ചിത്രീകരണം : ദേവപ്രകാശ്

ഒന്ന്""ലോകത്തിലെ അനേകം രാജ്യങ്ങളിൽ ഹോട്ടലുകൾ, മാളുകൾ, വ്യവസായസ്ഥാപനങ്ങൾ, പതിനായിരക്കണക്കിന് തൊഴിലാളികൾ. കണ്ണൊന്ന് തെറ്റിയാൽ എല്ലം പിഴച്ചുപോകില്ലേ. എങ്ങനെയിതൊക്കെ മാനേജ് ചെയ്യുന്നു..?''
സി.എൻ.എന്നിന്റെ ചീഫ് കറസ്‌പോണ്ടന്റ് മുംതാസ് അലിയുടെ ചോദ്യം കേട്ട് ജോൺ മാത്തൻ ചെറുതായി മന്ദഹസിച്ചു. എല്ലാം അവിടുത്തെ ഹിതം പോലെയെന്ന അർത്ഥം പ്രകടിപ്പിക്കാൻ തന്റെ പഞ്ചനക്ഷത്രഹോട്ടലിന്റെ ചില്ലിട്ട മേൽക്കൂരയ്ക്ക് മുകളിലുടെ കാണുന്ന ആകാശത്തേക്ക് അയാൾ ഭക്തിപുരസ്സരം കണ്ണുകളുയർത്തി.

ആകാശം മേഘാവൃതമാണ്. കാർമേഘങ്ങൾ സംഘടിതരായി നിന്ന് ഒരു മഴ സൃഷ്ടിച്ചാലോയെന്ന് കുലങ്കുഷമായി ചർച്ച ചെയ്യുന്നു.""അത്രയ്ക്ക് വിശ്വാസിയാണോ..''
മുതാംസ് അലി അടുത്ത ചോദ്യമെറിഞ്ഞു.""എന്താ സംശയം.. ഈശ്വരനാണ് എനിക്കെല്ലാം തന്നത്...'' ""ഈശ്വരൻ കോടീശ്വരനാക്കി എന്ന് പറയാമല്ലേ...'' ""അതെ.. അതാണ് സത്യം..!'' ""മില്ല്യണറായിട്ട് സമാധാനത്തോടെയൊക്കെ ജീവിക്കാൻ കഴിയുന്നുണ്ടോ...'' ""ഈശ്വരൻ കൂടെയുള്ളപ്പോൾ ഞാനെന്തിന് ടെൻഷനടിക്കണം.. എനിക്ക് കിട്ടുന്നതിലൊരു വിഹിതം ഞാൻ ജനങ്ങൾക്ക് കൊടുക്കുന്നു... ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ...''

അത് പറഞ്ഞ നേരത്ത് ജോൺ മാത്തന്റെ ടെലഗ്രാമിൽ സന്ദേശം വന്നതിന്റെ ക്ണിം ക്ണിം മുഴങ്ങി.""സത്യം.. പല്ലി ചിലച്ചു...''
ഒരു തമാശ പറയുന്നത് പോലെ ജോൺ മാത്തൻ സ്വയം ചിരിച്ചു. മുംതാസ് അലിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സാധാരണ ഒരാളുമായി സംസാരിക്കുമ്പോൾ ജോൺ മാത്തൻ മെസ്സേജ് നോക്കുകയോ ഫോണെടുക്കുകയോ ചെയ്യാറില്ലാത്തതാണ്. അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാർട്ടിയുടെ മുതിർന്ന നേതാക്കൾ അയാളെ വിളിച്ചിട്ടുണ്ടായിരുന്നു. ഇരുവർക്കും വേണ്ടപ്പെട്ട ഗംഗാധരന്റെ മകൻ ദിനേശൻ അബുദാബിയിൽ ചെക്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലാണ്. അവനെയിറക്കിയാൽ ജോൺ മാത്തന് പലതുണ്ട് കാര്യം. അതുമായി ബന്ധപ്പെട്ട മെസ്സേജായിരിക്കുമെന്ന് വിചാരിച്ചാണ് നോക്കിയത്. കൊച്ചിയിലെ മാളിലെ മാനേജർ ശശീന്ദ്രന്റെ മെസ്സേജാണ്.

സാറിന്റെ പേർക്കൊരു വക്കീൽ നോട്ടീസ് വന്നിട്ടുണ്ട്...
അതായിരുന്നു മെസ്സേജ്. ജോൺ മാത്തന്റെ മുഖം ചുവന്നു.നീയെന്തിനാ എനിക്കയക്കുന്നത്... ആന്ററണി വക്കീലിനയക്ക്... സോറി സാർ...

അയാൾ ഫോൺ വെച്ച് വീണ്ടും അഭിമുഖത്തിലേക്ക് കടന്നു. ശശീന്ദ്രന്റെ സന്ദേശം അയാളുടെ നെഞ്ചിൽ രണ്ട് കൊട്ടങ്ങ് കൊട്ടി. വർഷങ്ങൾക്ക് ശേഷമാണല്ലോ ഒരു വക്കീൽ നോട്ടീസ് ഇങ്ങോട്ട് കിട്ടുന്നതെന്ന് മുംതാസ് അലിയോട് തുടർന്ന് സംസാരിക്കവെ ജോൺ മത്തായി ഓർത്തു. കേരളത്തിന്റെ പ്രധാനപ്പെട്ടൊരു ക്ലച്ച് ജോൺ മത്തായിയുടെ കൈയ്യിലായതിന് ശേഷം ഉപദ്രവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന പത്ത് കോടീശ്വരന്മാരിൽ ഒരാൾ. കേരളത്തിലെ എല്ലാ പാർട്ടിക്കാർക്കും പ്രിയങ്കരൻ. നാട്ടിലും മറുനാട്ടിലും സാധാരണക്കാർക്ക് ജീവിതം നൽകുന്നയാൾ. ഏത് ദുരന്തസമയത്തും നാടിനൊപ്പം സാമ്പത്തികമായി കൂടെ നിൽക്കുന്നയാൾ. അതുകൊണ്ട് തന്നെ ആരും അയാളിൽ കുറ്റം ആരോപിച്ച് കണ്ടിട്ടില്ല.

ആരായിരിക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടാവുക..!""സാർ ഈ ലോകത്തൊന്നുമല്ലെന്നത് പോലെ തോന്നുന്നു..!''
മുംതാസ് അലി അയാളെ ചിന്തയിൽ നിന്നുണർത്തി.""ഏയ്... അപ്പോൾ നമ്മളെന്താണ് പറഞ്ഞുവന്നത്...?''
ജോൺ മാത്തൻ മീശയും താടിയും വലതുകൈ കൊണ്ടൊന്നൊതുക്കി, മുംതാസ് അലിയോട് ചോദിച്ചു.""വിദേശത്തെ പുതിയ സംരഭങ്ങളെക്കുറിച്ച്...'' ""ഓ.. ഒകെ...''
തുടർന്ന് പറയവെ ജോണിന്റെ വിരലുകൾ ടെലഗ്രാമിൽ ആന്റണി വക്കീലിന്റെ നമ്പർ പരതി.

രണ്ട്ബുദാബിയിൽ ദിനേശിന്റെ എതിർകക്ഷിയായ നാസറുമായി സംസാരിച്ച് കേസ് പിൻവലിക്കാനുള്ള ധാരണയുണ്ടാക്കവെ ജോൺ മാത്തന് ആന്റണിയുടെ വിളി വന്നു. ""ഡീറ്റെയ്ൽസ് കിട്ടിയോ...?'' ""അയ്യോ സാറേ.. അത് മൈൻഡ് ചെയ്യണ്ട.. ചീളുകേസാ.. വെർതെ ആൾക്കാരെ ഊസാക്കാൻ.. സാറ് സാറിന്റെ പണി നോക്ക്...'' ""ഉറപ്പാണല്ലോ...'' ""ഒരു പ്രശ്‌നവുമില്ല സാറേ.. ഒരു ചായക്കേസാ..'' ""ചായക്കേസോ..'' ""ആ... സാറ് ചായ കുടിച്ചോ..?'' ""കുടിച്ചോണ്ടിരിക്കുകയാ..'' ""എന്നാ സാറ് കുടി.. ഞാനുമൊരു കട്ടനടിക്കട്ടെ... ഒകെ..'' ""ബൈ...''
ഫോൺ കട്ടാക്കിയപ്പോഴും ജോണിന്റെ നെഞ്ചിൽ ചായ രണ്ട് കൊട്ടങ്ങ് കൊട്ടി.

മൂന്ന്നാസറുമായുള്ള ദിനേശന്റെ പ്രശ്‌നം തീർത്ത് നേരെ ജോൺ മാത്തൻ ബിസിനസ് സംബന്ധമായി സിങ്കപ്പൂരിൽ എട്ട് ദിവസവും മലേഷ്യയിൽ ആറ് ദിവസവും നിന്നു. അതിനുള്ളിൽ നാസറിന്റെ പ്രശ്‌നം പരിഹരിച്ചതിന്റെ പ്രതിഫലം ജോൺ മാത്തന് ലഭിച്ചുകഴിഞ്ഞിരുന്നു. കൊച്ചിയിലെ കായലിനോട് ചേർന്നുകിടക്കുന്ന ഒരേക്കർ സർക്കാർ ഭൂമി ജോൺ മാത്തന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.

മലേഷ്യയിൽ നിന്ന് അയാൾ നേരെ കോഴിക്കോട്ടിറങ്ങി. വീട്ടിൽ രണ്ട് ദിവസം മനസ്സിനെ കുളിപ്പിച്ചു. ഒരപകടത്തെത്തുടർന്ന് ഒരിക്കലും എഴുന്നേൽക്കാനോ സംസാരിക്കാനോ കഴിയാത്ത ഏഴുവയസ്സുകാരി മകൾ ഡാലിയക്ക് എവിടുന്നൊക്കെയോ കിട്ടിയ കഥകൾ അവൾക്ക് തോന്നുന്ന നേരങ്ങളിൽ പറഞ്ഞുകേൾപ്പിച്ചു. കഥ കേൾപ്പിക്കവെ "ഇങ്ങനെ ഓടിപ്പിടിച്ചുണ്ടാക്കിയെട്ടെന്താ കാര്യമെന്ന്' ഇരുപത്തിനാലാം വയസ്സിൽ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന സൂസന്ന മൗനത്തിന്റെ വാക്കുകൾ അയാളുടെ മനസ്സിലേക്ക് കോരിയിട്ടു. അയാൾ അവളെ നോക്കിചിരിച്ചു. വെട്ടിപ്പിടുത്തവും അധികാരവും രതിനിർവ്വേദമാണെന്ന് അവൾക്കറിയില്ലല്ലോ.

വീട്ടിൽ നിന്നിറങ്ങും മുമ്പ് ഡാലിയക്ക് അവസാനമായൊരു കഥ
പറഞ്ഞുകൊടുക്കുമ്പോൾ ആന്റണി വിളിച്ചു.
ആന്ററണിയുടെ നമ്പർ ഒച്ചയുണ്ടാക്കുന്നത് അയാൾ കണ്ടു. സൈലന്റിലാക്കി, മൊബൈൽ തിരിച്ചുവെച്ച് അയാൾ കഥ മുഴുമിപ്പിച്ചു. ഡാലിയയെ ചേർത്തുപിടിച്ചുമ്മ വെച്ചിറങ്ങുമ്പോൾ അയാൾ മൊബൈൽ അൺലോക്ക് ചെയ്തു. 14 മിസ്സ്ഡ് കോൾ. അതിൽ നാലെണ്ണം ആന്റണിയുടേതായിരുന്നു. മിസ്ഡ്‌കോളിൽ അത്യാവശ്യമെന്ന് തോന്നിയവരോടെല്ലാം സംസാരിച്ചാണ് അയാൾ ആന്റണിയെ വിളിച്ചത്. അപ്പുറത്ത് നിന്ന് "സാർ.. സാർ..' എന്ന ദൈന്യതയല്ലാതെ ആന്റണി വേറൊന്നും പറഞ്ഞില്ല.

""കാര്യം പറ...''
ജോൺ മാത്തന്റെ സ്വരം കഠിനമായി.""സോറീ സാർ...'' ""എന്താടാ...'' ""സാർ.. സാറ് കോർട്ടിൽ ഹാജരാവണം...''

ജോൺ മാത്തൻ തന്നെയായിരുന്നു കാർ ഡ്രൈവ് ചെയ്തത്. സാമാന്യം നല്ല വേഗത്തിലായിരുന്നു കാർ പോയ്‌ക്കൊണ്ടിരുന്നത്. ആന്ററണിയുടെ വാക്കുകൾ ജോൺ മാത്തന്റെ കാലിൽ കുടുങ്ങി. സഡൺബ്രേയ്ക്കിൽ കോടിയുടെ ഉറപ്പുള്ള കാറിനൊന്നും സംഭവിച്ചില്ല. പിറകിൽ വന്ന വാഹനങ്ങൾ ഒന്നുലഞ്ഞു. പലരും കട്ടത്തെറി വിളിക്കാൻ നാവ് പൊന്തിച്ചതാണ്. കാറും കാറിന്റെ നമ്പറും കണ്ട് പൊന്തിയ നാവുകൾ ഉള്ളിലോട്ട് വലിഞ്ഞു.

ആകാശം അപ്പോഴും മേഘാവൃതമായിരുന്നു. പെയ്യാനായില്ലെന്ന് തീരുമാനിച്ച് മേഘങ്ങൾ ആകാശത്തിന്റെ തോന്നിയ ചുമരുകളിൽ കൈയ്യും കെട്ടിനിന്നു.

നാല്കൊച്ചിയിലെ ജോൺ മാത്തന്റെ എവർ ഷൈൻ മാളിൽ നിന്ന് നൂറ് കിലോമീറ്റർ അപ്പുറത്തായുള്ളൊരു നാട്ടിൻപുറത്താണ് സേവ്യർ എന്ന അറുപത്തിയഞ്ചുകാരൻ താമസിക്കുന്നത്. നഗരത്തിലേക്ക് പോകുന്ന ബസ്സുകൾ നിർത്താൻ നാട്ടുകാർ കെട്ടിയ പ്രതീക്ഷ ബസ് വെയിറ്റിങ് ഷെഡിന് തൊട്ടടുത്ത് സേവ്യർ ഒരു ചായക്കട നടത്തുന്നു. മുഴുവൻ സമയ ചായക്കട എന്ന് വിളിക്കാൻ കഴിയില്ല. പുലർച്ചെ തൊട്ട് സൂര്യൻ വന്ന് തലയിലടിക്കും വരെയും സൂര്യൻ ശുഭരാത്രി പറഞ്ഞ് രാത്രിയിൽ സേവ്യർ ഒറ്റയാവുന്നത് വരെയും തുറന്നുപ്രവർത്തിക്കുന്നൊരു കട. കഴിക്കാൻ വിഭവങ്ങൾ കുറവാണെങ്കിലും സേവർ തന്റെ ഇടങ്കൈ ഉയർത്തി, ഏന്തിയടിക്കുന്ന ചായ കുടിക്കാൻ തൊട്ടപ്പുറത്തുള്ള നഗരങ്ങളിൽ നിന്ന് വരെ ആളുകൾ വരാറുണ്ട്. സേവ്യറിന്റെ ചായക്ക് സേവ്യറിന്റേതായ ഗുണവും രുചിയുമുണ്ടായിരുന്നു. ഉള്ളിലേക്ക് വലിയാൻ പ്രേരിപ്പിക്കുന്ന ക്ഷീണമെല്ലാം സേവ്യറിന്റെ ചായ കുടിച്ചാൽ വന്ന വഴിക്ക് തിരിച്ചുപോകും.

സേവ്യറുടെ നാട്ടിൽ ടാറിട്ട നിരത്ത് വന്നിട്ട് മൂന്ന് വർഷമാവുന്നതേയുള്ളൂ. അതിന് മുമ്പ് താഴെയുള്ള പുഴക്കരയിലായിരുന്നു സേവ്യറുടെ ചായക്കട. നിരത്തിന് വേണ്ടി മണ്ണും മരങ്ങളും കൊത്തിയെടുത്തതോടെ പുഴ കണ്ട വഴിയെ ഓടിരക്ഷപ്പെട്ടു. ചായക്കടയ്ക്ക് സമാധാനത്തോടെ നിൽക്കാൻ ധൈര്യമില്ലാതെയായി. അങ്ങനെയാണ് നിരത്തുവക്കിലേക്ക് ചായക്കട ഒരുമ്പെട്ട് കയറിയത്. അപ്പോഴേക്കും സേവ്യർ സരോജിനിയെ കെട്ടി. സരോജിനിക്ക് ആദ്യവിവാഹത്തിൽ ഒരു കുട്ടിയുണ്ടായിരുന്നു. മായ. മായ തന്റെയും മകളാണെന്നുറപ്പിച്ച് വേറൊരു കുട്ടിയ്ക്ക് സേവ്യർ ആഗ്രഹിച്ചില്ല.

കാലം കാലത്തിന്റെ വഴിക്ക് ആരെയും കൂസാതെ നടന്നുകൊണ്ടിരുന്നു. പ്രതിസന്ധികളുടെ ചെറുതും വലുതുമായ ഒട്ടേറെ മലകൾ കയറിയിറങ്ങിയിട്ടും രണ്ട് രൂപയിൽ നിന്ന് ചായയുടെ വില ഒറ്റപൈസ പോലും വർധിപ്പിക്കാൻ സേവ്യർ തയ്യാറായില്ല. നെല്ല് നടാൻ കണ്ടത്തിലിറങ്ങിയപ്പോൾ പ്രഷർ തലയിൽ കയറി, സരോജിനി അവിടെത്തന്നെ വീണ് മരിച്ചതോടെ സേവ്യർ ഒറ്റയായി. മായ ദുബായിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സുമോദിനെ കല്ല്യാണം കഴിച്ച് മേഘയുടെ അമ്മയായി മാറിക്കഴിഞ്ഞിരുന്നു. അവൾ മേഘയേയും കൂട്ടി മാസത്തിലൊരിക്കൽ സേവ്യറിനെ കാണാൻ വരും. ചായക്കടയുള്ളത് കൊണ്ട് സേവ്യറിന് ഏകാന്തതയെ അത്രയ്ക്ക് മനസ്സിലായില്ല.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ മേഘയ്ക്ക് സംഭവിച്ച ഒരപകടത്തിൽ നിന്നാണ് സേവ്യറിന്റെ ഗതി മാറുന്നത്. സ്‌കൂളിൽ നിന്ന് മടങ്ങുംവഴി അമിതവേഗത്തിൽ വന്ന ടിപ്പർലോറിയിൽ നിന്ന് രക്ഷപ്പെടാൻ നിരത്തിൽ നിന്ന് കല്ലുകൾ പൂത്തുനിൽക്കുന്ന കുറ്റിക്കാട്ടിലേക്ക് ചാടിയപ്പോൾ മേഘയുടെ കാല് വഴുതി. തല കരിങ്കല്ലിനടിച്ചു. ബോധം പോയി. നാട്ടിലെ ആശുപത്രിയിൽ നിന്ന് അപ്പോൾ തന്നെ എറണാകുളത്തെ മുന്തിയ ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർ കത്ത് നൽകി. മായയ്ക്ക് എറണാകുളത്തേക്ക് പേകേണ്ടതില്ലെന്ന മനസ്സായിരുന്നു. മേഘ ബോധത്തിൽ നിന്നുണർന്ന് സംസാരിച്ച് തുടങ്ങിയിരുന്നു. പുറമേക്ക് ചെറിയ മുറിവായിരുന്നു. കൈയ്യിൽ കാശും പരിമിതം. മേഘയ്ക്ക് ശരിയായെന്നായിരുന്നു അവളുടെ തോന്നൽ. സേവ്യറിന്റെ ഒറ്റനിർബന്ധത്തിലായിരുന്നു ആശുപത്രിയിൽ പോയത്. മേഘ വീണുവെന്നറിഞ്ഞത് മുതൽ സേവ്യറിൽ കത്തിപ്പിടിച്ച ആന്തലവസാനിക്കാത്തതാണ് ആ ഉറപ്പിലേക്ക് സേവ്യറിനെ എത്തിച്ചത്.

അയാൾ പേടിച്ചത് തന്നെ സംഭവിച്ചു. ആദ്യത്തെ ദിവസം പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞെങ്കിലും രണ്ടാംദിവസം സങ്കീർണ്ണമായി. അവൾക്ക് അടിയന്തിര ഓപ്പറേഷൻ നടത്തേണ്ടിവന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേർത്ത രേഖയിൽ മേഘ പിടഞ്ഞു. ദൈവവിശ്വാസിയല്ലാത്തത് കൊണ്ട് ആശ്വാസത്തിന് ആരെയാണ് വിളിക്കേണ്ടതെന്ന് പിടികിട്ടാതെ സേവ്യർ കുഴങ്ങി. അയാൾ വിളിക്കാതെ തന്നെ ചായക്കടയിലെ സ്ഥിരം പറ്റുകാർ സേവ്യറിനെ തേടിവന്നു. നാലാം ദിവസം അൽഭുതകരമായത് സംഭവിച്ചു. മേഘ ജീവിതം തിരിച്ചുപിടിച്ചു. ഡോക്ടർ ആശ്വാസത്തോടെ അത് പറയുമ്പോൾ ഏറെക്കാലത്തിന് ശേഷം സന്തോഷത്തിന്റെ പരകോടിയിലേക്ക് സേവ്യർ ഉയർത്തപ്പെട്ടു. നാട്ടിൽ നിന്ന് വന്നവർക്ക് അന്ന് രാത്രി അയാൾ വയറ് നിറച്ച് മദ്യം വാങ്ങിക്കൊടുത്തു. സേവ്യറും രണ്ടെണ്ണം കഴിച്ചു. അവരെ പറഞ്ഞയച്ച് ആശുപത്രിയിൽ തിരിച്ചെത്തുമ്പോഴേക്കും മായയും മേഘയും ഉറങ്ങിയിരുന്നു. അവരുടെ ഉറക്കം സ്‌നേഹത്തോടെ തെല്ലിട നോക്കി, നിലാവ് കാണാൻ ആശുപത്രിയിലെ ബാൽക്കണിയിൽ അയാൾ പോയിനിന്നു. ബാൽക്കണിയിലെ കസേരയിൽ ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുന്നുണ്ടായിരുന്നു. അമ്പതിനടുത്ത് പ്രായം. സൗന്ദര്യം കെട്ടുപോകാത്ത രൂപം. നീലവെളിച്ചത്തിൽ അവളുടെ മുഖം കൂടുതൽ തിളങ്ങി. അവളെ നോക്കിനിൽക്കവെ സേവ്യറിന്റെ നെഞ്ചിന്റെ താളം പൂരക്കാലത്തെ ചെണ്ടയായി. അനുരാഗത്തിന്റെ പൂത്തിരികൾ സേവ്യറിന്റെ ആകാശത്തേക്കുയർന്നത് അങ്ങനെയാണ്.

സാറ എന്നായിരുന്നു അവളുടെ പേര്. ഭർത്താവ് തോമസിനൊപ്പം കോട്ടയത്ത് നിന്ന് വന്നതാണ്. തോമസ് മദ്യപിച്ച് കരളും സ്‌നേഹത്തിന്റെ കരളും നഷ്ടമായി മരണത്തിനൊപ്പം ഒളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയാണ്. മരിക്കാറായെന്ന് മനസ്സിലായിട്ടും അയാളുടെ ദുഷ്ടതയും സംശയവും മാറിയതേയില്ല. ബോധമുള്ള നേരങ്ങളിലെല്ലാം നാവിൽ വരുന്ന പുരുഷനാമങ്ങൾ ചേർത്ത് അയാൾ അവളെ പച്ചത്തെറി വിളിച്ചു. അവൾ നിശബ്ദതയോടെ കേട്ടുനിൽക്കും. അവളൊന്നും മിണ്ടാത്തത് അയാളുടെ രോഷം ഇരട്ടിയാക്കും. തെറിയുടെ കാഠിന്യവും ഗാംഭീര്യവും കൂടും. ഒച്ചയേറുമ്പോൾ ചോര തുപ്പും. ആശ്വാസത്തോടെ വാക്കുകൾ ഉള്ളിലോട്ട് വലിയും. അബോധത്തിലേക്ക് അയാൾ കണ്ണുകളടക്കും.

മേഘയെ ഡിസ്ചാർജ്ജ് ചെയ്യാനെടുത്ത ഒമ്പത് ദിവസത്തിനുള്ളിൽ സേവ്യർ സാറയുടെ മനസ്സിലേക്ക് സ്‌നേഹത്തിന്റെ ചായ ഏന്തിയടിച്ചു. തോമസിന്റെ ഉപദ്രവവും കുത്തുവാക്കും കാരണം ഒരു കരിങ്കല്ല് എടുത്തുവെച്ചത് പോലെയായിരുന്നു സാറയുടെ മനസ്സ്. അഹല്യയ്ക്ക് ശാപമോക്ഷം നൽകിയ ശ്രീരാമനായി സേവ്യർ. സാറയെ സ്‌നേഹത്തിന്റെ സ്വപ്‌നലോകത്തേക്ക് കൊണ്ടുപോയി സേവ്യർ.

മേഘയെ ഡിസ്ചാർജ്ജ് ചെയ്ത ദിവസം തന്നെയാണ് സാറയും തോമസും ആശുപത്രി വിട്ടത്. "പ്രത്യേകിച്ച് ചികിൽസയൊന്നും വേണ്ട, പെയ്ൻ ആന്റ് പാലിയേറ്റിവിന്റെ ആളുകളോട് വരാൻ പറഞ്ഞാൽ മതി'യെന്ന് ഡോക്ടർ സാറയോട് കൈമലർത്തി.

വീട്ടിലെത്തിയതിന്റെ നാലാം നാൾ നീണ്ടൊരു ചോരതുപ്പലിൽ തോമസ് സാറയെ തെറിവിളിക്കുന്നത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. "നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടീ നായിന്റാമോളേ...' എന്നായിരുന്നു അയാൾ അവസാനമായി ഉച്ചരിച്ച വാക്ക്. അടക്കം കഴിഞ്ഞ് ആളുകൾ പോകുന്നത് വരെ അവൾ അയാൾ പറഞ്ഞത് സ്വയം ആവർത്തിച്ചുകൊണ്ടിരുന്നു."നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടീ നായിന്റാമോളേ...'
അങ്ങനെ പറയുമ്പോൾ അവളുടെ ചുണ്ടുകളിൽ അവൾക്ക് മാത്രം കാണാവുന്ന ഒരു ചിരി കത്തിനിന്നു. തോമസ് മരിച്ചതറിഞ്ഞ് സേവ്യർ അവളുടെ വീട്ടിൽ ചെന്നു. അധികമൊന്നും അവർ സംസാരിച്ചില്ലെങ്കിലും അയാളുടെ വരവ് അവളുടെ മനസിന്റെ പിടച്ചിലുകളെയകറ്റി.

അതിന് ശേഷം അവർ നിരന്തരം ഫോണിൽ സംസാരിക്കാൻ തുടങ്ങി. സ്‌നേഹം തുള്ളിതുളുമ്പിയത് കൊണ്ടാവാം സേവ്യറുടെ ചായയുടെ രുചിയും കൂടി. പെട്ടെന്ന് ചെറുപ്പം വന്നത് അയാൾ അനുഭവിച്ചു. സാറയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. സേവ്യറെ കണ്ടുകൊണ്ടേയിരിക്കാനും സംസാരിച്ചുകൊണ്ടേയിരിക്കാനും അവൾ അതിതായി ആഗ്രഹിച്ചു. തോമസ് വർഷങ്ങളായി അണ കെട്ടിയിട്ട സ്‌നേഹത്തിന്റെ പുഴ സാറയിൽ നിന്ന് കുത്തിയൊഴുകിത്തുടങ്ങി.

സംസാരത്തിനിടയിൽ എറണാകുളത്തെ എവർഷൈൻ മാൾ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് സാറയാണ്. അടുത്തയാഴ്ച ചെക്കപ്പിന് മേഘയേയും കൂട്ടിവരുമ്പോൾ പോകാമെന്ന് സേവ്യർ ഉറപ്പ് നൽകി.

രണ്ട് ദിവസത്തേക്ക് മേഘയെ അഡ്മിറ്റ് ചെയ്തു. പ്രശ്‌നമൊന്നുമില്ല, ഒന്നൂടെ ചെക്ക് ചെയ്യാനാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ സേവ്യറിനും മായയ്ക്കും ആശ്വാസമായി. ഉച്ചയ്ക്ക് ശേഷം നഗരത്തിലെത്താൻ സേവ്യർ സാറയ്ക്ക് മെസ്സേജയച്ചു. മെസ്സേജയക്കുമ്പോൾ നെഞ്ചിന്റെ പിടച്ചിൽ വിരലുകളിൽ വിറയായി പടർന്നു.
"ഞാനൊന്ന് പുറത്തുപോയിട്ട് വേഗം വരാമെന്ന്' മായയോട് പറഞ്ഞ് അയാൾ നഗരത്തിലേക്കിറങ്ങി. ബസ് സ്‌റ്റോപ്പിൽ സാറ അയാളെയും കാത്തുനിൽപ്പുണ്ടായിരുന്നു. ആദ്യമവർക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ചെറുമന്ദഹാസത്തോടെ അവർ മാളിലേക്ക് ഓട്ടോ പിടിച്ചു.

അത്രയും വലിയൊരു മാൾ കാണുന്നതിന്റെ ആശ്ചര്യം സാറക്കെന്ന പോലെ സേവ്യറിനും ഉണ്ടായിരുന്നു. ഫെസ്റ്റിവൽ സീസണായിരുന്നു. തിക്കും തിരക്കും സമ്പന്നരും നിറഞ്ഞ അന്തരീക്ഷം സാറയ്‌ക്കെന്ന പോലെ സേവ്യറിനെയും സംഭ്രമിപ്പിച്ചു. നഷ്ടപ്പെട്ടുപോവാതിരിക്കാൻ അവർ അറിയാതെ പരസ്പരം കൈപിടിച്ചു. എസ്‌കവേറ്റർ കയറിപ്പരിചയമൊന്നുമില്ലെങ്കിലും ആളുകൾ കയറുന്നത് നോക്കി സേവ്യർ സാറയെ കൈപിടിച്ചുകയറ്റി. പല നിലകളിൽ കയറിയിറങ്ങി പലതും കണ്ട് അവർക്ക് ക്ഷീണിച്ചു. "ഒരു ചായ കുടിക്കാം' എന്ന് പറഞ്ഞത് സാറയാണ്. സേവ്യറിനും ദാഹിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് എവർഷൈൻ മാളിന്റെ മുതലാളി ജോൺ മാത്തന്റെ അപ്പന്റെ പേരിലുള്ള ഡേവിഡ്‌സ് കോഫിഷോപ്പിലേക്ക് അവർ കയറിയത്. നല്ല തിരക്കുണ്ടായിരുന്നു. കുറച്ച് കാത്തുനിന്നിട്ടാണ് ഇരുവർക്കും സീറ്റ് കിട്ടിയത്. സേവ്യർ രണ്ട് ചായയ്ക്ക് പറഞ്ഞു. കഴിക്കാനുള്ള വിഭവങ്ങളുടെ പേരുകളെല്ലാം ഇംഗ്ലീഷിലായത് കൊണ്ട് ഇരുവർക്കും ഒന്നും മനസ്സിലായില്ല. ചായ മാത്രം മതിയെന്നുറപ്പിച്ചു. രണ്ട് വലിയ കപ്പുകളിലാണ് ചായ വന്നത്. ചായയുടെ നിറം കണ്ട പാടെ സേവ്യറിന്റെ മുഖം മാറുന്നത് സാറ ശ്രദ്ധിച്ചു. അവൾ ചായ കുടിച്ചുതുടങ്ങിയിരുന്നു. സേവ്യർ ഒരിറുക്ക് കുടിച്ചു.

ഏയ്...
അയാൾ സപ്ലൈയറെ നീട്ടിവിളിച്ചു.

""എന്താ...?''
വയസ്സനായത് കൊണ്ടും ഇട്ടിരുന്ന വസ്ത്രങ്ങൾ പഴകിയതായത് കൊണ്ടും സപ്ലൈയറായ ചെറുപ്പക്കാരന് സേവ്യറിനെ കണ്ടപ്പോൾ തന്നെ പുച്ഛം തോന്നിയിരുന്നു. സേവ്യറും സാറയും വന്ന സമയത്ത് തന്നെ അകത്തുകയറിയ സ്ലീവ്‌ലെസ്സിട്ട ചേച്ചിയിലായിരുന്നു അവന്റെ കണ്ണ്. അവളും അവന് കണ്ണ് കൊടുക്കാതിരുന്നില്ല. പോകുന്നതിന് മുമ്പ് നമ്പർ വാങ്ങിയിരിക്കുമെന്ന് കോഴിക്കളിയിൽ അഗ്രഗണ്യനായ അവനുറപ്പിച്ചു. അവൾക്കായുള്ള ബ്രൂകോഫി എടുക്കാൻ നടക്കവെയാണ് സേവ്യർ വിളിക്കുന്നത്. ഈർഷ്യയ്ക്ക് അതും ഒരു കാരണമായി.

""ഇതെന്ത് ചായയാ മോനേ..''
കപ്പ് മേശയ്ക്ക് മുകളിൽ വെച്ച് സേവ്യർ ചോദിച്ചു.

""എന്തുപറ്റി...?'' ""ഇതാണോ ചായ.. ചായപ്പൊടിയും പഞ്ചസാരയും വെള്ളവും പാലുമിട്ട് കലക്കിയാൽ ചായയാവില്ല..''

കേൾവിശക്തി കുറവായതിനാൽ സേവ്യർ സംസാരിക്കുമ്പോൾ ഒച്ച കൂടി. അയാൾ പറയുന്നത് എല്ലാവരും കേട്ടു. വേറൊരു സപ്ലൈയർ സ്ലീവ്‌ലെസ്സിട്ട ചേച്ചിക്ക് ബ്രൂകോഫി കൊണ്ടുകൊടുത്തു. ചെറുപ്പക്കാരന്റെ മനക്കോട്ട തകർന്നു. തകർന്ന കോട്ടയുടെ വിടവിലൂടെ ദേഷ്യം ഇരച്ചുവന്നു.

""വേണമെങ്കില് കുടിച്ചാൽ മതി.. ഇതുവരെ ഇവിടെയുണ്ടാക്കുന്ന ഒന്നിനും ആരും പരാതി പറഞ്ഞിട്ടില്ല...'' ""നിന്നെയൊക്കെ പേടിച്ചിട്ടായിരിക്കും പറയാത്തത്. എനിക്കാരെയും പേടിയില്ല...'' ""അതിന് ഞാനെന്ത് ചെയ്യണം..! ആരും വരാൻ നിർബന്ധിച്ചില്ലല്ലോ...''
സേവ്യർ ഒന്ന് പതറി. ""ആ..എനിക്ക് വേണ്ട...'' ""വേണ്ടെങ്കിൽ വേണ്ട...'' ""മര്യാദയ്ക്ക് സംസാരിക്കെടാ.. നിന്റെ അച്ഛന്റെ പ്രായമുണ്ടാവും എനിക്ക്...'' ""അത് നിങ്ങളും വിചാരിക്കണം...''

സേവ്യർ തിരിച്ചുപറയാൻ തുടങ്ങിയതാണ്. ""നിർത്ത് സേവ്യറേ.. മതി..''
സാറ ഒച്ചയെടുത്തു. സേവ്യർ ഒന്നടങ്ങി. ചെറുപ്പക്കാരൻ ചേച്ചിയിലേക്ക് തിരിച്ചുപോയി. ചായ കുടിക്കാൻ സാറ കണ്ണുകളാൽ അഭ്യർത്ഥിച്ചു. സേവ്യർ കൂട്ടാക്കിയില്ല.

സാറ ചായ പകുതിക്ക് കുടിച്ചുവെച്ചു.
സ്ലീവ്‌ലെസ്സിട്ട ചേച്ചി ചെറുപ്പക്കാരന് ഫോൺനമ്പർ നൽകാതെ ഇറങ്ങിപ്പോയി. നിരാശയോടെ ബില്ല് ഒരു പാത്രത്തിലാക്കി അവൻ സേവ്യറിന് മുമ്പിൽ വെച്ചു.
സേവ്യർ പാത്രത്തിൽ നിന്ന് ബില്ലെടുത്തു.
സേവ്യർ ഞെട്ടിപ്പോയി.
300 രൂപ..!""ഇതെന്താടാ... ഞങ്ങൾ ബിരിയാണിയൊന്നും കഴിച്ചിട്ടില്ല...'' ""ഇവിടെ അങ്ങനെയാ.. ഒരു ചായക്ക് 150 രൂപ..'' ""ഇതമേരിക്കയൊന്നുമല്ലല്ലോ...! രണ്ടുർപ്യക്കാ ഞാൻ ചായ കൊടുക്കല്.. അതാണ് ചായ. ഇതെന്ത് ചായ..!'' ""അധികം വർത്തമാനം പറയാണ്ട് കാശ് വെച്ച് പോ ചേട്ടാ... കസ്റ്റമേഴ്‌സ് വെയ്റ്റ് ചെയ്യുന്നുണ്ട്...'' ""ഞാൻ തരില്ല.. ഇതൊന്നും ചോദിക്കാൻ ആളില്ലാഞ്ഞിട്ടാ...'' ""തന്നില്ലെങ്കിൽ നിങ്ങള് രണ്ടാളും ഇവിടുന്ന് പോവില്ല...'' ""ആ.. കാണാല്ലോ...''

എഴുന്നേൽക്കാൻ തുടങ്ങിയ സേവ്യറിന്റെ കൈ സാറ പിടിച്ചു. ""കൊട്ക്ക്.. പോവാം...''
അവൾ അപേക്ഷാഭാവത്തിൽ പറഞ്ഞു. അയാൾ ഒന്നടങ്ങി. ചെറുപ്പക്കാരനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അയാൾ കീശ തപ്പി.
കീശ കാലി. കീശയുടെ കീഴ്ഭാഗം കീറിയിരിക്കുന്നു. അയാളുടെ മുഖത്ത് ദൈന്യത നിറഞ്ഞു.

""എന്തേയ്...''
സാറ ഒച്ചയുണ്ടാക്കാതെ ചോദിച്ചു.""കാശ് എവിടെയോ വീണു...'' ""അയ്യോ...''

ചെറുപ്പക്കാരന് സേവ്യറിന്റെ കൈയ്യിൽ കാശില്ലെന്ന് മനസ്സിലായി. ""ഓഹോ.. അപ്പോൾ കാശില്ലാത്തോണ്ടാണ് ഈ നെഗളിപ്പ്...''

""വീണുപോയി..''
വേട്ടക്കാരന്റെ വലയിലകപ്പെട്ട പക്ഷിയുടെ കുറുകൽ പോലെ സേവ്യറിൽ നിന്ന് വാക്കുകൾ ഉതിർന്നുവീണു. കഫേയിലെ എല്ലാ കണ്ണുകളും അയാളിൽ പതിഞ്ഞു.

""വിശ്വസിച്ച്.. വിശ്വസിച്ച്... അടവെടുക്കല്ലേ.. മര്യാദയ്ക്ക് കാശ് തന്നിട്ട് പോ..അല്ലെങ്കിൽ വിവരമറിയും...''

സേവ്യർ വിയർത്തു. സാറ തന്റെ പഴ്‌സിൽ തപ്പി. 200 രൂപയേ ഉണ്ടായിരുന്നുള്ളൂ. സേവ്യർ സങ്കടത്തോടെ സാറയെ നോക്കി. മന്ദഹസിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ഇടങ്കൈയിലെ മോതിരമൂരി മേശയ്ക്ക് മുകളിൽ വെച്ചു.
പെട്ടെന്ന് പിറകിൽ നിന്നൊരാൾ അഞ്ഞൂറിന്റെ നോട്ട് ബില്ലിന്റെ പാത്രത്തിൽ വെച്ചു. എലിയെ തട്ടിക്കളിക്കുന്ന പൂച്ചയെ പോലെ രസം പൂണ്ട ചെറുപ്പക്കാരൻ നിരാശനായി.

""ഞാൻ ജയൻ... ചേട്ടന്റെ ചായക്കടയിൽ വന്നിട്ടുണ്ട്...''
ജയൻ സ്‌നേഹത്തോടെ സ്വയം പരിചയപ്പെടുത്തി.
ചെറുപ്പക്കാരൻ ഇഷ്ടക്കേടോടെ ബില്ലും കാശുമെടുത്ത് പോയി. സേവ്യറിന്റെ ശ്വാസം നേരെ വീണു.

""നമ്പർ തന്നാൽ ഞാൻ നാട്ടിലെത്തി ഇട്ടോളാം...കീശ കീറിയതറിഞ്ഞിരുന്നില്ല...''
സേവ്യർ പറഞ്ഞു. ജയൻ ചിരിച്ചു.""അതവിടെ നിൽക്കട്ടെ ചേട്ടാ... ഞാൻ ചേട്ടന്റെ ചായ കുടിച്ച് കടം തീർത്തോളാം.. പോരേ...''
അതും പറഞ്ഞ് ജയൻ കോഫിഷോപ്പിൽ നിന്നിറങ്ങിപ്പോയി. ചെറുപ്പക്കാരൻ പാത്രത്തിൽ കൊണ്ടുവെച്ച ബാക്കിത്തുക നോക്കി സേവ്യർ ഇരുന്നു.""പോകാം...''
സാറ എഴുന്നേറ്റു.

ചില്ലുജാലകത്തിലൂടെ ആകാശം അവരെ നോക്കി. ആകാശം മേഘാവൃതമാണ്. മഴ ഇനിയും പെയ്തുതുടങ്ങിയിട്ടില്ല.
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അയാൾ ചെറുപ്പക്കാരനെ വിളിച്ചു.""ബില്ല് വേണം...''
വളരെ പതിയെയാണ് സേവ്യർ അത് പറഞ്ഞത്.
കഫേയിലെ എല്ലാവരും അത് കേട്ടു.

അഞ്ച്""ഒരു പ്രൊഡക്ടറിന് കൽപ്പിക്കാനാവുന്ന പരാമവധി മൂല്യത്തിനപ്പുറത്താണ് നിങ്ങൾ വിലയിട്ടതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. മാത്രമല്ല, ഉപഭോക്താവാണ് ദൈവം എന്ന് പറഞ്ഞിട്ടുള്ളത് രാഷ്ട്രപിതാവാണ്. ഹർജിക്കാരനെ നിങ്ങളുടെ ജീവനക്കാർ മോശമായ ഭാഷയിൽ അപമാനിക്കുകയുമുണ്ടായി. മാനനഷ്ടത്തിനും മൂല്യനഷ്ടത്തിനും പരിഹാരത്തിനായാണ് ഹർജിക്കാരൻ നിങ്ങൾക്ക് വക്കീൽ നോട്ടീസയച്ചത്. അതിന് മതിതായ രീതിയിൽ പ്രതികരിക്കാത്തനിലാണ് ഈ സമൻസ്. 12-ന് 12 മണിക്ക് കോടതിയിൽ ഹാജരായില്ലെങ്കിൽ നിങ്ങൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പടുവിക്കുമെന്ന് ഈ കോടതി ഉത്തരവിടുന്നു.''
എവർഷൈൻ മാളിലെ ഏറ്റവും മുകൾ നിലയിലെ തന്റെ ചില്ലിട്ട മുറിയിലിരുന്ന് സമൻസ് വായിച്ചുകഴിഞ്ഞിട്ടും ജോൺ മാത്തൻ കടലാസിൽ നിന്ന് തലയുയർത്തിയില്ല. എന്താണയാൾ പറയാൻ പോകുന്നതെന്ന ആകാംക്ഷയിലും പരിഭ്രമത്തിലും ആന്റണി വിനീതനായി നിന്നു.

""കോടതിയിൽ ഞാൻ തന്നെ പേവേണ്ടി വരുമോ...''
ജോൺ മാത്തൻ തലയുയർത്തി. ജോൺ മാത്തനിൽ ദേഷ്യത്തിന്റെ വേലിയേറ്റമില്ലാത്തത് ആന്റണിയിൽ മനസമാധാനം തിരിച്ചുകൊണ്ടുവന്നു.

""ഞാൻ കുറേ ട്രൈചെയ്തു.. ജഡ്ജി കർണ്ണനാ.. അയാൾ അമ്പിനും വില്ലിനും അടുക്കില്ല. സുപ്രീംകോടതി ജഡ്ജിനെ ചീത്ത വിളിച്ചിട്ട് പണിഷ്‌മെന്റ് കിട്ടിയ ആളാ...''
ജോൺ മാത്തനൊന്ന് മൂളി.

""മേൽത്തട്ടിലെ മനുഷ്യരോട് അയാൾക്ക് ഒരു തരം ചൊറിച്ചലാ..വളരെ കഷ്ടപ്പെട്ട് വളർന്നതാ, എപ്പോഴും അത് എല്ലിൽ കുത്തും...''
ജോൺ മാത്തൻ സമൻസ് തിരിച്ചുകൊടുത്തു.

""കുറേക്കാലമായി കോടതി കണ്ടിട്ട്.. എന്തൊക്കെയാ മാറ്റങ്ങളുള്ളതെന്നറിയാലോ... ഇറങ്ങുന്നത് ജയിച്ചിട്ടായിരിക്കണം. മനസ്സിലായോ...'' ""ഇതില് വേറെ പ്രശ്‌നമൊന്നുമില്ല. നമ്മുടേത് സ്‌പെഷൽ എക്കണോമിക് സോണാ. നമുക്കിഷ്ടപ്പെട്ട വില നമ്മുടെ പ്രൊഡക്ടിനിടുന്നതിൽ പ്രശ്‌നമൊന്നുമില്ല. അത്രയേയുള്ളൂ.. കസ്റ്റമറിനോട് മോശമായി ബിഹേവ് ചെയ്തുവോയെന്ന പ്രശ്‌നമേ ബാക്കിയായുള്ളൂ...'' ""അയാളാണ് നമ്മുടെ ജോലിക്കാരെ ഇൻസൾട്ട് ചെയ്തത്.. അങ്ങനെയായിരിക്കണം...''
ആന്റണി തലയാട്ടി.

""വർഷങ്ങൾക്ക് ശേഷം കിട്ടുന്ന പണിയാ.. അപ്പോഴത് ആഹ്ലാദത്തോടെ നമ്മളേറ്റെടുക്കണം. നമ്മുടെ ആഹ്ലാദം ഇരട്ടിയായി തിരിച്ചുംകൊടുക്കണം... എങ്കിലേ അയാൾക്കും സന്തോഷമാവൂ.. ചെയ്യേണ്ടതൊക്കെ ചെയ്തുതുടങ്ങീലേ...'' ""എപ്പോഴേ തുടങ്ങീ...''

ജോൺ മാത്തന് പ്രമുഖനായൊരു നടന്റെ കോൾ വന്നു. ആന്റണിയോട് "ഓകെ' പറഞ്ഞ് അയാൾ ഫോൺ അറ്റൻഡ് ചെയ്ത് ബാൽക്കണിയിലേക്ക് നടന്നു. ""ഞാൻ സെറ്റിൽ ചെയ്‌തോളാം.. നെക്‌സ്റ്റ് വീക്കല്ലേ റിലീസ്.. ഓവർസീസ് റെഡിയാക്കാംന്ന്.. ഷേയ്ഖിനോട് ഞാൻ സംസാരിക്കാം. ഡോണ്ട് വറി മാൻ...''

ചിരിച്ചുകൊണ്ട് സംസാരിക്കവെ മാളിനപ്പുറത്തെ ഇടുങ്ങിയ ഗലിയിൽ ഒരാൾ പെട്ടിക്കട ഉരുട്ടിക്കൊണ്ട് പോകുന്നത് ജോൺ മാത്തൻ കണ്ടു. പെട്ടിക്കട പണിപ്പെട്ടൊതുക്കി വെച്ച് അയാൾ നെറ്റിയിലെ വിയർപ്പ് തോർത്ത് കൊണ്ട് തുടച്ച് മാളിനെ നോക്കി, അത് സേവ്യറായിരുന്നു.

ആറ്ജോൺ മാത്തനെതിരെ കേസിന് പോകുന്നതറിഞ്ഞ് "മലയോടാണ് നീ മുട്ടുന്നത്, സ്വയം മുറിവേൽക്കുകയേയുള്ളൂവെന്ന്' അധികം പേരും സേവ്യറെ തടഞ്ഞു. സേവ്യർ ആരുടെയും വാക്കുകൾക്ക് വിലകൊടുത്തില്ല.""കണ്ടാലറിയാത്തവൻ കൊണ്ടറിയും.''
ആളുകൾ സേവ്യറെ സേവ്യറിന്റെ ഇഷ്ടത്തിന് വിട്ടു.
സാറ അയാൾക്കൊപ്പം നിന്നു. പാതിമനസ്സോടെ മായയും.
വക്കീൽനോട്ടീസയച്ചതിന്റെ ഏഴാം ദിവസം സേവ്യറിന്റെ ചായക്കട പോലീസ് ഒഴിപ്പിച്ചു. സർക്കാർ സ്ഥലത്ത് ചായക്കട തുടങ്ങുന്നതിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം വാങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു. പഞ്ചായത്തിൽനിന്ന് തന്ന പെർമിഷൻ കടലാസ് സേവ്യർ കാണിച്ചെങ്കിലും അവർ വഴങ്ങിയില്ല. മുകളിൽ നിന്നുള്ള തീരുമാനം നടപ്പിലാക്കി, അടുത്ത ജനവിരുദ്ധപരിപാടിക്ക് അവർ ജീപ്പിൽ കയറി.

അന്ന് കഴിഞ്ഞുള്ള കുറച്ച് രാത്രികൾ സേവ്യറിന് ഉറക്കം കിട്ടിയില്ല. താഴത്തേക്ക് ചായക്കട മാറ്റാൻ സേവ്യറിന്റെ ചായയിൽ ആഗ്രഹമുള്ളവർ പറഞ്ഞുനോക്കിയെങ്കിലും അയാൾ കൂട്ടാക്കിയില്ല.
കോടതിയിൽ നിന്ന് ജോൺ മാത്തന് സമൻസ് പോയിട്ടുണ്ടെന്നറിഞ്ഞ രാത്രിയിൽ സേവ്യർ സുഖമായുറങ്ങി. പിറ്റേദിവസം എവർഷൈൻ മാളിന് മുന്നിൽ നിയമവിധേയമായി അയാളുടെ പെട്ടിക്കട തുറന്നു. പെട്ടിക്കടക്ക് മുന്നിൽ പഴയ കടയുടെ ബോർഡും വെച്ചു.

"ചായ- 2 രൂപ.
അന്നും ഇന്നും എന്നും.'

ഏഴ്ഡാലിയക്കടുത്തിരുന്ന് ടിവി ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുമ്പോൾ സേവ്യറിന്റെ പെട്ടിക്കടയെക്കുറിച്ചുള്ള വാർത്ത ജോൺ മാത്തന്റെ കണ്ണിൽ പെട്ടു. തന്റെ ചായയുടെ സവിശേഷതകളെ കുറിച്ച് സേവ്യർ സംസാരിക്കുകയാണ്. മാളിന് മുന്നിലുള്ള പെട്ടിക്കടയാണെന്ന് ജോൺ മാത്തന് എളുപ്പത്തിൽ മനസ്സിലായി. ടെലഗ്രാമിൽ ആന്റണിയുടെ മെസ്സേജ് വന്നു. വീഡിയോയാണ്. അയാളത് തുറന്നു. സേവ്യറിന്റെ അഭിമുഖത്തിൽ നിന്ന് ചാനൽ കട്ടുചെയ്ത് മാറ്റിയത്. ""എവർഷൈനിന്റെ മുതലാളിക്കെതിരെ കേസ് കൊടുത്തതിന് എന്റെ ചായക്കട പോലീസിനെ കൊണ്ട് അവർ പൂട്ടിച്ചു. എന്റെ അന്നമാണ് മുട്ടിയത്. എന്റെ പേരക്കുട്ടിക്ക് തലയ്ക്ക് ഓപ്പറേഷന് നടത്തിയിട്ട് കുറേ ബാധ്യത വന്നു. ഇനി ഞാനെങ്ങെനെ അതൊക്കെ കൊടുത്തുതീർക്കും. വേറെ വഴിയില്ലാത്തതോണ്ടാ ഞാനിവിടെ പെട്ടിക്കടയിട്ടത്. അയാളുടെ നൂറ്റിയമ്പതിന്റെ ചായയേക്കാൾ വലുതാണ് എന്റെ രണ്ട് രൂപയുടെ ചായയെന്ന് തെളിയിച്ചിട്ടേ ഞാൻ ഇവിടുന്ന് പോവൂ...''

തനിക്കെതിരെ കേസ് കൊടുത്തയാൾ ആരാണെന്ന് ജോൺ മാത്തന് മനസ്സിലാവുന്നത് അപ്പോഴാണ്. ""പണക്കാരനായി മാറുന്ന ഏതൊരു മനുഷ്യന്റെയും ഉള്ളിലൊരു ക്രിമിനലുണ്ടാവും. ഒരു കുറ്റമെങ്കിലും ചെയ്യാതെ അവൻ മുകളിലോട്ടുള്ള പടവുകൾ എളുപ്പം ചാടിക്കയറില്ല. ഇയാളും അങ്ങനെത്തന്നെയാ... കോടിക്കണക്കിന് നോട്ടുകെട്ടുകൾ കത്തിപ്പോവാൻ ഒരു ഗ്ലാസ് ചായക്കായി വെയ്ക്കുന്ന തീ മതി. നാണയമാ രണ്ടുർപ്യ. അതങ്ങനെ കത്തിപ്പോവൂലാ..''
സേവ്യർ പറയുന്നു. ദേഷ്യത്തിൽ നിന്ന് മന്ദഹാസത്തിലേക്ക് മാറുന്ന അയാളുടെ ഭാവം കണ്ട് മാത്തന്റെ നെഞ്ച് രണ്ട് കൊട്ടങ്ങ് കൊട്ടി.

വീഡിയോക്ക് താഴെയുള്ള ആന്ററണിയുടെ വോയ്‌സ് മെസ്സേജ് ജോൺ മാത്തൻ തുറന്നു.""ചാനലുകാർ ഇത് കട്ട് ചെയ്ത് ടെലികാസ്റ്റ് വിട്ടതാ... നമ്മള് കൊടുക്കുന്ന പരസ്യത്തിനുള്ള കൂലി. ഉണ്ട ചോറിനുള്ള നന്ദി...''
ആന്റണി ജോൺ മാത്തന് മറുപടി കൊടുത്തില്ല. തന്നെത്തന്നെ നോക്കി, തലയിണയിൽ തല ചാരിവെച്ച് കിടക്കുന്ന ഡാലിയക്ക് അയാൾ പുതിയൊരു കഥ പറഞ്ഞുകൊടുക്കാൻ തുടങ്ങി.

എട്ട്കോടതിയിൽ സേവ്യറിന് വേണ്ടി ഹാജരായ സുധാകരൻ വക്കീൽ നന്നേ വിയർത്തു. ""പത്മശ്രീ കിട്ടിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ലക്ഷക്കണക്കിന് മനുഷ്യർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നുനൽകുന്ന കാരുണ്യത്തിന്റെ പ്രതിബിംബം. അങ്ങനെയുള്ളൊരു മനുഷ്യനെ താറടിച്ച് കാണിക്കാൻ മനഃപൂർവ്വമുണ്ടാക്കിയ കേസാണിത്. അദ്ദേഹത്തിന്റെയും കോടതിയുടെയും വിലപ്പെട്ട സമയം കളഞ്ഞതിന്റെ നഷ്ടപരിഹാരവും ശിക്ഷയായിട്ട് കൂട്ടിച്ചേർക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു...''
ആന്റണി ഗാംഭീര്യത്തോടെ ഉപസംഹരിച്ചപ്പോൾ സുധാകരനൊന്നും കിട്ടാതെയായി. സാഹചര്യത്തെളിവുകളും സ്‌പെഷൽ എക്കണോമിക് സോണിന്റെ നിയമവശങ്ങളും സേവ്യറിന് എതിരായി. കഫെയിൽ സേവ്യർ ചായ കുടിച്ച സമയത്തുണ്ടായിരുന്നവരെല്ലാം അയാൾക്ക് എതിർസാക്ഷി പറഞ്ഞു. സേവ്യറാണ് പ്രകോപനമുണ്ടാക്കിയതെന്ന് അവർക്ക് യാതൊരു സംശയവുമുണ്ടായില്ല.

സാറയുടെ മൊഴി അപ്രസക്തമായി. അയാളും സാറയും തമ്മിലുള്ള ബന്ധത്തിന്റെ അവിഹിത വഴികളിലൂടെ ആന്റണി സഞ്ചരിച്ചതോടെ സാറയുടെ കണ്ണുകൾ നിറഞ്ഞു. ""ഭർത്താവ് മരിച്ചിട്ട് ബോഡി കത്തിത്തീർന്നിട്ടുണ്ടാവില്ല, അപ്പോഴേക്കും അന്യനൊരാൾക്കൊപ്പം പൊറുക്കാൻ നാണമില്ലല്ലോ.. നീയൊക്കെയാണ് സ്ത്രീകളുടെ വില കളയുന്നത്.'' ആന്റണി ഉച്ചത്തിൽ ശകാരിച്ചത് കർണന്റെയും നെഞ്ചിൽ കൊണ്ടു. തന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഒരു കേബിൾടിവിക്കാരനൊപ്പം ഒളിച്ചോടിപ്പോയത് അയാളുടെ ഓർമയിൽ വന്നു.

""അതുകൊണ്ട് ഒരു തരത്തിലുള്ള ദയയും സേവ്യർ അർഹിക്കുന്നില്ലെന്നും ഉച്ചക്ക് ശേഷം കേസിന്റെ വിധിയുണ്ടാകുന്നതാണെന്നും ഈ കോടതി അറിയിച്ചുകൊള്ളുന്നു..''
അങ്ങനെ പറയാനാണ് കർണന് തോന്നിയത്.""ഇതിന്മേലുള്ള വിശദമായ വാദവും തുടർവിധിയും അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നു.''
അങ്ങനെയാണ് കർണൻ പറഞ്ഞത്.

ഒമ്പത്പെട്ടിക്കടയിലെ സ്റ്റാന്റിൽ കൈകുത്തിനിന്ന് സേവ്യറിന്റെ ചായ കുടിച്ചുകഴിഞ്ഞ് സുധാകരൻ പറഞ്ഞു.""നല്ല ബെസ്റ്റ് ചായ...''
സേവ്യർ മറുപടി പറഞ്ഞില്ല. ഫോണിൽ ചീത്തവിളിക്കുന്ന മക്കൾക്ക് വിശദീകരണം നൽകുന്ന സാറയേയും നോക്കി അയാൾ നിന്നു.
കോടതിയിൽ നടന്നത് സാറയുടെ മക്കൾ അറിഞ്ഞിരുന്നു. അറിയിച്ചു എന്ന് പറയുന്നതാവാം ശരി.""സേവ്യറേട്ടാ.. നിങ്ങൾക്കവിടെ ചായയും വിറ്റ് നിന്നൂടായിരുന്നോ.. വെറുതെ എന്തിനാ ഈ വേണ്ടാത്ത പണി... അവരൊക്കെ വലിയ ആൾക്കാരാ സേവ്യറേട്ടാ.. നമുക്കൊന്ന് തൊടാൻ പോലും കഴിയില്ല...''
സുധാകരൻ രണ്ട് രൂപ എടുക്കാൻ കീശ തപ്പി.""വേണ്ടാ... വക്കീൽ ഫീസിൽ നിന്ന് കുറച്ചോളാം...''
സേവ്യർ പറഞ്ഞു. സുധാകരൻ ചിരിച്ചു.

""വിധി വരുമ്പം ഫുൾ എമൗണ്ടും തരണേ...'' ""പേടിക്കണ്ട.. തന്നിരിക്കും.. ആരെയും പറ്റിച്ച് സേവ്യർ ജീവിച്ചിട്ടില്ല. ഇനി ജീവിക്കുകയുമില്ല...''
സേവ്യർ ഗൗരവത്തോടെ പറഞ്ഞു.

""ഇത്രയും കാലം ഞാൻ നിങ്ങളുടെ താളത്തിനൊത്ത് തുള്ളിയില്ലേ.. ഇന്ന് മുതൽ ഞാനെന്റെ താളത്തിനൊത്ത് തുള്ളട്ടെ.. വെച്ചിട്ട് പോ...''
സാറ ഫോണിൽ പറഞ്ഞത് ഉച്ചത്തിലായി. സുധാകരൻ പകച്ചുപോയി. ഫോൺ കട്ട് ചെയ്ത് കണ്ണുകൾ തുടച്ച് അവൾ പെട്ടിക്കടയിലേക്ക് കയറിവന്നു.""ഒരു ചായ...''
മന്ദഹാസത്തോടെ സേവ്യർ ചായപ്പാത്രത്തിലേക്ക് വെള്ളം പകർന്നു. സാറയെ നോക്കാൻ ധൈര്യപ്പെടാതെ സുധാകരൻ വെയിലിലേക്ക് കുട നിവർത്തി.
സേവ്യർ രണ്ട് ചായയുണ്ടാക്കി.
സേവ്യറിനും സാറയ്ക്കും.
പെട്ടിക്കടക്ക് മുന്നിലെ നിരപ്പില്ലാത്ത നിലത്തിട്ട ഫൈബർസ്റ്റൂളുകളിൽ മുഖാമുഖമിരുന്ന് അവർ ചായ കുടിച്ചു.
അവർ മിണ്ടിയില്ല.
അവർ മിണ്ടുന്നുണ്ടായിരുന്നു.

ഒരു കോൾ സേവ്യറിനെ തേടിവന്നു.
ആദ്യം സേവ്യർ ഫോണെടുത്തില്ല.
രണ്ടാമതും അതേ നമ്പറിൽ നിന്ന് വിളി വന്നു.
കുടിച്ചതിന് ശേഷം ഗ്ലാസ് സ്റ്റാന്റിൽ വെച്ച് സേവ്യർ ഫോണെടുത്തു.""ഹലോ...''

പത്ത്""ഞാനിന്നലെ കുന്നത്തൂർക്ക് പോകവെ അവിടെ നിർത്തിയിറങ്ങുമ്പോൾ നിങ്ങളെ ചായക്കടയില്ല. ബസ് സ്‌റ്റോപ്പിലുണ്ടായിരുന്ന നാട്ടാരോട് ചോദിച്ചപ്പോഴാ സംഭവമറിയുന്നത്...''
മറൈൻഡ്രൈവിലെ വെളിച്ചത്തിലിരിക്കുകയായിരുന്നു ജയനും സേവ്യറും. ""എന്തൊരു തെമ്മാടിത്തരമാ അവര് കാണിച്ചത്.. കഷ്ടമായിപ്പോയി...''
ജയനിൽ രോഷം പ്രകടമായി.
സേവ്യർ ചിരിച്ചു.""ഇവിടെ നിയമവും നീതിയും രണ്ട് തരമാ...പാവങ്ങൾക്കൊന്ന്. പണക്കാർക്ക് വേറൊന്ന്.. പണക്കാരന്റെ നീതി അവൻ തന്നെ തീരുമാനിക്കും.. എന്നാൽ പാവപ്പെട്ടവനോ ഒന്നുമുണ്ടാവില്ല...''
സേവ്യർ നിസംഗതയോടെ പറഞ്ഞു.

""അങ്ങനെയൊന്നുമില്ല സേവ്യറേട്ടാ.. നമുക്ക് നോക്കാലോ...''
ജയൻ അയാൾക്ക് ആശ്വാസം പകർന്നു.""വിധി വരുന്നത് വരെ ഞാനിവിടെ തന്നെയുണ്ടാവും. ഞാൻ തോൽക്കും. അതെനിക്കറിയാം.. ഞാൻ തോൽക്കുമ്പോൾ അവനും തോറ്റുപോകും.. അത് കണ്ടിട്ടേ ഞാൻ മടങ്ങൂ...''
സേവ്യറിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ കനൽ തെളിഞ്ഞുകത്തി.
മരത്തണലിൽ ഇരുന്ന് ഒരു കൂട്ടം ചെറുപ്പക്കാർ "ഹം..ദേഖേങ്കേ...' എന്ന ഗാനം കൈകൊട്ടിപാടിത്തുടങ്ങി.

പതിനൊന്ന്ന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും എല്ലാ കാര്യങ്ങളും വിശദീകരിച്ച് കൊണ്ട് സേവ്യർ പറയുന്നത് ജയൻ പോസ്റ്റ് ചെയ്തു. കാഴ്ചക്കാർ ധാരാളമുണ്ടായി. പ്രതികരണങ്ങളും ഷെയറും ഏറെയുണ്ടായെങ്കിലും പരസ്യപ്പേടി ഭയന്ന് മാധ്യമങ്ങളിലൊന്നും കാര്യമായ വാർത്ത സൃഷ്ടിക്കാതെ സേവ്യർ മാഞ്ഞുപോയി. പ്രളയം കഴിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു ജനങ്ങൾ. കോടിക്കണക്കിന് രൂപ കേരളത്തിന് സംഭാവന ചെയ്ത ജോൺ മാത്തനെ തള്ളിക്കളയാൻ എല്ലാവരും മടിച്ചു. അവിടെയിവിടെയായി ചില്ലറ മുരൾച്ചകളുണ്ടായതല്ലാതെ ഒന്നും സംഭവിച്ചില്ല. നന്മയുടെ പ്രതിരൂപത്തെ അവഹേളിച്ചുവെന്നാക്രോശിച്ച് ജോൺ മാത്തന്റെ ആരാധകർ ജയന്റെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും താഴിട്ടുപൂട്ടി.
ഒന്നും നടക്കാത്തതിന്റെ നിരാശയിൽ ബാറിൽ നിന്ന് ആവുന്നത്ര കഴിച്ച ജയനെ കാരണമില്ലാത്ത കാരണത്തിന് ഒരു കൂട്ടം പൊതിരെത്തല്ലി. ബാറിലെ ജീവനക്കാർ അയാളെ ആശുപത്രിയിലെത്തിച്ചു. ബാറിൽ ബഹളമുണ്ടാക്കിയതിനും സാമഗ്രികൾ തകർത്തതിനും അയാളുടെ പേരിൽ കേസുമെടുത്തു.
ശരീരമാസകലം ചതഞ്ഞെഴുന്നേൽക്കാനാവാതെ കിടന്ന ജയനെ കാണാൻ സേവ്യർ വന്നു. നിറകണ്ണുകളോടെ സേവ്യറെ നോക്കാതെ അയാൾ പിറുപിറുത്തു.""ചായ വേണ്ട...''
മറുപടി പറയാതെ അവിടുന്നും ഇവിടുന്നുമായി കടം വാങ്ങിയ പണം ജയന്റെ തലയിണക്കടുത്ത് വെച്ച് സേവ്യർ ഇറങ്ങി.

പന്ത്രണ്ട്തുടർദിവസങ്ങളിൽ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ രാവിലെയും വൈകുന്നേരങ്ങളിലും സേവ്യർ പെട്ടിക്കട തുറന്നു. ചായയുടെ ഗുണമറിഞ്ഞ് ആളുകൾ വരുന്നത് കൂടി. അവരിൽ ചിലർ സേവ്യറിന്റെ പ്രശ്‌നം മനസ്സിലാക്കിയവരായിരുന്നു.""പൈസക്കാർക്ക് എന്തുമാവാല്ലോ...''""പാവങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ...''
അറിഞ്ഞവർ സേവ്യറിന് സഹതാപം പകർന്നു. ഉത്തരമൊന്നും പറയാതെ സേവ്യർ അവരെ നോക്കിച്ചിരിച്ചു.

എവർഷൈനിലെ ജോലിക്കാരും രാത്രികളിൽ ചായ കുടിക്കാനെത്തി. രാവിലെ മുതൽ രാത്രി വരെ ഇരിക്കാൻ സമയമില്ലാതെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്നതിന്റെ സങ്കടവും രോഷവും അവർ പരസ്പരം പറയുന്നത് സേവ്യർ കേട്ടു. ജോൺ മാത്തനോടുള്ള ദേഷ്യം ജോൺ മാത്തന്റെ പൂർവ്വികരെ വിളിച്ച് അവർ അടക്കം ചെയ്തു.

പതിമൂന്ന്സേവ്യറുമായുള്ള ബന്ധമറിഞ്ഞതിന്റെ രണ്ടാം നാൾ മക്കളെല്ലാവരും സാറയെ മുന്നിലിരുത്തി, വട്ടമേശസമ്മേളനം നടത്തി.
സാറയുടെ മുഖത്ത് നിറഞ്ഞിരിക്കുന്ന ആത്മവിശ്വാസം അവരെ തെല്ല് പരുങ്ങലിലാക്കി. ""ഞങ്ങൾക്ക് നാണക്കേടുണ്ടാക്കരുത്.''
മക്കളിലൊരാൾ അമർത്തിപ്പറഞ്ഞു.

""നാണക്കേടായിട്ട് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ. നിങ്ങൾക്കത് നാണക്കേടായിട്ട് തോന്നുന്നുണ്ടെങ്കിൽ അതെന്റെ കുറ്റമല്ല...''
സാറ വെട്ടിത്തുറന്ന് പറഞ്ഞു.

""അമ്മച്ചിയൊന്ന് കൂടി ആലോചിക്ക്... ആളുകളെന്ത് വിചാരിക്കും...''
ഫേസ്ബുക്കിൽ നിരന്തരം സ്ത്രീപക്ഷപോസ്റ്റുകളിടുന്ന ഇളയമകൻ ഉൽകണ്ഠാകുലനായി.

""ആളുകളല്ല എനിക്ക് ചിലവിന് തരുന്നത്.. നിങ്ങൾക്ക് തന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രശ്‌നം.. ഈ ചർച്ച ഇവിടെയിപ്പൊ നിർത്തണം. എനിക്ക് കുറേക്കാര്യങ്ങൾ ചെയ്തുതുടങ്ങാനുണ്ട്..ഞാനും ഒന്ന് ജീവിക്കട്ടെടാ... അത് പറഞ്ഞപ്പോൾ സാറയുടെ കണ്ണുകൾ നിറഞ്ഞു. ഇരുട്ടായത് കൊണ്ട് സാറയുടെ മക്കൾ കണ്ടില്ല. അവരൊന്നും കാണുന്നില്ലല്ലോ.''

പതിനാല്സാറയെ കുറിച്ച് മായ അറിഞ്ഞു. അവൾക്ക് പ്രശ്‌നമൊന്നും തോന്നിയില്ല. അച്ഛന് വൈകിയാണെങ്കിലും ഇങ്ങനെയൊരു തോന്നലുണ്ടായല്ലോ എന്ന സന്തോഷമായിരുന്നു അവൾക്ക്. ജോൺ മാത്തനെതിരെ കേസ് കൊടുത്തത് അവൾക്ക് ഇഷ്ടമായെങ്കിലും അച്ഛനെ അവർ എന്തെങ്കിലും ചെയ്യുമോയെന്ന് അവൾ ഭയന്നു. അതുകൊണ്ട് എല്ലാ രാത്രികളിലും കുഴപ്പമൊന്നുമില്ലല്ലോയെന്ന് അവൾ സേവ്യറെ വിളിച്ചുചോദിക്കാൻ തുടങ്ങി. തന്റെ സുഖവിവരം അന്വേഷിക്കുന്നത് ജന്മത്തിൽ ഇഷ്ടപ്പെടാത്ത മനുഷ്യനാണ് സേവ്യർ. രണ്ട് ദിവസം പിടിച്ചുനിന്നെങ്കിലും മൂന്നാം ദിവസം മായ ആവർത്തിച്ചപ്പോൾ സേവ്യർ കണക്കിന് കൊടുത്തു. അതോടെ ഒരു കാര്യം മായയ്ക്ക് മനസ്സിലായി, അച്ഛനൊന്നിനെയും പേടിയില്ല.

പതിനഞ്ച്കേസിന്റെ വിധി വരുന്നതിന് രണ്ട് ദിവസം മുമ്പ് കേളുവെന്ന വൃദ്ധൻ സേവ്യറെ കാണാൻ വന്നു. വന്നപാടെ അയാൾ സേവ്യറിന്റെ കൈപിടിച്ചു. ""ഈ കേസ് നീ ജയിക്കണം..''
അയാളുടെ തൊണ്ടയിടറി.

എവർഷൈൻ മാൾ വരുന്നതിന് മുമ്പ് കേളുവിന് ഇവിടെ പതിനഞ്ച് സെന്റ് സ്ഥലവും വീടുമുണ്ടായിരുന്നു. ഭാര്യ ശാന്ത മരിച്ചതോടെ അയാൾ തനിച്ചായി. സ്ഥലമെല്ലാം ഒന്നൊന്നായി മാളിനായി ജോൺ മാത്തൻ വിഴുങ്ങിക്കൊണ്ടിരുന്ന കാലം. കേളുവിന്റെ സ്ഥലം മാത്രം ജോണിന് കിട്ടിയില്ല. പണമേറെ വാഗ്ദാനം ചെയ്തിട്ടും ശാന്തയെ അടക്കിയ മണ്ണ് വിട്ടുപോകാൻ അയാളുടെ മനസ്സനുവദിച്ചില്ല. പണം കൊണ്ട് നടക്കില്ലെന്നുറപ്പായപ്പോൾ ഭീഷണിയായി. രാത്രികളിൽ ഉറങ്ങിക്കഴിയുമ്പോൾ ജനാലകൾ തകർക്കപ്പെട്ടു. പോലീസിൽ പരാതിപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ഉപദ്രവമേറി. ഉറക്കം നഷ്ടമായി.
ഒരു രാത്രിയിൽ സാധനങ്ങളും വാങ്ങി, വീട്ടിലേക്ക് മടങ്ങുമ്പോൾ ഓംനിവാനിലേക്ക് കേളു വലിച്ചുകയറ്റപ്പെട്ടു. വാ അമർത്തിപ്പിടിച്ച് അയാളെ വാനിലുള്ളവർ പൊതിരെത്തല്ലി. കുറുക്കൻകാട്ടിലെ പാറകൾക്കിടയിലേക്ക് അയാളെ വലിച്ചിട്ടു. ആയിരത്തിന്റെ രണ്ട് നോട്ടുകെട്ടുകൾ അയാളുടെ വയറ്റത്തേക്കിട്ട് കൂട്ടത്തിലെ തടിമാടൻ പറഞ്ഞു, ""മറ്റന്നാൾ മാളിന്റെ തറക്കല്ലിടലാ.. മുഖ്യമന്ത്രിയാ ഉൽഘാടനം.. നാളെ വൈകുന്നേരം വരെ നിനക്ക് സമയമുണ്ട്...''

മരണം വാതിലും ചവുട്ടിപ്പൊളിച്ച് അകത്തുകയറുമെന്നുറപ്പായപ്പോൾ വേറെന്ത് ചെയ്യാൻ.! ഇപ്പോൾ കേളു തൃശൂരിലെ ബന്ധുവീട്ടിലാണ്.
ജീവിതം പറഞ്ഞുകഴിഞ്ഞ് അയാൾ കണ്ണുകൾ തുടച്ചു.""നീ ജയിക്കും.. പക്ഷേ സൂക്ഷിക്കണം...''
സേവ്യർ നൽകിയ രണ്ട് ചായ കേളു കുടിച്ചുതീർത്തിരുന്നു. ഒരു ചായ കൂടി കുടിച്ച് അയാൾ മാളുണ്ടാക്കിയ ട്രാഫിക് ബ്ലോക്കിൽ കെട്ടിക്കിടന്ന തൃശൂർ ബസ്സിലേക്ക് കയറി. ബസ് പോകവെ കേളു സേവ്യറിനെ നോക്കി കൈവീശി. ആ വീശലിൽ വല്ലാത്ത ആവേശമുണ്ടായിരുന്നു. അതിന്റെ തുടിപ്പിൽ സേവ്യറും കൈവീശി.

പതിനാറ്""യുവത്വത്തെ സ്വയം പര്യാപ്തമാക്കുകയാണ് എവർഷൈൻ ഗ്രൂപ്പിന്റെ ലക്ഷ്യം. അതിന് വേണ്ടി സർക്കാരുമായും അല്ലാതെയും എന്ത് ചെയ്യാനും ഞങ്ങൾ റെഡിയാണ്. അത് നിങ്ങൾക്കൊക്കെ ഇതിനോടകം അനുഭവപ്പെട്ടിട്ടുണ്ടാവണം. നാട് നന്നാവണം.. നാട്ടുകാരും..''
കൊട്ടാരം മൈതാനത്തിലെ ചെറുപ്പക്കാരെ അഭിസംബോധന ചെയ്ത് ജോൺ മാത്തൻ പറഞ്ഞപ്പോൾ ഉശിരൻകൈയ്യടി ഉയർന്നു. എവർഷൈൻ ജോബ് ഫെസ്റ്റ് നടക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർ ആരാധനയോടെയും പ്രതീക്ഷയോടെയും ജോൺ മാത്തന്റെ വാക്കുകൾ കേട്ട് അച്ചടക്കത്തോടെ നിന്നു. മേഘാവൃതമായ ആകാശം കുതിർത്തിട്ട വിങ്ങിക്കെട്ടിയ ചൂടിൽ അസ്വസ്ഥതയുടെ പരവേശമൊന്നും അവർ പുറത്തുകാണിച്ചില്ല. അങ്ങനെയെന്തെങ്കിലും ചെയ്താൽ ജോലി കിട്ടാതെ പോകുമോയെന്ന ഭയം അവരിൽ പ്രകടമായിരുന്നു.

സംസാരം അവസാനിപ്പിച്ച് കസേരയിലിരിക്കവെ വേദിക്കപ്പുറത്ത് വിയർത്തുകുളിച്ച് വേവലാതിയോടെ നിൽക്കുന്ന ആന്റണിയെ ജോൺ മാത്തൻ കണ്ടു. ജോൺ മാത്തന്റെ നെഞ്ച് പട പടാ രണ്ട് കൊട്ട് കൊട്ടി.
ആകാശം അപ്പോഴും മേഘാവൃതമാണ്. മഴ ഇനിയെന്നാവും പെയ്യുക...!

പതിനേഴ്""എന്ത് കോപ്പാടാ നീയെല്ലാം നോക്കിയത്...''
അറ്റൻഷനായി മുന്നിൽ നിൽക്കുന്ന മുതിർന്ന ജീവനക്കാരോട് ജോൺ മാത്തൻ പൊട്ടിത്തെറിച്ചു.
ദേഷ്യപ്പെടുമ്പോൾ അയാളുടെ നെറ്റിയിൽ ഞരമ്പുകൾ കൊണ്ട് വരയ്ക്കപ്പെടുന്ന ഭൂപടം കൂടുതൽ തെളിഞ്ഞുവന്നു.""കിട്ടിയെന്നായിരുന്നു വിചാരിച്ചത്.. ശ്രദ്ധിച്ചില്ല. ഇന്നലെയാ പക്ഷേ വന്നത്...''""അപ്ലിക്കേഷൻ കൊടുത്താലത് ഫോളോ അപ്പ് ചെയ്യണ്ടേ.. പിന്നെ നിന്നെയാക്കെയെന്തിനാ ഇവിടെയിരുത്തിയത്.. കഴുതകൾ..!''
ഉത്തരം പറയാനാകാതെ എല്ലാവരും തലകുനിച്ചു.

""ആന്റണി, ഫയലിങ്ങ് തന്നേ...''
ജോൺ മാത്തൻ രോഷത്തോടെ ആന്റണിക്ക് നേരെ കൈനീട്ടി.
ആന്റണി വേഗം ഫയൽ കൊടുത്തു. അയാൾ ഫയലിരുത്തിയൊന്ന് വായിച്ചു.
സ്‌പെഷൽ എകണോമിക് സോണാക്കി എവർഷൈൻ മാൾ മാറ്റിയതിന്റെ ഫയലാണ്. വാക്കാൽ മാസങ്ങൾക്ക് മുമ്പേ ഉറപ്പ് കിട്ടിയെങ്കിലും ഫയലായി ഒപ്പിട്ട് കിട്ടിയത് ഇന്നലെ. ഫലത്തിൽ സ്‌പെഷൽ എകണോമിക് സോണായത് ഇന്നലെ..! അതുകൊണ്ടാണ് അകത്ത് തീ പിടിച്ചത് പോലെ ജോൺ മാത്തനെ കാണപ്പെടുന്നത്.""അയാളുടെ കൈയ്യിൽ ഇതെത്തിയിട്ടുണ്ടാവുമോ...?''
അയാൾ ആന്റണിക്ക് നേരെ മുഖമുയർത്തി.

""ഏയ്.. അതിനുള്ള വിവരമൊന്നും അയാൾക്കില്ല...''
ആന്റണി മറുപടി പറഞ്ഞു.""നീ ഫോളോ ചെയ്തിരുന്നോ..''""ആ.. ഞാൻ വിളിച്ചുചോദിച്ചിരുന്നു. ആരും അവിടേക്ക് വന്നിട്ടില്ല...'' ""ഡേറ്റൊന്ന് മാറ്റിക്കിട്ട്വോ..?''""അതിനെന്താ കുഴപ്പം..! ഓഫീസർ നമ്മളെ സ്വന്താ.. അയാൾക്കതിലെ കോമ്പ്ലിക്കേഷൻസൊന്നും അറിയില്ലായിരുന്നു.. നാളെ രാവിലെത്തന്നെ മാറ്റിത്തരാന്ന് പറഞ്ഞു...''
ജോൺ മാത്തന് ആശ്വാസമായി.""ഉം.. ഒന്ന് കൺഫേം ചെയ്‌തേക്ക്...''""ഇപ്പൊത്തന്നെ വിളിക്കാം...''

ആന്റണി വിളിക്കാൻ പോയപ്പോൾ സൂസന്നയുടെ മെസ്സേജ് വാട്‌സാപ്പിൽ വന്നു.""വരുന്നുണ്ടോ ഇന്ന്...''""യെസ്...'' ""ഫുഡെടുത്ത് വെയ്ക്കണോ...''""വേണ്ട.. ഞാൻ കഴിച്ചിട്ട് വന്നോളാം.. മോളുറങ്ങിയോ...'' ""ഇല്ല.. അവളെന്തോ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുകയാ...''""ഉം.. ഇറങ്ങുമ്പോൾ വിളിക്കാം...''
ഫോൺ ചില്ലുമേശയ്ക്ക് മുകളിൽ വെച്ച് ജോൺ മാത്തൻ ഒരു സിഗററ്റിന് തീകൊളുത്തി. അയാൾ ബാൽക്കണിയിലേക്ക് നടന്നു. സേവ്യറിന്റെ പെട്ടിക്കട അടച്ചിരിക്കുന്നതായി അയാൾ കണ്ടു.
അയാൾ തിരിച്ചുപോയിട്ടുണ്ടാവുമോ..
ആന്റണി ജോൺ മാത്തനടുത്ത് വന്നു.""ഒകെ.. അല്ലേ..?''

അയാളെ തിരിഞ്ഞുനോക്കാതെ ജോൺ മാത്തൻ സിഗററ്റ് വലിച്ചു. ആന്റണിയുടെ മുഖം പരിഭ്രമത്താൽ വലിഞ്ഞുമുറുകി.""പ്രശ്‌നാണ്...''
ജോൺ അറിയാതെ ആന്റണിയെ തിരിഞ്ഞുനോക്കി.""ഒരാഴ്ചയ്ക്ക് മുമ്പൊരു വയസ്സൻ വന്നിരുന്നത്രെ.. മാളിനെ എകണോമിക് സോണാക്കുന്നതിന്റെ ഡിറ്റെയ്ൽസ് മൊബൈലിൽ ഫോട്ടോയെടുത്ത് പോയി. ഓഫീസർ തിരക്കിനിടയിൽ പറയാൻ വിട്ടുപോയതാ...''
ജോൺ മാത്തൻ അറിയാതെ തലയ്ക്ക് കൈവെച്ചു.
ആകാശത്തിന്റെ ഇരുട്ടിൽ കണ്ണ് കാണാതെ നടന്ന മേഘങ്ങൾ കൂട്ടിയടിച്ചു. ഇടിയും മിന്നലുമുണ്ടായി. തൊട്ടുപിന്നാലെ മഴയും പെയ്തുതുടങ്ങി.

പതിനെട്ട്ജോൺ മാത്തനെ വിളിച്ചുകഴിഞ്ഞ് സൂസന്ന ഡാലിയയെ ഉറക്കാൻ ചെന്നു. മഴ പെയ്തുതുടങ്ങിയിരുന്നു. വരാന്തയിലിരുന്ന് മഴ കാണണമെന്ന് ഡാലിയ ആംഗ്യം കാണിച്ചു. അവളുടെ നിർബന്ധത്തിന് നിന്നില്ലെങ്കിൽ കുഴപ്പമാണ്. വീൽച്ചെയറിൽ അവളെയിരുത്തി, സൂസന്ന വരാന്തയിലെത്തി. കനത്ത മഴയാണ്. ഡാലിയയുടെ മുഖത്ത് മഴയുടെ ചിന്നലുകൾ തെറിച്ചു. അവളുടെ മുഖത്ത് സന്തോഷം പടരുന്നത് സൂസന്ന സ്‌നേഹത്തോടെ കണ്ടുനിന്നു. ആ നേരത്താണ് മഴ നനഞ്ഞ് സേവ്യർ പടിവാതിൽക്കലേക്ക് കയറിവന്നത്. യൂട്യൂബിൽ അയാളുടെ അഭിമുഖം സൂസന്ന കണ്ടിരുന്നു. അവൾക്ക് അയാളോട് സഹതാപം തോന്നിയിരുന്നു. എന്തെങ്കിലും കൊടുത്ത് കേസ് തീർക്കാൻ അവൾ ജോണിനോട് പറഞ്ഞതാണ്. അയാൾ പിടിക്കുന്ന മുയലിന് എപ്പോഴും മൂന്ന് കൊമ്പാണ്. ജോൺ ഒന്ന് തീരുമാനിച്ചാൽ മാറ്റമുണ്ടാവില്ല. എന്തെങ്കിലും തിരുത്താനുണ്ടെങ്കിൽ അവൾ പറയും. പറയേണ്ടത് അവളുടെ കടമയാണല്ലോ.
ഡാലിയ അയാളെ കൗതുകത്തോടെ നോക്കി. ""ജോൺ ഇവിടെയില്ല...'' ""അറിയാം.. അതുകൊണ്ടാ വന്നത്...''
അയാൾ മുഖത്ത് പറ്റിനിൽക്കുന്ന മഴത്തുള്ളികൾ കൈ കൊണ്ട് തുടച്ചു. ഡാലിയയെ നോക്കി അയാൾ ചിരിച്ചു. അവൾക്ക് അയാൾ ഒരു പാവയായി തോന്നി.

""നാളെ കേസിന്റെ വിധിയാ.. അതിന് മുമ്പ് നിങ്ങളെയൊന്ന് കാണണമെന്ന് തോന്നി.''
സൂസന്നയൊന്നും പറഞ്ഞില്ല.
അയാൾ ഡാലിയക്കടുത്ത് കുനിഞ്ഞിരുന്നു.""അച്ഛൻ കഥകൾ പറയുമല്ലേ...''
ഇയാൾ ഇതെങ്ങനെയറിഞ്ഞുവെന്ന് സൂസന്നയ്ക്ക് ആശ്ചര്യമായി.""നല്ല ഭാവനയുള്ളവനേ എളുപ്പം സമ്പന്നനാവാൻ കഴിയൂ.. ഞാനൊരു കഥ പറയട്ടെ..''
സൂസന്ന വേണ്ടെന്ന് പറയാൻ തുടങ്ങുമ്പോഴേക്കും ഡാലിയ തലയാട്ടി. ഡാലിയക്ക് കഥകൾ ജീവനാകുന്നു. കഥകൾ കേൾക്കാനായില്ലെങ്കിൽ അവൾ മരിച്ചുപോകും.
മഴ തന്ന തണുപ്പിൽ പല്ലുകൾ കൂട്ടിയടിക്കുന്നത് കൂസാതെ സേവ്യർ അവളോട് കഥ പറയാൻ തുടങ്ങി.

""ഒരിടത്ത് സത്യമെന്നും അസത്യമെന്നും പേരായ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു.
അവർ ഒരു ദിവസം കണ്ടുമുട്ടി. "ഇന്ന് നല്ലൊരു ദിവസമാണല്ലോ..'
അസത്യം സത്യത്തോട് പറഞ്ഞു.
സത്യം ആകാശത്തേക്ക് തന്റെ സുന്ദരമായ കണ്ണുകളയർത്തി. തെളിഞ്ഞ വാനം. നീല മേഘങ്ങൾ പറവകളെ പോലെ ശാന്തതയോടെ പറക്കുന്നു. "അതെ, ഇന്നൊരു നല്ല ദിവസം തന്നെ..'
അസത്യം പറഞ്ഞത് സത്യം വിശ്വസിച്ചു.
ഇരുവരും ഏറെ നേരം കളിച്ചും വർത്തമാനം പറഞ്ഞും നടന്നു.
അങ്ങനെയവർ ഒരു കിണറ്റിൻകരയിലെത്തി. "നല്ല വെള്ളം.. നമുക്കിറങ്ങിക്കുളിച്ചാലോ..'
അസത്യം സത്യത്തോട് പറഞ്ഞു. സത്യമൊന്ന് സംശയിച്ചു.
അവൾ വെള്ളത്തിൽ കാലുകൾ തൊട്ടു.
നല്ല വെള്ളം തന്നെ, അസത്യം പറഞ്ഞത് ശരിയാണ്.
സത്യത്തിന് ബോധ്യമായി. അവർ വസ്ത്രങ്ങളെല്ലാം അഴിച്ചുവെച്ച് കിണറ്റിലിറങ്ങിക്കുളിക്കാൻ തുടങ്ങി. സത്യം കിണറ്റിന്റെ ആഴങ്ങളിലേക്ക് മുങ്ങിയ നേരം അസത്യം കിണറ്റിൽ നിന്ന് പുറത്തേക്ക് ചാടി. സത്യത്തിന്റെ വസ്ത്രവും ധരിച്ച് അസത്യം ഓടിമറഞ്ഞു. അസത്യത്തെ കാണാതെ പരിഭ്രാന്തിയോടെ സത്യം കിണറ്റിൽ നിന്ന് പുറത്തേക്ക് വന്നു. തന്റെ വസ്ത്രങ്ങൾ അപഹരിച്ച് അസത്യം സ്ഥലം വിട്ടുവെന്ന് ഞെട്ടലോടെ സത്യം മനസ്സിലാക്കി. അസത്യത്തെയും തന്റെ വസ്ത്രങ്ങളും അന്വേഷിച്ച് സത്യം എല്ലായിടത്തും അലഞ്ഞു. വസ്ത്രമില്ലാത്ത സത്യത്തെ കണ്ട് ആളുകൾ ആർത്തട്ടഹസിച്ചു. സങ്കടത്താലും നിരാശയാലും ലജ്ജയാലും പാവം സത്യം കിണറ്റിലേക്ക് തിരിച്ചിറങ്ങി എന്നെന്നേക്കുമായി അപ്രത്യക്ഷയായി. അസത്യമാകട്ടെ സത്യത്തിന്റെ വസ്ത്രവുമണിഞ്ഞ് ഞാനാണ് സത്യമെന്ന് ലോകത്തെ കബളിപ്പിച്ചുകൊണ്ട് ഭയമേതുമില്ലാതെ സ്വസ്ഥതയോടെ ജീവിച്ചു. എന്നെങ്കിലും സത്യത്തിന് തന്റെ വസ്ത്രങ്ങൾ തിരിച്ചുകിട്ടുമായിരിക്കുമല്ലേ..! അസത്യമല്ല സത്യമെന്ന് ആളുകൾ മനസ്സിലാക്കുമായിരിക്കുമല്ലേ..!''
അയാൾ കഥ പറഞ്ഞുനിർത്തി.

""മോളേ, നിന്റെ അച്ഛൻ സത്യത്തിന്റെ കുപ്പായമിട്ടന്നേയുള്ളൂ... അവരെല്ലാം കൂടി വലിച്ചിട്ട സത്യം കിണറിന്റെ ആഴത്തിൽ നിൽപ്പുണ്ടിപ്പോഴും...''
അയാൾ ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റു. മഴത്തുള്ളികൾ അയാളിൽ നിന്ന് നിലത്തേക്ക് കുതിർന്നുവീണു. ""ആ സത്യം എനിക്ക് വേണ്ടി കിണറ്റിൽ നിന്ന് ലജ്ജയേതുമില്ലാതെ എഴുന്നേറ്റ് വരുമോ. ആർക്കറിയാം...!''
അയാൾ സൂസന്നയുടെ നേർക്ക് കൈകൂപ്പി. ""എന്നെ ഉപദ്രവിക്കരുതെന്ന് പറയണം സാറിനോട്.. ഞങ്ങളിങ്ങനെയൊരു വഴിക്ക് ജീവിച്ചുപോക്കോട്ടെ...''
അതും പറഞ്ഞ് അയാൾ മഴയത്തിറങ്ങി. അയാൾ പോകുന്നത് നോക്കിനിൽക്കവെ സൂസന്നയിലും ഡാലിയയിലും സങ്കടം പടർന്നു. പോയ്ക്കഴിഞ്ഞപ്പോഴാണ് ഉമ്മറത്ത് വെച്ചിരിക്കുന്ന ഫ്‌ളാസ്‌ക് സൂസന്നയുടെ കണ്ണിൽ പെടുന്നത്. അത് സേവ്യറിന്റേതായിരുന്നു. അയാൾ വിളിച്ചാലും കേൾക്കാത്ത ദൂരത്തെത്തിയിരുന്നു. അവൾ വെറുതെ ഫ്‌ളാസ്‌ക് തുറന്നുനോക്കി. അതിൽ സേവ്യർ അവർക്ക് മാത്രമായി തയ്യാറാക്കിവെച്ച ചായയായിരുന്നു, ജോൺ മാത്തനും സൂസന്നയ്ക്കും ഡാലിയക്കും.

പത്തൊമ്പത്കേസിൽ സേവ്യർ തോറ്റു. സുധാകരൻ വക്കീലിന്റെ കീശയിലേക്ക് രണ്ട് വർഷം ജീവിക്കാനുള്ള പണം മുൻകൂറായെത്തിയത് കൊണ്ട് അയാൾ വാദത്തിൽ വലിയ താൽപ്പര്യം കാണിച്ചില്ല. ജഡ്ജി കർണന് പുലരുമ്പോൾ തന്നെ സ്വദേശത്തേക്ക് ട്രാൻസഫർ ലഭിച്ചു. പകരം വന്ന ജഡ്ജിയാകട്ടെ ജോൺ മാത്തന്റെ ആദ്യകാലവക്കീലന്മാരിൽ ഒരാളായിരുന്നു. മൊബൈലിൽ താനെടുത്ത രേഖകൾ സേവ്യർ കോടതിക്ക് മുന്നിൽ ഹാജരാക്കി. ആ ഓഫീസിൽ നിന്നല്ല, സെക്രട്ടറിയേറ്റിലെ ഓഫീസിൽ നിന്നാണ് സ്‌പെഷൽ എക്കണോമിക് സോണിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് രേഖകളും ഓഫീസർമാരെയും ഹാജരാക്കിക്കൊണ്ട് ആന്റണി വാദിച്ചപ്പോൾ താനേത് ലോകത്താണുള്ളതെന്ന് സേവ്യർക്ക് മനസ്സിലായില്ല. പിന്നെയൊന്നും അയാൾ പറയാൻ പോയില്ല. വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിന് രണ്ടാഴ്ചത്തെ ശിക്ഷയും ഇരുപതിനായിരം രൂപ പിഴയും കോടതി സേവ്യർക്ക് എതിരായി വിധിച്ചു. നഷ്ടപരിഹാരമടക്കാൻ കാശില്ലെന്ന് സേവ്യർ പറഞ്ഞു. ശിക്ഷ അഞ്ചാഴ്ചയാക്കി.
സേവ്യർ ചിരിയോടെ വിധി കേട്ടുനിന്നു.

നടപടിക്രമങ്ങളൊരുങ്ങവെ സാറയും മായയും അടുത്തുവന്നു. ഇരുവരും സങ്കടപ്പെടില്ലെന്ന് ഉറപ്പിച്ചിരുന്നു. സേവ്യറിന്റെ ആത്മധൈര്യത്തിൽ അവർക്ക് ചെറുതല്ലാത്ത അഭിമാനം തോന്നി. അവർ മൂന്ന് പേരും അന്യോന്യം കുശലം പറഞ്ഞുനിൽക്കവെ ജോൺ മാത്തൻ അയാളെ നോക്കാതെ കോടതിയുടെ പടവുകളിറങ്ങി.""നീ തോൽക്കാൻ തുടങ്ങിയിരിക്കുന്നു ജോൺ മാത്താ...''
വളരെ പതുക്കെയാണ് സേവ്യർ പറഞ്ഞത്. അയാൾ പറഞ്ഞത് ജോൺ മാത്തൻ കേട്ടു. അയാൾ പുച്ഛത്തോടെ സ്വയം ചിരിക്കാനാണ് ശ്രമിച്ചത്. എന്നാൽ അയാളുടെ നെഞ്ചിൽ നിന്ന് രണ്ട് കൊട്ട് പട പടാ മുഴങ്ങി.

ഇരുപത്കുളികഴിഞ്ഞ് ഡാലിയക്കടുത്ത് ജോൺ മാത്തനെത്തി. തലേന്ന് പെയ്ത മഴ ഇനിയും നിലച്ചിട്ടില്ല. അയാൾ ഏറെ സന്തുഷ്ടനായിരുന്നു. കട്ടിലിൽ ചാഞ്ഞുകിടന്ന് മഴയും നോക്കിയിരിക്കുന്ന അവൾക്കരികിൽ അയാളിരുന്നു. അയാൾ വന്നതറിഞ്ഞിട്ടും അവൾ തല ചെരിച്ചില്ല.""മോളേ...''
അയാൾ വിളിച്ചു.
അവളനങ്ങിയില്ല.
അവളെ സന്തോഷിപ്പിക്കാൻ അയാൾ അവളുടെ തലമുടി തഴുകി. ""അച്ഛനൊരു പുതിയ കഥ കിട്ടി...''
അവൾ അയാൾക്ക് നേരെ മുഖം തിരിച്ചു.""പറയട്ടെ..?''
പൊടുന്നെനെ അവളുടെ കണ്ണുകൾ നിറഞ്ഞു.

"വേണ്ട.. ഇനിയൊരിക്കലും കഥ പറയല്ലേ..'യെന്ന് കരഞ്ഞുകൊണ്ട് അവൾ തലയാട്ടി. ജോൺ മാത്തന്റെ നെഞ്ച് കലങ്ങി. അവളുടെ കരച്ചിൽ ഉച്ചത്തിലായി. ജോൺ മാത്തനൊന്നും മനസ്സിലായില്ല. സൂസന്ന മുറിയിലേക്ക് ഓടിവന്നു. അവൾ ഡാലിയയെ ചേർത്തുപിടിച്ചു. അവളുടെ നെഞ്ചിൽ ഡാലിയയുടെ കരച്ചിലടങ്ങി. ജോൺ മാത്തൻ വരാന്തയിലേക്കിറങ്ങി.
സിഗററ്റിന് തീകൊളുത്തവെ വരാന്തയിൽ വെച്ചിരിക്കുന്ന സേവ്യറിന്റെ ഫ്‌ളാസ്‌ക് അയാളുടെ കണ്ണിൽ കുടങ്ങി. അതെടുക്കവെ സേവ്യറിന്റെ ഒച്ച അയാളുടെ ചെവിയിൽ തീക്കുന്തം പോലെ കുത്തിയിറങ്ങി.
നീ തോൽക്കാൻ തുടങ്ങിയിരിക്കുന്നു...▮​


പി.വി. ഷാജികുമാർ

കഥാകൃത്ത്, തിരക്കഥാകൃത്ത്. ജനം (കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിർമിതി), വെള്ളരിപ്പാടം, കിടപ്പറ സമരം, ജി.എൽ.പി ഉസ്‌കൂൾ കീക്കാംങ്കോട്ട് തുടങ്ങിയവ പ്രധാന കഥാ സമാഹാരങ്ങൾ. കന്യക ടാക്കീസ്, ടെയ്ക്ക് ഓഫ് എന്നീ സിനിമകളുടെ തിരക്കഥയും പുത്തൻപണം എന്ന സിനിമയുടെ സംഭാഷണവും എഴുതിയിട്ടുണ്ട്.

Comments