സിസിഫസിന്റെ സന്താപം
(ചവിട്ട് നാടകം) 2

6 .

കോറിന്തോസ് കളി മതിയാക്കി ബീഡിത്തുറുപ്പെടുത്ത് പുകച്ചു. നല്ല പേയൂരിൽ, കാലത്തിന്റെ അളവ് കോലായി അയാൾക്കൊപ്പം നിൽക്കുന്നത് ബീഡി മാത്രമാവണം. ഇതുവരെയയാൾ 35 ബീഡികൾ എരിച്ചൊടുക്കിയിരിക്കുന്നു… ഒരു ദിവസം അഞ്ച് ബീഡി എന്ന കണക്കാണെങ്കിൽ,  ഏതാണ്ട്  ഒരാഴ്ച്ചയായിരിക്കുന്നു. പത്ത് ബീഡിക്കാലങ്ങൾ കൂടി കഴിഞ്ഞാൽ നല്ല പേയ് കോവിലിൽ തൃക്കേട്ടയാരംഭിക്കും. അതിന്റെ പ്രാരംഭമെന്നവണ്ണം മേടയിൽ ചവിട്ടി തുടങ്ങണം. അപ്പൻ ദേവസ്യാനോസ്, തട്ടിൽ കയറുന്നതിന് മുമ്പ് ചൊല്ലുന്നത് കോറിന്തോസ് ചികഞ്ഞെടുത്തു:

“ കണ്ണുനൂറ് 

   കയ്യറുനൂറ്

   നാവ് തൊള്ളായിരം 

   കാലായിരം 

   മനമയ്യായിരം ” 

കളരിയഭ്യാസിപ്പിച്ച്, വഴക്കമുണ്ടാക്കിച്ചെടുക്കുമ്പോൾ ദേവസ്യാനോസ് ഇത് ഉറക്കെ ചൊല്ലുമായിരുന്നു. ആ കീഴ് വഴക്കം കോറിന്തോസും പുലർത്തിപ്പോന്നു. രണ്ടാം യാമത്തിന്റെ മൂർദ്ധന്യത്തിൽ, പതുങ്ങി വന്ന കുളിരിന് വേമ്പനാട്ട് കായലിന്റെ ഇലക്ട്രിക്ക് നടുക്കമുള്ളതായി കോറിന്തോസിനനുഭവപ്പെട്ടു. എന്നാൽ അവിടങ്ങളിൽ ചെന്നിട്ട് അനേകായിരം വർഷങ്ങൾ കടവൊഴിഞ്ഞുപോയതായി പോലും അയാൾക്ക് തോന്നി.   നാലാം പിറന്നാളിന് പ്രത്യാശ മാതാപ്പള്ളിയിൽ, അപ്പൻ തന്നെക്കൂട്ടി പോയത് ഇന്നലെയാണെന്ന് അയാളുറപ്പിച്ചു. വേമ്പനാട്ട് കായലിനെ വശീകരിച്ച് വരുതിയിലാക്കുന്ന കടലിന്റെ കാമച്ചൊരുക്ക്, അന്നാണ് അയാൾ ആദ്യമായി കണ്ടത്. വൈപ്പിനിൽ നിന്നും ഓച്ചന്തുരുത്തിലേക്ക് നടക്കുമ്പോൾ വയറിനുള്ളിലൊരു കാളൽ… വീട്ടിൽ ചെന്നയുടൻ ചോറും മോരും പേരറിയാത്ത മീനും കൂട്ടി കുഴച്ച് തരുമ്പോൾ, കുഞ്ഞി കോറിന്തോസ് അറിഞ്ഞിരുന്നില്ല, പിറ്റേന്ന് തൊട്ട് അയാളെയും കളരിയിലേക്ക് എടുക്കുമെന്ന്. അടുത്ത ദിവസം വെള്ള കീറാൻ പോലും നിൽക്കാതെ, ദേവസ്യാനോസ് കോറിന്തോസിനെ പായിൽ നിന്നും വലിച്ചിറക്കി. ശേഷം മെയ്പ്പയറ്റുകളും ചുവടുവെപ്പും പഠിപ്പിച്ച് വഴക്കിയെടുത്തു. ആറ് വയസ്സ് തികയുമ്പോഴേക്കും, കോറിന്തോസിന്റെ കാലുകൾക്ക് തിടം വെച്ചു. ഉപ്പൂറ്റിയിൽ കട്ടികെട്ടി. കൈകൾ കാറ്റിനെ ചുഴറ്റി. നാടക പരിശീലനം തുടങ്ങുന്നതിന് മുമ്പായി ദേവസ്യാനോസ് എല്ലാവർക്കും  പറഞ്ഞുകൊടുക്കാറുള്ള കഥ, കോറിന്തോസിനും ചൊല്ലിയൂട്ടി. അണ്ണാവികളുടെ അണ്ണാവി, ദിവ്യനായകൻമാരിൽ ദിവ്യനായകൻ - ചിന്നത്തമ്പി അണ്ണാവി, ദേവസ്യാനോസിന്റെ രാക്കഥകളിൽ നിറഞ്ഞു. 

സിസിഫസിന്റെ സന്താപം
(ചവിട്ട് നാടകം) ഭാഗം ഒന്ന്

ചിന്നത്തമ്പി അണ്ണാവി ആദ്യമായി ഗോതുരുത്തിലെത്തിയപ്പോൾ വയറുപൊട്ടുന്ന വരെ അന്തികള്ള് നിറച്ചു. ലക്ക്കെട്ട്, തീരത്തിരുന്ന് ചെന്തമിഴ് ചുവടികൾ താളം കൊട്ടി പാടിയപ്പോഴാണ് അത് സംഭവിച്ചത്… തിരകൾ അണ്ണാവിയുടെ താളത്തിനൊത്ത് ചാട്ടം തുടങ്ങിയിരിക്കുന്നു! ഏതാണ്ട് രണ്ട്‌ മണിക്കൂറോളം കടലേറ്റം, ചിന്നത്തമ്പി അണ്ണാവിയുടെ വായ്താരിക്ക് ചുവടുവെച്ചു. അന്ന് രാത്രി തന്നെ, ഗോതുരുത്തിലെ കളരിക്കാരെ വിളിച്ചുകൂട്ടിയ ശേഷം, വായ്ത്താരിക്കനുസരിച്ച് ചുവടുവെപ്പിച്ചു. താൻ പണ്ട് കണ്ട് മോഹിച്ച കഥകളി മുദ്രകളും കൂടെയായപ്പോഴാണത്രെ ആദ്യത്തെ ചവിട്ട് നാടകം പിറന്നത്…  എല്ലാ ചവിട്ട് നാടകക്കാർക്കും അണ്ണാവിയാകാൻ കഴിയില്ല. അതിന് പറ്റണമെങ്കിൽ ‘വിളി’ വരണം. തട്ടിൽ കുതിച്ചു ചാടി ചുവട് വെക്കുമ്പോൾ, ചിന്നത്തമ്പി അണ്ണാവിയുടെ കറുത്ത് നീണ്ട മുഖം മുന്നിലൂടെ മിന്നി മറയുന്നത് കണ്ടവർ മാത്രമേ അണ്ണാവികളായിട്ടുള്ളു. ദേവസ്യാനോസ് ശൗര്യാർ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ നെപ്പൊളിയൻ ചക്രവർത്തിയായി ആടുമ്പോഴാണ് ചിന്നത്തമ്പി അണ്ണാവിയുടെ രൂപം മിന്നൽ വേഗത്തിൽ മുന്നിലൂടെ കുതിച്ചു പാഞ്ഞത്. കോറിന്തോസിനത് പതിനെട്ടാം വയസ്സിൽ സംഭവിച്ചു. 

ചിന്നത്തമ്പി അണ്ണാവിയുണ്ടായിരുന്ന കാലത്ത്, അദ്ദേഹത്തെ ഒരേ സമയത്ത് പല തട്ടിൽ വെച്ചും കണ്ടിട്ടുണ്ടെന്ന് സാക്ഷ്യം പറഞ്ഞവരുണ്ട്. ഒരേ സമയത്ത് ഗോതുരുത്തിൽ കാറൽമാൻ രാജാവായും കൊടുങ്ങല്ലൂരിൽ ഇസഹാക്ക് പുണ്യവാളനായും, തങ്കശ്ശേരിയിൽ അല്ലേശുവായും അണ്ണാവി ആടിയിട്ടുണ്ടത്രെ! ഇത് കൂടാതെ, അണ്ണാവി ഒരു സന്ധ്യക്ക് മുട്ടിൽ നിന്ന് പെരും കുരിശിന് ചുവടെ പ്രാർത്ഥിച്ചപ്പോൾ, കുരിശ് വളഞ്ഞ് വന്ന് അണ്ണാവിയുടെ തലയിൽ തലോടി അനുഗ്രഹിച്ചിട്ടുണ്ടെന്നത് സത്യമാണ്…

അതുപോലൊരു സന്ധ്യക്ക് അണ്ണാവി കുരിശിങ്കൽ പ്രവർത്തിക്കുമ്പോഴാണ് ഇരുട്ടത്ത്  മിശിഹാ വലയം അദ്ദേഹത്തെ പൊതിഞ്ഞത്. ഉടനെ കണ്ണു തുറക്കുമ്പോൾ, താൻ  യെരുശലേമിലെ  ഗാഗുൽത്ത മലയിലാണ്. മുന്നിലെ ചെങ്കുരിശ്ശിൽ നീറി നീറി മിശിഹാ ചിരിക്കുന്നു… ഇരുവശങ്ങളിലുമായി കള്ളന്മാരുടെ കരച്ചിൽ… മിശിഹായുടെ രക്തതുള്ളികൾ അണ്ണാവിയുടെ തലപ്പുറത്ത് വീണ് പൊള്ളി. ഒടുക്കം പാപങ്ങളിൽ നിന്നും  താൻ മുക്തനായിരിക്കുന്നു… കുരിശിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം അണ്ണാവിയുടെ കൈകളെ നനച്ചുകൊണ്ടിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ചിന്നത്തമ്പി, അപ്പനെ നോക്കി വാവിട്ട് കരഞ്ഞു.   മിശിഹാ അണ്ണാവിയെ ദയനീയമായി നോക്കി. 

“ ചിന്നാ ഞാനിനിയും വരും… നീ അതിന് കാരണമാകും…” 

“ അപ്പാ…”

അണ്ണാവി കുരിശിൻചോട്ടിൽ കിടന്ന് രണ്ട് ദിവസത്തോളം പൊട്ടിക്കരഞ്ഞു. വിലപിച്ചവശനായപ്പോൾ എഴുന്നേറ്റ് നടക്കാനാരംഭിച്ചു. കണ്ണുകൾ കലങ്ങിയിരിക്കുന്നു. കാലുകൾക്ക് വിറ വന്നിരിക്കുന്നു. എന്നിരുന്നാലും, നെറുകയും കുറുകെയും അലഞ്ഞു. നടന്നുനടന്ന്, ഒടുവിൽ ചതുർമാനങ്ങളെ ഭേദിച്ച്, ശൂന്യാകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ വെട്ടത്തെ വകഞ്ഞ് നടന്നു. അവശനായപ്പോൾ ആകാശഗംഗയുടെ ഓളങ്ങളിൽ മുങ്ങിക്കുളിച്ചു. ഈശൊപ്പന്റെ രക്തം കയ്യിൽ നിന്നും പോകുന്നില്ലെന്ന് അപ്പോഴും അയാൾക്ക് തോന്നി. കയ്യിലെ ചോരക്ക് വീഞ്ഞിന്റെ മണം!. കുളിച്ചു തുവർത്തുന്നതിനിടയിൽ അണ്ണാവി തിരിഞ്ഞു നോക്കി. അങ്ങകലെ ഒരു നീല പൂമ്പൊടിയായി  ഭൂമി സ്ഥിതി ചെയ്യുന്നു... തിരിച്ച് പോക്ക് എന്നത് ഇനി അസാധ്യമാണ്. തിരിച്ചു ചെന്നാൽ തന്നെ, മറ്റൊരു ലോകമായിരിക്കും,  കാലം അപ്പോഴേക്കും ഉരുണ്ടുപിരണ്ടിരിക്കും… 

കണ്ണീർ തുടച്ചുകൊണ്ട് അണ്ണാവി മുന്നോട്ട്  തന്നെ നടന്നു. അവിടെ എരിയുന്ന ഒരു വാലൻ നക്ഷത്രത്തിന്റെ ചന്തമളന്നു കൊണ്ട് അയാൾ അതിനു മുന്നിൽ ഇരുന്നു. നക്ഷത്രം, അയാളെ മാടി വിളിക്കുന്നതായി അയാൾക്ക് മാത്രം തോന്നിയതാകുമൊ?   താൻ ചെറുപ്പത്തിൽ,  മാനത്ത് താരപുറ്റുകളെ നോക്കിയിരിക്കുമായിരുന്നു, ഇതുപോലെ. അന്ന് അമ്മ തന്റെ മുടിയിഴകളെ തലോടിയിരുന്നു...

“ ചിന്നാ…  നമ്മ പാട്ടൻ  മുപ്പാട്ടൻ താ ഇന്തമാതിരി നച്ചത്തിരങ്കളാ  വറത്  “

(ചിന്നാ… നമ്മുടെ അപ്പനപ്പൂപ്പൻമാരാണ് നക്ഷത്രങ്ങളായി വരുന്നത്)

അമ്മയത് പറയുമ്പോഴും അയാളുടെ കണ്ണ് നക്ഷത്രങ്ങൾക്കിടയിൽ തെളിയുന്ന ഇരുട്ടിലേക്കാണ് ചെല്ലുക. നക്ഷത്രങ്ങൾ പൂർവികാരാകുമ്പോൾ അവയ്ക്കിടയിൽ കുറുകുന്ന ഇരുട്ട് എന്താണ്? അമ്മ അതിന് ഉത്തരമായി കുറുമ്പൻ നുള്ള് വെച്ച് കൊടുക്കുമായിരുന്നു. അമ്മ നുള്ളിയ പാടുകളെ  തഴുകുമ്പോൾ, ഇപ്പോൾ അകലെയായി കാണുന്ന നിലാവിനെ ഒരുവട്ടം നോക്കി.  ചന്ദ്രന്റെ പാടുകളും തൻ്റെ അമ്മ നുള്ളി ഉണ്ടാക്കിയതായിരിക്കണം, അയാൾക്കുറപ്പായിരുന്നു. നടത്തം വീണ്ടും തുടർന്നു. ഒടുക്കം വാൽ നക്ഷത്രത്തിന്റെ മുന്നിലിരുന്ന് ഇമ വെട്ടാതെ ധ്യാനിച്ചു. നക്ഷത്രവാൽ അയാളെ മെല്ലെ പുണർന്നപ്പോൾ, അയാൾ അതിനെ ഇരുകൈകളും ചേർത്ത് കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. 

“അമ്മാ… നാ പാത്തേനമ്മ… നാ ഈശോപ്പാവെ പാത്തേനമ്മ “

(അമ്മേ ഞാൻ കണ്ടമ്മേ… ഈശോപ്പനെ കണ്ടമ്മേ…)

നക്ഷത്രം അയാളെ അതിനുള്ളിലേക്കമർത്തി. ചിന്നത്തമ്പി, ജ്വാലയിഴകളിൽ വെന്തുരുകിയ നിമിഷം,  വെട്ടം ചിന്നിചിതറിക്കൊണ്ട്  എല്ലാ കോണുകളിലേക്കും തെറിച്ചു. വടക്കൻ നക്ഷത്രവും പിന്തുടർന്നു കൊണ്ട്, മണൽക്കാട്ടിൽ, മൂന്ന് രാജാക്കന്മാർ തൊഴുത്തിൻ-പച്ചകളെയും കുഞ്ഞിക്കരച്ചിലിനെയും  തേടിയിറങ്ങുകയായി…   അവർക്ക് മരുക്കാറ്റിന്റെ കൂകലുകൾക്കിടയിൽ ഒരു മുഴക്കം കേട്ടതായി തോന്നിയിരിക്കുമൊ?

“ ചിന്നാ ഞാനിനിയും വരും, അതിന് നീ കാരണമാകും…”

7 .

രാക്കഥ മുഴുവിപ്പിക്കുമ്പോൾ, ദേവസ്യാനോസിന്റെ താടി രോമങ്ങൾ കുതിർന്നിട്ടുണ്ടാവും. അവ കുഞ്ചിരോമങ്ങളെപ്പോലെ അയാളുടെ ഏങ്ങലടികളുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുമായിരുന്നു. ഈ നേരങ്ങളിലല്ലാതെ പിന്നെ അയാളെ കരഞ്ഞ് കണ്ടത്, ആറാം വയസ്സിൽ കോറിനന്തോസ് കളരിയിലെ തട്ടിൽ ചവിട്ടി തുടങ്ങുമ്പോഴാണ്. മകന്റെ ഉശിര് തന്നേക്കാൾ മുകളിലാകുമെന്ന പ്രത്യാശ അയാളെ ഊറ്റം കൊള്ളിച്ചു. കുഞ്ഞിക്കോറിന്തോസിന്റെ പ്രകടനം കണ്ടറിഞ്ഞ  ആഹ്ലാദത്തിൽ കുടിച്ച്, വെളിവ് കെട്ട്, തിരകളുടെ കൂടെ അപ്പൻ  വെളുക്കുവോളം താളം ചവിട്ടി.   

കോറിന്തോസിന് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ്, ആദ്യമായി കടലിനെ പുണരാൻ തയാറാകുന്നത്. കളിയുണ്ടെന്ന ഒറ്റക്കാരണത്താൽ മകന്റെ കന്നി കടലോട്ടത്തിൽ  ദേവസ്യാനോസ് ശൗര്യാർക്ക് പങ്ക് ചേരാൻ കഴിഞ്ഞില്ല. ഏറ്റ കളി മുടക്കാൻ പാടില്ല… പോരെങ്കിൽ, പ്രത്യാശാ മാതാവിനുള്ള നേർച്ചയാണ്.  മറ്റു കൂട്ടരേ പോലെയാകരുത് ചവിട്ടണ്ണാവികൾ. കൊടുത്ത വാക്ക് ദൈവം കേണാലും മാറ്റരുതെന്നാണ്!  ഇതുപോലെ ഏറ്റ കളി കളിക്കാതെ വിട്ടയൊരു ആശാനെ, സ്വപ്നത്തിൽ വന്ന് ചിന്നത്തമ്പി അണ്ണാവി ശപിച്ചത്രെ! പിറ്റേന്ന് ആശാൻ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ, കാലുകൾ മാത്രം അനങ്ങിയില്ല… നിർവ്വാഹമില്ലാതെ, ദേവസ്യാനോസ് മകന്റെ  നടുന്തലയിൽ മുത്തിച്ച് കടലിലേക്ക് യാത്രയാക്കി. തട്ടിൽ കയറി ചവിട്ടിത്തുടങ്ങിയപ്പോഴേക്കും അയാളുടെ കൈമുദ്രകൾ  പടിഞ്ഞാറൻ കാറ്റിന്റെ ദിശ മാറ്റി; ചുവടുകൾ ഭൂമിയുടെ അന്തരാളത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചു; തൊണ്ടപൊട്ടി പാടിയ ചുവടികൾ കടലു കടന്നു. ദേവസ്യാനോസ് ഉശിരോടെ തട്ടിൽ തിമിർത്തുകൊണ്ടിരുന്നപ്പോൾ, കടലോരത്ത്, ഒരു കേട്ട് വള്ളത്തിന്റെ മരക്കുറ്റി ഒഴുകിയടിഞ്ഞു. കണ്ടവരും  കേട്ടവരും –  മേടക്ക് പിറകിലായി  ഇളകിയ ചായം വീണ്ടും തേച്ചു പിടിപ്പിക്കുന്ന - ദേവസ്യാനോസിനെ ഈ വിവരം അറിയിച്ചു. തീരത്തടിഞ്ഞ കെട്ടുവള്ളത്തടി കോറിന്തോസും മറ്റ് രണ്ടുപേരും പുറപ്പെട്ട വള്ളത്തിന്റേതാകാൻ സാധ്യതയുണ്ടെന്നും കൂടി അറിഞ്ഞപ്പോൾ അപ്പൻ ശൗര്യാരുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകൾ  ചാലുകീറാൻ ഒരുങ്ങി. ചീഞ്ഞ  ചാളയുടെ കടും ചൂര്, ഉള്ളിനെ തളർത്തി. തട്ടിൽ തിരിച്ചു ചെല്ലേണമോയെന്ന് പോലും ചിന്തിച്ചു. ഏറ്റ കളിയാണ്… മാനത്തു നിന്ന് പൊന്നു തമ്പുരാൻ ഇറങ്ങി വന്ന് നിറുത്താൻ പറഞ്ഞാൽ പോലും നിറുത്തരുത്. ദേവസ്യാനോസ് തിരികെ തട്ടിൽ കയറി, വിറകളെ വകഞ്ഞുകൊണ്ട് ചുവടികൾ തൊണ്ടയിൽ നിന്നും പുറത്ത് ചാടി. അയാൾ ആക്കത്തോടെ ചവിട്ടിക്കൊണ്ടിരുന്നു. ചുവടികൾ തീർന്നിട്ടും, ചുവടുകൾ ആവർത്തിച്ചിട്ടും ആർത്തു ചവിട്ടി. മറ്റുള്ളവർ കളിച്ച് കുഴഞ്ഞിട്ടും അയാൾ തുടർന്നു. തന്റെ കുഞ്ഞിനെ റാഞ്ചിയ കള്ളിക്കടലിനോടുള്ള കൊടും പക, മിന്നൽ പിണറുകളായി തട്ടിൽ തറച്ചുകൊണ്ടിരുന്നു. വെള്ളകീറിയിട്ടും, ഉച്ചതട്ടിയിട്ടും ചവിട്ട് നിന്നില്ല! കുഞ്ഞികോറിന്തോസിന്റെ മുഖം അയാളുടെ മുന്നിലൂടെ മിന്നിപ്പാഞ്ഞു. കണ്ടുനിന്നവരുടെ കണ്ണുകൾ കലങ്ങി; അവർ ദേവസ്യാനോസ് അണ്ണാവിയോട് നിറുത്താൻ കേണപക്ഷിച്ചു. പൊന്നുതമ്പുരാൻ പറഞ്ഞാലും നിറുത്തില്ലെന്നായപ്പോൾ, ദേവസ്യാനോസിന് ഭ്രാന്തായെന്ന് തുറക്കാർ പാടിപ്പറഞ്ഞു. കള്ളിക്കടൽ, ഈ വിവരം എല്ലാ തുരുത്തുകളെയും  തുറകളെയും അറിയിച്ചു…

“ തേവസണ്ണാവിക്ക് പ്രാന്തായേ ! “

ഒടുക്കം, അയാൾ കാലിനെ തലയറ്റം വരെ കൊണ്ട് വന്ന് ആഞ്ഞ് ചവിട്ടി… തട്ട് പലകകൾ കുലുങ്ങി. മേടയുടെ കൂരയും തൂണും പൊളിഞ്ഞിളകി താഴേക്ക് കൂപ്പുകുത്തി. അപ്പൻ ശൗര്യാർ, അതിനുള്ളിൽ സമാധികൊണ്ട പുണ്യവാളനെപ്പോലെ ഇരുന്നുറങ്ങി, എന്നെന്നേക്കുമായി. 

മൂന്ന് ദിവസങ്ങൾക്ക് ശേഷം തിരികെ കരക്കെത്തിയ കോറിന്തോസ് കാണുന്നത് അപ്പന്റെ ശവക്കല്ലറയാണ്; കേൾക്കുന്നത് അപ്പൻ ഭ്രാന്തായി ചത്തെന്ന വിവരവുമാണ്… ശവത്തറയും  കെട്ടിപ്പിടിച്ച് വെളുക്കുവോളം കരഞ്ഞ കുഞ്ഞികോറിന്തോസിനെ, ഒച്ചന്തുരുത്തുകാർ മറന്നാലും കടലു മറക്കില്ല…  കോറിന്തോസ് ഇഴഞ്ഞും നിരങ്ങിയും ചേർത്തലയെത്തി; അവിടെ നിന്നും കൊല്ലത്തേക്കുള്ള ഫെറിയിൽ പറ്റിക്കൂടി. തെണ്ടിയും അലഞ്ഞും പണ്ടാരതുരുത്തിലെത്തിപ്പെട്ടു. വലകെട്ടിയും, വട്ടക്കായലിൽ നിന്ന് കക്കവാരിയും ദിവസങ്ങളെ കടത്തിവിട്ടു. വട്ടകായലിന്റെ ഉപ്പ്ചുവ അപ്പന്റെ കണ്ണീരാണെന്ന് വിശ്വസിക്കാനുള്ള എല്ലാ അവകാശവും കോറിന്തോസിനുണ്ടായിരുന്നു. കടലിൽ പോകുന്നതിന് മുമ്പായി അപ്പൻ മുത്തിയുണ്ടാക്കിയ തലയിലെ പാടിനെ  കായലുപ്പ് നീറ്റിക്കൊണ്ടിരുന്നു.   

അയാൾ പണ്ടാരതുരുത്തിൽ, കൂടെ കക്ക വാരാൻ വന്ന പിള്ളേരെ കൂടെ കൂട്ടി ചവിട്ട് നാടകം ആടാൻ തുടങ്ങി. കോറിന്തോസും കൂട്ടരും തങ്ങളുടെ പതിനേഴാമത്തെ വയസ്സിൽ, തങ്കശ്ശേരി ലന്തപ്പള്ളിയിൽ ചവിട്ടിത്തുടങ്ങി. അന്ന് കടലും ചുവടിക്കൊത്താടി… 

മെമ്പർ വെച്ച കരിങ്കോഴിചാറും കൂട്ടി കൂടെയുള്ളവർ കഴിച്ച ശേഷം കിടന്നുറക്കവുമായി. കോറിന്തോസിന് മാത്രം വിശന്നില്ല. നാലാം പിറന്നാളിന് അപ്പൻ വാരിത്തന്ന ചോറും മീനും തികട്ടി വന്നുകൊണ്ടിരുന്നു…

8 .

നല്ല പേയൂർ തൃക്കേട്ടയ്ക്കായി കവലയിലും കോവിൽ പരിസരങ്ങളിലുമെല്ലാം, തൊങ്ങലുകളും  തോരണങ്ങളും പിണ്ടിവിളക്കുകളും നിറഞ്ഞു. ദേശക്കാർ കുളം വറ്റിച്ച് വൃത്തിയാക്കി തേകുന്നുണ്ട്. അതിനിടയിൽ, കുളത്തിൽ നിന്നും പിടിച്ച  പുളവനെ തോലുരിച്ച് വെട്ടി മുറിക്കാനും കവലക്കാർ മറന്നില്ല. മെമ്പറും സിൽബന്തികളും, റായിപ്പർ പോളൻ സ്ഥാപിച്ച പെരും ക്ലോക്ക് തുടക്കുകയാണ്. ക്ളോക്കിന്റെ ഒരു വശത്തായുള്ള, സിസിഫസ് അപ്പോഴും സന്താപിച്ചുകൊണ്ടേയിരുന്നു. മുക്തിക്കായി കാത്തുകൊണ്ടേയിരുന്നു. 

ക്ളോക്കിൽ നിന്നും കയറിൽ തൂങ്ങി താഴെയിറങ്ങിയപ്പോഴാണ്, എല്ലാ ഒരുക്കങ്ങളും ആസ്വദിച്ചു കാണുന്ന കോറിന്തോസിനെ, മെമ്പർ ശ്രദ്ധിക്കുന്നത്. 

“ ഹാ, ഇവിടെ എന്തോത്തിനാ നിന്ന് സമയം കളയുന്നെ… പോയി വിശ്രമിച്ചാട്ടെ… ഇന്ന് തട്ടേൽ കേറേണ്ടതല്ലെ…”

“ ഓ, കളീടെ കാര്യത്തില് പേടിക്കണ്ടാ മെമ്പറെ… അത് ഞാനേറ്റതല്ലേ”

“ പേടിയൊന്നുവില്ല ശൗര്യാരെ, എനിക്കിത്രേ വേണ്ടു, കളി തട്ട് പൊളിപ്പനായിരിക്കണം”

“ ഹാ ഏറ്റന്നെ”

“ഏറ്റാ മാത്രം പോരാ… തട്ട് പൊളിയണം… ഞാൻ  മിനിഞ്ഞാന്ന് പറഞ്ഞപോലെ ശാപം തീരണേൽ, കളിയവസാനിക്കാൻ നേരം  തട്ട് പൊളിയണം ശൗര്യാരെ!”

കാര്യത്തിന്റെ ഗൗരവം പിടികിട്ടിയ കോറിന്തോസ് അണ്ണാവി, മുണ്ടിന്റെ കോന്തലകൊണ്ട് നെറ്റി തുടച്ചു. തങ്ങളുടെ ചവിട്ടേറ്റ് തട്ട് പൊളിയണം എന്നല്ലെ ആ പറഞ്ഞത്? 

പോരെങ്കിൽ, മെമ്പർ അതിന് ശേഷം പറഞ്ഞകാര്യം നാലാമത്തെ ആണിപോൽ അയാളുടെ ചങ്കിൽ കുത്തിക്കയറി. മേടയുടെ തട്ട് ഉണ്ടാക്കിയിരിക്കുന്നത്  ‘കരിമരുത്’ കൊണ്ടാണത്രെ!  കരിമരുത് തടിയാണെങ്കിൽ ഗോലിയാത്ത് വന്ന് ചവിട്ടിയാൽ പോലും പൊളിയില്ല! അതിനോടൊപ്പം തങ്ങൾ കളിക്കുമ്പോൾ ഭൂമി കുലുങ്ങണമെന്നുമൊക്കെയാണ് മെമ്പറുടെ ആവശ്യം. കോറിന്തോസ് അണ്ണാവിക്ക് ശ്വാസം കിട്ടാത്തത് പോലെ തോന്നി. ശ്വാസത്തിന് പകരമായി ബീഡിയെന്ന മട്ടിൽ  അയാൾ ശ്വസിച്ചുകൊണ്ടിരുന്നു. പതിവുപോലെ ആ നേരത്താണ്  പൂച്ചപ്പട്ടത്തി,  നുര പൊട്ടാത്ത ലോട്ടക്കാപ്പികളുമായി രംഗത്ത് വരുന്നത്. അടുത്തുള്ള കുഞ്ഞൊറോത്തയുടെ കടത്തിണ്ണയിലിരുന്ന് കാപ്പി നുണയുമ്പോൾ, പട്ടത്തിയമ്മാളും കൂടെയിരുന്നു. കുഞ്ഞൊറോത്ത ഇരുവർക്കും, ചതുരാകൃതിയിലുള്ള   എണ്ണക്കടികൾ കൊടുത്തു. 

“ ശൗര്യാരെ എന്ന ഒരേ യോസനൈ… പേടി വല്ലതും ഒണ്ടോ?”

അവരുടെ ചോദ്യത്തിന് മറുപടിയെന്നവണ്ണം കോറിന്തോസ് കാപ്പികുടിച്ച ശേഷം ലോട്ട തിരികെയേൽപ്പിച്ചു. 

“ ശൗര്യാരെ പോകല്ലെ… കുറച്ച് നേരം കൂടി ഇരിക്ക്”

അവരുടെ വാശിക്ക് വഴങ്ങിയ കോറിന്തോസ് കുറച്ചുനേരം കൂടി ഇരിക്കാൻ തീരുമാനിച്ചു. അയാളുടെ മനസ്സിലാകെയും  കരിമരുത് തട്ടുകളെ എങ്ങനെ ചവിട്ടിയൊടിക്കണമെന്ന ചോദ്യം വിളങ്ങിനിന്നു. 

“ശൗര്യാരെ… ഇവിടെ ഊരിന്, നാലു ദിക്കിലും, നാരക മരങ്ങളുണ്ട്… എന്തിനാണെന്നറിയാവൊ? നല്ല പേയ്  ഈ ഊര് വിട്ട് പോകാതിരിക്കാനാ… നല്ല പേയക്ക് നാരകച്ചെടികളെ അടിമുടി പേടിയാ… പണ്ട്, സുന്ദരപാണ്ഡ്യന്റെ കാലത്തു തൊട്ടാ, ശാപം കിട്ടി, മനസ്സിന് സുഖയില്ലാതായോരെ കൊണ്ട്  ഇവിടെ  കളയാൻ തൊടങ്ങിയെ… ആ കാലത്ത്  തന്നാ നല്ല പേയേയും കുടിയിരുത്തുന്നെ… കൊടുങ്ങല്ലൂരമ്മയേം ചേർത്തല കാർത്ത്യായനിയേം ഒക്കെ കുടിയിരുത്തിയ കക്ഷി  തന്നാ നല്ല പേയേയും കുടിയിരുത്തിയെ… വില്ല്വമംഗലം സ്വാമിയാരെന്ന് വെച്ചാ  ഭൂതപ്രേതാദികൾ തൊട്ട്‌ ദൈവങ്ങൾക്ക് വരെ ഭയ ഭക്തി ബഹുമാനവാ… ഭയങ്കര സിദ്ധിയാ…  അദ്ദേഹത്തിന്റെ  കയ്യിലൊരു മാന്ത്രിക ദണ്ഡൊണ്ട്, ഇതും കൊണ്ടാ എല്ലാ ശക്തികളെയും ചൊൽപ്പടിക്ക് നിറുത്തുന്നെ… അങ്ങനിരിക്കുമ്പഴാ നല്ല പേയെക്കുറിച്ച് ഇദ്ദേഹം  കേൾക്കുന്നെ… നല്ല പേയെക്കുറിച്ച് രണ്ട് കഥയുണ്ട്… ഒന്നെന്ന് പറയുന്നെ, ഇതൊരു അസുരഗണത്തിൽ പിറന്ന അന്തർജ്ജനം ദുർമരണപ്പെട്ട് ബ്രഹ്മരക്ഷസ്സായെന്നും, അത് പിന്നീട് നല്ല പേയ് ആയെന്നുമൊക്കെയാ… രണ്ടാമത്തെ കഥ ശൗര്യാര് വഴിയെ അറിഞ്ഞോളും… എന്തായാലും, വില്ല്വമംഗലം സ്വാമിയാര് നല്ലപേയെ പിടിച്ചുകെട്ടാൻ കച്ചകെട്ടി… എന്തൊക്കെ മന്ത്രം പറഞ്ഞിട്ടും പേയെ തളക്കാൻ പറ്റിയില്ല… അപ്പഴാ സ്വാമിയാര് മാന്ത്രിക ദണ്ഡ് ഒടിഞ്ഞ കാര്യം ശ്രദ്ധിക്കുന്നെ… ഒടിഞ്ഞ ദണ്ഡ് എന്തായാലും നല്ല പേയ്ക്ക് നേരെ ഏൽക്കത്തില്ലല്ലൊ…  എന്നിട്ടും സ്വാമിയാര് നല്ല പെയ്ക്ക് പിറകെ പാഞ്ഞു… അന്നേരവാ നല്ല പേയ് ഒരു നാരക ചെടി കണ്ട് പേടിക്കുന്ന കാര്യം സ്വാമിയാരുടെ കണ്ണിൽപെട്ടത്… പിന്നീടൊന്നും നോക്കീല,  പല തരം നാരകയിലേം വള്ളിയും ഒക്കെ ചേർത്ത് നല്ല പേയെ ഏറ് കുരുക്കിട്ട് വീഴ്ത്തി... നല്ല പേയെ വീഴ്ത്തിയത് ദോ ആ ചെളിക്കുണ്ടിലാ… എന്നിട്ടും കുതറിയോടാൻ നോക്കിയ പേയെ സ്വാമിയാര് ഗ്രാമത്തിന്റെ നടുക്ക് കൊണ്ട് കുടിയിരുത്തി… എന്നിട്ടോ, ഗ്രാമത്തിന്റെ ചുറ്റും നാരക ചെടികളും മരങ്ങളും നട്ടു പിടിപ്പിച്ചു… ഇവിടുള്ളവരെ  നോക്കി കഴിഞ്ഞോണം ന്ന് താക്കീതും കൊടുത്ത ശേഷം, ഒരു കോവിലും പണി കഴിപ്പിച്ചു…”

കഥ കേട്ടിട്ടും കോറിന്തോസ് ആശ്ചര്യപ്പെടാത്തതിൽ അത്ഭുതമൊന്നും പൂച്ചപ്പട്ടത്തിക്ക് തോന്നിയില്ല. രാക്കളിയിൽ കരിമരുത് തട്ട് പൊളിഞ്ഞില്ലെങ്കിൽ, പോളിയാൻ പോകുന്നത് തന്റെ തലയായിരിക്കുമെന്നത് കോറിന്തോസിനുറപ്പായിരുന്നു… അയാളുടെ ചത്തുകുത്തിയിരിപ്പ് കണ്ട പട്ടത്തിയമ്മാൾ പറച്ചിൽ തുടർന്നു:

“ വില്ല്വമംഗലം സ്വാമിയരടെ മാന്ത്രിക ദണ്ഡ് കരിമരുത് കൊണ്ടാ  ഉണ്ടാക്കിയിരുന്നെ…”

കോറിന്തോസ് കേട്ട ഞെട്ടലിൽ അമ്മാളിന്റെ മുഖത്തേക്ക് നോക്കിയിരുന്നു, ബാക്കി കഥ കേൾക്കാനായി.

“ നല്ല പേയുടെ നേർക്ക് ഉപയോഗിക്കാൻ നേരം അത് പൊട്ടിയെന്ന് പറഞ്ഞല്ലോ… അതിന്റെ ദേഷ്യത്തിൽ സ്വാമിയാർ കരിമരുത് മരങ്ങളെ ശപിച്ചു…”

ഇത്രയും പറഞ്ഞ ശേഷം അവർ ഒഴിഞ്ഞ ലോട്ടയുമായി തിരികെ നടന്നു. ബാക്കി കേൾക്കുവാനുള്ള കൗതുകാവേശങ്ങൾ പേറി, കോറിന്തോസ് അവരുടെ പിന്നാലെയോടി. കേണപ്പോൾ കഥയുടെ മിച്ചമുള്ള പൊട്ടും പൊടിയും പറയാമെന്നായി,

“ കരിമരുതിന് കിട്ടിയ ശാപം അത്ര സാധാരണമല്ല ശൗര്യാരെ… അതുങ്ങൾടെ തടിക്ക് ഓർമ്മയുണ്ടാകട്ടെയെന്നാണ്… അതുങ്ങളൊന്നും മറക്കത്തില്ല! “

ഈ വിവരം വെച്ച് എന്ത്  ചെയ്യണമെന്നറിയാതെ വിങ്ങിയും പുകഞ്ഞും കോറിന്തോസ് മുറിയിലേക്ക് നടന്നു. അവിടെ കട്ടിയക്കാരനും  ബെഞ്ചമിനും കൂടെയുള്ളവരും തിമിർക്കുകയാണ്. അവരുടെ താളച്ചവിട്ടുകളിൽ തുറിക്കുകയായിരുന്ന അണ്ണാവിക്ക്, ഉടൻ തന്നെ കറണ്ടോടുന്ന വേഗത്തിൽ  ചിന്തകൾ കടന്ന് വന്നു. കരിമരുത് തടി ഒന്നും  മറക്കില്ലായെങ്കിൽ കിട്ടിയ ചവിട്ടും മറക്കില്ല തന്നെ!  ഒരേ സ്ഥലത്ത് തന്നെ പലവട്ടം തല്ലിയാൽ, എപ്പോഴെങ്കിലും അതിന് പൊളിയുകയല്ലാതെ നിർവാഹമില്ല… ഓർമ്മകളാണ്  മനുഷ്യനെ ഓച്ചാനിപ്പിക്കുന്നത്. ഒന്നും മറക്കാൻ കഴിയാത്തതു കൊണ്ടാണല്ലൊ മനുഷ്യനെക്കൊണ്ട് ഒന്നിനും കൊള്ളില്ലാത്തത്…

9.

ധ്യാനത്തിലിരിക്കവെ, ശ്വാസമമർത്തിപ്പിടിച്ചതിനാൽ ഉച്ചം തല പൊട്ടിത്തെറിച്ച് സമാധിയായ സിദ്ധന്മാരെക്കുറിച്ച് കേൾ കേൾക്കാത്തവരാരുണ്ട്… ചിന്നത്തമ്പിയും അതുപോലൊരു മരണം കൊതിച്ചിരുന്നെന്ന് പറയാതെ വയ്യ. താൻ പെറ്റുണ്ടാക്കിയ ചവിട്ട് നാടകം കളിക്കവെ തട്ടിൽ വെച്ച് സമാധി പ്രാപിക്കുക.  കയ്യും മെയ്യും പാദങ്ങളും ചുവടിയുടെ താളം പിടിക്കുമ്പോൾ, ശ്വാസവും ഹൃദയമിടിപ്പും ആ താളപ്പൊരുത്തം കൈവരുന്ന നിമിഷംതന്നെ, ശ്വാസം ഉച്ചന്തലയെ തെറിപ്പിച്ച് മേലെക്കുയരണം. പക്ഷെ, ഈ മരണക്കൊതിക്ക് ദൈവത്താൻ കൂട്ട് നിന്നില്ലെന്ന് മാത്രമല്ല, ചിന്നത്തമ്പിയുടെ ചവിട്ട് നാടകം പരീക്ഷിക്കാനും മുതിർന്നു. ദൈവത്താന്റെ ചുവടിക്കനുസരിച്ചായി  ചിന്നത്തമ്പിയുടെ ചെയ്തികൾ. അക്കാലത്താണ്, ചിന്നത്തമ്പി നടന്ന് തന്റെ തായിനാടായ തെങ്കാശിക്ക് പോകുന്നത്. അമ്മയെ കാണണം. നീണ്ട പതിനേഴുകൊല്ലം തുറകളിലലഞ്ഞു ക്ഷീണിച്ചിരിക്കുന്നു. കണ്ണ് കലങ്ങി തുടങ്ങിയിരിക്കുന്നു. കാലുകളിൽ വിറ വന്ന് തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും അമ്മയ്ക്ക് മുന്നിലാടണം. താൻ നൊന്ത് പെറ്റ കലാവിരുതിനെ അമ്മയ്ക്ക് കാട്ടികൊടുക്കണം. 

നടക്കുന്തോറും, ദൂരം കൂടികൂടി വന്നു. കാലിന്റെ വിറ ഒതുങ്ങില്ലെന്ന് കണ്ടപ്പോൾ മറ്റ് വഴികളന്വേഷിക്കണമെന്ന് തീരുമാനിച്ചു. ‘കാശില്ലാക്കഴുവേറികൾക്ക് ഉയിരുമോശാരമാകുന്ന’ കാലത്ത്, വണ്ടികാശില്ലാത്തവനെ ആരും കൊണ്ട് വിടില്ലെന്നതിൽ ആർക്കാണ് സംശയം. ഒരു വഴിയുള്ളത് വണ്ടിക്കാശിനും കടത്തുകൂലിക്കും  പകരമായി തന്റെ ചവിട്ട് നാടകച്ചുവടികൾ ചൊല്ലിച്ചവിട്ടുക മാത്രമാണ്. പിശാചുക്കൾ പോലും ചടയുന്ന കൊടുംപാതിരയ്ക്ക്, കടത്തുകാരെയും  വണ്ടിക്കാരെയും എവിടുന്ന് കിട്ടാനാണ്… രണ്ടും കൽപ്പിച്ച്  ചിന്നത്തമ്പി വേമ്പനാട്ട് കായലിന് മുന്നിൽ കാറൽമാൻ ചരിതത്തിലെ രാജാപ്പാർട്ട് മുഴുവൻ ചവിട്ടി. എന്താ ഒരൂറ്റം! കളിയിൽ തൃപ്ത്തയായ വേമ്പനാട്ട് കായൽ പതിയെ കാലുകളകത്തി കിടന്നു. ഇടയിൽ കര തെളിഞ്ഞു വന്നു. കായലിന്റെ വിടവിലൂടെ അയാൾ നടന്നതും, ഇടയിലെ കരയെ കായൽ ഉടൻ മായ്ച്ചിരിക്കുന്നു... ചതിച്ചത് കായലോ? ദൈവത്താനോ? അറിയുന്നതിന് മുന്നെ ചിന്നത്തമ്പിയെ കായൽ വിഴുങ്ങി. അല്ലെങ്കിലും കഴിവുറ്റ കഴുവേറികളെയും സ്ത്രീകളെയും കുട്ടികളെയുമെല്ലാം  ജലാശയങ്ങൾക്ക് പണ്ടേ ഇഷ്ടമാണ്… അവരെ  വീണ്ടും വീണ്ടും രുചിക്കാൻ, വെള്ളക്കെട്ടുകൾ എപ്പോഴും കൊതിച്ചുകൊണ്ടിരിക്കും! 

അടിത്തട്ടിൽ നിന്ന് പൊന്തിവരാൻ ഒരുപാട് ശ്രമിക്കിച്ചെങ്കിലും, കായൽ അയാളെ താഴേക്ക് വലിച്ച് കൊണ്ടിരുന്നു. തന്റെ ചവിട്ട് കണ്ട് മതിമറന്നു നിന്ന കായൽത്തിരകൾ ഇപ്പോൾ ചവിട്ടാനാരംഭിച്ചിരിക്കുന്നു. അടിത്തട്ടിൽ, ശ്വാസപിടച്ചിലിൽ ചിന്നത്തമ്പിയും  നിർവാഹമില്ലാതെ കായലിനൊത്ത് ചവിട്ടി. കായലാട്ടത്തിന്റെ കടുപ്പത്തിൽ, ശ്വാസം ചിന്നത്തമ്പി അണ്ണാവിയുടെ  ഉച്ഛന്തലയുടെ വില്ലൊടിച്ചു. ഒടുവിൽ വേമ്പനാട്ട് കായലും അണ്ണാവിയുടെ ശിഷ്യത്വം സ്വീകരിച്ചെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയായി ഒന്നും തന്നെയില്ല.    ഗുരുദക്ഷിണയായി തനിക്ക്, കായൽ ഇച്ഛാമരണം  സമ്മാനിക്കുമ്പോൾ സ്വീകരിക്കാതെ വയ്യ… മൂന്നാംപക്കം, നാരകവള്ളികളിൽ കുരുങ്ങിയ  വെളുത്ത വീർത്ത ശവത്തൊണ്ട് കായലോരത്തലടിഞ്ഞു. കായൽ അപ്പോഴും കാറൽമാൻ ചരിതം പാടിച്ചവിട്ടി, നിറുത്താതെ…

തന്റെ ശവത്തിൽ പുഴുക്കളും  മീനുകളും സദ്യവട്ടമൊരുക്കിയപ്പോൾ ഉണ്ടായ ദുർഗന്ധത്തെക്കാളും, കുരുങ്ങിക്കിടന്ന നാരകവള്ളികളുടെ സുഗന്ധമാണ്   ചിന്നത്തമ്പിയെ ഉലച്ചുകൊണ്ടിരുന്നത്.  ശരീരമില്ലാതെ ചെന്നാൽ അമ്മ തന്നെ തിരിച്ചറിയുമൊ?  ചിന്നത്തമ്പി തെങ്കാശിക്ക് പറന്നു. എന്തായാലും അമ്മയെ കാണണം… അമ്മയ്ക്ക് മുന്നിൽ ആടണം…  അമ്മയെന്നും തന്നെക്കാത്ത് ഉറങ്ങാതെയിരിക്കുന്ന കാര്യം തനിക്കറിയാമായിരുന്നിട്ടും, നേരത്തെ തിരിച്ചു ചെല്ലാത്തതിൽ അയാൾ സ്വയം പഴിച്ചു.  കുടിലെത്തിയപ്പോൾ, തന്റെയവസ്ഥയ്ക്ക്  വിപരീതമായി, കാമ്പ് പോയ തൊണ്ടായി കുടി നിലകൊണ്ടു. അമ്മയുമില്ല കുടിയുടെ പരിസരങ്ങളിൽ അമ്മത്വവുമില്ല!  ചിന്നത്തമ്പി അമ്മയെ തേടി നെറുകയും കുറുകെയുമലയുമ്പോഴും, അയാളെ നോക്കി വടക്കൻ വാൽനക്ഷത്രം മിന്നിത്തുടിച്ചുകൊണ്ടിരുന്നു… 

അമ്മക്ക്‌ മുന്നിൽ ചവിട്ടാൻ സാധിക്കാതെ, ചിന്നത്തമ്പി കടവുളോനെ ശപിച്ചു. അയാളുടെ ‘മായാരൂപം’  തെങ്കാശിയിൽ നങ്കൂരമിട്ട്,  ഗതിയില്ലാതെ ചുറ്റിയലഞ്ഞു . രാത്രികാലങ്ങളിൽ പതുങ്ങുന്ന കൊള്ളക്കാരെ തുരത്താൻ തുടങ്ങിയതോടെ തെങ്കാശിക്കാർ അയാളെ ‘നല്ല പേയ്’ എന്ന് വിളിക്കാനാരംഭിച്ചു… 

                                                                    

                                                                             10 .

 

മുറുകിയ കരിമരുതിൻ തട്ടോടെ മേടയൊരുങ്ങി. പിണ്ടിവിളക്കുകൾ എരിഞ്ഞു തിളങ്ങുമ്പോൾ, ആളുകൾ നല്ല പേയ് കോവിലിന് ചുറ്റും വലം വെച്ചുകൊണ്ടിരുന്നു. വരമ്പത്ത്, കുഞ്ഞു  മണികൾ തുന്നി പിടിപ്പിച്ച ചെമ്പച്ച സാറ്റിൻ കോട്ടും, സ്വർണ്ണ മുടിയും അരയിൽ വാളും മുഖത്ത് വിലാപവുമേന്തി, ഹാംലെറ്റായി കോറിന്തോസ് പരിണമിച്ചു. കളി തുടങ്ങുന്നതിന് മുമ്പായി ആദ്യം ദേവസ്യാനോസ് പിന്നെ  വിശുദ്ധ പൗലോസ്, ചിന്നത്തമ്പി അണ്ണാവി, വില്ല്വമംഗലം സ്വാമി എന്ന ക്രമത്തിൽ പ്രാർത്ഥിച്ചു. തട്ടിലേക്ക് കാൽ വെക്കുന്നതിന് മുന്നേ കോറിന്തോസ് കട്ടിയക്കാരൻ ലോറൻസിനോട് സൂചനയെന്ന രീതിയിൽ പറഞ്ഞു:

“ മോനെ, കളിതീർത്ത്, മംഗള സ്തുതിയെപ്പൊ പറയാൻ പറ്റുമെന്ന് അറിയത്തില്ല… നിനക്ക് പിൻമാറണമെങ്കിൽ ഇപ്പൊ പിന്മാറാം”

അണ്ണാവിയുടെ ഉൾകലക്കം ബോധ്യമായ കട്ടിയക്കാരൻ, അയാളെ ആദ്യമായി കെട്ടിപിടിച്ചു. അണ്ണാവി, ലോറൻസിന്റെ തലയിൽ തൊട്ടനുഗ്രഹിച്ച ശേഷം, തട്ടിൽ കയറി. 

നല്ല പേയൂര്കാർ തട്ടിന് മുന്നിൽ പായ് വിരിച്ചിരിപ്പുണ്ട്. വൈകാതെ കൊട്ടും പാട്ടും തുടങ്ങി, അതിനൊത്ത് അണ്ണാവി ചുവടി പാടി, ചുവടും വെച്ചു തുടങ്ങി. 

കോറിന്തോസ്, കരിമരുത് തട്ടിന്റെ മൃദുവായ ഇടം കണ്ടുപിടിക്കാനുള്ള തത്രപാട് പുറത്ത്കാട്ടാതെ ഹാംലെറ്റായി പകർന്നാട്ടം തുടർന്നു.  കണ്ടുപിടിച്ചിരിക്കുന്നു… തട്ടിന്റെ ഹൃദയസ്ഥാനത്ത് തന്നെയാണ് മൃദുവിടം. മൂന്നിലൊന്ന് ചവിട്ട്, മൃദുവിടത്തിൽ വീഴ്ത്താൻ കോറിന്തോസിന് കഴിഞ്ഞാൽ, ഉറപ്പായും തട്ട് പൊളിഞ്ഞ് വീണിരിക്കും!  

രാജാവായിരുന്ന ഹാംലൈറ്റിന്റെ അപ്പൻ, പ്രേതമായി വന്ന് ഹാംലെറ്റിനെ സന്ധിക്കുന്ന രംഗത്തിൽ, അയാൾ ഉറഞ്ഞു തുള്ളി. മാനത്ത് വെള്ളകീറിയിട്ടും കളി തുടർന്നുകൊണ്ടിരുന്നു. എത്രയുറഞ്ഞിട്ടും തട്ടിൽ ഒരു വിടവ് പോലും വന്നിട്ടില്ല. കരിമരുത് പലകകൾ വാശിയോടെ ചവിട്ടുകളെ താങ്ങുന്നതായിരിക്കും… കൂടെയുള്ളവർ അവശതയിലും കളി തുടർന്നു. പക്ഷെ, ഉച്ചക്ക് പന്ത്രണ്ട് മണിയായപ്പോഴേക്കും അവരുടെ ഉയിര് പാതിയും ചവിട്ടി തീർന്നിരുന്നു. എന്നാൽ കോറിന്തോസ്‌ അപ്പോഴും ചവിട്ടി. 

മെമ്പറും പൂച്ചപട്ടത്തിയും കുഞ്ഞൊറോത്തയുമെല്ലാം വാ പൊത്തി ശ്വാസമടക്കി കോറിന്തോസ് അണ്ണാവിയുടെ ആട്ടം, ഇമവെട്ടാതെ കണ്ടിരിപ്പായിരുന്നു. അവരുടെ ശ്വാസം പോലും അയാളെ ശല്യപ്പെടുത്തിയേക്കുമെന്ന് അവർ ഭയന്നു.  അന്നേരത്തായി കുഞ്ചെറിയാ,  വിയർത്തൊലിച്ച കോറിന്തോസിനായി, വലിയ രണ്ട് പനയോലകൾ കൊണ്ട് തട്ടിലേക്ക് വീശിക്കൊണ്ടേയിരുന്നു. കോറിന്തോസപ്പോഴും ചവിട്ടി… തൊണ്ടപൊട്ടി ചോര ചീറ്റിയിട്ടും, അയാൾ താളക്കുറവില്ലാതെ ചുവടികൾ പാടി. കണ്ണ്, കലങ്ങി ചുവന്നിട്ടും ഭാവക്കുറവില്ലാതെ നടിച്ചു. ഒടുവിൽ സന്ധ്യയായപ്പോൾ, കരിമരുത് തട്ടിന്റെ ഹൃദയഭാഗം ക്ഷീണിച്ചതായി കോറിന്തോസിന് അനുഭവപ്പെട്ടു. ഓർമ്മകൾ കരിമരുത് പലകകളെ തളർത്തി തുടങ്ങിയിരിക്കുന്നു… കരിമരുതിനെ കളിയാക്കിയിട്ടെന്ത് കാര്യം? ഓർമ്മകൾ തളർത്താത്തവരായി ആരുണ്ട്! അപ്പന്റെ ഓർമ്മകൾ ചങ്കിനെ ചന്നം പിന്നമാക്കുന്നത്  തന്റെ അനുവാദത്തോടെയാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകാൻ മാത്രം  തനിക്ക് ധൈര്യമില്ല… പകരം അയാൾ തട്ടിന്റെ ഹൃദയഭാഗത്ത് തന്നെ ആർത്തു തൊഴിച്ചു.  കിരീടവും ഉടുപ്പിലെ മണികളും കൊഴിഞ്ഞു തെറിക്കാൻ തുടങ്ങിയപ്പോഴും ചവിട്ടി.

പാതിരയായപ്പോൾ വേച്ചുവേച്ച് ആട്ടം തുടർന്നു. കൂനികൂടിയാണ് കളിക്കുന്നതെങ്കിൽ പോലും, അയാളുടെ ചവിട്ടിന്റെ ആക്കത്തിന്  ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. തട്ടിന്റെ ഹൃദയഭാഗത്തിലെ പലക ഇളകിയതും അപ്പോൾ തന്നെയാണ്. ഇളകിയ പലകയിൽ ഒളിഞ്ഞിരുന്ന ആണി അയാളുടെ കാലിൽ തറച്ചുകയറിയപ്പോൾ മേടയിൽ ചോര ചീറ്റിയൊഴുകാൻ തുടങ്ങി. കോറിന്തോസന്നേരവും ചവിട്ട് തുടർന്നു… ഏറ്റ കളി പൂർത്തീകരിക്കാതെ മുടക്കിയാൽ അത് തൊഴിൽ പാപമാകും… അതിനാൽ മിശിഹാ ഇറങ്ങി വന്ന് വിലക്കിയാൽ പോലും നിറുത്തരുത്. കണ്ടു നിന്നവർക്ക് അയാളെ പിടിച്ചുമാറ്റണമെന്നുണ്ടായിരുന്നെകിലും, അവർ മുതിർന്നില്ല. കാരണം നല്ല പേയ് അതിന് സമ്മതിക്കില്ലെന്നത് ഉറപ്പുള്ള കാര്യമാണ്! 

ചോരക്കലകൾ കളമെഴുത്തുകളായി തട്ടിൽ ഉണങ്ങിപ്പിടിച്ചിരുന്നു. കോറിന്തോസിന്റെ തലച്ചോർ, ആട്ടക്കുലുക്കത്തിന്റെ അഘാതത്തിൽ ബോധം കൈവിടാൻ വെമ്പി. ഉള്ള വെളിവിനെ മുറുക്കെപ്പിടിച്ച് അയാൾ ചവിട്ടിക്കൊണ്ടേയിരുന്നു. വളരെ പെട്ടെന്നാണ്  ഒരു   രൂപം അയാളുടെ കൺമുന്നിലൂടെ മിന്നിമറഞ്ഞു പോയത്… അപ്പോൾ തന്നെയാണ്  കരിമരുതിൽ ആദ്യത്തെ  വിള്ളൽ വീണതും…

 പതിനെട്ടാമത്തെ വയസ്സിൽ ഇതുപോലെ തന്റെ മുന്നിലൂടെ കടന്നുപോയത്, കറുത്ത നീണ്ട മുഖത്തോടുകൂടിയ ചിന്നത്തമ്പി അണ്ണാവിയുടെ രൂപമായിരുന്നു… അതിനാൽ  ചിന്നത്തമ്പിയെ ഉള്ളിൽ കുടിയിരുത്തി അയാൾ തുള്ളിക്കൊണ്ടേയിരുന്നു. വിള്ളൽ വീണതിനാൽ അധിക നേരം കരിമരുതിന് താങ്ങാൻ കഴിയില്ലെന്നത് ഉറപ്പായിരിക്കുന്നു…. ചുവടികൾ തീർന്നു. ചുവടുകൾ ആവർത്തിച്ചു. കൈമുദ്രകൾ കാറ്റിനോട് മല്ലിട്ടുകൊണ്ടിരുന്നു. എന്നിട്ടും കോറിന്തോസ് ചവിട്ട് നിറുത്തിയില്ല… ഒടുവിൽ ചുവടികൾക്ക് പകരമായി താളം ചൊല്ലിപ്പാടി, കരിഞ്ചുവട് വെച്ചാടി… വെളിപാട് പോലെ ഒരു വെട്ടം വന്നതപ്പോഴാണ്… മുന്നിൽ ഒരാൾ, മലക്കുകളോടൊപ്പം ഏതോ കടപ്പുറത്തെ തങ്കത്തരിമണലിൽ തിരകളോടൊത്ത് പാടിച്ചവിട്ടുകയാണ്! നനഞ്ഞ താടിയുള്ള, കണ്ണിൽ വാത്സല്യമുള്ളൊരാൾ  - അപ്പൻ!  

കരിമരുത് തട്ട് കോറിന്തോസിന്റെ ഭ്രാന്തിന് മുമ്പിൽ ഒടുവിൽ കീഴടങ്ങി… തട്ട് പൊളിഞ്ഞ്, പല കഷ്ണങ്ങളായി തെറിച്ചു… മേടയുടെ തൂണും മേൽക്കൂരയും കൂപ്പുകുത്തി പതിച്ചു.   കണ്ട് നിന്ന മെമ്പറും പൂച്ചപ്പട്ടത്തിയും എഴുന്നേറ്റ് നിറകണ്ണുകളോടെ നല്ല പേയെ തൊഴുതു വിളിച്ചുകൊണ്ടേയിരുന്നു. പുരാണത്തിലെ  സിസിഫസ്, ശാപത്തിൽ നിന്നും മുക്തിനേടിയ ഉടൻ കല്ലുരുട്ടൽ മതിയാക്കി നടുവ് നിവർത്തി. ശേഷം കോറിന്തോസിന്റെ കളിയിൽ ഊറ്റം കൊണ്ടു. വല്യക്ലോക്കിലെ സിസിഫസിന്റെ രൂപം സന്താപം നിറുത്തി സന്തോഷിക്കാൻ പ്രയത്നിച്ചു.  

പൊളിഞ്ഞ മേടക്കുള്ളിൽ, കോറിന്തോസ് അപ്പനെ നോക്കി നിലവിളിച്ചു. അദ്ദേഹം  കോറിന്തോസിന്റെ പക്കലേക്ക് കുതിച്ചു വന്നു… അപ്പൻ കോറിന്തോസിനെ നെഞ്ചിലേക്ക് അമർത്തിപിടിച്ചുകൊണ്ടിരുന്നു. അപ്പന്റെ താടി, കഥപറഞ്ഞു കഴിയുമ്പോഴുള്ളതുപോലെ നനനഞ്ഞിരുന്നു…  കോറിന്തോസിന്റെ കൈകാലുകളെ അപ്പൻ തടവിയുഴിഞ്ഞു. കാൽവിരലുകളിൽ ഓരോന്നിലും  വലിച്ച് ഞൊട്ടയിടീച്ചു.  

“ ഉണ്ണി കൈ വളര് വളര് 

  ഉണ്ണി കാൽ വളര് വളര്..”  

കോറിന്തോസ് അപ്പന്റെ നെഞ്ചത്ത് തലവെച്ച് തിരിഞ്ഞും മറിഞ്ഞും ഏങ്ങലടിക്കുന്നുണ്ടായിരുന്നു. അപ്പനെ മാന്തിയും നുള്ളിയും ഇടിച്ചുമെല്ലാം, എന്നോ പതിഞ്ഞുറഞ്ഞ പരാതികൾ ഓരോന്നായി പുറത്തുചാടി. ശാഠ്യം പിടിക്കുന്ന കുട്ടികളെ, പറുദീസയിലെ ഉടയോൻ കയറ്റില്ലെന്ന് പറഞ്ഞുകൊണ്ട്, അപ്പൻ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൻ വഴങ്ങുന്ന മട്ടില്ല. 

തന്റെ കുഞ്ഞിന്റെ കൊഴിയാറായ നഖങ്ങൾ തന്നെ വിടാതെ അള്ളിപ്പിടിച്ചിരിക്കുകയാണ്.  ഈ പിടിത്തത്തിൽ നിന്നും വിടുവിച്ച് തന്നെ കൊണ്ടുപോകാൻ, ഏത് ദേവനാണ് കഴിയുക? ചോദ്യത്തിൽ കുരുങ്ങിയ അയാളുടെ നെഞ്ചിൽ  അപ്പോഴേക്കും അവൻ  തലവെച്ചുകൊണ്ട് ചുരുണ്ടിരുന്നു.

“അപ്പാ…”

“ഓ”

“സാലി പറഞ്ഞത് നേരാണാ”

“ എന്ത്”

“ പ്രാന്തുള്ളോർട മക്കക്ക് പ്രാന്താവും ന്ന്…”

അവൻ്റെ തലനരകളെ  അപ്പൻ കൈകൊണ്ട് ചീകി വെടിപ്പാക്കി; മുണ്ടിന്റെയോരം ചേർത്ത് മുഖം തുടച്ചു.   തലമുടിക്കുള്ളിൽ പതുങ്ങിയ  മുറിപ്പാടിൽ ഒരു വട്ടം കൂടി മുത്തി.  പതിയെ പതിയെ ഏങ്ങികൊണ്ട് അപ്പൻ പിടിവിട്ടു, കോറിന്തോസ് ആദ്യമാദ്യം മുറുകെപ്പിടിച്ചെങ്കിലും പിന്നീട് അപ്പന്റെ നെഞ്ചിൽ തലവെച്ച്, തള്ള വിരൽ ചൂപ്പിയുറങ്ങി.

                                                             14 

കണ്ണ് തുറക്കുന്നത് ഓച്ചന്തുരുത്തിലെ കടലുകളുടെ നുരപൊട്ടുന്ന ശബ്ദം കേട്ടാണ്… താനിപ്പോൾ അവിടെയാണ്. തീരത്തിരുന്നാൽ കൂരയും പിന്നെ അതിനു മുന്നിൽ കാറ്റത്താടുന്ന കുഞ്ഞ് സൂര്യനെ പോലെ റാന്തൽ വെട്ടവും കാണാം. കുറുമ്പൻ കടൽ സ്നേഹിതനെ കണ്ട സന്തോഷത്തിൽ വാലാട്ടിക്കൊണ്ട് ഓടിയെത്തി. തിരകൾ കോറിന്തോസിന്റെ കാലുകളെ തൊട്ടപ്പോഴാണ് താനത് ശ്രദ്ധിക്കുന്നത്. തനിക്കിപ്പോൾ വെറും ഏഴ് വയസ്സാണ്… ഏഴ് വയസ്സ്. ചുറ്റിലും നോക്കി, പൊളിഞ്ഞ മേടയുടെയോ നല്ല പേയൂരിന്റെയോ തൻ്റെ വാർദ്ധക്ക്യത്തിന്റെയോ അടയാളങ്ങളില്ല. കോറിന്തോസിൻ്റെയുള്ളിൽ ചോദ്യങ്ങൾ മുങ്ങാങ്കുഴിയിട്ടുകൊണ്ടിരുന്നു. ശാപം തീർന്നിരിക്കുമൊ? തീർന്നെങ്കിൽ ഇത് മോക്ഷമാണൊ? അതൊ ദണ്ഡമൊ? സംശയങ്ങൾക്ക് കൊന്നുകൊണ്ട് അപ്പൻ ഇതാ ഓലപ്പറമ്പും കക്ഷത്ത് തിരുകി തന്റെ പക്കലേക്ക് വരുന്നു… ഓടിവരുന്ന അപ്പന്റെ കണ്ണിലെ തിളക്കം  മായ കപ്പലുകളുടെ മിനാരമെന്നവണ്ണം തിളങ്ങി നിന്നു. കോറിന്തോസിൻ്റെ അപ്പൻ എല്ലാത്തിന്റെയും അപ്പനാണ്… കോറിന്തോസിന്റെ കാലുകളുടെയും കൈകളുടെയും മുടിയുടെയും, മുടിക്കിടയിലെ പേനുകളുടെയും, നഖങ്ങളുടെയുമെല്ലാം! അതുകൊണ്ടാവണം നാഥനെ കണ്ട സന്തോഷത്തിൽ അവന്റെ ചങ്ക് ഉടലിൽ നിന്നും ഇളകി പറിഞ്ഞു പോരാൻ തത്രപ്പെട്ടത്. കോറിന്തോസ്, വേദനയടക്കി തൻ്റെ പക്കലേക്ക് ഓടിയടുക്കുന്ന അപ്പനെ ഇമയഞ്ചാതെ നോക്കിക്കൊണ്ടിരുന്നു…

അപ്പൻ അടുക്കലെത്തി എന്നത്തേയും പോലെ പരമ്പ് വിരിച്ച് കിടന്ന ശേഷം, കോറിന്തോസിനെ മാറിലേക്ക് വലിച്ചിട്ടു. മാനം നോക്കുമ്പോൾ താൻ ചോദിച്ച ചോദ്യത്തിൻറെ ഉത്തരം അവന് കിട്ടിക്കഴിഞ്ഞിരുന്നു. ഭ്രാന്തുള്ളവരുടെ മക്കൾക്കും ഭ്രാന്താണെന്ന് സാലി പറഞ്ഞതിലുള്ള വെളിവില്ലാ തമാശയെ ഓർത്ത് അപ്പൻറെ മാറിൽ കിടന്ന് പൊട്ടിച്ചിരിച്ചു. തന്നെ കടൽ വിഴുങ്ങിയെന്ന് ധരിച്ച്, അപ്പൻ ചവിട്ടി ചത്തപ്പോൾ, അപ്പനെ ഭ്രാന്തനാക്കിയ തുറക്കാരുടെ ഉളുമ്പൻ യുക്തിയെ ഓർത്ത് കോറിന്തോസ് ഉറക്കെ ചിരിച്ചു.  അവരെ കുറ്റം ചൊല്ലിയിട്ട് കഥയില്ലെന്ന് അവനിപ്പോൾ തോന്നുന്നു, കാരണം അവർ വിളിച്ചു കേഴുന്നതൊ സ്വന്തം മകനെ നാട്ടാർക്ക് തിന്നാൻ ഇട്ടുകൊടുത്ത  ദൈവത്തെയാണ്. അങ്ങനെയുള്ള കടവുളോനും അയാളുടെ ആട്ടിൻ പറ്റത്തിനും മുന്നിൽ മകനു വേണ്ടി ചത്ത അപ്പൻ വെറും ഉന്മാദിയൊ തുറപൊട്ടനുമൊക്കെ ആയിരിക്കും…

“ എന്താടാ കോറി… എന്തിനാണ് കെടന്ന് ചിരിക്കണത്…”

“ ഒന്നൂല്ലപ്പ…”

“ ആഹാ എന്റടുക്കെ പറയൂലെ… ഇതെന്താണ് രഹസ്യോ… ആയിനും മാത്രോക്ക നീ വളന്നാ”

അപ്പന്റെ പെറുവിരലുകൾ തൻ്റെ വയറിൽ ഇക്കിളി വട്ടങ്ങൾ തീർക്കുമ്പോഴും കോറിയുടെ നെഞ്ച് നുറുക്കിയിരിക്കണം… എന്നിട്ടും അപ്പന്റെ മാറിലമർന്ന് മാനം നോക്കി കിടന്നു.

“ കഥ പറയപ്പാ…”

അപ്പന്റെ ചിരി കടലോളം പടർന്നു. അയാൾ ഒരിടത്തൊരിടത്തെന്ന് ചൊല്ലി തുടങ്ങി. കോറിന്തോസിൻ്റെ രാജാവിനെ പറ്റി, മരണത്തെ ജയിച്ച സിസിഫസ്സിനെ പറ്റി…

“  ...ശാപമൊന്നിൽ വലഞ്ഞീതാ യവനാ രാജൻ, തെയ് തക,

      ഭ്രാന്തതൊന്നിൽ ഉലഞ്ഞീതാ   സിസിഫസ്  രാജൻ, തെയ് തക

      തകിട തകധിമി തകിട തകധിമി തകിട തകധിമി തോം…”

കഥ കേട്ട കോറി ദേവസ്യാനോസിനെ നോക്കി വീണ്ടും ചിരിച്ചപ്പോൾ, അയാളുമാ ചിരിയിൽ പങ്കു ചേർന്നു. പഴങ്കഥയെ ഒടുവിൽ തന്റെ മകൻ കെട്ടുകഥയാക്കിയിരിക്കുന്നു…  

അവരുടെ പാട്ടിനും ചിരിക്കും താളം ചവിട്ടി നക്ഷത്രങ്ങൾക്കിടയിൽ ഒരു രൂപം ആടിതിമിർത്തുകൊണ്ടിരുന്നു. കോറിയും അപ്പനും അതിനോടൊപ്പം തീരത്ത് ചവിട്ടി. കടലും കാറ്റും മേഘങ്ങളും കൂടെ ചൊല്ലി ചവിട്ടി. കോറി അപ്പൻറെ ചേർത്തണച്ചുകൊണ്ട്, കൈ മുറുക്കെ പിടിച്ച്, കണ്ണടച്ച്, മംഗള സ്തുതി ഉറക്കെ ചൊല്ലി. മാനത്തെ രൂപം നിറുത്താൻ ഭാവമില്ലാതെ അപ്പോഴും ചവിട്ടിക്കൊണ്ടേയിരുന്നു…

“ മംഗളം നിത്യജയ ആദി കടവുളോനെ.

   മംഗളം സംസ്‌തുതേ മംഗളം മംഗളം.”

Comments