ഇനിയിപ്പോ അവര് ഒന്നിച്ചു വരേണ്ടവരായിരുന്നോ? അതിന് കഴിയാത്തോണ്ട് വരണില്ല എന്ന് വെച്ചതാവുമോ?
എൻ്റെ നെഞ്ചിലേക്ക് തലചേർത്തുകിടന്ന് അവൾ ആത്മഗതാഗതത്തിൻ്റെ വാക്കുകളെ പതുക്കെ കളിക്കാൻ വിട്ടു.
ആമുഖമൊന്നും ഇല്ലാതിരുന്നിട്ടും അവളുദ്ദേശിച്ചത് എനിക്ക് മനസ്സിലായി. ചുമലിൽ വെറുതെ താളം പിടിക്കുക മാത്രമേ എനിക്ക് മറുപടിയായുള്ളൂ. ഞാനതു ചെയ്തു. അത്രമാത്രം.
അവളുടെ വാക്കുവണ്ടികൾ ഇരുട്ടുനിറഞ്ഞ കിടപ്പുമുറിയുടെ ചുമരുകളിലെവിടെയെങ്കിലും ഇടിച്ചു നിന്നിരിക്കാം, മുറിയിൽ നിശ്ശബ്ദത പന്തലിച്ചുനിന്നു. ദൂരെയെവിടെയോ ഒരു പട്ടിയുടെ കരച്ചിൽ. പകൽ കണ്ട തള്ളപ്പട്ടിയാവണം. മക്കൾ അരഞ്ഞുചേർന്ന കറുത്ത റോഡിലേക്ക് നോക്കി അത് പകച്ചുനിന്നിരുന്നത് ഓർത്തു. വെയിലപ്പോൾ ആ ചോരയിലും മാംസത്തിലും അതിൻ്റെ ഉണക്കുവിദ്യകൾ പയറ്റുകയായിരുന്നു. ആദ്യം ഉണക്കി, പിന്നെ ചെറു ധൂളികളാക്കി, അതിൻ്റെ ഓർമകളെപ്പോലും പൊടിച്ചുകളയുന്നതാണ് വെയിലിൻ്റെ കളി. തള്ളയും പെറ്റതുമറന്ന് പതിയെ പതിവുകളിലേക്ക് പ്രവേശിക്കുമായിരിക്കും.
അങ്ങനെയൊരു വെയിലിൻ്റെ ഓരത്ത് മുന്നിൽ മൈതാനം നോക്കി ഇരിക്കുമ്പോഴാണ് ഞങ്ങൾ വിവരം അറിഞ്ഞത്. മാഷിൻ്റെ ഭാര്യ പ്രസവിച്ചു. ഒന്നല്ല, രണ്ട് കുട്ടികളെ!
മാഷിന് ഇരട്ടക്കുട്ടികളുണ്ടായി എന്ന് കേൾക്കേണ്ട താമസം രുഖിയയ്ക്ക് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. എത്രയും പെട്ടന്ന് കാണണം.
എന്ത് രസമായിരിക്കും? ഇനിയങ്ങോട്ട് അവരൊന്നിച്ച് ഋതുക്കളുണ്ടാക്കും. മഴയും വെയിലും ഒന്നിച്ചുകൊള്ളുന്ന പഴയ കുറുക്കൻകഥയിലെ കല്യാണമുണ്ണും. പകുത്തുണ്ണുന്ന ആശ്ലേഷത്തിൻ്റെ കവിതകളിലൊക്കെയും അവർ ശ്ലേഷം നിറയ്ക്കും. എന്ത് രസമായിരിക്കും അല്ലേ?

അവളെന്റെ കൈളിൽ നുള്ളി.
വെയിൽ മുത്തശ്ശിമരത്തിന്റെ പടർപ്പിനു താഴെ പുല്ലിലെഴുതിയ കറുത്ത കവിതകൾ വായിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാനപ്പോൾ. വലിയ വലിയ മനുഷ്യരൊക്കെ ഇരുന്നിട്ടുള്ള പവലിയനാണ് മുന്നിൽ. മൈതാനത്ത് കളികൾ നടക്കുമ്പോഴൊക്കെ ഈ പവലിയനിൽ വന്നിരിക്കാറുണ്ട് എന്ന് കോളേജ് മാഗസിനു വേണ്ടി അഭിമുഖമെടുക്കാൻ ചെന്നപ്പോൾ എം.ടി. പറഞ്ഞിരുന്നു. അന്നൊക്കെ അധ്യാപകരും കുട്ടികളും തമ്മിൽ പ്രണയവും കല്യാണവുമൊക്കെ സാധാരണമായിരുന്നെന്നും. എല്ലാം ഓരോ കളികൾ തന്നെ. ഗാലറിയിലിരുന്ന് കാണാൻ നല്ല രസമായിരിക്കും. ഗ്രൗണ്ടിലിറങ്ങുമ്പോൾ പക്ഷെ, കളി കാര്യമാകുമല്ലൊ. ഇന്നിപ്പോൾ അധ്യാപകരെ പ്രണയിക്കുന്ന കുട്ടികളൊന്നും തീരെ കാണില്ലെന്ന് അദ്ദേഹമന്ന് ബീഡിയുടെ അറ്റത്തെ അരണ്ട ചുവപ്പുകൊണ്ട് ചിരിച്ചു.
ഏയ്... അല്ലല്ല, ഇന്നുമുണ്ട് അങ്ങനത്തെ പ്രണയങ്ങളൊക്കെ.
വാക്കുകൾ നാവിന്റെ തുമ്പുവരെവന്ന് എം.ടി.യൻ ഗൗരവത്തിൻ്റെ ബീഡിപ്പുകയിൽ മുങ്ങാംകുഴിയിട്ടു. ഇന്ന് മാതൃഭൂമിയിൽ ജോലി നോക്കുന്ന സജുമോനാണ് അന്ന് മാഗസിൻ എഡിറ്റർ. അവനും മറ്റൊരു സുഹൃത്തും അഭിമുഖസമയത്ത് കൂടെയുണ്ടായിരുന്നു. രണ്ടാമൻ ഇപ്പോൾ എവിടെയാണെന്ന് ഒരു നിശ്ചയവുമില്ല. എം.ടി.യെ കണ്ടശേഷം ഞങ്ങളന്ന് അഴീക്കോടിനെ കാണാൻ പോയതും ഓർമയുണ്ട്. അഴീക്കോട് തൻ്റെ പ്രസംഗത്തെ പറ്റിയും പ്രണയത്തെ പറ്റിയും സംസാരിച്ചു.
ക്ലാസിൽ ഒപ്പം പഠിക്കുന്ന ഒരുത്തിയും ജൂനിയറായ മറ്റൊരുത്തിയും ഇന്നിപ്പോൾ ഇരട്ടക്കുട്ടികളുടെ അച്ഛനായിമാറിയ മാഷിനോട് കടുത്ത പ്രണയമുള്ളവരായിരുന്നെന്ന് എനിക്ക് നേരിട്ടറിയാം. രുഖിയ വഴിയാണ് കഥകളൊക്കെ ഞാനറിയുന്നത്. അക്കാലത്ത് രുഖിയ എന്റെ അനിയത്തിയായിരുന്നു. പിന്നെ അണിയത്തിരിക്കേണ്ടവളെന്ന് തിരുത്തേണ്ടിവന്നു.
സംഗതി ഇരട്ടക്കുട്ടികളോടുള്ള രുഖിയയുടെ ഭ്രമത്തിന് ഏതാണ്ട് അവളോളംതന്നെ പ്രായമുണ്ട്. നന്നേ ചെറുതാവുമ്പോൾ തൊട്ട് എങ്ങനെയോ ഈയൊരു ആഗ്രഹം അവളിലേക്ക് വന്നുപെട്ടു. ക്ലാസിൽ അലങ്കാരശാസ്ത്രം പഠിപ്പിക്കുന്ന സമയത്ത് ടീച്ചർ ഒറ്റവാക്കിൽ പറഞ്ഞുപോയ ശ്ലേഷം ഞങ്ങൾ ശരിയ്ക്കും പഠിച്ചത് നിറയെ കഥകളുള്ള രുഖിയയുടെ മാവിലേക്ക് കല്ലെറിഞ്ഞിട്ടാണ്.
‘‘രണ്ടുകായ്കളൊരേഞെട്ടി
ലുണ്ടാകും പോലെ ഭാഷയിൽ
ഒരേ ശബ്ദത്തിലർത്ഥം ര-
ണ്ടുരച്ചാൽ ശ്ലേഷമാമത്’’.
ടീച്ചർ വായിച്ചുതന്നു.
ഒറ്റ ക്ലാസിൽ അലങ്കാരവും വൃത്തവും കഴിഞ്ഞു. ഇനി ഈ ഒറ്റക്ലാസ് മാജിക്കായിരിക്കുമോ ശ്ലേഷം?
ഒരു ഞെട്ടിൽ രണ്ടു പഴങ്ങൾ. അതാണ് അന്ന് ആകെ കിട്ടിയ ആശയം. അതാകട്ടെ നേരിട്ട് രുഖിയയിൽ ചെന്നുമുട്ടും. കുട്ടിയായിരിക്കുമ്പോൾതന്നെ
ഒട്ടിയതുപോലുള്ള രണ്ടു വാഴപ്പഴങ്ങൾ കിട്ടിയാൽ രുഖിയ തട്ടിപ്പറിച്ച് കഴിക്കുമായിരുന്നത്രേ. പിന്നെപ്പിന്നെ പഴങ്ങൾ എന്നല്ല ഒട്ടിച്ചേർന്ന എന്തും തട്ടിപ്പറിക്കുന്നതായി അവളുടെ ശീലം. കോളേജ്കാന്റീനിൽനിന്ന് ഒരിക്കൽ ചെറിയ ഉള്ളിവടകൾ വാങ്ങി കഴിക്കുമ്പോൾ ഒട്ടിയവ അവൾ ചൂടു വകവെയ്ക്കാതെ വേഗത്തിൽ പൊള്ളിയിറക്കി. അങ്ങനെയാണ് എല്ലാവർക്കുമുമ്പിലും ആ കഥകൾ ആവി പാറിച്ച് പുറത്തുചാടിയത്.
പഴം പോലെയല്ല മോളേ ഇത്... ഇത് തിന്നാലേ മിക്കവാറും സയാമീസ് ഇരട്ടകളാവും ഉണ്ടാവുക.
ആരോ അവളെയൊന്ന് ചൊറിഞ്ഞു.
ആ നിമിഷം രുഖിയ ഒന്നു പിടഞ്ഞു. പിന്നെ ചിരിച്ചു.
സയാമീസൊന്നും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. അതൊക്കെ പുറത്തെ കാലാവസ്ഥടെയാ.
അവളുടെ കണ്ടുപിടുത്തം അന്ന് വലിയ ചിരിയുണ്ടാക്കി.
എങ്ങനെയോ ഉള്ളിൽക്കേറിയ ഇരട്ടക്കുട്ടികളോടുള്ള ഭ്രമമാണ് മാഷിന് ലോട്ടറിയടിച്ചു എന്ന മട്ടിൽ ഇപ്പോൾ അവളിൽ ചിറ പൊട്ടിച്ചൊഴുകുന്നത്. നിർബന്ധം സഹിക്കാനാകാതെ ഉടനെ പോകാമെന്ന് ഏറ്റു. ആശുപത്രിയൊക്കെ അറിയാം. മാഷിനാണെങ്കിൽ രുഖിയയുടെ കാര്യം അറിയാവുന്നതാണ്. അതുകൊണ്ട് ഒന്നിച്ച് പോകുന്നതിൽ അപാകമെന്നുമില്ല. മാഷിനോട് രഹസ്യമായ പ്രണയം കൊണ്ടുനടക്കുന്ന കൂട്ടുകാരി ആവണിയും എങ്ങനെയോ മണത്തറിഞ്ഞ് കൂടെക്കൂടി. അവൾടെ ഉള്ളിലിരുപ്പ് എനിക്കറിയാം എന്നത് അവൾക്കറിയില്ല. ഞാനാകട്ടെ അവളെയൊന്ന് നിരീക്ഷിച്ചുകളയാം എന്ന കുസൃതിയിലുമാണ്. ആശുപത്രിയിലെത്തിയതും രുഖിയ നിമിഷനേരംകൊണ്ട് മുറി കണ്ടുപിടിച്ച് മുന്നിൽ കുതിച്ചു. തൊട്ടുപിന്നിൽ തനിക്ക് ജനിക്കാതെ പോയ മക്കളെ കാണാൻ ആവണിയും.

ആവണിയുടെ ഈ നിശ്ശബ്ദരാഗം നേരത്തേ കണ്ടുപിടിക്കാൻ എന്നിലെ CID മൂസ പരാജയപ്പെട്ടതോർത്ത് ചിരി പൊട്ടി. മാഷിന്റെ ക്ലാസുള്ളപ്പോൾ കാന്റീനിലെ ചൂടൻ സമൂസയെ അവൾ ചിറികോട്ടിയാട്ടിയതും എന്തെങ്കിലും കാരണങ്ങളുണ്ടാക്കി സ്റ്റാഫ് റൂമിൽ കയറിയിറങ്ങുന്ന പതിവുണ്ടാക്കിയതും അക്കാലത്തുതന്നെ കാര്യങ്ങളുടെ പോക്ക് വെളിപ്പെടുത്തിയിരുന്നു. പക്ഷെ എനിക്കത് പഠിപ്പിരോഗം മാത്രമായാണ് തോന്നിയത്.
ആവണിയെ കണ്ടുപിടിക്കുന്നതിൽ തെറ്റുപറ്റാൻ മറ്റൊരു പ്രധാന കാരണംകൂടി ഉണ്ടായിരുന്നു. ഒരു എൻജിനീയറുമായി വർഷങ്ങളായി പ്രണയത്തിലാണെന്നും മറ്റ് ആരോടും ഇത് പറയരുതെന്നും ഒരിക്കലവൾ രഹസ്യമായി എന്നോട് പറഞ്ഞിരുന്നു. എല്ലാം അവളുടെ ഭാവനാവിലാസങ്ങളും തന്ത്രങ്ങളുമായിരുന്നെന്ന് പിന്നീട് അറിഞ്ഞു. സമാനമായി പലരോടും അവളീ രഹസ്യം പറഞ്ഞിരുന്നു. സീനിയറായ ഒരു പയ്യനുമായി സീരിയസ് എന്ന് തോന്നിച്ച മറ്റൊരു പ്രണയവും ഏതാണ്ട് ഇതേ കാലത്ത് ആവണിക്കുണ്ടായിരുന്നു എന്ന് വളരെ കാലങ്ങൾക്കുശേഷം അറിഞ്ഞു. പയ്യൻ പാവം, ആവണി ആ വഴി വിട്ടുപോയപ്പോൾ തലച്ചോറിൽ നിലാവിറങ്ങി കുറച്ചു കാലം ഗുളികകാലം കഴിച്ചുകൂട്ടി. ജൂനിയർ ആയ മറ്റൊരുത്തിയും മാഷോട് കടുത്ത പ്രേമം കൊണ്ട് നടന്നിരുന്നുവത്രേ. രുഖിയ പറഞ്ഞാണ് അതും അറിഞ്ഞത്. നോട്ടുബുക്കിൽ കവിതകളെഴുതിയും ദൂരെനിന്നു നോക്കി രസിച്ചും ക്ലാസ്സെടുക്കുമ്പോൾ വീടുണ്ടാക്കിക്കളിച്ചും ആ പ്രണയം സമാന്തരമായ ഒരു പാളമുണ്ടാക്കി. മാഷിന് ഇരട്ടക്കുട്ടികളുണ്ടായപ്പോൾ ആ പ്രണയം പാളത്തിൻറെ ഇരുമ്പു മൂർച്ചയിൽ ചതഞ്ഞരഞ്ഞു വികൃതമായെന്നും പിന്നീടറിഞ്ഞു.
ആശുപത്രിയിൽ വലിയ തിരക്കൊന്നും ഇല്ല. അങ്ങിങ്ങായി കിളിപോയപോലെ ചിലർ. തളർന്നിരിക്കുന്നവരും പോക്കറ്റിലോ ഹൃദയത്തിലോ എന്നുറപ്പില്ലാതെ നെഞ്ചിൽ കയ്യമർത്തി പിടിക്കുന്നവരും. ചിലർ പരിചയമുള്ള ഏതെങ്കിലും മുഖം പ്രതീക്ഷിച്ചാവണം ചുറ്റും പരതുന്നു. എല്ലാ മുഖങ്ങളിലും പ്രതീക്ഷയോടെ മിഴി കോർക്കുന്നു. കയ്യിലെ ഏറ്റവും മുഷിഞ്ഞ കറൻസി സൂക്ഷ്മതയോടെ തെരഞ്ഞെടുത്ത് കണ്ടക്ടർക്ക് കൊടുക്കുന്നതുപോലെ സന്ദർശകർ മുഷിഞ്ഞ മുഖംകൊണ്ട് അവരെ നിരാശരാക്കിപോന്നു. വരാന്തയിൽ ഫോണിൽനോക്കിക്കൊണ്ട് മടങ്ങിച്ചുരുണ്ടുപോയ കുറച്ചുപേരുമുണ്ട്. കൂട്ടിരുപ്പുകാരാവും. ആർക്കാണ് കൂട്ടിരിക്കുന്നതെന്ന് അവർ മറന്നുകാണണം. മരണവും ജനനവും ചുമരുകളുടെമാത്രം വ്യത്യാസത്തിൽ. അല്ലെങ്കിലും, ഏതോ ക്ലാസിൽ മാഷ് പറഞ്ഞതുപോലെ, ആശുപത്രിയോളം മികച്ച സ്കൂളോ കോളേജോ ഒന്നുമില്ല. ജീവിതം പഠിക്കാൻ എപ്പോഴായാലും നമ്മൾ ഇവിടെതന്നെ വരണം.
മാഷ് രുഖിയയെയും എന്നെയും ഒന്ന് നോക്കി. കയ്യോടെ പിടിക്കപ്പെട്ട കള്ളനെപ്പോലെ മാഷ് ചെറുതായൊന്ന് ചമ്മുന്നതും കണ്ടു. കുട്ടികളെ ഇപ്പൊൾതന്നെ എടുത്തുകൊണ്ടുപോവാം എന്ന മട്ടാണ് പെണ്ണുങ്ങൾക്ക്. തൊടരുത് എന്ന് കനത്ത ശബ്ദത്തിൽതന്നെ താക്കീത് കൊടുക്കേണ്ടിവന്നു. എൻ്റെ വാക്കുകളിൽ മാഷാണ് ദീർഘനിശ്വാസം ഉതിർത്തത്. സമാധാനത്തോടെ അദ്ദേഹം ഭാര്യയെയും അവർ തിരിച്ചും ഒന്ന് നോക്കി. അവരുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവും ഉണ്ടായിരുന്നില്ല. പെറ്റൊഴിഞ്ഞതിൻ്റെ ശൂന്യത ആ മുഖത്തെ വിവർണ്ണമാക്കിയിരുന്നു. സ്വന്തം ജീവിതനിറങ്ങളെയായിരിക്കുമോ ഇരട്ടകളായി അവർ പെറ്റിട്ടത്? കുട്ടികൾ ഒന്നുമറിയാതെ ഉറങ്ങിക്കൊണ്ടിരുന്നു.
അണുബാധയ്ക്ക് സാധ്യതയുണ്ട്, കണ്ടാൽമതി, എടുക്കണ്ട എന്ന എൻ്റെ താക്കീതിൽ ഭാവപ്പകർച്ചകളൊന്നും പുറമെ കാണിക്കാതെ ആവണി പിൻവാങ്ങി. കുട്ടികളേയും വ്യക്തമായി മാഷിനേയും കാണാവുന്നവിധം അവൾ മാറി നിന്നു. രുഖിയ പക്ഷെ, ഒരാളെയെങ്കിലും എടുത്തുനോക്കണം എന്ന വാശിയുള്ളതുപോലെ ചുറ്റിപ്പറ്റി നിന്നു. മാഷിനോട് സംസാരിക്കാൻ മറ്റാരും വരാത്തതുകൊണ്ട് എനിക്കുതന്നെ മിണ്ടേണ്ടി വന്നു.
എപ്പഴായിരുന്നു മാഷേ?
മാഷ് ഉമിനീരിറക്കി മറുപടിയ്ക്ക് തയ്യാറായി.
ഇന്നലെ പുലർച്ചെ.
ആ ശബ്ദത്തിൽ മുഖത്തുള്ളതിലധികം ക്ഷീണവും ഉറക്കച്ചടവും മുഴങ്ങി.
അതോ മറ്റേതോ പുലർച്ചയോ എന്നപോലെ മാഷ് പിന്നെ ഉത്തരത്തിൻ്റെ സന്ദിഗ്ധതയിലാവണം, ആലോചനയിൽ മുങ്ങി. ഏത് വാക്കിലുംതൂങ്ങി തത്ത്വചിന്തയിലേക്ക് കയറും, മാഷ്. ക്ലാസിൽ അതൊരു രസമുള്ള കളിയാണ്. പക്ഷെ പതുക്കെയേ സംസാരിക്കൂ. ഒരേ സ്ഥായിൽ അതിങ്ങനെ സമാന്തരമായ ഒരു യാത്രയാണ്. ഒപ്പം കേറാൻ പറ്റിയാൽ ആ ദിവസത്തേക്ക് ആ ഒരു മണിക്കൂർ മതിയാവും. മാഷ് ധ്യാനിക്കുകയാണോ എന്നൊക്കെ സംശയം തോന്നും. ഒരൊറ്റ നില്പിൽ കയ്യിലെ പുസ്തകത്തിൻ്റെ മറവിൽ അയാളൊരു ജ്ഞാനിയാകുന്നു. കാണാൻ സുന്ദരനുമാണ്, മാഷ്. ആരോടും സൗമ്യമായി മാത്രമേ പെരുമാറുകയുള്ളൂ. പിശുക്കിയ ഒരു ചെറുചിരി സ്ഥായിയായി ആ മുഖത്തുണ്ടാവും. വലിയ വായനക്കാരനാണ്. സംസാരിച്ചു തുടങ്ങിയാൽ അത് വ്യക്തമാകും. ഓരോ പുസ്തകങ്ങളിൽ കയറിയിറങ്ങി അതും ഒരു യാത്രയാണ്. മാഷിനോട് ആർക്കും ദേഷ്യമൊന്നും തോന്നാൻ ഇടയില്ല. എല്ലാവർക്കും ഇഷ്ടപ്പെടാൻ തക്ക എന്തോ ഒന്ന് മാഷിലുണ്ട്.
ഒരിക്കൽ മാഷെന്നോട് ചോദിച്ചു, എൻ്റെ ക്ലാസെങ്ങനെ?
സത്യമായും ഞാൻ ഏറെ ആസ്വദിക്കുന്ന ക്ലാസാണ്. പക്ഷെ രുഖിയയടക്കം മിക്കവരും അല്പം നിരാശരാണ്. അവർക്ക് ക്ലാസിലേക്ക്, മാഷിൻ്റെ മന്ത്രസ്ഥായിയിലുള്ള ഫിലോസഫിയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടാണത്രേ. ബുദ്ധിജീവികൾക്കുള്ള ക്ലാസാണ് എന്നാണ് വാദം. പക്ഷെ, മാഷിനെ കണ്ടിരിക്കാൻ രസമാണ് എന്ന് തർക്കമില്ലാത്ത ഐക്യം. ഇതൊന്നും മാഷോട് പറയാൻ വയ്യല്ലോ.
നല്ല ക്ലാസാണ് മാഷേ. പക്ഷെ....
എൻ്റെ പക്ഷെയിൽ മാഷും ചെവി കൂർപ്പിച്ചു.
പക്ഷെ?
അല്ലാ... ഒരേ പോക്കാണ്. ഇടയ്ക്ക്... ഇടയ്ക്കൊരു ജെർക്ക് വേണം.
മാഷ് ചിരിച്ചു. ചിരിയെന്ന് വെച്ചാൽ മാഷിൽനിന്ന് പ്രതീക്ഷിക്കാവുന്നതിൻ്റെ മാക്സിമം ഒരു ചിരി. എന്നാലുമത് സാധാരണ മനുഷ്യരുടെ ചെറിയ ചിരി പോലുമാവില്ല എന്നത് വേറെ കാര്യം. മാഷെന്തിനാണാവോ ചിരിക്കുന്നത്?
മാഷ് എൻ്റെ വാക്കിൻ്റെ പിന്നാലെയാണെന്ന് മനസ്സിലായി. ജെർക്ക്. ഇടയ്ക്കൊരു ബ്രേക്കോ ഇളക്കമോ മാറ്റമോ തമാശയോ അങ്ങനെ എന്തെങ്കിലുമൊക്കെക്കൂടി വേണം ക്ലാസിലെന്നാണ് ഞാൻ പറഞ്ഞത്. മാഷിനത് മനസ്സിലായിട്ടുമുണ്ട്. എന്നിട്ടും ചിരിയാണ്.
ആ വാക്ക് കേട്ടപ്പോൾ എന്തോ ഒരു അശ്ലീലധ്വനി!
അതെന്തായിരിക്കും എന്ന് ഞാൻ ആലോചിച്ചു. ഇടയ്ക്ക് കൈക്രിയകളൊക്കെ ഉള്ളതുകൊണ്ട് വൈകാതെ ഉള്ളിലൊരു ബൾബ് മിന്നി.
അയ്യോ മാഷേ... ഞാൻ ആ അർഥത്തിലൊന്നുമല്ല...
ഞാൻ ശരിയ്ക്കും ചമ്മി ചമ്മന്തിയായെന്ന് പറഞ്ഞാൽ മതിയല്ലോ.
ഇന്നിപ്പോൾ പല ജീവിതങ്ങൾക്കും ചൊറുക്കില്ലാത്തത് ഇങ്ങനെയൊരു ജെർക്കില്ലാത്തോണ്ടാവുമെന്ന് താടിരോമങ്ങളിൽ തഴുകി എനിക്ക് ഒരു ബുദ്ധിജീവിയെപ്പോലെ പ്രസംഗിക്കാവുന്നതേ ഉള്ളൂ. ഒരേ നിലയിലാണ് നമ്മുടെ ജീവിതങ്ങൾ പലതും. എന്നും ഒരേ ദിവസത്തിൻ്റെ തുടർച്ചകൾ. ഒരേ കാഴ്ചകൾ. ഒരേ കൂട്ടുകൾ. ഒരേ ഇടങ്ങൾ. ഒരേ ഭക്ഷണം. ശരിയ്ക്കും ആവർത്തനങ്ങളുടെ അടിമകൾ. ബസ്സിൽ കയറിയാൽ നമുക്കൊക്കെ പ്രിയപ്പെട്ട ഒരു സീറ്റുണ്ടാവും. എന്നും ഒരേ യാത്രയാണെങ്കിലും സീറ്റെങ്കിലും മാറിയിരുന്ന് കാഴ്ചകളെ ഒന്ന് പുതുക്കാൻ അധികംപേരും തയ്യാറല്ല. പഠിക്കുന്നിടത്തോ ജോലിസ്ഥലത്തോ ഒക്കെ മൂത്രമൊഴിക്കാൻപോലും നമുക്ക് പ്രിയപ്പെട്ട ഒരിടമുണ്ടാവും. ക്ലാസിൽ ഒരേ ഇടത്താണ് അധികംപേരും ഇരിക്കുന്നത്. ഒരേ അധ്യാപകരെ ഒരേ കോണിൽനിന്ന് കാണുന്നു. ആലോചിച്ചാൽ ഏതുനിലയ്ക്കും ആവർത്തനങ്ങളുടെ അടിമകൾ തന്നെയാണ് മിക്കവരും. ഇതിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ അസ്വസ്ഥരുമാണ് ഭൂരിപക്ഷവും എന്നതാണ് കൗതുകം. ആ നിലയിൽ ആവർത്തനങ്ങളുടെ ആശ്ശേഷകർ. ജെർക്കില്ലാത്ത, അത് ഇഷ്ടപ്പെടാത്ത ജീവിതങ്ങൾ.
കോഴ്സൊക്കെ കഴിഞ്ഞും മാഷിനെ ഒന്നുരണ്ടുതവണ കണ്ടു. ഒരിക്കൽ കുടുംബക്കോടതിയുടെ പരിസരത്തെ ചായക്കടയിൽ. തൊട്ടടുത്തുള്ള ബിൽഡിങ്ങിലാണ് രുഖിയയുടെ ഡോക്ടറുള്ളത്. കാത്തിരിപ്പിൻ്റെ വലിയ ഇടവേളയ്ക്കുശേഷമുള്ള ഒന്നാമത്തെ സന്തോഷത്തിന് അബോർഷൻ നടന്ന കാലമാണ്. നന്നായി റെസ്റ്റ് വേണമെന്നും ഉടനെ അടുത്തതിന് ശ്രമിക്കരുത് എന്നും ഡോക്ടർ പറഞ്ഞു. പരിശോധന കഴിഞ്ഞാൽ പിന്നെ ഒരു കൗൺസിലിങ് സെക്ഷനാണ്. രുഖിയ അല്പം വീക്കായിരുന്നതിനാൽ അതുകൂടി അറ്റൻ്റ് ചെയ്യാൻ നിർദ്ദേശിച്ച് ഒരു ചായയ്ക്കിറങ്ങിയതാണ്. അവളറിയാതെ ഇടയ്ക്കൊരു സിഗരറ്റും വലിക്കും. സിഗരറ്റ് വാങ്ങി കത്തിച്ച് തിരിഞ്ഞതും മാഷ് മുന്നിൽ. ആകെ അങ്കലാപ്പിലായി. സിഗരറ്റ് കളയാനായി കൈകൾ ചലിച്ചുതുടങ്ങി എന്ന് തോന്നുന്നു, മാഷത് കണ്ണുകൊണ്ട് വിലക്കി. നോക്കുമ്പോൾ മാഷും സിഗരറ്റ് വലിക്കുകയാണ്. ഹാവൂ. ആശ്വാസം. എത്ര വലുതായാലും പഠിപ്പിച്ചവരെ കാണുമ്പോൾ നമ്മൾ കുട്ടികളാവും.
എന്താ ഇവിടെ?
മാഷാണ് തുടങ്ങിയത്.
ഏയ്. രുഖിയടെ ഡോക്ടർ ഇവിടെയാണ്. അവളകത്തുണ്ട്. ഞാനൊരു ചായയ്ക്ക്...
ഓ... അവൾടെ ഇരട്ടപ്രേമം മാറിയല്ലോ അല്ലേ?
മാഷിന് ഇപ്പോഴും എന്തൊരു ഓർമയാണ്!
മാറി മാഷേ...
ഒരാളെയെങ്കിലും എന്നാണ് വർഷങ്ങളായി പ്രാർഥന.
ശബ്ദം കുറഞ്ഞ സമയത്തേക്ക് ഞങ്ങൾക്കിടയിൽനിന്ന് ഒളിച്ചുകളിച്ചു.
മാഷ് ദൂരേയ്ക്കുനോക്കി പുകയൂതിവിട്ടു. അത് വായുവിൽ ലയിച്ചുചേരുന്നത് നിർവികാരമായി നോക്കി.
വളരെ ദൂരെയായി ഒരു മരക്കൊമ്പിൽ ആരോ പറത്തിവിട്ട ഒരു പട്ടം അനാഥമായി കുടുങ്ങിക്കിടക്കുന്നത് കണ്ടു. ജെർക്കിലെ വികടകൗതുകം ഓർമ വന്നു.
നോക്കൂ മാഷേ... ആ പട്ടം, അതിൻ്റെ രൂപം, പാഴാണ് എല്ലാം.
മാഷ് ചിരിച്ചില്ല.
ചായ പറയട്ടെ?
ഉം.
അല്ലാ.. മാഷെന്താ ഇവിടെ?
മാഷ് കുറച്ചുനേരം നിശ്ശബ്ദനായി.
ഇപ്പോഴാണ് മാഷിനെ ശരിയ്ക്കുമൊന്ന് ശ്രദ്ധിക്കുന്നത്. മാഷാകെ മാറിയിരിക്കുന്നു. നരച്ച താടിരോമങ്ങൾ ആ മുഖത്തെ വെള്ളപുതപ്പിച്ചിരിക്കുന്നു. കഷണ്ടി കയറിയിട്ടുണ്ട്. കണ്ണിനുചുറ്റുമുള്ള കറുപ്പ് കണ്ണടയിലൊളിക്കാതെ ഇളിച്ചുകിടക്കുന്നു. ആ പിശുക്കൻചിരിപോലും മാഞ്ഞിരിക്കുന്നു.
ഞങ്ങൾ പിരിഞ്ഞു, മാഷ് നിർവികാരമായി പറഞ്ഞു.
ഞാനൊന്ന് ഞെട്ടി, ഹൊ. ഒടുവിൽ മാഷൊരു ജെർക്കുണ്ടാക്കിയിരിക്കുന്നു.
മാഷേ..?
ചായ വന്നു. കുടിച്ചു. മാഷാണ് പൈസ കൊടുത്തത്. കാണാം. മാഷാണ് യാത്ര പറഞ്ഞത്. രുഖിയയോട് പറഞ്ഞില്ല. അല്ലെങ്കിലേ അവൾ വീക്കാണ്. ഇതുംകൂടി വേണ്ട.
പിന്നെയും മാഷിനെ കണ്ടത് മാഷിൻ്റെ കഥകൾക്ക് സാഹിത്യ അക്കാദമി അവാർഡ് കിട്ടിയശേഷമാണ്. പത്രത്തിൽ വാർത്ത കണ്ടപ്പോൾ രുഖിയ പറഞ്ഞു.
കണ്ടോ... ഇരട്ടക്കുട്ടികൾടെ ഭാഗ്യം! ഇനി നോക്കിക്കോ... മാഷെ പിടിച്ചാൽ കിട്ടില്ല.
അവൾ വീണ്ടും ചെറിയതായി വളർന്നുതുടങ്ങിയ വയറിൽ അരുമയായി തഴുകി.
ഇവിടേം കാണും രണ്ടുപേർ.
ഒന്നും മിണ്ടിയില്ല.
മാഷിൻ്റെ ഇരട്ടകൾ ആരുടെകൂടെയാവും എന്ന് ഓർത്തു. കൃത്യമായി അറിയില്ലെങ്കിലും മാഷിപ്പോൾ ഒറ്റയ്ക്കാണ് എന്നാണ് മനസ്സിലാക്കിയത്. അവാർഡ് വാങ്ങിച്ചശേഷം തിരക്കൊഴിഞ്ഞ് മാഷെ കണ്ടു. അന്നും രുഖിയ കൂടെയുണ്ടായിരുന്നില്ല. രണ്ടാമത്തെയും അലസിയിട്ട് അവൾ കിടപ്പിലായിരുന്നു. അവളുടെ കണ്ണുകൾ കുഴിഞ്ഞുപോയിരുന്നു. മുഖം ഇരുണ്ടും. ധാരാളം ചോരയും പോയിട്ടുണ്ട്. പാവം. നല്ല റെസ്റ്റ് വേണമെന്ന് ഇക്കുറിയും പറഞ്ഞിട്ടുണ്ട്. അവാർഡ് കൊടുക്കുന്ന ദിവസമാണ് എന്നറിഞ്ഞപ്പോൾ അവളാണ് പറഞ്ഞത്, പോയി കണ്ടിട്ട് വരൂ എന്ന്. മാഷിനത് സന്തോഷമാവും.
അക്കാദമിയുടെ വലതുവശത്തെ ഊടുവഴിയിലുള്ള ചായക്കടയിൽനിന്ന് ഞങ്ങൾ ചായ കുടിച്ചു. ഒരു നോവൽ എഴുതണമെന്ന ആഗ്രഹമുണ്ടായിരുന്നത് മാഷ് പറഞ്ഞു. എത്രകാലമായി കഥകൾ മാത്രമായിട്ട് പോകുന്നു. പിന്നെ കഥകൾ വായിക്കാനൊന്നും ഇപ്പൊ ആരുമില്ല. നോവലാണെങ്കിൽ കച്ചവടമെങ്കിലും ഉണ്ട്. വായനയുണ്ടോ എന്ന് അതിലും വലിയ ഉറപ്പില്ല. പക്ഷെ ഈയിടെയായി ചെറിയ ക്യാൻവാസിലേക്കുപോലും ശ്രദ്ധ ഒതുങ്ങുന്നില്ല. ഒരു കഥ എഴുതുന്നു. അതിൽ ഒട്ടിപ്പിടിച്ചതുപോലെ മറ്റൊരു കഥ രൂപപ്പെടുന്നു. അതാണ് ഇപ്പോഴത്തെ അവസ്ഥ.
മാഷിൻറെ മുഖത്തന്ന് അല്പം തെളിച്ചമുള്ളതുപോലെ തോന്നി. എത്രയോ വർഷമായി കഥകൾ എഴുതുന്ന ആളാണ്. ആദ്യമായാണ് മാഷിന് ഒരവാർഡ് കിട്ടുന്നത്. അതായിരിക്കും തെളിച്ചം എന്ന് തോന്നി. പൊതുവെ രാഷ്ട്രീയബാധിതപ്രദേശം ആയതുകൊണ്ട് അതുപ്രകാരമേ നമ്മുടെ അവാർഡുകളും പോകാറുള്ളൂ എന്ന് ഇതിനിടയ്ക്ക് ആരോ പുരസ്കാരസ്വീകരണത്തിനുശേഷം പ്രസംഗിച്ചത് യൂട്യൂബിൽ കണ്ടിരുന്നു. എന്തായാലും ചിലതൊക്കെ ഇങ്ങനെ അർഹിച്ച കൈകളിലും എത്തും. സന്തോഷത്തിലും പക്ഷെ, മാഷ് ഒറ്റയ്ക്കായല്ലോ എന്നോർത്തു.
അവരാരും വന്നില്ലേ മാഷേ?
മാഷ് ഒന്നും പറഞ്ഞില്ല. മക്കളിൽ ഒരാൾക്കെങ്കിലും വരാമായിരുന്നു എന്ന് തോന്നി. അവരിപ്പൊ മുതിർന്നു കാണുമല്ലോ. ഏത് ക്ലാസുകളിലാവുമോ എന്തോ. മാഷവരെ കാണാറുണ്ടോ, വിളിക്കാറില്ലേ എന്നൊക്കെ ചോദിക്കണമെന്നുണ്ട്. വിഷമമായാലോ എന്ന് പേടി.
മാഷ് കാറിലാണ്. തിരിച്ച് പകുതിദൂരം പോകാവുന്നതാണ്. എങ്കിലും വേറെ ഒരാളെക്കൂടി കാണാനുണ്ട് എന്ന് നുണ പറഞ്ഞൊഴിഞ്ഞു. മാഷ് നിർബന്ധിച്ചില്ല. പറഞ്ഞത് നുണയാവും എന്ന് മനസ്സിലായോ എന്തോ. അധ്യാപകർക്ക് നുണ പറയുന്നവരെ എളുപ്പം മനസ്സിലാവും. പക്ഷെ ഞാനിപ്പോൾ അങ്ങനെ പിടികൊടുക്കുന്ന ആളൊന്നുമല്ല. നല്ല നടനായിട്ടുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് രുഖിയയോട് ഇത്ര ദിവസവും അത് പറയാതെ രക്ഷപ്പെട്ടത്. എത്രതവണ അവൾ ചോദിച്ചതാണ്. സമർഥമായ കള്ളങ്ങൾ വായിൽവന്ന് നിറഞ്ഞു. മുഖവും കണ്ണും അതിനെ ഭംഗിയായി ആവിഷ്കരിച്ചു.

രണ്ടാമത്തേത് കഴിഞ്ഞ് ഡിസ്ചാർജ് വാങ്ങിയിറങ്ങുമ്പോൾ അവളിൽനിന്ന് മാറ്റിനിർത്തിയാണ് ഡോക്ടറത് പറഞ്ഞത്.
അവളത് ദൂരെനിന്ന് കാണുന്നുണ്ടായിരുന്നു. ഞാൻ മുഖത്തെ ഭാവം മാറാതെ കാത്തു. ഡോക്ടറോട് യാത്ര പറഞ്ഞു. എങ്കിലും ആ വാക്കുകൾ ഉള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
എന്താ ഡോക്ടർ പറഞ്ഞത്?
അവൾ അപ്പോൾതന്നെ ചോദിച്ചു.
ഏയ്. പതിവുപല്ലവി തന്നെ. ഉടനെ ശ്രമിക്കരുത്. ബോഡി വീക്കാണ്. അങ്ങനെ.
അന്നുമുതൽ നല്ലൊരു നടനായിത്തുടങ്ങിയതാണ്. ഇപ്പോൾ തഴക്കം വന്നിരിക്കുന്നു.
എന്താ ആലോചിക്കണത്? അതോ ഉറങ്ങിയോ?
രുഖിയ ചോദിക്കുന്നു. അവളുടെ കൈവശം ഇനിയും വാക്കുവണ്ടികളുണ്ട്.
എൻ്റെ കയ്യിലേക്ക് തല ചായ്ച്ചാണ് ഇപ്പോഴവളുടെ കിടപ്പ്. ചെറിയ ഒരു കുട്ടിയെപ്പോലെ. ഞാനവളുടെ മുടിയിഴകളിൽ വിരലോടിച്ചു. ഉറങ്ങിയിയിട്ടില്ലെന്ന് അവൾക്ക് മനസ്സിലാവുമല്ലോ. അവളും ഏതേതോ ആലോചനകളിലാവണം.
പ്രതീക്ഷിച്ചത്ര ലഹളയൊന്നും ഇല്ലാതെയാണ് വിവാഹം നടന്നത്. പക്ഷെ ബന്ധുത്വം പതിയെപ്പതിയെ ചുരുങ്ങിവന്നു. ഇടയ്ക്കൊരു ഫോൺകോൾ. പതിവുള്ള ചില വർത്തമാനങ്ങൾ. ശേഷം ഞാനും അവളും മാത്രം. ഒരാളെ ദത്തെടുത്ത് വളർത്താം എന്ന് പലതവണ ആലോചനയിൽ വന്നതാണ്. ഒരിക്കൽ തമാശപോലെ പറഞ്ഞുനോക്കി. അതെന്താ എനിക്ക് പെറാൻ പറ്റില്ല എന്നാണോ എന്നായി അവൾ. അഥവാ അങ്ങനെ വേണ്ടിവന്നാൽ ഇരട്ടകൾ വേണമെന്ന് പിന്നീട് തീർപ്പു പറഞ്ഞു.
സ്റ്റാർട്ട് ചെയ്യുംമുമ്പ് കാറിലിരുന്ന് മാഷെന്നെയൊന്ന് നോക്കി. ഞാൻ കൈവീശി.
ശരി മാഷേ. കാണാം.
മാഷും തലകുലുക്കി.
ഇരട്ടയൊന്നും ആവാതിരിക്കുന്നതാ നല്ലത്.
മാഷ് പറഞ്ഞു. എന്തേയെന്ന് പുരികംകൊണ്ടാണ് ഞാൻ ചോദിച്ചത്.
ഒന്നിച്ച് വരുന്നവർ ഒന്നിച്ച് നില്ക്കുന്നവരുടെ നില തെറ്റിക്കും.
കാറ് നീങ്ങി. എന്തേ മാഷങ്ങനെ പറയാൻ എന്ന് മനസ്സിലായില്ല. ഇരട്ടക്കുട്ടികൾ ആയശേഷം കോളേജിലേക്ക് മടങ്ങി വന്നപ്പോൾ മാഷാകെ മാറിയിരുന്നു. ഒട്ടും ഉഷാറില്ല. മുഖത്തെ പ്രസാദം മുഴുവനും വാർന്നിരിക്കുന്നു. കൺതടങ്ങളിൽ കറുപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു. ഉറക്കം തീരെയില്ല എന്ന് മനസ്സിലായി. വലിയ കഷ്ടപ്പാടാണ് എന്ന് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. സഹായത്തിന് ആരെയെങ്കിലും നിർത്താൻ ഭാര്യ ഒരുക്കമല്ല എന്നും. എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടാവാം. ഏതെങ്കിലും കഥകളിലായി എല്ലാം ഭാവിയിൽ വായിക്കാൻ പറ്റിയേക്കും. അതോ എഴുതിക്കഴിഞ്ഞോ? മുമ്പുവായിച്ച ഒരു കഥയിലെ വരികൾ ഓർമ്മയിലേക്ക് വന്നു.
അയാൾ അവരിൽനിന്നെല്ലാം വേർപ്പെട്ടുപോയി. ആരും അറിഞ്ഞതുപോലുമില്ല. ഒരു പൂ കൊഴിയുന്നതുപോലെ. പൂവിന് മറ്റുപാധികളൊന്നും ഇല്ലായിരുന്നു.
നോക്കുമ്പോൾ രുഖിയ നല്ല ഉറക്കം പിടിച്ചിരിക്കുന്നു. മുടിയിഴകളിലെ തലോടൽ പതുക്കെ അവസാനിപ്പിച്ചു. ഉറങ്ങട്ടെ. സമാധാനമായി ഉറങ്ങട്ടെ.
എനിക്കും ഉറങ്ങണമെന്നുണ്ട്. പക്ഷെ കണ്ണടക്കുമ്പോൾ മാഷിൻ്റെ പ്രസാദം വറ്റിയ മുഖം. അലസമായ താടിരോമങ്ങൾ. കണ്ണടയ്ക്കുള്ളിലെ കല്ലിച്ച ഇരുട്ട്. കാതിൽ പക്ഷെ, ഡോക്ടറന്ന് മാറ്റിനിർത്തിപ്പറഞ്ഞ വാക്കുകൾ വന്നലയ്ക്കുന്നു.
രുഖിയ ഇനി ഒരിക്കലും...
ശരീരത്തോട് ചേർന്ന് അവളുടെ ഉദരമുണ്ട്. ശ്വാസത്തിൻ്റെ താളമുണ്ട്. അവിടെ വസന്തം നിറയ്ക്കാനായി രണ്ടോമനകൾ ഒന്നിച്ചുവരുന്നത് അവൾ ഇപ്പോഴും സ്വപ്നം കാണുന്നുണ്ടാവാം. ഏതെങ്കിലും ഉണർച്ചയിൽ അവൾ സത്യം അറിയുമായിരിക്കും. പിന്നെയവൾക്ക് ഉറങ്ങാനാവുമോ? ആനന്ദിക്കാനാവുമോ? എന്നെയോ അവളെയെങ്കിലുമോ സ്നേഹിക്കാനാവുമോ?
എന്തായാലും ഇപ്പോളവൾ ഉറങ്ങുകയാണ്. ഉറങ്ങട്ടെ.
രുഖിയ നല്ല ഉറക്കമായി എന്ന് ഉറപ്പിച്ചശേഷമാണ് കിടപ്പറയുടെ വാതിൽചാരി പുറത്തേക്കിറങ്ങിയത്. വലിച്ചൂതിവിട്ട സിഗരറ്റിൻ്റെ പുകയിൽ കണ്ണെത്തുന്നത്ര അകലത്തിൽനിന്ന് വാഹനങ്ങളുടെ വെളിച്ചം ഇടവിട്ട് പതിക്കുന്നു. അതിൻ്റെ ശബ്ദങ്ങളിൽനിന്ന് വേറിട്ടെന്നോണം നിലാവിൻ്റെ നിലവിളിപോലെ ആ പട്ടിയുടെ ശബ്ദം ഇപ്പോഴും കേൾക്കാം. എന്തൊരു ഞെട്ടലാണ്, ഇപ്പോഴത് ശരിക്കും ഒരു മനുഷ്യൻ്റെ കരച്ചിൽപോലെ!
കരുണയറ്റ ഇരുട്ടിൽ തൻ്റെ ദയനീയതയെ അത് ഒച്ചകൊണ്ടുള്ള ഒരു ശില്പമാക്കുകയാണ്. പെട്ടന്നതിൻ്റെ കരച്ചിൽ മുറിഞ്ഞു. മറ്റൊരു വല്ലാത്ത ശബ്ദമുണ്ടാക്കി സഡൻബ്രേക്കിട്ട ഏതോ വാഹനത്തിൻ്റെ വെളിച്ചം എൻ്റെ വീടിനുനേരെ വെയിലുപോലെ പതിച്ചു. വീടിൻ്റെ ചുമരിൽ, ഉണങ്ങിയ ധൂളീനിഴൽ. ഒന്നല്ല, രണ്ട് നിഴലുകൾ. ഡോക്ടർ പറഞ്ഞവസാനിപ്പിച്ചത് കാതിൽ മുഴങ്ങുന്നു.
ഇത്തവണ രണ്ടുപേരുണ്ടായിരുന്നു…