രൂ…
സുദീപ്തവും ധ്യാനാത്മകവുമായ
വചനങ്ങൾ

പേര് സഫിയ.
ഇപ്പോഴത്തെ ജോലി ഒരു ഗ്രന്ഥത്തിൻ്റെ എഡിറ്റിംഗാണ്. മുൻപൊരു പത്രസ്ഥാപനത്തിലായിരുന്നു. അവിടെനിന്നും നുണപറയാൻ കഴിവില്ലാത്തവരെ പിരിച്ചുവിട്ട കൂട്ടത്തിലെ ആദ്യപേരുകാരി. പിന്നീടാണ് പുസ്തകങ്ങളുടെ എഡിറ്റിംഗ് തൊഴിലായി സ്വീകരിച്ചത്. പഴയൊരു ഗുരുവിൻ്റെ പുസ്തകമാണ് ഇപ്പോൾ കയ്യിലുള്ളത്. അതിൽ ചില പിഴവുകൾ ഈയടുത്ത് കണ്ടെത്തിയിരുന്നു. അതിലേക്കായി ആശ്രമാധികൃതർ നൽകിയ കുറിപ്പുുകൾ ഉപയോഗിച്ച് അതു തിരുത്തുകയാണ്.

രാവിലെ മുതൽ ഇരുന്നു കഴച്ചപ്പോൾ ഒരു സമാധാനത്തിനാണ് ടിവി തുറന്നത്. സൌണ്ട് കുറച്ചുവെച്ച്, വാർത്തകൾ സ്ക്രോൾചെയ്യുന്നത് ഇടയ്ക് ശ്രദ്ധിച്ചാണ് ജോലിചെയ്യുന്നത്. മുപ്പത്തിയേഴാമത്തെ വയസ്സിൽ ഈ ഏർപ്പാടിന് എന്നെ തിരഞ്ഞെടുത്തത് ഇപ്പോഴത്തെ ആശ്രമാധിപനാണ്. അല്ല, കൃത്യമായി പറഞ്ഞാൽ ഈ ഗ്രന്ഥത്തിലേക്കുള്ള വിവരങ്ങൾ കൈമാറിയ ഗുരുവിന്റെ പിന്തലമുറക്കാരിൽ മൂന്നാമൻ. “ഗുരുവെന്നാണ് ലോകം മുഴുക്കെ അദ്ദേഹത്തെ ബഹുമാനാർത്ഥം വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന് ലഭ്യമായ അരുളപ്പാടുകളാണ് ഇതിൽ നിറയെ! അദ്ദേഹമാണ് ഈ സംഘടനയുടെ സ്ഥാപകനും.” - ഇങ്ങനെയൊരു കുറിപ്പിലൂടെയാണ് തിരുത്ത് തുടങ്ങിയത്. തിരുത്തുന്നതിനു മുൻപ് പുസ്തകം മുഴുവനായി വായിക്കുന്ന ശീലമുണ്ട്. അതാണിപ്പോൾ ചെയ്യുന്നതും.

ഒരു കലാപത്തിലാണ് രൂ എന്നു പേരുള്ള ഞാൻ ഗുരുവിനെ ആദ്യമായി കാണുന്നത്. അന്നു ഞാൻ ശത്രുപക്ഷത്തായിരുന്നു. ഞങ്ങളുടെ കൂട്ടരുമായി ഗുരുവിൻ്റെ പക്ഷക്കാര് കലാപം നടന്നു. ആ കലാപത്തിൽ ഭർത്താവടക്കം എനിക്കെല്ലാവരും നഷ്ടമായി. പക്ഷേ, ഞാനടക്കമുള്ള സ്ത്രീകളെ അവര് കൊല്ലാതെ വിട്ടു. അല്ല. പൂർണമായും അതു ശരിയല്ല. ഞങ്ങളെയവർ കടത്തികൊണ്ടുവരികയായിരുന്നു. എന്നിട്ട് ഒരു പുരയിൽ പാർപ്പിച്ചു. വ്യസനങ്ങളുടെ മരുഭൂവിലകപ്പെട്ട് ഉരുകുന്ന കുറച്ചുസ്ത്രീകൾ. ഇനിയെന്താണ് സംഭവിക്കുകയെന്ന് അതിലോരോ പെണ്ണിനും വ്യക്തമായി അറിയാമായിരുന്നു.

മുൻപ് ഇക്കൂട്ടരുടെ കാര്യത്തിൽ പലപ്പോഴായത് തെളിഞ്ഞതാണ്. അതിനെക്കുറിച്ചുള്ള കഥകൾ ഞങ്ങളും കേട്ടിരുന്നു. പക്ഷേ, ആരുമത് എതിർക്കാൻ നിന്നില്ല. ജീവിച്ചിരിക്കുന്നതിലും വലിയ പ്രതീക്ഷകളൊന്നുുമില്ലെന്നതായിരുന്നു അതിനു പിന്നിലെ കാരണം. മാത്രമല്ല, എതിർത്തിട്ടും കാര്യമില്ല. രക്ഷപ്പെടാനോ രക്ഷപ്പെടുത്താനോ യാതൊരു മാർഗ്ഗങ്ങളുമില്ലായിരുന്നു. എന്നാൽ ഇവരുടെ കൂട്ടത്തിൽ ചേർന്നാൽ സ്വർഗ്ഗീയത ലഭിക്കുമെന്നായിരുന്നു കേൾവി. അതിലെത്ര സത്യമുണ്ടെന്ന് ഈ നിമിഷത്തിലും എനിക്കറിയില്ല. ഗുരുവിൽ നിന്നും പലപ്പോഴുമതിനെ സംബന്ധിച്ച് കേട്ടിരുന്നു. അതിനെക്കുറിച്ച് മിക്കപ്പോഴും ഞാൻ ഉന്നയിച്ച സംശയങ്ങൾ അദ്ദേഹത്തിന് ദുരീകരിക്കാൻ കഴിഞ്ഞിട്ടുമില്ല. അതു ദുരീകരിച്ചിരുന്നേൽ ഞാനൊരു സന്ദേഹിയായി തീരില്ലായിരുന്നു. എല്ലാഴ്പ്പോഴും ദൈവികമെന്ന ഒറ്റ മറുപടിയാണ് ലഭിച്ചത്

അന്നു രാത്രി, പ്രതീക്ഷിച്ചിരുന്നതുപോലെ ഗുരുവിൻ്റെ അനുയായികളിൽ പലരും ഞങ്ങളെ പാർപ്പിച്ച പുരയിലേക്ക് കടന്നുവന്നു. അവരുടെ ലക്ഷ്യം ഞങ്ങളെ വീതംവെച്ചെടുക്കുകയായിരുന്നു. ജീവിതത്തിൻ്റെ ഏറ്റവും സന്നിഗ്ദ്ധഘട്ടം തന്നെയായിരുന്നു ആ നിമിഷങ്ങൾ. കാലിച്ചന്തയിലെ, കാലികളെ പരിശോധിക്കുന്നതു കണക്ക് അവരോരുത്തരും ഞങ്ങളെ നോക്കി. ചിലർ വിലപറഞ്ഞു, സ്പർശിച്ചു. എതിർക്കാൻപോലും കഴിഞ്ഞില്ല. അവരവർക്ക് താത്പര്യം തോന്നിയവരെ തങ്ങളുടെ കൂടെക്കൂട്ടി. കയറിൻ്റെ അറ്റം എവിടേക്കാണ് നീളുന്നതെന്നറിയാതെ കൂട്ടത്തിലുള്ള പെണ്ണുങ്ങളിൽ ഓരോരുത്തരായി അവരുടെ കൂടെ ഇരുളിലേക്കിറങ്ങി. കരഞ്ഞുകലങ്ങിയ മിഴികൾ തുടക്കാൻ പോലും അവർക്ക് സാധിച്ചില്ലായിരുന്നു. ഈ നേരത്താണ് എൻ്റെ കാര്യത്തിൽ അത്ഭുതകരമായ തർക്കം ഉടലെടുത്തത്!

അതായത്, നേരത്തെ സൂചിപ്പിച്ച അനുയായികളിൽ രണ്ടുപേർക്ക് എന്റെ നേർക്കായിരുന്നു നോട്ടം. പക്ഷേ, രണ്ടുപേരും വിട്ടുകൊടുക്കാൻ ഒരുങ്ങിയില്ല. ഓർക്കേണ്ടത് അന്നെനിക്ക് വയസ് വെറും ഇരുപത്തിരണ്ടാണ്. നിർഭാഗ്യത്തിന് അക്കൂട്ടത്തിൽ ഏറ്റവും സൌന്ദര്യം എനിക്കായിരുന്നു! അതുതന്നെയാണ് വിനയായതും. അനുയായികൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചു. അതിലൊരുവൻ കോപത്തോടെ പുരയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഒരാളിൽ നിന്നും രക്ഷപ്പെട്ടെന്ന ആശ്വാസത്തിന് പക്ഷേ, അധികനേരം ആയുസ്സുണ്ടായിരുന്നില്ല. ആ തർക്കത്തിലേക്ക് മൂന്നാമതൊരാൾ വരാനാണത് കാരണമായത്. സാക്ഷാൽ ഗുരു തന്നെയാണ് വന്നത്.!

“ഏറ്റവും മികച്ചത് താങ്കൾക്കുള്ളതല്ലേ?”

ഗുരുവിനെ വിളിച്ചുകൊണ്ടുവന്നൻ എന്നെ ചൂണ്ടിയാണത് ചോദിച്ചത്.

ഇന്നുവരെ അതങ്ങിനെയാണ്. _ ഗുരു പ്രതിവചിച്ചു.

“എന്നാലത് കവരാൻ ഇയാൾ ശ്രമിക്കുകയാണ്”

രണ്ടാമനു നേർക്കായിരുന്നു ഇത്തവണ അയാൾ കൈചൂണ്ടിയത്.

ഗുരു ഇരുവരോടും പ്രത്യേകിച്ചെന്നും ഉരിയാടിയില്ല. മറിച്ച് എന്റെ ശിരോവസ്ത്രം ഒന്നുയർത്തി നോക്കി, കയ്യിൽപിടിച്ച് ആശ്രമത്തിലെ സ്വന്തം മുറിയിലേക്ക് നടക്കുകയായിരുന്നു. ആ നിമിഷം ഞാനോർത്തത് മറ്റൊന്നാണ്. അതായത്, ഏറ്റവും ഉന്നതമായത് സ്വശരീരമോ അതോ മനസോയെന്ന്. അദ്ദേഹത്തോടത് ചോദിക്കാതിരുന്നുമില്ല. പ്രതീക്ഷിച്ചപോലെ മറുപടി ലഭിച്ചില്ല. ആ രാത്രി ഗുരുവിനൊപ്പം ശയിക്കാനായിരുന്നു വിധി. പക്ഷേ, അതുകൊണ്ട് മറ്റൊരു ഉപകാരമുണ്ടായി. ആ രാവ് പുലർന്നതോടെ എന്നോടൊപ്പം ശയിക്കാൻ ആഗ്രഹിച്ചവരടക്കം സകലരും എന്നെ ബഹുമാനിച്ചു. അവരെന്ന ഗുരുവിൻ്റെ തന്നെ “ശരീരമായി” കാണാൻ തുടങ്ങി. ഗുരുവിൻ്റെ മറ്റു ഭാര്യമാർക്ക് ലഭിച്ചിരുന്ന അതേ ഉന്നതസ്ഥാനം എനിക്കും കൈവന്നു. കൊല്ലപ്പെട്ട ഭർത്താവിൻ്റെ ഓർമകളെ ഞാനപ്പോഴും മറന്നില്ല. അതെങ്ങിനെ മറക്കും? അത്രയും സ്നേഹത്തിലായിരുന്നു ഞങ്ങൾ. അദ്ദേഹമെന്ന ഒരു കുഞ്ഞിനെയെന്നോണമാണ് പരിപാലിച്ചിരുന്നത്. ഞങ്ങളുടെ ശയനങ്ങളിൽ പോലും ആ നിർവൃതി ആവോളം ലഭിച്ചിരുന്നു. ഗുരുവുമായുള്ള വേഴ്ചകളിൽ ഞാനൊരിക്കലും തൃപ്തയായിരുന്നുമില്ല. ഒരുതരം നിസംഗതമാത്രമായിരുന്നത് സമ്മാനിച്ചത്. ആശ്ചര്യകരമായത് എന്തെന്നാൽ ഗുരുവിൽ ഞാൻ വിശ്വസിച്ചിരുന്നില്ലെന്നാണ്. പക്ഷേ, ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തെ ഞാൻ അവിശ്വസിച്ചുതുമില്ല.

അതിനു ശേഷം അദ്ദേഹം പിന്നെയും നാലുതവണ വിവാഹിതനായി! ഈ സമയങ്ങളിലും വെളിപാടൻ ഗുരുവിന് അരുളപ്പാടുകൾ നൽകിയിരുന്നു. ഇന്നുവരെ മറ്റാരും കാണാത്ത, കേൾക്കാത്ത ഒരുവനാണ് ഈ വെളിപാടൻ. ഗുരുവിനു മാത്രമെ അയാളുമായി നേരിട്ട് ഇടപാടുള്ളു. ഒരിക്കൽ ഞാൻ അതു സംബന്ധിച്ചു ചോദിച്ചു. ഇതായിരുന്നു ഉത്തരം- “അവൻ തീ പോലെയാണ്. എന്നാൽ വെള്ളവുമാണ്. കാറ്റിനെക്കാളും ശക്തനുമാണ്.” എനിക്കൊന്നും മനസിലായില്ല. അല്ലെങ്കിലും ഗുരു പറഞ്ഞ പലതിനും മറ്റുള്ളവരാണ് അർത്ഥങ്ങൾ ചമച്ചത്. എന്തിനു പറയണം. ഞാൻ പോലും ചമച്ച അർത്ഥങ്ങളുണ്ട്.!

അധികകാലം കഴിയുന്നതിനു മുന്നെ അദ്ദേഹത്തിൻ്റെ ജീവനൊടുങ്ങി. അതോടെ ആശ്രമത്തിൽ അടുത്ത കുഴപ്പങ്ങൾ ഉടലെടുത്തു. അതായത്, ആരാണ് അടുത്ത ആശ്രാമധിപൻ എന്നതായിരുന്നത്. അധികാരത്തിനായ് ഏറ്റവുമടുത്ത നാല് അനുയായികൾ തമ്മിൽ തർക്കിച്ചു. അവസാനം, ഒരാളെ തിരഞ്ഞെടുത്തു. അക്കാര്യത്തിൽ മറ്റുള്ളവർ പൂർണ തൃപ്തരാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, മൂന്നാമതായി ആശ്രമാധിപനായ ആളാണ് ഗുരുവിന് ലഭിച്ച അരുളപ്പാടുകൾ ക്രോഡീകരിക്കാൻ തീരുമാനിച്ചത്. അതിനായി അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. ഇവിടെയുള്ള അർദ്ധജ്ഞാനിയാണ് ആദ്യമത് പൂർത്തീകരിച്ചത്. എന്നാൽ അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ അയാൾക്ക് കഴിഞ്ഞില്ല. അതിൽ കാര്യമില്ലാതയുമില്ല. കാരണം തീർത്തും കാവ്യഭംഗിയില്ലാത്ത, ആരെയും ആകർഷിക്കാൻ കഴിയാത്ത ഒന്നായിരുന്നത്. അതിനു ശേഷം മറ്റൊരാളത് ഏറ്റെടുത്തു. രണ്ടുവർഷമാണ് അയാൾ അതിനായി ചിലവഴിച്ചത്. ആദ്യത്തെവനെക്കാളും മെച്ചപ്പെട്ടു. പക്ഷേ, ടിയാൻ്റെ ചില കാഴ്ചപ്പാടുകളും ചിന്തകളും അതിൽ കലർന്നിരുന്നു. അതുമായി അയാൾ ആശ്രമാധിപനു മുന്നിൽ വലിയ പ്രതീക്ഷയോടെയാണ് ചെന്നത്. പക്ഷേ അതു വായിച്ച അദ്ദേഹം പൊട്ടിത്തെറിച്ചു. എഴുതിക്കൊണ്ടുവന്ന ഗ്രന്ഥം അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

“എൻ്റെ മുന്നിൽ കണ്ടുപോവരുത്!!”

ഒറ്റ ആട്ടായിരുന്നു.

ആശ്രമാധിപനിൽ നിന്നുമേറ്റ അപമാനവും പുച്ഛവും അയാൾക്ക് അസഹ്യമായിരുന്നു. പ്രതീക്ഷയോടെ എത്തിയ തനിക്ക് ലഭിച്ച മാനക്കേടിൽ തലകുനിച്ചാണ് അവൻ ആശ്രമത്തിൽ നിന്നും മടങ്ങിയത്. അതിനു ശേഷം ആരുമായാളെ കണ്ടിട്ടില്ല. ആത്മാഹൂതി ചെയ്തെന്നും അതല്ല, നാടുവിട്ടുപോയെന്നുമാണ് കഥകൾ പരന്നത്. എന്നുകരുതി ആശ്രമാധിപൻ ആ ഉദ്യമം ഉപേക്ഷിച്ചില്ല. മൂന്നാമതൊരാളെ അതിനായി നിയോഗിച്ചു. കാരണം, ഈ ഗ്രന്ഥമാണ് കാലാന്തരത്തിൽ ഗുരുവിനെ നിലനിർത്താൻ ഉതകുന്നതെന്നു ഉറച്ചു വിശ്വസിക്കുന്നുണ്ട്. ആയതിനാൽ ഏതുവിധേനയും അതു പൂർത്തിയാക്കാൻ അദ്ദേഹം ആശ്രാന്തപരിശ്രമത്തിന് തയ്യാറാണ്. ഏറെനാളത്തെ അന്വേഷണത്തിന് ഒടുവിൽ മൂന്നാമതൊരുവനെ കണ്ടെത്തി. അയാളാവട്ടെ, ഗുരുവുമായി നേരിട്ട് ഇടപഴകിയൊരുവൻ ആയിരുന്നു. ഒന്നരവർഷമാണ് അയാളതിൽ പണിയെടുത്തത്. അതിലേക്കായി ചെറുതല്ലാത്തൊരു തുകയും കൈപ്പറ്റി. ഇതെന്തായാലും ആശ്രാമധിപനെ തൃപ്തനാക്കുമെന്നാണ് ഞാനടക്കമുള്ളവർ കരുതിയത്. തൻ്റെ പേര് സുവർണലിപികളാൽ എഴുതിച്ചേർക്കുമെന്നായിരുന്നു അയാളുടെ ഗർവ്വ്. പക്ഷേ, ഒന്നാമനും രണ്ടാമനും സംഭവിച്ച അതേ വിധി തന്നെയായിരുന്നു ആ വൃദ്ധനേയും കാത്തിരുന്നത്. ആശ്രാമധിപന് ആ ക്രോഡീകരണവും ഇഷ്ടമായില്ല. ഒട്ടും കാലോചിതമല്ലായിരുന്നു അതെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. അതറിഞ്ഞ, ഞാൻ സ്വയവേ ആശ്രമധിപനു മുന്നിൽചെന്നു.

“ഗ്രന്ഥക്രോഡീകരണത്തിൽ എനിക്കൊരു അവസരം നൽകാമോ?”

ആദ്യമതുകേട്ട് അദ്ദേഹമെന്നെ അവഹേളിക്കുന്ന മട്ടിലൊന്നു നോക്കി. ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു.

“വെറും പെണ്ണായ നിനക്ക് എന്താണ് അതിനുള്ള യോഗ്യത?”

മറുചോദ്യം ഒട്ടും ഇഷ്ടമായില്ല. പക്ഷേ, നുരഞ്ഞുവന്ന രോഷം അടക്കി നിർത്തി.

“താങ്കൾക്കുള്ള അതേ യോഗ്യതയുണ്ട്. അതിലുപരി ഗുുരുവിനെയറിയാം”

ഉറച്ചസ്വരത്തിലുള്ള എന്റെ മറുപടിയിൽ അയാളൊന്നു പതറി.

“കൂടെ ശയിച്ചതിൻ്റെ യോഗ്യതയാണോ? അതോ അദ്ദേഹത്തിൻ്റെ മറ്റുഭാര്യമരിലില്ലാത്ത സൌന്ദര്യമോ?”

ആ ചോദ്യം എന്നെയാകെ ഉലച്ചുകളയുമെന്നാണ് ആ മൂഢൻ കരുതിയത്. പക്ഷേ, ഞാനൊട്ടും ഉലഞ്ഞില്ല. ഉള്ളിലത്രനാളും കാത്തുവെച്ച കോപത്തെ അടക്കിനിർത്തി, ആശ്രമാധിപനു മുന്നിൽ ഇരുന്നു. സാധാരണഗതിയിൽ അത് പതിവില്ലാത്തതാണ്. നൂറുകണക്കിനു വാക്കുകളെക്കാളും പ്രയോഗികമാണ് ചില നേരത്ത് ശരീരത്തിൻ്റെ ചലനം. കാലിനു മുകളിൽ കാലുകയറ്റിവെച്ചുള്ള ആ ഇരിപ്പിൽ ആശ്രമാധിപനു പോലും അറിവില്ലാത്ത ഗുരുവിനെ സംബന്ധിച്ചുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തി. അതിലേറ്റവും പ്രധാനപ്പെട്ടത് ഗുരു നടത്തിയതായി പറയപ്പെടുന്ന യാത്രയെ സംബന്ധിച്ചാണ്. ഗുരുവിൻ്റെ ഭാര്യയും, എൻ്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായി പിന്നീടു മാറുകയും ചെയ്തവളുടെ അരികിലുള്ള സമയത്തായിരുന്നു ആ യാത്ര. ഈ ഗ്രന്ഥരചനയിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി അതും അവതരിപ്പിക്കാൻ ആശ്രമാധിപൻ ആശിച്ചിരുന്നു. പക്ഷേ, ആ യാത്രയ്ക് പിന്നിലെ രഹസ്യങ്ങൾ കേട്ടതും ആശ്രമാധിപൻ അയഞ്ഞു. കാരണം അതെങ്ങാൻ വെളിപ്പെട്ടാൽ ഈ ഗ്രന്ഥത്തിൻ്റെ നിലനിൽപ് തന്നെ ചോദ്യചിഹന്മായി മാറും. അതോടെ ഗുരുവിൻ്റെ പ്രാധാന്യവും ഇല്ലാതാവുമെന്ന് എന്നെപ്പോലെ അയാൾക്കും നന്നായി അറിയാവുന്നതാണ്. പക്ഷേ, അതൊന്നും ഗ്രന്ഥത്തിൻ്റെ ക്രോഡീകരണം എന്നെ ഏൽപ്പിക്കാൻ തക്ക കാരണമല്ലെന്ന് അയാൾ തറപ്പിച്ചു പറഞ്ഞു. പക്ഷേ, ഞാൻ വിടാൻ ഒരുക്കമല്ലായിരുന്നു.

ആ യാത്രയ്ക് ശേഷം ഗുരു എന്നോടു മാത്രം പറഞ്ഞ ഒരനുഭവം വെളിപ്പെടുത്തി. അതായത്- അന്നു രാത്രി, ഗുരുവിന് വെളിപാടുകൾ എത്തിച്ചിരുന്ന വെളിപാടൻ മറ്റൊരു സൂചന നൽകിയിരുന്നു. ഗുരുവിൻ്റെ സ്ഥാനഭ്രംശത്തെ സംബന്ധിച്ചായിരുന്നത്. ഈ യാത്രയ്കൊടുവിൽ ലഭ്യമാവുന്ന ജ്ഞാനം വെളിപ്പെട്ട്, കൃത്യം പതിനെട്ടാമത്തെ വർഷത്തിൽ മറ്റൊരുവൻ ഈ ആശ്രമത്തിൻ്റെ ഗുരുവായി അവരോധിക്കപ്പെടും.

“ആരാണത്?”

ഗുരുവിൻ്റെ ആകാംക്ഷയുള്ള ചോദ്യത്തിനു നേർക്ക് വെളിപാടൻ ഒന്നു പുഞ്ചിരിച്ചു. പിന്നെ, ഗുരുവിൻ്റെ അനുയായികളിലൊരുവൻ്റെ പേര് പറഞ്ഞു

അയാളോ?അവൻ കുറ്റവാളിയാണ്. ഗുരു നിഷേധാഭവത്തിൽ തലയാട്ടി.

“അവൻ തന്നെ! കുറ്റവാളിയെന്ന് താങ്കൾ ഏതുവിധത്തിലാണ് വിധിക്കുന്നത്? അതിനുള്ള അധികാരം താങ്കളുടെയും എന്റെയും ഏകഉടമയ്ക് മാത്രമാണെന്നത് മറന്നുവോ?”

വെളിപാടന്റെ ശബ്ദം ഉയർന്നത് ഗുരുവിനെ ഭയപ്പെടുത്തി. ഒന്നും മിണ്ടാതെ നിരാശനായി. ആ ഇരിപ്പു കണ്ടിരിക്കേ, വെളിപാടൻ ഗുരുവിനോട് മുൻപത്തെ ഗുരുക്കന്മാരെക്കുറിച്ച് വിശദമാക്കി. പക്ഷേ, തൻ്റെ സ്ഥാനത്തേക്ക് മറ്റൊരുവൻ വരുന്നത് ഗുരുവിന് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. അവസാനം വെളിപാടൻ തന്നെ അതിനൊരുപായം കണ്ടെത്തി. അതെന്താണെന്നു ഗുരു എന്നോടു മാത്രമാണ് വെളിപ്പെടുത്തിയിരുന്നുള്ളൂ. മറ്റാരുടെ മുന്നിലും അതുസംബന്ധിച്ച് തുറന്നു പറയില്ലെന്നു ഞാൻ അദ്ദേഹത്തിനു വാക്കു നൽകിയതാണ്. പക്ഷേ, ഇപ്പോഴത്തെ ആശ്രമാധിപനു മുന്നിൽ ഞാനതു വെളിപ്പെടുത്തി.

“അവനോ?”

ആ പേരുകേട്ടപ്പോൾ ആശ്രാമധിപനൊന്നു ഭയന്നു. കാരണം, ഗുരുവിൻ്റെ മരണശേഷമുള്ള ഉടമ്പടിപ്രകാരം നാലാമത്തെ ആശ്രാമധിപൻ അയാളാണ്. ആ വിവരം മറ്റാർക്കുമറിയില്ല. അതെങ്ങാൻ പുറത്തറിഞ്ഞാൽ ഗുരുവിൻ്റെ, ലോകരക്ഷകനെന്ന സ്ഥാനം നഷ്ടമാവുമെന്നു ആശ്രമാധിപനു ബോധ്യപ്പെട്ടു. അതിലുപരി, മേൽസൂചിപ്പിച്ച ടിയാനോടുള്ള ആശ്രമാധിപൻ്റെ ഇഷ്ടക്കേടുമുണ്ട്. തന്നെക്കാൾ പ്രാധാന്യം ടിയാനു ലഭിക്കുമെന്ന ഭയം! ആ ഒരൊറ്റ കാരണത്താലാണ് എനിക്ക് ഗ്രന്ഥക്രോഡീകരണത്തിനുള്ള അനുമതി ലഭിച്ചത്. ഞാനൊറ്റക്ക് കണ്ടെത്തുകയായിരുന്നില്ലയത്. ആദ്യത്തെ മൂന്നുപേരുടെയും അധ്വാനം ഉപേക്ഷിക്കാതെ, അതു മൂന്നിൽ നിന്നും ഏറ്റവും മികച്ച മറ്റൊന്നു നിർമിക്കുകയാണ്.

അതൊട്ടും എളുപ്പമല്ല. പ്രത്യേകിച്ച്, മൂവരും തങ്ങളുടേതായ ചില മാറ്റങ്ങളും ചിന്തകളും ഗുരുവിന്റേതെന്ന പേരിൽ വ്യാഖ്യാനിച്ച് ചേർത്തിട്ടുണ്ട്. മാത്രല്ല. പലതും ഒട്ടും കാവ്യഭംഗിയില്ലാത്ത, ദീർഘവും സങ്കീർണ്ണവുമാണ്. ഈ നിലയ്കിത് വായിക്കുന്ന ഏതൊരുവനും മടുത്തുപോവും! അതില്ലാതാക്കാൻ സുദീപ്തവും ധ്യാനാത്മകുമായ വചനങ്ങൾ എഴുതിയുണ്ടാക്കി. ഒരേ വാക്കിന് തന്നെ പലകോണുകളിൽ നിന്നും അർത്ഥം ഗ്രഹിക്കാൻ കഴിയുമെന്നു തീർച്ചപ്പെടുത്തി. ഗ്രന്ഥരചനയുടെ ഓരോ ഘട്ടങ്ങളിലും എന്റെയുള്ളിലെ പകയെ ഉൾച്ചേർത്തു. അതാർക്കും തിരിച്ചറിയാൻ കഴിയില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്. വെളിപാടൻ പറഞ്ഞതായീട്ടാണ് അത് എഴുതിയത്. ആശ്രമാധിപൻ്റെ അഭ്യത്ഥന മാനിച്ച്, ഗുരുവിൻ്റെ മികച്ച സ്വഭാവ സവിശേഷതകൾ കാവ്യരസപ്രധാന്യത്തോടെ എഴുതിച്ചേർത്ത്, രൂുപഭദ്രത ഉറപ്പാക്കി. മുൻപേ ഇവിടെയുള്ള മറ്റു പലഗ്രന്ഥങ്ങളും വായിച്ചതിൽ നിന്നും ഞാനത് തിരിച്ചറിഞ്ഞതാണ്. ഏതൊരു ഗ്രന്ഥത്തിനും അത്യാവശ്യമുള്ളത് രൂപഭദ്രതയാണെന്ന്.

ആദ്യത്തെ മൂന്നുപേരും ഗുരു സ്വയം വെളിപ്പെടുത്തിയ നിലയ്കാണ് എഴുതിയത്. അതിൽ പലതും യുക്തിയ്ക് നിരക്കാത്തവയായിരുന്നു.യുക്തിയ്ക് നിരക്കാത്ത അല്ലെങ്കിൽ യുക്തിഭദ്രമായ കാരണങ്ങളില്ലാത്ത ഏതൊരു ഗ്രന്ഥവും കാലത്തെ അതിജീവിക്കില്ലെന്ന ആശ്രമാധിപൻ്റെ കണ്ടെത്തൽ പൂർണമായും ശരിയാണ്. അതിനു പകരം വെളിപാടൻ, ഗുരുവിനു വെളിപ്പെടുത്തുന്ന നിലയിൽ തയ്യാറാക്കിയാൽ കൂടുതൽ വിശ്വാസ്യതയും വായനാക്ഷമതയും കൈവരുമെന്ന എന്റെ പ്രതീക്ഷ തെറ്റിയില്ല. വെളിപാടന് കുറച്ചധികം പ്രാധാന്യം വരുമെന്നേയുള്ളൂ. പക്ഷേ പണിക്കുറ്റം തീർത്ത് നിർമിച്ച മനോഹരമായൊരു ആഭരണം പോലെ തെളിഞ്ഞതാണ് ഈ ഗ്രന്ഥമിപ്പോൾ. ഞാനാവാട്ടെ, അനാദിയായ സന്തോഷത്തെയാണ് അനുഭവിക്കുന്നത്. കാരണം, ആശ്രമത്തിൽ നിൽക്കെ തന്നെ അതിനെതിരെയാണ് എഴുതിയതെല്ലാം. പക്ഷേ, ഒരുവനുമത്, ഒരുകാലത്തും തീരിച്ചറിയില്ല. “ഓരോ വ്യക്തിയും അവൻ ചെയ്തതിൻ്റെ പ്രതിഫലം ലഭിക്കും. അത് നീതിപൂർവമായിരിക്കും” അവസാന വാചകം ഇങ്ങനെ എഴുതി തീർത്തതിനു ശേഷം, ഞാൻ എന്നെയോർത്തു. ഗുരുവിൻ്റെ അനുയായികളാൽ വധിക്കപ്പെട്ട ഭർത്താവിനെ ഓർത്തു. ഞങ്ങളെ ഉപദ്രിവച്ചവരെയെല്ലാം യാതൊരു ദയയുമില്ലാതെ വെട്ടിമാറ്റി.

ഒന്നുകൂടെയത് ഉറപ്പിച്ചു. അദ്ദേഹത്തിനായുള്ള പ്രതിഫലമായിരുന്നു ഈ ഗ്രന്ഥത്തിൻ്റെ ക്രോഡീകരണം. ഇനി കാലം എന്നെ ഈ ഗ്രന്ഥത്തിലൂടെ വായിക്കും. ആശ്രമാധിപൻ എന്നെ കാത്തുനിൽക്കുന്നുണ്ട്. ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന വിശുദ്ധമായ ഗ്രന്ഥത്തിൻ്റെ പിതൃത്വം അയാൾക്ക് മാത്രമായിരിക്കും. കൊള്ളയടിക്കപ്പെട്ടവളുടെ പേര് പ്രത്യക്ഷത്തിൽ എവിടേയുമുണ്ടാവില്ല.

പക്ഷേ, അതയാളുടെ മൂഢചിന്തയാണ്. കാലങ്ങൾക്കു ശേഷം ഏതെങ്കിലുമൊരുവൻ എന്നെ ഇതിനുള്ളിൽ കണ്ടെത്തും. ആ നിമിഷത്തിൽ ഗുരുവും ആശ്രമവും അനേകം ചോദ്യങ്ങളേറ്റ് വിറയ്കും. അതിനുള്ള ചിലവ ഞാൻ ഗ്രന്ഥത്തിലെ അദ്ധ്യായങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന ദിവസം വിദൂരമാണെങ്കിൽ കൂടെയും..വെളിപാടൻ പോലും ഗുരുവിൻ്റെ വെറും ഉന്മാദത്തിൽ നിന്നുമുണ്ടായതാണെന്ന് എന്നെക്കാൾ മറ്റാർക്കുമറിയില്ല! എൻ്റെ രഹസ്യങ്ങളുടെ ഗൂഢസ്ഥലികളിൽ അനേകം പൂമൊട്ടുകൾ മുളയിടുന്നു. അവയെല്ലാം വിടരുന്നതോർത്തിരിക്കെ, ആശ്രമാധിപൻ ഇവിടേക്ക് വരുന്നുണ്ട്. അയാളുടെ ഭൃത്യൻ്റെ വരവ് അതാണ് സൂചിപ്പിക്കുന്നത്. എനിക്കായി അയാൾ എന്താവും കാത്തുവെച്ചിരിക്കുന്നത്? ഏറ്റവും ഉന്നതമായത് അങ്ങേയ്കല്ലേ എന്ന ചോദ്യം വീണ്ടും ചെവിയലയ്കുന്നു. കാലമെത്രകഴിഞ്ഞിട്ടും ആ ചോദ്യത്തിലെ അശ്ലീലം മായുന്നേയില്ല. അതിൽനിന്നുമൊരാശ്വാസത്തിനായി കാലുകൾ ഗ്രന്ഥത്തിനു മുകളിൽ കയറ്റിവെച്ചു. കാൽക്കീഴിലിരിക്കുന്ന സ്വർഗ്ഗം…

പൊടുന്നനെ ഞാനൊരു സ്വപ്നത്തിലെന്നോണം ഉയരുകയാണ്. വെളിപാടൻ്റെ ശബ്ദം കേൾക്കുന്നുവോ? അതോ ഇനിയിതെന്റെ ഉന്മദാനന്ദമാണോ? ഒന്നു ഞെട്ടി. ഉണർന്നപ്പോൾ ക്രോഡീകരിക്കാനുള്ള ഗ്രന്ഥം തുറന്നുവെച്ച നിലയിൽ മുന്നിലുണ്ട്. അതായത്, ഇത്രേനേരവും സഫിയയെന്ന ഞാനൊരു സ്വപ്നത്തിലായിരുന്നു?. അതുറപ്പിക്കാൻ ഒന്നു കൂടെ കണ്ണുകൾ തിരുമ്മി. ടീവിയിൽ മൂന്നു വാർത്തകൾ മിന്നിമായുന്നുണ്ട്. അതിലൊന്ന് ലോകഗുരുവിനെക്കുറിച്ചുള്ള ആക്ഷേപമാണ്. രണ്ടാമത് സ്വയം ലോകഗുരുവെന്നു വിശേഷിപ്പിക്കുന്ന നേതാവിൻ്റെ കോപ്രായങ്ങളും. മൂന്നാമത്തേതാവട്ടെ, ഇഷ്ടമില്ലാത്ത വിവാഹത്തിനു നിർബന്ധിതയായി ആത്മഹത്യചെയ്ത ഇരുപതുകാരിയായൊരു പെൺകുട്ടിയുടെ വാർത്തയും ചിത്രവുമാണ്. ഇപ്പോഴാണ് ഓർത്തത്, ഇന്ന് കുടുംബകോടതിയിൽ വിവാഹമോചനത്തിൻ്റെ വിധിപറയുന്ന ദിവസമാണ്. എന്റെ വിധി മുന്നേ തീരുമാനിക്കപ്പെട്ടതാണ്. കെട്ടിയതിൻ്റെ മൂന്നാംമാസത്തിൽ തന്നെ. അയാളുമായി ഒത്തുപോവില്ലെന്ന് ആവതു പറഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധമായിരുന്നു. സഹിക്കെന്ന്! പതിനൊന്നു വർഷം സഹിച്ചു. അവസാനം സ്വയം ഇറങ്ങിപ്പോന്നതാണ്. അതായത് അത്രയും കാലമെടുത്തു തനിച്ചിറങ്ങാനുള്ള ധൈര്യമെത്താനെന്ന്. ഇപ്പോൾ ഈ മുപ്പത്തിഴേയാമത്തെ വയസിലാണ് ജീവിതം തുടങ്ങുന്നത്.. ഹാ.. ഇനിയാണ് ജീവിതം. സ്വാതന്ത്ര്യവും ശബ്ദവും.


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments