ഒന്ന്
‘അമ്മാ, ഏട്ടന് നാളെ രാവിലെത്തന്നെ പോണം. എന്നാപ്പിന്നെ നമുക്കങ്ങ് പോവാം ...’
‘ചെക്കന്‍ വരുമോ, സുമീ?’
‘അവനെ പ്രതീക്ഷിക്കണ്ടമ്മാ, അവന്‍ അടുത്തുള്ള ദിനേശ് മാമയുടെ കൂടെ നിന്നോളും... വിളിച്ചിട്ടും വല്യ കാര്യല്ല .... എനിക്കിപ്പഴേ സമയം കിട്ടൂ.’
അതും പറഞ്ഞ് സുമി കാര്‍ത്തികിന് വോയിസ് അയച്ചു: ‘എന്നാപ്പിന്നെ ഞാനമ്മയുടെ കൂടെ ഒരാഴ്ച്ചയ്ക്ക് നാട്ടിപ്പോവാം. ചെക്കന് താല്‍പര്യല്ല, ഏട്ടന്‍ വരുമ്പഴേക്ക് വരാ, ആ ... പിന്നെ ടിക്കറ്റ് ഞാന്‍ വിളിച്ച് പറഞ്ഞാല്‍ പോരെ?’
രണ്ടു നീലവരകളും സ്വര്‍ണനിറഞ്ഞിലുള്ള തമ്പും ഉടനെ തിരിച്ചുവന്നു.
പേക്കിങ്ങൊന്നും കാര്യമായുണ്ടായില്ല. അമ്മയ്ക്ക് വേണ്ടി നടത്തിയ ഷോപ്പിങ്ങ് മുഴുവനും നേരത്തെത്തന്നെ കൊണ്ടുപോകാന്‍ കണക്കിന് ഭദ്രമായ് പെട്ടിയിലാക്കിയിരുന്നു. പോയിട്ട് നാലഞ്ച് വര്‍ഷമായെങ്കിലും എനിക്ക് അത്യാവശ്യത്തിനുള്ള ഡ്രസ് ഒരോ പിറന്നാളിനും ആനിവേഴ്‌സറിക്കും അമ്മ വാങ്ങിവെച്ചിരുന്നു. സത്യം പറഞ്ഞാല്‍ അതൊന്നും ഏത് കളറാണെന്ന് ചോദിക്കാന്‍ പോലും ഒരിക്കലും നേരം കിട്ടാറില്ല. ഒരാഴ്ചത്തേക്കല്ലേ, വല്ലതുമിട്ട് വീട്ടിലിരിക്കാമെന്ന് തീരുമാനിച്ചു.
‘ഡാ, നീ വരുന്നില്ലാന്ന് ഒറപ്പല്ലേ? ഇനി ഞാനവിടെയെത്തീട്ട് ഒറ്റക്ക് വരാനുള്ള പ്ലാനൊന്നും അല്ലല്ലോ?’
‘നോ മമ്മ… വി ആര്‍ പ്ലാനിങ്ങ് ടു ഗോ സൊംവേര്‍.’
‘വേര്‍?’
‘ദാറ്റ് ഈസ് സീക്രട്ട്?’
‘പപ്പ ചോദിക്കുമ്പം ഞാമ്പറയുവേ?’
‘സോറി മമ്മ .... ആക്ചലി പപ്പ സജസ്റ്റഡ് ദ പ്ലേസ്.’
കേട്ടപ്പോള്‍ എന്തോ ഉരുണ്ടുകേറിയെങ്കിലും ഇനി ഞാമ്പറഞ്ഞില്ല എന്നതിന്റെ പേരില്‍ മേത്ത് കേറാന്‍ വരില്ലെന്നോര്‍ത്ത് ഫ്‌ലാറ്റ് പൂട്ടിയിറങ്ങി. ബുക്ക് ചെയ്ത കാബ് വേഗത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചു.
‘ഉം ... അമ്മയ്‌ക്കെന്താ ന്തോരു പോലെ.’
‘നെന്റെ കുട്ടീനെ ഇവ്‌ടെ നിപ്പിച്ച് വരാനുള്ള ധൈര്യക്കെയായ് ല്ലേ ... എനിക്കെന്തോ പോലെ.’
‘അവനെ കല്യാണം കഴിപ്പിച്ചാല്‍ ഈ പതിനാലാം വയസ്സില് പണിയെടുത്ത് കുടുംബം പോറ്റും ... അതാ ജാതി.’
‘ശ്ശോ’, അമ്മ ചിരിച്ചു.
‘ന്നാ നാട്ടിപ്പോയി ഒരുത്തീനെ നോക്കിയാലോ?’
അമ്മയ്ക്ക് തമാശ ഇഷ്ടപ്പെട്ടു.
‘നമ്മളെ അക്കാര്യത്തില് ഓര് കഷ്ടപ്പെടുത്തൂല. ഇപ്പം തന്നെ നാലഞ്ചെണ്ണം പിന്നാലെയുണ്ട്. അതില്‍ന്ന് എടുക്കുമോ അതോ എല്ലാറ്റിനേം പുറത്താക്കി വേറെ എടുക്കുമോന്ന് നോക്കിയാല്‍ മതി.’
‘അമ്പടാ, മ്പളെ കൂട്ടരെന്നെ വേണംന്ന് നീയ് പറേണം ട്ടോ?'
‘കൂട്ടര് ... ഏതെങ്കിലും പെണ്ണായാമതീന്നാ ന്റെ പ്രാര്‍ത്ഥന ... അപ്പഴാ കൂട്ടക്കാരെ തെരയുന്നത്.’
‘അതെന്താ ... അതിലും ഒരു സംശയം...’
‘ഒന്നുല്ലേ ... ’
അതില്‍ക്കൂടുതല്‍ ആകാശത്തിരുന്ന് അമ്മയോട് പറയാന്‍ എനിക്കപ്പോള്‍ കഴിഞ്ഞില്ല.
രണ്ട്
വീട് പുതുക്കിപ്പണിതതാണെങ്കിലും പഴക്കം തോന്നിച്ചു. ഒരു വലിയ നഗരത്തില്‍ ജീവിച്ചതിന്റെ നോട്ടപ്പിശകാണെന്ന്, അമ്മയോട് പറഞ്ഞിരുന്നെങ്കില്‍ തിരുത്തുമായിരുന്നു. സാധനങ്ങളിറക്കിവെച്ചതും തൊട്ടപ്പുറത്തെ ലിന്‍സിചേച്ചി വന്നു. ചേച്ചിയുടെ നടത്തം കണ്ടാല്‍ കണ്ണ് കാണാത്ത ഒരാളാണെന്ന് തോന്നുകയേയില്ല.
ഒരു മാസം മുമ്പ് ഫ്‌ലാറ്റില്‍ വന്നു കേറിയ ദിവസങ്ങളിലൊന്നില്‍ അമ്മ ആശ്വസിച്ചു.
‘ലിന്‍സി രണ്ടുനേരവും അടിച്ചു വാരി വൃത്തിയാക്കിയിടും. ആഴ്ചയിലൊരിക്കല്‍ അകവും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.’
‘അതു നന്നായി.’
‘നന്നായെന്നോ, അല്ലെങ്കില്‍ ആരെക്കിട്ടാനാ... ഈ കാലത്ത്. ഒരു പണിയില്ലെങ്കിലും കോട്ടു സൂട്ടുമിട്ട് ദിവസവും ഇറങ്ങിപ്പോണംന്ന് വിചാരിക്കുന്ന മനുഷ്യന്മാരാ.... ഒന്ന് തേങ്ങവലിക്കാന്‍ എത്രയായ് പിന്നാലെ നടക്കുന്നൂന്ന് അറിയോ ... ഒന്നും പറയണ്ട.’
‘ആവുമ്പോലെ ഒക്കെ ചെയ്തിട്ടുണ്ട്.’
ലിന്‍സി ചേച്ചി വാതില് തൊറക്കുന്നതിനിടയില്‍ പറഞ്ഞു.
‘അതൊക്കെ മതി മോളെ.’
‘പറഞ്ഞ പോലെ ... അകം നാലു തവണ അടിച്ചുതുടച്ചിട്ടുണ്ട്. പക്ഷെ വൃത്തിയായോന്ന്…’
‘അതൊക്കെ മതി, ചേച്ചി.’
പെട്ടികള്‍ മുഴുവന്‍ കൊണ്ടുവെച്ച് കഴിഞ്ഞ് ചായയിടാമെന്ന് പറഞ്ഞതും ഒരു നിമിഷം നിന്ന് കൈയിലെ സഞ്ചിയില്‍ നിന്ന് ഒരു കുപ്പിഗ്ലാസ് പുറത്തെടുത്ത് ലിന്‍സിചേച്ചി ടേബിളില്‍ വെച്ചു.
‘അമ്മാമ്പ്രാനെ... അടിക്കുന്നേന്റെടേല് എന്നോടൊരു ഗ്ലാസ് തട്ടിപ്പോയ്. ഒക്കെ പെറുക്കിക്കളഞ്ഞിട്ടുണ്ട്. ആ ഗ്ലാസിന് പകരം ഇതിവിടെ നിന്നോട്ടെ...’
‘അതൊന്നും വേണ്ട മോളെ, ഗ്ലാസാവുമ്പം തട്ടേം പെട്ടേം ഓക്കെ ചെയ്യും...’
‘അതു സാരല്ല ... ന്റെ സമാധാനത്തിനാ...’
‘ന്നാ നീയവിടെ വെച്ചേക്ക്.’
എന്തിനാ അമ്മയങ്ങനെ വെക്കാന്‍ പറഞ്ഞതെനിക്ക് മനസ്സിലായില്ല. കല്യാണാവിശ്യവുമായ് വാങ്ങിയ പൊളിക്കാത്ത കുപ്പിഗ്ലാസിന്റെ ഒരു പെട്ടി പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സ്റ്റോര്‍റൂമിലുണ്ടായിരുന്നു.
ഒരുപക്ഷേ ലിന്‍സിചേച്ചിയുടെ ഒരു സമാധാനത്തിനാവും. പത്തുമിനിറ്റിനുള്ളില്‍ ചായയെത്തി.
‘വേഗത്തില്‍ ചോറാക്കാം.’
ലിന്‍സിചേച്ചി വീണ്ടും അടുക്കളയിലേക്ക് കേറി.
ഞാന്‍ കുളിച്ചു വരുന്നതിനു മുമ്പെ ലിന്‍സിചേച്ചി ചോറും കറിയും ഉപ്പേരിയും വെച്ച് പുറത്ത് പോയിരുന്നു.
‘അവള് ആ പൊടിമില്ലില് നിക്കുന്ന്ണ്ട് ... ഇവ്ട്ന്ന് കൊടുക്കുന്നേനെക്കൊണ്ട് എന്താവാനാ?’
‘ഒരുടുപ്പെങ്കിലും വാങ്ങാമായിരുന്നു. വിട്ടുപോയി.’
‘അത് സാരല്ല. നിനക്ക് വാങ്ങിവെച്ച ഒന്നെടുത്ത് കൊടുക്കാം.’
‘അതിന് അത് പാകാവോ?’
‘അവക്ക് ഏത് കിട്ടിയാലും സന്തോഷാ.’
മൂന്ന്
ഉച്ചഭക്ഷണം കഴിഞ്ഞ് മുറിയില്‍പ്പോയി ഇത്തിരിക്കിടക്കാമെന്ന് വെച്ചു. അപരിചിതമായ ഒരിടം പോലെ സ്വന്തം മുറി തോന്നിച്ചു. പക്ഷേ ഇടയ്ക്കിടെ എവിടെ നിന്നോ പുറപ്പെട്ടു വന്ന മണങ്ങളില്‍ ചിലരെ നല്ല പരിചയമുണ്ടായിരുന്നു. എഴുന്നേറ്റ് അലമാര തുറക്കുന്നതിനിടെ ജനലിലൂടെ അമ്മ പഴയ കല്ലുവെട്ടുകുഴിയുടെ അടുത്ത് നിന്ന് നടന്നു വരുന്നത് കണ്ടു.
‘എന്താ നട്ടുച്ചയ്ക്ക് ഒരു സര്‍ക്കീട്ട്?’
‘കൊറയായില്ലേ...’
‘എന്ത് കൊറേ ... കഷ്ടിച്ച് ഒരു മാസം.’
‘അത് പോരെ ... ഒരു ദിവസം മാറി നിന്നാല്‍ വീടും പറമ്പും ഒക്കെ മാറാന്‍ തുടങ്ങും...’
‘ഓഹോ.’
ഞാന്‍ ഉറക്കം വേണ്ടെന്ന് വെച്ച് കോനായിലേക്ക് ചെന്നു. അമ്മ ഒന്നുരണ്ടു ഉണക്കതേങ്ങകള്‍ മിറ്റത്തേക്ക് എടുത്ത് ചാടുന്നു.
‘അച്ചന്റെ മേത്തൊക്കെ കാടും പടലുമായ്.’
‘അതു പിന്നെ അങ്ങനെയല്ലേ. എന്നും പഴയ പോലെ ഇസ്തിരിയിട്ട് ഇരിക്കാന്‍ പറ്റോ?’
അമ്മ ഒന്നും പറഞ്ഞില്ല.
‘ആളെ വിളിച്ച് പറമ്പ് മുഴുവന്‍ വൃത്തിയാക്കാം. എന്താ പോരേ... ?’
‘അത്രയൊന്നില്ലെങ്കിലും...’
‘വേണം. അതൊക്കെ നമ്മക്ക് ചെയ്യാം.’
ലിന്‍സിചേച്ചി ജോലി ചെയ്യുന്ന പൊടിമില്ലില്‍ പോയി തിരിച്ചുവരികയാണ്.
‘നിനക്കൊരു കൊടയെങ്കിലും ചൂടിക്കൂടേ ലിന്‍സിയേ? '
‘ഏയ് ... കൊഴപ്പല്ല. തെരക്കില് വെച്ചോണ്ട് കറിക്കൊക്കെ രസ ണ്ടോന്നറിയില്ല.’
‘നല്ല ടെയ്സ്റ്റുള്ള കറിയായിരുന്നു.’
ലിന്‍സിചേച്ചി ചിരിച്ചു.
‘കഴിച്ചോണ്ടിരുന്നപ്പഴാ ഓര്‍ത്തത്. പാലിന് പറയട്ടേ…’
‘നീ രണ്ടു ഗ്ലാസ് പറഞ്ഞോ... ഇവള്‍ക്കും കുറച്ച് കുടിക്കാലോ... അവിടുന്ന് ഓട്ടം തന്നെയല്ലേ.’
‘ആ പറയാം ... മോനെന്താ വരാഞ്ഞത്....?’
‘ഓനവിടെ ടൂറിന് പോവാറുള്ള ഒരുക്കത്തിലാ.’
‘ആണോ?’
‘വലുതായിട്ടുണ്ടാവും ല്ലേ... ?’
‘കൊറേ ... ’
ലിന്‍സി വീട്ടില്‍ കേറിയിരിക്കാതെ മടങ്ങി.
‘അവളുടെ വീടു പണിയൊന്നും കഴിഞ്ഞില്ലല്ലേ... ?’
‘എവിടെ ... ? അവളെക്കൊണ്ട് എന്താവാനാ....? അയാളുണ്ടായിരുന്നപ്പം കഴിഞ്ഞ്ന്ന് വിചാരിച്ചതാ ... ’
അതത്രയും ഞാനുള്ളപ്പം തന്നെയായിരുന്നു. ഏതാണ്ട് പത്ത് നാല്‍പ്പതാമത്തെ വയസ്സിലാ ലിന്‍സിചേച്ചിന്റെ അപ്പന്‍ ഭാസ്‌കരേട്ടന് സര്‍ക്കാരോഫീസിലെ ശിപായിയായി പണി കിട്ടുന്നത്. അതുവരെ മൂപ്പര് ചെയ്യാത്ത പണിയില്ല.
വേഗത്തില് പ്ലസ്ടു പഠിച്ച്, ഡിഗ്രിയെടുത്ത് ഒരു ജോലി വാങ്ങണമെന്നു തന്നെയായിരുന്നു ചേച്ചിയുടെ ആഗ്രഹം. പി എസ് സി ക്ക് അപ്പനും മോളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. സംവരണം കൂടിയുള്ളത് മൂപ്പര്‍ക്ക് തുണയായ്. പാലക്കാടോ മറ്റോ ആയിരുന്നു പോസ്റ്റിങ്ങ്. വീടിന്റെ പണി അപ്പൊഴേക്ക് ഭാസ്‌കരേട്ടന്‍ തുടങ്ങിവെച്ചിരുന്നു. പണി കൂടിയായപ്പോ ഇനി വേഗം തീര്‍ക്കുമെന്ന് കരുതിയിരുന്നു. ലിന്‍സിചേച്ചിയുടെ അമ്മച്ചിക്ക് എന്നും സൂക്കേടായിരുന്നു. അതിന്റെ ചികിത്സയ്ക്കിടയില്‍ വേണായിരുന്നു എല്ലാം ചെയ്യാന്‍.
ജോലിക്ക് കേറിയ ശേഷം ഭാസ്‌കരേട്ടന്‍ ആദ്യം ആഴ്ച്ചയിലൊരിക്കലായിരുന്നു വന്നോണ്ടിരുന്നത്. പിന്നെ രണ്ടാഴ്ച കൂടുമ്പഴായ്. മാസത്തിലൊരിക്കലായ്. പിന്നെ വരാതെയായ്. പിന്നെയാണറിയുന്നത്, കൂടെ ജോലി ചെയ്യുന്ന ഒരു സീനിയര്‍ ചേച്ചിയുമായ് ഭാസ്‌കരേട്ടന്‍ പ്രണയത്തിലാണെന്ന്. അവരുടെ വീട്ടിലായിരുന്നു പിന്നെ താമസം. സെക്ഷന്‍ ക്ലര്‍ക്കോ മറ്റോ ആയിരുന്നു. ഒടുക്കം അവര്‍ ട്രാന്‍സ്ഫര്‍ വാങ്ങി. തിരുവനന്തപുരത്തേക്ക്. അവര്‍ കുറെ ശ്രമിച്ച് ഭാസ്‌കരേട്ടനെയും അങ്ങോട്ട് സ്ഥലം മാറ്റിച്ചു. അതിനിടയില്‍ ഒരിക്കല്‍ ഭാസ്‌കരേട്ടന്‍ വന്നു. ലിന്‍സിചേച്ചി വീട്ടിലുണ്ടായിരുന്നില്ല. കുറച്ച് പൈസ കിടപ്പിലായ ലിന്‍സിചേച്ചിയുടെ അമ്മച്ചിയുടെ കൈയില്‍ കൊടുത്ത് ഒരു കടലാസില്‍ ഒപ്പിട്ടു വാങ്ങി.
ലിന്‍സിചേച്ചി വരുമ്പം ഭാസ്‌കരേട്ടന്‍ ഇറങ്ങിപ്പോവുകയായിരുന്നു. അവളെ കണ്ടതും അയാളൊന്നു നിന്നു. അവളുടെ മുഖത്ത് നോക്കാതെ അയാള്‍ നടന്ന് പോവുകയും ചെയ്തു. അങ്ങനെ ലിന്‍സിചേച്ചിയും അമ്മച്ചിയും ഒറ്റയ്ക്കായി.
നാല്
‘മമ്മി ഒരു സര്‍പ്രൈസ് ഉണ്ട്.’
‘ഉം... എന്താണ്?’
‘പപ്പയും ചിലപ്പോ ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്യും.’
‘അതെപ്പോ... ?’
അവന്‍ മറ്റാരോടോ സംസാരിച്ചു കൊണ്ട് ഫോണ്‍ കട്ടാക്കി.
ഏട്ടന്റെ കമ്പനിയാത്ര ഇത്രപെട്ടെന്ന് തീരുമോ? ഇന്നലെ വിളിച്ചപ്പം പോലും അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ.
മുറിയില്‍ വന്ന് ഏട്ടനെ വിളിച്ചു: ‘നല്ല ആളാ ... ചെക്കനിപ്പം വിളിച്ചിരുന്നു.’
‘ഓഹോ ... ഉറപ്പൊന്നുമില്ല. നേരത്തെ തീരുകയാണെങ്കില്‍ മാത്രം. വെക്കേഷനല്ലേ.’
‘അങ്ങനെയാണെങ്കില്‍ ഞാന്‍ കൂടി.’
‘നീ തിരക്ക് പിടിച്ച് വരുകയൊന്നും വേണ്ട.’
‘അപ്പൊ എന്തോ ചുറ്റിക്കളിയുണ്ടല്ലോ...?’
‘ഹൊ ... തുടങ്ങിയല്ലോ.’
ഫോണ്‍ വെച്ചെങ്കിലും ഉള്ളിലെന്തോ ഒരസ്ഥത കറങ്ങുന്നുണ്ടായിരുന്നു. അമ്മ അടുക്കളയിലാണ്. സഹായത്തിന് ലിന്‍സിചേച്ചിയുമുണ്ട്.
‘ഇന്നിനി നീ വീട്ടിപ്പോയി വെക്കാനൊന്നും നിക്കണ്ട. ഇവ്ട്ന്ന് കൊറച്ചെടുത്തോ?’
‘ഏയ് ... അമ്മയ്ക്ക് കഞ്ഞി മതി. ഞാനും രാത്രിയതൊക്കെത്തന്നെ കഴിക്കും.’
‘എന്നാ കുറച്ച് ഉപ്പേരി കൊണ്ടുപോയ്‌ക്കോ.’
‘അമ്മ തിന്നില്ല.’
‘അതു നല്ല കഥ.’
‘തിന്നാതെ തിന്നാതെ ചത്തുപോകട്ടെന്നാ വായിലാക്കിക്കൊടുക്കുമ്പം പറേന്നത്.’
ലിന്‍സിചേച്ചിയുടെ ഒച്ചയിടറിയിരുന്നു.
രാത്രി ഇരുട്ടിനിടയിലൂടെ ഒരു തപ്പിത്തടയലുമില്ലാതെ വീട്ടിലേക്ക് അമ്മ പൊതിഞ്ഞു കൊടുത്ത ഉപ്പേരിയുമെടുത്ത് ലിന്‍സിചേച്ചി നടന്നു പോയി.
‘എന്തുഷാറായിരുന്നു പഠിക്കാന്‍ ... ’, അമ്മ ഓര്‍മ്മിച്ചു.
‘എനിക്ക് പ്ലസ്ടുവിന് മുഴുവന്‍ എ പ്ലസ് കിട്ടിയപ്പം കെട്ടിപ്പിടിച്ച് ഭയങ്കരനൊരുമ്മ തന്നിട്ടുണ്ട്.’
ഞാന്‍ പറഞ്ഞു.
‘അപ്പം മാത്രല്ല ഒരോ ക്ലാസിലും തന്നിട്ടുണ്ട്. നിന്നെ വല്യ കാര്യാ... ഇപ്പളും. എപ്പളും ചേദിക്കും ... സുമിക്ക് അവിടെ സുഖാണോ? ജോലിയായോന്ന്... റിസള്‍ട്ട് വരുന്ന അന്ന് രാവിലെ ഇവിടെ വന്ന് കുത്തിയിരിക്കും. നിന്റെ വായിന്ന് പറഞ്ഞ് കേട്ടിറ്റ് ഉമ്മയും തന്നേ അത് പോവുള്ളൂ.’
‘അല്ല, പിന്നെ മൂപ്പത്തി പി.എസ് സിക്കൊന്നും പഠിച്ചില്ലേ?’
‘എവിടെ ... അച്ഛന്റെ ഓഫീസില് തന്നെ ജോലി വേണംന്ന് വെച്ചിട്ടുള്ള പഠിപ്പായിരുന്നില്ലേ. ഇരുന്നേമത്തന്നെ ഇരുന്നുള്ള പഠിപ്പ്. കിട്ടിപ്പോയിന്ന് ഞാനും വിചാരിച്ചതാ. ന്നിട്ട് ഡിഗ്രി പോലും കിട്ടില്ലാച്ചാ.’
അഞ്ച്
എനിക്ക് തലവേദനിച്ചപ്പം വേഗം മുറിയിലേക്ക് വന്നു. കുറേ കിടന്നിട്ടും ഉറക്കം വന്നില്ല. ലിന്‍സിച്ചേച്ചിയുടെ മുഖം വീണ്ടും വീണ്ടും മനസിലേക്ക് വന്നു.
അന്ന് അശ്വതി എന്ന് പേരുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ക്ലാസില്‍ ഒന്നില്ലെങ്കില്‍ അവള്‍ ഫസ്റ്റ് അല്ലെങ്കില്‍ ഞാന്‍. എസ്. എസ്. എല്‍.സിക്ക് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഫുള്‍ എ പ്ലസ്. ലിന്‍സിചേച്ചി അപ്പം തൊട്ടടുത്തുള്ള കോളേജിലാണ്.
പ്ലസ്ടുവിനും ഞങ്ങള്‍ക്ക് നല്ല ഗ്രേഡുണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഫിസിക്‌സ് എടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അഞ്ചെട്ടു കിലോമീറ്ററിന്റെ ഉള്ളില്‍ ഒരു നല്ല ഗവണ്‍മെന്റ് കോളേജുമുണ്ടായിരുന്നു. ലിന്‍സിചേച്ചിയും അവിടെയാണ് പഠിച്ചിരുന്നത്. അപേക്ഷ കൊടുത്തു. പക്ഷേ അശ്വതിക്ക് വന്നിട്ടും എനിക്ക് അഡ്മിഷന്‍ ലെറ്റര്‍ വന്നില്ല. ആകെ ഭ്രാന്തെടുത്ത് നിക്കുമ്പഴാണ് അമ്മയുടെ അസുഖം കാരണം എഴുതാതെ പോയ ബി.എസ് സി ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് സ്‌ക്രൈബായി ലിന്‍സിചേച്ചി വിളിക്കുന്നത്.
‘അതിനെന്താ അവള് എഴുതിക്കോളും ... ഫുള്‍ എ പ്ലസല്ലേ’, അമ്മ പറഞ്ഞു.
ലിന്‍സിചേച്ചിയുടെ കണ്ണ് നിറഞ്ഞു.
അന്ന് കുളിച്ചൊരുങ്ങി പോവുമ്പോള്‍ ലിന്‍സിചേച്ചി എന്റെ കൈ മുറുക്കിപ്പിടിച്ചു, ‘നീ വേഗത്തില്‍ ചോദ്യം വായിച്ചുതരണേ’
‘ഉം’
‘പെന്ന് വെക്കാതെ എഴുതണേ.’
‘ഉം’
‘കുറച്ച് സമയേ കിട്ടൂ.’
ഞാന്‍ തലയാട്ടി.
പരീക്ഷയെഴുതാന്‍ കേറുന്നതിനു തൊട്ടുമുമ്പ് അശ്വതി അഡ്മിഷന്‍ നടക്കുന്നിടത്ത് നിന്ന് ഓടി വന്നു; ‘നല്ല ടൈറ്റാ... നമ്മളെ ക്ലാസിലെ പലര്‍ക്കും കിട്ടിട്ടില്ല. എനിക്ക് തന്നെ അച്ഛന്റെ എക്‌സ് മിലിട്ടറി വകുപ്പിലാ ... എല്ലാം മുറിച്ച് മുറിച്ച് വികലാംഗനും കണ്ണുപൊട്ടന്‍മാര്‍ക്കും മറ്റേതിങ്ങള്‍ക്കും കൊടുത്തിരിക്കാ... നിന്റെ കാര്യവും പോക്കാ...’
ഞാന്‍ ഹാളിലേക്ക് കേറി.
ലിന്‍സിചേച്ചി അടുത്തിരുന്നു. രജിസ്റ്റര്‍ നമ്പറും പരീക്ഷാതീയതിയും മറ്റും പൂരിപ്പിച്ച ശേഷം ഒരോ ചോദ്യവും വേഗത്തില്‍ വേഗത്തില്‍ വായിച്ചു കൊടുത്തു. ഉത്തരങ്ങള്‍ എഴുതിത്തുടങ്ങി. അധികം കിട്ടിയ സമയത്തിന്റെ അഞ്ച് മിനിറ്റു മുമ്പെ എഴുത്ത് തീര്‍ന്നു.
‘ഒന്നു കൂടി ചെക്ക് ചെയ്യണോ?’
‘വേണ്ട. ഇതെനിക്ക് കിട്ടും സുമി. എന്നിട്ട് പി .എസ്. സി എഴുതി അച്ഛന്റെ ഓഫീസിലെ സാറാവണം.’
തിരിച്ചു നടക്കുമ്പോള്‍ ലിന്‍സിചേച്ചി ചോദിച്ചു: ‘നിനക്ക് ഹോട്ടലില്‍ നിന്ന് ചായ വാങ്ങിത്തരട്ടെ, എന്റെ കൈയ്യില്‍ പൈസയൊക്കെയുണ്ട്?’
‘വേണ്ട ...’
‘ഡിഗ്രി കഴിഞ്ഞ്, ജോലി കിട്ടട്ടേ...ല്ലേ ... നിനക്ക് ഉടുപ്പ് വാങ്ങിത്തരുന്നുണ്ട്...’
ഞാനൊന്നും പറഞ്ഞില്ല.
പത്ത് മുപ്പത് ചോദ്യങ്ങള്‍ക്ക് ലിന്‍സിചേച്ചി പറയുന്നത് ശ്രദ്ധിക്കാതെ എന്തെക്കെയോ എഴുതിവെച്ചത് തലയില്‍ കറങ്ങിക്കൊണ്ടിരുന്നു. ഇറങ്ങുന്നതിന് മുമ്പ് മൂന്നാംപേജിന്റെ മുകളില്‍ കോളേജിനോടുള്ള കലിപ്പ് വന്ന് മൂടി ഒരിക്കല്‍ പോലും ആരോടും പറയാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ഒരു വാക്ക് ചേര്‍ത്തു: ‘മൈര്.’
ലിന്‍സിചേച്ചി ഫലത്തിനുവേണ്ടി കാത്തു കാത്തിരുന്നു. മാസങ്ങള്‍ക്കുശേഷം ലിന്‍സിചേച്ചിയുടെ റിസല്‍ട്ട് വന്നു. വീണ്ടും ആ പേപ്പര്‍ നഷ്ടപ്പെട്ടു. ഡിഗ്രി കിട്ടാത്ത സങ്കടത്തില്‍ ചേച്ചി മണ്ണെണ്ണ കുടിച്ച് രണ്ടു ദിവസം ആശുപത്രിയില്‍ കിടന്നു. മൂന്നാമത്തെ ദിവസം തിരിച്ചു വന്ന് പണി തുടര്‍ന്നു.
പെട്ടെന്ന് ലിന്‍സിചേച്ചി തിരിച്ച് ഓടി വന്നു, ‘അമ്മയ്ക്ക് സുഖല്ല.’
വേഗത്തില്‍ ഒരു വണ്ടി വിളിച്ചു. ഞാനും കൂടെപ്പോയി. അമ്മ തിരിച്ചു വരില്ലെന്ന് ചേച്ചിക്ക് ഉറപ്പുള്ളതു പോലെ എനിക്ക് തോന്നി. ഉറങ്ങാനാവാതെ ഹോസ്പിറ്റലില്‍ ഞങ്ങള്‍ അടുത്തടുത്ത് ഇരുന്നു.
‘പിന്നെ ചേച്ചി ഡിഗ്രിയൊന്നും എഴുതിയില്ലേ?’
ചേച്ചി കൈ അമര്‍ത്തിപ്പിടിച്ചു.
‘നിനക്ക് പുതിയ ഉടുപ്പ് കിട്ടാന്‍ തെരക്കായല്ലേ...?’
ഇന്നുച്ചയ്ക്ക് കല്ലുവെട്ടുകുഴിയിലേക്ക് തിളക്കം മങ്ങിത്തുടങ്ങിയ ഒരു കുപ്പിഗ്ലാസെറിഞ്ഞ് മടങ്ങിവരുന്ന അമ്മയുടെ മുഴുവന്‍ ദൃശ്യം ഉള്ളിലൂടെ ആരോ ഉരുട്ടിയുരുട്ടി നടന്നു.