സ്വരാജ് വായനശാലയുടെ പ്ലാറ്റിനം ജൂബിലിയ്ക്ക് ഏഴുദിവസത്തെ ആഘോഷം.
ആദ്യകാല അമരക്കാരെ ആദരിക്കുന്ന കൂട്ടത്തിൽ മൂന്നാംദിവസം വൈകിട്ട് അല്ലിമംഗലത്തെ കൃഷ്ണപിള്ളസ്സാറിനെക്കുറിച്ച് വിജയകൃഷ്ണൻ ചെയ്ത ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയാണ്. വായനശാലയുടെ ഹാളിൽ കൃഷ്ണപിള്ളസ്സാറിന്റെ അരനൂറ്റാണ്ടിലധികം പഴക്കമുള്ള ചില്ലിട്ട ചിത്രം ഉറപ്പിച്ചിട്ടുണ്ട്.
ഈ ഫോട്ടോ കാണാത്തവരായി നാട്ടിലാരുമില്ല.
കഷണ്ടിയും കൊമ്പൻ മീശയും കണ്ടാൽ സി. വി. രാമൻപിള്ളയാണെന്നു തോന്നും. വായനശാലേന്ന് മീശപ്പിള്ള വന്നു പിടിയ്ക്കുമെന്നു പേടിപ്പിച്ചാണ് കുരുന്നുകരികളായ പിള്ളാരെ ഉറക്കിയിരുന്നത്. പേടിച്ചു കിടക്കപ്പായേൽ മുള്ളിപ്പോയവരിൽ ഒരാളാണ് വായനശാലയുടെ ഇന്നത്തെ പ്രസിഡന്റും ഡോക്യുമെന്ററി സംവിധായകൻനുമായ വിജയകൃഷ്ണൻ. രണ്ടുവരികളിലായി ചിത്രത്തിനടിയിൽ അല്ലിമംഗലത്ത് കൃഷ്ണപിള്ള, സ്ഥാപകപ്രസിഡൻറ് 1947-65. എന്നെഴുതിയതു മങ്ങിത്തുടങ്ങി. ആ മങ്ങിയ ചിത്രത്തിൽ നിന്നായിരുന്നു ഡോക്യുമെന്ററി തെളിഞ്ഞു തുടങ്ങിയത്.
സംവിധായകന്റെ കഥപറച്ചിലുണ്ട്. പഴയ ക്ലിപ്പിംഗുകളും നിശ്ചലദൃശ്യങ്ങളുമുണ്ട്. നാട്ടിലെ അഭിനയഭ്രാന്തുപിടിച്ച നാടകപ്രേമികളെ വെച്ച് ചെയ്ത കൃഷ്ണപിള്ളസ്സാറിന്റെ ജീവിതദൃശ്യങ്ങൾ നാട്ടുകാരെ രസിപ്പിച്ചു തുടങ്ങി. കൈലാസം കെ. പി. എന്നറിയപ്പെട്ടിരുന്ന കരണൻപിള്ള കൃഷ്ണപിള്ളസ്സാറായിട്ട് തകർക്കുകയാണ്. പനച്ചിക്കലെ ഗോപിസ്സാറും ഇളംകൂറ്റിലെ മണിയമ്മസ്സാറും ചേട്ടനും ചേട്ടത്തിയമ്മയുമായി വേഷമിട്ടിട്ടുണ്ടെങ്കിലും ഇതുവരെയുള്ള ഭാഗത്ത് സ്‌ക്രീനിൽ വന്നിട്ടില്ല. നെല്ലിമൂട്ടിലച്ചൻ വായശാലയുടെ സെക്രട്ടറി ഗോപാലകൃഷ്ണൻ ഉണ്ണിത്താനാണ്. ബാക്കി കഥാപാത്രങ്ങളെയെല്ലാം മറ്റു ഭാരവാഹികൾതന്നെ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സിനിമ കാണാനുള്ള ആവേശത്തിൽ ആളുകൂടി. കസേര കിട്ടാത്തവർ നിലത്തുകുത്തിയിരുന്ന് കാണുകയാണ്.
മല്ലപ്പള്ളി സെൻറ് തോമസ് ഹൈസ്‌കൂളിലെ കണക്കുസാറായിരുന്നു കൃഷ്ണപിള്ള. ഗുരുനാഥൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എല്ലാ അദ്ധ്യാപകരും സാദാഗുരുക്കന്മാരായതുകൊണ്ട് നേതാവായ തന്നെ ഗുരു എന്നു പോരാ ഗുരുനാഥൻ എന്നുവിളിക്കണമെന്നത് സ്വയം ആവശ്യപ്പെട്ടുനേടിയെടുത്തതാണ്. പിന്നീട് സ്‌കൂളിൽ മാത്രമല്ല നാടുമുഴുവൻ അങ്ങനെ വിളിച്ചുതുടങ്ങി. ഭാഷാദ്ധ്യാപകരെല്ലാം ഗുരുനാഥനെ പേടിയോടെയാണു കണ്ടിരുന്നത്. ഏതുഭാഷയിലും എന്തും വെച്ചുകാച്ചുന്നതിന് ഗരുനാഥന് ആരുടെയും ലൈസൻസുവേണ്ടായിരുന്നു. അദ്ധ്യാപകരില്ലാതെ ക്ലാസ്സുകിടക്കുന്നത് കണ്ടാൽ കയറിച്ചെന്നങ്ങു പഠിപ്പീരുതുടങ്ങും.
"എട്ടും രണ്ടും ... എത്രാടാ..? ' ഒരുത്തനെ പൊക്കി.
അവൻ ചാടിക്കേറി ഉത്തരം പറഞ്ഞു, "പത്ത് '.
അല്ലെന്ന് തലയാട്ടി അടുത്തയാളിനോട് ചോദിച്ചു, അവനുസംശയമായി, "പത്തല്ലേ..? '
"അല്ല..നീ പറേടാ..'പിൻബെഞ്ചിലിരുന്ന ഒരുത്തനോടായി ചോദ്യം.
അവൻ ചാടിയെഴുന്നേറ്റു, "എട്ടും രണ്ടും കൊട്ടുഞ്ചെണ്ട '
"മിടുക്കൻ.' ജുബ്ബായുടെ പോക്കറ്റിൽനിന്ന് രണ്ടുമുട്ടായി അവനുകൊടുത്തു. മറ്റവന്മാർക്ക് ഓരോ മുട്ടായിയും. പിന്നെ ഒരുപിടി വാരി മുകളിലേക്ക് എറിഞ്ഞു. കുറേപ്പേര് ചാടിപ്പിടിച്ചു.
"എല്ലാർക്കും മനസ്സിലായല്ലോ.. എട്ടും രണ്ടും..?'. വീണ്ടും ചോദ്യം.
"കൊട്ടുഞ്ചെണ്ട’, കുട്ടികൾ ഒരുമിച്ചാർത്തു.
"എട്ടും രണ്ടും ..?’, സാറിനാവേശമായി.
"കൊട്ടുഞ്ചെണ്ട', കുട്ടികൾ ചാടിനിന്നു.
ക്ലാസ്സിലെ ബഹളം കേട്ട് ഹെഡ്മാസ്റ്റർ നെല്ലിമൂട്ടിലച്ചൻ കയറിവന്നു."സയലെൻസ്...’, അച്ചന്റെ ഒറ്റപ്പറച്ചിലിൽ ആകെ നിശ്ശബ്ദം.
ഗുരുനാഥനെ ഗൗരവത്തിലൊന്നു നോക്കി.
ഗുരുനാഥനും വിട്ടില്ല, "മിണ്ടാതിരിക്കുന്നവൻ നാളെയുടെ അടിമ. മിണ്ടരുതെന്നു പറയാൻ ആർക്കും അവകാശമില്ല. അത് ളോഹയിട്ടവനായാലും ജുബ്ബായിട്ടവനായാലും.’
കീശയിൽനിന്ന് ഒരു മുട്ടായി എടുത്ത് അച്ചന് നീട്ടി."തിന്നിട്ട് ഇത്തിരി മധുരമായി മിണ്ടച്ചാ... പിള്ളാരെ കടിച്ചുതിന്നാൻ ചെല്ലാതെ.’
ഇതായിരുന്നു ഗുരുനാഥന്റെ ഒരു രീതി.
ചൂടുകനക്കുന്ന കാലങ്ങളിൽ ഉന്മാദം കൂടുതലായതിനാൽ ഗുരുനാഥനെ നിർബന്ധിച്ച് അവധി എടുപ്പിയ്ക്കും.
ഒരു ദിവസം എട്ടുവരിക്കവിത സ്ത്രീകളുടെ മൂത്രപ്പുരയിൽ പ്രത്യക്ഷപ്പട്ടു.
അങ്ങോട്ടു പോയ അന്നമ്മസ്സാറും ഗൗരിയമ്മസ്സാറും മേരിക്കുട്ടിസ്സാറും അലറിവിളിച്ചുകൊണ്ട് നെല്ലിമൂട്ടിലച്ചന്റെ മുറിയിലേക്കോടിക്കേറി.
തലേന്നു രാത്രിയിൽ മല്ലപ്പള്ളി മോഹനാടാക്കീസിൽ കണ്ട കറുത്ത രാത്രിയിലെ വില്ലൻ ഗോവിന്ദൻകുട്ടി പിന്നാലെയുണ്ടെന്ന് അവരുടെ പറച്ചിലുകേട്ടപ്പോൾ അച്ചനു തോന്നി. ആ സമയത്ത് സ്റ്റാഫ്‌റൂമിലിരുന്ന് പള്ളിക്കൂടത്തിലെ നിലച്ചുപോയ ക്‌ളോക്ക് അഴിച്ചുപണിയുകയായിരുന്നു കൃഷ്ണപിള്ളസ്സാറ്.
"ഗുരുനാഥൻ സ്ത്രീകളുടെ മൂത്രപ്പുരേൽ കേറിയോ '. നെല്ലിമൂട്ടിലച്ചൻ ഗർജ്ജിച്ചു.
അച്ചന്റെ പിന്നിൽ പെൺപട നിന്നു വിറച്ചു.
മുഖമുയർത്തി കൈയ്യിലുണ്ടായിരുന്ന ലെൻസിലൂടെ കൃഷ്ണപിള്ളസ്സാറ് അച്ചനെ നോക്കി. അച്ചന്റെ നീണ്ടുവലിഞ്ഞ വായ്ക്കകത്തുനിന്ന് വശങ്ങളിലെ കോമ്പല്ലുകൾ തേറ്റപോലെ താഴേക്ക് ഒഴുകി വരുന്നതായി സാറിനുതോന്നി. കസേരയിൽനിന്ന് സാറ് എഴുന്നേൽക്കുന്നതുകണ്ട് അച്ചൻ അല്പം പിന്നോട്ട് വലിഞ്ഞുനിന്നു.
"മൂത്രോമില്ല മൂത്രമൊഴിക്കുന്ന സൂത്രോമില്ല. കാണണോ...?’, സാറിന്റെ പറച്ചിൽകേട്ടതും വന്നതിലും വേഗത്തിൽ അച്ചനും സംഘവും അപ്രത്യക്ഷമായി.
പരാതി എഴുതി വാങ്ങി അച്ചൻ തത്കാലം തടിയൂരി. പള്ളിക്കൂടം വിട്ടുകഴിഞ്ഞ് അച്ചനും ഹൈസ്‌ക്കൂളിലെ മലയാളം മുൻഷി രാഘവൻനായരുസാറും കൂടി പമ്മിപ്പതുങ്ങി മൂത്രപ്പുരയ്ക്കകത്തു കയറി. വെളുത്ത കുമ്മായഭിത്തിയിൽ കരികൊണ്ടാണ് അഭ്യാസം. കേരളമങ്കയുടെ മനോഹരരൂപം. അതിന്റെ ഇടതുവശത്താണ് കവിത.
"ഇതാ ഗൗരിയമ്മസ്സാറിനെപ്പോലെയുണ്ടെല്ലോ’, അച്ചൻ പറഞ്ഞു.
"ഏയ് അല്ലല്ല .. ഇത് അന്നമ്മസ്സാറു തന്നെ..', രാഘവൻനായരുസാറുറപ്പിച്ചു
"സാറ് ദേ ഈ വശത്തുനിന്നൊന്നു നോക്കിയേ ...അവരാരുമല്ല. നമ്മുടെ മേരിക്കുട്ടിസ്സാറാ', അച്ചൻ പറഞ്ഞത് ശരിയാണെന്ന് രാഘവൻനായരുസാറിനും തോന്നി.
"ചുമ്മാതാണോ എല്ലാവരുംകൂടി ചാവാൻ തൊടങ്ങിയത്. എല്ലാവർക്കും തോന്നിക്കാണും തന്റെ പടമാന്ന്. പക്ഷേ ഒരു കാര്യം ഞാൻ പറയാം. സഭ്യത വിട്ടൊരു കണികയിതിലില്ല. സാറാ കവിതയൊന്ന് നോക്കിയാട്ട്. ഇനീം അതിലെങ്ങാനും വല്ല അശ്ലീലോമൊണ്ടോന്ന് ', ആദ്യവരി വായിച്ചതും രാഘവൻനായരുസാർ ഉറക്കെയങ്ങു ചിരിച്ചു.
"അച്ചോ, വെണ്ണ തോല്ക്കുമുടലിൽ സുഗന്ധിയാം എണ്ണ തേച്ചത് വള്ളത്തോളാ.. ഗുരുനാഥനല്ല. പാവത്തിനെ വെറുതേ വിട്ടേക്ക്’, അന്വേഷണം നിർത്തി പുറത്തിറങ്ങുമ്പോൾ മൈതാനത്തിന്റെ മൂലയ്ക്കുനിന്ന് നീട്ടി മുള്ളുന്ന ഗുരുനാഥന്റെ കണ്ണിൽ അവർ പെട്ടുപോയി.
"രണ്ടുപേരും കൂടി അതിനകത്ത് പടം വരച്ചു രസിക്കുവാരുന്നല്ലേ... നല്ല കാര്യം. ചുമ്മാ ആനന്ദിച്ചാട്ട്. പക്ഷേ ഒന്നോർക്കണം. ചൊവരൊണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ. അച്ചനായാലും മുൻഷിയായാലും ഈ ഗുരുനാഥനായാലും’, ഒന്നും കേൾക്കാത്ത മട്ടിൽ പടികൾ കയറി അച്ചനും രാഘവൻനായരുസാറും ഓഫീസ് മുറി ലക്ഷ്യം വെച്ചു നീങ്ങി.
നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിവന്നതിനാൽ പലതവണ പിരിച്ചുവിടാൻ മാനേജ്‌മെന്റ് ശ്രമിച്ചു. കൃഷ്ണപിള്ളസ്സാറിന്റെ പാണ്ഡിത്യവും നന്മയും അപ്പോഴൊക്കെ രക്ഷകരായെത്തി. എന്നാൽ പള്ളിക്കൂടത്തിനുമുമ്പിൽ പുണ്യാളന്റെ പ്രതിമ സ്ഥാപിച്ച ദിവസം അരമനയിൽനിന്ന് പിതാവ് നേരിട്ടെത്തി കൃഷണപിള്ളസ്സാറിനെ സർവ്വീസിൽനിന്ന് പിരിച്ചുവിട്ട വിവരം സ്റ്റാഫ് മീറ്റിംഗിൽ അറിയിച്ചു. പ്രതിമയ്ക്കു താഴെ മാർബിൾ ഫലകത്തിൽ ശ്ലോകം കൊത്തിവെക്കാൻ കവികൂടിയായ കൃഷ്ണപിള്ളസ്സാറിനെ മാനേജർ ചുമതലപ്പെടുത്തിയിരുന്നു. പട്ടുതുണികൊണ്ട് മൂടിയിരുന്ന ശില്പം അനാച്ഛാദനം ചെയ്തുകഴിഞ്ഞാണ് എല്ലാവരും അതുകണ്ടത്.
"വെയിലേറ്റ് വെണ്ണക്കല്ലിൽ വെളുവെളെ വിലസും പുണ്യവാനാണ് താങ്കൾ
ഇളവേറ്റിരുന്നു കിളികൾ ഭവാന്റെ തലയിൽ തൂറിവെയ്ക്കട്ടെ നിത്യം'.
മഹാകവി അല്ലിമംഗലത്ത് കൃ. പി '.
വൈകുന്നേരം പള്ളിമേടയിലേക്ക് ഗുരുനാഥൻ പടികൾ കയറിവരുന്നതുകണ്ട് നെല്ലിമൂട്ടിലച്ചൻ ഞെട്ടി. രംഗം വഷളായാൽ പള്ളിമണിമുട്ടി ആളേക്കൂട്ടുവാൻ കപ്യാരോട് ശട്ടം കെട്ടി. പിന്നിലേക്ക് കൈകൾ പിടിച്ച് ഗുരുനാഥൻ മുറ്റത്തുവന്നു നിന്നു.
"ഞാൻ നിസ്സഹായനായിപ്പോയി ഗരുനാഥാ. മാനേജ്‌മെന്റിന് വല്യ അവഹേളനമായിപ്പോയില്ലേ കാണിച്ചുവെച്ചത്, ക്ഷമിക്കണം', അച്ചന്റെ വാക്കുകളിൽ പേടി നിന്നുവിറയ്ക്കുന്നുണ്ടായിരുന്നു.
"മൂട്ടിൽ നെല്ലിയൊണ്ടായിട്ടെന്താ കാര്യം..? അച്ചന്റെ ഉച്ചീലാരുന്നേൽ വേറെ തളം വെക്കാതെ തണുത്തേനെ... പേടിച്ച് മണ്ട ചൂടാക്കാതെന്റച്ചാ ....', പിന്നിൽ മറച്ചു പിടിച്ചിരുന്ന വടി ഗുരുനാഥൻ മുന്നിലേക്ക് എടുത്തു. അച്ചനും കപ്യാരുമൊന്നു ഞെട്ടി. കരിവീട്ടിയിൽ കടഞ്ഞെടുത്ത് ചുവട് വെള്ളി കെട്ടിയിരിയ്ക്കുന്നു. കൊത്തുപണിചെയ്ത് വളഞ്ഞ പിടി സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു.
"എന്റെ ഒരോർമ്മയ്ക്കായി ഇതിരിക്കട്ട്. അച്ചൻ ബിഷപ്പാകുന്ന കാലത്ത് നല്ല ഗമേൽ പിടിച്ചോണ്ടിരിക്കാനാ... വടിതന്നു ഞാൻ വിട കൊള്ളട്ടെ... ഉയിർപ്പില്ലാത്ത മരണം വിധിച്ചതിന് നന്ദി. ലാൽസലാം....'.
പടികൾ ഇറങ്ങി കൃഷ്ണപിള്ളസ്സാർ തിരിഞ്ഞുനോക്കാതെ നടന്നു.
നീണ്ട ജുബ്ബയുടെ കൈകൾ തെറുത്തുകയറ്റി ആകാശത്തേക്കു നോക്കി നടന്നുമറയുന്ന ഗുരുനാഥൻ അച്ചന്റെ കണ്ണുകളെ നനയിച്ചു. പെട്ടെന്ന് അകത്തേക്ക് കയറി അരനമയിലേക്കുള്ള നാലക്കം ഡയലിൽ കറക്കി.
"പിതാവേ, ഞാനാ നെല്ലിമൂട്ടിലച്ചനാ...'. "പറയൂ അച്ചാ എന്തെങ്കിലും വിശേഷമുണ്ടോ...?'. "പിതാവിന്റെ മോഷണം പോയെന്നു കരുതിയ അംശവടി കിട്ടി, സ്‌കൂളിൽ തന്നെ യുണ്ടായിരുന്നു. കുട്ടികളാരോ മാറ്റിവെച്ചതാ. പോലീസ് അന്വേഷണം വേണ്ട പിതാവേ '. അച്ചൻ ഒരുവിധം പറഞ്ഞൊപ്പിച്ചു."ശരി അച്ചാ അങ്ങനെയാവട്ട്. ദൈവം മഹത്വമുള്ളവനാകുന്നു '. "അതേ പിതാവേ അദ്ദേഹം മഹത്വമുള്ളവനാകുന്നു '.
ഡോക്യുമെന്ററിയിൽ സംവിധായകനായ വിജയകൃഷ്ണൻ പറച്ചിലുമായി വീണ്ടും എത്തി. കുടുംബജീവിതത്തിൽ കൃഷ്ണപിള്ളസ്സാറിന്റെ മറ്റൊരുമുഖം നമ്മൾ കാണാത്തതായുണ്ട്. ശ്രീരാമചന്ദ്രനായാണ് തന്റെ ചേട്ടനെ കണ്ടിരുന്നത്. സീതാദേവിയായി ചേട്ടത്തിയമ്മയേയും. അവരുടെ മുമ്പിലെത്തുമ്പോൾ കൃഷ്ണണപിള്ളസ്സാർ ലക്ഷ്മണനായിരുന്നു. എട്ടുകിലോമീറ്ററോളം കാൽനടയായിട്ടാണ് സീതാദേവിയേയും ചേട്ടനായ രാമചന്ദ്രനേയും കാണാൻ ലക്ഷ്മണൻ പോയിരുന്നത്. കുറുക്കുവഴികളിൽ ഉണ്ണുനീലിസന്ദേശം മുതൽ ചങ്ങമ്പുഴയുടെ രമണൻവരെ ഉറക്കെ പാടിക്കൊണ്ടായിരുന്നു യാത്ര. പലപ്പോഴും ഫോൺവിളിയുമുണ്ടായിരുന്നു. അരനൂറ്റാണ്ടിനുമുമ്പ് കേരളത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ഏകമനുഷ്യൻ ഇദ്ദേഹമായിരുന്നു.
ടർ... ടർ... ശബ്ദത്തോടെ കൃഷ്ണപിള്ളസ്സാർ അന്തരീക്ഷത്തിൽ നാലുതവണ ചില കൈക്രിയകൾ കാണിച്ചു. പിന്നെ വലതുകൈ ചെവിയോടു ചേർത്ത് സംസാരിച്ചു തുടങ്ങി. ചുമ്മാ സംസാരിച്ചുകൊണ്ടു നടക്കുന്ന പുള്ളിക്കാരനെ കാണുന്ന ചിലരെങ്കിലും വിചാരിക്കും ചെറിയ ഓളമാണെന്ന്. മറുതലയ്ക്കൽ ഫോണെടുത്ത പ്രതിഭകളെ അറിയുമ്പോഴാണ് ബൗദ്ധികതയുടെ ഉരുൾപൊട്ടൽ മനസ്സിലാവുന്നത. ചങ്ങമ്പുഴയും തകഴിയും മുതൽ ഏകെജിയും ഗൗരിയമ്മയുംവരെ വിളിപ്പുറത്തുണ്ട്. അതുകൊണ്ടുതന്നെ സംസാരിച്ചു നടന്ന വിഷയം സാഹിത്യവും രാഷ്ട്രീയവുമായിരുന്നു.
മറ്റൊരു ദിവസം പ്രഭാതം. കുടുംബത്തിനു താഴെയുള്ള തോട്ടുങ്കരയിൽ വന്നു നിന്ന് ലക്ഷ്മണൻ നാടകഗാനം പാടാൻ തുടങ്ങി. ചിരപരിചിതമായ ശബ്ദം കേട്ട് ശ്രീരാമചന്ദ്രൻ സീതാദേവിയെ വിളിച്ചുപറഞ്ഞു, "എടിയേ.. അനിയന്റെ വരവുണ്ടെന്നു തോന്നുന്നല്ലോ’, പറഞ്ഞുതീരും മുമ്പ് പാട്ട് മുറ്റത്തെത്തി."പൊന്നരിവാളമ്പിലളിയില് കണ്ണെറിയുന്നോളേ ..ഓളേ.. ഓളേ..ഓളേ ആമരത്തിൻ പൂന്തണലില് വാടിനിൽക്കുന്നോളേ...ഓളേ.. ഓളേ..ഓളേ.'.
ശബ്ദം കേട്ടുവന്ന സീതാദേവി കണ്ടത് വെട്ടിത്തിളങ്ങുന്ന ഓട്ടുരുളി തലയിൽവെച്ചു സുസ്‌മേരവദനനായി നിൽക്കുന്ന ലക്ഷ്മണനെയാണ്. അദ്ദേഹം എന്നും അങ്ങനെയായിരുന്നു. കാഴ്ചദ്രവ്യമില്ലാതെ വെറും കൈയ്യോടെ ഒരു വീട്ടിലും എത്തുകയില്ല. സീതാദേവിക്കും ശ്രീരാമചന്ദ്രനും പാക്കഞ്ഞി കാച്ചാനായിരുന്നത്രെ അനിയന്റെ വക ഇത്തവണത്തെ ഓട്ടുരുളി. വെള്ളോടിന്റെ മാഹാത്മ്യം വിളമ്പുന്നതിനിടയിൽ സീതാദേവി സംഭാരവുമായി വന്നു. ലക്ഷ്മണൻ നാലുകെട്ടിനു നടുവിലുള്ള കൊട്ടത്തളത്തിന്റെ അരമതിലിൽ കയറിയിരുന്നു. അപ്പോഴാണ് അരമതിലിൽ ഒരു കിണ്ടി കണ്ടത്. അന്തരീക്ഷത്തിലേക്ക് കൈകളുയർത്തി പതിവുപോലെ ടർ...ടർ.. എന്ന ശബ്ദത്തോടെ ചില കൈക്രിയകൾ നടത്തി. ആരെയോ ഡയൽ ചെയ്യുകയാണ്. കിണ്ടിയെടുത്ത് അതിന്റെ വാ മൗത്ത് പീസായും വാലു ചെവിയോടുചേർത്ത് റെസീവറായും വെച്ചുകൊണ്ട് സംസാരം തുടങ്ങി.
"ഹലോ.. മുണ്ടശ്ശേരി മാഷല്ലേ. ങാ ങ്ങാ.. എന്റെ കാര്യത്തിൽ മാഷൊന്നെടപെടണം.. അതേന്നേ ...അങ്ങെനങ്ങു ചുമ്മാതെ പിരിച്ചുവിടാനൊക്കുമോ ..? മാഷിനറിയാമെല്ലോ ... ഞാൻ പറയെണ്ടാലോ...ഞങ്ങടെ മാലീന്ന് ഒരു മാസം പൊഴിഞ്ഞു വീഴുന്ന നാളികേരം കൂട്ടിയിട്ടാ സ്‌കൂളീന്ന് ഒരുകൊല്ലം കിട്ടുന്ന കുമ്പളത്തിനുമേലേ കാണും.. അതേന്നേ ... ങ്ങാ .. അധ്യാപനം ഒരു സാംസ്‌കാരിക പ്രവൃത്തിയല്ലേ മാഷേ,.. മന്ത്രി എന്ന നിലയിൽത്തന്നെ മാഷെടപെടണം... ങ്ങാ ..ങ്ങാ... ശരിമാഷേ.. കാണാം .. ലാൽസലാം ', കേട്ടുകൊണ്ടിരുന്ന ശ്രീരാമചന്ദ്രനും സീതാദേവിയ്ക്കും കാര്യങ്ങൾ പിടികിട്ടി.
"നിന്റെ പണി പിന്നേം പോയോടാ. അവിടുന്നും പിരിച്ചുവിട്ടു. അല്ലേ... ഇതറിയിക്കാ നാണോ രാവിലെ ഇങ്ങോട്ടെഴുന്നെള്ളിയത് '. അല്പം പരിഭത്തിലായിരുന്നു ശ്രീരാമചന്ദ്രൻ. മറുപടിയൊന്നും പറഞ്ഞില്ല. സീതാദേവിയുടെ കണ്ണുകളിലേക്കു നോക്കിയങ്ങനെ ഇരുന്നു. സീതാദേവി കൂട്ടിയെടുത്ത സംഭാരം വാങ്ങി കുടിച്ചിട്ട് നാലുവരി പാടി.
"ഉദയഗിരി ചുവന്നൂ.. ആനകുന്തം വിഴുങ്ങീ, പനിമതി പറവായി.. ശംഖുമാരാൻ വിഴുങ്ങീ '.
അന്നത്തെ സന്ദർശനം കഴിഞ്ഞു. അരമതിലിൽനിന്ന് എഴുന്നേറ്റു പുറത്തുവന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അനിയന് ചേട്ടനോടും ചേട്ടത്തിയമ്മയോടുമായി ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു.
"മണിമലയാറിന്റെ തീരത്തൊക്കെയിപ്പോൾ വല്ലാത്ത തണുപ്പാ.......മൂടിക്കെടക്കാൻ എനിക്കൊരു പൊതപ്പു വേണം '. ദീനാനുകമ്പയാൽ കമ്പരാമായണമെഴുതിയ ചേട്ടൻ അറബിനാട്ടിൽ പണിയെടുത്തകാലത്തു മെസപ്പൊട്ടോമിയായിൽനിന്ന് കൊണ്ടുവന്ന കമ്പിളിപ്പുതപ്പുതന്നെ അനിയനു സമ്മാനിച്ചു. പുതപ്പു വാരിച്ചുറ്റി മുറ്റത്തെ കൽപ്പടവുകളിറങ്ങി തോട്ടിൻ കരയിലൂടെ വടക്കോട്ടു നടക്കുമ്പോൾ ലക്ഷ്മണൻ
പാടിയ പാട്ട് സീതയ്ക്കും രാമനും നൊമ്പരമായി.ഊണിന്നാസ്ഥകുറഞ്ഞു നിദ്ര നിശയിങ്കലെങ്ങുമേ കാണാതെയായി.. വേണുന്നോരൊടു സ്‌നേഹമെള്ളോളം പോലുമില്ലാതെയായി...'. ആ ദൃശ്യം മങ്ങിത്തെളിഞ്ഞപ്പോൾ വിജയകൃഷ്ണൻ സംസാരിച്ചുതുടങ്ങി. പശ്ചാത്തലത്തിൽ വായനശാലയും ഭിത്തിയിൽ മാലചാർത്തിയ കൃഷ്ണപിള്ളസ്സാറിന്റെ ചിത്രവും കാണാം.
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയേഴുമുതൽ കൃഷ്ണപിള്ളസ്സാർ സ്വരാജ് വായനശാലയുടെ പ്രസിഡണ്ടായിരുന്നു. ഒരു പ്രത്യേകതരം മാനസികാസ്ഥയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. യാത്രാവേളകളിൽ ആദ്യമെത്തുന്നിടം മുതൽ ഓരോരോ സാധനങ്ങൾ എങ്ങനെയെങ്കിലും ചോദിച്ചു വാങ്ങും. ചോദിക്കാതെ എടുക്കുവാൻ സ്വാതന്ത്ര്യമുള്ള സ്ഥലങ്ങളിൽനിന്ന് അങ്ങനെയും സംഘടിപ്പിക്കും. അടുത്തു കയറുന്ന വീട്ടിൽ സ്‌നേഹപൂർവ്വം അതു നൽകി അതിനെക്കുറിച്ചൊരു പ്രഭാഷണവും നടത്തും. ഇത് സ്ഥിരം കാര്യപരിപാടിയായതിനാൽ കൃഷ്ണപിള്ളസ്സാർ വന്നു പോകുന്നതിനു പിന്നാലെ കൊണ്ടുവന്ന ഉപഹാരങ്ങൾ പുറകോട്ടു സഞ്ചരിച്ച് ഉടമസ്ഥരുടെ വീടുകളിൽ തന്നെ തിരികെ എത്തും. അന്നും അങ്ങനെ തന്നെ സംഭവിച്ചു. വിജയകൃഷ്ണൻ അപ്രത്യക്ഷനായെങ്കിലും ദൃശ്യത്തിനുമേൽ അയാളുടെ ശബ്ദത്തിൽ കഥ തുടർന്നു.
പൊട്ടമ്മലയ്ക്കലെ തങ്കമ്പിള്ള കമ്പിളിപ്പുതപ്പുമായി വരുമ്പോൾ ശ്രീരാമചന്ദ്രനും സീതയും വീട്ടുമുറ്റത്ത് നെല്ലുണങ്ങുകയായിരുന്നു. അപ്പോഴേക്കും ലക്ഷ്മണൻ പോയി ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും. ഈ സമയത്തിനിടയിൽ ശ്രീരാമചന്ദ്രൻ ഓട്ടുരുളി വന്ന വഴി തേടിപ്പിടിച്ച് അത് കാക്കനാട്ടിലേക്ക് കൊടുത്തുവിട്ടിരുന്നു.
ഒരു തവണത്തെ ഇടീലിനു കിട്ടിയ പത്തുരണ്ടായിരത്തോളം പൊതിച്ച തേങ്ങയുമായി ലക്ഷ്മണൻ ചങ്ങനാശ്ശേരിച്ചന്തയ്ക്കു പോയി. താന്നിക്കലെ മത്തായിമാപ്ലേടെ കാളവണ്ടിയിലായിരുന്നു യാത്ര. വേലുത്തമ്പിദളവാ പണിതീർത്ത ചന്തയുടെ പടിഞ്ഞാറേ അതിരിൽ മനോഹരമായ ബോട്ടുജട്ടി. കിഴക്കൻ മലകളിലെ സുഗന്ധവ്യഞ്ജനങ്ങൾ ഇവിടെനിന്നാണു ലോകം കൊണ്ടുപോയത്. തേങ്ങായെല്ലാം വിറ്റിട്ട് ചന്തകണ്ടുകണ്ട് ലക്ഷ്മണൻ ബോട്ടു ജട്ടിയിലെത്തി അഞ്ചുവിളക്കിന്റെ ചുവട്ടിൽ കുറച്ചുനേരം ഇരുന്നു. ആലപ്പുഴയ്ക്കുള്ള ബോട്ട് വിടാൻ തുടങ്ങുന്നു. ലക്ഷ്മണൻ ചാടി ബോട്ടിൽ കയറി.
"സാറെങ്ങോട്ടായീ പോന്നേ..? ’, മത്തായിമാപ്ല വിളിച്ചു ചോദിച്ചു."വെനീസിലെ വ്യാപാരിയെക്കാണാൻ പോവാ .. മാപ്‌ള തിരിച്ചുപൊക്കോ’.
ബോട്ട് പടിഞ്ഞാറേക്ക് നീങ്ങി. വീട്ടിലെത്തിയ മത്തായിമാപ്ല പിള്ളേച്ചനേതോ കച്ചോടക്കാരനെ കണാൻ ബോട്ടേക്കേറിപ്പോയെന്നു മാത്രം പറഞ്ഞു.
നേരത്തോടു നേരം കഴിഞ്ഞിട്ടും അനിയനെ കാണാതായപ്പോൾ ശ്രീരാമചന്ദ്രന് അങ്കലാപ്പായി. നാലുകെട്ടിന്റെ വടക്കു പടിഞ്ഞാറേ മൂലയിലെ അരിപ്പെട്ടിമേൽ സീത കണ്ണടച്ചു കിടന്നു. ശ്രീരാമചന്ദ്രൻ മണ്ണെണ്ണവിളക്കുകളെല്ലാം ചില്ലു തുടച്ച് തിരിയിട്ട് വെച്ചു."ഇവനിതെവിടെപ്പോയിക്കിടക്കുവാ ', സങ്കടംകൊണ്ട് സീതാദേവിയ്ക്ക് ക്ഷമ കെട്ടുപോയി. മറുപടിപോലെ ഒരു ആകാശഭാഷിതം കേട്ടു."സീതാകല്യാണാ വൈഭോഗമേ,..രാമകല്യാണാ വൈഭോഗമേ..'
എവിടെ നിന്നോപാടിക്കൊണ്ട് ലക്ഷ്മണൻ പ്രത്യക്ഷനായി. തലയിൽ ഒരു ചുമട് ചുള്ളിക്കമ്പും കുറച്ചു വേരുകളുമുണ്ടായിരുന്നു. ശ്രീരാമചന്ദ്രന് കഷായം കുറുക്കാനുള്ള പച്ചമരുന്നും കുറുന്തോട്ടിയുമാണെന്ന സങ്കല്പത്തിൽ. ശ്രീരാമചന്ദ്രൻ നേരിട്ടുചോദ്യത്തിലേക്കു കടന്നു.
"നീ എവിടാരുന്നെടാ ഇന്നലെ മുഴുവൻ..?’. "ഞാനാലപ്പുഴയ്ക്കു പോയി .’ "അവിടെന്താരുന്നു നിനക്കേർപ്പാട്..? ’ "അറബിക്കടലിലെ തിരയെണ്ണീത്തീർക്കാൻ പറ്റില്ലെന്ന് ഹെമിംഗ്‌വേ. എന്നാലൊന്നു നോക്കണമെല്ലോ.’
"എന്നിട്ട്.. ?’
"എന്നിട്ടെന്നാ... പറ്റിയില്ല...’
"അതെന്നാ പറ്റാഞ്ഞത്..? ’
"പറ്റിയേനെ.. അതിനിടയിൽ തേങ്ങാവിറ്റു കിട്ട്യകാശു മൊത്തം കള്ളൻ പോക്കറ്റ ടിച്ചോണ്ടുപോയി...’ "എന്നിട്ടോ..?’ "അപ്പോഴാ എണ്ണം തെറ്റിയത്.’ "എന്നിട്ടു നീ പോലീസിലോ വല്ലോം അറിയിച്ചോ..? ’
"ഇല്ലന്നേ.. അവമ്മാർക്കൂടെ കൊടുക്കാൻ ഒന്നുമില്ലാരുന്നൂ കയ്യിൽ.’
വേഗം വീട്ടിനുള്ളിലേക്കു നടന്ന് കട്ടിലിൽ കയറിക്കിടന്നു.
"ഞാനിന്നു പോന്നില്ല കേട്ടോ. ചോറുണ്ണാറാകുമ്പം വിളിച്ചേക്കണം .’ "ചോറില്ല.. വൈകുന്നേരം ഇവിടെ കഞ്ഞിയേ ഉള്ളൂ.’
ശ്രീരാമനും സീതയ്ക്കും കഞ്ഞി ലക്ഷ്മണനു ചോറെന്നു പലതവണ പറഞ്ഞുപറഞ്ഞ് ലക്ഷ്മണൻ ഉറക്കത്തിലേക്കു വീണു. കഴിക്കാൻപോലും പിന്നെ എഴുന്നേറ്റില്ല.
നേരം പുലരും മുമ്പേ കക്ഷി വീടുവിട്ടിറങ്ങി. രാവിലെ മുറ്റത്തിറങ്ങിയ ശ്രീരാമചന്ദ്രൻ ഇളംതിണ്ണയിലിരുന്ന വാലുകിണ്ടി അവിടെ കാണാഞ്ഞ് സീതയെ വിളിച്ചു പറഞ്ഞു,"അവൻ പോയോന്നു നോക്കിയേ'....
മുറ്റത്തേക്കിറങ്ങി വന്ന സീതയുടെ മുഖത്തു വിഷമമായിരുന്നു.
"അവൻ വെളുപ്പിനെ പോയി. എന്നെ വിളിച്ചുണർത്തി ഒരു ചക്കരക്കാപ്പിയുണ്ടാക്കിച്ചു. അതിനിടയിൽ ആലപ്പുഴയ്ക്ക് പോയ കഥയും പറഞ്ഞു. ആ കാശ് കള്ളൻ കൊണ്ടുപോയതൊന്നുമല്ലന്നേ ', സീത പറഞ്ഞു നിർത്തി.
അതെനിക്കറിയാമായിരുന്നെന്നു ശ്രീരാമൻ.
"ബോട്ട് വിട്ടപ്പോൾ മുതൽ ഇഷ്ടൻ കുചേലവൃത്തം പാടിത്തുടങ്ങി. പാട്ട് ബോട്ടിൽ ആവേശമായി. ഓളപ്പരപ്പിൽ നതോന്നത തുഴഞ്ഞു കയറുമ്പോൾ ഇതിലൊന്നും കൂടാതെ ഒരു കുടുംബം സങ്കടപ്പെട്ടിരിക്കുന്നു. പുള്ളി പാട്ടു നിർത്തി. അവരുടെ കൂടെച്ചേർന്നു. കാവാലത്തിനു കല്യാണമുറപ്പിക്കാൻ പോകുന്ന കൂട്ടരാ. സ്ത്രീധനത്തുക തികയാത്തതിന്റെ അങ്കലാപ്പിലായിരുന്നു അവർ. തുക അന്നു കൊടുത്തില്ലെങ്കിൽ കല്യാണം മുടങ്ങും. ലക്ഷ്മണനും അവരുടെ കൂടെ കാവാലത്തിറങ്ങി. മുഖ്യകാർമ്മികനായി നിന്ന് കല്യാണമുറപ്പിച്ചു. ജുബ്ബായുടെ കീശ കാലി.'
നേരിയപുഞ്ചിരിയോടെ ശ്രീരാമൻ സീതയുടെ മുഖത്തേക്കു നോക്കി. പോകുമ്പോ അവൻ ഇത്രയും കൂടി പറഞ്ഞു, "സൂര്യവംശത്തിൽ സ്വയംവരം നടത്താനിപ്പോ നാളികേരം വിറ്റ കാശൊന്നും എണ്ണിയെടുക്കെണ്ടാല്ലോ...’
മുഖത്തു ചിരി പടർന്നെങ്കിലും ശ്രീരാമന്റെ കണ്ണുകളിൽ നനവുപൊടിഞ്ഞു. അപ്പോൾ മുറ്റത്തെ കല്പടവുകൾ കയറി കൈയ്യിൽ ഒരു വാലുകിണ്ടിയുമായി വന്ന കിഴക്കേലെ കുഞ്ഞെറുക്കനമ്മാവൻ പറഞ്ഞു, "ഇഷ്ടൻ അവിടുന്നൊരു ഏത്തക്കൊല എടുത്തോണ്ടു പോയിട്ടൊണ്ട്.’
ആ ദൃശ്യത്തിൽ ഡോക്യുമെന്ററി അപ്രതീക്ഷിതമായി നിന്നു.
ഹാളിലെ ലൈറ്റുകൾ തെളിഞ്ഞു.
കൈയ്യിൽ ഒരു മൈക്രോഫോണുമായി വിജയകൃഷ്ണൻ സ്‌ക്രീനിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്ഷമാപണത്തോടെ പറഞ്ഞുതുടങ്ങി, "സാംസ്‌കാരികസമ്മേളനത്തിനായി മന്ത്രി വന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത നമ്മുടെ കൃഷ്ണപിള്ളസ്സാറിന്റെ കഥ സമ്മേളനത്തിനു ശേഷം കാണ്ടാൽ പോരേ..?’
അപ്പോഴാണ് അത്ഭുതം സംഭവിച്ചത്. ഭിത്തിയിലെ ചില്ലിട്ട ചിത്രത്തിലിരുന്ന് കൃഷ്ണപിള്ളസ്സാർ ചോദിച്ചു, "വന്നത് മന്ത്രി മുണ്ടശ്ശേരിമാഷാണോ..?'.
മൗനം ഘനീഭവിച്ചിരുന്ന ഹാളിൽനിന്ന് നിലയ്ക്കാത്ത കരഘോഷം ഉയർന്നു. കൃഷ്ണപിള്ളസ്സാർ തന്റെ കൊമ്പൻമീശ കൈകൊണ്ടൊന്നു തടവി. ആ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു. അതേപടി ചിത്രം നിശ്ചലമായി. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.