ചിത്രീകരണം: ദേവപ്രകാശ്

ഫ്ലാഷ്​ ലൈറ്റ് തടവുകാരുടെ മുഖങ്ങളിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് ഒരാളിൽ തങ്ങിനിന്നു.

അരയോളം നഗ്‌നനായ അയാളുടെ ദേഹം വിയർപ്പിൽ തിളങ്ങി. ഉറക്കം തളം കെട്ടിയ മുഖവുമായി അയാൾ ഒരു കട്ടിലിൽ കിടക്കുകയായിരുന്നു.

‘അതവനാണ്, തുറക്ക്’, അഴികൾക്കിടയിലൂടെ പാറാവുകാരൻ പറഞ്ഞു.

താക്കോലിട്ടപ്പോൾ തുരുമ്പിച്ച പൂട്ട് ഒച്ചയുണ്ടാക്കി.

ജയിലർ തന്റെ പാൻറ്സ്​ മുറുക്കിക്കെട്ടിയ ഒരു ഇലക്​ട്രിക്​ വയറിന്റെ അറ്റത്ത് കെട്ടിയിട്ടതായിരുന്നു ആ താക്കോൽ. അകത്ത് പാറാവുകാരൻ തന്റെ റൈഫിൾ മരക്കട്ടിലിൽത്തട്ടിയപ്പോൾ അയാൾ ഒരു കൈത്തലംകൊണ്ട് വെളിച്ചത്തിൽനിന്ന് കണ്ണുകൾ മറച്ചു പിടിച്ച് എഴുന്നേറ്റിരുന്നു.

‘എണീക്ക്, അവർ നിങ്ങളെ കാത്തുനിൽക്കുകയാണ്.'

അയാൾ തന്റെ കുപ്പായത്തിനായി പരതി.

ആ രാത്രിയിൽ അസഹ്യമായ ഉഷ്ണമുണ്ടായിരുന്നിട്ടും അയാൾ വിറച്ചു. മറ്റു തടവുകാരാകട്ടെ നഗ്‌നരായോ അടിവസ്ത്രം മാത്രം ധരിച്ചോ കിടന്നുറങ്ങുക യായിരുന്നു. മുറിയിലെ ഒരേയൊരു ദ്വാരം വളരെ ഉയരത്തിലായിരുന്നതു കാരണം മച്ചിനടുത്തുമാത്രമേ വായുസഞ്ചാരമുണ്ടായിരുന്നുള്ളു. അയാൾ തന്റെ കുപ്പായം കണ്ടെത്തി, പാദങ്ങൾ നാടയില്ലാത്ത സ്വന്തം ഷൂസിനുള്ളിലേക്കു കയറ്റി.

‘പെട്ടെന്നാകട്ടെ’, പാറാവുകാരൻ ആജ്ഞാപിച്ചു.
‘ഞാൻ വരികയാണ്,നിങ്ങൾക്ക് കണ്ടുകൂടേ?'
‘വായ തുറക്കരുത്... നീ മേടിക്കും.'
‘അതെ,എനിക്കറിയാം.'
‘നിനക്കു തീർച്ചയായുമറിയാം’, പാറാവുകാരൻ അയാളെ ആദ്യം നടക്കാനനുവദിച്ചു. റൈഫിളുകൊണ്ട് അയാളുടെ പിറകിൽ കുത്തിക്കൊണ്ട് പറഞ്ഞു, ‘നടക്ക്.'

ലോഹത്തിന്റെ തണുപ്പ് ദേഹത്തു തട്ടിയപ്പോൾ അയാളൊന്നറച്ചുനിന്നു.

അവർ മുറ്റത്തേക്ക് പ്രവേശിച്ചു. പിറകിൽ, ജയിലിന്റെ മതിലിനരുകിൽ,
ബദാംമരത്തിന്റെ ഇലകൾ നിലാവിൽ തിളങ്ങി.

ബേസ്‌ബോൾ കളിക്കാൻ പറ്റിയ മുറ്റം. തടവുകാർ തന്നെ തങ്ങൾക്കിടയിൽ ടീമുണ്ടാക്കി കളിക്കണം, അല്ലെങ്കിൽ പാറാവുകാരുമായി ഏറ്റുമുട്ടണം. സെന്റർഫീൽഡ് അതിര് മതിലായിരിക്കും. അതിലേക്ക് പ്രധാനകെട്ടിടത്തിൽ നിന്ന് ഏതാണ്ട് മുന്നൂറ്റമ്പത് അടിയുണ്ട്. പന്ത് അത്രയും പോയാൽ ബദാംമരത്തിനടുത്ത് വെച്ച് ഓടിച്ചെന്നു പിടിക്കണം. ഇൻഫീൽഡ് ഏറെ അകലത്തായതിനാൽ റിലേയ്ക്ക് വേണ്ടിയുള്ള ആക്രോശങ്ങൾ കേൾക്കില്ല.

മരക്കൊമ്പിലേക്ക് ഞാൻ ചാടിക്കേറുമ്പോൾ റണ്ണർ രണ്ടാംറൗണ്ടിലേക്ക് കടക്കും. കൊമ്പിൽ കേറിപ്പറ്റിയ ശേഷം കയ്യും കാലുമൊക്കെ ശ്രദ്ധാപൂർവ്വം നീക്കി മരത്തിനപ്പുറമുള്ള മതിൽ കടന്നുചാടും. വീണു പരിക്കുപറ്റിയാലും പ്രശ്‌നമില്ല. എല്ലും കൊമ്പും, ടിന്നുകളും, പൊളിഞ്ഞ കസേരകളും, കീറത്തുണികളും, പത്രങ്ങളും, ചത്ത മൃഗങ്ങളും ഉൾപ്പടെയുള്ള മാലിന്യം അവർ കൂനകൂട്ടിയിട്ടതിൻ മേലാണ് ഞാൻ ചെന്നു വീഴുക.

പിന്നെ ഞാൻ മുന്നോട്ടു കുതിക്കവെ മുൾച്ചെടികളിൽ കുരുങ്ങിപ്പോയേക്കാം, നീർച്ചാലിൽ വീണുപോയേക്കാം, പക്ഷേ എനിക്കു പിന്നിലെവിടെയോ മടുപ്പിക്കുന്ന കനത്ത വെടിയൊച്ചകൾ കേൾക്കെ ഞാനെഴുന്നേൽക്കും.

‘അനങ്ങാതെ നിൽക്ക്. നീ എങ്ങോട്ടുപോകുന്നുവെന്നാണ് കരുതുന്നത്?
‘മുള്ളാൻ'
‘നീ പേടിച്ച് പാൻറ്സി​ൽത്തന്നെ മുള്ളും, നാറി.'

ടൗൺസ്‌ക്വയറിന് അതിനോട് സാദൃശ്യമുണ്ട്. പള്ളിയുടെ നടുമുറ്റത്തോടുചേർന്ന് ഗ്വാരുമോ വൃക്ഷങ്ങളുണ്ട്. ഞാനെന്റെ കയ്യുറകളുമായി സെന്റർ ഫീൽഡിൽ കാവൽ നിന്നു. തുണിക്കയ്യുറയുള്ള ഏക ഫീൽഡർ ഞാനായിരുന്നു- മറ്റുള്ളവർ വെറുംകയ്യോടെ ഫീൽഡുചെയ്തു- അതും വൈകിട്ട് ആറുമണിക്ക്.

നേരാംവണ്ണം കാണാൻ കഴിയുന്നില്ലെങ്കിലും പന്തൊന്നും എന്റടുത്തേക്ക് വന്നില്ല. പന്ത് ഇരമ്പി വന്നാലും ഒരു പ്രാവിനെയെന്നപോലെ ഞാനെന്റെ കൈകളിലൊതുക്കുമായിരുന്നു.

‘ക്യാപ്റ്റൻ, ഇതാണയാൾ,' പാതിതുറന്ന വാതിലിലൂടെ തലയിട്ട് പാറാവുകാരൻ പറഞ്ഞു. മുറിയ്ക്കകത്ത് എയർ കണ്ടീഷണറിന്റെ ഇരമ്പമുണ്ടായിരുന്നു.
‘അവനെ ഉള്ളിലേക്ക് വിട്ട് പുറത്തു പോ.'

തന്റെ പിന്നിൽ വാതിലടയുന്നത് അയാൾ കേട്ടു. ആ മുറിയിലകപ്പെട്ടു പോയതു പോലെ അയാൾക്കുതോന്നി. വെള്ള പൂശിയ ചുമരിൽ സ്വർണഫ്രെയ്​മുള്ള ഒരു ചിത്രവും ചുവപ്പിലും നീലയിലും വലിയ അക്കങ്ങളുള്ള കലണ്ടറും തൂക്കിയിരുന്നു. മുറിയുടെ മധ്യത്തിലായി ഒരു കസേരയും പിന്നിലായി ക്യാപ്റ്റന്റെ ഡെസ്‌ക്കുമുണ്ടായിരുന്നു. എയർ കണ്ടീഷണർ അടുത്തയിടെ പിടിപ്പിച്ചതാണെന്ന് ആ ഭാഗത്തെ തേപ്പിന്റെ നനവിൽനിന്ന്​ വ്യക്തമാകും.

‘എത്ര മണിക്കാണ് അവർ നിന്നെ പിടികൂടിയത്?'ക്യാപ്റ്റൻ ശിരസ്സുയർത്താതെ ചോദിച്ചു.

അയാൾ ആശയക്കുഴപ്പത്തിൽ നിശ്ശബ്ദനായിരുന്നു. ആ ചോദ്യം മറ്റാരോടോ ആയിരിക്കണമെന്ന് അയാൾ കഠിനമായി പ്രത്യാശിച്ചു, ഒരുപക്ഷേ,മേശയ്ക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരാളോടെന്ന പോലെ.

‘നിനക്ക് ചെവികേട്ടൂടെ? ഞാൻ നിന്നോടാണ് ചോദിച്ചത്.അവരെപ്പോഴാണ് നിന്നെ പിടിച്ചത്?'

‘ആറു മണിക്കുശേഷം അൽപ്പംകൂടി കഴിഞ്ഞ്’, അയാൾ മൃദുവായാണ് പറഞ്ഞത്.

അയാൾ അതു കേട്ടുകാണുമോ എന്നയാൾ ആശ്ചര്യപ്പെട്ടു.

‘കൃത്യസമയം നിനക്കോർമ്മയില്ലേ?'

‘എനിക്ക് വാച്ചില്ല, സർ, പക്ഷേ ഞാൻ അത്താഴം കഴിച്ച ശേഷമാണ്... പതിവായി ആറുമണിക്കാണ് ഞാൻ കഴിക്കാറ്.'

അത്താഴം തയ്യാറായെന്ന് അമ്മ പാതവക്കിൽ നിന്ന് വിളിച്ചു പറഞ്ഞു. ദാ വരുന്നു മമ്മാ, ഒരു ഇന്നിങ് കൂടി, ഞാൻ പറയും. പക്ഷേ, മോനേ നേരം ഇരുട്ടിയതു കാണുന്നില്ലേ... ഇനിയെങ്ങനെ നീ കളിക്കും?
ശരി, ഞാനിതാ വരുന്നു, ഒറ്റ ഇന്നിങ് കൂടി. പള്ളിയിലെ പ്രാർത്ഥനയ്ക്കുള്ള സംഗീതോപകരണങ്ങൾ വായിക്കപ്പെട്ടു തുടങ്ങിയപ്പോൾ അവസാന പന്ത് എന്റെ കൈകളിലേക്ക് വീഴുകയും ഞങ്ങൾ വീണ്ടും കളി ജയിക്കുകയും ചെയ്തു.

‘നീയെന്തു തൊഴിലാണ് ചെയ്യുന്നത്?'

‘ഞാനൊരു ഷൂ നിർമാണത്തൊഴിലാളിയാണ്.'

‘കടയിലോ?'

‘അല്ല,വീട്ടിൽ വെച്ചാണ് പണി.'

‘നീയൊരു ബേസ്‌ബോൾ കളിക്കാരനായിരുന്നോ?'

‘അതെ, ആയിരുന്നു.'

‘അവർ നിന്നെ വിളിച്ചിരുന്നത് ഫ്ലാഷ്​ പരേൽസ് എന്നായിരുന്നു, അല്ലേ?'

‘അതു പിന്നെ കളിസമയത്തെ എന്റെ പന്തെറിയലിന്റെ വേഗത കൊണ്ടാണ്.'

‘ക്യൂബയിൽപോയി കളിച്ച ടീമിൽ താനുമുണ്ടായിരുന്നല്ലേ?'

‘അതെ, ഇരുപതുവർഷം മുമ്പ്. ഞാൻ സെന്റർഫീൽഡിൽ കളിച്ചു.'

‘പക്ഷേ അവർ നിന്നെ ടീമിൽ നിന്നൊഴിവാക്കി.'

‘ഞങ്ങൾ തിരിച്ചെത്തിയപ്പോൾ.'

‘നിന്റെ ത്രോകൾ പ്രശസ്തമായിരുന്നു, അതിലൂടെ നീയൊരു സ്റ്റാറായി.'

അയാൾ പുഞ്ചിരിക്കാൻ ഭാവിച്ചെങ്കിലും, ക്യാപ്റ്റൻ കോപത്തോടെ അയാൾക്കുനേരെ കണ്ണരുട്ടി.

പള്ളിയങ്കണത്തേതായിരുന്നു എന്റെ ഏറ്റവും മികച്ച കളി, ഇൻഫീൽഡിന് പുറം
ത്തിരിഞ്ഞ്, കയ്യുകൾ വിടർത്തി ആ ഫ്ലൈ പിടിച്ചെടുത്ത കളി. പന്തുമായി ഞാൻ മുഖമടച്ച് പടികളിലേക്ക് വീണു. എന്റെ നാവു മുറിഞ്ഞ് ചോര വന്നു. പക്ഷേ കളി ഞങ്ങൾ ജയിച്ചു. അവരെന്നെയെടുത്ത് തോളത്തിരുത്തി വീട്ടിലേക്കുകൊണ്ടുപോയി. ഭക്ഷണമൊരുക്കുകയായിരുന്ന എന്റെ അമ്മ അതെല്ലാം വിട്ട് എന്നെ പരിചരിച്ചു. കഷ്ടം തോന്നിയെങ്കിലും അമ്മയ്ക്ക് എന്നത്തെയും പോലെ എന്നെക്കുറിച്ച് അഭിമാനമായിരുന്നു.

‘മോനേ, നീയെന്നും ഒരു കോവർ കഴുതകണക്ക് നിശ്ശബ്ദനായിരിക്കും, പക്ഷേ നീയൊരസ്സൽ കളിക്കാരനാ.'

‘അവരെന്തിനാണ് തന്നെ ടീമിൽനിന്നും പുറത്താക്കിയത്?'

‘ഒരു ഫ്ലൈ ഞാൻ വിട്ടുകളഞ്ഞു, ഞങ്ങൾ കളി തോറ്റു.'

‘ക്യൂബയിലോ?'

‘അതെ, അരൂബയിൽനിന്നുള്ള ടീമിനെതിരായ കളിയിൽ. പന്ത് എന്റെ കയ്യിൽ നിന്ന്​വഴുതിപ്പോയതോടെ രണ്ട് റൺസ് സ്‌കോർ ചെയ്യപ്പെട്ടു. ഞങ്ങൾ കളി തോറ്റു.'

‘ഒരുപാടു കളിക്കാരെ പുറത്താക്കിയിട്ടുണ്ട്.'

‘ഞങ്ങൾ കണ്ടമാനം കുടിച്ചിരുന്നു. കുടിയും കളിയും ഒന്നിച്ചുപറ്റില്ലല്ലോ.'
‘ഹും.'
‘ഞാനൊന്നിരുന്നോട്ടെ?' അയാൾക്ക് ചോദിക്കണമെന്ന് തോന്നി. അയാളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നു, പക്ഷേ പാദങ്ങൾ ഷൂസിനുള്ളിൽ ഒട്ടിപ്പിടിച്ചാലെന്നതുപോലെ അയാൾ തറഞ്ഞുനിന്നുപോയി.

ക്യാപ്റ്റൻ എഴുത്തുകുത്തുകളിൽ മുഴുകി. അത് കാലങ്ങളോളം ദീർഘിച്ചു നിന്നതായി തോന്നിച്ചു. അനന്തരം അയാൾ തന്റെ ശിരസ്സുയർത്തി, അയാളുടെ പട്ടാളത്തൊപ്പിയിലെ ചുവന്ന മുദ്ര തിളങ്ങി.

‘അവരെന്തിനാണ് നിന്നെ പിടിച്ചുകൊണ്ടുവന്നത്?'

അയാൾ അറിയില്ലെന്നമട്ടിൽ ചുമലുകളിളക്കി നിസ്സഹായനായിനിന്നു.

‘ആഹാ.അതറിയില്ലേ?'

‘എനിക്കത്...'
‘അത്?'
‘അറിയില്ല.'
‘അപ്പോ നിനക്കറിയില്ല?'
‘ഇല്ല.'
‘നിന്റെ റെക്കോർഡ്‌സ് ഇവിടെ എന്റെ കൈവശമുണ്ട്’, ക്യാപ്റ്റൻ അയാളെ ഒരു ഫയൽ കാട്ടി.

‘അതിലെ ചില വരികൾ ഞാൻ വായിക്കാം. അപ്പോൾ നിനക്ക് നിന്റെ ജീവിതത്തെക്കുറിച്ചുള്ള സലകലതും ബോധ്യമാകും’, അയാൾ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

ഔട്ട് ഫീൽഡിൽ പന്ത് ക്യാച്ചറുടെ കൈയ്യുറയിൽ തട്ടുന്നത് എനിക്ക് നേരാംവണ്ണം കേൾക്കാനാകുമായിരുന്നില്ല. പക്ഷേ ബാറ്റർ പന്തടിക്കുന്നത് സ്ഫോടനം പോലെ എന്റെ കാതുകളിൽ പതിക്കുകയും എന്റെ സർവ ഇന്ദ്രിയങ്ങളും ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും. ഇനി എന്റെ നേർക്കുവരുന്നതൊരു *ഫ്ലൈയാണെങ്കിൽ ഞാനതിനായി സ്‌നേഹത്തോടെ, ക്ഷമയോടെ കാത്തിരിക്കും. എന്നിട്ട് നെഞ്ചുയരത്തിൽവെച്ച് എന്റെ കൈകൾ അതിനായി പണിത കൂട്ടിലേക്കെന്ന പോലെ അതു പിടിച്ചെടുക്കും.

‘28 ജൂലൈ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ക്യാൻവാസ്‌ ടോപ്പുള്ള പച്ചനിറത്തിലുള്ള വില്ലിയുടെ ഒരു ജീപ്പ് നിന്റെ വീട്ടിനുമുന്നിൽ വന്നു നിർത്തി, അതിൽനിന്ന് രണ്ടുപേർ പുറത്തിറങ്ങി; കറുത്ത നിറക്കാരൻ കാക്കിപാൻറ്സും​ സൺ ഗ്ലാസ്സും വെളുത്തവൻ നീല ജീൻസും വൈക്കോൽത്തൊപ്പിയും ധരിച്ചിരുന്നു. സൺ ഗ്ലാസ്​ ധരിച്ചവന്റെ കയ്യിൽ ഒരു പാനാം ബാഗും മറ്റവന്റെ കയ്യിൽ പാറാവുകാരുടെ മട്ടിലുള്ള പരുക്കൻ കമ്പിളി ബാഗുമുണ്ടായിരുന്നു. അവർ നിന്റെ വീട്ടിലേക്കു കയറി, എന്നാൽ പത്തു മണി വരെ അവിടം വിട്ടുപോയില്ല. പോകുമ്പോൾ കൈവശം ഇരുബാഗുകളുമുണ്ടായിരുന്നില്ല.'

‘കണ്ണട ധരിച്ചവൻ’, അയാൾ പറയാൻ തുടങ്ങിയെങ്കിലും ഉമിനീരിറക്കാനായി നിർത്തിയ ശേഷം തുടർന്നു, ‘അതെന്റെ മകനായിരുന്നു.'

‘അതെനിക്കറിയാം.'

മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു. അന്നേരം ഒരരുവി മുറിച്ചുകടന്നാലെന്നതു പോലെ അയാൾക്ക് തന്റെ പാദങ്ങൾ ഷൂസിനുള്ളിൽ ഈർപ്പമണിയുന്നത് അറിയാനായി.

‘അവർ കൊണ്ടു വന്ന പാനാം ബാഗിൽ മെഷീൻഗണ്ണുകളും കമ്പിളിബാഗിൽ നിറയെ വെടിമരുന്ന് സാമഗ്രികളുമായിരുന്നു. നീ നിന്റെ മകനെ അവസാനമായി കണ്ടിട്ട് എത്ര നാളായി?'

‘മാസങ്ങൾ’, അയാൾ പിറുപിറുത്തു.
‘ഉറക്കെപ്പറ, നീ പറയുന്നത് എനിക്കു കേൾക്കാൻ വയ്യ.'

‘മാസങ്ങളായി. എത്രയെന്ന് എനിക്കറിയില്ല. ഒരു ദിവസം ജോലി കഴിഞ്ഞ് അവൻ കയർ ഫാക്റ്ററിയിലെ പണി മതിയാക്കിപ്പോയി, അതിൽപ്പിന്നെ ഞങ്ങളവനെ കണ്ടിട്ടില്ല.'

‘നിനക്ക് വിഷമമൊന്നുമുണ്ടായില്ലേ?'

‘ഉറപ്പായും. എന്തായാലും സ്വന്തം മകനല്ലേ. ഞങ്ങൾ പലയിടത്തും അന്വേഷിച്ചു നടന്നു. ഒരു ഫലവുമുണ്ടായില്ല.'

അയാൾ തന്റെ കൃത്രിമപ്പല്ലുകൾ ഒരുമിച്ചമർത്തി, അവയ്ക്ക് ഇളക്കം തട്ടിയതായി തോന്നിച്ചു.

‘അവൻ മലമുകളിലെ ഗുഹയിൽ ഒളിച്ചുപാർക്കുകയാണെന്ന് നീ മനസ്സിലാക്കിയിരുന്നു?'

‘ഞങ്ങൾ അതേപ്പറ്റിയുള്ള ഊഹാപോഹങ്ങൾ കേട്ടിരുന്നു.'
‘അവനന്നു ജീപ്പിൽ വന്നിറങ്ങിയപ്പോൾ നീ എന്തു കരുതി?'
‘അവൻ തിരിച്ചുവന്നിരിക്കയാണെന്ന്.അവൻ ഞങ്ങളെ അഭിവാദ്യം ചെയ്തു,പക്ഷേ ഏതാനും മണിക്കൂറിനുശേഷം പൊയ്ക്കളഞ്ഞു.'
‘അവന്റെ സാധനങ്ങളുടെമേൽ ഒരു കണ്ണുവേണമെന്ന് നിന്നോടു പറഞ്ഞു?'
‘അതെ. അതെടുക്കാൻ അവൻ ആളെ വിട്ടിരുന്നു.'
‘ആഹ്.'

അയാൾ കൂടുതൽ കടലാസുകൾ പർപ്പ്ൾ റിബ്ബണുള്ള ഫയലിൽ നിന്ന് പുറത്തെടുത്തു. അവയിൽ നിന്ന് ഒരെണ്ണമടുത്ത് മേശപ്പുറത്തു വെച്ചു.

‘ഇതിൽ പറയുന്നത് മൂന്നു മാസത്തോളം നീ ചെറുകിട ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഇടപാടുകളും പ്രൊപ്പഗാൻഡയും നടത്തിയെന്നും, സ്റ്റേറ്റിന്റെ ശത്രുക്കൾ നിന്റെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ടെന്നുമാണ്.'

അയാൾ ഒന്നും പറഞ്ഞില്ല. അയാൾ തന്റെ തൂവാല വലിച്ചെടുത്ത് മൂക്കു ചീറ്റുക മാത്രം ചെയ്തു. ലാമ്പിനു കീഴെ അയാൾ മെലിഞ്ഞും മുഷിഞ്ഞും, ഒരെല്ലിൻകൂടായി മാറിയതു പോലെ കാണപ്പെട്ടു.

‘ഹ, എന്നിട്ടും സംശയകരമായി ഒന്നും തോന്നിയില്ല?’
‘കാര്യങ്ങളെല്ലാം നിങ്ങൾക്കറിയാമല്ലോ, മക്കൾ...'
‘നായിന്റെ മക്കൾ, നിന്നെപ്പോലെ.'

അയാൾ തല കുനിച്ച് തന്റെ ഷൂസുകളിലേക്ക് നോക്കി. അതിന്റെ ടങ് പുറത്തായിരുന്നു, സോളുകളിൽ ചെളിയടിഞ്ഞിരുന്നു.

‘എത്ര കാലമായി?'
‘എന്ത്?'
‘നീ നിന്റെ മകനെ കണ്ടിട്ട്?'

അയാൾ ക്യാപ്റ്റന്റെ മുഖത്തുനോക്കി തൂവാല വീണ്ടും വലിച്ചെടുത്തു.
‘അവനെ അവർ കൊലപ്പെടുത്തിയതാണെന്ന് നിങ്ങൾക്കറിയാം.പിന്നെന്തിനിത് എന്നോട് ചോദിക്കുന്നു?'

അരൂബയ്‌ക്കെതിരായ അവസാന ഇന്നിങ്സ്‌, സ്‌കോർ 0-0, രണ്ട് ഔട്ടുകൾ, വെള്ളപ്പന്ത് വായുവിലൂടൊഴുകിയെന്ന പോലെ എന്റെ നേർക്കുവന്നു. അതിനെ സന്ധിക്കാൻ ഞാൻ കാത്തുനിന്നു, ഞാൻ കൈകൾ നീട്ടി, എന്നേയ്ക്കുമായ് ഞങ്ങൾ ഒന്നിക്കാനായവേ, അതെന്റെ കെയ്യുടെ പിന്നിൽത്തട്ടി താഴേക്കുവീണു. ഞാനതു കൈക്കലാക്കാൻ ശ്രമിച്ചു. പക്ഷേ,അത് തെറിച്ച് ദൂരേക്ക് പോയി. അന്നേരം അകലെ ഞാനൊരാളെ കണ്ടു. *ഹോംപ്ലെയ്റ്റിൽ പൊടിതട്ടിക്കൊണ്ട് നിൽക്കുകയായിരുന്നു അയാൾ. എല്ലാം നഷ്ടമായി. എന്റെ പരുക്കുകൾ ഇളം ചൂടുവെള്ളത്തിൽ മുക്കി വെക്കേണ്ടിവന്നു. മമ്മാ, എന്നും നിങ്ങൾക്കറിയാമായിരുന്നു, പ്രാണൻ കളഞ്ഞും ഞാൻ ഫീൽഡു ചെയ്യുമെന്ന്.

‘ചിലപ്പോൾ നിങ്ങൾക്ക് നല്ലവനാകണമെന്നുണ്ട്, പക്ഷേ കഴിയില്ല,' ക്യാപ്റ്റൻ മേശയ്ക്കുചുറ്റും നടന്നുകൊണ്ട് പറഞ്ഞു. അയാൾ ഫയൽ ഡ്രോയറിലേക്കിട്ട് എയർ കണ്ടീഷനർ ഓഫാക്കാനായി തിരിഞ്ഞു. അപ്രതീക്ഷിതമായ നിശ്ശബ്ദത മുറിയിൽ സാന്ദ്രമായി. അയാൾ തൂക്കിയിട്ടിരുന്ന ഒരു ടവൽ വലിച്ചെടുത്ത് അയാളുടെ കഴുത്തിൽ ചുറ്റി.

‘സാർജൻറ്​...', അയാൾ വിളിച്ചു.

സാർജൻറ്​ വാതിൽക്കൽ അറ്റൻഷനായി നിന്നു. തടവുകാരനെ മാറ്റിയശേഷം അയാൾ ക്യാപ്റ്റനുനേരെ തിരിഞ്ഞു, ‘റിപ്പോർട്ടിൽ ഞാനെന്തെഴുതണം?' അയാൾ ആരാഞ്ഞു.

‘അയാൾ ഒരു ബേസ്‌ബോൾ കളിക്കാരനായിരുന്നു, അതുകൊണ്ട് നിങ്ങൾക്ക് വേണ്ട എന്തെങ്കിലും പണ്ടാരമുണ്ടാക്ക്: അതായത്, മറ്റു തടവുകാരോടൊപ്പം സെന്റർഫീൽഡിൽ കളിക്കവെ പന്ത് മതിലിൽതട്ടിയപ്പോൾ അയാൾ ബദാം മരത്തിൽ കേറി, മതിലിനപ്പുറത്തേക്ക് ചാടിയെന്ന്. പിന്നെ ഇറച്ചിച്ചന്തയുടെ മുറ്റംകടന്ന് ഓടിപ്പോകുമ്പോൾ നമ്മളയാൾക്കുനേരെ നിറയൊഴിക്കുകയായിരുന്നു.' ▮


സെർജിയോ റാമിറെസ്

നിക്കരാഗ്വയിലെ പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ. കഥാകൃത്ത്, നോവലിസ്റ്റ്, കവി, മാധ്യമപ്രവർത്തകൻ. 1979ലെ ഇടതുപക്ഷ കലാപത്തിൽ നിർണായക പങ്കു വഹിച്ചു. 1985 മുതൽ 1990 വരെ ഡാനിയേൽ ഒർട്ടേഗ സർക്കാറിൽ വൈസ് പ്രസിഡൻറ്​. Divine Punishment, Margarita, How Beautiful the Sea, Tongolele Didn't Know How to Dance തുടങ്ങി നിരവധി പ്രശസ്ത നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടി. പി. സജീവൻ

കഥാകൃത്ത്​, വിവർത്തകൻ. പി. കുഞ്ഞിരാമൻ നായരുടെ കളിയച്​ഛൻ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തി. ഒഡിയ ഭാഷയിലെ ആദ്യ ദളിത് നോവൽ അഖില നായകിന്റെ ഭേദ, സാഗരിക ദാസുമൊത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

Comments