കെ. മുഹമ്മദ് റിയാസ്

സിംഗാ

സിംഗപ്പുർ തമിഴ് കഥ: കെ. മുഹമ്മദ് റിയാസ്, വിവ: എ.കെ. റിയാസ് മുഹമ്മദ്

ഒന്ന്

ർക്കസ് കൂട്ടിൽ നിന്ന് സിംഹം അപ്രത്യക്ഷമായതും ഠാണയിലേക്കാണ് ആദ്യമായി വിവരം പറന്നത്. കൂട്ടിൽ നിന്ന് സിംഹം രക്ഷപ്പെട്ടതെങ്ങനെയാണ് എന്നന്വേഷിക്കാൻ ഞാൻ തന്നെ സർക്കസ് കൂടാരത്തിലേക്ക് ചെന്നിരുന്നു. എല്ലാവരും തമിഴരാണെന്നതിനാലാണ് ഠാണയിൽനിന്ന് എന്നെ അയച്ചത്. ഠാണയിൽ വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ വാടയ്ക്ക് കുതിരവണ്ടി ഏർപ്പാടാക്കിയിരുന്നു. പഴയ കുതിരപ്പന്തയക്കളത്ത് ഒരുക്കിയിരുന്ന സർക്കസ് കൂടാരം ലക്ഷ്യമാക്കി കുതിരവണ്ടി ഓടി.
‘ദി ഗ്രേറ്റ് വിമല സർക്കസ് – ദിവസം മൂന്നു കളി –
ഫോർ ചെയർ (ഫാമിലി) ടിക്കറ്റ് 20 വെള്ളി, റിസർവ്ഡ് ചെയർ 8 വെള്ളി, സിംഗിൾ ചെയർ 5 വെള്ളി, ഗാലറി 1 വെള്ളി’ എന്ന് രണ്ടാനകൾ കാലുകൾ പൊക്കിക്കൊണ്ട് നില്ക്കുന്ന പോസ്റ്ററുകൾ വഴിയിലെല്ലായിടത്തും പതിച്ചിരുന്നു.

ശങ്കരൻ കൈകൾ കെട്ടിക്കൊണ്ട് എന്റെ മുന്നിൽ ഭവ്യതയോടെ നിന്നു. അയാൾക്കാണ് സർക്കസിന്റെ ഉത്തരവാദിത്തം. രാവിലെ വിശ്രമസമയമായതിനാൽ സർക്കസ് തൊഴിലാളികളെല്ലാവരും ചമയങ്ങളൊന്നുമില്ലാതെ വളരെ സാധാരണമായി നിൽപ്പുണ്ടായിരുന്നു. ഓരോരുത്തരും പേടിച്ചരണ്ട് മിഴിച്ചുനോക്കി. അന്വേഷണം തുടങ്ങാമെന്ന് കരുതി ഞാൻ ശങ്കരനെ വിളിച്ചു. അയാളെന്റെ അരികിൽ നിന്നുകൊണ്ട് സർക്കസിലെ ഓരോ ആളുകളെയും പരിചയപ്പെടുത്തി.

രണ്ട് തരത്തിലുള്ള അന്വേഷണ സാധ്യതകൾ മുന്നിലുണ്ടായിരുന്നു.
ഒന്ന്, അകത്തുള്ളവരുടെ സഹായത്തോടെ സിംഹം മോഷ്ടിക്കപ്പെട്ടിരിക്കണം. അല്ലെങ്കിൽ പുറത്തുനിന്നുള്ള ആരെങ്കിലും മോഷ്ടിച്ചതാവണം. ‘സിംഹം സ്വയം ഓടിപ്പോയി’ എന്നൊരു മൂന്നാം സാധ്യത ഞാൻ മുന്നോട്ടുവെച്ചില്ല. ഓരോരുത്തരെയും ഞാൻ ചോദ്യം ചെയ്തു. സത്യം പുറത്തുകൊണ്ടുവരാൻ, കുറ്റം ഒരാൾ സമ്മതിച്ചുവെന്ന് മറ്റൊരാളോട് കള്ളം പറഞ്ഞ് ചോദ്യം ചെയ്യുന്ന രീതിയിലാണ് ഞാൻ ആരംഭിച്ചത്.

“ശങ്കരൻ നിന്നെ എന്തെങ്കിലും ഉപദ്രവിച്ചോ”
“പിന്നെയെന്തിനാണ് ശങ്കരനെ പെടുത്താനായി സിംഹത്തിന്റെ കൂടു തുറന്നത്”.
“ഇവിടെ ആരെങ്കിലും വന്ന് സിംഹപ്പല്ല് വിൽക്കുന്നുണ്ടോയെന്ന് നിന്നോടു ചോദിച്ചോ”
“ബുക്കിറ്റ് ബ്രൗണിൽ മറ്റൊരു ചൈനീസ് സർക്കസുണ്ടല്ലോ, അവിടെനിന്ന് പണം വാങ്ങിയിട്ട് കൊന്നുകളഞ്ഞോ”
“റിങ്ങിൽ കളിക്കുന്ന വിമലയും നിങ്ങളും തമ്മിൽ എന്താണ് ബന്ധം”

ഇതുപോലെയുള്ള വ്യത്യസ്തമായ ചോദ്യങ്ങളാൽ ഞാൻ അവരെ തുളച്ചെടുത്തു. ഒരാളുടെ മുഖത്തെങ്കിലും നേരിയ വ്യത്യാസം കണ്ടാൽ മാറ്റിനിർത്തി അവരെ ചോദ്യം ചെയ്യാമെന്നു കരുതിയപ്പോൾ, സിംഹം തനിയെ കൂട്ടിൽ നിന്ന് ഇറങ്ങിപ്പോയതായിരിക്കണം, അല്ലെങ്കിൽ പുറത്തു നിന്നുള്ള ആരെങ്കിലും കൂട് തുറന്നിട്ടുണ്ടാകണമെന്ന സ്വരത്തിലാണ് എല്ലാവരും സംസാരിച്ചത്.

പഴയ കുതിരപ്പന്തയക്കളത്തിൽ കെട്ടിയുയർത്തിയ സർക്കസ് കൂടാരത്തിന്റെ ഗോപുരത്തിനു മുകളിൽ കൂടാരത്തിന്റെ എല്ലാ വിളിമ്പുകളെയും കോണാകൃതിയിൽ കൂട്ടിക്കെട്ടി വളയത്തിൽ പിണച്ചുവെച്ചിരുന്നു. പുറത്ത് വർണ്ണാഭമായ പരസ്യബോർഡുകളിൽ കുറിയ പാവാട ധരിച്ച സുന്ദരികളായ യുവതികൾ, സൈക്കിളിന്റെ മുൻചക്രങ്ങളെ പൊക്കിയും വളയങ്ങളിൽ തൂങ്ങിയും. ഒരു സർക്കസ് കൂടാരം തന്റെയൊപ്പം ഒരു പട്ടാളത്തെ തന്നെ കൊണ്ടുവരും. മുപ്പതിനം മൃഗങ്ങൾ. ഏകദേശം മുന്നൂറ് ടണ്ണെങ്കിലും ഭാരമുണ്ടാകും. പുറത്തുനിന്ന് ആർക്കെങ്കിലും അകത്തേക്ക് ചാടണമെങ്കിൽ അത്രയും ഉയരം താണ്ടിക്കടക്കാൻ കയർ ഉപയോഗിക്കിച്ചിരിക്കണം. കൂടാരത്തിന്റെ ചുറ്റളവിൽ അതിന്റേതായ യാതൊരു അടയാളങ്ങളുമില്ല.

“എന്താ കളിക്കുകയാണോ... സിംഹം സ്വയം പൂട്ട് കുത്തിപ്പൊളിച്ച് പുറത്തുപോയതെന്നാണോ പറയുന്നത്... എല്ലാരെയും പിടിച്ച് അകത്തു തള്ളും. ഒറ്റൊരുത്തനും നാട്ടിലേക്കു മടങ്ങില്ല. പറഞ്ഞില്ലെന്നു വേണ്ട...” എന്നു പറഞ്ഞിട്ട് ഞാൻ മടങ്ങി.

സാധാരണ സമയമായിരുന്നെങ്കിൽ ഇപ്പോൾ സർക്കസ് കൂടാരത്തിൽ ആളുകൾ നിറഞ്ഞുകവിയുമായിരുന്നു. ക്ലൗൺ ചെയർ, റഷ്യൻ റോപ്പ്, കോമിക് ജോഗിംഗ്, ബുൾ ബെൻഡ് റോളിംഗ്, അക്രോബാറ്റ് സ്റ്റേച്ച്, ചൈനീസ് വാക്കിംഗ് ലാഡർ, ഡെത്ത് ഗ്ലോബ്, റിംഗ് ഷിപ്പ് അപ്പ്, ഡെത്ത് എഡ്ജ്, സ്കൈ വാക്ക്, ആഫ്രിക്കൻ ഫയർ ഡാൻസ്, റഷ്യൻ ട്രാംപോ, പിരമിഡ് തുടങ്ങി എണ്ണമറ്റ കലാപ്രകടനങ്ങളോടൊപ്പം മൃഗവിനോദങ്ങളും ആളുകൾ കണ്ടാസ്വദിക്കുമായിരുന്നു. സിംഹം കാണാതായതു മുതൽ സ്ഥിതിഗതികൾ താറുമാറയെങ്കിലും പുതിയ നിയന്ത്രണങ്ങളോടെ ദിനംപ്രതി രണ്ട് പ്രദർശനങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ശങ്കരൻ ആകെ തളർന്നു പോയിരുന്നു. ശങ്കരനേക്കാൾ ഞാനായിരുന്നു ഏറെ അസ്വസ്ഥനായിരുന്നത്. കാണാതായ സിംഹം കാരണം എന്തെങ്കിലും ജീവഹാനി സംഭവിച്ചാൽ ഠാണയിൽനിന്ന് സർക്കാരിനോട് മറുപടി പറയേണ്ടി വരും.

കൂടാരത്തിന്റെ പിൻഭാഗത്തായിരുന്നു അടുക്കള, അതിനോട് ചേർന്ന് ഒരു ബ്രസീലിയൻ മസാ തത്ത ചിലക്കുന്നുണ്ടായിരുന്നു. മണം പിടി നായയുമായി ഞാൻ അകത്തേക്ക് കടന്നപ്പോൾ മൃഗങ്ങളുടെ രൂക്ഷഗന്ധവും കുതിരയുടെ ചാണക ഗന്ധവും ഒരു തരം മനംപിരട്ടലുണ്ടാക്കി.

വിസിൽ മുഴങ്ങുമ്പോൾ തന്റെ കാലുകൾ പൊക്കി ആളുകളെ സല്യൂട്ട് ചെയ്യുന്ന പൊമറേനിയൻ, ഡാൽമിയൻ, ബോണ്ട് നായ്ക്കൾ, പേർഷ്യൻ പൂച്ചകൾ, ചെന്നായ്ക്കൾ, നീർക്കുതിരകൾ, സീബ്രാകൾ, ബബൂൺ കുരങ്ങുകൾ, ഓരോന്നും ഓരോ ഭാഷയിൽ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാവരുടെയും കുരയെ അംഗീകരിക്കുന്ന പോലെ മണം പിടി നായ ചുറ്റിലും നോക്കി തലയാട്ടി. അത് സിംഹക്കൂട്ടിൽ കയറി മണംപിടിച്ചുകൊണ്ട് കൂട്ടിൽ നിന്ന് എഴുപത് അടി ദൂരത്തേക്ക് ഓടി നിന്നു. സമീപത്തുണ്ടായിരുന്ന രണ്ട് ബംഗാൾ കടുവകൾ മുരണ്ടപ്പോൾ മണം പിടി നായ പേടിച്ച് ഒഴിഞ്ഞുമാറി.

സ്വയം കൂട്ടിൽനിന്ന് ഓടിയിരുന്നാൽ പോലും എഴുപത് അടിയിൽ ഒരു സിംഹത്തിന്റെ കാൽപ്പാട് ചെളിയിൽ പതിഞ്ഞിരിക്കും. അങ്ങനെയുള്ള യാതൊന്നും കണ്ടില്ല. എങ്കിലും മണം പിടി നായ പിന്നേയും ഓടിയും നടന്നും കൊടിമലൈ1യിൽ ചെന്നു നിന്നു. മൊത്തത്തിൽ ആശയക്കുഴപ്പത്തിലായി. അന്വേഷണം എവിടെനിന്ന് തുടങ്ങണമെന്ന് പോലും എനിക്ക് മനസിലായില്ല. ചുരുളഴിയാത്ത കേസ്... അപ്പോഴാണ് സന്ദാ സാഹിബ് എന്റെ ഓർമയിലേക്ക് കടന്നുവന്നത്.

“എത്ര വലിയ സിംഹമാണ് ചങ്ങായി...” എന്നു സന്ദാ സാഹിബ് ചോദിച്ചപ്പോൾ ശങ്കരൻ ഇരുകൈകളും വിടർത്തി കാണിച്ചു. അളവ് കൃത്യമായി പറയാൻ അറിയാത്തതിനാൽ ശങ്കരൻ പിന്നീട് ഇരുകാലുകളും അകറ്റി വെച്ച് കാണിച്ചു.

“ഡേയ്, കാണാതായത് കണ്ടാമൃഗമോ? അതോ സിംഹമോ? കാലിറക്കി വെക്ക്...” എന്ന് സന്ദാ സാഹിബ് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ശങ്കരൻ കൈകാലുകൾ മടക്കിവെച്ച് തറയിൽ ഇരുന്നു. ശങ്കരന്റെ മുന്നിലെ താംബൂല താലത്തിൽ അഗർബത്തി, വെറ്റില, ഒരു കവടി, അടക്ക, വാഴപ്പഴം, പുകയില എന്നിവ കിടപ്പുണ്ടായിരുന്നു. സന്ദാ സാഹിബിന്റെയടുത്തേക്ക് ആരായാലും അങ്ങനെയാണ് പോകേണ്ടത്. അദ്ദേഹം നമുക്കായി ചെയ്യുന്ന ഉപകാരത്തിനുള്ള ദക്ഷിണയാണ് താംബൂല താലം. സാഹിബിന്റെ മുന്നിൽ കിടന്നിരുന്ന ചെറിയ മേശയുടെ മീതെ, അറബി ലിപികൾ എഴുതിയ വെറ്റിലകൾ നിറച്ച കുപ്പികൾ നിരത്തിവെച്ചിരുന്നു. പഴയ അറബി കിതാബുകൾ, ചില കാലി അത്തർ കുപ്പികൾ, പിഞ്ഞാണപ്പാത്രങ്ങൾ, ഒരു വലിയ ഭൂതക്കണ്ണാടി, പഴയ ദിനപ്പത്രങ്ങൾ, നിറയെ മോതിരക്കല്ലുകൾ, ഒറ്റക്കൊമ്പ് തേങ്ങയോടൊപ്പം ചീനച്ചവക്കാരം ചുറ്റിയ പൊതികൾ എന്നിവ തയ്യാറായിരുന്നു. തലയ്ക്കു മീതെ അടുക്കിവെച്ചിരുന്ന കുപ്പികളിൽ ‘അസ്സൽ കാബൂൾ ഹിമാലയത്തിൽ ഉണ്ടാകുന്ന കന്മദം - അസ്സൽ യുനാനി മരുന്ന്’ എന്നെഴുതിവെച്ചിരുന്നു.

“എന്താണു സാർ! ഭാര്യയെ കാണാനില്ല... സിംഹത്തെ കാണാനില്ലായെന്ന്... ഞാൻ ചെറിയ ചെറിയ സാധനങ്ങൾ കണ്ടുപിടിക്കുന്നയാളാണ്! പോലീസുകാർ കണ്ടുപിടിക്കേണ്ട കേസെല്ലാം എന്റെയടുത്തേക്ക് കൊണ്ടുവരുവാണല്ലോ” എന്ന് താംബൂല തട്ടിൽ കിടന്ന വെറ്റിലയെടുത്ത് അതിന്റെ തണ്ടൊടിച്ച് വായിലിട്ട് ചവച്ച് സന്ദാ സാഹിബ് പരിഹാസരൂപേണ എന്നോടു ചോദിച്ചു.

“എന്തു ചെയ്യാം സാഹിബേ... ചിലപ്പോൾ നിങ്ങളുടെ തുണ ലോ ആൻഡ് ഓർഡറിനും ആവശ്യമാണ്” ഞാൻ പറഞ്ഞു.

“സാഹിബേ... നിങ്ങൾ ഇതിനെന്തെങ്കിലും പരിഹാരം കണ്ടെത്തണം” ശങ്കരൻ അരയിൽ കെട്ടിയ തോർത്ത് ഒന്നൂടെ മുറുക്കിക്കെട്ടി സാഹിബിനെ തൊഴുതു.
“സർക്കസ് സിംഹമല്ലേ ചങ്ങായി... അത് സ്വയമങ്ങ് കൂട്ടിലേക്ക് തിരിച്ചു വരും” സാഹിബ് പറഞ്ഞു.
“അതല്ല സാഹിബേ... ഇത് പുതിയവനാണ്... അത്രയൊന്നും പരീശീലിപ്പിക്കാത്ത സിംഹക്കുട്ടി...” ഞാൻ പറഞ്ഞു.
“മ്... ഠാണയെത്തന്നെ ഇപ്പോ സർക്കസ് കൂടാരത്തിലേക്ക് മാറ്റിയോ...”
“അതല്ല... ഞാനിതു വരെ അന്വേഷിച്ചതിൽനിന്ന് മനസിലായതാണ്...”
“ശരി... സിംഹം എവിടെയാണെന്നറിഞ്ഞോ?”
“എല്ലാം കണ്ടെത്തിക്കളഞ്ഞു. സിംഹത്തെ മാത്രമാണ് കണ്ടുപിടിക്കാനുള്ളത്. അതാണ് നിങ്ങളെയും തിരഞ്ഞു വന്നത്! ശങ്കരനാണെങ്കിൽ കുഞ്ഞുക്കുട്ടിയുള്ളവനാണ്” ഞാൻ പറഞ്ഞു.

സാഹിബ് ഒരു തവണ എന്നെ നോക്കിയിട്ട് ശങ്കരനു നേരെ തിരിഞ്ഞ്, “സിംഹം കാണാനെങ്ങനെ?” എന്നു ചോദിച്ചു.
“ഞാനതിനെ മൃഗമെന്നു തന്നെ പറയില്ല, രാക്ഷസൻ! ഗുജറാത്തിലെ ഗിർ വനത്തിൽനിന്നാണ് അതിനെ പിടിച്ചത്. ഒരു ഗ്രാമത്തിലേക്ക് ചെന്ന് രണ്ടു പേരെ അവൻ കൊന്നിട്ടുണ്ട്! ഞങ്ങൾ വിരിച്ച വലയിൽ സ്വയം വന്ന് ഇരുന്നപോലെയാണ് അവനെ കിട്ടിയത്! അല്ലെങ്കിൽ അതിനെ പിടിക്കാൻ ആർക്കും സാധിക്കില്ല സാഹിബേ...” ശങ്കരൻ പറഞ്ഞു. നേരത്തെതന്നെ സെംബവാങ് വെല്ലിംഗ്ടൺ സർക്കിളിൽ രണ്ടുപേരെ ആക്രമിച്ച കേസിൽ പിടികിട്ടാത്ത കാട്ടുപുലിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതുകൂടാതെ ഇപ്പോ സർക്കസ്സിൽനിന്നുള്ള ഒരു സിംഹവും കൂടി.

“മ്... തുടർന്നെന്തായെന്ന് പറ”.
“സർക്കസിലേക്ക് കൊണ്ടുവന്ന ദിവസം അടുത്തേക്ക് ചെല്ലാൻ എല്ലാവർക്കും പേടിയായിരുന്നു! റിങ്മാസ്റ്റർ ജേക്കബ് മാത്രമായിരുന്നു ഇരയെ കൂട്ടിനുള്ളിൽ വെക്കാൻ പോയിരുന്നത്. അതും പേടിച്ചുപേടിച്ചായിരുന്നു...”

“പരിശീലിപ്പിക്കാത്ത ഒരു മൃഗത്തെയും കൊണ്ടുവന്നിട്ട് ഈ നാട്ടിൽ എന്തു വിദ്യയാണ് നീ കാണിക്കാൻ പോകുന്നത്?”

“തലശ്ശേരിയിൽനിന്ന് നാഗപട്ടണം, പിന്നീട് കപ്പൽ മാർഗം തായ്‌ലൻഡ്, ഇന്തോനേഷ്യ, ബോർണിയ, മലേഷ്യ, ആസ്‌ട്രേലിയ എന്നിങ്ങനെ വീണ്ടും ബോംബെയിലേക്ക് മടങ്ങാൻ വർഷങ്ങളാവും. വിദ്യ കാണിക്കാനായി ഞങ്ങളുടെ പക്കലുള്ള കരടിയോടൊപ്പം കരടിവേഷം കെട്ടിച്ച് ഒരുത്തനെ ഇറക്കാം സാഹിബേ... എന്നാൽ ഈ സിംഹക്കുട്ടിയെ ഞങ്ങൾക്ക് വേണം സാഹിബേ...”

“ഇത് വലിയ തലവേദനയുള്ള കേസാണല്ലോ ചങ്ങായീ. തിരിച്ച് ഗുജറാത്ത് കാട്ടിലേക്ക് ചെന്ന് ഒരു സിംഹത്തെ പിടികൂടിയേക്ക്... ഇല്ലെങ്കിൽ ദാ ഇരിക്കുന്നില്ലേ ഇൻസ്പെക്ടർ... അയാളോടുതന്നെ ഠാണയിൽനിന്ന് പടയുമായി ചെന്നു കണ്ടെത്തി തരാൻ പറ..” എന്ന് എനിക്കു നേരെ സാഹിബ് കൈ കാട്ടി.

“സിംഹക്കുട്ടിയെ കിട്ടിയില്ലെങ്കിലെന്താ... ഇവരെ പിടിച്ച് അകത്താക്കുക തന്നെ. സെംബവാങ് ഗ്രാഞ്ചി ഭാഗത്തെ വനത്തിനുള്ളിൽനിന്ന് അടിക്കടി പുലിയിറങ്ങി തോട്ടത്തിലെ ആളുകളെ ആക്രമിക്കുന്നുണ്ട്! പുലിയെ പിടികൂടുന്ന സംഘത്തിൽ ഇവരെയും ചേർക്കുക തന്നെ” എന്നു ഞാൻ പറഞ്ഞതും, “സാഹിബേ, ഒന്നു കനിവു കാണിക്കണം! ആ സിംഹക്കുട്ടിയെ കൂട്ടിലേക്ക് കയറ്റുന്നതിനു മുമ്പ് ഒരു നമ്പൂതിരിയെ വരുത്തി പൂജയൊക്കെ ചെയ്ത ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്. സിംഹകുട്ടിയെന്നു പറഞ്ഞാൽ അങ്ങനെയുള്ളയൊരു കുട്ടിയാണ് സാഹിബേ! ഇതു വന്ന ശേഷം ഭാര്യയുടെ പണയം വെച്ച സ്വർണാഭരണങ്ങളെല്ലാം തിരിച്ചെടുക്കാൻ പറ്റി സാഹിബേ...” എന്നു പറഞ്ഞു ശങ്കരൻ.

“എങ്ങനെയാണ് ഒരു സിംഹക്കുട്ടിയെ വിദ്യ കാണിക്കാൻ പരിശീലിപ്പിക്കുന്നത്?”

“ഒരു സിംഹക്കുട്ടിയെ മെരുക്കിയെടുക്കാൻ കുറച്ചു ദിവസം വേണം സാഹിബേ... കാട്ടുവാസന മറന്ന് മനുഷ്യഗന്ധവും വെളിച്ചവും വേദിയും ആൾക്കാരുടെ കരഘോഷവുമെല്ലാം സിംഹത്തെ ശീലിപ്പിക്കാൻ ദിവസങ്ങൾ വേണ്ടിവരും. അങ്ങനെ ശീലിപ്പിച്ച ശേഷം സിംഹത്തിനോട്, ഛീ... നീ പോ എന്നു അതിന്റെ കഴുത്തിനു പിടിച്ച് കാട്ടിൽ വിട്ടാലും പിറ്റേന്നു തന്നെ സിംഹം സർക്കസ് കൂട്ടിൽ വന്നു നില്ക്കും”

സാഹിബ് തന്റെ കണ്ണടയൂരി ശങ്കരനെ അത്ഭുതത്തോടെ നോക്കിയിട്ട് ചോദിച്ചു: “അപ്പോ സിംഹത്തെ തന്നെ താൻ സിംഹമല്ലെന്ന് വിശ്വസിപ്പിക്കണം അല്ലേ?”
“അതു മാത്രം ഈ സിംഹത്തിന്റെ മുന്നിൽ ചെലവായില്ല... അതിന്റെ കണ്ണിൽ എപ്പോഴും ഒരു തീയുണ്ട്. മാരിയമ്മൻ കോവിലിലെ തീച്ചട്ടിയിൽ എരിയുന്ന കനലു പോലെ ആർക്കും അടുത്തേക്കു പോലും പോകാൻ പറ്റില്ല സാഹിബേ”.
“സാധനമെന്തെങ്കിലും പക്കലുണ്ടോ?” സാഹിബ് ചോദിച്ചു.
“സാധാനമെന്നാൽ?” എന്നു ചോദിച്ച ശങ്കരനോട്, അവൻ കൊണ്ടുവന്നിരുന്ന സഞ്ചിയുടെ നേർക്ക് ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.
ശങ്കരൻ മൃഗാസ്ഥികളെടുത്ത് ചെറിയ മീശയുടെ മീതെ വെച്ചു.
“ഇത് സിംഹം അവസാനമായി ഭക്ഷിച്ച പശുക്കിടാവിന്റെ നെഞ്ചെല്ലാണ് സാഹിബേ...”
നേരത്തെ ഞാൻ ശങ്കരനോട് പറഞ്ഞ് ഏർപ്പാടാക്കിയിരുന്നു. സാഹിബ് ആരോടും ചോദിക്കുന്ന സാധാരണ കാര്യമാണത്. ബന്ധപ്പെട്ട ആളുകൾ ഇടപഴകിയ വസ്തുക്കളുപയോഗിച്ചുകൊണ്ടുതന്നെ അവരുള്ള സ്ഥലം കണ്ടുപിടിക്കുന്ന വിദ്യയാണ് അത്. മൂന്നു ദിവസം കഴിഞ്ഞ് വരാൻ സാഹിബ് പറഞ്ഞു.
ഞാൻ സാഹിബിനോടായി “ഒരല്പം വേഗത്തിൽ കാര്യം സാധിച്ചാൽ കൊള്ളായിരുന്നു. ഈ കേസ് എനിക്ക് വലിയ തലവേദനയാണ് സാഹിബേ...” എന്നു പറഞ്ഞു.

രണ്ട്

ഹോലാ ഭജന സംഘം നാഗൂർ തവസീലർ ഗഞ്ച സവായ് ഗഞ്ച ബക്ഷ് അവർകളുടെ മൌലീദ്, ക്ലബ് സ്ട്രീറ്റ് നമ്പർ 29-ൽ നടക്കുന്ന വേളയിലാണ് ഞാനാദ്യമായി സാഹിബിനെ കാണുന്നത്. ഞൊറിയുള്ള പച്ച ജുബ്ബാ ധരിച്ച് കൈവിരലുകളിൽ മൃഗങ്ങളുടെ കണ്ണുകൾ പോലെ ഉരുണ്ട മോതിരങ്ങളുമായി ഒരു മനുഷ്യൻ. ബാങ്കോക്കിലെയും ഹോങ്കോങ്ങിലെയും ജയ്പൂരിലെയും കല്ലുകൾ അദ്ദേഹത്തിന്റെ വിരലുകളിൽ മാറിക്കൊണ്ടേയിരിക്കും. പകുതിനേരങ്ങളിൽ കല്ലുകളുടെ വിൽപനയും നടത്തും.

“ഇന്നത്തോടെ നിന്റെ മുസീബത്ത് മൂദേവി പോയിക്കിട്ടും! ഈ കല്ല് വാങ്ങുക. ഈ സാഹിബ് അണിഞ്ഞ കല്ലാണടോ… ഇതിന്റെ മൂല്യം നിനക്കറിയില്ല” എന്ന് തന്റെ കൈവിരലിലിരുന്ന ഭാഗ്യമോതിരം ഭജന കൂട്ടത്തിലെ ഒരാൾക്ക് കൈമാറി.
അത് വാങ്ങിയ ആൾ, നേരത്തെ അണിഞ്ഞിരുന്ന തന്റെ കൈവിരലിലെ മോതിരം ഊരിയെടുത്ത് സാഹിബ് നല്കിയ മോതിരം വിരലിലിട്ടു.
“മ്... സാഹിബിന്റെ മുദ്രാംഗുലീയം” എന്നു പറഞ്ഞ് സാഹിബ് കാശിനോടൊപ്പം “ഈ മുസീബത്ത് ഇനിയെന്തിന്” എന്ന് പഴയ മോതിരവും വാങ്ങി മടിശ്ശീലയിലിട്ടു. ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിർഭാഗ്യമായി സന്ദാ സാഹിബിന്റെയടുക്കൽ മോതിരക്കല്ലുകളുടെ വില്പന നടക്കുന്നു.

നാഗൂർ ഷെയ്ക്കിന്റെ കൊടിയേറ്റവുമായി ബന്ധപ്പെട്ട് മെയ്യഭ്യാസ പ്രകടനങ്ങളും സംഗീത പരിപാടികളും തീരുമാനിക്കാൻ കൂടുന്ന സംഗമമായിരുന്നു അത്. ജുഗൽബന്ദിക്ക് ടൈഗർ ബാം കമ്പനിയിലെ ഡ്രൈവർമാരായ ശ്രീമാൻ ശിങ്കാരത്തിനെയും മാരിമുത്തുവിനെയും, ഹാർമോണിയം മാസ്റ്ററായി ഹവായ് ചിന്നത്തമ്പിയെയും തീരുമാനിച്ച ശേഷം ബുൾബുൾ തരംഗ് വായിക്കുന്നതിനുള്ള ആളില്ലാത്തത് വിഷമവൃത്തത്തിലാക്കി. ടൈഗർ ബാമിലെ ഡ്രൈവർമാർക്ക് ദക്ഷിണ നൽകാൻ പോലും ആരും മുന്നോട്ടു വരാത്തപ്പോൾ, “ഷെയ്ക്കിന്റെ ഉറൂസ് ഞാൻ നടത്തും... വിദ്വാനെ കിട്ടിയില്ലെങ്കിലെന്താ... നാട്ടീന്ന് ഗുലാം ഖാദീറുമായി സംസാരിച്ച് വരുത്തിക്കും” എന്നു മടിശീലയിൽനിന്ന് വെള്ളിക്കാശെടുത്ത് നിലത്തു വിരിച്ചിരുന്ന ജമുക്കാളത്തിൽ എറിഞ്ഞതും ചുറ്റും കൂടിയിരുന്ന ആളുകളും നേർച്ചപ്പണം ഇടാൻ തുടങ്ങി.

യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെയുള്ളിലൊരു വ്യക്തിത്വം നിലകൊള്ളുന്നുണ്ട്. അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് തന്റെ പരുക്കൻ സ്വഭാവവും മുഴക്കമുള്ള ശബ്ദവും വെച്ച് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയില്ലായിരുന്നു. മാർക്കറ്റിലെ നാണയ വ്യാപാരികൾക്കിടയിൽ അദ്ദേഹത്തിന്റെയുള്ളിൽ ‘ആ ദ്വീപിലെ ജിന്ന്’ കുടികൊള്ളുന്നുണ്ടെന്ന സംസാരവും നിലവിലുണ്ട്. തുടക്കത്തിൽ ഞാനത് വിശ്വസിച്ചതേയില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അദ്ദേഹം ആരോടോ സംസാരിക്കുന്നതു പോലുള്ള ശീലം അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്. ഇല്ലെങ്കിൽ നാണയ വ്യാപാരികളുടെ മോഷണം പോകുന്ന ജാവ ഗിൽഡറും ബാങ്കോക്ക് ടിക്കലും അടങ്ങിയ പണപ്പെട്ടി തന്റെ സ്വപ്നത്തിൽ വന്ന ഇടത്തിൽ കണ്ടെത്താൻ സാധിക്കുമോ! വസ്തുക്കളെന്തെങ്കിലും കാണാതായൽ മാർക്കറ്റ് തെരുവിലുള്ള വ്യാപാരികൾ ആദ്യം ചെല്ലുന്നത് ഠാണയിലേക്കാണെന്നാണോ കരുതുന്നത്? ഒരിക്കലുമല്ല, സന്ദാ സാഹിബിന്റെയടുത്തേക്കാണ് അവർ പോകുന്നത്. തുമ്പിനായി കാണാതായ വസ്തുവുമായി ബന്ധപ്പെട്ട എന്തെങ്കിലും നൽകണം. തലയിണയ്ക്കടിയിൽ അതു വെച്ച് ഉറങ്ങുന്ന നിമിഷം, സ്ഥലങ്ങളെല്ലാം സാഹിബിന്റെ സ്വപ്നത്തിൽ പളുങ്കു പോലെ വ്യക്തമായി വെളിവാകും.

സന്ധ്യാസമയത്ത് സന്ദാ സാഹിബിനെ വട്ടംകൂടി നിൽക്കുന്ന ജനക്കൂട്ടത്തെ കാണണം. അദ്ദേഹത്തിനു മുന്നിൽ എരിയുന്ന കുന്തിരിക്ക പാത്രത്തിലെ നേർച്ചക്കുടുക്കയിൽ എല്ലാവരും കാണിക്ക ഇടും. പിന്നീട് വെങ്കല ഉരുളി കളവു മുതൽ വലിയ മോഷണം വരെയുള്ളവ സാഹിബിന്റെ കാതിൽ ഊതിയിട്ട് പോകും.

“വലിയ ഷെയ്ഖ് നിന്റെ പാസ്പോർട്ടുള്ള സ്ഥലം തഹജ്ജുദ് നേരത്തെ കിനാവിൽ കാണിച്ചിട്ടുണ്ട്. സിലിക്കി റോഡിൽ ഒരു ഓഡിയോ കാസറ്റ് കടയുണ്ട്”.
“ഒടിയൻ അള്ളാപ്പിച്ചയുടെ കടയോ”.
“അതേ ചെട്ടിയാരേ… അതിനു പിറകുവശത്തേക്ക് ചെന്നു നോക്ക്... വെള്ള സഞ്ചിയിൽ ചുറ്റിവെച്ചിട്ടുണ്ട്. നിങ്ങളുടെ പ്രശ്നമെന്താണ് ഹാജിയാരേ...?”
“ഒറ്റ മോനാണ് സാഹിബേ... ധൂർത്തൻ! പട്ടിണി കിടന്ന് ഞാൻ സമ്പാദിച്ച കാശെല്ലാം അവൻ ഡെർബി കുതിരപ്പന്തയത്തിൽ കെട്ടിവെയ്ക്കുയാണ്... അതിൽ മാമൂദ്, താജ്, അക്ബർ കുതിരകളെപ്പറ്റി നിങ്ങൾക്കറിയാമല്ലോ”.
“അതെല്ലാം നന്നായി ജയിക്കുന്ന കുതിരകളാണല്ലോ”.
“എന്നാ, ഇവൻ കെട്ടിവെക്കുമ്പോൾ മാത്രം തോറ്റു പോകുന്നു”.
“ചൂതാട്ടം ഈ സാഹിബുമായി ഒത്തുപോകില്ല. ഇന്തോനേഷ്യക്കാരുടെ അടുത്തേക്ക് പോവുക”.
“ അതല്ല സാഹിബേ... പയ്യനെ അതിൽനിന്ന് അകറ്റണം” എന്നു പറഞ്ഞപ്പോൾ തന്റെ ചെറിയ മേശയുടെ കീഴെ നിന്ന് അറബി ലിപികളെഴുതിയ നക്ഷത്രാകൃതിയിലുള്ള ഒരു പിഞ്ഞാണപ്പാത്രം നല്കിയിട്ട്, “അരിയിലെഴുതിയതാണിത്! വെള്ളത്തിൽ കലക്കി ഇത് നിങ്ങളുടെ മോന് കുടിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു.

അയാൾ സാഹിബിനു നേർക്ക് പണം നീട്ടി. സാഹിബ് കയ്യിൽ വാങ്ങാതെ നേർച്ചക്കുടുക്കയിൽ ഇടാൻ ആംഗ്യം കാണിച്ചു. കാണിക്ക ഒരിക്കലും സാഹിബ് കയ്യിൽ വാങ്ങാറില്ല. രണ്ടമാതായി എന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് സാഹിബിനെ ഞാൻ കാണുന്നത്. സി. ഐ.ഡി തലവനായ വിംട്ഷെയർ നേരത്തെ തന്നെ എനിക്ക് രണ്ടു ദിവസത്തെ സാവകാശം നല്കിയിരുന്നു. അതിനുള്ളിൽ കുറ്റവാളിയെ പിടിച്ച് ഔട്രം റോഡ് ജയിലിൽ അടയ്ക്കണം. നീസൂൻ കമ്പോങ് കങ്കാറിൽ നിന്ന് മോഷ്ടിക്കപ്പെട്ട കോഴികൾ വരുത്തിവെച്ച വിനയാണിത്. ആരോ ഫാമുകളിൽ കടന്ന് താറാവ്, കോഴി എന്നിവ മോഷ്ടിക്കുന്നതായി ഠാണയിൽ പരാതി ലഭിച്ച ദിവസം മുതൽ കണ്ണിൽ എണ്ണയൊഴിച്ച് തിരഞ്ഞിട്ടും കള്ളനെ പിടികൂടാനായില്ല. കള്ളൻ വന്നു പോയതിന്റെ യാതൊരു അടയാളവും ഫാമിനുള്ളിൽ ഉണ്ടായിരുന്നില്ല.

“മനുഷ്യഗന്ധം തന്നെയില്ലല്ലോ... പിന്നെങ്ങനെയാണ് ഈ കേസ് തീർപ്പാക്കുക” എന്നാലോചിക്കുമ്പോൾ തലയ്ക്കു മീതെ വിംട്ഷെയർ കോപത്തിൽ എന്നെ നോക്കുന്നതു പോലെ തോന്നി. അപ്പോഴാണ് ചന്ദാ സാഹിബിന്റെ കാരുണ്യം എനിക്ക് ആവശ്യമായി വന്നത്. കണ്ണുകൾ മൂടിക്കൊണ്ട് ഇരുന്ന അദ്ദേഹം എന്നോടു പിറ്റേന്ന് ചെല്ലാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ അദ്ദേഹം ചങ്ങല കൊണ്ടുള്ള രണ്ടു വലിയ വളയങ്ങൾ തന്ന് അതിനെ കോഴിക്കൂട്ടിൽ വെക്കാൻ പറഞ്ഞു. ആദ്യം എനിക്കൊന്നും മനസിലായില്ല. പിന്നീട് പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന പോലെ കെണിയിലകപ്പെട്ടു, ഒരു മുസാങ് ജോഡാപ് മരപ്പട്ടി! മരപ്പട്ടിയെ അറസ്റ്റ് ചെയ്യാൻ പറ്റുമോ! അതിനെ പിടിച്ച് കാട്ടിൽ കൊണ്ടുപോയി വിട്ടു. റോബിൻസൻ കവലയിലുള്ള സിയാങ്സിങ് പലചരക്കു കടയിൽ നടന്ന മുപ്പതിനായിരം ഡോളർ കവർച്ചയും ജവുളിക്കട മോഷണവും ഉൾപ്പെടെയുള്ള കേസുകളിൽ കുറ്റവാളികളെ കണ്ടുപിടിക്കാൻ സന്ദാ സാഹിബാണ് പല തവണ എനിക്ക് തുണയേകിയിട്ടുള്ളത്. സാഹിബിന്റെ മുദ്രാംഗുലീയം നല്കിയ ഭാഗ്യമാണ് എനിക്കു ലഭിച്ച സ്ഥാനക്കയറ്റവും മെഡലുമെല്ലാമെന്ന് അദ്ദേഹം എന്റെ വിരലിൽ അണിയിച്ച കരിഞ്ചുവപ്പ് നിറമുള്ള കല്ലിലേക്ക് ഞാൻ ഇടയ്ക്കിടെ നോക്കും.

സിംഹം കാണാതായ രണ്ടു മൂന്നു ദിവസങ്ങളിൽ ആരെങ്കിലും മരിച്ചുകിടക്കുന്നതായി വിവരം ലഭിച്ചാൽസിംഹത്തിന്റെ നഖങ്ങൾ പതിഞ്ഞ എന്തെങ്കിലും പോറലുകളുണ്ടോയെന്നും ശരീരഭാഗങ്ങൾ വലിച്ചു പറിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചിരുന്നു. സർക്കസ് കൂട്ടിൽനിന്ന് രക്ഷപ്പെട്ട സിംഹം തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ മുഴുവനും പുതിയൊരു ബിംബം സൃഷ്ടിച്ചിരുന്നു. ദ്വീപിലെമ്പാടും ഒട്ടിച്ച കാണ്മാനില്ല എന്ന പോസ്റ്ററുകൾ ആളുകളുടെ വയറ്റിൽ എരിപിരി ഉണ്ടാക്കിയെങ്കിലും, മുമ്പേ തന്നെ ഉരുവപ്പെട്ടിരുന്ന ചീനരുടെയും മലായരുടെയും ഐതീഹ്യങ്ങളെ മറികടന്നു കളഞ്ഞു ശങ്കരന്റെ സർക്കസ് സിംഹം.
ഒരു സിംഹത്തിന്റെ ആത്മാവിൽനിന്ന് ക്ഷിപ്രവേഗത്തിൽ നിരവധി നാടോടി കഥകൾ റബ്ബർ കാടുകളിൽ പ്രചരിക്കാൻ തുടങ്ങി. കെർബാവു റോഡിലെ കാലിത്തൊഴുത്തിൽ കയറി സിംഹമൊരു പശുകിടാവിനെ ഭക്ഷിച്ചതായി ചിലർ പറഞ്ഞു. എന്നാൽ സിംഹം കഴിച്ചു തുപ്പിയ അസ്ഥികളിൽനിന്ന് പശുക്കിടാവ് വീണ്ടും ജീവൻ വെച്ച് ഓടിയതായ പറച്ചിലുമുണ്ടായി. രാത്രി ഒരു സിംഹത്തിന്റെ മുകളിൽ കയറി ആഭരണങ്ങളണിഞ്ഞ മജപഹിത്2 രാജകുമാരൻ ഘോഷയാത്ര വരുന്നുണ്ടെന്ന കഥകൾ മലായ ഗുമസ്തൻമാർ കാടുകളിൽ പറഞ്ഞുനടന്നു.

ശങ്കരന്റെ സർക്കസ് കൂടാരത്തിലെ സിംഹം ഭയവും ദൈവികതയും കലർന്ന ഒന്നായി അന്യദേശത്ത് മാറിക്കൊണ്ടിരുന്നു. ചീന കംപോങിലാണെങ്കിൽ കഥ മറ്റൊരു രീതിയിൽ ഉരുവമെടുത്തു. പുരാണത്തിലെ നിയോൺ മൃഗം വീണ്ടും വന്നതായി വിശ്വസിച്ചു. അവർ വീടുകളിൽ ചുവന്ന വിളക്കുകൾ തെളിയിച്ചു. പ്ലേഗ് ബാധ അവരുടെ ഗ്രാമത്തെ തകർത്തിരുന്നു. സർക്കസ് സിംഹം അപ്രത്യക്ഷമായ നാളുകളിൽ രോഗം ബാധിച്ച് അവശരായവരിൽ ചിലർ സുഖം പ്രാപിച്ച സംഭവമുണ്ടായി. അവർ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ ആ ജനങ്ങൾ തന്നെ തങ്ങളുടെയിഷ്ട പ്രകാരം സർക്കസ് സിംഹത്തിന് ചാർത്തിയ പേരാണ് ‘സിംഗാ’.

പടയും പരിവാരങ്ങളുമായി വലിയ കപ്പലിൽനിന്ന് കടൽത്തീരത്തിറങ്ങുന്ന ആഭരണങ്ങളണിഞ്ഞ രാജാവ്, ചുവന്ന ശരീരവും കറുത്ത തലയും വെളുത്ത നെഞ്ചുമുള്ള സിംഗയെ ദൂരെനിന്ന് ആദ്യമായി കാണുന്നു. പിന്നീട് ഓടിച്ചു പിടിക്കാൻ ശ്രമിക്കുന്നു. അത് മറഞ്ഞുപോവുകയും മായക്കാഴ്ചയായി മാറുകയും ചെയ്യുന്നു. അതുകഴിഞ്ഞ് അവൻ രാജ്യങ്ങൾ കീഴടക്കുന്നു. അവന്റെ രാജ്യത്ത് സമ്പത്ത് കുമിഞ്ഞുകൂടാൻ തുടങ്ങുന്നു. പക്ഷേ അവസാനം വരെ അവന്റെ കണ്ണുകൾക്ക് സിംഗയെ കാണാൻ അവസരം ലഭിക്കുന്നില്ല.

ഇവയെല്ലാം ‘സിംഗാ’ രൂപംകൊണ്ട നാളുകളിൽ ചീന കംപോങ് ഗ്രാമത്തിൽ അവതരിപ്പിച്ച തോൽപ്പാവക്കൂത്തിലെ രംഗങ്ങൾ.

തോൽപ്പാവക്കൂത്തിൽ മീനുടലും സിംഹത്തലയുമായി ‘സിംഗാ’ മാറിയതിന് ടെലോക് ബകു കടലോരത്തെ മുക്കുവനാണ് കാരണക്കാരൻ. ലിയോ റെഗുലസ് എന്ന നക്ഷത്രം പ്രത്യക്ഷപ്പെട്ട ഒരു പാതിരാത്രി സമയത്ത്, മീനുടലും സിംഹത്തിന്റെ തലയുമുള്ള ഒരു സിംഹം തന്റെ വലയിൽ അകപ്പെട്ടെന്ന് അലറി വിളിച്ചുകൊണ്ട് അയാൾ ഗ്രാമത്തിലൂടെ ഓടി. ഗ്രാമവാസികൾ ആദ്യമത് വിശ്വസിച്ചില്ല. എന്നാൽ അടുത്ത ദിവസം മുതൽ ആ ഗ്രാമത്തിലെ മുക്കുവരുടെ വലയിൽ നല്ല മത്സ്യങ്ങൾ കൂടുങ്ങാൻ തുടങ്ങി. ചന്തയിൽ നല്ല വിലയ്ക്ക് വിറ്റുപോകുന്ന ‘ഇകാൻ കുറാവ്’ വല നിറയെ അകപ്പെട്ടു.

‘കാണ്മാനില്ല, ദി ഗ്രേറ്റ് വിമല സർക്കസ് സിംഹം. സൂചനകൾ നൽകുന്നവർക്ക് തക്കതായ പ്രതിഫലം’ എന്ന് ശങ്കരൻ ചെലവഴിച്ച് അച്ചടിച്ചൊട്ടിച്ച പോസ്റ്ററുകളെല്ലാം പറിച്ചെടുത്ത് എല്ലാവരും തങ്ങളുടെ വീട്ടിലൊട്ടിച്ച് ഭാഗ്യത്തിനായി ചുവപ്പു വെളിച്ചത്തിൽ കാത്തിരുന്നു. ‘സിംഗാ’ തങ്ങളുടെ ആത്മാവിലുണ്ടെന്ന് അവർ തിരിച്ചറിഞ്ഞ നിമിഷം, രാജ്യങ്ങൾ കീഴടക്കുന്ന രാജാവായി അവർ സ്വയമനുഭവിച്ചു.

ശങ്കരൻ കൈ തിരുമ്മിക്കൊണ്ടിരുന്നു. കാണാതായ നാളുകൾ മുതൽ ആരും തന്നെ ഇതുവരെ കണ്ണുകൊണ്ട് കാണാത്ത ഒരു ചിത്രത്തെ തേടി അയാൾ അലയുകയാണ്. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടതായി ആരും പറഞ്ഞില്ല. സാക്ഷിയായി ഈ നാട്ടിൽ ഒരാൾ പോലുമില്ല!

അന്വേഷണവസ്തുവിന്റെ ദിവസവും പിറന്നു. ഞാനും ശങ്കരനും നേരം പുലർന്നപ്പോൾ തന്നെ സന്ദാ സാഹിബിന്റെ വീട്ടിലേക്കോടി.

“എങ്ങും പരന്ന പെരും വസ്തുവെന്തെടീ സിംഗീ? അത് അങ്ങുമിങ്ങുമെങ്ങും കണ്ട പെരുംവെളി സിംഗാ”
അരക്കൈ ബനിയനും പച്ചത്തൊപ്പിയും ധരിച്ച് സന്ദാ സാഹിബ് മുറിയിൽനിന്ന് പാടിക്കൊണ്ടേ വന്നു.

“സിംഗാ സിംഗിയെ തേടി പോയിക്കളഞ്ഞു...”
“സാഹിബേ... എന്താണ് സ്വപ്നത്തിൽ വെളിവായത്?”
“കൊടിമലൈ. മൂന്നു ദിവസവും കൊടിമലൈയാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷേ അവിടെ ചെന്നാലും നിനക്ക് സിംഗയെ കണ്ടുപിടിക്കാൻ സാധിക്കില്ല. കാലത്തിന്റെ പെരുംവെളിയിൽ എല്ലാം ഇഴുകിച്ചേർന്നിരിക്കുന്നു... എല്ലാം ഇസ്കന്ദർ ഷായുടെ കറാമത്ത്”
“സാഹിബേ, ഞാനൊരു കലാകാരൻ. മൃഗമാണ് എന്റെ നിത്യവൃത്തിക്കുള്ള മുതൽമുടക്ക്… ഞാനെന്തു ചെയ്യും’’.
വിലകൊടുത്തു വാങ്ങിയ മൃഗം നഷ്ടപ്പെട്ട ശങ്കരനെ കാണാൻ തന്നെ പരിതാപകരമായിരുന്നു. അയാൾ ഭക്ഷണം കഴിച്ചിട്ട് തന്നെ പല ദിവസങ്ങളായി. ഠാണയിലേക്കും സർക്കസ് കൂടാരത്തിലേക്കും ഓടിയോടി അയാൾ തളർന്നിരുന്നു. സിംഹത്തിനാൽ ആർക്കുമൊരു ഉപദ്രവവും ഉണ്ടായില്ല എന്നതു മാത്രമാണ് അയാളുടെ ഏക ആശ്വാസം.

“കുറച്ച് ഇരിക്കൂ” എന്നു പറഞ്ഞ് മുറിയുടെ അകത്തേക്ക് ചെന്ന സന്ദാ സാഹിബ് ഒരു കുട്ടയുമായി പുറത്തേക്ക് വന്ന് അത് ശങ്കരനെ ഏൽപ്പിച്ചു. അതിനകത്ത് മിനുമിനുപ്പോടെ വെളുത്ത മലമ്പാമ്പ് ചുരുണ്ടുകൂടി കിടന്നിരുന്നു. മഞ്ഞ മുദ്രകളോടുകൂടിയ മഞ്ഞളും വെളുപ്പും കലർന്ന പാമ്പ്. എനിക്കാകെ ഉത്കണ്ഠ തോന്നി.

“ഇത് പാമ്പെന്നു കരുതുന്നെങ്കിൽ പാമ്പ്. ജിന്നെന്നു കരുതുന്നെങ്കിൽ ജിന്ന്! സ്വർണമെന്ന് കരുതുന്നെങ്കിൽ സ്വർണം... നല്ല കാലമാണ് ശങ്കരാ നിനക്ക്...” എന്നു പറഞ്ഞു സാഹിബ്.
പാമ്പ് കണ്ണെടുക്കാതെ ശങ്കരനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
“ഡിപ്പാർട്മെന്റിനോട് ഞാനെന്തു പറയണം സാഹിബേ?”
“മ്... എനിക്കറിയാം. അത് ആരെയും ബുദ്ധിമുട്ടിക്കില്ല... ഈ സംഭവം ഈ നാടിനു തന്നെ നല്ലതാണ് ചങ്ങായി...” എന്നും പറഞ്ഞുകൊണ്ടു സാഹിബ് മുറിക്കകത്തേക്ക് കടന്നു. മുറിക്കുള്ളിൽനിന്ന് കുന്തിരിക്കപ്പുക മഞ്ഞുപോലെ പൊങ്ങി മറഞ്ഞുനിന്നു.

അകത്തുനിന്ന് ഒരു മൃഗത്തിന്റെ ഗർജനം മാത്രം കേട്ടു.

(1.പൊതുവേ കൊടിമലൈ എന്നാണ് സിംഗപ്പൂർ തമിഴർക്കിടയിൽ ഫോർട്ട് കാനിംഗ് ഹിൽ അറിയപ്പെടുന്നത്. അവിടെയാണ് സിംഗപുരയുടെ അവസാനത്തെ രാജാവും മലാക്ക ദേശത്തിന്റെ സ്ഥാപകനുമായ പരമേശ്വരനെ (അദ്ദേഹം പിന്നീട് ഇസ്ലാം മതം ആശ്ലേഷിച്ച് ഇസ്ക്കന്ദർ ഷാ എന്ന പേര് സ്വീകരിക്കുകയുണ്ടായി) അടക്കം ചെയ്തിരിക്കുന്നത്.
2. 1293 മുതൽ 1500 വരെ ജാവ ആസ്ഥാനമായി നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു മജപഹിത് സാമ്രാജ്യം.)


Summary: “എന്താണു സാർ! ഭാര്യയെ കാണാനില്ല... സിംഹത്തെ കാണാനില്ലായെന്ന്... ഞാൻ ചെറിയ ചെറിയ സാധനങ്ങൾ കണ്ടുപിടിക്കുന്നയാളാണ്! - Singa, short story by K Muhammad Riyas


കെ. മുഹമ്മദ് റിയാസ്

തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ കോട്ടൈപ്പട്ടിണത്ത് ജനനം. ‘അത്തര്‍’, ‘സിഗരി മാര്‍ഗ’ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.  അനീഷ മരയ്ക്കായാര്‍ എന്ന പേരില്‍ കവിതകളും എഴുതുന്നു. പന്ത്രണ്ടു വര്‍ഷമായി സിംഗപ്പൂരില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നു.

 

എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരന്‍, പ്രാദേശിക ഭാഷാ ചരിത്രകാരന്‍, വിവര്‍ത്തകന്‍. കന്നഡയിലെയും തമിഴിലെയും സമകാലികരായ പ്രശസ്ത എഴുത്തുകാരുടെ  കഥകള്‍ മലയാളത്തിൽ പരിചയപ്പെടുത്തി. തമിഴില്‍നിന്നും കന്നഡയില്‍നിന്നും തുളുവില്‍നിന്നും കവിതകളുടെ മൊഴിമാറ്റവും നിര്‍വ്വഹിച്ചിട്ടുണ്ട്. ചുവന്ന തത്തയും മറ്റു കഥകളും – കന്നഡയിലെ പുതുകഥകള്‍, ശ്രീലങ്കന്‍ കഥകള്‍, കാറ്റോശയും പിഞ്ഞാണവും – ലക്ഷദ്വീപ് ഡയറി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.  

Comments