ചിത്രീകരണം: ദേവപ്രകാശ്

സറൗണ്ട് സിസ്റ്റം

കാമുകിയുമായി ഒരു ഹൊറർ സിനിമക്ക് പോയതിന്റെ പുകിലാണ് ഇതിൽ എഴുതാൻ പോകുന്നതത്രയും. കാമുകിയേയും കൊണ്ട് ആരെങ്കിലും ഹൊറർ സിനിമക്ക് പോകുമോ എന്നു ചോദിച്ചേക്കാം. എന്റെ സഹപ്രവർത്തകർക്കും ഇതു തന്നെയായിരുന്നു സംശയം. ‘റൊമാന്റിക് സിനിമകൾക്കല്ലേ പോകേണ്ടത്? അതിലല്ലേ ത്രില്ലുള്ളൂ? മരമണ്ടൻ!'

അവർ ഇതെന്തറിഞ്ഞിട്ടാണോ എന്തോ? ഈ രണ്ടു വർഷത്തിനിടെ എട്ടോ ഒൻപതോ റൊമാന്റിക് ചിത്രങ്ങൾക്കെങ്കിലും ഞാനും മിലയും പോയിട്ടുണ്ട്. ചിത്രം കണ്ടുകൊണ്ടിരിക്കേ തിയേറ്ററിന്റെ ഇരുളിനുള്ളിലൂടെ വല്ലപ്പോഴും കണ്ണിൽ കണ്ണിൽ നോക്കും എന്നതല്ലാതെ ഇവർ ഉദ്ദേശിക്കുന്ന ത്രില്ലൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അവൾക്ക് അതൊക്കെ ഒരുജാതി പേടിയാണ്. തിയേറ്ററിലെ സീറ്റിൽ എനിക്കും അവൾക്കും ഇടയിലെ ഹാൻഡ് റെസ്റ്റിൽ അവൾ കൈ വെക്കുകകൂടിയില്ല. റസ്റ്റോറന്റിൽ മുഖാമുഖം ഇരിക്കുമ്പോഴും ഇതുതന്നെ അവസ്ഥ. എന്റെ കാൽവിരൽ അവളുടെ കാൽവിരലിൽ സ്പർശിക്കാതിരിക്കാൻ അവൾ കസേരയ്ക്ക് അടിയിലേക്ക് കാൽ മടക്കിവെക്കും. പ്രൈമറി സ്‌കൂൾ കഴിഞ്ഞുടനേ അച്ഛനോടും അമ്മയോടും ഒപ്പം അവൾ ഇവിടെ മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയതാണെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

ചെറുതായൊന്നു സ്പർശിക്കാൻ പോലും അവൾ സമ്മതിക്കില്ല. അങ്ങനെ എന്തെങ്കിലും ശ്രമമുണ്ടായാൽ ഒരു കുഗ്രാമവാസിപ്പെൺകുട്ടി ദേഹത്തു കയറിയതുപോലെ അവൾ തനിമലയാളത്തിൽ പുലമ്പും:

‘‘ഹതേ.. ഹതേ.. തൊടലും പിടിക്കലുമൊന്നും ഇപ്പോ വേണ്ട!''.

ആ ഭാഷ കണ്ടില്ലേ? ‘തൊടലും പിടിക്കലും'. ഞാൻ അവളെക്കയറി പിടിക്കാനൊന്നും ഒരിക്കലും പോയിട്ടില്ല. പിന്നെ എവിടുന്നാണ് അവൾക്ക് ഈ ‘പിടിക്കൽ' പ്രയോഗം വരുന്നത്? ദിവസവും നാട്ടിലേക്ക് സ്‌കൈപ്പ് ചെയ്യുമ്പോൾ അമ്മൂമ്മ ഓതിക്കൊടുക്കുന്നതാവാം. മില പ്രായമായ വാർത്ത അറിഞ്ഞ ദിവസം മുതൽ അവർക്ക് ഇതുതന്നെ ആയിരുന്നിരിക്കും പരിപാടി. ‘ഇപ്പോ ചെറ്യേ കുട്ട്യൊന്നുമല്ല. വളർന്ന പെണ്ണാണ്. ആൺചെക്കന്മാര് തൊടാനും പിടിക്കാനുമൊക്കെ വരും. സൂക്ഷിക്കണം.'
പേടി വരുന്ന വരവു നോക്ക്; എത്ര ദൂരമാണത് ചാടിക്കടക്കുന്നത്!. അമ്മൂമ്മ തന്നെ ആവണമെന്നില്ല മിലയെ പേടിപ്പിക്കുന്നത്. അമ്മയുമാവാം. യു.കെയിലും യു.എസ്സിലുമൊക്കെയുള്ള മലയാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 18 വയസ്സാകുമ്പോഴേക്ക് തുടങ്ങും മാതാപിതാക്കളുടെ വെപ്രാളം, ‘അയ്യോ സർക്കാരിന്റെ കണ്ണിൽ എന്റെ മോൾക്ക് സ്വാതന്ത്ര്യം കിട്ടി. ഇനി അവൾ അന്യജാതിക്കാരന്റെ കൂടെപ്പോകുമോ? കറുമ്പന്മാരുടെ കൂടെപ്പോകുമോ? ലിവിംഗ് ടുഗദർ തുടങ്ങുമോ? ഒരു കറുമ്പന്റെ അമ്മായിയമ്മ ആയാൽ ഞാനെങ്ങനെ പത്താളിന്റെ മുഖത്തു നോക്കും? ഈശ്വരാ..' അമ്മ ഈ ആശങ്കകളെല്ലാം കൂടി ഒരു ഭാണ്ഡത്തിലാക്കി മകളുടെ മുതുകിൽ കെട്ടിവെക്കും. അവൾ അതും പേറി നടക്കും. ഇതൊക്കെക്കൊണ്ടാണ് കമ്പനിയിലെ മലയാളിപ്പയ്യന്മാർ പറയുന്നത്: ‘ഒരു ഗതിയുണ്ടെങ്കിൽ മലയാളിപ്പെൺപിള്ളേരെ പ്രേമിക്കരുത്'.

ഞാനും ഇതേ ഡയലോഗ് പറഞ്ഞുനടന്നിരുന്ന ആളാണ്; ഇരുപത്തിയാറാം വയസ്സുവരെ. അപ്പോഴാണ് മില കമ്പനിയിൽ ജോയിൻ ചെയ്യുന്നത്. കാണാൻ കൊള്ളാവുന്നൊരു പെൺകുട്ടി എന്നതുപോലെ കേൾക്കാൻ കൊള്ളാവുന്ന മലയാളവും അവളുടെ പ്രത്യേകതയായിരുന്നു. മലയാളം പഠിക്കുക എന്നത് ഇന്നത്തെക്കാലത്ത് വലിയ കാര്യമാണെന്നല്ല പറയുന്നത്. അച്ഛനോ അമ്മയോ മലയാളിയാണെങ്കിൽ അവരിൽ നിന്നു കിട്ടുന്ന മലയാളത്തിന്റെ ബാക്കി ടി.വി വഴിയും മൊബൈൽ വഴിയുമൊക്കെ ഇങ്ങ് ഇഴഞ്ഞെത്തിക്കൊള്ളും. എന്നിട്ട് വേറേ ഭാഷകളോടൊപ്പം പാർപ്പും തീനും കുടിയും തുടങ്ങും.

രാവിലെ റിസപ്ഷനിൽ വെച്ചും ഉച്ചയ്ക്ക് കാന്റീനിൽ വെച്ചും ഇടയ്ക്കിടെ പ്രിന്റർ റൂമിൽ വെച്ചും മിലയും ഞാനും കണ്ടുമുട്ടാറുണ്ടായിരുന്നു. അപ്പോഴൊക്കെ വെറുതേ എന്തെങ്കിലും രണ്ടുമൂന്നു വാക്ക് സംസാരിക്കും. അങ്ങനെ മൂന്നു മാസം കഴിഞ്ഞപ്പോൾ ഞാൻ അവളുടെ ഡെസ്‌കിൽ ചെന്ന് ‘വൈകും നേരം കോഫി കുടിക്കാൻ വരുന്നോ' എന്നു ചോദിച്ചു. ഇരുന്നയിരുപ്പിൽ, കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി, രണ്ടു നിമിഷം ചരിഞ്ഞങ്ങനെ നോക്കിക്കൊണ്ട് അവൾ മൂളി. ‘ഉം..'. അന്നു വൈകുന്നേരം ഞങ്ങൾ ലിവർപൂളിലെ ഒരു ഇറ്റാലിയൻ റസ്റ്റോറന്റിൽ പോയി.

മിലയ്ക്ക് തൊടുന്നതിലും പിടിക്കുന്നതിലും മാത്രമേയുള്ളൂ പേടി. മറ്റുകാര്യങ്ങൾക്ക് ധൈര്യവതിയാണ്. ധൈര്യം എന്നാൽ പേടിയില്ലാത്ത അവസ്ഥ എന്നല്ല; പേടിക്കാനുള്ള ധൈര്യമെന്നാണ്. ഉദാഹരണത്തിന്, അമ്യൂസ്‌മെന്റ് പാർക്കുകളിലെ അഡ്വഞ്ചറസ് റൈഡുകളിൽ കയറുന്നത് അവൾക്ക് പേടിയാണ്. അതേസമയം, അവൾക്ക് അവയിൽ കയറിയിരുന്ന് പേടിക്കാൻ അതിയായ ഉത്സാഹവുമാണ്. എങ്ങനെയുണ്ടായിരുന്നു റൈഡ് എന്നു ചോദിച്ചാൽ അവൾ പറയും: ‘‘വൗ.. ഇറ്റ് വാസ് ഫന്റാസ്റ്റിക്! നമ്മൾ ശരിക്കും പേടിച്ചുപോകും.''

ജീവിതത്തിൽ സാധ്യമാകുന്ന എല്ലാ രുചി/മണങ്ങളും ആസ്വദിക്കണമെന്ന പക്ഷക്കാരിയാണവൾ. ഇരുപത്തി നാലാം വയസ്സിലേ വലിയൊരു ബക്കറ്റ് ലിസ്റ്റൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസം ആ ലിസ്റ്റ് എന്നെ കാണിച്ചിരുന്നു. അമ്പോ, അതിലില്ലാത്ത കാര്യങ്ങളില്ല. മിസ്റ്റർ ബീനിനെ നേരിട്ടു കാണുന്നതു മുതൽ ചൈനയിൽ പോയി പാമ്പിന്റെ നടുക്കണ്ടം തിന്നുന്നതുവരെ ഉണ്ടതിൽ. വായിച്ചു നോക്കിയിട്ട് ഞാൻ തമാശ പറഞ്ഞു: ‘മിലാ, ബക്കറ്റ് ലിസ്റ്റ് എന്നു പറഞ്ഞിട്ട് ഇതൊരു വാട്ടർ ടാങ്കിൽ കൊള്ളാനുള്ളതുണ്ടല്ലോ?’.

സിനിമ കാണാൻ പോയതിനു മുമ്പത്തെ വീക്ക് എൻഡിൽ ഞങ്ങൾ രണ്ടും കൂടി ട്രാഫോർഡ് പാർക്കിനടുത്തെ ചൈനീസ് റസ്റ്റോറന്റിൽ പോയിരുന്നു. ജാഹുവ. തനി ചൈനീസ്. അവിടുത്തെ മുതലാളിയും ജോലിക്കാരും കുക്കുകളുമെല്ലാം ചൈനക്കാരാണ്. പാചക ഉപകരണങ്ങളും പാത്രങ്ങളും അതേ. അതുകൊണ്ടുതന്നെ, വിഭവങ്ങൾക്കെല്ലാം തനതായ ചൈനീസ് രുചിയാണ്. മാഞ്ചസ്റ്ററിൽ മറ്റു പലയിടങ്ങളിലും ചൈനീസ് റെസ്റ്റോറന്റുകൾ ഉണ്ടെങ്കിലും ഇവിടുത്തെപ്പോലെ ഒറിജിനൽ ചൈനീസ് ഫൂഡ് അവിടെയെങ്ങും കിട്ടുകയില്ല. (തനതു രുചിയെപ്പറ്റിയുള്ള കാര്യങ്ങൾ ചൈനാക്കാരായ സഹപ്രവർത്തകർ പറഞ്ഞതാണ്. ഞങ്ങൾ അതു വിശ്വസിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതല്ലാതെ അവരുടെ തനതു രുചി എന്താണെന്ന കാര്യം ഞാനെങ്ങനെ അറിയാനാണ്?)

വെയിറ്റർ ഞങ്ങളിരുവർക്കും മെനു തന്നിട്ട് ഉപചാരപൂർവ്വം ഒന്നു കുനിഞ്ഞുനിവർന്നു. ‘ഹുസ്സ്..' അയാളുടെ അന്വേഷണങ്ങളും ആശംസകളും കഴിഞ്ഞുടനേ മില തമാശയ്ക്ക് ചോദിച്ചു: ‘പാമ്പിനെ കഷ്ണിച്ചതുണ്ടാവുമോ?'. വെയിറ്റർ ഒന്നു ചിരിച്ചു. ചൈനീസ് ടോപ്പിംഗ്‌സ് വിതറിയ ഇംഗ്ലീഷിൽ അയാൾ പറഞ്ഞു:

‘ഫോർ ദാറ്റ്.. യൂ നീഡ് റ്റൂ.. ഗോ റ്റൂ.. സതേൺ പാർട്ട് ഓഫ് ചൈന'.

ഞാൻ ഓക്കാനിക്കുമ്പോലെ കാട്ടി: ‘ബേ..'. വെറുതേ, തമാശക്ക്.

വെയിറ്റർ ഒരു മങ്ങിയ ചിരി ചിരിച്ചു. ആ മങ്ങൽ അയാളുടെ ചിറുങ്ങിയ രണ്ടു കണ്ണുകളിലുമായി പടർന്നു.

അയാൾക്ക് എന്തു തോന്നിയിട്ടുണ്ടാവുമോ എന്തോ?

സ്റ്റാർട്ടറായി ഞങ്ങൾ സ്വീറ്റ് & സോർ ഡൈസ്ഡ് ചിക്കനും അവോക്കാഡോ സലാഡും കുറച്ചു പപ്പടവും ഗ്രേവിയും ഓർഡർ ചെയ്തു. ഒപ്പം രണ്ട് ലാർജ് ഗ്ലാസ്സ് ഹെനിക്കനും. മില അവളുടെ ഡേവിഡോഫ് സ്ലിമ്മിന്റെ പാക്കിൽ നിന്ന് ഒന്നെടുത്ത് കത്തിച്ച് പാക്കറ്റ് എനിക്കു നീട്ടി. അതിൽ നിന്ന് ഞാനും ഒന്നെടുത്ത് ചുണ്ടിൽ വെക്കുമ്പോൾ അവൾ കത്തിച്ചുതന്നു.

ബിയറും സ്റ്റാർട്ടറുകളും നുണഞ്ഞ്, പുകയൂതി അങ്ങനെയിരിക്കവേ മില പാമ്പുകറിയെപ്പറ്റി ചുമ്മാ ഓരോന്ന് സങ്കൽപ്പിച്ചു. കൂത്താട്ടുകുളത്ത് അതിരാവിലെ പുഴമീൻ കിട്ടുന്ന ചന്തയിൽപ്പോയി അച്ഛൻ ഒരു കോർമ്പലു നിറയെ മീനുമായി വരുന്നതുപോലെ ഒരു ചൈനീസ് ഗൃഹനാഥൻ ഒരു വലിയ പാമ്പിനെ വള്ളിയിൽ കോർത്ത് കറിവെക്കാനായി കൊണ്ടുവരുന്ന രംഗം.

‘ബേ..' - ഞാൻ വീണ്ടും ഓക്കാനിച്ചു ചിരിച്ചു.

അവൾ ഗൗരവം വരുത്തിപ്പറഞ്ഞു: ‘ബൂൺ, നീയൊന്ന് ആലോചിച്ചു നോക്കിയേ. ജീവൻ പോകാറായ പാമ്പ് കോർമ്പലിൽ കിടന്ന് ചെറുങ്ങനെ പുളയുന്നുണ്ടാവും. വീട്ടിലെത്തുമ്പോൾ പാമ്പിനെ ഭാര്യയെ ഏൽപ്പിച്ച് അയാൾ കുളിക്കാൻ പോകും. ഭാര്യ അതിനെ കോർമ്പലോടുകൂടി ഒരു കറിച്ചട്ടിയിൽ ചുറ്റിവെച്ച് അൽപം വെള്ളമൊഴിക്കും. ഇത്തിരി വെള്ളം കിട്ടിയ ഉന്മേഷത്തിൽ പാമ്പ് അവിടെക്കിടന്ന് അതിന് ആവുന്നതുപോലെ ഞെളിപിരിയും. വെളുവെളെ മിനുങ്ങുന്ന അതിന്റെ പള്ള കാട്ടും. സൂപ്പുകലത്തിനു ചുവട്ടിലെ വിറകുകൊള്ളി തള്ളിവെച്ചിട്ട് ഗൃഹനാഥ പിച്ചാത്തിയെടുത്ത് അരകല്ലിൽ നാലഞ്ച് രാക് രാകും. പാമ്പ് അതുകേട്ടുകൊണ്ട് കണ്ണടച്ചു കിടക്കും. ശേഷം അവർ പാമ്പിന്റെ ചട്ടിയുമെടുത്ത് പുറത്തുപോയി പൈപ്പിൻ ചുവട്ടിൽ ഒരു കൊരണ്ടിയിട്ടിരുന്ന് പാമ്പിനെ ചട്ടിയിൽ നിന്ന് വലിച്ചുപൊക്കും. ഒരു വലിയ വരാലിനെ പിടിക്കുന്നവണ്ണം അവർ അതിനെ വരുതിയിലാക്കിപ്പിടിച്ച് അതിന്റെ ശൽക്കങ്ങളിലൂടെ പിച്ചാത്തി ഓടിക്കും. ശബ്ദം കേട്ട് അടുത്ത വീട്ടിലെ രണ്ടു പൂച്ചകൾ അടുത്തുവന്ന് വന്ന് കുത്തിയിരിക്കും. പാമ്പ് ഇക്കിളികൊണ്ട് തിരിഞ്ഞുമറിയും. അതിന്റെ ദേഹത്തൂടെ ഒന്നുകൂടി വെള്ളമൊഴുക്കി പഴയൊരു ചിരവത്തടിയുടെ പുറത്തേക്ക് അതിന്റെ തല ചേർത്തുവെച്ച് വെട്ടുമ്പോൾ പാമ്പ് അതിന്റെ അവസാനത്തെ പുളച്ചിൽ പുളയും.

പണ്ട് ഒരു എലിയുടെ പിറകേ പാഞ്ഞപ്പോഴെന്നപോലെ വളവളാപുളയും.'

എനിക്ക് ശ്വാസം മുട്ടി: ‘മിലാ പ്ലീസ്... ഭക്ഷണത്തിന്റെ മുമ്പിലിരിക്കുമ്പോ ഇങ്ങനെ പേടിപ്പിക്കാതെ..'

‘ഭക്ഷണത്തിന്റെ കാര്യമല്ലേ ഞാനും പറഞ്ഞുകൊണ്ടിരിക്കുന്നത്? ചൈനാക്കാർക്ക് ഈ ഇരിക്കുന്ന ചിക്കനെപ്പോലെ ഒരു ഐറ്റമായിരിക്കും അത്. അതുകേട്ട് പേടിക്കുന്നതെന്തിന്?'

റസ്റ്റോറന്റിന് മുന്നിൽ അല്പം മാറിയിട്ട് ഒരു വലിയ കനാലാണ്. അതിനപ്പുറത്ത് ബി.ബി.സിയുടെ വലിയ ബിൾഡിംഗുകൾ. മില മറ്റേതെങ്കിലും വിഷയത്തിലെക്ക് തിരിഞ്ഞെങ്കിലെന്നു കരുതി ഞാൻ മുഖം തിരിച്ച് ബിബിസിയിലേക്ക് നോക്കി. We cook food, they cook news എന്ന് റസ്റ്റോറന്റിന്റെ ഗ്ലാസ്സ് ഡോറിൽ എഴുതിയിരിക്കുന്ന വാക്യം കടന്നു വേണം കാഴ്ച ബി.ബി.സിയിലെത്താൻ. ബി.ബി.സിയിൽ നിന്ന് കാഴ്ചയെ ചുരുക്കി ഞാൻ ആ വാക്യത്തിലേക്ക് കണ്ണുനട്ടു. അതു ചൂണ്ടി മിലയോടു ചോദിച്ചു:

‘What do WE cook Mila?' (‘മിലാ, നമ്മൾ എന്താണ് പാകം ചെയ്യുന്നത്?')

മില പറഞ്ഞു: ‘നമ്മളിപ്പോ പാമ്പുകറിയുടെ റെസിപ്പി പറയുകയല്ലേ'

ഇവളെന്താണിങ്ങനെ?. ഈ ഡിന്നർ വേളയിൽ അവളെ ഞാൻ പ്രണയത്തിന്റേതായ മൂഡിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. അവളോ, പാമ്പുകറിയെപ്പറ്റി പറയുന്നു. ഞാൻ വീണ്ടും ബി.ബി.സിയിലേക്ക് നോക്കി. അവിടെ ജോലി ചെയ്യുന്ന പെൺകുട്ടികളെ പ്രേമിക്കുന്നവർ ഭാഗ്യവാന്മാരാണ്. ആ പെൺകുട്ടികൾ ഇങ്ങനെ ഒരൊറ്റ വിഷയത്തിൽ കടിച്ചുതൂങ്ങിക്കിടക്കില്ല. ഒരു വിഷയത്തിൽ നിന്ന് വേറൊരു വിഷയത്തിലേക്ക് മാറിക്കൊണ്ടേയിരിക്കാൻ അവർക്കാവും. സുനാമിയിൽ നിന്നും വിമ്പിൾ ഡൺ ട്രോഫിയിലേക്ക് മാറാൻ അവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

ടേബിളിനു മുകളിൽ നിന്ന് മിലയുടെ കൈകൾ കവർന്നുകൊണ്ട് ഞാൻ പറഞ്ഞു:

‘മിലാ, പ്ലീസ്.. എന്താണിങ്ങനെ?'

അവൾ കൈകൾ രണ്ടും മെല്ലെ പിൻവലിച്ചു. ബിയർ ഗ്ലാസ്സിൽ നിന്ന് ഒരു കവിളിറക്കി അത് തിരികെ ടേബിളിൽ വെച്ചു. ഒരു ഡേവിഡോഫ് കൂടി എടുത്തു കത്തിച്ച് പുകവിട്ടുകൊണ്ട് പാക്കറ്റ് എനിക്കു നീട്ടി. ‘നീ എന്തിനാണ് അയാളുടെ മുന്നിൽ ഓക്കാനിച്ചത്?'- അവൾ ചോദിച്ചു.

‘ഓ.. അതാണോ കാര്യം?'

ഞാൻ കൂടുതൽ വാദങ്ങൾക്ക് മുതിർന്നില്ല. എങ്കിൽ അവളെന്നെ ഗ്രില്ല് ചെയ്ത് പ്ലേറ്റിലാക്കി കത്തികൊണ്ടരിഞ്ഞ് ഫോർക്കിൽ കോർത്ത് വിഴുങ്ങും. ഇത്തരം കാര്യങ്ങളിൽ എനിക്ക് മനസ്സിലാകാത്തതും അംഗീകരിക്കാൻ പറ്റാത്തതുമായ കുറേ തത്വങ്ങളുണ്ട് അവളുടെ കയ്യിൽ. മലയാളിപ്പെൺകുട്ടികളെ മാത്രമല്ല ഓവർ പക്വതയുള്ള പെൺകുട്ടികളേയും പ്രേമിക്കാൻ കൊള്ളില്ല.

ഞാൻ മറ്റെന്തെങ്കിലുമൊക്കെ സംസാരിക്കാൻ ശ്രമിച്ചു. മാഞ്ചസ്റ്ററിലെ ഇരുണ്ടുമൂടിയ കാലാവസ്ഥയെപ്പറ്റിയും മറ്റു ചില റസ്റ്റോറന്റുകളെപ്പറ്റിയുമൊക്കെ. സംസാരിക്കാൻ ഒന്നുമില്ലാത്തപ്പോഴുള്ള വിഷയങ്ങളാണല്ലോ ഇതെല്ലാം.

പരമാവധി ശ്രമിച്ചുവെങ്കിലും സന്തോഷകരമായ ഒരു സംഭാഷണത്തിലേക്ക് എത്തിപ്പെടാൻ ഞങ്ങൾക്കായില്ല. മാത്രമല്ല, പലപ്പോഴും ഒരു തർക്കത്തിലേക്ക് വഴുതിയേക്കുമെന്നും ഭയന്നു. അതിനാൽ മെയിൻ കോഴ്‌സ് പാഴ്‌സൽ ചെയ്ത് ഞങ്ങളിങ്ങ് തിരിച്ചു പോന്നു. ഒരു വീക്കെന്റ് കുളമായതിന്റെ വിഷമം മിലയ്ക്കും ഉണ്ടായിരുന്നു. പോരും വഴിതന്നെ ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചു; ‘അടുത്ത വീക്കെന്റ് ത്രില്ലിംഗ് ആയിരിക്കണം.'

‘പ്രോഗ്രാം സജസ്റ്റ് ചെയ്യാനുള്ള അവകാശം ബൂണിന്റേത്' - അവൾ പറഞ്ഞു.

ആ അവകാശത്തിന്മേലാണ് ഒരു ഹൊറർ ഫിലിം കാണാൻ പോകാം എന്നു ഞാൻ നിർദ്ദേശിക്കുന്നത്. മില അതിന് യേസ് മൂളുമോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ കാര്യം പറഞ്ഞപ്പോൾ അവൾക്ക് എന്നേക്കാൾ താൽപര്യം.

മാഞ്ചസ്റ്ററിൽ അന്ന് രണ്ട് ഹൊറർ ഫിലിമുകൾ കളിക്കുന്നുണ്ട്. ഏതു ഫിലിമാണ് കാണേണ്ടതെന്ന കാര്യത്തിൽ എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. കൂട്ടുകാരോടു ചോദിച്ചപ്പോൾ ‘A moon that screams at midnight' എന്ന സിനിമ നിർദ്ദേശിച്ചു. അതുകണ്ടാൽ പേടിച്ച് നിക്കറേൽ മുള്ളുമെന്നൊരു അഭിപ്രായവും വന്നു.

പടം റിലീസായി രണ്ടാഴ്ചയോളം ആയതുകൊണ്ടാവാം, തിയേറ്ററിൽ അധികം ആളുണ്ടായിരുന്നില്ല. ഞാനും മിലയും ഇരുന്നിരുന്ന വരിയിൽ അറ്റത്തായി ഒരു സ്ത്രീയും പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നിൽ രണ്ട് വരികൾ കാലി. അതിനു പിന്നിലെ വരിയിൽ നാലുപേരുണ്ട്. ഫ്രണ്ടിലെ വരികളിൽ അവിടവിടെയായി ഒറ്റയായും ഇരട്ടയായും കുറച്ചാളുകളെ കാണാം. എല്ലാവരും ബീഭത്സരംഗങ്ങൾ കണ്ട് ഭയപ്പെടാനായി കാത്തിരിക്കുന്നു.

ആദ്യത്തെ കുറേ രംഗങ്ങൾ എനിക്ക് ബോറിംഗ് ആയി തോന്നി. മില പക്ഷേ അത് സാകൂതം കണ്ടുകൊണ്ടിരുന്നു. ചിത്രത്തിന്റെ യഥാർഥമായ പിരിമുറുക്കം കിട്ടാൻ കഥയുടെ തുടക്കത്തിലെ പരിചരണങ്ങൾ പ്രധാനമാണെന്ന് അവൾ കരുതുന്നുണ്ടാവും. ഒരു ഭീകര രൂപം വന്ന് പെട്ടെന്ന് ഒരു നിമിഷം പേടിപ്പിക്കുന്നതിൽ എന്തു സുഖമാണുള്ളത്?

ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്ക് മിലയിൽ ആകാംക്ഷ ജനിക്കാൻ തുടങ്ങി. അവൾ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ചിത്രത്തിലെ ഓരോ അനക്കവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഓരോ ചെറിയ മുട്ടലും തട്ടലും അവളിൽ ഭയത്തിന്റെ നേരിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. രംഗങ്ങൾ ഒരു വലിയ ഭയാനകതയിലേക്ക് പുരോഗമിക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ ഓരോന്നായി തെളിയാൻ തുടങ്ങി. ആരെങ്കിലും പിന്നിൽ നിന്നൊന്നു തൊട്ടാൽ അലറിവിളിക്കുമെന്ന രീതിയിലാണ് ഇപ്പോൾ അവളുള്ളത്.

മില സിനിമയിൽ ശ്രദ്ധിക്കുമ്പോൾ എന്റെ ശ്രദ്ധ അധികവും മിലയിലായിരുന്നു. സിനിമ പിന്നെയും കാണാമല്ലോ. സ്‌ക്രീനിൽ ഓരോ രംഗങ്ങൾ മാറിമറിയുമ്പോൾ അവളുടെ മുഖത്ത് വന്നുപോകുന്ന ഭയപ്പാടിന്റെ വിവിധ ഭാവങ്ങൾ. അവൾ ആകാംക്ഷപ്പെടുമ്പോഴുള്ള ചന്തം. സ്‌ക്രീനിൽ നിന്ന് പല വർണ്ണത്തിലുള്ള വെളിച്ചം അവളുടെ മുഖത്തു വീഴുന്നതിന്റെ മനോഹാരിത. ഇതൊക്കെ ആസ്വദിക്കണമെങ്കിൽ സ്‌ക്രീനിൽ നോക്കിയിരുന്നാൽ പറ്റില്ല. പെണ്ണിന്റെ മുഖത്തുതന്നെ നോക്കിയിരിക്കണം. നീല വെളിച്ചത്തിൽ അവളുടെ ഭംഗി ഒന്നു വേറേ തന്നെ.

ഇടയ്ക്കിടെ മുൾമുന രംഗങ്ങൾ മുറ്റിവരുമ്പോൾ എന്റെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ച് അവൾ എന്നിലേക്ക് പതിയെ ചരിയും. അവളുടെ ചുമൽ എന്റെ ചുമലിനോടു ചേരും. അപ്പോഴെല്ലാം അവളുടെ ചുമലിന്റെ മാർദ്ദവം ഞാനറിഞ്ഞു. മൂന്നാമത്തെ പ്രാവശ്യം അവൾ എന്റെ ചുമലിലേക്ക് ചാരിയപ്പോൾ ഞാൻ അവളെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു. മില അനങ്ങിയില്ല.

അങ്ങനെയിരിക്കുമ്പോൾ ഞാൻ ആലോചിച്ചു: ഇനി എപ്പോഴാണ് ഇവൾ ഭയന്നു നിലവിളിച്ചുകൊണ്ട് എന്റെ കഴുത്തിൽ ചുറ്റിപ്പിടിക്കുക? മാറിൽ മുഖമമർത്തുക? നിക്കറേൽ മുള്ളും എന്ന് കൂട്ടുകാർ പറഞ്ഞ സീനുകൾ എവിടെ? ഒരു പെൺകുട്ടി വിരണ്ടു വിളറി എന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ അവളെ നെഞ്ചോടു ചേർത്ത് അടക്കിപ്പിടിക്കണം. അതിലൊരു സുഖമുണ്ട്. ‘നീ എന്തിനാണ് പേടിക്കുന്നത്? നിനക്ക് ഞാനില്ലേ?' എന്ന സന്ദേശമുണ്ടതിൽ. എന്റെ പേശികൾക്കുള്ളിൽ മില അമർന്നിരിക്കുന്നതിന്റെ നിർവൃതിയെക്കുറിച്ച് ഓർത്തപ്പോൾ ഞാൻ പുളകം കൊണ്ടു. തോളിൽ കയ്യിട്ടിരിക്കുന്നതിനേക്കാൾ നല്ലൊരു അനുഭൂതിയായിരിക്കും അത്. അവൾ അങ്ങനെ ചേർന്നു കിടക്കുന്നതിനിടെ ഒരിക്കൽക്കൂടി സ്‌ക്രീനിൽ നിന്ന് ഭീകരമായൊരു സൗണ്ട് പൊട്ടിപ്പുറപ്പെടാം. അപ്പോൾ അവൾ ഒന്നുകൂടി ചേർന്നിരിക്കും. ‘മിലാ, എന്തിനാ പേടിക്കുന്നത്? ഞാനില്ലേ കൂടെ?'. ഭയപ്പാടുകളിൽ പോലും ആസ്വദിക്കാനാവുന്ന ഒന്നാണ് ജീവിതമെന്ന് ആ നിമിഷം മില മനസ്സിലാക്കിയേക്കും.

ഇങ്ങനെയെല്ലാം ഓർത്തോർത്ത് ഞാൻ അസ്വസ്ഥനായിരിക്കവേ മില പെട്ടെന്ന് ചാടി എന്റെ നെഞ്ചിലേക്ക് വലതുകവിൾ അമർത്തി. ഞാനങ്ങ് പേടിച്ചുപോയി. സ്‌ക്രീനിലേക്ക് നോക്കുമ്പോൾ, മുഖത്ത് വെള്ളയും ചുവപ്പും വാരിത്തേച്ച ഒരു കോമാളി തന്റെ കടും ചുവപ്പായ വായപൊളിച്ച് അട്ടഹസിക്കുന്നു. അയാളുടെ വായയിൽ നിന്ന് ചുവന്നുകൊഴുത്ത രക്തം ഒലിച്ചുവീഴുന്നു. അങ്ങനെ ചോരയും വാറ്റിക്കൊണ്ട് അയാൾ തന്റെ പൊയ്ക്കാലുകളിൽ നടന്നടുക്കുന്നു. ആ കോമാളിയെ പേടിച്ച് രണ്ടു സ്ത്രീകൾ (അമ്മയും മകളും) ഒരു മുറിയിൽ കയറി ഒളിച്ചിരിക്കുകയാണ്. ഒരു സ്ത്രീ മറ്റേ സ്ത്രീയുടെ ചുമലിൽ പറ്റിയിരിക്കുന്നു. ഭയന്നുപോയ രണ്ടുപേർ പരസ്പരം പുണർന്നിരിക്കുന്നതുകണ്ടാവും കോമാളി പൊട്ടിച്ചിരിക്കുന്നു.

അതുകേട്ട് മില മുഖം മുഴുവൻ നെഞ്ചിലേക്ക് അമർത്തി കണ്ണുകൾ ഇറുക്കിയടച്ചെങ്കിലും പതിയെ മുഖം തിരിച്ച് ഒരു കണ്ണുകൊണ്ട്, കാണണം കാണണ്ട എന്ന രീതിയിൽ സ്‌ക്രീനിലേക്ക് പാളിനോക്കി. കോമാളിയുടെ വരവുകണ്ട് ഞാൻ ഹൊറർ സിനിമകളുടെ പരിണാമത്തെക്കുറിച്ച് ഒരു നിമിഷം ഓർത്തു. ആദ്യം ഡ്രാക്കുളയെപ്പോലെയുള്ള പുരുഷന്മാർ, ശേഷം സ്ത്രീകൾ, ശേഷം കുട്ടികൾ, ശേഷം കളിപ്പാവകൾ. ഇപ്പോഴിതാ ആളുകളെ ചിരിപ്പിച്ചുകൊണ്ടിരുന്ന കോമാളികൾ. ആർക്കും എപ്പോൾ വേണമെങ്കിലും ഭയപ്പെടുത്താമെന്നായിരിക്കുന്നു. ഇനി അടുത്തത് ആരായിരിക്കും?.

പെട്ടെന്ന് കോമാളിയുടെ കൈകൾ നീണ്ടുവന്ന് ഭിത്തിതുളച്ച് സ്ത്രീകളിൽ ഒരാളുടെ കഴുത്തിൽ പിടുത്തമിട്ടു. അതു കാണാനാവാതെ മില പിന്നെയും എന്റെ നെഞ്ചിൽ മുഖം അമർത്തി. കോമാളി മറ്റേ കൈകൂടി ഭിത്തിതുളച്ചു കയറ്റി. മില പിന്നെയും പാളി നോക്കി. കോമാളി അതേ സ്ത്രീയുടെ തലപിടിച്ചു തിരിച്ചു. തെങ്ങിൽ നിന്ന് കരിക്ക് പിരിക്കുമ്പോലെ. ശേഷം അയാൾ ആ സ്ത്രീയുടെ തല ഇറുത്തെടുത്തു. കഴുത്തിനു താഴെ മാംസവും ഞരമ്പുകളും തൂങ്ങിയാടുന്നു. ഞരമ്പുകളിലൂടെ രക്തം ചീറ്റിയൊഴുകുന്നതിന്റെ ശബ്ദം തിയേറ്ററിനുള്ളിൽ പാഞ്ഞുനടന്നു. ഞങ്ങളുടെ വരിയിൽ അറ്റത്തിരുന്നിരുന്ന സ്ത്രീ അലറിവിളിച്ചു. മില എന്നെ ഇറുക്കിപ്പിടിച്ചു. ഞാൻ അവളെ അവളുടെ സീറ്റിൽ നിന്ന് എന്റെ സീറ്റിലേക്ക് കൊണ്ടുവന്നു. അവൾ കാലുകൾ ഇരുവശത്തേക്കും നീട്ടിയിട്ട് സ്‌ക്രീനിനു പുറം തിരിഞ്ഞ് എന്റെ മടിയിലിരുന്നുകൊണ്ട് ഇടതു തോളിലേക്ക് ചാഞ്ഞു. കൈകൾ എന്റെ പുറത്തേക്ക് പിണച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ എന്റെ നെഞ്ചോടു ചേർന്ന് ഇറുകിക്കിടന്നു.

‘ഞാനില്ലേ? എന്തിനാ പേടിക്കുന്നത്?' തിരികെപ്പുണർന്ന് അവളുടെ കഴുത്തിലെ ഗന്ധം നുണഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

കണ്ണുകൾ ഇറുക്കിയടച്ച്, തിയേറ്ററിൽ നിന്നുള്ള ശബ്ദങ്ങളിൽ ഭയപ്പെട്ടുകൊണ്ട് അവൾ ഒന്നും മിണ്ടാതങ്ങനെ പതുങ്ങിത്തന്നെയിരുന്നു. ‘ഹോ.. എന്തൊരു മാർദ്ദവം..'

തോളിൽ ചേർത്തുവെച്ച തലതിരിച്ച് മില വീണ്ടും നോക്കി. മറ്റേ സ്ത്രീ ഇറങ്ങിയോടുന്നു. കോമാളി അവളെ പിന്തുടരുന്നു. അയാളുടെ ഒരു കയ്യിൽ ആദ്യത്തെ സ്ത്രീയുടെ തല. അതിൽ നിന്ന് ഇറ്റുന്ന രക്തം. സ്ത്രീ പല മുറികളിലേക്കും ഓടിക്കയറാൻ ശ്രമിക്കുന്നു. സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നെല്ലാം ഇറങ്ങിയോടുന്നു. മിലയുടെ തല എന്റെ തോളിൽ ‘കാണണം കാണണ്ട' എന്ന നിലയിൽ ഉരുണ്ടുകളിക്കുന്നു. എന്റെ കയ്യിലും നെഞ്ചിലും മാർദ്ദവം. ഉള്ളിൽ ഇറുകെ പുണരാനുള്ള മോഹം. സ്ത്രീ ഓടി കിച്ചണിൽ കയറി. അവിടെ നിന്ന് ഒരു വലിയ പിച്ചാത്തിയെടുത്ത് അവർ കോമാളിക്കെതിരേ കാട്ടുന്നു. കോമാളി കൂസലില്ലാതെ സ്ത്രീയുടെ അടുത്തേക്ക് നടന്നടുക്കുന്നു. സ്ത്രീ പിച്ചാത്തി വീശി കോമാളിയുടെ നേർക്ക് എറിയുന്നു. കോമാളി അതു പിടിച്ചെടുത്ത് സ്ത്രീയുടെ നേർക്ക് അടുക്കുന്നു. മില എന്നോട് കൂടുതൽ അമരുന്നു. എനിക്ക് അവളെ പുണരാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു: ‘മിലാ, ഞാനില്ലേ കൂടെ?'. കോമാളി സ്ത്രീയുടെ അടുത്തെത്തുമ്പോൾ അവർ രക്ഷപ്പെടാൻ ഇടമില്ലാതെ കിച്ചൺ സ്ലാബിലേക്ക് ചേർന്നു നിന്ന് നിലവിളിക്കുന്നു. മില എന്റെ തോളിൽ കിടന്നുകൊണ്ട് ആ രംഗങ്ങളിലേക്കു തന്നെ കണ്ണുനട്ടു. ഭയം കൊണ്ട് അവളുടെ ഉടൽ പുളയുന്നത് എനിക്കിപ്പോൾ കൃത്യമായി അറിയാം. അതിലെ ഓരോ കോശങ്ങളുടേയും തുടിപ്പുകൾ അറിയാം. സ്ത്രീയുടെ മുടിക്കുത്തിനു പിടിച്ചടുപ്പിച്ച് കോമാളി അവരുടെ രണ്ടു കവിളുകളും കത്തികൊണ്ടു വിടർത്തിക്കീറുന്നു. ഇരുവശത്തേയും കവിളുകൾ തൂങ്ങിയാടുമ്പോൾ അണപ്പല്ലുകൾ ദൃശ്യമായിരുന്നു. കോമാളി അവരുടെ ചുണ്ടുകളും ഛേദിച്ചെടുത്തു. അല്പം മുമ്പുവരെ നിലവിളിച്ചുകൊണ്ടിരുന്ന ആ സ്ത്രീ ഇപ്പോൾ പല്ലുകളിലൂടെ ചോര വാർത്ത് ഭയാനകമായി ചിരിക്കുന്ന രൂപമായിരിക്കുന്നു. കോമാളി അവരുടെ തല വെട്ടിയെടുത്ത് സെന്റർ ടേബിളിൽ വെച്ച് തൊലിയുരിക്കാൻ തുടങ്ങി. എന്റെ പാന്റിനു മുൻവശത്ത് നനവുപടർന്നതായി അനുഭവപ്പെട്ടു.

എനിക്ക് സംശയം തോന്നി. മിലയെ അല്പം തള്ളിനിർത്തി ഞാൻ നനവ് തൊട്ടു പരിശോധിച്ചു. വഴുവഴുപ്പില്ല. വെറും വെള്ളം പോലെ. ഞാൻ മിലയുടെ ജീൻസിൽ മെല്ലെ തൊട്ടുനോക്കി. അപ്പാടെ നനഞ്ഞിരിക്കുന്നു. സ്‌ക്രീനിൽ നിന്ന് ഭയാനകമായൊരു അട്ടഹാസം തിയേറ്ററിലെ സറൗണ്ട് സിസ്റ്റത്തിലൂടെ ഓടിപ്പാഞ്ഞു. ടേബിളിന്റെ പുറത്തിരുന്ന തലയും അതിനെ ചെത്തിയൊരുക്കുന്ന കോമാളിയും ഒരുപോലെ അട്ടഹസിക്കുന്നു. മില വീണ്ടും ഞെട്ടിക്കൊണ്ട് എന്നെ അമർത്തിപ്പിടിച്ചു. ഭയത്തിന്റെ ലായനി എന്റെയും അവളുടെയും പാന്റിലൂടെ വേഗത്തിൽ പാഞ്ഞ്, നിലത്തൂടെ തഴേക്ക് താഴേക്ക് ഒഴുകിപ്പോയി. ഏറ്റവും മുന്നിലെ വരിയും കഴിഞ്ഞ് അത് സ്‌ക്രീൻ വരെയും ഒഴുകിയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്.

ഞാൻ അവളെ എന്നിൽ നിന്ന് വിടർത്തി. ‘എന്തൊരു പണിയാണ് കാണിച്ചത്?' പാന്റിന്റെ നനവിൽ എറ്റിക്കൊണ്ട് ഞാൻ നീരസം പ്രകടിപ്പിച്ചു. മറിച്ചൊന്നും മിണ്ടാതെ അവൾ ധൃതിപ്പെട്ട് തിയേറ്ററിനു പുറത്തേക്ക് നടന്നു. കുറച്ചു നിമിഷങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ഞാൻ അങ്ങനെതന്നെയിരുന്നു. പിന്നെ ഞാനും സീറ്റിൽ നിന്നെഴുന്നേറ്റു. വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ തിയേറ്ററിനുള്ളിൽ കോമാളിയും സ്ത്രീയുടെ തലയും വീണ്ടും അട്ടഹസിച്ചു.

മില നടന്നും ഓടിയും ലിഫ്റ്റിനടുത്തെത്തി കാത്തു നിൽക്കുമ്പോൾ ഞാൻ ഒച്ചത്തിൽ വിളിച്ചു:

‘മിലാ, വാട്ട് ഹാപ്പെന്റ്?'

അവൾ ഒന്നു തിരിഞ്ഞുനോക്കിയിട്ട് ലിഫ്റ്റിൽ കയറി താഴേക്കു പോയി.

ഞാൻ ഓടിക്കിതച്ച് താഴെ എത്തുമ്പോഴേക്കും അവൾ ഒരു ടാക്‌സിയിൽ കയറി അപ്രത്യക്ഷയായിരുന്നു.

പേടിച്ചു മുള്ളിയതിൽ അവൾക്ക് ചമ്മലുണ്ടാകുമെന്ന് ഞാൻ കരുതി. വിളിച്ചിട്ട് ഫോൺ അറ്റന്റ് ചെയ്യാത്തതിനാൽ വാട്ട്‌സാപ്പിൽ മെസ്സേജ് അയച്ചു:

‘എന്താ പറ്റിയത്?'.

മെസ്സേജ് ഡെലിവറായതിന്റെ ചാരനിറത്തിലുള്ള ടിക്ക് മാർക്കും അണ്ടർ ലൈനും തെളിഞ്ഞു. അവൾ അതു വായിക്കുന്നതും നോക്കി ഞാനിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

പിറ്റേദിവസം ഞാൻ കണ്ടു; ടിക്ക് മാർക്കും അണ്ടർ ലൈനും ചാരനിറം മാറി നീലനിറമായിരിക്കുന്നു. പക്ഷേ മെസ്സേജിനു താഴെ മറുപടിയൊന്നുമില്ല. ഇന്നും അതങ്ങനെതന്നെ കിടക്കുന്നു.


ഷഫീഖ് മുസ്തഫയുടെ മറ്റൊരു കഥ വായിക്കാം ഒരേ നിറമുള്ള കടലുകൾ


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments