ചിത്രീകരണം: ദേവപ്രകാശ്

ലെനിൻ

രൺജു

കുന്നിൻമുകളിൽ ജ്വലിച്ചുയർന്ന ഏകാന്തതാരകം പോലെ ഒരു പാർട്ടി ഓഫീസ്. അതിൽ ഒറ്റയ്‌ക്കൊരു സഖാവ്. പേര് ലെനിൻ. കുന്നത്തുംമേല് ദേശത്തെ ഏകാന്തകമ്യൂണിസ്റ്റ്!

ഉച്ചയുറക്കമൊഴിഞ്ഞ നട്ടുച്ചകളിൽ കുന്നിൻമുകളിൽ പാർട്ടി ഉണർന്നെണീക്കും. അന്നന്നത്തെ രാഷ്ട്രീയം കീറിമുറിച്ച് കൂലങ്കഷമായ ചർച്ചകൾ നടത്തും. പ്ലീനങ്ങളിൽ അന്തിമതീരുമാനങ്ങളെടുക്കും. രാഷ്ട്രീയമുന്നേറ്റങ്ങളുടെ പ്രായോഗികവശങ്ങൾ അവലോകനം ചെയ്യും. ചുവപ്പും കറുപ്പും വർണ്ണങ്ങളിൽ മഷി മുക്കി പോസ്റ്റർ എഴുതിയുണ്ടാക്കി, വെളുപ്പിനു കവലയിലിറങ്ങി കഞ്ഞിപ്പശ തേച്ച് ഒട്ടിയ്ക്കും.

പോസ്റ്റർ ഒട്ടിക്കുന്നതിനൊരു തന്ത്രമുണ്ട്. ഏറ്റവും അവസാനം പതിച്ച പോസ്റ്റർ മാത്രമേ അടുത്ത ദിവസം നാട്ടുകാർക്ക് കാണാനായി കീറിപ്പറിയാതെ നിൽപ്പുണ്ടാകൂ. അതുകൊണ്ട് എത്ര വൈകി ആര് പോസ്റ്റർ ഒട്ടിക്കാനിറങ്ങുന്നുവോ അവരുടെ പോസ്റ്റർ വെളിച്ചം കാണും. ലെനിൻ ഒറ്റയ്ക്കാണ് പോസ്റ്റർ പതിയ്ക്കാൻ ഇറങ്ങിയിരുന്നത്. ഒരിക്കൽ പോസ്റ്റർ പതിച്ചു കൊണ്ടിരുന്ന ലെനിന്റെ ചന്തിയിൽ ആഞ്ഞൊരു അടി വീണു. നേരംതെറ്റി താടി നീണ്ടൊരുത്തനെ കണ്ട ജേക്കബ് പൊലീസാണ് ആ അക്രമം ചെയ്തത്. വട്ടംചുറ്റി തിരിഞ്ഞൊന്ന് വായുവിൽ കരണം മറിഞ്ഞുചാടി നിലത്തു കാലുറപ്പിച്ച് ലെനിൻ നിന്നു. കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ മുസ്തഫയ്ക്ക് തടയാൻ സാധിക്കുന്നതിനു മുമ്പ് ജേക്കബ് കുമ്പകുലുക്കി താഴെ വീണുകിടന്നു.

""പോസ്റ്ററാണ് സാറേ, ഒട്ടിച്ച് പൊക്കോളും... മെക്കട്ട് കേറാൻ വന്നാ...''

ലെനിന്റെ കാൽക്കീഴിൽ നെഞ്ചുപിടഞ്ഞ ജേക്കബിന് ഉള്ളിൽ ഒരു പക കത്തി. പക്ഷേ മുസ്തഫ അതു കണ്ടറിഞ്ഞു തടഞ്ഞു.

""ആളറിയാണ്ട് പറ്റീതാ... സഖാവ് വിട്ടോ...,'' മുസ്തഫ ഒരു കയ്യുകൊണ്ട് ലെനിനെ തള്ളിവിട്ട്, മറുകയ്യിൽ ജേക്കബ് പൊലീസിനെ താങ്ങിയെടുത്തു.

ആദർശവും പ്രത്യയശാസ്ത്രദൃഢതയും ആണത്തവും വിട്ടൊരു കളിയ്ക്കും ഇന്നുവരെ ലെനിൻ പോയിട്ടില്ല. എന്നാലെന്താ സഖാവ് ഒറ്റയാൾ മതി, ഒരുത്തനും അടുക്കൂല. അതിനൊരു കാരണമുണ്ട്. കമ്യൂണിസ്റ്റാണെങ്കിലും മുത്തപ്പൻസേവയുള്ള വീട്ടിൽ നിന്നാണ് ലെനിൻ വരണത്. ഒരൊറ്റ അടിയാണ് പൊലീസാണെന്ന ധാർഷ്ട്യത്തിൽ ജേക്കബ് പൊലീസ് ലെനിന്റെ ചന്തിയിൽ നീളൻ ചൂരൽ വീശിയടിച്ചത്. അതിന്റെ പാട് ചുവന്നു തിണർത്തു കിടന്നു. അതിനു കൃത്യം മൂന്നാം ദിവസം ആണ് ഇരുട്ടടിയേറ്റ പോലെ സ്റ്റേഷനിൽ ഒരു വശം തളർന്ന് ജേക്കബ് വീണത്. ലെനിനെ തല്ലിയ ചൂരൽ പിടിച്ചിരുന്ന വലതുകൈ ചുമൽ മുതൽ അനക്കമില്ലാതെ മരിച്ചു കിടന്നു; മുഖമൊന്നു കോടി. അന്നു സ്റ്റേഷനിൽ ആർക്കെതിരേയും കള്ളക്കേസുകൾ ഒന്നും തന്നെ പുതുതായി ചാർജ്ജ് ചെയ്യപ്പെട്ടില്ല.

ലെനിന്റെ കുടുംബം നെറയെ പുകൾപെറ്റ പേരുള്ളവർ നിറഞ്ഞു നിന്നു. സ്വാതന്ത്ര്യസമരനായകരിൽ ഊറ്റം കൊണ്ട കാരണവന്മാരാൽ പേരിടൽ കർമ്മം നടന്നതു കൊണ്ടാവണം ലാലാ ലജ്പത്‌റായ് എന്നാണ് അച്ഛനു പേര്. തറവാട്ടിലെ മൂത്തകാർന്നോർ. നല്ല ഒന്നാന്തരം ഗുസ്തിക്കാരൻ. അടിതട പഠിച്ച വീരൻ. പോരാത്തതിനു കൃഷിപ്പണി ചെയ്തു വിളഞ്ഞ ശരീരം. ഒരു വീഴ്ച പറ്റിയ ശേഷം ഗോദയിൽ ഇറങ്ങാറില്ലെങ്കിലും എന്തിനും തയ്യാറായി ശിഷ്യഗണങ്ങൾ ധാരാളം. ഇളയച്ഛൻ ഭഗത് സിംഗ് നാട്ടിലെ ഏക കരാട്ടെ മാസ്റ്ററാണ്. രണ്ടാളും മുത്തപ്പൻ സേവയുള്ളവർ. തറവാട്ടില് തെക്കേ അതിരിലെ കൊട്ടിലിൽ ഇന്നും വിളക്കു വയ്ക്കലും പാട്ടുമുണ്ട്. കുടിയിരുത്തിയ നാഗങ്ങളെ ആണ്ടോടാണ്ട് ആടിത്തെളിഞ്ഞ് അടക്കിയിരുത്തും. ഒരു കരിനാഗം തെക്കേപ്പുറത്ത് എന്നും കാവലായി നിന്നു. അച്ഛൻ മുത്തപ്പൻ തുള്ളി പറഞ്ഞാ അത് അച്ചട്ടാണെന്ന് നാട്ടാരു പറയും. ഏറ്റവും ഇളയ സഹോദരനായ ബാലഗംഗാധര തിലകൻ ഇതിലൊന്നും തലയിടാതെ ക്രിമിനൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്നു.

രണ്ട് അമ്മായിമാരുണ്ട്. അവർ കല്യാണം കഴിച്ച് വേറെ താമസിക്കുന്നു. ഒരാൾ കസ്തൂർബാ ഗാന്ധി, മറ്റേയാൾ സരോജിനി നായിഡു. വനിതാസംവരണം വന്ന ശേഷം അമ്മായിമാർ രണ്ടാളും രാഷ്ട്രീയത്തിലാണ്. കസ്തൂർബാ ഗാന്ധി ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. സരോജിനി നായിഡുവാകട്ടെ ഇലക്ഷനിൽ തോറ്റ് കെട്ടിവെച്ചകാശും പോയി വീടു ഭരിക്കുന്നു. അമ്മയെ കെട്ടിക്കൊണ്ട് വന്നത് അന്തിക്കാട്ടുള്ള ഒരു സാധാരണ കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നാണ്. അതുകൊണ്ട് പേര് സുമംഗല. സഖാവ് രാഘവൻ മാസ്റ്ററുടെ മകൾ. ആ രാഷ്ട്രീയ പാരമ്പര്യമാണ് അമ്മയ്ക്ക് തുണയായത്. യാദൃശ്ചികമായി വനിതാസംവരണം വന്നപ്പോൾ മുത്തപ്പൻ തുണച്ച്, വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച് പഞ്ചായത്തും വീടും ഒരുപോലെ ഭരിക്കുന്നു.

ലെനിൻ മാത്രം ആണ് പ്രാദേശിക, ദേശീയ രാഷ്ട്രീയമൊക്കെ വിട്ട്, പേരു കൊണ്ട് അങ്ങ് സോവിയറ്റ് യൂണിയൻ വരെ പോയത്. അതിനൊരു കാരണമുണ്ട്.

1950-ൽ ഇന്ത്യ റിപ്പബ്ലിക്കായ വർഷമാണ് ലെനിന്റെ പാർട്ടിയായ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി.) രൂപീകരിച്ചത്. അങ്ങ് ബംഗാളിൽ. അന്ന് ലെനിൻ ജനിച്ചിട്ടില്ല. അതിനു പിന്നേയും കുറേനാൾ കാത്തിരിക്കേണ്ടി വന്നു.

ഡോ. അംബേദ്കർ ഭരണഘടന എഴുതിയപ്പോൾ അതിൽ ചേർക്കാൻ വിട്ടുപോയ ഒരു ഇനം ഉണ്ടായിരുന്നു- സോഷ്യലിസം! 1976-ലെ ഭരണഘടന അമെൻമെന്റ് ആക്റ്റിലൂടെയാണ്, വിട്ടുപോയതൊക്കെ കൂട്ടിച്ചേർത്ത്, ഇന്ദിരാജിയുടെ കാലത്ത് നാട്ടിൽ സോഷ്യലിസം ഔദ്യോഗികമായി നടപ്പിലായത്. അതും വായതുറക്കാൻ പറ്റാത്ത ഒരു അടിയന്തിരാവസ്ഥക്കാലത്ത്!

അങ്ങനെ നാട്ടിൽ ഔദ്യോഗികമായി സോഷ്യലിസം പിറന്നതിനു ശേഷമാണ് ഈ മണ്ണിൽ ലെനിൻ ജനിച്ചു വീണത്. അടിയന്തിരാവസ്ഥക്കാലത്തിനു ശേഷമുള്ള ഒരു നട്ടപ്പാതിരയ്ക്ക്. അന്ന് നാട്ടിൽ ഒരു സർക്കാർ ആശുപത്രിയേയുള്ളൂ. മൈലുകൾ കാൽനടയായി താണ്ടണം അവിടെ എത്തിപ്പെടാൻ. ഓപ്പേട്ടന്റെ തുരുമ്പിച്ച കാറിലാണ് അന്നു രാത്രി ലാലാ ലജ്പത് റായും ഗർഭിണിയായ സുമംഗലയും അമ്മ ലക്ഷ്മിക്കൊപ്പം ആശുപത്രിയിലേക്കു പോയത്. നിറവയർ പൊത്തിപ്പിടിച്ച് സുമംഗല അലറിക്കരഞ്ഞു. ഓപ്പേട്ടന്റെ കാർ നിരങ്ങിനിരങ്ങി ആശുപത്രി എത്തിയപ്പോഴേയ്ക്കും കൊച്ചിന്റെ തല പുറത്തു കണ്ടുതുടങ്ങിയിരുന്നു. അകത്തേക്ക് കൊണ്ടുപോയി കിടത്തിയതും വെൺതാരകമായി ലെനിൻ പിറന്നു വീണു.

പ്രസവവേദനയിൽ അലറിക്കരയുമ്പോൾ സുമംഗലയ്ക്ക് സാക്ഷാൽ സഖാവ് ലെനിന്റെ ദർശനം സിദ്ധിച്ചു എന്നാണ് പറയപ്പെടുന്നത്. നല്ല റഷ്യൻ ഭാഷയിൽ സ്ത്രീവിമോചനം, പാർട്ടിയിൽ സ്ത്രീകൾക്കുള്ള സ്ഥാനം, പാർട്ടി വളർത്തുന്നതിലുള്ള പങ്ക് എന്നിവ അക്കമിട്ട് ഒരു വനിതാദിന സന്ദേശം പോലെ സുമംഗലയുടെ മനസ്സിൽ സഖാവ് ലെനിൻ ഉരുവിട്ടുവത്രേ. അങ്ങനെയാണ് മകന് ലെനിൻ എന്ന പേരിടാൻ അവർ തീരുമാനിച്ചത്.

രമണൻ എന്നു പേരിടാനായിരുന്നു ലെനിന്റെ അച്ഛനായ ലാലാ ലജ്പത് റായിയ്ക്ക് ഇഷ്ടം. അത് ആയിടെ അയാൾ കുത്തിയിരുന്നു വായിച്ച ഒരു പഴയ കവിതയുടെ പേരായിരുന്നു. പേരിടുന്ന കാര്യത്തിൽ അത്തരം സമ്പ്രദായങ്ങളൊക്കെയാണ് അക്കാലത്ത് നാട്ടിൽ നിലവിലുണ്ടായിരുന്നത്.

ചെറുപ്പം മുതലേ ചുമരായ ചുമരെല്ലാം അരിവാൾ ചുറ്റിക നക്ഷത്രം വരച്ചു വയ്ക്കലായിരുന്നു ലെനിന്റെ ഏക വിനോദം. ലാലാ ലജ്പത് റായി മറുത്തൊന്നും പറഞ്ഞില്ല. അമ്മ സുമംഗല സ്ത്രീസഹജമായ ഈർഷ്യ പ്രകടിപ്പിച്ചെങ്കിലും ലെനിന്റെ മൊട്ടത്തലയും നീണ്ട മൂക്കും ചെങ്കിസ്ഖാനെ അനുസ്മരിപ്പിക്കുന്ന കുറിയ കണ്ണുകളും അവളെ തരളിതയാക്കി. "അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്താണ്' എന്ന നാടകഗാനം പാടിയാണ് അവർ ലെനിനെ ഉറക്കിയിരുന്നത്.

അധികമൊന്നും സംസാരിക്കുന്ന കുട്ടിയായിരുന്നില്ല ലെനിൻ. അവനെ ഗർഭത്തിൽ ചുമക്കുമ്പോൾ അവർ അരവിന്ദന്റെ "കാഞ്ചനസീത' സിനിമ കാണാൻ പോയിരുന്നു. നാട്ടിൽ അന്നു തുടങ്ങിയ ഒരു ഫിലിം സൊസൈറ്റിയുടെ മാസം തോറുമുള്ള പ്രദർശനത്തിന്. അമ്മയുടെ വയറ്റിൽ കിടന്ന് ആർട്ട് സിനിമകൾ കണ്ടതു കൊണ്ടാണോ ലെനിൻ അധികമൊന്നും സംസാരിക്കാത്ത പ്രകൃതം ആയിപ്പോയത് എന്ന് അവർക്ക് ആദ്യമേ സംശയം തോന്നിയിരുന്നു.

എന്നാൽ അച്ഛന്റെ പാത പിന്തുടർന്ന് നല്ലൊരു അടിതടക്കാരനായി ലെനിൻ വളർന്നു വലുതായി. സ്‌ക്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അവൻ വല്ലാത്ത ധൈര്യശാലിയായിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോരോ മോഹങ്ങളായിരുന്നു ലെനിന്. ആദ്യമൊക്കെ സിവിൽ സർവീസ് എഴുതിയെടുത്ത് "ദി കിംഗ്' സിനിമയിലെ മമ്മൂട്ടിയെപ്പോലെ ഒരു ഐ.എ.എസ്സുകാരനായി എല്ലാവരേയും വിറപ്പിക്കണം എന്നായിരുന്നു മോഹം. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി വായിച്ചതോടെ ആ ആഗ്രഹം മാറ്റിവച്ചു. പിന്നെ രാഷ്ട്രീയത്തിലായി നോട്ടം. നാട്ടിൽ ഡി.പി.ഇ.പി. നടപ്പിലാക്കിയ കാലം ആയിരുന്നു. ജനകീയ പ്രതിരോധസമിതിക്കാർ ലെനിന്റെ വീട്ടിലും വന്നു. വ്യവസ്ഥാപിത വിപ്ലവപാർട്ടികളുടെ പൊള്ളത്തരവും കള്ളത്തരവും മനസ്സിലാക്കിയ ലെനിൻ ആകാശത്തിനു കീഴിലുള്ള സകലമാന വിപ്ലവപാർട്ടികളേയും സൂക്ഷ്മമായ വിശകലനത്തിനു വിധേയനാക്കി. അങ്ങിനെയാണ് നാട്ടിലെ ഏക യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടിയായ സി.എസ്.പി.യിൽ എത്തിച്ചേർന്നത്. കൊൽക്കത്തയിലും ദില്ലിയിലും നടന്ന പാർട്ടി സമ്മേളനങ്ങളിലെല്ലാം പങ്കെടുത്ത് ലെനിൻ സഖാവായി, പിന്നെ നാട്ടിലെ നേതാവായി.

അടിതട പോലല്ല പൊതുജനപിന്തുണ. അത് നാൾക്കുനാൾ കുറഞ്ഞുവന്നതല്ലാതെ കൂടിയില്ല. ആത്യന്തികമായും വിപ്ലവമാണ് ഒരു വിപ്ലവപാർട്ടിയുടെ ലക്ഷ്യം. ആ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം, അവരെ സംഘടിപ്പിക്കണം. അതിനായിട്ടാണ് ബൂർഷ്വാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കുന്നത്. എന്നാൽ, ഭരണം കയ്യാളുന്ന വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾ നാട്ടിൽ നിലവിൽ ഉണ്ടായിരുന്നതിനാൽ ബുദ്ധിജീവികളെപ്പോലെ സാധാരണക്കാരും ലെനിന്റെ പാർട്ടിയെ തിരിഞ്ഞുനോക്കിയില്ല. പഞ്ചായത്തിൽ നിന്നും കിട്ടുന്ന ആടിലും പശുവിലും, സഹകരണ ബാങ്കിലെ ലോണിലും നാട്ടുകാർ സംതൃപ്തരായെങ്കിൽ, ബുദ്ധിജീവികൾക്ക് വേണ്ടത് സാഹിത്യഅക്കാദമിയിലെ ഉന്നതസ്ഥാനവും അവാർഡുകളും ഒക്കെയായിരുന്നു. ഇതൊന്നും മോഹനവാഗ്ദാനങ്ങളായി നൽകാൻ ലെനിനു പറ്റില്ലായിരുന്നു. സംശുദ്ധമായ സോഷ്യലിസ്റ്റ് വിപ്ലവം മാത്രമായിരുന്നു ലെനിന്റെ കയ്യിലുണ്ടായിരുന്നത്. അതിലാകട്ടെ ആരും വലിയ താൽപ്പര്യം ഒന്നും കാണിച്ചില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, ചങ്ങരംകുളത്തിൽ മുങ്ങിക്കുളിച്ച്, ഇറക്കത്തെ ചായക്കടയിൽ കയറി കടുപ്പത്തിലൊരു ചായയും കുടിച്ച് വരുമ്പോൾ, കുന്നിന്മുകളിലേക്കുള്ള വഴിക്കരികിൽ ലെനിനെ കാത്ത് മാല നിൽക്കുന്നു. ""സഖാവേ,'' എന്ന് മാടിവിളിച്ച് അവൾ ഒരു മാടപ്രാവിനെപ്പോലെ കമ്യൂണിസ്റ്റ് പച്ചക്കാടിനുള്ളിലേക്ക് ഒതുങ്ങി നിന്നു. പെട്ടെന്ന് അവളുടെ മുഴുപ്പുകളിലേക്കാണ് അയാളുടെ നോട്ടം പാറി വീണത്. അതിൽ ചമ്മി ഒരു സഖാവായി അയാൾ നിവർന്നു.

മാല ചോദിച്ചു: ""സഖാവേ, എന്നെ സഖാവിന്റെ പാർട്ടിയിൽ ചേർക്കുമോ?''

പാർട്ടിയിൽ ആളെ ചേർക്കുന്ന പരിപാടിയെ കുറിച്ചുള്ള ചിന്തയെല്ലാം ലെനിൻ ഉപേക്ഷിച്ചിട്ട് കുറേനാളായിരുന്നു. അതുകൊണ്ട് ആ ചോദ്യം അയാൾ ഒട്ടും പ്രതീക്ഷിച്ചില്ല. എന്നിട്ടും ഗൗരവം വിടാതെ തിരിച്ചടിച്ചു: ""എന്തിനാ പാർട്ടിയിൽ ചേരുന്നത്?''

""സഖാവിങ്ങനെ ഒറ്റയ്ക്ക് പാർട്ടീം കൊണ്ടങ്ങ് നടക്കണ കാണുമ്പോ കരളില് ഒരു വിങ്ങലാ... എന്റെ അപ്പനുമുണ്ടാർന്ന പാർട്ട്യല്ലേ... നമുക്ക് പാർട്ടീല്ക്ക് ആളെക്കൂട്ടാ...,'' മാല അൽപ്പം വിക്കിവിക്കി പറഞ്ഞു നിർത്തി.

ചങ്ങരംകുളത്തിൽ പായലുകൾ നിറഞ്ഞ് പച്ചനിറമായി കിടന്നു. അവൾ അതിലേക്കു നോക്കി ഒരു രവിവർമ്മ ചിത്രമായി, പായലുകെട്ടിയ നിലത്ത് പെരുവിരൽ കൊണ്ട് എന്തൊക്കെയോ വരച്ചു. അതുകണ്ട് ലെനിന് ഉള്ളിൽ ചിരി വന്നെങ്കിലും പുറത്തുകാണിക്കാതെ ഗൗരവത്തിൽ തന്നെ നിന്നു. മനസ്സിൽ ആലോചിച്ചു. മാലയെ പാർട്ടിയിൽ എടുത്തതുകൊണ്ട് എന്താണു ഗുണം? താലപ്പൊലിയേന്താനും കൊടി പിടിയ്ക്കാനുമല്ലാതെ രാത്രി പോസ്റ്ററൊട്ടിക്കാൻ പോകാൻ പറ്റുമോ? ശരീരബലത്തിൽ ആണിന് കീഴെയല്ലേ വരൂ അവൾ. മറുപടിയൊന്നും പറയാതെ മാലയുടെ മെമ്പർഷിപ്പിന്റെ കാര്യം ലെനിൻ മറന്ന പോലെയങ്ങട് മാറ്റിവെച്ചു.

മാല പക്ഷെ അക്കാര്യം വിട്ടില്ല. ഒരു ദിവസം രണ്ടും കൽപ്പിച്ച് കുന്നിൻമുകളിലേക്ക് ഏന്തിവലിഞ്ഞ് നടന്നുചെന്ന്, പാർട്ടി ഓഫീസിന്റെ കോലായില് ഉച്ചമയക്കം വിട്ട് ലെനിൻ ഉണരുന്നതും കാത്ത് അവൾ നിന്നു. കാത്തു നിന്നു മടുത്തപ്പോൾ വാതിൽ മെല്ലെ തുറന്ന് അവൾ അകത്തു കടന്നു. ഈത്തായ ഒലിപ്പിച്ച്, മുണ്ടും തുണിയും ഇല്ലാതെ ഉണ്ണിയേശുമായി ലെനിൻ മയങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അയാളുടെ മുണ്ട് നേരെ പിടിച്ചിട്ട് നഗ്‌നത മറച്ച്, ഒരു കള്ളച്ചിരിയോടെ അവൾ അയാൾക്കരികിലിരുന്നു.

എണീറ്റപ്പോൾ, മാനം പോയ കിടാവിന്റെ നിഷ്‌കളങ്കതയോടെ അയാൾ അവളെ നോക്കി ഞെട്ടി. പ്രണയപാശത്തിൽ കുരുങ്ങുമെന്ന പരുവത്തിൽ പോലും അയാൾ ഇത്രയ്ക്കു ഭയന്നിട്ടില്ല. മാല അയാളെ വിടാതെ പിടികൂടി. അവസാനം അയാൾ പറഞ്ഞു: ""അഞ്ചു രൂപ കൊണ്ടോന്ന് അംഗത്തം എടുത്തോ. അതിനു മുമ്പ് മാനിഫെസ്റ്റൊ വായിച്ചിട്ടു വാ... കാര്യങ്ങള് ചർച്ച ചെയ്യണം.''

പാർട്ടി ഭരണഘടനയുടെ ഒരു മുഷിഞ്ഞ കോപ്പി അയാൾ അവൾക്ക് എടുത്തുകൊടുത്തു.

മാലയുടെ അപ്പനെ ലെനിന് അറിയാം. പണ്ട് സിവിക് ചന്ദ്രൻ "നിങ്ങളാരെ കമ്യൂണിസ്റ്റാക്കി' എന്ന പ്രതിനാടകം എഴുതിയ കാലത്തുള്ള പരിചയമാണ്. അന്ന് ലെനിൻ ഒരു പൊടിമീശ സഖാവാണ്. പാർട്ടി സഖാവായ ലാസറിന്റെ ഉത്തമശിഷ്യൻ. ലാസർ സഖാവിന്റെ അകാലമരണത്തിനു ശേഷമാണ് പാർട്ടിയുടെ നെടുനായകത്വം ലെനിനിൽ വന്നുചേർന്നത്. പ്രതിനാടകം നാട്ടിൽ കളിച്ച കാലത്ത് ലാസർ സഖാവാണ് നേതാവ്.

നാടായ നാട്ടിലൊക്കെ പ്രതിനാടകത്തെ കുറിച്ച് ചൂടുപിടിച്ച ചർച്ച നടന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിക്കും എതിർ നാടകമോ? നാട്ടാര് മൂക്കത്ത് വിരൽ വെച്ചു. നാട്ടരങ്ങിൽ നടന്ന ചർച്ചയിൽ സഖാക്കളായ നാടകക്കാർ ഇടഞ്ഞു. നാടകം അരങ്ങേറിയ രാത്രി ഇടിവെട്ടി മഴപെയ്തു. സി.എൻ.എൻ. ബോയ്‌സ് ഹൈസ്‌ക്കൂൾ അങ്കണത്തിൽ നിറഞ്ഞിരുന്ന പുരുഷാരം മഴ നനഞ്ഞു നിന്ന് നാടകം കണ്ടു. കുന്നത്തുംമേലേക്ക് നാടകം കൊണ്ടുവരണമോ എന്ന ചോദ്യത്തിന് സഖാവ് ലാസറിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു: ""വേണ്ട!'' അതുതന്നെയായിരുന്നു സഖാവ് ലെനിനും അന്നും ഇന്നും വേദവാക്യം.

""കെ.പി.എ.സിയുമായോ വലതു കമ്യൂണിസ്റ്റുകളുമായോ നമ്മുടെ പാർട്ടിയ്ക്ക് രാഷ്ട്രീയഐക്യം ഒന്നുമില്ലെങ്കിലും കമ്യൂണിസത്തെ തൊട്ടുകളിക്കുന്നതൊന്നും പാർട്ടി സഹിക്കില്ല!'' സഖാവ് ലാസറിനെ അനുകരിച്ച് ലെനിൻ നയം വ്യക്തമാക്കി.

മാലയുടെ അപ്പൻ പാർട്ടി പരിപാടികൾക്ക് വരുന്നതു കുറഞ്ഞത് അതിനുശേഷമാണ്.

""വയ്യ സഖാവേ, പോസ്റ്ററൊട്ടിക്കാനും നീണാൾ വാഴട്ടെ വിളിക്കാനും ഇനി വയ്യ!''

പാടത്തു പണി കഴിഞ്ഞു വന്ന് മോൾക്കൊപ്പം പാഠം പഠിക്കുന്നതും നോക്കി, അയാൾ കണ്ണുതുറന്നു പിടിച്ചൊരു സ്വപ്നവും കണ്ടിരുന്നു.

പ്രതിനാടകത്തിലെ ആ പഴയ നായികയെപ്പോലെയാണ് മാലയും എന്ന് ലെനിനു തോന്നി. അവളുടെ പേരു പോലും ഒരുപോലെ.

""അത്... അപ്പന് നാടകഭ്രാന്ത് കേറീപ്പം ഇട്ട പേരാ...,'' മാല പറഞ്ഞു.

"നിങ്ങളാരെ കമ്യൂണിസ്റ്റാക്കി' കളിച്ചപ്പോ, കോരിച്ചൊരിയുന്ന മഴയത്തും അവൾടെ അപ്പന്റെ കണ്ണിൽ ഒരു തൊടം കണ്ണീർ പൊഴിഞ്ഞു. നാടകത്തിലെ വൃദ്ധനെ അനുകരിച്ച് ഡയലോഗിനൊപ്പം അപ്പനും ചുണ്ടനക്കി: ""ഇനിയും നമുക്കീ ചെങ്കൊടി മാത്രം മതിയാകുമോ? പക്ഷേ ഈ ചെങ്കൊടി പോലുമില്ലെങ്കിൽ, പിന്നെ നമുക്കെന്തുണ്ട്?''

ലെനിനും മാലയും തമ്മിൽ പേരിനെ കുറിച്ച് ബാലിശമായ ഒരു താത്വിക ചർച്ച നടന്നു.

""ഒരു വിപ്ലവകാരിയ്ക്ക് മാല എന്ന പേരു ചേരുമോ?''

""എന്താ കുഴപ്പം?''

""ചേരില്ല!''

""വിപ്ലവകാരിയ്ക്ക് കമലം എന്ന പേര് ചേരുമോ?''

""ചേരും.''

""എന്നാ മാലയെന്നതും ചേരും!''

""സ്ത്രീകൾ അബലകളും ദുർബലമനസ്‌ക്കരുമാണ്. ആർത്തവകാലത്ത് അവർ എങ്ങനെ വിപ്ലവം നയിക്കും?''

""ഒരു പെണ്ണ് രണ്ടാണിനു സമം ആണ്. ആണുങ്ങൾക്ക് എന്താ കൊമ്പുണ്ടോ? ആർത്തവകാലത്ത് പാഡ് ധരിച്ചോ മെൻസ്ട്രൽ കപ്പുപയോഗിച്ചോ ഞങ്ങൾ വിപ്ലവം നയിച്ചോളാം!''

""കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയത് രണ്ട് ആണുങ്ങളാണ്.''

""റോസാ ലക്‌സംബർഗ് പെണ്ണാണ്!''

""നമ്മുടെ പാർട്ടിയിൽ ഇന്നുവരെ ഒരു പെണ്ണ് പാർട്ടി സെക്രട്ടറിയായിട്ടില്ല.''

""എന്നാൽ ഇനി മുതൽ ആയിക്കോളും.''

""കാൾ മാർക്‌സ് ആണാണ്.''

""മുകളിൽ പറഞ്ഞ വാചകം മറന്നോ സഖാവേ? റോസാ ലക്‌സംബർഗ് പെണ്ണാണ്, മാലയും!''

ആ വാക് യുദ്ധത്തിൽ സഖാവ് ലെനിന് മാലയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. അയാൾ ഗദ ഭൂമിയിൽ വച്ചു കീഴടങ്ങി: ""ലാൽ സലാം!''

""ലാൽസലാം!'' മാല അറ്റൻഷനായി നിന്ന് സല്യൂട്ടടിച്ചു.

സഖാവ് മാല പാർട്ടിയിൽ അംഗത്വമെടുത്തതിനു ശേഷം പാർട്ടിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അന്നാട്ടിലെ കുറേ പെണ്ണുങ്ങൾ വീറോടെ വീടുവിട്ടിറങ്ങി, പുസ്തകവും പന്തും കമ്പും കൊമ്പുമെടുത്ത് കുന്നുകയറി പാർട്ടി ഓഫീസിലേക്ക് കയറിച്ചെന്ന് മെമ്പർമാരായി. അവർക്കു മുന്നിൽ അരിവാളേന്തിയ ധീരവനിതയായി മാല മുന്നിട്ടു നിന്നു. അവർ പൊടിപിടിച്ചു കിടന്ന അലമാരകൾ തൂത്തുവൃത്തിയാക്കി, പുസ്തകങ്ങൾ ഓരോന്നായി അടുക്കിവച്ചു. മുറ്റത്ത് കമ്പും മുളയും നാട്ടി വോളിബോളും ബാറ്റ്മിന്റനും കളിയ്ക്കാൻ തുടങ്ങി. മെയ്ദിനത്തിനു പുറമെ, അംബേദ്കർ ജയന്തിയ്ക്കും വനിതാദിനത്തിനും കൂടി കൂട്ടംകൂടിയിരുന്ന് ചർച്ച ചെയ്ത് പ്രസ്താവനയിറക്കാനും പോസ്റ്റർ വരച്ചുണ്ടാക്കി പതിയ്ക്കാനും തീരുമാനമായി. നാട്ടുകവലയിൽ ആദ്യമായി അംബേദ്കറും സാവിത്രിബായി ഫൂലെയും ഒക്കെ കറുപ്പും നീലയും കലർന്ന വർണ്ണങ്ങളിൽ നിറഞ്ഞു. ചുവപ്പിലും കറുപ്പിലും മാത്രം വിളങ്ങി നിന്നിരുന്ന പാർട്ടി പോസ്റ്ററിലേക്ക് അന്നാദ്യമായി നീല ഒരു നിറമായി കടന്നുവന്നു.

പാർട്ടിയിൽ സഖാവ് ലെനിന് മധുരതരമായ ഒരു അവധിക്കാലം മണത്തു. ഒരു ദിവസം ഉച്ചയുറക്കവും, ചങ്ങരംകുളത്തിലെ കുളിയും കഴിഞ്ഞ് കുന്നുകയറി ലെനിൻ വന്നപ്പോൾ, പാർട്ടി ഓഫീസിന്റെ മുറ്റമാകെ ഒരുകൂട്ടം പെണ്ണുങ്ങൾ കൂടിനിൽക്കുന്നു. മാറുമറയ്ക്കാത്ത തുമ്പികളായി അവർ അവിടെമാകെ പാറിനടന്നു. അവർ പത്രം വായിക്കുകയും, പുസ്തകങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. ആഴ്ച രണ്ടു കൂടുമ്പോൾ എവിടുന്നൊക്കെയോ സംഘടിപ്പിച്ച സിനിമകൾ അവർ പ്രൊജക്റ്റർ വച്ചു പ്രദർശിപ്പിച്ചു. നാടകം കളിച്ചു. വെബ് ഡിസൈനിംഗ് ക്ലാസ്സുകൾ നയിച്ചു. കൈത്തൊഴിലും കൃഷിയും ചെയ്യാൻ സഹായിക്കുന്ന ചർച്ചകൾ സംഘടിപ്പിച്ചു. ജ്യൂഡിത് ബട്‌ലറും ഫൂക്കോയും സാബാ മഹ്മൂദുമെല്ലാം എഴുതിയത് മലയാളത്തിൽ സംഘടിപ്പിച്ച് വായിച്ചു. അതിനായി ഒരീസം തൃശ്ശൂർന്ന് ഒരു റിട്ടയേർഡ് കോളജ് പ്രൊഫസറെ വിളിച്ചുകൊണ്ടു വന്ന് വർഗ്ഗസമരത്തെ കുറിച്ചല്ലാതെ ഒരു പുതുവിഷയത്തിൽ പ്രസംഗിപ്പിച്ചു. പാർട്ടി സഖാവല്ലാത്ത ഒരാളും അതുവരെ അവിടെ കയറി നിന്ന് അങ്ങനെ മുരടനക്കിയിട്ടുണ്ടായിരുന്നില്ല.

ഇതൊക്കെ കണ്ട് അടങ്ങിയിരിക്കാൻ മാത്രം ആണത്തമില്ലാത്ത ഭീരുവല്ല സഖാവ് ലെനിൻ. ആണത്തഅധികാരത്തിന്റെ ആഗോളകമ്യൂണിസ്റ്റ് അടയാളമായ കട്ടമീശ വെച്ച സഖാവ് ജോസഫ് സ്റ്റാലിനെ മുത്തപ്പന്റെ സ്ഥാനത്ത് കണ്ടാണ് ആരാധിച്ചു വരുന്നത്. പോരാത്തതിന് പെണ്ണുപോലും കെട്ടാതെ സ്വന്തം പോലെ കൊണ്ടുനടക്കുന്നതാണ് പാർട്ടി. രാഷ്ട്രീയത്തിനപ്പുറം വേറെ ജീവിതമില്ലെന്നാണ് വിശ്വാസം. അതിനെയാണ് സദാചാരബോധമില്ലാത്ത കുറേ പെണ്ണുങ്ങൾ തച്ചുതകർക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിവാഹിതനല്ലെങ്കിലും, അതിൽ അൽപ്പം പോലും തൽപ്പരനല്ലെങ്കിലും, പെണ്ണുങ്ങളുടെ ഈ തുണിപറിച്ചാട്ടത്തിൽ സഖാവ് ലെനിൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാത്രവുമല്ല, ജെൻഡർ, ലൈംഗികത എന്നീ ഉപരിപാളിപ്രശ്‌നങ്ങൾ അടിത്തട്ടിൽ നിന്നുയരുന്ന വർഗ്ഗസമരത്തിലൂടെ, അതിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് സ്റ്റഡിക്ലാസ്സിലൂടെ പാർട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. അതിൽ വേറെ നിലപാടില്ല. പാർട്ടി ക്ലാസ്സുകളിൽ പങ്കെടുക്കാത്തതിന്റേയും പാർട്ടി സദാചാരനിയമങ്ങൾ അറിയാത്തതിന്റേയും കുത്തിക്കഴപ്പാണ് ഈ പെണ്ണുങ്ങൾക്കെല്ലാം എന്ന് സഖാവിനു തോന്നി. വെറും തോന്നലല്ല, അങ്ങിനെയാണ് എന്ന ശക്തമായ അഭിപ്രായമുണ്ട്. അത് അദ്ദേഹം സഖാവ് മാലയോട് വ്യക്തമാക്കുകയും ചെയ്തു.

""സഖാവേ, ഒരു കാര്യം പറയാനുണ്ട്...,'' പെണ്ണുങ്ങൾക്കിടയിൽ കൂടിയിരുന്ന് രാഷ്ട്രീയം ചർച്ച ചെയ്യുകയായിരുന്ന സഖാവ് മാലയെ ലെനിൻ പുറത്തേയ്ക്ക് വിളിച്ചുകൊണ്ടു പോയി.

അലയടിയ്ക്കുന്ന മുലകളുടെ ഒരു പെൺസമുദ്രത്തിൽ നിന്നാണോ മാല പൊങ്ങിവന്നതെന്ന് ലെനിനു തോന്നി. ഒന്നു നോക്കിയതേ കണ്ണെടുത്തു.

പുറത്തോട്ട് ഇറങ്ങി നിൽക്കുമ്പോഴും, മുലകളുടെ പെൺകടലിൽ നിന്നുമൊരു നീലത്തിമിംഗലമായി ഉയർന്നുവരുന്ന സഖാവ് മാല ലെനിനെ അസ്വസ്ഥപ്പെടുത്തി. സഖാവ് സ്റ്റാലിൻ ഇതിനെപ്പറ്റി എന്തെങ്കിലും പ്രതിപാദിച്ചിട്ടുണ്ടോ എന്ന് ചികഞ്ഞു നോക്കണമെന്ന് അന്നേരം അയാൾക്കൊരു ഉൾവിളിയുണ്ടായി.

""സഖാവേ... സഖാവിന് അറിയാലോ അച്ചടക്കവും സദാചാരവും ഏതൊരു കമ്യൂണിസ്റ്റുകാരന്റേയും ജീവനാഡിയാണ്. അതില്ലാതെ നമുക്ക് ഈ നാട്ടിൽ വിപ്ലവം കൊണ്ടുവരാൻ കഴിയില്ല. കുത്തകമാധ്യമങ്ങളുടേയും പോസ്റ്റ് മോഡേൺ ചിന്തകളുടേയും സ്വാധീനമാണ് പുതുതലമുറയെ വഴിതെറ്റിയ്ക്കുന്നത്. അതുകൊണ്ട്, സഖാവ് ഇക്കാര്യത്തിൽ അവരെയൊന്നു ഉപദേശിക്കണം. തട്ടമിട്ടൊന്നും വരണ്ട. അതിനു പാർട്ടി എതിരാണ്. എന്നാലും... ബ്രായിട്ട് വരാൻ പറയണം!''

ഇത്രയും പറഞ്ഞൊപ്പിക്കാൻ ലെനിൻ പെട്ടപാട് അയാൾക്കേ അറിയൂ. ബ്രാ എന്നു പറയുമ്പോഴെല്ലാം ഏതോ അശ്ലീല വാക്ക് ഉച്ചരിക്കുന്ന പോലെ ശബ്ദം താണു. പറഞ്ഞു തീർന്നപ്പോളൊരു സമുദ്രം കുടിച്ചു വറ്റിയ്ക്കാനുള്ള ദാഹം അയാൾക്ക് തോന്നി.

""സഖാവേ...,'' മാല വിളിച്ചു.

""...അടുക്കളേന്ന് ഫേസ്ബുക്കിലിയ്ക്കും അവിടന്ന് പാർട്ടി ഓഫീസിലിയ്ക്കും ഞങ്ങള് താണ്ട്യ ദൂരം സഖാവിനറിയില്ല. പുതിയകാലമാണ്. നാട്ടിൽ കമ്യൂണിസ്റ്റുകൾ വെണ്ടക്ക വിത്തിട്ട പോലെ അവ്‌ടേം ഇവ്‌ടേം ഇച്ചിരിയുണ്ടേലായി. ഉള്ളോര് തന്നെ ഭക്തിയിൽ അടിപതറി ദാ കെടക്ക്ണൂ... പണ്ടാണേലും, ആ ബ്രാ കത്തിച്ചത് അങ്ങ് അമേരിക്കേലാണേലും അതില് പങ്കെടുത്ത പോലാ സഖാവേ ഞങ്ങക്കതേ പറ്റി വായിച്ചപ്പള് തോന്നീത്. വെള്ളക്കാര്യോൾടെ ഫെമിനിസം ഇവിടത്തെ കുലസ്ത്രീ ഫെമിനിസത്തേക്കാൾ ഭേദാ... തട്ടമിടണതും ബ്രായിടാത്തതുമൊക്കെ പെണ്ണുങ്ങടെ ഇഷ്ടാ സഖാവേ... സഖാവ് അതിലിടപെടണ്ട. സ്വാതന്ത്ര്യവും സമത്വവും നേടിയെടുക്കാൻ ഞങ്ങള് ഊരിക്കളഞ്ഞ ചങ്ങലയാണ് സഖാവ് വീണ്ടുമിടാൻ പറയണത്... ഉള്ള സാഹോദര്യം സഖാവ് കളഞ്ഞുകുളിക്കരുത്!''

സഖാവ് മാല അതുപറഞ്ഞു നിർത്തിയപ്പോൾ ബോധം കെടുന്നതു പോലെ ലെനിനു തോന്നി. മാറുമറക്കൽ സമരത്തേയും നവോത്ഥാനത്തേയും കുറിച്ചുള്ള പതിവ് ഓർമപ്പെടുത്തൽ അതുകൊണ്ടു തന്നെ മറന്നുപോയി. അന്നാദ്യമായി മനസ്സറിഞ്ഞ് അയാൾ മുത്തപ്പനെ വിളിച്ചു.

തുള്ളിവന്ന കോലത്തിൽ മുത്തപ്പൻ ലെനിനു മുന്നിൽ പ്രത്യക്ഷനായി.

""മകനേ ലെനിനേ... നീ ശ്രദ്ധയോടെ കേൾക്കണം. സ്ത്രീകള് കൊടി പിടിയ്ക്കണ കാലാണേയ്. നെന്റെ അമ്മേപ്പോലെ അവര് നാടു ഭരിയ്ക്കാൻ തൊടങ്ങീർക്ക്ണൂ. അതിലങ്ങട് ആനന്ദിയ്ക്ക്യാ... ഉള്ളു തൊറന്നങ്ങ്ട് പ്രാർത്ഥിയ്ക്ക്യാ...''

കോഴിച്ചോര കുടിച്ചാർത്ത്, വെറ്റിലക്കണ്ണികൾ കടിച്ചുതുപ്പി നീരിറക്കി, തുള്ളിയാർത്ത് മുത്തപ്പൻ മറഞ്ഞു.

സഖാവ് മാലയുടെ ഫേസ്ബുക്ക് പോസ്റ്റിൽ സദാചാരവും ആണത്തവും ഒരു വിഷയമായി. പലവക സ്ത്രീപോരാളികൾ അതിൽ ലൈക്കും കമന്റും ചെയ്തു. അതിൽ ഇസ്‌ലാമോഫോബിക്കുകളും ഹോമോഫോബിക്കുകളും ഉണ്ടായിരുന്നു. എന്നാൽ കമന്റിന്റേയും ലൈക്കിന്റേയും ഊഷരവിപ്ലവഭൂവിൽ അവർ ഒരു മഞ്ഞവസന്തമായി ഒത്തു ചേർന്നു.

ആ ഒരൊറ്റ പോസ്റ്റ് മതിയായിരുന്നു. "മലയാളി ആണുങ്ങളുടെ മുലപ്പേടി പ്രസിദ്ധമാണല്ലോ' എന്ന മുഖവുരയോടെയുള്ള സഖാവ് മാലയുടെ ആ പോസ്റ്റ് വായിച്ചവരെല്ലാം ചിന്താമഗ്‌നരായി.

""ഇനീപ്പോ ഇത് ലെനിൻ സഖാവിനെ കുറിച്ചാണോ?'' പറഞ്ഞുകേട്ടവരെല്ലാം പരസ്പരം ചോദിച്ചു.

സഖാവ് ലെനിന് സോഷ്യൽ മീഡിയാ വിപ്ലവത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. പ്രാഗിലെ തെരുവിൽ ജ്യൂലിയസ് ഫ്യൂച്ചിക്ക് കണ്ട അതേ കനവാണ് ലെനിനും കണ്ടത്. എന്നാൽ മാലയ്ക്ക് അത്തരം പഴഞ്ചൻ ചിന്തകളൊന്നും തന്നെയുണ്ടായിരുന്നില്ല. അവർ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം അരച്ചുകലക്കി കുടിച്ചിരുന്നു. മുന്നേറ്റത്തിന്റെ നാലാംതരംഗത്തിൽ സ്ത്രീകൾ ഡാറ്റയെ ഭയക്കില്ല, അതിലൂടെ കരുതലോടെ മുന്നേറും എന്ന് മാല അടിയുറച്ചു വിശ്വസിച്ചു.

""അതുകൊണ്ട് സഖാവേ, സദാചാരവർത്താനോം പൊലീസിംഗും വേണ്ട. മുലമറയ്ക്കാത്ത ഫെമ്മെൻ പെണ്ണുങ്ങൾ ലോകത്തുണ്ട്. മാറു മറയ്ക്കാനെന്ന പോലെ മറയ്ക്കാതിരിക്കാനും പെണ്ണുങ്ങൾക്ക് അവകാശമുണ്ട്. വീട്ടിൽ നിൽക്കുമ്പോ സഖാവ് ജട്ടിയിടാറില്ലല്ലോ. അതുപോലെ കരുതിയാ മതി. അതുകൊണ്ട് വിപ്ലവം വരാതിരിക്കൂലാ... ലാൽസലാം സഖാവേ!''

ഒരു നറുപുഞ്ചിരി ചുണ്ടിലൊളിപ്പിച്ച് മാല അതുപറഞ്ഞതു കേട്ട് ഞെട്ടിത്തരിച്ച് ലെനിൻ പാർട്ടി ഓഫീസിൽ നിന്നും പുറത്തേയ്‌ക്കോടി. ഉള്ളതെല്ലാം പുറത്തേയ്ക്ക് മറഞ്ഞെടുത്ത് വന്നു. കുന്നിൻമുകളിൽ കുന്തിച്ചിരുന്ന് ലെനിൻ ഓക്കാനിച്ചു. ജീവിതത്തിൽ അതുവരെ കഴിച്ചതെല്ലാം കുടലുമറിയും വിധം ഛർദ്ദിച്ചു കുഴഞ്ഞ് അയാൾ തളർന്നിരുന്നു.

കൊച്ചിലേ ബർലിൻ മതിൽ തകർന്നു വീണെന്നു കേട്ടപ്പോൾ പോലും ഇത്രയ്ക്കും തളർന്നിട്ടില്ല. സന്ധ്യയായപ്പോൾ, വിഷമം മൂത്ത് ലെനിൻ ചങ്ങരംകുളത്തിൽ പോയി ശവം പോലെ കുറേനേരം പൊന്തിക്കിടന്നു. കടുത്ത വിഷമമൊക്കെ വരുമ്പോൾ അതാണ് പതിവ്.

ചരിത്രം ഉറവ പൊട്ടിയ കനോലി കനാലിനരികിലൊരു ചങ്ങരംകുളത്തിൽ, അരുവിയിലൂടൊരു ആത്മഹത്യയായി ഒഴുകി വന്ന ഹാംലറ്റിന്റെ പ്രിയകാമുകി ഒഫീലിയ എന്ന പോലെ, ലെനിൻ പൊങ്ങിക്കിടന്നു. അതുകണ്ട ചിലർ പറഞ്ഞു: ""സാക്ഷാൽ റഷ്യൻ സഖാവ് ലെനിൻ ശവമായി കിടക്കണ പോലേണ്ട്...''

കുളത്തിലെ ചീഞ്ഞ പായൽ പോലെ ഒഴുകാൻ മടിച്ച് കല്ലിൽ പറ്റിപ്പിടിച്ചങ്ങനെ ലെനിൻ കിടന്നു. നേരമിരുട്ടിയപ്പോൾ, അയാളുടെ പൊക്കിളിൽ നിന്നുമൊരു താമരപ്പൂവ് മീശപിരിച്ച് വിരിഞ്ഞു പൊങ്ങിവന്നു.

ദൂരെ കുന്നിൻമുകളിലെ പാർട്ടി ഓഫീസിനു മുകളിൽ കാറ്റത്ത് ചെങ്കൊടി പാറിക്കളിച്ചു. ചുറ്റിലും പെണ്ണുങ്ങളുടെ നീലക്കടൽ അലയടിച്ചു കൊണ്ടിരുന്നു. അതിനുമേലെ ഉദിച്ചുയർന്ന ചെന്താരകമായി, ഒരു പത്രക്കീറിൻ മറവിലെ ഇരുളിൽ തെളിഞ്ഞൊരു മിന്നാമിനുങ്ങായി സഖാവ് മാല കത്തിജ്ജ്വലിച്ചു നിന്നു.▮


രൺജു

കഥാകൃത്ത്. 2018-ൽ ചാൾസ് വാലസ് ഫെല്ലോഷിപ്പോടെ ലണ്ടനിൽ ആർക്കൈവൽ ഗവേഷണം ചെയ്തു. Politics of Media ( ലേഖന സമാഹാരം) എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments