചു പേരോട് വെളിയിലേക്ക് ഇറങ്ങാൻ പറഞ്ഞു ദേഷ്യപ്പെടുന്നുണ്ട്. പക്ഷെ ആരും ഇറങ്ങാൻ കൂട്ടാക്കാതെ നിൽക്കുകയാണ്.

ഇനി എന്ത് ചെയ്യും!

ഒന്നൊരണ്ടോ ദിവസമായിരുന്നുവെങ്കിൽ നഗരത്തിലുള്ള സുഹൃത്തുക്കളുടെ ആരുടെയെങ്കിലും ഫ്ലാറ്റിൽ പോയി നിൽക്കാമായിരുന്നു. ഇതിപ്പോ 15 ദിവസം ആയതുകൊണ്ട് അവർക്കത് ബുദ്ധിമുട്ടാകും. അല്ലെങ്കിൽത്തന്നെ ഇവിടെ ഈ മഹാനഗരത്തിൽ ആരാണ് തനിക്ക് സുഹൃത്ത് എന്നു പറയാനുള്ളത്. രാജീവിനെ കെട്ടി ഈ നഗരത്തിൽ വന്നിറങ്ങിയിട്ടു വർഷം കുറെയായിയെങ്കിലും ഫ്ലാറ്റിന്റെ നാല് ചുവരുകൾക്കുമപ്പുറം ആരുമായും തനിക്കു വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ. അടുത്തുള്ള ഫ്ലാറ്റിലെ ആളുകളോട് താൻ സംസാരിക്കുന്നതുപോലും രാജീവിന് ഇഷ്ടമല്ലായിരുന്നു. പിന്നെ പേരിനെങ്കിലും ഒരു സുഹൃത്ത് എന്ന് പറയാവുന്നത് പഴയ കോളേജ് സഹപാഠിയായിരുന്ന രേഷ്മയാണ്. അവളുടെ ഫ്ലാറ്റിലോട്ടു പോകാം എന്നുവെച്ചാൽ അവിടെ രേഷ്മയുടെ ഭർത്താവ്, അയാളുടെ ചില സമയങ്ങളിലെ കൊത്തിവലിക്കുന്നതുപോലെയുള്ള നോട്ടം, അത് ആലോചിച്ചാൽ തന്നെ തൊലി ഉരിഞ്ഞുപോകുന്നപോലെ തോന്നും. എങ്കിലും മനസില്ലാമനസോടെ അവൾ മൊബൈലെടുത്ത്​ രേഷ്മയ്ക്ക് ഫോൺ ചെയ്തു.

ഭാഗ്യം, റിങ് പോയപ്പോൾ തന്നെ അവൾ എടുത്തു. രേഷ്മ ഫാമിലിയോടെ നാട്ടിലേക്ക് പോയിട്ട് കുറച്ചു ദിവസങ്ങളായി എന്ന് അപ്പോഴാണ് ഗായത്രി അറിയുന്നത്. പക്ഷെ രേഷ്മ ഒരു സഹായം ചെയ്തു. ടൂർ ടാക്‌സി ബിസിനസ് ചെയ്യുന്ന അണ്ണാ നഗറിലെ സെന്തിൽ കുമരന്റെ നമ്പർ അവൾ അയച്ചു കൊടുത്തു. ഗായത്രിക്കും അയാളെ പരിചയമുണ്ട്, നമ്പർ കൈയിൽ നിന്ന് എപ്പോഴോ മിസ്സ് ആയി പോയതാണ്.

അവൾ ഉടനെ തന്നെ സെന്തിലിന് കാൾ ചെയ്തു.
‘സൊല്ലുങ്ക മാഡം, എന്ന വിശേഷം?', അപ്പുറത്തുനിന്നും സെന്തിൽ തിരക്കി.
‘അണ്ണാ, ഊരുക്ക് പോറതുക്ക് എതാവത് ടാക്‌സി കിടയ്ക്കുമാ?', അവൾ അറിയാവുന്ന തമിഴിൽ പറഞ്ഞു.
പച്ചക്കറി വാങ്ങാനും പലചരക്കു വാങ്ങാനും ഒക്കെ പോയി അത്യാവശ്യം തമിഴ് ഒക്കെ ഇതിനകം അവൾ പഠിച്ചെടുത്തിരുന്നു.
കായ്കറി കട നടത്തുന്ന പന്നീർസെൽവവും പിന്നെ ദശരഥപുരത്ത് മീൻ കച്ചവടം നടത്തുന്ന സെൽവി അക്കയും ഒക്കെയായിരുന്നു അവൾക്കവിടെ സംസാരിക്കാനുണ്ടായിരുന്ന കൂട്ട്.

‘‘അയ്യോ മാഡം, കേരളാ പോറതുക്ക...? യെവനും വരമാട്ടിയെ, അങ്കെ താൻ കൊറോണ നിറയെ ഇരുക്ക്. കേരളാന്ന് സൊന്നാലെ എല്ലാരും ഓടിടുവേൻ.''
സെന്തിൽ പറഞ്ഞു.

‘‘അണ്ണാ, എനിക്ക് എപ്പടിയാവത് ഊരുക്ക് പോയിതാൻ ആകണും,വേറെ വഴി ഇല്ലൈ.ഏതാവത് വഴിയിരുന്താ സൊല്ലുങ്കണ്ണാ.''

സെന്തിൽ ആകെ ധർമസങ്കടത്തിലായി. അയാൾ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു, ‘‘സെരി മാഡം കൊഞ്ചം വെയിറ്റ് പണ്ണുങ്കെ, നാൻ ഒരുത്തനുക്ക് ഫോൺ അടിച്ചു നോക്കാം, ആനാൽ അവൻ കൊഞ്ചം കാശ് അധികമാ കേപ്പേൻ, അത് ഓക്കേ താനേ?''

‘‘കാശ് അധികമാ കേട്ടാലും പറവായില്ല,എനക്ക് പോയിതാൻ ആകണും.നീങ്ക കേട്ട് സൊല്ലുങ്കെ.''

അവൾക്ക് എങ്ങനെയെങ്കിലും ഇവിടം വിട്ട് പോയാൽ മതി എന്നായിരുന്നു. വെളിയിൽ നിന്ന് വരുന്നവരെ ‘വാഴവയ്ക്കും ചെന്നൈ' എന്നാണ് പൊതുവെ പറയാറ്. പക്ഷെ ഈ നഗരം തനിക്ക് ഓർത്തുവയ്ക്കാൻ ഒരു നല്ല നിമിഷം കൂടി തന്നിട്ടില്ല. ഫോൺ വെക്കുമ്പോൾ ഫ്ലാറ്റിൽ നിന്നിറങ്ങാൻ തോന്നിയ ആ നിമിഷത്തെക്കുറിച്ച് അവൾ ഒന്നൂകൂടി ആലോചിച്ചു. അല്ലെങ്കിലും ഇറങ്ങുക അല്ലാതെ മറ്റു വഴികൾ ഒന്നും തന്റെ മുന്നിലില്ലായിരുന്നല്ലോ. സഹിക്കാവുന്നതിന്റെ എല്ലാം പരിധിയും രാജീവ് ലംഘിച്ചു കഴിഞ്ഞിരുന്നു.

ഉച്ച കഴിഞ്ഞെങ്കിലും വെയിലിന് നല്ല ചൂടുണ്ടായിരുന്നു.
മാർച്ച് മാസമാണ്, പൊതുവെ ചൂട് കൂടുതലുള്ള ചെന്നൈയിൽ അഗ്‌നിനക്ഷത്രം എരിയുന്ന കാലം. ബസ്സ്റ്റാൻഡിലെ ടാറിട്ട നിലത്തുതട്ടി വെയിൽ മുഖത്തേക്ക് അടിക്കുന്നു. അവൾക്ക് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും കുടിക്കണം. സ്റ്റാൻഡിലെ കടകളിലെല്ലാം നല്ല തിരക്ക്.
ഗായത്രി അടുത്ത് കണ്ട ചായക്കടയിൽ കയറി ഒരു കാപ്പി ഓർഡർ ചെയ്തു. കടക്കാരൻ കേട്ടോ എന്നറിയില്ല. കുറച്ചു നേരം അവൾ വെയിറ്റ് ചെയ്‌തെങ്കിലും തിരക്കൊഴിയുന്ന ലക്ഷണം ഒന്നും കാണുന്നില്ല. പെട്ടന്നാണ് ഹാൻഡ്ബാഗിൽ ഇരുന്ന മൊബൈൽ ശബ്ദിച്ചത്.

സെന്തിൽ കുമരൻ ആണ്
""മാഡം,ഒരുത്തൻ കേരളാ വര ഓക്കേ സൊല്ലിയിരുക്ക്.
ബസ്സ്റ്റാൻഡ് വെളിയേ ഒരു ബിരിയാണി കട ഇറുക്ക്,
നീങ്ക അങ്കെ വന്നു നില്ലുങ്കെ, അരമണിനേരത്തിലെ അവൻ വണ്ടി വന്ത് ഉങ്കളെ പിക്കപ്പ് പണ്ണിടും. മാഡം വണ്ടി നമ്പർ നോട്ട് പണ്ണിക്കോങ്കെ TN 05 B 1414''
""റൊമ്പ താങ്ക്‌സ് അണ്ണാ''
അവൾ ഫോൺ വെച്ചപ്പോഴേക്കും കടക്കാരൻ കാപ്പിയുമായി എത്തി. ഭയങ്കര മധുരം. ഇവിടുത്തെ കടകളിൽ നിന്ന് ചായയോ കാപ്പിയോ കുടിക്കുമ്പോൾ "സക്കരൈ കമ്മിയാ പോടുങ്കെ'എന്ന് പറഞ്ഞില്ലെങ്കിൽ ഇങ്ങനെയാണ്. അവർ പഞ്ചസാര കലക്കി ഒഴിച്ചു തരും. സെന്തിൽ വണ്ടി അയക്കാം എന്ന് പറഞ്ഞതോടെയാണ് അവൾക്ക് സത്യം പറഞ്ഞാൽ ശ്വാസം നേരെ വീണത്. ജീവിതത്തിൽ നല്ല അടുപ്പം ഉണ്ടെന്ന് നാം കരുതുന്നവർ പലപ്പോഴും ഒരു ആവശ്യത്തിനായി വിളിച്ചാൽ കഴിവതും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുക. പക്ഷെ പണ്ട് എപ്പോഴോ ഒരിക്കൽ പരിചയപ്പെട്ട ഒരു തമിഴൻ തനിക്ക് ഹെല്പ് ചെയ്യുന്നു. അല്ലെങ്കിലും ഒരു സഹായം ചോദിച്ചാൽ തമിഴന്മാർ അങ്ങനെയാണ്, അവരെക്കൊണ്ടു ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തിരിക്കും.

കാപ്പി കുടിച്ചുകഴിഞ്ഞ് അവൾ നേരെ ബസ്സ്റ്റാൻഡിന് പുറത്തേക്ക് നടന്നു. അരമണിക്കൂറിൽ എത്തുമെന്ന് പറഞ്ഞെങ്കിലും പിന്നെയും കുറെക്കഴിഞ്ഞാണ് വണ്ടി എത്തിയത്. കണ്ടാൽ 23-24 വയസ്സ് തോന്നുന്ന ഒരു ചെറിയ പയ്യനാണ് ഡ്രൈവർ. അവൻ വണ്ടി നിർത്തിയ ഉടനെ ഗ്ലാസ് താഴ്ത്തി ചോദിച്ചു
""സെന്തിൽ അണ്ണാ സൊന്നത് നീങ്കളാ?''
അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഡിക്കി തുറന്ന് ബാഗുകൾ എടുത്ത് അതിൽ അടുക്കി വെച്ചു.
ഗായത്രി കാറിന്റെ പിൻസീറ്റിലേക്കു കയറി ഇരുന്നു.
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് ഇടയിൽ അവൻ ചോദിച്ചു
""കേരള താനേ?''
അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
""കേരളാവിൽ എങ്കെ?''
""തൃശൂർ'' അവൾ പറഞ്ഞു
""അപ്പൊ കോയമ്പത്തൂർ വഴിയാതാൻ പോണം''
എന്ന് പതുക്കെ പറഞ്ഞുകൊണ്ട് ഡ്രൈവർ വണ്ടി എടുത്തു.

കൊയമ്പേട് ഫ്‌ലൈഓവറിൽ കൂടി കയറി വണ്ടി വടപളനി-ഗിണ്ടി റോഡിലേക്ക് ഇറങ്ങി.നല്ല ട്രാഫിക്.
എല്ലാവരും സിറ്റി വിട്ട് പോകുകയാണ്.
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജീവിക്കാൻ വേണ്ടി പലായനം ചെയ്ത ജനങ്ങളെക്കുറിച്ച് പണ്ടേതോ പാഠപുസ്തകത്തിൽ പഠിച്ചത് അവൾ ഓർത്തു. ഇത് പുതിയ പലായനം ആണ്, നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള ഒരു ജനതയുടെ തിരഞ്ഞു നടത്തം. നിരനിരയായി നിൽക്കുന്ന മെട്രോ തൂണുകളെ പിന്നിലാക്കി കൊണ്ട് അശോക് പില്ലർ ചുറ്റി വണ്ടി താംബരം റോഡിലൂടെ പൊയ്‌ക്കൊണ്ടിരുന്നു.

ചെങ്കൽപേട്ട സിഗ്‌നൽ കഴിഞ്ഞതോടെ റോഡിലെ തിരക്ക് കുറഞ്ഞു തുടങ്ങി. ഹൈവേയിലൂടെ കാർ കുതിക്കാൻ തുടങ്ങി.വണ്ടി ഓടിക്കുന്നതിന് ഇടയിൽ ഡ്രൈവർ അയാളുടെ പേര് ഭാരതിദാസൻ എന്നാണെന്നും വീട്ടിൽ അമ്മയും കോളേജിൽ പഠിക്കുന്ന ഒരു പെങ്ങളും മാത്രമാണ് ഉള്ളതെന്നും പറഞ്ഞു. അയാൾ അവളോട് അവളുടെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് തിരക്കിയെങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഡ്രൈവർമാർ പൊതുവെ അങ്ങനെ ആണ് അവർ തങ്ങളുടെ വണ്ടിയിൽ യാത്ര ചെയ്യുന്നവരോട് ഒരു ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിക്കും. താൻ ചോദിക്കുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നില്ല എന്നത് കൊണ്ടാവും ഭാരതി സംസാരം നിർത്തി, കാറിന്റെ മ്യൂസിക് പ്ലെയറിൽ ഒരു പാട്ടു വെച്ചു.

""നിനൈവോ ഒരു പറവൈ,
വിരിക്കും അതിൻ സിറകൈ,
പറക്കും അത് കലക്കും,
തൻ ഉറവൈ.''

പഴയ ഏതോ ഒരു കമലഹാസ്സൻ പടത്തിലെ പാട്ടാണ്. പണ്ട് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5 മണിയ്ക്ക് ദൂരദർശനിൽ "തമിഴ് മാലൈ' എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൽ സ്ഥിരമായി വന്നിരുന്ന പാട്ടായിരുന്നു അത്.
കമലഹാസനും ശ്രീദേവിയും ചേർന്നുള്ള പ്രണയ രംഗങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്. സ്‌കൂളിൽ പഠിക്കുന്ന കാലമാണ്. കമലഹാസനോട് ഭയങ്കര ആരാധന ഉണ്ടായിരുന്ന കാലം. അന്ന് നാനയിലും സിനിമാമംഗളത്തിലും വന്നിരുന്ന കമലഹാസന്റെ ഫോട്ടോസ് വെട്ടിയെടുത്ത് ചോറ് കൊണ്ട് ബുക്ക് മുഴുവൻ ഒട്ടിച്ചുവെച്ചിരുന്നു. ആ ബുക്ക് ഇപ്പൊ എവിടെപ്പോയി ആവൊ!

ആ പാട്ട്, മറ്റു ചില ഓർമകളിലേക്ക് കൂടി അവളെ കൂട്ടി കൊണ്ട് പോയി. അതിന് ഒരു കാരണം കൂടി ഉണ്ടായിരുന്നു. കണ്ടാൽ കമലഹാസന്റെ വിദൂര ഛായ ഉണ്ടായിരുന്ന കെമിസ്ട്രി ഡിപ്പാർട്‌മെന്റിലെ മനോജ് സാർ, താൻ ചേർന്നത് ഫിസിക്‌സ് ആണെങ്കിലും പലപ്പോഴും സാറിനെ കാണാൻ വേണ്ടി മാത്രം കെമിസ്ട്രി ക്ളാസുകളിൽ കയറി ഇരിക്കുമായിരുന്നു. അത് പറഞ്ഞു കൂട്ടുകാരികൾ പലരും തന്നെ എത്രയാണ് കളിയാക്കിയിട്ടുള്ളത്. തന്റെ ഉള്ളിലും അങ്ങനെ ഒരു ചെറിയ മോഹം ഉണ്ടായിരുന്നു എന്നതാണ് സത്യം. മാഷിന് കൊടുക്കാൻവേണ്ടി എത്രയോ രാത്രികളിൽ ഉറക്കം ഇളച്ചിരുന്നു കത്തുകൾ എഴുതിയിട്ടുണ്ട്. പക്ഷെ മാഷിനെ അടുത്ത് കാണുമ്പോൾ ധൈര്യം മൊത്തം ചോർന്നു പോകുമായിരുന്നതുകൊണ്ട് ആ പ്രണയലേഖനങ്ങൾക്ക് പുസ്തകങ്ങളുടെ ഇടയിൽ വിശ്രമിക്കാൻ ആയിരുന്നു വിധി. പിന്നീട് ഒരിക്കൽ ഒരു അത്ഭുതം എന്നോണം മനോജ് സാറിന്റെ കല്യാണ ആലോചനയുമായി ഒരു ബ്രോക്കർ വീട്ടിൽ വന്നു. ശരിക്കും സാറിനും എന്നോട് ഇഷ്ടം ഉണ്ടായിരുന്നോ? അറിയില്ല. അതൊട്ട് ചോദിക്കാനും പറ്റിയിട്ടില്ല. ഒരുപക്ഷെ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആ കല്യാണ ആലോചന വന്ന ദിവസമായിരിക്കും. സ്വപ്നങ്ങൾ ഒരു പറവയെപ്പോലെ ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയ കാലം. നിശ്ചയം കഴിഞ്ഞു അടുത്ത ആഴ്ചതന്നെ ആയിരുന്നു കല്യാണം. അതുകൊണ്ട് കല്യാണത്തിനു മുൻപ് അധികം തമ്മിൽ സംസാരിക്കാൻ ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. വീട്ടിൽ അമ്മ മാത്രം ഉള്ളതുകൊണ്ട് സാർ എപ്പോഴും കല്യാണത്തിരക്കിൽ ആയിരുന്നു. കല്യാണദിവസം വെളുപ്പിനെ തൊട്ട് അതിഭയങ്കര മഴയായിരുന്നു. താലികെട്ടിനു മഴ പെയ്യുന്നത് ശുഭലക്ഷണം ആണത്രേ, മണ്ഡപത്തിൽ നിന്ന് ഇറങ്ങുമ്പോൾ മുറുക്കി ചുവന്ന പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് അമ്മമ്മ പറഞ്ഞു. കല്യാണം കഴിഞ്ഞു മാഷിന്റെ വീട്ടിൽ ചെന്ന് കയറുമ്പോഴും ഇടമുറിയാതെ മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. വൈകുന്നേരത്തെ വിരുന്നിന് മഴ കാരണം അധികം പേർക്കൊന്നും വരാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒരുക്കിവച്ച കറികളും കൂട്ടാനും ഒക്കെ ബാക്കിയായി. പായസം കുറെ അധികം ബാക്കി ഉണ്ടായിരുന്നു. അത് അടുത്തവീടുകളിൽ കൊടുത്തിട്ട് വരാം എന്ന് പറഞ്ഞാണ് സാർ വീട്ടിൽ നിന്ന് ഇറങ്ങിയത്. പക്ഷെ മഴയത്ത് റോഡിൽ പൊട്ടി വീണു കിടന്ന ഒരു ഇലക്ട്രിസിറ്റി ലൈൻ... അതിൽ തട്ടി മനോജ് സാർ പോയി... എന്നിൽ നിന്നും ഒരുപാട് ഒരുപാട് ദൂരത്തേക്ക്.
ഒരു നിമിഷം കൊണ്ടാണ് ജീവിതം മാറി മറിഞ്ഞത്.
ആ വാർത്ത കേൾക്കുമ്പോൾ എന്തോ ഒരു മരവിപ്പ് ആയിരുന്നു. ഒന്ന് കരയാൻ കൂടി കഴിയാത്തതരം മരവിപ്പ്.
കെട്ടികേറി വന്ന പെണ്ണിന്റെ ഭാഗ്യദോഷം എന്ന് മരിപ്പിന് വന്ന പലരും ഞാൻ കേട്ടും കേക്കാതെയും അടക്കം പറഞ്ഞു.
സത്യത്തിൽ മരണത്തേക്കാൾ കൂടുതൽ വിഷമിപ്പിച്ചത് ആ കുറ്റം പറച്ചിലുകൾ ആയിരുന്നു. സഞ്ചയനം കഴിഞ്ഞതോടെ അച്ഛനും അമ്മയും വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പിന്നെ കുറെ നാളത്തേക്ക് പുറത്തു ഇറങ്ങാൻ എന്തോ മടിയായിരുന്നു.
അടച്ചിട്ട മുറിയിലെ ഇരുട്ടിൽ ആരോടും മിണ്ടാതെ കുറെ നാൾ. ശരിക്കും ഭ്രാന്ത് പിടിക്കുമോ എന്ന് തോന്നിയ നിമിഷങ്ങൾ. മകളുടെ വിധി ഓർത്തു നീറി നീറിയാവാം അച്ഛൻ ഒരു മാറാരോഗിയായി മാറിയത്.
വണ്ടി പെട്ടന്നു സൈഡിലേക്ക് ഒതുക്കി നിർത്തിയപ്പോളാണ് അവൾ ഓർമകളിൽ നിന്ന് ഉണർന്നത്.
ഭാരതിദാസൻ പുറകിലേക്ക് തിരിഞ്ഞു
""ഒരു ടീ കുടിച്ചിട്ട് പോലാം മാഡം''
""എങ്കെ ആയിരിച്ച് ?''
""വിഴുപ്പുരം താണ്ടിടോം, മാഡം. ഉങ്കളുക്ക് ടീയാ കോഫിയാ?''
""കോഫി''അവൾ പറഞ്ഞു.
ഗായത്രി കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കി,
സമയം 6 മണി ആകുന്നു.
അവൾ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ചെറിയ ഒരു ചായക്കട ആണ്. കുറച്ചു ഗ്രാമീണർ അവിടെ നിന്ന് ചായ കുടിക്കുന്നുണ്ട്. കോറോണയുടെ വരവൊക്കെ ഇവർ അറിഞ്ഞിട്ടുണ്ടോ ആവൊ.
അപ്പോഴേക്കും ഭാരതി ഒരു കൈയിൽ ചായയും ഒരു കൈയിൽ കാപ്പിയുമായി എത്തി.
വലത്തേ കൈയിലിരുന്ന ഗ്ലാസ് അവൻ ഗായത്രിയുടെ നേരെ നീട്ടി.
""മാഡം,കാപ്പി''
അവൾ ആ ഗ്ലാസ് വാങ്ങി കുടിക്കാൻ തുടങ്ങി.
ഭാരതി കുറച്ചു അകലേക്ക് മാറി നിന്ന് ചായ കുടിക്കുന്നതിന്റെ ഇടയിൽ ഒരു സിഗരറ്റ് കത്തിച്ചു.

""എന്ന സിഗരറ്റ് അത്?''
അവൾ അവനോടു ചോദിച്ചു.
""ഇത് വന്ത് പ്ലെയേഴ്സ് മാഡം.''
അവൾ അവന്റെ നേരെ കൈനീട്ടി
അവൻ ഒരു നിമിഷം ഒന്ന് സംശയിച്ചു നിന്നു
""മാഡം ഇത് ലോക്കൽ സിഗരറ്റ്, കാട്ടം അധികമാ ഇരിക്കും,നാൻ ഇന്ത കടയിലെ ലൈറ്റ്‌സ് ഇരുക്കുമാ എന്ന് കേക്കിറേൻ.''
""വേണ്ട, ഇതേ കൊട്.''
ഗായത്രി പറഞ്ഞു
അവൻ മടിച്ചു മടിച്ചു പാന്റിന്റെ പോക്കറ്റിൽ നിന്നും പ്ലെയേഴ്സിന്റെ പാക്കറ്റ് എടുത്തു അവളുടെ നേരെ നീട്ടി.
ഗായത്രി അതിൽനിന്നു ഒരെണ്ണം എടുത്തു ചുണ്ടത്തു വെച്ചു.
അവൻ ലൈറ്റർ അവൾക്കു നേരെ നീട്ടി.
സിഗരറ്റ് വലിച്ചു നിൽക്കുന്ന അവളെ കൗതുകത്തോടെ നോക്കികൊണ്ട് ചില ഗ്രാമീണർ ആ വഴി നടന്നു പോകുന്നുണ്ടായിരുന്നു.
കോളേജ് ഹോസ്റ്റലിൽ വെച്ച് കൂട്ടുകാർക്കു ഒപ്പം രണ്ടു മൂന്നു തവണ റൂം അടച്ചിട്ട് വലിച്ചിട്ടുണ്ട്.അതിനു ശേഷം ഇപ്പോഴാണ്.
പക്ഷെ സിഗരറ്റിന്റെ മണം അവൾക്കു കുട്ടിക്കാലത്തെ നല്ല പരിചയം ആയിരുന്നു.ഇടയ്ക്കു ഇടയ്ക്കു വീട്ടിൽ മുട്ടായിപ്പൊതിയുമായി വരുമായിരുന്ന അച്ഛന്റെ അമ്മാവൻമാരിൽ ഒരാളുടെ പോക്കറ്റിൽ എപ്പോഴും മഞ്ഞ കളറിലുള്ള ഒരു സിഗരറ്റ് പാക്കറ്റ് ഉണ്ടാവുമായിരുന്നു.
അയാൾ വീട്ടിൽ വന്നിരുന്ന ദിവസങ്ങളിൽ രാത്രി ഉറങ്ങി കിടക്കുമ്പോൾ തന്റെ തലയുടെ അരികിലായി ആ സിഗരറ്റിന്റെ മണം അവൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ദേഹമാസകലം എന്തോ ഒന്ന് ഓടിനടക്കുന്ന പോലെയും. അത് എന്തായിരുന്നു എന്ന് തിരിച്ചറിയാൻ പിന്നെയും കുറെ വർഷങ്ങൾ എടുത്തു.

കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴേക്കും സിഗരറ്റും തീർന്നിരുന്നു. അങ്ങ് ദൂരെ അസ്തമയ സൂര്യൻ ഒരു ചുവന്ന വട്ടമായി താഴെ കരിമ്പനകൾക്ക് ഇടയിലേക്ക് ഓടി ഒളിക്കാൻ തുടങ്ങുന്നു. ആ സമയം ആകാശത്തിനും താഴെ ഭൂമിക്കും ഒരേ നിറം ആയിരുന്നു, ചുവപ്പ് കലർന്ന ഒരു സ്വർണ്ണ നിറം. ഭാരതി വന്ന് കാർ സ്റ്റാർട്ട് ചെയ്തു. ഇത്തവണ അവൾ പിൻസീറ്റിന് പകരം മുൻസീറ്റിലേക്കു കയറി ഇരുന്നു. റോഡ് അങ്ങനെ നീണ്ടു നിവർന്ന് കിടക്കുകയാണ്. നഗരം വിട്ടതോടെ കെട്ടിടങ്ങളുടെ അപ്രമാദിത്തം അവസാനിച്ചു.അവിടെ അവിടെയായി ഒറ്റപ്പെട്ട വീടുകൾ കാണാം.റോഡിന്റെ ഇരുവശത്തും കരുവേലൻ ചെടികൾ കൂട്ടംകൂട്ടമായി വളർന്നു നിൽക്കുന്നു.

ഉളൂന്ദുർ പേട്ട കഴിഞ്ഞപ്പോൾ വണ്ടി വലത്തേക്ക് തിരിഞ്ഞു ഒരു ഹൈവേയിലേക്ക് കയറി. നെടുംചാലൈ 79 എന്ന് തമിഴിലും ഇംഗ്ലീഷിലും പച്ച നിറത്തിലുള്ള വലിയ ബോർഡിൽ എഴുതിവെച്ചിരിക്കുന്നു.ഹൈവേക്ക് തമിഴിൽ നെടുംചാലൈ എന്നാണ് പറയുക.നല്ല ഇമ്പം ഉള്ള പേര്.
ഹൈവേ ആണെങ്കിലും വണ്ടികൾ കുറവാണ്.വഴിയരികിൽ ഇടയ്ക്കു ഇടയ്ക്കു ചെറിയ കടകൾ കാണാം.നേരം അത്യാവശ്യം നന്നായി ഇരുട്ടാൻ തുടങ്ങിയിരുന്നു. ഗായത്രി സീറ്റ് പുറകിലേക്ക് ചായ്ച്ചു കണ്ണടച്ചു കിടന്നു.

പിന്നീട് എന്നാണ് രാജീവ് തന്റെ ജീവിതത്തിലേക്ക് വന്നത്.
അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചിയാണ് രാജീവിന്റെ ആലോചനയുമായി ആദ്യം വീട്ടിലേക്ക് വന്നത്. തനിക്ക് അന്ന് വലിയ താല്പര്യം ഒന്നും തോന്നിയില്ലെങ്കിലും വീട്ടുകാർക്ക് വേണ്ടിയാണ് ആ കല്യാണത്തിന് സമ്മതിച്ചത്. എല്ലാം അറിഞ്ഞിട്ടും തന്നെ കല്യാണം കഴിക്കാൻ തയ്യാറായി വന്ന ഒരാൾ, ചെന്നൈയിൽ നല്ല ജോലി, കാണാനും തരക്കേടില്ല. അച്ഛന്റേം അമ്മയുടെയും അഭിപ്രായം ദൈവമായിട്ടുകൊണ്ടുവന്നതാണ് രാജീവിന്റെ ആലോചന എന്നായിരുന്നു. അല്ലെങ്കിൽ കല്യാണത്തിന്റെ അന്ന് തന്നെ ഭർത്താവ് മരിച്ചു പോയ ഒരു പെണ്ണിനെ, പിന്നീട് ആരാണ് കെട്ടാൻ തയ്യാറായി വരുക. ആലോചന വന്നപ്പോൾ ഏറ്റവും സന്തോഷം അച്ഛനായിരുന്നു. കുറെ നാളിനു ശേഷം അച്ഛനെ നിറഞ്ഞ ചിരിയോടെ കാണുന്നത് അന്നാണ്. ആരുടെയും സന്തോഷം താനായിട്ട് തല്ലി കെടുത്തേണ്ട എന്ന് കരുതി.
ഭാരതി ദാസൻ തട്ടി വിളിച്ചപ്പോഴാണ് അവൾ ഓർമകളിൽ നിന്ന് ഉണർന്നത്.
""മാഡം,സാപ്പിട വേണാമ? ഏതാവത് കടയില് നിപ്പാട്ടട്ടുമാ?''
""സമയം എന്തായി?''
അവൾ ചോദിച്ചു
""8 മണി അയിരിച്ച്, അതാ കേട്ടേൻ.''
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ സീറ്റിൽ നിന്ന് പതുക്കെ എഴുന്നേറ്റ് ഇരുന്നു.
""നല്ല തൂക്കം പോലെ, അതാ നാനും ഡിസ്റ്റർബ് പണ്ണ വേണാംന്നു നിനച്ചേൻ''.
അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.
ഗായത്രി ഗ്ലാസിൽ കൂടി പുറത്തേക്കു നോക്കി ഇരിക്കുകയാരുന്നു. അവൾ പതുക്കെ ഗ്ലാസ് താഴ്ത്തി കൈമുട്ട് ഡോറിലേക്കുവച്ച് മുഖം അതിലേക്ക് ചേർത്തിരുന്നു.
ചെറിയ തണുപ്പുള്ള കാറ്റ് അവളുടെ മുടിയിഴകളെ തഴുകി കടന്നുപോയി.
രാജീവ് ഒരിക്കലും ഗ്ലാസ് താഴ്ത്തി യാത്ര ചെയ്യാൻ സമ്മതിക്കുമായിരുന്നില്ല. പുറത്തെ കാറ്റ് കൊണ്ടാൽ പനി പിടിക്കും എന്നാണ് അയാളുടെ പക്ഷം. ആലോചിച്ചപ്പോൾ എന്തോ അവളുടെ മുഖത്തു ഒരു ചിരി വന്നു.
""എന്ന മാഡം സിരിക്കറീങ്കെ?''
""ഹേയ് ഒന്നുല്ല,നത്തിങ്''
അവൾ പറഞ്ഞു
""നീങ്ക വണ്ടിയിലെ ഏറണതിൽ ഇരുന്തേ പാത്തേൻ,എപ്പോവും ഒരേ യോസനയിലെ ഇരിക്കിങ്കെ?''
ഒരു നീണ്ട മൗനം ആയിരുന്നു മറുപടി.
""പറയു മാഡം''
അവൻ പറഞ്ഞു.
""മലയാളം തെരിയുമാ?''
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
അവൻ ചിരിച്ചു കൊണ്ട്
""കോളേജിൽ പടിക്കുമ്പോത് ഒരു മലയാളി പൊണ്ണേ കാതലിതേൻ,അവക്കിട്ടെ സംസാരിക്കാൻ കുറച്ചു കുറച്ചു പഠിച്ചു''
അവൻ തമിഴും മലയാളവും ഇടകലർത്തി പറഞ്ഞു.
""എന്നിട്ട്?''
""എന്നിട്ടെന്ന, കോളേജ് മുടിഞ്ഞതും അവ പോയിട്ടാ,അവളോ താൻ.''
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നീട് കുറെ നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല.
നെടുംചാലയിലൂടെ വണ്ടി കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു.
സേലം കഴിഞ്ഞപ്പോൾ റോഡ് അരികിൽ നിന്ന പോലീസുകാർ വണ്ടിക്ക് കൈ കാണിച്ചു.
എങ്ങോട്ടാണ് പോകുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ അവർക്കു എഴുതി കൊടുക്കേണ്ടി വന്നു. കൂട്ടത്തിൽ ഒരു പോലീസ്‌കാരൻ ഭാരതിയോട് ബോർഡർ അടയ്ക്കാനുള്ള സാധ്യത ഉണ്ട് അതുകൊണ്ട് വേഗം മടങ്ങി വരണം എന്ന് പറയുന്നത് കേട്ടു. പിന്നീട് കുറെ നേരത്തേക്ക് ഭാരതി പോലീസുകാരെ എന്തൊക്കെയോ തമിഴിൽ പള്ളു പറഞ്ഞു കൊണ്ടാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. അവന്റെ പെങ്ങളുടെ കല്യാണം അടുത്ത മാസം ആണ് തീയതി കുറിച്ചിരിക്കുന്നത്. അതിനിടയ്ക്കാണ് അപ്രതീക്ഷിതമായി കുറെ ദിവസത്തേക്ക് പണി ഇല്ലാതെയാകാൻ പോകുന്നത്. അതാണ് അവന്റെ ആശങ്ക.
ഈറോഡ് ആകാറായപ്പോൾ രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി റോഡ് അരുകിൽ കണ്ട ഒരു തട്ടുകടയിൽ വണ്ടി നിർത്തി.
ഒരു ചെറിയ ഉന്തുവണ്ടിക്കട. അതിനു മുൻപിലായി ഒരു ടാർപ്പായ് വലിച്ചുകെട്ടി ഒന്ന് രണ്ടു പ്ലാസ്റ്റിക് ടേബിളും നാലഞ്ചു കസേരകളും നിരത്തി ഇട്ടിരിക്കുന്നു. ഒരു സ്ത്രീയും അവരുടെ രണ്ടു മക്കളുമാണ് കട നടത്തുന്നത്. കൈകഴുകാൻ വേണ്ടി മുകൾഭാഗം പാതി മുറിച്ചുകളഞ്ഞ ഒരു കന്നാസിൽ വെള്ളം വെച്ചിരിക്കുന്നു. പക്ഷെ വെള്ളത്തിന് ചെറിയ മഞ്ഞ നിറം, കണ്ടാൽ കലക്കവെള്ളം ആണെന്നെ തോന്നുകയുള്ളു. അവൾ കാറിൽ നിന്ന് ഒരു കുപ്പി വെള്ളം എടുത്തുകൊണ്ടു വന്ന് കൈകഴുകി കസേരയിൽ ഇരുന്നു. കടയിൽ വലിയ തിരക്കൊന്നും ഇല്ല. അല്പസമയം കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ മക്കളിൽ മൂത്ത ആളാണെന്ന് തോന്നുന്നു അടുത്തേക്ക് വന്ന് ചിരിച്ചുകൊണ്ട് കഴിക്കാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ഭാരതി അയാൾക്ക് ദോശ മതിയെന്ന് പറഞ്ഞു, ഗായത്രി പൊറോട്ടയും ചിക്കൻ കറിയും ഓർഡർ ചെയ്തു.നല്ല ചൂട് പൊറോട്ട ചിക്കൻ കറിയിൽ മുക്കി കഴിക്കുമ്പോൾ അവൾ ആലോചിച്ചു, ശരിക്കും എത്ര നാളിനുശേഷമാണ് ഇങ്ങനെ മനസമാധാനത്തോടെ നോൺ വെജ് കഴിക്കുന്നത്. രാജീവ് വെജിറ്റേറിയൻ ആയതുകൊണ്ട് ഫ്‌ലാറ്റിൽ ഒരിക്കലും നോൺ വെജ് ഡിഷസ് ഉണ്ടാക്കിയിരുന്നില്ല. പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ കഴിച്ചാലോ തിരിച്ചു ഫ്‌ലാറ്റിൽ എത്തിയാൽ ഉടനെ കുളിക്കണം എന്നിട്ടേ അടുക്കളയിൽ കയറാൻ പാടുള്ളു, അത് രാജീവിന് നിർബന്ധം ആയിരുന്നു.ആ ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ പിന്നെ കഴിക്കാനേ തോന്നില്ല. വേഗം കഴിച്ചുതീർത്തു അവർ ഇറങ്ങി.തൃശൂർക്ക് ഇനിയും ഒരു പാടു ദൂരം യാത്രയുണ്ട്.

വിജനമായ പ്രദേശങ്ങളെയും ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന ചെറു പട്ടണങ്ങളെയും പിന്നിലാക്കി വണ്ടി ഓടികൊണ്ടിരുന്നു. ഇനി വീട്ടിൽ എത്തുമ്പോൾ എന്തായിരിക്കുമോ അവിടുത്തെ അവസ്ഥ. അച്ഛനോട് ചെറുതായി ഒന്ന് സൂചിപ്പിച്ചു, നീണ്ട മൗനം ആയിരുന്നു മറുപടി. അല്ലെങ്കിലും അച്ഛൻ അങ്ങനെയാണ് മനസ്സിന് ഒരു വിഷമം തട്ടിയാൽ ആരോടും ഒന്നും പറയാതെ ഏതെങ്കിലും ഒരു മൂലയ്ക്ക് പോയി അങ്ങനെ ഒറ്റയ്ക്ക് ഇരിക്കും. അമ്മ അറിഞ്ഞിട്ടുണ്ടാവില്ല, ഉണ്ടെങ്കിൽ ഇതിനകം മൊബൈലിൽ കാൾ വന്നേനെ. അവൾ മൊബൈൽ എടുത്ത് നോക്കി.ഇല്ല ആരും വിളിച്ചിട്ടില്ല. സേലം-കൊച്ചി ഹൈവേ നാലുവരിപ്പാത ആയതുകൊണ്ട് ഭാരതി നല്ല വേഗത്തിൽ ആണ് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്.ഇടയ്ക്ക് എപ്പോഴോ കൊച്ചിൻ- 250കിലോ മീറ്റർ എന്നൊരു ബോർഡ് കണ്ടു.നല്ല ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരുന്നില്ല.അവൾ വെറുതെ ഫേസ്ബുക്ക് നോക്കികൊണ്ടിരുന്നു. അതിൽ നിറയെ കൊറോണയെപ്പറ്റിയുള്ള പോസ്റ്റുകൾ ആണ്.കുറച്ചുദിവസമായി മലയാളത്തിലെ വാർത്തചാനലുകൾ വെച്ചാലും അതുതന്നെയാണ് അവസ്ഥ. റൂട്ട് മാപ്പ് ഉണ്ടാക്കുന്നു, പോയവരെയും വന്നവരെയും ഒക്കെ കണ്ടുപിടിക്കുന്നു. ആകെ മൊത്തം ഒരേ പുകില്. അവൾ ഫോൺ ഓഫ് ആക്കി ബാഗിനുള്ളിൽ വെച്ചു. കാറിന്റെ മ്യൂസിക് പ്ലെയറിൽ അപ്പോഴും യേശുദാസ് പാടുന്നുണ്ടായിരുന്നു.

""വൈഗൈ കരൈ കാറ്റേ നില്ല്,
വഞ്ചിതനെ പാത്താൽ സൊല്ല്...
കാറ്റേ പൂങ്കാറ്റേ...
എൻ കണ്മണി അവളെ കണ്ടാൽ നീയും...
കാതോരം പോയി സൊല്ല്....''

വണ്ടി പെട്ടന്ന് റോഡിന്റെ അരികിലേക്ക് നിന്നു.
""ലൈറ്റാ തൂക്കം വരുത് മാഡം, നാൻ ഒരു ടീ സാപ്പിട്ട് വരേൻ''
ഭാരതി അവളെ നോക്കി പറഞ്ഞു.
ഗായത്രി ശരി എന്ന് തലയാട്ടി.
""മാഡം, ഉങ്കളുക്ക്?'' അവൻ ചോദിച്ചു.
""വേണ്ട''
""സിഗരറ്റ് ?''
കാറിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടയിൽ അവൻ സിഗരറ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
അവൾ അവനെ ഒരു നിമിഷം നോക്കി. പിന്നെ ചിരിച്ചു കൊണ്ട് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി. അവൻ ചായക്കടയിലേക്ക് ഇറങ്ങി നടന്നു. റോഡിൽ കൂടി കുറേ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. അവയിലേതെങ്കിലും വണ്ടിയിൽ ചിലപ്പോൾ തന്നെപ്പോലെ മറ്റൊരു സ്ത്രീ ഉണ്ടാവാം. സ്വപ്നങ്ങളൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ച് പലായനം ചെയ്യുന്ന മറ്റൊരുവൾ.
അവൾക്കും തനിക്കും പറയാൻ ഉള്ളത് ഒരേ കഥയായിരിക്കും.
ചായ കുടിച്ചിട്ട് ഭാരതി വേഗം തിരിച്ചെത്തി.
""ഇത് എന്ത ഇടം?''
""തിരുപ്പൂർ തണ്ടിട്ടൊം മാഡം. വിഡിയ കാലൈയിൽ ഉങ്ക ഊരുക്ക് റീച്ചായിടും.''
മറുപടി പറയുന്നതിന് ഇടയിൽ അവൻ വണ്ടി എടുത്തു.
അവൾ വാച്ചിലേക്ക് നോക്കി സമയം ഒന്നേ മുക്കാൽ ആകുന്നു.അവൾ ചെറുതായി ഒന്ന് ചുമച്ചു. കാറ്റ് അടിച്ചതിന്റെ ആവാം.അവൾ വണ്ടിയുടെ ഗ്ലാസ് മുകളിലേക്ക് കയറ്റി. വാളയാർ ചെക്ക്‌പോസ്‌റ് കഴിഞ്ഞാൽ പിന്നെ ചുമയ്ക്കാൻ പറ്റില്ല. കൊറോണ ആണെന്ന് പറഞ്ഞു എല്ലാരും കൂടി പിടിച്ചു ക്വാറൻന്റെൻ ആക്കികളയും.

വഴിയിലെ കാഴ്ചകൾ കണ്ടു കൊണ്ടിരുന്ന ഗായത്രി ഇടയ്ക്ക് എപ്പോഴോ ഒന്ന് മയങ്ങി പോയി. പിന്നെ കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് വണ്ടി എവിടെയോ നിർത്തി ഇട്ടിരിക്കുന്നതാണ്. ഡ്രൈവിംഗ് സീറ്റിൽ ഭാരതിയെ കാണാനും ഇല്ല. അവൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കുമ്പോൾ അങ്ങ് ദൂരെ നിന്ന് ഭാരതീദാസൻ നടന്നു വരുന്നുണ്ടായിരുന്നു. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്.
""എന്നാച്ച് ?''
അവൻ അരികിൽ എത്തിയ ഉടനെ അവൾ ചോദിച്ചു.
""വാളയാർ വന്തിട്ടൊം മാഡം, ആനാ ബോർഡർ ക്ലോസ് പണ്ണിയിരുക്ക്. ഫുള്ളാ പൊലീസ്‌കാരങ്ക നിക്കിറാങ്കെ. കാലൈയിലെ എല്ലാ വണ്ടിയും ചെക്ക് പണ്ണിട് താൻ ഉള്ളെ വിടുവാങ്കളാ.''
""ടൈം എന്തായി?''
അവൾ ചോദിച്ചു.
""മണി മൂന്നര ആയിരിച്ച് മാഡം.''
അവൾ പുറത്തേക്ക് നോക്കി. കുറച്ചു വണ്ടികൾ അവിടെ അവിടെയായി റോഡിന്റെ അരികുചേർത്ത് നിർത്തി ഇട്ടിരിക്കുന്നു. എല്ലാം നാട്ടിലേക്ക് വരുന്നവർ ആകും.
""നീങ്ക തൂങ്കുങ്ക മാഡം, നിറയെ ടൈം ഇരുക്ക്.''
എന്ന് പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് കയറി സീറ്റ് പുറകിലേക്ക് ചായ്ച്ചു കണ്ണടച്ചു കിടന്നു.
ഗായത്രിക്ക് പിന്നെ ഉറക്കം വന്നില്ല.അവൾ കുറച്ചു നേരം അങ്ങനെ ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഭാരതി ദാസന്റെ ചെറിയ ശബ്ദത്തിലുള്ള കൂർക്കം വലി കേൾക്കാൻ തുടങ്ങി.
""പാവം നല്ല ക്ഷീണം ഉണ്ടാവും, ഇത്രേം നേരം വണ്ടി ഓടിച്ചതല്ലേ.'' അവൾ മനസ്സിൽ പറഞ്ഞു.
പതുക്കെ ശബ്ദം ഉണ്ടാക്കാതെ കാറിന്റെ ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി. മാർച്ച് മാസം ആണെങ്കിലും ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഗായത്രി കുറച്ചു നേരം കാറിന്റെ ബോണറ്റിൽ ചാരി അങ്ങനെ നിന്നു.
മരങ്ങൾക്ക് അപ്പുറം നെൽപ്പാടങ്ങൾ ആണെന്ന് തോന്നുന്നു. അരണ്ട നിലാവത്ത് ഒന്നും വ്യക്തമായി കാണാൻ പറ്റുന്നില്ല. അവൾ കാറിൽ നിന്ന് അവന്റെ സിഗരറ്റ് പാക്കറ്റ് എടുത്തു. അതിൽ രണ്ട് സിഗരറ്റ് കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളു.അതിൽ നിന്ന് ഒരെണ്ണം എടുത്ത് അവൾ കത്തിച്ചു. തൃശ്ശൂർക്ക് ഇനിയും ഒന്നര- രണ്ടു മണിക്കൂർ ദൂരം ഉണ്ട്. തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം. അവൾ പതുക്കെ കവിളത്ത് തൊട്ട് നോക്കി. നീര് വല്ലതും വെച്ചിട്ടുണ്ടോ ആവൊ. രാജീവിന്റെ അടിയ്ക്ക് നല്ല ശക്തി ഉണ്ടായിരുന്നു.
ശരിക്കും എന്തായിരുന്നു ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം? എവിടെ നിന്നായിരുന്നു അതിന്റെ തുടക്കം?

കല്യാണം കഴിഞ്ഞ് ഒരുപാട് പ്രതീക്ഷകളോടെയാണ് ചെന്നൈയ്ക്ക് വണ്ടി കയറിയത്. ആദ്യമൊക്കെ രാജീവും നല്ല സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. പിന്നീട് ഒരിക്കൽ രാജീവിന്റെ ഫോണിൽ വന്ന ഒരു സഹപ്രവർത്തകയുടെ വാട്‌സ്ആപ് സന്ദേശം താൻ ആകസ്മികമായി കേൾക്കാൻ ഇടയായത്. അത് ചോദ്യം ചെയ്തതോടെ ആണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ആ പ്രശ്‌നം വളർന്ന് വളർന്ന് പിന്നെ ഒരേ ഫ്‌ലാറ്റിൽ രണ്ടു മുറികളിലായി രാത്രിഉറക്കം. തന്റെആഗ്രഹങ്ങൾ.. സ്വപ്നങ്ങൾ.. ശരീരത്തിന്റെ ആവശ്യങ്ങൾ. പരസ്പരം മിണ്ടാതെ എത്രനാൾ ഒരേ ഫ്‌ലാറ്റിൽ തികച്ചും അപരിചിതരെ പോലെ. നീണ്ട മൗനമായി തീർന്ന വിവാഹജീവിതം. എന്നും ഉച്ച കഴിയുമ്പോൾ രാത്രി ഭക്ഷണത്തിന് എന്താണ് വേണ്ടത് എന്ന് മൊബൈലിൽ ഒരു മെസ്സേജ് വരും. അതു മാത്രമായിരുന്നു രണ്ടുപേരും തമ്മിലുള്ള ഒരേ ഒരു ബന്ധം. എന്നിട്ടും സഹിച്ചു കൂടെ നിന്നു, ഒരു നാൾ എല്ലാം ശരി ആകും എന്ന് കരുതി. എന്നിട്ടും ഇന്നലത്തെ പകൽ, എല്ലാം പറഞ്ഞു തീർക്കാം എന്ന് കരുതിയാണ് അയാളുടെ മുൻപിലേക്ക് ചെന്നത്. പക്ഷെ തന്റെ മുഖത്തു നോക്കി അയാൾ പറഞ്ഞ വാക്കുകൾ.
""നിന്നെ കാണുമ്പോൾ എനിക്ക് ഒരു വികാരവും തോന്നുന്നില്ല. കട്ടിലിൽ മരത്തടി പോലെ കിടക്കാൻ എനിക്കൊരു ഭാര്യയെ വേണ്ടെന്ന്.''
അയാളുടെ വാക്കുകൾ ആ തണുത്ത വെളുപ്പാൻ കാലത്തും അവളെ പൊള്ളിക്കുന്നുണ്ടായിരുന്നു.
ഒരിക്കൽ തന്റെ ഒരു സെക്ഷ്വൽ ഫാന്റസി തുറന്ന് പറഞ്ഞതിന് "ഇത്തരക്കാരി ആണോ നീ'എന്ന് ചോദിച്ച മനുഷ്യൻ ആണ്. അന്ന് തൊട്ട് പേടിയാരുന്നു എന്തെങ്കിലും പറയാൻ. അയാളുടെ മനസ്സിൽ മോശക്കാരി ആയിപോകുമല്ലോ എന്ന ഭയം. എത്ര രാത്രികൾ വികാരങ്ങൾ ഇല്ലാത്ത ഒരു ഭോഗ വസ്തുവായി മാത്രം
അയാൾക്ക് മുൻപിൽ അഭിനയിച്ചു തീർത്തു. എന്നിട്ടും ഞാൻ മരത്തടി പോലെ ആണത്രേ.
നടന്നതൊക്കെ ആലോചിച്ചപ്പോൾ അവളുടെ മുഖത്തേക്ക് കോപം ഇരച്ചു കയറി.
അവൾ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഡ്രൈവിംഗ് സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുകയായിരുന്ന ഭാരതി ദാസന്റെ മുഖം പിടിച്ചു തന്റെ നേരെ അടുപ്പിച്ചതും, തന്റെ ചുണ്ടുകളെ അവന്റേതിനോട് ചേർത്തതും ഒരുമിച്ചായിരുന്നു.അവളുടെ അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൻ ആദ്യമൊന്നു പതറി എങ്കിലും അതൊരു ദീർഘചുംബനം ആയി മാറാൻ അധിക നേരം വേണ്ടി വന്നില്ല. ഇതിനിടയിൽ അറിയാതെ അവളുടെ കൈതട്ടി മ്യൂസിക് പ്ലെയറിൽ നിന്നും ഒരു മലയാളം പാട്ട് ഒഴുകാൻ തുടങ്ങി.
""നീ ഹിമ മഴയായ് വരൂ..ഹൃദയം അണി വിരലാൽ തൊടൂ..''

ഗായത്രി സാരി മുകളിലേക്ക് ഉയർത്തി അവന്റെ മടിയിലേക്ക് കയറി ഇരുന്നു. നാലു വർഷത്തെ അടക്കി പിടിച്ച വികാരങ്ങൾ അവളിൽ അണപൊട്ടി ഒഴുകുകയായിരുന്നു. പാട്ടിന്റെ താളത്തിനൊപ്പം അവൾ ഉയർന്നു താഴ്ന്നു. അത് റോഡ് ആണെന്നും അടുത്തുള്ള വണ്ടികളിൽ ആളുകൾ ഉണ്ടെന്നതും അവളെ കൂടുതൽ ഹരം പിടിപ്പിച്ചു. ഭാരതി ഇടയ്ക്കു "യാരവത് പാത്താൽ' എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും കേൾക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൾ.
തിരിച്ച് തന്റെ സീറ്റിലേക്ക് വന്നിരിക്കുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തു ഒരു ഗൂഢ മന്ദ സ്മിതം. കോളേജ് ഹോസ്റ്റലിൽ വെച്ചു കണ്ടു മറന്നൊരു പോൺ വീഡിയോ, കാറിൽ പരിസരം മറന്ന് ഒന്നാകുന്ന രണ്ടു യുവ മിഥുനങ്ങൾ. അന്ന് തൊട്ടുള്ള ആഗ്രഹം ആയിരുന്നു എന്നെങ്കിലും ഒരിക്കൽ തനിക്കും ഇതുപോലെ ചെയ്യണം എന്ന്. അതായിരിക്കും ആ ഗൂഢസ്മിതത്തിന്റെ കാരണം. കുറച്ചുനേരത്തെക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. അവൻ എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുകയായിരുന്നു.
നേരം പുലർന്നപ്പോൾ ചെക്ക്‌പോസ്റ്റ് തുറന്നു. പേരും മേൽവിലാസവും എങ്ങോട്ടാണ് പോകുന്നത് എന്നുള്ള വിവരങ്ങളും അവിടെ നൽകിയിട്ട് അവർ യാത്ര തുടർന്നു.

തൃശൂർ എത്തുന്നതുവരെ വണ്ടി പിന്നീട് എങ്ങും നിർത്തിയില്ല. സ്വരാജ് റൗണ്ട് കഴിഞ്ഞപ്പോൾ അവൾ ഒല്ലൂരുള്ള തന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.
അതല്ലാതെ പിന്നീട് അവർ തമ്മിൽ ഒന്നും സംസാരിച്ചിട്ടുണ്ടായിരുന്നില്ല.
വീടിന്റെ ഗേറ്റിന് മുൻപിലെത്തിയപ്പോൾ ഭാരതി ഇറങ്ങി ഡിക്കിയിൽ നിന്ന് ലഗേജ് എടുത്ത് വെളിയിൽ വെച്ചു.

""നാൻ തിരിച്ചു കലംപുറേൻ മാഡം''
അവൻ പറഞ്ഞു.
ഗായത്രി ഹാൻഡ് ബാഗിൽ നിന്നും പേഴ്സ് എടുത്ത് അവന് പറഞ്ഞുറപ്പിച്ചിരുന്ന കാശ് കൊടുത്തു.
ക്യാഷ് എണ്ണുന്നതിനിടയിൽ അവൻ ചോദിച്ചു.
""മാഡം,നാൻ കേക്കവേ ഇല്ലൈ, ഉങ്ക പേർ എന്നാന്നു?''
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.
""പേരെല്ലാം എതുക്ക്? ഇനി നമ്മൾ തമ്മിൽ കാണില്ല.''
അവൻ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. ശേഷം കൈയിലിരുന്ന ക്യാഷിൽ നിന്ന് കുറച്ചു രൂപ എടുത്ത് അവളുടെ നേരെ നീട്ടി.
അവൾ ഇത് എന്തിനെന്ന അർത്ഥത്തിൽ അവനെ നോക്കി.
""നേത്ത് നൈറ്റ്ക്ക്.''
അവൻ പറഞ്ഞു.
അവൾ അവന്റെ നീട്ടി പിടിച്ച കൈയിലേക്ക് നോക്കി ഒരു നിമിഷം ഒന്നും പറയാതെ നിന്നു. പിന്നെ കൈനീട്ടി ആ ക്യാഷ് വാങ്ങി.
തിരിച്ചു നടക്കുമ്പോൾ അവൾ ആലോചിച്ചു.
ഇന്നലത്തെ രാത്രിക്ക് അവൻ എനിക്കൊരു വില ഇട്ടിരിക്കുന്നു. കോളേജ് പഠിക്കുന്നകാലം മുതൽ ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഒരു ഫാന്റസിയുടെ വില.
അവൾ ഒരു നിമിഷം രാജീവിനെ കുറിച്ചു ആലോചിച്ചു.
ഇത് ശരിക്കും രാജീവിനോടുള്ള എന്റെ പ്രതികാരം ആയിരുന്നോ? അതോ ഒരു ആഗ്രഹപൂർത്തീകരണം മാത്രമോ? സത്യത്തിൽ എന്റെ ആഗ്രഹങ്ങൾക്ക് ഇന്നലെ വൈകുന്നേരം മാത്രം പരിചയപ്പെട്ട ഒരു പാവം തമിഴനെ ഉപയോഗിക്കുകയായിരുന്നില്ലേ? അവൾ കൈയിൽ ഇരുന്ന ആ നോട്ടുകളിലേക്കു നോക്കി.
ആ നോട്ടുകൾ അപ്പോഴും അവളുടെ കൈയിലിരുന്നു വിറയ്ക്കുന്നുണ്ടായിരുന്നു.
"ഭാരതി...'
ഗായത്രി തിരിഞ്ഞു നിന്ന് അവനെ വിളിച്ചു.
കാറിന്റെ അടുത്തേക്ക് നടക്കുകയായിരുന്ന അവൻ ആ വിളികേട്ട് മുഖം തിരിച്ച് അവളെ നോക്കി.
അവൾ പതുക്കെ അവൻ നിന്നിരുന്നിടത്തേക്ക് നീങ്ങി.
അവന്റെ അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു.

""എൻ പേര് ഗായത്രി രാജീവ്...'
ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് അവൾ തുടർന്നു.
""അല്ല... ഗായത്രി... വെറും ഗായത്രി മട്ടും.''
അത് പറയുമ്പോൾ അവളുടെ ശബ്ദത്തിന് വല്ലാത്ത ഒരു ഉറപ്പ് ഉണ്ടായിരുന്നു. ഭാരതിദാസൻ എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി. അവൾ ചെറുതായി ചിരിച്ചുകൊണ്ട് കൈയിലിരുന്ന നോട്ടുകൾ അവന്റെ കൈയിലേക്ക് വച്ചു കൊടുത്തു.

""ഭാരതി, ഒരു പൊണ്ണുടെ ആസൈകളുക്ക് വിലയിട യെവനാലെയും മുടിയാത്.''

അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ തിരഞ്ഞു നടന്നു, വെറും "ഗായത്രി' മാത്രമായി.


ബിപിൻ ബാലകൃഷ്​ണൻ

കഥാകൃത്ത്​, ഛായാഗ്രാഹകൻ. നിർമാണത്തിലിരിക്കുന്ന ‘ത തവളയുടെ ത’ എന്ന സിനിമയുടെ ഛായാഗ്രാഹകനായി വർക്ക് ചെയ്യുന്നു.

Comments