ഷോലെ പിക്ചർ

രിത്രത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കുമ്പോഴും മനുഷ്യർ ഒറ്റയൊറ്റയായി ചില കുതറലുകൾ നടത്താറുണ്ട്.
ഒരുപക്ഷേ, ഒരു തരംഗം സൃഷ്ടിക്കാൻ മാത്രം ശേഷിയില്ലാത്തവയാണവയെങ്കിൽപ്പോലും.

1. രണ്ട് കടലാസുകൾ വെളിപ്പെടുന്നു...

ചില മരണങ്ങൾക്ക്, പ്രത്യേകിച്ചും അകാലത്തിൽ സംഭവിക്കുന്നവക്ക്, ദൈവത്തേക്കാളുപരി മനുഷ്യനാണ് കാരണക്കാരൻ എന്ന ചിന്ത മാനവന്റെ മനസിലേക്ക് കടന്നുവന്നത് അപ്പോഴായിരുന്നു. ഹൃദയസ്തംഭനം വന്ന് അച്ഛൻ മരിച്ചതിന്റെ നാലാം നാളാണ് വസ്തുവിന്റെ പ്രമാണവും, പാസ്പോർട്ടും, പഴയ തുണികളും അടുക്കിവെച്ചിരുന്ന ഇരുമ്പുപെട്ടി തുറക്കുന്നത്. മുൻപ് പലപ്പോഴും അച്ഛൻ ആ പെട്ടി തുറക്കുന്നത് കണ്ടിട്ടുണ്ട്. അതിലെ സാധനങ്ങളും മനപാഠമായിരുന്നു. എന്നാൽ ഇപ്പോൾ, മുൻപൊന്നും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരറയിൽ നിന്നും മാനവന് ലഭിച്ച രണ്ട് കടലാസുകളാണ് മരണത്തെക്കുറിച്ചും അച്ഛന്റെ ഭൂതകാലത്തെക്കുറിച്ചുമെല്ലാം അവനെക്കൊണ്ട് ചിന്തിപ്പിച്ചത്.

ഒന്നൊരു പഴയ സിനിമാ ടിക്കറ്റായിരുന്നു. ഷോലെ സിനിമയുടെ. ബോംബെയിലെ മിനർവ്വ തിയേറ്ററിലേത്. ടിക്കറ്റിൽ, തെളിച്ചക്കുറവുണ്ടെങ്കിലും വായിക്കാൻ കഴിയുന്ന രീതിയിൽ ഡേറ്റ് സീൽ ചെയ്തിട്ടുണ്ട്- 1976 നവംബർ 26. ആ കാലത്ത് ബോംബെയിൽ പോയിട്ടുള്ളതായോ ഈ സിനിമ കണ്ടതായോ അച്ഛൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന കാര്യം പോലും അപ്പോൾ അവന്റെ മനസിലേക്ക് കടന്നുവരാത്തത്, ടിക്കറ്റിനു പിറകിൽ അവൻ കണ്ട കുറിപ്പ് കാരണമാണ്. മഷിപ്പേന കൊണ്ടെഴുതിയ അക്ഷരങ്ങൾ മങ്ങിത്തുടങ്ങിയിരുന്നെങ്കിലും ആ കൈയ്യക്ഷരം അച്ഛന്റേതാണെന്ന് അവൻ വേഗം തിരിച്ചറിഞ്ഞു. എന്നിട്ടും അതിലെ ആശയം അവന് പിടി കൊടുത്തില്ല. ഒരാൾ തന്നോട് തന്നെ പറയുന്ന വാക്കുകളായിരുന്നു അവ. തനിക്കൊട്ടും പരിചയമില്ലാത്ത, തന്നോടൊരിക്കലും അച്ഛൻ സൂചിപ്പിച്ചിട്ടില്ലാത്ത ഏതോ ഒന്നിലേക്ക് വിരൽ ചൂണ്ടുന്ന, തന്നെക്കുറിച്ച് കൂടി പരാമർശമുള്ള ആ കുറിപ്പ് മാനവൻ ഒരിക്കൽക്കൂടി വായിച്ചു- 'ഷോലെ സിനിമയ്ക്ക് സംഭവിച്ചത് തന്നെയായിരുന്നു എനിക്കും സംഭവിച്ചത്. പക്ഷേ, എന്റെ മകനാണ് എന്റെ മറുപടി.'

ഷോലെ സിനിമയ്ക്കും അച്ഛനും സംഭവിച്ചതെന്താണ്? ഞാനെങ്ങനെയാണ് അതിന് മറുപടിയാകുന്നത്? ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ചു കൊണ്ട് മാനവൻ രണ്ടാമത്തെ കടലാസിലേക്ക് കടന്നു. അതൊരു കത്തായിരുന്നു. ടിക്കറ്റിലുള്ള തീയതിയിൽ നിന്നും ഒരു വർഷത്തിലേറെ പിന്നിലുള്ള ഒരു ദിവസം എഴുതപ്പെട്ടത്. അച്ഛന്റെ പേർക്കുള്ള കത്താണ്. സൗദിയിലെ അഡ്രസിൽ.

ആ കാലത്ത് അച്ഛൻ ഗൾഫിൽ ജോലി ചെയ്തിരുന്ന കാര്യം പറഞ്ഞിട്ടുണ്ട്. കത്തെഴുതിയിരിക്കുന്നയാൾ സാംബശിവന്റെ അച്ഛനാണെന്നാണ് സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ അച്ഛൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വ്യക്തി സാംബശിവനായിരിക്കും. ചെറുപ്പത്തിൽ ആ ശബ്ദത്തിൽ കഥ കേൾക്കാൻ രാപകൽ നോക്കാതെ മൈലുകളോളം നടന്നതിനെക്കുറിച്ചും, സൈക്കിൾ ചവിട്ടിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്.

ഇവിടെവെച്ച് എന്നെയും ചിലപ്പോഴൊക്കെ കൊണ്ടുപോയിട്ടുണ്ട്. ഒരു കഥ തന്നെ എത്ര കേട്ടാലും അച്ഛന് മടുക്കില്ല. സാംബശിവൻ കഥ പറയുമ്പോൾ ഒരോ തവണയും ഓരോന്നായേ തോന്നുള്ളൂവെന്ന് പറയും. സാംബശിവൻ മരിച്ചിട്ടും ഇപ്പോൾ ഒരു വർഷം തികഞ്ഞിട്ടുണ്ടാവില്ല. ശരിക്കും പറഞ്ഞാൽ അച്ഛൻ ഒന്നുകൂടിയൊന്ന് തളർന്നത് ആ മരണത്തോടെയായിരുന്നു. എന്നാൽ ഈ കത്തിലെ അഡ്രസും ഉള്ളടക്കവും വെച്ച് ഒരു രീതിക്കും ഇത് കഥാപ്രസംഗകൻ സാംബശിവന്റെ വീട്ടിൽ നിന്നുള്ളതാവില്ല. കത്തിന്റെ ഉള്ളടക്കത്തിൽ നിന്നും അച്ഛൻ അവരിൽ നിന്ന് പണം കടം വാങ്ങിയതായി തോന്നുന്നുണ്ട്. ആ പണം കൊണ്ട് അച്ഛനെങ്കിലും ഉപകാരമുണ്ടാവട്ടെ എന്നൊക്കെയാണതിൽ പറഞ്ഞിരിക്കുന്നത്. രണ്ട് വ്യക്തികളുടെ ബന്ധത്തിൽ കാലങ്ങളിലൂടെ രൂപപ്പെട്ട ഉന്നതിയിലെവിടെയോ മാത്രം അർത്ഥവത്താകുന്ന വാക്കുകളും വിവരണങ്ങളുമായിരിക്കും ഒരു കത്തിലുണ്ടാവുക. കൂടുതലായി അതിൽ നിന്ന് തനിക്കിനി ഒന്നും മനസിലാക്കാനില്ലെന്ന് അവന് ബോധ്യമായി. എന്നാൽ തനിക്കിത് കണ്ടുപിടിക്കേണ്ടതുണ്ട്.

ഏറെ കാലമായി അവന്റെ മനസിൽ തറഞ്ഞിരുന്ന ചില ചോദ്യങ്ങളുണ്ട്. അച്ഛന്റെ ഭൂതകാലത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ പരിമിതമായ അറിവിൽ കൂടുതൽ അവനില്ല. തന്റെ ജനനത്തിൽ തന്നെ അമ്മ മരിച്ചുപോയെന്നാണ് അച്ഛൻ പറഞ്ഞത്. ഗൾഫിൽ ജോലി ചെയ്തിരുന്ന അച്ഛൻ അതോടെ ജോലി നിർത്തി നാട്ടിൽ വന്നതും, തന്നെയും കൊണ്ട് ഇവിടേക്ക് താമസം മാറിയതുമാെക്കെ പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരിക്കൽ പോലും പഴയ നാട്ടിലേക്ക് പോയിട്ടില്ല. ചോദിക്കുമ്പോൾ അവിടെ പറയത്തക്ക ബന്ധങ്ങളൊന്നുമില്ലെന്ന് പറഞ്ഞൊഴിയും. അതിലെല്ലാമുപരി അച്ഛനെ ഭയമോ നിരാശയോ പോലെ എന്തോ ഒന്ന് ബാധിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. ഗൾഫിൽ ജോലിയുണ്ടായിരുന്ന അച്ഛൻ എന്തിനാവും ജോലിയും നാടുമുപേക്ഷിച്ച് ഇവിടെ, മദ്രാസിൽ വന്ന് താമസിച്ചത്? മൈലാപ്പൂരിലെ പുസ്തകക്കടയിൽ ജോലി ചെയ്ത് ഒറ്റപ്പെട്ട് ജീവിച്ചത്? അച്ഛന്റെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നും, അതിന് താനെങ്ങനെയാണ് മറുപടിയാകുന്നതെന്നും കണ്ടുപിടിക്കേണ്ടതുണ്ടെന്ന് മാനവന് തോന്നി. അന്വേഷണം തുടങ്ങാൻ മുന്നിൽ ഒരു വാതിലേയുള്ളൂ- ആ കത്ത്, അതിലെ അഡ്രസ്. അവിടെ നിന്ന് തന്നെ തുടങ്ങാമെന്ന് അവൻ തീരുമാനിച്ചു.

കത്തെഴുതിയ ആൾ ജീവിച്ചിരിപ്പില്ലെങ്കിലും, അതിൽ പറഞ്ഞിരിക്കുന്ന സാംബശിവനെ മാനവൻ കണ്ടെത്തി. ദൂരെനാട്ടിൽ നിന്ന് അന്വേഷിച്ചെത്തിയത് ആരാണെന്നറിഞ്ഞപ്പോൾ അയാൾക്ക് അടക്കാനാവാത്ത സന്തോഷം. വർഷങ്ങളായി അച്ഛനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നത്രേ. മരണവിവരമറിഞ്ഞപ്പോൾ സന്തോഷം മാഞ്ഞു. നേരിട്ട് കാണാനും, അച്ഛനുമായുള്ള പരിചയത്തെക്കുറിച്ചൊക്കെ ഒന്നന്വേഷിക്കാനും വന്നതാണെന്നു മാത്രം മാനവൻ പറഞ്ഞു.

2. സാംബശിവന്
പറയാനുണ്ടായിരുന്നത്...

ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടി, വളരെ കുറച്ചുനേരം മാത്രം ഒത്തിരുന്ന്, ഓർമ്മയിലേക്ക് എന്നേക്കുമായി കയറിക്കൂടുന്ന ചിലരില്ലേ, അങ്ങനെയൊരാളായിരുന്നു സദാശിവൻ ചേട്ടൻ. സിനിമാ തിയേറ്ററിൽ വെച്ചാ ഞാൻ ചേട്ടനെ പരിചയപ്പെടുന്നത്. ഗൾഫിൽ പോകാൻ വേണ്ടി ബോംബെയ്ക്ക് കയറിയതായിരുന്നു. എഴുപത്തഞ്ചിലാ. അടിയന്തരാവസ്ഥക്കാലം. ആഗസ്റ്റ് പതിനഞ്ചിനാ ഷോലെ സിനിമ റിലീസാകുന്നത്. ആദ്യ ദിവസം വലിയ തിരക്കൊന്നുമില്ലായിരുന്നു. അതുകൊണ്ട് കയറി. അവിടെ വെച്ചാ സദാശിവൻ ചേട്ടനെ ആദ്യമായി കാണുന്നത്. പേര് പറഞ്ഞതും എന്നെയൊരു നോട്ടം. അന്നൊക്കെ എന്റെ പേര് കേട്ടാൽ ആരും അങ്ങനെ നോക്കുമായിരുന്നു. അത്രയ്ക്കല്ലേ ആ പേരുകാരന്റെ പേര്. അസൂയ കാരണം നാട്ടുകാരൊന്നും എന്നെ മുഴുവൻ പേരിൽ വിളിക്കില്ല. സാംബനെന്ന് ചുരുക്കിയേ വിളിക്കൂ. ഷോലെയിലും ഉണ്ടല്ലോ ഒരു സാംബ; പിന്നീട് കത്തെഴുതുമ്പോൾ സദാശിവൻ ചേട്ടൻ കളിയാക്കി ‘അരെ ഓ, സാംബ..’, എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്.

സിനിമയൊക്കെ കണ്ടിട്ട് ഞങ്ങൾ ഒരു ലോഡ്ജിൽ തന്നെ താമസിച്ചു. രണ്ടു ദിവസം കഴിഞ്ഞായിരുന്നു ഫ്ലൈറ്റ്. പക്ഷേ, അവസാന നിമിഷം വിസ തരാമെന്നേറ്റിരുന്ന ഏജന്റ് ഇരട്ടി പണം ചോദിച്ചു. നമ്മൾ രണ്ടുപേരുടെ കൈയ്യിലും അത്രയും ഇല്ലായിരുന്നു. അങ്ങനെ ഞാൻ എന്റെ പണം കൂടി ചേട്ടന് കൊടുത്തു. ഞാനതൊന്നും വീട്ടിൽ പോലും അറിയിച്ചിട്ടില്ലായിരുന്നു. പക്ഷേ ചേട്ടൻ സൗദിയിലെത്തിയ ഉടനേ എന്റെ വീട്ടിലേക്ക് കത്തെഴുതി അറിയിച്ചു. അടുത്ത ഒന്നൊന്നര വർഷം കൊണ്ട് പണം മുഴുവനും തിരിച്ചയക്കേം ചെയ്തു.

സദാശിവൻ ചേട്ടൻ പോയ ശേഷം ഞാൻ കുറേ നാൾ കൂടി ബോംബെയിലുണ്ടായിരുന്നു, ചെറിയ ചെറിയ ജോലികളുമൊക്കെയായിട്ട്. ഓരോ ദിവസം കഴിയുന്തോറും ഷോലെ കാണാൻ പോകുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. മിനർവ്വയിലേക്ക് അടുക്കാൻ പറ്റാത്ത അവസ്ഥയായി. ഒന്നും രണ്ടും ദിവസമല്ല, രണ്ട് മൂന്ന് കൊല്ലത്തോളം. അക്കാലത്താ ഷോലെയെക്കുറിച്ചുള്ള പല വിവരങ്ങളും പുറത്ത് വരുന്നത്. അന്നത്തെ കടുത്ത സെൻസറിങ് കാരണം ഷോലെയുടെ ക്ലൈമാക്സൊക്കെ റീഷൂട്ട് ചെയ്താ തീയെറ്ററിൽ ഇറക്കിയത്. സത്യം പറഞ്ഞാൽ ഞാനും ചേട്ടനും അന്ന് കണ്ടത് ശരിക്കുള്ള ഷോലെ സിനിമയായിരുന്നില്ല. പിന്നേം ഒരുപാട് അന്വേഷിച്ചിട്ടാ സിനിമയുടെ ശരിക്കുള്ള പ്രിന്റ് ഞാൻ കാണുന്നെ. അന്ന് ബോംബെയിൽ രഹസ്യമായി ഒരു ഷോലെ ക്ലബ്ബൊക്കെയുണ്ടായിരുന്നു. യഥാർത്ഥ ഷോലെ പ്രിന്റിന് ‘പിക്ചർ’ എന്നായിരുന്നു കോഡ്. ചേട്ടനെ അതൊക്കെ ഞാൻ കത്തെഴുതി അറിയിച്ചിരുന്നു.

പണം അയച്ച് തീരുന്നതുവരെ ചേട്ടൻ വീട്ടിലേക്കും എനിക്കും കത്തയക്കുമായിരുന്നു. എനിക്ക് ഒരു വിസ സംഘടിപ്പിച്ച് തരാമെന്നൊക്കെ പറഞ്ഞിരുന്നതാ. നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് ഉറപ്പായും വരുമെന്നും പറഞ്ഞിരുന്നു. പക്ഷേ, പിന്നെ ഞാൻ ചേട്ടനെ കണ്ടിട്ടേയില്ല. സൗദിയിലെ അഡ്രസിലേക്ക് കത്തയച്ചിട്ടും വിവരമൊന്നുമില്ല. നാട്ടിൽ വന്ന ശേഷം ഞാനൊരിക്കൽ ചേട്ടന്റെ വീടൊക്കെ അന്വേഷിച്ച് പിടിച്ച് ചെന്നു. മാസങ്ങളായി കത്തൊന്നുമില്ലാഞ്ഞതു കൊണ്ട് അവരൊക്കെയാകെ വിഷമത്തിലായിരുന്നു. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാമെന്ന് പറഞ്ഞു. ഞാൻ പിന്നെ ഇവിടെ വന്ന് കൂലിപ്പണിയൊക്കെയായങ്ങ് കൂടി.

ഷോലെ സിനിമയെക്കുറിച്ച് എവിടെയോ വായിച്ചത് മാനവന്റെ ഓർമ്മയിലേക്ക് വന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരേ തീയെറ്ററിൽ കളിച്ച സിനിമ. ആ സിനിമയ്ക്ക് ഇങ്ങനെയൊരു ചരിത്രമുണ്ടായിരുന്നോ? ടിക്കറ്റിന് പിന്നിലെ കുറിപ്പിൽ അച്ഛൻ പറഞ്ഞത് ഇതിനെക്കുറിച്ചാവുമോ? അങ്ങനെയെങ്കിൽ അതിന് സമാനമായ എന്തായിരിക്കും അച്ഛന് സംഭവിച്ചത്? എഴുപത്തി ആറിൽ അച്ഛൻ വീണ്ടും ആ സിനിമ കാണാൻ പോയിരുന്നോ? ആ കുറിപ്പിലെ വിവരങ്ങൾ എന്തായാലും സാംബശിവനുമായി പങ്കുവെയ്ക്കേണ്ടതില്ലെന്ന് മാനവൻ നിശ്ചയിച്ചു. അതുകൊണ്ട് എഴുപത്തി ആറ് നവംബറിൽ ഷോലെ സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം നടന്നോ എന്ന് മാത്രം അവ്യക്തമായി ചോദിച്ചു.

‘എഴുപത്താറിലും അടിയന്തരാവസ്ഥ കഴിഞ്ഞിട്ടില്ലായിരുന്നല്ലോ. ആ കാലത്ത് എന്തും സംഭവിക്കുന്ന ദിവസങ്ങളായിരുന്നു. ഒരു കാര്യവുമില്ലാതെ ആളുകളെ പോലീസ് കൊണ്ടുപോകും. പിന്നെ വന്നാ വന്നു. അത്ര തന്നെ. ഷോലെ അപ്പോഴൊക്കെ തകർത്തോടുന്ന സമയമാ. ആ സമയത്ത് ഷോലെയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ ആരും അറിയാനും പോണില്ല. അതായിരുന്നില്ലേ കാലം.’ തിരികെ പോകുന്നതിന് മുൻപ് സാംബശിവൻ സൂക്ഷിച്ചു വെച്ചിരുന്ന സദാശിവന്റെ കുറച്ച് കത്തുകളും മാനവൻ വായിച്ചു.

3.കുഴമറിച്ചിലുകൾ...

അടിയന്തരാവസ്ഥക്കാലത്ത് തിയേറ്ററിൽ റിലീസായ ഷോലെയുടെ പകർപ്പും, യഥാർത്ഥ ഷോലെ ‘പിക്ചറും’ മാനവൻ കാണുന്നത് സംബശിവൻ കൊടുത്ത വീഡിയോ കാസറ്റുകളിൽ നിന്നാണ്. സിനിമയുടെ അവസാന ഭാഗമാണ് മാറ്റിയിരിക്കുന്നത്. യഥാർത്ഥ ഷോലെയിൽ, നായകൻ കൊല ചെയ്ത് പകരം വീട്ടുകയാണ്. അതിനുശേഷം, സ്വന്തമെന്ന് പറയാനുള്ള എല്ലാം, ശത്രുവിനെപ്പോലും, നഷ്ടമായതിന്റെ ശൂന്യതയിൽ നിൽക്കുന്ന നായകനെ കാണാം. സെൻസറിംഗ് ചെയ്ത് മാറ്റിയെടുത്ത ഷോലെയിൽ, പക്ഷേ ഭരണകൂടം ഇടപെടൽ നടത്തുകയാണ്. ക്രൂരനും നിയമത്തിന് പോലും അതീതനുമായിരുന്ന പ്രതിനായകനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്യുന്നു. പക്ഷേ അതിലൂടെ സിനിമയുടെ ജൈവികത തന്നെ നഷ്ടപ്പെട്ടതായി മാനവന് തോന്നി. സാംബശിവൻ പറഞ്ഞതുപോലെ, അംഗഭംഗം വന്ന ഷോലെയായിരുന്നു അത്. ഇതിനെക്കുറിച്ച് തന്നെയാവുമോ അച്ഛൻ ആ കുറിപ്പിൽ എഴുതിയത്? അങ്ങനെയാണെങ്കിൽ ഇതിന് സമാനമായ എന്തായിരിക്കും അച്ഛന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക? കുഴമറിച്ചിലുകൾ മാത്രം.

4.യഥാർത്ഥ സാംബശിവൻ
ഇടപെടുന്നു...

നാടിനെക്കുറിച്ച് അച്ഛൻ പറഞ്ഞിട്ടുള്ള കഥകൾ മിക്കതിലും സാംബശിവനുണ്ടായിരുന്നു. സാംബശിവന്റെ കഥ കേൾക്കാൻ ദൂരങ്ങൾ താണ്ടി പോകുന്ന രാത്രി യാത്രകൾ, അതിനിടയിലുണ്ടായിട്ടുള്ള തമാശകൾ, ഒരിക്കൻ സാംബശിവനോട് നേരിട്ട് സംസാരിച്ചത്..അത്രയ്ക്കും ആഘോഷമാക്കിയ ചെറുപ്പകാലമുള്ള അച്ഛൻ പിന്നീടൊരിക്കലും നാട്ടിൽ പോകാഞ്ഞതെന്താണെന്ന് മുൻപും ചിന്തിച്ചിട്ടുണ്ട്. ടേപ്പ് റെക്കോർഡറിൽ ഓരോ കഥാപ്രസംഗം കേൾക്കുമ്പോഴും അതുമായി ചേർത്ത് കുറേ കഥകൾ പറയാനുണ്ടാവും അച്ഛന്. ‘ഇരുപതാം നൂറ്റാണ്ടി’നെക്കുറിച്ച് * പറഞ്ഞിരുന്നത് മാനവൻ അപ്പോൾ ഓർത്തു. ആ കഥ അടിയന്തരാവസ്ഥക്കാലത്താണ് ആദ്യമായി പറയുന്നത്. അതിൽ ഭരണകൂടത്തെ വിമർശിച്ചതു കാരണം സാംബശിവന് ജയിലിൽ കിടക്കേണ്ടി വന്നിരുന്നു, മാസങ്ങളോളം. ‘ജനിച്ചു വീഴുന്ന കുഞ്ഞിനെപ്പോലും അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഏതു കാലത്തെയും ഭരണകൂടത്തിനുണ്ട്. വേണ്ടപ്പോൾ വേണ്ടവർക്കു നേരെ അവർ അത് പ്രയോഗിക്കുന്നു എന്നു മാത്രം.’

5.വ്യാജസത്യത്തിന്റെ
കളകൾ...

മൈലാപ്പൂരിൽ അച്ഛൻ ജോലി ചെയ്യുന്ന പുസ്തകക്കടയിൽ കൂടുതലും സെക്കന്റ് ഹാന്റ് പുസ്തകങ്ങളാണ്. കടയിൽ അധികം ശ്രദ്ധയിൽപ്പെടാത്ത മൂലയിൽ ഒരു അലമാരയിരിപ്പുണ്ട്. അതിൽ മുഴുവൻ നിരോധിക്കപ്പെട്ട പുസ്തകങ്ങളാണ്. ചിലതൊക്കെ കടലാസിൽ പകർപ്പെടുത്ത രൂപത്തിലുള്ളത്. അടുപ്പമുള്ളവർ വരുമ്പോൾ മാത്രമേ അച്ഛൻ ആ അലമാര തുറക്കൂ. സേറ്റാനിക് വേഴ്സസും, നയൻ അവേഴ്സ് റ്റു രാമയും, പ്രൈസ് ഓഫ് പവ്വറുമൊക്കെ** ചിലർ വന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ട്. അച്ഛൻ അതൊന്നും വിൽക്കില്ല. വായിക്കാനോ, പകർപ്പെടുക്കാനോ കൊടുക്കും, അതും വിശ്വസ്തർക്ക് മാത്രം. നിരോധിക്കപ്പെട്ട പുസ്തകങ്ങൾ അച്ഛൻ ശേഖരിക്കുകയായിരുന്നു. ഒരിക്കൽ രസകരമായൊരു സംഭവമുണ്ടായതായി അച്ഛൻ പറഞ്ഞിട്ടുണ്ട്. ഒരാൾ വന്ന് ഒരു പുസ്തകത്തിന്റെ പകർപ്പെടുത്തു. കുറച്ച് ദിവസം കഴിഞ്ഞ് അതേ ആൾ അതേ പുസ്തകത്തിന്റെ മറ്റൊരു പകർപ്പുമായി വന്നു. രണ്ടിലും വ്യത്യസ്ത ഉള്ളടക്കം. ഇതിലേതാ ശരിക്കുള്ളതെന്ന് എങ്ങനെ കണ്ടുപിടിക്കും? ശരിക്കുള്ളത് നിരോധിച്ചിരിക്കുകയല്ലേ. സത്യത്തിനെ നിരോധിക്കുന്നവർ ശരിക്കും വ്യാജസത്യങ്ങളുടെ ഒരു നിര തന്നെ തീർക്കുകയല്ലേ. യഥാർത്ഥ ഷോലെ എന്ന് പറയപ്പെടുന്നതു പോലും ശരിക്കുള്ളതാണെന്ന് തീർത്ത് പറയാനാകുമോ?

6. രണ്ടാമതൊരു
കത്ത് വരുന്നു...

ലഭ്യമായ പഴയ പത്രത്താളുകളിലും മാസികകളിലും പുസ്തകങ്ങളിലും ഷോലെയെക്കുറിച്ചുള്ള അന്വേഷണം ആഴ്ചകളോളം നടത്തിയിട്ടും അച്ഛനെഴുതിയ കുറിപ്പിനാധാരമാകാൻ സാധ്യതയുള്ള സംഭവങ്ങളെക്കുറിച്ചൊന്നും അറിയാൻ കഴിയാതെ കുഴമറിച്ചിലിൽ തന്നെ തുടർന്ന മാനവൻ അന്ന് രാവിലെ സാംബശിവനിൽ നിന്ന് ലഭിച്ച ഫ്രം അഡ്രസ് രേഖപ്പെടുത്തിയിട്ടില്ലാത്ത കത്ത് ഇങ്ങനെ വായിച്ചു:

'പ്രിയപ്പെട്ട മാനവന്,
ഞാനിത് ബോംബെയിൽ നിന്നാണ് എഴുതുന്നത്. നാട്ടിലെ ജോലി കൊണ്ടൊന്നും നിൽക്കാൻ പറ്റുന്നില്ല. ഗൾഫിലൊരു ജോലി ശരിയായിട്ടുണ്ട്. പഴയതുപോലെ ബോംബെയിലെ ഏജന്റ് വഴി തന്നെ. ഇവിടെ വന്നപ്പൊ പണ്ടത്തെ ചില കൂട്ടുകാരെ കണ്ടു. പഴയ ഷോലെ ക്ലബ്ബിലുണ്ടായിരുന്നവരാ. അവരൊരു കാര്യം പറഞ്ഞു. അന്ന് ചോദിച്ചില്ലേ എഴുപത്താറ് നവംബറിൽ എന്തെങ്കിലും സംഭവമുണ്ടായിട്ടുണ്ടോന്ന്. ഉണ്ട്. അടിയന്തരാവസ്ഥ അവസാനിക്കാറായ സമയമായിരുന്നല്ലോ. സഞ്ജയ് ഗാന്ധിയുടെ വന്ധ്യംകരണ പരിപാടിക്കൊക്കെ വലിയ എതിർപ്പുകൾ നടക്കുന്ന കാലം. അതിന് പ്രതികാരം ചെയ്യാൻ എഴുപത്താറ് നവംബറിലെ ഏതോ ഒരു ദിവസം, തീയതി ഇവർക്ക് കൃത്യമായി ഓർമ്മയില്ല, മിനർവ്വയിൽ സിനിമയ്ക്ക് കയറിയ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്ത് ദൂരെയൊരു ക്യാമ്പിൽ കൊണ്ടുപോയി ഒപ്പറേഷൻ നടത്തി വന്ധ്യംകരിച്ചു. പത്രങ്ങൾക്കൊക്കെ വിലക്കുണ്ടായിരുന്നതു കൊണ്ട് ഈ സംഭവം ആരും അറിഞ്ഞില്ല. വേറെയും പലതും അന്നൊക്കെ നടന്നിട്ടുണ്ടാവും. അതൊക്കെ ആരറിയാൻ. കിട്ടിയ വിവരം നിന്നെ അറിയിക്കാനായി എഴുതിയതാണ്. നാളെ ഞാൻ സൗദിയിലേക്ക് പോവുകയാണ്. അതുകൊണ്ട് ഇവിടത്തെ അഡ്രസ് വെയ്ക്കുന്നില്ല. തിരിച്ച് വന്നിട്ട് നേരിൽ കാണാം. സ്നേഹപൂർവം, സാംബശിവൻ.'

7. ഏകാന്തതയിൽ നേർത്ത
ഒരു വെളിച്ചം, ഇരുട്ട്...

കൃത്യമായി തീയതി അറിഞ്ഞിട്ടില്ലെങ്കിലും അച്ഛന്റെ വിധിയെ ഷോലെയുടേതുമായി കൂട്ടിച്ചേർത്ത സംഭവം ഇത് തന്നെയാവുമെന്ന് മാനവൻ ഊഹിച്ചു. സൗദിയിൽ ജോലി ചെയ്യുമ്പോഴും മനസ് മുഴുവനും നാടും സാംബശിവന്റെ കഥാപ്രസംഗവുമൊക്കെയിരുന്നെന്ന് അച്ഛൻ പറഞ്ഞിട്ടുള്ളതോർത്തു. കടം വാങ്ങിയ പണമൊക്കെ തിരിച്ചയച്ച ശേഷം അച്ഛൻ തിരികെ നാട്ടിലേക്ക് വന്നതാവണം. വരുന്ന വിവരം വീട്ടിലറിയിച്ചാൽ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി അറിയിക്കാഞ്ഞതാവും. ബോംബെയിലിറങ്ങിയപ്പോൾ പഴയ അതേ തീയെറ്ററിൽ അപ്പോഴും ഷോലെ സിനിമ കളിക്കുന്നതറിഞ്ഞ് ഒന്നുകൂടി കാണാൻ കയറിയതാവും. ഷോലെയെ മുറിച്ച പോലെ അച്ഛനെയും.. അതാവണം അച്ഛന്റെ പിന്നീടുള്ള നിരാശയ്ക്കും, ഒറ്റപ്പെടലിനും കാരണം. വീട്ടിലേക്ക് പോകാതെ ഇവിടെ വന്ന് ഒളിജീവിതം നയിച്ചതിന്റെ കാരണം.

കുഴമറിഞ്ഞ് കിടന്ന വസ്തുതകളെ ഊഹങ്ങളിലൂടെ മാനവൻ തെളിയിച്ചെടുത്തു. എന്നാൽ കറുത്തു തുടുത്ത ഒരു ചിന്ത അതിനെ ഒന്നാകെ കലക്കിക്കളഞ്ഞു. മുൻപ്, അച്ഛൻ സാംബശിവനെഴുതിയ കത്തുകൾ വായിച്ചപ്പോൾ അതിലൊന്നിലും അമ്മയെക്കുറിച്ചൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും, അച്ഛനെ അന്വേഷിച്ച് നാട്ടിൽ പോയപ്പോൾ തന്റെ അമ്മയെ അവിടെ കണ്ടതായി സാംബശിവൻ പറഞ്ഞില്ലെന്നതും അപ്പോൾ തന്നെ മാനവൻ ശ്രദ്ധിച്ചതാണ്. അമ്മയുടെ ഒരു ഫോട്ടോ പോലും അച്ഛന്റെ കൈയ്യിലുണ്ടായിരുന്നില്ല.

‘എന്റെ മകനാണ് എന്റെ മറുപടി.’

ഒരിക്കലും അവസാനിക്കാത്ത ഒരന്വേഷണത്തിലേക്ക് താനെടുത്തെറിയപ്പെട്ടതായി മാനവൻ അറിഞ്ഞു.

*ബിമൽ മിത്രയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള സാംബശിവന്റെ കഥാപ്രസംഗം. അടിയന്തരാവസ്ഥക്കാലത്ത് ഈ കഥാപ്രസംഗത്തിലെ ചില പരാമർശങ്ങൾ കാരണമാണ് സാംബശിവൻ അറസ്റ്റ് ചെയ്യപ്പെട്ടത്.

**ഇവയൊക്കെ നിരോധിക്കപ്പെട്ട പുസ്തകങ്ങളാണ്.

Comments