ചിത്രീകരണം: ദേവപ്രകാശ്​

ഒറ്റക്കൊമ്പ്

രണ്ട്

നീ പോത്ത്.
ഞാൻ നിന്നെ പിടിച്ചുകെട്ടാൻ വരുന്ന ആൾക്കൂട്ടം.
അകത്തുകയറി വാതിലടച്ച ഉടനെ അവൻ അവളോട് പറഞ്ഞു.
ഷാള് കട്ടിലിലേക്ക് ചുരുട്ടിയെറിഞ്ഞുകൊണ്ട് അവൾ ചിരിച്ചു.
പോത്തോ? അത് നീയല്ലേ പോത്തേ?
ഓഹ്! സോറി. എരുമ, കഥയില് എരുമേം ഉണ്ടല്ലോ!
​എന്തായാലും ആൾക്കൂട്ടം ഞാൻ. ഹഹ.. ഒറ്റയ്ക്ക് നില്ക്ക് ആദ്യം. പിന്നെയാവാം ആൾക്കൂട്ടം.

അവൾ ബാത്‌റൂമിലേക്ക് കയറി വാതിൽ ചാരി.
അവൻ ബാത്‌റൂമിന് അഭിമുഖമായി വെച്ചിരുന്ന വലിയ കണ്ണാടിയിൽ സ്വയമൊന്ന് വിലയിരുത്താൻ ശ്രമിച്ചു.

ജോലിയില്ല എന്നതൊഴിച്ചാൽ മറ്റെന്താണൊരു കുറവ്? ജിമ്മിൽപോയി കളിച്ചുണ്ടാക്കിയതാണെങ്കിലും നല്ല ആരോഗ്യമുണ്ട്. കട്ടി മീശയും ചറപറ മുടിയും അല്പം ചുവന്ന കണ്ണുകളും ഒക്കെയായി ഒരുജാതി ലുക്കുമുണ്ട്. എന്നിട്ടും ജോലിയെക്കുറിച്ചുമാത്രം അവളിങ്ങനെ കുറ്റപ്പെടുത്തുന്നത് ശരിയാണോ ?

ശ്രമിക്കാഞ്ഞിട്ടല്ലല്ലോ. എത്ര പരീക്ഷ എഴുതിയതാണ്. PSC യൊക്കെ ഉടായിപ്പാണെന്ന് ഇപ്പൊ മനസ്സിലായില്ലേ? ആരോട് പറയാനാണ്. ജോലിയില്ലാത്തവരെ പുച്ഛിക്കുകയാണ് സർവ്വരും. ജോലിയില്ലാത്തതുകൊണ്ട് എന്ത് കുറവാണ് ജീവിതത്തിൽ? പൊതുവെ കുടുങ്ങിപ്പോകുന്ന ഒരു ഘട്ടം പെണ്ണുകിട്ടുമോ എന്നതാണ്. കൃത്യം 28 ആം വയസ്സിൽ കല്യാണം കഴിച്ചതോടെ ആ കടമ്പയും കടന്നു. ബന്ധുക്കളെക്കൊണ്ട് ആകെയുണ്ടായ ഗുണം അതാണ്. അമ്മാമയുടെ ഭാര്യടെ അനിയന്റെ ഭാര്യടെ അനിയത്തിയാണ്. ഹൊ! ഈ നൂലാമാല പിടിച്ച താവഴിയിലെ വളവും തിരിവുമൊക്കെ ഓർത്തിരിക്കുന്നത് തന്നെ വലിയ കാര്യമാണ്. സംഗതി അതേ താവഴിയ്ക്ക് വന്നുചേർന്ന ഇത്തിരി കൃഷിയും കെട്ടിടങ്ങളുമൊക്കെയാണ് പെണ്ണുകിട്ടാൻ കാരണമായതും. വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടങ്ങളിൽ ഇടയ്‌ക്കൊരു ഇൻസ്‌പെക്ഷൻ നടത്തുക. വാടക കൃത്യമായി പിരിച്ചടുക്കുക. ഇതൊക്കെ പണി തന്നെയല്ലേ? പിന്നെ ആണത്തം തെളിയിക്കാനുള്ള ചില്ലറ കളികളും.

കെട്ടിയവൾക്ക് മുട്ടനൊരു പണി കൊടുത്തിട്ടാണ് ഇക്കൊല്ലം തുടങ്ങിയതുതന്നെ. വേറെന്താ ചെയ്യാ? ഉണ്ടിരിക്കണ നായർക്ക് എന്തോ വിളി തോന്നി എന്നൊക്കെ പറയുംപോലെ പൊടുന്നനെ അവള് പറയാ, പഠിക്കണംന്ന്. മിനിമം PSC കോച്ചിങ്ങിനെങ്കിലും വിടണംന്ന്. എന്താ കഥ! ആ ഉടായിപ്പ് പരീക്ഷക്ക് പഠിച്ചിട്ടെന്താ. ചുമ്മാ കറങ്ങി നടക്കാനുള്ള ഓരോ കാരണങ്ങൾ. അല്ലാതെന്താ. ഒന്നും ആലോചിക്കാൻ നിന്നില്ല. എങ്കിലും ആലോചിക്കാം എന്ന് പകൽ പുരോഗമനവാദിയായി. രാത്രി പണി കൊടുത്തു. ഭാഗ്യത്തിന് അതേറ്റു. ഉന്തിവീർത്ത വയറുംതാങ്ങി അവൾ നടക്കുന്നതു കാണുമ്പോൾ മനസ്സിന് എന്തൊരു സന്തോഷമാണ്. ഡേറ്റ് പറഞ്ഞത് ഇന്നോ നാളെയോ? കൃത്യമായി ഓർമയിൽ വരുന്നില്ല. എന്തൊക്കെ ഓർത്തു വെയ്ക്കണം. ചിലതൊക്കെ സ്വാഭാവികമായും മറന്നുപോകുമല്ലോ. വീട്ടിലും നാട്ടിലും ഇത്രയൊക്കെ ഭാരിച്ച ഉത്തരവാദിത്തമുണ്ടെങ്കിലും ഇവളെ ഓർക്കുമ്പോൾ എങ്ങനെയാണെങ്കിലും സമയമുണ്ടാക്കി, കിലോമീറ്ററുകൾ താണ്ടി കൃത്യമായി വരുന്നുമുണ്ട്. എന്നിട്ടും പുച്ഛം തന്നെ!

കണ്ണാടിയിലെ ബാത്‌റൂംവാതിൽ തുറന്ന് അവൾ കണ്ണാടിയിലെ അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു. നനഞ്ഞ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ അവളൊന്ന് മാടി വെച്ചെങ്കിലും അതുടനെ മുഖത്തേക്കുതന്നെ വീണു.

എരുമ!
അയാളും ചിരിച്ചു.
നിന്നെ ഇന്നു ഞാൻ പിടിക്കുമെടീ...
നൊടിയിടയിൽ അവളവനെ വെട്ടിച്ച് കട്ടിലിന്റെ മറുവശത്തേക്ക് കുതറി. അവനാകട്ടെ ആവേശത്തോടെ കട്ടിലിന്റെ ഇപ്പുറത്ത് ഒരു കീഴടക്കലിന് ഒരുങ്ങി.

ഷർട്ടിന്റെ മടക്കിവെച്ച കൈകൾ തെരുത്ത് കയറ്റി, മസിലൊക്കെയൊന്ന് പെരുപ്പിച്ച് അവൻ എരുമയുടെ ചലനങ്ങൾ വീക്ഷിച്ചു.

എരുമയും തയ്യാറായി നിന്നു. ഏത് നിമിഷവും ഈ ഒരുവൻ ഒരു വൻ കൂട്ടമായി മാറുമെന്ന് അവൾക്ക് അറിയാമായിരുന്നു. കാണക്കാണെ കൈകൾ പെരുകി, കാലുകൾ പെരുകി, ആർപ്പുവിളികൾ പെരുകി അയാളൊരു ഭയങ്കര ജീവിയായി മാറുമെന്ന് അവൾ ഭയന്നു.

അന്നേരം കട്ടിൽ വലിയൊരു കിണറായി അവർക്ക് തോന്നി. എങ്ങനെയും അവളെ അതിലേക്ക് ഓടിച്ച് വീഴ്ത്തിയാൽ കാര്യങ്ങൾ ഉഷാറാകുമെന്ന് ഇപ്പോഴവന് തീർച്ചയുണ്ട്. കിണറ്റിലേക്ക് വീഴാതിരിക്കുക എന്നത് തന്റെ നിലനില്പിന്റെ പ്രശ്‌നമാണെന്ന് അവൾക്കും തീർപ്പുണ്ട്. ചെറിയ ചില ചലനങ്ങളോടെ അവർ അന്നത്തെ വേട്ട തുടങ്ങിവെച്ചു.

കുടുകുടെ കുതറി തെറിക്കുകയാണ് ചോര. നിമിഷനേരംകൊണ്ട് കിടക്കയിൽ ചുവന്ന ഒരു വൃത്തം രൂപപ്പെട്ടു. പഞ്ഞിക്കെട്ടുകളിലേക്ക് ആവേശത്തോടെ നക്കിക്കയറുന്ന ചുവപ്പ് ഏതോ നാല്ക്കാലിത്തലയുടെ ചിത്രം വരച്ചൊപ്പിക്കുന്നത് അവൾ കണ്ടു. തല കറങ്ങുന്നതുപോലെ. ഇത് ആശുപത്രിയോ വീടോ? കൃത്യം ഡേറ്റിന് ഫോൺ ഓഫാക്കിയിട്ട് ഏത് വാടകയാണ് പിരിക്കുന്നത് ?

അപ്പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ട്. ആശ്വാസമായി. കുഞ്ഞിന് കുഴപ്പമൊന്നുമില്ല. പക്ഷെ തള്ളയുടെ കാര്യം...
മൂന്നാമതൊരു വെളുത്ത തോർത്തുമുണ്ടെടുത്ത് തിരുകിനിർത്താൻ ശ്രമിക്കുമ്പോൾ ചോരയല്പം മുഖത്തേക്ക് തെറിച്ചു. കടലിൽ പൊങ്ങിക്കിടക്കുന്ന ശവംപോലൊരുത്തി കട്ടിലിൽ വിളറിവെളുത്തു.

തീർച്ചയായും ഇതൊരു ദുസ്വപ്നമാണെന്ന് ആ കിടപ്പിൽ തന്റെ അവസാനത്തെ ആശ്വാസത്തിലേക്ക് ആ പുതിയ അമ്മ നീന്തിത്തുടങ്ങി. ശവങ്ങളെയാണ് ഈയിടെയായി അധികവും സ്വപ്നം കാണുന്നത്. വയറ്റിലെ കുഞ്ഞിന്റെ ചലനങ്ങളിലൊന്ന് പതിവുതെറ്റിച്ച് അല്പമൊന്ന് വൈകിയാൽ അവളുടെ ഉള്ളിലേക്ക് വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ ശവം ഇടിച്ചു കയറും. എന്തൊരു ഞെട്ടലാണത്.

അല്ലെങ്കിലും പ്രിയപ്പെട്ടവരുടെ മരണങ്ങൾ എത്രവേഗത്തിലാണ് ഉള്ളിലേക്ക് തിക്കിതിരക്കാറ്. വാടക പിരിക്കാനാണെങ്കിലും പുറപ്പെട്ട് പോയാൽ പിന്നെ മൂപ്പര്‌ടെ ഫോൺ പതിവിൽനിന്ന് ഇത്തിരിയൊന്ന് വൈകിയാൽ, ബൈക്ക് സ്റ്റാർട്ടാക്കി കൺമുന്നിൽ നിന്ന് നീങ്ങിത്തുടങ്ങിയാൽതന്നെ, രാവിലെ ഒറ്റവിളിയിൽ വിളി കേൾക്കാതുറങ്ങിയാൽ, ചായ കൊണ്ടക്കൊടുക്കുമ്പോൾ വായിച്ച പേപ്പർ മുഖത്തേക്കിട്ട് മയങ്ങിക്കിടക്കുന്നത് കണ്ടാൽ... അങ്ങനെ ഒരു ദിവസം തന്നെ എത്ര തവണയാണ്.

ഗർഭിണിയായശേഷം തുടർച്ചയായി കാണുന്നത് ചെറിയ ആ ശവമാണ്. നീലിച്ച ഒരു കുട്ടിയുടേത്. എത്ര നീന്തിയിട്ടും ഈ സ്വപ്നത്തിന്റെ പുഴ തീരാത്തതെന്ത്? കരയെവിടെ? അനിവാര്യമായ ചാട്ടമെവിടെ?

ഒരു പുഴയിപ്പോൾ തന്നിൽനിന്നും പുറപ്പെടുന്നുണ്ടല്ലോ. ഒഴുക്കുനിലയ്ക്കും മുമ്പ് അത് പറയേണ്ടതല്ലേ? പെറ്റിട്ടതിന്റെ അവകാശിയെക്കുറിച്ച്?

കുഞ്ഞുണ്ടാകേണ്ടത് പ്രണയത്തിൽനിന്നല്ലേ, കല്യാണത്തിൽനിന്നല്ലല്ലോ...? അതുകൊണ്ടല്ലേ അതിനുവേണ്ടി ഉറക്കമൊഴിച്ചത്? വീട്ടുകാർക്ക് പണം കണ്ടാൽ മഞ്ഞളിക്കുന്ന കണ്ണുകളായിരിക്കാം. തനിക്കങ്ങനെയല്ലല്ലോ. പുഴ വെള്ളച്ചാട്ടത്തിന് അടുത്തെത്തിയിരിക്കും. വീണ് ചിതറുംമുമ്പ് അവകാശിയുടെ പേര് ഉറക്കെയുറക്കെ ഉച്ചരിക്കണം. കേൾക്കുന്നവർ നെറ്റി ചുളിക്കട്ടെ. പറയാതെ പറ്റില്ലല്ലോ. കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ട്. മുഖംപോലും നേരെയൊന്ന് കാണാൻ പറ്റിയില്ലെങ്കിലും അത് പ്രണയത്തിൽനിന്ന് ജനിച്ചതാണ്. പ്രണയത്തിൽനിന്നല്ലേ കുട്ടികളുണ്ടാകേണ്ടത്?

മൂന്ന്

ചില പോർമുഖങ്ങൾ ഇങ്ങനെയാണ് പൊടുന്നനെ ഇളിച്ചു കാട്ടുന്നത്. മറ്റേതൊരു തമാശയും എന്നപോലെ തുടങ്ങിയതാണെന്ന ബോധം പതിയെ അതിന് നഷ്ടപെട്ടിരുന്നു. കിണറായി രൂപാന്തരപ്പെട്ട ഇടം അത്രമേൽ പ്രാചീനമായ ഒരു തലമായിരുന്നു. അനാദിയായ ഇരുട്ട്. അപരിചിതമായ ഗന്ധങ്ങൾ. കുപ്പായം അഴുകിപ്പോയ വാരിയെല്ലുകളുടെ നൂറ്റാണ്ടുകാലത്തെ കിരുകിരുപ്പ്. വെളിച്ചത്തെക്കുറിച്ചുള്ള ഗുണപാഠകഥകളൊന്നും കേട്ടിട്ടില്ലാത്ത പാഴ്‌ച്ചെടികൾ. അരികുകൾ കൂർത്ത ശിലാസ്ഥികൾ. കെട്ടിക്കിടക്കുന്ന വായുവിന് അടുക്കളസിങ്കിന്റെ ഭാവം.

ഉരുണ്ടുമറിഞ്ഞുവീണ് തമ്മിൽ തമ്മിൽ മുറിപ്പെടുന്നവർ ഏതോ പുരാതനമായ പകപോക്കുകയാണ് എന്ന് തോന്നിച്ചു. ഉരിയപ്പെട്ട തോലുപോലെ മുറിയുടെ മൂലയിൽ അവരുടെ തുണിമണികൾ ഇണ ചേർന്നുകിടന്നു.

കൊമ്പുകൾ ആഴ്ത്തിയിറക്കുന്നതുപോലുള്ള ഒരാനന്ദമാണ് അവന് തോന്നിയത്. വീണ്ടും വീണ്ടും. അവളുടെ മുരൾച്ച ഏറെക്കുറെ ദീനമായ ഒരു ഞെരക്കമായി പരിണാമപ്പെട്ടിരുന്നു. അവളപ്പോൾ ഏതോ വെള്ളച്ചാട്ടത്തിന്റെ പതനതലത്തിലെ ശിലയായിരുന്നു.

വെള്ളം കുത്തിയൊലിച്ച് പതിച്ചുകൊണ്ടേയിരുന്നു. എന്തു ചെയ്യാനാവും ഒരു വെറും കല്ലിന് ആ വെള്ളത്തോട്? ഒരേ കാഴ്ചയിൽ ലോകം എത്ര ചെറുതാകും അതിന്? ഏതു പ്രായത്തേയും ഒരേയൊരു അനുഭവംകൊണ്ട് വിലയിരുത്തേണ്ടിവരുന്നതിന്റെ മടുപ്പിനെ ഏത് വേനലുകൊണ്ടാണ് കരിച്ചു കളയുക? ആഞ്ഞുപതിച്ചതിന്റെയൊക്കെയും ആഴത്തിലുള്ള വടുക്കൾ തൂർന്നില്ലല്ലോ ഇതുവരേയും.

കുട്ടിയായിരിക്കെ അമ്മ പറഞ്ഞുതന്ന ഒരു കഥ വളരെ ദൂരത്തുനിന്നെന്നപോലെ അടക്കിപ്പിടിച്ച് കേൾക്കായി.
പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിന് സുന്ദരനായ ഒരു മകനുണ്ടായിരുന്നു...
അതെന്താമ്മാ സുന്ദരിയായ മകളില്ലാത്തത്?
മകളുള്ള രാജാവിന്റെ കഥ വേറൊരു ദിവസം പറയാംട്ടോ.
എന്നും മകന്റെ കഥയല്ലേ പറയാറ് ? ഇന്നൊരീസം മകൾടെ മതി!
വാശിപിടിക്കുന്ന മകൾക്കുമുമ്പിൽ അമ്മ തോറ്റു.

പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. അയാൾക്ക് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു...
ശ്ശൊ! ന്റെ അമ്മാ... രാജാവിനല്ല, രാജ്ഞിക്കല്ലേ മകളുണ്ടായത്? ഞാൻ അമ്മടെ വയറ്റിൽന്നല്ലേ വന്നത്? അച്ഛന്റെയല്ലല്ലോ?
ന്നാ പിന്നെ നീയന്നെ കഥ പറഞ്ഞോ!
അമ്മ മുഷിഞ്ഞു.
കുട്ടി മുതിർന്ന ഒച്ചയിൽ പറഞ്ഞുതുടങ്ങി.

പണ്ടൊരു രാജ്യത്തെ രാജ്ഞിക്ക് മിടുക്കിയായ മകളുണ്ടായി. രാജാവ് അച്ഛനായതായി രാജ്യം സന്തോഷിച്ചു. ഉടനെ രാജാവ് രാജ്യത്തിന്റെ അച്ഛനായതായും പ്രഖ്യാപിക്കപ്പെട്ടു. എല്ലാം തന്റെ ഔദാര്യമെന്ന് അന്തപുരത്തിൽ രാജ്ഞി തമാശരൂപത്തിൽ കാര്യം പറഞ്ഞു. രാജാവ് തമാശയെന്നുമാത്രം കേട്ട് ചിരിച്ചുകൊണ്ട് തലയാട്ടി.

കുട്ടി ഉറങ്ങിയിട്ടും അമ്മ കഥ മതിയാക്കി അടുക്കളയിൽ പാത്രങ്ങളോട് ദേഷ്യപ്പെട്ടു തുടങ്ങിയിട്ടും ആരാണ് കഥ പറയുന്നത്?
രാജ്ഞിയുടെ ഔദാര്യമാണ് എല്ലാം. രാജാക്കന്മാരെല്ലാം ആ ഔദാര്യത്തിലാണ് രാജാവായി ഇരിക്കുന്നത്.

ഒറ്റക്കൊമ്പന്മാരുടെ ആൾക്കൂട്ടം രാജാവാകാൻ ഓടുകയാണ്. കൈയ്യെത്തിച്ചാൽ ആ കൊമ്പ് ഉണങ്ങിയ മരക്കൊമ്പുപോലെ ഒടിക്കാവുന്നതേയുള്ളൂ, ഏതൊരു പെണ്ണിനും. രാജാവിന്റെ ചെങ്കോലാണത്. ഒടിക്കുക തന്നെ. അമ്മൂമ്മയുടെ രുദ്രാക്ഷമാലയിലെ മണികൾ വിരലുകളിൽക്കൂടി ഉരുണ്ടു കയറി. ജപമന്ത്രം യാന്ത്രികമായ പിറുപിറുക്കലായി കേൾക്കുന്നുണ്ട്. അതോ ഒച്ചയടഞ്ഞ നിലവിളിയോ?

രുദ്രാക്ഷങ്ങൾ പളുങ്കുമണികൾ പോലെ ഉടഞ്ഞു ചിതറുന്നു. ഒന്ന്... രണ്ട്... മൂന്ന്...
​ഒറ്റക്കൊമ്പൻ പ്രദക്ഷിണത്തിനുശേഷം ദേവിക്കുമുമ്പിൽ തലയെടുപ്പുപേക്ഷിച്ച് വണങ്ങാനായി നില്ക്കുന്നു. ഇതാണ് സമയം. ദീനമായ ഒരു ചിഹ്നംവിളി. അവസാനത്തേത്. പ്രദക്ഷിണം തീരുകയാണ്. ഇനി ചെങ്കോലിൽ ഭരുന്ന രാജ്യമില്ല. ഒറ്റക്കൊമ്പിന്റെ തലയെടുപ്പില്ല. പൊട്ടിയൊലിക്കുന്ന മദജലം ചെറിയൊരു പൊട്ടക്കിണറ്റിൽ തളംകെട്ടി. ആഞ്ഞുപതിക്കുന്ന വെള്ളത്തോട് താഴെക്കിടക്കുന്ന വെറുംകല്ലിന് എന്തു ചെയ്യാനാകും?, തന്റെ ഏറ്റവും കൂർത്ത അരികുകൾക്കൊണ്ട് കീറി മുറിക്കാനല്ലാതെ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ശിവപ്രസാദ് പി.

കവി, കഥാകൃത്ത്. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ അധ്യാപകൻ. പദപ്രശ്നങ്ങൾ, തലക്കെട്ടില്ലാത്ത കവിതകൾ എന്നിവ പ്രധാന കൃതികൾ

Comments